Friday, October 7, 2011

മാത്തുക്കുട്ടിയുടെ ക്രൂര കൃത്യം

പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം  പത്തു ദോശയും   അതിനു ആനുപാതികമായ അളവിലുള്ള     ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള  ബസ്‌ സ്റ്റോപ്പിലെത്തി അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന സുന്ദരികളായ തരുണീമണികളുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട്‌  പത്താം ക്ലാസ്സില്‍  പഠിച്ച ജീവശാസ്ത്രപുസ്തകത്തിലെ “മനുഷ്യ ശരീരഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും” എന്ന പാഠത്തിന്റെ 'റിവിഷന്‍'  നടത്തുകയെന്നത്  എന്റേയും  കൂട്ടുകാരുടെയും ഹോബിയായിരുന്നു. 

പട്ടാളത്തില്‍ ചേര്‍ന്നതിനു   ശേഷവും ലീവിന് വരുമ്പോള്‍  ഈ പരിപാടി മുടക്കം കൂടാതെ  നടത്തുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

കാലക്രമേണ ആ പതിവ്  തെറ്റി. സുഹൃത്തുക്കളായിരുന്ന റസാഖും മാത്തുക്കുട്ടിയും   ഉപജീവനാര്‍ഥം   പ്രവാസികളാവുകയും  പ്രവാസിനികളെത്തന്നെ വിവാഹം കഴിക്കുകയും  ചെയ്തു. അതോടെ അവര്‍  വഴിവക്കിലെ കലുങ്കിലിരുന്നുള്ള  "ഡൊമസ്റ്റിക്ക് ഔട്ട്‌ ഡോര്‍ റിവിഷന്‍" പൂര്‍ണമായി നിര്‍ത്തുകയും  "ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ റിവിഷനി" ലേയ്ക്ക്  ചേക്കേറുകയും ചെയ്തു.  നാട്ടുകാരിയെത്തന്നെ കല്യാണം   കഴിച്ച എന്റെ റിവിഷന്‍  "വര്‍ഷത്തില്‍  രണ്ടുമാസം  ഒണ്‍ലി" എന്ന   മിലിട്ടറി കണക്കിലേയ്ക്ക്  ചുരുങ്ങി.

അങ്ങനെ ഒരിക്കല്‍ അവധിക്കാലത്ത്   ഞാനും  മാത്തുക്കുട്ടിയും റസാഖും കൂടി   ബസ് സ്റ്റോപ്പിനടുത്തുള്ള കലുങ്കിലിരുന്നു  റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ്‌ ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി  കലുങ്കിന്റെ അടുത്തേക്ക്‌ വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.

പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തുക്കുട്ടി  ഓടാന്‍ എളുപ്പമുള്ള  കുറുക്കു വഴി   നോക്കി ഉറപ്പു വരുത്തിയിട്ട് സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവറെപ്പോലെ ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ തയ്യാറായി  നിന്നു. റസാഖ്‌ എന്തു  ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ് ധാരിണിയെ നോക്കി  റിവിഷന്‍ തുടന്നു.


അല്ലെങ്കില്‍തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്റടിക്കുന്നതും  ഒരു കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ? അങ്ങനെയുള്ള കമന്റടികള്‍  ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ?   അങ്ങനെ ചെയ്യുന്നത്    കുറ്റമാണെന്ന്  ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?. അഥവാ അങ്ങനെ പറഞ്ഞാല്‍ ആ മാന്യദേഹത്തിന്റെ തന്ത്രപ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും “ ഏനക്കേട് “വന്നിട്ടുള്ള ആളായിരിക്കണം. 

ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ്‌ ചെയ്യാതെ എന്റെ  റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.

“ആരാടാ  രഘുനാഥന്‍?”

ഒരു പോലീസുകാരന്റെ ഘനഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്നു  ഞെട്ടി. എന്റെ  പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍?   അങ്ങനെ ആകാനാണ് വഴി. ഞാനൊരു പട്ടാളക്കാരന്‍ ആണെന്നുള്ള  വിവരം ഒരുപക്ഷെ ഇവര്‍ക്ക് അറിയില്ലായിരിക്കാം.

പുവര്‍ ഫെലോസ്... …!! 

ഞാന്‍ റിവിഷന്‍ തുടര്‍ന്നു.

“എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങ്ങളില്‍  ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? “

ആജാനുബഹുവായ ഒരു പോലീസ്സുകാരന്റെ എരുമ അമറുന്ന സ്വരത്തിലുള്ള ചോദ്യം കേട്ടതോടെ  ഓടാന്‍ തയ്യാറായി നിന്ന മാത്തുക്കുട്ടി  ഓട്ടം  ക്യാന്‍സല്‍ ചെയ്തിട്ട്  ആശ്വാസത്തോടെ  കൈ എന്റെ  നേരെ ചൂണ്ടി.  

പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ് ധാരിണിയും   പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങ്ങളെ  ശ്രദ്ധിച്ചു കൊണ്ട് അവിടെത്തന്നെ  നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാനായി അടുത്തു കൂടി. ഈ ലാക്കില്‍  ആരുമറിയാതെ റസാഖ്‌  മുങ്ങി. മാത്തുക്കുട്ടി  ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.

“നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ.  എസ്ഐ ഏമാന്   നിന്നെ ഒന്നു കാണണമെന്ന് ”.

ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തിലെ ആളെപ്പോലെ  മസ്സിലു  പിടിച്ചു ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി.

പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല. എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ്‌  സ്റ്റേഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല. ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ഞാന്‍ ആസകലം വിയര്‍ത്തു. ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി. 

മാത്തുക്കുട്ടി നിന്ന സ്ഥലം ശൂന്യമായിരിക്കുന്നു. !

കാണികളെല്ലാം പട്ടാളക്കാരനെ പോലീസ്സുപിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്. മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു. എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന്‍ ലാക്കാക്കി പാഞ്ഞു.

വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു.

ഈ കാലമാടന്മാര്‍  എന്തു കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്റെ  തലയില്‍ ഇവര്‍ കെട്ടി വയ്കുമോ? അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ? ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര്‍ മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്.   അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്റെ  കാറ്റ് പോകാനാണ്  സാധ്യത !


ഇപ്പോഴത്തെ എസ് ഐ ആളൊരു   ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരനാണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന്‍ ആണെന്നും ലീവിന് വന്നതാണെന്നും  പറയുന്നതിന്  മുന്‍പു തന്നെ എനിക്ക്  കിട്ടാനുള്ളത് കിട്ടിയിരിക്കും.

ദൈവമേ..  ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്ത  കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ. ഞാനിതെങ്ങനെ സഹിക്കും? എന്റെ  അമ്മയും അച്ഛനും എങ്ങനെ സഹിക്കും?  

എല്ലാം കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് ചെറിയ മൂത്രശങ്ക തോന്നി.

വണ്ടി പോലീസ്‌ സ്റ്റേഷന്റെ മുറ്റത്തെത്തി  ഇരച്ചു നിന്നു. ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്‌.  ഞാനെന്തോ   വലിയ പാതകം ചെയ്ത രീതിയില്‍ അവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഒരു പോലീസ്സുകാരന്‍ സ്റ്റേഷന്റെ  ഉള്ളില്‍ നിന്നും ഇറങ്ങി വരികയും ഞങ്ങളെ കണ്ടയുടന്‍ അകത്തേക്ക് കയറിപ്പോവുകയും ചെയ്തു. അയാള്‍ എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും എന്നു ഞാന്‍ ഊഹിച്ചു.

രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന്‍ ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി. കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?. ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ്‌ സ്റ്റേഷനില്‍..!!

എങ്ങനെ പ്രാകാതിരിക്കും?

എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ്‌ ഡോര്‍ അടഞ്ഞു കിടക്കുന്നു. പോലീസ്സുകാര്‍ എന്നെ   മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ   വേറെ  മൂന്നുനാലു പൊലീസുകാര്‍  കൂടി ഇരിക്കുന്നുണ്ട്‌ .  

ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എസ്ഐ ഇടിക്കുന്നതിനു മുന്‍പ്    ഇവരെല്ലാവരും  കൂടി  ഇടിക്കാനുള്ള പ്ലാനാണോ?  ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.? ഞാന്‍ പേടിയോടെ ചിന്തിച്ചു.

എനിക്ക് മൂത്രശങ്ക കലശലായി. ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്നു മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍.... 

ഞാന്‍ പരവേശത്തോടെ ചുറ്റും നോക്കി.

പെട്ടെന്ന്  എസ് ഐ ഏമാന്റെ മുറിയുടെ വാതില്‍ തുറന്നടഞ്ഞു.  ഒരാള്‍ ആ മുറിയില്‍ നിന്നും  പുറത്തിറങ്ങി. 

ആറടിയിലധികം ഉയരം. അതിനൊത്ത വണ്ണം. ഉരുണ്ട മുഖം, കട്ടി മീശ.. കാക്കിയണിഞ്ഞ അയാളുടെ  ചുമലില്‍ വെട്ടിത്തിളങ്ങുന്ന  നാലു നക്ഷത്രങ്ങള്‍..!

ഈശ്വരാ ...കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ രൂപം.!!

അയാളുടെ വരവു  കണ്ട പോലീസ്സുകാര്‍ ചാടിയെഴുനേറ്റു.

എന്റെ നേരെ നടന്നടുക്കുകയാണ്   സബ്ബ് ഇന്‍സ്പെക്ടര്‍.! അയാളുടെ മുഖം കോപം കൊണ്ട് ചുവന്നിരിക്കുന്നു.

ഒരു നിമിഷം….പെട്ടെന്നയാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി ഒരു പിടുത്തം. കൂടെ  ഒരലര്‍ച്ചയും.


“ഫാ പുല്ലേ...ഓര്‍മ്മയുണ്ടോ ഈ മുഖം? നീ രക്ഷപെട്ടു എന്നു കരുതി  അല്ലേടാ കോപ്പേ...?”

ആ  അലര്‍ച്ച കേട്ടു ഞാന്‍ വിരണ്ടു പോയി. 

കര്‍ത്താവേ ഇയാള്‍  സുരേഷ് ഗോപിയുടെ ഡ്യൂപ്പോ മറ്റോ  ആയിരിക്കുമോ? 

അങ്ങിനെയാണെങ്കില്‍   എന്റെ  മുതുകത്ത്   ഉടനെ  ഒരു  "ഷിറ്റ് "   പ്രതീക്ഷിക്കാം.    

അതോടെ ഞാന്‍ പ്രയാസപ്പെട്ടു പിടിച്ചു വച്ചിരുന്ന മൂത്രശങ്ക  പിടിവിടുമെന്ന്  ഉറപ്പായി. പോലീസ്  സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുമോ?

കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു.  ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എന്നെ പിടികൂടി.

പെട്ടെന്ന് സുരേഷ് ഗോപിയുടെ ഡ്യൂപ്പ്  പൊട്ടിച്ചിരിച്ചു. കൂടെ പോലീസ്സുകാരും. 

“ഡാ രഘൂ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ. ബീയേയ്ക്ക് നിന്റെ കൂടെ ഒന്നിച്ചു പഠിച്ചില്ലേ? ...  ബാബു ...

ബാബുവോ...ഏതു ബാബു...എനിക്ക്   ആളെ  പിടികിട്ടിയില്ല. 

എടാ സുരേഷ്  ബാബുവിനെ നീ ഓര്‍ക്കുന്നില്ലേ...?


ങേ ..സുരേഷ് ബാബുവോ?...  ഞാന്‍ അവിശ്വസനീയതയോടെ നോക്കി...


യെസ്..  സുരേഷ് ബാബു തന്നെ. ഞാന്‍ ഇവിടെ ചാര്‍ജ്ജെടുത്തിട്ടു ഒരാഴ്ചയേ  ആയുള്ളൂ.  നീ വന്ന വിവരം ഇന്നലെ മാത്തുക്കുട്ടിയാ  എന്നെ വിളിച്ചു പറഞ്ഞത്. അപ്പോള്‍  നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്.  രാവിലെ നീ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു അവന്‍ തന്നെയാ  എന്നോട് പറഞ്ഞത്."
 
പരമദ്രോഹീ  മാത്തുക്കുട്ടീ……………..

അപ്പോള്‍ ഇത്  നിന്റെ  പ്ലാനിങ്ങായിരുന്നു അല്ലെ? നിന്നെ ഞാന്‍ എടുത്തോളാം.. പക്ഷെ അതിനു മുന്‍പ്   ഞാനൊന്ന് മൂത്രമൊഴിക്കട്ടെ.

പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര  ലക്ഷ്യമാക്കി  പാഞ്ഞു.

17 comments:

  1. പോലീസ് സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുമോ?

    ReplyDelete
  2. ഹെയ്‌ പട്ടാളക്കാരന്റെ ദേഹത്തു കൈ വക്കാന്‍ ആരും ഒന്നാലോചിക്കും
    കള്ളുകുടിയും ബീഡിവലിയും ആയി നടക്കുന്ന കുടവയറന്‍ പോലീസിന്‌
    അതിനുള്ള ചങ്കൂറ്റം കാണുമോ?

    പട്ടാളത്തില്‍ നിന്നും ലീവിനു വന്ന എന്റെ ഒരു സുഹൃത്തിന്റെ വീടിനരികില്‍ ഉള്ള ഒരു മാടക്കട രാത്രി കുത്തിത്തുറന്നു ഒരു വിദ്വാന്‍.
    ശബ്ദം കേട്ടുണര്‍ന്നു നോക്കിയ സുഹൃത്ത്‌ അവനെ ഓടിച്ചു.

    ഓടിക്കാന്‍ ചെന്ന സുഹൃത്തിനു നേരെ ആളറിയാതെ അവന്‍ കയ്യിലിരുന്ന സ്കൃൂ ഡ്രൈവര്‍ ഓങ്ങി.
    അവന്റെ കഷ്ടകാലം അല്ലാതെ എന്തു പറയാന്‍.
    ആ സുഹൃത്തിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഞാന്‍ ആ ഓര്‍മ്മ കൊണ്ട്‌ എഴുതി പോയതാ

    ReplyDelete
  3. രസകരം മാഷേ.

    അവിടെ വച്ച് 'കാര്യം' സാധിച്ചിരുന്നേല്‍ പോലീസ് സ്റ്റേഷന്‍ വൃത്തികേടാക്കി എന്ന പെറ്റി കേസ് കൂടി ചാര്‍ജ്ജ് ചെയ്യിച്ച് വിട്ടേനെ. ;)

    ReplyDelete
  4. ഹഹഹാ
    അപ്പോ പോലീസിനെ പേടിയാല്ലേ??

    പട്ടാളാവുമ്പോ കൂടെ തോക്കുണ്ടാവോല്ലോ..!! പിന്നെ എന്തിനാ പേടിക്കുന്നെ

    രസകരം വായന

    ReplyDelete
  5. സുരേഷ് ഗോപിയല്ലെങ്കിലും സുരേഷ് ബാബുവായിരുന്നല്ലോ. സംഭവം രസകരം. പട്ടാളക്കാരനും പൊലീസിനെ പേടിയാണല്ലേ.

    ReplyDelete
  6. പുളു! പുളു!!

    ഇതു ഞാ‍ൻ തമ്മസിക്കൂലാ!

    സത്യത്തിൽ നടന്നതെന്തെന്ന് മാത്തുക്കുട്ടി എല്ലാരോടും അന്നേ പറഞ്ഞിരുന്നു.

    മനോരമാ വിഷങ്കാര് ഒടനേ മാത്തുക്കുട്ടിച്ചായനേ ലൈവായി അവതരിപ്പിക്കുമെന്നാ കേട്ടത്!

    ഹ! ഹ!!

    ReplyDelete
  7. സസ്പെന്‍സ് പെട്ടന്ന് തീര്‍ന്നത് നന്നായി..... :)

    ReplyDelete
  8. >പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു<

    പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷം കുളിക്കാറില്ല എന്നില്ലല്ലോ :)


    പട്ടാളം പോലിസിനെ പേടിച്ച് മൂത്രമൊഴിച്ച കഥ ഉഷാറായി..
    മാത്തുകുട്ടിയാണ്‌ താരം

    ReplyDelete
  9. രഘുനാഥേട്ടോ....പട്ടാളക്കഥകൾ വളരെ നന്നാകുന്നുണ്ട്.....നാട്ടുകാരെ പറഞ്ഞുപറ്റിച്ചിരിക്കുന്ന കഥകൾ ഇനിയും ഒത്തിരി കൈയിൽ കാണുമല്ലോ... അതൊക്കെ ആഴ്ചയിൽ ഒന്നുവച്ച് എഴുതിക്കൂടേ.....:)

    ReplyDelete
  10. @ പ്രിയ ഹെരിറ്റേജ് സാര്‍..
    എന്നിട്ട് പട്ടാളക്കാരന്‍ സുഹൃത്ത് കള്ളന്റെ സ്വന്തം "സ്ക്രൂ ഡ്രൈവര്‍" ഒടിച്ചു കാണും കാണും അല്ലേ സാര്‍ ? :)
    @ ഹ ഹ ..നന്ദി ശ്രീ..
    @ നന്ദി ഹാഷിം..
    തോക്ക് ഉണ്ടായാല്‍ മാത്രം പോരല്ലോ. വെടി വയ്ക്കാനുള്ള ര്‍ ഓര്‍ഡര്‍ കൂടി വേണ്ടേ? ഹ ഹ
    @ നന്ദി എഴുത്തുകാരി ചേച്ചി...
    @നന്ദി വൈദ്യരെ ..
    മനോരമാ വിഷന്കാര്‍ മാത്തുക്കുട്ടി അച്ചായനെ ലൈവ് പിടിക്കാന്‍ ക്യാനഡയില്‍ പോകേണ്ടി വരും ഹ ഹ
    @ നന്ദി ബഷീര്‍...
    പട്ടാളത്തില്‍ പോയതില്‍ പിന്നെ കുളിയ്ക്കാനേ നേരമുള്ളൂ...ഹ ഹ
    @നന്ദി ഷിബു...
    ആഴ്ചയില്‍ ഒന്ന് വച്ച് പട്ടാളക്കഥ എഴുതണമെന്നു ആഗ്രഹമുണ്ട് ഷിബു. പക്ഷെ സംഗതി നടക്കേണ്ടേ? സമയക്കുറവുതന്നെ പ്രശ്നം :)

    ReplyDelete
  11. രഘുനാഥന്‍,
    രസകരമായ അവതരണം...
    നല്ല അനുഭവം തന്നെ. മാത്തുകുട്ടിയാണ് താരം..:)

    ReplyDelete
  12. മത്തുകുട്ടീടെ കാര്യം തീരുമാനമായി.
    (മാത്തുകുട്ടീ വിട്ടോടാ...........)

    ReplyDelete
  13. വൈദ്യർ പറഞ്ഞ അഭിപ്രായമാ എനിക്കും. വേറെ എന്തോ നടന്നിട്ടുണ്ടല്ലൊ, എന്താദ്?

    ReplyDelete
  14. ജീന്‍സിട്ട പെണ്ണുങ്ങളെ കാണുമ്പോള്‍ ഉള്ള ആ ഇളക്കം ഉണ്ടല്ലോ...അതങ്ങ് നിര്‍ത്തിയേക്കു !

    എപ്പോഴും സ്ഥലം സ്റെഷനില്‍ പരിചയക്കാര്‍ ഉണ്ടാവില്ല !

    (നന്നായി ചിരിപ്പിച്ചു കേട്ടോ ചേട്ടാ !)

    ReplyDelete
  15. അതു ശരി, അപ്പോ പോലീസിനെ കണ്ടാൽ പേടിയുള്ള പട്ടാളമാണല്ലേ......

    ReplyDelete
  16. വളരെ വൈകിയാണ് ഇവിടെ എത്തിയത് എന്ന് തോന്നുന്നു ' ബെറ്റര്‍ ലേറ്റ് ദാന്‍ നവര്‍'
    കഥയുടെ ഒഴുക്കിന് ഒരു ഭംഗവും വരാതെ നിലനിറുത്തുന്നു - ആ കഴിവിന് ഒരു സലാം

    ReplyDelete