Tuesday, January 19, 2010

ഓപ്പറേഷന്‍ ദശമൂലാരിഷ്ടം

രാവിലെ ആറു മണിക്ക് ബെഡ് കോഫി, എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ് , പത്തു മണിക്ക് ചായ (വിത്ത്‌ കടി), കൃത്യം ഒരു മണിക്ക് ഉച്ചയൂണ്, വൈകിട്ട് നാലുമണിക്ക് ചായ (വിത്ത് ഔട്ട്‌ കടി), രാത്രി എട്ടരയ്ക്കും ഒന്‍പതിനുമിടയില്‍ അത്താഴം. ഇതാണ് പട്ടാളത്തില്‍ ആയിരുന്നപ്പോഴുള്ള എന്റെ ശാപ്പാട് കാര്യക്രമം.


രാവിലെ അഞ്ചു മണിക്ക് ബെഡ് കോഫീ (ഭാര്യ ഉണര്‍ന്നെങ്കില്‍ മാത്രം) ഒന്‍പതിനും പത്തിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് (ഞാന്‍ ഉണര്‍ന്നെങ്കില്‍ മാത്രം) ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചയൂണ് (അപ്പോഴേയ്ക്കും റെഡി ആയെങ്കില്‍ മാത്രം) നാല് മണിക്ക് ചായ (കിട്ടിയാല്‍ മാത്രം) വൈകിട്ട് ഒന്‍പതിനും പത്തിനുമിടയില്‍ അത്താഴം (കുട്ടികളുടെ പഠനം തീര്‍ന്നെങ്കില്‍ മാത്രം) ഇതാണ് എന്റെ ഇപ്പോഴത്തെ ഭക്ഷണ ക്രമം.


അത്താഴം കഴിക്കുന്നതിന്റെ മുന്‍പ്, "ദശമൂലാരിഷ്ടം" എന്ന് ഞാന്‍ ഓമനപ്പേരിട്ട് വിളിക്കുന്നതും പട്ടാളക്കാരന്റെ ആരോഗ്യ പരിപാലനത്തിനായി പട്ടാള ക്യാന്റീന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്നതുമായ "റം" എന്ന "ആരോഗ്യ സംവര്‍ദ്ധക പാനീയം" അല്പം ഞാന്‍ സേവിക്കാറുണ്ട്.


എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ താത്പര്യം ഇല്ലാത്തത് കൊണ്ടാണോ അതോ പാനീയം കഴിച്ചതിനു ശേഷം എന്റെ ആരോഗ്യം കണ്ടമാനം കൂടുന്നത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയത്തിനോട് എന്റെ ഭാര്യയ്ക്ക് തീരെ മതിപ്പ് പോരാ എന്ന് ഈയിടയായി എനിക്കൊരു തോന്നല്‍ .!!


അതിനു കാരണമുണ്ട്...


ഞാന്‍ അലമാരിയില്‍ വച്ചിരുന്ന റമ്മിന്റെ കുപ്പി രണ്ടു ദിവസമായി കാണുന്നില്ല !!


തന്നെയുമല്ല തൊട്ടു കൂട്ടാനുള്ള അച്ചാര്‍, കൊറിക്കാനുള്ള ചിപ്സുകള്‍ എന്നിവ ഇരുന്നിരുന്ന സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതൊക്കെ എവിടെ എന്ന് ചോദിക്കുമ്പോള്‍ ഭാര്യയുടെ മുഖത്തു മുരളീധരനെ കാണുന്ന രമേശ്‌ ചെന്നിത്തലയുടെ ഭാവം.


വൈകുന്നേരം പതിവുള്ള ആരോഗ്യ സംവര്‍ദ്ധക പാനീയവും അത് സേവിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും എന്റെ എതിര്‍ കക്ഷിയായ ഭാര്യ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്ന് താമസം വിനാ എനിക്ക് മനസ്സിലായി.


ദശമൂലാരിഷ്ടത്തിന്റെ കുപ്പി വൈകുന്നേരം ഞാന്‍ സേവ തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പാണ് അപ്രത്യക്ഷമാകുന്നത് എന്നുള്ള തന്ത്ര പ്രധാനമായ രഹസ്യവും എന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നും വെളിവായി.



സ്ഥിരമായി കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയം അപ്രതീക്ഷിതമായി നിന്നതോടെ എന്റെ ആരോഗ്യത്തിനു സാരമായ കേടുപാടുകള്‍ വന്നിരിക്കുന്നതായി ഞാന്‍ ശങ്കിച്ചു.


ഉറക്കം കുറഞ്ഞു. ദഹനം കുറഞ്ഞു. രാവിലെ കക്കൂസ്സില്‍ പോയി പാട്ടും പാടി ഇരിക്കാമെന്നല്ലാതെ കാര്യങ്ങള്‍ക്ക് ഒരു "നീക്കു പോക്ക് " ഉണ്ടാവുന്നില്ല.



കുട്ടികളോട് "ശരീര വേദനയ്ക്കുള്ള അരിഷ്ടമാണ് പപ്പാ കുടിക്കുന്നത് " എന്ന് ഞാന്‍ പറയാറുള്ള ഈ ആരോഗ്യ സംവര്‍ദ്ധക പാനീയം ഇഷ്ടം പോലെ ഉപയോഗിക്കുവാന്‍ ഏതു പട്ടാളക്കാരനും അവകാശമുണ്ട്‌. അതിനുള്ള അനുമതിയുമുണ്ട്.


അതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ക്യാന്റീന്‍ വഴിയായി മിതമായ വിലയില്‍ അത് പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.


അപ്പോള്‍ ഒരു മുന്‍ പട്ടാളക്കാരനെ അവന്റെ ആരോഗ്യ പരിപാലനം ചെയ്യുന്നതില്‍ നിന്നും തടയുന്നത്, അത് സ്വന്തം ഭാര്യ ആയാല്‍ പോലും തെറ്റല്ലേ?


അതെ എന്ന് ഞാന്‍ തീര്‍ത്ത്‌ പറയുന്നു. അക്ഷന്തവ്യമായ തെറ്റ്. ഇത് അനുവദിച്ചു കൂടാ. ഞാന്‍ തീരുമാനിച്ചു..


പക്ഷെ എതിര്‍ കക്ഷി എനിക്ക് വേണ്ടപ്പെട്ട ആളാണ്‌ . അവരോടു തന്ത്രപരമായ രീതിയില്‍ മാത്രമേ ഇടപെടാന്‍ പറ്റൂ.


മാത്രമല്ല മേല്‍പടി കക്ഷി എന്റെ അന്നദാദാവും കൂടിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ കഞ്ഞികുടി മുട്ടും. അപ്പോള്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ചു ഒരു തന്ത്രം മെനയണം.


ഞാന്‍ ആലോചിച്ചു. നിന്നും കിടന്നും തലകുത്തി നിന്നും ആലോചിച്ചെങ്കിലും തല പുകഞ്ഞതല്ലാതെ കത്തിയില്ല.


ഒടുവില്‍ വൈകിട്ട് നാല് മണിയോടെ കത്തി. ഉഗ്രന്‍ ഐഡിയ. നേരം ഒട്ടും കളയാതെ ഞാന്‍ "ഓപ്പറേഷന്‍ ദശമൂലാരിഷ്ടം" തുടങ്ങി....



വൈകുന്നേരം കുളിയും മറ്റും കഴിഞ്ഞു ഞാന്‍ വന്നപ്പോള്‍ ഭാര്യ ടി വിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണുന്നു. കുട്ടികള്‍ അകത്തെ മുറിയില്‍ ഇരുന്നു പഠിക്കുന്നു..


"അമ്പടി. ഒരു "സ്റ്റാര്‍ ഡ്രിങ്കറെ" മൈന്‍ഡ് ചെയ്യാതെ നീ "സ്റ്റാര്‍ സിംഗര്‍ " കാണുകയാണ് അല്ലെ? കണ്ടോ. കണ്ടോ . ഇപ്പൊ ശരിയാക്കിത്തരാം". ഞാന്‍ മനസ്സില്‍ പറഞ്ഞു.


പൂജയും പ്രാര്‍ഥനയും കഴിഞ്ഞു . എന്റെ സേവയുടെ സമയം അടുത്തിരിക്കുന്നു. അത് മനസ്സിലാക്കിയ ഭാര്യ ടി വിയുടെ വോളിയം കൂട്ടി കൂടുതല്‍ താല്പര്യത്തോടെ കാണാന്‍ തുടങ്ങി. ഞാനും ടി വിയുടെ മുന്‍പില്‍ ആസനസ്ഥനായി. ഒരു കൊച്ചു പയ്യന്‍ സംഗതികള്‍ ചോര്‍ന്നു പോകാതെ ഷഡ്ജം മുറുക്കിയുടുത്തു പാടുന്നു..


"നീയറിഞ്ഞോ മേലെ മാനത്തു ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ടേ" ...ഞാന്‍ ഭാര്യയെ നോക്കി. അവള്‍ ആ നോട്ടം ഒട്ടും മൈന്‍ഡ് ചെയ്യാതെ ടി വിയില്‍ ശ്രദ്ധിച്ചിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.


"എനിക്ക് കുടിക്കാന്‍ കുറച്ചു തണുത്ത വെള്ളം തരൂ. കൂടുതല്‍ വേണ്ടാ. ഒരു അര ഗ്ലാസ് മതി . വല്ലാത്ത ദാഹം"


"ഹും.. നിങ്ങളുടെ ദാഹത്തിന്റെ കാരണം എനിക്ക് മനസ്സിലായി, ദശമൂലാരിഷ്ടം കുടിക്കാത്തതിന്റെ ദാഹമാണല്ലേ" എന്ന ഭാവത്തില്‍ അവള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി . എന്നിട്ട് ടി വിയുടെ റിമോട്ട് സോഫയിലേക്ക് ദേഷ്യത്തോടെ ഇട്ടിട്ടു അടുക്കളയില്‍ പോയി ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊണ്ട് വന്നു.


"ഇന്നാ അര ഗ്ലാസല്ല ഒരു ഗ്ലാസ് കുടിക്ക്. ദാഹം തീരട്ടെ " അവള്‍ കല്പിച്ചു.


അത് വാങ്ങി ഒരു ഞാന്‍ കവിള്‍ കുടിച്ചു. എന്നിട്ട് പറഞ്ഞു.


"ഹോ വെള്ളത്തിനു ഭയങ്കര തണുപ്പ് " ആ ജഗ്ഗിലിരിക്കുന്ന വെള്ളവും ഒരു ഗ്ലാസ്സും കൂടി എടുക്ക്. മിക്സ് ചെയ്തു കുടിക്കട്ടെ " ഞാന്‍ ഭാര്യയോട്‌ വീണ്ടും ആവശ്യപ്പെട്ടു.


അവള്‍ രൂക്ഷമായി എന്നെ വീണ്ടും നോക്കിയിട്ട് അകത്തു പോയി ഒരു ഗ്ലാസ്‌ കൂടി എടുത്തു കൊണ്ട് വന്നു. എന്നിട്ട് ഫ്രീ റേഷന്‍ വാങ്ങാന്‍ ചെല്ലുന്ന ബി പി എല്‍ കാര്‍ക്ക് അരി കൊടുക്കുന്ന റേഷന്‍ കടക്കാരനെപ്പോലെ ജഗ്ഗും ഗ്ലാസ്സും എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി രണ്ടു ഗ്ലാസ്സിലുമായി ഒഴിച്ച് അല്പാല്പമായി ആസ്വദിച്ചു കുടിച്ചു തുടങ്ങി..


പതിവായി കഴിക്കുന്ന ദശമൂലാരിഷ്ടത്തിനു പകരം പച്ച വെള്ളം ചവച്ചു കുടിക്കുന്ന എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് ഭാര്യ സന്തോഷത്തോടെ വീണ്ടും സ്റ്റാര്‍ സിംഗര്‍ കാണാന്‍ തുടങ്ങി.


അപ്പോള്‍ ഫ്രിഡ്ജിലെ വെള്ളക്കുപ്പികള്‍ മാറ്റി പകരം ഞാന്‍ വച്ച വൈറ്റ് റമ്മിന്റെ കുപ്പി പകുതി കാലിയായിരുന്നു..

Thursday, January 7, 2010

പണിക്കര്‍ സാറും ഞാനും ശീര്‍ഷാസനവും

"അയ്യോ അമ്മേ ദേ പപ്പാ തെങ്ങിന്റെ ചുവട്ടില്‍ ഉരുണ്ടു വീണേ"


രാവിലെ വീടിന്റെ മുന്‍വശത്ത്‌ നിന്നും ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദവും ഒപ്പം മകളുടെ നിലവിളിയും കേട്ട ഭാര്യ അടുക്കളയില്‍ നിന്നും ഇറങ്ങി നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി..


കൈലി മുണ്ട് താറു പാച്ചിയുടുത്ത്, മേലാസകലം എണ്ണ തേച്ചു തെങ്ങിന്റെ തടത്തില്‍ വിലങ്ങനെ വീണു കിടക്കുന്ന പ്രിയ ഭര്‍ത്താവിനെ കണ്ട് ഭാര്യ ഒരു നിലവിളിയോടെ അടുത്തെത്തി താങ്ങി ഉയര്‍ത്താന്‍ ശ്രമിച്ചു.


"ശേ വിടെടീ..ഞാന്‍ വീണതൊന്നുമല്ല . ഒരു എക്സര്‍സൈസ് ചെയ്തതാ"


തെങ്ങിന്റെ തടത്തില്‍ നിന്നും ബദ്ധപ്പെട്ടു എഴുനേറ്റ് ദേഹത്ത് പറ്റിയ മണ്ണ് തുടച്ചു കളയുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.


"ങേ എന്നിട്ട് എന്തോ വീഴുന്ന ശബ്ദം ഞാന്‍ കേട്ടല്ലോ?" ഭാര്യക്ക് വിശ്വാസം വരുന്നില്ല.


"എടീ "ശീര്‍ഷാസനം" എന്ന എക്സര്‍സൈസ് ചെയ്യുമ്പോള്‍ അങ്ങിനെ പല ശബ്ദങ്ങളും കേള്‍ക്കും. നീ പോയി മോളെ സ്കൂളില്‍ വിടാന്‍ നോക്ക്"


എന്റെ മറുപടി ഭാര്യക്ക് അത്ര ഇഷ്ടപ്പെട്ടില്ല.


"നീ വാ മോളെ നിന്റെ പപ്പാ ഇങ്ങനെ പല കോപ്രായവും കാണിക്കും"


ശരീരാരോഗ്യം നിലനിര്‍ത്താന്‍ ശീര്‍ഷാസനം പോലുള്ള ആസനങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യം തലയില്‍ കയറാത്ത ഭാര്യ മകളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ദേഷ്യത്തോടെ അകത്തേയ്ക്ക് പോയി. വീഴ്ച്ചക്കിടയില്‍ എന്റെ സ്വന്തം ആസനത്തിന് എന്തെങ്കിലും ഹേമം തട്ടിയിട്ടുണ്ടോ എന്ന് ശങ്കിച്ച ഞാന്‍ അന്നേ ദിവസത്തെ എല്ലാ ആസനങ്ങളും അടിയന്തിരമായി നിറുത്തി വച്ച് കുളിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.



പട്ടാളത്തില്‍ നിന്നും പിരിഞ്ഞെങ്കിലും രാവിലെ എഴുനേറ്റ് കുറച്ചു എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ എനിക്കൊരു ഉഷാറില്ല. നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെയാണ് പിന്നെ എന്റെ നടപ്പ്. എക്സര്‍സൈസുകള്‍ തുടങ്ങുന്നതിനു മുന്‍പ് കുറച്ചു ദൂരം ഓടി ശരീരം ഒന്ന് " വാം " ആക്കണം എന്നാണു പട്ടാളത്തിലെ രീതി. പക്ഷെ നാട്ടിലെത്തിയിട്ട് ഇത് വരെ എനിക്ക് ഓടാന്‍ പറ്റിയിട്ടില്ല. ഓടാന്‍ പറ്റിയ വഴികളോ ഗ്രൌണ്ടോ എന്റെ വീടിനടുത്ത് ഇല്ല എന്നത് തന്നെ കാരണം. ഉള്ള വഴിയില്‍ കൂടി ഓടിയാല്‍ "വാം" ആകുന്നതിനു പകരം വല്ല കുഴിയിലും വീണു "വടി" ആകാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ട് നേരം വെളുക്കുന്നതിനു മുന്‍പ് എഴുനേറ്റ് വീടിനു ചുറ്റും നാല് റൌണ്ട് ഓടിയിട്ട് പുഷ് അപ്, ചിന്‍ അപ്, തവള ചാട്ടം, ശീര്‍ഷാസനം മുതലായ ഇന്‍ഡോര്‍ എക്സര്‍സൈസുകള്‍ ചെയ്യുകയാണ് ഞാനിപ്പോള്‍.


ശീര്‍ഷാസനം എന്ന ആസനം എനിക്ക് ഉപദേശിച്ചു തന്നത് എന്റെ അയല്‍ക്കാരനും സുഹൃത്തും വക്കീലുമായ പണിക്കര്‍ സാറാണ്. പണിക്കര്‍ സാര്‍ ഒരു എക്സ് സൈനികന്‍ കൂടിയാണ്. പട്ടാളത്തില്‍ പോയതിനു ശേഷം ബിരുദാനന്തര ബിരുദവും എല്‍. എല്‍.ബിയും നേടിയ ആളാണ്‌ പണിക്കര്‍ സാര്‍. ശരീരം സൂക്ഷിക്കുന്നതില്‍ വലിയ നിഷ്കര്‍ഷയുള്ള പണിക്കര്‍ സാറിനു പക്ഷെ ഒരു കുഴപ്പമേയുള്ളൂ. സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ അയാളെ അദ്ദേഹം വാദിയും പ്രതിയുമാക്കി സംസാരിച്ചു കൊന്നുകളയും.! രാവിലെ അദ്ദേഹം പതിവുള്ള ഓട്ടവും കഴിഞ്ഞു പാല് വാങ്ങാനായി പോകുന്ന സമയം നോക്കിയാണ് ഞാന്‍ എക്സര്‍സൈസുകള്‍ ചെയ്യുന്നത്. പണിക്കര്‍ സാര്‍ പാലുമായി വരുന്നത് കണ്ടാലുടന്‍ ഞാന്‍ പുരയുടെ പുറകിലേയ്ക്ക് മാറിക്കളയും. അല്ലെങ്കില്‍ അന്നത്തെ എന്റെ ദിവസവും അദ്ദേഹത്തിന്റെ കോടതിയില്‍ പോക്കും സ്വാഹാ...



ഞാന്‍ കുളിക്കാനായി തോര്‍ത്തുമെടുത്തു കുളി മുറിയിലേയ്ക്ക് പോയി. കുളിമുറിക്കുള്ളില്‍ മകളും ഭാര്യയുമായി ഗാട്ടാ ഗുസ്തി നടക്കുന്നു. ഞാന്‍ വീണ്ടും മുറ്റത്തെയ്ക്ക് നടന്നു. അവിടെ അതാ സാക്ഷാല്‍ പണിക്കര്‍ സാര്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ സ്ഥിരമായി കാണുന്ന പാല്‍പ്പാത്രം.!


ഞാന്‍ എലിയെ കണ്ട പൂച്ചയെപ്പോലെ പരുങ്ങി. ശരീരം മുഴുവന്‍ എണ്ണ പുരട്ടി, പച്ച വെളിച്ചെണ്ണയില്‍ ചാടിയ തവളെയെപ്പോലെ നില്‍ക്കുന്ന എന്നെ കണ്ട് പണിക്കര്‍ സാര്‍ വെളുക്കെ ചിരിച്ചു. സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷം ആ ചിരിയില്‍ കാണുന്നുണ്ട്.



"ആഹാ ഇന്നത്തെ എക്സര്‍സൈസ് ഒക്കെ കഴിഞ്ഞു അല്ലെ .. ശീര്‍ഷാസനം ചെയ്തോ ?" പണിക്കര്‍ സാര്‍ തുടക്കമിട്ടു.


ശീര്‍ഷാസനം ചെയ്തപ്പോള്‍ കാലുകള്‍ അന്തരീക്ഷത്തില്‍ ബാലന്‍സ് ചെയ്തു നിറുത്തുവാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു സപ്പോര്‍ട്ടിന് വേണ്ടി തെങ്ങില്‍ ചാരിയതും എണ്ണ മയം മൂലം കാലുകള്‍ സ്ലിപ്പായതും ശീര്‍ഷാസനം ടപ്പേന്ന് ശവാസനമായതും ഞാന്‍ പണിക്കര്‍ സാറിനോട് പറഞ്ഞില്ല.


ഏതായാലും എന്റെ ഭാഗ്യത്തിന് ഏതോ കക്ഷികള്‍ വരികയും പണിക്കര്‍ സാര്‍ പോവുകയും ചെയ്തു. എങ്കിലും പോകുന്നതിനു മുന്‍പ് അദ്ദേഹം സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വഴിയുടെ കാര്യം എനിക്ക് പറഞ്ഞു തന്നു.


ഉച്ച കഴിഞ്ഞു ഞാന്‍ പോയി പണിക്കര്‍ സാര്‍ പറഞ്ഞ വഴി നോക്കി തിട്ടപ്പെടുത്തി. അല്പം ദൂരെയുള്ള ഹൌസിംഗ് കോളനിയുടെ ഇടയില്‍ പുതുതായി ടാര്‍ ചെയ്തു മിനുക്കിയ രസികന്‍ വഴി. വഴിയുടെ ഇരു വശവും മരങ്ങളും വീടുകളുമുണ്ട്. വഴിയരികിലുള്ള എല്ലാ വീടുകള്‍ക്കും ഗേറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ചില ഗേറ്റുകളില്‍ "പട്ടിയുണ്ട് സൂക്ഷിക്കുക" എണ്ണ ബോര്‍ഡും തൂക്കിയിരിക്കുന്നു. ഞാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും നോക്കി വച്ചു.



രാവിലെ മകള്‍ സ്കൂളില്‍ പോകാന്‍ ഉപയോഗിക്കുന്ന ചെറിയ സൈക്കിളില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തുക. സൈക്കിള്‍ പൂട്ടി വച്ചിട്ടു ഓട്ടം തുടങ്ങുക. രണ്ടു കിലോമീറ്റര്‍ ഓടിയതിനു ശേഷം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് തിരിച്ചോടുക. അവിടെ എത്തി സൈക്കിളെടുത്തു വീട്ടിലേയ്ക്ക് തിരിക്കുക. വീട്ടിലെത്തിയതിനു ശേഷം പുഷ് അപ്, ചിന്‍ അപ്, ശീര്‍ഷാസനം മുതലായ പതിവ് എക്സര്‍സൈസുകള്‍ തുടങ്ങുക ഇതായിരുന്നു എന്റെ പ്ലാന്‍ .


പിറ്റേ ദിവസം രാവിലെ നാലെര മണിയോടെ ഞാന്‍ സൈക്കിള്‍ എടുത്തു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ ഒരു വീടിന്റെ മുന്‍പില്‍ പൂട്ടി വച്ചിട്ടു എന്റെ ഓട്ടം സ്റ്റാര്‍ട്ട് ചെയ്തു. ആദ്യം പതുക്കെയും പിന്നെ സ്പീട് കൂട്ടിയും ഞാന്‍ ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയില്‍ കൈകള്‍ വിടര്‍ത്തിയും മടക്കിയും ഉയര്‍ത്തിയും താഴ്ത്തിയും ഒക്കെ പട്ടാള രീതിയില്‍ തന്നെ ഓടാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫിനിഷിംഗ് പോയിന്റില്‍ എത്തിയിട്ട് അതെ രീതിയില്‍ തന്നെ തിരിച്ചു സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് വിട്ടു.



കുറച്ചു നാളായി ഓടാത്തതിന്റെ കേടു തീര്‍ത്ത്‌ , സസന്തോഷം ഞാന്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ എടുക്കാനായി അത് പൂട്ടി വച്ചിരുന്ന വീടിനു മുന്‍പിലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. എന്റെ സൈക്കിള്‍ കാണാനില്ല. !!


"ദേണ്ടെ വന്നെടാ പിടിയെടാ അവനെ."


അടുത്തുള്ള വീടുകളിലെ ലൈറ്റുകള്‍ പെട്ടെന്ന് തെളിഞ്ഞു. ആളുകള്‍ വടിയും ആയുധങ്ങളുമായി ഓടിക്കൂടി. ദൈവമേ.. ഏതെങ്കിലും നിരോധിത മേഘലയാണോ ഇത് ? ആരാണ് ഇവരൊക്കെ ? എന്തിനാണ് ഇവരെന്നെ വളഞ്ഞു പിടിച്ചിരിക്കുന്നത്? ഓടിയത് കൊണ്ട് ചെറിയ രീതിയില്‍ വിയര്‍ത്തിരുന്ന ഞാന്‍ ഞാന്‍ പേടി കൊണ്ട് നല്ല രീതില്‍ വിയര്‍ത്തു. പാക് പട്ടാളത്തിന്റെ മുന്‍പില്‍ പെട്ട ഇന്ത്യന്‍ ജവാനെപ്പോലെ ഞാന്‍ വിറച്ചു കൊണ്ട് കൂനിക്കൂടി നിന്നു.


ഇതിനിടയില്‍ ആരോ എന്റെ സൈക്കിള്‍ എവിടെ നിന്നോ എടുത്തു കൊണ്ട് വന്നു. ഒരുത്തന്‍ എന്റെ മുഖത്തേയ്ക്കു ടോര്‍ച്ചു അടിച്ചു പിടിച്ചിട്ട് ഇടി വെട്ടുന്ന സ്വരത്തില്‍ ഒരു ചോദ്യം.


"അമ്പടാ നീയാണല്ലേ എന്റെ മോളുടെ സൈക്കിള്‍ മോഷ്ടിച്ചത് ? എന്നിട്ട് ആ സൈക്കിളില്‍ തന്നെ പിന്നേം മോഷ്ടിക്കാന്‍ വന്നിരിക്കുന്നോ? നിന്നെ ഇന്ന് ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം"

"അയ്യോ ഞാനൊരു മുന്‍ പട്ടാളക്കാരനാ. രാവിലെ എക്സര്‍സൈസിന് വേണ്ടി ഓടാന്‍ വന്നതാ..ഇതെന്റെ മോളുടെ സൈക്കിളാ"



അടി വീഴും എന്നുറപ്പായ ഞാന്‍ ദയനീയമായി പറഞ്ഞു. എന്റെ മോളുടെ അതെ മോഡലില്‍ ഉള്ള ഒരു സൈക്കിള്‍ ഈ സ്ഥലത്ത് നിന്നും മോഷണം പോയിട്ടുണ്ടെന്നും അത് ഞാനാണ് മോഷ്ടിച്ചതെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും എനിക്ക് മനസ്സിലായി. . എന്നെ അധികം പരിചയമില്ലാത്ത ഈ സ്ഥലത്ത് നിന്നും എങ്ങിനെ രക്ഷപ്പെടും എന്നറിയാതെ ഞാന്‍ കുഴങ്ങി.


പെട്ടെന്നാണ് ആ അശരീരി കേട്ടത്.


"അയ്യോ ഇത് കള്ളനല്ല. പാല്‍ സൊസൈറ്റിയുടെ അടുത്തു താമസിക്കുന്ന രഘുവാ. പട്ടാളത്തില്‍ നിന്നും ഇപ്പൊ വന്നതേയുള്ളൂ..എനിക്കറിയാം"


ഞാന്‍ ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. എന്നെ ആപത്തില്‍ സഹായിച്ച ആ ദൈവദൂതന്‍ മറ്റാരുമായിരുന്നില്ല.


രാവിലയുള്ള തന്റെ പതിവ് ഒട്ടത്തിനായി വന്ന സാക്ഷാല്‍ പണിക്കര്‍ സാര്‍..!!