Showing posts with label നര്‍മം. Show all posts
Showing posts with label നര്‍മം. Show all posts

Wednesday, November 13, 2013

ഗുരുനാഥൻ എന്ന രഘുനാഥൻ

"ബ് ഭാ...കുരുത്തംകെട്ടോളെ....തന്തയുടെ പ്രായമുള്ളോരോടാണോടീ അനാവശ്യം പറയുന്നത് ? അടിച്ചു നിന്റെ അണപ്പല്ലു ഞാൻ  പറിക്കും...ആങ്ങ്ഹാ"

ഗ്യാസ് ഏജൻസിയുടെ  കൌണ്ടറിലെ കണക്കെഴുത്തുകാരിയായ   പെണ്‍കുട്ടി ആ അലർച്ച കേട്ടു നടുങ്ങിപ്പോയി.  ഗ്യാസുകുറ്റിയ്ക്ക്  കയ്യും കാലും വച്ചതുപോലുള്ള അവളുടെ ശരീരം കിടുകിടെ  വിറച്ചു. വാളെടുത്ത വെളിച്ചപ്പാടുപോലെ  കൌണ്ടറിന്റെ മുൻപിൽ  നിന്നു  തുള്ളുന്ന കണ്ണപ്പൻ നായരെ അവൾ പേടിയോടെ നോക്കി.

ഗ്യാസ് സിലിണ്ടർ ബുക്കു ചെയ്യാനായി ഏജൻസിയിൽ വന്നവരൊക്കെ കാര്യമറിയാതെ മിഴിച്ചു നിന്നു.

ക്യൂവിന്റെ ഏറ്റവും പിറകിൽ നിന്ന ഞാൻ എന്താണു  കാര്യമെന്നറിയാൻ എത്തിവലിഞ്ഞു കൌണ്ടറിലേയ്ക്ക്  നോക്കി.

"എന്താ. അവിടെ ... എന്താ ചേട്ടാ പ്രശ്നം...എന്തെങ്കിലും കുഴപ്പമുണ്ടായോ"

പുറത്തെ ബഹളം കേട്ട്  ഏജൻസിയുടെ മാനേജർ കൌണ്ടറിലേയ്ക്ക്  വന്നു. അയാളുടെ വരവു കണ്ട  കണ്ണപ്പൻനായർ വർദ്ധിതവീര്യനായി മാനേജരുടെ നേരെ തിരിഞ്ഞു.

"എന്താ കാര്യമെന്നോ ..എടോ..മാനം  മര്യാദയ്ക്ക്  ജീവിക്കുന്ന ആളുകളെ നാണം കെടുത്താനായിട്ടാണോ  താനിവളെ  ഇവിടെ ജോലിയ്ക്ക് വച്ചിരിക്കുന്നത്?  ഗ്യാസു  ബുക്കുചെയ്യാനായി വന്ന  എന്നോട്   ഇവളു പറഞ്ഞതെന്താണെന്നു താൻ കേട്ടോ?   

"എന്തു പറഞ്ഞു?"

"ലിംഗ്  ചെയ്തതാലെ ഗ്യാസു തരൂന്ന് "

"ങേ.. ലിംഗ്   ചെയ്യാനോ?"

മാനേജർ  ഞെട്ടി...അയാൾ ചോദ്യ ഭാവത്തിൽ പെണ്‍കുട്ടിയെ നോക്കി.

"അയ്യോ സാർ...ഇയ്യാളുടെ ആധാർകാർഡ്‌    ബാങ്ക്  അക്കൌണ്ടുമായി ലിങ്കു ചെയ്തോന്നാ ഞാൻ ചോദിച്ചത് ...അതിനയാൾ എന്നെ തല്ലാൻ വന്നു.."അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു...

 മാനേജർ പൊട്ടിച്ചിരിച്ചു. അതു കണ്ട കണ്ണപ്പൻനായർ   അന്ധാളിച്ചു.  വിവരമറിഞ്ഞ മറ്റുള്ളവർ കണ്ണപ്പൻ നായരെ പരിഹാസത്തോടെ നോക്കി. ഒരാൾ  കണ്ണപ്പൻനായരെ അല്പം  ദൂരെ
മാറ്റിനിർത്തിയിട്ടു  പറഞ്ഞു.

"ചേട്ടാ.. ചേട്ടന്  ആധാർ കാർഡുണ്ടോ..."

"ആദാർ കാർഡോ...ഓ..കുറച്ചു നാൾ മുൻപ്  അതിനുള്ള ഫോട്ടോ എടുപ്പിന് പോയാരുന്നു. പക്ഷേ  കാർഡ്‌ കിട്ടിയില്ല"

"എങ്കിൽ ഒരു കാര്യം ചെയ്യ്...അക്ഷയ കേന്ദ്രത്തിൽ ചെന്ന്  ആധാറിന്റെ കോപ്പിയെടുത്ത്  അതുമായി ബാങ്കിൽ പോയി ചേട്ടന്റെ അക്കൌണ്ടുമായി  അതിന്റെ നമ്പർ   ലിങ്കു ചെയ്യിപ്പിച്ചിട്ടു വാ... എന്നാലേ  ഇവർ  ഗ്യാസ്സു തരൂ"

കണ്ണപ്പൻ നായർക്ക്  അതൊരു പുതിയ അറിവായിരുന്നു. ഗ്യാസുതീർന്ന സിലിണ്ടർ   പോലെയായ അയാൾ ആരോടും മിണ്ടാതെ സൈക്കിളുമെടുത്തു  സ്ഥലം വിട്ടു.

ഇതിനിടയിൽ എന്റെ  ഊഴം വന്നു. ഞാൻ കയ്യിലിരുന്ന അപേക്ഷാഫോറവും അനുബന്ധ  രേഖകളും പെണ്‍കുട്ടിയുടെ കൈയ്യിൽ കൊടുത്തു.   കണ്ണപ്പൻനായർ പോയതോടെ സമനില വീണ്ടെടുത്ത പെണ്‍കുട്ടി അതൊക്കെ വിശദമായി പരിശോധിച്ചു.  എന്നിട്ടു പറഞ്ഞു.

"സാറേ.. ഒറിജിനൽ ആധാർകാർഡ്‌  വേണം. കൂടാതെ   സാറിന്റെ ഒരു  പാസ്‌ പോർട്ട്‌  സൈസ് ഫോട്ടോയും  വേണം"

ശെടാ ഇതൊരു പുലിവാലായല്ലോ.  വീട്ടിലെ ഗ്യാസ് തീർന്നിട്ടു ദിവസം നാലായി. ഓരോ തവണ വരുമ്പോഴും എന്തെങ്കിലും തടസ്സങ്ങൾ...!  ഇന്നെങ്കിലും  സിലിണ്ടർ  കിട്ടിയില്ലെങ്കിൽ ഭാര്യ  അടുക്കളയും  ലോക്ക് ചെയ്തു  കുട്ടികളേയും കൂട്ടി    അവളുടെ വീട്ടിൽ  പോകുമെന്ന്  മുന്നറിയിപ്പു തന്നിരിക്കുകയാണ്.

ആധാർ കാർഡിന്റെ  നമ്പർ മാത്രമാണ്  എന്റെ കയ്യിലുള്ളത്.   അക്ഷയ കേന്ദ്രത്തിൽ പോയി   അതിന്റെ ഒറിജിനൽ എടുത്തിട്ടു വേണം ഗ്യാസ് ഏജൻസിയിൽ പോകേണ്ടത്  എന്നു ഭാര്യ പറഞ്ഞ കാര്യം അപ്പോഴാണു  ഞാൻ ഓർത്തത്‌.

ഞാൻ ബൈക്കിൽ കയറി  നേരെ  അടുത്തുള്ള അക്ഷയകേന്ദ്രത്തിലേയ്ക്ക് വിട്ടു. അവിടെയെ ത്തിയപ്പോൾ   അതിനു മുൻപിൽ വലിയൊരാൾക്കൂട്ടം  കണ്ടു.  പെണ്ണുങ്ങളാണ്  കൂടുതൽ.     ആധാർ കാർഡ്‌  എടുക്കാനുള്ള ഊഴവും കാത്തിരിക്കുകയാണവർ.

ഞാൻ ഒരു വിധത്തിൽ അകത്തു കയറി. അക്ഷയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ  ശാന്തമ്മ
ലാപ് ടോപ്പ് , ക്യാമറ പിന്നെ  വേറെ എന്തൊക്കെയോ സാമഗ്രികളുമായി ഒരു മൂലയിലിരുന്നു  ആധാർ കാർഡിനുള്ള  അപേക്ഷകൾ തയ്യാറാക്കുകയാണ്. അവരുടെ മുൻപിൽ ഒരു വല്യമ്മ വടിയും കുത്തിപ്പിടിച്ചിരിക്കുന്നു.   വല്യമ്മയുടെ ഫോട്ടോ എടുക്കാനുള്ള തീവ്രശ്രമത്തിലാണ്  ശാന്തമ്മ. കഴുത്തൊടിഞ്ഞ കോഴി പോലെയിരിക്കുന്ന വല്യമ്മയുടെ മുഖം പിടിച്ചു നേരെ ആക്കിയിട്ടു  ശാന്തമ്മ ലാപ് ടോപ്പിനരികിൽ എത്തുമ്പോഴേയ്ക്കും വല്യമ്മ വീണ്ടും പഴയ സ്ഥിതിയിലാകും. ഒടുവിൽ സഹായിയായ ഒരു പെണ്‍കുട്ടിയോട്  വല്യമ്മയുടെ തല നേരെയാക്കി പിടിക്കാൻ പറഞ്ഞിട്ട്  ശാന്തമ്മ അവരുടെ ഫോട്ടോ എടുത്തു.

"ഹോ ഈ ആധാർ കാർഡ്‌   കണ്ടുപിടിച്ചവനെ കിട്ടിയിരുന്നെങ്കിൽ അയാളുടെ മൂലാധാരം നോക്കി  നാല്  ഇടിവച്ചുകൊടുക്കാമായിരുന്നു"

ഞാൻ ആത്മഗതം ചെയ്തു .

ഞാൻ എന്റെ ആധാർ കാർഡിന്റെ   നമ്പർ എഴുതിയ പേപ്പർ  അവിടെയിരുന്ന ഒരു പെങ്കൊച്ചിനെ ഏൽപ്പിച്ചിട്ട്  അതിന്റെ ഒറിജിനൽ എടുത്തു തരാൻ ആവശ്യപ്പെട്ടു.

തനിക്കിഷ്ടമില്ലാത്ത  പയ്യൻ  കൊടുത്ത ലവ് ലെറ്റർ വാങ്ങുന്ന കോളേജ്  കുമാരിയുടെ മുഖഭാവത്തോടെ അവളതു വാങ്ങി.    പിന്നെ അതിന്റെ ഒറിജിനൽ എടുക്കാനായി  കമ്പ്യൂട്ടറിന്റെ മുൻപിലിരുന്നു.

അര മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ  ഒറിജിനൽ  ആധാർ കാർഡിന്റെ പ്രിന്റു കിട്ടി.

അതുമായി പുറത്തിറങ്ങിയ ഞാൻ ആ കാർഡിലൂടെ ഒന്നു  കണ്ണോടിച്ചു. അതിൽ മലയാളത്തിൽ അച്ചടിച്ചിരിക്കുന്ന എന്റെ പേരു കണ്ടു ഞാൻ അന്തം വിട്ടു.

"ഗുരുനാഥൻ"

ഈശ്വരാ......

"രഘുനാഥനായ ഞാൻ ഗുരുനാഥനായതെങ്ങിനെ?"

ഇനി എന്തു ചെയ്യുമെന്നറിയാതെ  നില്ക്കുമ്പോഴാണ്  അക്ഷയ കേന്ദ്രത്തിനുള്ളിൽ  നിന്നും ഒരു ബഹളം   കേട്ടത്.

"ആരാടീ ഈ  കാർഡുണ്ടാക്കിയത്? അവളെ എനിക്കൊന്നു കാണണം"

ഞെട്ടിപ്പോയ ഞാൻ പെട്ടെന്നു തിരിഞ്ഞു നോക്കി.

കണ്ണപ്പൻ നായർ..!

"ശെടാ ഇയ്യാളെക്കൊണ്ടു തോറ്റല്ലോ. ഗ്യാസ് ഏജൻസിയിൽ വഴക്കുണ്ടാക്കിയിട്ട്   ഇവിടെ വന്നു പിന്നെയും കുഴപ്പമുണ്ടാക്കാനുള്ള പരിപാടിയാണോ ?"

 വല്യമ്മയുടെ ഫോട്ടോ എടുപ്പുകഴിഞ്ഞ ശാന്തമ്മ  എഴുനേറ്റുവന്നു   ദേഷ്യത്തോടെ കണ്ണപ്പൻ നായരോടു  പറഞ്ഞു.

"ചേട്ടാ ഇവിടെക്കിടന്നു ബഹളമുണ്ടാക്കരുത്.  ഇതു പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലമാ.."

കണ്ണപ്പൻ നായർ   ശാന്തമ്മയെ അടിമുടിയൊന്നു നോക്കി. എന്നിട്ടു   തന്റെ  കയ്യിലിരുന്ന ആധാർ കാർഡ്‌  അവരുടെ കയ്യിൽ കൊടുത്തു. പിന്നെ  ഒന്നും മിണ്ടാതെ സൈക്കിളുമെടുത്തു സ്പീഡിൽ ചവിട്ടി സ്ഥലം വിട്ടു.

ശാന്തമ്മ കണ്ണപ്പൻ നായരുടെ  ആധാർ കാർഡ്‌  തിരിച്ചും മറിച്ചും നോക്കി. പിന്നെ വാ പൊത്തി ചിരിച്ചുകൊണ്ട്   അകത്തേയ്ക്കോടി.

ഇതെല്ലാം കണ്ട ജനങ്ങൾ കാര്യമറിയാതെ മിഴിച്ചു നിന്നു. 



ഗുരുനാഥനായിപ്പോയ  ഞാൻ ഇനിയെങ്ങനെ  രഘുനാഥനാവുന്നതെന്നറിയാതെ   നിന്നു.

 പക്ഷേ  സൈക്കിളിൽ പോയ കണ്ണപ്പൻനായർ  തന്റെ പേരിന്റെ ആദ്യാക്ഷരമായ  "ക " എങ്ങിനെ "കൂ" ആയെന്ന  ചിന്തയിലായിരുന്നു അപ്പോഴും. 

Monday, August 19, 2013

ഒരു വലതുപക്ഷ ഉപരോധം

പതിവിനു വിപരീതമായി ഭാര്യ   അതിരാവിലെ  എഴുനേറ്റു കുളിയും തേവാരവും  കഴിഞ്ഞു നേരെ പോയി  ടിവി ഓണ്‍ ചെയ്തിട്ട്   റിമോട്ടും കയ്യിലെടുത്തുകൊണ്ട്   അതിന്റെ   മുന്‍പില്‍ ആസനസ്ഥയായതു  കണ്ടപ്പോൾ  ഞാൻ അന്ധാളിച്ചു പോയി.

രാവിലെ  എനിക്ക് പതിവുള്ള   കട്ടൻകാപ്പി ഉണ്ടാക്കിത്തരുന്നതിനു  പകരം അവൾ പോയി ടിവിയുടെ മുൻപിൽ  ഇരുന്നതെന്താണെന്നു ഞാൻ ആലോചിച്ചു.

കഴിഞ്ഞ ദിവസം   പച്ചക്കറി  വാങ്ങാനായി വച്ചിരുന്ന പൈസയിൽ നിന്നും ഇരുനൂറ്റമ്പത്  രൂപ അടിച്ചുമാറ്റി  പാർട്ടി ഫണ്ടിലേയ്ക്ക്  ഞാൻ സംഭാവന ചെയ്തതിന്റെ പേരിലുണ്ടായ  കലഹം  കഴിഞ്ഞുള്ള നിസ്സഹകരണത്തിന്റെ ഭാഗമാണോ ഇതെന്ന്  ഞാൻ സംശയിച്ചു.

അഴിമതിക്കാരെ എന്തു വിലകൊടുത്തും താഴെയിറക്കുമെന്നു  പ്രതിജ്ഞയെടുത്തിരിക്കുന്ന എന്റെ പാർട്ടി, അതിന്റെ ഭാഗമായി തലസ്ഥാനനഗരം ഉപരോധിക്കുവാൻ പോകുമ്പോൾ
സമരസഖാക്കളുടെ  ചിലവിലേയ്ക്കായി നടത്തുന്ന ഫണ്ടു  ശേഖരണത്തിനു  വേണ്ടി  പാർട്ടിയുടെ  അടിയുറച്ച അനുഭാവിയായ ഞാൻ  ഒരു എളിയ സംഭാവന കൊടുത്തത്  അത്ര വലിയ കുറ്റമാണോ?

അതൊരു നല്ല കാര്യമല്ലേ?  പാവപ്പെട്ടവരുടെ പാർട്ടിയുടെ പരിപാടികൾക്ക്  എന്നെപ്പോലെ പാവപ്പെട്ടവരായ അനുഭാവികൾ തന്നെയല്ലേ പണം കൊടുത്തു  സഹായിക്കേണ്ടത്?

അല്ലെങ്കിൽതന്നെ ഇരുനൂറ്റമ്പത്  ഉലുവാ കൊടുത്താൽ   എന്തോന്ന് പച്ചക്കറി കിട്ടും ?  ഒരു കിലോ സവാള  കിട്ടണമെങ്കിൽ രൂപ എഴുപതു കൊടുക്കണം.

ഇതൊക്കെ ഈ ഭരണക്കാരുടെ പിടിപ്പുകേടല്ലേ?  നേരെ ചൊവ്വേ ഭരിക്കാൻ അവർക്കു നേരമുണ്ടോ?  മന്ത്രിമാരൊക്കെ ഏതോ ഒരു പെണ്ണിന്റെ അപഹാരത്തിൽ പെട്ടു നട്ടം തിരിയുകയല്ലേ?

പക്ഷെ ഈ ന്യായവാദങ്ങളൊക്കെ ഭരണപ്പാർട്ടിയുടെ  അനുഭാവിയും  അടിയുറച്ച കുഞ്ഞൂഞ്ഞു ഭക്തയുമായ  ഭാര്യയോടു  പറഞ്ഞിട്ട്  വല്ല പ്രയോജനവുമുണ്ടോ?

ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ  ഒരു മണിക്കൂര്‍  കൂടി  ഉറങ്ങിക്കളയാം" എന്നു നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.

"മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടി ഇടതുപക്ഷം  ആഹ്വാനം ചെയ്തിരിക്കുന്ന ഉപരോധസമരം തലസ്ഥാനത്ത്  ആരംഭിച്ചിരിക്കുന്നു".

ഭാര്യ  കൊച്ചുവെളുപ്പാന്‍ കാലത്തെ എഴുനേറ്റു  ടി വിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്കു  പിടികിട്ടിയത്. എന്റെ പാർട്ടിയുടെ ശക്തിപ്രകടനം കണ്ടു പേടിച്ച്  മുഖ്യമന്ത്രിയെങ്ങാനും  രാജിവച്ചുകളയുമോ  എന്നുള്ള ആധിയാണ്   അവളെ ടി വി യുടെ മുൻപിൽ പിടിച്ചിരുത്തിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.

രാഷ്ട്രീയത്തിൽ അത്ര സജീവമല്ലെങ്കിലും  മനസ്സുകൊണ്ട്  ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതലുള്ള  എല്ലാവരും  കമ്മ്യൂണിസ്റ്റ്‌  ചിന്താഗതിക്കാർ ആയതു കൊണ്ടാകാം  ഓർമ വച്ച കാലം മുതൽ എനിക്കും  ഇടത്തോട്ട്  ഒരു ചരിവുണ്ടായതെന്ന്  ഞാന്‍ കരുതുന്നു.

പക്ഷെ എന്റെ കുടുംബത്തില്‍ "ഇടത്തേയ്ക്ക് ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത്  കഴിഞ്ഞ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്.

"നമ്മുടെ സ്വന്തം സ്ഥാനാർഥി" !!

അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടേതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്തു  മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു.

ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകളാണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതികൾ  ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു 'ബൂർഷ്വാ മൂരാച്ചി'ക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.

അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയുള്ള ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം നിലനില്ക്കുമ്പോഴാണ്  പച്ചക്കറി വാങ്ങാൻ ഞാൻ തന്നെ കൊടുത്ത പൈസയിൽ നിന്നും ഒരു താല്ക്കാലിക അഡ്ജസ്റ്റ് മെന്റ്  എന്ന നിലയിൽ  ഇരുനൂറ്റമ്പത്  രൂപ മേൽപ്പറഞ്ഞ ആവശ്യത്തിനായി  അവളറിയാതെ എടുത്തത്.

ഉപരോധസമരം തുടങ്ങി എന്നറിഞ്ഞതോടെ എന്നിലെ ഇടതുപക്ഷം ഉണർന്നു.    അഴിമതിക്കെതിരെ അടരാടുവാൻ വീടും നാടും വിട്ടു  തലസ്ഥാന നഗരിയിലെത്തിയിരിക്കുന്ന  സമരസഖാക്കളുടെ  ദൃശ്യങ്ങൾ ടി വിയിൽ ലൈവായി കാണിക്കുകയാണ്.

അതുകണ്ടപ്പോൾ ആവേശഭരിതനായ   ഞാൻ അഭിമാനത്തോടെ  ഭാര്യയെ   നോക്കി. എന്നിട്ട്  അവൾ കേൾക്കാനായി  പറഞ്ഞു.

"ഇന്നു രണ്ടിലൊന്നറിയാം. .ഭരണം കിട്ടിയാൽ ഈ നാട്ടിൽ എന്തും ചെയ്യാമെന്നു പലർക്കും ഒരു തോന്നലുണ്ട്‌.   അഴിമതിക്കാരെ താഴെ ഇറക്കിയിട്ടേ ഞങ്ങൾ തലസ്ഥാനം വിടൂ"

ഭാര്യ അതു  കേൾക്കാത്ത ഭാവത്തിൽ  മുഖവും വീർപ്പിച്ചിരുപ്പാണ്. മുഖ്യമന്ത്രിയുടെ കാര്യം  കുഴപ്പത്തിലാകുമോ  എന്നൊരു  ശങ്ക അവളുടെ മുഖത്തു നിഴലിച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ എനിക്കു സന്തോഷം  ഇരട്ടിച്ചു.  ഹെൽമറ്റും പടച്ചട്ടയുമൊക്കെ ധരിച്ചു തോക്കും പിടിച്ചു ജാഗരൂഗരായി നില്ക്കുന്ന പോലീസ്സുകാരുടെ ദൃശ്യം ടി വി യിൽ വന്നതോടെ ഞാൻ അത്യധികം ആവേശത്തോടെ വീണ്ടും പറഞ്ഞു.

"ഹും..കേന്ദ്ര സേനയെ ഇറക്കിയാൽ ഞങ്ങളങ്ങു പേടിച്ചു പോകുമെന്നാ  അവരുടെ ധാരണ. സർസീപ്പിയുടെ പട്ടാളത്തെ വാരിക്കുന്തം കൊണ്ടു നേരിട്ടവരാ ഈ ഞങ്ങൾ"

അതോടെ ഭാര്യ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ എഴുനേറ്റു  ഭൂമി ചവിട്ടിക്കുലുക്കി  അടുക്കളയിലേയ്ക്ക് പോയി.

ഇന്നൊരു  ലീവെടുത്താലോ? ഞാൻ ആലോചിച്ചു.  സഖാക്കൾ വിശപ്പും ദാഹവും സഹിച്ചു പെരുമഴയത്ത്  സമരം ചെയ്യുമ്പോൾ ഞാൻ ഓഫീസിൽ പോകുന്നതു ശരിയാണോ? മാത്രമല്ല കേന്ദ്രസേന ഇപ്പോഴും രംഗത്തു വന്നിട്ടില്ല. അവരു വന്നാലേ  സമരത്തിനൊരു  എരിവും പുളിയും കൈവരൂ. രക്തഹാരങ്ങളണിയിച്ചു  ഞങ്ങൾ യാത്രയയച്ചിരിക്കുന്ന സമരസഖാക്കൾ  കേന്ദ്ര സേനയോടും സംസ്ഥാന പോലീസ്സിനോടും എതിരിടുന്ന കാഴ്ച ടിവിയിലൂടെയെങ്കിലും നേരിട്ട് കാണാൻ എനിക്ക്  കൊതിയായി.

ഞാൻ സന്തോഷത്തോടെ ചാനലുകൾ മാറി മാറിയിട്ട്  ഉപരോധ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരുന്നു.

ചെങ്കൊടികൾ പാറിക്കളിക്കുന്ന തലസ്ഥാനനഗരത്തിലെ റോഡുകൾ ജനസമുദ്രങ്ങളായി മാറിക്കഴിഞ്ഞു. അതിനിടയിൽ  ഒന്നുരണ്ടു  സ്റ്റേറ്റ് കാറുകൾ  കുടുങ്ങിക്കിടക്കുന്നു. പോലീസ്സുകാരും
പാർട്ടി പ്രവർത്തകരും കാറിനെ വളഞ്ഞിരിക്കുകയാണ്.  മറ്റൊരു സ്ഥലത്ത്  കുറെ പാർട്ടി പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു. കുറെ പോലീസ്സുകാർ അവരെയും  വളഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാൻ ശ്വാസം വിടാതെ ആ കാഴ്ചകൾ നോക്കിയിരുന്നു.

ഉപരോധ സമരത്തിന്റെ  ഉത്ഘാടനവേദിയാണ്  മറ്റൊരു  ചാനലിൽ കാണിക്കുന്നത്. പ്രമുഖ നേതാക്കൾ എത്തിത്തുടങ്ങി. ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ വരവിനുള്ള പ്രതീക്ഷയിലാണ് എല്ലാവരും.  ഒടുവിൽ  സമ്മേളനം തുടങ്ങി.   നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ കേട്ടു ഞാൻ കോരിത്തരിച്ചു.  അടുത്ത വണ്ടിയിൽ കേറി നേരെ തിരുവനന്തപുരത്തേയ്ക്കു വച്ചു പിടിച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോയി.

മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.  രാവിലെ പതിവുള്ള കട്ടൻകാപ്പി പോലും കഴിച്ചിട്ടില്ല. ഇനിയുള്ള കാഴ്ചകൾ  ബ്രേക്ക് ഫാസ്റ്റ്  കഴിഞ്ഞാകാം. ഞാൻ  ധൃതിതിയിൽ എഴുനേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു ഡൈനിംഗ് ടേബിളിൽ  എത്തിയിട്ട്    അടുക്കളയിലെയ്ക്ക്  നോക്കി വിളിച്ചു പറഞ്ഞു.

"എടിയേ....  കാപ്പി പെട്ടെന്നു തന്നേരെ..സമയമില്ല ..സമരം തുടങ്ങിക്കഴിഞ്ഞു.."

പത്തു മിനിട്ടു  കഴിഞ്ഞിട്ടും ഭാര്യ കാപ്പിയുമായി വരുന്ന ലക്ഷണം കണ്ടില്ല.  സഹികെട്ട ഞാൻ   നേരെ അടുക്കളയിലെത്തി.

അടുക്കള ശൂന്യം...!!

എവിടെപ്പോയി  ഭാര്യ ?

ഞാൻ അടുക്കള വഴി പുറത്തിറങ്ങി വീടിന്റെ മുൻവശത്തെത്തി. അവിടെയതാ സിറ്റ് ഔട്ടിൽ  ഭാര്യ പത്രം വായിച്ചിരിക്കുന്നു. അതു കണ്ടു കലിയിളകിയ  ഞാൻ ദേഷ്യത്തോടെ അലറി.

"ബ്രേക്ക് ഫാസ്റ്റ് തരാൻ പറഞ്ഞപ്പോൾ നീ ഇവിടെ വന്നിരുന്നു പത്രം വായിക്കുന്നോ?  വേഗം പോയി  ഭക്ഷണം വിളമ്പ്. "

"ഇന്നു ഭക്ഷണമില്ല..." ഭാര്യയുടെ   മറുപടി..

"ങേ ..ഭക്ഷണമില്ലന്നോ? അതെന്താ...?"

"ഉപരോധമാ...നിങ്ങള്   സെക്രട്ടറിയേറ്റ്  ഉപരോധിക്കുവല്ലേ...ഞാൻ അടുക്കള ഉപരോധിച്ചു."

 അവൾ എഴുനേറ്റു  പോയി.  

വിശക്കുന്ന വയറും തടവി   ഞാൻ അന്തം വിട്ടു നിന്നു.  




Thursday, May 24, 2012

കുട്ടച്ചന്‍ജിയുടെ മരണം


പഞ്ചായത്തു മെമ്പര്‍ കുട്ടച്ചനെ കാണാനില്ല!!!

തങ്ങളുടെ   പ്രിയങ്കരനായ  നേതാവ്  "കുട്ടച്ചന്‍ജി" യെ  കാണാനില്ലെന്ന  വാര്‍ത്ത ശ്രവിച്ച രാജപുരം നിവാസികള്‍ ഞെട്ടി. 

ഇന്നലെ രാത്രിമുതലാണ് കാണാതായിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ത്ത കേട്ട് നടുങ്ങി.അവര്‍ കുട്ടച്ചന്‍ജിയുടെ ഭവനമായ "ഇന്ദിരാനിവാസി"ലേയ്ക്ക്  പാഞ്ഞു.

കുട്ടച്ചന്‍ജിയുടെ സഹധര്‍മ്മിണി അന്നക്കുട്ടി  വിവരമറിഞ്ഞപ്പോള്‍ കുഴഞ്ഞു   വീണതാണ്.

തളര്‍ന്നു കിടക്കുന്ന അവരെ അടുത്ത വീട്ടിലെ സ്ത്രീജനങ്ങള്‍  ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. 

ഇളയമകന്‍  പതിനെട്ടുകാരനായ സാബു അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് അരികില്‍ തന്നെയുണ്ട്‌.

മൂത്തമകളായ മോളിയെ അയച്ചിരിക്കുന്നത് ചങ്ങനാശ്ശേരിയിലാണ്.  അവരെ വിവരമറിയിക്കുവാന്‍ ആളു പോയിട്ടുണ്ട്. 

കൂടാതെ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചിട്ടുണ്ട്.

ഹൈറേഞ്ചിലെ മലനിരകള്‍ക്കു നടുവിലൂടെ ഒഴുകുന്ന പെരിയാറിന്റെ തീരത്തുള്ള   പ്രകൃതിരമണീയമായ  ഒരു  ഗ്രാമമാണ് രാജപുരം. 

പണ്ട്  കാടുപിടിച്ചുകിടന്നിരുന്ന  സ്ഥലം പല നാട്ടില്‍ നിന്നും വന്നവര്‍   കുടിയേറി വെട്ടിത്തെളിച്ച്  കൃഷിയിറക്കിയതാണ് .   

അന്നവിടെ  കാട്ടാനകളും കാട്ടുപോത്തുകളും മ്ലാവും കുരങ്ങും മുയലുമൊക്കെ  ഉണ്ടായിരുന്നത്രെ. 

ഇന്നിപ്പോള്‍ ചെറിയൊരു സിറ്റിയാണ് രാജപുരം.

ഒരു  ക്രിസ്ത്യന്‍ പള്ളി,  അയ്യപ്പന്റെ അമ്പലം, പോസ്റ്റ്‌ ഓഫീസ്, പള്ളിവക എല്‍ പി സ്കൂള്‍ മുതലായവയാണ് രാജപുരത്തെ  പ്രധാന സ്ഥാപനങ്ങള്‍.  

കൂടാതെ ഏലമ്മചേച്ചിയുടെ ചായക്കട, ശിവദാസന്റെ  പലചരക്കുകട,  മൂര്‍ത്തിയുടെ ബാര്‍ബര്‍ഷോപ്പ്, വേങ്ങത്താനം ബേബിയുടെ  തുണിക്കട, ഗോവിന്ദന്റെ മുറുക്കാന്‍ കട മുതലായ വ്യാപാരസ്ഥാപനങ്ങളുമുണ്ട്‌.  

പള്ളി, അമ്പലം എന്നിവയില്‍ നിന്നും  കുറച്ചേറെ ദൂരെമാറി   അബ്കാരി  കൊണ്ട്രാക്ടര്‍ ദിവാകരേട്ടന്റെ കള്ളുഷാപ്പ്. വൈകിട്ടു നാല് മണിക്ക് ശേഷമാണു കള്ളുഷാപ്പിന്റെ   പ്രവര്‍ത്തനം സജീവമാകുന്നത്. 

'കൊന്നത്തടി' പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ്  രാജപുരം.    അതിന്റെ  പ്രതിനിധിയാണ്  കുട്ടച്ചന്‍ജി. 

പഞ്ചായത്തു സംബന്ധമായ ഏതു കാര്യവും  കക്ഷിഭേതമില്ലാതെ ചെയ്തു കൊടുക്കുന്ന   ആളാണ്‌  കുട്ടച്ചന്‍ജി.

തൂവെള്ള ഖദറും കൂപ്പിയ  കൈകളും പാലുപോലെയുള്ള ചിരിയുമായി മാത്രമേ രാജപുരം നിവാസികള്‍ കുട്ടച്ചന്‍ജിയെ കണ്ടിട്ടുള്ളൂ.

സന്തത സഹചാരിയായ ഡയറിയും  കക്ഷത്തില്‍ വച്ചു കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ നടപ്പ്. 

കഴിഞ്ഞ പതിനാറു വര്‍ഷമായി നാലാംവാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്  കുട്ടച്ചന്‍ജിയാണ്.

അങ്ങനെയുള്ള കുട്ടച്ചന്‍ജിയ്ക്ക്  ഏതെങ്കിലും  വിധത്തിലുള്ള ശത്രുക്കളുണ്ടോ  എന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല.  

ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും ഇന്ദിരാനിവാസിലേയ്ക്ക്  ഒഴുകിക്കൊണ്ടിരുന്നു.

ഇന്നലെ രാത്രിയില്‍ ഏകദേശം ഒമ്പതു മണിയോടെ  ഇടവകപ്പള്ളിയുടെ  അടുത്തുള്ള വളവില്‍ വച്ച്  കുട്ടച്ചന്‍ജിയെ കണ്ടവരുണ്ട്.

"ഉണ്ടക്കണ്ണന്‍ മത്തായി"  എന്നറിയപ്പെടുന്ന മാങ്ങാട്ട്പറമ്പില്‍ മത്തായിയാണ്  അദ്ദേഹത്തെ അവിടെവച്ചു   കണ്ടത്.  ഗോവിന്ദന്റെ മുറുക്കാന്‍കടയില്‍ നിന്നും ഒരു പാക്കെറ്റ്  'പനാമ'  സിഗരറ്റും വാങ്ങി നടന്നുപോകുന്നതാണ് മത്തായി കണ്ടത്.  

ആ വിവരം ഗോവിന്ദനും ശരിവച്ചിട്ടുണ്ട്.

മറ്റൊരു നടുക്കുന്ന വിവരം കൂടി ഗോവിന്ദന്‍ പുറത്തു വിട്ടു.

കുട്ടച്ചന്‍ജി പോയി അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ വഴിയെ ഒരു  ജീപ്പ്‌,  കുറേ ആളുകളുമായി പാഞ്ഞു പോയത്രേ.

"കര്‍ത്താവേ ഇനി വല്ല കൊട്ടേഷന്‍കാരും കുട്ടച്ചന്‍ജിയെ???"  ഉണ്ടക്കണ്ണന്‍ മത്തായി അറിയാതെ പറഞ്ഞുപോയി.

"ഹെന്റീശ്വരാ"   

ഗോവിന്ദന്‍ അന്ധാളിപ്പോടെ നെഞ്ചില്‍ കൈവച്ചു.

"മണ്ടത്തരം പറയാതെടാ  മത്തായി"  എല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന വട്ടോളി തോമസു ചേട്ടന്‍ മത്തായിയെ ശാസിച്ചു. "വല്ല പോലീസ്സുകാരും കേട്ടാല്‍ നിന്റെ കാര്യം പോക്കാ"

അതു കേട്ട മത്തായി പേടിയോടെ നാലുപാടും  നോക്കിയിട്ട് സൂത്രത്തില്‍ അവിടെ നിന്നും മുങ്ങി. 

"കുട്ടച്ചന്‍ജിയെ ഒരു കൊട്ടേഷന്‍കാരും  തൊടില്ല. തൊട്ടാല്‍ തൊട്ടവന്‍ വിവരമറിയും" ഒരു പാര്‍ട്ടി അനുഭാവി  മുണ്ട് മടക്കിക്കുത്തിയിട്ടു വീറോടെ പറഞ്ഞു. 

ഇതിനിടയില്‍ മറ്റൊരു വിവരം കൂടി പുറത്തു വന്നു.

സഖാവ് ശ്രീധരനേയും കാണാനില്ല.   

കുട്ടച്ചന്‍ജിയുടെ ഒരേയൊരു രാഷ്ട്രീയ എതിരാളിയാണ് സഖാവ്  ശ്രീധരന്‍.

കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍   സഖാവ്  ശ്രീധരനെ അഞ്ഞൂറിലധികം വോട്ടുകള്‍ക്ക്  തോല്‍പ്പിച്ചാണ്  കുട്ടച്ചന്‍ജി വിജയകിരീടം ചൂടിയത്.

 അന്നു മുതല്‍ സഖാവ്   ശ്രീധരനു   കുട്ടച്ചന്‍ജിയോട്  അല്പം   പിണക്കമുണ്ടായിരുന്നു എന്നാണ്  പൊതുവേയുള്ള ജനസംസാരം.

പക്ഷെ അതൊന്നും ശ്രീധരന്‍ സഖാവ്  പുറത്തു കാണിച്ചിട്ടില്ല.

എന്നാലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍...

ഏലമ്മചേച്ചിയുടെ ചായക്കടയിലും ഗോവിന്ദന്റെ  മുറുക്കാന്‍കടയിലും കൂടിയിരുന്നു രാജപുരത്തുകാര്‍ ചര്‍ച്ച തുടര്‍ന്നു.  

പെട്ടെന്നൊരു പോലീസ് ജീപ്പ്‌ പാഞ്ഞു വന്നു ബ്രേക്കിട്ടു. അതില്‍നിന്നും രണ്ടുമൂന്നു പോലീസ്സുകാര്‍ ചാടിയിറങ്ങി. അവര്‍  ജീപ്പിന്റെ പിറകില്‍ നിന്നും ഒരാളെ പുറത്തിറക്കി.

സഖാവ് ശ്രീധരന്റെ മൂത്ത മകന്‍  പുഷ്പന്‍. !!

ആളുകള്‍ അതുകണ്ട്  അന്തം വിട്ടു നിന്നു.

പോലീസുകാര്‍ പുഷ്പനേയും കൊണ്ട്  പള്ളിയുടെ അരികിലുള്ള വെട്ടുവഴിയില്‍ക്കൂടി   കുട്ടച്ചന്‍ ജിയുടെ വീട്ടിലേയ്ക്ക്‌ പോയി. 

ചായക്കടയിലും മുറുക്കാന്‍ കടയിലും ഇരുന്നവര്‍ ആകാംഷയോടെ   അവരെ അനുഗമിച്ചു. പക്ഷെ പോലീസുകാര്‍ അവരെ വിരട്ടിയോടിച്ചു.

"എന്നാലും എന്നോടൊരു വാക്ക്  പറഞ്ഞിട്ട് പോകാന്‍ മേലാരുന്നോ"  കുട്ടച്ചന്‍ജിയുടെ വീട്ടില്‍ നിന്നും  അന്നക്കുട്ടിയുടെ നിലവിളി ഉയര്‍ന്നു.
  
ജനങ്ങള്‍ക്ക്‌ കാര്യങ്ങളുടെ കിടപ്പ്  ഏകദേശം  പിടികിട്ടി.
  
തന്റെ അച്ഛനെ തോല്പിച്ചതിലുള്ള  വൈരാഗ്യം തീര്‍ക്കാനായി  പുഷ്പന്‍ കുട്ടച്ചന്‍ജിയെ അപായപ്പെടുത്തി !!

പക്ഷെ എങ്ങിനെ?...എവിടെവച്ച്? എന്നിട്ട് കുട്ടച്ചന്‍ജിയുടെ ശരീരം എന്തു ചെയ്തു? 

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ജനങ്ങള്‍  പരസ്പരം ചോദിച്ചു...

പോലീസുകാര്‍ തെളിവെടുപ്പ് കഴിഞ്ഞു പുഷ്പനുമായി തിരിച്ചുപോയി.

നല്ലവരില്‍ നല്ലവനായ കുട്ടച്ചന്‍ജിയുടെ  ദാരുണമായ അന്ത്യത്തില്‍ രാജപുരം നിവാസികള്‍ അത്യധികം വ്യസനിച്ചു. അവര്‍ കുട്ടച്ചന്‍ജിയുടെ അപദാനങ്ങള്‍ വാഴ്ത്തി. പിന്നെ അവരവരുടെ വീടുകളിലേയ്ക്ക്  തിരിച്ചു പോയി.

കുട്ടച്ചന്‍ജിയുടെ വീട്ടില്‍  അദ്ദേഹത്തിന്റെ ഭാര്യ അന്നക്കുട്ടിയും ഒന്നുരണ്ടു അയല്‍ക്കാരികളും മാത്രമായി. 
 
സമയം സന്ധ്യ കഴിഞ്ഞു...

അബ്കാരി  കൊണ്ട്രാക്ടര്‍ ദിവാകരേട്ടന്റെ   കള്ളുഷാപ്പില്‍ കുപ്പികള്‍ നിറയുകയും ഒഴിയുകയും ചെയ്തു. ഷാപ്പിന്റെ മുറികളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. കുട്ടച്ചന്‍ജിയുടെ മരണമാണ്  എല്ലാവര്‍ക്കും വിഷയം.  

കുട്ടച്ചന്‍ജിയുടെ സ്നേഹവാത്സല്യങ്ങള്‍  അനുഭവിച്ചവര്‍ അദ്ദേഹത്തിന്റെ  ആത്മശാന്തിക്കായി ഒന്നു രണ്ടു കുപ്പികള്‍  കൂടുതല്‍ കഴിക്കുകയും കരയുകയും ചെയ്തു.
 
"മൃതദേഹം ഉടനെ കിട്ടുമായിരിക്കും..നാളത്തെ പത്രത്തില്‍ എല്ലാം വിശദമായി അറിയാം." 

 അങ്ങനെയൊരു  പ്രത്യാശയോടെ  ആളുകള്‍ അവരവരുടെ ചര്‍ച്ച ഉപസംഹരിച്ചു. 

സമയം ഒരുപാടു കഴിഞ്ഞു...

വട്ടോളി തോമസ്സു ചേട്ടനും ഉണ്ടക്കണ്ണന്‍ മത്തായിയും  അന്നത്തെ കുടി നിറുത്തി  ഷാപ്പില്‍ നിന്നും എഴുനേറ്റു വേച്ചു വേച്ചു  പുറത്തേയ്ക്ക് നടന്നു. 

ഷാപ്പിനു പുറത്തെത്തിയ അവര്‍ റോഡിലിറങ്ങി മുന്‍പോട്ടു നടന്നു.

അല്പം നടന്നപ്പോഴാണ് അവരതു കണ്ടത്.

നേരെ മുന്‍പില്‍ റോഡില്‍ കുട്ടച്ചന്‍ജി  നില്‍ക്കുന്നു...അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ടു കൊണ്ട്  സഖാവ് ശ്രീധരന്‍!

കാറ്റുപിടിച്ച കൊന്നത്തെങ്ങുപോലെ   ആടുകയാണ് രണ്ടു പേരും.

തന്റെ തോളില്‍ തൂങ്ങിക്കിടക്കുന്ന കുട്ടച്ചന്‍ജിയോട്  സഖാവ് ശ്രീധരന്‍ പറയുന്നത്  തോമസ്സു ചേട്ടനും ഉണ്ടക്കണ്ണന്‍ മത്തായിയും കേട്ടു.

'ഡാ... കുട്ടച്ചാ...ന്റെ മോന്‍ പുഷ്പന്   നീ സര്‍ക്കാര്  ജോലി വാങ്ങി തന്നില്ലേ...എനിക്ക്   തിറുപ്തിയായി.   ഈ തിരോന്തോരം പോക്കിന്റെ   മുഴോന്‍ ശെലവും  എന്റെ വഹ...നീ വാ."
 
പിന്നെ, വട്ടോളി തോമസ്സു ചേട്ടനേയും ഉണ്ടക്കണ്ണന്‍ മത്തായിയും  മൈന്‍ഡ് ചെയ്യാതെ  പരസ്പര സഹായത്തോടെ അവര്‍  ഷാപ്പിലേയ്ക്ക്  കയറിപ്പോയി.