Monday, June 21, 2010

മണ്ടിപ്പെണ്ണും അവളുടെ മകളും

എന്റെ മുന്‍പിലിരിക്കുകയാണ് ഒരു ഫുള്‍ ബോട്ടില്‍ "കോണ്ടെസ്സാ" റം!

തൊട്ടു നക്കാനുള്ള വെളുത്തുള്ളി അച്ചാറും കൊറിക്കാനുള്ള നേന്ത്രക്കായ വറുത്തതും അടുത്തു വച്ചിരിക്കുന്നു. !!

ഭാര്യ അടുക്കളയില്‍ ഫ്രൈയിംഗ് പാനില്‍ നിന്നും പച്ചമുളകും സവോളയും കറിവേപ്പിലയും ചേര്‍ത്ത മൊരിഞ്ഞ പക്കുവട വറുത്തു കോരുന്നു...!!!

മഴ തകര്‍ത്തു പെയ്യുകയാണ്...

സോഫയില്‍ ചാരിക്കിടന്നു മഴ ആസ്വദിച്ചു കൊണ്ട് ഗ്ലാസ്സില്‍ നിന്നും കൊണ്ടെസ്സാ അല്പാല്‍പ്പമായി സിപ്പ് ചെയ്തു കുടിക്കുകയാണ് ഞാന്‍..

പുറത്തു മഴയുടെ കുളിരും അകത്തു റമ്മിന്റെ ലഹരിയും...

എന്തു രസമാണീ മഴക്കാലം...എന്തു സുഖമാണീ കോണ്ടെസ്സാ റം. ഞാന്‍ പാടി....

പെട്ടെന്നാണ് പുറത്തു ഒരു മിന്നലുണ്ടായത്...

പുറത്തു എന്ന് പറഞ്ഞാല്‍ എന്റെ പുറത്ത്. മിന്നലായി വന്നത് ഒരു പടവലങ്ങ. മിന്നിയത് എന്റെ ഭാര്യ !

കൂടെ ഒരു ഇടി മുഴക്കവും.


"ഹും നട്ടുച്ചയ്ക്ക് കിടന്നു കൂര്‍ക്കം വലിക്കുന്നത് കണ്ടില്ലേ"


ഇടിമുഴക്കം കേട്ട് ഞാന്‍ ഞെട്ടിപ്പിടഞെഴുനേറ്റു. മുന്‍പില്‍ പടവലങ്ങാ വാളുമായി ഭദ്രകാളിയെപ്പോലെ നില്‍ക്കുകയാണ് ഭാര്യ !

എല്ലാം നശിപ്പിച്ചു.....എവിടെ കോണ്ടസാ റം? എവിടെ വെളുത്തുള്ളി അച്ചാര്‍? എവിടെ പക്കുവട? എവിടെ മഴ..?.

ഓ.. മഴ മാത്രം ഇപ്പോഴും പെയ്യുന്നുണ്ട്. ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് മയങ്ങിയതാണ്. അപ്പോഴാണ്‌ കൊണ്ടെസാ റമ്മിന്റെ വരവ്. മന്ത്രി പോകുന്നിടത്തൊക്കെ കൂടെ പോലീസും പോകുന്നത് പോലെ കൊണ്ടെസാ റമ്മിന്റെ കൂടെ എസ്കോര്‍ട്ട് വന്നതായിരുന്നു വെളുത്തുള്ളി അച്ചാറും നേന്ത്രക്കായ വറുത്തതും.


കഴിഞ്ഞ ഇടയ്ക്ക് വന്ന ഒരു ജലദോഷപ്പനിക്ക് മരുന്ന് വാങ്ങാന്‍ ഭാര്യ എന്നെയും കൊണ്ട് അടുത്തുള്ള ഒരു ഡോക്ടറെ കാണാന്‍ പോയതാണ് കുഴപ്പമായത്. പരിശോധനയ്ക്കിടയില്‍ നിത്യഗര്‍ഭണിയുടേത് പോലെ വീര്‍ത്തിരിക്കുന്ന എന്റെ വയറു കണ്ട അയാള്‍ ഭാര്യ കേള്‍ക്കെ ഒരു ചോദ്യം.

"മദ്യം കഴിക്കാറുണ്ട് അല്ലേ?"

പട്ടാളക്കാരനായാല്‍ മദ്യമല്ലാതെ പിന്നെ മാങ്ങാത്തൊലിയാണോ കഴിക്കേണ്ടത്‌ എന്ന് ചോദിക്കാന്‍ ഞാന്‍ തുനിഞ്ഞതാണ്. പക്ഷെ ക്യാന്റീനില്‍ നിന്നും കഴിഞ്ഞ ആഴ്ചയില്‍ വാങ്ങിയ നാല് കുപ്പികളില്‍ രണ്ടു കുപ്പിയുടെ കഴുത്തു നിഷ്കരുണം പിരിച്ചതിന്റെ പേരില്‍ കലഹിച്ച ഭാര്യ അടുത്തിരിക്കുമ്പോള്‍ മദ്യം കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അടുത്ത കലഹം ഉടനെ ഉണ്ടാകും. മാത്രമല്ല ഇനി മേലില്‍ മദ്യം കഴിക്കാതിരിക്കാനുള്ള വല്ല ഇഞ്ജക്ഷനും ഉണ്ടെകില്‍ അതും അവള്‍ അയാളെക്കൊണ്ട് ചെയ്യിപ്പിക്കും.


അത് കൊണ്ട് ഞാന്‍ അല്പം വിഷമത്തോടെ പറഞ്ഞു....


"ഇടയ്ക്കൊക്കെ ഇച്ചിരി കഴിക്കും"


"ഇച്ചിരിയൊന്നും അല്ല സാര്‍...കുപ്പിയെടുത്താല്‍ അത് പിന്നെ കാലിയാക്കാതെ താഴെ വയ്ക്കില്ല. അതാ സ്വഭാവം" കിട്ടിയ സമയം പാഴാക്കാതെ ഭാര്യ എന്റെ ഗുണഗണങ്ങള്‍ ഡോക്ടറുടെമുന്‍പില്‍ നിരത്താന്‍ തുടങ്ങി.


"ഓഹോ...അതു ശരി...എങ്കില്‍ ആ കട്ടിലില്‍ കിടക്കൂ...വിശദമായി പരിശോധിക്കണം"


അതോടെ ഡോക്ടര്‍ കൂടുതല്‍ ജാഗരൂഗനായി. അദ്ദേഹം തന്റെ കൊമ്പും കുഴലും എടുത്തു വച്ച് കട്ടിലില്‍ കിടക്കുന്ന എന്റെ ശരീരം ആസകലം പരിശോധിക്കാന്‍ തുടങ്ങി. എന്റെ കൈ വിരലുകളിലെ ഡ്രാക്കുള നഖങ്ങള്‍ മുതല്‍ കാലിലെ കുഴിനഖങ്ങള്‍ വരെ കൂലങ്കഷമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടു രോഗം കണ്ടുപിടിച്ചമട്ടില്‍ എന്നെ നോക്കി ഒന്ന് ഇരുത്തി മൂളി. പിന്നെ വിധി പ്രഖ്യാപിച്ചു.



"കരളിനു ചെറിയ വീക്കമുണ്ട്....മദ്യം കഴിക്കാനേ പാടില്ല"


"കര്‍ത്താവേ...ജലദോഷപ്പനിയുമായി വന്ന എന്നെ ഈ കാലമാടന്‍ ഡോക്ടര്‍ ഒരു കരളു രോഗി ആക്കിയല്ലോ?"


ഡോക്ടറുടെ ഉപദേശം കേട്ടപ്പോള്‍ എന്റെ കരളിന്റെ കരളായ ഭാര്യ ഫുള്‍കുപ്പി കണ്ട കുടിയനെപ്പോലെ സുസ്മേര വദനയായി. "എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും" എന്ന മട്ടില്‍ നോക്കിയിട്ട് അവള്‍ ഡോക്ടര്‍ കുറിച്ച് തന്ന മരുന്ന് വാങ്ങാനായി മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് പോയി.


അലമാരയില്‍ ഇരിക്കുന്ന രണ്ടു ഫുള്‍ കുപ്പികളുടെ ഭാവി അന്ധകാരത്തിലായ വിഷമത്തില്‍ ഞാനും കുപ്പികളെ ആപത്തില്‍ നിന്നും രക്ഷിച്ച സന്തോഷത്തില്‍ ഭാര്യയും വീട്ടിലേയ്ക്ക് നടന്നു.അന്നു മുതലാണ് എന്റെ വീട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നത്. കുപ്പികളും ചിപ്സും അച്ചാറുമൊക്കെ എനിക്ക് സ്വപ്നത്തില്‍ ദര്‍ശനം തരാന്‍ തുടങ്ങിയത് ആ സംഭവത്തിനുശേഷമാണ്.


സ്വപ്നത്തിലെങ്കിലും കൊണ്ടെസ്സാ കുടിക്കാന്‍ സമ്മതിക്കാത്തതിന്റെ നിരാശയില്‍ ഞാന്‍ ടിവിയുടെ മുന്‍പില്‍ തൂങ്ങിപ്പിടിച്ചിരുന്നു ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ മാറ്റിക്കൊണ്ടിരുന്നു.



അപ്പോഴാണ്‌ ആറാം ക്ലാസുകാരി മകള്‍ സ്കൂള്‍ വിട്ടു വന്നത്. പുസ്തകബാഗ് അകത്തു കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട്‌ ടിവിയുടെ റിമോട്ട് തന്റെ ജന്മാവകാശമാണ് എന്ന മട്ടില്‍ തട്ടിയെടുത്തിട്ട് ഇഷ്ട ചാനല്‍ വച്ച് സിനിമ കണ്ടു തുടങ്ങി.


പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞത് പോലെ അതാ സിനിമയില്‍ മനോജ്‌ കെ ജയനും എന്‍.എഫ് വര്‍ഗ്ഗീസ്സും കൂടി ഒരു ഫുള്‍ ബോട്ടില്‍ "വാറ്റ് 69 " കഴിച്ചു കൊണ്ടിരിക്കുന്നു.


ദൈവമേ നീ എന്നെ ഏഷ്യാനെറ്റിലൂടെയും പരീക്ഷിക്കുകയാണോ?


അതോടെ എന്റെ കണ്‍ട്രോള്‍ പോയി.


കരളു പോയാല്‍ അങ്ങോട്ട്‌ പോകട്ടെ. വേറൊരെണ്ണം മിലിട്ടറി ക്യാന്റീനില്‍ നിന്നും വാങ്ങി ഫിറ്റു ചെയ്യാം.


എന്തായാലും അലമാരിയിലെ കുപ്പിയില്‍ നിന്നും രണ്ടു പെഗ്ഗ് വീശിയിട്ട്‌ തന്നെ ബാക്കി കാര്യം.


പക്ഷെ എങ്ങിനെ?


പട്ടാളത്തില്‍ നിന്നും പോന്നതിനു ശേഷം തലയൊന്നും ശരിക്ക് വര്‍ക്ക് ചെയ്യാതായിരിക്കുന്നു. വര്‍ക്ക് ചെയ്യിക്കാനുള്ള ഇന്ധനമാണെങ്കില്‍ കിട്ടുന്നുമില്ല. അതിന്റെ പുറത്തല്ലേ ഭാര്യ എന്ന പിടക്കോഴി കയറി അടയിരിക്കുന്നത്‌?



അടുത്തു ചെന്നാല്‍ കൊത്തിക്കളയും എന്ന രീതിയിലാണ് അവള്‍. എനിക്ക് വല്ലാതെ ദേഷ്യം വന്നു...



പുറത്തു പോയി ബിവറേജസ് ഷോപ്പില്‍ നിന്നും ഒരു "കാല്‍" വാങ്ങി അടുത്തുള്ള മാടക്കടയില്‍ കയറി സോഡയോടൊപ്പം ചേര്‍ത്തു ഒരു "നില്‍പ്പന്‍" അടിച്ചിട്ട് വന്നാലോ?


വേണ്ടാ. അവിടെ ഇപ്പോള്‍ വ്യാജനാണ് വില്‍ക്കുന്നത് എന്നാണു കേള്‍വി. അതു വാങ്ങി "നില്‍പ്പന്‍" അടിച്ചിട്ടു വരുന്ന ഞാന്‍ വീട്ടില്‍ വന്നു "കിടപ്പന്‍" ആയിപ്പോയാല്‍ കുടുംബം അനാഥമാകില്ലേ?



അല്ലെങ്കില്‍ വീടിനു പുറകില്‍ താമസമുള്ള രാജന്‍ ചേട്ടന്‍ കരിന്തേള്‍, പഴുതാര, ബാറ്റെറി മുതലായ വിറ്റാമിനുകള്‍ ചേര്‍ത്തുണ്ടാക്കുന്ന "നാടന്‍ വാറ്റ് 69" ഒരു ഗ്ലാസ് വാങ്ങി അടിച്ചാലോ? അതാകുമ്പോള്‍ മൂത്രിക്കാന്‍ പോകുന്ന രീതിയില്‍ ഒന്ന് മുങ്ങിയിട്ട് പെട്ടെന്ന് പൊങ്ങാം. ഭാര്യയ്ക്ക് സംശയവും തോന്നില്ല.



ഏതായാലും അതു വേണ്ടാ...ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടല്ലേ? പട്ടാളക്കാരന്‍ തനിക്കു കിട്ടുന്ന ക്വോട്ട അടിച്ചു തീര്‍ത്തിട്ടു വാറ്റ് അടിക്കാന്‍ നടക്കുന്നു എന്നു നാട്ടുകാര്‍ പറയും. തന്നെയുമല്ല മിലിട്ടറി മാത്രം അടിച്ചുള്ള ശീലമേ എനിക്കുള്ളൂ. വാറ്റ് അടിച്ചു ഞാന്‍ "വാള്‍" ആയിപ്പോയാല്‍ ഭാര്യയുടെ പടവലങ്ങാ വാള്‍ വീണ്ടും എനിക്കിട്ടു പണി തരും.



ഇനി ഇപ്പോള്‍ ഒറ്റ മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ...മോഷണം...!



അലമാരിയില്‍ ഭാര്യ പൂട്ടി വച്ചിരിക്കുന്ന മിലിട്ടറിയില്‍ ഒരു കുപ്പി അവള്‍ അറിയാതെ അടിച്ചു മാറ്റുക. എന്നിട്ട് അതിനു പകരം ചുവന്ന കളറുള്ള വെള്ളം നിറച്ച മറ്റൊരു കുപ്പി വയ്ക്കുക !!!



കുപ്പി മാറിയ വിവരം ഭാര്യ എങ്ങിനെ അറിയാന്‍? അവള്‍ക്കു അതിന്റെ കളര്‍ മാത്രമേ നിശ്ചയമുള്ളൂ. എന്നും രാവിലെ അലമാര തുറന്ന് രണ്ടു കുപ്പികളും സുരക്ഷിതമായി അവിടെയുണ്ടോ എന്ന് മാത്രമേ അവള്‍ ശ്രദ്ധിക്കാറുള്ളൂ. കുപ്പി ഒറിജിനല്‍ ആണോ ഡ്യൂപ്ലിക്കേറ്റാണോ എന്നൊന്നും നോക്കാനുള്ള ബുദ്ധി മണ്ടിപ്പെണ്ണായ അവള്‍ക്കുണ്ടോ? കുടിച്ചു കഴിഞ്ഞു മണം അറിയാതിരിക്കാന്‍ അല്പം തേയില വായിലിട്ടു ചവയ്കണം. സംഗതി ശുഭം.



വാട്ട് ആന്‍ ഐഡിയ സര്‍ജീ....!!!! ഞാന്‍ എന്നെ അഭിനന്ദിച്ചു.



അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ധനമില്ലാതെയും വര്‍ക്ക് ചെയ്യുന്ന എന്റെ "മൈക്രോ പ്രോസസ്സര്‍ കണ്ട്രോള്‍ഡ്‌ മിലിട്ടറിത്തല " യോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നി.



ഞാന്‍ ഉടന്‍ വീടിന്റെ പുറകിലെത്തി അവിടെ സൂക്ഷിച്ചിരിക്കുന്ന കൊണ്ടെസ്സ റമ്മിന്റെ പഴയ ഒരു കാലിക്കുപ്പി എടുത്തു കൊണ്ട് വന്നു ഭാര്യ കാണാതെ അതില്‍ മുളക് പൊടി കലക്കിയ വെള്ളം നിറച്ചിട്ട്‌ അടപ്പ് കൊണ്ട് ഭദ്രമായി അടച്ചു വച്ചു.



ഭാര്യ കുളിക്കാന്‍ കയറിയ തക്കം നോക്കി മുറിയിലെത്തി അലമാരി തുറന്ന് ഒരു കുപ്പി കൈക്കലാക്കി. പകരം തല്‍സ്ഥാനത്ത് മുളക് പൊടി വെള്ളം നിറച്ച കുപ്പി വച്ചു. പിന്നെ ഒരു നിമിഷത്തിനുള്ളില്‍ അലമാരി പൂട്ടി കുപ്പിയുമായി അടുക്കളയില്‍ എത്തി തിടുക്കത്തില്‍ പൊട്ടിച്ചു ഗ്ലാസില്‍ പകര്‍ന്നു പേരിനു മാത്രം അല്പം വെള്ളമൊഴിച്ചു ചുണ്ടോടു ചേര്‍ത്തു ഒരു പിടി പിടിച്ചു.


"എന്റെ അമ്മച്ചീ" .............



വായും ചുണ്ടും മാത്രമല്ല അണ്ണാക്കും അന്നനാളവും വരെ കാ‍ന്താരി മുളക് അരച്ചു തേച്ചതു പോലെ പുകഞ്ഞു പോയ ഞാന്‍ നിന്ന നില്പില്‍ മേല്‍പ്പോട്ടു ഒരു ചാട്ടം ചാടി !


വയറിന്റെ അകത്തു തീ കോരി ഇട്ടതു പോലെ ഒരു തോന്നല്‍...



കക്കൂസിക്കണോ മൂത്രിക്കണോ എന്നറിയാതെ ഞാന്‍ കുഴങ്ങി.


ഞാന്‍ ഓടിച്ചെന്നു ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി തണുത്ത വെള്ളമെടുത്തു മട് മടാന്നു കുടിച്ചു. എന്നിട്ടും എരിവു സഹിക്കാന്‍ വയ്യാതെ അടുക്കളയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെപ്പോലെ ഓടി നടന്നു.



അപ്പോഴാണ് മണ്ടിപ്പെണ്ണായ ഭാര്യ കുളി കഴിഞ്ഞെത്തിയത്. അടുക്കളയിലെ പഞ്ചസാര പാത്രം തപ്പി ഓടി നടക്കുന്ന എന്നെ കണ്ടു ഭാര്യ അന്തം വിട്ടു. പകുതി കാലിയായ കോണ്ടെസ്സയുടെ കുപ്പിയും എന്റെ പരവേശവും കണ്ട അവള്‍ പെട്ടെന്ന് വായ്‌ പൊത്തി ചിരിച്ചു കൊണ്ട് ടി വി കണ്ടിരിക്കുന്ന മകളുടെ അടുത്തേയ്ക്കോടി. എന്നിട്ട് അവളുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതും അവര്‍ രണ്ടുപേരും കൂടെ ഉറക്കെ പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.


ക്രിക്കറ്റ് കളിക്കാരെപ്പോലെ ചുണ്ടിലും വായിലും എന്തൊക്കെയോ തേച്ചുപിടിപ്പിച്ചു പുകച്ചിലില്‍ നിന്നും ഒരു വിധത്തില്‍ രക്ഷ നേടിയ ഞാന്‍ വൈക്ലബ്യത്തോടെ ടി വി യുടെ മുന്‍പിലെത്തി. ആ സമയം അടുക്കളയിലേയ്ക്ക് പോയ മകള്‍ എവിടെ നിന്നോ രണ്ടു കോണ്ടെസാ കുപ്പികള്‍ എടുത്തു കൊണ്ട് വന്നു ഉയര്‍ത്തിക്കാണിച്ചിട്ടു "പറ്റിച്ചേ" എന്ന ഭാവത്തില്‍ കോക്രി കാണിച്ചിട്ട് വീണ്ടും അകത്തേയ്ക്ക് മറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ മകളും ഭാര്യയും കൂടി ടി വിയിലെ മുളകുപൊടിയുടെ പരസ്യം വാചകം കോറസായി പറയുന്നത് കേട്ടു.



"ദിവസം മുഴുവന്‍ നവോന്മേഷത്തിനു വേണ്ടി ഉപയോഗിക്കൂ.... " സാറാസ് മുളക് കോണ്ടെസ്സാ"



കോണ്ടാസ്സായോടുള്ള എന്റെ ആക്രാന്തം നന്നായി അറിയാവുന്ന മണ്ടിപ്പെണ്ണും അവളുടെ ശിങ്കിടിയായ മകളും കൂടി ഉണ്ടാക്കി, ഒറിജിനല്‍ കോണ്ടെസ്സ കുപ്പികള്‍ക്ക് പകരമായി അലമാരിയില്‍ വച്ചിരുന്ന "സാറാസ് മുളകു കോണ്ടാസ്സാ" കഴിച്ചു മണ്ട പുകഞ്ഞ ഞാന്‍ മുറ്റത്തു കൂടി തെക്കുവടക്ക് ദിശയില്‍ "ജോണീ വാക്കറേ"പ്പോലെ ഉലാത്തി.

Tuesday, June 8, 2010

പൊടിയച്ചന്റെ " റീ "

"നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും ജോലിയുണ്ടോ? ജോലി ഉണ്ടായിട്ടും അതു ചെയ്തു തരാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതിയുണ്ടോ?"

"എങ്കില്‍ വിഷമിക്കേണ്ടാ
. പൊടിയച്ചനെ വിളിക്കൂ"

ഇതൊരു പരസ്യമാണെന്ന് കരുതി ഉടനെതന്നെ ഫോണെടുത്തു പൊടിയച്ചന്റെ നമ്പര്‍ കുത്താം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം...!! കാരണം, ഏതു സമയത്തും ഏതു ജോലിയും വളരെ കുറഞ്ഞ കൂലിയില്‍ ചെയ്തു തരുന്ന ആളാണ്‌ പൊടിയച്ചന്‍ എങ്കിലും അദ്ദേഹത്തെ ജോലിക്ക് വിളിക്കുവാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ആ നടപടി ക്രമങ്ങളെപ്പറ്റി അറിയുന്നതിനു മുന്‍പ് ആദ്യം "പൊടി" എന്താണെന്നറിയണം.

അതുകഴിഞ്ഞു "പൊടിയച്ചനെ" അറിയണം.....

പൊടിയേയും പൊടിയച്ചനേയും അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ പൊടിയച്ചനും പൊടിയുമായുള്ള ബന്ധം, അതായതു "പൊടിയച്ചന്റെ പൊടിബന്ധം" എന്താണെന്നറിയണം.

ഇത്രയും അറിഞ്ഞു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പൊടിയച്ചനെക്കുറിച്ചുള്ള മറ്റൊരു കാര്യം കൂടി അറിയാന്‍ കഴിയും. അതാണ്‌ അദ്ദേഹത്തിന്‍റെ ട്രേഡ് മാര്‍ക്ക് അല്ലെങ്കില്‍ മാസ്റ്റര്‍ പീസ്. ആ പീസിനു കുമാരപുരത്തുകാര്‍ കൊടുത്തിരിക്കുന്ന പേരാണ് "പൊടിയച്ചന്റെ റീ"

അപ്പോള്‍ ശരി....പാഠം ഒന്നിലേയ്ക്കു കടക്കാം... പാഠത്തിന്റെ പേര് "പൊടി മാഹാത്മ്യം"

കസ്തൂരാദി വായൂഗുളിക വരുന്ന ചെറിയ ഡപ്പി കണ്ടിട്ടില്ലേ? ഏതാണ്ട് അതേ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്‌ ഡപ്പികളില്‍ കിട്ടുന്ന ഒരു തരം സാധനമാണ് ഈ പൊടി. 'മൂക്കില്‍പ്പൊടി' എന്നാണു പൊടിയുടെ പൂര്‍ണനാമധേയം.

ഇതില്‍ ഒരു നുള്ളു കയ്യിലെടുത്തു മൂക്കിന്റെ ഇരുദ്വാരങ്ങളിലേയ്ക്കും വലിച്ചു കയറ്റിയാല്‍ മതി...

കഥകളി പഠിക്കാതെ തന്നെ നിങ്ങള്‍ക്ക് ഒരു കഥകളി നടനാകാം. കാരണം "പൊടി" നിങ്ങളുടെ മുഖത്തു നവരസങ്ങളും പ്രതിഫലിപ്പിക്കും. . !

നൃത്തം പഠിക്കാതെ നിങ്ങള്‍ക്ക് നര്‍ത്തകനാവാം. കാരണം "പൊടി" നിങ്ങളെ തുള്ളിക്കും. . !!

ജലദോഷം മൂത്ത് നിങ്ങളുടെ മൂക്ക് ഒരു "മുല്ലപ്പെരിയാര്‍" ആയിരിക്കുകയാണോ? എങ്കില്‍ ഒരു നുള്ള് പൊടി വലിച്ചാല്‍ മതി. നിമിഷങ്ങള്‍ക്കകം മൂക്ക് ഇടുക്കി അണക്കെട്ട് പോലെ വറ്റി വരളും.!!!

അതാണ്‌ പൊടി....അഥവാ മൂക്കില്‍ പൊടിയുടെ മാഹാത്മ്യം.

ഇനി പാഠം രണ്ട് : പൊടിയച്ചന്‍.

ഏകദേശം അറുപത്തഞ്ചു വയസ്സ് പ്രായം. അഞ്ചര അടി പൊക്കം, പുട്ടു കുറ്റിയ്ക്ക് കയ്യും കാലും വച്ചതു പോലെയുള്ള ശരീര പ്രകൃതി, കറുത്ത നിറം, മിന്നിത്തിളങ്ങുന്ന "ഗള്‍ഫ് ഗേറ്റ്" തല, അതിന്റെ പ്രോട്ടെക്ഷന്‍ പോലെ തോര്‍ത്തു കൊണ്ടുള്ള വട്ടക്കെട്ട്, "ദേവസ്വം വകുപ്പ് " സ്റ്റൈലില്‍ ഉള്ള ‍ കൃതാവ്, ദേവസ്വത്തിനോട്‌ യാതൊരു സഹകരണവും പാടില്ല എന്ന മട്ടില്‍ പിണങ്ങി ഉയര്‍ന്നു നില്‍ക്കുന്ന ചകിരി പോലത്തെ മീശ, ഉണ്ണിക്കുടവയര്‍, പുക്കിളിനു താഴെ വച്ചു മടക്കിയുടുത്ത കൈലിമുണ്ട്, മുണ്ടിനേക്കാള്‍ സീനിയര്‍ ഞാനാണ് എന്ന ഭാവത്തില്‍ കാല്‍മുട്ട് വരെ ഇറങ്ങിക്കിടക്കുന്ന വരയന്‍ അണ്ടര്‍വെയര്‍. ഇതാണ് പൊടിയച്ചന്‍..

അടുത്തതായി നമ്മള്‍ പഠിക്കാന്‍ പോകുന്നത് പൊടിയച്ചന്റെ പൊടിബന്ധത്തെക്കുറിച്ചാണ്.

ജങ്ങ്ഷനിലെ കള്ളു ഷാപ്പിന്റെ അടുത്തുള്ള ആല്‍ത്തറയാണ് പൊടിയച്ചന്റെ വിശ്രമ സങ്കേതം. എന്നും രാവിലെ എട്ടു മണിയോടെ ആല്‍ത്തറയില്‍ എത്തുന്ന പൊടിയച്ചന്‍ തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്തഴിച്ച് ആല്‍ത്തറയില്‍ വിരിച്ച ശേഷം അതില്‍ ഇരിക്കും. അനന്തരം തന്റെ വരയന്‍ അണ്ടര്‍ വെയറിന്റെ കീശയിലെ പൊടി ഡപ്പിയില്‍ നിന്നും ഒരു നുള്ള് പൊടിയെടുത്ത് മൂക്കിന്റെ ഇരു ദ്വാരങ്ങളിലേയ്ക്കും വലിച്ചു കയറ്റിയിട്ട് ചൂടായ ദോശക്കല്ലില്‍ വെള്ളമൊഴിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തോടെ രണ്ടു മൂന്നു തവണ തുമ്മും.

തുമ്മല്‍ കഴിഞ്ഞ് മുഖം തുടച്ച് ആശ്വാസത്തോടെ ആല്‍ത്തറയില്‍ കിടക്കുന്ന പൊടിയച്ചന്‍ ഒന്ന് മയങ്ങാനുള്ള പ്രാരംഭ നടപടികളിലേയ്ക്ക് കടക്കുന്നതിനു മുന്‍പു വേണം നിങ്ങള്‍ അദ്ദേഹത്തെ സമീപിക്കേണ്ടത്.

ചുരുങ്ങിയ വാക്കുകളില്‍ പൊടിയച്ചനോട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാം..ചക്കയിടാണോ ?മാങ്ങാ പറിക്കണോ? കവുങ്ങില്‍ കേറണോ? പൊടിയച്ചന്‍ റെഡി.

പക്ഷെ ഒരു കണ്ടീഷന്‍. ജോലി കഴിയുമ്പോള്‍ കൂലിയുടെ കൂടെ ഒരു ഡപ്പി മൂക്കില്‍ വലിക്കാനുള്ള "പൊടി" കൂടി കൊടുക്കണം. കാരണം മൂക്കില്‍പ്പൊടി കുമാരപുരത്തു കിട്ടുകയില്ല. ഹരിപ്പാടുള്ള ഒന്നു രണ്ടു പെട്ടിക്കടകളില്‍ മാത്രമേ കിട്ടുകയുള്ളൂ. അവിടെ വരെ പോയി പൊടി വാങ്ങാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണമാണ് പൊടിയച്ചന്‍ ഡിമാണ്ട് വയ്ക്കുന്നത്. അതറിയാവുന്ന കുമാരപുരത്തുകാര്‍ നേരത്തെ തന്നെ പൊടി വാങ്ങിക്കുകയും ജോലിക്ക് വിളിക്കുന്ന സമയത്ത് അത് പൊടിയച്ചന് കൊടുക്കുകയും ചെയ്യും.

പൊടിയച്ചന്റെ പൊടി ബന്ധം മനസിലായല്ലോ?

അടുത്തത്‌ പാഠം മൂന്ന്....പൊടിയച്ചന്റെ റീ..

പൊടിയച്ചന്റെ "റീ"യെപ്പറ്റി മനസ്സിലാക്കാന്‍ അല്‍പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന്‍ നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും.. നടക്കുമ്പോള്‍ പൊടിയച്ചന്റെ പിറകിലായി അല്പം ദൂരം പാലിച്ചു കൊണ്ട് അദ്ദേഹത്തെ നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്ന രീതിയില്‍ വേണംനടക്കാന്‍..

അങ്ങനെ നടന്നു പോകുന്ന പൊടിയച്ചന്‍ പെട്ടെന്നു നടത്തം നിറുത്തും. എന്നിട്ട് 'ഡാവില്‍' നാലുപാടും ഒന്നു ശ്രദ്ധിക്കും. പിന്നെ ഇടതു കാലോ വലതു കാലോ അല്പം ഉയര്‍ത്തി ഒരു പ്രത്യേക പൊസിഷനില്‍ നില്‍ക്കും.

സൈലന്‍സര്‍ കേടായ മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം പോലത്തെ ഒരു ശബ്ദം പൊടിയച്ചനില്‍ നിന്നും ഈ സമയം പുറപ്പെടും. ഒരു മിനിറ്റില്‍ കൂടുതല്‍ ഈ ശബ്ദം കേള്‍ക്കാന്‍ കഴിയില്ല.അതു കഴിയുമ്പോള്‍ പൊടിയച്ചന്‍ വീണ്ടും നടത്തം തുടങ്ങും.

ഇതാണ് കുമാരപുരത്തുകാരുടെ ചിരപരിചിതമായ "പൊടിയച്ചന്റെ റീ"

നാട്ടിലെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ മുതല്‍ വയസ്സായവര്‍ വരെ പൊടിയച്ചന്റെ "റീ" യെപ്പറ്റി അറിയാവുന്നവരാണ്. കാരണം ഏതു സമയത്തും ഏതു കാലാവസ്ഥയിലും എവിടെവച്ചും പൊടിയച്ചന് "റീ" വരാം. ആന്ത്രവായുവിന്റെ കോപമാണ് ഇതിനു കാരണമായി പൊടിയച്ചന്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനുള്ള കഷായവും ലേഹ്യവുമൊക്കെ കഴിക്കുന്നുണ്ടെങ്കിലും "റീ" വരുന്നത് പിടിച്ചു നിര്‍ത്താന്‍ പൊടിയച്ചന് സാധിക്കുന്നില്ല. ആയതിനാല്‍ എപ്പോള്‍ "റീ" വന്നാലും ഉടനെ തന്നെ പൊടിയച്ചന്‍ അതിനെ നിരുപാധികം പുറത്തു വിടും. അങ്ങനെ നിരന്തരമായ "റീ" വിടല്‍ മൂലം പൊടിയച്ചന്റെ സൈലന്‍സറിന് സാരമായ എന്തോ കുഴപ്പം വന്നതുകൊണ്ടാണ് മറ്റുള്ളവരെപ്പോലെ "നിശബ്ദമായ റീ" പുറപ്പെടുവിക്കുവാന്‍ പൊടിയച്ചന് സാധിക്കാത്തത് എന്ന് നല്ലവരായ കുമാരപുരത്തുകാര്‍ കരുതുന്നു.

അങ്ങനെ പരോപകാരവും പൊടിവലിയും ശബ്ദായമാനമായ "റീ" യുമായി കാലം കഴിച്ചുകൊണ്ടിരുന്ന പൊടിയച്ചന്‍ ഒരിക്കല്‍ സ്വന്തം "റീ" യെ മൈക്കിലൂടെ പ്രക്ഷേപണം ചെയ്തു നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു.

അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം നടക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ഉത്സവത്തിന്റെ മൈക്ക് ആന്‍ഡ്‌ സൌണ്ട്സ് എഞ്ചിനീയര്‍ സുകുമാരന്‍ അമ്പലമുറ്റത്ത് സ്പീക്കറുകള്‍ സെറ്റ് ചെയ്യുവാനും തെങ്ങിന്റെ മണ്ടയില്‍ കയറി കോളാമ്പി കെട്ടാനും വേണ്ടി തന്റെ അസിസ്റ്റന്റായി തിരഞ്ഞെടുത്തത് പൊടിയച്ചനെ ആയിരുന്നു.

സുകുമാരന്‍ കൊടുത്ത പൊടി മൂക്കില്‍ വലിച്ചു കയറ്റിയ പൊടിയച്ചന്‍ അര മണിക്കൂര്‍ കൊണ്ട് നാല് കോളാമ്പികള്‍ അമ്പലമുറ്റത്തെ കൊന്നത്തെങ്ങുകളുടെ മുകളില്‍ സ്ഥാപിച്ചിട്ട് അടുത്ത ജോലിക്ക് വേണ്ടി സുകുമാരന്റെ മുന്‍പില്‍ ഹാജരായി.

ഈ സമയം മൈക്രോഫോണ്‍ ഓണ്‍ ചെയ്ത സുകുമാരന്‍ അതിലൂടെ മുട്ടയിട്ട പിടക്കോഴിയുടെ സ്വരത്തില്‍ ചെക്ക്‌ .. ചെക്ക്‌ .. മൈക്ക് ചെക്ക്‌.. എന്നു വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അതു സംഭവിച്ചത്.

പൊടിയച്ചന് പെട്ടെന്നു "റീ" വന്നു....

പതിവ് പോലെ പൊടിയച്ചന്‍ "റീ" യെ നിരുപാധികം പുറത്തു വിട്ടു...

അടുത്തുണ്ടായിരുന്ന സുകുമാരന്റെ മൈക്ക് പൊടിയച്ചന്റെ "റീ" യെ പൊടിയച്ചന്‍ പോലുമറിയാതെ സൂത്രത്തില്‍ പിടിച്ചെടുത്തു. എന്നിട്ട് തന്റെ ആംപ്ലിഫയറിലിട്ട് ബാസും ട്രെബിളും അഡ്ജസ്റ്റ് ചെയ്തു ശ്രുതിമധുരതരമാക്കി തെങ്ങിന്റെ മണ്ടയിലെ കോളാമ്പിയിലൂടെ പൊതുജനങ്ങളെ കേള്‍പ്പിച്ചു.

സ്വന്തം മൈക്കിലൂടെ സ്വന്തമല്ലാത്ത ഒരു ശബ്ദം കേട്ട സുകുമാരന്‍ ഞെട്ടി. അയാള്‍ തൊണ്ട തടവിക്കൊണ്ട് കയ്യിലിരിക്കുന്ന മൈക്കിലേയ്ക്കും അടുത്തിരിക്കുന്ന ആംപ്ലിഫയറിലേയ്ക്കും പിന്നെ തെങ്ങിന്റെ മണ്ടയിലെ കോളാമ്പിയിലേയ്ക്കും മാറി മാറി നോക്കി.

ബാസും ട്രെബിളും കൂടിയ സ്വന്തം "റീ" ശബ്ദം ആകാശത്തു നിന്നും അശരീരി പോലെ കേട്ട് അന്തം വിട്ടുപോയ പൊടിയച്ചന്റെ വായും തെങ്ങിന്റെ മണ്ടയില്‍ ഇരിക്കുന്ന കോളാമ്പിയുടെ വായ പോലെ തുറന്നു പോയി.

പക്ഷെ അവിടെയുണ്ടായിരുന്ന കുമാരപുരത്തുകാര്‍ക്ക് തെങ്ങിന്റെ മണ്ടയിലൂടെ വന്ന ആ "ആംപ്ലിഫൈഡ് റീ" യെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു.

കാരണം അവരെല്ലാം പൊടിയച്ചനുമായി നല്ല "പൊടിബന്ധം" ഉള്ളവരായിരുന്നു...