Friday, March 26, 2010

നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും

എന്റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടം" ആയ "ഹീറോ ഹോണ്ടാ സി. ഡി. ഡോണി" നോട് നാട്ടുകാരായ കുമാരപുരം നിവാസികള്‍ക്ക് നല്ല ബഹുമാനമാണ്.


അതും ഓടിച്ചു കൊണ്ട് ഞാന്‍ വരുന്നത് ദൂരെനിന്നു കാണുന്നവര്‍ ഉടന്‍ തന്നെ വഴിയില്‍ നിന്നും അല്പം മാറി ഒതുങ്ങി ഭവ്യതയോടെ നില്‍ക്കും. എതിരെ വരുന്ന സൈക്കിള്‍ യാത്രക്കാര്‍ സൈക്കിളില്‍ നിന്നും ഇറങ്ങിയ ശേഷം തന്റെ സൈക്കിള്‍ വഴിയുടെ അരികില്‍ സ്റ്റാന്‍ഡില്‍ വച്ചിട്ടു അടുത്തുള്ള ഏതെങ്കിലും കടയുടെ അല്ലെങ്കില്‍ വീടിന്റെ വരാന്തയില്‍ കയറി നില്‍ക്കും!.


ഫോര്‍ വീലറുകള്‍ വളരെ വിരളമായി മാത്രം വരുന്ന വഴിയാണ് ഞങ്ങളുടേത്. അഥവാ കുമാരപുരത്തുകാരനായ ഏതെങ്കിലും ഫോര്‍ വീലറുകാരന്‍ അബദ്ധത്തില്‍ എതിരെ വന്നു പോയാല്‍ ഞാന്‍ വരുന്നത് കണ്ടാലുടന്‍ അദ്ദേഹം വണ്ടി സൈഡില്‍ ഒതുക്കി നിര്‍ത്തും. പിന്നെ ഞാന്‍ കടന്നു പോയതിനു ശേഷം മാത്രമേ വണ്ടി എടുക്കൂ..!!


നോക്കണേ ഒരു പട്ടാളക്കാരനോടുള്ള ബഹുമാനം. !!!


ഈ ബഹുമാനം എനിക്ക് കിട്ടാന്‍ കാരണക്കാരന്‍ എന്റെ ഹീറോ ഹോണ്ടാ സി. ഡി.ഡോണ്‍ തന്നെയാണ്. ആ കഥ കേള്‍ക്കുമ്പോള്‍ മാന്യ വായനക്കാരായ നിങ്ങള്‍ക്കും തീര്‍ച്ചയായും എന്റെ സി ഡി ഡോണിനോട് ബഹുമാനം തോന്നും. . ഇനി കഥ കേള്‍ക്കൂ..


പട്ടാളത്തില്‍ നിന്നും വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ഉപയോഗിച്ച് കൊണ്ടിരുന്നത് ഒരു പഴയ ബി എസ് എ സൈക്കിള്‍ ആണ്. സൈക്കിള്‍ ചവിട്ടുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നും ദിവസവും സൈക്കിള്‍ ചവിട്ടിയാല്‍ പിന്നെ പ്രത്യേകിച്ച് എക്സര്‍സൈസുകള്‍ ഒന്നും ആവശ്യമില്ല എന്നും എന്റെ സുഹൃത്തും അഭ്യുദയാകാംഷിയുമായ അഡ്വക്കേറ്റ് പണിക്കര്‍ സാറാണ് എന്നെ ഉപദേശിച്ചത്.


അങ്ങനെ ദിവസേന എക്സര്‍ സൈസ് ചെയ്യുന്നതിന് പകരമായി ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.കൊച്ചു വെളുപ്പാം കാലത്ത് എഴുനേറ്റ് സൈക്കിളുമെടുത്തു പുറപ്പെടുന്ന ഞാന്‍ കുമാരപുരം, ഡാണാപ്പടി, ഹരിപ്പാട് വഴി തിരിച്ചു വീട്ടിലെത്തുമ്പോള്‍ മണി എട്ടു കഴിയും. പക്ഷെ എന്റെ ഈ സൈക്കിള്‍ യജ്ഞ കലാപരിപാടികള്‍ ഭാര്യക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. റിട്ടയര്‍ ആയ ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ബെല്ലും ബ്രേക്കും ഇല്ലാത്ത സൈക്കിളില്‍ ഉലകം ചുറ്റുന്നതില്‍ അവള്‍ പ്രതിഷേധം അറിയിക്കുകയും അത് നിഷ്ഫലമായപ്പോള്‍ നിരാഹാരം, നിസ്സഹകരണം മുതലായ ഗാന്ധിയന്‍ സമര മുറകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ഞാന്‍ "എന്നാല്‍ പിന്നെ ഒരു ബൈക്ക് വാങ്ങിക്കളയാം" എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തു.


"ഹും പട്ടാളത്തില്‍ നിന്നും റിട്ടയര്‍ ചെയ്തവരൊക്കെ കാറ് വാങ്ങുമ്പോള്‍ അങ്ങേരുടെ ഒരു ബൈക്ക്..അതിന്റെ പുറകില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ എനിക്ക് വയ്യ."


മുഖ്യ മന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ ഭാര്യ എന്നെ അവജ്ഞയോടെ നോക്കി. "കാറ് എങ്ങിനേയും വാങ്ങാം പക്ഷെ അതിലൊഴിക്കാന്‍ പെട്രോള്‍ നിന്റെ അച്ഛന്‍ വാങ്ങിത്തരുമോ" എന്ന എന്റെ മര്‍മ്മ പ്രധാനമായ ചോദ്യം കേട്ടതോടെ അവള്‍ ഞെട്ടി. ഒടുവില്‍ "ബ്രേക്കില്ലാത്ത സൈക്കിളില്‍ നിന്ന് വീണു കാല് ഓടിയുന്നതിനേക്കാള്‍ അന്തസ്സ് ഒരു ബൈക്കില്‍ നിന്ന് വീണു നടുവ് ഒടിയുന്നതല്ലേ" എന്ന ആത്മഗതത്തോടെ അവള്‍ തണ്ണിമത്തന്‍ ജൂസ് കുടിച്ചു കൊണ്ട് നിരാഹാരം അവസാനിപ്പിച്ചു.


ബൈക്ക് വാങ്ങുന്നത്തിനുള്ള ആദ്യ പടിയായി ഭാര്യ അടുത്തുള്ള ജ്യോതിഷിയുടെ അടുത്തു പോയി വണ്ടിയെടുക്കാനുള്ള ദിവസവും സമയവും നോക്കിച്ചു. മൂലം നക്ഷത്രത്തില്‍ ഭൂജാതനായ എനിക്ക് ഭാവിയില്‍ മൂലക്കുരുവിന്റെ അസ്കിത ഉണ്ടാകാന്‍ സാധ്യത കാണുന്നുണ്ടെന്നും ഇപ്പോള്‍ ശുക്ര ദശയായാതിനാല്‍ വാഹനം വാങ്ങുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വണ്ടി എടുക്കുന്നതിനു മുന്‍പായി അടുത്ത ക്ഷേത്രത്തില്‍ പോയി എന്റെ പേരില്‍ പൂജയും മറ്റു വഴിപാടുകളും കഴിക്കാന്‍ ഭാര്യ മറന്നില്ല.


ജ്യോതിഷി നിര്‍ദ്ദേശിച്ച സമയത്ത് തന്നെ ഞാനും ഭാര്യയും ഓട്ടോ പിടിച്ചു ഹീറോ ഹോണ്ടയുടെ ഷോ റൂമില്‍ എത്തിച്ചേര്‍ന്നു. പല തരത്തിലും നിറത്തിലുമുള്ള ബൈക്കുകളെ ഭാര്യ താത്പര്യത്തോടെ നിരീക്ഷിച്ചു തുടങ്ങി. സെയില്‍സ് മാന്‍ അവളുടെ ഒപ്പം നടന്നു ഓരോ ബൈക്കിന്‍റെയും ഗുണ ഗണങ്ങള്‍ അവളെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. അവള്‍ ഓരോ ബൈക്കിന്റെ അടുത്തേയ്ക്ക് പോകുമ്പോഴും ഞാന്‍ കയ്യും കലാശവും കാണിച്ച് അയാള്‍ പറയുന്നതൊക്കെ വെറും പൊളിയാണെന്നും ഈ പറയുന്ന ഗുണങ്ങളൊന്നും ആ ബൈക്കിന് ഇല്ലെന്നുമുള്ള വിവരം അവളെ ധരിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കോളേജു കുമാരന്മാര്‍ ഓടിക്കാറുള്ള കാണ്ടാമൃഗത്തിന്റെ ആകൃതിയും ഏതാണ്ട് അതേ നിറവുമുള്ള ഒരു ബൈക്കിന്റെ അടുത്തു അവള്‍ നിലയുറപ്പിച്ചതോടെ ഞാന്‍ എന്റെ പോക്കറ്റില്‍ കിടക്കുന്ന പൈസയും ആ ബൈക്കിന്റെ വിലയുമായി ഒന്ന് തട്ടിച്ചു നോക്കി.


ദൈവമേ... അമ്പതിനായിരം രൂപ കൂടി വേണം ആ ബൈക്ക് വാങ്ങാന്‍.... ഞാന്‍ ഞെട്ടി...


ഒടുവില്‍ ബൈക്കിന്റെ സ്റ്റൈല്‍ അല്ല, കാര്യക്ഷമതയും മൈലേജുമാണ് നോക്കേണ്ടത് എന്നും ബൈക്കുകളില്‍ രാജാവ് "ഹീറോ ഹോണ്ടാ സി. ഡി. ഡോണ്‍" ആണെന്നും അതിനെ വെല്ലാന്‍ ഇവിടിരിക്കുന്ന ഒരു കാണ്ടാമൃഗ ബൈക്കുകള്‍ക്കും സാധിക്കില്ലെന്നും സെയില്‍സ് മാന്‍ കേള്‍ക്കാതെ ഭാര്യയുടെ ചെവിയില്‍ ‌ഞാന്‍ മന്ത്രിച്ചു. അത് കേട്ട ഭാര്യ കാണ്ടാമൃഗ ബൈക്കുകളെ വിഷമത്തോടെ ഒന്ന് കൂടെ നോക്കിയിട്ട് സി. ഡി. ഡോണ്‍ വാങ്ങാന്‍ സമ്മതം മൂളി.


ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ബൈക്കിന്റെ താക്കോലും മറ്റു പേപ്പറുകളും ഷോറൂമിലെ പെണ്‍കുട്ടിയില്‍ നിന്നും ഞാന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ ഏറ്റു വാങ്ങി. പിന്നെ ബൈക്കിനെ തൊട്ടു നെറുകയില്‍ വച്ച് ഈശ്വരന്മാരെ ധ്യാനിച്ച്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട് ഭാര്യയെ പുറകില്‍ ഇരിക്കാനായി ക്ഷണിച്ചു.


അങ്ങനെ ബൈക്കുകളുടെ രാജാവായ സി. ഡി. ഡോണിന്റെ മുകളില്‍ രാജാധി രാജനായി ഞാനും രാജാധി രാജിയായി ഭാര്യയും നല്ല സ്പീഡില്‍ വരുമ്പോളാണ് അത് സംഭവിച്ചത്.


വീടിന്റെ അടുത്തു തന്നെയുള്ള നാലും കൂടിയ ജങ്ങ്ഷനില്‍ വച്ച് എതിര്‍ വശത്ത്‌ നിന്നും ഒരു പീക്കിരി പയ്യന്‍ അവനെക്കാള്‍ വലിയ ഒരു സൈക്കിളിന്റെ ഹാന്റിലില്‍ വവ്വാല് തൂങ്ങി ക്കിടക്കുന്നത് പോലെ കിടന്നു കൊണ്ട് ഒരു വരവ്!! അപ്രതീഷിതമായ ആ വരവ് കണ്ടു പകച്ച ഞാന്‍ പയ്യനെ രക്ഷിക്കാനായി വണ്ടി ഇടതു വശത്തേയ്ക്ക് വെട്ടിച്ചു. ആ വെട്ടിക്കലിനിടയില്‍ വണ്ടി റോഡരികില്‍ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുന്‍പില്‍ കൂട്ടി ഇട്ടിരുന്ന മണല്‍ കൂനയിലേയ്ക്ക് പാഞ്ഞു കയറി. ഇതിനിടയില്‍ പുറകിലിരുന്ന ഭാര്യ എന്നെ ഉറുമ്പടക്കം പിടിക്കുകയും അതിന്റെ ബലത്തില്‍ ബൈക്കില്‍ നിന്നും പിടി വിട്ടുപോയ ഞാനും ഭാര്യയും കൂടി കെട്ടി മറിഞ്ഞു മണലിന്റെ പുറത്തേയ്ക്ക് വീഴുകയും ചെയ്തു.


ബൈക്കിന്റെ ശബ്ദവും ഭാര്യയുടെ നിലവിളിയും സൈക്കിളുമായി മറിഞ്ഞു വീണ പയ്യന്റെ കരച്ചിലും എല്ലാം കൂടി കേട്ട് വീട് പണി ചെയ്തിരുന്ന ആളുകളും വഴി യാത്രക്കാരും ഓടിക്കൂടി. വീണയുടന്‍ തന്നെ തട്ടിപ്പിടഞ്ഞെഴുന്നേറ്റ ഞാന്‍ മണലിന്റെ പുറത്തു വീണു കിടക്കുന്ന ഭാര്യയെ പിടിച്ചു പൊക്കി. പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും ഓടിക്കൂടിയവരുടെ മുന്‍പില്‍ നാണത്തോടെ അവള്‍ പരുങ്ങി നിന്നു.


സൈക്കിളില്‍ നിന്നും ഉരുണ്ടു വീണു കാലിന്റെ മുട്ട് പൊട്ടിയ വവ്വാലു പയ്യന്റെ അച്ഛന്‍ ഓടി വന്നു. അയാള്‍ തന്റെ മകനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കഷ്മലനായ എനിക്കെതിരെ പോലീസ്സില്‍ കേസ്സ് കൊടുക്കുമെന്ന് ഭീഷണി മുഴക്കി. ഞാനൊരു പട്ടാളക്കാരനാണെന്നും നാട്ടില്‍ വണ്ടി ഓടിച്ചു നല്ല പരിചയം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഞാന്‍ പറഞ്ഞു നോക്കി. അതോടെ പട്ടാളക്കാരനായാല്‍ ആരെയും വണ്ടി ഇടിപ്പിച്ചു കൊല്ലാന്‍ അധികാരമുണ്ടോ എന്നായി അയാളുടെ ചോദ്യം.


ഇതിടയില്‍ നാട്ടുകാരായ ചിലര്‍ ചേര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവില്‍ വവ്വാല് പയ്യന്റെ ചികിത്സയ്ക്കുള്ള പണം കൊടുക്കാം എന്നുള്ള വ്യവസ്ഥയില്‍ അയാള്‍ അടങ്ങി. പണം മേടിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഫ്രീയായി ഒരുപദേശവും എനിക്ക് തന്നു.


"സാറേ പട്ടാളത്തില്‍ ഓടിക്കുന്ന പോലെ നാട്ടില്‍ വന്നു വണ്ടി ഓടിക്കരുത്. അങ്ങനെ ഓടിച്ചാല്‍ സാറിനെ നാട്ടുകാര്‍ ഓടിക്കും"


അന്ന് മുതലാണ്‌ എനിക്കും എന്റെ ബൈക്കിനും നാട്ടില്‍ ഇത്ര ബഹുമാനം കിട്ടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഞാനും ബൈക്കും വരുന്നത് കാണുമ്പോഴേ ആളുകള്‍ പറയും.


"ദേണ്ടെ പട്ടാളം ബൈക്കുമായി വരുന്നു... ജീവന്‍ വേണമെങ്കില്‍ വഴിയില്‍ നിന്നും മാറി നിന്നോ"


ഇനി പറയൂ നിങ്ങള്‍ക്കും എന്‍റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടത്തിനോട് അല്പം ബഹുമാനം തോന്നുന്നില്ലേ ?

32 comments:

  1. ബ്രേക്കില്ലാത്ത സൈക്കിളില്‍ നിന്ന് വീണു കാല് ഓടിയുന്നതിനേക്കാള്‍ അന്തസ്സ് ഒരു ബൈക്കില്‍ നിന്ന് വീണു നടുവ് ഒടിയുന്നതല്ലേ?

    ReplyDelete
  2. ഇത്രേം വായിച്ച് കഴിഞ്ഞപ്പോ ബഹുമാനം മാത്രമല്ല, മറ്റ് കാണ്ടാമൃഗം ബൈക്കുകളോട് അസൂയയും തോന്നുന്നു(അവ രക്ഷപെട്ടത് ഓര്‍ത്ത്)

    ReplyDelete
  3. ശരിയാ ഇപ്പോള്‍ ഒരല്‍പം ബഹുമാനം മാത്രമല്ല പേടിയും തോന്നിത്തുടങ്ങി:)

    ReplyDelete
  4. മാഷെ,

    മാഷ്‌ടെ ശ്രീമതി വണ്ടി വാങ്ങാൻ നല്ല സമയം കുറിച്ചുവാങ്ങിയെങ്കിലും വാങ്ങിയതിനുശേഷം ഒരു 'വെഹിക്കിൾ സ്പെഷലിസ്റ്റ്‌' ദൈവത്തിനെ കാണിച്ചില്ല, അതാ പറ്റീത്‌.

    എന്റെ വണ്ടികൾക്കും ഇതുപോലൊന്നും ദൈവങ്ങൾ കടാക്ഷിച്ചിട്ടില്ല, അതിനാൽ നല്ല ചീത്തപ്പേരാ നാട്ടിലൊക്കെ എന്റെ വണ്ടികൾക്ക്‌!!! ബാഡീടെ സൈസ്‌ കാരണമായിരിക്കാം, പട്ടാളക്കാരനല്ലാത്തതോണ്ടാവാം, ആരും ബഹുമാനിച്ചില്ല, അല്ലെങ്കിൽ ഇത്രേം ചീത്തപ്പേര്‌ ഒപ്പിച്ചെടുക്കാതെ കഴിക്കാമായിരുന്നു.

    ReplyDelete
  5. ശരിക്കും ഒരു ബഹുമാനം തോന്നുന്നു................

    ReplyDelete
  6. caru vanganjathu nannayi.. appo malayalathil enthu peridum..

    nithya sanchara ennu parayan patilla.. petrol vila nithya sancharathinu patilla...

    porathathinu karidichirunnenkil vavvalinte gathi.. entammo..

    :)

    ReplyDelete
  7. നന്ദി അരുണ്‍... കാണ്ടാമൃഗം ബൈക്കുകള്‍ വാങ്ങാന്‍ ഒരേക്കര്‍ സ്ഥലം വില്‍ക്കേണ്ടി വരും...എന്താ അതിന്റെ വില..!!

    നന്ദി രാധിക ... പേടിക്കേണ്ടാ...ഞാന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചു.
    നന്ദി അപ്പൂട്ടാ...അപ്പോ ചീത്തപ്പേര് എനിക്ക് മാത്രമല്ല അല്ലേ?

    നന്ദി രമണിഗ... ഉവ്വല്ലേ ....


    നന്ദി കിഷോര്‍ ...കാറിന്റെ മലയാളം... സാന്ദര്‍ഭിക സഞ്ചാര ചതുര്‍ ചക്ര ശകടം. !! (നിത്യ സഞ്ചാരത്തിനു പറ്റിയത് ബൈക്ക് തന്നെ..ഹഹ )

    ReplyDelete
  8. ബഹുമാനമോ...കണ്ടാൽ ഒന്നു തൊട്ടു തലയിൽ വക്കുമായിരുന്നു

    ReplyDelete
  9. ബെസ്റ്റ് വണ്ടി! (വണ്ടിയുടെ കുഴപ്പമോ ഓടിയ്ക്കുന്ന ആളുടേയോ)

    അതേയ്... ആ വണ്ടിയും ഓടിച്ചോണ്ട് ബാംഗ്ലൂര്‍ക്കോ മറ്റോ വരാന്‍ വല്ല പരിപാടിയും ഉണ്ടെങ്കില്‍ ഒന്നു മുന്‍കൂര്‍ പറഞ്ഞേക്കണേ... വേറൊന്നിനുമല്ല, അന്ന് ലീവെടുത്ത് വീട്ടിലിരിയ്ക്കാനാ.

    ;)

    ReplyDelete
  10. ഹഹ അതെ അതെ ഭയഭക്തി ബഹുമാനം തൊന്നുന്നു, ഹീറോ ഹോണ്ടക്കാര്‍ അറിയണ്ട ഈ വ്ര്യത്താന്തങ്ങള് വല്ല അവാര്‍ഡ് തന്നെക്കും...
    അരോടും പറയണ്ട... ഇതുപോലെ ഒന്ന് രണ്ട് ചീറു കേസ് പൈസ കൊടുത്ത് തീര്‍ത്തിട്ടുണ്ട് ഞാനും ഉത്തരേന്ത്യയില് വച്ച്, പക്ഷെ അവര് പറഞ ഡയലോഗുകള് കുറച്ച് വ്യത്യസ്തം എന്നു മാത്രം

    ReplyDelete
  11. നന്ദി ഏറക്കാടാ...

    നന്ദി ശ്രീ...ബാംഗ്ലൂര്‍ വരുന്നതിനു മുന്‍പ് അറിയിക്കാം കേട്ടോ.. ലീവ് എടുത്തോ... ഞാന്‍ ഒരു കുപ്പിയും കൊണ്ടുവരാം....നമുക്കൊന്ന് കൂടാം...ഹഹ ഹ

    നന്ദി പി ഡി...അപ്പോള്‍ അബദ്ധം പറ്റിയത് എനിക്ക് മാത്രമല്ല അല്ലെ?

    ReplyDelete
  12. ഈശ്വരാ ഇനി ഹരിപ്പാട്ടു വരുമ്പോ സൂക്ഷികണമല്ലോ....
    ഒരു സി ഡി ഡോണ്‍ എവിടെ നിന്ന് എങ്കിലും വരുന്നുണ്ടോ എന്ന്

    ReplyDelete
  13. ഇപ്പോൾ നല്ല ബഹുമാനം തോന്നുന്നു.

    ReplyDelete
  14. ഇടുക്കിക്കു വരുന്നോ CD ഡോണുമായി...?

    ReplyDelete
  15. സൈക്കിളിന്റെ പുറത്ത് വന്നത് വവ്വാല്‍ ആണെങ്കില്‍, ബൈക്കിന്റെ പുറത്ത് വന്ന ആളെ എന്തുവിളിക്കാം.
    ചുമ്മാതല്ല, നാട്ടുകാര്‍ക്ക് ഇത്ര ‘ഭയ’ഭക്തിബഹുമാനങ്ങള്‍.

    ReplyDelete
  16. ആ ബയ്കിന്റെ ഒരു ഫോടോ കിട്ടിയാല്‍, വെച്ച് പൂജിയ്കാംമായിരുന്നു.

    :D

    ReplyDelete
  17. നന്ദി കണ്ണാ... ഹ ഹ

    നന്ദി മിനി ടീച്ചര്‍ ...

    സിമിലെ നന്ദി ..ഇടുക്കിയിലും ഡോണ്‍ വരും...!!

    ഹ ഹ നന്ദി.. കൃഷേ...

    നന്ദി ക്യാപ്ടന്‍...

    ReplyDelete
  18. രഘുസാർ,

    ആദ്യപാരയിൽ തന്നെ, ഞാൻ ഇങ്ങനെ ഒരു വീഴ്ചയോ, ഇടിയോ ഓർത്ത്‌ ചിരിക്കുവായിരുന്നു.

    ഇനി അപ്പന്റെ കൈയീന്ന് പെട്രോൾ പോയാലും വേണ്ടീലാ, ഇതിയാന്റെ കൂടെ ബൈക്കേലില്ലെന്ന് വാമഭാഗം പറഞ്ഞത്‌ ഞാൻ കേൾക്കുന്നു.

    കീപ്പിറ്റപ്പ്‌ (ദിലീപ്‌ സ്റ്റൈൽ)

    Sulthan | സുൽത്താൻ

    ReplyDelete
  19. “ബ്രേക്കില്ലാത്ത സൈക്കിളില്‍ നിന്ന് വീണു കാല് ഓടിയുന്നതിനേക്കാള്‍ അന്തസ്സ് ഒരു ബൈക്കില്‍ നിന്ന് വീണു നടുവ് ഒടിയുന്നതല്ലേ“

    ഹ..ഹ..

    ReplyDelete
  20. ഹ ഹാ..ഹ നന്ദി സുല്‍ത്താന്‍...

    നന്ദി .....വശം വദന്‍

    ReplyDelete
  21. ചേട്ടത്തിയെ ബൈക്കില്‍ കയറ്റി ഒരു റൌണ്ട് ചുറ്റ്. പുലിവാല് കൈയ്യില്‍ നിന്നൊഴിവാക്കിതരും ഒറ്റദിവസത്തിനുള്ളില്‍.

    ReplyDelete
  22. കുമാരപുരം, ഡാണാപ്പടി, ഹരിപ്പാട്....

    ഇനി ആ വഴിക്കില്ല!

    ഞാൻ ചേപ്പാട്, പള്ളിപ്പാട്, കരിപ്പുഴ വഴി മാവേലിക്കരയ്ക്കു പൊയ്ക്കൊള്ളാം!

    ReplyDelete
  23. "ബ്രേക്കില്ലാത്ത സൈക്കിളില്‍ നിന്ന് വീണു കാല് ഓടിയുന്നതിനേക്കാള്‍ അന്തസ്സ് ഒരു ബൈക്കില്‍ നിന്ന് വീണു നടുവ് ഒടിയുന്നതല്ലേ"

    അതെ ഒരു ഗമയും ഉണ്ടാകും.
    നന്നായി മാഷെ.

    ReplyDelete
  24. കാര്‍ത്തികപ്പള്ളിറോഡില്‍ നിന്നും വരുമ്പോള്‍ പുത്തന്‍ റോഡൊഴിവാക്കാന്‍ പാലത്തിനടിയില്‍ കൂടി ഡാണാപ്പടിവഴിയായിരുന്നു പൊയ്കൊണ്ടിരുന്നത്‌.

    ഇനി ദേശീയപാതതന്നെയാക്കാം ശരണം

    ഹ ഹ ഹ

    ReplyDelete
  25. ഹ ഹ നന്ദി ആര്‍ദ്ര ആസാദ്..

    നന്ദി ജയന്‍ സാര്‍...ചേപ്പാട് പള്ളിപ്പാട് കരിപ്പുഴ വഴിയൊക്കെ ഒന്ന് പോകണമെന്നു കരുതി ഇരിക്കുകയായിരുന്നു ഞാന്‍ ...ഹ ഹ ...!!

    നന്ദി റാംജി സാര്‍...

    ഹ ഹ ഹ....നന്ദി ഇന്ത്യാ ഹെറിട്ടേജ് സര്‍...

    ReplyDelete
  26. പട്ടാള വണ്ടി വരുന്നേ... ഓടിക്കോ!

    ReplyDelete
  27. എന്റെ രണ്ട് അമ്മാവന്മാർ ഹരിപ്പാട്ട് ജോലി ചെയ്യുന്നുണ്ട്!
    ഇന്ന് തന്നെ അവരോട് ജീവൻ വേണമെങ്കിൽ ജോലി രാജിവെച്ച് തിരുവനന്തപുരത്തേക്ക് വരാൻ അറിയിക്കണം!
    ശ്ശോ..ഇത് വായിക്കാനും താമസിച്ചുപോയല്ലോ..എന്തെങ്കിലും പറ്റിക്കാണുമോ എന്തോ?!!! :-)

    രസിപ്പിച്ചു മാഷേ!

    ReplyDelete
  28. ഇന്ന് തന്നെ, ഇൻഷൂറൻസ്‌ പേപ്പറുകൾ മുഴുവൻ ശരിയാക്കണം. കാരണം,

    നാളെ ഹരിപ്പാട്‌ വഴി പോവാനുള്ളതാ.

    എനിക്ക്‌ വയ്യെന്റെ മാഷെ,

    ഇതാവും, ഇടക്ക്‌, വണ്ടികളെല്ലാം ഒരു സൈഡിൽനിർത്തിയിട്ട്‌ എല്ലാവരും ബഹുമാനിച്ച്‌ നിൽക്കുന്നത്‌. (വണ്ടിക്ക്‌ മുകളിൽ).

    സുപ്പർ. ചിരിച്ച്‌ ചിരിച്ച്‌ കടലയിളകി (പരിപ്പിന്‌ ഭയങ്കര വിലയാ)

    ReplyDelete
  29. നന്ദി ഭായി...അമ്മാവന്മാര്‍ ഹരിപ്പാട്ടു എവിടെയാ വര്‍ക്ക്‌ ചെയ്യുന്നത്? ഞാന്‍ എന്റെ സി ഡി ഡോണില്‍ പോയി അവരെ ഒന്ന് മീറ്റാം...എന്താ ..ഹ ഹ


    ബീരാന്‍ കുട്ടി ..നന്ദി...പേപ്പറുകളൊക്കെ ശരി ആയെങ്കില്‍ പറയണം കേട്ടോ...ഹ ഹ

    ReplyDelete
  30. ഹ ഹ നന്നായിട്ടുണ്ട്..പട്ടാളം വരുന്നേ ഓടിക്കോ..
    ഒരു അനുഭവം..ഒരു ദിവസം സൈക്കളിൽ യാത്ര ചെയ്യുകയായിരുന്നു. Just സൈക്കിൾ ചവിട്ടാൻ പ്ഠിച്ചിട്ടുണ്ടായിരുന്നുള്ളു.ബാലെൻസ് ശരിയായി വരുന്നതേയുള്ളു. സൈക്കിളിൽ എന്റെ വരവ് അത്ര പന്തിയല്ലാന്ന് കണ്ടിട്ടാവാം,എതിരെ വരികയായിരുന്ന രാമേട്ടൻ റോഡിൽ നിന്നും താഴെക്ക് ഇറങ്ങി നിന്നു,പിന്നെ കുറച്ചൂ കൂടെ നീങ്ങി മതിലിനോട് ചേർന്നു നിന്നു.പക്ഷെ ഞാൻ കൃത്യമായി പുള്ളിയെ മതിലിനോട് ചേർത്ത് ഒരു താങ്ങ് താങ്ങി.ഞാൻ എന്തേങ്കിലും പറയാൻ തുടങ്ങും മുൻപേ എന്നെ തടഞ്ഞു കൊണ്ട് വീണുകിടന്നിരുന്ന രാമേട്ട്ൻ ഒരു ഡയലോഗ് കാച്ചി”നീ ഒന്നും പറയണ്ടാ, തെറ്റ് എന്റെതാ, നിന്റെ വരവിന്റെ ഒരു സ്റ്റയില് വെച്ച് നോക്കിയാൽ ഞാൻ മിനിമം അടുത്തുള്ള മാവിലേങ്കിലും കയറി നിൽക്കണമായിരുന്നു.”

    ReplyDelete
  31. ഹ ഹ ഹ ഹ രാമേട്ടന്റെ ഡയലോഗ് കലക്കി...ജുജൂസ്...

    ReplyDelete