Wednesday, July 15, 2009

എന്റെ ഭാവിയും അവളുടെ നോട്ടവും

"ഹലോ ഇത് രഘുനാഥന്‍ സാറാണോ?"....

"രഘുനാഥന്‍ പിന്നെ സാറല്ലാതെ ടീച്ചര്‍ ആകുമോ? വെളുപ്പാന്‍ കാലത്ത് വെറുതെ മിനക്കെടുത്താതെ വച്ചിട്ടു പോടെ" എന്ന് ചോദിയ്ക്കാന്‍ തോന്നിയ ഞാന്‍ ഉടന്‍ എന്നെത്തന്നെ നിയന്ത്രിച്ചു..കാരണം മൊബൈലില്‍ കൂടി കേട്ടത് വെറുമൊരു സ്വരമല്ല. മധുര സ്വരമാണ്. കളമൊഴി,കിളിമൊഴി എന്നൊക്കെ കവികള്‍ പറയുന്നത് കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലൊക്കെത്തന്നെയുള്ള ഒരു മൊഴി..!!


ശബ്ദം കേട്ടിട്ട് ഒരു യുവതിയാണെന്ന് തോന്നുന്നു. എരുമ കരയുന്നതു പോലെയുള്ള എന്റെ സ്വരം കേട്ടു പേടിച്ച് അവള്‍ ഫോണ്‍ വച്ചിട്ട് പോയാലോ എന്ന് ശങ്കിച്ച ഞാന്‍ എന്റെ സ്വരത്തില്‍ മാക്സിമം അളവില്‍ പഞ്ചസാര ചേര്‍ത്ത് മറു ചോദ്യം ഉന്നയിച്ചു..


"അതെല്ലോ ..ഇതാരാ..?"


"പട്ടാളക്കാരന്‍ രഘുനാഥന്‍ അല്ലെ?" അപ്പുറത്ത് നിന്നും വീണ്ടും ചോദ്യം.


"എടീ പെങ്കൊച്ചേ കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കെടുത്ത വീരയോദ്ധാവായ രഘുനാഥന്‍ തന്നെയാണ് നിന്നോട് സംസാരിക്കുന്നത്" എന്ന് പറയാന്‍ തോന്നിയെങ്കിലും ഞാന്‍ വീണ്ടും എന്നെ നിയന്ത്രിച്ചു. ആദ്യത്തെ അളവില്‍ തന്നെ വീണ്ടും പഞ്ചസ്സാര കുറുക്കി...


"അതെ അതെ...ആരാ വിളിക്കുന്നത്‌..?"


അപ്പുറത്ത് നിശബ്ദത ..ദൈവമേ വച്ചിട്ട് പോയോ? ആളുമാറി വിളിച്ചതാണോ? ഞാന്‍ ശങ്കിച്ചു..


"ഈ ബ്ലോഗൊക്കെ എഴുതുന്ന രഘുനാഥന്‍ തന്നെയല്ലേ ?" അപ്പുറത്ത് നിന്നും അപ്രതീഷിതമായ ചോദ്യം കേട്ട ഞാന്‍ ഞെട്ടി..


അമ്പടീ.. നീയപ്പോള്‍ എന്റെ ആരാധികയാണ് അല്ലെ? ഞാന്‍ എഴുതുന്ന പട്ടാളക്കഥകള്‍ ഒക്കെ വായിച്ചു ഒത്തിരിപ്പേര്‍ കമന്റ് എഴുതാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരാള്‍, അതും ഒരു യുവതി എന്നെ ഫോണില്‍ വിളിക്കുന്നത്‌. ഞാന്‍ അടിമുടി കോരിത്തരിച്ചു..ആസകലം കോരാതെ തരിച്ചു..കവികള്‍ പറയുന്നത് പോലെ തരളിത ഹൃദയനായി മാറി..എന്റെ സ്വരത്തില്‍ ഞാനറിയാതെ പഞ്ചസാര കൂടി കല്‍ക്കണ്ട മായോ എന്നൊരു സംശയം..


"അതെ അതുതന്നെ"... ആരാ ഈ വിളിക്കുന്നെ ??


"സാര്‍ ഞാന്‍ ശാലിനി..സാറിന്റെ നാട്ടുകാരിയാ ... മുതുകുളത്താ വീട്...ഹരിപ്പാട്ടാ വര്‍ക്കു ചെയ്യുന്നേ.."


ഹോ..എന്റെ മനസ്സറിഞ്ഞ പോലയല്ലേ അവള്‍ സംസാരിക്കുന്നത്? ബ്ലോഗ്ഗില്‍ ഞാന്‍ പെണ്ണുകാണാന്‍ പോകുന്ന വിവരവും അതെല്ലാം ചീറ്റിപ്പോകുന്ന കഥകളും എഴുതിയിട്ടുണ്ട്. അതൊക്കെ ഇവള്‍ വായിച്ചിട്ടുമുണ്ടാകും. ഞാനൊരു 'ക്രോണിക്‌ ഇല്ലാത്ത ബാച്ചിലര്‍' ആണെന്നും നല്ലൊരു പെണ്ണിനെ കിട്ടിയാല്‍ അപ്പോള്‍ തന്നെ കെട്ടിക്കളയും എന്നവള്‍ക്ക് അറിയാമായിരിക്കും.അതുകൊണ്ടാവുമോ രാവിലെ തന്നെ അവള്‍ വിളിച്ചത്? ഇപ്പോഴത്തെ പെണ്‍പിള്ളാരൊക്കെ ഭാവിയിലേയ്ക്ക് നല്ല നോട്ടമുള്ളവര്‍ ആണെന്ന് മാത്തപ്പന്‍ പറഞ്ഞത് എത്ര ശരി..അത് കൊണ്ടല്ലേ അവള്‍ തന്നെ മുന്‍കൈ എടുത്ത്‌ എന്നെ വിളിച്ചത്..?? സ്മാര്‍ട്ട് പെണ്‍കുട്ടി....ഐ ലൈക്‌ യു ഡാ... (ലവ് യു ഡാ എന്ന് നേരില്‍ കാണാന്‍ പറ്റിയാല്‍ പറയണം) ഞാന്‍ തീരുമാനിച്ചു.


"സാറിന്നു ഫ്രീയാണോ എനിക്കൊന്നു കാണാന്‍ പറ്റുമോ?"


അവളുടെ അടുത്ത കിളിമൊഴി കേട്ട ഞാന്‍ വീണ്ടും കോരിത്തരിക്കുക മാത്രമല്ല ഒപ്പം ഞെട്ടിത്തരിക്കുക കൂടി ചെയ്തു. "വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും കാരാമില്‍ക്ക് " എന്ന് പറഞ്ഞത് പോലെ, ഇവള്‍ രണ്ടും കല്പിച്ച് ഇറങ്ങിയവള്‍ തന്നെ സംശയമില്ല.! കാശ്മീര്‍ പ്രശ്നം പോലെ നീണ്ടു നീണ്ടു പോകുന്ന എന്റെ കല്യാണ പ്രശ്നം ഇതാ തീരാന്‍ പോകുന്നു. ഒരു യുവസുന്ദരി എന്നെ കാണാന്‍ ആഗ്രഹിക്കുന്നു!! അവളെ കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. എല്ലാത്തിനും കാരണക്കാരന്‍ പട്ടാളക്കഥകള്‍ എന്ന കിടിലന്‍ ബ്ലോഗ്ഗ് ! അത് കിടക്കുന്ന കിടിലോല്കിടിലന്‍ ബൂലോകം.!! ജയ് ജയ് പട്ടാളക്കഥകള്‍. ജയ് ജയ് ബൂലോകം, ജയ് ജയ് ഞാന്‍..!!!.


"പിന്നെന്താ കാണാമല്ലോ....എപ്പോഴാ വരുന്നത്" ഞാന്‍ ചോദിച്ചു..


"സാറിന് കഴിയുമെങ്കില്‍ ഒന്ന് ഹരിപ്പാട്‌ വരെ വരാമോ? വൈകിട്ട് അഞ്ചു മണിക്ക് ശേഷം വന്നാല്‍ സൌകര്യമാണ്. എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കില്‍ വേണ്ട കേട്ടോ"


"അസൗകര്യം? എനിക്കോ? ഞാനിപ്പോഴേ വരാന്‍ റെഡി " എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും വീണ്ടും ഞാന്‍ എന്നെ നിയന്ത്രിച്ചു. ആക്രാന്തം പാടില്ല. വെയിറ്റ് ആന്‍ഡ്‌ സീ .


"വരാന്‍ പറ്റുമോ എന്ന് നോക്കട്ടെ" ഞാന്‍ പറഞ്ഞു. എവിടെയാ വരണ്ടേ?


" ബസ്‌ സ്റ്റൊപ്പിനടുത്തു നിന്നാല്‍ മതി." ഞാന്‍ എത്തിക്കോളാം. അവള്‍ പറഞ്ഞു.


"ഓക്കേ. പക്ഷെ എങ്ങനെ ഞാന്‍ തിരിച്ചറിയും? ഞാന്‍ ഇതുവരെ ശാലിനിയെ കണ്ടിട്ടില്ലല്ലോ? ശാലിനി എന്നെയും."?


"അത് സാരമില്ല. ഞാന്‍ സ്റ്റോപ്പിന്റെ നേരെ മുന്‍പിലുള്ള ബേക്കറിയുടെ അടുത്ത്‌ നില്‍കാം." വന്നു കഴിയുമ്പോള്‍ ഈ നമ്പരില്‍ വിളിച്ചാല്‍ മതി."



അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ പെണ്ണുകാണല്‍, അതായത് ചെറുക്കന്‍ പോയി പെണ്ണിനെ കാണുക എന്ന മുഷിപ്പന്‍ പരിപാടി ഇതാ ഞാന്‍ തിരുത്തിക്കുറിക്കാന്‍ പോകുന്നു. പെണ്ണ് നേരിട്ട് വന്നു ചെറുക്കനെ കാണുന്ന അതിനൂതന സമ്പ്രദായം ഇന്ന് മുതല്‍ തുടങ്ങാന്‍ പോകുന്നു. ഇതിനെല്ലാം കാരണഭൂതനായ ബൂലോകം ജയ്..പട്ടാളക്കഥകള്‍ ജയ്.....ഞാന്‍ ജയ്..



ദിവസത്തിന് നീളം കൂടിയോ എന്നെനിക്കു സംശയമായി. അഞ്ചു മണിയാകാന്‍ ഇത്രയും സമയമെടുക്കുമോ? ഞാന്‍ വീണ്ടും വീണ്ടും വാച്ചില്‍ നോക്കി. നാലര ആയപ്പോള്‍ പുതിയ ജീന്‍സും ടി ഷര്‍ട്ടും ധരിച്ചു. മുടി സ്റ്റൈലില്‍ ചീകി വച്ചു. മുഖത്ത്‌ ഫെയര്‍ ആന്‍ഡ്‌ ലൌലിയും അതിന്റെ കൂടെ മേമ്പൊടിയായി പൌഡറും തേച്ചു. കണ്ണാടിയില്‍ ചാഞ്ഞും ചരിഞ്ഞും നോക്കി. സൌന്ദര്യം മുന്‍പിലും പുറകിലും ഉണ്ടെന്നു ഉറപ്പു വരുത്തി. ബൈക്കെടുത്തു ഹരിപ്പാട്ടെയ്ക്ക് പുറപ്പെട്ടു.




അഞ്ചു മണിയാകാന്‍ കൃത്യം അഞ്ചു മിനിട്ട് ബാക്കിയുള്ളപ്പോള്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ എത്തി. ബൈക്ക്‌ നിറുത്തി സ്റ്റോപ്പിന്റെ നേരെ മുന്‍പിലുള്ള ബേക്കറിയുടെ പരിസരം ശ്രദ്ധിച്ചു. അത്ഭുതം!! അവിടെയതാ അവള്‍ നില്കുന്നു!! ഇറുകിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച്, മുടി ഉച്ചിയില്‍ വാല് പോലെ ഉയര്‍ത്തിക്കെട്ടി, ഒരു ചുവന്ന ഹോണ്ട ആക്ടീവയില്‍ അവള്‍ എന്നെ പ്രതീക്ഷിച്ചിരിക്കുന്നു.."യാത്രക്കാരുടെ ശ്രദ്ധയ്ക്ക്" എന്ന സിനിമയിലെ നായിക 'സൌന്ദര്യയുടെ' ദേഹപ്രകൃതി. സുന്ദരി...മനോഹരി..സുമുഖി..എനിക്ക് ബോധിച്ചു. എന്റെ ഭാര്യയാകാനുള്ള എല്ലാ അളവുകളുമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ തൂക്കവുമുണ്ട്‌. .. . ഇവള്‍ മതി...ഞാന്‍ തീരുമാനിച്ചു.



എങ്കിലും മനസ്സു പറയുന്നു. ആക്രാന്തം പാടില്ല. ഇതവള്‍ തന്നെയാണോ? വേറെ ആരെങ്കിലും ആണെങ്കിലോ? ഏതായാലും ഒന്ന് ഫോണ്‍ ചെയ്തു നോക്കാം. ഭഗവാനെ ഇതവള്‍ തന്നയാകണേ. ഞാന്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു...



അതാ അവള്‍ ഫോണ്‍ എടുക്കുന്നു.!! അവള്‍ തന്നെ.പിന്നെ ഒട്ടും താമസിച്ചില്ല. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വണ്ടി മുന്‍പോട്ടെടുത്തു. നേരെ അവളുടെ അടുത്ത്‌ പോയി സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി.



അപ്രതീക്ഷിതമായ ആ ആഗമനത്തില്‍ അവളൊന്നു ഞെട്ടി. ഞാന്‍ തലയില്‍ നിന്നും ഹെല്‍മെറ്റ് ഊരിമാറ്റി. മുടി കൈത്തലം കൊണ്ട് മാടിയൊതുക്കി. എന്നിട്ട് അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.



"രഘുനാഥന്‍ സര്‍ ????" അവള്‍ എന്നെ നോക്കി ചിരിച്ചു. നല്ല ചിരി. കവിളില്‍ നുണക്കുഴികള്‍. എനിക്ക് പിന്നെയും അവളെ ഇഷ്ടമായി...


"സാര്‍ നമുക്ക് ആ ബേക്കറിയില്‍ ഇരുന്നു സംസാരിക്കാം എന്താ?" അവള്‍ എന്നെ നോക്കി..


"പിന്നെന്താ... ആകട്ടെ ...നമ്മുടെ ആദ്യത്തെ മീറ്റിംഗ് ആല്ലേ ? ഒരു കോഫിയില്‍ തന്നെ തുടങ്ങാം."



ഞങള്‍ ബേക്കറിയുടെ മൂലയ്ക്കുള്ള കസേരകളില്‍ ഇരുന്നു. അവള്‍ തന്റെ പുറത്തു കിടന്ന ബാഗ് എടുത്ത്‌ മുന്‍പിലുള്ള ടേബിളില്‍ വച്ചു. കണ്ടിട്ട് അതൊരു ലാപ്‌ ടോപ്‌ ആണെന്ന് തോന്നുന്നു. അപ്പോള്‍ ഇവള്‍ ഐ.ടി ഫീല്‍ഡില്‍ തന്നെയാകണം ജോലി ചെയ്യുന്നത്. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും കാരാമില്ക് . ഞാന്‍ മനസ്സില്‍ പറഞ്ഞു.



എന്ത് പറയണം എവിടെ തുടങ്ങണം എന്നറിയാതെ ഞങള്‍ പരസ്പരം കുറച്ചു നേരം മുഖത്തോടു മുഖം നോക്കിയിരുന്നു.അവളുടെ സുന്ദരവദനം കണ്ടപ്പോള്‍ ഞാന്‍ പറയാന്‍ ഓര്‍ത്ത്‌ വച്ചിരുന്നതെല്ലാം മറന്നു.


"ഞാന്‍ കുറച്ചു നാള്‍ മുതല്‍ സാറിനെ കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു..ഇനി താമസിച്ചാല്‍ സാര്‍ തിരിച്ചു പോയേക്കുമോ എന്ന് പേടിച്ചാ ഇന്ന് വിളിച്ചത്.".. ഒടുവില്‍ അവള്‍ തന്നെ തുടക്കമിട്ടു..ഒപ്പം തന്റെ മുന്‍പിലിരുന്ന ലാപ്‌ ടോപ് പുറത്തെടുത്ത് ഓണ്‍ ചെയ്തു.



കൊള്ളാം..ഞാനെഴുതിയ പോസ്റ്റുകള്‍ എന്നെത്തന്നെ കാണിക്കാന്‍ പോവുകയാണ് ഈ മിടുക്കി..പോസ്റ്റുകളെക്കുറിച്ച് തന്നെയാകട്ടെ ആദ്യത്തെ ചര്‍ച്ച. പിന്നീടത്‌ പതുക്കെ പെണ്ണുകാണല്‍, കല്യാണം മുതലായ മേഘലകളിലെയ്ക്ക് കൊണ്ടുപോകണം. എന്നിട്ട് വേണം എനിക്ക് തുറന്നു പറയാന്‍ ഐ ലവ് യു ഡാ..... ഞാന്‍ ഉറപ്പിച്ചു.


"സാര്‍ നോക്കൂ. ഞങളുടെ കമ്പനി പുതുതായി ലോഞ്ച് ചെയ്ത പോളിസിയാണ്. ഇതില്‍ സാറിനെപ്പോലെയുള്ള പട്ടാളക്കാര്‍ക്ക് വേണ്ടി ചില പുതിയ സ്കീമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകട ഇന്‍ഷുറന്‍സ്, മരണം സംഭവിച്ചാല്‍ പത്തു ലക്ഷം വരെ താങ്കളുടെ ഭാര്യക്ക് കിട്ടാവുന്ന ഒരേയൊരു പോളിസി ഇത് മാത്രമേ ഇന്ന് നിലവിലുള്ളൂ സാര്‍........"


ഭാവിയില്‍ ഞാന്‍ തട്ടിപ്പോയാല്‍ എന്റെ ഭാര്യക്കോ കുട്ടികള്‍ക്കോ കിട്ടാവുന്ന ഭാരിച്ച തുകയെപ്പറ്റി അവള്‍ വാചാലയായപ്പോള്‍ ഞാന്‍ അവളുടെ മുഖത്ത് നോക്കി അന്തം വിട്ടിരുന്നു...അപ്പോള്‍ മാത്തപ്പന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുകയായിരുന്നു..."ഇപ്പോഴത്തെ പെണ്‍ പിള്ളാര്‍ക്ക് ഭാവിയിലേയ്ക്ക് വലിയ നോട്ടമാ."

Wednesday, July 8, 2009

രണ്ടു സുന്ദരികളും ഞാനും

"എറണാകുളത്ത് നിന്നും ആലപ്പുഴ, കായംകുളം, കൊല്ലം വഴി തിരുവനന്തപുരത്തെയ്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ്‌ ബസ്സ്, സ്റ്റാന്റിന്റെ വടക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യുന്നു."


ഈ അറിയിപ്പ് കേട്ട ഞാന്‍ സ്റ്റാന്റിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി ഓടി. ...എറണാകുളത്തു നിന്നും ഹരിപ്പാടിന് പോകാനായി കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ ബസ്സ് കാത്തു നില്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി... വരുന്ന ബസ്സുകളിലോന്നും കാലു കുത്താന്‍ സ്ഥലമില്ല...പോരാത്തതിനു മഴയും..തിരുവനന്തപുരം എന്ന ബോര്‍ഡ് വച്ച സൂപ്പര്‍ ഫാസ്റ്റു ബസ്സ്, " പോകണമെന്നുണ്ടെങ്കില്‍ ഉടനെ കേറിക്കോ.. അല്ലെങ്കില്‍ ഞാനിപ്പോള്‍ സ്ഥലം വിട്ടുകളയും" എന്ന ഭാവത്തില്‍ ഇരച്ചു കൊണ്ട് നില്‍ക്കുകയാണ്‌..പത്തിരുപതു പേര്‍ അതില്‍ കേറാനായി വാതിലിനടുത്ത് തിങ്ങിക്കൂടിയിട്ടുണ്ട്..ചിലര്‍ തങ്ങളുടെ ബാഗും തൂവാലയും മറ്റും ബസ്സില്‍ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പിച്ച്‌ കാലിയായ സീറ്റുകള്‍ അഡ്വാന്‍സ് ബുക്ക് ചെയ്തിട്ട് വീണ്ടും വാതിലിനടുത്ത് വന്നു ബസ്സിനുള്ളില്‍ കയറിപ്പറ്റാനുള്ള യജ്ഞം തുടങ്ങി..ഒരു വിദ്വാന്‍ ഡ്രൈവര്‍ക്ക് കയറാനുള്ള വാതിലില്‍ കൂടി കയറാന്‍ ഡാവില്‍ ഒന്ന് ശ്രമിച്ചു നോക്കുന്നതും അവിടെ ഡ്രൈവര്‍ ഇരിക്കുന്നത് കണ്ടിട്ട് വീണ്ടും തിരിച്ചു വന്നു ഡോറില്‍ തൂങ്ങുന്നതും കണ്ടു... വെറുതെ നോക്കി നിന്നാല്‍ ഇന്ന് പോക്ക് ഉണ്ടാവില്ല എന്ന് മനസ്സിലായ ഞാനും യജ്ഞത്തില്‍ പങ്കു കൊള്ളുകയും അധികം താമസിക്കാതെ ബസ്സിനുള്ളില്‍ എത്തപ്പെടുകയും ചെയ്തു...


ബസ്‌ വിട്ടു...മുകളിലെ കമ്പിയില്‍ തൂങ്ങി നിലത്തുമല്ല ആകാശത്തുമല്ല എന്ന അവസ്ഥയില്‍ നില്‍കുകയാണ്‌ ഞാന്‍...പുറകില്‍ മുഴുവന്‍ സ്ത്രീകളാണ്..അത് കൊണ്ടാണെന്ന് തോന്നുന്നു കേറിയവര്‍ മുന്‍പോട്ടു നീങ്ങാതെ അവിടെത്തന്നെ കുറ്റിയടിച്ചതുപോലെ നില്‍കുകയാണ്‌..ബസ്സിന്റെ മുന്‍പില്‍ നില്‍കുന്ന കണ്ടക്ടര്‍, മുന്‍പോട്ടു പോരെ.. മുന്‍പോട്ടു പോരെ.. എന്ന് പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി ഭാവിക്കുന്നില്ല... തന്നെയുമല്ല കിട്ടിയ സ്ഥലത്ത് തന്നെ അല്പം ഒതുങ്ങി നിന്നിട്ട് തന്റെ പുറകില്‍ നില്‍ക്കുന്നവരെ "എന്താ മുന്‍പോട്ടു പോകാന്‍ ഇത്ര ബുദ്ധിമുട്ട്‌?" എന്ന രീതിയില്‍ നോക്കുന്നുമുണ്ട്..വാതിലിനു നേരെ മുന്‍പില്‍ നില്‍കുന്ന ഒരു തടിച്ച സ്ത്രീയുടെ വിശാലമായ പിന്‍ഭാഗം തന്റെ സീറ്റാക്കി സുഖ യാത്ര ചെയ്തിരുന്ന ഒരു മധ്യ വയസ്കനെ ആ സ്ത്രീ തന്റെ പിന്‍ഭാഗം കൊണ്ട് തന്നെ ഒരു താങ്ങ് താങ്ങുന്നതും ആ താങ്ങലോട് കൂടി കൃശഗാത്രനായ ആ മാന്യന്‍ ഒരു മീറ്ററോളം മുന്‍പിലേക്ക് തെറിച്ചു പോകുന്നതും ഞാന്‍ കണ്ടു...ഏതായാലും ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതുപോലെ ആ താങ്ങല്‍ മൂലമുണ്ടായ ഗ്യാപ്പില്‍ എനിക്ക് നില്കാനുള്ള സ്ഥലം കിട്ടുകയും ചെയ്തു...

ബസ്‌ അരൂര്‍ പാലവും കടന്നു മുന്‍പോട്ടു പോയി..അതിനിടയില്‍ കണ്ടക്ടര്‍ വന്നു...മത്തങ്ങയുടെ ആകൃതിയില്‍ ശരീര പ്രകൃതിയുള്ള കണ്ടക്ടര്‍ക്ക് നില്കാന്‍ തന്നെ രണ്ട് പേര്‍ക്കുള്ള സ്ഥലം വേണ്ടി വരുമെന്ന് എനിക്ക് തോന്നി..ഒരു കൈ മുകളിലെ കമ്പിയിലും മറ്റേ കൈ സീറ്റിനു മുകളിളിലുള്ള കമ്പിയിലും പിടിച്ചു " ത്രികോണെ" എന്ന രീതിയില്‍ നില്‍കുന്ന എന്റെ പുറത്തു ചാരിയാണ് കണ്ടകടര്‍ സാറിന്റെ നില്പ്.. "പണ്ടേ ദുര്‍ബ്ബല ... പോരാത്തതിനു ഗര്‍ഭിണി" എന്ന രീതിയിലായി എന്റെ അവസ്ഥ.. ഞാന്‍ ശ്വാസം വലിച്ചു കേറ്റി മസ്സില് പിടിച്ചു നിന്നു...


എന്റെ നേരെ പുറകില്‍ നില്‍കുന്നതു പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു യുവതിയാണ്..കണ്ടിട്ട് എറണാകുളത്തു എവിടെയോ ജോലി ചെയ്യുന്നതാണെന്ന് തോന്നുന്നു... ഇടതു തോളില്‍ വാനിറ്റി ബാഗും തൂക്കി വലതു കൈ മുകളിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് അലസമായി നോക്കി നില്‍കുകയാണ്‌ ആ സുന്ദരി... വണ്ടി കുലുങ്ങുമ്പോഴും ബ്രേക്ക്‌ ചെയ്യുമ്പോഴും അവളുടെ ശരീരത്തിന്റെ മുന്‍ഭാഗം എന്റെ വലതു തോളില്‍ മുട്ടുന്നുണ്ട്... പക്ഷെ ഒരു പട്ടാളക്കാരനായ ഞാന്‍ പൊതു സ്ഥലങ്ങളില്‍, ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കേണ്ട മര്യാദകളെ മാനിക്കേണ്ടാവനായതിനാല്‍ ആ സ്പര്‍ശന സുഖത്തെ അവഗണിച്ച് കൊണ്ട് എന്റെ യാത്ര തുടര്‍ന്നു...


പക്ഷെ എന്റെ മുന്‍പില്‍ നില്‍കുന്ന ഒരു മാന്യന്‍ ഞാനവിടെ നില്കുന്നത് ഇഷ്ടമില്ല എന്ന രീതിയില്‍ ഇടയ്ക്കിടയ്ക്ക് രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു... വണ്ടി ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ രണ്ടുമൂന്നു പേര്‍ ഇറങ്ങുകയും അത്രയും പേര്‍ കയറുകയും ചെയ്തു..ഇതിനിടയില്‍ ആ മാന്യന്‍ എന്നെ അവിടെനിന്നും മാറ്റാനെന്ന വണ്ണം അയാളുടെ പൊസിഷന്‍ ഒന്ന് ചേഞ്ച്‌ ചെയ്തു...പക്ഷെ അതോടെ പുറകില്‍ നിന്ന സുന്ദരിക്ക് കൂടുതല്‍ സ്ഥലം കിട്ടുകയും അവള്‍ എന്നോട് കൂടതല്‍ ചേര്‍ന്ന് നില്‍കുകയും ചെയ്തു.....ഉര്‍വശീ ശാപം വീണ്ടും ഉപകാരമായി....വണ്ടി കൂടുതല്‍ കുലുങ്ങാനും ഡ്രൈവര്‍ കൂടുതല്‍ ബ്രേക്ക്‌ ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു പോയി...(പട്ടാളക്കാരനായാലും ഞാനുമൊരു പുരുഷനല്ലേ....അതും യവ്വന യുക്തനായ പുരുഷന്‍??)


ഇതോടെ മാന്യന്‍ കൂടുതല്‍ രൂക്ഷമായി എന്നെ നോക്കാന്‍ തുടങ്ങി.. സുന്ദരിയായ ഒരു യുവതിയെ മുട്ടി ഉരുമ്മി യാത്ര ചെയ്യാന്‍ പറ്റാതെ പോവുകയും അടുത്ത്‌ നില്കുന്നവന്‍ അത് അനുഭവിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഒരു സാധാരണ പുരുഷന് തോന്നുന്ന വികാരമായി മാത്രം ഞാനത് കണക്കാക്കുകയും അദ്ദേഹത്തിന്റെ നോട്ടത്തെ ഒട്ടും മൈന്‍ഡ്‌ ചെയ്യാതെയും സുന്ദരിയുടെ മൃദുല സ്പര്‍ശനത്തെ അല്പാല്പമായി മൈന്‍ഡ് ചെയ്തും ഞാന്‍ എന്റെ യാത്ര തുടര്‍ന്നു..


ഇതിനിടയില്‍ ചേര്‍ത്തലയില്‍ നിന്നും കേറിയ മറ്റൊരു യുവതി കൂടി എന്റെ ഇടതു ഭാഗത്ത് നില്കാന്‍ തുടങ്ങി..അതോടെ മാന്യ ദേഹം 'രണ്ട് സുന്ദരികളും ഞാനും' എന്ന നോവലിലെ നായകനെപ്പോലെ നില്‍കുന്ന എന്നെ നോക്കി ഒരു ചോദ്യം..


"താനെന്താ പെണ്ണുങ്ങളുടെ ഇടയില്‍ കിടന്നു വെരകുന്നത്...മുന്‍പോട്ടു കേറി നിന്നു കൂടെ?"


ശെടാ ...യാതൊരു കുഴപ്പവും ഉണ്ടാക്കാതെ മാന്യമായി യാത്ര ചെയ്യുന്ന എന്നോട് ഇയാള്‍ എന്തിനിത്ര ചൂടാകണം? ഞാന്‍ നില്കുന്നത് മൂലം അയാള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല. തന്നെയുമല്ല എന്റെ ചുറ്റും നില്‍കുന്ന യുവതികള്‍ എന്നെപ്പറ്റി യാതൊരു പരാതിയും ഉന്നയിച്ചിട്ടുമില്ല. സ്ഥലമില്ലാത്ത ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അല്പം ബുദ്ധിമുട്ടൊക്കെ സഹിക്കേണ്ടി വരും ..അല്ലാത്തവര്‍ സ്വന്തം കാറോ ബസ്സോ ഒക്കെ വാങ്ങി യാത്ര ചെയ്യണം..എന്നൊക്കെ പറയാന്‍ തോന്നിയെങ്കിലും ഞാന്‍ സംയമനം പാലിച്ചു...എന്നിട്ട് പറഞ്ഞു..


"സാറേ മുന്‍പോട്ടു പോകാന്‍ ഒട്ടും സ്ഥലമില്ല... പിന്നെ എന്ത് ചെയ്യും..യാത്ര ചെയ്യണ്ടേ..."?


"അത് ശരി...അല്ലാതെ പെണ്ണുങ്ങളെ മുട്ടാനല്ല താന്‍ എവിടെ നില്കുനത് അല്ലെ? .എടൊ ഞാനിതൊത്തിരി കണ്ടതാ...തന്റെ രോഗം എനിക്കറിയാം...വേണമെങ്കില്‍ അതിപ്പോ തീര്‍ത്ത്‌ തരാം.."


അതോടെ എന്റെ കണ്‍ട്രോള്‍ വിട്ടു..."കണ്ടിട്ട് മാന്യനാണെന്ന് തോന്നുന്നല്ലോ എന്ന് കരുതിയാണ് ഞാനും മാന്യമായി സംസാരിച്ചത്‌... അപ്പോള്‍ താനെന്താ എന്നെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ? എന്നാലതൊന്നു കാണണമല്ലോ?" ഞാനും ശബ്ദമുയര്‍ത്തി..


ഇത് കണ്ടു അടുത്ത്‌ നിന്ന യുവതികള്‍ പെട്ടെന്ന് ഒതുങ്ങി നിന്നു...എന്നെ മുട്ടി നിന്ന യുവതി പേടിയോടെ അയാളെ നോക്കി...ബസ്സിലെ യാത്രക്കാര്‍ ശബ്ദം കേട്ട് എന്നെയും ആ മാന്യനേയും ശ്രദ്ധിച്ചുതുടങ്ങി...മുന്പിലായിരുന്ന കണ്ടക്ടര്‍ തന്റെ വലിയ ശരീരം ഉരുട്ടി ഞങളുടെ അടുത്തേയ്ക്‌ വന്നു..പോര് കോഴികളെപ്പോലെ പരസ്പരം നോക്കി എന്തിനും തയ്യാറായി നില്‍കുന്ന ഞങളെ നോക്കി കണ്ടക്ടര്‍ ചോദിച്ചു.."എന്താ കാര്യം..ങേ? "

"അല്ല സര്‍ ഞാന്‍ ഇവിടെ ഒരു ശല്യവുമുണ്ടാക്കാതെ വെറുതെ നിന്നതാ ..ഇയാള്‍ക്ക് അതിഷ്ടപെടുന്നില്ല... ഞാന്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയോ എന്ന് ഇവരോട് ചോദിക്കൂ..".ഞാന്‍ ആ യുവതികളെ നോക്കി കണ്ടക്ടരോട് പറഞ്ഞു..

"ഇയാള്‍ എറണാകുളം മുതല്‍ ഇവിടെത്തന്നെ നില്കുകയാ ..സ്ഥലം കിട്ടിയിട്ട് മാറുന്നുമില്ല...ഇവനെയൊക്കെ പിടിച്ച് പോലീസ്സില്‍ ഏല്പിക്കണം..അതാ വേണ്ടത്......"


"ആഹാ ..അതുശരി..അപ്പോള്‍ താനെന്നെ പോലീസ്സില്‍ ഏല്പിക്കും അല്ലെ? " എന്നിലെ പട്ടാളക്കാരന്‍ ഉണര്‍ന്നു..കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കു കൊണ്ട ഒരു വീര ജവാനെ പോലീസ്സിനെകൊണ്ട് പിടിപ്പിക്കുമെന്ന് കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല.. ഞാന്‍ കണ്ടക്ടരോട് പറഞ്ഞു.. സാര്‍ വണ്ടി നേരെ പോലീസ്സ് സ്റ്റെഷനിലെയ്ക് വിട്...ഒരു പട്ടാളക്കാരനെ യാതൊരു കാരണവുമില്ലാതെ പോലീസ്സിനെക്കോട് പിടിപ്പിക്കുമെങ്കില്‍ അതൊന്നു കാണണം..."


യാത്രക്കാര്‍ എന്റെ വീറും വാശിയും കണ്ടു അന്തം വിട്ടു...എന്നെ മുട്ടിനിന്ന യുവതികളുടെ മുഖത്ത്‌ ചെറിയ ഒരു ആരാധന നിഴലിച്ചതായി എനിക്ക് തോന്നി..പട്ടാളക്കാരന്‍ എന്ന് കേട്ടപ്പോള്‍ ആ മാന്യനും ഒന്ന് ഞെട്ടിയത് പോലെ...അപ്പൊ പേടിയുണ്ട് പട്ടാളത്തെ അല്ലെ?ഞാന്‍ മനസ്സില്‍ പറഞ്ഞു..


വണ്ടി ആലപ്പുഴയെത്തി...മാന്യന്‍ ഇറങ്ങി...കൂടെ യുവതിയും...ഇറങ്ങുന്നതിനു മുന്‍പ് അയാള്‍ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു..


ക്ഷമിക്കണം...പട്ടാളക്കാരന്‍ ആണല്ലേ...ഞാനും പട്ടാളത്തിലാ...ഇതെന്റെ ഭാര്യയാ...ഇയാളെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ല...ഞാന്‍ കരുതി..വല്ല വായില്‍ നോക്കിയും ആയിരിക്കുമെന്ന്...അത് കൊണ്ടാ ഞാന്‍ അങ്ങിനെയൊക്കെ പറഞ്ഞത്..


മാന്യന്‍ യുവതിയോടൊപ്പം മുട്ടിയുരുമ്മി നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചുപോയി....."എന്നെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാ..".

Monday, May 25, 2009

ഒരു കുപ്പിയും കോഴി ബിരിയാണിയും...

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവന്‍ പരോളില്‍ വരുന്നതുപോലെ, പട്ടാളത്തില്‍ നിന്നും രണ്ടു മാസത്തെ ലീവിന് നാട്ടില്‍ വന്ന ഞാന്‍, ലീവിന് വരുമ്പോഴുള്ള എന്‍റെ സ്ഥിരം ഏര്‍പ്പാടായ പെണ്ണുകാണല്‍ എന്ന യജ്ഞം വീണ്ടും തുടങ്ങിയ വിവരം ഇന്നാട്ടുകാരായ എല്ലാ വായനക്കാരെയും അറിയിച്ചു കൊള്ളുന്നു.


കേരളത്തിലെ ബേക്കറി ഉടമകള്‍ പുതുതായി കണ്ടു പിടിച്ചിട്ടുള്ള മധുര പലഹാരങ്ങള്‍ കഴിക്കാനും ഈര്‍ക്കിലിയുടെ തുമ്പില്‍ വെള്ളയ്ക്കാ കുത്തിയതുപോലെയുള്ള എന്‍റെ ശരീരസ്ഥിതിയെ ഒന്ന് മിനുക്കിയെടുക്കാനുമല്ലാതെ കല്യാണം കഴിക്കണമെന്നുള്ള എന്‍റെ ആഗ്രഹം ഉടനെയെങ്ങും നടക്കുമെന്ന് എനിക്ക് പോലും തോന്നുന്നില്ല. അത് നടക്കണമെങ്കില്‍ ദേവലോകത്ത് നിന്നും ഉര്‍വശിയോ രംഭയോ അതുമല്ലെങ്കില്‍ സാക്ഷാല്‍ തിലോത്തമയോ തന്നെ ഭൂമിയില്‍ വന്നു എന്നെ തട്ടികൊണ്ട് പോകണം. അല്ലെങ്കില്‍ കേരളത്തിലുള്ള ഏതെങ്കിലും പെണ്ണിന്റെ ആളുകള്‍ വല്ല ക്വോട്ടേഷന്‍ പാര്‍ട്ടിയെയും വിട്ടു പേടിപ്പിച്ചു ബലമായി അവരുടെ പെണ്ണിനെ എന്നെക്കൊണ്ട് കെട്ടിക്കണം. അതുമല്ലെങ്കില്‍ എന്‍റെ അച്ഛനും അമ്മയും ഞാന്‍ പെണ്ണ് കെട്ടാതെ "ജലപാനം കുടിക്കില്ല" എന്ന് ശപഥം ചെയ്തിട്ട് നിരാഹാരം കിടക്കണം. അപ്പോള്‍ ഞാന്‍ ഏതെങ്കിലും പെണ്ണിനെ അവളുടെ "അളവുകളും തൂക്കങ്ങളും" നോക്കാതെ കണ്ണുമടച്ചു അങ്ങ് കെട്ടും....... അതെ നടക്കാന്‍ വഴിയുള്ളൂ....

ഞാന്‍ മനഃപൂര്‍വ്വം കെട്ടാതെ നടക്കുകയാണ് എന്ന് വായനക്കാര്‍ കരുതിയെങ്കില്‍ തെറ്റി. കെട്ടാന്‍ എപ്പോഴേ റെഡി! . പക്ഷെ പെണ്ണിനെ എനിക്ക് പിടിക്കേണ്ടേ? (ഇഷ്ടപ്പെടെണ്ടേ എന്ന അര്‍ഥമാണ് പിടുത്തം കൊണ്ടുദ്ദേശിക്കുന്നത്) അല്ലെങ്കില്‍ പെണ്ണിന് എന്നെ പിടിക്കേണ്ടേ? ഇത് രണ്ടും നടക്കുന്നില്ല. കാരണം എന്‍റെ കയ്യിലുള്ള അളവുകളും തൂക്കങ്ങളും വച്ച് നോക്കി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്ണ് എന്നെക്കാണുമ്പോള്‍ "അയ്യേ" എന്നാണു പറയുക. അത് കേള്‍ക്കുമ്പോള്‍ അറിയാതെ തന്നെ"അയ്യോ" എന്നൊരു ദയനീയ ശബ്ദം ഞാനും പുറപ്പെടുവിച്ചു പോകാറുണ്ട്...
ഏതായാലും എറണാകുളത്ത് ജോലി ചെയ്യുന്ന എന്‍റെ ഒരു സുഹൃത്ത് വഴിയായി ഒരു യജ്ഞത്തിനുള്ള ഓഫര്‍ കഴിഞ്ഞ ദിവസം എനിക്ക് കിട്ടുകയുണ്ടായി. അവന്‍റെ ഓഫീസില് തന്നെ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് സുഹൃത്തിനെ കാണാന്‍ എന്ന വ്യാജേന അവന്‍റെ ഓഫീസ്സില്‍ എത്തി പെണ്ണിനെ കാണുക. ഇഷ്ടപ്പെട്ടാല്‍ ബാക്കി കാര്യങ്ങള്‍ മുഖദാവില്‍ എന്നതാണ് ഓഫര്‍.....
അവന്‍ താമസ്സിക്കുന്നത് വൈറ്റിലയിലാണ്. ഞാന്‍ തലേ ദിവസം വൈകുന്നേരം വൈറ്റിലയില്‍ അവന്‍റെ റൂമില്‍ എത്തി കാര്യങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തു..രാവിലെ അവന്‍ ഓഫീസിലേക്ക് പോകുന്നു.....അവന്‍ അവിടെയെത്തി കുറച്ചു കഴിയുമ്പോള്‍ പെണ്ണ് എത്തുന്നു...സമയവും സന്ദര്‍ഭവും നോക്കി അവന്‍ എനിക്ക് മിസ്സ്‌ കാള്‍ തരുന്നു... അപ്പോള്‍ അവനെ കാണാന്‍ ചെല്ലുന്ന രീതിയല്‍ നാടകീയമായി ഞാന്‍ അവന്‍റെ ഓഫീസില്‍ എത്തുന്നു..... അവന്‍ ഓഫീസിലുള്ള മറ്റു സുഹൃത്തുക്കളെ എനിക്ക് പരിചയപ്പെടുത്തുന്നു.....കൂട്ടത്തില്‍ ആ പെണ്ണിനേയും...ഞാന്‍ അവളെ കാണുന്നു...അളവുകളും തൂക്കങ്ങളും മനസ്സിലാക്കുന്നു.. ഇഷ്ടപ്പെട്ടാല്‍ പിന്നെ കാര്യങ്ങള്‍ നേരിട്ട് പെണ്ണിന്റെ വീട്ടുകാരെ അറിയിക്കുന്നു...കല്യാണം ഉറപ്പിക്കുന്നു....കല്യാണം കഴിക്കുന്നു... ശേഷം ഭാഗങ്ങള്‍ വെള്ളിത്തിരയില്‍..... !!
ഇത്രയും പ്ലാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു കുപ്പിയുടെ മുക്കാലും രണ്ടു ചിക്കന്‍ ബിരിയാണിയും തീര്‍ന്നു ...ഞാനും സുഹൃത്തും ഉറങ്ങാന്‍ കിടന്നു..കിടന്ന ഉടനെ തന്നെ സുഹൃത്ത് കൂര്‍ക്കം വലി തുടങ്ങി...അതുകേട്ട് ഉറക്കം വരാതിരുന്ന ഞാന്‍ രാവിലെ കാണാന്‍ പോകുന്ന പെണ്ണിനെപ്പറ്റി ചിന്തിച്ചു....
ഈശ്വരാ... അവളുടെ അളവുകളും തൂക്കങ്ങളും ഒക്കെ ശരിയായാല്‍ മതിയായിരുന്നു...ഇനി അവള്‍ നാളെ വരാതിരിക്കുമോ?..വളരെ സുന്ദരിയാണെന്നും നിനക്ക് അവളെ ഇഷ്ടപ്പെടുമെന്നും സുഹൃത്ത് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. ....അപ്പോള്‍ അവള്‍ക്കു വേറെ വല്ലവനോടും പ്രേമം കാണുമോ?.... ആര്‍ക്കെങ്കിലും അവള്‍ വാക്ക് കൊടുത്തിട്ടുണ്ടാകുമോ?.. ഹേയ് അങ്ങനെ വരില്ല ...ഒരു പക്ഷെ ഇവളായിരിക്കും എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍.. അതുകൊണ്ടല്ലേ ഇതുവരെ കണ്ടതൊന്നും നടക്കാതെ പോയത്...എങ്ങനെയെങ്കിലും നേരം വെളുത്താല്‍ മതിയായിരുന്നു..... ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു... എപ്പോഴോ ഉറങ്ങി..
രാവിലെ സുഹൃത്ത് നേരത്തെതന്നെ എഴുനേറ്റു കുളിച്ചു റെഡിയായി ഓഫീസിലേക്ക് പുറപ്പെട്ടു..അവന്‍ പോയതും ഞാനും കുളിയും തേവാരവും കഴിച്ചു തയാറായി സുഹൃത്തിന്റെ മിസ്സ്‌ കാള്‍ വരുന്നതിനായി കാത്തിരുന്നു..ഏറെ നേരം കഴിഞ്ഞിട്ടും മിസ്സ്‌ കാള്‍ വരാതായപ്പോള്‍ ഞാന്‍ സുഹൃത്തിനെ വിളിച്ചു...അവന്‍റെ മൊബൈല്‍ റിംഗ് ചെയ്യുന്നു. പക്ഷെ എടുക്കുന്നില്ല... ഇനി പെണ്ണ് ഓഫീസില്‍ എത്തിയില്ല എന്നുണ്ടോ? എങ്കില്‍ ആ വിവരം അവനു വിളിച്ചു പറഞ്ഞാലെന്താ...? വെറുതെ മനുഷ്യനെ വിഷമിപ്പിക്കുന്നു........ ഇതിന്റെ പേരില്‍ എനിക്ക് ചിലവായത് ഒരു കുപ്പിയും രണ്ടു ചിക്കന്‍ ബിരിയാണിയും..!! ഇനി കുപ്പി വിഴു‌ങ്ങാനായി പഹയന്‍ ഒപ്പിച്ച പണിയാണോ ഈ പെണ്ണ് കാണല്‍ നാടകം?. മിസ്സ്‌ കാള്‍ വന്നില്ലെങ്കിലും വേണ്ട അവന്‍റെ ഓഫീസില്‍ പോയി ഏതെങ്കിലും ഒരു പെണ്ണിനെ കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാന്‍ ഉറച്ചു. പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ സുഹൃത്തിന്റെ മുഖത്ത്‌ നോക്കി ഹിന്ദിയില്‍ നാല് തെറിയും പറയുമെന്ന് (പട്ടാളക്കാരന്‍ മലയാളത്തില്‍ തെറി പറയുന്നതു മോശമല്ലേ?) തീരുമാനിച്ച് ഞാന്‍ മുറിക്കു പുറത്തിറങ്ങിയതും അതാ ഫോണ്‍ അടിക്കുന്നു.. പക്ഷെ അത് മിസ്‌ കോളല്ല. വിളിക്കുന്നത്‌ സുഹൃത്ത് തന്നെയാണ്.... ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു... സുഹൃത്തിന്റെ ശബ്ദം ...

"എടാ ചെറിയൊരു കുഴപ്പമുണ്ടായി..അവളിന്ന് വന്നിട്ടില്ല.....ലീവ് ലെറ്ററും കൊടുത്തിട്ടില്ലെന്ന് എച്ച്.ആര്‍ മാനേജര്‍ പറഞ്ഞു.. എന്ത് പറ്റിയെന്നു ഒരു പിടിയുമില്ല..പിന്നെ വേറൊരു ശ്രുതി കേട്ടു...നീ എന്നോട് ദേഷ്യപ്പെടരുത്‌...അവള്‍ക്കു ഒരു ലൈന്‍ ഉണ്ടെന്നോ...ഇന്നലെ രാത്രിയില്‍ അവള്‍ അവന്‍റെ കൂടെ ചാടിപ്പോയെന്നോ..ഒക്കെ..ഏതായാലും.....നീ ..."

"ഫാ പുല്ലേ.." എനിക്ക് കലികയറി.....ഇമ്മാതിരി കേസ്സാണോഡാ നീ എനിക്ക് വേണ്ടി കണ്ടു വച്ചത്?....ഹരിപ്പാട് കിടന്ന എന്നെ വിളിച്ചു വരുത്തിയിട്ട്... ഇപ്പോള്‍ ...ഒരുമാതിരി *******വര്‍ത്താനം പറയുന്നോ?.......****** മോനെ.... നിന്നെ ഇന്ന് ഞാന്‍..... ...ബ്ദും..................അയ്യോ ...

ശക്തിയായ പ്രകാശം മുഖത്തടിച്ചു... കുറച്ചു നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല....യാതൊരു കാര്യവുമില്ലാതെ "ഫ പുല്ലേ" എന്നലറിക്കൊണ്ട് കട്ടിലില്‍ നിന്നും നടുവടിച്ചു നിലത്തുവീണ എന്നെ നോക്കി മിഴിച്ചിരിക്കുന്ന സുഹൃത്തിനെ കണ്ട ഞാന്‍ ഒരു വിധത്തില്‍ എഴുനേറ്റു വീണ്ടും കട്ടിലില്‍ കിടന്നു... ഏതായാലും പിന്നെ ഞാന്‍ ഉറങ്ങിയില്ല. അതുകൊണ്ട് സ്വപ്നവും കണ്ടില്ല....

Monday, May 4, 2009

വെളുത്ത കത്രീനയും എന്‍റെ ആദ്യ കുര്‍ബാനയും

എല്ലാ പട്ടാളക്കാരും ഞായറാഴ്ച രാവിലെ സമയം കിട്ടിയാല്‍ അവരവരുടെ ആരാധനാ സ്ഥലങ്ങളില്‍ പോയി പ്രാര്‍ഥന നടത്തണമെന്ന് പട്ടാളത്തില്‍ ഒരു നിയമമുണ്ട്. ചെറിയ പട്ടാള യൂണിറ്റുകളില്‍ അമ്പലവും പള്ളിയും മോസ്കും എല്ലാം ഒറ്റ മുറിയില്‍ തന്നെ ആയിരിക്കും. പക്ഷെ വലിയ പട്ടാള ക്യാമ്പുകളില്‍ പള്ളിയും മോസ്കും അമ്പലവും ഒക്കെ വേറെ വേറെ സ്ഥലങ്ങളില്‍ ആയിരിക്കും. ദൈവത്തില്‍ വിശ്വാസമുണ്ടായാലും ഇല്ലെങ്കിലും "മന്ദിര്‍ പരേഡില്‍" എല്ലാവരും പങ്കു കൊള്ളണമെന്ന് ആര്‍മിയില്‍ നിര്‍ബന്ധമാണ്‌. എന്നെപ്പോലുള്ള അല്‍പ വിശ്വാസികള്‍ ഈ സമയം മുതലാക്കി മുങ്ങിക്കളയുകയാണ് പതിവ്.പക്ഷെ പിടി വീണാല്‍ സംഗതി കുഴപ്പമായത് തന്നെ.

എനിക്ക് അമ്പലത്തില്‍ പോകുന്നതിനോട് താല്പര്യം ഇല്ലാത്തതിന്റെ കാരണം ദൈവ വിശ്വാസത്തിന്റെ കുറവല്ല. രാവിലെ സിവില്‍ ഡ്രെസ്സില്‍ "ഫാള്ളിന്‍" ആകണം, മാര്‍ച്ച് ചെയ്തു അമ്പലത്തിലേക്ക് പോകണം, പിന്നെ അവിടെ എത്തി മണിക്കൂറുകളോളം ഹിന്ദിക്കാരുടെ ഭജന്‍ കേള്‍ക്കണം ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. തന്നെയുമല്ല ജന്മനാ ഒരു ഹിന്ദുവായ എനിയ്ക്ക് അമ്പലത്തെക്കാള്‍ ഇഷ്ടം ക്രിസ്ത്യന്‍ പള്ളിയായിരുന്നു. അതിനു ചില കാരണങ്ങളുമുണ്ട്.

ക്രിസ്ത്യന്‍ ദൈവങ്ങളായ യേശു, അദ്ദേഹത്തിന്റെ പിതാവ് ശ്രീ ജോസഫ്‌, മാതാവ് കുമാരി മറിയം എന്നിവര്‍ ഹിന്ദു ദൈവങ്ങളെക്കാള്‍ വിശാലമനസ്കരാണ്‌ എന്നുള്ള എന്‍റെ വിശ്വാസമാണ് അതിന്റെ ഒന്നാമത്തെ കാരണം. നമ്മുടെ ഒരാഗ്രഹം പെട്ടെന്ന് നടന്നു കിട്ടണമെങ്കില്‍ ഒരു കൂട് മെഴുക് തിരി (ഒരെണ്ണമായാലും കുഴപ്പമില്ല) വാങ്ങി മേല്‍പറഞ്ഞവരുടെ മുന്‍പില്‍ കത്തിച്ചിട്ട് നമ്മുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തിത്തരാന്‍ കൂളായി ആവശ്യപ്പെടാം. (ഇത് എനിക്ക് പറഞ്ഞു തന്നത് സത്യ ക്രിസ്ത്യാനിയും ദൈവഭക്തനുമായ മനോജാണ്). പക്ഷെ ഹിന്ദു ദൈവങ്ങളുടെ അടുത്ത്‌ അത് നടക്കുമോ? ക്ഷിപ്ര പ്രസാദിയായാലും കുറഞ്ഞത് നൂറു രൂപയെങ്കിലും വഴിപാടിനു വേണ്ടി വരും. ക്ഷിപ്ര കോപിയാണ് നിങ്ങളുടെ ഇഷ്ട ദൈവമെന്കില്‍ വഴിപാടിന്റെ തുക കുറഞ്ഞു പോയതിന്റെ പിഴയായി മറ്റൊരു വഴിപാടു കഴിക്കേണ്ടി വരും. ആ വഴിപാടു നടത്താന്‍ ഓണ്‍ലൈന്‍ ആയി പൈസ അടച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.!!

ഇനി മറ്റൊരു കാരണം. സത്യക്രിസ്ത്യാനിയായ ഒരാള്‍ക്ക്‌ എന്ത് കുണ്ടാമണ്ടിയും (കുണ്ടാമണ്ടി മീന്‍സ്‌ പാപം) ചെയ്യാം . അത് പാപമാണെന്ന് തോന്നിയാല്‍ നേരെ പള്ളിയില്‍ പോയി അച്ഛനെക്കണ്ട്‌ ചെയ്ത പാപത്തിന്റെ ഒരു സംഷിപ്ത വിവരണം കൊടുത്താല്‍ അച്ചന്‍ അപ്പോള്‍ത്തന്നെ സ്വര്‍ഗത്തിരിക്കുന്ന ദൈവം തമ്പുരാനെ ഓണ്‍ലൈന്‍ ആയി ബന്ധപ്പെട്ട് കുഞ്ഞാടിന്റെ പാപം ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കുകയും കുഞ്ഞാട് നല്ലവനും ദയാലുവും സര്‍വ്വോപരി പള്ളിക്കാര്യങ്ങളില്‍ സാരമായ സംഭാവനകള്‍ ചെയ്യുന്നവനും ആണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അതോടെ കുഞ്ഞാടിന്റെ പാപം ലഘുകരിക്കപ്പെടുകയും ചിലപ്പോള്‍ പാപ മോചനം തന്നെ ലഭിക്കുകയും ചെയ്യും. ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ്‌ ചിത്രഗുപ്തന്‍ അപ്പൊത്തന്നെ തന്റെ ലാപ്ടോപ്പില്‍ സേവ് ചെയ്യില്ലേ? കാലാവധി തീരുമ്പോള്‍ ഒരാളെ വിട്ടു മേല്‍പടി പാപിയെ പൊക്കും. എന്നിട്ട് തന്റെ ആപ്പീസ്സില്‍ എത്തിച്ചു ലാപ്ടോപ്‌ തുറന്നു പാപത്തിന്റെ കണക്കെടുത്ത് അതില്‍ യമദേവനെക്കൊണ്ട് കൌണ്ടര്‍ സൈന്‍ ചെയ്യിപ്പിച്ചിട്ട് നേരെ നരകത്തിലേക്ക് റെഫര്‍ ചെയ്തുകളയും. അവിടെ എത്തിയാല്‍ പിന്നെ വറക്കലും പൊരിക്കലും.. ഹോ.... ഓര്‍ത്തിട്ടു പേടിയാകുന്നു...

ഇതൊക്കെയാണ് എനിക്ക് ക്രിസ്തു മതത്തിലോട്ടു ഒരു വലതുപക്ഷ ചായ്‌വ് ഉണ്ടാകാന്‍ കാരണം. തന്നെയുമല്ല എന്റെ ഓഫീസിന്റെ മുന്‍പിലൂടെ ഒരു മലയാളി യുവ സുന്ദരി എന്നും കോളേജില്‍ പോവുകയും അവളെ ഞാനും അവള്‍ എന്നെയും കടാക്ഷ ശരങ്ങള്‍ എയ്യുകയും പിന്നെ ആ ശരങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു "ലൈന്‍"ആയിത്തീരുകയും, അവള്‍ ഒരു യരുശലേം കന്യകയാണ്‌ എന്ന് മനസ്സിലാകുകയും, അവളുടെ പള്ളിയിലെ പേര് കത്രീന മറിയം തോമസ്‌ എന്നും വീട്ടില്‍ വിളിക്കുന്ന പേര് രമ്യ എന്നാണെന്ന് വ്യക്തമാവുകയും ചെയ്തതോടെ യേശുവിനോടും അദ്ദേഹത്തിന്‍റെ അനുയായികളോടും എനിക്കുള്ള ആരാധന മൂവാണ്ടന്‍ മാങ്ങപോലെ പെട്ടെന്ന് കേറി മൂത്തു.

കൂടുതല്‍ വിശദമായി അറിഞ്ഞപ്പോള്‍ അവള്‍ ഞങളുടെ യൂണിറ്റിലെ ഒരു മലയാളി ജെ സി ഒയുടെ മകളാണെന്നും എല്ലാ ഞായറാഴ്ചയും അടുത്തുള്ള പള്ളിയില്‍ വരാറുണ്ടെന്നും വെളിവായി. അതോടെ ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് "പുജ്ഞ്ജം" തോന്നി. ക്രിസ്ത്യാനി ആയിരുന്നെകില്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകാമായിരുന്നു. വെളുത്ത കത്രീനയെ കാണാമായിരുന്നു. അവളോടൊപ്പം കുര്‍ബാന കൈ കൊള്ളാമായിരുന്നു. പക്ഷെ എന്ത് ചെയ്യാം ഞാനൊരു നായര്‍ കുല ജാതനായിപ്പോയില്ലേ? ....ഷിറ്റ് ...

ഏതായാലും അടുത്ത ഞായറിന് അമ്പലത്തില്‍ പോകുന്നതിനു പകരം ഞാന്‍ പള്ളിയിലോട്ട് വച്ച് പിടിച്ചു. ഞാന്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന് ആരറിയാന്‍? അറിഞ്ഞാല്‍ തന്നെ എന്ത് കുഴപ്പം. ഈ നാട്ടില്‍ ആരാധനാ സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരുപോലെയല്ലേ? ഞാന്‍ പള്ളിയില്‍ പോകണോ അമ്പലത്തില്‍ പോകണോ എന്ന് തീരുമാനിക്കുന്നത് ഞാനല്ലേ? പട്ടാളമാണോ? ഇതെന്താ വെള്ളരിക്കാ പട്ടാളമോ?

പള്ളിയിലെത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ കത്രീനയെ കണ്ടു. മറ്റു യരുശലേം കന്യകമാരുടെ കൂടെ അള്‍ത്താരയുടെ അരികിലുള്ള ഗായക സംഘത്തില്‍ ഒരു പാട്ട് പുസ്തകം പിടിച്ചു കൊണ്ട് നില്‍ക്കുന്നു.!! അള്‍ത്താരയുടെ മുന്‍പില്‍ തന്നെയുള്ള ഇരിപ്പിടത്തില്‍ ചെന്നിരുന്ന എന്നെ അവള്‍ കണ്ടു. ഇടക്കിടയ്ക്ക് ഓരോ കടാക്ഷ ശരമെയ്തു.. അത് കൊണ്ട ഞാന്‍ തരളിത പുളകനായി. പുളകിത ഗാത്രനായി..വേറെ ഏതാണ്ടൊക്കെ ആയി...

കുര്‍ബാന തുടങ്ങി. പള്ളിയിലെ നടപടി ക്രമങ്ങള്‍ വശമില്ലാതിരുന്ന ഞാന്‍ മറ്റുള്ളവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചു..കൈകള്‍ മടിയില്‍ വച്ച് കണ്ണടച്ചിരിക്കുകയാണ് അവര്‍. ഞാന്‍ കണ്ണടക്കാതെ അവളെത്തന്നെ നോക്കിയിരുന്നു. അതുകണ്ട വികാരിയച്ചന്‍ എന്നെ കണ്ണുമിഴിച്ചു നോക്കി . ഉടനെതന്നെ ഞാന്‍ കണ്ണുകളടച്ച്‌ അവളെ എനിക്ക് കെട്ടിച്ചു തരാന്‍ അവളുടെ പിതാവിന് തോന്നിപ്പിക്കണേ എന്ന് യേശുവിനോട് മുട്ടിപ്പായി അപേക്ഷിച്ചു. സമയം കിട്ടുമ്പോള്‍ ഒരു കൂട് മെഴുക് തിരി കത്തിച്ചേക്കാം എന്ന് ഓഫര്‍ കൊടുക്കുകയും ചെയ്തു.

അല്പം കഴിഞ്ഞപ്പോള്‍ ആരോ എന്നെ തോണ്ടി..ഞാന്‍ കണ്ണുതുറന്നു. ഞാനൊഴികെ എല്ലാവരും എഴുനേറ്റു നിക്കുന്നു. ഞാനുടന്‍ എഴുനേറ്റു. അപ്പോഴതാ എല്ലാവരും ഇരിക്കുന്നു!!. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും മുട്ട് കുത്തുന്നു.!!! എപ്പോള്‍ എഴുനേറ്റു നില്കണം, എപ്പോള്‍ മുട്ട് കുത്തണം എപ്പോള്‍ ആമീന്‍ പറയണം എന്നറിയാതെ ഞാന്‍ വല്ലാതെ പരിഭ്രമിച്ചു.

അള്‍ത്താരയില്‍ നില്‍ക്കുന്ന പട്ടാള ജെ സി ഓ കൂടിയായ വികാരിയച്ചന്‍ എന്റെ പമ്മലും പരുങ്ങലും വെപ്രാളവും ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കു തോന്നി. ദൈവമേ കുഴപ്പമാകുമോ? പള്ളിയില്‍ വരുന്നതിനു മുന്‍പ് അവിടുത്തെ ചിട്ടവട്ടങ്ങള്‍ ഒന്ന് മനസ്സിലാക്കാതെയിരുന്നതില്‍ എനിക്ക് കുറ്റബോധം തോന്നി. ഹിന്ദുവായ ഞാന്‍ അമ്പലത്തില്‍ പോകാതെ പള്ളിയിലെത്തി അവിടുത്തെ ആരാധന ക്രമങ്ങള്‍ക്ക്‌ കടക വിരുദ്ധമായി പ്രവര്‍ത്തിച്ചു കുര്‍ബാനയ്ക്ക് തടസ്സമുണ്ടാക്കിയ വിവരം പട്ടാള മറിഞ്ഞാല്‍ ഇനിയുള്ള എന്റെ ആത്മീയ ജീവിതം ഇതോടെ ഭൌതീകമായിത്തന്നെ അവസാനിക്കും.

മുന്‍പില്‍ നില്‍ക്കുന്ന കത്രീനയും അവളുടെ കൂടെയുള്ള എസ് ജാനകിമാരും എന്റെ പരവേശം കണ്ടിട്ട് അടക്കി ചിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പുറകില്‍ നിക്കുന്ന സത്യ ക്രിസ്ത്യാനികളും എന്റെ സര്‍ക്കസ്സ്‌ കാണുന്നുണ്ട് എന്നെനിക്കു മനസ്സിലായി. ഒരു വിധത്തില്‍ കുര്‍ബാന കഴിഞ്ഞു ഞാന്‍ പുറത്തു ചാടി ബാരക്കിലേക്ക് വച്ച് പിടിച്ചു. പിന്നീടൊരിക്കലും ഞാന്‍ പള്ളിയില്‍ പോയിട്ടില്ല.

എന്ത് പറഞ്ഞാലും അമ്പലം തന്നെയാ ഭേതം. തൊഴുതാല്‍ മാത്രം മതിയല്ലോ. ???

Thursday, December 4, 2008

വീരമണി ഫ്രം വീരസ്വര്‍ഗം പറയുന്നതെന്തെന്നാല്‍.. ..

മാന്യരേ ഞാന്‍ വീര സ്വര്‍ഗത്തില്‍ നിന്നും വീരമണി എഴുതുന്നു. ഭൂമിയില്‍ നിന്നും പോന്നിട്ട് ഒരാഴ്ച ആയെങ്കിലും ഇന്നലെയാണ് ഇവിടെ എത്താന്‍ സാധിച്ചത്. ഭൂമിയിലെ കര്‍മങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ നടത്താതതിനാല്‍ വീര സ്വര്‍ഗത്തിലേക്കുള്ള വിസ കിട്ടാന്‍ അല്പം താമസിച്ചു. കഴിഞ്ഞ ആഴ്ച ബോംബെയില്‍ നിന്നാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. എന്നെ കൊണ്ടുപോരാനായി വന്ന വീര സ്വര്‍ഗത്തിന്റെ സ്ഥിരം വണ്ടിയായ പോത്തന്‍സ് ട്രാവല്‍സില്‍ മുംബെയില്‍ നിന്നും കയറിയ എന്നെ വീര സ്വര്‍ഗത്തിന്റെ മെയിന്‍ ഗേറ്റില്‍ ഇറങ്ങിയ ഉടനെ വീര സ്വര്‍ഗം കാവല്‍ക്കാര്‍ 'നടയടി' അടിച്ച് എതിരേറ്റു. ഞാന്‍ മുംബെയില്‍ നിന്നാണ് വരുന്നതു എന്നറിഞ്ഞ അവര്‍ വീര സ്വര്‍ഗത്തിന്റെ ഓണര്‍ ആയ ശ്രീമാന്‍ കാലന്‍ സിങ്ങിനെ വിവരമറിയിക്കുകയും മേല്‍പടിയാന്‍ തന്‍റെ ഒന്നാം നമ്പര്‍ പോത്ത് കാറില്‍ മെയിന്‍ ഗേറ്റ് വരെ വന്നു എന്നെ സ്വീകരിക്കുകയുമുണ്ടായി.

ഇവിടെ എനിക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. എല്ലാര്‍ക്കും അറിയേണ്ടത് എങ്ങനെയാണു ഞാന്‍ ഉഗ്ര വാദികളുമായി ഏറ്റുമുട്ടിയത്, എത്ര പേരെ കാലപുരിയിലേക്ക് പാക്ക് ചെയ്തു, ഉഗ്രവാദികളെല്ലാം പാകിസ്താന്‍കാര് തന്നെയാണോ എന്നൊക്കെയാണ്. കഴിഞ്ഞ കാര്‍ഗില്‍ യുദ്ധ സമയത്ത് വീര സ്വര്‍ഗം പൂകിയ കുറേപ്പേരെ ഞാനിവിടെ കണ്ടു മുട്ടുകയുണ്ടായി. അതില്‍ കുറച്ചു പേരെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അവരൊക്കെ പഴയതിലും തടിച്ചിട്ടുണ്ട് കേട്ടോ. വീര സ്വര്‍ഗത്തില്‍ ഭക്ഷണമൊക്കെ അടിപൊളിയാണത്രെ!

ഏതായാലും ഞാന്‍ എനിക്ക് കിട്ടിയ മുറിയില്‍ എത്തി. ഒരു കുളിയൊക്കെ പാസാക്കി. എന്നിട്ട് അല്പം സ്പ്രേ ഒക്കെ അടിച്ച് കുട്ടപ്പനായി. അപ്പോഴാണ്‌ അവിടെ കിടന്ന ഒരു ഹെവന്‍ ടൈംസ് പത്രം ഞാന്‍ കണ്ടത്. അതിന്റെ മുന്‍ പേജില്‍ തന്നെ എന്റെ ഒരു ഫോട്ടോ കണ്ട ഞാന്‍ അന്തം വിട്ടു പോയി! അതിറെ അടിയില്‍ എഴുതിയിരിക്കുന്നു " വീരമണിക്ക് ജന്മ നാടിന്‍റെ പ്രണാമം"അത് കണ്ട എന്റെ ബോഡിയിലെ സകല രോമവും എ കെ 47 തോക്കിന്റെ ബാരെല്‍ പോലെ എഴുനേറ്റു നിന്നു.

ഞാന്‍ ടി വി ഓണ്‍ ചെയ്തു. അപ്പോഴതാ കാലന്‍സ്നെറ്റിലെ ന്യൂസ് ചാനെലില്‍ എന്റെ കാര്യം സംസാരിക്കുന്നു. അഞ്ചാറു പേര്‍ അവിടെയും ഇവിടെയും ഒക്കെ ഇരുന്നു സംസാരിക്കുകയാണ്. അതിനിടയില്‍ ആരോ പട്ടിയെന്നോ പൂച്ചയെന്നോ ഒക്കെ പറയുന്നു. എന്റെ കാര്യത്തിനിടയില്‍ ഈ പട്ടിയും പൂച്ചയും എവിടെ നിന്നു വന്നു. വീട്ടില്‍ ഞാനൊരു നാടന്‍ പട്ടിയെ വളര്‍ത്തിയിരുന്നു. ഇടയ്ക്കെപ്പോഴോ അതിനെ കാണാതെ പോയി. ഞാന്‍ കുറെ അന്വേഷിച്ചു. ഒടുവില്‍ എന്റെ പട്ടി വീടിനടുത്തുള്ള പയസ് ഒമ്പത് എന്ന വീട്ടിലെ പെണ്‍ പട്ടിയുമായി എന്തോ ഗുലുമാല്‍ ഒപ്പിക്കുന്നത് ഞാന്‍ കണ്ടു. കൂടെ വേറെ ഒരു പട്ടിയും ഉണ്ടായിരുന്നു. അതോടെ ഞാന്‍ ആ അന്വേഷണം അവസാനിപ്പിച്ചതാണ്. ആ പട്ടിയങ്ങാനും തിരിച്ചു വന്നോ? അതാണോ ഇവര്‍ പറയുന്നതു?

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ഭൂമിയിലെ ഒരു ലൈവ് സീന്‍ കാണിക്കുന്നു. അതില്‍ പ്രതിപക്ഷ നേതാവാണ്‌ കാണുന്നത്. രാജി വച്ചേ പറ്റൂ ...അദ്ദേഹം ഊന്നി ഊന്നി പറയുകയാണ്‌. ആര് രാജി വയ്കാനാണ് ഈ പറയുന്നതു. എവിടെയാണ് കുഴപ്പം ? എനിക്കൊന്നും മനസ്സിലാകുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ആരാധ്യനായ മുഖ്യമന്ത്രി വരുന്നു. അദ്ദേഹം എന്താണ് ഊന്നി പറയുന്നതറിയാന്‍ ഞാന്‍ കാതോര്‍ത്തു. അദ്ദേഹം പറയുന്നു. "വളരെ വ്യക്കുതമായി പറയുകയാണെങ്കില്‍.... ...................... ക്ഷമ ചോദിക്കുന്ന പ്രശ്നമില്ല." ആരോടാണ് അദ്ദേഹം ക്ഷമ ചോദിക്കേണ്ടത്‌?? എന്താണ് പ്രശ്നം?

പെട്ടെന്ന് ടി വി യിലെ സീന്‍ മാറുന്നു. എന്‍റെ വീടാണല്ലോ അത്? അച്ഛനല്ലേ ആ കാണുന്നത്? അദ്ദേഹത്തിന് ഇതെന്തു പറ്റി? വീടിനു പുറത്തു കൂടി വെരുക് പോലെ നടക്കുകയാണല്ലോ? കൂടെ ആരൊക്കെയോ ഉണ്ട്. അദ്ദേഹവും 'പട്ടി പട്ടി' എന്നൊക്കെ പറയുന്നുണ്ടല്ലോ? അപ്പോള്‍ പ്രശ്നം എന്‍റെ വീട്ടില്‍ തന്നെയാണ്. എങ്ങനെ അറിയും?എന്റെ മൊബയിലില്‍ റേഞ്ചും കിട്ടുന്നില്ല. തന്നെയുമല്ല റോമിങ്ങിലാണ് താനും.

ഞാന്‍ ചാനെല്‍ മാറ്റി. ഒരു പെണ്‍ കൊച്ചു വില്ല് പോലെ വളഞ്ഞു നിന്നു ഘോര ഘോരം സംസാരിക്കുന്നു. ഹിന്ദിയിലാണ് സംസാരം. ഞാന്‍ ശ്രദ്ധിച്ചു. അത് ശരി. അപ്പോള്‍ അതാണ്‌ കാര്യം അല്ലെ? പ്രിയ നേതാക്കളെ എന്തിനാണ് നിങ്ങള്‍ ഈ നാടകം കളിക്കുന്നത്? നിങ്ങള്‍ പരസ്പരം കുറ്റം പറഞ്ഞു കൊണ്ടിരുന്നപ്പോഴല്ലേ ലവന്മ്മാര്‍ പുറകിലൂടെ വന്നു പണി പറ്റിച്ചത്.? ജനത്തെ സംരക്ഷിക്കേണ്ട ചുമതല നിങ്ങള്‍ മറന്നില്ലേ? അവസാനം അതിന് എന്നെപ്പോലെയുള്ള വീര മണികള്‍ ഡല്‍ഹിയില്‍ നിന്നും വരേണ്ടി വന്നില്ലേ? ആ ജോലിയും ഭംഗിയായി തീര്‍ത്തിട്ടാണ് ഞാന്‍ വീര സ്വര്‍ഗത്തിലേക്ക് പോന്നത്.

ആയതിനാല്‍ എന്നെ ഇനിയെന്കിലും വെറുതെ വിടുക. ഞാനിവിടെ സമാധാനമായി കഴിഞ്ഞോട്ടെ. നിങള്‍ ക്ഷമ പറയുകയോ പറയാതിരിക്കുകയോ ചെതോളൂ. പക്ഷെ എന്റെയും എന്റെ നാട്ടിലെ ജനങ്ങളുടെയും ക്ഷമയെ പരീക്ഷിക്കരുത് ..പ്ലീസ്

Thursday, November 13, 2008

ട്വന്റി 20യും ഒരു സ്ത്രീ പീഡനവും

ട്വന്റി 20 എന്നൊരു സിനിമ തിരോന്തോരത്ത് രണ്ടു മൂന്നു കൊട്ടകകളില്‍ കളിക്കുന്നു എന്ന വിവരം വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുകയുണ്ടായി. മലയാളത്തിലെ സകല കലാ വല്ലഭന്മാരും വല്ലഭകളും അഭിനയിക്കുന്ന സിനിമ!മമ്മൂട്ടിയുടെ കലക്കന്‍ കോടതി ഡയലോഗും മോഹന്‍ലാലിന്റെ മീശ പിരിയും പിന്നെ മേമ്പൊടിയായി സുരേഷ് ഗോപിയുടെ ഷിറ്റും ചേര്‍ത്ത് ച്യവനപ്രാശത്തിന്റെ പ്രിസ്ക്രിപ്ഷന്‍ പോലെയാണ് ആ സിനിമയുടെ തിരക്കഥ! എല്ലാം കൂടി കേട്ടപ്പോള്‍ സിനിമ കണ്ടേ പറ്റൂ എന്നെനിക്കു തോന്നി. പക്ഷെ ഒറ്റയ്ക്ക് പോകാന്‍ ഒരു വിഷമം. കുരുക്ഷേത്ര കാണാന്‍ പോയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതുപോലെ വല്ല എടാകൂടത്തിലും പോയി ചാടിയാലോ എന്നൊരു ഭയം.

കൂട്ടുകാരനും തിരോന്തോരം നിവാസിയുമായ രാജേന്ദ്രന്‍ ചെട്ടിയാരോട് ഞാന്‍ കാര്യം പറഞ്ഞു. ചെലവ് മുഴുവന്‍ വഹിക്കാം എന്നുണ്ടെങ്കില്‍ എന്‍റെ കൂടെ സിനിമയ്ക്ക് വരാമെന്ന് ചെട്ടിയാര്‍ സമ്മതിച്ചു. അവസാനം ട്വന്റി ട്വെന്റിയുടെ ചെലവ് ഫിഫ്ടി ഫിഫ്ടി ആയി വീതിക്കാം എന്ന തീരുമാനത്തില്‍ ഞാനും ചെട്ടിയാരും ക്യാമ്പില്‍ നിന്നും പുറത്തു ചാടി തിരോന്തോരത്തെക്ക് വിട്ടു.

അവിടെ എത്തിയപ്പോള്‍ വലിയ ഒരു ക്യുവാണു ഞങള്‍ കണ്ടത്. ക്യുവില്‍ നിന്നു മടുത്തിട്ടാണെന്ന് തോന്നുന്നു ചിലര്‍ ടിക്കെട്ടു കൌണ്ടറിനു മുകളില്‍ നിര്‍മിച്ചിട്ടുള്ള കമ്പി വേലിയില്‍ കുരങ്ങന്മാരെപ്പോലെ നാലുകാലില്‍ തൂങ്ങി കിടക്കുന്നത് കാണാമായിരുന്നു.അതില്‍ ചിലര്‍ മുമ്പോട്ടു നീങ്ങാനുള്ള ബദ്ധപ്പാടില്‍ താഴെ നില്‍കുന്നവരുടെ ശരീര ഭാഗങ്ങളില്‍ ചവിട്ടുകയും ചവിട്ടു കൊള്ളുന്നവന്‍ ആ കാലിന്റെ ഉടമസ്ഥനെ അടുത്ത്‌ നില്‍ക്കുന്നവരുടെ സഹായത്തോടെ ക്യുവിന്റെ പുറകിലേക്ക്,പൊതുദര്‍ശനത്തിനു വയ്കാന്‍ കൊണ്ടുപോകുന്ന മൃതദേഹം എന്നപോലെ മാറ്റുന്നതും ഒക്കെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടുനിന്ന എന്നെ മൈണ്ട് ചെയ്യാതെ ചെട്ടിയാര്‍ നേരെ ക്യുവിന്റെ ഇടയിലേക്ക് നുഴഞ്ഞു കയറി.

ഉദ്ദേശം പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ രണ്ടു ബാല്‍ക്കണി ടിക്കെട്ടുമായി പ്രത്യക്ഷപ്പെട്ട ചെട്ടിയാര്‍, ഇവന്‍ ഇതെങ്ങനെ ഒപ്പിച്ചു എന്ന ഭാവത്തില്‍ നോക്കി നിന്ന എന്നെ "എന്തെരു‌ നോക്കണത് ? തള്ളെ നീ വാടെ " എന്ന ഡയലോഗും പറഞ്ഞു അകത്തേക്ക് നയിച്ചു.അകത്ത് കടന്നയുടന്‍ കണ്ട രണ്ടു സീറ്റുകളില്‍ ഞങള്‍ ആസനസ്ഥരായി.

അല്പം കഴിഞ്ഞപ്പോഴാണ് എന്‍റെ നേരെ ഇടതു ഭാഗത്തിരിക്കുന്നത് ഒരു സായിപ്പും മദാമ്മയുമാണ് എന്ന് മനസ്സിലായത്. മദാമ്മ എന്‍റെ അടുത്തുതന്നെയാണ് ഇരിക്കുന്നത്. മലയാളമറിയാത്ത ഇവര്‍ മലയാളം പടം കാണാന്‍ എന്തിന് കയറി എന്നെനിക്കു മനസ്സിലായില്ല.ഒരുപക്ഷെ ട്വന്റി ട്വന്റി എന്ന പേരുകണ്ട് ഇന്ഗ്ലിഷ് പടമാണെന്ന് തെറ്റിദ്ധരിച്ചു കയറിയതാണോ? എന്ത് കുന്തമെന്കിലുമാകട്ടെ അടുത്തിരികുന്നത് ഒരു ഒരു വിദേശ വനിതയല്ലേ അവരോട് സംസാരിച്ചു എന്‍റെ ഇന്ഗ്ലിഷ് പാണ്ടിത്യം വെളിപ്പെടുത്താം എന്ന് കരുതിയ ഞാന്‍ മദാമ്മയെ നോക്കി "ഹായ് ഹൌ ആര്‍ യു?" എന്നൊരു കാച്ചു കാച്ചി. അത് കേട്ട മദാമ്മ 'ഫൈന്‍' എന്ന് മൊഴിഞ്ഞതോടെ അടുത്ത ഇന്ഗ്ലിഷ് എന്ത് പറയണമെന്ന് ഞാന്‍ തലപുകഞ്ഞാലോചിച്ചു.

കൂടുതല്‍ ആലോചിക്കുന്നതിനു മുന്പ് തന്നെ സിനിമ തുടങ്ങി. ബസ് സ്റ്റാന്റില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ആള്‍ കൊതുക് കടിക്കുമ്പോള്‍ ഞെട്ടി എഴുനേറ്റു കൊതുകിനെ കൊല്ലാനായി സ്വശരീരത്തില്‍ ആഞ്ഞടിക്കുന്നത് പോലെ ഓരോ നടന്മാര്‍ വരുമ്പോഴും അവരുടെ ആരാധകര്‍ ചാടി എഴുനേറ്റു കയ്യടിക്കാനും വിസിലടിക്കാനും തുടങ്ങി.അത് കണ്ട സായിപ്പും മദാമ്മയും വലുത് ചെറുത്‌ നോക്കാതെ എല്ലാവരെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

സംഘട്ടന രംഗങ്ങള്‍ വരുമ്പോള്‍ ഞാനറിയാതെ തന്നെ എന്‍റെ കയ്യും കാലുമൊക്കെ ഉയര്ന്നു പോകാറുണ്ട്. നായകന്‍ വില്ലനെ ഇടിച്ചു ചമ്മന്തിയാക്കുമ്പോള്‍ ഞാന്‍ എന്‍റെ വകയായി ഒരിടിയോ തൊഴിയോ ഒക്കെ ഫ്രീയായി വില്ലന് കൊടുക്കും.മിക്കപ്പോഴും അത് അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്‌ മുന്‍പിലോ വശങ്ങളിലോ ഇരിക്കുന്നവര്‍ക്കയിരിക്കും. പക്ഷെ ഈ സിനിമയില്‍ മമ്മൂട്ടി മോഹലാലിനെ ഇടിക്കുമ്പോഴും മോഹന്‍ലാല്‍ തിരിച്ചു മമ്മൂട്ടിയെ ഇടിക്കുമ്പോഴും എന്‍റെ ഇടി ആര്‍ക്കു കൊടുക്കും എന്നറിയാതെ ഞാന്‍ ബുദ്ധിമുട്ടി.രണ്ടുപേരും പട്ടാള സിനിമകളില്‍ അഭിനയിച്ചു ഞങളുടെ മാനം കാത്തവരാണ്. എന്നാലും ആവേശം മൂത്ത് ഞാനറിയാതെ എന്റെ കയ്യും കാലുമൊക്കെ ഇടക്കൊക്കെ ഉയര്ന്നു പോയി.

ഇന്റര്‍വെല്‍ കഴിഞു. കഥ ക്ലൈമാക്സിനോട് അടുക്കുകയാണ്. ഇതിനിടയില്‍ മദാമ്മ സായിപ്പിനോട്‌ എന്തോ പറയുന്നതും സായിപ്പ് ഉടനെ എഴുനേറ്റു പുറത്തേക്ക് പോകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ സീറ്റിനിടയിലൂടെ വന്നിട്ട് എന്റെ തോളില്‍ തട്ടി. വേഷം കണ്ടിട്ട് പോലീസുകാരന്‍ ആണെന്ന് മനസ്സിലായി. അയാള്‍ എന്നോടും ചെട്ടിയാരോടും പുറത്തേക്ക് വരാന്‍ പറഞ്ഞു.ഒരു പോലീസ്സുകാരന്‍ വന്നു വിളിക്കുമ്പോള്‍ പട്ടാളക്കാരനായ ഞങള്‍ പോകാതിരിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി ഞാനും ചെട്ടിയാരും എന്താണ് കാര്യമെന്നറിയാന്‍ പുറത്തേക്ക് ചെന്നു.പോകുന്ന പോക്കില്‍ സായിപ്പ് വാതിലിനടുത്ത് നില്ക്കുന്നത് ഞങള്‍ കാണുകയുണ്ടായി.

അയാള്‍ ഞങ്ങളെ പുറത്തു കിടക്കുന്ന പോലീസ് ജീപ്പിനടുത്തെക്ക് കൊണ്ടുപോയി. ക്യാമ്പില്‍ നിന്നും പുറത്തു ചാടിയ വിവരം എങ്ങാനും ഫ്ലാഷ് ആയോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷെ അതിനുള്ള ചാന്‍സ് കുറവാണ്. പിന്നെ എന്താണ് കാരണം?ചില പട്ടാളക്കാര്‍ തീവ്രവാദ ബന്ധമുള്ളവരാണ് എന്നും മറ്റുമുള്ള ന്യൂസ് കേട്ടിരുന്നു.ഇനി ഞാനും ചെട്ടിയാരും അങ്ങനെയുള്ളവരാണോ എന്ന് സംശയിച്ചാണോ ഇവര്‍ വന്നിരിക്കുന്നത്? ഉഗ്രവാദികളെ ഫോട്ടോയില്‍ കണ്ടിട്ടുള്ളതല്ലാതെ നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത ഞാന്‍ പോലീസ് ജീപ്പില്‍ സകലവിധ പ്രതാപത്തോടെ വിരാജിക്കുന്ന എസ് ഐ ഏമാന്റെ മുന്‍പിലെത്തി അറ്റെന്‍ഷനായി.

ഞങളെ കണ്ടതും "ഭ ....സിനിമ കാണാന്‍ വന്നിട്ട് സ്ത്രീപീഡനം നടത്തുന്നോടാ ****മോനേ" എന്നലറിക്കൊണ്ട് എന്റെയും ചെട്ടിയാരുടെയും പാന്റിന്റെ സ്വിബ്ബ് കൂട്ടി ഒറ്റ പിടുത്തം! അപ്രതീക്ഷിതമായ ആ അലര്‍ച്ചയും പിടുത്തവും കൂടെ പീഡനം എന്ന വാക്കും കൂടി കേട്ടതോടെ ഉണ്ടായിരുന്ന ധൈര്യം ദ്രാവക രൂപത്തില്‍ പുറത്തേക്ക് പോയ വിവരം ഞാനറിഞ്ഞില്ല എങ്കിലും എസ് ഐ ഏമാന്‍ മണത്തറിഞ്ഞു. അതോടെ പിടുത്തം പഴയ സ്ഥലത്ത് നിന്നും കഴുത്തിലേക്കു ഷിഫ്റ്റ് ചെയ്തിട്ട് രണ്ടു മൂന്ന് മലയാള വാക്കുകള്‍ വൃത്തിയായി ഉച്ചരിച്ചു.

കേസ് പീഡനമാണ് . പക്ഷെ ആരെ,എപ്പോള്‍, എവിടെവച്ച്‌ എങ്ങനെ പീഡിപ്പിച്ചു എന്ന കാര്യം മാത്രം ഈ കാലമാടന്മാര്‍ പറയുന്നില്ല. മട്ട് കണ്ടിട്ട് ഒരു പുരുഷ പീഡനം ഉടനെ നടക്കുമെന്നുള്ള കാര്യം ഉറപ്പായി. അതിന് മുന്പ് ഞങള്‍ പീഡനക്കാരല്ല പട്ടാളക്കാരാണ് ,സിനിമ കാണാന്‍ രണ്ടു മണിക്കൂര്‍ മുന്പ് ക്യാമ്പില്‍ നിന്നും പോന്നതാണ്,ഈ രണ്ട് മണിക്കൂറിനുള്ളില്‍ പീഡിപ്പിക്കാനുള്ള ചാന്‍സ് ഒന്നുംതന്നെ കിട്ടിയിട്ടില്ല എന്ന് ഞാനും ചെട്ടിയാരും ആണയിട്ടു പറഞ്ഞു. പട്ടാളക്കാരാണ് എന്ന് കേട്ടതോടെ എസ് ഐ പിടുത്തം വിട്ടു.അതുവരെ ചദ്രയാന്‍ പേടകം പോലെ ഭൂമിയിലുമല്ല ചന്ദ്രനിലുമല്ല എന്ന രീതിയില്‍ നിന്ന ഞാനും ചെട്ടിയാരും തിരിച്ചു ഭൂമിയില്‍ ലാണ്ട് ചെയ്തു.

അപ്പോള്‍ പിന്നെ ആരാടാ വിദേശ വനിതയെ പീഡിപ്പിച്ചത് എന്നായി പോലീസുകാര്‍. എന്റെ അടുത്തിരുന്ന സായിപ്പും കൂടെയുള്ള മദാമ്മയുമാണ് ഈ പീഡന കഥയുടെ നിര്‍മാതാവ് എന്ന സത്യം എനിക്ക് മനസ്സിലായി. സിനിമ കണ്ടു കൊണ്ടിരുന്ന മദാമ്മയുടെ ഏതോ മൃദുല ഭാഗത്ത് ഞാന്‍ ശക്തിയായി പീഡിപ്പിച്ചു എന്നാണ് സായിപ്പിന്‍റെ പരാതിയെന്ന് ഒരു പോലീസ്സുകാരന്‍ പറയുകയുണ്ടായി. അത് കേട്ടതോടെ പീഡനം നടന്നിട്ടുണ്ട് എന്ന് എനിക്കും ബോധ്യമായി. സിനിമയില്‍ സംഘട്ടന രംഗങ്ങള്‍ നടക്കുമ്പോള്‍ ആവേശം മൂത്ത് കയ്യും കാലുമൊക്കെ അനക്കിപോകുന്ന എന്റെ ഒരു താഡനം മദാമ്മയുടെ മൃദുല ഭാഗത്ത് പതിഞ്ഞതായി ഞാന്‍ ഓര്‍ത്തു‌. പക്ഷെ അത് പറഞ്ഞാല്‍ പട്ടാളക്കാരന്‍ എന്ന പരിഗണയില്‍ തടിയൂരി പോകാനുള്ള അവസരം കൂടി ഇല്ലാതാകും എന്നതിനാല്‍ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന ഭാവത്തില്‍ നിശബ്ദനായി നിന്നു.

ട്വന്റി ട്വെന്റിയും ചെട്ടിയാരുടെ ഫിഫ്ടി ഫിഫ്ടിയും കൂടെ പോലീസ്സുകാര്‍ക്കുള്ള ഹന്ന്‍ട്രെഡ് ഹന്ന്‍ട്രെഡ് കൂടി ചേര്‍ത്തപ്പോള്‍ 'ടോട്ടല്‍ ഫോര്‍ യു' ഇസ് ഫൈവ് ഹന്ന്‍ട്രെഡ് എന്ന ബില്ല് കിട്ടിയ ഞാന്‍ ഈ മാസത്തെ ശമ്പളം കിട്ടാന്‍ ഇനി എത്ര ദിവസം ബാക്കിയുണ്ട് എന്നുകൂടി ആലോചിച്ചുപോയി.