Monday, April 12, 2010

ഓപ്പറേഷന്‍ തവളക്കാല്‍

പോളിറ്റ് ബ്യൂറോയുടെ നിരീക്ഷണത്തില്‍ അകപ്പെട്ട അച്ചുമാമന്റെ അവസ്ഥയിലാണ് ഞാനിപ്പോള്‍...!

കാരണം എന്താണെന്ന് ചോദിച്ചാല്‍, എന്റെ വീട്ടിലും ഒരു പോളിറ്റ്ബ്യൂറോ രൂപം കൊണ്ടിരിക്കുന്നു....!!

ഭാര്യയാണ് ഈ പോളിറ്റ് ബ്യൂറോയുടെ ചീഫ്. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു ഫലം കാത്തു കഴിയുന്ന മകനും അഞ്ചാംക്ലാസ് വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മകളുമാണ് ബ്യൂറോയിലെ മറ്റു "മുതിര്‍ന്ന" അംഗങ്ങള്‍. !!!

തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നെ ശാസിക്കലാണ് ഈ മൂന്നംഗ പോളിറ്റ് ബ്യൂറോയുടെ സ്ഥിരം പരിപാടി. പോരാത്തതിന് ഒരു പെരുമാറ്റച്ചട്ടവും ഈ പോളിറ്റ് ബ്യൂറോ എനിക്ക് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചകളില്‍ സ്ഥിരമായുള്ള മദ്യപാനം നിറുത്തുക, അയല്‍ക്കാരെ വിളിച്ചിരുത്തി പട്ടാളക്കഥകള്‍ പറഞ്ഞു ബോറടിപ്പിക്കുകതിരിക്കുക, അയല്‍ക്കാരെ കിട്ടാത്തപ്പോള്‍ ഭാര്യയേയും മക്കളെയും വാചകമടിച്ചു ശല്യപ്പെടുത്താതിരിക്കുക, പ്രാതല്‍, ഉച്ചഭക്ഷണം അത്താഴം എന്നിവ കൃത്യ സമയത്ത് തന്നെ വേണം എന്ന് വാശി പിടിക്കാതിരിക്കുക, ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിച്ചു പേടിപ്പിക്കാതിരിക്കുക എന്നിവയൊക്കെയാണ് മേല്‍പ്പടി ബ്യൂറോ എനിക്ക് തന്നിരിക്കുന്ന പെരുമാറ്റച്ചട്ടത്തിലെ മുഖ്യ നിബന്ധനകള്‍.

ഇവ കൂടാതെ പൊടിക്കുപ്പിയുടെ വലിപ്പം പോലുമില്ലാത്ത മകളുടെ വകയായി ഒരു നിബന്ധന വേറെയും ഇഷ്യൂ ചെയ്തിട്ടുണ്ട്.

"ടി വിയുടെ റിമോട്ട് അനധികൃതമായി കൈവശപ്പെടുത്തി ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാതിരിക്കുക" എന്നതാണ് അവളുടെ നിബന്ധന.

അങ്ങനെ പോളിറ്റ് ബ്യൂറോയുടെ ശാസന ഭയന്ന്, "നില്‍ക്കണോ അതോ പോണോ" എന്ന കണ്ടീഷനില്‍ ഭരണം നടത്തുന്ന അച്ചുമാമാനെപ്പോലെ ഞാന്‍ കഴിയുമ്പോഴാണ് ഈ കഥയ്ക്ക്‌ ആസ്പദമായ സംഭവം നടക്കുന്നത്.

"പ്രാതല്‍, ഉച്ചഭക്ഷണം അത്താഴം എന്നിവ കൃത്യ സമയത്ത് തന്നെ വേണം എന്ന് വാശി പിടിക്കാതിരിക്കുക" എന്ന പെരുമാറ്റച്ചട്ടത്തിലെ നാലാമത്തെ നിബന്ധന അക്ഷരം പടി പാലിച്ചുകൊണ്ട്‌, രണ്ടു മണിയായിട്ടും കിട്ടാത്ത ഉച്ചഭക്ഷണത്തിനു വേണ്ടി ഞാന്‍ വയറും തിരുമ്മി കാത്തിരിക്കുമ്പോഴാണ് അടുക്കളയില്‍ എന്തോ വെളിച്ചെണ്ണയില്‍ വറുക്കുന്ന ഒരു സുഗന്ധം എന്റെ മൂക്കിനെ തഴുകിയത്.

മണം പിടിക്കുന്ന പോലീസ് നായയെപ്പോലെ ഞാന്‍ അടുക്കള വാതിലില്‍ വരെ പോയി അകത്തേയ്ക്ക് ഒളിഞ്ഞു നോക്കി. ഭാര്യ ഫ്രയിംഗ് പാനില്‍ നിന്നും എന്തോ വറുത്തു കോരുന്നു. ഹൃദ്യമായ ആ മണം ഞാന്‍ ആവോളം ഉള്ളിലേയ്ക്ക് വലിച്ചു കയറ്റി. എന്നിട്ട് തിരിച്ചു വന്നു യഥാസ്ഥാനത്തു ഇരുന്നിട്ട് ഊണിനു വിളിക്കാനായി ഭാര്യ പ്രത്യക്ഷപ്പെടുന്നതും നോക്കി ക്ഷമയോടെ കാത്തിരുന്നു...

ഏതായാലും അധികം കഴിയുന്നതിനു മുന്‍പ് സുഗന്ധ പൂരിതമായ ആ വിഭവവുമായി ഭാര്യ എന്റെ മുന്നിലെത്തി....വെളുത്ത പ്ലേറ്റില്‍ കടും ചുവപ്പ് നിറത്തിലുള്ള രണ്ടു ചെറിയ ഇറച്ചി കഷണങ്ങള്‍!. കല്യാണ പെണ്ണിന്റെ തലയില്‍ മുല്ലപ്പൂ ചൂടിക്കുന്നത് പോലെ ആ ഇറച്ചി കഷണങ്ങളുടെ ചുറ്റും സവാള കൊണ്ടു ഒരു ഡെക്കറേഷനും ചെയ്തു വച്ചിട്ടുണ്ട്.

" എന്താ ഇത് ? കാടയിറച്ചിയോ" ഞാന്‍ ഭാര്യയോടു ചോദിച്ചു..

"അയ്യോ പപ്പാ... ഇത് കാടയും കൂടയുമൊന്നുമല്ല. ഇതാണ് "ഫ്രോഗ്സ് ലെഗ്" ഭാര്യയോടുള്ള എന്റെ ചോദ്യത്തിന് ഉത്തരം തന്നത് മകളാണ്.

"ഫ്രോഗ്സ് ലെഗ്ഗോ" അതെന്തു സാധനം? ഞാന്‍ കണ്ണു മിഴിച്ചു.

" അയ്യോ ഫ്രോഗ്സ് ലെഗ് എന്ന് പറഞ്ഞാല്‍ ലെഗ്ഗ് ഓഫ് ഫ്രോഗ്. അതായത് തവളയുടെ കാല് ...ഈ പപ്പയുടെ ഒരു കാര്യം"


ആഹാ ...അതു ശരി...അപ്പോള്‍ ഇതാണല്ലേ പോഷക സമ്പുഷ്ടവും രുചികരവുമായ "തവളക്കാല്‍" എന്ന ഫൈവ് സ്റ്റാര്‍ വിഭവം? ജിംനേഷ്യത്തില്‍ നിന്നും ഇറങ്ങി വരുന്നവരെപ്പോലെ മസ്സില് പിടിച്ച് പാട വരമ്പുകളില്‍ കുത്തിയിരുന്നു പേക്രോം പേക്രോം എന്ന് കരയുന്ന തവളകള്‍ ഇഷ്ടം പോലെയുള്ള ആലപ്പുഴയിലെ സ്ഥിര താമസക്കാരനായ എനിക്ക്, തവളക്കാല്‍ എന്ന വിശിഷ്ടമായ ഭോജ്യം കഴിക്കാന്‍ പോയിട്ട് ഉപ്പു നോക്കാന്‍ പോലും കിട്ടിയിട്ടില്ലല്ലോ എന്ന് ഞാന്‍ കുന്ടിതപ്പെട്ടിട്ടുണ്ട്. വീടിനു പുറകിലുള്ള പാടത്തും അടുത്ത വീട്ടുകാരുടെ പറമ്പിലുള്ള കുളത്തിലും മഴ പെയ്തു കഴിയുമ്പോള്‍ ചാടി നടക്കുന്ന പച്ചത്തവളകളുടെ മാംസളമായ കാലുകള്‍ കണ്ടു ഞാന്‍ പലപ്പോഴും നെടുവീര്‍പ്പിട്ടിട്ടുമുണ്ട്. "ഈ കാലുകളൊക്കെ വല്ല സായിപ്പന്മാരും കൊണ്ടുപോയി കഴിക്കുമല്ലോഡാ തവളക്കുട്ടാ" എന്ന ആത്മഗതത്തോടെയാണ് ഈ നെടുവീര്‍പ്പ് പുറത്തു പോകുന്നത്.

"ഇതെവിടുന്നു കിട്ടി? നിനക്ക് തവള പിടുത്തവും അറിയാമോ? ഞാന്‍ ആശ്ചര്യത്തോടെ ഭാര്യയോടു ചോദിച്ചു.

"ഞാന്‍ പിടിച്ചതല്ല. അപ്പുറത്തെ മണിയമ്മയുടെ മകന്‍ രാഹുല്‍, അവരുടെ വീടിനു പുറകിലുള്ള പാടത്തു നിന്ന് പിടിച്ചതാ....

'ഓഹോ' ..

"രഘു മാമനു വറുത്തു കൊടുക്ക്‌ ആന്റീ" എന്ന് പറഞ്ഞു അവന്‍ കൊണ്ടുവന്നു തന്നതാ." ഭാര്യ പറഞ്ഞു.

"ഹോ.. എന്ത് സ്നേഹമുള്ള കൊച്ചന്‍! ഏതെങ്കിലും സായിപ്പിന്റെ വയറ്റില്‍ പോകേണ്ട തവളയല്ലേ ഇത്? രാത്രിയില്‍ പെട്രോമാക്സുമായി പോയി പിടിച്ചു തൊലി പൊളിച്ചു റെഡിയാക്കി മസാലയും തിരുമ്മി കൊണ്ടു വന്നു തന്നില്ലേ? വളരെക്കാലമായി മനസ്സില്‍ കൊണ്ട് നടന്ന "തവളയെ തിന്നണം" എന്ന ആഗ്രഹം സാധിച്ചു തന്ന രാഹുലിന് ഞാന്‍ മനസ്സില്‍ നന്ദി പറഞ്ഞു.

കൂടുതല്‍ താമസിച്ചാല്‍ ഒരു പക്ഷെ എന്റെ ഇടതും വലതും ഇരിക്കുന്ന പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അവര്‍ക്ക് കിട്ടിയ കാലുകള്‍ ശാപ്പിട്ടിട്ടു എന്റെ തവളക്കാലില്‍ നോട്ടമിടുമോ എന്ന് ഭയന്ന ഞാന്‍ ഒട്ടും സമയം കളയാതെ വിശിഷ്ടമായ ആ ഭോജ്യത്തെ ആഹരിച്ചിട്ടു നീട്ടി ഏമ്പക്കം വിട്ടു.

സന്ധ്യ കഴിഞ്ഞപ്പോള്‍ പെയ്ത ശക്തമായ വേനല്‍ മഴയില്‍ മുറ്റത്തേയ്ക്ക് മറിഞ്ഞു വീണ വാഴയെ പൊക്കി നേരെ നിര്‍ത്തുവാനായി പുറത്തിറങ്ങിയ ഞാന്‍ വീടിന്റെ നേരെ പുറകിലുള്ള പാടത്തു നിന്നും മാക്രികളുടെ കോറസ്സായുള്ള കരച്ചില്‍ കേട്ടു. ഉച്ചക്ക് കഴിച്ച തവളക്കാലിന്റെ രുചി നാക്കിന്റെ തുമ്പത്തു നിന്നും പോകാത്തതിനാല്‍ എന്റെ മനസ്സില്‍ പെട്ടന്നൊരു പദ്ധതി രൂപം കൊണ്ടു.. ആ പദ്ധതിക്ക് ഉടന്‍തന്നെ ഞാന്‍ ഒരു മിലിട്ടറി പേരുമിട്ടു.

"ഓപ്പറേഷന്‍ തവളക്കാല്‍"

പോളിറ്റ് ബ്യൂറോയുടെ അനുമതി ഇല്ലാതെ യാതൊരു വിധ പദ്ധതികളും നടത്താന്‍ പാടില്ല എന്നുള്ളത് കൊണ്ടു ഞാന്‍ പുതിയ പദ്ധതിയെപ്പറ്റി ബ്യൂറോയുമായി ചര്‍ച്ച ചെയ്തു. മെമ്പര്‍മാരായ മകനും മകളും പദ്ധതി കൊള്ളാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും ബ്യൂറോ ചീഫ് ആയ ഭാര്യ അനുകൂലിച്ചില്ല. കാരണം അവള്‍ തവളക്കാല്‍ കഴിക്കില്ല.

ഒടുവില്‍ "ഓപ്പറേഷന്‍ തവളക്കാലില്‍" നിന്നും ചീഫിനെ ഒഴിവാക്കി. മൂന്ന് ബാറ്ററിയുടെ എവറെഡി ടോര്‍ച്ച്, തവളയെ പിടിച്ചു സൂക്ഷിക്കാനുള്ള പാത്രം എന്നീ സന്നാഹങ്ങളോടെ എന്റെ നേതൃത്തിലുള്ള ദൌത്യ സംഘം പാട വരമ്പിലേയ്ക്ക് മാര്‍ച്ച് ചെയ്തു. ദൌത്യ സംഘത്തിന്റെ "ഓപ്പറേഷണല്‍ ഹെഡ്" ആയ ഞാന്‍ തവളയെ പിടിക്കുന്ന വിധം ദൌത്യ സംഘത്തിനു വിവരിച്ചു കൊടുത്തു.

മൂന്ന് ബാറ്ററിയുടെ ടോര്‍ച്ച് മകളെ ഏല്‍പ്പിച്ചു. തവളയെ കണ്ടാല്‍ അതിന്റെ നേരെ തന്നെ ടോര്‍ച്ച് തെളിച്ചു നിര്‍ത്തണമെന്ന് അവളെ ശട്ടം കെട്ടി. തവളയെ സൂക്ഷിക്കാനുള്ള പാത്രം മകനെ ഏല്പിച്ചു. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കണ്ണു മഞ്ചിപ്പോകുന്ന തവളയെ ഞാന്‍ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോള്‍ അവ വീണ്ടും ചാടിപ്പോകാതിര്‍ക്കാനുള്ള ചുമതല അവനാണ്.

അങ്ങനെ ദൌത്യ സംഘം പാട വരമ്പിലൂടെ നടക്കുമ്പോഴാണ് കണ്‍ കുളിരുന്ന ആ കാഴ്ച കണ്ടത്.

ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ വരമ്പില്‍ തന്നെ കുത്തിയിരിക്കുകയാണ് ഒരു തവള !!

പച്ച നിറമുള്ള മിനുത്ത തടിച്ച ദേഹം...

നല്ല എമണ്ടന്‍ കാലുകള്‍...

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ അന്തം വിട്ടിരിക്കുകയാണ് ആ ഹത ഭാഗ്യന്‍...

ഞാന്‍ ലൈറ്റ് തവളയുടെ നേരെ തന്നെ തെളിച്ചു പിടിക്കാന്‍ മകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. എന്നിട്ട് മുണ്ട് മടക്കി ഉടുത്തു...തോര്‍ത്തു തലയില്‍ കെട്ടി... കളരിപ്പയറ്റുകാരെപ്പോലെ ഒരു കാല്‍ ഉയര്‍ത്തി ഒരു പൊസിഷന്‍ !!

പിന്നെ വരമ്പില്‍ ഇരിക്കുന്ന തവളയെ ലക്ഷ്യമാക്കി ഒരു കുതിക്കല്‍....അല്ല പറക്കല്‍...!!

ഒരു നിമിഷം.....

ലൈറ്റണഞ്ഞു...ഒപ്പം പാടത്തെ ചെളിയില്‍ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം..കൂടെ മാക്രിയുടേതിനു സാമ്യമുള്ള ഒരു കരച്ചില്‍.. .!!

പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു...

ചെളിയില്‍ പൂണ്ടു കിടക്കുകയാണ് ഒരു എമണ്ടന്‍ തവള!!!

തവളയെപ്പോലെ ചെളിയില്‍ പൂണ്ടു കിടക്കുന്ന ഓപ്പറേഷണല്‍ ഹെഡിനെ കണ്ടു ദൌത്യ സംഘത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അന്തം വിട്ടു നിന്നു...

മൂന്നാറില്‍ കുടി ഒഴിപ്പിക്കാന്‍ പോയ അച്ചു മാമനെപ്പോലെ .!!!

Friday, March 26, 2010

നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും

എന്റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടം" ആയ "ഹീറോ ഹോണ്ടാ സി. ഡി. ഡോണി" നോട് നാട്ടുകാരായ കുമാരപുരം നിവാസികള്‍ക്ക് നല്ല ബഹുമാനമാണ്.


അതും ഓടിച്ചു കൊണ്ട് ഞാന്‍ വരുന്നത് ദൂരെനിന്നു കാണുന്നവര്‍ ഉടന്‍ തന്നെ വഴിയില്‍ നിന്നും അല്പം മാറി ഒതുങ്ങി ഭവ്യതയോടെ നില്‍ക്കും. എതിരെ വരുന്ന സൈക്കിള്‍ യാത്രക്കാര്‍ സൈക്കിളില്‍ നിന്നും ഇറങ്ങിയ ശേഷം തന്റെ സൈക്കിള്‍ വഴിയുടെ അരികില്‍ സ്റ്റാന്‍ഡില്‍ വച്ചിട്ടു അടുത്തുള്ള ഏതെങ്കിലും കടയുടെ അല്ലെങ്കില്‍ വീടിന്റെ വരാന്തയില്‍ കയറി നില്‍ക്കും!.


ഫോര്‍ വീലറുകള്‍ വളരെ വിരളമായി മാത്രം വരുന്ന വഴിയാണ് ഞങ്ങളുടേത്. അഥവാ കുമാരപുരത്തുകാരനായ ഏതെങ്കിലും ഫോര്‍ വീലറുകാരന്‍ അബദ്ധത്തില്‍ എതിരെ വന്നു പോയാല്‍ ഞാന്‍ വരുന്നത് കണ്ടാലുടന്‍ അദ്ദേഹം വണ്ടി സൈഡില്‍ ഒതുക്കി നിര്‍ത്തും. പിന്നെ ഞാന്‍ കടന്നു പോയതിനു ശേഷം മാത്രമേ വണ്ടി എടുക്കൂ..!!


നോക്കണേ ഒരു പട്ടാളക്കാരനോടുള്ള ബഹുമാനം. !!!


ഈ ബഹുമാനം എനിക്ക് കിട്ടാന്‍ കാരണക്കാരന്‍ എന്റെ ഹീറോ ഹോണ്ടാ സി. ഡി.ഡോണ്‍ തന്നെയാണ്. ആ കഥ കേള്‍ക്കുമ്പോള്‍ മാന്യ വായനക്കാരായ നിങ്ങള്‍ക്കും തീര്‍ച്ചയായും എന്റെ സി ഡി ഡോണിനോട് ബഹുമാനം തോന്നും. . ഇനി കഥ കേള്‍ക്കൂ..


പട്ടാളത്തില്‍ നിന്നും വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ഉപയോഗിച്ച് കൊണ്ടിരുന്നത് ഒരു പഴയ ബി എസ് എ സൈക്കിള്‍ ആണ്. സൈക്കിള്‍ ചവിട്ടുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നും ദിവസവും സൈക്കിള്‍ ചവിട്ടിയാല്‍ പിന്നെ പ്രത്യേകിച്ച് എക്സര്‍സൈസുകള്‍ ഒന്നും ആവശ്യമില്ല എന്നും എന്റെ സുഹൃത്തും അഭ്യുദയാകാംഷിയുമായ അഡ്വക്കേറ്റ് പണിക്കര്‍ സാറാണ് എന്നെ ഉപദേശിച്ചത്.


അങ്ങനെ ദിവസേന എക്സര്‍ സൈസ് ചെയ്യുന്നതിന് പകരമായി ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.കൊച്ചു വെളുപ്പാം കാലത്ത് എഴുനേറ്റ് സൈക്കിളുമെടുത്തു പുറപ്പെടുന്ന ഞാന്‍ കുമാരപുരം, ഡാണാപ്പടി, ഹരിപ്പാട് വഴി തിരിച്ചു വീട്ടിലെത്തുമ്പോള്‍ മണി എട്ടു കഴിയും. പക്ഷെ എന്റെ ഈ സൈക്കിള്‍ യജ്ഞ കലാപരിപാടികള്‍ ഭാര്യക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. റിട്ടയര്‍ ആയ ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ബെല്ലും ബ്രേക്കും ഇല്ലാത്ത സൈക്കിളില്‍ ഉലകം ചുറ്റുന്നതില്‍ അവള്‍ പ്രതിഷേധം അറിയിക്കുകയും അത് നിഷ്ഫലമായപ്പോള്‍ നിരാഹാരം, നിസ്സഹകരണം മുതലായ ഗാന്ധിയന്‍ സമര മുറകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ഞാന്‍ "എന്നാല്‍ പിന്നെ ഒരു ബൈക്ക് വാങ്ങിക്കളയാം" എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തു.


"ഹും പട്ടാളത്തില്‍ നിന്നും റിട്ടയര്‍ ചെയ്തവരൊക്കെ കാറ് വാങ്ങുമ്പോള്‍ അങ്ങേരുടെ ഒരു ബൈക്ക്..അതിന്റെ പുറകില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ എനിക്ക് വയ്യ."


മുഖ്യ മന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ ഭാര്യ എന്നെ അവജ്ഞയോടെ നോക്കി. "കാറ് എങ്ങിനേയും വാങ്ങാം പക്ഷെ അതിലൊഴിക്കാന്‍ പെട്രോള്‍ നിന്റെ അച്ഛന്‍ വാങ്ങിത്തരുമോ" എന്ന എന്റെ മര്‍മ്മ പ്രധാനമായ ചോദ്യം കേട്ടതോടെ അവള്‍ ഞെട്ടി. ഒടുവില്‍ "ബ്രേക്കില്ലാത്ത സൈക്കിളില്‍ നിന്ന് വീണു കാല് ഓടിയുന്നതിനേക്കാള്‍ അന്തസ്സ് ഒരു ബൈക്കില്‍ നിന്ന് വീണു നടുവ് ഒടിയുന്നതല്ലേ" എന്ന ആത്മഗതത്തോടെ അവള്‍ തണ്ണിമത്തന്‍ ജൂസ് കുടിച്ചു കൊണ്ട് നിരാഹാരം അവസാനിപ്പിച്ചു.


ബൈക്ക് വാങ്ങുന്നത്തിനുള്ള ആദ്യ പടിയായി ഭാര്യ അടുത്തുള്ള ജ്യോതിഷിയുടെ അടുത്തു പോയി വണ്ടിയെടുക്കാനുള്ള ദിവസവും സമയവും നോക്കിച്ചു. മൂലം നക്ഷത്രത്തില്‍ ഭൂജാതനായ എനിക്ക് ഭാവിയില്‍ മൂലക്കുരുവിന്റെ അസ്കിത ഉണ്ടാകാന്‍ സാധ്യത കാണുന്നുണ്ടെന്നും ഇപ്പോള്‍ ശുക്ര ദശയായാതിനാല്‍ വാഹനം വാങ്ങുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വണ്ടി എടുക്കുന്നതിനു മുന്‍പായി അടുത്ത ക്ഷേത്രത്തില്‍ പോയി എന്റെ പേരില്‍ പൂജയും മറ്റു വഴിപാടുകളും കഴിക്കാന്‍ ഭാര്യ മറന്നില്ല.


ജ്യോതിഷി നിര്‍ദ്ദേശിച്ച സമയത്ത് തന്നെ ഞാനും ഭാര്യയും ഓട്ടോ പിടിച്ചു ഹീറോ ഹോണ്ടയുടെ ഷോ റൂമില്‍ എത്തിച്ചേര്‍ന്നു. പല തരത്തിലും നിറത്തിലുമുള്ള ബൈക്കുകളെ ഭാര്യ താത്പര്യത്തോടെ നിരീക്ഷിച്ചു തുടങ്ങി. സെയില്‍സ് മാന്‍ അവളുടെ ഒപ്പം നടന്നു ഓരോ ബൈക്കിന്‍റെയും ഗുണ ഗണങ്ങള്‍ അവളെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. അവള്‍ ഓരോ ബൈക്കിന്റെ അടുത്തേയ്ക്ക് പോകുമ്പോഴും ഞാന്‍ കയ്യും കലാശവും കാണിച്ച് അയാള്‍ പറയുന്നതൊക്കെ വെറും പൊളിയാണെന്നും ഈ പറയുന്ന ഗുണങ്ങളൊന്നും ആ ബൈക്കിന് ഇല്ലെന്നുമുള്ള വിവരം അവളെ ധരിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കോളേജു കുമാരന്മാര്‍ ഓടിക്കാറുള്ള കാണ്ടാമൃഗത്തിന്റെ ആകൃതിയും ഏതാണ്ട് അതേ നിറവുമുള്ള ഒരു ബൈക്കിന്റെ അടുത്തു അവള്‍ നിലയുറപ്പിച്ചതോടെ ഞാന്‍ എന്റെ പോക്കറ്റില്‍ കിടക്കുന്ന പൈസയും ആ ബൈക്കിന്റെ വിലയുമായി ഒന്ന് തട്ടിച്ചു നോക്കി.


ദൈവമേ... അമ്പതിനായിരം രൂപ കൂടി വേണം ആ ബൈക്ക് വാങ്ങാന്‍.... ഞാന്‍ ഞെട്ടി...


ഒടുവില്‍ ബൈക്കിന്റെ സ്റ്റൈല്‍ അല്ല, കാര്യക്ഷമതയും മൈലേജുമാണ് നോക്കേണ്ടത് എന്നും ബൈക്കുകളില്‍ രാജാവ് "ഹീറോ ഹോണ്ടാ സി. ഡി. ഡോണ്‍" ആണെന്നും അതിനെ വെല്ലാന്‍ ഇവിടിരിക്കുന്ന ഒരു കാണ്ടാമൃഗ ബൈക്കുകള്‍ക്കും സാധിക്കില്ലെന്നും സെയില്‍സ് മാന്‍ കേള്‍ക്കാതെ ഭാര്യയുടെ ചെവിയില്‍ ‌ഞാന്‍ മന്ത്രിച്ചു. അത് കേട്ട ഭാര്യ കാണ്ടാമൃഗ ബൈക്കുകളെ വിഷമത്തോടെ ഒന്ന് കൂടെ നോക്കിയിട്ട് സി. ഡി. ഡോണ്‍ വാങ്ങാന്‍ സമ്മതം മൂളി.


ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ബൈക്കിന്റെ താക്കോലും മറ്റു പേപ്പറുകളും ഷോറൂമിലെ പെണ്‍കുട്ടിയില്‍ നിന്നും ഞാന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ ഏറ്റു വാങ്ങി. പിന്നെ ബൈക്കിനെ തൊട്ടു നെറുകയില്‍ വച്ച് ഈശ്വരന്മാരെ ധ്യാനിച്ച്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട് ഭാര്യയെ പുറകില്‍ ഇരിക്കാനായി ക്ഷണിച്ചു.


അങ്ങനെ ബൈക്കുകളുടെ രാജാവായ സി. ഡി. ഡോണിന്റെ മുകളില്‍ രാജാധി രാജനായി ഞാനും രാജാധി രാജിയായി ഭാര്യയും നല്ല സ്പീഡില്‍ വരുമ്പോളാണ് അത് സംഭവിച്ചത്.


വീടിന്റെ അടുത്തു തന്നെയുള്ള നാലും കൂടിയ ജങ്ങ്ഷനില്‍ വച്ച് എതിര്‍ വശത്ത്‌ നിന്നും ഒരു പീക്കിരി പയ്യന്‍ അവനെക്കാള്‍ വലിയ ഒരു സൈക്കിളിന്റെ ഹാന്റിലില്‍ വവ്വാല് തൂങ്ങി ക്കിടക്കുന്നത് പോലെ കിടന്നു കൊണ്ട് ഒരു വരവ്!! അപ്രതീഷിതമായ ആ വരവ് കണ്ടു പകച്ച ഞാന്‍ പയ്യനെ രക്ഷിക്കാനായി വണ്ടി ഇടതു വശത്തേയ്ക്ക് വെട്ടിച്ചു. ആ വെട്ടിക്കലിനിടയില്‍ വണ്ടി റോഡരികില്‍ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുന്‍പില്‍ കൂട്ടി ഇട്ടിരുന്ന മണല്‍ കൂനയിലേയ്ക്ക് പാഞ്ഞു കയറി. ഇതിനിടയില്‍ പുറകിലിരുന്ന ഭാര്യ എന്നെ ഉറുമ്പടക്കം പിടിക്കുകയും അതിന്റെ ബലത്തില്‍ ബൈക്കില്‍ നിന്നും പിടി വിട്ടുപോയ ഞാനും ഭാര്യയും കൂടി കെട്ടി മറിഞ്ഞു മണലിന്റെ പുറത്തേയ്ക്ക് വീഴുകയും ചെയ്തു.


ബൈക്കിന്റെ ശബ്ദവും ഭാര്യയുടെ നിലവിളിയും സൈക്കിളുമായി മറിഞ്ഞു വീണ പയ്യന്റെ കരച്ചിലും എല്ലാം കൂടി കേട്ട് വീട് പണി ചെയ്തിരുന്ന ആളുകളും വഴി യാത്രക്കാരും ഓടിക്കൂടി. വീണയുടന്‍ തന്നെ തട്ടിപ്പിടഞ്ഞെഴുന്നേറ്റ ഞാന്‍ മണലിന്റെ പുറത്തു വീണു കിടക്കുന്ന ഭാര്യയെ പിടിച്ചു പൊക്കി. പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും ഓടിക്കൂടിയവരുടെ മുന്‍പില്‍ നാണത്തോടെ അവള്‍ പരുങ്ങി നിന്നു.


സൈക്കിളില്‍ നിന്നും ഉരുണ്ടു വീണു കാലിന്റെ മുട്ട് പൊട്ടിയ വവ്വാലു പയ്യന്റെ അച്ഛന്‍ ഓടി വന്നു. അയാള്‍ തന്റെ മകനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കഷ്മലനായ എനിക്കെതിരെ പോലീസ്സില്‍ കേസ്സ് കൊടുക്കുമെന്ന് ഭീഷണി മുഴക്കി. ഞാനൊരു പട്ടാളക്കാരനാണെന്നും നാട്ടില്‍ വണ്ടി ഓടിച്ചു നല്ല പരിചയം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഞാന്‍ പറഞ്ഞു നോക്കി. അതോടെ പട്ടാളക്കാരനായാല്‍ ആരെയും വണ്ടി ഇടിപ്പിച്ചു കൊല്ലാന്‍ അധികാരമുണ്ടോ എന്നായി അയാളുടെ ചോദ്യം.


ഇതിടയില്‍ നാട്ടുകാരായ ചിലര്‍ ചേര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവില്‍ വവ്വാല് പയ്യന്റെ ചികിത്സയ്ക്കുള്ള പണം കൊടുക്കാം എന്നുള്ള വ്യവസ്ഥയില്‍ അയാള്‍ അടങ്ങി. പണം മേടിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഫ്രീയായി ഒരുപദേശവും എനിക്ക് തന്നു.


"സാറേ പട്ടാളത്തില്‍ ഓടിക്കുന്ന പോലെ നാട്ടില്‍ വന്നു വണ്ടി ഓടിക്കരുത്. അങ്ങനെ ഓടിച്ചാല്‍ സാറിനെ നാട്ടുകാര്‍ ഓടിക്കും"


അന്ന് മുതലാണ്‌ എനിക്കും എന്റെ ബൈക്കിനും നാട്ടില്‍ ഇത്ര ബഹുമാനം കിട്ടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഞാനും ബൈക്കും വരുന്നത് കാണുമ്പോഴേ ആളുകള്‍ പറയും.


"ദേണ്ടെ പട്ടാളം ബൈക്കുമായി വരുന്നു... ജീവന്‍ വേണമെങ്കില്‍ വഴിയില്‍ നിന്നും മാറി നിന്നോ"


ഇനി പറയൂ നിങ്ങള്‍ക്കും എന്‍റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടത്തിനോട് അല്പം ബഹുമാനം തോന്നുന്നില്ലേ ?

Wednesday, March 10, 2010

ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്.

"എടാ സതീശാ എനിക്കൊരു അണ്ടര്‍ വെയര്‍ തയ്ക്കാന്‍ എത്ര തുണി വേണം?"

കുമാരപുരം ജങ്ങ്ഷനിലെ ഏക തയ്യല്‍ക്കടയായ "വെല്‍ ഫിറ്റ് ടൈലേഴ്സ്" സിന്റെ "ഓണര്‍ കം പ്രൊപ്രറ്റര്‍ ‍ കം ചീഫ് ടൈലര്‍" എന്ന ബഹുമുഖ പദവി അലങ്കരിക്കുന്ന സതീശന്‍, ആരോ തുന്നാന്‍ കൊടുത്ത വിലയേറിയ പാന്റിന്റെ തുണിയെ കത്രിക കൊണ്ട് നിഷ്കരുണം വെട്ടിമുറിക്കുന്ന ജോലി താല്‍കാലികമായി നിറുത്തിയിട്ടു ചോദ്യകര്‍ത്താവിനെ നോക്കി.


വെല്‍ ഫിറ്റ് ടൈലേഴ്സ് സിന്റെ മുന്‍പില്‍ "ഫുള്‍ ഫിറ്റായി" നില്‍ക്കുകയാണ് ചെല്ലപ്പനാശാന്‍ . കയ്യില്‍ ഒരു കടലാസ് പൊതി.


"ആഹാ ചെല്ലപ്പനാശാനോ ? വരണം വരണം"


കാറ്റ് പിടിച്ച കൊന്നത്തെങ്ങു പോലെ ചെറിയ രീതിയില്‍ ആടി നില്‍ക്കുന്ന ചെല്ലപ്പനാശാനെ സതീശന്‍ സ്വാഗതം ചെയ്തു. തന്റെ തയ്യല്‍ മിഷ്യന്റെ അടിയില്‍ കിടന്ന സ്റ്റൂള്‍ എടുത്തു കൊടുത്ത് അതില്‍ ആസനനസ്ഥനാക്കി.


കുമാരപുരം നിവാസികളുടെ, പ്രത്യേകിച്ച് "പിശുക്ക്" അല്പം കൂടുതലുള്ളവരുടെ ആരാധനാപാത്രമാണ് ചെല്ലപ്പനാശാന്‍. ചെല്ലപ്പന്‍ എന്നാണു ഔദ്യോഗിക നാമമെങ്കിലും ആശാന്‍ എന്നത് നാട്ടുകാര്‍ കല്പിച്ചു കൊടുത്തിരിക്കുന്ന സ്ഥാനപ്പേരാണ്. അങ്ങനെ ഒരു സ്ഥാനപ്പേര് കിട്ടാനുള്ള കാരണങ്ങളെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രാന്വേഷണ കുതുകികളായ ചെറുപ്പക്കാര്‍ക്കിടയില്‍ നിലവിലുണ്ട്. പണ്ട് കുട്ടികളെ എഴുത്ത് പഠിപ്പിക്കുന്ന "ആശാന്‍ പള്ളിക്കൂടം" നടത്തിയിരുന്നതിനാലാണ് ആശാന്‍ എന്ന പേര് വീണത്‌ എന്നാണു ഒരു കുതുകിയുടെ അഭിപ്രായം. അതല്ല, അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായ "പിശുക്കിന്റെ " ആശാന്‍ ആയതു കൊണ്ടാണ് ഈ പേര് വീണത്‌ എന്ന് മറ്റൊരു കുതുകി തെളിവുകള്‍ സഹിതം വാദിക്കുന്നു.


ഇതൊക്കെയാണെങ്കിലും വളരെ പ്രശസ്തമായ മറ്റൊരു പേരിന്റെ കൂടി ഉടമയാണ് ചെല്ലപ്പനാശാന്‍.


ആ പേരാണ് "ഇരുട്ടാശാന്‍"....


ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി അറിയണമെന്ന് താല്പര്യമുള്ള വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ സ്വഭവനമായ "ഭവാനീ മന്ദിരം" വരെ ഒന്ന് പോകേണ്ടി വരും. പോകുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈകിട്ട് ഏകദേശം ഒരു ആറര, അല്ലെങ്കില്‍ ഏഴു മണി, അതായത് ഇരുട്ട് വീഴുന്ന സമയം നോക്കി മാത്രമേ പോകാവൂ. എന്നാലേ പോയ കാര്യം നടക്കൂ.


എന്നുവച്ച് നേരെ ചെന്ന് ആശാന്റെ വീട്ടിലേയ്ക്ക് ഇടിച്ചു കയറരുത്. മുറ്റത്ത് എവിടെയെങ്കിലും മറഞ്ഞു നിന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കണം.


നിങ്ങള്‍ ചെല്ലുമ്പോള്‍ രണ്ടു മുറിയും അടുക്കളയും ഹാളും വരാന്തയും ചേരുന്ന ആശാന്റെ ഭവനം, കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവലില്‍ പറയുന്നത് പോലെ "അന്ധകാര നിബിഡമായ നിതാന്ത നിശബ്ദതയില്‍" ആണ്ടിരിക്കുവാനാണ് സാധ്യത. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളോ അത്യഗാധമായ കൊക്കകളോ ഇല്ലെങ്കിലും മുറ്റത്തിന്റെ ഒരു വശത്ത്‌ ചെറിയ ഒരു കുഴിയുള്ളത് കൊണ്ട് ഉരുണ്ടു വീഴാതെ സൂക്ഷിക്കണം.


അങ്ങനെ നിതാന്ത നിശബ്ദതയില്‍ ആണ്ടിരിക്കുന്ന ഭവാനീ മന്ദിരത്തിന്റെ പൂമുഖത്തേയ്ക്കു കയ്യില്‍ നിലവിളക്കേന്തിയ ഒരു മഹിളാരത്നം കടന്നു വരും. ആ രത്നമാണ് ഭവാനി ചേച്ചി. ചെല്ലപ്പനാശാന് ആകെയുള്ള ബന്ധു. കുറച്ചു കൂടെ വ്യക്കുതമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഒരേ ഒരു "സ്വന്തം ഭാര്യ".


നിലവിളക്കേന്തിയ ഭവാനി രത്നം വിളക്കു താഴെ വച്ച് ശേഷം അതിന്റെ മുന്‍പില്‍ ചമ്രം പടഞ്ഞിരുന്നു രാമനാമജപങ്ങള്‍ തുടങ്ങുമ്പോള്‍ മറ്റൊരു രത്നം രംഗപ്രവേശം ചെയ്യുന്നത് കാണാം. രത്നത്തിന്റെ പേര് ചെല്ലപ്പനാശാന്‍‍. അദ്ദേഹത്തിന്റെ കയ്യിലുമുണ്ട് ഒരു വിളക്ക്. പക്ഷെ അത് നിലവിളക്കോ മണ്ണെണ്ണ വിളക്കോ അല്ല.


സാക്ഷാല്‍ "ബാലന്‍സ് വിളക്ക്" ! നാല്പതു വാട്സിന്റെ ഒരു ഇലക്ട്രിക് ബള്‍ബ്‌ !!


അദ്ദേഹം ആ ബള്‍ബ്‌ വരാന്തയില്‍ തൂങ്ങിക്കിടക്കുന്ന ഹോള്‍ഡറില്‍ ഘടിപ്പിക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ " ബാലന്‍സ് ഇഫക്റ്റ് " തുടങ്ങുകയായി.


ഉദ്ദേശം അര മണിക്കൂര്‍ കഴിയുമ്പോള്‍ നാമജപത്തിന് സമാപനം കുറിച്ചുകൊണ്ട് ഭവാനി ചേച്ചി തന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ബള്‍ബിലേയ്ക്ക് കണ്ണുകള്‍ നട്ട്, കൈകള്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തി "നാരായണാ.. ശിവശങ്കരാ.. രക്ഷിക്കണേ" എന്നൊരു ദയാഹര്‍ജി, വൈകുണ്ഡം കൈലാസം എന്നീ പുണ്യസ്ഥലങ്ങളിലേയ്ക്ക് ബൈ എയറായി അയക്കും. ആ സമയം തന്നെ ചെല്ലപ്പനാശന്‍ തന്റെ തോളില്‍ കിടക്കുന്ന തോര്‍ത്തു ഉപയോഗിച്ച് ഹോള്‍ഡറില്‍ നിന്ന് ബള്‍ബു ഊരിയെടുക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ വീണ്ടും കോട്ടയം പുഷ്പനാഥ് പ്രത്യക്ഷപ്പെടും. നിതാന്ത നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ചെല്ലപ്പനാശന്റെ പട്ടി, വൈകിട്ടത്തെ ശാപ്പാട് കൊടുക്കാനുള്ള സിഗ്നലായി നീട്ടി ഓരിയിടും. അത് കേട്ട് ഞെട്ടരുത്. ഈ സമയം ചെല്ലപ്പ, ഭവാനീ രത്നങ്ങള്‍ ബള്‍ബുമായി നേരെ അടുക്കയിലേയ്ക്ക് നീങ്ങിയിട്ടുണ്ടാകും.


അങ്ങനെ രാത്രി ഒന്‍പതു മണിക്ക് മുന്‍പ് ആ ബള്‍ബു ചെല്ലപ്പനാശാന്റെ വീടിന്റെ അടുക്കള, ഹാള്‍ , കുളിമുറി (ചിലപ്പോള്‍ കക്കൂസ്) വഴി കിടപ്പ് മുറിയില്‍ എത്തുന്നതോടെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ചു ബള്‍ബും ചെല്ലപ്പനാശാനും ഭാവാനി ചേച്ചിയും നിദ്ര പൂകും.


മേല്‍പ്പറഞ്ഞതില്‍ നിന്നും ചെല്ലപ്പനാശാനു പറ്റിയത് "പിശുക്കാശാന്‍", "ഇരുട്ടാശാന്‍" എന്നീ പഴയ പേരുകളാണോ അതോ "ബാലന്‍സ് വിളക്കാശാന്‍" എന്ന പുതിയ പേരാണോ എന്ന് അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച മാന്യവായനക്കാര്‍ തന്നെ തീരുമാനിക്കുക.


ഏതായാലും ചെല്ലപ്പനാശാന്റെ പിശുക്കിനെപ്പറ്റി നന്നായി അറിയാവുന്ന തയ്യല്‍ക്കാരന്‍ സതീശന്‍ ആശാന്റെ കയ്യിലിരുന്ന തുണി വാങ്ങി തന്റെ ടേപ്പ് വച്ച് അളന്നു നോക്കി. എന്നിട്ട് പറഞ്ഞു.


"ആശാനെ ആവശ്യത്തിനുള്ള തുണിയുണ്ട്. ചിലപ്പോള്‍ അല്പം മിച്ചം വന്നേയ്ക്കും"


"അങ്ങിനെയാണെങ്കില്‍ നീ ഒരു കാര്യം ചെയ്യ്. മിച്ചമുള്ള തുണി വെറുതെ കളയേണ്ടാ. അത് കൊണ്ട് ഒന്നോ രണ്ടോ പോക്കറ്റ് കൂടുതല്‍ അടിച്ചേര് "


താന്‍ കാശു കൊടുത്തു മേടിച്ച തുണി വെറുതെ കളയുന്നതില്‍ വൈമനസ്യമുള്ള ചെല്ലപ്പനാശാന്‍ തന്റെ ഐഡിയ പറഞ്ഞു.


"അങ്ങിനെ തന്നെ ആയിക്കളയാം" എന്ന രീതിയില്‍ തലകുലുക്കിയ സതീശന്‍ ആശാന്റെ അളവുകള്‍ക്ക് അനുസൃതമായി തുണി വെട്ടാന്‍ തുടങ്ങി. ആശാനാകട്ടെ തന്റെ "ഫിറ്റ്നെസ് " അല്പം കുറഞ്ഞു പോയോ എന്ന ശങ്കയില്‍ വീണ്ടും ഫിറ്റ് ആകുന്നതിനായി അടുത്തുള്ള ഷാപ്പിലേയ്ക്ക് പോയി.


കുറച്ചു നേരത്തിനു ശേഷം വീണ്ടും വെല്‍ ഫിറ്റായി വന്ന ചെല്ലപ്പനാശാന്റെ കയ്യില്‍ സതീശന്‍ താന്‍ തുന്നിയ അണ്ടര്‍‍വെയര്‍ കടലാസില്‍ പൊതിഞ്ഞു കൊടുത്തു. അതുമായി വീട്ടിലെത്തിയ ആശാന്‍ " ധന്വന്തരം" കുഴമ്പ് മേലാസകലം പുരട്ടിയിട്ട് കിണറ്റിന്റെ കരയില്‍ കുറച്ചു നേരം ഉലാത്തി. പിന്നെ ഭവാനി ചേച്ചി തയാറാക്കിക്കൊടുത്ത ചെറു ചൂടുള്ള വെള്ളത്തില്‍ വിശദമായ ഒരു കുളി പാസാക്കിയ ശേഷം തന്റെ പുതിയ അണ്ടര്‍ വെയറില്‍ കയറാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

.
അധികം ബുദ്ധിമുട്ടാതെ പുതിയ അണ്ടര്‍‍വെയറില്‍ കയറിക്കൂടിയ ചെല്ലപ്പനാശാന്‍ അതിട്ടു കൊണ്ട് വരാന്തയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും അല്പമൊന്നു നടന്നുനോക്കി. പുതിയ അണ്ടര്‍‍വെയറിനു തയ്യല്‍ സംബന്ധമായ കുഴപ്പമോ എവിടെയെങ്കിലും പിടുത്തമോ ഉണ്ടോ എന്നറിയണമല്ലോ? പക്ഷെ അതിട്ടു നടക്കുമ്പോള്‍ ചെല്ലപ്പനാശാന്റെ സ്റ്റീല്‍ ബോഡിയുടെ മര്‍മപ്രധാനമായ യന്ത്രഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് എന്തോ ഒരു അസ്കിത! മാത്രമല്ല യന്ത്രസാമഗ്രികളുടെ സ്വതന്ത്രമായ നിലനില്‍പ്പിനു തടസ്സം വന്നത് പോലെ ഒരു തോന്നല്‍!!.


തോന്നല്‍ ശക്തമായപ്പോള്‍ അണ്ടര്‍വെയറില്‍ നിന്നും അടിയന്തിരമായി പുറത്തിറങ്ങിയ ആശാന്‍ അതിനെ കൂലങ്കഷമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഗതി കണ്ടത്. വശങ്ങളിലും പുറകിലുമുള്ള പോക്കറ്റുകള്‍ കൂടാതെ അണ്ടര്‍വെയറിന്റെ മുന്‍ഭാഗത്തു, അതായത് ഇരു കാലുകളുടെയും "നടു സെന്ററില്‍" നാട്ടുമ്പുറത്തെ ചായക്കടകളിലെ ചായ സഞ്ചിയുടെ ആകൃതിയില്‍ മറ്റൊരു പോക്കറ്റ്.!!!


സഹൃദയനും രസികനുമായ തയ്യല്‍ക്കാരന്‍ സതീശന്‍ ചെല്ലപ്പനാശാന്‍ എന്ന പിശുക്കനാശാനു മാത്രമായി ബാലന്‍സ് വന്ന തുണി കൊണ്ട് ഫിറ്റു ചെയ്തു കൊടുത്ത കിടിലന്‍ പോക്കറ്റ്. ചെല്ലപ്പനാശാന്റെ സ്വന്തം "ബാലന്‍സ് പോക്കറ്റ്".

Sunday, February 21, 2010

പപ്പനാവന്‍ ഏലിയാസ് പരമശിവന്‍

"ഹും ആ പപ്പനാവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു ഞാന്‍ അവന്റെ കൂമ്പ് വാട്ടും"


ഹെഡ് കോണ്‍സ്റ്റബിള്‍ "വീരപ്പന്‍‍" ഭാസ്കരന്‍ മുന്‍പിലിരിരുന്ന കള്ളു കുപ്പി എടുത്ത് അതില്‍ ബാക്കിയുണ്ടായിരുന്ന കള്ള് മുഴുവന്‍ ഒറ്റയടിക്ക് വായിലേയ്ക്ക് കമഴ്ത്തി. എന്നിട്ട് തന്റെ വീരപ്പന്‍ മീശയുടെ തുമ്പില്‍ പിടിച്ചു പിരിച്ചുകൊണ്ട് ഷാപ്പിലെ സപ്ലയര്‍ കേശവനെ നോക്കി അലറി.


സപ്ലയര്‍ കേശവന്‍ ഭയപ്പാടോടെ ഒതുങ്ങി നിന്നു. വീരപ്പന്‍ തുടര്‍ന്നു...


"ഡാ കേശവാ എല്ലാ വര്‍ഷവും താലപ്പൊലി ഘോഷ യാത്രയില്‍ ഈ വീരപ്പനാ പരമശിവന്റെ വേഷം കെട്ടുന്നത്. ഇത്തവണയും കെട്ടും. അത് തടയാന്‍ പപ്പനാവനല്ല അവന്റെ അമ്മായി അപ്പന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരനോടാണോ അവന്റെ കളി? "



"അതെയതെ ആ പപ്പനാവന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ചേട്ടനെതിരെ അവനല്ലേ കമ്മറ്റിയില്‍ പാര വച്ചത് ?"



സപ്ലയര്‍ കേശവന്‍ കലിതുള്ളി നില്‍ക്കുന്ന വീരപ്പന്‍ ഭാസ്കരന്റെ മുന്‍പിലേയ്ക്ക് ഒരു കുപ്പി കള്ളും കൂടി എടുത്തു വച്ചു. എന്നിട്ട് ഭയഭക്തി ബഹുമാനങ്ങളോടെ ഗ്ലാസിലേയ്ക്ക് കള്ളു പകര്‍ന്നു കൊടുത്തു.



കുമാരപുരം ഷാപ്പിലെ സ്ഥിരം പറ്റുപിടിക്കാരനാണ് റിട്ടയേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരന്‍ ചേട്ടന്‍. പോലീസ്സില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും പോലീസ്സില്‍ തന്നെയാണ് ജോലി എന്ന രീതിയിലാണ് നടപ്പും ഭാവവും. ഷാപ്പാണ്‌ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പോലീസ് സ്റ്റേഷന്‍. ഷാപ്പില്‍ കള്ളുകുടിച്ചു വഴക്കുണ്ടാക്കുന്നവരെ ശാസിക്കാനും വേണ്ടി വന്നാല്‍ ശിക്ഷിക്കാനും അധികാരമുള്ള മാന്യ ദേഹമാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരന്‍ ചേട്ടന്‍.



ശരീര സൌന്ദര്യം വച്ച് നോക്കിയാല്‍ യശ:ശരീരനായ സിനിമാനടന്‍ കൃഷ്ണന്‍കുട്ടി നായര്‍ ഭാസ്കരന്‍ ചേട്ടന്റെ പുറകിലാണ് എന്നു വേണമെങ്കില്‍ പറയാം. ആലപ്പുഴക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഏതാണ്ട് ഒന്ന് ഒന്നെര വള്ളപ്പാടു പുറകില്‍! മൂക്കിനു താഴെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന വീരപ്പന്‍ മീശയാണ് അദ്ദേഹത്തിന്റെ പ്രധാന പ്ലസ് പോയിന്റു. വീരപ്പന്‍ എന്ന ഇരട്ടപ്പേര് വീഴാന്‍ കാരണവും പ്രതാപശാലിയായ ആ മീശയാണ് എന്നുള്ളത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.



മൂക്കിന്റെ തുമ്പത്തു തന്നെയുള്ള മറ്റൊരു പ്രധാന സംഗതിയാണ് അദ്ദേഹത്തിന്റെ മൈനസ് പോയിന്റു. ആ പോയിന്റിന്റെ മലയാളത്തിലുള്ള പേരാണ് "ക്ഷിപ്രകോപം."



ഭാസ്കരന്‍ ചേട്ടന്റെ പ്ലസ് പോയിന്റായ വീരപ്പന്‍ മീശയും മൈനസ് പോയിന്റായ ക്ഷിപ്രകോപവും തമ്മില്‍ ഗണിത ശാസ്ത്രപരമായ ഒരു ബന്ധമുണ്ട്. എന്താണെന്ന് ചോദിച്ചാല്‍, മൈനസ് പോയിന്റായ ക്ഷിപ്രകോപം വന്നാലുടന്‍ പ്ലസ് പോയിന്റായ വീരപ്പന്‍ മീശ വിറയ്ക്കാന്‍ തുടങ്ങും. പ്ലസ് പോയിന്റിന്റെ വിറയുടെ തീവ്രത, മൈനസ് പോയിന്റിന്റെ വരവിന്റെ തീവ്രതയ്ക്ക് ആനുപാതികമായിരിക്കുകയും ചെയ്യും.



ഇതൊക്കെയാണെങ്കിലും ഭാസ്കരന്‍ ചേട്ടന്‍ ഒരു പഴയ കാല നാടക, ബാലെ നടനാണ്‌. അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചു എല്ലാ വര്‍ഷവും നടത്താറുള്ള താലപ്പൊലി ഘോഷയാത്രയില്‍ പരമ ശിവന്റെ വേഷം സ്ഥിരമായി കെട്ടുന്ന ആളാണ്‌ ഭാസ്കരന്‍ ചേട്ടന്‍. പക്ഷെ ഇത്തവണത്തെ താലപ്പൊലി ഘോഷയാത്രയില്‍ പരമശിവന്റെ വേഷം കെട്ടുന്നതില്‍ നിന്നും ഭാസ്കരന്‍ ചേട്ടനെ ഉത്സവ കമ്മറ്റിക്കാര്‍ വിലക്കിയിരിക്കുകയാണ്.



അതിനു ചെറിയ ഒരു കാരണമുണ്ട്. കഴിഞ്ഞതവണ ഘോഷയാത്രയില്‍ പങ്കെടുക്കാനായി വന്ന പരമശിവനെ കണ്ടു പാര്‍വതിയായി അണിഞ്ഞൊരുങ്ങിയ സപ്ലയര്‍ കേശവന്‍ പോലും അന്തിച്ചു പോയി. കാരണം, പാമ്പിനെ കഴുത്തിലണിഞ്ഞ മറ്റൊരു പാമ്പായി മാറിയിരുന്നു ഭാസ്കരന്‍ പരമശിവന്‍.



പരമശിവന്റെ വേഷത്തില്‍ വന്ന ഭാസ്കരന്‍ പാമ്പിനെ ഒരു വിധത്തില്‍ ഘോഷയാത്രയില്‍ നിന്നും കമ്മറ്റിക്കാര്‍ വലിച്ചു പുറത്താക്കി. ജടയും മുടിയും ചൂടിയ പരമശിവന്‍ വഴിയരുകില്‍ കുത്തിയിരുന്നു വാള് വയ്ക്കുന്നത് ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം നോക്കി നിന്നു. അതോടെ ഇത്തവണത്തെ ഘോഷയാത്രയില്‍ ഭാസ്കരന്‍ ചേട്ടന് പകരം "പപ്പനാവന്‍" എന്ന പദ്മനാഭനെ പരമ ശിവനാക്കുവാന്‍ കമ്മറ്റിക്കാര്‍ തീരുമാനിക്കുകയും ചെയ്തു.


തീരുമാനം ഭാസ്കരന്‍ ചേട്ടന്‍ അറിയുന്നത് തന്റെ സുഹൃത്തും ഷാപ്പിലെ സപ്ലയറുമായ കേശവനില്‍ നിന്നാണ്. ഭാസ്കരന്‍ ചേട്ടനെ പരമശിവന്‍ ആക്കി മാറ്റുന്ന മേക്കപ്പ് മാനാണ് കേശവന്‍. മാത്രമല്ല അദ്ദേഹത്തിന്റെ സ്ഥിരം പാര്‍വതിയും കേശവനാണ്. ഭാസ്കരന്‍ ചേട്ടനെ പരമശിവന്‍ ആക്കാത്തതില്‍ കേശവനും വിഷമമുണ്ട്. എന്തെന്നാല്‍ ഭാസ്കരന്‍ ചേട്ടന്‍ പരമശിവന്‍ ആകുന്ന ദിവസം കേശവന്റെ ഫുള്‍ ചെലവ് വഹിക്കുന്നത് ഭാസ്കരന്‍ ചേട്ടനാണ്. കൂടാതെ മേക്കപ്പ് ഫീസായി ഇരുനൂറു രൂപയും അന്ന് കേശവന് കിട്ടും.


"ചേട്ടന്‍ വിഷമിക്കാതെ... പപ്പനാവനിട്ടു ഒരു പണി കൊടുക്കുന്ന കാര്യം കേശവന്‍ ഏറ്റു"


വീരപ്പന്‍ മീശ വിറപ്പിച്ചു കൊണ്ട് നിന്ന എക്സ് പരമശിവന്‍ ഭാസ്കരന്‍ ചേട്ടനെ സപ്ലയര്‍ കേശവന്‍ സമാധാനിപ്പിച്ചു. അനന്തരം അദ്ദേഹത്തിന്റെ ചെവിയില്‍ രഹസ്യമായി എന്തോ മന്ത്രിച്ചു. അത് കേട്ട ഭാസ്കരന്‍ ചേട്ടന്റെ മൈനസ് പോയിന്റു കുറഞ്ഞു കുറഞ്ഞു വന്നു സീറോയില്‍ മുട്ടി. മുട്ടലിന്റെ ഫലമായി പ്ലസ് പോയിന്റിന്റെ വിറയല്‍ നില്‍ക്കുകയും ഭാസ്കരന്‍ ചേട്ടന്‍ സന്തോഷത്തോടെ സ്വഭവനത്തിലേയ്ക്ക് പോവുകയും ചെയ്തു.



താലപ്പൊലി ഘോഷയാത്രയുടെ ദിവസം സമാഗതമായി. വഴിയുടെ ഇരുവശങ്ങളിലും കന്യകമാര്‍ താലപ്പൊലിയേന്തി അണിനിരന്നു. ഏറ്റവും മുന്‍പില്‍ പഞ്ചവാദ്യം.അതിനു പുറകെ ചെണ്ട മേളക്കാര്‍. ചെണ്ട മേളക്കാര്‍ക്കൊപ്പം കാവടിയും പടയണിയും നീങ്ങി. അതിനും പിറകിലായി പപ്പനാവന്‍ എന്ന ന്യൂ പരമശിവന്‍. അദ്ദേഹത്തിന്റെ കഴുത്തില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന ന്യൂ സര്‍പ്പം. കയ്യില്‍ ന്യൂ ശൂലം. ഒപ്പം ന്യൂ പാര്‍വ്വതി. ന്യൂ പാര്‍വ്വതിയുടെ ഒറിജിനല്‍ പേരാണ് സുശീലന്‍.


പപ്പനാവന്‍ ന്യൂ പരമശിവനും സുശീലന്‍ ന്യൂ പാര്‍വ്വതിയും ഭക്തജനങ്ങള്‍ക്ക്‌ അനുഗ്രഹാശിസുകള്‍ വാരി വിതറിക്കൊണ്ട് മന്ദം മന്ദം നടക്കുകയാണ്. രണ്ടു പേരുടെയും അനുഗ്രഹങ്ങള്‍ കൂടുതല്‍ പോകുന്നത് സ്ത്രീ ഭക്തകള്‍ കൂടുതലുള്ള ഭാഗത്തേയ്ക്കാണ് എന്നുള്ള വിവരം ചില പുരുഷ ഭക്തന്മാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ "ഡാ പപ്പനാവാ ഇങ്ങോട്ടും നോക്കെടാ" എന്നും "എന്താടാ സുശീലാ നിനക്കൊരു സൈഡ് വലിവ്" എന്നുമൊക്കെ ഭക്തിപുരസ്സരം ചോദിച്ചെങ്കിലും ശിവ പാര്‍വ്വതിമാര്‍ അതത്ര കാര്യമാക്കിയില്ല. അങ്ങനെ സ്ത്രീ പുരുഷ ഭക്തജന സഞ്ചയത്തെ ഭക്തി സാഗരത്തില്‍ ആറാടിച്ചു കൊണ്ട് എഴുന്നുള്ളി വന്നിരുന്ന പപ്പനാവന്‍ പരമശിവനു പെട്ടന്നൊരു വൈക്ലബ്യം.


വൈക്ലബ്യം എന്നു വച്ചാല്‍ ശങ്ക.

ഉത്സവം നടക്കുന്നത് തന്റെ വയറ്റിനുള്ളില്‍ ആണോ എന്നൊരു തോന്നല്‍.


വയറ്റിനുള്ളിലെ ഉത്സവത്തില്‍ ചെണ്ടയും മദ്ദളവും തകര്‍ക്കുന്നു...കൂടാതെ ഇടയ്ക്കിടയ്ക്ക് നാദ സ്വരവും.


നാദസ്വരമേളം അടുത്തു നിന്ന പാര്‍വ്വതിയോ പുറകെ വരുന്ന ഭക്ത ജനങ്ങളോ കേട്ടില്ല.


പക്ഷെ പപ്പനാവന്‍ പരമ ശിവന്‍ കേട്ടു.


ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സംഗതി വശക്കേടാകും.


കഴിഞ്ഞ വര്‍ഷം പരമശിവന്‍ വാള് വയ്ക്കുന്നത് കണ്ട ഭക്തജനങ്ങള്‍ ഇത്തവണ അദ്ദേഹം അപ്പിയിടുന്നതു കാണും.


അതും ലൈവായി.


പപ്പനാവന്‍ പരമശിവന്‍ വെപ്രാളത്തോടെ പാര്‍വ്വതിയെ നോക്കി. പുറകെ വരുന്ന കാവടിക്കാരെ നോക്കി. ഭക്ത ജനങ്ങളെ മൊത്തമായി നോക്കി.


പിന്നെ കൂടുതല്‍ നോക്കാന്‍ മിനക്കെട്ടില്ല. തന്റെ കയ്യിലിരുന്ന ശൂലം പാര്‍വ്വതിയുടെ കയ്യില്‍ ബലമായി പിടിപ്പിച്ചിട്ട് അടുത്തു കണ്ട കുറ്റിക്കാട് ലക്ഷ്യമാക്കി ഒരോട്ടം വച്ചു കൊടുത്തു!!.


പരമശിവന്‍ സൂപ്പര്‍ ഫാസ്റ്റ് പോലെ പാഞ്ഞു പോകുന്നത് കണ്ട ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം ഞെട്ടി.


പരമശിവന്റെ വാക്കിംഗ് സ്റ്റിക്കായ ശൂലം കയ്യില്‍ കിട്ടിയ ശുശീലന്‍ ശൂലപാണിയായ പാര്‍വ്വതിയായി മാറി. പിന്നെ ശൂലം വിഴുങ്ങിയവനെപ്പോലെ അന്തം വിട്ടു നിന്നു.



അപ്പോള്‍ ഷാപ്പിലിരുന്ന ഭാസ്കരന്‍ ചേട്ടന്റെ മൈനസ് പോയിന്റു പൂജ്യത്തിനും താഴെയായിരുന്നു. അദ്ദേഹം സപ്ലയര്‍ കേശവന്‍ ഒഴിച്ച് കൊടുത്ത മധുരക്കള്ള് അല്പാല്പമായി നുണഞ്ഞു കൊണ്ട് തന്റെ പ്ലസ് പോയിന്റില്‍ അരുമയോടെ തലോടി. എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കേശവനോട് ചോദിച്ചു.


"ഡാ കേശവാ നീ പപ്പനാവന് കൊടുത്ത കള്ളിന്റെ ബാക്കിയൊന്നുമല്ലല്ലോ ഈ കള്ള് ? ങേ"

പരമ ശിവനാകാനുള്ള തയ്യാറെടുപ്പിനിടയില്‍ ഒരു കുപ്പി വിഴുങ്ങാന്‍ വന്ന "പപ്പനാവന്‍ ഏലിയാസ് പരമശിവന്" കൊടുത്ത സ്പെഷ്യല്‍ കള്ളിന്റെ കാര്യമോര്‍ത്ത കേശവന്‍ ചിരിച്ചു. സോപ്പ് പൊടി കലക്കിയത് പോലെയുള്ള ഒരു കള്ളച്ചിരി.!!!

Tuesday, January 19, 2010

ഓപ്പറേഷന്‍ ദശമൂലാരിഷ്ടം

രാവിലെ ആറു മണിക്ക് ബെഡ് കോഫി, എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ് , പത്തു മണിക്ക് ചായ (വിത്ത്‌ കടി), കൃത്യം ഒരു മണിക്ക് ഉച്ചയൂണ്, വൈകിട്ട് നാലുമണിക്ക് ചായ (വിത്ത് ഔട്ട്‌ കടി), രാത്രി എട്ടരയ്ക്കും ഒന്‍പതിനുമിടയില്‍ അത്താഴം. ഇതാണ് പട്ടാളത്തില്‍ ആയിരുന്നപ്പോഴുള്ള എന്റെ ശാപ്പാട് കാര്യക്രമം.


രാവിലെ അഞ്ചു മണിക്ക് ബെഡ് കോഫീ (ഭാര്യ ഉണര്‍ന്നെങ്കില്‍ മാത്രം) ഒന്‍പതിനും പത്തിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് (ഞാന്‍ ഉണര്‍ന്നെങ്കില്‍ മാത്രം) ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചയൂണ് (അപ്പോഴേയ്ക്കും റെഡി ആയെങ്കില്‍ മാത്രം) നാല് മണിക്ക് ചായ (കിട്ടിയാല്‍ മാത്രം) വൈകിട്ട് ഒന്‍പതിനും പത്തിനുമിടയില്‍ അത്താഴം (കുട്ടികളുടെ പഠനം തീര്‍ന്നെങ്കില്‍ മാത്രം) ഇതാണ് എന്റെ ഇപ്പോഴത്തെ ഭക്ഷണ ക്രമം.


അത്താഴം കഴിക്കുന്നതിന്റെ മുന്‍പ്, "ദശമൂലാരിഷ്ടം" എന്ന് ഞാന്‍ ഓമനപ്പേരിട്ട് വിളിക്കുന്നതും പട്ടാളക്കാരന്റെ ആരോഗ്യ പരിപാലനത്തിനായി പട്ടാള ക്യാന്റീന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്നതുമായ "റം" എന്ന "ആരോഗ്യ സംവര്‍ദ്ധക പാനീയം" അല്പം ഞാന്‍ സേവിക്കാറുണ്ട്.


എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ താത്പര്യം ഇല്ലാത്തത് കൊണ്ടാണോ അതോ പാനീയം കഴിച്ചതിനു ശേഷം എന്റെ ആരോഗ്യം കണ്ടമാനം കൂടുന്നത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയത്തിനോട് എന്റെ ഭാര്യയ്ക്ക് തീരെ മതിപ്പ് പോരാ എന്ന് ഈയിടയായി എനിക്കൊരു തോന്നല്‍ .!!


അതിനു കാരണമുണ്ട്...


ഞാന്‍ അലമാരിയില്‍ വച്ചിരുന്ന റമ്മിന്റെ കുപ്പി രണ്ടു ദിവസമായി കാണുന്നില്ല !!


തന്നെയുമല്ല തൊട്ടു കൂട്ടാനുള്ള അച്ചാര്‍, കൊറിക്കാനുള്ള ചിപ്സുകള്‍ എന്നിവ ഇരുന്നിരുന്ന സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതൊക്കെ എവിടെ എന്ന് ചോദിക്കുമ്പോള്‍ ഭാര്യയുടെ മുഖത്തു മുരളീധരനെ കാണുന്ന രമേശ്‌ ചെന്നിത്തലയുടെ ഭാവം.


വൈകുന്നേരം പതിവുള്ള ആരോഗ്യ സംവര്‍ദ്ധക പാനീയവും അത് സേവിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും എന്റെ എതിര്‍ കക്ഷിയായ ഭാര്യ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്ന് താമസം വിനാ എനിക്ക് മനസ്സിലായി.


ദശമൂലാരിഷ്ടത്തിന്റെ കുപ്പി വൈകുന്നേരം ഞാന്‍ സേവ തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പാണ് അപ്രത്യക്ഷമാകുന്നത് എന്നുള്ള തന്ത്ര പ്രധാനമായ രഹസ്യവും എന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നും വെളിവായി.



സ്ഥിരമായി കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയം അപ്രതീക്ഷിതമായി നിന്നതോടെ എന്റെ ആരോഗ്യത്തിനു സാരമായ കേടുപാടുകള്‍ വന്നിരിക്കുന്നതായി ഞാന്‍ ശങ്കിച്ചു.


ഉറക്കം കുറഞ്ഞു. ദഹനം കുറഞ്ഞു. രാവിലെ കക്കൂസ്സില്‍ പോയി പാട്ടും പാടി ഇരിക്കാമെന്നല്ലാതെ കാര്യങ്ങള്‍ക്ക് ഒരു "നീക്കു പോക്ക് " ഉണ്ടാവുന്നില്ല.



കുട്ടികളോട് "ശരീര വേദനയ്ക്കുള്ള അരിഷ്ടമാണ് പപ്പാ കുടിക്കുന്നത് " എന്ന് ഞാന്‍ പറയാറുള്ള ഈ ആരോഗ്യ സംവര്‍ദ്ധക പാനീയം ഇഷ്ടം പോലെ ഉപയോഗിക്കുവാന്‍ ഏതു പട്ടാളക്കാരനും അവകാശമുണ്ട്‌. അതിനുള്ള അനുമതിയുമുണ്ട്.


അതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ക്യാന്റീന്‍ വഴിയായി മിതമായ വിലയില്‍ അത് പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.


അപ്പോള്‍ ഒരു മുന്‍ പട്ടാളക്കാരനെ അവന്റെ ആരോഗ്യ പരിപാലനം ചെയ്യുന്നതില്‍ നിന്നും തടയുന്നത്, അത് സ്വന്തം ഭാര്യ ആയാല്‍ പോലും തെറ്റല്ലേ?


അതെ എന്ന് ഞാന്‍ തീര്‍ത്ത്‌ പറയുന്നു. അക്ഷന്തവ്യമായ തെറ്റ്. ഇത് അനുവദിച്ചു കൂടാ. ഞാന്‍ തീരുമാനിച്ചു..


പക്ഷെ എതിര്‍ കക്ഷി എനിക്ക് വേണ്ടപ്പെട്ട ആളാണ്‌ . അവരോടു തന്ത്രപരമായ രീതിയില്‍ മാത്രമേ ഇടപെടാന്‍ പറ്റൂ.


മാത്രമല്ല മേല്‍പടി കക്ഷി എന്റെ അന്നദാദാവും കൂടിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ കഞ്ഞികുടി മുട്ടും. അപ്പോള്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ചു ഒരു തന്ത്രം മെനയണം.


ഞാന്‍ ആലോചിച്ചു. നിന്നും കിടന്നും തലകുത്തി നിന്നും ആലോചിച്ചെങ്കിലും തല പുകഞ്ഞതല്ലാതെ കത്തിയില്ല.


ഒടുവില്‍ വൈകിട്ട് നാല് മണിയോടെ കത്തി. ഉഗ്രന്‍ ഐഡിയ. നേരം ഒട്ടും കളയാതെ ഞാന്‍ "ഓപ്പറേഷന്‍ ദശമൂലാരിഷ്ടം" തുടങ്ങി....



വൈകുന്നേരം കുളിയും മറ്റും കഴിഞ്ഞു ഞാന്‍ വന്നപ്പോള്‍ ഭാര്യ ടി വിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണുന്നു. കുട്ടികള്‍ അകത്തെ മുറിയില്‍ ഇരുന്നു പഠിക്കുന്നു..


"അമ്പടി. ഒരു "സ്റ്റാര്‍ ഡ്രിങ്കറെ" മൈന്‍ഡ് ചെയ്യാതെ നീ "സ്റ്റാര്‍ സിംഗര്‍ " കാണുകയാണ് അല്ലെ? കണ്ടോ. കണ്ടോ . ഇപ്പൊ ശരിയാക്കിത്തരാം". ഞാന്‍ മനസ്സില്‍ പറഞ്ഞു.


പൂജയും പ്രാര്‍ഥനയും കഴിഞ്ഞു . എന്റെ സേവയുടെ സമയം അടുത്തിരിക്കുന്നു. അത് മനസ്സിലാക്കിയ ഭാര്യ ടി വിയുടെ വോളിയം കൂട്ടി കൂടുതല്‍ താല്പര്യത്തോടെ കാണാന്‍ തുടങ്ങി. ഞാനും ടി വിയുടെ മുന്‍പില്‍ ആസനസ്ഥനായി. ഒരു കൊച്ചു പയ്യന്‍ സംഗതികള്‍ ചോര്‍ന്നു പോകാതെ ഷഡ്ജം മുറുക്കിയുടുത്തു പാടുന്നു..


"നീയറിഞ്ഞോ മേലെ മാനത്തു ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ടേ" ...ഞാന്‍ ഭാര്യയെ നോക്കി. അവള്‍ ആ നോട്ടം ഒട്ടും മൈന്‍ഡ് ചെയ്യാതെ ടി വിയില്‍ ശ്രദ്ധിച്ചിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.


"എനിക്ക് കുടിക്കാന്‍ കുറച്ചു തണുത്ത വെള്ളം തരൂ. കൂടുതല്‍ വേണ്ടാ. ഒരു അര ഗ്ലാസ് മതി . വല്ലാത്ത ദാഹം"


"ഹും.. നിങ്ങളുടെ ദാഹത്തിന്റെ കാരണം എനിക്ക് മനസ്സിലായി, ദശമൂലാരിഷ്ടം കുടിക്കാത്തതിന്റെ ദാഹമാണല്ലേ" എന്ന ഭാവത്തില്‍ അവള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി . എന്നിട്ട് ടി വിയുടെ റിമോട്ട് സോഫയിലേക്ക് ദേഷ്യത്തോടെ ഇട്ടിട്ടു അടുക്കളയില്‍ പോയി ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊണ്ട് വന്നു.


"ഇന്നാ അര ഗ്ലാസല്ല ഒരു ഗ്ലാസ് കുടിക്ക്. ദാഹം തീരട്ടെ " അവള്‍ കല്പിച്ചു.


അത് വാങ്ങി ഒരു ഞാന്‍ കവിള്‍ കുടിച്ചു. എന്നിട്ട് പറഞ്ഞു.


"ഹോ വെള്ളത്തിനു ഭയങ്കര തണുപ്പ് " ആ ജഗ്ഗിലിരിക്കുന്ന വെള്ളവും ഒരു ഗ്ലാസ്സും കൂടി എടുക്ക്. മിക്സ് ചെയ്തു കുടിക്കട്ടെ " ഞാന്‍ ഭാര്യയോട്‌ വീണ്ടും ആവശ്യപ്പെട്ടു.


അവള്‍ രൂക്ഷമായി എന്നെ വീണ്ടും നോക്കിയിട്ട് അകത്തു പോയി ഒരു ഗ്ലാസ്‌ കൂടി എടുത്തു കൊണ്ട് വന്നു. എന്നിട്ട് ഫ്രീ റേഷന്‍ വാങ്ങാന്‍ ചെല്ലുന്ന ബി പി എല്‍ കാര്‍ക്ക് അരി കൊടുക്കുന്ന റേഷന്‍ കടക്കാരനെപ്പോലെ ജഗ്ഗും ഗ്ലാസ്സും എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി രണ്ടു ഗ്ലാസ്സിലുമായി ഒഴിച്ച് അല്പാല്പമായി ആസ്വദിച്ചു കുടിച്ചു തുടങ്ങി..


പതിവായി കഴിക്കുന്ന ദശമൂലാരിഷ്ടത്തിനു പകരം പച്ച വെള്ളം ചവച്ചു കുടിക്കുന്ന എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് ഭാര്യ സന്തോഷത്തോടെ വീണ്ടും സ്റ്റാര്‍ സിംഗര്‍ കാണാന്‍ തുടങ്ങി.


അപ്പോള്‍ ഫ്രിഡ്ജിലെ വെള്ളക്കുപ്പികള്‍ മാറ്റി പകരം ഞാന്‍ വച്ച വൈറ്റ് റമ്മിന്റെ കുപ്പി പകുതി കാലിയായിരുന്നു..

Thursday, January 7, 2010

പണിക്കര്‍ സാറും ഞാനും ശീര്‍ഷാസനവും

"അയ്യോ അമ്മേ ദേ പപ്പാ തെങ്ങിന്റെ ചുവട്ടില്‍ ഉരുണ്ടു വീണേ"


രാവിലെ വീടിന്റെ മുന്‍വശത്ത്‌ നിന്നും ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദവും ഒപ്പം മകളുടെ നിലവിളിയും കേട്ട ഭാര്യ അടുക്കളയില്‍ നിന്നും ഇറങ്ങി നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി..


കൈലി മുണ്ട് താറു പാച്ചിയുടുത്ത്, മേലാസകലം എണ്ണ തേച്ചു തെങ്ങിന്റെ തടത്തില്‍ വിലങ്ങനെ വീണു കിടക്കുന്ന പ്രിയ ഭര്‍ത്താവിനെ കണ്ട് ഭാര്യ ഒരു നിലവിളിയോടെ അടുത്തെത്തി താങ്ങി ഉയര്‍ത്താന്‍ ശ്രമിച്ചു.


"ശേ വിടെടീ..ഞാന്‍ വീണതൊന്നുമല്ല . ഒരു എക്സര്‍സൈസ് ചെയ്തതാ"


തെങ്ങിന്റെ തടത്തില്‍ നിന്നും ബദ്ധപ്പെട്ടു എഴുനേറ്റ് ദേഹത്ത് പറ്റിയ മണ്ണ് തുടച്ചു കളയുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.


"ങേ എന്നിട്ട് എന്തോ വീഴുന്ന ശബ്ദം ഞാന്‍ കേട്ടല്ലോ?" ഭാര്യക്ക് വിശ്വാസം വരുന്നില്ല.


"എടീ "ശീര്‍ഷാസനം" എന്ന എക്സര്‍സൈസ് ചെയ്യുമ്പോള്‍ അങ്ങിനെ പല ശബ്ദങ്ങളും കേള്‍ക്കും. നീ പോയി മോളെ സ്കൂളില്‍ വിടാന്‍ നോക്ക്"


എന്റെ മറുപടി ഭാര്യക്ക് അത്ര ഇഷ്ടപ്പെട്ടില്ല.


"നീ വാ മോളെ നിന്റെ പപ്പാ ഇങ്ങനെ പല കോപ്രായവും കാണിക്കും"


ശരീരാരോഗ്യം നിലനിര്‍ത്താന്‍ ശീര്‍ഷാസനം പോലുള്ള ആസനങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യം തലയില്‍ കയറാത്ത ഭാര്യ മകളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ദേഷ്യത്തോടെ അകത്തേയ്ക്ക് പോയി. വീഴ്ച്ചക്കിടയില്‍ എന്റെ സ്വന്തം ആസനത്തിന് എന്തെങ്കിലും ഹേമം തട്ടിയിട്ടുണ്ടോ എന്ന് ശങ്കിച്ച ഞാന്‍ അന്നേ ദിവസത്തെ എല്ലാ ആസനങ്ങളും അടിയന്തിരമായി നിറുത്തി വച്ച് കുളിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.



പട്ടാളത്തില്‍ നിന്നും പിരിഞ്ഞെങ്കിലും രാവിലെ എഴുനേറ്റ് കുറച്ചു എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ എനിക്കൊരു ഉഷാറില്ല. നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെയാണ് പിന്നെ എന്റെ നടപ്പ്. എക്സര്‍സൈസുകള്‍ തുടങ്ങുന്നതിനു മുന്‍പ് കുറച്ചു ദൂരം ഓടി ശരീരം ഒന്ന് " വാം " ആക്കണം എന്നാണു പട്ടാളത്തിലെ രീതി. പക്ഷെ നാട്ടിലെത്തിയിട്ട് ഇത് വരെ എനിക്ക് ഓടാന്‍ പറ്റിയിട്ടില്ല. ഓടാന്‍ പറ്റിയ വഴികളോ ഗ്രൌണ്ടോ എന്റെ വീടിനടുത്ത് ഇല്ല എന്നത് തന്നെ കാരണം. ഉള്ള വഴിയില്‍ കൂടി ഓടിയാല്‍ "വാം" ആകുന്നതിനു പകരം വല്ല കുഴിയിലും വീണു "വടി" ആകാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ട് നേരം വെളുക്കുന്നതിനു മുന്‍പ് എഴുനേറ്റ് വീടിനു ചുറ്റും നാല് റൌണ്ട് ഓടിയിട്ട് പുഷ് അപ്, ചിന്‍ അപ്, തവള ചാട്ടം, ശീര്‍ഷാസനം മുതലായ ഇന്‍ഡോര്‍ എക്സര്‍സൈസുകള്‍ ചെയ്യുകയാണ് ഞാനിപ്പോള്‍.


ശീര്‍ഷാസനം എന്ന ആസനം എനിക്ക് ഉപദേശിച്ചു തന്നത് എന്റെ അയല്‍ക്കാരനും സുഹൃത്തും വക്കീലുമായ പണിക്കര്‍ സാറാണ്. പണിക്കര്‍ സാര്‍ ഒരു എക്സ് സൈനികന്‍ കൂടിയാണ്. പട്ടാളത്തില്‍ പോയതിനു ശേഷം ബിരുദാനന്തര ബിരുദവും എല്‍. എല്‍.ബിയും നേടിയ ആളാണ്‌ പണിക്കര്‍ സാര്‍. ശരീരം സൂക്ഷിക്കുന്നതില്‍ വലിയ നിഷ്കര്‍ഷയുള്ള പണിക്കര്‍ സാറിനു പക്ഷെ ഒരു കുഴപ്പമേയുള്ളൂ. സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ അയാളെ അദ്ദേഹം വാദിയും പ്രതിയുമാക്കി സംസാരിച്ചു കൊന്നുകളയും.! രാവിലെ അദ്ദേഹം പതിവുള്ള ഓട്ടവും കഴിഞ്ഞു പാല് വാങ്ങാനായി പോകുന്ന സമയം നോക്കിയാണ് ഞാന്‍ എക്സര്‍സൈസുകള്‍ ചെയ്യുന്നത്. പണിക്കര്‍ സാര്‍ പാലുമായി വരുന്നത് കണ്ടാലുടന്‍ ഞാന്‍ പുരയുടെ പുറകിലേയ്ക്ക് മാറിക്കളയും. അല്ലെങ്കില്‍ അന്നത്തെ എന്റെ ദിവസവും അദ്ദേഹത്തിന്റെ കോടതിയില്‍ പോക്കും സ്വാഹാ...



ഞാന്‍ കുളിക്കാനായി തോര്‍ത്തുമെടുത്തു കുളി മുറിയിലേയ്ക്ക് പോയി. കുളിമുറിക്കുള്ളില്‍ മകളും ഭാര്യയുമായി ഗാട്ടാ ഗുസ്തി നടക്കുന്നു. ഞാന്‍ വീണ്ടും മുറ്റത്തെയ്ക്ക് നടന്നു. അവിടെ അതാ സാക്ഷാല്‍ പണിക്കര്‍ സാര്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ സ്ഥിരമായി കാണുന്ന പാല്‍പ്പാത്രം.!


ഞാന്‍ എലിയെ കണ്ട പൂച്ചയെപ്പോലെ പരുങ്ങി. ശരീരം മുഴുവന്‍ എണ്ണ പുരട്ടി, പച്ച വെളിച്ചെണ്ണയില്‍ ചാടിയ തവളെയെപ്പോലെ നില്‍ക്കുന്ന എന്നെ കണ്ട് പണിക്കര്‍ സാര്‍ വെളുക്കെ ചിരിച്ചു. സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷം ആ ചിരിയില്‍ കാണുന്നുണ്ട്.



"ആഹാ ഇന്നത്തെ എക്സര്‍സൈസ് ഒക്കെ കഴിഞ്ഞു അല്ലെ .. ശീര്‍ഷാസനം ചെയ്തോ ?" പണിക്കര്‍ സാര്‍ തുടക്കമിട്ടു.


ശീര്‍ഷാസനം ചെയ്തപ്പോള്‍ കാലുകള്‍ അന്തരീക്ഷത്തില്‍ ബാലന്‍സ് ചെയ്തു നിറുത്തുവാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു സപ്പോര്‍ട്ടിന് വേണ്ടി തെങ്ങില്‍ ചാരിയതും എണ്ണ മയം മൂലം കാലുകള്‍ സ്ലിപ്പായതും ശീര്‍ഷാസനം ടപ്പേന്ന് ശവാസനമായതും ഞാന്‍ പണിക്കര്‍ സാറിനോട് പറഞ്ഞില്ല.


ഏതായാലും എന്റെ ഭാഗ്യത്തിന് ഏതോ കക്ഷികള്‍ വരികയും പണിക്കര്‍ സാര്‍ പോവുകയും ചെയ്തു. എങ്കിലും പോകുന്നതിനു മുന്‍പ് അദ്ദേഹം സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വഴിയുടെ കാര്യം എനിക്ക് പറഞ്ഞു തന്നു.


ഉച്ച കഴിഞ്ഞു ഞാന്‍ പോയി പണിക്കര്‍ സാര്‍ പറഞ്ഞ വഴി നോക്കി തിട്ടപ്പെടുത്തി. അല്പം ദൂരെയുള്ള ഹൌസിംഗ് കോളനിയുടെ ഇടയില്‍ പുതുതായി ടാര്‍ ചെയ്തു മിനുക്കിയ രസികന്‍ വഴി. വഴിയുടെ ഇരു വശവും മരങ്ങളും വീടുകളുമുണ്ട്. വഴിയരികിലുള്ള എല്ലാ വീടുകള്‍ക്കും ഗേറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ചില ഗേറ്റുകളില്‍ "പട്ടിയുണ്ട് സൂക്ഷിക്കുക" എണ്ണ ബോര്‍ഡും തൂക്കിയിരിക്കുന്നു. ഞാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും നോക്കി വച്ചു.



രാവിലെ മകള്‍ സ്കൂളില്‍ പോകാന്‍ ഉപയോഗിക്കുന്ന ചെറിയ സൈക്കിളില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തുക. സൈക്കിള്‍ പൂട്ടി വച്ചിട്ടു ഓട്ടം തുടങ്ങുക. രണ്ടു കിലോമീറ്റര്‍ ഓടിയതിനു ശേഷം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് തിരിച്ചോടുക. അവിടെ എത്തി സൈക്കിളെടുത്തു വീട്ടിലേയ്ക്ക് തിരിക്കുക. വീട്ടിലെത്തിയതിനു ശേഷം പുഷ് അപ്, ചിന്‍ അപ്, ശീര്‍ഷാസനം മുതലായ പതിവ് എക്സര്‍സൈസുകള്‍ തുടങ്ങുക ഇതായിരുന്നു എന്റെ പ്ലാന്‍ .


പിറ്റേ ദിവസം രാവിലെ നാലെര മണിയോടെ ഞാന്‍ സൈക്കിള്‍ എടുത്തു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ ഒരു വീടിന്റെ മുന്‍പില്‍ പൂട്ടി വച്ചിട്ടു എന്റെ ഓട്ടം സ്റ്റാര്‍ട്ട് ചെയ്തു. ആദ്യം പതുക്കെയും പിന്നെ സ്പീട് കൂട്ടിയും ഞാന്‍ ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയില്‍ കൈകള്‍ വിടര്‍ത്തിയും മടക്കിയും ഉയര്‍ത്തിയും താഴ്ത്തിയും ഒക്കെ പട്ടാള രീതിയില്‍ തന്നെ ഓടാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫിനിഷിംഗ് പോയിന്റില്‍ എത്തിയിട്ട് അതെ രീതിയില്‍ തന്നെ തിരിച്ചു സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് വിട്ടു.



കുറച്ചു നാളായി ഓടാത്തതിന്റെ കേടു തീര്‍ത്ത്‌ , സസന്തോഷം ഞാന്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ എടുക്കാനായി അത് പൂട്ടി വച്ചിരുന്ന വീടിനു മുന്‍പിലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. എന്റെ സൈക്കിള്‍ കാണാനില്ല. !!


"ദേണ്ടെ വന്നെടാ പിടിയെടാ അവനെ."


അടുത്തുള്ള വീടുകളിലെ ലൈറ്റുകള്‍ പെട്ടെന്ന് തെളിഞ്ഞു. ആളുകള്‍ വടിയും ആയുധങ്ങളുമായി ഓടിക്കൂടി. ദൈവമേ.. ഏതെങ്കിലും നിരോധിത മേഘലയാണോ ഇത് ? ആരാണ് ഇവരൊക്കെ ? എന്തിനാണ് ഇവരെന്നെ വളഞ്ഞു പിടിച്ചിരിക്കുന്നത്? ഓടിയത് കൊണ്ട് ചെറിയ രീതിയില്‍ വിയര്‍ത്തിരുന്ന ഞാന്‍ ഞാന്‍ പേടി കൊണ്ട് നല്ല രീതില്‍ വിയര്‍ത്തു. പാക് പട്ടാളത്തിന്റെ മുന്‍പില്‍ പെട്ട ഇന്ത്യന്‍ ജവാനെപ്പോലെ ഞാന്‍ വിറച്ചു കൊണ്ട് കൂനിക്കൂടി നിന്നു.


ഇതിനിടയില്‍ ആരോ എന്റെ സൈക്കിള്‍ എവിടെ നിന്നോ എടുത്തു കൊണ്ട് വന്നു. ഒരുത്തന്‍ എന്റെ മുഖത്തേയ്ക്കു ടോര്‍ച്ചു അടിച്ചു പിടിച്ചിട്ട് ഇടി വെട്ടുന്ന സ്വരത്തില്‍ ഒരു ചോദ്യം.


"അമ്പടാ നീയാണല്ലേ എന്റെ മോളുടെ സൈക്കിള്‍ മോഷ്ടിച്ചത് ? എന്നിട്ട് ആ സൈക്കിളില്‍ തന്നെ പിന്നേം മോഷ്ടിക്കാന്‍ വന്നിരിക്കുന്നോ? നിന്നെ ഇന്ന് ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം"

"അയ്യോ ഞാനൊരു മുന്‍ പട്ടാളക്കാരനാ. രാവിലെ എക്സര്‍സൈസിന് വേണ്ടി ഓടാന്‍ വന്നതാ..ഇതെന്റെ മോളുടെ സൈക്കിളാ"



അടി വീഴും എന്നുറപ്പായ ഞാന്‍ ദയനീയമായി പറഞ്ഞു. എന്റെ മോളുടെ അതെ മോഡലില്‍ ഉള്ള ഒരു സൈക്കിള്‍ ഈ സ്ഥലത്ത് നിന്നും മോഷണം പോയിട്ടുണ്ടെന്നും അത് ഞാനാണ് മോഷ്ടിച്ചതെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും എനിക്ക് മനസ്സിലായി. . എന്നെ അധികം പരിചയമില്ലാത്ത ഈ സ്ഥലത്ത് നിന്നും എങ്ങിനെ രക്ഷപ്പെടും എന്നറിയാതെ ഞാന്‍ കുഴങ്ങി.


പെട്ടെന്നാണ് ആ അശരീരി കേട്ടത്.


"അയ്യോ ഇത് കള്ളനല്ല. പാല്‍ സൊസൈറ്റിയുടെ അടുത്തു താമസിക്കുന്ന രഘുവാ. പട്ടാളത്തില്‍ നിന്നും ഇപ്പൊ വന്നതേയുള്ളൂ..എനിക്കറിയാം"


ഞാന്‍ ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. എന്നെ ആപത്തില്‍ സഹായിച്ച ആ ദൈവദൂതന്‍ മറ്റാരുമായിരുന്നില്ല.


രാവിലയുള്ള തന്റെ പതിവ് ഒട്ടത്തിനായി വന്ന സാക്ഷാല്‍ പണിക്കര്‍ സാര്‍..!!

Tuesday, December 22, 2009

വയറിളകിയ ഫാസ്റ്റ് പാസ്സഞ്ചര്‍

ഹരിപ്പാട് നിന്നും പുറപ്പെട്ട് ആലപ്പുഴ ചേര്‍ത്തല വഴി നേരെ എറണാകുളത്തിനു വച്ചു പിടിക്കാനായി നില്‍ക്കുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ്, തന്റെ ഓട്ടം തുടങ്ങാനുള്ള അനുമതിയായ ഡബിള്‍ ബെല്ലിനു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഒറ്റ നോട്ടത്തില്‍ യശ:ശരീരനായ ശ്രീ നവാബ് രാജേന്ദ്രന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിക്കൊണ്ട് ഓടി വന്നു കയറിയത്. അയാള്‍ ഡ്രൈവറുടെ സീറ്റിന്റെ അടുത്തായി നിന്നിട്ട് സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങള്‍ പുറത്തെടുത്തു. പിന്നീട് അതില്‍ നിന്നും ഒരു പുസ്തകം ബസ്സിലിരിക്കുന്ന ഞാനടക്കമുള്ള യാത്രക്കാരുടെ നേരെ തുറന്നുപിടിച്ചിട്ട് ഏറു കൊണ്ട ശുനകന്റെ സ്വരസൌകുമാര്യത്തോടെ ഒരു ചോദ്യം..!!


"മഴ പെയ്യുമ്പോള്‍ മാക്രികള്‍ കരയുന്നത് എന്തുകൊണ്ട്? "


ഏറെ നേരമായിട്ടും ബസ് വിടാത്തതില്‍ കുന്ടിതപ്പെട്ടിരുന്ന ഒരു യാത്രികന് താടിയും മുടിയും നീട്ടി കാഷായ വേഷധാരിയായ അയാളുടെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ മറുപടി കൊടുത്തു.


"അത് താന്‍ പോയി മാക്രിയോടു ചോദിക്ക്. ഇവിടെ വണ്ടി വിടാന്‍ നോക്കിയിരിക്കുമ്പോഴാ അങ്ങേരുടെ ഒരു മാക്രി"


" അമ്മായി അമ്മയെ കാണുമ്പോള്‍ മരുമകളുടെ ശരീരം ചൊറിഞ്ഞു കയറുന്നത് എന്തുകൊണ്ട്?"


മുന്‍സീറ്റില്‍ ഇരിക്കുന്ന അമ്മയേയും മകളെയും നോക്കി കാഷായ വേഷധാരി അടുത്ത ചോദ്യം ഉന്നയിച്ചതോടെ നേരെ പുറകിലത്തെ സീറ്റില്‍ ഇരുന്ന ചെറുപ്പക്കാരന്‍ തലയുയര്‍ത്തി രൂക്ഷമായി അയാളെ നോക്കി. അത് മൈന്‍ഡ് ചെയ്യാതെ കാഷായവേഷം ഉടന്‍ തന്റെ അടുത്ത ചോദ്യവും പുറത്തു വിട്ടു.



"വെള്ളമടിച്ചു വീലൂരി വരുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ ഭാര്യ അരിവാള്‍, വെട്ടുകത്തി, ഉലക്ക മുതലായ മാരകായുധങ്ങള്‍ എടുക്കുന്നത് എന്ത് കൊണ്ട്?"


ആ ചോദ്യം കേട്ട് പുറകു വശത്തെ ഡോറിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന മധ്യവയസ്കന്‍ അടുത്തിരുന്ന തന്റെ ഭാര്യയേയും, ഭാര്യ അയാളേയും അര്‍ദ്ധഗര്‍ഭമായി ഒന്ന് ഒളി കണ്ണിട്ടു നോക്കി. ഇതെല്ലാം കണ്ടും കേട്ടും ഏറ്റവും പുറകില്‍ ഇരുന്നിരുന്ന ഞാന്‍ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വച്ചിട്ടു കാഷായ വേഷത്തിന്റെ അടുത്ത ചോദ്യം എന്തായിരിക്കും എന്നാലോചിച്ചു.



"അങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന നൂറ്റി ഒന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതാ വെറും പത്തു രൂപയ്ക്ക്...വാങ്ങൂ.. വായിക്കൂ സംശയങ്ങളില്‍ നിന്നും മുക്തി നേടൂ" കാഷായധാരി തന്റെ പ്രസംഗം ഉപസംഹരിച്ചിട്ട്‌ പുസ്തകങ്ങളുമായി യാത്രക്കാരുടെ അരികിലേയ്ക്ക് നീങ്ങി.



ഇതിനിടയില്‍ കണ്ടക്ടര്‍ കേറുകയും ഡബിള്‍ ബെല്‍ മുഴങ്ങുകയും വണ്ടി നീങ്ങുകയും ചെയ്തു. നീങ്ങിത്തുടങ്ങിയ വണ്ടിയുടെ പുറകില്‍ നിന്നും ഒരു വൃദ്ധയുടെ ദീനമായ ശബ്ദം കേട്ടത് അപ്പോഴാണ്‌.


"അയ്യോ വണ്ടി വിടല്ലേ... ഞാനും വരുന്നു...എന്നേം കൂടെ കൊണ്ട് പോണേ"


ചട്ടയും മുണ്ടും ധരിച്ച ഒരു വല്യമ്മ കയ്യില്‍ ഒരു കാലന്‍ കുടയും പിടിച്ചു കൊണ്ട് വണ്ടിയുടെ പിറകെ ഓടുന്നു. അത് കണ്ട കണ്ടക്ടര്‍ വീണ്ടും ബെല്ലടിച്ചു വണ്ടി നിര്‍ത്തി. ഓടിവന്ന വല്യമ്മ വണ്ടിയില്‍ ചാടിക്കയറി. കയറിയ ഉടന്‍ വെപ്രാളത്തോടെ ഇരിക്കാനുള്ള സീറ്റിനു വേണ്ടി പരതി. വണ്ടി വീണ്ടും യാത്ര തുടങ്ങി.


"വല്യമ്മേ വാതിലിനടുത്ത് നിന്ന് അങ്ങോട്ട് മാറി നില്ല്. റോഡു മോശമാ. ഉരുണ്ടു വീണു വല്ലോം പറ്റിയാല്‍ പിന്നെ ഞാന്‍ തൂങ്ങണം."



വാതിലിനടുത്ത് തന്നെ നിന്ന് സീറ്റിനു വേണ്ടി പരതിക്കൊണ്ടിരുന്ന വല്യമ്മയെ നോക്കി കണ്ടക്ടര്‍ മുന്നറിയിപ്പ് കൊടുത്തു. അത് കേട്ട വല്യമ്മ കാലന്‍ കുട കക്ഷത്തില്‍ ഒതുക്കി പിടിച്ചു കൊണ്ട് ആളുകളുടെ ഇടയിലേയ്ക്കു ഇടിച്ചു കയറി.



"അയ്യോ എന്റെ മുണ്ട്.... ദേണ്ടെ എന്റെ മുണ്ടും കൊണ്ട് പോകുന്നു "



പോകുന്ന വഴിയില്‍ വല്യമ്മയുടെ കക്ഷത്തിലിരുന്ന കാലന്‍ കുടയുടെ വളഞ്ഞ പിടി അടുത്തു നിന്ന ഒരു വല്യപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്റെ മടക്കില്‍ കയറിപ്പിടിച്ചതും നിന്ന നില്പില്‍ ദിഗംബരനായ വല്യപ്പന്‍ തന്റെ മുണ്ടിനു വേണ്ടി കുടയുടെ കാലില്‍ കയറിപ്പിടിച്ചതുമൊന്നും വല്യമ്മ ഗൌനിച്ചില്ല. അവര്‍ ഇടിച്ചു തള്ളി മുന്‍പിലേയ്ക്ക് പോയി.



ഹോ.. പിരി ഇളകിയ ഓരോന്ന് വന്നു കേറിക്കോളും..മനുഷ്യനെ നാണം കെടുത്താന്‍"


മുണ്ട് തിരിച്ചു കിട്ടിയ വല്യപ്പന്‍ അത് വീണ്ടും തന്റെ ശരീരത്തില്‍ ബന്ധിക്കുന്നതിനിടയില്‍ ആവലാതിപ്പെട്ടു.



യാത്രക്കാരുടെ മുതുക് തന്റെ ഇരിപ്പിടമാക്കിയ കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു കൊടുത്തു മുന്‍പോട്ടു പോയി. സ്റ്റോപ്പുകളില്‍ നിറുത്താതെയും സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിറുത്തിയും ചിലപ്പോള്‍ സുപ്പര്‍ ഫാസ്റ്റു പോലെ പറന്നും മറ്റു ചിലപ്പോള്‍ ഓര്‍ഡിനറി പോലെ ഇഴഞ്ഞും സര്‍ക്കാര്‍ അധീനതയിലുള്ള ആ 'ത്വരിതഗമന ശകടം' മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഇതിനിടയില്‍ മുന്‍ വശത്ത്‌ നിന്നും വല്യമ്മയുടെ കാലന്‍ കുടയുടെ പരാക്രമത്തിനിരയായ മറ്റൊരു വനിത അവരെ ഉച്ചത്തില്‍ ശാസിക്കുന്നത് കേട്ടു. കളര്‍ കോട് ജങ്ങ്ഷന്‍ കഴിഞ്ഞപ്പോഴാണ് വണ്ടിയുടെ മുന്‍ഭാഗത്ത് നിന്നും ഉച്ചത്തിലുള്ള ആ നിലവിളി കേട്ടത്.


"അയ്യോ എനിക്ക് വെളിക്കിറങ്ങണം "


"വല്യമ്മേ ഇത് ലിമിറ്റഡ് സ്റ്റോപ്പാ. ഇനി വണ്ടി മെഡിക്കല്‍ കോളേജ് ജങ്ഷനിലേ നിര്‍ത്തൂ. അവിടെ ഇറക്കാം" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.


"അയ്യോ എനിക്കുടനെ വെളിക്കിറങ്ങണം. വണ്ടി നിര്‍ത്തെടാ കൊച്ചനെ" വല്യമ്മ ഡ്രൈവറെ നോക്കി വെപ്രാളത്തോടെ പറഞ്ഞു.


"അവര്‍ക്ക് വയറ്റില്‍ വല്ല അസുഖവും കാണും. വെളിക്കിറങ്ങണമെന്ന് പറയുന്നത് കേട്ടില്ലേ? " വല്യമ്മയുടെ അടുത്തിരുന്ന ഒരു യാത്രക്കാരന്‍ ഡ്രൈവറോട് കയര്‍ത്തു.


ചെറുപ്പക്കാരനായ ഡ്രൈവര്‍ ധര്‍മ സങ്കടത്തിലായെന്നു തോന്നുന്നു. പ്രായമായ ഒരു വല്യമ്മയാണ് അപേക്ഷിക്കുന്നത്. വെളിക്കിറങ്ങാന്‍ മുട്ടുന്ന അവരെ എങ്ങനെ ഇറക്കാതിരിക്കും? വല്ല പ്രഷറോ ഷുഗറോ ഉള്ള ആളാണെങ്കില്‍ ഇപ്പോഴത്തെ പ്രഷര്‍ കൂടുമ്പോള്‍ ഒപ്പം മറ്റേ പ്രഷറും കൂടിയാല്‍ കുഴപ്പമാകില്ലേ? ഇറക്കിയാല്‍ തന്നെ എവിടെ ഇറക്കും? പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യങ്ങള്‍ ഉള്ളിടത്തല്ലേ ഇറക്കാന്‍ പറ്റൂ? അയാള്‍ വണ്ടി നിര്‍ത്തണോ വേണ്ടയോ എന്നറിയാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു പിറകില്‍ ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നകണ്ടക്ടറെ നോക്കി.



"സാറേ നിങ്ങള്‍ വണ്ടി എങ്ങും നിര്‍ത്താതെ നേരെ സ്റ്റാന്റിലേക്ക് വിട്. പറപ്പിച്ചു വിട്ടാല്‍ അഞ്ചു മിനിട്ട് കൊണ്ട് സ്റ്റാന്റില്‍ എത്താം. അവിടെയാകുമ്പോള്‍ വല്യമ്മയ്ക്ക് കക്കൂസ്സില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല"


വല്യമ്മയുടെ അവസ്ഥ മനസ്സിലാക്കിയ നല്ല ശമരിയാക്കാരനായ ഒരു മാന്യന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അത് കേട്ട ഡ്രൈവര്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കക്കൂസ്സില്‍ പോകാന്‍ വൈകിയാലുണ്ടാവുന്ന വെപ്രാളം നന്നായി അറിയാവുന്നവനെപ്പോലെ അയാള്‍ വണ്ടി പറപ്പിച്ചു വിട്ടു. എതിരെ വരുന്ന വാഹനങ്ങള്‍ കെ എസ് ആര്‍ ടി സി ബസ്സിന്റെ മരണപ്പാച്ചില്‍ കണ്ടു അന്തം വിട്ടു. ഇരു ചക്ര വാഹനക്കാര്‍ ബസ്സിന്റെ വരവ് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി അകലെ വച്ചു തന്നെ സൈഡില്‍ ഒതുക്കി. മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്നിരുന്ന ട്രാഫിക് പോലീസ്സുകാരന്‍ കഥ എന്തെന്നറിയാതെ ഹെഡ് ലൈറ്റ് ഇട്ടു, ഹോണ്‍ നീട്ടിയടിയടിച്ചു കൊണ്ട് പാഞ്ഞവരുന്ന ബസ്സിനു പോകാനുള്ള സൗകര്യം പെട്ടെന്ന് ഉണ്ടാക്കിക്കൊടുത്തു. ഒപ്പം തന്നെ അടുത്ത ട്രാഫിക് സിഗ്നലില്‍ നില്‍കുന്ന പോലീസ്സുകാരനുള്ള മെസ്സേജ് വാക്കി ടോക്കിയിലൂടെ നല്‍കുന്നതും കണ്ടു.



ബസ്‌ സ്റ്റാന്റിനെ ചുറ്റി തെക്ക് ഭാഗത്തുള്ള പബ്ലിക്‌ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പിലേയ്ക്ക് പാഞ്ഞെത്തിയ ബസ്സിനെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ബസ്സിന്റെ ബ്രേക്ക് ഫെയില്‍ ആയിട്ടുണ്ടാകുമെന്നുള്ള ശങ്കയോടെ ഓടിമാറി. കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പില്‍ എത്തിയ ബസ് ഒരു അലര്‍ച്ചയോടെ നിരങ്ങി നിന്നു. ഇതിനകം തന്നെ യാത്രക്കാര്‍ വല്യമ്മയ്ക്ക് പെട്ടെന്ന് ഇറങ്ങാനുള്ള സൌകര്യത്തിനായി വഴി ഉണ്ടാക്കിയിരുന്നു.


"വല്യമ്മേ ദേ കക്കൂസ് ..പെട്ടെന്ന് ഇറങ്ങിക്കോ..." ഡ്രൈവര്‍ വല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.


"ഭാ...... കളര്‍കോട്ട് ഇറങ്ങാനുള്ള എന്നെ കക്കൂസ്സിലാണോടാ ഇറക്കുന്നത്‌? കുരുത്തം കെട്ടവനേ.."


ബസ് സ്റ്റാണ്ട് വിറയ്ക്കുന്ന രീതിയിലുള്ള ആക്രോശം കേട്ട ഡ്രൈവര്‍ അന്തം വിട്ടിരുന്നു. വല്യമ്മയുടെ വെപ്രാളം കണ്ടു വണ്ടി പറപ്പിച്ചു വിടാന്‍ ഡ്രൈവറോട് ആജ്ഞാപിച്ച നല്ല ശമരിയാക്കാരനായ യാത്രക്കാരന്‍ അതുവഴി വന്ന മറ്റൊരു ബസ്സില്‍ കയറിപ്പോയത് ഡ്രൈവര്‍ മാത്രം കണ്ടില്ല.