Monday, July 11, 2011

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം ഒന്ന്

"ഹലോ രഘുനാഥനല്ലേ?"

"അതെ രഘുനാഥനാണ്."

"എറണാകുളം മീറ്റിനു വരുമോ..?"

"പറ്റുമെന്ന് തോന്നുന്നില്ല..അല്പം ജോലിത്തിരക്കുണ്ടായിരുന്നു."

"ഓഹോ  അപ്പോള്‍ മീറ്റിനു വരുന്ന ഞങ്ങളൊക്കെ പണിയില്ലാതെ നടക്കുന്നവരാണോ?"

"ഹേയ്  അതുകൊണ്ടല്ല..എനിക്ക് ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു"

"അതുശരി ..എങ്കില്‍ ഞാന്‍  'ബ്ലോഗുട്ടേഷന്‍'  ടീമിനെ വിടാം"

"ബ്ലോഗുട്ടേഷന്‍ ടീമോ... അതെന്തു ടീം?"

"അതൊരു ടീമാ... ഇങ്ങനെ മീറ്റില്‍ നിന്നും മുങ്ങി നടക്കുന്നവരെ പൊക്കലാ അവരുടെ പണി...നിങ്ങളുടെ സാങ്കേതിക തടസ്സങ്ങള്‍  അവരു മാറ്റിത്തരും .."

"അയ്യോ വേണ്ട...ഞാന്‍ വരാം..."

ഫോണ്‍  കട്ടായി...ഞാന്‍ നമ്പര്‍ നോക്കി...

ദൈവമേ....ഏവൂരാന്‍..!!!!.

ബ്ലോഗര്‍  മുന്നേറ്റ കഴകത്തിന്റെ  (BMK)  പ്രമുഖ നേതാവും  സീനിയര്‍ ബ്ലോഗ്‌  പുലിയുമാണ്   മേല്‍പ്പടിയാന്‍.

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാത്തപക്ഷം തന്റെ  ശിങ്കിടികളായ ബ്ലോഗുട്ടേഷന്‍ ടീമിനെക്കൊണ്ട് എന്നെ  പൊക്കുമെന്നാണ്  അദ്ദേഹം ഭീഷണി മുഴക്കിയിരിക്കുന്നത്.

പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന ആളാണ്‌ ഏവൂരാന്‍. മാത്രമല്ല അദ്ദേഹത്തിന്റെ 'ബ്ലോഗുട്ടേഷന്‍' ടീമിലെ അംഗങ്ങളായ  പോങ്ങപ്പന്‍, നന്ദപ്പന്‍,  ചാണ്ടപ്പന്‍  മുതലായ അജാനുബഹുക്കളുടെ കൈ ഒരു തവണ എന്റെ ശരീരത്ത്  വീണാല്‍ മതി അതോടെ എന്റെ ശിഷ്ട ജീവിതം തിരുമ്മല്‍, ഉഴിച്ചില്‍ നസ്യം മുതലായ ആയുര്‍വ്വേദ വിധികള്‍ പരീക്ഷിക്കാനുള്ള പരീക്ഷണശാലയായി  മാറും.

ആയതിനാല്‍ മറ്റു ഗത്യന്തരമില്ലാതെ ഞാന്‍  മീറ്റിനു പോകാന്‍ തീരുമാനിച്ചു.

എറണാകുളം മീറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടങ്ങിയ ബ്ലോഗുകള്‍ അടിയന്തിരമായി തപ്പിയെടുത്തു വിശദവിവരങ്ങള്‍ ശേഖരിച്ചു.

എറണാകുളം  കച്ചേരിപ്പടിയിലുള്ള ഹോട്ടല്‍ മയുരാ പാര്‍ക്കിലാണ്  മീറ്റ് നടക്കുന്നത്. ജൂലൈ ഒന്‍പതിന് രാവിലെ പത്തു  മുതല്‍ വൈകിട്ട് മൂന്നു വരെയാണ് മീറ്റാനുള്ള സമയം.

പങ്കെടുക്കുന്നവര്‍  ഉടന്‍തന്നെ   പേര്  രജിസ്റ്റര്‍  ചെയ്യണമെന്നാണ് ഏവൂരാന്റെ കല്പന...

ഞാന്‍ എന്റെ പേര് രജിസ്റ്റര്‍ ചെയ്തു. അനന്തരം മീറ്റിനു പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

നേരത്തെ നടന്നിട്ടുള്ള പല മീറ്റുകളിലും പോകാന്‍ ഞാന്‍ ശ്രമിച്ചതാണ്. പക്ഷെ നടന്നില്ല. മുന്‍പ്  സൂചിപ്പിച്ചത് പോലെയുള്ള സാങ്കേതിക തടസ്സമാണ്‌   കാരണം.

എന്താണ്  ഈ "സാങ്കേതിക തടസ്സം"  എന്നു നിങ്ങള്‍ ചോദിച്ചേക്കാം.

പത്തു  പേരെ   ഒരുമിച്ചു കാണുമ്പോള്‍  അവരുടെ മുന്‍പില്‍ നില്‍ക്കാനും സംസാരിക്കാനുമുള്ള   ഒരു തടസ്സമാണ് അത്.   തടസ്സത്തിന്റെ കൂടെ "വിറയല്‍" എന്നൊരു  അസ്കിതയും  വരും.

എന്റെ കല്യാണത്തിന്റെ അന്നുമുതല്‍ തുടങ്ങിയതാണ്‌  ഈ സാങ്കേതിക തടസ്സം. 

അന്ന്  ഈ   തടസ്സം  മൂലം താലി കെട്ടാന്‍ പെട്ട പാട് എനിക്കെ അറിയാവൂ...

അപ്പോള്‍ പിന്നെ  ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവരും വിശ്വവിഖ്യാതരുമായ   ബൂലോക  പുലികളുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ബോധക്കേട്  വരാന്‍ തന്നെ സാധ്യതയുണ്ട്.

പക്ഷെ എന്തു ചെയ്യാം? ഏവൂരാന്റെ ഭീഷണി.... !

ചാണ്ടപ്പന്‍, നന്ദപ്പന്‍, പോങ്ങപ്പന്‍ എന്നിവരുടെ മുഖം...!!

പോയേ പറ്റൂ...ഞാന്‍ പേടിയോടെ കലണ്ടറിലെ ദിവസങ്ങള്‍  എണ്ണിത്തുടങ്ങി. ..

തിങ്കള്‍... ചൊവ്വ...ബുധന്‍...വ്യാഴം ...വെള്ളി.

വെള്ളിയാഴ്ച   രാത്രിയില്‍ ഞാന്‍ ഒരു   സ്വപ്നം കണ്ടു.    ഏവൂരാന്‍  കയ്യില്‍   ഒരു വലിയ ചൂരലുമായി നില്‍ക്കുന്നു.

അദ്ദേഹത്തിന്റെ ഇടതു  ഭാഗത്ത്  ചാണ്ടപ്പന്‍.   വലതു ഭാഗത്ത്  നന്ദപ്പന്‍.

പോങ്ങപ്പനെ കാണാനില്ല. എവിടെപ്പോയി?

ഒരു വിധത്തില്‍ ഞാന്‍ നേരം വെളുപ്പിച്ചു.

അങ്ങനെ എന്റെ പേടിസ്വപ്നമായ ആ ദിവസം സമാഗതമായി...

രാവിലെ തന്നെ ഒരുങ്ങി. അടുത്തുള്ള ക്ഷേത്രത്തില്‍  പോയി തൊഴുതു.  ദേവിക്ക്  കാണിക്കയര്‍പ്പിച്ചു മുട്ടിപ്പായി പ്രാര്‍ഥിച്ചു.

ദേവീ  തടസ്സം വരല്ലേ... വിറയ്ക്കാതെ നോക്കണേ...

അഥവാ വിറച്ചാലും ബോധം കെടാതെ കാക്കണേ.

ഞാന്‍ പള്ളിമുക്കിലെത്തി...ഇനി  മയൂരാ പാര്‍ക്കിലേയ്ക്ക്  പോകാന്‍ ഏതു  ബസ്സില്‍ കേറണം?

കലൂരു  വഴി  പോകുന്ന   ഒരു ബസ്സു വന്നു.

"ചേട്ടാ ഇത് കച്ചേരിപ്പടി വഴിയാണോ?" ഞാന്‍ കണ്ടക്ടരോട്  ചോദിച്ചു...

അതേ കേറിക്കോ...

കച്ചേരിപ്പടി എത്തി...ഹോട്ടല്‍ മയൂരാ പാര്‍ക്കെവിടെ....ഞാന്‍ ചുറ്റും നോക്കി...

അല്പം മുന്‍പോട്ടു  നടന്നിട്ട്  അവിടെ  നിന്ന ഒരു ഓട്ടോ ഡ്രൈവറോട് ഞാന്‍ ചോദിച്ചു...

"ചേട്ടാ ഈ ഹോട്ടല്‍ മയൂരാ പാര്‍ക്ക്  എവിടെയാ" ?

"സോഡാക്കുപ്പി പോലത്തെ ഒരു കണ്ണട മുഖത്തു ഫിറ്റു ചെയ്തു വച്ചിട്ടും തനിക്കു കണ്ണു കണ്ടു  കൂടെ" എന്ന രീതിയില്‍ അയാളെന്നെ നോക്കി. എന്നിട്ട് പറഞ്ഞു.

"ദേ നേരെ മുന്‍പില്‍ കാണുന്നതാ മയൂരാ പാര്‍ക്ക് "

"ഭഗവാനെ ബ്ലോഗ്‌ പുലികളുടെ ആക്രമണത്തില്‍ പെടാതെ നോക്കണേ"  

ഞാന്‍ ഒരിക്കല്‍ കൂടി ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചു..  പിന്നെ ഹോട്ടല്‍ മയൂരാ പാര്‍ക്കിലേയ്ക്ക്  കയറി.

"ഏറ്റവും മുകളിലാണ് മീറ്റ് സ്ഥലം. ലിഫ്റ്റില്‍ കയറിയാലോ".... ഞാന്‍ ആലോചിച്ചു..

വേണ്ടാ...അതിലെങ്ങാനും വല്ല പുലിയുമുണ്ടെങ്കില്‍ മീറ്റ് തുടങ്ങുന്നതിനു മുന്‍പ് തന്നെ  എനിക്ക് തടസ്സം വരും. ഞാന്‍ മുകളിലെയ്ക്കുള്ള പടികള്‍ സാവധാനം കയറി..

മീറ്റിനു  നിശ്ചയിച്ച സ്ഥലത്തോടടുത്തപ്പോള്‍ എനിക്ക് ചെറിയ തോതില്‍ വിറയല്‍  തുടങ്ങിയിട്ടുണ്ടോ എന്നു ഞാന്‍ സംശയിച്ചു.

 ഞാന്‍ അവസാനത്തെ പടിയും കടന്നു ഹാളിനു മുപിലുള്ള വരാന്തയിലേയ്ക്ക്  കാലെടുത്തു വച്ചു.!!

"എന്റമ്മോ"....ഞാന്‍ ഞെട്ടിപ്പോയി.....

വരാന്തയില്‍  രണ്ടു പുലികള്‍..!!!

കറുത്ത ടീ  ഷര്‍ട്ട്‌ ധരിച്ച ആറടി പൊക്കമുള്ള ഒരു സുമുഖന്‍ പുലിയും കൂടെ ചുവന്ന നിറത്തിലുള്ള കുപ്പായമിട്ട  മറ്റൊരു കുഞ്ഞന്‍ സുന്ദരന്‍ പുലിയും.....

ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പോലെ...അല്ലെങ്കില്‍ ചാണ്ടിച്ചനെയും കുമാരനെയും പോലെ..

ബ്ലോഗര്‍ വനങ്ങളില്‍ എവിടെയെക്കൊയോ ഇരുന്നു ഗര്‍ജ്ജിച്ചിരുന്ന പ്രശസ്തരായ ആ ബ്ലോഗു പുലികളെ  ആദ്യമായി നേരിട്ടു കണ്ട ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നു.

ഇതിനിടയില്‍ എന്നെ കണ്ട ആ രണ്ടു പുലികളും ഒരു മാത്ര എന്നെ സൂക്ഷിച്ചു നോക്കി...

പിന്നെ പതുക്കെ എന്നോടടുത്തു....

ഞാന്‍ വിറയലോടെ പരുങ്ങി നിന്നു...

(പുലികളാരും  ആക്രമിച്ചില്ലെങ്കില്‍ തുടരും...)

 

Wednesday, June 15, 2011

ഒരു പള്‍സര്‍ കുടുംബം.

ഞായറാഴ്ച രാവിലെ ഏകദേശം ആറിനും ഏഴിനും ഇടയിലാണ് ഞെട്ടിക്കുന്ന ആ സംഭവം നടന്നിരിക്കുന്നത്.

ഞാന്‍ ബാത്ത് റൂമില്‍ പോയ സമയത്താണ് സംഭവം നടന്നത് എന്നാണെന്റെ ഊഹം.

പക്ഷെ, പല്ലുതേപ്പും കുളിയും കഴിഞ്ഞു പാലു വാങ്ങാനായി മില്‍മ ബൂത്തിലെത്തിയപ്പോഴാണ് സംഭവം ഞാന്‍ അറിയുന്നത്‌.

എന്റെ പേഴ്സില്‍ ഉണ്ടായിരുന്ന അഞ്ചു രൂപയുടെ ഒരു കോയിന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ആ സംഭവം..!

വെറുമൊരു അഞ്ചു രൂപ കോയിനല്ല. അല്‍ഫോന്‍സാമ്മയുടെ മുഖമുള്ള സ്വര്‍ണനിറമുള്ള കോയിന്‍ !

ആകെയുണ്ടായിരുന്ന ഇരുപത്തിയഞ്ച് രൂപയില്‍ ഇരുപതു രൂപാ മാത്രമേ ഇപ്പോള്‍ പേഴ്സിലുള്ളൂ.

എങ്ങിനെ ഞാന്‍ സഹിക്കും?

സ്വര്‍ണനിറമുള്ള കോയിന്‍ പോയ വഴിയെപ്പറ്റി നടത്തിയ കൂലങ്കഷമായ അന്വേഷണത്തിന്റെ ഭാഗമായി ഭാര്യ, മകന്‍, മകള്‍ എന്നിവരെ പ്രതിസ്ഥാനത്തു നിര്‍ത്തി കേസ് ചാര്‍ജു ചെയ്യുകയും അവരെ ഓരോരുത്തരായി വിളിച്ചു സവിസ്തരം ചോദ്യം ചെയ്യുകയും ചെയ്തു.


ഒടുവില്‍ ഗത്യന്തരമില്ലാതെ വന്ന ഭാര്യ എല്ലാം കണ്ടുകൊണ്ട് പാര്‍വതീസമേതനായി ഭിത്തിയില്‍ ഇരിക്കുന്ന പരമശിവനെ രൂക്ഷമായി ഒരു നോട്ടം നോക്കി. എന്നിട്ട് അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"എന്റെ മഹാദേവാ ഒരു അറുപിശുക്കനെ മാത്രമേ എന്റെ ഭര്‍ത്താവായി നിനക്ക് കിട്ടിയുള്ളോ? ഇങ്ങേരെക്കൊണ്ട് ഞാന്‍ തോറ്റു"

മഹാദേവന്‍ പെട്ടെന്ന് കണ്ണടച്ചു ധ്യാനനിരതനായി. പക്ഷെ പാര്‍വ്വതി ഗൂഡമായി ചിരിച്ചു.

ഭാര്യ ഓടിപ്പോയി മകളുടെ ചെറിയ സമ്പാദ്യക്കുടുക്ക എടുത്തു കൊണ്ടു വന്നിട്ട് അതില്‍ നിന്നും ഒരു അഞ്ചു രൂപ കോയിന്‍ എടുത്ത് എന്റെ നേരെ ഒരേറു വച്ച് തന്നു.

"ദേണ്ടെ കിടക്കുന്നു നിങ്ങളുടെ പൈസ. അതിന്റെ കളറുകണ്ടപ്പോള്‍ മോള്‍ എടുത്തു അവളുടെ കുടുക്കയില്‍ ഇട്ടതാ"


അതോടെ ഞാന്‍ ശ്രീശാന്തനാവുകയും സിറ്റൌട്ടില്‍ ചെന്നിരുന്നു പത്രപാരായണത്തില്‍ മുഴുകുകയും ചെയ്തു.


"ഹും എവിടെപ്പോയാലും പൈസ പൈസ പൈസ. ഇങ്ങനെയുണ്ടോ ഒരു പിശുക്ക്? ഒരു സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് എത്ര നാളായി പറയുന്നു? ഇങ്ങനെയുള്ള പിശുക്കന്റെ കൂടെ എങ്ങനെ വിശ്വസിച്ചു സിനിമയ്ക്ക് പോകും? എന്റെയൊരു വിധി"


അകത്തുനിന്നും ഭാര്യയുടെ ഉച്ചത്തിലുള്ള പതം പറച്ചില്‍.


ഒപ്പം അടുക്കളയില്‍ നിന്നും ഹാള്‍ വഴി സിറ്റൌട്ടിലേയ്ക്ക് ഉരുളക്കിഴങ്ങ്, തക്കാളി, വഴുതിനങ്ങാ, വെണ്ടക്കാ മുതലായ പച്ചക്കറി സാധനങ്ങള്‍ പറന്നു വരാന്‍ തുടങ്ങി. !


ഞാന്‍ ഇരുന്ന കസേര അല്പം മാറ്റിയിട്ടു. എന്നിട്ട് വീണ്ടും പത്ര പാരായണം തുടങ്ങി.


ഏതായാലും ഞായറാഴ്ച ഉച്ചയോടെ "സിനിമ പോലും കാണിക്കാന്‍ കൊണ്ടുപോകില്ല" എന്നുള്ള ഭാര്യയുടെ പരാതി മാറ്റാന്‍ ഞാന്‍ തീരുമാനിച്ച വിവരം ഒരു ദൂതന്‍ വഴി അവളെ അറിയിച്ചു.

മകളാണ് എനിക്ക് വേണ്ടി ആ കൃത്യം ചെയ്തത്.


അതോടെ തക്കാളിയുടേയും ഉരുളക്കിഴങ്ങിന്റേയും വരവു നിന്നു..മാത്രമല്ല സിറ്റൌട്ടില്‍ ചിതറിക്കിടന്ന സാധങ്ങള്‍ ഭാര്യ തന്നെ പെറുക്കിയെടുത്തു കൊണ്ടു പോവുകയും ചെയ്തു.


ഒരു മണിയോടെ സിനിമയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഒരുങ്ങാനായി ബെഡ് റൂമിലേയ്ക്ക് കയറിയ ഭാര്യ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തു വരാത്തതില്‍ ആശങ്കാകുലനായ ഞാന്‍ കതകില്‍ തട്ടി വിളിച്ചു. അല്പം കഴിഞ്ഞപ്പോള്‍ കതകു തുറന്നു ഭാര്യ പുറത്തു വന്നു.

"ദൈവമേ ഇവളെന്താ കണ്മഷിപ്പാത്രത്തില്‍ മറിഞ്ഞു വീണോ"

ഭാര്യയുടെ
മുഖം കണ്ട ഞാന്‍ അന്ധാളിച്ചുപോയി..


മകനും മകളും നേരത്തേ റെഡിയായി നില്‍ക്കുകയാണ്.

ഒരു ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിളാണ് എനിക്കുള്ളത്. അതിന്റെ ടാങ്കിന്റെ മുകളില്‍ മകളും അവളുടെ പിറകില്‍ ഞാനും എന്റെ പിറകില്‍ മകനും ഏറ്റവും പിറകില്‍ ഭാര്യയും കയറിയതോടെ പ്രസവിക്കാന്‍ പോകുന്ന പൂര്‍ണഗര്‍ഭിണിയുടെ പരുവത്തിലായ ബൈക്കിനെ സ്റ്റാര്‍ട്ട് ചെയ്യാനായി ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ചു ഒരു ചവിട്ടു ചവിട്ടി.

പിറകില്‍ എന്തോ വീഴുന്ന ശബ്ദം...!!

"എന്റെ നടുവൊടിഞ്ഞേ"..ഭാര്യയുടെ കരച്ചില്‍.


പപ്പാ ...അമ്മ താഴെ വീണു"...മകന്റെ നിലവിളി.

"ഹോ പണ്ടാരം ....ഈ ബൈക്കില്‍ തന്നെ പോണോ..ഒരു ഓട്ടോറിക്ഷ വിളിക്ക് മനുഷ്യാ..."

മറിഞ്ഞു വീണ ഭാര്യ എഴുനേറ്റു വീണ്ടും തന്റെ ശരീരം ബൈക്കിന്റെ പിറകില്‍ ഉറപ്പിക്കാനായി ശ്രമിക്കുമ്പോള്‍ പറഞ്ഞു.

"എടീ.. ഓട്ടോറിക്ഷ വിളിച്ചാല്‍ ഹരിപ്പാട് വരെ പോയി തിരിച്ചുവരുമ്പോള്‍ നൂറു രൂപപോകും. ബൈക്കാവുമ്പോള്‍ അമ്പതുരൂപയുടെ പെട്രോള്‍ അടിച്ചാല്‍ മതി.
നീ കേറ്. പിടിച്ചിരുന്നോണം"

ഞാന്‍ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു.
.
തനിക്കു സിനിമ കാണാന്‍ വല്യ താല്പര്യമില്ല എന്ന മട്ടില്‍ അതു പൊട്ടലും ചീറ്റമായി നിന്നതേയുള്ളൂ..


"എന്നാപ്പിന്നെ മറ്റേ ബൈക്കെടുക്കാം. അതാവുമ്പോള്‍ ഇതിനേക്കാള്‍ വലുതാ. ഭാര്യ ഐഡിയ പറഞ്ഞു.

ഹീറോ ഹോണ്ട കൂടാതെ മറ്റൊരു ബജാജ് പള്‍സര്‍ കൂടി വീട്ടിലുണ്ട്. പക്ഷെ അതിന്റെ ആര്‍ സി ബുക്കോ മറ്റു പേപ്പറുകളോ എന്റെ കയ്യിലില്ല. ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ കൊണ്ടു വച്ചിട്ട് പോയതാണ്. വല്ലപ്പോഴും പാലു മേടിക്കാനും മറ്റും പോകാനായി മാത്രമേ ഞാനത് ഉപയോഗിക്കാറുള്ളൂ.

"എടീ അതുമായി പോയാല്‍ വല്ല ഹൈവേ പോലീസുകാരും പിടിച്ചാലോ?" എനിക്ക് ചെറിയൊരു പേടി തോന്നി.

"പിന്നേ... നിങ്ങടെ ഒണക്ക ബൈക്ക് പിടിക്കാനല്ലേ അവര്‍ക്ക് നേരം"

എന്നോടും എന്റെ ബൈക്കിനോടുമുള്ള ഭാര്യയുടെ ബഹുമാനം വെളിവായതോടെ ഞാന്‍ പോയി പള്‍സര്‍ ബൈക്ക് എടുത്തു കൊണ്ടു വന്നു.

ഏതായാലും എന്റെ "പള്‍സര്‍ കുടുംബം" സിനിമാ കൊട്ടകയിലെയ്ക്ക് പുറപ്പെട്ടു. പുറപ്പെട്ടപ്പോള്‍ മുതല്‍ മോട്ടോര്‍ സൈക്കിളിനു എന്തോ ഒരു വൈക്ലബ്യം! അടക്കമില്ലാത്ത കുതിരയെ കൊണ്ടുപോകുന്ന കുതിരക്കാരനെപ്പോലെ പള്‍സറുമായി പഞ്ചായത്ത് വഴിയും പിന്നിട്ടു ഞാന്‍ ഹൈവേയില്‍ കയറി. ജങ്ങ്ഷനില്‍ എത്തിയപ്പോള്‍ അവിടെ ബൈക്കുകാരുടേയും കാറുകാരുടേയും നീണ്ട നിര!

എന്താണ് കാരണം എന്നറിയാനായി ഞാന്‍ അല്പം മുന്‍പോട്ടു പോയി നോക്കി. ഏറ്റവും മുന്‍പിലായി ഒരു പോലീസ് ജീപ്പും അതിന്റെ ബോണറ്റിന്റെ പുറത്തു കെട്ടിപ്പിടിച്ചതു പോലെ കിടന്നു കുറിപ്പെഴുതുന്ന ഒരു പോലീസുകാരനും അയ്യാളുടെ അടുത്ത്‌ വിനീത വിധേയരായി നില്ക്കുന്ന കുറെ ആളുകളേയും കണ്ടു. കൂടാതെ ഒരു പോലീസ്സുകാരന്‍ റോഡിന്റെ നടുക്കുതന്നെ കുറ്റിയടിച്ചതുപോലെ പോലെ നിന്നിട്ട് വരുന്ന വാഹനങ്ങള്‍ അരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യിക്കുന്നുമുണ്ട്.

സംഭവം
പോലീസ് ചെക്കിംഗ് ആണെന്ന് മനസ്സിലായപ്പോഴാണ്‌ എന്റെ ചട്ടിത്തലയ്ക്ക് പ്രൊട്ടെക്ഷന്‍ നല്‍കാനുള്ള ഹെല്‍മറ്റ് എന്ന രക്ഷാകവചമോ, ബൈക്കിന്റെ ആര്‍ സി ബുക്കോ എന്റെ കയ്യിലില്ല എന്ന നടുക്കുന്ന സത്യം ഞാനോര്‍ത്തത്.


ദൈവമേ ...ഒരു ബൈക്കില്‍ നാലു പേര്‍. കൂടാതെ ബൈക്കിന്റെ ബുക്കും പേപ്പറുമില്ല. !!
തിരിച്ചു
പോയാലോ...

പോകാം. പക്ഷെ സിനിമാ കാണാന്‍ ആഗ്രഹം മൂത്തിരിക്കുന്ന ഭാര്യയെ എങ്ങനെ സമാധാനിപ്പിക്കും? വീട്ടിലെത്തിയാലുടന്‍ അടുക്കളയില്‍ ബാക്കിയുള്ള ഉരുളക്കിഴങ്ങും തക്കാളിയും അവള്‍ പറപ്പിക്കാന്‍ തുടങ്ങില്ലേ?

പച്ചക്കറിക്കൊക്കെ എന്താ വില...?

പക്ഷെ ഞാനൊരു പട്ടാളക്കാരനാണ്. ഒരു പട്ടാളക്കാരന്‍ പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്തു മുമ്പോട്ടു പോകേണ്ടവനാണ്‌. കാശ്മീരില്‍ ഉഗ്രവാദികളുടെ മുമ്പില്‍ എത്രയോ തവണ ചങ്കും വിരിച്ചു നിന്നിട്ട് 'വച്ചോടാ വെടി' എന്ന് പറഞ്ഞിരിക്കുന്നു? (കര്‍ത്താവേ.. അന്നേരം അവരാരെങ്കിലും വെടി വെച്ചിരുന്നെങ്കില്‍.....?)


ഞാന്‍ മുറുകെ പിടിച്ചിരുന്നുകൊള്ളാന്‍ പള്‍സര്‍ കുടുംബത്തിനു സിഗ്നല്‍ കൊടുത്തു. എന്നിട്ട് ബൈക്ക് മുമ്പോട്ടെടുത്തു. ഞൊടിയിടയില്‍ ഒന്നും രണ്ടും മൂന്നും നാലും ഗിയറുകള്‍ മാറി മാറിയിട്ട് ആക്സിലേറ്റര്‍ മാക്സിമം കൊടുത്തപ്പോള്‍ ബൈക്ക് ഒരു വെടിയുണ്ട പോലെ മുമ്പോട്ടു കുതിച്ചു.


അപ്രതീക്ഷിതമായുള്ള എന്റെ വരവുകണ്ട് വിരണ്ടുപോയ പോലീസ്സുകാരന്‍ "എന്റമ്മോ" എന്നൊരു വിളിയോടെ റോഡിന്റെ ഒരു വശത്തേക്ക് ചാടി രക്ഷപ്പെട്ടു. പോലീസ് ജീപ്പ് നിന്ന സ്ഥലവും കടന്നു വിജയശ്രീലാളിതരായ "പള്‍സര്‍ കുടുംബം" സിനിമാ കൊട്ടകയോടടുത്തു.

അപ്പോഴാണ്‌ ഒരു പോലീസ്സ് ജീപ്പ് ചുവന്ന ലൈറ്റ് കത്തിച്ചു സൈറന്‍ മുഴക്കി പാഞ്ഞു വരുന്ന കാഴ്ച ഞാന്‍ കണ്ടത്.

കര്‍ത്തവ്യ
നിരതനായ ഒരു നിയമപാലകനെ പട്ടാപ്പകല്‍ കൊലപ്പെടുത്തുവാനായി കുടുംബ സമേതം ബൈക്കിലെത്തിയ ഭീകരനെ തൂക്കിയെടുക്കുവാന്‍ സകലവിധ സന്നാഹവുമായി പാഞ്ഞുവരുന്ന പോലീസുകാരെ കണ്ട ഞാന്‍ വിരണ്ടു പോയി...

അതോടെ ഇടതും വലതും നോക്കാതെ നേരെ കെ.എസ്‌. ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ ലാക്കാകി ബൈക്ക് പറപ്പിച്ചു.

പോലീസ് ജീപ്പ് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍
പിറകെ...

കെ എസ്‌ ആര്‍ ടി സി സിയും കടന്നു നീണ്ടു നിവര്‍ന്നു കിടക്കുന്ന നാഷണല്‍ ഹൈവേയില്‍ കൂടി കായംകുളം ലക്ഷ്യമാക്കിയായി എന്റെ പറക്കല്‍.

ബൈക്കിന്റെ ടാങ്കില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മകള്‍, എന്നെ കെട്ടിപ്പിടിച്ചു പേടിച്ചിരിക്കുന്ന മകന്‍, മകനെയും എന്നെയും കൂടെ വട്ടം പിടിച്ചു ഉച്ചത്തില്‍ നിലവിളിക്കുന്ന ഭാര്യ..

കരഞ്ഞുകൊണ്ട്‌ പറക്കുന്ന പള്‍സര്‍ കുടുംബം..!!!

ഞാനും പോലീസും കൂടി നടത്തുന്ന ബൈക്ക്-ജീപ്പ് റേസിംഗ് കണ്ട ഹരിപ്പാട് നിവാസികള്‍ കഥ എന്തെന്നറിയാതെ അന്തം വിട്ടു നോക്കി നിന്നു.!

പക്ഷെ കൂടുതല്‍
നേരം റേസിംഗ് ഫ്രീയായി കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. അതിന് മുമ്പ് തന്നെ പോലീസ്സ് ജീപ്പ് എന്റെ മുമ്പില്‍ കയറി. ജീപ്പിനു പുറകിലിരിക്കുന്ന പോലീസ്സുകാര്‍ അവര്‍ക്ക് മാത്രം അവകാശപ്പെട്ട ചില വാക്കുകള്‍ ഉച്ചത്തില്‍ പ്രയോഗിക്കുന്നതിനൊപ്പം വണ്ടി റോഡിന്റെ അരികിലേയ്ക്ക് ഒതുക്കാനായി കൈകൊണ്ടു ആംഗ്യം കാണിക്കുന്നതു ഞാന്‍ കണ്ടു.

പോലീസ്സ് ജീപ്പ് മുമ്പില്‍ കയറിയ നിലയ്ക്ക് ഇനി വന്നവഴി തന്നെ തിരിച്ചു വിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് മനസ്സിലായ ഞാന്‍ അതിനുള്ള ചാന്‍സ് ഉണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി.

അപ്പോഴതാ
ഒന്നിനുപുറകില്‍ വേറൊന്ന് എന്ന രീതിയില്‍ രണ്ടു പോലീസ് വണ്ടികള്‍ കൂടി പാഞ്ഞു വരുന്നു...!!

അതോടെ സംഭവം ഗുരുതരമായി എന്നും, ഞാന്‍ വണ്ടിയിടിക്കാന്‍ ശ്രമിച്ച പോലീസുകാരനു കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട് എന്നും എനിക്ക് മനസ്സിലായി. മറ്റു മാര്‍ഗങ്ങളൊന്നും തലമണ്ടയില്‍ ഉദിക്കാത്തതിനാല്‍ സിനിമാ കാണാന്‍ തോന്നിയ നിമിഷത്തെ മനസ്സാ ശപിച്ചു കൊണ്ടു കീഴടങ്ങാനായി ഞാന്‍ തയ്യാറായി. ഞാന്‍ ബൈക്ക് റോഡരികില്‍ നിറുത്തി.

പിറകില്‍ ഇരുന്ന ഭാര്യ പെട്ടെന്ന് താഴെയിറങ്ങി. എന്നിട്ട് പേടിയോടെ പോലീസ്സ് ജീപ്പുകളെ നോക്കി..

പക്ഷെ എന്നെ ഗൌനിക്കാതെ പോലീസ്സ് ജീപ്പുകള്‍ നിറുത്താതെ പാഞ്ഞു പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി..

ഞാന്‍ വണ്ടി ഒതുക്കിയ വിവരം പോലീസ്സ് ജീപ്പിന്റെ ഡ്രൈവര്‍ കണ്ടില്ല എന്നുണ്ടോ?

അതോ
സ്പീട് കൂടുതല്‍ ആയതിന്റെ പേരില്‍ പോലീസ് വണ്ടിക്കു ബ്രേക്ക് കിട്ടാതെ പോയതാണോ?

പെട്ടെന്നാണ് ആ പോലീസ് ജീപ്പിനു പിറകെ പോകുന്ന കാറും അതിന്റെ നമ്പരും ഞാന്‍ കണ്ടത്...

അതില്‍ "കേരള സ്റ്റേറ്റ് - 1" എന്നു എഴുതിയിരുന്നു.

അതോടെ എന്റെ ശ്വാസം നേരെ വീണു..

ഞാന്‍ ബൈക്ക് തിരിച്ചു. അതില്‍ പള്‍സര്‍ കുടുംബത്തെ കയറ്റി.

പിന്നെ "ബഹുദൂരം" പിന്നിലുള്ള സിനിമാ കൊട്ടക ലക്ഷ്യമാക്കി "അതിവേഗം" പാഞ്ഞു..!!


Tuesday, March 15, 2011

മദമിളകിയ കൊമ്പനാന

ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു വലിഞ്ഞു നീങ്ങുകയാണ് കേരളാ സര്‍ക്കാര്‍ വക ആനവണ്ടി. അതിന്റെ സൈഡ് സീറ്റില്‍ കഴുത്തു പിരിച്ച കോഴിയെപ്പോലെ ചാരിയിരുന്നു മയങ്ങിയ ഞാന്‍ എന്റെ തൊട്ടടുത്തു നിന്നും അതിഭയങ്കരമായ ശബ്ദത്തില്‍ ഒരു ചെണ്ട മേളം ഉയര്‍ന്നത് കേട്ട് ഞെട്ടിപ്പോയി.


"പണ്ടാരമടങ്ങാന്‍ ഇവനൊക്കെ മൊബൈലില്‍ ഒരു നല്ല റിംഗ് ടോണ്‍ ഇട്ടുകൂടെ? വെറുതെ മനുഷ്യരെ പേടിപ്പിക്കാന്‍ നടക്കുന്നു!!" എന്നൊക്കെയുള്ള അര്‍ഥത്തില്‍ സഹയാത്രികനു നേരെ രൂക്ഷമായി ഒരു നോട്ടമയച്ചിട്ടു ഞാന്‍ വീണ്ടും എന്റെ കുംഭകര്‍ണ്ണ സേവ തുടങ്ങി.

എന്ത് ... ആന വിരണ്ടെന്നോ...എവിടെ?"

സഹയാത്രികന്‍ തന്റെ മൊബൈലിലൂടെ ഉച്ചത്തില്‍ ചോദിക്കുന്നത് കേട്ട ഞാനും ഒരുമാത്ര വിരണ്ടു പോയി.


"ശെടാ ഇങ്ങേര്‍ എന്നെ പേടിപ്പിക്കാനായി മാത്രം വന്നിരിക്കുകയാണോ? മനസമാധാനത്തോടെ ഒന്നു മയങ്ങാനും സമ്മതിക്കില്ലേ?" ഞാന്‍ ചിന്തിച്ചു. എന്നിട്ട് അയാളുടെ സംസാരം ശ്രദ്ധിച്ചു.


"അയ്യോ... ശിവ ക്ഷേത്രത്തില്‍ പറയെടുക്കാന്‍ വന്ന ആനയാണോ? തിരുമേനിയെ കുലുക്കി താഴെയിട്ടു കുത്തിയെന്നോ? ദൈവമേ?"


അതോടെ എന്റെ ഉറക്കം പമ്പ കടന്നു. സംഭവം എവിടെ എന്നറിയാനായി ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ ശ്രദ്ധിച്ചു. അയാളാകട്ടെ കൂടുതല്‍ ഒന്നും പറയാതെ അപ്പുറത്തു നിന്നുള്ള സംസാരം മുക്കിയും മൂളിയും കേട്ടു കൊണ്ടിരുന്നു.


ഹോ... ഇപ്പോള്‍ പത്രമെടുത്താല്‍ ആന ഇടഞ്ഞതും ആനയ്ക്ക് മദമിളകി പാപ്പാനെ കുത്തിക്കൊന്ന വിവരവും മാത്രമേ വായിക്കനുള്ളൂ. കഴിഞ്ഞ ദിവസമാണ് ഹരിപ്പാട്ടുള്ള ഒരു ക്ഷേത്രത്തില്‍ ഉത്സവ എഴുന്നുള്ളത്തിനിടയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിയത്. ഭാഗ്യത്തിന് അയാള്‍ ഉരുണ്ടു മാറി രക്ഷപ്പെട്ടു.


ഏതായാലും സംഭവത്തിന്റെ നിജസ്ഥിതി അറിയാനുള്ള എന്റെ ആകാംഷയ്ക്ക് ഫലപ്രാപ്തി വരുന്നതിനു മുന്‍പ് വണ്ടി എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിലെത്തി. ഞാന്‍ തിടുക്കത്തില്‍ ബാഗുമെടുത്ത് വണ്ടിയില്‍ നിന്നിറങ്ങി.


ഹോ എന്നാലും അതൊരു ഭയങ്കര അതിശയമായിപ്പോയി. മഹാദേവന്‍ രക്ഷിച്ചതാണെന്നു പറ. അല്ലെങ്കില്‍ തിരുമേനി രക്ഷപ്പെടുമോ?"


"ബേക്കറിക്കാരന്‍ പപ്പനാവന്‍ ചേട്ടന്‍ ഞാന്‍ ഓര്‍ഡര്‍ കൊടുത്ത ഹലുവയും നെയ്യപ്പവും കടലാസില്‍ പൊതിഞ്ഞു കൊണ്ട് അടുത്തു നിന്ന് ബീഡി വലിച്ചു കൊണ്ടിരുന്ന ചെത്തുകാരന്‍ സോമനോട് പറയുന്നത് കേട്ടപ്പോള്‍ സംഭവം നടന്നതു തന്നെയാണെന്ന് എനിക്ക് മനസ്സിലായി.


"നാലു തെങ്ങ് കുത്തി മറിച്ചു..ഒരു വീടിന്റെ മതിലും തകര്‍ത്തു....ആന ഇപ്പോഴും ഓട്ടം നിറുത്തിയില്ലെന്നാ അറിഞ്ഞത്".. ചെത്തുകാരന്‍ സോമന്‍ തനിക്കറിയാവുന്ന വിവരം പറഞ്ഞു...


"മയക്കു വെടിക്കാര്‍ ഇതുവരെ വന്നിട്ടില്ലത്രേ..എന്തായാലും ഞാന്‍ കട അടക്കാന്‍ പോവാ. എപ്പോഴാ ആന ഇതിലെ വരുന്നതെന്ന് ആര്‍ക്കറിയാം". പപ്പനാവന്‍ ചേട്ടന്‍ എന്റെ കയ്യില്‍ നിന്നും പൈസാ പെട്ടെന്ന് വാങ്ങിയിട്ട് കട അടയ്ക്കാന്‍ തുടങ്ങി.



ദൈവമേ ഇവിടെ അടുത്തെങ്ങാനുമാണോ ആന വിരണ്ടത്? ഞാന്‍ പേടിയോടെ ഓര്‍ത്തു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഏതായാലും പെട്ടെന്ന് വീട്ടിലെത്താം. ഞാന്‍ പൊതി ബാഗിനുള്ളില്‍ വച്ചിട്ട് തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടന്നു


ഹൈവേയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാട്ടു മാറിയാണ് എന്റെ വീട്. പഞ്ചായത്ത് വഴിയിലൂടെ അര കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ ഒരു ദേവീ ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്റെ വലതു വശത്തുകൂടി അല്‍പ്പം നടക്കുമ്പോള്‍ കാട് പിടിച്ചു കിടക്കുന്ന കുറച്ചു സ്ഥലമുണ്ട്. അവിടെ വഴി വിളക്കുകള്‍ ഇല്ല. അല്പം അകലെ താമസിക്കുന്ന സിമന്റു കച്ചവടക്കാരന്‍ അന്ത്രുമാന്‍ ഹാജിയുടെ മതിലു കെട്ടിയ വലിയ വീട്ടില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് യാത്രക്കാര്‍ക്ക് രാത്രിയില്‍ ആ വഴി നടക്കാന്‍ അല്പമെങ്കിലും സഹായമാകുന്നത്.


ഞാന്‍ കാലുകള്‍ നീട്ടി വച്ച് നടന്നു. ദേവീ ക്ഷേത്രം കഴിഞ്ഞു. ഇരുട്ട വീണു കിടക്കുന്ന വഴിയിലൂടെ മൊബൈലിലെ ലൈറ്റ് ഓണ്‍ ചെയ്തു പിടിച്ചു കൊണ്ടു മതിലു കെട്ടിയ വീടും കഴിഞ്ഞു മുന്‍പോട്ട് നടക്കുമ്പോഴാണ് വഴിയുടെ ഇടതു വശത്തു നിന്നും എന്തോ ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടത്.


ഞാന്‍ നടത്തം പെട്ടെന്ന് നിറുത്തി. എന്നിട്ട് കൈതക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന പറമ്പിലെ ഇരുട്ടിലേയ്ക്കു സൂക്ഷിച്ചു നോക്കി.

അയ്യോ....


ആ കാഴ്ച കണ്ട ഞാന്‍ അറിയാതെ നിലവിളിച്ചു പോയി...കൈതക്കാടുകളുടെ നടുവില്‍ നില്‍ക്കുകയാണ് ഒരു കൊമ്പനാന. !!.


ഇരുട്ട് കട്ട പിടിച്ചതു പോലെയുള്ള ശരീരം. മുറം പോലെ വിടര്‍ന്ന ചെവികള്‍..തെളിഞ്ഞു മിന്നുന്ന മുഴുത്ത കൊമ്പുകള്‍. തല കുലുക്കി, തുമ്പിക്കൈ കൊണ്ടു കൈതകളെ വലിച്ചു പറിച്ചു അമ്മാനമാടുകയാണ് ആ ഭീകര രൂപി.

ഞാന്‍ നില്കുന്നിടത്തു നിന്നും വെറും പത്തടി ദൂരത്തിലാണ് അവന്റെ നില്‍പ്പ്.


രണ്ടടി മുന്‍പോട്ടെടുത്തു തുമ്പിക്കൈ നീട്ടിയാല്‍ എന്നെ പിടിക്കാന്‍ പറ്റുന്ന അകലം മാത്രം.!!


എന്റെ സാമീപ്യം മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു അവനൊന്നു ചിന്നം വിളിച്ചു. കയ്യിരുന്ന ഓല മടല്‍ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. മുന്‍കാലുകളില്‍ ഒരെണ്ണം ഉയര്‍ത്തി മുന്‍പോട്ട് ആഞ്ഞു കൊണ്ട് തുമ്പിക്കൈ വീശി.


അത് കണ്ട ഞാന്‍ പൂക്കുല പോലെ വിറച്ചു. ഹൃദയം പെരുമ്പറ കൊട്ടി...മരണം മദയാനയുടെ രൂപത്തില്‍ എന്റെ തൊട്ടു മുന്‍പില്‍.

എങ്ങിനെ രക്ഷപ്പെടും?

വിറളി പിടിച്ച ആനയാണ് മുന്‍പില്‍ നില്‍ക്കുന്നത്.

പറയെടുപ്പിനിടയില്‍ തിരുമേനിയെ കുലുക്കി വീഴ്ത്തി കുത്തിയ കൊമ്പന്‍ ...

നാട്ടുകാരെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തിയവന്‍...

മഹാദേവാ...രക്ഷിക്കണേ ....

പിന്നെ കൂടുതല്‍ ആലോചിച്ചില്ല. കയ്യില്ലിരുന്ന ബാഗ് ഞാന്‍ ആനയുടെ നേരെ വലിച്ചെറിഞ്ഞു. ഒപ്പം നേരെ പിറകോട്ടു തിരിഞ്ഞ്‌ അല്‍പ്പം ഓടിയിട്ട് അടുത്തുള്ള വലിയ വീടിന്റെ മതിലിന്റെ മുകളിലൂടെ ഒരു കരണം മറിച്ചില്‍....

പട്ടാളത്തില്‍ ട്രെയിനിംഗ് ചെയ്തതിന്റെ ഗുണം...

മതിന്റെ ഉള്ളില്‍ വിരിച്ചിരുന്ന മണലില്‍ നടുവും തല്ലി വീണ എന്റെ ജീന്‍സില്‍ പെട്ടെന്നൊരു പിടുത്തം വീണു.

ദൈവമേ... ആരാണ് എന്നെ പിറകോട്ടു വലിക്കുന്നത്?.... ഞാന്‍ തിരിഞ്ഞു നോക്കി.

എന്റമ്മോ...


കടിയന്‍ പട്ടിയുടെ മുന്‍പിലാണല്ലോ വീണിരിക്കുന്നത്?

കമിഴ്ന്നു കിടക്കുന്ന എന്റെ ജീന്‍സിന്റെ പോക്കറ്റിലാണ് നായുടെ പിടുത്തം..അതില്‍ നിന്നും രക്ഷപ്പെടാനായി ഗാട്ടാ ഗുസ്തിക്കാരനെപ്പോലെ മണലിലൂടെ മുട്ടുകാലില്‍ ഇഴയുകയാണ് ഞാന്‍. ജീന്‍സിന്റെ പുറകില്‍ പിടുത്തമിട്ട നായയാണെങ്കില്‍ സര്‍വ്വ ശക്തിയുമെടുത്ത് എന്നെ പുറകോട്ടു വലിക്കുകയാണ് .

നായുടെ കുരയും എന്റെ നിലവിളിയും കേട്ട വീട്ടുകാര്‍ ഓടിവന്നു...എന്റെ ജീന്‍സില്‍ കടിച്ചു തൂങ്ങികിടക്കുന്ന പട്ടിയെ അന്ത്രുമാന്‍ ഹാജി ഒരു വിധത്തില്‍ വിടുവിച്ചു കൂട്ടില്‍ കയറ്റി അടച്ചു.

പട്ടിയുടെ വലിയില്‍ പകുതി ഊര്‍ന്നു പോയ ജീന്‍സ് ബദ്ധപ്പെട്ടു വലിച്ചു കയറ്റുന്ന എന്നെ കണ്ട അന്ത്രുമാന്‍ ഹാജിയുടെ സഹധര്‍മ്മിണി നബീസുമ്മയും അവരുടെ ഏകമകള്‍ പാവാട പ്രായക്കാരി സീനത്തും കണ്ണുകള്‍ പൊത്തി.


അന്ത്രുമാന്‍ ഹാജിയാകട്ടെ എന്നേയും പൂട്ടിക്കിടക്കുന്ന ഗേറ്റിനെയും സംശയത്തോടെ മാറി മാറി നോക്കുന്നത് കണ്ട ഞാന്‍ വിക്കി വിക്കി പറഞ്ഞു.

"അതു പിന്നെ...വിരണ്ട ആനയെ കണ്ടപ്പോള്‍ പേടിച്ചു മതിലിനു മുകളിലൂടെ അറിയാതെ ചാടിപ്പോയതാ"


"വിരണ്ട ആനയോ? എവിടെ ?"അന്ത്രുമാന്‍ ഹാജിയും ഞെട്ടി.

"ഈ മതിലിനു വെളിയില്‍...റോഡില് ..." ഞാന്‍ പറഞ്ഞു.

ഹഹഹ...ഹാ ..... അന്ത്രുമാന്‍ ഹാജി ഉറക്കെ ചിരിച്ചു.

"അതു വിരണ്ട ആനയൊന്നുമല്ല...ദേവീ ക്ഷേത്രത്തില്‍ പറയെടുക്കാന്‍ വന്ന ആനയാ...പറ എടുപ്പിനുള്ള സമയം കഴിഞ്ഞതു കൊണ്ടു ഓനെ ഇബിടെ തളച്ചതാ"

"ങേ...അപ്പോള്‍ ആന വിരണ്ടു എന്നു പറയുന്നത് കേട്ടല്ലോ...?"

ഞാന്‍ ചമ്മല്‍ മറയ്ക്കാന്‍ പാടുപെട്ടു കൊണ്ടു ചോദിച്ചു....

"അതു ശരിയാ.. പക്ഷെങ്കി അതിനെ എപ്പോഴേ തളച്ചു...മാത്രമല്ല അതു നടന്നതു ഇബിടല്ല.... കായംകുളത്തിനടുത്താ..."

അന്ത്രുമാന്‍ ഹാജി പിന്നെയും ചിരിച്ചു...കൂടെ നിന്ന നബീസുമ്മയും അവരുടെ ഏക മകള്‍ സീനത്തും അടക്കിച്ചിരിച്ചു.

പക്ഷെ എനിക്ക് മാത്രം ചിരി വന്നില്ല. കാരണം ആനയുടെ നേരെ വലിച്ചെറിഞ്ഞ എന്റെ ബാഗിനെപ്പറ്റി ചിന്തിക്കുകയായിരുന്നു ഞാന്‍ .



Wednesday, March 9, 2011

ഹൈമവതിയുടെ പ്രേതം

ഒരിക്കല്‍ തിരുവനന്തപുരം മിലിട്ടറി ക്യാമ്പില്‍ മൂന്ന് മാസക്കാലം ഞാന്‍ ജോലി നോക്കിയിരുന്നു. ജോലിക്ക് വേണ്ടി അവിടെ റിപ്പോര്‍ട്ട് ചെയ്ത അന്നു രാത്രിയാണ് സുന്ദരിയും സുശീലയും വെള്ള വസ്ത്രധാരിണിയും കൊച്ചു വെളുപ്പാന്‍ കാലത്തു മാത്രം പുറത്തിറങ്ങി മനുഷ്യരെ പേടിപ്പിക്കുന്നവളുമായ "ഹൈമവതി" എന്ന "മിലിട്ടറി പ്രേതത്തിനെ" ഞാന്‍ കാണുന്നത്.


പെട്ടിയും കിടക്കയും വാട്ടര്‍ ബോട്ടിലും തൂക്കി പാങ്ങോട് മിലിട്ടറി ക്യാമ്പിന്റെ മെയിന്‍ഗേറ്റില്‍ എത്തിയ എന്നെ അവിടത്തെ കാവല്‍ക്കാര്‍ ഏതോ അന്യഗ്രഹ ജീവിയെ കണ്ട ശാസ്ത്രകാരന്മാരെപ്പോലെ ഇരുന്നും കിടന്നും തലകുത്തി നിന്നും പരിശോധിക്കാന്‍ തുടങ്ങി . പരിശോധനയുടെ ഡോസ് കൂടുന്നതു കണ്ടപ്പോള്‍, അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരനെ മുന്‍‌കൂര്‍ ജാമ്യം കാണിക്കുന്ന പ്രതിയെപ്പോലെ എന്റെ കൈവശം ഉണ്ടായിരുന്ന സകല രേഖകളും ഐഡന്റിറ്റി കാര്‍ഡും കാണിച്ച് ഒരു വിധത്തില്‍ മാനഹാനി കൂടാതെ രക്ഷപ്പെട്ട ഞാന്‍ ആദ്യം കണ്ട ബാരക്കിന്റെ പുറത്തു പെട്ടിയും മറ്റും വച്ച ശേഷം അകത്തു കയറി ഒരു വിഹഗ വീക്ഷണം നടത്തി.


ഞാന്‍ നില്ക്കുന്നത് പട്ടാള ബാരക്കിലാണോ അതോ അഭയാര്‍ഥി ക്യാമ്പിലാണോ എന്നെനിക്കു സംശയമായി. കാരണം എല്ലാ കട്ടിലുകളിലും ആളുണ്ട്. ട്രെയിനില്‍ റിസര്‍വേഷന്‍ കിട്ടാത്ത ആളുകള്‍ ബെര്‍ത്തിനിടയില്‍ ബെഡ് ഷീറ്റ് വിരിച്ചു കിടക്കുന്നതുപോലെ കട്ടിലുകള്‍ക്കിടയിലുള്ള സ്ഥലവും പലരും ബുക്ക് ചെയ്തു വച്ചിട്ടുണ്ട്. എല്ലാ ബാരക്കിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് വരാന്ത മാത്രമാണ്. അവിടെയാണെങ്കില്‍ ലൈറ്റ് ഫാന്‍ മുതലായ കാര്യങ്ങള്‍ ഒന്നും തന്നെയില്ല. എനിക്കാണെങ്കില്‍ വല്ലാത്ത യാത്രാ ക്ഷീണവും. ഏതായാലും ഇന്നു വരാന്തയില്‍ തന്നെ കിടക്കാമെന്ന് തീരുമാനിച്ച ഞാന്‍ വാതിലിന്റെ അരികില്‍ നിന്നും അല്പം മാറി ബെഡ് വിരിച്ചു. പെട്ടിയും മറ്റും ഒതുക്കി വച്ചു. എന്നിട്ട് ബാത്ത് റൂം കണ്ടുപിടിച്ചു ഒരു കുളിയും പാസ്സാക്കിയിട്ട് അടുത്ത നീക്കങ്ങള്‍ ആസൂത്രണം ചെയ്തു.


സമയം രാത്രി എട്ടു മണിയായി. തമ്പാനൂരില്‍ നിന്നും വാങ്ങിയ പൊറോട്ടയും ബീഫ് ഫ്രൈയും തലേന്ന് ട്രെയിനില്‍ വച്ചു കഴിച്ചതിന്റെ ബാക്കി അര കുപ്പിയോളം 'മിലിട്ടറി'യില്‍ ഒന്നേ ഈസ്റ്റു‌ രണ്ട് എന്ന അനുപാതത്തില്‍ കൊക്കോകോളയുമായി ചേര്‍ത്ത് വാട്ടര്‍ ബോട്ടിലില്‍ സൂക്ഷിച്ചിരിക്കുന്ന "ബോര്‍ഡോ മിശ്രിതവും" കഴിച്ച ശേഷം ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നു കിടന്ന ഞാന്‍ അല്പസമയത്തിനകം ഗാഡമായ ഉറക്കത്തിലായി.


അര്‍ദ്ധ രാത്രി ആയിട്ടുണ്ടാകും ബോര്‍ഡോ മിശ്രിതത്തിന്റെ പ്രവര്‍ത്തന ഫലമായി ഉണ്ടായ 'മിനറല്‍ വാട്ടര്‍' നിറഞ്ഞത്‌ മൂലം നാദസ്വരക്കരുടെ കവിള്‍ പോലെയായ എന്റെ വയറിനെ ഒന്നു റിലാക്സ് ചെയ്യിക്കാം എന്ന് തീരുമാനിച്ച ഞാന്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. പക്ഷെ ഇരുട്ട് കാരണം ഒന്നും ശരിക്ക് കാണാന്‍ പറ്റുന്നില്ല. പരിചയമില്ലാത്ത സ്ഥലമല്ലേ? ഇരുട്ടത്ത് നടന്നു ഉരുണ്ടു വീണു കാലോ കയ്യോ ഒടിഞ്ഞാല്‍ തിരുമ്മാന്‍ ഞാന്‍ മാത്രമെ കാണുകയുള്ളൂ എന്ന നഗ്നസത്യം അറിയാവുന്നത് കൊണ്ടു വരാന്തയുടെ അരികില്‍ നിന്നിട്ട് മിനറല്‍വാട്ടര്‍ പമ്പ് ചെയ്യാനുള്ള "യന്ത്രം" പുറത്തേക്ക് ഫുള്‍ സ്പീഡില്‍ തുറന്നുവച്ചു.


യന്ത്രം അതിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരുന്നു. അതൊന്നു തീര്‍ന്നിട്ട് വേണം അടുത്ത ഉറക്കം തുടങ്ങാന്‍ എന്ന് കരുതി അക്ഷമനായി നിന്ന ഞാന്‍ പെട്ടെന്നാണ്‌ അല്പം അകലെ നില്ക്കുന്ന വെളുത്ത ഒരു രൂപം കണ്ടത്. അര്‍ദ്ധരാത്രി സമയം. ആറടിയോളം പൊക്കമുള്ള, വെള്ളത്തുണി കൊണ്ടു പൊതിഞ്ഞ പോലെയുള്ള ആ രൂപം അപ്രതീക്ഷിതമായി കണ്ട ഞാന്‍ സ്വന്തം വീട്ടില്‍ കള്ളന്‍ കയറിയ കാര്യമറിഞ്ഞ പോലീസ് ഇന്‍സ്പെക്ടര്‍ ഞെട്ടുന്ന പോലെ ഒന്നു ഞെട്ടി. ആ ഞെട്ടലിനിടയില്‍ മിനറല്‍ വാട്ടര്‍ പമ്പ് ചെയ്തിരുന്ന യന്ത്രം നിന്നു പോയ വിവരം ഞാന്‍ അറിഞ്ഞില്ല. ഞെട്ടലിന്റെ ശക്തിയില്‍ എന്റെ കണ്ണിന്റെ കാഴ്ച പോയതാണോ എന്തോ പിന്നെ നോക്കിയപ്പോള്‍ ആ രൂപത്തെ അവിടെ കണ്ടില്ല.


പട്ടാളക്കാരനായ എനിക്ക് ഭൂതം പ്രേതം എന്നിവയില്‍ അശേഷം വിശ്വാസമില്ല. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ഹൈമവതി എന്ന ഒരു പെണ്‍കുട്ടിയുടെ പ്രേതം അലയുന്നതായി ഏതോ ചാനലില്‍ "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പരിപാടിയില്‍ കണ്ട കാര്യം എനിക്കോര്‍മ വന്നു. ഇതു തിരുവനന്തപുരവും കാര്യവട്ടം ഇതിനടുത്തുമാണല്ലോ? അപ്പോള്‍ തന്റെ വാര്‍ത്ത പടം സഹിതം ചാനലില്‍ വന്ന കാര്യമറിഞ്ഞ പ്രേതം അവിടെ നിന്നും സ്ഥലം മാറി ഒരു ശല്യവുമില്ലാത്ത പട്ടാള ക്യാമ്പില്‍ വന്നതാണോ? അങ്ങനെ ആണെങ്കില്‍ ഒരു പാവം പ്രേതവുമായി വെറുതെ ഏറ്റുമുട്ടേണ്ട എന്ന് കരുതിയ ഞാന്‍ ഉടന്‍തന്നെ വാട്ടര്‍ ബോട്ടിലില്‍ ബാക്കി ഉണ്ടായിരുന്ന ബോര്‍ഡോ മിശ്രിതം കഴിച്ചു എന്റെ കുറഞ്ഞുപോയ ധൈര്യത്തിന്‍റെ അളവ് വീണ്ടും 'ഫുള്‍' ആക്കി മൂടിപ്പുതച്ചു കിടന്നു.


ഒരു വിധത്തില്‍ നേരം വെളുത്തു. പകല്‍ സമയം ബോര്‍ഡോ മിശ്രിതം കഴിക്കാതെ തന്നെ എനിക്ക് നല്ല ധൈര്യമാണ്. അതുകൊണ്ട് പകല്‍ മുഴുവന്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മുഴുകിയതിനാല്‍ ഹൈമവതിയോ അവളുടെ പ്രേതമോ എന്നെ ശല്യപ്പെടിത്തിയില്ല. പക്ഷെ വരാന്തയിലെ കിടപ്പ് മാറ്റാനുള്ള എന്റെ ശ്രമം മാത്രം സ്ഥലമില്ല എന്ന കാരണത്താല്‍ ഫലവത്തായില്ല.


അന്ന് രാത്രിയില്‍ മെസ്സില്‍ "റം ഇഷ്യൂ" ഉണ്ടായിരുന്നതുകൊണ്ട് കാര്യമായ അളവില്‍ തന്നെ ബോര്‍ഡോ മിശ്രിതവും സേവിച്ചു സമാധിയായ ഞാന്‍ വെളുപ്പിന് ഉദ്ദേശം മൂന്നു മണിയോടെ "മിനറല്‍ വാട്ടര്‍ " പമ്പ് ചെയ്യാനായി എഴുനേറ്റു. ബാരക്കിനു പുറത്തിറങ്ങി അല്പം അകലെയുള്ള ചെടിയുടെ അടുത്ത്‌ പോയി യന്ത്രം തുറന്നു വച്ചിട്ട് ഞാന്‍ ചുറ്റുമൊന്നു ശ്രദ്ധിച്ചു. തലേന്ന് എന്നെ ഭയപ്പെടുത്തിയ പ്രേതമോ അതിന്‍റെ പൊടിയോ പോലും അവിടെയില്ല എന്നുറപ്പ് വരുത്തിയ മനസ്സമാധാനത്തോടെ കാര്യം സാധിച്ചു കൊണ്ടിരിക്കേ ആരോ എന്നെ പുറകില്‍ നിന്നും ഒന്നു തോണ്ടിയതുപോലെ എനിക്ക് തോന്നി.


യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ ശല്യപ്പെടുത്തിയത്തിലുള്ള നീരസത്തോടെ പുറകിലേക്ക് തിരിഞ്ഞ ഞാന്‍ എന്റെ തൊട്ടു പുറകില്‍ ഇന്നലെ രാത്രിയില്‍ കണ്ട അതേ പ്രേതത്തെ ക്ലോസപ്പായി കണ്ടതോടെ ഞെട്ടുകയും അതിനൊപ്പം ഒന്നു ബോധം കെടാനുള്ള പ്രാരംഭ നടപടിയിലേക്ക് കടക്കുകയും ചെയ്തു.പക്ഷെ ബോധം കെടാനുള്ള എന്റെ ശ്രമത്തെ വിഫലമാക്കിക്കൊണ്ട് പുറകില്‍ നിന്ന പ്രേതം ഒറ്റ അലര്‍ച്ച!!


"ആരാടാ ഇവിടെ മൂത്രമൊഴിക്കുന്നത്? കുറച്ചു ദൂരെപ്പോയി ഒഴിച്ചുകൂടെ?"


വെളുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും വച്ചു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനായി മെസ്സിലേക്ക് പോകുന്ന "കുക്ക് വേലപ്പന്‍" സാറിനെ കണ്ടാല്‍ സാക്ഷാല്‍ ഹൈമവതിയുടെ പ്രേതം പോലും പേടിച്ചു മൂത്രമൊഴിച്ചു പോവും എന്നുള്ള കാര്യം അപ്പോഴാണ്‌ എനിക്ക് മനസ്സിലാകുന്നത്‌

Monday, December 20, 2010

ഒരു സൂപ്പര്‍ ഫാസ്റ്റ് പീഡനം

"എറണാകുളത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ച് ഒരു യുവതി യുവാവിനെ ഓടിച്ചിട്ടു തല്ലി!!"

രാവിലെ എഴുനേറ്റു കട്ടന്‍ ചായ പോലും കഴിക്കാതെ പത്രം വായിക്കാനിരുന്ന ഞാന്‍ ഫ്രണ്ട് പേജില്‍ വെണ്ടയ്ക്ക വലിപ്പത്തിലുള്ള ആ വാര്‍ത്ത കണ്ടു ഞെട്ടിപ്പോയി...

എങ്ങനെ ഞെട്ടാതിരിക്കും? ഞാനും എറണാകുളത്തല്ലേ ജോലി ചെയ്യുന്നത്? എന്നു മാത്രമല്ല പത്തു നാല്‍പ്പതു വയസ്സുള്ള ഒരു "തൈക്കിളവ യുവാവല്ലേ" ഈ ഞാനും ?

അവിടെയുള്ള സ്ത്രീകള്‍ ആണുങ്ങളെ ഇങ്ങനെ ഓടിച്ചിട്ടു തല്ലുന്ന കൂട്ടരാണെന്നുള്ള വിവരം എനിക്ക് പുതിയ അറിവായിരുന്നു..

ഞാന്‍ ആക്രാന്തത്തോടെ ആ വാര്‍ത്ത മുഴുവന്‍ വായിച്ചു...

ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച യുവാവിനെയാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ യുവതി ഓടിച്ചിട്ടു തല്ലിയത്...

അതു ശരി..അപ്പോള്‍ അതാണ്‌ കാര്യം...

എന്നു മാത്രമല്ല കണ്ടു നിന്ന ഓട്ടോറിക്ഷക്കാരും അതുവഴി വന്ന ചില നാട്ടുകാരും ചേര്‍ന്ന് മേല്‍പ്പടി യുവാവിനെ അര മണിക്കൂറോളം നിലത്തു സ്പര്‍ശിക്കാതെ അന്തരീക്ഷത്തില്‍ തന്നെ നിറുത്തി അല്പം കാര്യമായിത്തന്നെ കൈകാര്യം ചെയ്ത വിവരവും സ്വ ലേയുടെ റിപ്പോര്‍ട്ടിലുണ്ട്.

ആയതിന്റെ ഫലമായി യുവാവിന്റെ ഇടതു കാലിന്റെ മുട്ടിനു മുകളില്‍ വരെ പ്ലാസ്റ്ററിട്ട ശേഷം കാല്‍ കട്ടിലില്‍ സ്പര്‍ശിക്കാതെ അന്തരീക്ഷത്തില്‍ തൂക്കിയിട്ടിരിക്കുകയാണത്രേ..

നോക്കണേ ഒരു സ്പര്‍ശനത്തിന്റെ പരിണിത ഫലം...

എന്നാലും അതൊരു കടന്ന സ്പര്‍ശനമായിപ്പോയില്ലേ എന്നൊരു തോന്നല്‍ ?

കാരണം എന്താണെന്ന് ചോദിച്ചാല്‍, പുട്ടുകുറ്റിയില്‍ മാവു നിറച്ചത്‌ പോലെയാണ് എറണാകുളം നഗരത്തിലെ ബസ്സുകളില്‍ സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. അതിനിടയില്‍ തേങ്ങാപ്പീരപോലെ പെട്ടു പോകുന്ന പുരുഷന്മാര്‍ അവരെ സ്പര്‍ശിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു?

അല്ലെങ്കില്‍ തന്നെ തിങ്ങി നിറഞ്ഞ ബസ്സില്‍ സ്ത്രീകള്‍ പുരുഷന്മാരേയും സ്പര്‍ശിക്കുന്നില്ലേ? ഏതെങ്കിലും പുരുഷന്‍ ഒരു സ്ത്രീ തന്നെ സ്പര്‍ശിച്ചു എന്നതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ? എത്ര സ്പര്‍ശനമുണ്ടായാലും ക്ഷമയോടെ "അബലകളല്ലേ അല്പം സ്പര്‍ശിച്ചോട്ടെ" എന്ന രീതിയില്‍ അവിടെത്തന്നെ നിന്നു കൊടുക്കുകയല്ലേ ചെയ്യാറുള്ളൂ ?

അതാണ്‌ പുരുഷന്മാര്‍ക്ക് സ്ത്രീ സ്പര്‍ശനത്തോടുള്ള വൈകാരികവും താത്വികമായ മനോഭാവം.

അതെന്താണ് ഈ സ്ത്രീ ജനങ്ങള്‍ മനസ്സിലാക്കാത്തത്?

കാലം പോയ ഒരു പോക്കേ.... !! ഞാന്‍ താടിക്ക് കൈ കൊടുത്തിരുന്നു...

ഏതായാലും ഇനി ബസ്സില്‍ കയറുമ്പോള്‍ സൂക്ഷിക്കണം...ഞാന്‍ തീരുമാനമെടുത്തു..

ഇല വന്നു മുള്ളില്‍ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും മുന ഒടിയുന്നത്‌ മുള്ളിന്റെയല്ലേ?

ആയതിനു ശേഷം ഞാന്‍ പ്രൈവറ്റ് ബസ്സില്‍ കയറിയാല്‍ പിറകിലും ട്രാന്‍സ്പോര്‍ട്ടില്‍ ബസ്സില്‍ കയറിയാല്‍ നടുഭാഗത്തും ഇരിക്കാന്‍ തുടങ്ങി.

പക്ഷെ തിരക്കുള്ള ബസ്സിലെ ചില കണ്ടക്ടര്‍ കശ്മലന്മാര്‍ ബസ്സില്‍ കയറിയാലുടന്‍ "മുന്‍പോട്ടു പൊയ്ക്കോ അവിടെ പന്ത് കളിക്കാന്‍ സ്ഥമുണ്ടല്ലോ" അല്ലെങ്കില്‍ "പിറകോട്ടു മാറിനില്‍ക്കു ചേട്ടാ അവിടെ ക്രിക്കറ്റ് കളിക്കാമല്ലോ" എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു തള്ളി വിടുമ്പോഴൊക്കെ ഞാന്‍ "സ്ത്രീ ജനസ്പര്‍ശനത്തില്‍" നിന്നും എന്നെ രക്ഷിക്കാന്‍ വല്ലാതെ പാടുപെട്ടു.

ഏതെങ്കിലും ഇല ഇങ്ങോട്ട് വന്നു സ്പര്‍ശിച്ചാലും മുള്ളിന്റെ മുന ഒടിയാന്‍ സാധ്യതയുണ്ടല്ലോ?

അങ്ങിനെ ഒരിക്കല്‍ ഞാന്‍ ആലപ്പുഴയില്‍ നിന്നും "കേരളാ സ്പര്‍ശനസുഖ റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍" വക സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ എറണാകുളത്തെയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ആ അത്യാഹിതമുണ്ടായത്.

ഞാന്‍ ഇരുന്ന സീറ്റില്‍ കാലിയായിക്കിടന്ന സ്ഥലത്ത് പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന സുന്ദരിയായ ഒരു യുവതി വന്നിരുന്നു...!!

ബസ്സിന്റെ മധ്യഭാഗത്തായി ഞാനിരുന്ന സീറ്റില്‍ നിന്നും കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ എഴുനേറ്റു പോയപ്പോഴാണ് മുന്‍വശത്ത്‌ സീറ്റ് കിട്ടാതെ കമ്പിയില്‍ തൂങ്ങി നിന്നു കൊണ്ട് ആരോടോ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ യുവതി പറന്നു വന്നു വീണത്‌.

സീറ്റില്‍ വേറെ ആരാണുള്ളത് എന്നോ പുരുഷന്മാരുടെ സീറ്റിലാണ് താന്‍ ഇരിക്കുന്നതെന്നോ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല. തന്റെ മൊബൈല്‍ ഫോണില്‍ കൂടി ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി അവള്‍ സംസാരിച്ചു കൊണ്ടിരുന്നു...

ഇതാ ഇല വന്നു മുള്ളിന്റെ അടുത്തു വീണിരിക്കുന്നു...

വണ്ടി ഓടുന്ന വഴിക്ക് വല്ല ഗട്ടറിലും വീഴുമ്പോള്‍ ആ ഇല വീണ്ടും ഉയര്‍ന്നു മുള്ളിന്റെ പുറത്തെയ്ക്കെങ്ങാനും വീണാല്‍.....???

എറണാകുളത്തപ്പാ ഭക്തവത്സലാ....

എന്നെ നീ കെ എസ് ആര്‍ ടി സി ബസ്സിലും പരീക്ഷിക്കാനുള്ള പുറപ്പാടാണോ?

പെരുമ്പാമ്പിനെ കണ്ട നീര്‍ക്കോലിയെപ്പോലെ ഞാന്‍ സീറ്റിന്റെ അരികിലേയ്ക്ക് പരമാവധി ഒതുങ്ങി...

ഞാന്‍ ഒതുങ്ങിയത് മൂലം വീണു കിട്ടിയ ഗ്യാപ്പില്‍ തന്റെ "കൊഴുക്കട്ട ഗാത്രത്തെ" പരമാവധി ഉള്‍പ്പെടുത്താന്‍ അവള്‍ ശ്രമിക്കുകയും ചെയ്തു.....

പുളവനെ പേടിച്ചു വരമ്പില്‍ കയറി ഇരിക്കുന്ന മാക്രിയെപ്പോലെയായി എന്റെ ഇരുപ്പ്...എന്റെയും അവളുടെയും ഇടയിലുള്ള അകലം ഞാന്‍ പേടിയോടെ നിരീക്ഷിച്ചു..

വെറും ഇഞ്ചുകള്‍ മാത്രം... ബസ് വെറുതെ ഒന്ന് കുലുങ്ങിയാല്‍ മതി ..ഉടന്‍ സ്പര്‍ശനം നടക്കും...!!

ഇല വന്നു മുള്ളില്‍ വീണാലും!!!.മുള്ള് വന്നു ഇലയില്‍ വീണാലും !!!..

ഗുരുവായൂരപ്പാ...എന്റെ മുള്ള്...അല്ല ഞാന്‍...

എനിക്കു ശ്വാസം മുട്ടി...

നാളത്തെ പത്രത്തില്‍ വെണ്ടയ്ക്കയല്ല മത്തങ്ങ തന്നെ വരാനുള്ള സകല സാധ്യതയും കാണുന്നുണ്ട്...സ്പര്‍ശനം നടക്കാതിരിക്കാന്‍ എന്താണൊരു മാര്‍ഗം? ഞാന്‍ തല പുകഞ്ഞാലോചിച്ചു...

പെട്ടെന്നെനിക്കൊരു ബുദ്ധി തോന്നി...ഞാന്‍ ബാഗില്‍ നിന്നും എന്റെ കണ്ണട സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ഡപ്പിയെടുത്തു എന്റേയും അവളുടേയും ഇടയിലായി സൂത്രത്തില്‍ വച്ചു...

മുങ്ങിച്ചാകാന്‍ പോകുന്നവന് കച്ചിത്തുരുമ്പും ആശ്രയമല്ലേ? സീറ്റ് നിറഞ്ഞിരിക്കുന്ന അവളുടെ വെണ്ണ തോല്‍ക്കുമുടലിന്റെ സ്പര്‍ശനവും സീറ്റില്‍ തൊടാതെ ഇരിക്കുന്ന എന്റെ കരിയോയില്‍ ബ്രാന്‍ഡ് ഉടലിന്റെ ഘര്‍ഷണവും ഏറ്റുവാങ്ങി ആ കണ്ണട ഡപ്പി അവിടെയിരുന്നു വീര്‍പ്പു മുട്ടി. .

വണ്ടി വൈറ്റിലയില്‍ എത്തി. ഞാന്‍ പെട്ടെന്ന് എഴുനേറ്റു ബാഗുമെടുത്ത് പുറത്തിറങ്ങി...എന്നിട്ട് ആശ്വാസത്തോടെ താമസിക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു...

പെട്ടെന്നാണ് പിറകില്‍ നിന്നും ആ വിളി കേട്ടത്...

"ഹേ അവിടെ ഒന്നു നിന്നേ....ഒരു കാര്യം പറയാനുണ്ട്.".. ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി...

അയ്യോ....അതവളല്ലേ....ഞാന്‍ ഇരുന്ന സീറ്റില്‍ പറന്നു വന്നിരുന്ന ആ ഇല...!! വേഗത്തിലാണല്ലോ ഇലയുടെ വരവ്...!!

കര്‍ത്താവേ ചതിച്ചോ...സ്പര്‍ശനം നടന്ന ലക്ഷണം കാണുന്നുണ്ട്. അതാണ്‌ അവള്‍ പാഞ്ഞു വരുന്നത്...കൈ ചുരുട്ടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ്‌ അവളുടെ വരവ്...

ഇടിക്കാനുള്ള വരവല്ലേ അത്?

നാളത്തെ പത്രത്തില്‍ വെണ്ടയ്ക്ക വരും... "മുന്‍ പട്ടാളക്കാരനെ യുവതി ഓടിച്ചിട്ടിടിച്ചു...കാരണം ബസ്സിനുള്ളിലെ സ്പര്‍ശനം"

എനിക്ക് തല മാത്രമല്ല അതിന്റെ കൂടെ ശരീരവും കറങ്ങുന്നത് പോലെ തോന്നി.......

അവളുടെ കാലില്‍ വീണാലോ...അബദ്ധത്തില്‍ പറ്റിപ്പോയതാണെന്ന് പറയാം... ശരീരം പോലെ തന്നെ അവളുടെ മനസ്സും വെണ്ണയാണെങ്കില്‍... ചിലപ്പോള്‍ ഇടിയുടെ ശക്തിയെങ്കിലും കുറഞ്ഞേക്കും....

യുവതി അടുത്തെത്തിക്കഴിഞ്ഞു...

അവള്‍ അടുത്തെത്തിയതും ഞാന്‍ കയ്യിലിരുന്ന ബാഗ് പെട്ടെന്ന് തോളിലേയ്ക്ക്‌ മാറ്റിയിട്ട് വളഞ്ഞു കുത്തി നിന്നുകൊണ്ട് തൊഴുതു പിടിച്ചു പറഞ്ഞു...

"പൊന്നു പെങ്ങളെ... ക്ഷമിക്കണം....അറിയാതെ പറ്റിയതാ"

"ഉം...അതെനിക്കും തോന്നി...അതാ ഉടനെ തന്നെ തിരിച്ചു തരാമെന്നു കരുതിയത്‌.."

അവള്‍ കയ്യിലിരുന്ന സാധനം എനിക്കു നീട്ടി...

എന്റെ കണ്ണട ഡപ്പി...!!!

ഞാന്‍ വിളറി...വിയര്‍ത്തു... എങ്കിലും തൊഴുതു പിടിച്ച കൈയുടെ ബലം അല്‍പ്പമൊന്നു കുറച്ചിട്ടു വിക്കലോടെ പതുക്കെ പറഞ്ഞു...

"താങ്ക്യൂ ... വളരെ ഉപകാരം...ഇതു ഞാന്‍ ഒരിക്കലും മറക്കില്ല"

ഒരു പുഞ്ചിരിയോടെ അവള്‍ കണ്ണട എന്റെ കയ്യില്‍ വച്ചു തന്നു...അതു വാങ്ങുമ്പോഴും സ്പര്‍ശനം നടക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...

എന്തെന്നാല്‍ മുള്ളു വന്നു ഇലയില്‍ വീണാലും......ഇല വന്നു മുള്ളില്‍....വീണാലും...

Saturday, November 20, 2010

ഒരു കുട്ടമാക്രി വയറന്‍

അതിരാവിലെ എഴുനേറ്റ് അഞ്ചു കിലോമീറ്റര്‍ ഓട്ടം. ഓടിവന്നാലുടന്‍ പുഷ് അപ്പ്‌, ചിന്‍ അപ്പ്‌, തവള ചാട്ടം, തലകുത്തി മറിയല്‍ മുതലായ എമണ്ടന്‍ എക്സര്‍സൈസുകള്‍...

പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ എക്സര്‍സൈസുകളായിരുന്നു.

പട്ടാളത്തില്‍ നിന്നു പിരിഞ്ഞു വന്നതിനു ശേഷവും ഓട്ടവും എക്സര്‍സൈസുകളും ഞാന്‍ നിറുത്തിയില്ല. അയല്‍ക്കാരനും സുഹൃത്തും പ്രമുഖ വക്കീലുമായ പണിക്കര്‍ സാര്‍ ആയിരുന്നു എന്റെ സഹ ഓട്ടക്കാരന്‍.

പക്ഷെ രണ്ടു മൂന്നു ദിവസത്തിനകം പണിക്കര്‍ സാര്‍ എന്റെ കൂടെയുള്ള ഓട്ടം നിറുത്തി. എന്നിട്ട് എന്നോടൊരു ചോദ്യം.

"രഘുവിന്റെ പിറകിലെന്താ മിസ്സൈല്‍ പിടിപ്പിച്ചിട്ടുണ്ടോ?"

ചോദ്യം കേട്ടു ഞാന്‍ ഞെട്ടി.

"ങേ.. അതെന്താ സാര്‍ അങ്ങിനെ ചോദിച്ചത്?"

തന്റെ ഉണ്ണിക്കുടവയറില്‍ തടവിക്കൊണ്ട് വക്കീല്‍ സാര്‍ പറഞ്ഞു.

"അല്ല ഇങ്ങനെ അന്തം വിട്ടുള്ള ഓട്ടം കണ്ടിട്ട് ചോദിച്ചതാ".

അതോടെ ഓട്ടം ഞാന്‍ ഒറ്റയ്ക്കാക്കി.

വീടിനടുത്തുള്ള ഇടവഴികളിലൂടെ ഒന്നു രണ്ടു കിലോമീറ്റര്‍ ഓടിയിട്ടു തിരിച്ചു വരുന്ന ഞാന്‍ വീടിന്റെ പിറകില്‍ പോയി എക്സര്‍സൈസുകള്‍ ചെയ്യും.

അയല്‍ക്കാരായ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തവളച്ചാട്ടം തലകുത്തി മറിയല്‍ മുതലായ മിലിട്ടറി എക്സര്‍സൈസുകള്‍ നിറുത്തി വയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. പകരം പുഷ് അപ്പിന്റെയും ചിന്‍ അപ്പിന്റെയും എണ്ണം കൂട്ടി.

ചിന്‍ അപ് ചെയ്യാനായി ഞാന്‍ തിരഞ്ഞെടുത്തത് വീടിന്റെ പിറകില്‍ നില്‍ക്കുന്ന മാവില്‍ ഒന്നെരയാള്‍ പൊക്കത്തില്‍ ചാഞ്ഞു കിടക്കുന്ന കൊമ്പായിരുന്നു.

ഒരിക്കല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന ഞാന്‍ ചിന്‍ അപ് ചെയ്യാനായി മാവിന്റെ ചുവട്ടിലെത്തി. കൊമ്പില്‍ ചാടിപ്പിടിച്ചു തൂങ്ങി ബദ്ധപ്പെട്ട് ഉയരുമ്പോഴാണ് ആ അലര്‍ച്ച കേട്ടത്.

"ഭാ വൃത്തി കെട്ടവനെ ഇറങ്ങെടാ താഴെ"

അലര്‍ച്ച കേട്ടു പേടിച്ചു പോയ ഞാന്‍ കൈവിട്ടു താഴെ വീണു.

നോക്കുമ്പോള്‍ അപ്പുറത്തെ വീടിന്റെ മതിലിനു മുകളില്‍ ഭവാനിയമ്മയുടെ തല.

"പെണ്‍ പിള്ളേര് മുറ്റമടിക്കുന്നത് എത്തി നോക്കുന്നോടാ കുരുത്തം കെട്ടവനെ"

അതോടെ ഞാന്‍ ചിന്‍ അപ്പും നിറുത്തി.

ബാക്കിയുണ്ടായിരുന്ന പുഷ് അപ്പും ഓട്ടവും എറണാകുളത്ത് ജോലി കിട്ടിയതോടെ നിന്നു.

ഓടാന്‍ അവിടെ സ്ഥലമില്ലാഞ്ഞിട്ടല്ല. ഓടിയാല്‍ ഒന്നുകില്‍ ഞാന്‍ ഏതെങ്കിലും വണ്ടിയില്‍ പോയി ഇടിക്കും. അല്ലെങ്കില്‍ ഓടി വരുന്ന വണ്ടി എന്നെ ഇടിക്കും.

അങ്ങനെ ശരീര സൌന്ദര്യം നില നിര്‍ത്താന്‍ മാര്‍ഗ്ഗമില്ലാതെ കഴിഞ്ഞിരുന്ന ഞാന്‍ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി.

"സിക്സ്ത് പാക്" ആയിരുന്ന എന്റെ വയര്‍ സിമന്റു പാക്കറ്റ് പോലെ വീര്‍ത്തു വീര്‍ത്തു വരുന്നു എന്ന നഗ്നസത്യം !!

അതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടു. വിശപ്പ്‌ നഷ്ടപ്പെട്ടു. ചിന്താധീനനായി വയറും തിരുമ്മി ഇരുന്ന എന്നെ കൂട്ടുകാര്‍ സമാധാനിപ്പിച്ചു.

"വിഷമിക്കാതിരിയെടാ പരിഹാരമുണ്ട്".

"എന്തു പരിഹാരം? വയറു കണ്ടോ വീര്‍ത്തു വീര്‍ത്തു വരുന്നത്? ഇങ്ങനെ പോയാല്‍ മൂന്നു മാസം കഴിയുമ്പോള്‍ ഞാന്‍ ആലപ്പുഴയിലാണെങ്കില്‍ എന്റെ വയര്‍ തിരുവന്തപുരത്തായിരിക്കും."

"ഓടിയാല്‍ മതി" ...അഭിപ്രായം സുമേഷിന്റെ വക.

"എവിടെപ്പോയി ഓടാന്‍? എറണാകുളത്ത് ഞാന്‍ ഓടില്ല"

"എങ്കില്‍ നീ ജിമ്മില്‍ പോ." പിള്ള സാര്‍ നിര്‍ദ്ദേശിച്ചു.

"എന്നിട്ടു വേണം ശരീരത്തില്‍ ബാക്കിയുള്ള സാധങ്ങള്‍ കൂടി വീര്‍ത്തു വരാന്‍" ആ നിര്‍ദ്ദേശം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല.

"എങ്കില്‍ വയറു കുറക്കാനുള്ള എണ്ണയില്ലേ ? ഏതോ ഒരു തൈലം? അതു വാങ്ങി ഉപയോഗിക്ക്...ഒരു മാസം കൊണ്ട് ചുരുങ്ങും."

"ഉം... ചുരുങ്ങും... ചുരുങ്ങും..അതെങ്ങാനും ഒലിച്ചു താഴോട്ട് ഇറങ്ങിയാല്‍ അവിടെയുള്ള "സാമഗ്രി"കള്‍ കൂടി ചുരുങ്ങിക്കിട്ടും."

"എന്നാല്‍ പിന്നെ നീയിങ്ങനെ വയറും വീര്‍പ്പിച്ചു നടക്ക്...ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്." കൂട്ടുകാര്‍ എഴുനേറ്റു പോയി.

ഒടുവില്‍ മുടങ്ങിപ്പോയ ഓട്ടവും പുഷ് അപ്പും വീണ്ടും തുടങ്ങാന്‍ ഞാന്‍ പ്ലാന്‍ ചെയ്തു. ഞായറാഴ്ച വീട്ടിലെത്തുമ്പോള്‍ മാത്രമേ ഓട്ടമുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ സൂര്യ നമസ്കാരം മാത്രം. അതും വയറു കുറയാന്‍ സഹായിക്കുമത്രേ.

മാവിന്റെ കൊമ്പിലെ ചിന്‍ അപ് വേണ്ട. പഴയ ചിന്‍ അപ്പിന്റെ കാര്യം ഇതുവരെ ഭാര്യ അറിയാതിരുന്നത്‌ ഭാഗ്യം.

അങ്ങിനെ ഞായറാഴ്ച രാവിലെ നേരം പര പരാ വെളുത്തപ്പോള്‍ ബര്‍മുഡയും ബനിയനും ധരിച്ചു ഞാന്‍ ഓട്ടത്തിനു റെഡിയായി.

വീടിനു മുന്‍പിലുള്ള പഞ്ചായത്ത് വഴിയിലൂടെ ഓടി ദേവീ ക്ഷേത്രത്തിനു വലം വച്ച് മറ്റൊരു വഴിയിലൂടെ തിരിച്ചെത്തുക. അതാണ്‌ പ്ലാന്‍.

ഇടക്കൊരു തോടും തടിപ്പാലവുമുണ്ട്.

ഓടിക്കൊണ്ടിരുന്ന ഞാന്‍ ദേവീ ക്ഷേത്രം കഴിഞ്ഞു തടിപ്പാലത്തിനടുത്തെത്തിയപ്പോഴാണ് അതു ശ്രദ്ധിച്ചത്. എന്റെ പിറകെ വേറെ ആരൊക്കെയോ ഓടുന്നുണ്ട്.

ഞാന്‍ തിരിഞ്ഞു നോക്കി.

അയ്യോ....നാലു പട്ടികള്‍...!

എന്റെ പിറകെ നാലു കാലും പറിച്ച് ഓടുകയാണവര്‍ !!

ദൈവമേ.. ഇവരും വയറും കുറയ്ക്കാനുള്ള യജ്ഞത്തിലാണോ?

ഓട്ടത്തിനു സ്പീഡ് കൂടിയിട്ടു ഞാന്‍ പാലത്തിലേയ്ക്ക് കയറി...

പെട്ടെന്നാണ് അതു സംഭവിച്ചത്.

എന്റെ ഒപ്പം പാലത്തില്‍ കയറിയ ഒരു പട്ടി പടയണിക്കോലക്കാരന്റെ പാവാട പോലെ തൂങ്ങിക്കിടക്കുന്ന എന്റെ ബര്‍മുഡയില്‍ പിടുത്തമിട്ടു.

ബര്‍മുഡയെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ പാലത്തില്‍ നിന്നും കാല്‍ വഴുതിയ ഞാന്‍ തോട്ടിലേയ്ക്കു വീണു.

എന്റെ കൂടെ ബര്‍മുഡയില്‍ പല്ലുടക്കിയ പട്ടിയും വീണതോടെ മറ്റു പട്ടികളില്‍ രണ്ടെണ്ണം പാലത്തിലും ഒരെണ്ണം തോടിന്റെ അപ്പുറത്തെ കരയിലും നിന്നു കുരയ്ക്കാന്‍ തുടങ്ങി.

കൊച്ചു വെളുപ്പാന്‍ കാലത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദവും ഒപ്പം പട്ടികളുടെ കുരയും കൂടിയായപ്പോള്‍ പരിസരവാസികള്‍ ഉണര്‍ന്നു. അവര്‍ ടോര്‍ച്ചും മറ്റുമായി വന്നു.

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഒരുവിധത്തില്‍ ഞാന്‍ കരയില്‍ കയറി.

എന്നിട്ടു പരിചയക്കാരായ നാട്ടുകാരെ നോക്കി വെറുതെ ചിരിച്ചു. പിന്നെ വിറച്ചുകൊണ്ട് കൂനിക്കൂടി നിന്നു. .

അപ്പോള്‍ ആരോ പറയുന്നത് കേട്ടു.

"പാവം കൊച്ചന്‍.... ശരിക്ക് വെള്ളം കുടിച്ചിട്ടുണ്ട്... കണ്ടോ വയറു കുട്ടമാക്രിയെപ്പോലെ വീര്‍ത്തിരിക്കുന്നത്."

വെളുപ്പാന്‍ കാലത്ത് വെള്ളത്തില്‍ വീണു മാക്രിയായ ഞാന്‍ എന്റെ കുട്ടമാക്രി വയറും തള്ളി വീട്ടിലേയ്ക്ക് നടന്നു..

Monday, June 21, 2010

മണ്ടിപ്പെണ്ണും അവളുടെ മകളും

എന്റെ മുന്‍പിലിരിക്കുകയാണ് ഒരു ഫുള്‍ ബോട്ടില്‍ "കോണ്ടെസ്സാ" റം!

തൊട്ടു നക്കാനുള്ള വെളുത്തുള്ളി അച്ചാറും കൊറിക്കാനുള്ള നേന്ത്രക്കായ വറുത്തതും അടുത്തു വച്ചിരിക്കുന്നു. !!

ഭാര്യ അടുക്കളയില്‍ ഫ്രൈയിംഗ് പാനില്‍ നിന്നും പച്ചമുളകും സവോളയും കറിവേപ്പിലയും ചേര്‍ത്ത മൊരിഞ്ഞ പക്കുവട വറുത്തു കോരുന്നു...!!!

മഴ തകര്‍ത്തു പെയ്യുകയാണ്...

സോഫയില്‍ ചാരിക്കിടന്നു മഴ ആസ്വദിച്ചു കൊണ്ട് ഗ്ലാസ്സില്‍ നിന്നും കൊണ്ടെസ്സാ അല്പാല്‍പ്പമായി സിപ്പ് ചെയ്തു കുടിക്കുകയാണ് ഞാന്‍..

പുറത്തു മഴയുടെ കുളിരും അകത്തു റമ്മിന്റെ ലഹരിയും...

എന്തു രസമാണീ മഴക്കാലം...എന്തു സുഖമാണീ കോണ്ടെസ്സാ റം. ഞാന്‍ പാടി....

പെട്ടെന്നാണ് പുറത്തു ഒരു മിന്നലുണ്ടായത്...

പുറത്തു എന്ന് പറഞ്ഞാല്‍ എന്റെ പുറത്ത്. മിന്നലായി വന്നത് ഒരു പടവലങ്ങ. മിന്നിയത് എന്റെ ഭാര്യ !

കൂടെ ഒരു ഇടി മുഴക്കവും.


"ഹും നട്ടുച്ചയ്ക്ക് കിടന്നു കൂര്‍ക്കം വലിക്കുന്നത് കണ്ടില്ലേ"


ഇടിമുഴക്കം കേട്ട് ഞാന്‍ ഞെട്ടിപ്പിടഞെഴുനേറ്റു. മുന്‍പില്‍ പടവലങ്ങാ വാളുമായി ഭദ്രകാളിയെപ്പോലെ നില്‍ക്കുകയാണ് ഭാര്യ !

എല്ലാം നശിപ്പിച്ചു.....എവിടെ കോണ്ടസാ റം? എവിടെ വെളുത്തുള്ളി അച്ചാര്‍? എവിടെ പക്കുവട? എവിടെ മഴ..?.

ഓ.. മഴ മാത്രം ഇപ്പോഴും പെയ്യുന്നുണ്ട്. ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് മയങ്ങിയതാണ്. അപ്പോഴാണ്‌ കൊണ്ടെസാ റമ്മിന്റെ വരവ്. മന്ത്രി പോകുന്നിടത്തൊക്കെ കൂടെ പോലീസും പോകുന്നത് പോലെ കൊണ്ടെസാ റമ്മിന്റെ കൂടെ എസ്കോര്‍ട്ട് വന്നതായിരുന്നു വെളുത്തുള്ളി അച്ചാറും നേന്ത്രക്കായ വറുത്തതും.


കഴിഞ്ഞ ഇടയ്ക്ക് വന്ന ഒരു ജലദോഷപ്പനിക്ക് മരുന്ന് വാങ്ങാന്‍ ഭാര്യ എന്നെയും കൊണ്ട് അടുത്തുള്ള ഒരു ഡോക്ടറെ കാണാന്‍ പോയതാണ് കുഴപ്പമായത്. പരിശോധനയ്ക്കിടയില്‍ നിത്യഗര്‍ഭണിയുടേത് പോലെ വീര്‍ത്തിരിക്കുന്ന എന്റെ വയറു കണ്ട അയാള്‍ ഭാര്യ കേള്‍ക്കെ ഒരു ചോദ്യം.

"മദ്യം കഴിക്കാറുണ്ട് അല്ലേ?"

പട്ടാളക്കാരനായാല്‍ മദ്യമല്ലാതെ പിന്നെ മാങ്ങാത്തൊലിയാണോ കഴിക്കേണ്ടത്‌ എന്ന് ചോദിക്കാന്‍ ഞാന്‍ തുനിഞ്ഞതാണ്. പക്ഷെ ക്യാന്റീനില്‍ നിന്നും കഴിഞ്ഞ ആഴ്ചയില്‍ വാങ്ങിയ നാല് കുപ്പികളില്‍ രണ്ടു കുപ്പിയുടെ കഴുത്തു നിഷ്കരുണം പിരിച്ചതിന്റെ പേരില്‍ കലഹിച്ച ഭാര്യ അടുത്തിരിക്കുമ്പോള്‍ മദ്യം കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അടുത്ത കലഹം ഉടനെ ഉണ്ടാകും. മാത്രമല്ല ഇനി മേലില്‍ മദ്യം കഴിക്കാതിരിക്കാനുള്ള വല്ല ഇഞ്ജക്ഷനും ഉണ്ടെകില്‍ അതും അവള്‍ അയാളെക്കൊണ്ട് ചെയ്യിപ്പിക്കും.


അത് കൊണ്ട് ഞാന്‍ അല്പം വിഷമത്തോടെ പറഞ്ഞു....


"ഇടയ്ക്കൊക്കെ ഇച്ചിരി കഴിക്കും"


"ഇച്ചിരിയൊന്നും അല്ല സാര്‍...കുപ്പിയെടുത്താല്‍ അത് പിന്നെ കാലിയാക്കാതെ താഴെ വയ്ക്കില്ല. അതാ സ്വഭാവം" കിട്ടിയ സമയം പാഴാക്കാതെ ഭാര്യ എന്റെ ഗുണഗണങ്ങള്‍ ഡോക്ടറുടെമുന്‍പില്‍ നിരത്താന്‍ തുടങ്ങി.


"ഓഹോ...അതു ശരി...എങ്കില്‍ ആ കട്ടിലില്‍ കിടക്കൂ...വിശദമായി പരിശോധിക്കണം"


അതോടെ ഡോക്ടര്‍ കൂടുതല്‍ ജാഗരൂഗനായി. അദ്ദേഹം തന്റെ കൊമ്പും കുഴലും എടുത്തു വച്ച് കട്ടിലില്‍ കിടക്കുന്ന എന്റെ ശരീരം ആസകലം പരിശോധിക്കാന്‍ തുടങ്ങി. എന്റെ കൈ വിരലുകളിലെ ഡ്രാക്കുള നഖങ്ങള്‍ മുതല്‍ കാലിലെ കുഴിനഖങ്ങള്‍ വരെ കൂലങ്കഷമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടു രോഗം കണ്ടുപിടിച്ചമട്ടില്‍ എന്നെ നോക്കി ഒന്ന് ഇരുത്തി മൂളി. പിന്നെ വിധി പ്രഖ്യാപിച്ചു.



"കരളിനു ചെറിയ വീക്കമുണ്ട്....മദ്യം കഴിക്കാനേ പാടില്ല"


"കര്‍ത്താവേ...ജലദോഷപ്പനിയുമായി വന്ന എന്നെ ഈ കാലമാടന്‍ ഡോക്ടര്‍ ഒരു കരളു രോഗി ആക്കിയല്ലോ?"


ഡോക്ടറുടെ ഉപദേശം കേട്ടപ്പോള്‍ എന്റെ കരളിന്റെ കരളായ ഭാര്യ ഫുള്‍കുപ്പി കണ്ട കുടിയനെപ്പോലെ സുസ്മേര വദനയായി. "എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും" എന്ന മട്ടില്‍ നോക്കിയിട്ട് അവള്‍ ഡോക്ടര്‍ കുറിച്ച് തന്ന മരുന്ന് വാങ്ങാനായി മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് പോയി.


അലമാരയില്‍ ഇരിക്കുന്ന രണ്ടു ഫുള്‍ കുപ്പികളുടെ ഭാവി അന്ധകാരത്തിലായ വിഷമത്തില്‍ ഞാനും കുപ്പികളെ ആപത്തില്‍ നിന്നും രക്ഷിച്ച സന്തോഷത്തില്‍ ഭാര്യയും വീട്ടിലേയ്ക്ക് നടന്നു.അന്നു മുതലാണ് എന്റെ വീട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നത്. കുപ്പികളും ചിപ്സും അച്ചാറുമൊക്കെ എനിക്ക് സ്വപ്നത്തില്‍ ദര്‍ശനം തരാന്‍ തുടങ്ങിയത് ആ സംഭവത്തിനുശേഷമാണ്.


സ്വപ്നത്തിലെങ്കിലും കൊണ്ടെസ്സാ കുടിക്കാന്‍ സമ്മതിക്കാത്തതിന്റെ നിരാശയില്‍ ഞാന്‍ ടിവിയുടെ മുന്‍പില്‍ തൂങ്ങിപ്പിടിച്ചിരുന്നു ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ മാറ്റിക്കൊണ്ടിരുന്നു.



അപ്പോഴാണ്‌ ആറാം ക്ലാസുകാരി മകള്‍ സ്കൂള്‍ വിട്ടു വന്നത്. പുസ്തകബാഗ് അകത്തു കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട്‌ ടിവിയുടെ റിമോട്ട് തന്റെ ജന്മാവകാശമാണ് എന്ന മട്ടില്‍ തട്ടിയെടുത്തിട്ട് ഇഷ്ട ചാനല്‍ വച്ച് സിനിമ കണ്ടു തുടങ്ങി.


പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞത് പോലെ അതാ സിനിമയില്‍ മനോജ്‌ കെ ജയനും എന്‍.എഫ് വര്‍ഗ്ഗീസ്സും കൂടി ഒരു ഫുള്‍ ബോട്ടില്‍ "വാറ്റ് 69 " കഴിച്ചു കൊണ്ടിരിക്കുന്നു.


ദൈവമേ നീ എന്നെ ഏഷ്യാനെറ്റിലൂടെയും പരീക്ഷിക്കുകയാണോ?


അതോടെ എന്റെ കണ്‍ട്രോള്‍ പോയി.


കരളു പോയാല്‍ അങ്ങോട്ട്‌ പോകട്ടെ. വേറൊരെണ്ണം മിലിട്ടറി ക്യാന്റീനില്‍ നിന്നും വാങ്ങി ഫിറ്റു ചെയ്യാം.


എന്തായാലും അലമാരിയിലെ കുപ്പിയില്‍ നിന്നും രണ്ടു പെഗ്ഗ് വീശിയിട്ട്‌ തന്നെ ബാക്കി കാര്യം.


പക്ഷെ എങ്ങിനെ?


പട്ടാളത്തില്‍ നിന്നും പോന്നതിനു ശേഷം തലയൊന്നും ശരിക്ക് വര്‍ക്ക് ചെയ്യാതായിരിക്കുന്നു. വര്‍ക്ക് ചെയ്യിക്കാനുള്ള ഇന്ധനമാണെങ്കില്‍ കിട്ടുന്നുമില്ല. അതിന്റെ പുറത്തല്ലേ ഭാര്യ എന്ന പിടക്കോഴി കയറി അടയിരിക്കുന്നത്‌?



അടുത്തു ചെന്നാല്‍ കൊത്തിക്കളയും എന്ന രീതിയിലാണ് അവള്‍. എനിക്ക് വല്ലാതെ ദേഷ്യം വന്നു...



പുറത്തു പോയി ബിവറേജസ് ഷോപ്പില്‍ നിന്നും ഒരു "കാല്‍" വാങ്ങി അടുത്തുള്ള മാടക്കടയില്‍ കയറി സോഡയോടൊപ്പം ചേര്‍ത്തു ഒരു "നില്‍പ്പന്‍" അടിച്ചിട്ട് വന്നാലോ?


വേണ്ടാ. അവിടെ ഇപ്പോള്‍ വ്യാജനാണ് വില്‍ക്കുന്നത് എന്നാണു കേള്‍വി. അതു വാങ്ങി "നില്‍പ്പന്‍" അടിച്ചിട്ടു വരുന്ന ഞാന്‍ വീട്ടില്‍ വന്നു "കിടപ്പന്‍" ആയിപ്പോയാല്‍ കുടുംബം അനാഥമാകില്ലേ?



അല്ലെങ്കില്‍ വീടിനു പുറകില്‍ താമസമുള്ള രാജന്‍ ചേട്ടന്‍ കരിന്തേള്‍, പഴുതാര, ബാറ്റെറി മുതലായ വിറ്റാമിനുകള്‍ ചേര്‍ത്തുണ്ടാക്കുന്ന "നാടന്‍ വാറ്റ് 69" ഒരു ഗ്ലാസ് വാങ്ങി അടിച്ചാലോ? അതാകുമ്പോള്‍ മൂത്രിക്കാന്‍ പോകുന്ന രീതിയില്‍ ഒന്ന് മുങ്ങിയിട്ട് പെട്ടെന്ന് പൊങ്ങാം. ഭാര്യയ്ക്ക് സംശയവും തോന്നില്ല.



ഏതായാലും അതു വേണ്ടാ...ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടല്ലേ? പട്ടാളക്കാരന്‍ തനിക്കു കിട്ടുന്ന ക്വോട്ട അടിച്ചു തീര്‍ത്തിട്ടു വാറ്റ് അടിക്കാന്‍ നടക്കുന്നു എന്നു നാട്ടുകാര്‍ പറയും. തന്നെയുമല്ല മിലിട്ടറി മാത്രം അടിച്ചുള്ള ശീലമേ എനിക്കുള്ളൂ. വാറ്റ് അടിച്ചു ഞാന്‍ "വാള്‍" ആയിപ്പോയാല്‍ ഭാര്യയുടെ പടവലങ്ങാ വാള്‍ വീണ്ടും എനിക്കിട്ടു പണി തരും.



ഇനി ഇപ്പോള്‍ ഒറ്റ മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ...മോഷണം...!



അലമാരിയില്‍ ഭാര്യ പൂട്ടി വച്ചിരിക്കുന്ന മിലിട്ടറിയില്‍ ഒരു കുപ്പി അവള്‍ അറിയാതെ അടിച്ചു മാറ്റുക. എന്നിട്ട് അതിനു പകരം ചുവന്ന കളറുള്ള വെള്ളം നിറച്ച മറ്റൊരു കുപ്പി വയ്ക്കുക !!!



കുപ്പി മാറിയ വിവരം ഭാര്യ എങ്ങിനെ അറിയാന്‍? അവള്‍ക്കു അതിന്റെ കളര്‍ മാത്രമേ നിശ്ചയമുള്ളൂ. എന്നും രാവിലെ അലമാര തുറന്ന് രണ്ടു കുപ്പികളും സുരക്ഷിതമായി അവിടെയുണ്ടോ എന്ന് മാത്രമേ അവള്‍ ശ്രദ്ധിക്കാറുള്ളൂ. കുപ്പി ഒറിജിനല്‍ ആണോ ഡ്യൂപ്ലിക്കേറ്റാണോ എന്നൊന്നും നോക്കാനുള്ള ബുദ്ധി മണ്ടിപ്പെണ്ണായ അവള്‍ക്കുണ്ടോ? കുടിച്ചു കഴിഞ്ഞു മണം അറിയാതിരിക്കാന്‍ അല്പം തേയില വായിലിട്ടു ചവയ്കണം. സംഗതി ശുഭം.



വാട്ട് ആന്‍ ഐഡിയ സര്‍ജീ....!!!! ഞാന്‍ എന്നെ അഭിനന്ദിച്ചു.



അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ധനമില്ലാതെയും വര്‍ക്ക് ചെയ്യുന്ന എന്റെ "മൈക്രോ പ്രോസസ്സര്‍ കണ്ട്രോള്‍ഡ്‌ മിലിട്ടറിത്തല " യോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നി.



ഞാന്‍ ഉടന്‍ വീടിന്റെ പുറകിലെത്തി അവിടെ സൂക്ഷിച്ചിരിക്കുന്ന കൊണ്ടെസ്സ റമ്മിന്റെ പഴയ ഒരു കാലിക്കുപ്പി എടുത്തു കൊണ്ട് വന്നു ഭാര്യ കാണാതെ അതില്‍ മുളക് പൊടി കലക്കിയ വെള്ളം നിറച്ചിട്ട്‌ അടപ്പ് കൊണ്ട് ഭദ്രമായി അടച്ചു വച്ചു.



ഭാര്യ കുളിക്കാന്‍ കയറിയ തക്കം നോക്കി മുറിയിലെത്തി അലമാരി തുറന്ന് ഒരു കുപ്പി കൈക്കലാക്കി. പകരം തല്‍സ്ഥാനത്ത് മുളക് പൊടി വെള്ളം നിറച്ച കുപ്പി വച്ചു. പിന്നെ ഒരു നിമിഷത്തിനുള്ളില്‍ അലമാരി പൂട്ടി കുപ്പിയുമായി അടുക്കളയില്‍ എത്തി തിടുക്കത്തില്‍ പൊട്ടിച്ചു ഗ്ലാസില്‍ പകര്‍ന്നു പേരിനു മാത്രം അല്പം വെള്ളമൊഴിച്ചു ചുണ്ടോടു ചേര്‍ത്തു ഒരു പിടി പിടിച്ചു.


"എന്റെ അമ്മച്ചീ" .............



വായും ചുണ്ടും മാത്രമല്ല അണ്ണാക്കും അന്നനാളവും വരെ കാ‍ന്താരി മുളക് അരച്ചു തേച്ചതു പോലെ പുകഞ്ഞു പോയ ഞാന്‍ നിന്ന നില്പില്‍ മേല്‍പ്പോട്ടു ഒരു ചാട്ടം ചാടി !


വയറിന്റെ അകത്തു തീ കോരി ഇട്ടതു പോലെ ഒരു തോന്നല്‍...



കക്കൂസിക്കണോ മൂത്രിക്കണോ എന്നറിയാതെ ഞാന്‍ കുഴങ്ങി.


ഞാന്‍ ഓടിച്ചെന്നു ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി തണുത്ത വെള്ളമെടുത്തു മട് മടാന്നു കുടിച്ചു. എന്നിട്ടും എരിവു സഹിക്കാന്‍ വയ്യാതെ അടുക്കളയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെപ്പോലെ ഓടി നടന്നു.



അപ്പോഴാണ് മണ്ടിപ്പെണ്ണായ ഭാര്യ കുളി കഴിഞ്ഞെത്തിയത്. അടുക്കളയിലെ പഞ്ചസാര പാത്രം തപ്പി ഓടി നടക്കുന്ന എന്നെ കണ്ടു ഭാര്യ അന്തം വിട്ടു. പകുതി കാലിയായ കോണ്ടെസ്സയുടെ കുപ്പിയും എന്റെ പരവേശവും കണ്ട അവള്‍ പെട്ടെന്ന് വായ്‌ പൊത്തി ചിരിച്ചു കൊണ്ട് ടി വി കണ്ടിരിക്കുന്ന മകളുടെ അടുത്തേയ്ക്കോടി. എന്നിട്ട് അവളുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതും അവര്‍ രണ്ടുപേരും കൂടെ ഉറക്കെ പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.


ക്രിക്കറ്റ് കളിക്കാരെപ്പോലെ ചുണ്ടിലും വായിലും എന്തൊക്കെയോ തേച്ചുപിടിപ്പിച്ചു പുകച്ചിലില്‍ നിന്നും ഒരു വിധത്തില്‍ രക്ഷ നേടിയ ഞാന്‍ വൈക്ലബ്യത്തോടെ ടി വി യുടെ മുന്‍പിലെത്തി. ആ സമയം അടുക്കളയിലേയ്ക്ക് പോയ മകള്‍ എവിടെ നിന്നോ രണ്ടു കോണ്ടെസാ കുപ്പികള്‍ എടുത്തു കൊണ്ട് വന്നു ഉയര്‍ത്തിക്കാണിച്ചിട്ടു "പറ്റിച്ചേ" എന്ന ഭാവത്തില്‍ കോക്രി കാണിച്ചിട്ട് വീണ്ടും അകത്തേയ്ക്ക് മറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ മകളും ഭാര്യയും കൂടി ടി വിയിലെ മുളകുപൊടിയുടെ പരസ്യം വാചകം കോറസായി പറയുന്നത് കേട്ടു.



"ദിവസം മുഴുവന്‍ നവോന്മേഷത്തിനു വേണ്ടി ഉപയോഗിക്കൂ.... " സാറാസ് മുളക് കോണ്ടെസ്സാ"



കോണ്ടാസ്സായോടുള്ള എന്റെ ആക്രാന്തം നന്നായി അറിയാവുന്ന മണ്ടിപ്പെണ്ണും അവളുടെ ശിങ്കിടിയായ മകളും കൂടി ഉണ്ടാക്കി, ഒറിജിനല്‍ കോണ്ടെസ്സ കുപ്പികള്‍ക്ക് പകരമായി അലമാരിയില്‍ വച്ചിരുന്ന "സാറാസ് മുളകു കോണ്ടാസ്സാ" കഴിച്ചു മണ്ട പുകഞ്ഞ ഞാന്‍ മുറ്റത്തു കൂടി തെക്കുവടക്ക് ദിശയില്‍ "ജോണീ വാക്കറേ"പ്പോലെ ഉലാത്തി.