രാവിലെ ആറു മണിക്ക് ബെഡ് കോഫി, എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ് , പത്തു മണിക്ക് ചായ (വിത്ത് കടി), കൃത്യം ഒരു മണിക്ക് ഉച്ചയൂണ്, വൈകിട്ട് നാലുമണിക്ക് ചായ (വിത്ത് ഔട്ട് കടി), രാത്രി എട്ടരയ്ക്കും ഒന്‍പതിനുമിടയില്‍ അത്താഴം. ഇതാണ് പട്ടാളത്തില്‍ ആയിരുന്നപ്പോഴുള്ള എന്റെ ശാപ്പാട് കാര്യക്രമം.
രാവിലെ അഞ്ചു മണിക്ക് ബെഡ് കോഫീ (ഭാര്യ ഉണര്‍ന്നെങ്കില്‍ മാത്രം) ഒന്‍പതിനും പത്തിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് (ഞാന്‍ ഉണര്‍ന്നെങ്കില്‍ മാത്രം) ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചയൂണ് (അപ്പോഴേയ്ക്കും റെഡി ആയെങ്കില്‍ മാത്രം) നാല് മണിക്ക് ചായ (കിട്ടിയാല്‍ മാത്രം) വൈകിട്ട് ഒന്‍പതിനും പത്തിനുമിടയില്‍ അത്താഴം (കുട്ടികളുടെ പഠനം തീര്‍ന്നെങ്കില്‍ മാത്രം) ഇതാണ് എന്റെ ഇപ്പോഴത്തെ ഭക്ഷണ ക്രമം.
അത്താഴം കഴിക്കുന്നതിന്റെ മുന്‍പ്, "ദശമൂലാരിഷ്ടം" എന്ന് ഞാന്‍ ഓമനപ്പേരിട്ട് വിളിക്കുന്നതും പട്ടാളക്കാരന്റെ ആരോഗ്യ പരിപാലനത്തിനായി പട്ടാള ക്യാന്റീന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്നതുമായ "റം" എന്ന "ആരോഗ്യ സംവര്‍ദ്ധക പാനീയം" അല്പം ഞാന്‍ സേവിക്കാറുണ്ട്.
എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ താത്പര്യം ഇല്ലാത്തത് കൊണ്ടാണോ അതോ പാനീയം കഴിച്ചതിനു ശേഷം എന്റെ ആരോഗ്യം കണ്ടമാനം കൂടുന്നത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയത്തിനോട് എന്റെ ഭാര്യയ്ക്ക് തീരെ മതിപ്പ് പോരാ എന്ന് ഈയിടയായി എനിക്കൊരു തോന്നല്‍ .!!
അതിനു കാരണമുണ്ട്...
ഞാന്‍ അലമാരിയില്‍ വച്ചിരുന്ന റമ്മിന്റെ കുപ്പി രണ്ടു ദിവസമായി കാണുന്നില്ല !!
തന്നെയുമല്ല തൊട്ടു കൂട്ടാനുള്ള അച്ചാര്‍, കൊറിക്കാനുള്ള ചിപ്സുകള്‍ എന്നിവ ഇരുന്നിരുന്ന സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതൊക്കെ എവിടെ എന്ന് ചോദിക്കുമ്പോള്‍ ഭാര്യയുടെ മുഖത്തു മുരളീധരനെ കാണുന്ന രമേശ് ചെന്നിത്തലയുടെ ഭാവം.
വൈകുന്നേരം പതിവുള്ള ആരോഗ്യ സംവര്‍ദ്ധക പാനീയവും അത് സേവിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും എന്റെ എതിര്‍ കക്ഷിയായ ഭാര്യ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്ന് താമസം വിനാ എനിക്ക് മനസ്സിലായി.
ദശമൂലാരിഷ്ടത്തിന്റെ കുപ്പി വൈകുന്നേരം ഞാന്‍ സേവ തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പാണ് അപ്രത്യക്ഷമാകുന്നത് എന്നുള്ള തന്ത്ര പ്രധാനമായ രഹസ്യവും എന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നും വെളിവായി.
സ്ഥിരമായി കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയം അപ്രതീക്ഷിതമായി നിന്നതോടെ എന്റെ ആരോഗ്യത്തിനു സാരമായ കേടുപാടുകള്‍ വന്നിരിക്കുന്നതായി ഞാന്‍ ശങ്കിച്ചു.
ഉറക്കം കുറഞ്ഞു. ദഹനം കുറഞ്ഞു. രാവിലെ കക്കൂസ്സില്‍ പോയി പാട്ടും പാടി ഇരിക്കാമെന്നല്ലാതെ കാര്യങ്ങള്‍ക്ക് ഒരു "നീക്കു പോക്ക് " ഉണ്ടാവുന്നില്ല.
കുട്ടികളോട് "ശരീര വേദനയ്ക്കുള്ള അരിഷ്ടമാണ് പപ്പാ കുടിക്കുന്നത് " എന്ന് ഞാന്‍ പറയാറുള്ള ഈ ആരോഗ്യ സംവര്‍ദ്ധക പാനീയം ഇഷ്ടം പോലെ ഉപയോഗിക്കുവാന്‍ ഏതു പട്ടാളക്കാരനും അവകാശമുണ്ട്. അതിനുള്ള അനുമതിയുമുണ്ട്.
അതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ക്യാന്റീന്‍ വഴിയായി മിതമായ വിലയില്‍ അത് പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.
അപ്പോള്‍ ഒരു മുന്‍ പട്ടാളക്കാരനെ അവന്റെ ആരോഗ്യ പരിപാലനം ചെയ്യുന്നതില്‍ നിന്നും തടയുന്നത്, അത് സ്വന്തം ഭാര്യ ആയാല്‍ പോലും തെറ്റല്ലേ?
അതെ എന്ന് ഞാന്‍ തീര്‍ത്ത് പറയുന്നു. അക്ഷന്തവ്യമായ തെറ്റ്. ഇത് അനുവദിച്ചു കൂടാ. ഞാന്‍ തീരുമാനിച്ചു..
പക്ഷെ എതിര്‍ കക്ഷി എനിക്ക് വേണ്ടപ്പെട്ട ആളാണ് . അവരോടു തന്ത്രപരമായ രീതിയില്‍ മാത്രമേ ഇടപെടാന്‍ പറ്റൂ.
മാത്രമല്ല മേല്‍പടി കക്ഷി എന്റെ അന്നദാദാവും കൂടിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ കഞ്ഞികുടി മുട്ടും. അപ്പോള്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ചു ഒരു തന്ത്രം മെനയണം.
ഞാന്‍ ആലോചിച്ചു. നിന്നും കിടന്നും തലകുത്തി നിന്നും ആലോചിച്ചെങ്കിലും തല പുകഞ്ഞതല്ലാതെ കത്തിയില്ല.
ഒടുവില്‍ വൈകിട്ട് നാല് മണിയോടെ കത്തി. ഉഗ്രന്‍ ഐഡിയ. നേരം ഒട്ടും കളയാതെ ഞാന്‍ "ഓപ്പറേഷന്‍ ദശമൂലാരിഷ്ടം" തുടങ്ങി....
വൈകുന്നേരം കുളിയും മറ്റും കഴിഞ്ഞു ഞാന്‍ വന്നപ്പോള്‍ ഭാര്യ ടി വിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണുന്നു. കുട്ടികള്‍ അകത്തെ മുറിയില്‍ ഇരുന്നു പഠിക്കുന്നു..
"അമ്പടി. ഒരു "സ്റ്റാര്‍ ഡ്രിങ്കറെ" മൈന്‍ഡ് ചെയ്യാതെ നീ "സ്റ്റാര്‍ സിംഗര്‍ " കാണുകയാണ് അല്ലെ? കണ്ടോ. കണ്ടോ . ഇപ്പൊ ശരിയാക്കിത്തരാം". ഞാന്‍ മനസ്സില്‍ പറഞ്ഞു.
പൂജയും പ്രാര്‍ഥനയും കഴിഞ്ഞു . എന്റെ സേവയുടെ സമയം അടുത്തിരിക്കുന്നു. അത് മനസ്സിലാക്കിയ ഭാര്യ ടി വിയുടെ വോളിയം കൂട്ടി കൂടുതല്‍ താല്പര്യത്തോടെ കാണാന്‍ തുടങ്ങി. ഞാനും ടി വിയുടെ മുന്‍പില്‍ ആസനസ്ഥനായി. ഒരു കൊച്ചു പയ്യന്‍ സംഗതികള്‍ ചോര്‍ന്നു പോകാതെ ഷഡ്ജം മുറുക്കിയുടുത്തു പാടുന്നു..
"നീയറിഞ്ഞോ മേലെ മാനത്തു ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ടേ" ...ഞാന്‍ ഭാര്യയെ നോക്കി. അവള്‍ ആ നോട്ടം ഒട്ടും മൈന്‍ഡ് ചെയ്യാതെ ടി വിയില്‍ ശ്രദ്ധിച്ചിരുന്നു..
അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
"നീയറിഞ്ഞോ മേലെ മാനത്തു ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ടേ" ...ഞാന്‍ ഭാര്യയെ നോക്കി. അവള്‍ ആ നോട്ടം ഒട്ടും മൈന്‍ഡ് ചെയ്യാതെ ടി വിയില്‍ ശ്രദ്ധിച്ചിരുന്നു..
അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
"എനിക്ക് കുടിക്കാന്‍ കുറച്ചു തണുത്ത വെള്ളം തരൂ. കൂടുതല്‍ വേണ്ടാ. ഒരു അര ഗ്ലാസ് മതി . വല്ലാത്ത ദാഹം"
"ഹും.. നിങ്ങളുടെ ദാഹത്തിന്റെ കാരണം എനിക്ക് മനസ്സിലായി, ദശമൂലാരിഷ്ടം കുടിക്കാത്തതിന്റെ ദാഹമാണല്ലേ" എന്ന ഭാവത്തില്‍ അവള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി . എന്നിട്ട് ടി വിയുടെ റിമോട്ട് സോഫയിലേക്ക് ദേഷ്യത്തോടെ ഇട്ടിട്ടു അടുക്കളയില്‍ പോയി ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ട് വന്നു.
"ഇന്നാ അര ഗ്ലാസല്ല ഒരു ഗ്ലാസ് കുടിക്ക്. ദാഹം തീരട്ടെ " അവള്‍ കല്പിച്ചു.
അത് വാങ്ങി ഒരു ഞാന്‍ കവിള്‍ കുടിച്ചു. എന്നിട്ട് പറഞ്ഞു.
"ഹോ വെള്ളത്തിനു ഭയങ്കര തണുപ്പ് " ആ ജഗ്ഗിലിരിക്കുന്ന വെള്ളവും ഒരു ഗ്ലാസ്സും കൂടി എടുക്ക്. മിക്സ് ചെയ്തു കുടിക്കട്ടെ " ഞാന്‍ ഭാര്യയോട് വീണ്ടും ആവശ്യപ്പെട്ടു.
അവള്‍ രൂക്ഷമായി എന്നെ വീണ്ടും നോക്കിയിട്ട് അകത്തു പോയി ഒരു ഗ്ലാസ് കൂടി എടുത്തു കൊണ്ട് വന്നു. എന്നിട്ട് ഫ്രീ റേഷന്‍ വാങ്ങാന്‍ ചെല്ലുന്ന ബി പി എല്‍ കാര്‍ക്ക് അരി കൊടുക്കുന്ന റേഷന്‍ കടക്കാരനെപ്പോലെ ജഗ്ഗും ഗ്ലാസ്സും എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി രണ്ടു ഗ്ലാസ്സിലുമായി ഒഴിച്ച് അല്പാല്പമായി ആസ്വദിച്ചു കുടിച്ചു തുടങ്ങി..
പതിവായി കഴിക്കുന്ന ദശമൂലാരിഷ്ടത്തിനു പകരം പച്ച വെള്ളം ചവച്ചു കുടിക്കുന്ന എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് ഭാര്യ സന്തോഷത്തോടെ വീണ്ടും സ്റ്റാര്‍ സിംഗര്‍ കാണാന്‍ തുടങ്ങി.
അപ്പോള്‍ ഫ്രിഡ്ജിലെ വെള്ളക്കുപ്പികള്‍ മാറ്റി പകരം ഞാന്‍ വച്ച വൈറ്റ് റമ്മിന്റെ കുപ്പി പകുതി കാലിയായിരുന്നു..