Wednesday, February 22, 2012

ഞാനും എന്റെ ഇന്ദുലേഖയും

"ഇക്കണക്കിനു പോയാല്‍ മൂന്നു മാസത്തിനകം സാറൊരു അമരീഷ് പുരിയാകും"

ജലദോഷപ്പനി വന്നയാളെപ്പോലെ ആസകലം  പുതച്ചുമൂടി കസേരയിലിരിക്കുന്ന എന്റെ മിലിട്ടറിത്തലയിലൂടെ  വട്ടത്തിലും നീളത്തിലും  കത്രികയോടിച്ച്  അതിലുണ്ടായിരുന്ന തിരുകേശത്തെ നിഷ്കരുണം വെട്ടിമുറിച്ചുകൊണ്ടിരുന്ന ബാര്‍ബര്‍ സുധാകരന്റെ   പറച്ചില്‍ കേട്ട് ഞാനൊന്നു  ഞെട്ടി.

കത്രികയോട്ടത്തിന്റെ  രസത്തില്‍ പാതിമയക്കത്തിലായിരുന്ന  ഞാന്‍  പെട്ടെന്നു കണ്ണു തുറന്നു. എന്നിട്ട്   മുന്‍പിലുള്ള കണ്ണാടിയില്‍ കാണുന്ന  സുധാകരനോട് അല്പം വെപ്രാളത്തോടെ ചോദിച്ചു.

"അതെന്താ സുധാകരാ നീ അങ്ങനെ  പറഞ്ഞത്?"

"സാറിന്റെ  മുടിയുടെ ഉള്ളെല്ലാം പോയി. എന്തു മുടിയുണ്ടായിരുന്ന തലയാ. ഇപ്പം ദേ അവിടേം ഇവിടേം  അഞ്ചാറു പൂട മാത്രമുണ്ട്. ഈ പോക്ക് പോയാല്‍ അധികം താമസിക്കാതെ  സാറൊരു കഷണ്ടിത്തലയന്‍ ആകുമെന്നാ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം."

കഴുത്തുനീട്ടിയ ആമയെപ്പോലെ   കസേരയിലിക്കുന്ന എന്റെ തലയിലേയ്ക്ക്   മുണ്ടകന്‍പാടത്തു കീടനാശിനി തളിക്കുന്ന കര്‍ഷകന്റെ  ഭാവത്തില്‍   ഒരു കുപ്പിയില്‍ നിന്ന് വെള്ളം  ചീറ്റി ഒഴിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു. 

സുധാകരന്‍ അങ്ങിനെയാണ്. എന്തു പറഞ്ഞാലും അതില്‍ ഒരു ഹിന്ദി ടച്ച് ഉണ്ടാകും. പണ്ടു കുറച്ചു നാള്‍ ബോംബെയില്‍ ജോലി ചെയ്തതിന്റെ ഗുണമാണ്.

സുധാകരന്‍ പറഞ്ഞത് കേട്ടപ്പോള്‍  ചൊവ്വാദോഷം മൂലം കല്യാണം നടക്കാത്ത യുവതിയെപ്പോലെ ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു. എന്നിട്ട് സുധാകരനോട് പറഞ്ഞു.

"എന്തു ചെയ്യാനാ സുധാകരാ..വയസ്സും പ്രായവുമൊക്കെ ആയില്ലേ? അപ്പോള്‍ പഴയപോലെ മുടിയൊക്കെ നില്‍ക്കുമോ?"

"അപ്പോള്‍   സാര്‍ ടിവിയൊന്നും കാണാറില്ലേ? രണ്ടാഴ്ചകൊണ്ടു  മുടി പനങ്കുലപോലെ വളരുന്ന ഒരു  എണ്ണയല്ലേ ഇപ്പോള്‍ എല്ലാരും ഉപയോഗിക്കുന്നത്? ഇന്നലേയും ഒരു പെങ്കൊച്ചു ടിവീല്‍ വന്നു പറേന്ന കേട്ടു"

"എന്തോന്ന്.?"

"ആ എണ്ണ  തേയ്ക്കാന്‍ തുടങ്ങിയതോടെ അവരുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന്."

"ഓഹോ "

"അങ്ങിനെയെങ്കില്‍ ഒരു കുപ്പി എണ്ണ വാങ്ങിയാലോ?" ഞാന്‍ ആലോചിച്ചു.

പക്ഷെ എങ്ങിനെ വാങ്ങും? മുടി തഴച്ചുവളരുന്ന ഒരു എണ്ണയുണ്ടെന്നും ഒരു കുപ്പി ഉടനെ വാങ്ങിത്തരണമെന്നും പറഞ്ഞ ഭാര്യയോട്  "അതിനൊക്കെ ഭയങ്കര വിലയാ..നീ വല്ല വെളിച്ചെണ്ണയും വാങ്ങി  തേച്ചാല്‍ മതി" എന്നു പറഞ്ഞ ആളല്ലേ ഞാന്‍? 

ഇനി ആ എണ്ണ എനിക്ക് വേണ്ടി വാങ്ങിച്ചു എന്നവള്‍ അറിഞ്ഞാല്‍ പിന്നെ എന്റെ കഴുത്തിനു മുകളില്‍  തല കാണില്ല. 

തല ഇല്ലാതെ എണ്ണ വാങ്ങിയിട്ട് എന്തു കാര്യം? 

ഞാന്‍ ചിന്താഭാരത്തോടെ  വീട്ടിലേയ്ക്ക് നടന്നു. 

ഈശ്വരാ എന്റെ തലയും ഒരു "ഗള്‍ഫ് ഗേറ്റ് " തലയായി മാറുകയാണോ?  

എന്റെ അയല്‍ക്കാരനും സുഹൃത്തുമായ മാത്തപ്പന്‍ ചേട്ടന്റെ കഷണ്ടിത്തലയുടെ കാര്യം ഒരുമാത്ര ഞാന്‍ ഓര്‍ത്തുപോയി. 

ഒരു വലിയ കോഴിമുട്ടയുടെ ആകൃതിയുള്ള ആ തലയില്‍ ഇടതു വശത്തെ ചെവിയുടെ മുകളില്‍ മാത്രം ഒറ്റവരി ഞാറുപോലെ കുറച്ചു മുടിയുണ്ട്. കുളി കഴിഞ്ഞു വരുന്ന മാത്തപ്പന്‍ ചേട്ടന്‍  ചീര്‍പ്പ് കൊണ്ട്‌ ആ തലമുടിയെ തന്റെ  കഷണ്ടിത്തയുടെ മുകളിലൂടെ   വലതു വശത്തേയ്ക്ക് ചീകി വയ്ക്കും. 

കഷണ്ടിയുടെ മുന്‍വശത്ത്‌  രണ്ടിഞ്ചു വീതിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ആ മുടി കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്. അദ്ദേഹത്തിന്റെ  കഷണ്ടിയോടുള്ള ബഹുമാനസൂചകമായി  "ചാണ മാത്തപ്പന്‍" എന്നൊരു പേരും ഞാന്‍ അദ്ദേഹത്തിനു കൊടുത്തിരുന്നു.  

"ചാണ രഘു" എന്നൊരു പേര് എനിക്കും വീഴുമോ?  

ശരീരഘടന ഇല്ലെങ്കിലും എന്റെ സ്വഭാവമഹിമ വച്ചു നോക്കിയാല്‍ സുധാകരന്‍ പറഞ്ഞതു പോലെ "അമരീഷ് പുരി" എന്നു തന്നെ ആരെങ്കിലും പേരിടാനും മതി. 

എന്റെ തലയില്‍ കുടിയേറിയിരിക്കുന്ന കഷണ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു മാര്‍ഗ്ഗമെന്നു ഞാന്‍ തല പുകഞ്ഞാലോചിച്ചു.  

ബുദ്ധി കൂടുതലുള്ളവര്‍ക്കാണ്  കഷണ്ടിയുണ്ടാകുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്‌. ഒരു പക്ഷെ അതുകൊണ്ടാകുമോ ഇത്ര ചെറുപ്പത്തില്‍ തന്നെ എന്റെ തലയില്‍ കഷണ്ടി കയറിയത്? 

ഛെ...അതൊക്കെ ആളുകള്‍ വെറുതെ പറയുന്നതല്ലേ?  അങ്ങിനെയാണെങ്കില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ മുടിയേ കാണുമായിരുന്നില്ല.  

പിന്നെ ഇനി എന്താണൊരു മാര്‍ഗ്ഗം?  

വല്ല വിഗ്ഗും വാങ്ങി തലയില്‍ വച്ചാലോ?  

പണ്ടൊക്കെ മുടി കുറവുള്ള പെണ്ണുങ്ങള്‍ "തിരുപ്പന്‍" എന്നൊരു സാധനം തലയില്‍ ഫിറ്റു ചെയ്യുമായിരുന്നു. 

ഇപ്പോള്‍ ആണുങ്ങളാണ്  ഈ പണി ചെയ്യുന്നത്.  പക്ഷെ തിരുപ്പന്‍ എന്നതിന് പകരം "പാച്ച് "  എന്നോ മറ്റോ ആണത്രേ അതിന്റെ പേര്. 

മുടി ഇല്ലാത്ത ഭാഗത്ത്  ഈ സാധനം ഒട്ടിച്ചു വയ്കുകയാണ് ചെയ്യുക.

ഒരു പാച്ച്  വാങ്ങി ഞാനും തലയില്‍  ഒട്ടിച്ചാലോ ?  

ഹോ.. അതു വേണ്ട..ദിവസവും രണ്ടു തവണയെങ്കിലും  കുളിക്കുന്ന സ്വഭാവമുള്ള എനിക്ക്   അതൊന്നും ശരിയാവില്ല.  

ഭാര്യ അറിയാതെ ഒരു കേശതൈലം വാങ്ങുകയാണ്  നല്ലത്. ഞാന്‍ തീരുമാനിച്ചു.  

പോകുന്ന വഴിയില്‍ കണ്ട മെഡിക്കല്‍ ഷോപ്പില്‍ കയറി ഞാന്‍ മുടി വളരുന്ന എണ്ണയുടെ   ഒരു  കുപ്പിയ്ക്ക്   ഓര്‍ഡര്‍ ചെയ്തു. 

"അയ്യോ സാര്‍ ..ആ എണ്ണയ്ക്ക് ഭയങ്കര  ഡിമാണ്ടാ .സ്റ്റോക്ക് തീര്‍ന്നു. നാളയെ വരൂ" 

ഈശ്വരാ...ഇനി എന്തു ചെയ്യും? 

ഒന്നാം തീയതി ആണെന്നറിയാതെ ബിവറേജസ് ഷോപ്പിലെത്തിയ ആളെപ്പോലെ ഞാന്‍ വിഷണ്ണനായി നിന്നു. 

എന്റെ നില്പ് കണ്ടിട്ടാവണം കടയുടമ എന്നോട് പറഞ്ഞു. 

"സാര്‍ വിഷമിയ്ക്കേണ്ടാ... നമ്പര്‍ തന്നാല്‍ എണ്ണ  വന്നാലുടനെ   ഞാന്‍ മെസ്സേജ് അയക്കാം.   വന്നു വാങ്ങിയാല്‍  മതി"    

ഞാന്‍ എന്റെ നമ്പര്‍ കൊടുത്തു. 

തിരിച്ചു വീട്ടിലെത്തിയ  ഉടന്‍ ഞാന്‍ ടിവി ഓണ്‍ ചെയ്തു. മുടി വളരുന്ന എണ്ണയുടെ പരസ്യത്തിനായി കാത്തു.


അതാ വരുന്നു ആ പരസ്യം.

പത്തിരുപത്തഞ്ചു വയസുള്ള ഒരു പെങ്കൊച്ച് കാമുകന്‍ ഉപേക്ഷിച്ചു പോയ ഭാവത്തില്‍ ദുഖിതയായി ഇരിക്കുകയാണ്.

അവളുടെ എലിവാലു പോലുള്ള  മുടി  ചുമലിലൂടെ  മുന്‍പിലേയ്ക്ക്  ഇട്ടിരിക്കുന്നു.

ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കയ്യില്‍ മൈക്കും ക്യാമറയുമായി അവളുടെ അരികിലേയ്ക്ക് വരുന്നു.

അവള്‍ തന്റെ മുടിയുടെ കാര്യം ഗദ്ഗതത്തോടെ അവരോടു വിവരിക്കുന്നു. മുടി കുറവായതിന്റെ  പേരില്‍ മുടങ്ങിപ്പോയ കല്യാണാലോചനകളെപ്പറ്റി പറഞ്ഞ് അവള്‍ കണ്ണീര്‍ വാര്‍ക്കുന്നു. അവര്‍  അവളെ ആശ്വസിപ്പിക്കുന്നു. ശേഷം ഒരു കുപ്പി എണ്ണ അവള്‍ക്കു കൊടുക്കുന്നു.

രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വരാമെന്നു പറഞ്ഞു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പോകുന്നു.

രണ്ടാഴ്ച കഴിയുന്നു..

ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വീണ്ടും വരുന്നു.

പെണ്‍കുട്ടി സന്തോഷത്തോടെ അവരെ സ്വീകരിക്കുന്നു.

രണ്ടാഴ്ച കൊണ്ട്‌  പനങ്കുല പോലെ വളര്‍ന്നു നിലത്തു മുട്ടാറായ  തന്റെ മുടി അവള്‍ അവരെ കാണിക്കുന്നു.

തന്റെ എല്ലാ പ്രശങ്ങളും തീര്‍ന്നതായി അവള്‍ അവരോടു പറയുന്നു.

ചെറുപ്പക്കാര്‍  ഇരുവരും  ഹാപ്പിയാകുന്നു.

തുടര്‍ന്നു  മുടി വളരുന്ന എണ്ണയുടെ ഒരു ക്ലോസപ്പ്  ദൃശ്യം.

അതോടെ പരസ്യം തീരുന്നു.

ഹോ.. ഇത്രയും  ശക്തിയുള്ള എണ്ണയുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം. നാളെ രാവിലെ തന്നെ പോയി എണ്ണ വാങ്ങണം. ഭാര്യ അറിയാതെ കുളിമുറിയിലോ മറ്റോ വച്ചിട്ട് ഇടയ്ക്കിടയ്ക്ക് തലയില്‍ തേച്ചാല്‍ മതിയല്ലോ.

രണ്ടാഴ്ച  കൊണ്ടു എന്റെ  തലമുടി പനങ്കുല പോലെ വളരും.!

ഞാന്‍ ഉറങ്ങാന്‍ കിടന്നു...

രാത്രിയില്‍ പനങ്കുലപോലുള്ള മുടിയുമായി നടക്കുന്ന എന്നെ ഞാന്‍ സ്വപ്നം കണ്ടു.  ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്.

പിറ്റേ ദിവസം രാവിലെ  പത്തുമണിയോടെ ഞാന്‍ കുളിച്ചു റെഡിയായി കടയില്‍ പോകാനായി ഇറങ്ങുമ്പോഴാണ് ഭദ്രകാളിയെപ്പോലെ  ഭാര്യയുടെ വരവ്. അവളുടെ കയ്യില്‍ എന്റെ മൊബൈല്‍ ഫോണ്‍.
 
വന്നപാടെ അവള്‍ മൊബൈല്‍ ഫോണ്‍ എന്റെ നേരെ എറിഞ്ഞു. എന്നിട്ട്  മാരാര്‍ ചെണ്ടയില്‍ അടിക്കുന്ന രീതിയില്‍  സ്വന്തം നെഞ്ചത്ത് രണ്ടു കയ്യും വീശി  നാലഞ്ച് ഇടി പാസാക്കി. 
പിന്നെ  എന്നെ നോക്കി  ഒറ്റ അലര്‍ച്ച...

"എന്റീശ്വരാ..എന്റെ രണ്ടു പിള്ളാരുടെ തന്തയായ ഇങ്ങേര്‍ എന്നോടീ ചതി  ചെയ്തല്ലോ...ഞാനിതെങ്ങനെ സഹിക്കുമെന്റെ ശിവനേ"

എനിക്കൊന്നും മനസ്സിലായില്ല. കാര്യമെന്തെന്നറിയാതെ ഞാന്‍ അന്തം വിട്ടു നിന്നു.

"എടീ നീ നെഞ്ചടിച്ച്  കലക്കാതെ കാര്യം പറ"

"ആങ്ഹാ നിങ്ങള്ക്ക് കാര്യമറിയില്ല അല്ലേ...എന്നെയും പിള്ളാരെയും ഇട്ടേച്ചു നിങ്ങള്‍ ആ എന്തിരവളുടെ അടുത്തേയ്ക്ക്   പോവാന്‍ ഞാന്‍ സമ്മതിക്കില്ല."

"ങേ...ഏതു എന്തിരവള്‍?"  ഞാന്‍ കണ്ണു മിഴിച്ചു.

"ഓഹോ അപ്പോള്‍ നിങ്ങള്ക്ക് ഒന്നുമറിയില്ല അല്ലേ ? ആ മൊബൈല്‍ എടുത്തു നോക്ക്. അവളുടെ മെസ്സേജ് വന്നിരിക്കുന്നു."

ഞാന്‍ ഓടിപ്പോയി മൊബൈല്‍ എടുത്തു.  അതിലൊരു എസ് എം എസ്‌ വന്നു കിടക്കുന്നു...!

ഞാനത് വിറയലോടെ  വായിച്ചു...

"സാര്‍...ഇന്ദുലേഖ എത്തിയിട്ടുണ്ട്...ഉടനെ വന്നാല്‍ തരാം."

ഈശ്വരാ...

ഇവളെ ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും?

കഷണ്ടി കയറിയ തലയില്‍ കൈതാങ്ങി ഞാന്‍  വെറും നിലത്തു കുത്തിയിരുന്നു...