Sunday, February 21, 2010

പപ്പനാവന്‍ ഏലിയാസ് പരമശിവന്‍

"ഹും ആ പപ്പനാവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു ഞാന്‍ അവന്റെ കൂമ്പ് വാട്ടും"


ഹെഡ് കോണ്‍സ്റ്റബിള്‍ "വീരപ്പന്‍‍" ഭാസ്കരന്‍ മുന്‍പിലിരിരുന്ന കള്ളു കുപ്പി എടുത്ത് അതില്‍ ബാക്കിയുണ്ടായിരുന്ന കള്ള് മുഴുവന്‍ ഒറ്റയടിക്ക് വായിലേയ്ക്ക് കമഴ്ത്തി. എന്നിട്ട് തന്റെ വീരപ്പന്‍ മീശയുടെ തുമ്പില്‍ പിടിച്ചു പിരിച്ചുകൊണ്ട് ഷാപ്പിലെ സപ്ലയര്‍ കേശവനെ നോക്കി അലറി.


സപ്ലയര്‍ കേശവന്‍ ഭയപ്പാടോടെ ഒതുങ്ങി നിന്നു. വീരപ്പന്‍ തുടര്‍ന്നു...


"ഡാ കേശവാ എല്ലാ വര്‍ഷവും താലപ്പൊലി ഘോഷ യാത്രയില്‍ ഈ വീരപ്പനാ പരമശിവന്റെ വേഷം കെട്ടുന്നത്. ഇത്തവണയും കെട്ടും. അത് തടയാന്‍ പപ്പനാവനല്ല അവന്റെ അമ്മായി അപ്പന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരനോടാണോ അവന്റെ കളി? "



"അതെയതെ ആ പപ്പനാവന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ചേട്ടനെതിരെ അവനല്ലേ കമ്മറ്റിയില്‍ പാര വച്ചത് ?"



സപ്ലയര്‍ കേശവന്‍ കലിതുള്ളി നില്‍ക്കുന്ന വീരപ്പന്‍ ഭാസ്കരന്റെ മുന്‍പിലേയ്ക്ക് ഒരു കുപ്പി കള്ളും കൂടി എടുത്തു വച്ചു. എന്നിട്ട് ഭയഭക്തി ബഹുമാനങ്ങളോടെ ഗ്ലാസിലേയ്ക്ക് കള്ളു പകര്‍ന്നു കൊടുത്തു.



കുമാരപുരം ഷാപ്പിലെ സ്ഥിരം പറ്റുപിടിക്കാരനാണ് റിട്ടയേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരന്‍ ചേട്ടന്‍. പോലീസ്സില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും പോലീസ്സില്‍ തന്നെയാണ് ജോലി എന്ന രീതിയിലാണ് നടപ്പും ഭാവവും. ഷാപ്പാണ്‌ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പോലീസ് സ്റ്റേഷന്‍. ഷാപ്പില്‍ കള്ളുകുടിച്ചു വഴക്കുണ്ടാക്കുന്നവരെ ശാസിക്കാനും വേണ്ടി വന്നാല്‍ ശിക്ഷിക്കാനും അധികാരമുള്ള മാന്യ ദേഹമാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരന്‍ ചേട്ടന്‍.



ശരീര സൌന്ദര്യം വച്ച് നോക്കിയാല്‍ യശ:ശരീരനായ സിനിമാനടന്‍ കൃഷ്ണന്‍കുട്ടി നായര്‍ ഭാസ്കരന്‍ ചേട്ടന്റെ പുറകിലാണ് എന്നു വേണമെങ്കില്‍ പറയാം. ആലപ്പുഴക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഏതാണ്ട് ഒന്ന് ഒന്നെര വള്ളപ്പാടു പുറകില്‍! മൂക്കിനു താഴെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന വീരപ്പന്‍ മീശയാണ് അദ്ദേഹത്തിന്റെ പ്രധാന പ്ലസ് പോയിന്റു. വീരപ്പന്‍ എന്ന ഇരട്ടപ്പേര് വീഴാന്‍ കാരണവും പ്രതാപശാലിയായ ആ മീശയാണ് എന്നുള്ളത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.



മൂക്കിന്റെ തുമ്പത്തു തന്നെയുള്ള മറ്റൊരു പ്രധാന സംഗതിയാണ് അദ്ദേഹത്തിന്റെ മൈനസ് പോയിന്റു. ആ പോയിന്റിന്റെ മലയാളത്തിലുള്ള പേരാണ് "ക്ഷിപ്രകോപം."



ഭാസ്കരന്‍ ചേട്ടന്റെ പ്ലസ് പോയിന്റായ വീരപ്പന്‍ മീശയും മൈനസ് പോയിന്റായ ക്ഷിപ്രകോപവും തമ്മില്‍ ഗണിത ശാസ്ത്രപരമായ ഒരു ബന്ധമുണ്ട്. എന്താണെന്ന് ചോദിച്ചാല്‍, മൈനസ് പോയിന്റായ ക്ഷിപ്രകോപം വന്നാലുടന്‍ പ്ലസ് പോയിന്റായ വീരപ്പന്‍ മീശ വിറയ്ക്കാന്‍ തുടങ്ങും. പ്ലസ് പോയിന്റിന്റെ വിറയുടെ തീവ്രത, മൈനസ് പോയിന്റിന്റെ വരവിന്റെ തീവ്രതയ്ക്ക് ആനുപാതികമായിരിക്കുകയും ചെയ്യും.



ഇതൊക്കെയാണെങ്കിലും ഭാസ്കരന്‍ ചേട്ടന്‍ ഒരു പഴയ കാല നാടക, ബാലെ നടനാണ്‌. അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചു എല്ലാ വര്‍ഷവും നടത്താറുള്ള താലപ്പൊലി ഘോഷയാത്രയില്‍ പരമ ശിവന്റെ വേഷം സ്ഥിരമായി കെട്ടുന്ന ആളാണ്‌ ഭാസ്കരന്‍ ചേട്ടന്‍. പക്ഷെ ഇത്തവണത്തെ താലപ്പൊലി ഘോഷയാത്രയില്‍ പരമശിവന്റെ വേഷം കെട്ടുന്നതില്‍ നിന്നും ഭാസ്കരന്‍ ചേട്ടനെ ഉത്സവ കമ്മറ്റിക്കാര്‍ വിലക്കിയിരിക്കുകയാണ്.



അതിനു ചെറിയ ഒരു കാരണമുണ്ട്. കഴിഞ്ഞതവണ ഘോഷയാത്രയില്‍ പങ്കെടുക്കാനായി വന്ന പരമശിവനെ കണ്ടു പാര്‍വതിയായി അണിഞ്ഞൊരുങ്ങിയ സപ്ലയര്‍ കേശവന്‍ പോലും അന്തിച്ചു പോയി. കാരണം, പാമ്പിനെ കഴുത്തിലണിഞ്ഞ മറ്റൊരു പാമ്പായി മാറിയിരുന്നു ഭാസ്കരന്‍ പരമശിവന്‍.



പരമശിവന്റെ വേഷത്തില്‍ വന്ന ഭാസ്കരന്‍ പാമ്പിനെ ഒരു വിധത്തില്‍ ഘോഷയാത്രയില്‍ നിന്നും കമ്മറ്റിക്കാര്‍ വലിച്ചു പുറത്താക്കി. ജടയും മുടിയും ചൂടിയ പരമശിവന്‍ വഴിയരുകില്‍ കുത്തിയിരുന്നു വാള് വയ്ക്കുന്നത് ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം നോക്കി നിന്നു. അതോടെ ഇത്തവണത്തെ ഘോഷയാത്രയില്‍ ഭാസ്കരന്‍ ചേട്ടന് പകരം "പപ്പനാവന്‍" എന്ന പദ്മനാഭനെ പരമ ശിവനാക്കുവാന്‍ കമ്മറ്റിക്കാര്‍ തീരുമാനിക്കുകയും ചെയ്തു.


തീരുമാനം ഭാസ്കരന്‍ ചേട്ടന്‍ അറിയുന്നത് തന്റെ സുഹൃത്തും ഷാപ്പിലെ സപ്ലയറുമായ കേശവനില്‍ നിന്നാണ്. ഭാസ്കരന്‍ ചേട്ടനെ പരമശിവന്‍ ആക്കി മാറ്റുന്ന മേക്കപ്പ് മാനാണ് കേശവന്‍. മാത്രമല്ല അദ്ദേഹത്തിന്റെ സ്ഥിരം പാര്‍വതിയും കേശവനാണ്. ഭാസ്കരന്‍ ചേട്ടനെ പരമശിവന്‍ ആക്കാത്തതില്‍ കേശവനും വിഷമമുണ്ട്. എന്തെന്നാല്‍ ഭാസ്കരന്‍ ചേട്ടന്‍ പരമശിവന്‍ ആകുന്ന ദിവസം കേശവന്റെ ഫുള്‍ ചെലവ് വഹിക്കുന്നത് ഭാസ്കരന്‍ ചേട്ടനാണ്. കൂടാതെ മേക്കപ്പ് ഫീസായി ഇരുനൂറു രൂപയും അന്ന് കേശവന് കിട്ടും.


"ചേട്ടന്‍ വിഷമിക്കാതെ... പപ്പനാവനിട്ടു ഒരു പണി കൊടുക്കുന്ന കാര്യം കേശവന്‍ ഏറ്റു"


വീരപ്പന്‍ മീശ വിറപ്പിച്ചു കൊണ്ട് നിന്ന എക്സ് പരമശിവന്‍ ഭാസ്കരന്‍ ചേട്ടനെ സപ്ലയര്‍ കേശവന്‍ സമാധാനിപ്പിച്ചു. അനന്തരം അദ്ദേഹത്തിന്റെ ചെവിയില്‍ രഹസ്യമായി എന്തോ മന്ത്രിച്ചു. അത് കേട്ട ഭാസ്കരന്‍ ചേട്ടന്റെ മൈനസ് പോയിന്റു കുറഞ്ഞു കുറഞ്ഞു വന്നു സീറോയില്‍ മുട്ടി. മുട്ടലിന്റെ ഫലമായി പ്ലസ് പോയിന്റിന്റെ വിറയല്‍ നില്‍ക്കുകയും ഭാസ്കരന്‍ ചേട്ടന്‍ സന്തോഷത്തോടെ സ്വഭവനത്തിലേയ്ക്ക് പോവുകയും ചെയ്തു.



താലപ്പൊലി ഘോഷയാത്രയുടെ ദിവസം സമാഗതമായി. വഴിയുടെ ഇരുവശങ്ങളിലും കന്യകമാര്‍ താലപ്പൊലിയേന്തി അണിനിരന്നു. ഏറ്റവും മുന്‍പില്‍ പഞ്ചവാദ്യം.അതിനു പുറകെ ചെണ്ട മേളക്കാര്‍. ചെണ്ട മേളക്കാര്‍ക്കൊപ്പം കാവടിയും പടയണിയും നീങ്ങി. അതിനും പിറകിലായി പപ്പനാവന്‍ എന്ന ന്യൂ പരമശിവന്‍. അദ്ദേഹത്തിന്റെ കഴുത്തില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന ന്യൂ സര്‍പ്പം. കയ്യില്‍ ന്യൂ ശൂലം. ഒപ്പം ന്യൂ പാര്‍വ്വതി. ന്യൂ പാര്‍വ്വതിയുടെ ഒറിജിനല്‍ പേരാണ് സുശീലന്‍.


പപ്പനാവന്‍ ന്യൂ പരമശിവനും സുശീലന്‍ ന്യൂ പാര്‍വ്വതിയും ഭക്തജനങ്ങള്‍ക്ക്‌ അനുഗ്രഹാശിസുകള്‍ വാരി വിതറിക്കൊണ്ട് മന്ദം മന്ദം നടക്കുകയാണ്. രണ്ടു പേരുടെയും അനുഗ്രഹങ്ങള്‍ കൂടുതല്‍ പോകുന്നത് സ്ത്രീ ഭക്തകള്‍ കൂടുതലുള്ള ഭാഗത്തേയ്ക്കാണ് എന്നുള്ള വിവരം ചില പുരുഷ ഭക്തന്മാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ "ഡാ പപ്പനാവാ ഇങ്ങോട്ടും നോക്കെടാ" എന്നും "എന്താടാ സുശീലാ നിനക്കൊരു സൈഡ് വലിവ്" എന്നുമൊക്കെ ഭക്തിപുരസ്സരം ചോദിച്ചെങ്കിലും ശിവ പാര്‍വ്വതിമാര്‍ അതത്ര കാര്യമാക്കിയില്ല. അങ്ങനെ സ്ത്രീ പുരുഷ ഭക്തജന സഞ്ചയത്തെ ഭക്തി സാഗരത്തില്‍ ആറാടിച്ചു കൊണ്ട് എഴുന്നുള്ളി വന്നിരുന്ന പപ്പനാവന്‍ പരമശിവനു പെട്ടന്നൊരു വൈക്ലബ്യം.


വൈക്ലബ്യം എന്നു വച്ചാല്‍ ശങ്ക.

ഉത്സവം നടക്കുന്നത് തന്റെ വയറ്റിനുള്ളില്‍ ആണോ എന്നൊരു തോന്നല്‍.


വയറ്റിനുള്ളിലെ ഉത്സവത്തില്‍ ചെണ്ടയും മദ്ദളവും തകര്‍ക്കുന്നു...കൂടാതെ ഇടയ്ക്കിടയ്ക്ക് നാദ സ്വരവും.


നാദസ്വരമേളം അടുത്തു നിന്ന പാര്‍വ്വതിയോ പുറകെ വരുന്ന ഭക്ത ജനങ്ങളോ കേട്ടില്ല.


പക്ഷെ പപ്പനാവന്‍ പരമ ശിവന്‍ കേട്ടു.


ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സംഗതി വശക്കേടാകും.


കഴിഞ്ഞ വര്‍ഷം പരമശിവന്‍ വാള് വയ്ക്കുന്നത് കണ്ട ഭക്തജനങ്ങള്‍ ഇത്തവണ അദ്ദേഹം അപ്പിയിടുന്നതു കാണും.


അതും ലൈവായി.


പപ്പനാവന്‍ പരമശിവന്‍ വെപ്രാളത്തോടെ പാര്‍വ്വതിയെ നോക്കി. പുറകെ വരുന്ന കാവടിക്കാരെ നോക്കി. ഭക്ത ജനങ്ങളെ മൊത്തമായി നോക്കി.


പിന്നെ കൂടുതല്‍ നോക്കാന്‍ മിനക്കെട്ടില്ല. തന്റെ കയ്യിലിരുന്ന ശൂലം പാര്‍വ്വതിയുടെ കയ്യില്‍ ബലമായി പിടിപ്പിച്ചിട്ട് അടുത്തു കണ്ട കുറ്റിക്കാട് ലക്ഷ്യമാക്കി ഒരോട്ടം വച്ചു കൊടുത്തു!!.


പരമശിവന്‍ സൂപ്പര്‍ ഫാസ്റ്റ് പോലെ പാഞ്ഞു പോകുന്നത് കണ്ട ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം ഞെട്ടി.


പരമശിവന്റെ വാക്കിംഗ് സ്റ്റിക്കായ ശൂലം കയ്യില്‍ കിട്ടിയ ശുശീലന്‍ ശൂലപാണിയായ പാര്‍വ്വതിയായി മാറി. പിന്നെ ശൂലം വിഴുങ്ങിയവനെപ്പോലെ അന്തം വിട്ടു നിന്നു.



അപ്പോള്‍ ഷാപ്പിലിരുന്ന ഭാസ്കരന്‍ ചേട്ടന്റെ മൈനസ് പോയിന്റു പൂജ്യത്തിനും താഴെയായിരുന്നു. അദ്ദേഹം സപ്ലയര്‍ കേശവന്‍ ഒഴിച്ച് കൊടുത്ത മധുരക്കള്ള് അല്പാല്പമായി നുണഞ്ഞു കൊണ്ട് തന്റെ പ്ലസ് പോയിന്റില്‍ അരുമയോടെ തലോടി. എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കേശവനോട് ചോദിച്ചു.


"ഡാ കേശവാ നീ പപ്പനാവന് കൊടുത്ത കള്ളിന്റെ ബാക്കിയൊന്നുമല്ലല്ലോ ഈ കള്ള് ? ങേ"

പരമ ശിവനാകാനുള്ള തയ്യാറെടുപ്പിനിടയില്‍ ഒരു കുപ്പി വിഴുങ്ങാന്‍ വന്ന "പപ്പനാവന്‍ ഏലിയാസ് പരമശിവന്" കൊടുത്ത സ്പെഷ്യല്‍ കള്ളിന്റെ കാര്യമോര്‍ത്ത കേശവന്‍ ചിരിച്ചു. സോപ്പ് പൊടി കലക്കിയത് പോലെയുള്ള ഒരു കള്ളച്ചിരി.!!!