Tuesday, January 19, 2010

ഓപ്പറേഷന്‍ ദശമൂലാരിഷ്ടം

രാവിലെ ആറു മണിക്ക് ബെഡ് കോഫി, എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ് , പത്തു മണിക്ക് ചായ (വിത്ത്‌ കടി), കൃത്യം ഒരു മണിക്ക് ഉച്ചയൂണ്, വൈകിട്ട് നാലുമണിക്ക് ചായ (വിത്ത് ഔട്ട്‌ കടി), രാത്രി എട്ടരയ്ക്കും ഒന്‍പതിനുമിടയില്‍ അത്താഴം. ഇതാണ് പട്ടാളത്തില്‍ ആയിരുന്നപ്പോഴുള്ള എന്റെ ശാപ്പാട് കാര്യക്രമം.


രാവിലെ അഞ്ചു മണിക്ക് ബെഡ് കോഫീ (ഭാര്യ ഉണര്‍ന്നെങ്കില്‍ മാത്രം) ഒന്‍പതിനും പത്തിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് (ഞാന്‍ ഉണര്‍ന്നെങ്കില്‍ മാത്രം) ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചയൂണ് (അപ്പോഴേയ്ക്കും റെഡി ആയെങ്കില്‍ മാത്രം) നാല് മണിക്ക് ചായ (കിട്ടിയാല്‍ മാത്രം) വൈകിട്ട് ഒന്‍പതിനും പത്തിനുമിടയില്‍ അത്താഴം (കുട്ടികളുടെ പഠനം തീര്‍ന്നെങ്കില്‍ മാത്രം) ഇതാണ് എന്റെ ഇപ്പോഴത്തെ ഭക്ഷണ ക്രമം.


അത്താഴം കഴിക്കുന്നതിന്റെ മുന്‍പ്, "ദശമൂലാരിഷ്ടം" എന്ന് ഞാന്‍ ഓമനപ്പേരിട്ട് വിളിക്കുന്നതും പട്ടാളക്കാരന്റെ ആരോഗ്യ പരിപാലനത്തിനായി പട്ടാള ക്യാന്റീന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്നതുമായ "റം" എന്ന "ആരോഗ്യ സംവര്‍ദ്ധക പാനീയം" അല്പം ഞാന്‍ സേവിക്കാറുണ്ട്.


എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ താത്പര്യം ഇല്ലാത്തത് കൊണ്ടാണോ അതോ പാനീയം കഴിച്ചതിനു ശേഷം എന്റെ ആരോഗ്യം കണ്ടമാനം കൂടുന്നത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയത്തിനോട് എന്റെ ഭാര്യയ്ക്ക് തീരെ മതിപ്പ് പോരാ എന്ന് ഈയിടയായി എനിക്കൊരു തോന്നല്‍ .!!


അതിനു കാരണമുണ്ട്...


ഞാന്‍ അലമാരിയില്‍ വച്ചിരുന്ന റമ്മിന്റെ കുപ്പി രണ്ടു ദിവസമായി കാണുന്നില്ല !!


തന്നെയുമല്ല തൊട്ടു കൂട്ടാനുള്ള അച്ചാര്‍, കൊറിക്കാനുള്ള ചിപ്സുകള്‍ എന്നിവ ഇരുന്നിരുന്ന സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതൊക്കെ എവിടെ എന്ന് ചോദിക്കുമ്പോള്‍ ഭാര്യയുടെ മുഖത്തു മുരളീധരനെ കാണുന്ന രമേശ്‌ ചെന്നിത്തലയുടെ ഭാവം.


വൈകുന്നേരം പതിവുള്ള ആരോഗ്യ സംവര്‍ദ്ധക പാനീയവും അത് സേവിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും എന്റെ എതിര്‍ കക്ഷിയായ ഭാര്യ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്ന് താമസം വിനാ എനിക്ക് മനസ്സിലായി.


ദശമൂലാരിഷ്ടത്തിന്റെ കുപ്പി വൈകുന്നേരം ഞാന്‍ സേവ തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പാണ് അപ്രത്യക്ഷമാകുന്നത് എന്നുള്ള തന്ത്ര പ്രധാനമായ രഹസ്യവും എന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നും വെളിവായി.



സ്ഥിരമായി കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയം അപ്രതീക്ഷിതമായി നിന്നതോടെ എന്റെ ആരോഗ്യത്തിനു സാരമായ കേടുപാടുകള്‍ വന്നിരിക്കുന്നതായി ഞാന്‍ ശങ്കിച്ചു.


ഉറക്കം കുറഞ്ഞു. ദഹനം കുറഞ്ഞു. രാവിലെ കക്കൂസ്സില്‍ പോയി പാട്ടും പാടി ഇരിക്കാമെന്നല്ലാതെ കാര്യങ്ങള്‍ക്ക് ഒരു "നീക്കു പോക്ക് " ഉണ്ടാവുന്നില്ല.



കുട്ടികളോട് "ശരീര വേദനയ്ക്കുള്ള അരിഷ്ടമാണ് പപ്പാ കുടിക്കുന്നത് " എന്ന് ഞാന്‍ പറയാറുള്ള ഈ ആരോഗ്യ സംവര്‍ദ്ധക പാനീയം ഇഷ്ടം പോലെ ഉപയോഗിക്കുവാന്‍ ഏതു പട്ടാളക്കാരനും അവകാശമുണ്ട്‌. അതിനുള്ള അനുമതിയുമുണ്ട്.


അതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ക്യാന്റീന്‍ വഴിയായി മിതമായ വിലയില്‍ അത് പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.


അപ്പോള്‍ ഒരു മുന്‍ പട്ടാളക്കാരനെ അവന്റെ ആരോഗ്യ പരിപാലനം ചെയ്യുന്നതില്‍ നിന്നും തടയുന്നത്, അത് സ്വന്തം ഭാര്യ ആയാല്‍ പോലും തെറ്റല്ലേ?


അതെ എന്ന് ഞാന്‍ തീര്‍ത്ത്‌ പറയുന്നു. അക്ഷന്തവ്യമായ തെറ്റ്. ഇത് അനുവദിച്ചു കൂടാ. ഞാന്‍ തീരുമാനിച്ചു..


പക്ഷെ എതിര്‍ കക്ഷി എനിക്ക് വേണ്ടപ്പെട്ട ആളാണ്‌ . അവരോടു തന്ത്രപരമായ രീതിയില്‍ മാത്രമേ ഇടപെടാന്‍ പറ്റൂ.


മാത്രമല്ല മേല്‍പടി കക്ഷി എന്റെ അന്നദാദാവും കൂടിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ കഞ്ഞികുടി മുട്ടും. അപ്പോള്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ചു ഒരു തന്ത്രം മെനയണം.


ഞാന്‍ ആലോചിച്ചു. നിന്നും കിടന്നും തലകുത്തി നിന്നും ആലോചിച്ചെങ്കിലും തല പുകഞ്ഞതല്ലാതെ കത്തിയില്ല.


ഒടുവില്‍ വൈകിട്ട് നാല് മണിയോടെ കത്തി. ഉഗ്രന്‍ ഐഡിയ. നേരം ഒട്ടും കളയാതെ ഞാന്‍ "ഓപ്പറേഷന്‍ ദശമൂലാരിഷ്ടം" തുടങ്ങി....



വൈകുന്നേരം കുളിയും മറ്റും കഴിഞ്ഞു ഞാന്‍ വന്നപ്പോള്‍ ഭാര്യ ടി വിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണുന്നു. കുട്ടികള്‍ അകത്തെ മുറിയില്‍ ഇരുന്നു പഠിക്കുന്നു..


"അമ്പടി. ഒരു "സ്റ്റാര്‍ ഡ്രിങ്കറെ" മൈന്‍ഡ് ചെയ്യാതെ നീ "സ്റ്റാര്‍ സിംഗര്‍ " കാണുകയാണ് അല്ലെ? കണ്ടോ. കണ്ടോ . ഇപ്പൊ ശരിയാക്കിത്തരാം". ഞാന്‍ മനസ്സില്‍ പറഞ്ഞു.


പൂജയും പ്രാര്‍ഥനയും കഴിഞ്ഞു . എന്റെ സേവയുടെ സമയം അടുത്തിരിക്കുന്നു. അത് മനസ്സിലാക്കിയ ഭാര്യ ടി വിയുടെ വോളിയം കൂട്ടി കൂടുതല്‍ താല്പര്യത്തോടെ കാണാന്‍ തുടങ്ങി. ഞാനും ടി വിയുടെ മുന്‍പില്‍ ആസനസ്ഥനായി. ഒരു കൊച്ചു പയ്യന്‍ സംഗതികള്‍ ചോര്‍ന്നു പോകാതെ ഷഡ്ജം മുറുക്കിയുടുത്തു പാടുന്നു..


"നീയറിഞ്ഞോ മേലെ മാനത്തു ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ടേ" ...ഞാന്‍ ഭാര്യയെ നോക്കി. അവള്‍ ആ നോട്ടം ഒട്ടും മൈന്‍ഡ് ചെയ്യാതെ ടി വിയില്‍ ശ്രദ്ധിച്ചിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.


"എനിക്ക് കുടിക്കാന്‍ കുറച്ചു തണുത്ത വെള്ളം തരൂ. കൂടുതല്‍ വേണ്ടാ. ഒരു അര ഗ്ലാസ് മതി . വല്ലാത്ത ദാഹം"


"ഹും.. നിങ്ങളുടെ ദാഹത്തിന്റെ കാരണം എനിക്ക് മനസ്സിലായി, ദശമൂലാരിഷ്ടം കുടിക്കാത്തതിന്റെ ദാഹമാണല്ലേ" എന്ന ഭാവത്തില്‍ അവള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി . എന്നിട്ട് ടി വിയുടെ റിമോട്ട് സോഫയിലേക്ക് ദേഷ്യത്തോടെ ഇട്ടിട്ടു അടുക്കളയില്‍ പോയി ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊണ്ട് വന്നു.


"ഇന്നാ അര ഗ്ലാസല്ല ഒരു ഗ്ലാസ് കുടിക്ക്. ദാഹം തീരട്ടെ " അവള്‍ കല്പിച്ചു.


അത് വാങ്ങി ഒരു ഞാന്‍ കവിള്‍ കുടിച്ചു. എന്നിട്ട് പറഞ്ഞു.


"ഹോ വെള്ളത്തിനു ഭയങ്കര തണുപ്പ് " ആ ജഗ്ഗിലിരിക്കുന്ന വെള്ളവും ഒരു ഗ്ലാസ്സും കൂടി എടുക്ക്. മിക്സ് ചെയ്തു കുടിക്കട്ടെ " ഞാന്‍ ഭാര്യയോട്‌ വീണ്ടും ആവശ്യപ്പെട്ടു.


അവള്‍ രൂക്ഷമായി എന്നെ വീണ്ടും നോക്കിയിട്ട് അകത്തു പോയി ഒരു ഗ്ലാസ്‌ കൂടി എടുത്തു കൊണ്ട് വന്നു. എന്നിട്ട് ഫ്രീ റേഷന്‍ വാങ്ങാന്‍ ചെല്ലുന്ന ബി പി എല്‍ കാര്‍ക്ക് അരി കൊടുക്കുന്ന റേഷന്‍ കടക്കാരനെപ്പോലെ ജഗ്ഗും ഗ്ലാസ്സും എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി രണ്ടു ഗ്ലാസ്സിലുമായി ഒഴിച്ച് അല്പാല്പമായി ആസ്വദിച്ചു കുടിച്ചു തുടങ്ങി..


പതിവായി കഴിക്കുന്ന ദശമൂലാരിഷ്ടത്തിനു പകരം പച്ച വെള്ളം ചവച്ചു കുടിക്കുന്ന എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് ഭാര്യ സന്തോഷത്തോടെ വീണ്ടും സ്റ്റാര്‍ സിംഗര്‍ കാണാന്‍ തുടങ്ങി.


അപ്പോള്‍ ഫ്രിഡ്ജിലെ വെള്ളക്കുപ്പികള്‍ മാറ്റി പകരം ഞാന്‍ വച്ച വൈറ്റ് റമ്മിന്റെ കുപ്പി പകുതി കാലിയായിരുന്നു..

Thursday, January 7, 2010

പണിക്കര്‍ സാറും ഞാനും ശീര്‍ഷാസനവും

"അയ്യോ അമ്മേ ദേ പപ്പാ തെങ്ങിന്റെ ചുവട്ടില്‍ ഉരുണ്ടു വീണേ"


രാവിലെ വീടിന്റെ മുന്‍വശത്ത്‌ നിന്നും ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദവും ഒപ്പം മകളുടെ നിലവിളിയും കേട്ട ഭാര്യ അടുക്കളയില്‍ നിന്നും ഇറങ്ങി നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി..


കൈലി മുണ്ട് താറു പാച്ചിയുടുത്ത്, മേലാസകലം എണ്ണ തേച്ചു തെങ്ങിന്റെ തടത്തില്‍ വിലങ്ങനെ വീണു കിടക്കുന്ന പ്രിയ ഭര്‍ത്താവിനെ കണ്ട് ഭാര്യ ഒരു നിലവിളിയോടെ അടുത്തെത്തി താങ്ങി ഉയര്‍ത്താന്‍ ശ്രമിച്ചു.


"ശേ വിടെടീ..ഞാന്‍ വീണതൊന്നുമല്ല . ഒരു എക്സര്‍സൈസ് ചെയ്തതാ"


തെങ്ങിന്റെ തടത്തില്‍ നിന്നും ബദ്ധപ്പെട്ടു എഴുനേറ്റ് ദേഹത്ത് പറ്റിയ മണ്ണ് തുടച്ചു കളയുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.


"ങേ എന്നിട്ട് എന്തോ വീഴുന്ന ശബ്ദം ഞാന്‍ കേട്ടല്ലോ?" ഭാര്യക്ക് വിശ്വാസം വരുന്നില്ല.


"എടീ "ശീര്‍ഷാസനം" എന്ന എക്സര്‍സൈസ് ചെയ്യുമ്പോള്‍ അങ്ങിനെ പല ശബ്ദങ്ങളും കേള്‍ക്കും. നീ പോയി മോളെ സ്കൂളില്‍ വിടാന്‍ നോക്ക്"


എന്റെ മറുപടി ഭാര്യക്ക് അത്ര ഇഷ്ടപ്പെട്ടില്ല.


"നീ വാ മോളെ നിന്റെ പപ്പാ ഇങ്ങനെ പല കോപ്രായവും കാണിക്കും"


ശരീരാരോഗ്യം നിലനിര്‍ത്താന്‍ ശീര്‍ഷാസനം പോലുള്ള ആസനങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യം തലയില്‍ കയറാത്ത ഭാര്യ മകളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ദേഷ്യത്തോടെ അകത്തേയ്ക്ക് പോയി. വീഴ്ച്ചക്കിടയില്‍ എന്റെ സ്വന്തം ആസനത്തിന് എന്തെങ്കിലും ഹേമം തട്ടിയിട്ടുണ്ടോ എന്ന് ശങ്കിച്ച ഞാന്‍ അന്നേ ദിവസത്തെ എല്ലാ ആസനങ്ങളും അടിയന്തിരമായി നിറുത്തി വച്ച് കുളിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.



പട്ടാളത്തില്‍ നിന്നും പിരിഞ്ഞെങ്കിലും രാവിലെ എഴുനേറ്റ് കുറച്ചു എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ എനിക്കൊരു ഉഷാറില്ല. നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെയാണ് പിന്നെ എന്റെ നടപ്പ്. എക്സര്‍സൈസുകള്‍ തുടങ്ങുന്നതിനു മുന്‍പ് കുറച്ചു ദൂരം ഓടി ശരീരം ഒന്ന് " വാം " ആക്കണം എന്നാണു പട്ടാളത്തിലെ രീതി. പക്ഷെ നാട്ടിലെത്തിയിട്ട് ഇത് വരെ എനിക്ക് ഓടാന്‍ പറ്റിയിട്ടില്ല. ഓടാന്‍ പറ്റിയ വഴികളോ ഗ്രൌണ്ടോ എന്റെ വീടിനടുത്ത് ഇല്ല എന്നത് തന്നെ കാരണം. ഉള്ള വഴിയില്‍ കൂടി ഓടിയാല്‍ "വാം" ആകുന്നതിനു പകരം വല്ല കുഴിയിലും വീണു "വടി" ആകാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ട് നേരം വെളുക്കുന്നതിനു മുന്‍പ് എഴുനേറ്റ് വീടിനു ചുറ്റും നാല് റൌണ്ട് ഓടിയിട്ട് പുഷ് അപ്, ചിന്‍ അപ്, തവള ചാട്ടം, ശീര്‍ഷാസനം മുതലായ ഇന്‍ഡോര്‍ എക്സര്‍സൈസുകള്‍ ചെയ്യുകയാണ് ഞാനിപ്പോള്‍.


ശീര്‍ഷാസനം എന്ന ആസനം എനിക്ക് ഉപദേശിച്ചു തന്നത് എന്റെ അയല്‍ക്കാരനും സുഹൃത്തും വക്കീലുമായ പണിക്കര്‍ സാറാണ്. പണിക്കര്‍ സാര്‍ ഒരു എക്സ് സൈനികന്‍ കൂടിയാണ്. പട്ടാളത്തില്‍ പോയതിനു ശേഷം ബിരുദാനന്തര ബിരുദവും എല്‍. എല്‍.ബിയും നേടിയ ആളാണ്‌ പണിക്കര്‍ സാര്‍. ശരീരം സൂക്ഷിക്കുന്നതില്‍ വലിയ നിഷ്കര്‍ഷയുള്ള പണിക്കര്‍ സാറിനു പക്ഷെ ഒരു കുഴപ്പമേയുള്ളൂ. സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ അയാളെ അദ്ദേഹം വാദിയും പ്രതിയുമാക്കി സംസാരിച്ചു കൊന്നുകളയും.! രാവിലെ അദ്ദേഹം പതിവുള്ള ഓട്ടവും കഴിഞ്ഞു പാല് വാങ്ങാനായി പോകുന്ന സമയം നോക്കിയാണ് ഞാന്‍ എക്സര്‍സൈസുകള്‍ ചെയ്യുന്നത്. പണിക്കര്‍ സാര്‍ പാലുമായി വരുന്നത് കണ്ടാലുടന്‍ ഞാന്‍ പുരയുടെ പുറകിലേയ്ക്ക് മാറിക്കളയും. അല്ലെങ്കില്‍ അന്നത്തെ എന്റെ ദിവസവും അദ്ദേഹത്തിന്റെ കോടതിയില്‍ പോക്കും സ്വാഹാ...



ഞാന്‍ കുളിക്കാനായി തോര്‍ത്തുമെടുത്തു കുളി മുറിയിലേയ്ക്ക് പോയി. കുളിമുറിക്കുള്ളില്‍ മകളും ഭാര്യയുമായി ഗാട്ടാ ഗുസ്തി നടക്കുന്നു. ഞാന്‍ വീണ്ടും മുറ്റത്തെയ്ക്ക് നടന്നു. അവിടെ അതാ സാക്ഷാല്‍ പണിക്കര്‍ സാര്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ സ്ഥിരമായി കാണുന്ന പാല്‍പ്പാത്രം.!


ഞാന്‍ എലിയെ കണ്ട പൂച്ചയെപ്പോലെ പരുങ്ങി. ശരീരം മുഴുവന്‍ എണ്ണ പുരട്ടി, പച്ച വെളിച്ചെണ്ണയില്‍ ചാടിയ തവളെയെപ്പോലെ നില്‍ക്കുന്ന എന്നെ കണ്ട് പണിക്കര്‍ സാര്‍ വെളുക്കെ ചിരിച്ചു. സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷം ആ ചിരിയില്‍ കാണുന്നുണ്ട്.



"ആഹാ ഇന്നത്തെ എക്സര്‍സൈസ് ഒക്കെ കഴിഞ്ഞു അല്ലെ .. ശീര്‍ഷാസനം ചെയ്തോ ?" പണിക്കര്‍ സാര്‍ തുടക്കമിട്ടു.


ശീര്‍ഷാസനം ചെയ്തപ്പോള്‍ കാലുകള്‍ അന്തരീക്ഷത്തില്‍ ബാലന്‍സ് ചെയ്തു നിറുത്തുവാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു സപ്പോര്‍ട്ടിന് വേണ്ടി തെങ്ങില്‍ ചാരിയതും എണ്ണ മയം മൂലം കാലുകള്‍ സ്ലിപ്പായതും ശീര്‍ഷാസനം ടപ്പേന്ന് ശവാസനമായതും ഞാന്‍ പണിക്കര്‍ സാറിനോട് പറഞ്ഞില്ല.


ഏതായാലും എന്റെ ഭാഗ്യത്തിന് ഏതോ കക്ഷികള്‍ വരികയും പണിക്കര്‍ സാര്‍ പോവുകയും ചെയ്തു. എങ്കിലും പോകുന്നതിനു മുന്‍പ് അദ്ദേഹം സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വഴിയുടെ കാര്യം എനിക്ക് പറഞ്ഞു തന്നു.


ഉച്ച കഴിഞ്ഞു ഞാന്‍ പോയി പണിക്കര്‍ സാര്‍ പറഞ്ഞ വഴി നോക്കി തിട്ടപ്പെടുത്തി. അല്പം ദൂരെയുള്ള ഹൌസിംഗ് കോളനിയുടെ ഇടയില്‍ പുതുതായി ടാര്‍ ചെയ്തു മിനുക്കിയ രസികന്‍ വഴി. വഴിയുടെ ഇരു വശവും മരങ്ങളും വീടുകളുമുണ്ട്. വഴിയരികിലുള്ള എല്ലാ വീടുകള്‍ക്കും ഗേറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ചില ഗേറ്റുകളില്‍ "പട്ടിയുണ്ട് സൂക്ഷിക്കുക" എണ്ണ ബോര്‍ഡും തൂക്കിയിരിക്കുന്നു. ഞാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും നോക്കി വച്ചു.



രാവിലെ മകള്‍ സ്കൂളില്‍ പോകാന്‍ ഉപയോഗിക്കുന്ന ചെറിയ സൈക്കിളില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തുക. സൈക്കിള്‍ പൂട്ടി വച്ചിട്ടു ഓട്ടം തുടങ്ങുക. രണ്ടു കിലോമീറ്റര്‍ ഓടിയതിനു ശേഷം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് തിരിച്ചോടുക. അവിടെ എത്തി സൈക്കിളെടുത്തു വീട്ടിലേയ്ക്ക് തിരിക്കുക. വീട്ടിലെത്തിയതിനു ശേഷം പുഷ് അപ്, ചിന്‍ അപ്, ശീര്‍ഷാസനം മുതലായ പതിവ് എക്സര്‍സൈസുകള്‍ തുടങ്ങുക ഇതായിരുന്നു എന്റെ പ്ലാന്‍ .


പിറ്റേ ദിവസം രാവിലെ നാലെര മണിയോടെ ഞാന്‍ സൈക്കിള്‍ എടുത്തു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ ഒരു വീടിന്റെ മുന്‍പില്‍ പൂട്ടി വച്ചിട്ടു എന്റെ ഓട്ടം സ്റ്റാര്‍ട്ട് ചെയ്തു. ആദ്യം പതുക്കെയും പിന്നെ സ്പീട് കൂട്ടിയും ഞാന്‍ ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയില്‍ കൈകള്‍ വിടര്‍ത്തിയും മടക്കിയും ഉയര്‍ത്തിയും താഴ്ത്തിയും ഒക്കെ പട്ടാള രീതിയില്‍ തന്നെ ഓടാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫിനിഷിംഗ് പോയിന്റില്‍ എത്തിയിട്ട് അതെ രീതിയില്‍ തന്നെ തിരിച്ചു സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് വിട്ടു.



കുറച്ചു നാളായി ഓടാത്തതിന്റെ കേടു തീര്‍ത്ത്‌ , സസന്തോഷം ഞാന്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ എടുക്കാനായി അത് പൂട്ടി വച്ചിരുന്ന വീടിനു മുന്‍പിലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. എന്റെ സൈക്കിള്‍ കാണാനില്ല. !!


"ദേണ്ടെ വന്നെടാ പിടിയെടാ അവനെ."


അടുത്തുള്ള വീടുകളിലെ ലൈറ്റുകള്‍ പെട്ടെന്ന് തെളിഞ്ഞു. ആളുകള്‍ വടിയും ആയുധങ്ങളുമായി ഓടിക്കൂടി. ദൈവമേ.. ഏതെങ്കിലും നിരോധിത മേഘലയാണോ ഇത് ? ആരാണ് ഇവരൊക്കെ ? എന്തിനാണ് ഇവരെന്നെ വളഞ്ഞു പിടിച്ചിരിക്കുന്നത്? ഓടിയത് കൊണ്ട് ചെറിയ രീതിയില്‍ വിയര്‍ത്തിരുന്ന ഞാന്‍ ഞാന്‍ പേടി കൊണ്ട് നല്ല രീതില്‍ വിയര്‍ത്തു. പാക് പട്ടാളത്തിന്റെ മുന്‍പില്‍ പെട്ട ഇന്ത്യന്‍ ജവാനെപ്പോലെ ഞാന്‍ വിറച്ചു കൊണ്ട് കൂനിക്കൂടി നിന്നു.


ഇതിനിടയില്‍ ആരോ എന്റെ സൈക്കിള്‍ എവിടെ നിന്നോ എടുത്തു കൊണ്ട് വന്നു. ഒരുത്തന്‍ എന്റെ മുഖത്തേയ്ക്കു ടോര്‍ച്ചു അടിച്ചു പിടിച്ചിട്ട് ഇടി വെട്ടുന്ന സ്വരത്തില്‍ ഒരു ചോദ്യം.


"അമ്പടാ നീയാണല്ലേ എന്റെ മോളുടെ സൈക്കിള്‍ മോഷ്ടിച്ചത് ? എന്നിട്ട് ആ സൈക്കിളില്‍ തന്നെ പിന്നേം മോഷ്ടിക്കാന്‍ വന്നിരിക്കുന്നോ? നിന്നെ ഇന്ന് ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം"

"അയ്യോ ഞാനൊരു മുന്‍ പട്ടാളക്കാരനാ. രാവിലെ എക്സര്‍സൈസിന് വേണ്ടി ഓടാന്‍ വന്നതാ..ഇതെന്റെ മോളുടെ സൈക്കിളാ"



അടി വീഴും എന്നുറപ്പായ ഞാന്‍ ദയനീയമായി പറഞ്ഞു. എന്റെ മോളുടെ അതെ മോഡലില്‍ ഉള്ള ഒരു സൈക്കിള്‍ ഈ സ്ഥലത്ത് നിന്നും മോഷണം പോയിട്ടുണ്ടെന്നും അത് ഞാനാണ് മോഷ്ടിച്ചതെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും എനിക്ക് മനസ്സിലായി. . എന്നെ അധികം പരിചയമില്ലാത്ത ഈ സ്ഥലത്ത് നിന്നും എങ്ങിനെ രക്ഷപ്പെടും എന്നറിയാതെ ഞാന്‍ കുഴങ്ങി.


പെട്ടെന്നാണ് ആ അശരീരി കേട്ടത്.


"അയ്യോ ഇത് കള്ളനല്ല. പാല്‍ സൊസൈറ്റിയുടെ അടുത്തു താമസിക്കുന്ന രഘുവാ. പട്ടാളത്തില്‍ നിന്നും ഇപ്പൊ വന്നതേയുള്ളൂ..എനിക്കറിയാം"


ഞാന്‍ ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. എന്നെ ആപത്തില്‍ സഹായിച്ച ആ ദൈവദൂതന്‍ മറ്റാരുമായിരുന്നില്ല.


രാവിലയുള്ള തന്റെ പതിവ് ഒട്ടത്തിനായി വന്ന സാക്ഷാല്‍ പണിക്കര്‍ സാര്‍..!!

Tuesday, December 22, 2009

വയറിളകിയ ഫാസ്റ്റ് പാസ്സഞ്ചര്‍

ഹരിപ്പാട് നിന്നും പുറപ്പെട്ട് ആലപ്പുഴ ചേര്‍ത്തല വഴി നേരെ എറണാകുളത്തിനു വച്ചു പിടിക്കാനായി നില്‍ക്കുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ്, തന്റെ ഓട്ടം തുടങ്ങാനുള്ള അനുമതിയായ ഡബിള്‍ ബെല്ലിനു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഒറ്റ നോട്ടത്തില്‍ യശ:ശരീരനായ ശ്രീ നവാബ് രാജേന്ദ്രന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിക്കൊണ്ട് ഓടി വന്നു കയറിയത്. അയാള്‍ ഡ്രൈവറുടെ സീറ്റിന്റെ അടുത്തായി നിന്നിട്ട് സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങള്‍ പുറത്തെടുത്തു. പിന്നീട് അതില്‍ നിന്നും ഒരു പുസ്തകം ബസ്സിലിരിക്കുന്ന ഞാനടക്കമുള്ള യാത്രക്കാരുടെ നേരെ തുറന്നുപിടിച്ചിട്ട് ഏറു കൊണ്ട ശുനകന്റെ സ്വരസൌകുമാര്യത്തോടെ ഒരു ചോദ്യം..!!


"മഴ പെയ്യുമ്പോള്‍ മാക്രികള്‍ കരയുന്നത് എന്തുകൊണ്ട്? "


ഏറെ നേരമായിട്ടും ബസ് വിടാത്തതില്‍ കുന്ടിതപ്പെട്ടിരുന്ന ഒരു യാത്രികന് താടിയും മുടിയും നീട്ടി കാഷായ വേഷധാരിയായ അയാളുടെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ മറുപടി കൊടുത്തു.


"അത് താന്‍ പോയി മാക്രിയോടു ചോദിക്ക്. ഇവിടെ വണ്ടി വിടാന്‍ നോക്കിയിരിക്കുമ്പോഴാ അങ്ങേരുടെ ഒരു മാക്രി"


" അമ്മായി അമ്മയെ കാണുമ്പോള്‍ മരുമകളുടെ ശരീരം ചൊറിഞ്ഞു കയറുന്നത് എന്തുകൊണ്ട്?"


മുന്‍സീറ്റില്‍ ഇരിക്കുന്ന അമ്മയേയും മകളെയും നോക്കി കാഷായ വേഷധാരി അടുത്ത ചോദ്യം ഉന്നയിച്ചതോടെ നേരെ പുറകിലത്തെ സീറ്റില്‍ ഇരുന്ന ചെറുപ്പക്കാരന്‍ തലയുയര്‍ത്തി രൂക്ഷമായി അയാളെ നോക്കി. അത് മൈന്‍ഡ് ചെയ്യാതെ കാഷായവേഷം ഉടന്‍ തന്റെ അടുത്ത ചോദ്യവും പുറത്തു വിട്ടു.



"വെള്ളമടിച്ചു വീലൂരി വരുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ ഭാര്യ അരിവാള്‍, വെട്ടുകത്തി, ഉലക്ക മുതലായ മാരകായുധങ്ങള്‍ എടുക്കുന്നത് എന്ത് കൊണ്ട്?"


ആ ചോദ്യം കേട്ട് പുറകു വശത്തെ ഡോറിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന മധ്യവയസ്കന്‍ അടുത്തിരുന്ന തന്റെ ഭാര്യയേയും, ഭാര്യ അയാളേയും അര്‍ദ്ധഗര്‍ഭമായി ഒന്ന് ഒളി കണ്ണിട്ടു നോക്കി. ഇതെല്ലാം കണ്ടും കേട്ടും ഏറ്റവും പുറകില്‍ ഇരുന്നിരുന്ന ഞാന്‍ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വച്ചിട്ടു കാഷായ വേഷത്തിന്റെ അടുത്ത ചോദ്യം എന്തായിരിക്കും എന്നാലോചിച്ചു.



"അങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന നൂറ്റി ഒന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതാ വെറും പത്തു രൂപയ്ക്ക്...വാങ്ങൂ.. വായിക്കൂ സംശയങ്ങളില്‍ നിന്നും മുക്തി നേടൂ" കാഷായധാരി തന്റെ പ്രസംഗം ഉപസംഹരിച്ചിട്ട്‌ പുസ്തകങ്ങളുമായി യാത്രക്കാരുടെ അരികിലേയ്ക്ക് നീങ്ങി.



ഇതിനിടയില്‍ കണ്ടക്ടര്‍ കേറുകയും ഡബിള്‍ ബെല്‍ മുഴങ്ങുകയും വണ്ടി നീങ്ങുകയും ചെയ്തു. നീങ്ങിത്തുടങ്ങിയ വണ്ടിയുടെ പുറകില്‍ നിന്നും ഒരു വൃദ്ധയുടെ ദീനമായ ശബ്ദം കേട്ടത് അപ്പോഴാണ്‌.


"അയ്യോ വണ്ടി വിടല്ലേ... ഞാനും വരുന്നു...എന്നേം കൂടെ കൊണ്ട് പോണേ"


ചട്ടയും മുണ്ടും ധരിച്ച ഒരു വല്യമ്മ കയ്യില്‍ ഒരു കാലന്‍ കുടയും പിടിച്ചു കൊണ്ട് വണ്ടിയുടെ പിറകെ ഓടുന്നു. അത് കണ്ട കണ്ടക്ടര്‍ വീണ്ടും ബെല്ലടിച്ചു വണ്ടി നിര്‍ത്തി. ഓടിവന്ന വല്യമ്മ വണ്ടിയില്‍ ചാടിക്കയറി. കയറിയ ഉടന്‍ വെപ്രാളത്തോടെ ഇരിക്കാനുള്ള സീറ്റിനു വേണ്ടി പരതി. വണ്ടി വീണ്ടും യാത്ര തുടങ്ങി.


"വല്യമ്മേ വാതിലിനടുത്ത് നിന്ന് അങ്ങോട്ട് മാറി നില്ല്. റോഡു മോശമാ. ഉരുണ്ടു വീണു വല്ലോം പറ്റിയാല്‍ പിന്നെ ഞാന്‍ തൂങ്ങണം."



വാതിലിനടുത്ത് തന്നെ നിന്ന് സീറ്റിനു വേണ്ടി പരതിക്കൊണ്ടിരുന്ന വല്യമ്മയെ നോക്കി കണ്ടക്ടര്‍ മുന്നറിയിപ്പ് കൊടുത്തു. അത് കേട്ട വല്യമ്മ കാലന്‍ കുട കക്ഷത്തില്‍ ഒതുക്കി പിടിച്ചു കൊണ്ട് ആളുകളുടെ ഇടയിലേയ്ക്കു ഇടിച്ചു കയറി.



"അയ്യോ എന്റെ മുണ്ട്.... ദേണ്ടെ എന്റെ മുണ്ടും കൊണ്ട് പോകുന്നു "



പോകുന്ന വഴിയില്‍ വല്യമ്മയുടെ കക്ഷത്തിലിരുന്ന കാലന്‍ കുടയുടെ വളഞ്ഞ പിടി അടുത്തു നിന്ന ഒരു വല്യപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്റെ മടക്കില്‍ കയറിപ്പിടിച്ചതും നിന്ന നില്പില്‍ ദിഗംബരനായ വല്യപ്പന്‍ തന്റെ മുണ്ടിനു വേണ്ടി കുടയുടെ കാലില്‍ കയറിപ്പിടിച്ചതുമൊന്നും വല്യമ്മ ഗൌനിച്ചില്ല. അവര്‍ ഇടിച്ചു തള്ളി മുന്‍പിലേയ്ക്ക് പോയി.



ഹോ.. പിരി ഇളകിയ ഓരോന്ന് വന്നു കേറിക്കോളും..മനുഷ്യനെ നാണം കെടുത്താന്‍"


മുണ്ട് തിരിച്ചു കിട്ടിയ വല്യപ്പന്‍ അത് വീണ്ടും തന്റെ ശരീരത്തില്‍ ബന്ധിക്കുന്നതിനിടയില്‍ ആവലാതിപ്പെട്ടു.



യാത്രക്കാരുടെ മുതുക് തന്റെ ഇരിപ്പിടമാക്കിയ കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു കൊടുത്തു മുന്‍പോട്ടു പോയി. സ്റ്റോപ്പുകളില്‍ നിറുത്താതെയും സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിറുത്തിയും ചിലപ്പോള്‍ സുപ്പര്‍ ഫാസ്റ്റു പോലെ പറന്നും മറ്റു ചിലപ്പോള്‍ ഓര്‍ഡിനറി പോലെ ഇഴഞ്ഞും സര്‍ക്കാര്‍ അധീനതയിലുള്ള ആ 'ത്വരിതഗമന ശകടം' മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഇതിനിടയില്‍ മുന്‍ വശത്ത്‌ നിന്നും വല്യമ്മയുടെ കാലന്‍ കുടയുടെ പരാക്രമത്തിനിരയായ മറ്റൊരു വനിത അവരെ ഉച്ചത്തില്‍ ശാസിക്കുന്നത് കേട്ടു. കളര്‍ കോട് ജങ്ങ്ഷന്‍ കഴിഞ്ഞപ്പോഴാണ് വണ്ടിയുടെ മുന്‍ഭാഗത്ത് നിന്നും ഉച്ചത്തിലുള്ള ആ നിലവിളി കേട്ടത്.


"അയ്യോ എനിക്ക് വെളിക്കിറങ്ങണം "


"വല്യമ്മേ ഇത് ലിമിറ്റഡ് സ്റ്റോപ്പാ. ഇനി വണ്ടി മെഡിക്കല്‍ കോളേജ് ജങ്ഷനിലേ നിര്‍ത്തൂ. അവിടെ ഇറക്കാം" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.


"അയ്യോ എനിക്കുടനെ വെളിക്കിറങ്ങണം. വണ്ടി നിര്‍ത്തെടാ കൊച്ചനെ" വല്യമ്മ ഡ്രൈവറെ നോക്കി വെപ്രാളത്തോടെ പറഞ്ഞു.


"അവര്‍ക്ക് വയറ്റില്‍ വല്ല അസുഖവും കാണും. വെളിക്കിറങ്ങണമെന്ന് പറയുന്നത് കേട്ടില്ലേ? " വല്യമ്മയുടെ അടുത്തിരുന്ന ഒരു യാത്രക്കാരന്‍ ഡ്രൈവറോട് കയര്‍ത്തു.


ചെറുപ്പക്കാരനായ ഡ്രൈവര്‍ ധര്‍മ സങ്കടത്തിലായെന്നു തോന്നുന്നു. പ്രായമായ ഒരു വല്യമ്മയാണ് അപേക്ഷിക്കുന്നത്. വെളിക്കിറങ്ങാന്‍ മുട്ടുന്ന അവരെ എങ്ങനെ ഇറക്കാതിരിക്കും? വല്ല പ്രഷറോ ഷുഗറോ ഉള്ള ആളാണെങ്കില്‍ ഇപ്പോഴത്തെ പ്രഷര്‍ കൂടുമ്പോള്‍ ഒപ്പം മറ്റേ പ്രഷറും കൂടിയാല്‍ കുഴപ്പമാകില്ലേ? ഇറക്കിയാല്‍ തന്നെ എവിടെ ഇറക്കും? പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യങ്ങള്‍ ഉള്ളിടത്തല്ലേ ഇറക്കാന്‍ പറ്റൂ? അയാള്‍ വണ്ടി നിര്‍ത്തണോ വേണ്ടയോ എന്നറിയാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു പിറകില്‍ ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നകണ്ടക്ടറെ നോക്കി.



"സാറേ നിങ്ങള്‍ വണ്ടി എങ്ങും നിര്‍ത്താതെ നേരെ സ്റ്റാന്റിലേക്ക് വിട്. പറപ്പിച്ചു വിട്ടാല്‍ അഞ്ചു മിനിട്ട് കൊണ്ട് സ്റ്റാന്റില്‍ എത്താം. അവിടെയാകുമ്പോള്‍ വല്യമ്മയ്ക്ക് കക്കൂസ്സില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല"


വല്യമ്മയുടെ അവസ്ഥ മനസ്സിലാക്കിയ നല്ല ശമരിയാക്കാരനായ ഒരു മാന്യന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അത് കേട്ട ഡ്രൈവര്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കക്കൂസ്സില്‍ പോകാന്‍ വൈകിയാലുണ്ടാവുന്ന വെപ്രാളം നന്നായി അറിയാവുന്നവനെപ്പോലെ അയാള്‍ വണ്ടി പറപ്പിച്ചു വിട്ടു. എതിരെ വരുന്ന വാഹനങ്ങള്‍ കെ എസ് ആര്‍ ടി സി ബസ്സിന്റെ മരണപ്പാച്ചില്‍ കണ്ടു അന്തം വിട്ടു. ഇരു ചക്ര വാഹനക്കാര്‍ ബസ്സിന്റെ വരവ് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി അകലെ വച്ചു തന്നെ സൈഡില്‍ ഒതുക്കി. മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്നിരുന്ന ട്രാഫിക് പോലീസ്സുകാരന്‍ കഥ എന്തെന്നറിയാതെ ഹെഡ് ലൈറ്റ് ഇട്ടു, ഹോണ്‍ നീട്ടിയടിയടിച്ചു കൊണ്ട് പാഞ്ഞവരുന്ന ബസ്സിനു പോകാനുള്ള സൗകര്യം പെട്ടെന്ന് ഉണ്ടാക്കിക്കൊടുത്തു. ഒപ്പം തന്നെ അടുത്ത ട്രാഫിക് സിഗ്നലില്‍ നില്‍കുന്ന പോലീസ്സുകാരനുള്ള മെസ്സേജ് വാക്കി ടോക്കിയിലൂടെ നല്‍കുന്നതും കണ്ടു.



ബസ്‌ സ്റ്റാന്റിനെ ചുറ്റി തെക്ക് ഭാഗത്തുള്ള പബ്ലിക്‌ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പിലേയ്ക്ക് പാഞ്ഞെത്തിയ ബസ്സിനെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ബസ്സിന്റെ ബ്രേക്ക് ഫെയില്‍ ആയിട്ടുണ്ടാകുമെന്നുള്ള ശങ്കയോടെ ഓടിമാറി. കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പില്‍ എത്തിയ ബസ് ഒരു അലര്‍ച്ചയോടെ നിരങ്ങി നിന്നു. ഇതിനകം തന്നെ യാത്രക്കാര്‍ വല്യമ്മയ്ക്ക് പെട്ടെന്ന് ഇറങ്ങാനുള്ള സൌകര്യത്തിനായി വഴി ഉണ്ടാക്കിയിരുന്നു.


"വല്യമ്മേ ദേ കക്കൂസ് ..പെട്ടെന്ന് ഇറങ്ങിക്കോ..." ഡ്രൈവര്‍ വല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.


"ഭാ...... കളര്‍കോട്ട് ഇറങ്ങാനുള്ള എന്നെ കക്കൂസ്സിലാണോടാ ഇറക്കുന്നത്‌? കുരുത്തം കെട്ടവനേ.."


ബസ് സ്റ്റാണ്ട് വിറയ്ക്കുന്ന രീതിയിലുള്ള ആക്രോശം കേട്ട ഡ്രൈവര്‍ അന്തം വിട്ടിരുന്നു. വല്യമ്മയുടെ വെപ്രാളം കണ്ടു വണ്ടി പറപ്പിച്ചു വിടാന്‍ ഡ്രൈവറോട് ആജ്ഞാപിച്ച നല്ല ശമരിയാക്കാരനായ യാത്രക്കാരന്‍ അതുവഴി വന്ന മറ്റൊരു ബസ്സില്‍ കയറിപ്പോയത് ഡ്രൈവര്‍ മാത്രം കണ്ടില്ല.

Saturday, November 21, 2009

ഞെട്ടിപ്പിക്കുന്ന അണ്ടര്‍വെയറും ഭീകര കാലുകളും

"ഒറോത ചേടത്തിയെ കരണ്ടടിച്ചു. ..!!?"


വാര്‍ത്ത കാട്ടു തീ പോലെ പരന്നു...!!!


കേട്ടവര്‍ കേട്ടവര്‍ ഒറോത ചേടത്തിയുടെ സ്വഭവനമായ മാത്തന്‍സ് വില്ലയിലേയ്ക്ക് പ്രവഹിച്ചു. മാത്തന്‍സ് വില്ല ശോകമൂകമായി.

എന്റെ സുഹൃത്തും അയല്‍ക്കാരനുമായ ശ്രീമാന്‍ മാത്തപ്പന്‍ അവര്‍കളുടെ പ്രിയ പത്നിയാണ് ഒറോത ചേടത്തി. മാത്തപ്പന്‍ ചേട്ടനെയും പ്രിയ ഭാര്യ ഒറോത ചേടത്തിയേയും ഈ ബ്ലോഗു വായിക്കുന്ന ചില വായനക്കാരെങ്കിലും ഓര്‍മിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ ഒരു ക്ലൂ തരാം...


പണ്ട് ഞാന്‍ ഗോവയില്‍ നിന്നും കൊണ്ടു വന്ന ഫെനി അടിച്ചു പൂക്കുറ്റിയായി ചക്കയിടാന്‍ കയറിയ മാത്തപ്പന്‍ ചേട്ടന്‍ ചക്ക കെട്ടിയിറക്കാന്‍ വേണ്ടി അരയില്‍ ചുറ്റിയിരുന്ന കയറിന്റെ ഒരറ്റം ചക്കയില്‍ കെട്ടിയിട്ടു മറ്റേ അറ്റം തന്റെ അരയില്‍ ബന്ധിച്ചിരിക്കുകയാണ്‌ എന്നുള്ള വിവരം മറന്നു ചക്ക വെട്ടിയതും ചക്ക മാത്തപ്പന്‍ ചേട്ടനെയും കൊണ്ടു താഴേയ്ക്ക് പോന്നതും ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.



ഇപ്പോള്‍ പിടി കിട്ടിയോ? കിട്ടിക്കാണും എന്ന് കരുതുന്നു. കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടാ. ഉടനെ കിട്ടിക്കോളും.



അഞ്ചടി പൊക്കവും കാക്ക കറുപ്പും ഭാരത്‌ ഗ്യാസ് സിലിണ്ടെറിന്റെ ആകൃതിയും കഷണ്ടിത്തലയും പിന്നെ മുഖത്തു ഒരു ഹിറ്റ്‌ ലര്‍ മീശയും ചേര്‍ന്നാല്‍ മാത്തപ്പന്‍ ചേട്ടനായി.നാലര അടി പൊക്കവും നല്ല വെളുപ്പും വട്ട മുഖവും അടുക്കിട്ടുടുത്ത മുണ്ടും ചട്ടയും ചേര്‍ന്നാല്‍ ഒറോത ചേടത്തിയായി. ഇവരു രണ്ടും ചേര്‍ന്നാല്‍ മാത്തന്‍സ് വില്ലയിലെ തിരു:കുടുംബമായി..



ഇനി ഞാന്‍ മാത്തന്‍സ് വില്ലയിലെയ്ക്ക് മൈക്ക് കൈമാറുന്നു..



കരണ്ടടിച്ചു അബോധാവസ്ഥയിലായ ഒറോത ചേടത്തിയുടെ വിവരങ്ങള്‍ അറിയാന്‍ വന്നവര്‍ വീടിനു മുന്‍പില്‍ തടിച്ചു കൂടിയിരിക്കുകയാണ്. വ്യക്തമായ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ ജനലിന്റെ വിടവിലൂടെ അകത്തേയ്ക്ക് എത്തി നോക്കുന്നു. ചിലര്‍ വരാന്തയിലെ കസേരയില്‍ ഇരുന്നു പരസ്പരം വിവരങ്ങള്‍ ആരായുന്നു. മറ്റു ചിലര്‍ ചേടത്തിയെ ആശുപതിയില്‍ കൊണ്ടു പോകാനുള്ള ജീപ്പ് വരുന്നതും നോക്കി റോഡരികില്‍ നില്‍ക്കുന്നു..



രാവിലെ ഉദ്ദേശം പതിനൊന്നു മണിക്കാണ് സംഭവം. മാത്തപ്പന്‍ ചേട്ടനാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഏക സാക്ഷി. അത് കൊണ്ടു വിശദ വിവരങ്ങള്‍ മാത്തപ്പന്‍ ചേട്ടന് മാത്രമേ അറിയൂ. അദ്ദേഹമാണെങ്കില്‍ അകത്തു കട്ടിലില്‍ കിടക്കുന്ന പ്രിയ ഭാര്യയുടെ കൈകാലുകള്‍ തിരുമ്മി ചൂടാക്കുകയാണ്. അടുത്തു തന്നെ എന്റെ അമ്മയും അയല്‍പക്കത്തുള്ള ഒന്ന് രണ്ടു പേരുമുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമായ കുട്ടച്ചനാണ് വണ്ടി വിളിക്കാനും മറ്റുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്.



"വിദേശത്തുള്ള മക്കളെ അറിയിക്കേണ്ടേ? അടുത്ത വീട്ടിലെ താമസ്സക്കാരനായ തോമസ്‌ ചേട്ടന്‍ മെമ്പര്‍ കുട്ടച്ചനോട് ചോദിച്ചു.."



"അറിയിക്കണം അറിയിക്കണം.. ആദ്യം ചേടത്തിയെ ആശുപത്രിയില്‍ എത്തിക്കട്ടെ. എന്നിട്ടാലോചിക്കാം" കുട്ടച്ചന്‍ ധൃതിയില്‍ റോഡിലേയ്ക്ക് പോയി.


""അര മണിക്കൂര്‍ കഴിഞ്ഞില്ലേ ഇനിയിപ്പോള്‍ രക്ഷപെടാന്‍ പാടാ.. ഹോ ... നല്ല സ്നേഹമുള്ള ചേടത്തി ആയിരുന്നു" അയല്‍ക്കാരന്‍ തോമസ്‌ ചേട്ടന്‍ ആത്മഗതം ചെയ്തിട്ട് താടിക്ക് കയ്യും കൊടുത്ത് എന്തോ ചിന്തിച്ചിരുന്നു.


"ചേടത്തിയ്ക്ക് ബോധം വീണു" ആരോ അകത്തു നിന്ന് വിളിച്ചു പറഞ്ഞു..


"എല്ലാരും ഒന്ന് ഒതുങ്ങി നിന്നെ.. അല്പം കാറ്റു കടക്കട്ടെ" റോഡില്‍ നിന്നും തിരിച്ചു വന്ന കുട്ടച്ചന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ട് തിടുക്കത്തില്‍ അകത്തേയ്ക്‌ പോയി. ആളുകള്‍ ആശ്വാസത്തോടെ നിശ്വസിച്ചു. എന്നിട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തു നിന്നു.



""കരണ്ടടിച്ചത് മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍ വെയറില്‍ നിന്നാണ്."!! അകത്തു നിന്നും വന്ന പൊന്നമ്മ ചേച്ചി മര്‍മപ്രധാനമായ ആ വിവരം പറഞ്ഞു. അത് കേട്ടവര്‍ കേട്ടവര്‍ ഞെട്ടി.



"അണ്ടര്‍ വെയറില്‍ നിന്നും കരണ്ടോ?" വെള്ളത്തില്‍ നിന്നും കാറ്റില്‍ നിന്നും ഒക്കെ കരണ്ട് എടുക്കുന്ന വിവരം കേട്ടിട്ടുണ്ട്. പക്ഷെ അണ്ടര്‍ വെയറില്‍ നിന്നും എങ്ങനെ കരണ്ട് വരും? ആളുകള്‍ പരസ്പരം നോക്കി.


മുട്ട് വരെ നീളമുള്ള ചുവന്ന അണ്ടര്‍ വെയര്‍ ധരിച്ചു, അതിനു മുകളില്‍ മുണ്ട് മടക്കിക്കുത്തി തൂമ്പയും തോളില്‍ വച്ച് പോകുന്ന മാത്തപ്പന്‍ ചേട്ടനെ ഞങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ ഒരാളെ കൊല്ലാന്‍ മാത്രം ശക്തിയുള്ള കരണ്ട് ഉത്പാദിപ്പിക്കുന്ന അണ്ടര്‍വെയറാണ്‌ അതെന്നു ആരും കരുതിയിരുന്നില്ല. അങ്ങനെയാണെകില്‍ എന്ത് കൊണ്ടു മാത്തപ്പന്‍ ചേട്ടനെ ഇതു വരെ കരണ്ടടിച്ചില്ല? എങ്ങനെ ഒറോത ചേടത്തിയെ മാത്രം കരണ്ടടിച്ചു? അങ്ങനെ അടിക്കാനുള്ള സാഹചര്യം എന്ത്?



ഇനി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍വെയര്‍ കരണ്ട് ഉത്പാദിപ്പിക്കുകയുള്ളൂ എന്നുണ്ടോ? എങ്കില്‍ ഏതാണാ സന്ദര്‍ഭം? ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍. ഉത്തരം തരാന്‍ ഒരാള്‍ക്കേ കഴിയൂ. അണ്ടര്‍ വെയറിന്റെ ഉടമസ്ഥനായ സാക്ഷാല്‍ മാത്തപ്പന്‍ ചേട്ടന്‍. ഞങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചിരുന്നു..


""ദേണ്ടെ ആ കിടക്കുന്ന അണ്ടെര്‍വെയറീന്നാ കരണ്ടടിച്ചത്. ആരും തൊടരുത് "



ഈ സമയം പുറത്തേയ്ക്ക് വന്ന മാത്തപ്പന്‍ ചേട്ടന്‍ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് പേടിയോടെ നോക്കിയ ആളുകള്‍ അവിടെ ബന്ധിച്ചിരിക്കുന്ന അയയില്‍ തൂങ്ങിക്കിടക്കുന്ന ചിരപരിചിതമായ ചുവന്ന അണ്ടെര്‍ വെയര്‍ കണ്ടു ഞെട്ടി പിന്നോട്ട് മാറി. അതിന്റെ നീളമുള്ള കാലുകള്‍ താഴേയ്ക്ക് തൂങ്ങിക്കിടന്നിരുന്നു. ഒറോത ചേടത്തിയെ അടിച്ചു നിലം പരിശാക്കിയ ആ ഭീകരന്‍ "ഇനിയും എന്നെ തൊടാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ മുന്‍പോട്ടു വാടാ"എന്ന രീതിയില്‍ അജയ്യനായി നീണ്ടു നിവര്‍ന്നു കിടന്നു.



വീടിനു മുന്‍പിലുള്ള തൊഴുത്തിന്റെ കഴുക്കോലില്‍ നിന്നും അല്പം അകലെയുള്ള ഒരു മരത്തിന്റെ കൊമ്പിലേയ്ക്കാണ് അയ ബന്ധിച്ചിരിക്കുന്നത്‌. കരണ്ട് ഉത്പാദിപ്പിക്കുന്ന അത്ഭുത അണ്ടര്‍വെയര്‍ തൂങ്ങിക്കിടക്കുന്നത് ഏതാണ്ട് മധ്യഭാഗത്താണ്. ഒറോത ചേടത്തിയെ കാണാന്‍ വന്നവര്‍ ചിലര്‍ നിന്നത് അതിനടുത്തു തന്നെയാണ്. ഭാഗ്യത്തിനാണ് അവര്‍ അതില്‍ നിന്നും രക്ഷപ്പെട്ടത്. അറിയാതെ ആരെങ്കിലും അതിന്റെ പിടിയില്‍ പെട്ടിരുന്നെങ്കില്‍ ഒറോത ചേടത്തിയെ കൊണ്ടു പോകാന്‍ വരുന്ന വണ്ടിയില്‍ ഒന്ന് രണ്ടു പേരെക്കൂടി കൊണ്ടുപോകേണ്ടി വരുമായിരുന്നു.



കരണ്ടടിക്കുന്ന അത്ഭുത അണ്ടര്‍വെയറിനെയും അതിന്റെ ഭീകര കാലുകളേയും നോക്കി ജനങ്ങള്‍ പകച്ചു നില്‍ക്കുമ്പോഴാണ് ഇലക്ട്രീഷ്യനായ ഗോപാലന്‍ ചേട്ടന്റെ വരവ്. ഇലെക്ട്രിസിറ്റി ഓഫീസില്‍ നിന്നും വിരമിച്ച ശേഷം നാട്ടുകാര്‍ക്ക് കരണ്ട് സംബന്ധമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഗോപാലന്‍ ചേട്ടന്‍ അദ്ഭുത അണ്ടെര്‍വെയറിന്റെ അടുത്തു പോയി അതിനെ ആകമാനം വീക്ഷിച്ചു. എന്നിട്ട് തന്റെ കയ്യില്‍ കരുതിയിരുന്ന ടെസ്റ്റെര്‍ കയ്യിലെടുത്തു അണ്ടെര്‍വെയറിന്റെ കാലില്‍ കുത്തി.



അത്ഭുതം!!!! അത് കത്തുന്നു....



ഞെട്ടിപ്പോയ ഗോപാലന്‍ ചേട്ടന്‍ പെട്ടെന്ന് പോയി മെയിന്‍ സ്വിച്ച് ഓഫ്‌ ചെയ്തു. എന്നിട്ട് അണ്ടര്‍ വെയര്‍ തൂക്കിയിരുന്ന അയയും അതിന്റെ ചുറ്റുപാടും പരിശോധിച്ചു. പിന്നെ എല്ലാം പിടി കിട്ടിയ മട്ടില്‍ തിരിച്ചു വന്നു കസേരയില്‍ ഇരുന്നു...



ആളുകള്‍ ശ്വാസം വിടാതെ ഗോപാലന്‍ ചേട്ടന് ചെവി കൊടുത്തു. അദ്ദേഹം പറഞ്ഞു തുടങ്ങി.


"തൊഴുത്തിലിട്ടിരിക്കുന്ന ബള്‍ബ് കണ്ടോ? അതിന്റെ വയറില്‍ ഒരു ജോയിന്റ് ഉണ്ട്. ആ ജോയിന്റ് അയ കെട്ടിയ കമ്പിയില്‍ എവിടെയോ മുട്ടുന്നുണ്ട്. അതു കൊണ്ടു അയ കെട്ടിയിരിക്കുന്ന കമ്പിയിലും കരണ്ട് ഉണ്ട്. ആ കരണ്ടാണ് മഴയത്ത് നനഞ്ഞ അണ്ടര്‍വെയറില്‍ കൂടി ഒറോത ചേടത്തിയെ അടിച്ചിട്ടത്. അല്ലാതെ അതു കരണ്ട് ഉദ്പാദിപ്പിക്കുന്ന അദ്ഭുത അണ്ടര്‍വെയര്‍ അല്ല."


സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞ നാടുകാര്‍ പിരിഞ്ഞു പോയി. അപ്പോഴും മാത്തപ്പന്‍ ചേട്ടന്റെ അദ്ഭുത അണ്ടര്‍വെയര്‍ അയയില്‍ തൂങ്ങുന്നുണ്ടായിരുന്നു.

Wednesday, November 11, 2009

നമ്മുടെ സ്വന്തം സാനാര്‍ത്തി..

കാലത്തെ എഴുനേറ്റ്, സ്വഭര്‍ത്താവിനു ഒരു കാപ്പി ഉണ്ടാക്കിക്കൊടുക്കുവാന്‍ പോലും മിനക്കെടാത്ത ഭാര്യ, അതിരാവിലെ തന്നെ കുളിയും തേവാരവും കഴിഞ്ഞു പൌഡറും പൂശി ടിവിയുടെ മുന്‍പില്‍ ആസനസ്ഥയായത്‌ കണ്ട ഞാന്‍ അതിശയിച്ചു. ഇവളുടെ പ്രിയപ്പെട്ട ഏതെങ്കിലും കണ്ണീര്‍ സീരിയലിന്റെ സമയം അത് കാണുന്നവര്‍ക്ക് സ്വസ്ഥമായി ഇരുന്നു കരയാനുള്ള സൌകര്യാര്‍ഥം ഈ കൊച്ചു വെളുപ്പാന്‍കാലത്തേയ്ക്ക് മാറ്റിയതാവുമോ? അങ്ങനെയെങ്കില്‍ ഇവള്‍ കുളിയും കഴിഞ്ഞു പൌഡറും പൂശി ഇരിക്കേണ്ട കാര്യമുണ്ടോ? സീരിയലിലെ നായികയുടെ ദുഃഖം കണ്ടുള്ള കരച്ചിലും പിന്നെ തേങ്ങലും കഴിഞ്ഞ് സീരിയലിലെ വില്ലന്‍ കഥാപാത്രത്തിനെ നാല് ചീത്തയും പറഞ്ഞശേഷം കുളിച്ചാല്‍ പോരായിരുന്നോ? വെറുതെ എന്തിനു ഞാന്‍ പൈസ കൊടുത്ത് വാങ്ങി വച്ചിരിക്കുന്ന വിലകൂടിയ പൌഡര്‍ മുഖത്ത്‌ തേച്ചു പിടിപ്പിച്ചിട്ട് അത് കണ്ണുനീരില്‍ അലിയിച്ചു കളയുന്നു?



ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ ഇനിയെങ്കിലും ബാക്കിയുള്ളവന് സ്വസ്ഥമായി ഒരു മണിക്കൂര്‍ കിടന്നുറങ്ങാമല്ലോ" എന്ന് നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.



"കണ്ണൂര്‍ ആലപ്പുഴ എറണാകുളം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുല്‍ ഉടന്‍ ആരംഭിക്കുന്നതാണ്."



ഭാര്യ വെളുപ്പാന്‍ കാലത്തെ എഴുനേറ്റ് ടിവിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് പിടി കിട്ടിയത്. ജീവിതത്തില്‍ ആദ്യമായി താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിച്ചോ എന്നറിയാനുള്ള ആകാംഷയാണത്. അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.



എനിക്ക് വോട്ടവകാശം ഉണ്ടെങ്കിലും പോസ്റ്റല്‍ വോട്ടു മാത്രമേ ചെയ്യാന്‍ പറ്റൂ. അതൊരു മിനക്കെട്ട പണിയായത് കൊണ്ട് മിക്ക പട്ടാളക്കാരും ചെയ്യാറില്ല. പട്ടാളക്കാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നിരുന്നാലും മനസ്സുകൊണ്ട് ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതല്‍ എല്ലാവരും അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാര്‍ ആയതു കൊണ്ടാകാം തേക്കടിയില്‍ മറിഞ്ഞ ജലകന്യകയെപ്പോലെ എനിക്കും "ഇടത്തോട്ട് ഒരു ചരിവ് " ഉണ്ടായതെന്ന് ഞാന്‍ കരുതുന്നു.



പക്ഷെ എന്റെ കുടുംബത്തില്‍ "ഈ ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്. "നമ്മുടെ സാനാര്‍ത്തി " !!



അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്ത്‌ മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു. ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകള്‍ ആണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതി ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു മൂരാച്ചിക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.



അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ആയതില്‍ പ്രകാരം വോട്ട് ചെയ്യാന്‍ വേണ്ടി ഭാര്യയെ പോളിംഗ് ബൂത്തിലേയ്ക്ക് ബൈക്കില്‍ കൊണ്ട് പോകാം എന്ന് തലേ ദിവസം രാത്രിയില്‍ എപ്പോഴോ പ്രാബല്യത്തില്‍ വന്ന ഒരു കരാര്‍, മുന്‍‌കാല പ്രാബല്യത്തോടെ ഞാന്‍ റദ്ദു ചെയ്യുകയും ചെയ്തു.



വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ പോകാനായി ഒരുങ്ങി ഇറങ്ങിയ ഭാര്യ പഴയ കരാറിനെപ്പറ്റി എന്നെ ഓര്‍മപ്പെടുത്തി. പക്ഷെ എതിര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുവാന്‍ എന്റെ ബൈക്ക് ഞാന്‍ വിട്ടു തരില്ല എന്ന് നിഷ്കരുണം അറിയിച്ചിട്ട്‌ "പട്ടാളത്തിനോട് കളിച്ചാല്‍ ഇങ്ങനിരിക്കും" എന്ന രീതിയില്‍ ടി വി ഓണ്‍ ചെയ്ത് , കണ്ണൂരില്‍ പോളിംഗ് ബൂത്തിന്റെ മുന്‍പില്‍ തോക്കും പിടിച്ചു നില്‍ക്കുന്ന കേന്ദ്ര സേനയിലെ ജവാന്മാരെ നോക്കി മസില് പിടിച്ചിരുന്നു.



ജീവിതത്തിലെ ആദ്യത്തെ വോട്ട് ചെയ്യാന്‍ തയാറായി വന്ന ഭാര്യ എന്റെ ഭാവമാറ്റം കണ്ടു കുഴങ്ങി. ഒടുവില്‍ സ്ഥാനാര്‍ഥി ആരായാലും വോട്ട് ചെയ്യുക എന്നതാണ് കാര്യമെന്നും "അണ്ണന് "ഇഷ്ടമില്ലെങ്കില്‍ ഞാന്‍ "അരിവാളിന്" തന്നെ കുത്താമെന്നും അവള്‍ സമ്മതിച്ചതോടെ ഞാന്‍ പ്രതിക്ഷേധം നിര്‍ത്തുകയും, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ഭാര്യയേയും ഇരുത്തി പോളിംഗ് ബൂത്തിലേയ്ക്ക് പോവുകയും അവളുടെ വിലയേറിയ സമ്മതിദാനാവകാശം പാഴായിപ്പോകാതെ വിനിയോഗിക്കുവാന്‍ സഹായിക്കുകയും ചെയ്തു.



ഇനിയാണ് ഇന്നത്തെ കഥയുടെ സ്റ്റോറി തുടങ്ങുന്നത്.......


ടിവിയില്‍ സ്ഥാനാര്‍ഥികളുടെ ലീഡ് നില വന്നു കൊണ്ടിരുന്നു. ആലപ്പുഴയിലും കണ്ണൂരും എറണാ കുളത്തും ഇടതു പക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു എന്നുള്ള ആദ്യ വാര്‍ത്ത കണ്ട ഞാന്‍ ഭാര്യയെ നോക്കി. അവള്‍ സന്തോഷത്തോടെ എന്നെയും നോക്കി. അണ്ണന്‍ പറഞ്ഞ ആള്‍ക്ക് തന്നെ കുത്തിയതുകൊണ്ട്‌ ആദ്യത്തെ വോട്ട് പാഴായില്ലല്ലോ എന്ന സാന്തോഷമാണവള്‍ക്ക് . അത് കണ്ട എനിക്കും സന്തോഷം തോന്നി.



എല്ലാ പട്ടാളക്കാര്‍ക്കും സന്തോഷം വരുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്ന ഒരു സാധനമുണ്ട്. ആ സാധനമാണ്‌ കുപ്പി !!! കുപ്പി ഇല്ലെങ്കില്‍ പിന്നെ എന്തു സന്തോഷം? നമ്മുടെ സ്വന്തം സ്ഥാനാര്‍ഥി ലീഡ് ചെയ്യുമ്പോള്‍ അല്പം സ്മാള്‍ അടിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ഒരു സ്മാള്‍ അടിക്കുക? സ്മാള്‍ അടിച്ചു കൊണ്ട് സ്ഥാനാര്‍ഥിയെ ലീഡ് ചെയ്യിപ്പിക്കുക. അതല്ലേ അതിന്റെ ഒരു രസം? അങ്ങനെ ലീഡ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ച് സ്ഥാനാര്‍ഥി വിജയശ്രീലാളിതനാകുമ്പോള്‍ നമ്മള്‍ ഭൂമീശ്രീലാളിതനാകുക!. അതില്‍പരം എന്തുണ്ട് ഒരു സന്തോഷം? ഞാന്‍ അകത്ത് പോയി രണ്ടു പെഗ്ഗ് ഗ്ലാസില്‍ ഒഴിച്ച്, ഒരു പാത്രത്തില്‍ തൊട്ടുനക്കാനുള്ള അച്ചാറും എടുത്ത്‌ തിരിച്ചു വന്നു വീണ്ടും ടി വിയുടെ മുന്‍പില്‍ ഇരുന്നു.



പെട്ടെന്നാണ്‌ അത് സംഭവിച്ചത്. അടുക്കളയില്‍ ഫ്രിഡ്ജിന്റെ മുകളില്‍ ഇരുന്ന ഒരു ഫ്ലവര്‍വേസ്‌ എന്റെ തലയുടെ മുകളിലൂടെ പറന്നു പോയി. അത് ടി വി യുടെ അടുത്ത്‌ ഭിത്തിയില്‍ തട്ടി തറയില്‍ വീണുടഞ്ഞു. ഒപ്പം അടുക്കളയില്‍ എന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം. ഞാന്‍ ഭാര്യയെ നോക്കി. അവളെ കാണാനില്ല!. അവളെവിടെപ്പോയി? എന്താണ് ആ ശബ്ദം? ആരാണ് ഈ ഫ്ലവര്‍ ബേസ് എടുത്ത്‌ എന്നെ എറിഞ്ഞത്? ഞാന്‍ അന്തം വിട്ടിരുന്നു..



അടുത്ത നിമിഷം അടുക്കളയില്‍ നിന്നും പാഞ്ഞു വന്ന ഒരു ഒരു പടവലങ്ങയില്‍ നിന്നും ഞാന്‍ എന്റെ തല അതിവിദഗ്ദമായി രക്ഷപ്പെടുത്തുന്നതിനിടയില്‍ അശരീരി പോലെ വന്ന വാക്കുകള്‍ കേട്ട ഞാന്‍ വീണ്ടും ഞെട്ടി...


"ഞാനപ്പഴേ പറഞ്ഞതാ കയ്യേല്‍ കുത്തിയാ മതിയെന്ന്. അന്നേരം.... അങ്ങേരുടെ ഒരു അരിവാള്‍..ഇപ്പ സമാധാനമായല്ലോ അല്ലെ?"


"ആലപ്പുഴയും കണ്ണൂരും എറണാകുളവും യു ഡി എഫ്‌ തൂത്തു വാരി". ടി വി സ്ക്രീനില്‍ ഫ്ലാഷ്‌ ന്യൂസ്‌ വന്നു കൊണ്ടിരുന്നു. തറയില്‍ ചിതറിക്കിടന്ന ഫ്ലവര്‍വേസിന്റെ കഷണങ്ങള്‍ തൂത്തു വാരുകയായിരുന്നു ഞാനപ്പോള്‍..

Thursday, October 29, 2009

തെങ്ങിന്റെ മണ്ടയിലെ ത്രെഡ്‌

"ദേണ്ടെ മനുഷ്യാ നിങ്ങള്‍ നേരം വെളുത്തപ്പോള്‍ മുതല്‍ മുറിക്കകത്ത് കേറി കതകടച്ചിരുന്നു എന്തോ ചെയ്യുവാന്നു എനിക്കിപ്പോ അറിയണം"


അടച്ചിട്ടിരുന്ന കതകിന്റെ പുറത്ത്‌ ശക്തമായ ഇടിയും ഒപ്പം ഭാര്യയുടെ അലര്‍ച്ചയും കേട്ട ഞാന്‍ ഞെട്ടി. "രാവിലെ ഇവള്‍ക്കിത്‌ എന്തിന്റെ കേടാ.? സ്വസ്ഥമായിട്ടിരുന്നു ഒരു പോസ്റ്റ്‌ എഴുതാനും സമ്മതിക്കില്ലല്ലോ ദൈവമേ"


"കാന്റീനില്‍ പോയി കുപ്പിയും മേടിച്ചോണ്ട് വന്ന് ഒരു കുപ്പിയും കൊണ്ട് കേറിയ മനുഷേനാ...ഇനി ആ കുപ്പി തീരുന്നത് വരെ അതിയാന് വേറൊരു പണിയുമില്ല. എന്റെ ഒരു കഷ്ടകാലം എന്നല്ലാതെ എന്തോ പറയാനാ. കറി വയ്കാന്‍ തേങ്ങാ തീര്‍ന്നിട്ട് എത്ര ദിവസമായി. അങ്ങേര്‍ക്കു വല്ല ചിന്തയുമുണ്ടോ? എന്റെ തലയും കൊണ്ട് ഞാന്‍ എങ്ങോട്ടെങ്കിലും പോവാ..മടുത്തു..."



ഭാര്യ കതകിനിട്ട് ഒരു തൊഴിയും കൂടി പാസാക്കി വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്ക് പോയി.



ഹോ... എന്തോ ചെയ്യുമെന്ന് പറ... ബ്ലോഗില്‍ ഒരു പോസ്റ്റ്‌ എഴുതാനുള്ള ത്രെഡ്‌ കിട്ടിയപ്പോള്‍ ആ ത്രെഡ്‌ മറന്നു പോകുന്നതിനു മുന്‍പ് പോസ്റ്റാക്കാന്‍ വേണ്ടി മുറിയില്‍ കയറി കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരിക്കുന്ന ഞാന്‍, അവിടെയിരുന്നു വെള്ളമടിക്കുകയാണ് എന്നാണ് ഭാര്യയുടെ വിചാരം. കിട്ടിയ ത്രെഡ്‌ ഒന്ന് ബലമാക്കി എടുക്കാന്‍ വേണ്ടി ഇന്നലെ ക്യാന്റീനില്‍ പോയി വാങ്ങിച്ച കുപ്പികളില്‍ ഒരെണ്ണം ഞാന്‍ എടുത്തു എന്നത് ശരിയാണ്. അതില്‍ നിന്നും രണ്ടു പെഗ്ഗ് ഒഴിച്ച ശേഷം കട്ടിലിന്റെ അടിയില്‍ ഭാര്യ അറിയാതെ വാങ്ങി സൂക്ഷിച്ചിരിക്കുന്ന കണ്ണിമാങ്ങാ അച്ചാറിന്റെ കുപ്പി തപ്പുന്നതിനിടയിലാണ് പുറത്തു നിന്നുള്ള അലര്‍ച്ചയും കതകിനിട്ടുള്ള ചവിട്ടും കേള്‍ക്കുന്നത്.



അതോടെ എനിക്ക് കിട്ടിയ ത്രെഡ്‌ അതിന്റെ പാട്ടിനു പോയി. ഉടന്‍ തന്നെ മുറിക്കു പുറത്തിറങ്ങിയില്ലെങ്കില്‍ അടുക്കളയില്‍ നിന്നും അവള്‍ എടുത്ത്‌ കൊണ്ടു വരുന്ന ഉലക്ക, ചട്ടുകം, കറിക്കത്തി മുതലായ മാരകായുധങ്ങള്‍ നേരിടാനുള്ള "ത്രെഡ്‌ "ഞാന്‍ കണ്ടു പിടിക്കേണ്ടിവരും. അത് മനസ്സിലാക്കിയ ഞാന്‍ ഉടന്‍ തന്നെ അച്ചാറു കുപ്പി തപ്പുന്നത് അടിയന്തിരമായി നിറുത്തി വച്ച് ഗ്ലാസില്‍ ഒഴിച്ച് വച്ചിരുന്ന ഊര്‍ജ്ജദായിനി ഒറ്റവലിക്ക് കുടിച്ചിട്ട് ചിറിയും തുടച്ച് "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന ഭാവത്തില്‍ അടുക്കളയിലെത്തി.



"ഹും... വന്നിരിക്കുന്നു കാര്യമന്വേഷിക്കാന്‍... ലീവിന് വീട്ടിലുള്ള ദിവസമെങ്കിലും എന്നെ ഒന്നു സഹായിക്കാന്‍ തോന്നുന്നുണ്ടോ? എപ്പ നോക്കിയാലും കുപ്പി. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍. ഈ കുപ്പി കൊടുത്തു വിടുന്ന പട്ടാളത്തിനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ സവാള അരിയുന്നതു പോലെ അരിഞ്ഞു കളയും"



ഭാര്യയുടെ കലി അടങ്ങിയിട്ടില്ല. ഞാന്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അടുക്കള വാതിലിന്റെ മറവു പറ്റി നിന്നിട്ട് ഡി.ജി.പിയുടെ മുന്‍പില്‍ നില്‍ക്കുന്ന സാദാ പോലീസ്സുകാരനെപ്പോലെ വിനീത വിധേയനായി ആരാഞ്ഞു..



"നിനക്കിപ്പോ എന്താ വേണ്ടത്? തേങ്ങായല്ലേ? മുറ്റത്തു നില്‍ക്കുന്ന തെങ്ങില്‍ നിറച്ചു തേങ്ങാ കിടക്കുമ്പോള്‍ നീയിങ്ങനെ ദാരിദ്ര്യം പറയുന്നത് ഒട്ടും ശരിയല്ല കേട്ടോ"



"ഹോ.. മുറ്റത്തു നില്കുന്ന തെങ്ങില്‍ തേങ്ങായുണ്ടെന്നും പറഞ്ഞു കറിയാകത്തില്ല". ഭാര്യ ഉറഞ്ഞു തുള്ളുകയാണ്. "അത് നിലത്തിറക്കിത്തരണം. ആ തേങ്ങാ ഇടുന്ന ഹരിദാസനെ വിളിച്ചു ഞാന്‍ കുഴഞ്ഞു. എപ്പം വിളിച്ചാലും അയാള് ബിസിയാ. നിങ്ങള് പട്ടാളത്തില്‍ പോകാതെ വല്ല തെങ്ങു കയറ്റവും പഠിച്ചിരുന്നേല്‍ ഇതിലും ഭേതമായിരുന്നു. ഒന്നുമില്ലെങ്കിലും കറി വയ്കാനുള്ള തേങ്ങയിടാന്‍ ആരുടേയും കാലു പിടിക്കേണ്ടി വരില്ലായിരുന്നു.." അവള്‍ എന്നോടുള്ള ദേഷ്യം തീര്‍ക്കാനെന്നവണ്ണം മുന്‍പിലിരുന്ന മത്തങ്ങാ എടുത്ത്‌ പൊത്തോന്നു നിലത്തിട്ടു. അതു കണ്ട ഞാന്‍ വേഗം മുറ്റത്തിറങ്ങി.



"ഹും.. അപ്പോള്‍ ഞാനൊരു മരംകേറി ആകുന്നതായിരുന്നു അവള്‍ക്കിഷ്ടം. അഹങ്കാരി. ഇതാണ് ഈ പെണ്ണുങ്ങളുടെ ഒരു കുഴപ്പം. ഭര്‍ത്താക്കന്മാരെ തീരെ വിലയില്ല. ചങ്കെടുത്തു കാണിച്ചാല്‍ അത് "ആന്തൂറിയം" ആണെന്ന് പറയുന്ന വര്‍ഗ്ഗം. കാര്‍ഗില്‍ യുദ്ധത്തില്‍ വെടിയുണ്ടകളെ പുല്ലുപോലെ നേരിട്ട ഒരു യോദ്ധാവാണു അവളുടെ ഭര്‍ത്താവ് എന്നുള്ള കാര്യം അവള്‍ മറക്കുന്നു. "പട്ടാളക്കാരനെക്കാള്‍ വില ഒരു തെങ്ങ് കയറ്റക്കാരനാണ്" എന്നല്ലേ അവള്‍ പറഞ്ഞതിന്റെ അര്‍ഥം? ഒരു പട്ടാളക്കാരന് തേങ്ങ ഇടാന്‍ പറ്റും. പക്ഷെ ഒരു തെങ്ങ് കയറ്റക്കാരന് പെട്ടെന്ന് പട്ടാളക്കാരനാകാന്‍ പറ്റുമോ? അവളെ അത് കാണിച്ചു കൊടുക്കണം"



എനിക്ക് രോഷം അടക്കാന്‍ പറ്റുന്നില്ല. ഞാന്‍ വീണ്ടും മുറിക്കകത്ത് കയറി അച്ചാറു കുപ്പി തപ്പിയെടുത്തു. ഒരു കണ്ണിമാങ്ങ എടുത്ത്‌ വായിലിട്ട് അത് ഭാര്യയാണ് എന്ന ഭാവത്തില്‍ കടിച്ചു ചവച്ചു. എന്നിട്ട് രണ്ടു പെഗ്ഗുകൂടി വേഗം അകത്താകിയിട്ടു വെട്ടു കത്തിയുമെടുത്ത്‌ തെങ്ങിന്റെ ചുവട്ടിലേയ്ക്കു നടന്നു.



ഞാന്‍ വീടിനു ചുറ്റുമായി നില്‍ക്കുന്ന തെങ്ങുകളില്‍ ഏറ്റവും ചെറുതും കയറാന്‍ എളുപ്പമുള്ളതുമായ ഒരു തെങ്ങ് കണ്ടു പിടിച്ചു. എന്റെ പറമ്പിലാണ് തെങ്ങ് നില്‍ക്കുന്നതെങ്കിലും അത് ചാഞ്ഞു നില്‍ക്കുന്നത് അടുത്ത വീടുകാരുടെ വീടിന്റെ മുറ്റത്തെയ്ക്കാണ്. അതിന്റെ ഓലയും വെള്ളയ്ക്കയും അവരുടെ മുറ്റത്തു വീഴുന്നു എന്ന പരാതിയുമുണ്ട്. ഒന്ന് രണ്ടു തേങ്ങകള്‍ അതില്‍ ഉണങ്ങിക്കിടപ്പുണ്ട്. ഞാന്‍ തെങ്ങ് കയറ്റത്തിന് തയ്യാറെടുത്തു. ധരിച്ചിരുന്ന ഡബിള്‍ മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തു. വെട്ടുകത്തി സാധാരണ തെങ്ങ് കയറ്റക്കാര്‍ തൂക്കിയിടുന്ന പോലെ പിറകില്‍‍, അരയിലെ മുണ്ടില്‍ തൂക്കിയിട്ടു. പിന്നെ പ്രൊഫഷനല്‍ തെങ്ങ് കയറ്റക്കാരനെപ്പോലെ തെങ്ങില്‍ അള്ളിപ്പിടിച്ചു കയറാന്‍ തുടങ്ങി.



ഏകദേശം പകുതി ആയപ്പോള്‍ ഞാന്‍ താഴേയ്ക്ക് നോക്കി. താഴെ ഭാര്യ എന്റെ തെങ്ങ് കയറ്റം കണ്ടു അന്തം വിട്ടു നില്‍ക്കുന്നു. ഇങ്ങേര്‍ക്ക് പട്ടാളത്തില്‍ തെങ്ങ് കയറ്റമാണോ പണി എന്ന രീതിയിലാണ് അവളുടെ നോട്ടം. നോക്കട്ടെ... ഒരു പട്ടാളക്കാരന് ചെയ്യാന്‍ പറ്റാത്ത പണികള്‍ ഒന്നുമില്ലെന്ന് എന്റെ ഭാര്യയും ഈ നാട്ടുകാരും അറിയട്ടെ. ഹരിദാസനെന്താ പുലിയാണോ? ഹരിദാസന്‍ തേങ്ങയിടാന്‍ വന്നില്ലെങ്കില്‍ എന്റെ വീട്ടിലുള്ളവര്‍ തേങ്ങയരച്ച കറി കൂട്ടില്ലേ? ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ച് കൊന്നത്തെങ്ങിന്റെ ഉച്ചിയിലെയ്ക്ക് വലിഞ്ഞു കയറി..



കാലുകള്‍ നീട്ടി വലിച്ചു കയറുന്നതിനിടയിലാണ് വിക്രമാദിത്യന്റെ പുറകില്‍ വേതാളം എന്നതു പോലെ എന്റെ പുറകില്‍ തൂങ്ങിക്കിടന്ന് തെങ്ങിന്റെ മണ്ട വരെ കയറിവന്ന സാമാന്യം ഭാരമുള്ള വെട്ടുകത്തി, കൂടുതല്‍ കയറുവാന്‍ താല്പര്യമില്ലാത്ത മട്ടില്‍ എന്നോടുള്ള സകല വിധ ബന്ധങ്ങളും അവസാനിപ്പിച്ചു കൊണ്ട് എന്റെ അരയുമായി അതിനെ ബന്ധിച്ചിരുന്ന മുണ്ടിനെയും കൂട്ടി നേരെ താഴേയ്ക്ക് പോന്നത്.



വെളുത്ത അണ്ടര്‍ വെയറും ബനിയനും ധരിച്ച്, അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ കാണുന്ന കുരങ്ങനെപ്പോലെ തെങ്ങിന്റെ മണ്ടയിലിരിക്കുന്ന എന്നെ കണ്ട ഭാര്യ, അച്ഛന്റെ തെങ്ങ് കയറ്റം കണ്ടു രസിച്ചു നിന്ന മകളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് വീടിന്റെ ഉള്ളിലേയ്ക്ക്‌ കയറിപ്പോയി. ഞാനാകട്ടെ മുണ്ട് പോയെങ്കില്‍ പോട്ടെ പകരം പോസ്റ്റ്‌ എഴുതാന്‍ ഒരു "ത്രെഡ്‌ "കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ എന്റെ സ്വന്തം "ത്രെഡ്‌ "ആരും കാണാതിരിക്കാന്‍ പെട്ടെന്ന് താഴേയ്ക്കിറങ്ങി.

Tuesday, September 8, 2009

ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതം

പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ കേരളാ പോലീസിന്റെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ്‌ ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന്‍ ജയനെപ്പോലെ "ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ...."എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന്‍ ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..



വില്ലന്‍ വില്ലാളി വീരന്‍, വീരന്‍ വീരമണി കണ്ടന്‍ എന്നീ വിശേഷണങ്ങള്‍ക്ക് തികച്ചും അനുയോജ്യനും രഘുനാഥന്‍ എന്ന വിളിപ്പേരുമുള്ള താങ്കളെ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍‍, കാശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി താങ്കള്‍ ചെയ്ത വന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് കൊണ്ടും ,ഇത്രയും നാളായിട്ടും ഏതെങ്കിലും ഉഗ്രവാദിയെക്കൊണ്ട് "ഛീ പോ" എന്നു പോലും പറയിക്കാന്‍ താങ്കള്‍ ഇടയാക്കാത്തത് കൊണ്ടും, ഇനിയും ഇവിടെ നിന്നാല്‍ ഏതെങ്കിലും ഉഗ്രവാദിക്കു താങ്കള്‍ പണിയാകും എന്നുള്ള കാര്യം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ടും ഇനിയുള്ള താങ്കളുടെ സേവനങ്ങള്‍ കൊതുകുകളുടെ സ്വന്തം നാടായ കേരളത്തിനു അത്യന്തം ആവശ്യമായിരിക്കുന്നതായി ബോധ്യപ്പെട്ടതു കൊണ്ടും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താങ്കളെ ഏല്‍പ്പിച്ചിട്ടുള്ള സകലവിധ ഇടപാടുകളും പൂര്‍ത്തിയാക്കി പെട്ടിയും പ്രമാണവും എടുത്ത്‌ കേരളത്തില്‍ ........ എന്നു പേരായ സ്ഥലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ യൂണിറ്റില്‍ പോയി ഹാജര്‍ രേഖപ്പെടുത്തണമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...


ദൈവമേ.... എന്തൊരു പരീക്ഷണം.


കേരളത്തില്‍ പോകാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നു വായനക്കാരായ നിങ്ങള്‍ ന്യായമായും സംശയിച്ചേക്കാം. പക്ഷെ എങ്ങനെ സന്തോഷിക്കും?. എന്തൊക്കെയായാലും കശ്മീരില്‍ ഉഗ്രവാദികളെ മാത്രം പേടിച്ചാല്‍ മതി. അവരുടെ കൈകൊണ്ടു അന്തസ്സായി വെടിയേറ്റു മരിക്കാം. അവിടെക്കിടന്നു മരിച്ചാല്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്ത ധീര ജവാന്‍ രഘുനാഥനായി ഞാന്‍ മാറും! ചിലപ്പോള്‍ പരമ വീര ചക്രമോ അശോക ചക്രമോ ഇതൊന്നുമില്ലെങ്കില്‍ "ലക്ഷക്കണക്കിന്‌ വെറും ചക്രമോ" കിട്ടും. ശരീരം വിമാനത്തില്‍ കയറ്റി നാട്ടിലെത്തിക്കുമ്പോള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ വരും. നാട്ടില്‍ വീര ജവാന്‍ രഘുനാഥന് സ്മാരകങ്ങള്‍ ഉയരും. ചുരുക്കത്തില്‍ പറഞ്ഞാല്‍ മരണശേഷം ഞാനൊരു ഒരു മഹാപ്രസ്ഥാനമായി മാറും.!!



ഇനി കേരളത്തില്‍ വന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ഒന്നുകില്‍ കൊതുക് കടിയേറ്റു ഞാന്‍ കൊതുക് നാണപ്പനായി മാറും. അല്ലെങ്കില്‍ പന്നിപ്പനി, ഡെങ്കിപ്പനി, കോഴിപ്പനി മുതലായ പനികള്‍ പിടിച്ചു പാപ്പരായി സര്‍ക്കാര്‍ ആശുപത്രികളില്‍ "നിരീക്ഷണത്തില്‍" ആവും. അതുമല്ലെങ്കില്‍ ഏതെങ്കിലും കൊട്ടേഷന്‍ ടീമിന്റെ "എസ് " ആകൃതിയിലുള്ള ആക്രമണത്തിനു വിധേയമായി റോഡില്‍ കിടക്കും. പോലീസ്സുകാര്‍ എന്റെ ബൈക്കിന്റെ സൈഡ് ബോക്സില്‍ നിന്നും റമ്മിന്റെ കുപ്പിയും അച്ചാറും ചിപ്സും പഴയ അണ്ടര്‍ വെയറും കണ്ടെടുക്കും. എന്റെ ബൈക്കിന്റെ പുറകില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ നടിയുടെ പടം എങ്ങിനെ അവിടെയെത്തി എന്നുള്ളത് ചാനലുകാര്‍ വിശകലം ചെയ്യും. അതിനിടയില്‍ എന്നെ ആക്രമിച്ച കൊട്ടേഷന്‍ പാര്‍ട്ടിക്കാര്‍ എത്യോപ്പ്യയിലെക്കോ ഉഗാണ്ടയിലെക്കോ രക്ഷപ്പെടും. എന്നെപ്പറ്റി നീണ്ട കഥകളും നീളാത്ത കഥകളും രചിക്കപ്പെടും. കഥയുടെ അവസാനം ഞാന്‍ കഥാവശേഷനാവുകയും എന്റെ കുടുംബം "കഥയില്ലാത്തവര്‍" ആവുകയും ചെയ്യും.



എന്തായാലും ആര്‍മി തമ്പുരാന്റെ കല്പന നമ്മുടെ നാട്ടിലെ ഗവര്‍മെന്റ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നത് പോലെയുള്ള ലൊടുക്കു കല്പനയല്ല. ഏതു പട്ടാളക്കാരനും അത് അനുസരിച്ചേ മതിയാകൂ. അതുകൊണ്ട് നാല് വര്‍ഷത്തെ കശ്മീര്‍ വാസം മതിയാക്കി ഞാന്‍ കേരളവാസത്തിനായി വണ്ടി കയറിയ വിവരം ഇതിനാല്‍ വിളംബരം ചെയ്തുകൊള്ളുന്നു.



കേരളാ എക്സ്പ്രസ്സ്‌ എന്ന സൂപ്പറല്ലാത്ത ഫാസ്റ്റ് വണ്ടിയിലെ എസ് -ഫോര്‍ ബോഗിയില്‍ സൈഡ് സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു മലയാള പത്രത്തിലെ "കൊട്ടേഷന്‍ കഥകള്‍" വായിക്കുകയാണ് ഞാന്‍. വണ്ടി കേരളത്തില്‍ ഏതോ സ്റ്റേഷനില്‍ എത്തി. ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. മഴ ചാറുന്നുണ്ട്. ഞാന്‍ സൈഡ് ഗ്ലാസ്‌ താഴ്ത്തി വച്ചിട്ട് വീണ്ടും ഗുണ്ടാ ചരിത പാരായണം തുടങ്ങി.



"ഹേ.. ഈ കാലൊന്ന് ഒതുക്കി വയ്ക്ക്. ഇതെന്താ സര്‍ക്കാര്‍ ആശുപത്രിയാണോ നീണ്ടു നിവര്‍ന്നു കിടക്കാന്‍?"



ശബ്ദം കേട്ട് ഞാന്‍ പത്രത്തില്‍ നിന്നും കണ്ണെടുത്തു. എന്റെ മുന്‍പില്‍ നെടുങ്ങനെ നില്‍ക്കുന്ന ഒരു ഭീകര രൂപിയെക്കണ്ട് ഞാന്‍ ഞെട്ടി. കറുത്തു തടിച്ച്, കൊമ്പന്‍ മീശയും ചുവന്ന ഉണ്ട കണ്ണുകളുമുള്ള ഒരാള്‍. അയാളുടെ ചെവിയില്‍ വലിയ രോമങ്ങള്‍ എഴുന്നു നില്ലുന്നു. ഒരു കയ്യില്‍ നീളമുള്ള എന്തോ ഒന്നു കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. മറ്റെക്കയ്യില്‍ ഒരു പഴയ ബാഗ്. അത് നിറയെ എന്തൊക്കെയോ സാധനങ്ങള്‍.! വെള്ള മുണ്ടും ചുവന്ന ഷര്‍ട്ടും വേഷം. ഷര്‍ട്ടിന്റെ കയ്യുകള്‍ തെറുത്തു കയറ്റി വച്ചിരിക്കുന്നു. നെറ്റിയില്‍ ഒരു മുറിവിന്റെ പാട്. കണ്ടിട്ട് കുഞ്ഞിക്കൂനന്‍ സിനിമയില്‍ സായികുമാറിന്റെ ലുക്ക്. ! അതായത് ഒരു ഗുണ്ടാ ലുക്ക് !!



കൊട്ടേഷന്‍ കഥകളില്‍ വിവരിച്ചിരിക്കുന്ന അതെ രൂപത്തിലുള്ള ഒരാള്‍! അങ്ങനെ ഒരാളെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട ഞാന്‍ സീറ്റില്‍ നിന്നും അറിയാതെ എണീറ്റു പോയി. അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ഞാനിരുന്ന സീറ്റിന്റെ മറ്റേ അറ്റത്തിരുന്നു. കടലാസില്‍ പൊതിഞ്ഞ നീളമുള്ള സാധനം അടുത്തു ചാരിവച്ചു. ബാഗ് സീറ്റിന്റെ നടുവില്‍ വച്ചു. എന്നിട്ട് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്തിട്ട് ആരോടോ സംസാരം തുടങ്ങി. രണ്ടു മിനിട്ട് സംസാരം കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് ആ ഭീകരന്‍ ഫോണിലൂടെ ഒറ്റ അലര്‍ച്ച...



"എന്ത് ?.... സമ്മതിക്കുന്നില്ലന്നോ?..... ഇടിച്ചു നിരപ്പാക്കടാ"



ദൈവമേ ഇയാള്‍ ഗുണ്ടാ തലവന്‍ തന്നെ. ഏതോ ഹതഭാഗ്യനെ ഇടിച്ചു നിരപ്പാക്കാന്‍ തന്റെ ശിങ്കിടികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയാണ്. അതുകൊണ്ടല്ലേ ഞാന്‍ സീറ്റില്‍ കിടന്നതിന് എന്നെ ഇയാള്‍ ശാസിച്ചത്?. കത്തിയും വടിവാളും ഒക്കെയായിട്ടാണ് ഇവര്‍ നടക്കുന്നതെന്നാണ് പത്രത്തില്‍ എഴുതിയിരിക്കുന്നത്. ഒരാളെ കൊല്ലാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ വേണ്ടാ എന്നും എഴുതിയിട്ടുണ്ട്. അയാളുടെ അടുത്ത്‌ കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്നത് വടിവാള്‍ തന്നെയാകണം. ബാഗില്‍ നിറച്ചു വച്ചിരിക്കുന്നത് ബോംബ്‌ ആണോ. ഭാഗ്യത്തിനാണ് സീറ്റില്‍ കിടന്ന കുറ്റത്തിന് എന്നെ കുത്താതിരുന്നത്. ഗുണ്ടകള്‍ക്ക് പട്ടാളമെന്നോ പോലീസ്സെന്നോ ഉണ്ടോ? കത്തി കേറ്റാന്‍ ഒരാളെ കിട്ടിയാല്‍ പോരെ?? എന്നൊക്കെ ആലോചിച്ചു വിറച്ചുപോയ ഞാന്‍ പകപ്പോടെ ചുറ്റും നോക്കി.



ബോഗിയില്‍ ആളുകള്‍ പൊതുവേ കുറവാണ്. ഞാനിരുന്ന ക്യാബിനില്‍ എന്നെ കൂടാതെ ആ ഭീകരനും വൃദ്ധരായ മറ്റു രണ്ടു പേരും മാത്രമാണുള്ളത്. വൃദ്ധര്‍ രണ്ടും താഴെയുള്ള സീറ്റുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നു. അടുത്തുള്ള ക്യാബിനില്‍ ഉള്ളവരൊക്കെ വശങ്ങളിലാണ് ഇരിക്കുന്നത്. അത് കൊണ്ട് കാണാന്‍ പറ്റുന്നില്ല. വേറൊരു സീറ്റിലേയ്ക്ക് മാറിയാലോ എന്നു ഞാന്‍ ആലോചിച്ചു. പക്ഷെ ആ ഭീകരന്‍ ഇരിക്കുന്ന സീറ്റിനടിയിലാണ്‌ എന്റെ സ്യുട്ട് കേസ്‌ വച്ചിരിക്കുന്നത്. ഞാന്‍ അല്പം പേടിയോടെ അയാളെ ശ്രദ്ധിച്ചു.



" കയ്യോ ? വെട്ടിമാറ്റെടാ അവന്റെ കൈ"



മൊബൈലില്‍ കൂടി ഭീകരന്റെ അടുത്ത ആജ്ഞ കേട്ടതോടെ ഞാന്‍ സീറ്റില്‍ നിന്നും പതുക്കെ എഴുനേറ്റു. ഇവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഇയാള്‍ ദേഷ്യം തീര്‍ക്കാന്‍ എന്റെ കൈ വെട്ടി മാറ്റാനും മടിക്കില്ല എന്നെനിക്ക് ഉറപ്പായി. ട്രെയിന്‍ വിട്ടു കഴിഞ്ഞു. ആരുമില്ലല്ലോ ഒരു സഹായത്തിന്? പുറത്തു നല്ല മഴ. അടുത്ത സീറ്റില്‍ ഉറങ്ങുന്ന വൃദ്ധര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞാലും എന്ത് ചെയ്യാന്‍? എന്നെപ്പോലെ നാല് പേര് പിടിച്ചാല്‍ നില്‍ക്കുന്ന സൈസല്ല അയാളെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഇയാളുടെ സീറ്റിന്റെ അടിയിലാണ് എന്റെ പെട്ടി. അതിന്റെ പുറത്തു ചവിട്ടിയാണ് ആ കാലമാടന്‍ ഇരിക്കുന്നത്. ആ പെട്ടി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ വേറെ എങ്ങോട്ടെങ്കിലും മാറി ഇരിക്കാമായിരുന്നു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ നിന്ന് അയാളെയും അയാളുടെ പെരുത്ത കാലിന്റെ അടിയില്‍ പെട്ട് ഞെരുങ്ങുന്ന എന്റെ പെട്ടിയേയും മാറി മാറി നോക്കി.



അല്ലെങ്കില്‍ സ്യുട്ട് കേസ് അവിടെ ഇരിക്കട്ടെ. ജീവന്‍ ഉണ്ടെങ്കിലല്ലേ അതിന്റെ ആവശ്യം വരൂ? ആദ്യം ഈ ഗുണ്ടയുടെ മുന്‍പില്‍ നിന്നും രക്ഷപ്പെടാം. ഞാന്‍ തീരുമാനിച്ചു. എന്റെ പല വിലപിടിച്ച സാധനങളും അടങ്ങുന്ന പെട്ടിയെ ദയനീയമായി ഒരിക്കല്‍ കൂടി നോക്കിയിട്ട് ഞാന്‍ അയാളുടെ കണ്ണില്‍ പെടാതെ സൂത്രത്തില്‍ അവിടുന്ന് രക്ഷപ്പെട്ടു. എന്നിട്ട് കുറച്ചു ദൂരെയുള്ള വാതിലിനരുകില്‍ പെട്ടി കാണാവുന്ന രീതിയില്‍ നിലയുറപ്പിച്ചു. ഭീകരന്‍ അപ്പോഴും ഫോണിലൂടെ ആജ്ഞകള്‍ അനുയായികള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.



അല്പം കഴിഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷന്‍ എത്തി. ട്രെയിന്‍ നിറുത്തിയ ഉടന്‍ ഞാന്‍ പുറത്തിറങ്ങി. ഭാഗ്യത്തിന് അവിടെ ഒരു പോലീസുകാരന്‍ നില്പുണ്ടായിരുന്നു. എങ്ങനെയും പെട്ടി എടുക്കണ മെന്നുള്ളതിനാല്‍ വടിവാളും ബോംബുമായി പട്ടാപ്പകല്‍ പരസ്യമായി തീവണ്ടി യാത്ര ചെയ്യുന്ന ഗുണ്ടാത്തലവന്റെ വിവരം പോലീസുകാരനെ ധരിപ്പിച്ചു. എന്റെ വിവരണങ്ങള്‍ കേട്ട അയാള്‍ കയ്യിലിണ്ടായിരുന്ന വിസില്‍ നീട്ടിയടിച്ചു. ഉടന്‍ രണ്ടു മൂന്നു പോലീസുകാര്‍ പാഞ്ഞെത്തി. അവര്‍ ബോഗിയിലേക്കു ചാടിക്കയറി. ഇത് കണ്ട ബോഗിയിലെ മറ്റു യാത്രക്കാര്‍ പരിഭ്രമിച്ചു . ആ ഇരിക്കുന്നത് ഒരു കൊടും ഗുണ്ടാത്തലവന്‍ ആണെന്നും അയാളെ ഞാനാണ് പോലീസുകാര്‍ക്ക് കാട്ടിക്കൊടുത്തതെന്നും അറിഞ്ഞപ്പോള്‍ എന്നെ ചിലര്‍ അമ്പരപ്പോടെ നോക്കി. ഞാനൊരു ജവാനാണ് എന്നു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളിലെ അമ്പരപ്പ് ആദരവായി മാറുന്നത് ഞാന്‍ കണ്ടു.



പോലീസ്സുകാര്‍ അയാളുടെ അരികില്‍ കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്ന വടിവാള്‍ പോലെ നീളമുള്ള സാധനവും ബോംബ് നിറച്ച ബാഗും പിടിച്ചെടുത്തു. അതിനുള്ളില്‍ നിന്നും പുറത്തു വന്ന സാധങ്ങള്‍ കണ്ടു പോലീസ്സുകാര്‍ ഞെട്ടി. ഒപ്പം കണ്ടു നിന്നവരും..



ഒരു മുഴക്കോല്‍ ! (കെട്ടിടം പണിയുന്നവര്‍ ഉപയോഗിക്കുന്നത്) ബാഗില്‍ നിന്നും രണ്ടു മൂന്ന് കരണ്ടികള്‍!! പിന്നെ തൂക്ക് കട്ട, നൂല് , ചെറിയ പ്ലാസ്റ്റിക് പൈപ്പ്. കൂടാതെ വട്ടത്തില്‍ ചുറ്റി വയ്കാന്‍ പറ്റുന്ന ഒരു ടേപ്പും.!!!



"പൊന്നേമാനെ. ഞാന്‍ കെട്ടിടം പണിയുന്ന ആളാ. ഞാന്‍ പണിയുന്ന കെട്ടിടത്തിന്റെ അടുത്ത്‌ ഒരു ചെറിയ മതിലുണ്ട്‌. അത് ഇടിച്ചു കളയുന്ന കാര്യമാ ഞാന്‍ പറഞ്ഞെ. മതിലിന്റെ അപ്പുറത്തെ വീടുകാരുടെ പറമ്പില്‍ നില്‍ക്കുന്ന ഒരു വാഴയുടെ കയ്യും വെട്ടാന്‍ പറഞ്ഞത് നേരാ."



പോലീസ് കാരുടെ മുന്‍പില്‍ തൊഴു കയ്യുമായി നിന്ന് കുറ്റം ഏറ്റു പറയുന്ന പറയുന്ന "ഭീകരനെ"യും പോലീസ്സുകാരെയും ശ്രദ്ധിക്കാതെ ഞാന്‍ എന്റെ പെട്ടിയുമെടുത്ത് സ്ഥലം വിട്ടു...

.