Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, June 15, 2012

സൈനബ എന്ന ആണ്‍കുട്ടി


പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ മുതലായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക്  ഇന്ത്യന്‍  റെയില്‍വേ  തികച്ചും  ഫ്രീയായി   നല്‍കുന്ന ചില ചികിത്സാ വിധികളുണ്ട്. 

ദിവസേന ട്രെയിന്‍ യാത്ര ചെയ്യുന്ന ആളാണെങ്കില്‍   ഈ ചികിത്സ  നിങ്ങള്‍ക്കും  ലഭിക്കും.

ജോലിസംബന്ധമായി എറണാകുളത്ത് സ്ഥിരതാമസക്കാരനായതോടെ കാറ്റടിച്ച   ബലൂണ്‍പോലെ  വീര്‍ത്തു  വീര്‍ത്തു വന്നിരുന്ന എന്റെ വയര്‍  "ഠിം" എന്നു   ചുരുങ്ങാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ്  മേല്‍പ്പടി രഹസ്യം എനിക്കു വെളിപ്പെട്ടത്. 

ചിലവു കുറയ്ക്കല്‍ എന്ന അജണ്ടയുടെ ഭാഗമായി ഞാനിപ്പോള്‍ ഡെയിലി വീട്ടില്‍ പോയി വരികയാണ്.  

ആയതിനായി രാവിലെ നാലരമണിക്ക് എഴുനേറ്റു  കുളിയും തേവാരവും നടത്തി, കയ്യില്‍ കിട്ടുന്ന പാന്റും ഷര്‍ട്ടും ദേഹത്തു വലിച്ചുകയറ്റി,   ടിഫിന്‍ ബോക്സും  ബാഗുമെടുത്ത്  ബാലരമയിലെ ജമ്പന്‍ സ്റ്റൈലില്‍  ബൈക്കിന്റെ പുറത്തേയ്ക്ക് ജമ്പു ചെയ്തു റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഒരു പറപ്പിക്കലാണ്.  

രാവിലെ അഞ്ച് അമ്പതിനാണ് ഏറനാട് എക്സ്പ്രസ്സ്‌ ഹരിപ്പാട്  സ്റ്റേഷനില്‍ എത്തുന്നത്.  അഞ്ചു നാല്പത്തിയഞ്ചിനു  സ്റ്റേഷനിലെത്തുന്ന ഞാന്‍  ടിക്കറ്റ് കൌണ്ടറില്‍ വച്ചിരിക്കുന്ന  എല്‍.സി.ഡി ഡിസ്പ്ലേയില്‍  ജനറല്‍ കമ്പാര്‍ട്ട്മെന്റ്  നില്‍ക്കുന്ന  സ്ഥാനം നോക്കി മനസ്സിലാക്കി  അവിടെ പോയി നില്‍ക്കും.  

പക്ഷെ പണ്ടു പട്ടാളത്തിലായിരുന്നപ്പോള്‍  നിരവധി തവണ കാശു കൊടുക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിന്റെ പേരിലുള്ള  വൈരാഗ്യം  കൊണ്ടാണോ അതോ വീര്‍ത്തു നില്‍ക്കുന്ന എന്റെ വയറില്‍ ട്രെയിനിന്റെ എഞ്ചിനെങ്ങാനും മുട്ടി അതിനു വല്ല കേടുപാടും വരുമോ എന്നുള്ള പേടി കൊണ്ടാണോ എന്നറിയില്ല ഞാന്‍ നില്‍ക്കുന്നിടത്തു നിന്നും  അര കിലോമീറ്റര്‍  പുറകിലായിരിക്കും ട്രെയിന്‍ വന്നു നില്‍ക്കുന്നത്. 

 പൂര്‍ണഗര്‍ഭിണിയായ സ്ത്രീ  സര്‍ക്കാര്‍ ആശുപത്രി തിരക്കി  പോകുന്നതുപോലെ  മുന്‍പില്‍  വയറും പിറകില്‍ ബാഗും തൂക്കി ജനറല്‍ കമ്പാര്‍ട്ട്മെന്റിനടുത്തേയ്ക്ക് ഞാന്‍ ഓടിയെത്തുമ്പോഴേയ്ക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരിക്കും. പിന്നെ  ജാക്കിചാന്‍ സ്റ്റൈലില്‍ ഒരു  ചാട്ടമാണ്. എടുത്തടിച്ചതു പോലെ ട്രയിനിനകത്തു വീണു കഴിഞ്ഞാല്‍ പിന്നെ ഇരിക്കാന്‍ ഒരു സീറ്റിനു വേണ്ടിയുള്ള  നെട്ടോട്ടമാണ്. ഏതായാലും എനിക്കു സീറ്റുകിട്ടി വരുമ്പോഴേയ്ക്കും വണ്ടി എറണാകുളത്ത് എത്തിയിരിക്കും.

റെയില്‍വേ ചികിത്സയുടെ ആദ്യ ഡോസ് ഇവിടെ പൂര്‍ത്തിയാകും.

ഇനി വൈകിട്ട് തിരിച്ചു പോകുമ്പോഴാണ് അടുത്ത ഡോസ് കിട്ടുന്നത്. നമ്മള്‍ കാത്തിരിക്കുന്ന വണ്ടി ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേയ്ക്ക്  "ഉടനെ വന്നു ചേരുമെന്നു  പ്രതീക്ഷിക്കുന്നു" എന്ന്   ഒരു പാവം സ്ത്രീ മലയാളത്തില്‍ പറഞ്ഞു തീരുന്നതിനു മുന്‍പു തന്നെ വേറൊരു പെമ്പ്രന്നോര്‍  ഇംഗ്ലീഷില്‍ പറയുന്നത്  "ആ വണ്ടി  ആറാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കിടക്കുന്നുണ്ട്" എന്നായിരിക്കും. ട്രെയിനിന്റെ സമയവിവരം പറയാനിരിക്കുന്ന ഈ രണ്ടു സ്ത്രീകള്‍ അമ്മായി അമ്മയും മരുമകളുമാണോ  എന്നൊരു സംശയമുണ്ട്‌.  അല്ലെങ്കില്‍ പിന്നെ ഒരാള്‍ മലയാളത്തില്‍ പറഞ്ഞാലുടന്‍ മറ്റവള്‍ ചാടിക്കേറി   ഇംഗ്ലീഷിലും ഹിന്ദിയിലും പറയേണ്ട കാര്യമുണ്ടോ?

ഏതായാലും ഒരു മാസംകൊണ്ട് ഞാനൊരു "ആലിലവയറ"നായി. ലാലു പ്രസാദിനെപ്പോലെ ക്ഷിപ്രകോപിയായിരുന്ന പ്രഷര്‍ മമതാബാനര്‍ജിയെപ്പോലെ ശാന്തശീലയായി. ട്രെയിനിലെ ഭക്ഷണത്തില്‍ ഉപ്പോ മുളകോ ഇല്ലാത്തതു പോലെ എന്റെ രക്തത്തില്‍ ഷുഗറും ഇല്ലാതായി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ റെയില്‍വേചികിത്സയിലൂടെ ഞാനൊരു "മെട്രോസുന്ദര"നായി മാറി.
  
നോക്കണേ "റെയില്‍വേ ചികിത്സ"യുടെ ഒരു ശക്തി. !!

 ആയതിനാല്‍  പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ കൊണ്ടു ബുദ്ധിമുട്ടുന്ന  എല്ലാവരും   മേല്‍വിവരിച്ച  ചികിത്സാവിധികള്‍ പരീക്ഷിച്ചു നോക്കുന്ന കാര്യത്തില്‍  "കൃപയാ ധ്യാന്‍ ദീജിയേ" എന്നാണെനിക്കു പറയാനുള്ളത്.

അങ്ങനെ ഒരു നാള്‍  എറണാകുളം സൌത്ത്   റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറു മണിക്ക് പുറപ്പെടുന്ന കായംകുളം പാസ്സഞ്ചറിലേയ്ക്ക്   ജാക്കി ചാന്‍  സ്റ്റൈലില്‍  ഞാനൊരു ചാട്ടം നടത്തി. 

കോഴിക്കൂട്ടില്‍ കുറുക്കന്‍ കയറിയതുപോലെ ആ കമ്പാര്‍ട്ട്മെന്റില്‍ നിന്നുംഅപ്പോള്‍ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.
  
അക്രമിയെ നേരിടാന്‍ കുടയും വടിയുമായി പാഞ്ഞടുക്കുന്ന പെണ്ണുങ്ങളെ കണ്ടപ്പോഴാണ്  അതൊരു ലേഡീസ്  കമ്പാര്‍ട്ട്മെന്റ് ആണെന്ന് എനിക്ക് മനസ്സിലായത്. വല്ല പോലീസ്സുകാരും കണ്ടിരുന്നെങ്കില്‍ പിറ്റേ ദിവസത്തെ പത്രത്തില്‍ ഒരു വെണ്ടയ്ക്ക വാര്‍ത്ത വന്നേനെ.

"ലേഡീസ്  കമ്പാര്‍ട്ട് മെന്റില്‍ അതിക്രമിച്ചു കയറിയ എക്സ് സര്‍വ്വീസ്സുകാരന്‍ അറസ്റ്റില്‍"

പിന്നെ അധികം ആലോചിച്ചില്ല. അടുത്ത രണ്ടു  ജാക്കിചാന്‍  ചാട്ടങ്ങളിലൂടെ  ഞാന്‍ മറ്റൊരു കമ്പാര്‍ട്ട് മെന്റിലെത്തി. 

അതിനകത്താണെങ്കില്‍   തൃശ്ശൂര്‍ പൂരം നടക്കുന്നു. ഇരിക്കാനോ നില്‍ക്കാനോ പോയിട്ട്  ഒന്നു കാലു കുത്തുവാനുള്ള ഇടം പോലുമില്ല.
 
അപ്പോഴാണ്‌ ഞാനതു കണ്ടത്. ജനലരികില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അവളുടെ ഇടതുഭാഗത്തായി  കഷ്ടിച്ചു ഒരാള്‍ക്ക്‌ ഇരിക്കാനുള്ള സ്ഥലമുണ്ട്. പക്ഷെ അവിടെ  തന്റെ  വാനിറ്റി ബാഗ്‌ വച്ചിരിക്കുകയാണ് അവള്‍. 

ആ ബാഗ് ഒന്നു മാറ്റിത്തരാന്‍ അവളോട്‌ പറഞ്ഞാലോ?  എവിടെയെങ്കിലും  ഇരുന്നില്ലെങ്കില്‍ ഹരിപ്പാട് വരെ എത്തുമ്പോഴേയ്ക്കും എന്റെ നടുവിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.  

വെറുതെ ഒരു ശ്രമമെന്ന നിലയില്‍  ഒരു വിധത്തില്‍ തിക്കിത്തിരക്കി  ഞാന്‍ അവളുടെ അടുത്തേയ്ക്ക്   ചെന്നു. എന്നിട്ട് വിനയാന്വിതനായി പറഞ്ഞു.

"ആ ബാഗ് ഒന്നു മടിയില്‍ വച്ചിരുന്നെങ്കില്‍ എനിക്കവിടെ ഇരിക്കാമായിരുന്നു"

ആരോടോ മൊബൈലില്‍  സംസാരിച്ചു കൊണ്ടിരുന്ന അവള്‍ ഫോണ്‍   ചെവിയില്‍ നിന്നും മാറ്റിയിട്ടു രൂക്ഷമായി  എന്നെ നോക്കി. എന്നിട്ട്   വിടര്‍ന്ന കണ്ണുകളില്‍ അല്പം നീരസ ഭാവം നിറച്ചു പറഞ്ഞു.
  
"അതു ഞാന്‍ എന്റെ ഫ്രണ്ടിനു  ബുക്ക് ചെയ്തു വച്ചിരിക്കുകയാ  ആളിപ്പം വരും"

ഞാന്‍ നിരാശയോടെ പിന്തിരിഞ്ഞു. അപ്പോഴാണ് എതിര്‍ സീറ്റിലിരുന്ന കണ്ണടധാരിയായ ഒരു മധ്യവയസ്കന്‍ ചാടിയെഴുനേറ്റു  കൈ ചൂണ്ടി  അട്ടഹസിച്ചത്.  

"ഭാ..ബുക്ക് ചെയ്തിരിക്കുവാന്നോ.? ആര്‍ക്കു ബുക്ക് ചെയ്തു?...കൊറേ നേരം കൊണ്ട് ഞാന്‍ കാണുവാ... അവളുടെ ഒരു മൊബൈല്‍ വിളി..നിന്റെ ബോയ്‌ഫ്രണ്ടിനു  സീറ്റ് വേണോങ്കി പോയി വേറെ നോക്കാന്‍ പറ"

 പിന്നെ അദ്ദേഹം അതേ സ്വരത്തില്‍ എന്നോടാജ്ഞാപിച്ചു. 

"അവിടെക്കേറി ഇരിയെടോ...ഇവളുമാരുടെ ബോയ്‌ഫ്രണ്ടിനു മാത്രമല്ല നമ്മളെപ്പോലുള്ള യാത്രക്കാര്‍ക്ക് കൂടിയുള്ളതാ ട്രെയിന്‍....ഹല്ല പിന്നെ"  

മധ്യവയസ്കന്റെ അലര്‍ച്ച കേട്ട് പേടിച്ചുപോയ പെണ്‍കുട്ടി പെട്ടെന്നു തന്റെ  ബാഗ്‌ സീറ്റില്‍ നിന്നെടുത്തു. കിട്ടിയ സ്ഥലത്ത് ഞാനും ഇരിപ്പുറപ്പിച്ചു. 

ഇതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ ഓടിത്തുടങ്ങിയ വണ്ടിയ്ക്കൊപ്പം പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടു. അല്പം കഴിഞ്ഞപ്പോള്‍ അവന്‍ വിയര്‍ത്തു കുളിച്ചു ഞങ്ങളുടെ അരികിലെത്തി. പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ഇരിക്കുന്നത്  കണ്ട അവന്റെ മുഖം ദേഷ്യം കൊണ്ടു തുടുത്തു. പെണ്‍കുട്ടി ഈര്‍ഷ്യയോടെ അവനെ ഒന്നു നോക്കി. പിന്നെ മുഖം വെട്ടിത്തിരിച്ചു  പുറത്തെ കാഴ്ച്ചകളിലേയ്ക്ക്  നോട്ടമയച്ചു.

 പെട്ടെന്നവന്‍  തന്റെ മൊബൈല്‍ കയ്യിലെടുത്തു.   വിരലുകള്‍ അതിദ്രുതം  കീപാഡിലൂടെ ഓടി നടന്നു.   പിന്നെ തള്ളവിരല്‍ സെണ്ട്  ബട്ടണില്‍ അമര്‍ന്നു.   

അധികം വൈകിയില്ല. പെണ്‍കുട്ടിയുടെ മൊബൈലില്‍ ഒരു കിളി ചിലച്ചു. അവള്‍ അതില്‍ വന്ന മെസ്സേജ്  തിടുക്കത്തില്‍ വായിച്ചു. അടുത്ത ക്ഷണം അവളുടെ മുഖത്തും കോപം ഇരച്ചു കയറി.  സെക്കണ്ടുകള്‍ക്കുള്ളില്‍ അവളുടെ മൊബൈലില്‍ നിന്നും മറുപടി സന്ദേശം പറന്നു.
  
പെണ്‍കുട്ടിയും ചെറുപ്പക്കാരനും   മൊബൈല്‍ യുദ്ധം തുടര്‍ന്നു കൊണ്ടിരുന്നു.  ഇതിനിടയില്‍ വണ്ടി അരൂരെത്തി.  എന്റെ അരികിലിരുന്ന ഒരാള്‍ അവിടെ ഇറങ്ങി. ഉടന്‍ ചെറുപ്പക്കാരന്‍ ആ സ്ഥലത്ത് കയറിയിരുന്നു.  

അല്പം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ എന്നെ ഒന്നു തോണ്ടി. എന്നിട്ട്  പറഞ്ഞു.

"ചേട്ടാ ഞാന്‍ അവിടെ ഇരുന്നോട്ടെ?  അവളെന്റെ ഫ്രെണ്ടാ....ഞങ്ങള്‍ക്കല്പം സംസാരിക്കാനുണ്ട്"
ഞാന്‍ മധ്യവയസ്കനെ നോക്കി. അദ്ദേഹം നല്ല  ഉറക്കത്തിലാണെന്നു തോന്നുന്നു.  പിന്നെ ഒന്നും പറയാതെ സീറ്റിന്റെ അരികിലേയ്ക്ക് നീങ്ങിയിരുന്നു.


ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ അരികില്‍ ഇരിപ്പുറപ്പിച്ചു.

പെട്ടെന്നാണ്  അത്  സംഭവിച്ചത്.
പെണ്‍കുട്ടി ചാടിയെഴുനേറ്റു. അവളുടെ വലതുകൈ പടക്കംപൊട്ടുന്ന ശബ്ദത്തോടെ  ചെറുപ്പക്കാരന്റെ  കവിളത്തു  വീണു. ഒപ്പം അവള്‍ അലറി..

"കുറച്ചു നാളുകൊണ്ട് ഞാന്‍ നിന്റെ ശല്യം സഹിക്കുകയാ "...

അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ചെറുപ്പക്കാരന്‍ ഉലഞ്ഞുപോയി. അടികൊണ്ട  കവിള്‍ തടവിക്കൊണ്ട് അവന്‍  അന്ധാളിപ്പോടെ  വിളിച്ചു.

"സൈനബാ.. ഞാന്‍...."

 യാത്രക്കാര്‍ ആ കാഴ്ച കണ്ടു  കണ്ണുമിഴിച്ചിരുന്നു. ബഹളം കേട്ടുണര്‍ന്ന മധ്യവയസ്കന്‍ പെണ്‍കുട്ടിയുടെ ഭാവമാറ്റം കണ്ടു ഭയന്ന് സീറ്റിന്റെ അരികിലേയ്ക്ക് ഒതുങ്ങിയിരുന്നു. അടുത്ത ക്യാബിനിലുള്ളവര്‍  കാര്യമറിയാനായി   അങ്ങോട്ടു എത്തിനോക്കി. 

ചേര്‍ത്തല സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിന്നരികിലേയ്ക്ക്  വന്നവര്‍ കഥയറിയാതെ അവിടെത്തന്നെ നിന്നു. 

പെണ്‍കുട്ടി തന്റെ തലയിലെ തട്ടം വലിച്ചു നേരെയാക്കി. 

ബാഗെടുത്തു തോളില്‍ തൂക്കി.  

പിന്നെ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍  വണ്ടിയില്‍ നിന്നിറങ്ങി പ്ലാറ്റ് ഫോമില്‍ കൂടി നടന്നു പോയി. 

അലസഗാമിനിയെങ്കിലും ഉറച്ച കാല്‍വെയ്പോടെ നീങ്ങുന്ന ആ പെണ്‍കുട്ടിയുടെ  പോക്ക് നോക്കിയിരുന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി.
 
സൈനബാ...  നീ പെണ്‍കുട്ടിയല്ല ആണ്‍കുട്ടിയാണ്...

സൈനബ എന്ന ആണ്‍കുട്ടി..!!




   

Monday, January 30, 2012

ആതിരയുടെ പ്രേതം

വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാതെ  കിടന്ന  ഒരു വീടായിരുന്നു അത്.

വിശാലമായ പറമ്പിന്റെ  ഒത്തനടുക്കായി   തലയുയര്‍ത്തി  നില്‍ക്കുന്ന ഒരു പഴയ  രണ്ടുനില വീട്.!

കാലപ്പഴക്കം കൊണ്ട്  നിറം മങ്ങിയ  അതിന്റെ പുറംചുവരുകളില്‍  അവിടവിടെ പായല്‍ പൊതിഞ്ഞിരിക്കുന്നു. 

അരയേക്കറില്‍  അധികം വരുന്ന പറമ്പില്‍  മുഴുവന്‍ തെങ്ങുകളും വാഴകളും നിന്നിരുന്നു. പറമ്പിനു ചുറ്റും ആറടി  ഉയരത്തില്‍ മതിലു കെട്ടിയിട്ടുണ്ട്. കിഴക്ക് ദര്‍ശനമായി നില്‍ക്കുന്ന  വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയില്‍ ഒരു വലിയ പാലമരം നില്‍ക്കുന്നു.  അതില്‍   കാട്ടുചെടികളും ചൂരല്‍ വള്ളികളും  പടര്‍ന്നുകയറി   ഒരു  സര്‍പ്പക്കാവു പോലെ തോന്നിക്കുന്നു.   പാലയുടെ അടിയില്‍ കാവിനുള്ളില്‍ പുരാതനമെന്നു തോന്നിക്കുന്ന   ഒരു നാഗവിഗ്രഹം  മറിഞ്ഞുകിടക്കുന്നു. അതിനു മുന്‍പിലായി  ഇരുമ്പ് കമ്പിയിയുടെ മുകളില്‍  വെറ്റിലയുടെ ആകൃതിയില്‍ തീര്‍ത്ത   എണ്ണയൊഴിച്ചു  കത്തിയ്ക്കാവുന്ന  ഒരു കുത്തുവിളക്ക്  നാട്ടിനിര്‍ത്തിയിട്ടുണ്ട്. 

പണ്ടെങ്ങോ അവിടെ നാഗപൂജകളും വിളക്ക് വയ്പും നടന്നിട്ടുള്ളതിന്റെ  ലക്ഷണം കാണാമായിരുന്നു. 

വീടിന്റെ മുന്‍പില്‍  കാര്‍പോര്‍ച്ചില്‍ നിന്നും അല്പം അകന്ന് ഒരു തുളസ്സിത്തറ. അതിലെ തുളസ്സിച്ചെടി വാടിക്കരിഞ്ഞു നില്‍ക്കുന്നു. 

മുറ്റത്തിന്റെ ഇടതുവശത്തായി  ഒരു ചെറിയ ആമ്പല്‍ക്കുളം. അതില്‍ വെള്ളമുണ്ടായിരുന്നില്ല. കുളത്തിന്റെ  കരയില്‍  ഒരു യുവതിയുടെ അര്‍ദ്ധനഗ്നമായ കോണ്‍ക്രീറ്റ് പ്രതിമ. അവളുടെ  അരയില്‍ ഇരിക്കുന്ന കുടത്തില്‍ നിന്നും വെള്ളം കുളത്തിലേയ്ക്ക് വീഴുന്ന രീതിയിലാണ്  ആമ്പല്‍ക്കുളത്തിന്റെ  നിര്‍മ്മാണം. 

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വകയാണ്  ആ കെട്ടിടം.  ഏതാനും മാസങ്ങള്‍ക്ക്  മുന്‍പ്   വലിയ മുതല്‍ മുടക്കില്ലതെയാണ്  ആ കെട്ടിടം കമ്പനി വിലയ്ക്ക് വാങ്ങിയത്.   ആ വീട്ടില്‍ നടന്ന ചില സംഭവങ്ങള്‍ മൂലം   അതു വിലയ്ക്ക് വാങ്ങാന്‍ ആരും ധൈര്യപ്പെടാതിരുന്നതു കൊണ്ടാണ്  കമ്പനിക്ക് ആ വീട്  വളരെ കുറഞ്ഞ വിലയ്ക് കിട്ടിയത്.

കമ്പനി വാങ്ങുന്നതിന് മുന്‍പ്  അവിടെ താമസ്സിച്ചിരുന്നത്  ഒരു ബ്രാഹ്മണ കുടുംബമായിരുന്നു.

 
 ഉള്ളിലേയ്ക്ക്  വലിച്ചു തുറക്കാവുന്ന  ഇരുമ്പ് ഗേറ്റില്‍ നിന്നും വീടിന്റെ  കാര്‍പോര്‍ച്ചുവരെ മൂന്നടി വീതിയില്‍ കരിങ്കല്ല് പാകിയ നടപ്പാതയുണ്ട്. അതിന്റെ ഇരുവശങ്ങളിലും  കാടുപോലെ വളര്‍ന്നു നില്‍ക്കുന്ന  റോസാച്ചെടികളുടെ   ചില്ലകള്‍ നടപ്പതിയിലേയ്ക്ക് ചാഞ്ഞുനില്‍പ്പുണ്ട്.  ചില ചെടികളില്‍ കൊഴിയാറായി നില്‍ക്കുന്ന  കടും ചുവപ്പ്  നിറത്തിലുള്ള  റോസാപ്പൂക്കള്‍.  

നഗരത്തില്‍തന്നെ ആയിരുന്നെങ്കിലും  മെയിന്‍റോഡില്‍   നിന്നും അല്പം ഉള്ളിലേയ്ക്ക് മാറി  അധികം ജനവാസമില്ലാത്ത  ഒരു  സ്ഥലമായിരുന്നു അത്.    ഇങ്ങനെയൊരു  വീട്  ജനനിബിഡമായ ഈ  നഗരത്തില്‍ ഉണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാന്‍  കഴിഞ്ഞില്ല.  

മെയിന്‍റോഡും  കഴിഞ്ഞ് കഷ്ടിച്ചു ഒരു കാറിനുമാത്രം കടന്നുപോകാന്‍  വീതിയിലുള്ള  വഴിയിലൂടെ   അരകിലോമീറ്റര്‍  പിന്നിട്ട്  അടച്ചിട്ടിരിക്കുന്ന ഇരുമ്പ് ഗേറ്റിനു മുന്നില്‍ ഞാന്‍  എത്തുമ്പോള്‍ സമയം സന്ധ്യ മയങ്ങിയിരുന്നു. 


ഓട്ടോറിക്ഷയുടെ കൂലി  വാങ്ങുമ്പോള്‍ ഓട്ടോറിക്ഷാക്കാരന്‍  എന്നേയും പിന്നെ ആ വീടിനേയും സംശയ ദൃഷ്ടിയോടെ ഒന്ന്  നോക്കുകയുണ്ടായി.

ഓട്ടോറിക്ഷ വന്നുനില്‍ക്കുന്ന ശബ്ദം കേട്ടിട്ടാവണം  വീടിന്റെ കാര്‍പോര്‍ച്ചില്‍  എന്നെ പ്രതീക്ഷിച്ചെന്നപോലെ  നിന്നിരുന്ന ഒരു വൃദ്ധന്‍ ഓടിവന്നു. അയാള്‍   ഇരുമ്പ് ഗേറ്റ് വലിച്ചു തുറന്നു. അതിന്റെ പാളികള്‍ ആലോരസ്സപ്പെടുത്തുന്ന ഒരു ശബ്ദത്തോടെ പതുക്കെ  അകന്നപ്പോള്‍ ഞാന്‍ എന്റെ ബാഗുമായി ഉള്ളിലേയ്ക്ക് കയറി.

"സാര്‍ ഒത്തിരി താമസ്സിച്ചല്ലോ. ഞാന്‍ അഞ്ചു മണിമുതല്‍ ഇവിടെ വന്നു നില്ക്കുകയാ. ഇത്രയും താമസ്സിച്ചപ്പോള്‍ ഇനി നാളയെ വരൂന്നു  കരുതി." 

വൃദ്ധന്റെ  വാക്കുകളില്‍  ആശ്വാസവും അല്പം പരിഭ്രമവും കലര്‍ന്നിരുന്നു.

"ഓഫീസില്‍ നിന്നിറങ്ങാന്‍ അല്പം വൈകി. അതാ താമസിച്ചത്." ഞാന്‍ മറുപടി പറഞ്ഞു..

ചാഞ്ഞുകിടക്കുന്ന റോസാ ചെടികളില്‍ വസ്ത്രമുടക്കാതെ ഞങ്ങള്‍ മുന്നോട്ടു നടന്നു. വൃദ്ധന്‍ എന്റെ ബാഗ്  എടുത്തു കൊണ്ടുപോകാന്‍ സഹായിച്ചു.

കാര്‍ പോര്‍ച്ചിന്റെ ഒരു വശത്ത്‌  കുറെ ഉണങ്ങിയ  തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നു.

വൃദ്ധന്‍ ബാഗ്‌  നിലത്തു വച്ചിട്ട്  പോക്കറ്റില്‍ നിന്നും ഒരു താക്കോല്‍   കൂട്ടം പുറത്തെടുത്തു. പിന്നെ അതില്‍ ഏറ്റവും വലുത്  തിരഞ്ഞെടുത്തു മുന്‍ വാതിലിന്റെ പൂട്ട്‌ തുറന്നു.

തേക്ക്  പലക കൊണ്ട് നിര്‍മ്മിച്ച കനത്ത വാതില്‍ ഒരു ഞരക്കത്തോടെ  തുറന്നു. വീടിനുള്ളില്‍ അന്ധകാരം നിറഞ്ഞിരുന്നു. വൃദ്ധന്‍ അകത്തു കയറി ലൈറ്റ് ഓണ്‍ ചെയ്തു. നാല്പതു വാട്ടിന്റെ ബള്‍ബില്‍ നിന്നുള്ള വിളറിയ പ്രകാശം ആ മുറിയില്‍ നിറഞ്ഞു.

പഴകിയ ഗന്ധവും പൊടിയും നിറഞ്ഞ വായു ശ്വസിച്ചപ്പോള്‍ എനിക്ക് നേരിയ ശ്വാസംമുട്ടല്‍  അനുഭവപ്പെട്ടു. 

ഞാന്‍ അകത്തു കയറി ചുറ്റും നോക്കി. ഞാന്‍ നിന്നിരുന്ന  മുറി  ഒരു ഹാള്‍ പോലെ തോന്നിച്ചു.   അതിന്റെ ഭിത്തിയില്‍    ചില ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്.    അതില്‍ മാറാല പിടിച്ചിരിക്കുന്നു.  ഇടതു ഭാഗത്തും പിറകിലും വേറെ രണ്ടു മുറികള്‍ കണ്ടു.  വടക്ക് പടിഞ്ഞാറ് ദിശയിലാണ് അടുക്കള.

അടുക്കള വാതിലിന്റെ ഇടതു വശം ചേര്‍ന്ന് മുകളിലെയ്ക്കുള്ള ഗോവണി പോകുന്നു. 

"സാര്‍...മുകളില്‍ മൂന്നു കിടപ്പുമുറികളാണുള്ളത്.  സാറിനു ഇഷ്ടമുള്ള  മുറി ഉപയോഗിക്കാം. പക്ഷെ ഇതാ ഈ കാണുന്ന മുറി മാത്രം തുറക്കരുത്."  ഹാളിനോടു ചേര്‍ന്ന്  വലതുവശത്തുള്ള  മുറി ചൂണ്ടി വൃദ്ധന്‍ പറഞ്ഞു.


സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ചതും ആ മുറി ആയിരുന്നു. കാരണം  അതിന്റെ ജനാലകള്‍ പുറത്തേയ്ക്ക് തുറക്കാവുന്നതും  ഗേറ്റുവരെ നോട്ടം കിട്ടുന്ന തരത്തിലുമായിരുന്നു.

"അതെന്താ ആ മുറി തുറന്നാല്‍?" ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.

"അപ്പൊ സാര്‍  ഈ വീടിന്റെ കഥകള്‍ ഒന്നും അറിഞ്ഞിട്ടല്ലേ ഇവിടെ താമസത്തിന് വന്നത്?" വൃദ്ധന്‍ ഒന്നു ഞെട്ടിയതു പോലെ എനിക്ക്  തോന്നി.  

 "കഥകളോ? എന്തു കഥകള്‍.? "

"ആ മുറിയിലാണ്  ആതിരക്കുഞ്ഞു തൂങ്ങി മരിച്ചത്."

"ആതിരയോ?  അതാര്?'

"ഈ വീടിന്റെ ഉടമസ്ഥനായിരുന്ന വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍"

"ഉവ്വോ..എന്തിനാ ആ കുട്ടി തൂങ്ങി മരിച്ചത്?" എനിക്കത് പുതിയ അറിവായിരുന്നു.

"അതൊന്നും എനിക്കറിയില്ല സാര്‍...ഈ വീട് വില്‍ക്കാനുള്ള കാരണം അതാ..  ആ കുട്ടിയുടെ പ്രേതം എവിടൊക്കെ ഉണ്ടെന്നാ ആളുകള്‍ പറയുന്നത്...പലരും കണ്ടിട്ടുണ്ട് " അതു പറയുമ്പോള്‍  വൃദ്ധന്റെ കണ്ണുകളില്‍ ഭയം നിഴലിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.  

"ഹ ഹ പ്രേതത്തിലൊന്നും എനിക്ക് വിശ്വാസമില്ല. ഞാന്‍ ഒരു മുന്‍പട്ടാളക്കാരനാ" ഞാന്‍ ചിരിയോടെ പറഞ്ഞു..

"സാറിന്റെ ഇഷ്ടംപോലെ ചെയ്യ്...പക്ഷെ ആ മുറിയില്‍ സാര്‍ കയറരുത്‌ എന്നേ എനിക്ക് പറയാനുള്ളൂ.."


വൃദ്ധന്‍ താക്കോല്‍ കൂട്ടം എന്റെ കയ്യില്‍ ഏല്‍പ്പിച്ചു മടങ്ങാനുള്ള തിടുക്കം കൂട്ടി.

"സാറേ ഉറങ്ങുന്നതിനു മുന്‍പ് ഗേറ്റ് പൂട്ടിയേക്കണം. ഇവിടെ മുഴുവന്‍ കള്ളന്മാരാ...കുറെ രാജസ്ഥാനി പെണ്ണുങ്ങള്‍  ഇറങ്ങിയിട്ടുണ്ട്.. പകല്‍ ഭിക്ഷതെണ്ടാന്‍ വരുന്ന ഭാവത്തില്‍   എല്ലാം നോക്കി വച്ചിട്ട്  പോകും...രാത്രിയില്‍ വന്നു മോട്ടിക്കാന്‍..."  

വൃദ്ധന്‍  കാര്‍ പോര്‍ച്ചില്‍ കടന്ന ഉണക്കത്തേങ്ങകളില്‍ മൂന്നു നാലെണ്ണം എടുത്തു തന്റെ സഞ്ചിയില്‍ ഇട്ടു. ബാക്കി  വന്ന തേങ്ങകള്‍ കാലു കൊണ്ട് ഒരു മൂലയിലേയ്ക്ക് ഒതുക്കി. പിന്നെ തന്റെ സൈക്കിളിന്റെ കാരിയറില്‍ സഞ്ചി തൂക്കിയിട്ടു തിടുക്കത്തില്‍ ഗേറ്റ്   കടന്നു പോയി. 

വൃദ്ധന്‍ പോയ ഉടന്‍ ഏതു മുറി  ഉപയോഗിക്കണമെന്ന് ഞാന്‍ ഒരുമാത്ര ആലോചിച്ചു.  വൃദ്ധന്‍ തുറക്കരുതെന്നു  പറഞ്ഞ മുറി  ഒഴിവാക്കി അടുക്കളയോട് ചേര്‍ന്നുള്ള മുറി തുറന്നു. വൃദ്ധന്‍ അതു  വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. അതില്‍ എന്റെ ബാഗും മറ്റു സാധനങ്ങളും   എടുത്തുവച്ചു.   ഒരു കട്ടിലും മേശയും മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. പഴയ മോഡലില്‍ ഉള്ള ഒരു സീലിംഗ് ഫാനും  ഒരു സി എഫ് എല്‍ ലാമ്പും അതില്‍ ഉണ്ടായിരുന്നു. ഫാനിന്റെ   റെഗുലെറ്ററും  സ്വിച്ചുകളും  ചെളി പിടിച്ചു കറുത്തിരുന്നു.  

കട്ടിലില്‍ ഒരു പുതിയ  മെത്തയും തലയിണയും ഉണ്ടായിരുന്നു. കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം വൃദ്ധന്‍ വാങ്ങിയതാവുമെന്നു ഞാന്‍ ഊഹിച്ചു.  

ഏതായാലും വൃദ്ധന്‍ പറഞ്ഞ മുറി നാളെ പകല്‍ സമയം ഒന്ന്  തുറന്നു നോക്കണമെന്നു ഞാന്‍ തീരുമാനിച്ചു. 

കാര്‍പോര്‍ച്ചിനോട്   ചേര്‍ന്നുള്ളതായിരുന്നു ആ മുറി. അതിന്റെ ജനാലകള്‍ തുറന്നാല്‍ ഗേറ്റും സര്‍പ്പക്കാടിന്റെ കുറച്ചു ഭാഗവും കാണാമായിരുന്നു. 

ഞാന്‍ കുളി കഴിഞ്ഞു വന്ന്  പൊതിയായി വാങ്ങിയ ഭക്ഷണം കഴിച്ചിട്ട്   അന്നത്തെ പ്രധാന  വിവരങ്ങള്‍ ഡയറിയില്‍ കുറിച്ചു.  പിന്നെ  ബാഗില്‍ നിന്നും ഒരു ബെഡ് ഷീറ്റെടുത്ത്  കട്ടിലില്‍ വിരിച്ചു. തലയിണ ക്രാസിയില്‍ ഉയര്‍ത്തിവച്ച്  ലൈബ്രറിയില്‍ നിന്നും കഴിഞ്ഞ ദിവസമെടുത്ത  പുസ്തകം വായിച്ചു നിര്‍ത്തിയിടത്തു നിന്നും  തുടര്‍ന്ന്  വായിച്ചു തുടങ്ങി. 

വായനയ്ക്കിടയില്‍ ക്ഷീണം മൂലം ഞാന്‍    ഉറങ്ങിപ്പോയി. 

അര്‍ദ്ധരാത്രി ആയിട്ടുണ്ടാകണം. എന്തോ ശബ്ദം കേട്ടതുപോലെ പെട്ടെന്ന്  ഞാന്‍ ഞെട്ടിയുണര്‍ന്നു. 

ജനാലയുടെ പുറത്തു കാര്‍പോര്‍ച്ചില്‍  എനിക്ക്  പുറംതിരിഞ്ഞ്  ഒരു സ്ത്രീ രൂപം നില്‍ക്കുന്നു.!
 
അവള്‍ കടുംകളറിലുള്ള  ഒരു സാരി  ധരിച്ചിരുന്നു.

ആറടിയോളം പൊക്കം തോന്നുന്ന ബലിഷ്ടമായ ശരീരഘടനയുള്ള  അവളുടെ കനത്ത നിതംബത്തെ മറയ്ക്കുന്ന  ഇടതൂര്‍ന്ന മുടിയിഴകള്‍..   

ഏതോ ഒരു പൂവിന്റെ  മത്തു പിടിപ്പിക്കുന്ന  സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ  എനിക്ക് തോന്നി. 

ആള്‍ത്തമസ്സമില്ലാതിരുന്ന ഈ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക്  എന്തിനു വന്നു...ഞാന്‍ അത്ഭുതപ്പെട്ടു.        

മുറിയില്‍ നിന്നും ഗേറ്റിലേയ്ക്ക്  നീളുന്ന പ്രകാശക്കീറില്‍   മറ്റൊരു കാഴ്ചകൂടി ഞാന്‍ കണ്ടു...    

ഗേറ്റിന്റെ  അടുത്തായി ഒരു കറുത്ത നായ നില്‍ക്കുന്നു.  അത്  അവളെത്തന്നെ  സൂക്ഷിച്ചു നോക്കുന്നു. 

ആരാണവള്‍ ...

"സാറേ ആ മുറി തുറക്കരുത്...ആതിരക്കുഞ്ഞു തൂങ്ങിമരിച്ച മുറിയാ അത്.." വൃദ്ധന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി..

"ഈശ്വരാ..."

 എന്റെ ശരീരത്തിലെ രോമകൂപങ്ങള്‍ എഴുനേറ്റു നിന്നു...

സര്‍വ്വീസിലിരിക്കുമ്പോള്‍  ഓപ്പറേഷനുകളില്‍  പൊരുതിമരിച്ച   പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ക്ക്  രാത്രി മുഴവന്‍ ഞാന്‍ ഒറ്റയ്ക്ക് കാവല്‍ നിന്നിട്ടുണ്ട്. 

ഓപ്പറേഷനുകളില്‍ പങ്കെടുക്കുമ്പോള്‍ ശവക്കല്ലറകളുടെ മറവുപറ്റി ദീര്‍ഘനേരം പതുങ്ങിക്കിടക്കേണ്ടതായി വന്നിട്ടുണ്ട്. 

പക്ഷെ ഇവിടെ  ഈ അര്‍ദ്ധരാത്രിയില്‍ .. പണ്ടെങ്ങോ തൂങ്ങി മരിച്ച ഒരു യുവതിയുടെ  പ്രേതം..  എന്റെ   തൊട്ടുമുന്‍പില്‍...   

ഈ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍  ഒരു മിന്നല്‍പോലെ എന്റെ ദേഹത്തെ പ്രകമ്പനം കൊള്ളിച്ചു...


ഒരു നിമിഷം...എന്റെ ബോധം മറഞ്ഞു...

 ************************************************************************************************************
"സാറേ...ഇതുവരെ ഉണര്‍ന്നില്ലേ...മണി ഒമ്പതായി"  വൃദ്ധന്റെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്...

ഞാന്‍ എഴുനേല്‍ക്കാന്‍  ശ്രമിച്ചു...ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദന... തല പിളരുന്നത് പോലെ...  ശരീരം തുള്ളി വിറയ്ക്കുന്നു...

"എന്താ സാര്‍ സുഖമില്ലേ...സാറിന്നലെ മുന്‍വശത്തെ വാതിലിന്റെ കൊളുത്തു പോലും ഇട്ടില്ലല്ലോ..ഗേറ്റും പൂട്ടിയില്ല."

വൃദ്ധന്‍  അകത്തു വന്നു...മൂടിപ്പുതച്ചു കിടന്ന എന്റെ നെറ്റിയില്‍ തൊട്ടു...

ഹോ പൊള്ളുന്ന പനിയാണല്ലോ. എന്തുപറ്റി  ഇത്ര പെട്ടെന്നു പനി പിടിയ്ക്കാന്‍?'

ഞാന്‍ ഒന്നും മിണ്ടിയില്ല. ഇന്നലെ രാത്രിയിലെ അനുഭവം വൃദ്ധനോടു പറയണോയെന്നു ഞാന്‍ ആലോചിച്ചു.

"സാര്‍ അറിഞ്ഞോ? കാര്‍പോര്‍ച്ചില്‍ കിടന്ന തേങ്ങാ മുഴുവന്‍  രാത്രിയില്‍ ആരോ കൊണ്ടുപോയി...ആ രാജസ്ഥാനി പെണ്ണുങ്ങങ്ങളായിരിക്കും! കുറഞ്ഞത്‌ പത്തു തേങ്ങായെങ്കിലും  ഉണ്ടായിരുന്നു...ഈ  വീട്  നോക്കുന്നതിനു കൂലിയായി ആകെ എനിക്കു കിട്ടുന്നത് അതു മാത്രമാ "..

ഈശ്വരാ....

അപ്പോള്‍ ഇന്നലെ രാത്രിയില്‍ ഞാന്‍ കണ്ടത് ആതിരയുടെ പ്രേതമായിരുന്നോ  അതോ......?

Tuesday, August 30, 2011

കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം


കാറ്റ് അതിന്റെ ആയിരം കൈകള്‍ നിവര്‍ത്തി കൊയിപ്പള്ളി കൊട്ടാരത്തിന്റെ ജനലുകളെ അമ്മാനമാടി. കൊട്ടാരത്തിന് ചുറ്റുമുള്ള കൊന്നത്തെങ്ങുകള്‍ മുടിയഴിച്ചാടുന്ന വെളിച്ചപ്പാടുകളെ പ്പോലെ തുള്ളിയുറഞ്ഞു. അന്ധകാരത്തിന്റെ കറുത്ത പുതപ്പിനെ വലിച്ചു കീറിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊള്ളിമീനുകള്‍ മിന്നിപ്പൊലിഞ്ഞു. ഭീകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ മുന്നോടി പോലെ ഇരുട്ടില്‍ വിറങ്ങലിച്ചു കിടന്ന കൊട്ടാരത്തിന്റെ അകത്തളങ്ങളിലെവിടെയോ ഇരുന്നു ഒരു പൂച്ച വന്യമായി മുരണ്ടു.  കാവിനുള്ളിലെ വലിയ ഇലഞ്ഞിമരത്തില്‍ നിന്നും ഒരു ശിഖരം കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒടിഞ്ഞു വീണു....

ആ ശബ്ദത്തില്‍ കോയിപ്പള്ളി കൊട്ടാരം പ്രകമ്പനം കൊണ്ടു.

വടക്കിനിപ്പുരയിലെ ഏതോ മുറിയില്‍ നിന്നും ഒരു നിലവിളി ശബ്ദം കേട്ടതായി ഗോവിന്ദവര്‍മ്മയ്ക്ക് തോന്നി. പുറത്തു വീശിയടിക്കുന്ന കൊടുംകാറ്റില്‍ തൂങ്ങിയാടുന്ന ജനലുകളിലേയ്ക്കും ജനലിനു പുറത്തു കട്ടപിടച്ച ഇരുട്ടിലേയ്ക്കും ഗോവിന്ദവര്‍മ്മ ഭീതിയോടെ തുറിച്ചു നോക്കി. എവിടെ നിന്നാണ് ആ നിലവിളി ശബ്ദം കേട്ടതെന്നു അയാള്‍ക്ക്‌ മനസ്സിലായില്ല. കട്ടിലിനരികില്‍ വച്ചിരുന്ന ടോര്‍ച്ചു തപ്പിയെടുക്കാനായി വെപ്രാളത്തോടെ എഴുനേറ്റ ഗോവിന്ദവര്‍മ്മ മിന്നലിന്റെ പ്രകാശത്തില്‍ തന്റെ തൊട്ടു മുന്‍പില്‍ തെളിഞ്ഞ ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി.
 
ഇരുട്ട്  കട്ട പിടിച്ചതുപോലെ പോലെ, ആറടിയിലധികം ഉയരമുള്ള, ഒരു രൂപം....!

അതിന്റെ തലയുടെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. തുറിച്ച് ഉന്തി നില്‍ക്കുന്ന കണ്ണുകളില്‍ ഒരെണ്ണം അടര്‍ന്നു താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു....!!
 
തകര്‍ന്ന തലയില്‍ നിന്നും  ചീറ്റിയൊലിക്കുന്ന ചോര, പല്ലുകള്‍ അടര്‍ന്നു വശത്തേയ്ക്ക് കോടിപ്പോയ വായുടെ അരികിലൂടെ   ഒലിച്ച്   നഗ്നമായ നെഞ്ചിലേയ്ക്ക് ഇറ്റിറ്റു വീഴുന്നു....

ശരീരം മുഴുവന്‍ ചോരപ്പാടുകള്‍....

ആ രൂപത്തിന്റെ
ബലിഷ്ടമായ   കൈകള്‍ മുന്‍പോട്ടു നീട്ടിപ്പിടിച്ചിരിക്കുകയാണ്..

മിന്നല്‍ വെട്ടത്തില്‍ ഒരിക്കല്‍ കൂടി തെളിഞ്ഞ ആ ഭീകരരൂപം കണ്ട ഗോവിന്ദവര്‍മ്മയുടെ രക്തം ഉറഞ്ഞു പോയി...!

കഴിഞ്ഞ മാസത്തിലെ കറുത്തവാവിന് താന്‍ കൊലപ്പെടുത്തിയ കറുമ്പന്റെ അതേ രൂപം. കാവിലെ പൊട്ടക്കിണറ്റില്‍ താന്‍ വലിച്ചെറിഞ്ഞ കറുമ്പന്റെ
അതേ ശരീരം...

കറുമ്പന്‍..

ലോകത്തില്‍ അപൂര്‍വമായി മാത്രം ഉണ്ടാകാവുന്ന ഒരു നിമിഷത്തില്‍ മരണപ്പെട്ടവന്‍. അല്ലെങ്കില്‍ കൊല്ലപ്പെട്ടവന്‍ ...

പ്രതികാരദാഹിയായി അവന്‍ ഉയിര്‍ത്തെഴുനേറ്റിരിക്കുന്നു...

ക്രൂരമായി കൊലചെയ്തത്തിന്റെ  പ്രതികാരം തീര്‍ക്കാനായി ഇതാ തന്റെ മുന്‍പില്‍....

വന്യമായ  മുരള്‍ച്ചയോടെ മുന്നോട്ടടുക്കുയാണ് കറുമ്പന്റെ ഭീകര രൂപം.!!

"
കാവില്‍ ഭഗവതീ....രക്ഷിക്കണേ...."

ഗോവിന്ദവര്‍മ്മ ഉറക്കെ നിലവിളിച്ചു ....ആ ശബ്ദം കൊട്ടാരത്തിലാകെ മാറ്റൊലിക്കൊണ്ടു....

പെട്ടെന്നാണത് സംഭവിച്ചത്......

കൊയിപ്പള്ളി കൊട്ടാരത്തിലെ വൈദ്യുതവിളക്കുകള്‍ തെളിഞ്ഞു...വടക്കിനിമുറിയില്‍ നിന്നും സുഭദ്രയും പാച്ചുവും അനാമികയും  ഗോവിന്ദവര്‍മ്മയുടെ മുറിയിലേയ്ക്ക്    ഓടിവന്നു...

കിടക്കയില്‍ കാലുകള്‍ നീട്ടിവച്ച് കൈകള്‍ പുറകില്‍ കുത്തിയിരുന്നു കിതയ്ക്കുകയാണ്  ആ മനുഷ്യന്‍....

അയാളുടെ ശരീരം വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു....

"പണ്ടാരമടങ്ങാന്‍ ഒള്ള പ്രേത നോവലെല്ലാം വായിച്ചു കിടന്നിട്ടു രാത്രിയില്‍ മനുഷ്യനെ ഉറക്കില്ലന്നു വച്ചാല്‍...? എഴുനേറ്റുപോയി  മൂത്രമൊഴിച്ചിട്ടു വന്നു  കിടക്കു  മനുഷ്യാ..."


 അതു പറഞ്ഞത്  സുഭദ്രയായിരുന്നില്ല..


കാരണം  എന്റെ ഭാര്യയുടെ പേര് സുഭദ്ര എന്നല്ലല്ലോ...!!