Friday, March 26, 2010

നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും

എന്റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടം" ആയ "ഹീറോ ഹോണ്ടാ സി. ഡി. ഡോണി" നോട് നാട്ടുകാരായ കുമാരപുരം നിവാസികള്‍ക്ക് നല്ല ബഹുമാനമാണ്.


അതും ഓടിച്ചു കൊണ്ട് ഞാന്‍ വരുന്നത് ദൂരെനിന്നു കാണുന്നവര്‍ ഉടന്‍ തന്നെ വഴിയില്‍ നിന്നും അല്പം മാറി ഒതുങ്ങി ഭവ്യതയോടെ നില്‍ക്കും. എതിരെ വരുന്ന സൈക്കിള്‍ യാത്രക്കാര്‍ സൈക്കിളില്‍ നിന്നും ഇറങ്ങിയ ശേഷം തന്റെ സൈക്കിള്‍ വഴിയുടെ അരികില്‍ സ്റ്റാന്‍ഡില്‍ വച്ചിട്ടു അടുത്തുള്ള ഏതെങ്കിലും കടയുടെ അല്ലെങ്കില്‍ വീടിന്റെ വരാന്തയില്‍ കയറി നില്‍ക്കും!.


ഫോര്‍ വീലറുകള്‍ വളരെ വിരളമായി മാത്രം വരുന്ന വഴിയാണ് ഞങ്ങളുടേത്. അഥവാ കുമാരപുരത്തുകാരനായ ഏതെങ്കിലും ഫോര്‍ വീലറുകാരന്‍ അബദ്ധത്തില്‍ എതിരെ വന്നു പോയാല്‍ ഞാന്‍ വരുന്നത് കണ്ടാലുടന്‍ അദ്ദേഹം വണ്ടി സൈഡില്‍ ഒതുക്കി നിര്‍ത്തും. പിന്നെ ഞാന്‍ കടന്നു പോയതിനു ശേഷം മാത്രമേ വണ്ടി എടുക്കൂ..!!


നോക്കണേ ഒരു പട്ടാളക്കാരനോടുള്ള ബഹുമാനം. !!!


ഈ ബഹുമാനം എനിക്ക് കിട്ടാന്‍ കാരണക്കാരന്‍ എന്റെ ഹീറോ ഹോണ്ടാ സി. ഡി.ഡോണ്‍ തന്നെയാണ്. ആ കഥ കേള്‍ക്കുമ്പോള്‍ മാന്യ വായനക്കാരായ നിങ്ങള്‍ക്കും തീര്‍ച്ചയായും എന്റെ സി ഡി ഡോണിനോട് ബഹുമാനം തോന്നും. . ഇനി കഥ കേള്‍ക്കൂ..


പട്ടാളത്തില്‍ നിന്നും വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ഉപയോഗിച്ച് കൊണ്ടിരുന്നത് ഒരു പഴയ ബി എസ് എ സൈക്കിള്‍ ആണ്. സൈക്കിള്‍ ചവിട്ടുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നും ദിവസവും സൈക്കിള്‍ ചവിട്ടിയാല്‍ പിന്നെ പ്രത്യേകിച്ച് എക്സര്‍സൈസുകള്‍ ഒന്നും ആവശ്യമില്ല എന്നും എന്റെ സുഹൃത്തും അഭ്യുദയാകാംഷിയുമായ അഡ്വക്കേറ്റ് പണിക്കര്‍ സാറാണ് എന്നെ ഉപദേശിച്ചത്.


അങ്ങനെ ദിവസേന എക്സര്‍ സൈസ് ചെയ്യുന്നതിന് പകരമായി ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.കൊച്ചു വെളുപ്പാം കാലത്ത് എഴുനേറ്റ് സൈക്കിളുമെടുത്തു പുറപ്പെടുന്ന ഞാന്‍ കുമാരപുരം, ഡാണാപ്പടി, ഹരിപ്പാട് വഴി തിരിച്ചു വീട്ടിലെത്തുമ്പോള്‍ മണി എട്ടു കഴിയും. പക്ഷെ എന്റെ ഈ സൈക്കിള്‍ യജ്ഞ കലാപരിപാടികള്‍ ഭാര്യക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. റിട്ടയര്‍ ആയ ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ബെല്ലും ബ്രേക്കും ഇല്ലാത്ത സൈക്കിളില്‍ ഉലകം ചുറ്റുന്നതില്‍ അവള്‍ പ്രതിഷേധം അറിയിക്കുകയും അത് നിഷ്ഫലമായപ്പോള്‍ നിരാഹാരം, നിസ്സഹകരണം മുതലായ ഗാന്ധിയന്‍ സമര മുറകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ഞാന്‍ "എന്നാല്‍ പിന്നെ ഒരു ബൈക്ക് വാങ്ങിക്കളയാം" എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തു.


"ഹും പട്ടാളത്തില്‍ നിന്നും റിട്ടയര്‍ ചെയ്തവരൊക്കെ കാറ് വാങ്ങുമ്പോള്‍ അങ്ങേരുടെ ഒരു ബൈക്ക്..അതിന്റെ പുറകില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ എനിക്ക് വയ്യ."


മുഖ്യ മന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ ഭാര്യ എന്നെ അവജ്ഞയോടെ നോക്കി. "കാറ് എങ്ങിനേയും വാങ്ങാം പക്ഷെ അതിലൊഴിക്കാന്‍ പെട്രോള്‍ നിന്റെ അച്ഛന്‍ വാങ്ങിത്തരുമോ" എന്ന എന്റെ മര്‍മ്മ പ്രധാനമായ ചോദ്യം കേട്ടതോടെ അവള്‍ ഞെട്ടി. ഒടുവില്‍ "ബ്രേക്കില്ലാത്ത സൈക്കിളില്‍ നിന്ന് വീണു കാല് ഓടിയുന്നതിനേക്കാള്‍ അന്തസ്സ് ഒരു ബൈക്കില്‍ നിന്ന് വീണു നടുവ് ഒടിയുന്നതല്ലേ" എന്ന ആത്മഗതത്തോടെ അവള്‍ തണ്ണിമത്തന്‍ ജൂസ് കുടിച്ചു കൊണ്ട് നിരാഹാരം അവസാനിപ്പിച്ചു.


ബൈക്ക് വാങ്ങുന്നത്തിനുള്ള ആദ്യ പടിയായി ഭാര്യ അടുത്തുള്ള ജ്യോതിഷിയുടെ അടുത്തു പോയി വണ്ടിയെടുക്കാനുള്ള ദിവസവും സമയവും നോക്കിച്ചു. മൂലം നക്ഷത്രത്തില്‍ ഭൂജാതനായ എനിക്ക് ഭാവിയില്‍ മൂലക്കുരുവിന്റെ അസ്കിത ഉണ്ടാകാന്‍ സാധ്യത കാണുന്നുണ്ടെന്നും ഇപ്പോള്‍ ശുക്ര ദശയായാതിനാല്‍ വാഹനം വാങ്ങുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വണ്ടി എടുക്കുന്നതിനു മുന്‍പായി അടുത്ത ക്ഷേത്രത്തില്‍ പോയി എന്റെ പേരില്‍ പൂജയും മറ്റു വഴിപാടുകളും കഴിക്കാന്‍ ഭാര്യ മറന്നില്ല.


ജ്യോതിഷി നിര്‍ദ്ദേശിച്ച സമയത്ത് തന്നെ ഞാനും ഭാര്യയും ഓട്ടോ പിടിച്ചു ഹീറോ ഹോണ്ടയുടെ ഷോ റൂമില്‍ എത്തിച്ചേര്‍ന്നു. പല തരത്തിലും നിറത്തിലുമുള്ള ബൈക്കുകളെ ഭാര്യ താത്പര്യത്തോടെ നിരീക്ഷിച്ചു തുടങ്ങി. സെയില്‍സ് മാന്‍ അവളുടെ ഒപ്പം നടന്നു ഓരോ ബൈക്കിന്‍റെയും ഗുണ ഗണങ്ങള്‍ അവളെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. അവള്‍ ഓരോ ബൈക്കിന്റെ അടുത്തേയ്ക്ക് പോകുമ്പോഴും ഞാന്‍ കയ്യും കലാശവും കാണിച്ച് അയാള്‍ പറയുന്നതൊക്കെ വെറും പൊളിയാണെന്നും ഈ പറയുന്ന ഗുണങ്ങളൊന്നും ആ ബൈക്കിന് ഇല്ലെന്നുമുള്ള വിവരം അവളെ ധരിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കോളേജു കുമാരന്മാര്‍ ഓടിക്കാറുള്ള കാണ്ടാമൃഗത്തിന്റെ ആകൃതിയും ഏതാണ്ട് അതേ നിറവുമുള്ള ഒരു ബൈക്കിന്റെ അടുത്തു അവള്‍ നിലയുറപ്പിച്ചതോടെ ഞാന്‍ എന്റെ പോക്കറ്റില്‍ കിടക്കുന്ന പൈസയും ആ ബൈക്കിന്റെ വിലയുമായി ഒന്ന് തട്ടിച്ചു നോക്കി.


ദൈവമേ... അമ്പതിനായിരം രൂപ കൂടി വേണം ആ ബൈക്ക് വാങ്ങാന്‍.... ഞാന്‍ ഞെട്ടി...


ഒടുവില്‍ ബൈക്കിന്റെ സ്റ്റൈല്‍ അല്ല, കാര്യക്ഷമതയും മൈലേജുമാണ് നോക്കേണ്ടത് എന്നും ബൈക്കുകളില്‍ രാജാവ് "ഹീറോ ഹോണ്ടാ സി. ഡി. ഡോണ്‍" ആണെന്നും അതിനെ വെല്ലാന്‍ ഇവിടിരിക്കുന്ന ഒരു കാണ്ടാമൃഗ ബൈക്കുകള്‍ക്കും സാധിക്കില്ലെന്നും സെയില്‍സ് മാന്‍ കേള്‍ക്കാതെ ഭാര്യയുടെ ചെവിയില്‍ ‌ഞാന്‍ മന്ത്രിച്ചു. അത് കേട്ട ഭാര്യ കാണ്ടാമൃഗ ബൈക്കുകളെ വിഷമത്തോടെ ഒന്ന് കൂടെ നോക്കിയിട്ട് സി. ഡി. ഡോണ്‍ വാങ്ങാന്‍ സമ്മതം മൂളി.


ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ബൈക്കിന്റെ താക്കോലും മറ്റു പേപ്പറുകളും ഷോറൂമിലെ പെണ്‍കുട്ടിയില്‍ നിന്നും ഞാന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ ഏറ്റു വാങ്ങി. പിന്നെ ബൈക്കിനെ തൊട്ടു നെറുകയില്‍ വച്ച് ഈശ്വരന്മാരെ ധ്യാനിച്ച്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട് ഭാര്യയെ പുറകില്‍ ഇരിക്കാനായി ക്ഷണിച്ചു.


അങ്ങനെ ബൈക്കുകളുടെ രാജാവായ സി. ഡി. ഡോണിന്റെ മുകളില്‍ രാജാധി രാജനായി ഞാനും രാജാധി രാജിയായി ഭാര്യയും നല്ല സ്പീഡില്‍ വരുമ്പോളാണ് അത് സംഭവിച്ചത്.


വീടിന്റെ അടുത്തു തന്നെയുള്ള നാലും കൂടിയ ജങ്ങ്ഷനില്‍ വച്ച് എതിര്‍ വശത്ത്‌ നിന്നും ഒരു പീക്കിരി പയ്യന്‍ അവനെക്കാള്‍ വലിയ ഒരു സൈക്കിളിന്റെ ഹാന്റിലില്‍ വവ്വാല് തൂങ്ങി ക്കിടക്കുന്നത് പോലെ കിടന്നു കൊണ്ട് ഒരു വരവ്!! അപ്രതീഷിതമായ ആ വരവ് കണ്ടു പകച്ച ഞാന്‍ പയ്യനെ രക്ഷിക്കാനായി വണ്ടി ഇടതു വശത്തേയ്ക്ക് വെട്ടിച്ചു. ആ വെട്ടിക്കലിനിടയില്‍ വണ്ടി റോഡരികില്‍ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുന്‍പില്‍ കൂട്ടി ഇട്ടിരുന്ന മണല്‍ കൂനയിലേയ്ക്ക് പാഞ്ഞു കയറി. ഇതിനിടയില്‍ പുറകിലിരുന്ന ഭാര്യ എന്നെ ഉറുമ്പടക്കം പിടിക്കുകയും അതിന്റെ ബലത്തില്‍ ബൈക്കില്‍ നിന്നും പിടി വിട്ടുപോയ ഞാനും ഭാര്യയും കൂടി കെട്ടി മറിഞ്ഞു മണലിന്റെ പുറത്തേയ്ക്ക് വീഴുകയും ചെയ്തു.


ബൈക്കിന്റെ ശബ്ദവും ഭാര്യയുടെ നിലവിളിയും സൈക്കിളുമായി മറിഞ്ഞു വീണ പയ്യന്റെ കരച്ചിലും എല്ലാം കൂടി കേട്ട് വീട് പണി ചെയ്തിരുന്ന ആളുകളും വഴി യാത്രക്കാരും ഓടിക്കൂടി. വീണയുടന്‍ തന്നെ തട്ടിപ്പിടഞ്ഞെഴുന്നേറ്റ ഞാന്‍ മണലിന്റെ പുറത്തു വീണു കിടക്കുന്ന ഭാര്യയെ പിടിച്ചു പൊക്കി. പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും ഓടിക്കൂടിയവരുടെ മുന്‍പില്‍ നാണത്തോടെ അവള്‍ പരുങ്ങി നിന്നു.


സൈക്കിളില്‍ നിന്നും ഉരുണ്ടു വീണു കാലിന്റെ മുട്ട് പൊട്ടിയ വവ്വാലു പയ്യന്റെ അച്ഛന്‍ ഓടി വന്നു. അയാള്‍ തന്റെ മകനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കഷ്മലനായ എനിക്കെതിരെ പോലീസ്സില്‍ കേസ്സ് കൊടുക്കുമെന്ന് ഭീഷണി മുഴക്കി. ഞാനൊരു പട്ടാളക്കാരനാണെന്നും നാട്ടില്‍ വണ്ടി ഓടിച്ചു നല്ല പരിചയം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഞാന്‍ പറഞ്ഞു നോക്കി. അതോടെ പട്ടാളക്കാരനായാല്‍ ആരെയും വണ്ടി ഇടിപ്പിച്ചു കൊല്ലാന്‍ അധികാരമുണ്ടോ എന്നായി അയാളുടെ ചോദ്യം.


ഇതിടയില്‍ നാട്ടുകാരായ ചിലര്‍ ചേര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവില്‍ വവ്വാല് പയ്യന്റെ ചികിത്സയ്ക്കുള്ള പണം കൊടുക്കാം എന്നുള്ള വ്യവസ്ഥയില്‍ അയാള്‍ അടങ്ങി. പണം മേടിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഫ്രീയായി ഒരുപദേശവും എനിക്ക് തന്നു.


"സാറേ പട്ടാളത്തില്‍ ഓടിക്കുന്ന പോലെ നാട്ടില്‍ വന്നു വണ്ടി ഓടിക്കരുത്. അങ്ങനെ ഓടിച്ചാല്‍ സാറിനെ നാട്ടുകാര്‍ ഓടിക്കും"


അന്ന് മുതലാണ്‌ എനിക്കും എന്റെ ബൈക്കിനും നാട്ടില്‍ ഇത്ര ബഹുമാനം കിട്ടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഞാനും ബൈക്കും വരുന്നത് കാണുമ്പോഴേ ആളുകള്‍ പറയും.


"ദേണ്ടെ പട്ടാളം ബൈക്കുമായി വരുന്നു... ജീവന്‍ വേണമെങ്കില്‍ വഴിയില്‍ നിന്നും മാറി നിന്നോ"


ഇനി പറയൂ നിങ്ങള്‍ക്കും എന്‍റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടത്തിനോട് അല്പം ബഹുമാനം തോന്നുന്നില്ലേ ?

Wednesday, March 10, 2010

ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്.

"എടാ സതീശാ എനിക്കൊരു അണ്ടര്‍ വെയര്‍ തയ്ക്കാന്‍ എത്ര തുണി വേണം?"

കുമാരപുരം ജങ്ങ്ഷനിലെ ഏക തയ്യല്‍ക്കടയായ "വെല്‍ ഫിറ്റ് ടൈലേഴ്സ്" സിന്റെ "ഓണര്‍ കം പ്രൊപ്രറ്റര്‍ ‍ കം ചീഫ് ടൈലര്‍" എന്ന ബഹുമുഖ പദവി അലങ്കരിക്കുന്ന സതീശന്‍, ആരോ തുന്നാന്‍ കൊടുത്ത വിലയേറിയ പാന്റിന്റെ തുണിയെ കത്രിക കൊണ്ട് നിഷ്കരുണം വെട്ടിമുറിക്കുന്ന ജോലി താല്‍കാലികമായി നിറുത്തിയിട്ടു ചോദ്യകര്‍ത്താവിനെ നോക്കി.


വെല്‍ ഫിറ്റ് ടൈലേഴ്സ് സിന്റെ മുന്‍പില്‍ "ഫുള്‍ ഫിറ്റായി" നില്‍ക്കുകയാണ് ചെല്ലപ്പനാശാന്‍ . കയ്യില്‍ ഒരു കടലാസ് പൊതി.


"ആഹാ ചെല്ലപ്പനാശാനോ ? വരണം വരണം"


കാറ്റ് പിടിച്ച കൊന്നത്തെങ്ങു പോലെ ചെറിയ രീതിയില്‍ ആടി നില്‍ക്കുന്ന ചെല്ലപ്പനാശാനെ സതീശന്‍ സ്വാഗതം ചെയ്തു. തന്റെ തയ്യല്‍ മിഷ്യന്റെ അടിയില്‍ കിടന്ന സ്റ്റൂള്‍ എടുത്തു കൊടുത്ത് അതില്‍ ആസനനസ്ഥനാക്കി.


കുമാരപുരം നിവാസികളുടെ, പ്രത്യേകിച്ച് "പിശുക്ക്" അല്പം കൂടുതലുള്ളവരുടെ ആരാധനാപാത്രമാണ് ചെല്ലപ്പനാശാന്‍. ചെല്ലപ്പന്‍ എന്നാണു ഔദ്യോഗിക നാമമെങ്കിലും ആശാന്‍ എന്നത് നാട്ടുകാര്‍ കല്പിച്ചു കൊടുത്തിരിക്കുന്ന സ്ഥാനപ്പേരാണ്. അങ്ങനെ ഒരു സ്ഥാനപ്പേര് കിട്ടാനുള്ള കാരണങ്ങളെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രാന്വേഷണ കുതുകികളായ ചെറുപ്പക്കാര്‍ക്കിടയില്‍ നിലവിലുണ്ട്. പണ്ട് കുട്ടികളെ എഴുത്ത് പഠിപ്പിക്കുന്ന "ആശാന്‍ പള്ളിക്കൂടം" നടത്തിയിരുന്നതിനാലാണ് ആശാന്‍ എന്ന പേര് വീണത്‌ എന്നാണു ഒരു കുതുകിയുടെ അഭിപ്രായം. അതല്ല, അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായ "പിശുക്കിന്റെ " ആശാന്‍ ആയതു കൊണ്ടാണ് ഈ പേര് വീണത്‌ എന്ന് മറ്റൊരു കുതുകി തെളിവുകള്‍ സഹിതം വാദിക്കുന്നു.


ഇതൊക്കെയാണെങ്കിലും വളരെ പ്രശസ്തമായ മറ്റൊരു പേരിന്റെ കൂടി ഉടമയാണ് ചെല്ലപ്പനാശാന്‍.


ആ പേരാണ് "ഇരുട്ടാശാന്‍"....


ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി അറിയണമെന്ന് താല്പര്യമുള്ള വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ സ്വഭവനമായ "ഭവാനീ മന്ദിരം" വരെ ഒന്ന് പോകേണ്ടി വരും. പോകുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈകിട്ട് ഏകദേശം ഒരു ആറര, അല്ലെങ്കില്‍ ഏഴു മണി, അതായത് ഇരുട്ട് വീഴുന്ന സമയം നോക്കി മാത്രമേ പോകാവൂ. എന്നാലേ പോയ കാര്യം നടക്കൂ.


എന്നുവച്ച് നേരെ ചെന്ന് ആശാന്റെ വീട്ടിലേയ്ക്ക് ഇടിച്ചു കയറരുത്. മുറ്റത്ത് എവിടെയെങ്കിലും മറഞ്ഞു നിന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കണം.


നിങ്ങള്‍ ചെല്ലുമ്പോള്‍ രണ്ടു മുറിയും അടുക്കളയും ഹാളും വരാന്തയും ചേരുന്ന ആശാന്റെ ഭവനം, കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവലില്‍ പറയുന്നത് പോലെ "അന്ധകാര നിബിഡമായ നിതാന്ത നിശബ്ദതയില്‍" ആണ്ടിരിക്കുവാനാണ് സാധ്യത. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളോ അത്യഗാധമായ കൊക്കകളോ ഇല്ലെങ്കിലും മുറ്റത്തിന്റെ ഒരു വശത്ത്‌ ചെറിയ ഒരു കുഴിയുള്ളത് കൊണ്ട് ഉരുണ്ടു വീഴാതെ സൂക്ഷിക്കണം.


അങ്ങനെ നിതാന്ത നിശബ്ദതയില്‍ ആണ്ടിരിക്കുന്ന ഭവാനീ മന്ദിരത്തിന്റെ പൂമുഖത്തേയ്ക്കു കയ്യില്‍ നിലവിളക്കേന്തിയ ഒരു മഹിളാരത്നം കടന്നു വരും. ആ രത്നമാണ് ഭവാനി ചേച്ചി. ചെല്ലപ്പനാശാന് ആകെയുള്ള ബന്ധു. കുറച്ചു കൂടെ വ്യക്കുതമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഒരേ ഒരു "സ്വന്തം ഭാര്യ".


നിലവിളക്കേന്തിയ ഭവാനി രത്നം വിളക്കു താഴെ വച്ച് ശേഷം അതിന്റെ മുന്‍പില്‍ ചമ്രം പടഞ്ഞിരുന്നു രാമനാമജപങ്ങള്‍ തുടങ്ങുമ്പോള്‍ മറ്റൊരു രത്നം രംഗപ്രവേശം ചെയ്യുന്നത് കാണാം. രത്നത്തിന്റെ പേര് ചെല്ലപ്പനാശാന്‍‍. അദ്ദേഹത്തിന്റെ കയ്യിലുമുണ്ട് ഒരു വിളക്ക്. പക്ഷെ അത് നിലവിളക്കോ മണ്ണെണ്ണ വിളക്കോ അല്ല.


സാക്ഷാല്‍ "ബാലന്‍സ് വിളക്ക്" ! നാല്പതു വാട്സിന്റെ ഒരു ഇലക്ട്രിക് ബള്‍ബ്‌ !!


അദ്ദേഹം ആ ബള്‍ബ്‌ വരാന്തയില്‍ തൂങ്ങിക്കിടക്കുന്ന ഹോള്‍ഡറില്‍ ഘടിപ്പിക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ " ബാലന്‍സ് ഇഫക്റ്റ് " തുടങ്ങുകയായി.


ഉദ്ദേശം അര മണിക്കൂര്‍ കഴിയുമ്പോള്‍ നാമജപത്തിന് സമാപനം കുറിച്ചുകൊണ്ട് ഭവാനി ചേച്ചി തന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ബള്‍ബിലേയ്ക്ക് കണ്ണുകള്‍ നട്ട്, കൈകള്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തി "നാരായണാ.. ശിവശങ്കരാ.. രക്ഷിക്കണേ" എന്നൊരു ദയാഹര്‍ജി, വൈകുണ്ഡം കൈലാസം എന്നീ പുണ്യസ്ഥലങ്ങളിലേയ്ക്ക് ബൈ എയറായി അയക്കും. ആ സമയം തന്നെ ചെല്ലപ്പനാശന്‍ തന്റെ തോളില്‍ കിടക്കുന്ന തോര്‍ത്തു ഉപയോഗിച്ച് ഹോള്‍ഡറില്‍ നിന്ന് ബള്‍ബു ഊരിയെടുക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ വീണ്ടും കോട്ടയം പുഷ്പനാഥ് പ്രത്യക്ഷപ്പെടും. നിതാന്ത നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ചെല്ലപ്പനാശന്റെ പട്ടി, വൈകിട്ടത്തെ ശാപ്പാട് കൊടുക്കാനുള്ള സിഗ്നലായി നീട്ടി ഓരിയിടും. അത് കേട്ട് ഞെട്ടരുത്. ഈ സമയം ചെല്ലപ്പ, ഭവാനീ രത്നങ്ങള്‍ ബള്‍ബുമായി നേരെ അടുക്കയിലേയ്ക്ക് നീങ്ങിയിട്ടുണ്ടാകും.


അങ്ങനെ രാത്രി ഒന്‍പതു മണിക്ക് മുന്‍പ് ആ ബള്‍ബു ചെല്ലപ്പനാശാന്റെ വീടിന്റെ അടുക്കള, ഹാള്‍ , കുളിമുറി (ചിലപ്പോള്‍ കക്കൂസ്) വഴി കിടപ്പ് മുറിയില്‍ എത്തുന്നതോടെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ചു ബള്‍ബും ചെല്ലപ്പനാശാനും ഭാവാനി ചേച്ചിയും നിദ്ര പൂകും.


മേല്‍പ്പറഞ്ഞതില്‍ നിന്നും ചെല്ലപ്പനാശാനു പറ്റിയത് "പിശുക്കാശാന്‍", "ഇരുട്ടാശാന്‍" എന്നീ പഴയ പേരുകളാണോ അതോ "ബാലന്‍സ് വിളക്കാശാന്‍" എന്ന പുതിയ പേരാണോ എന്ന് അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച മാന്യവായനക്കാര്‍ തന്നെ തീരുമാനിക്കുക.


ഏതായാലും ചെല്ലപ്പനാശാന്റെ പിശുക്കിനെപ്പറ്റി നന്നായി അറിയാവുന്ന തയ്യല്‍ക്കാരന്‍ സതീശന്‍ ആശാന്റെ കയ്യിലിരുന്ന തുണി വാങ്ങി തന്റെ ടേപ്പ് വച്ച് അളന്നു നോക്കി. എന്നിട്ട് പറഞ്ഞു.


"ആശാനെ ആവശ്യത്തിനുള്ള തുണിയുണ്ട്. ചിലപ്പോള്‍ അല്പം മിച്ചം വന്നേയ്ക്കും"


"അങ്ങിനെയാണെങ്കില്‍ നീ ഒരു കാര്യം ചെയ്യ്. മിച്ചമുള്ള തുണി വെറുതെ കളയേണ്ടാ. അത് കൊണ്ട് ഒന്നോ രണ്ടോ പോക്കറ്റ് കൂടുതല്‍ അടിച്ചേര് "


താന്‍ കാശു കൊടുത്തു മേടിച്ച തുണി വെറുതെ കളയുന്നതില്‍ വൈമനസ്യമുള്ള ചെല്ലപ്പനാശാന്‍ തന്റെ ഐഡിയ പറഞ്ഞു.


"അങ്ങിനെ തന്നെ ആയിക്കളയാം" എന്ന രീതിയില്‍ തലകുലുക്കിയ സതീശന്‍ ആശാന്റെ അളവുകള്‍ക്ക് അനുസൃതമായി തുണി വെട്ടാന്‍ തുടങ്ങി. ആശാനാകട്ടെ തന്റെ "ഫിറ്റ്നെസ് " അല്പം കുറഞ്ഞു പോയോ എന്ന ശങ്കയില്‍ വീണ്ടും ഫിറ്റ് ആകുന്നതിനായി അടുത്തുള്ള ഷാപ്പിലേയ്ക്ക് പോയി.


കുറച്ചു നേരത്തിനു ശേഷം വീണ്ടും വെല്‍ ഫിറ്റായി വന്ന ചെല്ലപ്പനാശാന്റെ കയ്യില്‍ സതീശന്‍ താന്‍ തുന്നിയ അണ്ടര്‍‍വെയര്‍ കടലാസില്‍ പൊതിഞ്ഞു കൊടുത്തു. അതുമായി വീട്ടിലെത്തിയ ആശാന്‍ " ധന്വന്തരം" കുഴമ്പ് മേലാസകലം പുരട്ടിയിട്ട് കിണറ്റിന്റെ കരയില്‍ കുറച്ചു നേരം ഉലാത്തി. പിന്നെ ഭവാനി ചേച്ചി തയാറാക്കിക്കൊടുത്ത ചെറു ചൂടുള്ള വെള്ളത്തില്‍ വിശദമായ ഒരു കുളി പാസാക്കിയ ശേഷം തന്റെ പുതിയ അണ്ടര്‍ വെയറില്‍ കയറാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

.
അധികം ബുദ്ധിമുട്ടാതെ പുതിയ അണ്ടര്‍‍വെയറില്‍ കയറിക്കൂടിയ ചെല്ലപ്പനാശാന്‍ അതിട്ടു കൊണ്ട് വരാന്തയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും അല്പമൊന്നു നടന്നുനോക്കി. പുതിയ അണ്ടര്‍‍വെയറിനു തയ്യല്‍ സംബന്ധമായ കുഴപ്പമോ എവിടെയെങ്കിലും പിടുത്തമോ ഉണ്ടോ എന്നറിയണമല്ലോ? പക്ഷെ അതിട്ടു നടക്കുമ്പോള്‍ ചെല്ലപ്പനാശാന്റെ സ്റ്റീല്‍ ബോഡിയുടെ മര്‍മപ്രധാനമായ യന്ത്രഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് എന്തോ ഒരു അസ്കിത! മാത്രമല്ല യന്ത്രസാമഗ്രികളുടെ സ്വതന്ത്രമായ നിലനില്‍പ്പിനു തടസ്സം വന്നത് പോലെ ഒരു തോന്നല്‍!!.


തോന്നല്‍ ശക്തമായപ്പോള്‍ അണ്ടര്‍വെയറില്‍ നിന്നും അടിയന്തിരമായി പുറത്തിറങ്ങിയ ആശാന്‍ അതിനെ കൂലങ്കഷമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഗതി കണ്ടത്. വശങ്ങളിലും പുറകിലുമുള്ള പോക്കറ്റുകള്‍ കൂടാതെ അണ്ടര്‍വെയറിന്റെ മുന്‍ഭാഗത്തു, അതായത് ഇരു കാലുകളുടെയും "നടു സെന്ററില്‍" നാട്ടുമ്പുറത്തെ ചായക്കടകളിലെ ചായ സഞ്ചിയുടെ ആകൃതിയില്‍ മറ്റൊരു പോക്കറ്റ്.!!!


സഹൃദയനും രസികനുമായ തയ്യല്‍ക്കാരന്‍ സതീശന്‍ ചെല്ലപ്പനാശാന്‍ എന്ന പിശുക്കനാശാനു മാത്രമായി ബാലന്‍സ് വന്ന തുണി കൊണ്ട് ഫിറ്റു ചെയ്തു കൊടുത്ത കിടിലന്‍ പോക്കറ്റ്. ചെല്ലപ്പനാശാന്റെ സ്വന്തം "ബാലന്‍സ് പോക്കറ്റ്".