Tuesday, May 25, 2010

പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക

വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് "പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷേനെ" എന്നു പറഞ്ഞ ഭാര്യയോടുള്ള അമര്‍ഷം പുറത്തു കാണിക്കാതെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ പാതി മയക്കത്തില്‍ പാല്‍ സൊസൈറ്റി ലക്ഷ്യമാക്കി നടന്ന ഞാന്‍ എതിരെ വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞെട്ടി.


"എടാ നിനക്ക് എന്റെ കൂടെ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു വരാമോ? എസ്.ഐ ഏമാന്‍ എന്നെ അങ്ങോട്ട്‌ വിളിപ്പിച്ചിരിക്കുവാ"


പോലീസ് സ്റ്റേഷന്‍ എന്നു കേട്ടതോടെ എന്റെ മയക്കം പമ്പ കടന്നു. ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു.


"ങേ ..പോലീസ് സ്റ്റേഷനിലേയ്ക്കോ? എന്തിനു?"


ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ പോലീസ് സ്റ്റേഷനില്‍ പോകുന്ന ആളാണ്‌ കുമാരപുരത്തുകാരുടെ സ്വന്തം കുടിയനായ പാക്കരന്‍ ചേട്ടന്‍. പാക്കരന്‍ ചേട്ടന്‍ പോയില്ലെങ്കില്‍ പോലീസ്സുകാര്‍ ഇങ്ങോട്ട് വന്നു അദ്ദേഹത്തെ കൊണ്ടുപോകും. പോലീസ് സ്റ്റേഷനില്‍ പോകുക എന്നത് അടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ പോകുന്നത് പോലെയാണ് പാക്കരന്‍ ചേട്ടന്. ആഴ്ചയില്‍ ഒരു തവണ അവിടെ പോയി എസ്. ഐ ഏമാനെയോ ഹേഡ് അങ്ങത്തെയോ തൊഴുത്‌ അവരു കൊടുക്കുന്ന പ്രസാദം (അടി പ്രസാദം അല്ലെങ്കില്‍ ഇടി പ്രസാദം) വാങ്ങണമെന്നുള്ളത് പാക്കരന്‍ ചേട്ടന് വളരെ നിര്‍ബന്ധമുള്ള ഒരു കാര്യവുമാണ്.


അയല്‍ക്കാര്‍ എന്ന നിലയില്‍ ഞാനും പാക്കരന്‍ ചേട്ടനും വലിയ സുഹൃത്തുക്കളാണ് എന്നു മാത്രമല്ല പാക്കരന്‍ ചേട്ടന്‍ ചെത്തിയിറക്കുന്ന സ്വയമ്പന്‍ തെങ്ങിന്‍ കള്ളിന്റെ ഒരു കടുത്ത ആരാധകന്‍ കൂടിയാണ് ഞാന്‍. എനിക്ക് കിട്ടുന്ന മിലിട്ടറി ക്വോട്ട ഫ്രീ ആയി അടിക്കുന്നവരുടെ ഒരു അസോസിയേഷന്‍ ഉണ്ടാക്കിയാല്‍ അതിന്റെ പ്രസിഡണ്ട്‌ ആകാനുള്ള സകല യോഗ്യതയും പാക്കരന്‍ ചേട്ടനുണ്ട്. അങ്ങനെ മിലിട്ടറി ക്വോട്ടയില്‍ തെങ്ങിന്‍ കള്ള് ചേര്‍ത്തത് പോലെയുള്ള "തീവ്രമായ" ഒരു ബന്ധമാണ് ഞാനും പാക്കരന്‍ ചേട്ടനും തമ്മിലുള്ളത്.


അങ്ങനെയുള്ള പാക്കരന്‍ ചേട്ടന്റെ കൂടെ പോയി വല്ല അടിപിടി കേസ്സിനും ജാമ്യം നില്കാനാണോ പറയുന്നത്? അങ്ങിനെ ആണെങ്കില്‍ വനിതാ എസ്. ഐ ഇടിയന്‍ ഭവാനിയുടെ കയ്യില്‍ നിന്നും കിട്ടുന്ന പ്രസാദം ഞാനും വാങ്ങേണ്ടി വരും.


'ദൈവമേ"


എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ പരുങ്ങി.


"എടാ നീ പേടിക്കേണ്ടാ. എസ്. ഐ ഏമാന്റെ മൂന്ന് ബാറ്ററിയുടെ ഒരു ടോര്‍ച്ചു തിരിച്ചു കൊടുക്കാനാ പോകുന്നത്" എന്റെ വൈക്ലബ്യം മനസ്സിലായിട്ടാണോ എന്നറിയില്ല പാക്കരന്‍ ചേട്ടന്‍ കാര്യം തുറന്നു പറഞ്ഞു.



"ഓഹോ അത് ശരി..പക്ഷെ ഇടിയന്‍ ഭവാനിയുടെ ടോര്‍ച്ചു ചേട്ടന്റെ കയ്യില്‍ എങ്ങനെ വന്നു?" ഞാന്‍ സംശയം ഉന്നയിച്ചു.


"എടാ ഇന്നലെ രാത്രി ഞാന്‍ ഇച്ചിരി കൂടുതല്‍ വാറായിപ്പോയി. എന്നാലും ഒരു വിധത്തില്‍ നടന്നു ജങ്ങ്ഷനിലുള്ള ഗുരുമന്ദിരത്തിന്റെ അടുത്തെത്തിയപ്പോള്‍ കരണ്ടും പോയി. ഇരുട്ട് കാരണം നടക്കാന്‍ പറ്റാതെ ഞാന്‍ ഗുരുമന്ദിരത്തിന്റെ വരാന്തയില്‍ കിടക്കുമ്പോഴാ ഇടിയന്‍ ഭവാനി ജീപ്പില്‍ അതിലെ വന്നത്"


"ഓഹോ അപ്പോള്‍ രണ്ടെണ്ണം കിട്ടി അല്ലെ?"


"യേയ് ഇല്ലില്ല. സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഇടക്കൊക്കെ ഓരോ പൂശു തരുമെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവമാടാ അവര്‍ക്ക്"



"ങേ...അതെങ്ങിനെ ചേട്ടന് മനസ്സിലായി?"


"എടാ അല്ലെങ്കില്‍പിന്നെ ഇന്നലെ കുടിച്ചു വാറായി കിടന്ന എനിക്ക് അവരുടെ കയ്യിലിരുന്ന ടോര്‍ച്ചു തരുമോ? എന്നിട്ട് വേഗം വീട്ടില്‍ പോടാ എന്നൊരു ഉപദേശവും"


"ഓഹോ അത് കൊള്ളാമല്ലോ"



"ആ ടോര്‍ച്ചു കൊടുക്കാനാ ഞാന്‍ പോകുന്നത്..നീയും വാ.... പട്ടാളക്കാരനല്ലേ ..സ്ഥലം എസ്. ഐ യെ ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതല്ലേ?" പാക്കരന്‍ ചേട്ടന്‍ ചോദിച്ചു.



അത് ശരിയാണല്ലോ. പോരെങ്കില്‍ ഇടിയന്‍ ഭവാനിയുടെ മൂത്ത മകളുടെ ഭര്‍ത്താവും പട്ടാളക്കാരനാണ്‌ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ലീവില്‍ വന്നിട്ടുണ്ടത്രേ. പാക്കരന്‍ ചേട്ടന്റെ കൂടെ സ്റ്റേഷന്‍ വരെ പോയാല്‍ സൗകര്യം കിട്ടുകയാണെങ്കില്‍ അവരുടെപട്ടാളക്കാരന്‍ മരുമകന്റെ കാര്യമൊക്കെ ഒന്ന് ചോദിച്ചു മനസ്സിലാക്കാം. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആയ സ്ഥിതിയ്ക്ക് പട്ടാളക്കാരനായ മരുമകന്റെ കാര്യം ചോദിക്കുന്നത് ഇടിയന്‍ ഭവാനിയ്ക്കും ഇഷ്ടമാകും. ഏതായാലും സ്ഥലം എസ് ഐയുടെ മരുമകനായ പട്ടാളക്കാരന്റെ സുഹൃത്താകുന്നത് എന്തു കൊണ്ടും നല്ലതാണ് എന്നു എന്റെ മനസ്സ് മന്ത്രിച്ചു.


അങ്ങനെ ഞാനും പാക്കരന്‍ ചേട്ടനും കൂടി പത്തു മണിയോടെ പോലീസ് സ്റ്റേഷനിലേക്ക് യാത്രയായി. സ്ഥലം എസ്. ഐ ആയ ഇടിയന്‍ ഭവാനിയുടെ മൂന്നു ബാറ്ററിയുടെ ടോര്‍ച്ചും കക്ഷത്തില്‍ വച്ച് പാക്കരന്‍ ചേട്ടന്‍ തല ഉയര്‍ത്തിപ്പിടിച്ചു മുന്നില്‍ നടന്നു. സ്ഥലം എസ്.ഐയുടെ പട്ടാളക്കാരനായ മരുമകന്റെ പട്ടാളക്കാരനായ സുഹൃത്താകാന്‍ പോകുന്ന ഞാന്‍ എന്റെ തലയും സാമന്യം ഭേതപ്പെട്ട രീതിയില്‍ പൊക്കിപ്പിടിച്ച് കൊണ്ട് പാക്കരന്‍ ചേട്ടന്റെ പിറകെ നടന്നു. അദ്ദേഹത്തിന്റെ സഹ കുടിയന്മാര്‍ അസൂയയോടെ ഞങ്ങളുടെ പോക്ക് നോക്കി നിന്നു. ഇനി എന്നെങ്കിലും ഇടിയന്‍ ഭവാനി വരുന്ന വഴിയില്‍ കുടിച്ചുവീലൂരി വാളു വച്ച് കിടക്കണമെന്ന് തീരുമാനിച്ചതായി അവരില്‍ പലരുടെയും മുഖങ്ങള്‍ പറയുന്നുണ്ടായിരുന്നു.



പത്തെര ആയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും പോലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഇടിയന്‍ ഭവാനിയുടെ ജീപ്പ് പുറത്ത് കിടക്കുന്നു. വാദിയും പ്രതിയുമായ പലരും സ്റ്റേഷന്റെ പരിസരത്തു നില്‍ക്കുന്നുണ്ട്. മുഖത്തു ദൈന്യ ഭാവത്തോടെ കൈ കെട്ടി വിനീതരായി നില്‍ക്കുന്നവര്‍ പ്രതികളും ഗൌരവഭാവത്തില്‍ പോലീസ്സുകാരോട് സംസാരിച്ചു നില്‍ക്കുന്നവര്‍ വാദികളും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു.



വലതു കയ്യില്‍ എല്ലാവരും കാണത്തക്ക രീതിയില്‍ ടോര്‍ച്ചും പിടിച്ച്, അഴിച്ചിട്ടിരിക്കുന്ന മുണ്ടിന്റെ കോന്തല ഇടതു കൈ കൊണ്ട് അല്പം ഉയര്‍ത്തിപ്പിടിച്ചു, നെഞ്ചും വിരിച്ചു കൊണ്ട് ചിരപരിചിതനെപ്പോലെ പാക്കരന്‍ ചേട്ടന്‍ ഇടിയന്‍ ഭാവാനിയുടെ മുറിയുടെ മുന്‍പില്‍ എത്തി. മുറിയുടെ പുറത്തിരിക്കുന്ന ഒരു പോലീസ്സുകാരന്‍ പാക്കരന്‍ ചേട്ടനെ കണ്ട് പരിചയഭാവത്തില്‍ ഒന്നു ചിരിച്ചു. പക്ഷെ അയാളെ ഒട്ടും മൈന്‍ഡ് ചെയ്യാതെ പാക്കരന്‍ ചേട്ടന്‍ ഹാഫ് ഡോറിനു മുകളിലൂടെ മുറിയുടെ ഉള്ളിലേയ്ക്ക് എത്തി നോക്കിയിട്ട് പുറത്ത് നില്‍ക്കുന്ന എന്റെ നേരെ "ഞാന്‍ അകത്തു ചെന്ന് ടോര്‍ച്ചു കൊടുത്തിട്ട് നിന്നെ വിളിക്കാം" എന്ന രീതിയില്‍ ആംഗ്യം കാണിച്ചിട്ട് ഡോര്‍തുറന്നു അകത്തേയ്ക്ക് കയറി.


ഇടിയന്‍ ഭവാനിയോടു എങ്ങനെ സംസാരം തുടങ്ങണം എന്നു ഞാന്‍ ആലോചിച്ചു. പട്ടാളക്കാരനാണ്‌ എന്നുള്ള കാര്യം ആദ്യം തന്നെ പറയണം. എന്നിട്ട് വേണം മരുമകനെപ്പറ്റി ചോദിക്കുവാന്‍. ഒരു പക്ഷെ ഞാന്‍ പട്ടാളക്കാരനാണ്‌ എന്നു പറയുമ്പോള്‍ തന്നെ അവര്‍ മരുമകന്റെ കാര്യം പറയുമായിരിക്കും. അങ്ങിനെ ആണെങ്കില്‍ സംഗതി എളുപ്പമായി. ചിലപ്പോള്‍ ഉടനെ തന്നെ മരുമകനെ ഫോണില്‍ വിളിക്കാനും മതി. ഏതായാലും അസുലഭമായ ഈ കൂടിക്കാഴ്ചയില്‍ ഞാനും സ്ഥലം എസ് ഐയും സുഹൃത്തുക്കളാകുമെന്നും അതോടെ എന്റെ വില കുമാരപുരത്തും ഹരിപ്പാട്ടും കുത്തനെ ഉയരുമെന്നും ഞാന്‍ മനസ്സില്‍ഉറപ്പിച്ചു.



ഇടിയന്‍ ഭവാനിയുടെ മുറിയില്‍ പോയ പാക്കരന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചു അക്ഷമനായി പുറത്ത് നിന്ന ഞാന്‍ മുറിക്കുള്ളില്‍ നിന്നും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ട് ഞെട്ടി. കൂടെ ഇടിയന്‍ ഭവാനിയുടെ ഇടിമുഴക്കം പോലുള്ള അലര്‍ച്ചയും.



"ഭാ ... വെള്ളമടിച്ചിട്ട് വീട്ടില്‍ പോകാതെ വഴിയില്‍ കിടക്കും അല്ലേടാ.... ഇനി വഴിയിലെങ്ങാനും നീ വീലൂരി കിടക്കുന്നത് ഞാന്‍ കണ്ടാല്‍.. നിന്റെ ഈ വീര്‍ത്തിരിക്കുന്ന കള്ള് കുടുക്കയുണ്ടല്ലോ.. ഇടിച്ചു ഞാന്‍ കലക്കിക്കളയും.."



ഹാഫ് ഡോര്‍ തുറന്നടയുന്നതും പാക്കരന്‍ ചേട്ടന്‍ എലിവാണം പോലെ പായുന്നതും കണ്ട ഞാന്‍ ഒട്ടും സമയം കളയാതെ പാക്കരന്‍ ചേട്ടന്റെ പിറകെ വിട്ടു. "കള്ളു കുടുക്ക" എന്നു ഇടിയന്‍ ഭവാനി പറഞ്ഞത് പാക്കരന്‍ ചേട്ടന്റെ "കുടവയര്‍" ആണെന്നും അതേ പോലെയുള്ള ഒരു "കള്ളു വയര്‍" എനിക്കും ഉണ്ടെന്നും ഓടുന്ന വഴിയില്‍ ഞാന്‍ ഓര്‍ക്കാതിരുന്നില്ല.


34 comments:

  1. മിലിട്ടറി ക്വോട്ടയില്‍ തെങ്ങിന്‍ കള്ള് ചേര്‍ത്തത് പോലെയുള്ള "തീവ്രമായ" ഒരു ബന്ധമാണ് ഞാനും പാക്കരന്‍ ചേട്ടനും തമ്മിലുള്ളത്.

    ReplyDelete
  2. ((((ഠേ)))))
    തേങ്ങയല്ല! പ്രസാദം...

    പട്ടാളം ചേട്ടന്റെ കള്ളുകുടുക്ക ഇടിയൻ ഭവാനി കലക്കിയില്ലെങ്കിലും പാക്കരൻ ചേട്ടനൊപ്പമുള്ള ഓട്ടത്തിൽ കലങ്ങിക്കാണും!

    നന്നായി.
    ഇഷടപ്പെട്ടു

    ReplyDelete
  3. "സ്ഥലം എസ്.ഐയുടെ പട്ടാളക്കാരനായ മരുമകന്റെ പട്ടാളക്കാരനായ സുഹൃത്താകാന്‍ പോകുന്ന ഞാന്‍ എന്റെ തലയും സാമന്യം ഭേതപ്പെട്ട രീതിയില്‍ പൊക്കിപ്പിടിച്ച് കൊണ്ട് പാക്കരന്‍ ചേട്ടന്റെ പിറകെ നടന്നു."

    അതൊരു വല്ലാത്ത നടത്തായിപ്പോയി....
    രസിച്ചു വായിച്ചു...

    ReplyDelete
  4. അടി കിട്ടിയില്ലെന്നുള്ള കാര്യം ഉറപ്പല്ലേ .... ഞാന്‍ വിശ്വസിച്ചു..ഉം...

    ReplyDelete
  5. അതു ശരി ലാസ്റ്റ് കണ്ടപ്പോൾ പട്ടാളത്തിന്റെ മുഖത്തെ ചതവു കാലു തെറ്റി വീണതാണെന്നാണല്ലോ പറഞ്ഞതു.. പുടി കിട്ടി.. :)

    ReplyDelete
  6. "സ്ഥലം എസ്.ഐയുടെ പട്ടാളക്കാരനായ മരുമകന്റെ പട്ടാളക്കാരനായ സുഹൃത്താകാന്‍ പോകുന്ന ഞാന്‍ എന്റെ തലയും സാമന്യം ഭേതപ്പെട്ട രീതിയില്‍ പൊക്കിപ്പിടിച്ച് കൊണ്ട്............
    അത് തകര്‍ത്തു!!!!

    ReplyDelete
  7. ഹഹ അപ്പോള്‍ ആ കള്ളുകുടുക്കയും ആയി ഫുള്‍ ടൈം ഓട്ടം ആണല്ലേ ഇപ്പൊ പരുപാടി !

    നന്നായി ചിരിപ്പിച്ചു !

    ReplyDelete
  8. അത് ശരി. അപ്പൊ ഇടിയന്‍ ഭവാനിയും കുടിച്ചു പറ്റ് ആവാരുണ്ടാല്ലേ? അല്ലെങ്കില്‍ പിന്നെ സ്വയം ഒരാളെ ടോര്‍ച്ച് ഏല്‍പ്പിച്ചിട്ട് അടുത്ത ദിവസം അയാളെ തെറി പറയുന്നത് എങ്ങിനെ ജസ്ടിഫൈ ചെയ്യും? അതോ, ഭവാനി തനിക്കു ടോര്‍ച്ച് സഹതാപം തോന്നി തന്നതാണെന്ന് പാക്കരന്‍ ചേട്ടന് തോന്നിയതാണോ?
    ഏതായാലും രഘുവേട്ടന്‍ വന്ന കാര്യം നടത്താതെ തിരിച്ചു പോയത് മോശമായി എന്നാണ് എന്റെ അഭിപ്രായം. ഭാവാനിയമ്മയെ ഒന്ന് കയറി കാണാമായിരുന്നു. വെറുതെ, ജസ്റ്റ് ഫോര്‍ ഹൊറര്‍..

    ReplyDelete
  9. അല്ല ഷ്ടാ, എന്നെ ഫോണില്‍ വിളിച്ചപ്പോ ഓടിയ കാര്യമൊന്നും പറഞ്ഞില്ലല്ലോ..!!! ഓ.. ഓടാന്‍ പോകുന്നതെ ഉണ്ടായിരുന്നുള്ളു അല്ലെ?

    ReplyDelete
  10. നല്ല കഥ രഘൂ..നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  11. സത്യം സംഭവം പക്ഷെ അവാര്‍ഡ്‌ പടം പോലെ ആയിപ്പ്പ്പോയി

    ReplyDelete
  12. nannayi,.. Odiyathu,...
    ini ippo marumakanum ayi chercayilallenkil avide kodukkendathokke SI kayil kittiya pattalakkaranu koduthu theerthene,..

    ReplyDelete
  13. ഹാഫ് ഡോര്‍ തുറന്നടയുന്നതും പാക്കരന്‍ ചേട്ടന്‍
    എലിവാണം പോലെ പായുന്നതും
    കണ്ട ഞാന്‍ ഒട്ടും സമയം കളയാതെ
    പാക്കരന്‍ ചേട്ടന്റെ പിറകെ വിട്ടു. "
    അപ്പോള്‍ ഭവാനിയമ്മ രഘുവിനു പ്രസാദം തന്നില്ല എന്നാണോ? കഷ്ടമായി വെറുതെ അവിടെ വരെ പോയി!!

    ReplyDelete
  14. @നന്ദി അലി......
    പാക്കരന്‍ ചേട്ടന്റെ കുടുക്ക ശരിക്കും കലങ്ങി...ഹി ഹി

    @നന്ദി നൌഷു....

    @നന്ദി എറക്കാടാ ..
    അടി കിട്ടിയില്ല....ഉറപ്പ്...ഹ ഹ

    @നന്ദി പ്രവീണ്‍...
    ഹി ഹി...മുഖത്തെ ചതവ്.....ഹോ.. പ്രവീണ്‍ അത് കണ്ടു അല്ലേ....?

    @നന്ദി കൃഷ്ണകുമാര്‍...

    @നന്ദി ഒഴാക്കാന്‍....എന്തെങ്കിലും ഒരു പണി വേണ്ടേ...ഹി ഹി..

    @നന്ദി ചിതല്‍...
    ഇടിയന്‍ ഭവാനിയുടെ ഒരു നമ്പര്‍ ആണ് ഈ "ടോര്‍ച്ചു കൊടുത്തുവിടല്‍" പരിപാടി. രാത്രിയില്‍ സെക്കണ്ട് ഷോ കണ്ട ശേഷം ലൈറ്റ് ഇല്ലാതെ പോകുന്നവരെയും പാക്കരന്‍ ചേട്ടനെപ്പോലെ അടിച്ചു വീലൂരി ഇരുട്ടത്ത് നടക്കുന്നവരെയുമൊക്കെ കണ്ടാല്‍ ഇടിയന്‍ ഭവാനി തന്റെ ടോര്‍ച്ചു അവര്‍ക്ക് കൊടുത്ത് വിടും. എസ് ഐ ഏമാന്റെ ടോര്‍ച്ചു കിട്ടിയ പാക്കരന്‍ ചേട്ടനെപ്പോലെയുള്ള മണ്ടന്മാര്‍ അത് ഒരു ബഹുമതിയായി കണക്കാക്കുകയും ഏമാന്റെ പ്രീതി സമ്പാദിക്കാനായി പിറ്റേദിവസം മേല്‍പ്പടി ടോര്‍ച്ചുമായി അവരുടെ മുന്‍പില്‍ ഹാജരാവുകയും ചെയ്യും.

    ടോര്‍ച്ചുമായി വരുന്നവരുടെ മുന്‍കാല നടപടികള്‍ നോക്കിയാണ് പിന്നീടുള്ള കാര്യങ്ങള്‍. എന്ന് വച്ചാല്‍ വലിയ കുഴപ്പക്കാരല്ല എന്ന് തോന്നിയാല്‍ "മേലാല്‍ ലൈറ്റ് ഇല്ലാതെ ഇരുട്ടത്ത് പോകരുത്" എന്നൊക്കെയുള്ള ഉപദേശങ്ങള്‍ കൊടുത്ത് വിടും. പാക്കരന്‍ ചേട്ടന്‍ മിക്കവാറും ദിവസങ്ങളില്‍ പോയി "പ്രസാദം" വാങ്ങാറുള്ളത് കൊണ്ടാകാം ഒരെണ്ണം പൊട്ടിച്ചത് എന്ന് ഞാന്‍ കരുതുന്നു...

    ഫോണില്‍ വിളിച്ചപ്പോള്‍ ഓടിയ കാര്യം പറഞ്ഞാല്‍ പിന്നെ വായിക്കാന്‍ ഒരു രസം വരില്ലല്ലോ എന്ന് കരുതിയാ പറയാതിരുന്നത് ...ഹ ഹ ഹ ഹ

    @നന്ദി ജെയിംസ്‌ സാര്‍...

    @നന്ദി Quwatul ...

    @ അതെ കിഷോര്‍ ..രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതി ഹ ഹ ..

    @നന്ദി മാണിക്യം ചേച്ചി...സത്യമായും പ്രസാദം കിട്ടിയില്ല. ഹി ഹി

    @നന്ദി ഹാഷിം...

    ReplyDelete
  15. ഹ ഹ കൊള്ളാം
    കള്ളു കുടുക്കക്ക് കേടൊന്നും പറ്റിയില്ല എന്നുള്ളത് സത്യം തന്നെ അല്ലെ

    ReplyDelete
  16. തീവ്രബന്ധം
    കള്ളുകുടുക്ക
    ഇടിയന്‍ ഭവാനി
    എല്ലാം പതിവുപോലെ ചിരിപ്പിച്ചു

    ReplyDelete
  17. കൊള്ളാം. ചിരിയുടെ ഒരര പെഗ്ഗടിച്ചു.
    (പട്ടാളക്കാരാ എന്റെ “പെൻഷൻ” എന്ന കവിത ഒന്നു വായിച്ചുനോക്കൂ...)

    ReplyDelete
  18. ഹോ.. രണ്ടു ‘കള്ള് കുടുക്ക’കളുടെ ആ ഓട്ടം ഒന്ന് മനസ്സിൽ ഓർത്തതാ. പെട്ടെന്ന് വീട്ടിൽ എത്തിക്കാണുമല്ലേ.

    ReplyDelete
  19. ഇടിയൻ ഭവാനിയുടെ കയ്യില്‍ നിന്നും വാങ്ങിച്ചു കൂട്ടിയോ ?

    ReplyDelete
  20. @നന്ദി അഭി..
    കള്ള് കുടുക്ക Still Ok ..ഹ ഹ

    @നന്ദി രമണിഗ

    @ നന്ദി കലാവല്ലഭന്‍

    @ നന്ദി വശംവദന്‍

    @നന്ദി കൃഷ്‌

    @ നന്ദി ഒറ്റയാന്‍...ഇടി കിട്ടുന്നതിനു മുന്‍പേ സ്ഥലം വിട്ടില്ലേ ഹി ഹി

    ReplyDelete
  21. അവസാനത്തെ ആ ഓട്ടം മനസ്സില്‍ കണ്ടു കൊറേ ചിരിച്ചു.

    ReplyDelete
  22. വീർത്തിരിക്കുന്ന കള്ളുകുടുക്ക!
    തകർത്തു!
    ആ ഇടിയൻ ഭവാനി ഇപ്പഴും അവിടുണ്ടോ!?

    ReplyDelete
  23. "പോലീസ് സ്റ്റേഷനില്‍ പോകുക എന്നത് അടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ പോകുന്നത് പോലെയാണ് പാക്കരന്‍ ചേട്ടന്."

    ഹഹഹഹ

    എന്നാലും ഇടിയന്‍ ഭവാനിയുടെ ഇടി വാങ്ങുന്നത് ഒരു അന്തസ്സല്ലായിരുന്നോ പട്ടാളം?? :)

    ReplyDelete
  24. നന്ദി ക്യാപ്ടന്‍...

    നന്ദി ജയന്‍ സാര്‍....

    നന്ദി അനീഷ്‌

    നന്ദി നന്ദേട്ടാ ...

    ReplyDelete
  25. നന്നായി.
    ഇഷടപ്പെട്ടു

    ReplyDelete
  26. അമ്പടാ, കായംകുളംകാരനായ ഞാന്‍ ഇവിടുണ്ടേ.
    സംഭവിച്ച സ്റ്റേഷനും ശരിക്കുള്ള കഥയും പ്രകാരം ഭാസ്ക്കരേട്ടന്‍ വിലാസിനി ചേച്ചിയെ ഒറ്റക്ക് സെക്കന്‍റ്‌ ഷോയ്ക്ക് വിട്ടതിനു ഇടിയന്‍ സാര്‍ ചേച്ചിയുടെ കൈയ്യില്‍ ടോര്‍ച്ച് കൊടുത്ത് വിട്ട കഥയല്ലേ?
    അല്ല, ഇത് അതല്ലേ?

    ReplyDelete
  27. നന്ദി ജിഷാദ് ക്രോണിക്...

    നന്ദി അരുണ്‍...
    ആ കഥയല്ല ഈ കഥ...ഈ കഥയല്ല ആ കഥ..
    ശെടാ...ഇനി ആ കഥ തന്നെയാണോ ഈ കഥ?... ആകെ കണ്‍ഫ്യൂഷന്‍ ആക്കിയല്ലോ അരുണ്‍...!!!
    :)

    ReplyDelete
  28. സൂപ്പർ ഫാസ്റ്റേ, ഭാസ്ക്കരേട്ടന്‍ വിലാസിനി ചേച്ചിയെ ഒറ്റക്ക് സെക്കന്‍റ്‌ ഷോയ്ക്ക് വിട്ടതും, ബാഹുലേയന്റെ ഇളയമോൾ രതി തയ്യൽ ക്ലാസിൽ പോയപ്പോൾ കാലിൽ കുപ്പിച്ചില്ല് കൊണ്ടതുമൊക്കെ ഇങളെങിനെ അറിയുന്നു..?!! അല്ല ഇങള് പറയീം :‌)

    പട്ടാളം, സംഭവം ചിരിപ്പിച്ചു :)

    ReplyDelete
  29. അടി കൊള്ളാതിരുന്നത് ഭാഗ്യം

    ReplyDelete
  30. നന്ദി ഭായി...

    നന്ദി ശ്രീ

    ReplyDelete
  31. എന്തായാലും ചേട്ടൻ പാക്കരൻ ചേട്ടന്റെ ഒപ്പം പോകഞ്ഞത് നന്നായി അല്ലെങ്കിൽ ചേട്ടന്റെയും കള്ളുംകുടം ഭാവാനി അടിച്ചു പൊട്ടിച്ചേനെ

    ReplyDelete
  32. ചിരിപ്പിച്ചല്ലോ മാഷേ.. ഇനിയും വരാംട്ടോ..

    ReplyDelete
  33. ഹ ഹ ..നന്ദി ജുജൂസ്...

    നന്ദി "സ്നോഫാള്‍" .. ഇനിയും വരുമല്ലോ?

    ReplyDelete