Wednesday, February 22, 2012

ഞാനും എന്റെ ഇന്ദുലേഖയും

"ഇക്കണക്കിനു പോയാല്‍ മൂന്നു മാസത്തിനകം സാറൊരു അമരീഷ് പുരിയാകും"

ജലദോഷപ്പനി വന്നയാളെപ്പോലെ ആസകലം  പുതച്ചുമൂടി കസേരയിലിരിക്കുന്ന എന്റെ മിലിട്ടറിത്തലയിലൂടെ  വട്ടത്തിലും നീളത്തിലും  കത്രികയോടിച്ച്  അതിലുണ്ടായിരുന്ന തിരുകേശത്തെ നിഷ്കരുണം വെട്ടിമുറിച്ചുകൊണ്ടിരുന്ന ബാര്‍ബര്‍ സുധാകരന്റെ   പറച്ചില്‍ കേട്ട് ഞാനൊന്നു  ഞെട്ടി.

കത്രികയോട്ടത്തിന്റെ  രസത്തില്‍ പാതിമയക്കത്തിലായിരുന്ന  ഞാന്‍  പെട്ടെന്നു കണ്ണു തുറന്നു. എന്നിട്ട്   മുന്‍പിലുള്ള കണ്ണാടിയില്‍ കാണുന്ന  സുധാകരനോട് അല്പം വെപ്രാളത്തോടെ ചോദിച്ചു.

"അതെന്താ സുധാകരാ നീ അങ്ങനെ  പറഞ്ഞത്?"

"സാറിന്റെ  മുടിയുടെ ഉള്ളെല്ലാം പോയി. എന്തു മുടിയുണ്ടായിരുന്ന തലയാ. ഇപ്പം ദേ അവിടേം ഇവിടേം  അഞ്ചാറു പൂട മാത്രമുണ്ട്. ഈ പോക്ക് പോയാല്‍ അധികം താമസിക്കാതെ  സാറൊരു കഷണ്ടിത്തലയന്‍ ആകുമെന്നാ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം."

കഴുത്തുനീട്ടിയ ആമയെപ്പോലെ   കസേരയിലിക്കുന്ന എന്റെ തലയിലേയ്ക്ക്   മുണ്ടകന്‍പാടത്തു കീടനാശിനി തളിക്കുന്ന കര്‍ഷകന്റെ  ഭാവത്തില്‍   ഒരു കുപ്പിയില്‍ നിന്ന് വെള്ളം  ചീറ്റി ഒഴിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു. 

സുധാകരന്‍ അങ്ങിനെയാണ്. എന്തു പറഞ്ഞാലും അതില്‍ ഒരു ഹിന്ദി ടച്ച് ഉണ്ടാകും. പണ്ടു കുറച്ചു നാള്‍ ബോംബെയില്‍ ജോലി ചെയ്തതിന്റെ ഗുണമാണ്.

സുധാകരന്‍ പറഞ്ഞത് കേട്ടപ്പോള്‍  ചൊവ്വാദോഷം മൂലം കല്യാണം നടക്കാത്ത യുവതിയെപ്പോലെ ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു. എന്നിട്ട് സുധാകരനോട് പറഞ്ഞു.

"എന്തു ചെയ്യാനാ സുധാകരാ..വയസ്സും പ്രായവുമൊക്കെ ആയില്ലേ? അപ്പോള്‍ പഴയപോലെ മുടിയൊക്കെ നില്‍ക്കുമോ?"

"അപ്പോള്‍   സാര്‍ ടിവിയൊന്നും കാണാറില്ലേ? രണ്ടാഴ്ചകൊണ്ടു  മുടി പനങ്കുലപോലെ വളരുന്ന ഒരു  എണ്ണയല്ലേ ഇപ്പോള്‍ എല്ലാരും ഉപയോഗിക്കുന്നത്? ഇന്നലേയും ഒരു പെങ്കൊച്ചു ടിവീല്‍ വന്നു പറേന്ന കേട്ടു"

"എന്തോന്ന്.?"

"ആ എണ്ണ  തേയ്ക്കാന്‍ തുടങ്ങിയതോടെ അവരുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന്."

"ഓഹോ "

"അങ്ങിനെയെങ്കില്‍ ഒരു കുപ്പി എണ്ണ വാങ്ങിയാലോ?" ഞാന്‍ ആലോചിച്ചു.

പക്ഷെ എങ്ങിനെ വാങ്ങും? മുടി തഴച്ചുവളരുന്ന ഒരു എണ്ണയുണ്ടെന്നും ഒരു കുപ്പി ഉടനെ വാങ്ങിത്തരണമെന്നും പറഞ്ഞ ഭാര്യയോട്  "അതിനൊക്കെ ഭയങ്കര വിലയാ..നീ വല്ല വെളിച്ചെണ്ണയും വാങ്ങി  തേച്ചാല്‍ മതി" എന്നു പറഞ്ഞ ആളല്ലേ ഞാന്‍? 

ഇനി ആ എണ്ണ എനിക്ക് വേണ്ടി വാങ്ങിച്ചു എന്നവള്‍ അറിഞ്ഞാല്‍ പിന്നെ എന്റെ കഴുത്തിനു മുകളില്‍  തല കാണില്ല. 

തല ഇല്ലാതെ എണ്ണ വാങ്ങിയിട്ട് എന്തു കാര്യം? 

ഞാന്‍ ചിന്താഭാരത്തോടെ  വീട്ടിലേയ്ക്ക് നടന്നു. 

ഈശ്വരാ എന്റെ തലയും ഒരു "ഗള്‍ഫ് ഗേറ്റ് " തലയായി മാറുകയാണോ?  

എന്റെ അയല്‍ക്കാരനും സുഹൃത്തുമായ മാത്തപ്പന്‍ ചേട്ടന്റെ കഷണ്ടിത്തലയുടെ കാര്യം ഒരുമാത്ര ഞാന്‍ ഓര്‍ത്തുപോയി. 

ഒരു വലിയ കോഴിമുട്ടയുടെ ആകൃതിയുള്ള ആ തലയില്‍ ഇടതു വശത്തെ ചെവിയുടെ മുകളില്‍ മാത്രം ഒറ്റവരി ഞാറുപോലെ കുറച്ചു മുടിയുണ്ട്. കുളി കഴിഞ്ഞു വരുന്ന മാത്തപ്പന്‍ ചേട്ടന്‍  ചീര്‍പ്പ് കൊണ്ട്‌ ആ തലമുടിയെ തന്റെ  കഷണ്ടിത്തയുടെ മുകളിലൂടെ   വലതു വശത്തേയ്ക്ക് ചീകി വയ്ക്കും. 

കഷണ്ടിയുടെ മുന്‍വശത്ത്‌  രണ്ടിഞ്ചു വീതിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ആ മുടി കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്. അദ്ദേഹത്തിന്റെ  കഷണ്ടിയോടുള്ള ബഹുമാനസൂചകമായി  "ചാണ മാത്തപ്പന്‍" എന്നൊരു പേരും ഞാന്‍ അദ്ദേഹത്തിനു കൊടുത്തിരുന്നു.  

"ചാണ രഘു" എന്നൊരു പേര് എനിക്കും വീഴുമോ?  

ശരീരഘടന ഇല്ലെങ്കിലും എന്റെ സ്വഭാവമഹിമ വച്ചു നോക്കിയാല്‍ സുധാകരന്‍ പറഞ്ഞതു പോലെ "അമരീഷ് പുരി" എന്നു തന്നെ ആരെങ്കിലും പേരിടാനും മതി. 

എന്റെ തലയില്‍ കുടിയേറിയിരിക്കുന്ന കഷണ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു മാര്‍ഗ്ഗമെന്നു ഞാന്‍ തല പുകഞ്ഞാലോചിച്ചു.  

ബുദ്ധി കൂടുതലുള്ളവര്‍ക്കാണ്  കഷണ്ടിയുണ്ടാകുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്‌. ഒരു പക്ഷെ അതുകൊണ്ടാകുമോ ഇത്ര ചെറുപ്പത്തില്‍ തന്നെ എന്റെ തലയില്‍ കഷണ്ടി കയറിയത്? 

ഛെ...അതൊക്കെ ആളുകള്‍ വെറുതെ പറയുന്നതല്ലേ?  അങ്ങിനെയാണെങ്കില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ മുടിയേ കാണുമായിരുന്നില്ല.  

പിന്നെ ഇനി എന്താണൊരു മാര്‍ഗ്ഗം?  

വല്ല വിഗ്ഗും വാങ്ങി തലയില്‍ വച്ചാലോ?  

പണ്ടൊക്കെ മുടി കുറവുള്ള പെണ്ണുങ്ങള്‍ "തിരുപ്പന്‍" എന്നൊരു സാധനം തലയില്‍ ഫിറ്റു ചെയ്യുമായിരുന്നു. 

ഇപ്പോള്‍ ആണുങ്ങളാണ്  ഈ പണി ചെയ്യുന്നത്.  പക്ഷെ തിരുപ്പന്‍ എന്നതിന് പകരം "പാച്ച് "  എന്നോ മറ്റോ ആണത്രേ അതിന്റെ പേര്. 

മുടി ഇല്ലാത്ത ഭാഗത്ത്  ഈ സാധനം ഒട്ടിച്ചു വയ്കുകയാണ് ചെയ്യുക.

ഒരു പാച്ച്  വാങ്ങി ഞാനും തലയില്‍  ഒട്ടിച്ചാലോ ?  

ഹോ.. അതു വേണ്ട..ദിവസവും രണ്ടു തവണയെങ്കിലും  കുളിക്കുന്ന സ്വഭാവമുള്ള എനിക്ക്   അതൊന്നും ശരിയാവില്ല.  

ഭാര്യ അറിയാതെ ഒരു കേശതൈലം വാങ്ങുകയാണ്  നല്ലത്. ഞാന്‍ തീരുമാനിച്ചു.  

പോകുന്ന വഴിയില്‍ കണ്ട മെഡിക്കല്‍ ഷോപ്പില്‍ കയറി ഞാന്‍ മുടി വളരുന്ന എണ്ണയുടെ   ഒരു  കുപ്പിയ്ക്ക്   ഓര്‍ഡര്‍ ചെയ്തു. 

"അയ്യോ സാര്‍ ..ആ എണ്ണയ്ക്ക് ഭയങ്കര  ഡിമാണ്ടാ .സ്റ്റോക്ക് തീര്‍ന്നു. നാളയെ വരൂ" 

ഈശ്വരാ...ഇനി എന്തു ചെയ്യും? 

ഒന്നാം തീയതി ആണെന്നറിയാതെ ബിവറേജസ് ഷോപ്പിലെത്തിയ ആളെപ്പോലെ ഞാന്‍ വിഷണ്ണനായി നിന്നു. 

എന്റെ നില്പ് കണ്ടിട്ടാവണം കടയുടമ എന്നോട് പറഞ്ഞു. 

"സാര്‍ വിഷമിയ്ക്കേണ്ടാ... നമ്പര്‍ തന്നാല്‍ എണ്ണ  വന്നാലുടനെ   ഞാന്‍ മെസ്സേജ് അയക്കാം.   വന്നു വാങ്ങിയാല്‍  മതി"    

ഞാന്‍ എന്റെ നമ്പര്‍ കൊടുത്തു. 

തിരിച്ചു വീട്ടിലെത്തിയ  ഉടന്‍ ഞാന്‍ ടിവി ഓണ്‍ ചെയ്തു. മുടി വളരുന്ന എണ്ണയുടെ പരസ്യത്തിനായി കാത്തു.


അതാ വരുന്നു ആ പരസ്യം.

പത്തിരുപത്തഞ്ചു വയസുള്ള ഒരു പെങ്കൊച്ച് കാമുകന്‍ ഉപേക്ഷിച്ചു പോയ ഭാവത്തില്‍ ദുഖിതയായി ഇരിക്കുകയാണ്.

അവളുടെ എലിവാലു പോലുള്ള  മുടി  ചുമലിലൂടെ  മുന്‍പിലേയ്ക്ക്  ഇട്ടിരിക്കുന്നു.

ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കയ്യില്‍ മൈക്കും ക്യാമറയുമായി അവളുടെ അരികിലേയ്ക്ക് വരുന്നു.

അവള്‍ തന്റെ മുടിയുടെ കാര്യം ഗദ്ഗതത്തോടെ അവരോടു വിവരിക്കുന്നു. മുടി കുറവായതിന്റെ  പേരില്‍ മുടങ്ങിപ്പോയ കല്യാണാലോചനകളെപ്പറ്റി പറഞ്ഞ് അവള്‍ കണ്ണീര്‍ വാര്‍ക്കുന്നു. അവര്‍  അവളെ ആശ്വസിപ്പിക്കുന്നു. ശേഷം ഒരു കുപ്പി എണ്ണ അവള്‍ക്കു കൊടുക്കുന്നു.

രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വരാമെന്നു പറഞ്ഞു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പോകുന്നു.

രണ്ടാഴ്ച കഴിയുന്നു..

ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വീണ്ടും വരുന്നു.

പെണ്‍കുട്ടി സന്തോഷത്തോടെ അവരെ സ്വീകരിക്കുന്നു.

രണ്ടാഴ്ച കൊണ്ട്‌  പനങ്കുല പോലെ വളര്‍ന്നു നിലത്തു മുട്ടാറായ  തന്റെ മുടി അവള്‍ അവരെ കാണിക്കുന്നു.

തന്റെ എല്ലാ പ്രശങ്ങളും തീര്‍ന്നതായി അവള്‍ അവരോടു പറയുന്നു.

ചെറുപ്പക്കാര്‍  ഇരുവരും  ഹാപ്പിയാകുന്നു.

തുടര്‍ന്നു  മുടി വളരുന്ന എണ്ണയുടെ ഒരു ക്ലോസപ്പ്  ദൃശ്യം.

അതോടെ പരസ്യം തീരുന്നു.

ഹോ.. ഇത്രയും  ശക്തിയുള്ള എണ്ണയുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം. നാളെ രാവിലെ തന്നെ പോയി എണ്ണ വാങ്ങണം. ഭാര്യ അറിയാതെ കുളിമുറിയിലോ മറ്റോ വച്ചിട്ട് ഇടയ്ക്കിടയ്ക്ക് തലയില്‍ തേച്ചാല്‍ മതിയല്ലോ.

രണ്ടാഴ്ച  കൊണ്ടു എന്റെ  തലമുടി പനങ്കുല പോലെ വളരും.!

ഞാന്‍ ഉറങ്ങാന്‍ കിടന്നു...

രാത്രിയില്‍ പനങ്കുലപോലുള്ള മുടിയുമായി നടക്കുന്ന എന്നെ ഞാന്‍ സ്വപ്നം കണ്ടു.  ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്.

പിറ്റേ ദിവസം രാവിലെ  പത്തുമണിയോടെ ഞാന്‍ കുളിച്ചു റെഡിയായി കടയില്‍ പോകാനായി ഇറങ്ങുമ്പോഴാണ് ഭദ്രകാളിയെപ്പോലെ  ഭാര്യയുടെ വരവ്. അവളുടെ കയ്യില്‍ എന്റെ മൊബൈല്‍ ഫോണ്‍.
 
വന്നപാടെ അവള്‍ മൊബൈല്‍ ഫോണ്‍ എന്റെ നേരെ എറിഞ്ഞു. എന്നിട്ട്  മാരാര്‍ ചെണ്ടയില്‍ അടിക്കുന്ന രീതിയില്‍  സ്വന്തം നെഞ്ചത്ത് രണ്ടു കയ്യും വീശി  നാലഞ്ച് ഇടി പാസാക്കി. 
പിന്നെ  എന്നെ നോക്കി  ഒറ്റ അലര്‍ച്ച...

"എന്റീശ്വരാ..എന്റെ രണ്ടു പിള്ളാരുടെ തന്തയായ ഇങ്ങേര്‍ എന്നോടീ ചതി  ചെയ്തല്ലോ...ഞാനിതെങ്ങനെ സഹിക്കുമെന്റെ ശിവനേ"

എനിക്കൊന്നും മനസ്സിലായില്ല. കാര്യമെന്തെന്നറിയാതെ ഞാന്‍ അന്തം വിട്ടു നിന്നു.

"എടീ നീ നെഞ്ചടിച്ച്  കലക്കാതെ കാര്യം പറ"

"ആങ്ഹാ നിങ്ങള്ക്ക് കാര്യമറിയില്ല അല്ലേ...എന്നെയും പിള്ളാരെയും ഇട്ടേച്ചു നിങ്ങള്‍ ആ എന്തിരവളുടെ അടുത്തേയ്ക്ക്   പോവാന്‍ ഞാന്‍ സമ്മതിക്കില്ല."

"ങേ...ഏതു എന്തിരവള്‍?"  ഞാന്‍ കണ്ണു മിഴിച്ചു.

"ഓഹോ അപ്പോള്‍ നിങ്ങള്ക്ക് ഒന്നുമറിയില്ല അല്ലേ ? ആ മൊബൈല്‍ എടുത്തു നോക്ക്. അവളുടെ മെസ്സേജ് വന്നിരിക്കുന്നു."

ഞാന്‍ ഓടിപ്പോയി മൊബൈല്‍ എടുത്തു.  അതിലൊരു എസ് എം എസ്‌ വന്നു കിടക്കുന്നു...!

ഞാനത് വിറയലോടെ  വായിച്ചു...

"സാര്‍...ഇന്ദുലേഖ എത്തിയിട്ടുണ്ട്...ഉടനെ വന്നാല്‍ തരാം."

ഈശ്വരാ...

ഇവളെ ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും?

കഷണ്ടി കയറിയ തലയില്‍ കൈതാങ്ങി ഞാന്‍  വെറും നിലത്തു കുത്തിയിരുന്നു...

44 comments:

  1. അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്നു്? പോളിറ്റ് ബ്യൂറോയുടെ ശക്തി അച്യുമാമൻ പോലും മനസ്സിലാക്കിയിരിക്കുന്നു. എന്തിനു്, എന്റെ പോളിറ്റ് ബ്യൂറോയുടെ ശക്തി ഞാൻ മനസ്സിലാക്കുന്നു. “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ....”

    ആട്ടെ, ഇന്ദുലേഖയെ വീട്ടിൽ കയറ്റിയോ? പിന്നെ, പനങ്കുല പോലെ മുടി വന്നാൽ, കുന്തത്തിന്മേൽ വെൺചാമരം കെട്ടിവച്ച പോലെയുണ്ടാവും എന്നോർക്കുന്നതു് നല്ലതു്

    ReplyDelete
  2. അല്ലേലും ഈ ദൈവത്തിനു വിവരം ഇല്ലാതെ പോയിട്ടല്ലെ
    വയസാകും തോറും തലയിലെ മുടി പോയിട്ട്
    വേണ്ടാത്തിടത്തൊക്കെ എങ്ങനെ തഴച്ചാ മുടി പുതിയതു വരുന്നത്
    എന്റെ ചെവിയിൽ നല്ല കാളക്കൊമ്പു പോലെ -- ഹേയ് അല്ല ബാലരമയിലെ കുട്ടി ചെകുത്താന്റെ പോലെ
    മൂക്കിനകത്തൊ മുള്ളാണിപോലെ ബലമുള്ളത്

    തലയിലെ കാര്യം - കഷ്ടം തൊട്ടാൽ പൊഴിയുന്ന കുറെ അല്പപ്രാണികളും

    ReplyDelete
  3. ഒരു വലിയ കോഴിമുട്ടയുടെ ആകൃതിയുള്ള ആ തലയില്‍ ഇടതു വശത്തെ ചെവിയുടെ മുകളില്‍ മാത്രം ഒറ്റവരി ഞാറുപോലെ കുറച്ചു മുടിയുണ്ട്.

    Hahaha super mashe super

    ReplyDelete
  4. പാവം ഇന്ദുലേഖ ... കാത്തിരുന്നു മടുത്തു കാണും...

    രസായിട്ടുണ്ട് മാഷേ.... :)

    ReplyDelete
  5. സുമംഗല കൂടി ട്രൈ ചെയ്യ് രഘുവേട്ടാ. ശ്രീധരീയം എന്നുകൂടി മറക്കാതെ പറയണം കേട്ടോ.

    ReplyDelete
  6. പട്ടാളക്കാരുടെ തമാശകള്‍ എന്നു പറഞ്ഞു കേട്ടിട്ടുണ്ട് .പക്ഷെ ഇത്രയും രസകരമായ് ആസ്വദിക്കുവാന്‍ കഴിയുന്നതാണെന്ന് വിചാരിച്ചില്ല .ചിരിച്ചു ചിരിച്ച് കുഴഞ്ഞു .
    സുമംഗലയും കേശിനിയും പുഷ്പിണിയും തുടങ്ങി ലേഡിനെയിംമുകള്‍ വരുന്ന എണ്ണയാണു പ്രശ്നം.
    കുടുംബ ജീവിതത്തിന്റെ ഭദ്രതയ്ക്ക് എന്തെല്ലാം നോക്കണം . ഇതിലും ഭേദം പാക്കിസ്ഥാന്‍
    ബോര്‍ഡറണ് സാറേ .എല്ലാം ദൈവത്തിന്റെ കൈകളില്‍ എല്പ്പിക്കൂ ....... അതു മാത്രമേ രക്ഷയുള്ളൂ

    ReplyDelete
  7. തകർപ്പൻ!

    കിടിലൻ ക്ലൈമാക്സ്!!

    ഭാരത് മാതാ കീ ജയ്!
    (ഇങ്ങനെ പറഞ്ഞല്ലേ പട്ടാളക്കാരെ അഭിനന്ദിക്കേണ്ടത്!?)

    ReplyDelete
  8. സൂപ്പർ.....
    എന്തായാലും ചേച്ചിക്കും 2 എണ്ണം വാങ്ങിക്കൊട് പനങ്കുലപോലെ വളരട്ടെ കാർകൂന്തൽ.

    ReplyDelete
  9. ബുദ്ധി കൂടുതലുള്ളവര്‍ക്കാണ് കഷണ്ടിയുണ്ടാകുന്നതും കുഴിയിൽ ചാടുന്നതും.

    എന്നിട്ടും അവളെ വീട്ടിൽ കൂട്ടികൊണ്ടുവന്നോ ?

    കൊണ്ടുവരണം. കറുകറുത്ത മുടി വളരുമെന്നു മാത്രമല്ല, വെളുക്കുകയും (പോക്കറ്റ്‌) ചെയ്യും.

    അവതരണം അതി ഗംഭീരം

    ReplyDelete
  10. @ജയേഷ്... നന്ദി...വരവിനും വായനയ്ക്കും..

    @ചിതല്‍...
    പോളിറ്റ് ബ്യൂറോയുടെ ശക്തി അറിഞ്ഞെന്നു എനിക്ക് മനസ്സിലായി...അതാ പിന്നെ പ്രവീണിന്റെ കഥ എഴുതാതിരുന്നത്...കൂടുതല്‍ എഴുതിയാല്‍ പോളിറ്റ് ബ്യൂറോ പ്രവീണിനു വല്ല കാപ്പിറ്റല്‍ പണീഷ് മെന്റും തന്നാലോ എന്നൊരു ഭയം ... ഹ ഹ

    @ഹെരിറ്റേജ് സാര്‍...
    അതേ അതേ..ആവശ്യമില്ലാത്തിടത്തോക്കെ മുടി വളരാന്‍ ഒരു എണ്ണയു വേണ്ടാ ഹഹഹ്

    @ മനു ജി...
    വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി ...:)

    @നൌഷു.. നന്ദി...

    @ജോയ് വര്‍ഗ്ഗീസ് ..നന്ദി...

    @ശ്രീ നന്ദ...
    ഇന്ദു ലേഖയെ കൊണ്ടു തന്നെ ഞാന്‍ തോറ്റു..ഇനി സുമങ്ങള്‍ കൂടി വന്നാല്‍ ഈശ്വരാ..

    @ഗീതാകുമാരി...
    നന്ദി..വരവിനും വായനയ്ക്കും..:)

    @ഏവൂരാന്‍...
    നന്ദി ഡോക്ടറെ...

    @ പൊന്മളക്കാരന്‍.. . നന്ദി ചേട്ടാ...

    @കലവല്ലഭന്‍ .
    നന്ദി വല്ലഭാ...

    ReplyDelete
  11. ചെറിയൊരു വിഷയം വളരെ നന്നായി നര്‍മ്മത്തോടെ അവതരിപ്പിച്ചു.അതിഭാവുകത്വമില്ലാത്ത ഹാസ്യസംജ്ഞകള്‍ രസിപ്പിച്ചു.

    ReplyDelete
  12. ഇങ്ങനെയാച്ചാ... ഇന്ദുലേഖേടെ പേരു മാറ്റണം. വല്ല ‘കുടുംബം കലക്കി എണ്ണാ‘ന്നോ ‘കഷണ്ടി എണ്ണാ’ന്നോ മറ്റോ..!!

    കഥ നന്നായിരിക്കുന്നു.
    ആശംസകൾ....

    ReplyDelete
  13. ഹീശ്വ്രാ.
    എന്തോരം ശൈലിയാ സാറേ ഇത്!
    ചിരിച്ചു ചിരിച്ചു മുന്‍വശത്തെ പല്ല് തെറിച്ചുന്നാ തോന്നണെ.
    ബാക്കി പോസ്റ്റുകളുംകൂടി വായിച്ചു ന്റെ നടുവൊടിഞ്ഞു.

    (പോയിട്ട് കുറച്ചാളുകളെയും കൂട്ടി വരാം. സര്‍വ്വതിന്റെയും നടുവൊടിയട്ടെ)

    ReplyDelete
  14. ഒരു ചെറിയ ത്രെഡ് ,,നര്‍മ്മത്തില്‍ ...കൊള്ളാം നന്നായിരിക്കുന്നു ,,,(ഉപമകള്‍ അല്‍പ്പം കൂടിയോ എന്ന് സംശയം .)അഭിനന്ദനങ്ങള്‍

    ReplyDelete
  15. ഹ ഹ ഹ തകര്ത്തൂ ..രസികനായി എഴുതീ ..:)

    ReplyDelete
  16. ദേ, ഇന്ദുലേഖേ പറയരുത്.....എന്റെ അഴിച്ചിട്ടാൽ തറയിൽ കിടക്കുന്ന മുടിയുടെ രഹസ്യം....
    എല്ലാ എണ്ണകളും വളരെ നല്ലതാ, അതുണ്ടാക്കി വിൽക്കുന്നവർക്ക്.....

    പോസ്റ്റ് ഗംഭീരമായി. അഭിനന്ദനങ്ങൾ.

    ReplyDelete
  17. ഇന്ദുലേഖയും ധാത്രിയും വന്നിട്ടുണ്ട് ... ഏതാ വേണ്ടേ എന്ന് ചോദിക്കാതിരുന്നത് ചേട്ടന്റെ ഭാഗ്യം
    എന്തായാലും രസായി

    ReplyDelete
  18. ഇന്ദുലേഖ കുടുംബം കലക്കി.
    ഇനി മുടിയോ?
    അസ്സലായി പട്ടാളകഥ.
    ആശംസകള്‍

    ReplyDelete
  19. പട്ടാളക്കാരൻ രഘുനാഥേട്ടോ...മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാനിറങ്ങിയിരിക്കുകയാണല്ലേ....വളരെ രസകരം എന്ന് പറയേണ്ടതില്ലല്ലോ...ഇന്ദുലേഖ കൂടാതെ ഏതാണ്ട് മംഗലമാർ കൂടെ ഉണ്ട്..ഫോൺ നമ്പർ തന്നാൽ അവരുടെ പേരിലും ഓരോ മെസേജ് അയച്ചേക്കാം.. :)

    ReplyDelete
  20. ഇന്ദുലേഖ..!!
    മിണ്ടിപ്പോകരുത് അതിന്റെകാര്യം..!
    അത് തലയില് തേയ്ക്കാൻ തൊടങ്യേപ്പിന്നാ എന്റെ ഉള്ളം കയ്യേല് മുടി വളരാൻ തൊടങ്ങീത്..!!

    വളരെ രസകരമായെഴുതി മാഷേ..!
    ആശംസകളോടെ..പുലരി

    ReplyDelete
  21. എനിക്കും വേണം ഇന്ദുലേഖ

    ReplyDelete
  22. ഇന്ദുലേഖയ്ക്ക് പ്രശ്നങ്ങളെല്ലാം തീര്‍ക്കാൻ കഴിയുമെന്നാണ് ടീവിയിലെ പരസ്യത്തിൽ നിന്ന് ഞാൻ കരുതിയിരുന്നത്. പക്ഷേ നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടാക്കുകയാണ് ഈ ഇന്ദുലേഖ ചെയ്തതല്ലേ? കഷ്ടമായിപ്പോയി. എന്തായാലും നിങ്ങളുടെ ഭാര്യ ഏതോ ഓണം കേറാമൂലയില് നിന്നാണ് വരുന്നതെന്ന് വിശ്വസിക്കാൻ പ്രയാസം. നിങ്ങളൊരു കാര്യം ചെയ്യ്. ഭാര്യക്ക് വീട്ടിൽ ഒരു ടീവി വാങ്ങിക്കൊടുക്ക്. അവരും കാണട്ടെ നാലഞ്ച് മലയാളം ചാനലുകൾ. അപ്പോൾ ആ പാവത്തിന് മനസ്സിലാകും ഈ ഇന്ദുലേഖ വകുപ്പ് വേറെയാണെന്ന്.

    ReplyDelete
  23. ഒന്നാം തീയതി ആണെന്നറിയാതെ ബിവറേജസ് ഷോപ്പിലെത്തിയ ആളെപ്പോലെ ഞാന്‍ വിഷണ്ണനായി നിന്നു.

    ...വളരെ നന്നായി അവതരിപ്പിച്ചു,..അഭിനന്ദനങ്ങള്‍

    ReplyDelete
  24. നല്ല രസമുള്ള ശൈളില്‍..ചിരിച്ചു.. എന്ന് പറഞ്ഞാല്‍ ശെരിക്കും ചിരിച്ചു.. പക്ഷെ , ഇന്ദുലേഖ പോരാ.. ചില എണ്ണകള്‍ ആറാഴ്ച കൊണ്ട് മുടി തരും.. ചിലതിനു രണ്ടാഴ്ച മതി.. ഇപ്പോള്‍ ഇന്‍സ്റ്റന്റ് മുടി എണ്ണയും എത്തിയിട്ടുണ്ടെ.. തലയില്‍ തേച്ച ഉടനെ കൈ കഴുകിയില്ലെന്കില്‍ കൈവെള്ളയിലും മുടി കിളിര്‍ക്കും..

    ReplyDelete
  25. ആരും പറഞ്ഞു കേള്‍ക്കാത്ത ഉപമകള്‍... രസായിട്ടുണ്ട് എഴുത്ത്...

    ReplyDelete
  26. ബുദ്ധിയുള്ളവർക്കാ കഷണ്ടി വരുക എന്ന് പറയണത് സത്യാ ട്ടോ മാഷേ. കാരണം എനിക്കത് തീരെയില്ല. ബുദ്ധിയില്ലാത്തതോണ്ട് സന്തോഷിക്കുന്ന ഒരു നിമിഷം ഇതാ സമാഗതമായിരിക്കുന്നു. മിഠായി കഴിക്കൂ ആഘോഷിക്കൂ. രസായി മാഷെ പറഞ്ഞത്. ആശംസകൾ.

    ReplyDelete
  27. വായിച്ചു. നന്നായി ആശംസകള്‍.

    ReplyDelete
  28. ഇനി ആ എണ്ണ എനിക്ക് വേണ്ടി വാങ്ങിച്ചു എന്നവള്‍ അറിഞ്ഞാല്‍ പിന്നെ എന്റെ കഴുത്തിനു മുകളില്‍ തല കാണില്ല.
    തല ഇല്ലാതെ എണ്ണ വാങ്ങിയിട്ട് എന്തു കാര്യം?
    ====================
    യുദ്ധമുഖത്ത് ജീവൻ പോകുമെന്നറിഞ്ഞാലും പൊരുതുന്ന ധീരനായ ഒരു പട്ടാളക്കാരൻ ഭീരുവായി നിലവിളിക്കുന്നത് ചിലപ്പോൾ പാറ്റയെ കണ്ട് പേടിച്ചിട്ടാകാം.. ചിലപ്പോൾ സ്വന്തം ഭാര്യയെ കാണുമ്പോൾ ....
    അസ്സലായിരിക്കുന്നു താങ്കളുടെ എഴുത്ത്... ഭാവുകങ്ങൾ..

    ReplyDelete
  29. ഉഗ്രൻ നർമ്മകഥ. നല്ല ശൈലി.

    ReplyDelete
  30. ഈ സൈറ്റിൽ ജോയിൻ ചെയ്യണമെന്നുണ്ട്. പക്ഷെ അതിനുള്ള ഗാഡ്ജറ്റ് ചേത്തിട്ടില്ലല്ലോ. ഞാൻ ട്വിറ്റർ ഉപയോഗിക്കാറുമില്ല.

    ReplyDelete
  31. ബ്യൂറോയുമായി സമവായത്തിലായി. അതുകൊണ്ട് എന്റെ കഥയുടെ ബാക്കി കൂടി കാണാൻ ആഗ്രഹം. എത്രയും പെട്ടെന്നു് എഴുതും എന്നു പ്രതീക്ഷിക്കുണൂ

    ReplyDelete
  32. നര്‍മ്മം കലക്കി.

    ReplyDelete
  33. @നന്ദി മുഹമ്മദ്‌ സര്‍..ഇനിയും വരുമല്ലോ...
    @ഹഹ ..നന്ദി വികെ...വരവിനും വായനയ്ക്കും...
    @നന്ദി കണ്ണൂരാനെ...താങ്കളുടെ ക്ഷണം സ്വീകരിച്ചു ഒത്തിരിപ്പേര്‍ ഈ ബ്ലോഗ്‌ കാണാന്‍ വന്നിരുന്നു...വളരെ നന്ദി...
    @നന്ദി ഫൈസല്‍ ബാബു...ഇനിയും വരണേ...
    @നന്ദി രമേശ്‌ അരൂര്‍...
    @ഹ ഹ നന്ദി എച്മൂ...വരവിനും വായനയ്ക്കും...
    @നന്ദി അനാമിക...
    @നന്ദി തങ്കപ്പന്‍ സാര്‍...
    @ഹഹ വേണ്ടാ..ഷിബൂ... ഇന്ദുലേഖ കൊണ്ടു തന്നെ എന്റെ കാര്യം കുളമായി...:)
    @നന്ദി പ്രഭന്‍..ഹ ഹ :)
    @നന്ദി അജിത്‌....:)
    @നന്ദി ആള്‍രൂപന്‍...താങ്കള്‍ പറഞ്ഞതുപോലെ ഒരു ടി വി വാങ്ങി ഭാര്യയ്ക്ക് കൊടുത്തു... അവളും ഒന്ന് മോഡേന്‍ ആകട്ടെ ഹ ഹ :)
    @നന്ദി ദേജാവു...ഇനിയും വരുമല്ലോ ..?
    @നന്ദി ഷാനവാസ് സാര്‍... ഹ ഹ എണ്ണയുടെ ആവശ്യക്കാര്‍ നമ്മുടെ നാട്ടില്‍ കൂടി വരികയല്ലേ...:)
    @ നന്ദി khaadu ...വരവിനും വായനയ്ക്കും...:)
    @നന്ദി മണ്ടൂസാ...ഇനിയും വരണേ...:)
    @നന്ദി പൊട്ടാ ...:)
    @നന്ദി മാനവധ്വനി ...വരവിനും വായനയ്ക്കും അഭിപ്രായത്തിനും...:)
    @നന്ദി ഹരിനാഥ് :) ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റില്‍ ഫോളോവര്‍ ഗാഡ്ജറ്റ് ചേര്‍ക്കാന്‍ പറ്റുന്നില്ല...അതാണ്‌ കുഴപ്പം...മെയില്‍ വഴി പോസ്റ്റ്‌ കിട്ടാന്‍ ഒരു സൗകര്യം ചെയ്തിട്ടുണ്ട്...അതില്‍ ജോയിന്‍ ചെയ്യുമല്ലോ.
    @ പ്രവീണ്‍... ...അങ്ങിനെയെങ്കില്‍ കഥ തുടരാം.. പക്ഷെ അത് വായിച്ചു പോളിറ്റ് ബ്യൂറോ എന്തെങ്കിലും പണീഷ്മെന്റ് തന്നാല്‍ സഹിച്ചോണം ഹ ഹ ..
    @നന്ദി ഷുക്കൂര്‍...ഇനിയും വരുമല്ലോ...

    ReplyDelete
  34. ഇന്ദുലേഖ തേച്ചു കഷണ്ടിയില്‍ മുടി കിളിര്‍ത്തു തുടങ്ങിയ ഒരാളെ എനിക്കറിയാം.(ഈ പോസ്റ്റ്‌ അവരും കൂടി കാണാന്‍ എന്താ ഒരു വഴി?പരസ്യക്കൂലി കിട്ടുമായിരുന്നു)
    അയാളെ ഇപ്പോള്‍ ഇന്ദുലേഖേ എന്ന് ആള്‍ക്കാര്‍ വിളിപ്പെരിട്ടിട്ടുണ്ട്.
    നര്‍മ്മം ഇഷ്ടായി

    ReplyDelete
  35. ഇനിയും വരട്ടെ ഇത് പോലെ ഉള്ള പോസ്റ്റുകള്‍ ആശംസകള്‍

    ReplyDelete
  36. ഹ ഹ ഹ ...ന്നാലും ന്റെ ഇന്ദുലേഖേ ..

    ReplyDelete
  37. ഒരു ധൈര്യവുമില്ല. പ്രശ്നവുമായി ബാക്കി കഥ ഇറക്കിക്കോളൂ.

    ഐ മീൻ... പറഞ്ഞതു് തെറ്റിയോ? ഏതായാലും കഥയുടെ ബാക്കി കൂടി വരട്ടെ. പോളിറ്റ് ബ്യൂറോക്കു് പുതിയ ചുരിദാർ വാങ്ങിക്കൊടുക്കണ്ടീരും. എന്നാലും സാരല്യ.

    കഥ പോസ്റ്റിയാൽ ഉടനെ മെയിൽ അയക്കണം ട്ടോ. പരിഭ്രമിക്കാനാ..

    ReplyDelete
  38. ഇൻഡ്യാഹെറിറ്റേജേ... എനിക്കും ചെവിയിൽ ഇഷ്ടമ്പോലെ മുടിയുണ്ടു്. അതൊക്കെ നമ്മളേപ്പോലെ ഹെറിട്ടേജ് ടീമുകൾക്കുള്ള ബോണസ്സാണു്

    ReplyDelete
  39. ഹ ഹ പേരിലിരിക്കുന്നു കാര്യം!

    ReplyDelete
  40. ഒന്നും കൂടി വന്നു വീണ്ടും ചിരിച്ചു ആശംസകള്‍

    ReplyDelete
  41. ഇന്ദു ലേഖക്ക് ബൂലോഗത്തിൽ കിട്ടിയ ഏറ്റവും നല്ല പരസ്യം...
    അതും നർമ്മം കൊണ്ട് മർമ്മത്തിൽ കൊള്ളിച്ചുള്ളത്...!

    ReplyDelete