Wednesday, February 22, 2012

ഞാനും എന്റെ ഇന്ദുലേഖയും

"ഇക്കണക്കിനു പോയാല്‍ മൂന്നു മാസത്തിനകം സാറൊരു അമരീഷ് പുരിയാകും"

ജലദോഷപ്പനി വന്നയാളെപ്പോലെ ആസകലം  പുതച്ചുമൂടി കസേരയിലിരിക്കുന്ന എന്റെ മിലിട്ടറിത്തലയിലൂടെ  വട്ടത്തിലും നീളത്തിലും  കത്രികയോടിച്ച്  അതിലുണ്ടായിരുന്ന തിരുകേശത്തെ നിഷ്കരുണം വെട്ടിമുറിച്ചുകൊണ്ടിരുന്ന ബാര്‍ബര്‍ സുധാകരന്റെ   പറച്ചില്‍ കേട്ട് ഞാനൊന്നു  ഞെട്ടി.

കത്രികയോട്ടത്തിന്റെ  രസത്തില്‍ പാതിമയക്കത്തിലായിരുന്ന  ഞാന്‍  പെട്ടെന്നു കണ്ണു തുറന്നു. എന്നിട്ട്   മുന്‍പിലുള്ള കണ്ണാടിയില്‍ കാണുന്ന  സുധാകരനോട് അല്പം വെപ്രാളത്തോടെ ചോദിച്ചു.

"അതെന്താ സുധാകരാ നീ അങ്ങനെ  പറഞ്ഞത്?"

"സാറിന്റെ  മുടിയുടെ ഉള്ളെല്ലാം പോയി. എന്തു മുടിയുണ്ടായിരുന്ന തലയാ. ഇപ്പം ദേ അവിടേം ഇവിടേം  അഞ്ചാറു പൂട മാത്രമുണ്ട്. ഈ പോക്ക് പോയാല്‍ അധികം താമസിക്കാതെ  സാറൊരു കഷണ്ടിത്തലയന്‍ ആകുമെന്നാ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം."

കഴുത്തുനീട്ടിയ ആമയെപ്പോലെ   കസേരയിലിക്കുന്ന എന്റെ തലയിലേയ്ക്ക്   മുണ്ടകന്‍പാടത്തു കീടനാശിനി തളിക്കുന്ന കര്‍ഷകന്റെ  ഭാവത്തില്‍   ഒരു കുപ്പിയില്‍ നിന്ന് വെള്ളം  ചീറ്റി ഒഴിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു. 

സുധാകരന്‍ അങ്ങിനെയാണ്. എന്തു പറഞ്ഞാലും അതില്‍ ഒരു ഹിന്ദി ടച്ച് ഉണ്ടാകും. പണ്ടു കുറച്ചു നാള്‍ ബോംബെയില്‍ ജോലി ചെയ്തതിന്റെ ഗുണമാണ്.

സുധാകരന്‍ പറഞ്ഞത് കേട്ടപ്പോള്‍  ചൊവ്വാദോഷം മൂലം കല്യാണം നടക്കാത്ത യുവതിയെപ്പോലെ ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു. എന്നിട്ട് സുധാകരനോട് പറഞ്ഞു.

"എന്തു ചെയ്യാനാ സുധാകരാ..വയസ്സും പ്രായവുമൊക്കെ ആയില്ലേ? അപ്പോള്‍ പഴയപോലെ മുടിയൊക്കെ നില്‍ക്കുമോ?"

"അപ്പോള്‍   സാര്‍ ടിവിയൊന്നും കാണാറില്ലേ? രണ്ടാഴ്ചകൊണ്ടു  മുടി പനങ്കുലപോലെ വളരുന്ന ഒരു  എണ്ണയല്ലേ ഇപ്പോള്‍ എല്ലാരും ഉപയോഗിക്കുന്നത്? ഇന്നലേയും ഒരു പെങ്കൊച്ചു ടിവീല്‍ വന്നു പറേന്ന കേട്ടു"

"എന്തോന്ന്.?"

"ആ എണ്ണ  തേയ്ക്കാന്‍ തുടങ്ങിയതോടെ അവരുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന്."

"ഓഹോ "

"അങ്ങിനെയെങ്കില്‍ ഒരു കുപ്പി എണ്ണ വാങ്ങിയാലോ?" ഞാന്‍ ആലോചിച്ചു.

പക്ഷെ എങ്ങിനെ വാങ്ങും? മുടി തഴച്ചുവളരുന്ന ഒരു എണ്ണയുണ്ടെന്നും ഒരു കുപ്പി ഉടനെ വാങ്ങിത്തരണമെന്നും പറഞ്ഞ ഭാര്യയോട്  "അതിനൊക്കെ ഭയങ്കര വിലയാ..നീ വല്ല വെളിച്ചെണ്ണയും വാങ്ങി  തേച്ചാല്‍ മതി" എന്നു പറഞ്ഞ ആളല്ലേ ഞാന്‍? 

ഇനി ആ എണ്ണ എനിക്ക് വേണ്ടി വാങ്ങിച്ചു എന്നവള്‍ അറിഞ്ഞാല്‍ പിന്നെ എന്റെ കഴുത്തിനു മുകളില്‍  തല കാണില്ല. 

തല ഇല്ലാതെ എണ്ണ വാങ്ങിയിട്ട് എന്തു കാര്യം? 

ഞാന്‍ ചിന്താഭാരത്തോടെ  വീട്ടിലേയ്ക്ക് നടന്നു. 

ഈശ്വരാ എന്റെ തലയും ഒരു "ഗള്‍ഫ് ഗേറ്റ് " തലയായി മാറുകയാണോ?  

എന്റെ അയല്‍ക്കാരനും സുഹൃത്തുമായ മാത്തപ്പന്‍ ചേട്ടന്റെ കഷണ്ടിത്തലയുടെ കാര്യം ഒരുമാത്ര ഞാന്‍ ഓര്‍ത്തുപോയി. 

ഒരു വലിയ കോഴിമുട്ടയുടെ ആകൃതിയുള്ള ആ തലയില്‍ ഇടതു വശത്തെ ചെവിയുടെ മുകളില്‍ മാത്രം ഒറ്റവരി ഞാറുപോലെ കുറച്ചു മുടിയുണ്ട്. കുളി കഴിഞ്ഞു വരുന്ന മാത്തപ്പന്‍ ചേട്ടന്‍  ചീര്‍പ്പ് കൊണ്ട്‌ ആ തലമുടിയെ തന്റെ  കഷണ്ടിത്തയുടെ മുകളിലൂടെ   വലതു വശത്തേയ്ക്ക് ചീകി വയ്ക്കും. 

കഷണ്ടിയുടെ മുന്‍വശത്ത്‌  രണ്ടിഞ്ചു വീതിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ആ മുടി കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്. അദ്ദേഹത്തിന്റെ  കഷണ്ടിയോടുള്ള ബഹുമാനസൂചകമായി  "ചാണ മാത്തപ്പന്‍" എന്നൊരു പേരും ഞാന്‍ അദ്ദേഹത്തിനു കൊടുത്തിരുന്നു.  

"ചാണ രഘു" എന്നൊരു പേര് എനിക്കും വീഴുമോ?  

ശരീരഘടന ഇല്ലെങ്കിലും എന്റെ സ്വഭാവമഹിമ വച്ചു നോക്കിയാല്‍ സുധാകരന്‍ പറഞ്ഞതു പോലെ "അമരീഷ് പുരി" എന്നു തന്നെ ആരെങ്കിലും പേരിടാനും മതി. 

എന്റെ തലയില്‍ കുടിയേറിയിരിക്കുന്ന കഷണ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു മാര്‍ഗ്ഗമെന്നു ഞാന്‍ തല പുകഞ്ഞാലോചിച്ചു.  

ബുദ്ധി കൂടുതലുള്ളവര്‍ക്കാണ്  കഷണ്ടിയുണ്ടാകുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്‌. ഒരു പക്ഷെ അതുകൊണ്ടാകുമോ ഇത്ര ചെറുപ്പത്തില്‍ തന്നെ എന്റെ തലയില്‍ കഷണ്ടി കയറിയത്? 

ഛെ...അതൊക്കെ ആളുകള്‍ വെറുതെ പറയുന്നതല്ലേ?  അങ്ങിനെയാണെങ്കില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ മുടിയേ കാണുമായിരുന്നില്ല.  

പിന്നെ ഇനി എന്താണൊരു മാര്‍ഗ്ഗം?  

വല്ല വിഗ്ഗും വാങ്ങി തലയില്‍ വച്ചാലോ?  

പണ്ടൊക്കെ മുടി കുറവുള്ള പെണ്ണുങ്ങള്‍ "തിരുപ്പന്‍" എന്നൊരു സാധനം തലയില്‍ ഫിറ്റു ചെയ്യുമായിരുന്നു. 

ഇപ്പോള്‍ ആണുങ്ങളാണ്  ഈ പണി ചെയ്യുന്നത്.  പക്ഷെ തിരുപ്പന്‍ എന്നതിന് പകരം "പാച്ച് "  എന്നോ മറ്റോ ആണത്രേ അതിന്റെ പേര്. 

മുടി ഇല്ലാത്ത ഭാഗത്ത്  ഈ സാധനം ഒട്ടിച്ചു വയ്കുകയാണ് ചെയ്യുക.

ഒരു പാച്ച്  വാങ്ങി ഞാനും തലയില്‍  ഒട്ടിച്ചാലോ ?  

ഹോ.. അതു വേണ്ട..ദിവസവും രണ്ടു തവണയെങ്കിലും  കുളിക്കുന്ന സ്വഭാവമുള്ള എനിക്ക്   അതൊന്നും ശരിയാവില്ല.  

ഭാര്യ അറിയാതെ ഒരു കേശതൈലം വാങ്ങുകയാണ്  നല്ലത്. ഞാന്‍ തീരുമാനിച്ചു.  

പോകുന്ന വഴിയില്‍ കണ്ട മെഡിക്കല്‍ ഷോപ്പില്‍ കയറി ഞാന്‍ മുടി വളരുന്ന എണ്ണയുടെ   ഒരു  കുപ്പിയ്ക്ക്   ഓര്‍ഡര്‍ ചെയ്തു. 

"അയ്യോ സാര്‍ ..ആ എണ്ണയ്ക്ക് ഭയങ്കര  ഡിമാണ്ടാ .സ്റ്റോക്ക് തീര്‍ന്നു. നാളയെ വരൂ" 

ഈശ്വരാ...ഇനി എന്തു ചെയ്യും? 

ഒന്നാം തീയതി ആണെന്നറിയാതെ ബിവറേജസ് ഷോപ്പിലെത്തിയ ആളെപ്പോലെ ഞാന്‍ വിഷണ്ണനായി നിന്നു. 

എന്റെ നില്പ് കണ്ടിട്ടാവണം കടയുടമ എന്നോട് പറഞ്ഞു. 

"സാര്‍ വിഷമിയ്ക്കേണ്ടാ... നമ്പര്‍ തന്നാല്‍ എണ്ണ  വന്നാലുടനെ   ഞാന്‍ മെസ്സേജ് അയക്കാം.   വന്നു വാങ്ങിയാല്‍  മതി"    

ഞാന്‍ എന്റെ നമ്പര്‍ കൊടുത്തു. 

തിരിച്ചു വീട്ടിലെത്തിയ  ഉടന്‍ ഞാന്‍ ടിവി ഓണ്‍ ചെയ്തു. മുടി വളരുന്ന എണ്ണയുടെ പരസ്യത്തിനായി കാത്തു.


അതാ വരുന്നു ആ പരസ്യം.

പത്തിരുപത്തഞ്ചു വയസുള്ള ഒരു പെങ്കൊച്ച് കാമുകന്‍ ഉപേക്ഷിച്ചു പോയ ഭാവത്തില്‍ ദുഖിതയായി ഇരിക്കുകയാണ്.

അവളുടെ എലിവാലു പോലുള്ള  മുടി  ചുമലിലൂടെ  മുന്‍പിലേയ്ക്ക്  ഇട്ടിരിക്കുന്നു.

ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കയ്യില്‍ മൈക്കും ക്യാമറയുമായി അവളുടെ അരികിലേയ്ക്ക് വരുന്നു.

അവള്‍ തന്റെ മുടിയുടെ കാര്യം ഗദ്ഗതത്തോടെ അവരോടു വിവരിക്കുന്നു. മുടി കുറവായതിന്റെ  പേരില്‍ മുടങ്ങിപ്പോയ കല്യാണാലോചനകളെപ്പറ്റി പറഞ്ഞ് അവള്‍ കണ്ണീര്‍ വാര്‍ക്കുന്നു. അവര്‍  അവളെ ആശ്വസിപ്പിക്കുന്നു. ശേഷം ഒരു കുപ്പി എണ്ണ അവള്‍ക്കു കൊടുക്കുന്നു.

രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വരാമെന്നു പറഞ്ഞു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പോകുന്നു.

രണ്ടാഴ്ച കഴിയുന്നു..

ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വീണ്ടും വരുന്നു.

പെണ്‍കുട്ടി സന്തോഷത്തോടെ അവരെ സ്വീകരിക്കുന്നു.

രണ്ടാഴ്ച കൊണ്ട്‌  പനങ്കുല പോലെ വളര്‍ന്നു നിലത്തു മുട്ടാറായ  തന്റെ മുടി അവള്‍ അവരെ കാണിക്കുന്നു.

തന്റെ എല്ലാ പ്രശങ്ങളും തീര്‍ന്നതായി അവള്‍ അവരോടു പറയുന്നു.

ചെറുപ്പക്കാര്‍  ഇരുവരും  ഹാപ്പിയാകുന്നു.

തുടര്‍ന്നു  മുടി വളരുന്ന എണ്ണയുടെ ഒരു ക്ലോസപ്പ്  ദൃശ്യം.

അതോടെ പരസ്യം തീരുന്നു.

ഹോ.. ഇത്രയും  ശക്തിയുള്ള എണ്ണയുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം. നാളെ രാവിലെ തന്നെ പോയി എണ്ണ വാങ്ങണം. ഭാര്യ അറിയാതെ കുളിമുറിയിലോ മറ്റോ വച്ചിട്ട് ഇടയ്ക്കിടയ്ക്ക് തലയില്‍ തേച്ചാല്‍ മതിയല്ലോ.

രണ്ടാഴ്ച  കൊണ്ടു എന്റെ  തലമുടി പനങ്കുല പോലെ വളരും.!

ഞാന്‍ ഉറങ്ങാന്‍ കിടന്നു...

രാത്രിയില്‍ പനങ്കുലപോലുള്ള മുടിയുമായി നടക്കുന്ന എന്നെ ഞാന്‍ സ്വപ്നം കണ്ടു.  ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്.

പിറ്റേ ദിവസം രാവിലെ  പത്തുമണിയോടെ ഞാന്‍ കുളിച്ചു റെഡിയായി കടയില്‍ പോകാനായി ഇറങ്ങുമ്പോഴാണ് ഭദ്രകാളിയെപ്പോലെ  ഭാര്യയുടെ വരവ്. അവളുടെ കയ്യില്‍ എന്റെ മൊബൈല്‍ ഫോണ്‍.
 
വന്നപാടെ അവള്‍ മൊബൈല്‍ ഫോണ്‍ എന്റെ നേരെ എറിഞ്ഞു. എന്നിട്ട്  മാരാര്‍ ചെണ്ടയില്‍ അടിക്കുന്ന രീതിയില്‍  സ്വന്തം നെഞ്ചത്ത് രണ്ടു കയ്യും വീശി  നാലഞ്ച് ഇടി പാസാക്കി. 
പിന്നെ  എന്നെ നോക്കി  ഒറ്റ അലര്‍ച്ച...

"എന്റീശ്വരാ..എന്റെ രണ്ടു പിള്ളാരുടെ തന്തയായ ഇങ്ങേര്‍ എന്നോടീ ചതി  ചെയ്തല്ലോ...ഞാനിതെങ്ങനെ സഹിക്കുമെന്റെ ശിവനേ"

എനിക്കൊന്നും മനസ്സിലായില്ല. കാര്യമെന്തെന്നറിയാതെ ഞാന്‍ അന്തം വിട്ടു നിന്നു.

"എടീ നീ നെഞ്ചടിച്ച്  കലക്കാതെ കാര്യം പറ"

"ആങ്ഹാ നിങ്ങള്ക്ക് കാര്യമറിയില്ല അല്ലേ...എന്നെയും പിള്ളാരെയും ഇട്ടേച്ചു നിങ്ങള്‍ ആ എന്തിരവളുടെ അടുത്തേയ്ക്ക്   പോവാന്‍ ഞാന്‍ സമ്മതിക്കില്ല."

"ങേ...ഏതു എന്തിരവള്‍?"  ഞാന്‍ കണ്ണു മിഴിച്ചു.

"ഓഹോ അപ്പോള്‍ നിങ്ങള്ക്ക് ഒന്നുമറിയില്ല അല്ലേ ? ആ മൊബൈല്‍ എടുത്തു നോക്ക്. അവളുടെ മെസ്സേജ് വന്നിരിക്കുന്നു."

ഞാന്‍ ഓടിപ്പോയി മൊബൈല്‍ എടുത്തു.  അതിലൊരു എസ് എം എസ്‌ വന്നു കിടക്കുന്നു...!

ഞാനത് വിറയലോടെ  വായിച്ചു...

"സാര്‍...ഇന്ദുലേഖ എത്തിയിട്ടുണ്ട്...ഉടനെ വന്നാല്‍ തരാം."

ഈശ്വരാ...

ഇവളെ ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും?

കഷണ്ടി കയറിയ തലയില്‍ കൈതാങ്ങി ഞാന്‍  വെറും നിലത്തു കുത്തിയിരുന്നു...

Monday, January 30, 2012

ആതിരയുടെ പ്രേതം

വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാതെ  കിടന്ന  ഒരു വീടായിരുന്നു അത്.

വിശാലമായ പറമ്പിന്റെ  ഒത്തനടുക്കായി   തലയുയര്‍ത്തി  നില്‍ക്കുന്ന ഒരു പഴയ  രണ്ടുനില വീട്.!

കാലപ്പഴക്കം കൊണ്ട്  നിറം മങ്ങിയ  അതിന്റെ പുറംചുവരുകളില്‍  അവിടവിടെ പായല്‍ പൊതിഞ്ഞിരിക്കുന്നു. 

അരയേക്കറില്‍  അധികം വരുന്ന പറമ്പില്‍  മുഴുവന്‍ തെങ്ങുകളും വാഴകളും നിന്നിരുന്നു. പറമ്പിനു ചുറ്റും ആറടി  ഉയരത്തില്‍ മതിലു കെട്ടിയിട്ടുണ്ട്. കിഴക്ക് ദര്‍ശനമായി നില്‍ക്കുന്ന  വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയില്‍ ഒരു വലിയ പാലമരം നില്‍ക്കുന്നു.  അതില്‍   കാട്ടുചെടികളും ചൂരല്‍ വള്ളികളും  പടര്‍ന്നുകയറി   ഒരു  സര്‍പ്പക്കാവു പോലെ തോന്നിക്കുന്നു.   പാലയുടെ അടിയില്‍ കാവിനുള്ളില്‍ പുരാതനമെന്നു തോന്നിക്കുന്ന   ഒരു നാഗവിഗ്രഹം  മറിഞ്ഞുകിടക്കുന്നു. അതിനു മുന്‍പിലായി  ഇരുമ്പ് കമ്പിയിയുടെ മുകളില്‍  വെറ്റിലയുടെ ആകൃതിയില്‍ തീര്‍ത്ത   എണ്ണയൊഴിച്ചു  കത്തിയ്ക്കാവുന്ന  ഒരു കുത്തുവിളക്ക്  നാട്ടിനിര്‍ത്തിയിട്ടുണ്ട്. 

പണ്ടെങ്ങോ അവിടെ നാഗപൂജകളും വിളക്ക് വയ്പും നടന്നിട്ടുള്ളതിന്റെ  ലക്ഷണം കാണാമായിരുന്നു. 

വീടിന്റെ മുന്‍പില്‍  കാര്‍പോര്‍ച്ചില്‍ നിന്നും അല്പം അകന്ന് ഒരു തുളസ്സിത്തറ. അതിലെ തുളസ്സിച്ചെടി വാടിക്കരിഞ്ഞു നില്‍ക്കുന്നു. 

മുറ്റത്തിന്റെ ഇടതുവശത്തായി  ഒരു ചെറിയ ആമ്പല്‍ക്കുളം. അതില്‍ വെള്ളമുണ്ടായിരുന്നില്ല. കുളത്തിന്റെ  കരയില്‍  ഒരു യുവതിയുടെ അര്‍ദ്ധനഗ്നമായ കോണ്‍ക്രീറ്റ് പ്രതിമ. അവളുടെ  അരയില്‍ ഇരിക്കുന്ന കുടത്തില്‍ നിന്നും വെള്ളം കുളത്തിലേയ്ക്ക് വീഴുന്ന രീതിയിലാണ്  ആമ്പല്‍ക്കുളത്തിന്റെ  നിര്‍മ്മാണം. 

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വകയാണ്  ആ കെട്ടിടം.  ഏതാനും മാസങ്ങള്‍ക്ക്  മുന്‍പ്   വലിയ മുതല്‍ മുടക്കില്ലതെയാണ്  ആ കെട്ടിടം കമ്പനി വിലയ്ക്ക് വാങ്ങിയത്.   ആ വീട്ടില്‍ നടന്ന ചില സംഭവങ്ങള്‍ മൂലം   അതു വിലയ്ക്ക് വാങ്ങാന്‍ ആരും ധൈര്യപ്പെടാതിരുന്നതു കൊണ്ടാണ്  കമ്പനിക്ക് ആ വീട്  വളരെ കുറഞ്ഞ വിലയ്ക് കിട്ടിയത്.

കമ്പനി വാങ്ങുന്നതിന് മുന്‍പ്  അവിടെ താമസ്സിച്ചിരുന്നത്  ഒരു ബ്രാഹ്മണ കുടുംബമായിരുന്നു.

 
 ഉള്ളിലേയ്ക്ക്  വലിച്ചു തുറക്കാവുന്ന  ഇരുമ്പ് ഗേറ്റില്‍ നിന്നും വീടിന്റെ  കാര്‍പോര്‍ച്ചുവരെ മൂന്നടി വീതിയില്‍ കരിങ്കല്ല് പാകിയ നടപ്പാതയുണ്ട്. അതിന്റെ ഇരുവശങ്ങളിലും  കാടുപോലെ വളര്‍ന്നു നില്‍ക്കുന്ന  റോസാച്ചെടികളുടെ   ചില്ലകള്‍ നടപ്പതിയിലേയ്ക്ക് ചാഞ്ഞുനില്‍പ്പുണ്ട്.  ചില ചെടികളില്‍ കൊഴിയാറായി നില്‍ക്കുന്ന  കടും ചുവപ്പ്  നിറത്തിലുള്ള  റോസാപ്പൂക്കള്‍.  

നഗരത്തില്‍തന്നെ ആയിരുന്നെങ്കിലും  മെയിന്‍റോഡില്‍   നിന്നും അല്പം ഉള്ളിലേയ്ക്ക് മാറി  അധികം ജനവാസമില്ലാത്ത  ഒരു  സ്ഥലമായിരുന്നു അത്.    ഇങ്ങനെയൊരു  വീട്  ജനനിബിഡമായ ഈ  നഗരത്തില്‍ ഉണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാന്‍  കഴിഞ്ഞില്ല.  

മെയിന്‍റോഡും  കഴിഞ്ഞ് കഷ്ടിച്ചു ഒരു കാറിനുമാത്രം കടന്നുപോകാന്‍  വീതിയിലുള്ള  വഴിയിലൂടെ   അരകിലോമീറ്റര്‍  പിന്നിട്ട്  അടച്ചിട്ടിരിക്കുന്ന ഇരുമ്പ് ഗേറ്റിനു മുന്നില്‍ ഞാന്‍  എത്തുമ്പോള്‍ സമയം സന്ധ്യ മയങ്ങിയിരുന്നു. 


ഓട്ടോറിക്ഷയുടെ കൂലി  വാങ്ങുമ്പോള്‍ ഓട്ടോറിക്ഷാക്കാരന്‍  എന്നേയും പിന്നെ ആ വീടിനേയും സംശയ ദൃഷ്ടിയോടെ ഒന്ന്  നോക്കുകയുണ്ടായി.

ഓട്ടോറിക്ഷ വന്നുനില്‍ക്കുന്ന ശബ്ദം കേട്ടിട്ടാവണം  വീടിന്റെ കാര്‍പോര്‍ച്ചില്‍  എന്നെ പ്രതീക്ഷിച്ചെന്നപോലെ  നിന്നിരുന്ന ഒരു വൃദ്ധന്‍ ഓടിവന്നു. അയാള്‍   ഇരുമ്പ് ഗേറ്റ് വലിച്ചു തുറന്നു. അതിന്റെ പാളികള്‍ ആലോരസ്സപ്പെടുത്തുന്ന ഒരു ശബ്ദത്തോടെ പതുക്കെ  അകന്നപ്പോള്‍ ഞാന്‍ എന്റെ ബാഗുമായി ഉള്ളിലേയ്ക്ക് കയറി.

"സാര്‍ ഒത്തിരി താമസ്സിച്ചല്ലോ. ഞാന്‍ അഞ്ചു മണിമുതല്‍ ഇവിടെ വന്നു നില്ക്കുകയാ. ഇത്രയും താമസ്സിച്ചപ്പോള്‍ ഇനി നാളയെ വരൂന്നു  കരുതി." 

വൃദ്ധന്റെ  വാക്കുകളില്‍  ആശ്വാസവും അല്പം പരിഭ്രമവും കലര്‍ന്നിരുന്നു.

"ഓഫീസില്‍ നിന്നിറങ്ങാന്‍ അല്പം വൈകി. അതാ താമസിച്ചത്." ഞാന്‍ മറുപടി പറഞ്ഞു..

ചാഞ്ഞുകിടക്കുന്ന റോസാ ചെടികളില്‍ വസ്ത്രമുടക്കാതെ ഞങ്ങള്‍ മുന്നോട്ടു നടന്നു. വൃദ്ധന്‍ എന്റെ ബാഗ്  എടുത്തു കൊണ്ടുപോകാന്‍ സഹായിച്ചു.

കാര്‍ പോര്‍ച്ചിന്റെ ഒരു വശത്ത്‌  കുറെ ഉണങ്ങിയ  തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നു.

വൃദ്ധന്‍ ബാഗ്‌  നിലത്തു വച്ചിട്ട്  പോക്കറ്റില്‍ നിന്നും ഒരു താക്കോല്‍   കൂട്ടം പുറത്തെടുത്തു. പിന്നെ അതില്‍ ഏറ്റവും വലുത്  തിരഞ്ഞെടുത്തു മുന്‍ വാതിലിന്റെ പൂട്ട്‌ തുറന്നു.

തേക്ക്  പലക കൊണ്ട് നിര്‍മ്മിച്ച കനത്ത വാതില്‍ ഒരു ഞരക്കത്തോടെ  തുറന്നു. വീടിനുള്ളില്‍ അന്ധകാരം നിറഞ്ഞിരുന്നു. വൃദ്ധന്‍ അകത്തു കയറി ലൈറ്റ് ഓണ്‍ ചെയ്തു. നാല്പതു വാട്ടിന്റെ ബള്‍ബില്‍ നിന്നുള്ള വിളറിയ പ്രകാശം ആ മുറിയില്‍ നിറഞ്ഞു.

പഴകിയ ഗന്ധവും പൊടിയും നിറഞ്ഞ വായു ശ്വസിച്ചപ്പോള്‍ എനിക്ക് നേരിയ ശ്വാസംമുട്ടല്‍  അനുഭവപ്പെട്ടു. 

ഞാന്‍ അകത്തു കയറി ചുറ്റും നോക്കി. ഞാന്‍ നിന്നിരുന്ന  മുറി  ഒരു ഹാള്‍ പോലെ തോന്നിച്ചു.   അതിന്റെ ഭിത്തിയില്‍    ചില ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്.    അതില്‍ മാറാല പിടിച്ചിരിക്കുന്നു.  ഇടതു ഭാഗത്തും പിറകിലും വേറെ രണ്ടു മുറികള്‍ കണ്ടു.  വടക്ക് പടിഞ്ഞാറ് ദിശയിലാണ് അടുക്കള.

അടുക്കള വാതിലിന്റെ ഇടതു വശം ചേര്‍ന്ന് മുകളിലെയ്ക്കുള്ള ഗോവണി പോകുന്നു. 

"സാര്‍...മുകളില്‍ മൂന്നു കിടപ്പുമുറികളാണുള്ളത്.  സാറിനു ഇഷ്ടമുള്ള  മുറി ഉപയോഗിക്കാം. പക്ഷെ ഇതാ ഈ കാണുന്ന മുറി മാത്രം തുറക്കരുത്."  ഹാളിനോടു ചേര്‍ന്ന്  വലതുവശത്തുള്ള  മുറി ചൂണ്ടി വൃദ്ധന്‍ പറഞ്ഞു.


സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ചതും ആ മുറി ആയിരുന്നു. കാരണം  അതിന്റെ ജനാലകള്‍ പുറത്തേയ്ക്ക് തുറക്കാവുന്നതും  ഗേറ്റുവരെ നോട്ടം കിട്ടുന്ന തരത്തിലുമായിരുന്നു.

"അതെന്താ ആ മുറി തുറന്നാല്‍?" ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.

"അപ്പൊ സാര്‍  ഈ വീടിന്റെ കഥകള്‍ ഒന്നും അറിഞ്ഞിട്ടല്ലേ ഇവിടെ താമസത്തിന് വന്നത്?" വൃദ്ധന്‍ ഒന്നു ഞെട്ടിയതു പോലെ എനിക്ക്  തോന്നി.  

 "കഥകളോ? എന്തു കഥകള്‍.? "

"ആ മുറിയിലാണ്  ആതിരക്കുഞ്ഞു തൂങ്ങി മരിച്ചത്."

"ആതിരയോ?  അതാര്?'

"ഈ വീടിന്റെ ഉടമസ്ഥനായിരുന്ന വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍"

"ഉവ്വോ..എന്തിനാ ആ കുട്ടി തൂങ്ങി മരിച്ചത്?" എനിക്കത് പുതിയ അറിവായിരുന്നു.

"അതൊന്നും എനിക്കറിയില്ല സാര്‍...ഈ വീട് വില്‍ക്കാനുള്ള കാരണം അതാ..  ആ കുട്ടിയുടെ പ്രേതം എവിടൊക്കെ ഉണ്ടെന്നാ ആളുകള്‍ പറയുന്നത്...പലരും കണ്ടിട്ടുണ്ട് " അതു പറയുമ്പോള്‍  വൃദ്ധന്റെ കണ്ണുകളില്‍ ഭയം നിഴലിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.  

"ഹ ഹ പ്രേതത്തിലൊന്നും എനിക്ക് വിശ്വാസമില്ല. ഞാന്‍ ഒരു മുന്‍പട്ടാളക്കാരനാ" ഞാന്‍ ചിരിയോടെ പറഞ്ഞു..

"സാറിന്റെ ഇഷ്ടംപോലെ ചെയ്യ്...പക്ഷെ ആ മുറിയില്‍ സാര്‍ കയറരുത്‌ എന്നേ എനിക്ക് പറയാനുള്ളൂ.."


വൃദ്ധന്‍ താക്കോല്‍ കൂട്ടം എന്റെ കയ്യില്‍ ഏല്‍പ്പിച്ചു മടങ്ങാനുള്ള തിടുക്കം കൂട്ടി.

"സാറേ ഉറങ്ങുന്നതിനു മുന്‍പ് ഗേറ്റ് പൂട്ടിയേക്കണം. ഇവിടെ മുഴുവന്‍ കള്ളന്മാരാ...കുറെ രാജസ്ഥാനി പെണ്ണുങ്ങള്‍  ഇറങ്ങിയിട്ടുണ്ട്.. പകല്‍ ഭിക്ഷതെണ്ടാന്‍ വരുന്ന ഭാവത്തില്‍   എല്ലാം നോക്കി വച്ചിട്ട്  പോകും...രാത്രിയില്‍ വന്നു മോട്ടിക്കാന്‍..."  

വൃദ്ധന്‍  കാര്‍ പോര്‍ച്ചില്‍ കടന്ന ഉണക്കത്തേങ്ങകളില്‍ മൂന്നു നാലെണ്ണം എടുത്തു തന്റെ സഞ്ചിയില്‍ ഇട്ടു. ബാക്കി  വന്ന തേങ്ങകള്‍ കാലു കൊണ്ട് ഒരു മൂലയിലേയ്ക്ക് ഒതുക്കി. പിന്നെ തന്റെ സൈക്കിളിന്റെ കാരിയറില്‍ സഞ്ചി തൂക്കിയിട്ടു തിടുക്കത്തില്‍ ഗേറ്റ്   കടന്നു പോയി. 

വൃദ്ധന്‍ പോയ ഉടന്‍ ഏതു മുറി  ഉപയോഗിക്കണമെന്ന് ഞാന്‍ ഒരുമാത്ര ആലോചിച്ചു.  വൃദ്ധന്‍ തുറക്കരുതെന്നു  പറഞ്ഞ മുറി  ഒഴിവാക്കി അടുക്കളയോട് ചേര്‍ന്നുള്ള മുറി തുറന്നു. വൃദ്ധന്‍ അതു  വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. അതില്‍ എന്റെ ബാഗും മറ്റു സാധനങ്ങളും   എടുത്തുവച്ചു.   ഒരു കട്ടിലും മേശയും മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. പഴയ മോഡലില്‍ ഉള്ള ഒരു സീലിംഗ് ഫാനും  ഒരു സി എഫ് എല്‍ ലാമ്പും അതില്‍ ഉണ്ടായിരുന്നു. ഫാനിന്റെ   റെഗുലെറ്ററും  സ്വിച്ചുകളും  ചെളി പിടിച്ചു കറുത്തിരുന്നു.  

കട്ടിലില്‍ ഒരു പുതിയ  മെത്തയും തലയിണയും ഉണ്ടായിരുന്നു. കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം വൃദ്ധന്‍ വാങ്ങിയതാവുമെന്നു ഞാന്‍ ഊഹിച്ചു.  

ഏതായാലും വൃദ്ധന്‍ പറഞ്ഞ മുറി നാളെ പകല്‍ സമയം ഒന്ന്  തുറന്നു നോക്കണമെന്നു ഞാന്‍ തീരുമാനിച്ചു. 

കാര്‍പോര്‍ച്ചിനോട്   ചേര്‍ന്നുള്ളതായിരുന്നു ആ മുറി. അതിന്റെ ജനാലകള്‍ തുറന്നാല്‍ ഗേറ്റും സര്‍പ്പക്കാടിന്റെ കുറച്ചു ഭാഗവും കാണാമായിരുന്നു. 

ഞാന്‍ കുളി കഴിഞ്ഞു വന്ന്  പൊതിയായി വാങ്ങിയ ഭക്ഷണം കഴിച്ചിട്ട്   അന്നത്തെ പ്രധാന  വിവരങ്ങള്‍ ഡയറിയില്‍ കുറിച്ചു.  പിന്നെ  ബാഗില്‍ നിന്നും ഒരു ബെഡ് ഷീറ്റെടുത്ത്  കട്ടിലില്‍ വിരിച്ചു. തലയിണ ക്രാസിയില്‍ ഉയര്‍ത്തിവച്ച്  ലൈബ്രറിയില്‍ നിന്നും കഴിഞ്ഞ ദിവസമെടുത്ത  പുസ്തകം വായിച്ചു നിര്‍ത്തിയിടത്തു നിന്നും  തുടര്‍ന്ന്  വായിച്ചു തുടങ്ങി. 

വായനയ്ക്കിടയില്‍ ക്ഷീണം മൂലം ഞാന്‍    ഉറങ്ങിപ്പോയി. 

അര്‍ദ്ധരാത്രി ആയിട്ടുണ്ടാകണം. എന്തോ ശബ്ദം കേട്ടതുപോലെ പെട്ടെന്ന്  ഞാന്‍ ഞെട്ടിയുണര്‍ന്നു. 

ജനാലയുടെ പുറത്തു കാര്‍പോര്‍ച്ചില്‍  എനിക്ക്  പുറംതിരിഞ്ഞ്  ഒരു സ്ത്രീ രൂപം നില്‍ക്കുന്നു.!
 
അവള്‍ കടുംകളറിലുള്ള  ഒരു സാരി  ധരിച്ചിരുന്നു.

ആറടിയോളം പൊക്കം തോന്നുന്ന ബലിഷ്ടമായ ശരീരഘടനയുള്ള  അവളുടെ കനത്ത നിതംബത്തെ മറയ്ക്കുന്ന  ഇടതൂര്‍ന്ന മുടിയിഴകള്‍..   

ഏതോ ഒരു പൂവിന്റെ  മത്തു പിടിപ്പിക്കുന്ന  സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ  എനിക്ക് തോന്നി. 

ആള്‍ത്തമസ്സമില്ലാതിരുന്ന ഈ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക്  എന്തിനു വന്നു...ഞാന്‍ അത്ഭുതപ്പെട്ടു.        

മുറിയില്‍ നിന്നും ഗേറ്റിലേയ്ക്ക്  നീളുന്ന പ്രകാശക്കീറില്‍   മറ്റൊരു കാഴ്ചകൂടി ഞാന്‍ കണ്ടു...    

ഗേറ്റിന്റെ  അടുത്തായി ഒരു കറുത്ത നായ നില്‍ക്കുന്നു.  അത്  അവളെത്തന്നെ  സൂക്ഷിച്ചു നോക്കുന്നു. 

ആരാണവള്‍ ...

"സാറേ ആ മുറി തുറക്കരുത്...ആതിരക്കുഞ്ഞു തൂങ്ങിമരിച്ച മുറിയാ അത്.." വൃദ്ധന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി..

"ഈശ്വരാ..."

 എന്റെ ശരീരത്തിലെ രോമകൂപങ്ങള്‍ എഴുനേറ്റു നിന്നു...

സര്‍വ്വീസിലിരിക്കുമ്പോള്‍  ഓപ്പറേഷനുകളില്‍  പൊരുതിമരിച്ച   പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ക്ക്  രാത്രി മുഴവന്‍ ഞാന്‍ ഒറ്റയ്ക്ക് കാവല്‍ നിന്നിട്ടുണ്ട്. 

ഓപ്പറേഷനുകളില്‍ പങ്കെടുക്കുമ്പോള്‍ ശവക്കല്ലറകളുടെ മറവുപറ്റി ദീര്‍ഘനേരം പതുങ്ങിക്കിടക്കേണ്ടതായി വന്നിട്ടുണ്ട്. 

പക്ഷെ ഇവിടെ  ഈ അര്‍ദ്ധരാത്രിയില്‍ .. പണ്ടെങ്ങോ തൂങ്ങി മരിച്ച ഒരു യുവതിയുടെ  പ്രേതം..  എന്റെ   തൊട്ടുമുന്‍പില്‍...   

ഈ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍  ഒരു മിന്നല്‍പോലെ എന്റെ ദേഹത്തെ പ്രകമ്പനം കൊള്ളിച്ചു...


ഒരു നിമിഷം...എന്റെ ബോധം മറഞ്ഞു...

 ************************************************************************************************************
"സാറേ...ഇതുവരെ ഉണര്‍ന്നില്ലേ...മണി ഒമ്പതായി"  വൃദ്ധന്റെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്...

ഞാന്‍ എഴുനേല്‍ക്കാന്‍  ശ്രമിച്ചു...ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദന... തല പിളരുന്നത് പോലെ...  ശരീരം തുള്ളി വിറയ്ക്കുന്നു...

"എന്താ സാര്‍ സുഖമില്ലേ...സാറിന്നലെ മുന്‍വശത്തെ വാതിലിന്റെ കൊളുത്തു പോലും ഇട്ടില്ലല്ലോ..ഗേറ്റും പൂട്ടിയില്ല."

വൃദ്ധന്‍  അകത്തു വന്നു...മൂടിപ്പുതച്ചു കിടന്ന എന്റെ നെറ്റിയില്‍ തൊട്ടു...

ഹോ പൊള്ളുന്ന പനിയാണല്ലോ. എന്തുപറ്റി  ഇത്ര പെട്ടെന്നു പനി പിടിയ്ക്കാന്‍?'

ഞാന്‍ ഒന്നും മിണ്ടിയില്ല. ഇന്നലെ രാത്രിയിലെ അനുഭവം വൃദ്ധനോടു പറയണോയെന്നു ഞാന്‍ ആലോചിച്ചു.

"സാര്‍ അറിഞ്ഞോ? കാര്‍പോര്‍ച്ചില്‍ കിടന്ന തേങ്ങാ മുഴുവന്‍  രാത്രിയില്‍ ആരോ കൊണ്ടുപോയി...ആ രാജസ്ഥാനി പെണ്ണുങ്ങങ്ങളായിരിക്കും! കുറഞ്ഞത്‌ പത്തു തേങ്ങായെങ്കിലും  ഉണ്ടായിരുന്നു...ഈ  വീട്  നോക്കുന്നതിനു കൂലിയായി ആകെ എനിക്കു കിട്ടുന്നത് അതു മാത്രമാ "..

ഈശ്വരാ....

അപ്പോള്‍ ഇന്നലെ രാത്രിയില്‍ ഞാന്‍ കണ്ടത് ആതിരയുടെ പ്രേതമായിരുന്നോ  അതോ......?

Wednesday, December 14, 2011

ഒരു പുലിയും മൂന്നു പാമ്പുകളും

 "ബാംഗ്ലൂര്‍ അഥവാ ബംഗളൂരു "  എന്നു പറയുന്ന സ്ഥലം  ഒരിക്കല്‍  "പെന്‍ഷന്‍കാരുടെ പറുദീസ"  ആയിരുന്നു പോലും.  !!

ചിലര്‍ ബാംഗ്ലൂരിനെ   ഉദ്യാനനഗരിയെന്നും സിലിക്കന്‍വാലിയെന്നും  വിളിച്ചിരുന്നത്രെ...

എന്നാലും പുസ്തകത്താളുകളില്‍ ഞാന്‍  വായിച്ച ബാംഗ്ലൂര്‍ അല്ല യഥാര്‍ഥത്തില്‍ ഞാന്‍ കണ്ട  ബംഗളൂരു.

നീര്‍ക്കോലി കുമ്പളങ്ങ വിഴുങ്ങിയതുപോലെയുള്ള വയറും   ഊര്‍ന്നു  വീഴുമോ എന്നു  പേടിപ്പിക്കുന്ന   രീതിയിലുള്ള പാന്റും  കഴുത്തില്‍ കുരുക്കിട്ടതു  പോലെയുള്ള  ടൈയ്യും  ധരിച്ചു  ലാപ്ടോപ്പും താങ്ങിപ്പിടിച്ചു  പോകുന്ന സോഫ്റ്റ്‌വയറന്മാരുടെ  ബാംഗ്ലൂര്‍...

വൈറ്റ് വാഷ് ചെയ്തതു പോലെയുള്ള മുഖവും  "മാറി നിന്നോ ഞാനിപ്പം പൊട്ടും" എന്ന രീതിയിലുള്ള  വസ്ത്രങ്ങളും  കുതിരവാല്‍ പോലെ  പിറകില്‍ കെട്ടി വച്ചിരിക്കുന്ന  മുടിയും ചെവിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന മൊബൈലില്‍ സദാ സമയവും സംസാരിച്ചു കൊണ്ട് നടക്കുന്നവരുമായ  മത്തങ്ങാ നിതംബിനികളായ സോഫ്റ്റ്‌ വയറികളുടെ ബാംഗ്ലൂര്‍...
 
ഭിക്ഷക്കാര്‍  പോലും ഇംഗ്ലീഷ് പറയുന്ന ബാംഗ്ലൂര്‍... പക്ഷെ ഒറ്റ ബസ്സില്‍ പോലും അതു  പോകുന്ന സ്ഥലം  ഇംഗ്ലീഷില്‍ എഴുതി വയ്ക്കാത്ത  ബാംഗ്ലൂര്‍.!!
 
മലയാളത്തില്‍ ചോദിച്ചാല്‍   ഇംഗ്ലീഷില്‍  ഉത്തരം പറയുന്ന ബാംഗ്ലൂര്‍..... മലയാളമറിയാത്ത   മലയാളികളുള്ള   മലയാളികളുടെ ബാംഗ്ലൂര്‍.



ഇങ്ങനെയൊക്കെയുള്ള   "ബംഗളൂരു" ഒന്നു നേരില്‍ കണ്ടില്ലെങ്കില്‍ അതു എന്നെപ്പോലുള്ള  പെന്‍ഷന്‍കാര്‍ക്ക്  മുഴുവന്‍  നാണക്കേടല്ലേ ? 
 
എന്നൊക്കെ വിചാരിക്കിരിക്കുമ്പോഴാണ്  അപ്രതീക്ഷിതമായി ഒരു  ബംഗളൂരു  യാത്ര എനിക്ക് തരപ്പെട്ടത്.  ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു   കോണ്‍ഫറന്‍സ്    ബംഗളൂരുവില്‍ നടക്കുന്നു. ആയതില്‍ പങ്കെടുക്കുവാന്‍ എനിക്കും ക്ഷണം കിട്ടി. 
 
അങ്ങനെ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും കൂടി   ഒമ്പതാം തീയതി (വെള്ളിയാഴ്ച) രാവിലെ  ബംഗളൂരുവില്‍  'യശ്വന്ത്പൂര്‍'  സ്റ്റേഷനില്‍  എത്തി.   ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്ട്രോങ്ങിന്റെ ഭാവത്തില്‍   കമ്പിളിക്കോട്ടും തൊപ്പിയും  ധരിച്ചു  ചുമലില്‍ ഭാരമുള്ള ബാഗുകളും  തൂക്കി    സ്റ്റേഷന്റെ പുറത്തേയ്ക്ക്  ഞങ്ങള്‍  നടന്നു.   കമ്പനി അയച്ചു തന്നിരിക്കുന്ന പ്രോഗ്രാം ചാര്‍ട്ട്  പ്രകാരം  ഇന്ദിരാനഗറിലുള്ള "തിപ്സാന്ദ്ര" യിലാണ്  ഞങ്ങള്‍ക്കുള്ള താമസസൌകര്യങ്ങള്‍  ചെയ്തിരിക്കുന്നത്.


സുഹൃത്തുക്കള്‍ രണ്ടു പേരും അധികം യാത്രകള്‍ ചെയ്തിട്ടുള്ളവരല്ല. ആയതിനാല്‍ മുന്‍ പട്ടാളക്കാരനും ഒരുപാടു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവനുമായ  എന്നെയാണ് അവര്‍ ലീഡറായി  നിയോഗിച്ചിരിക്കുന്നത്.    ഞാനാണെങ്കില്‍ ആദ്യമായാണ്  ബംഗളൂരു കാണുന്നത്.  

 കമ്പനി വക വണ്ടിയില്‍ ഞങ്ങള്‍  ഇന്ദിരാനഗറിലെത്തി. അവിടെ ഒരു ഹോട്ടലിന്റെ മുന്‍പില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി എന്നിട്ട്  ഞങ്ങളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ വണ്ടിയില്‍ ഇരുന്നുകൊണ്ട് ഹോട്ടലിന്റെ പേരു വായിച്ചു.

"ഹോട്ടല്‍ സെവന്‍ ഹില്‍സ്‌ "

അയ്യോ..ഹോട്ടല്‍ മാറിപ്പോയെന്നു  തോന്നുന്നു.  പ്രോഗ്രാം ചാര്‍ട്ടില്‍ കൊടുത്തിരിക്കുന്നത്   "തിപ്സാന്ദ്ര"  എന്നാണല്ലോ? സുഹൃത്തു  ശബ്ദമുയര്‍ത്തി.


ഞാന്‍ ഉടന്‍ ഡ്രൈവറോട്  ആജ്ഞാപിച്ചു.


"ഹേ മാന്‍ ...ഔര്‍ ഹോട്ടല്‍ ഈസ്‌   നോട്ട്  സെവന്‍ ഹില്‍സ്‌ ...ഗോ ടൂ  ടിപ്സാന്ദ്ര "


എന്നിട്ട്   അഭിമാനത്തോടെ  ഞാന്‍ സുഹൃത്തുക്കളെ  നോക്കി. എന്റെ "ശുഷ്കാന്തിയി"ലുള്ള  മതിപ്പ്  അവരുടെ മുഖഭാവങ്ങളില്‍   തെളിഞ്ഞു.


പെട്ടെന്ന് ഡ്രൈവര്‍ ഉറക്കെ ചിരിച്ചു...എന്നിട്ട്    പറഞ്ഞു...

"അയ്യോ സാര്‍...തിപ്സാന്ദ്ര  എന്നത്  ഇന്ത ഊരിന്റെ പേരു...  നീങ്കളുടെ ഹോട്ടല്‍ സെവെന്‍ ഹില്‍സ് താനെ.."

ങേ   "തിപ് സാന്ദ്ര" എന്നത്  ഇവിടുത്തെ സ്ഥലപ്പേരാണോ?   എനിക്കത് പുതിയ അറിവായിരുന്നു.


"ഓ അപ്പടിയാ"


ഞാന്‍ ചമ്മല്‍ പെട്ടെന്നു മറച്ചു. എന്നിട്ട് ബാഗുകളും മറ്റുമെടുത്തു  ഞങ്ങള്‍ക്കായി പറഞ്ഞിരിക്കുന്ന മുറിയിലെത്തി കുളിച്ചു തയ്യാറായി  കോണ്‍ഫറന്‍സ് നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി.

ഞങ്ങളുടെ ഹോട്ടലിന്റെ അടുത്തു തന്നെയുള്ള മറ്റൊരു ഹോട്ടലിലാണ് കോണ്‍ഫറന്‍സ്  നടക്കുന്നത്.   അങ്ങോട്ട്‌  നടന്നു പോകാന്‍ ഞങ്ങള്‍  തീരുമാനിച്ചു.


വിശാലമായ റോഡിന്റെ ഇരുവശങ്ങളിലും  തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍..!അതിനു പിറകില്‍  തലയുയര്‍ത്തി നില്‍ക്കുന്ന വമ്പന്‍ കെട്ടിടങ്ങള്‍. ..

റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളേയും  വഴിയരികിലൂടെ  തിരക്കിട്ട് നടന്നു പോകുന്നവരെയും  ഞാന്‍ അതിശയത്തോടെ നോക്കി. 


ഒറ്റ ബസ്സില്‍ പോലും ഇംഗ്ലീഷില്‍ സ്ഥലപ്പേരു എഴുതിയിട്ടില്ല. എല്ലാ ബസ്സിലും ഓരോ നമ്പരും പോകുന്ന സ്ഥലപ്പേരു കന്നടയിലും  എഴുതിയിരിക്കുന്നു.



നടപ്പാതയിലൂടെ ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും ധൃതിയില്‍ നടക്കുന്നു. ഞാന്‍ അവരെ ശ്രദ്ധിച്ചു.ഒന്നിനും സമയമില്ല എന്ന മട്ടിലാണ് പലരുടെയും നടപ്പ്.......നടപ്പുമല്ല ഒട്ടവുമല്ല എന്ന രീതിയിലാണ്   മറ്റു ചിലരുടെ പോക്ക്.


 ട്രാഫിക് സിഗ്നലില്‍  ക്ഷമയോടെ കാത്തുകിടക്കുന്ന വാഹനങ്ങള്‍.  കേരളത്തിലായിരുന്നെങ്കില്‍  വാഹനങ്ങള്‍  സിഗ്നല്‍ വീഴുന്നതിനു മുന്‍പു തന്നെ    ഇരമ്പി  ഓടുമായിരുന്നു. ..ഞാന്‍ ഓര്‍ത്തു.

കാഴ്ചകള്‍ കണ്ടു നിന്നുപോയ എന്നെ  സുഹൃത്തുക്കള്‍ പിടിച്ചു വലിച്ചു  കോണ്‍ഫറന്‍സ് ഹാളിലെത്തിച്ചു.


വൈകിട്ട് ആറുമണിയോടെ കോണ്‍ഫറന്‍സ് തീര്‍ന്നു. തിരിച്ചു ഹോട്ടലില്‍ എത്തിയ ഞങ്ങള്‍ അടുത്ത   ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനായി ഒരു ആലോചനാ യോഗം ചേര്‍ന്നു. ആലോചനയുടെ തീവ്രത  വര്‍ദ്ധിപ്പിക്കുവാനായി ഒരു  കുപ്പി  "ബൊക്കാര്‍ഡി റമ്മും" അതിന് ആനുപാതികമായ അളവിലുള്ള മിക്സ്ച്ചറും  കായ വറുത്തതും അച്ചാറും  ഞങ്ങള്‍ കരുതിയിരുന്നു.



ബൊക്കാര്‍ഡി റമ്മിന്റെ  പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളില്‍  ഒരാള്‍ പുലിയും മറ്റൊരാള്‍ കരടിയുമായി മാറി.  അവര്‍ക്ക്     മുല്ലപ്പെരിയാറില്‍ ഡാം ഉടനെ കെട്ടണമെന്നും അതിനു സമ്മതിക്കാത്ത  ജയലളിതയെ  മദ്രാസ്സില്‍ പോയി നേരിട്ടു കണ്ടു നാലു ചീത്ത പറയണമെന്നും ഒത്താല്‍  അവര്‍ക്കിട്ടു  നാല്  ഇടി കൊടുക്കണമെന്നും  ആഗ്രഹമുദിച്ചു.  നമ്മള്‍ ഇപ്പോള്‍  ബാംഗ്ലൂരില്‍ ആണെന്നും തിരിച്ചു പോകുന്ന വഴിയ്ക്ക് മദ്രാസ്സില്‍ ഇറങ്ങാമെന്നും പറഞ്ഞ്  ഞാനവരെ ഒരു വിധത്തില്‍ ശാന്തരാക്കി. ഏതായാലും   അധികം താമസിക്കാതെ ബൊക്കാര്‍ഡി കുപ്പിയും മിക്സ്ച്ചറും  കാലിയാവുകയും പിറ്റേ ദിവസം രാവിലെ "ബന്നര്‍ഘട്ട  നാഷണല്‍ പാര്‍ക്കില്‍" (Bannerghatta National Park) പോയി ഒറിജിനല്‍ കരടിയേയും  പുലിയേയുമൊക്കെ നേരിട്ട് കാണാനുള്ള   തീരുമാനം ഉരുത്തിരിയുകയും ചെയ്തു.

അടുത്ത ദിവസം  രാവിലെ ഞങ്ങള്‍   ബന്നര്‍ഘട്ട നാഷണല്‍ പാര്‍ക്ക് കാണാന്‍  പുറപ്പെട്ടു.  പോകുന്ന വഴിയ്ക്ക് അടുത്തുള്ള ഒരു ഇഡ്ഡലി ഷോപ്പില്‍  കയറി കര്‍ണാടക സ്പെഷ്യല്‍ ഇഡ്ഡലിയും  വടയും ചായും കഴിച്ചു. പിന്നെ ആ കടയിലെതന്നെ ഒരു ജോലിക്കാരന്‍ പയ്യനോട്  ബന്നര്‍ഘട്ടയ്ക്ക്   പോകാനുള്ള  വഴി ഏതെന്നു ഞാന്‍  എനിക്കറിയാവുന്ന തമിഴില്‍  ചോദിച്ചു. 

"തമ്പീ ..ഇന്ത  ബന്നര്‍ഘട്ടയ്ക്കുള്ള  വളിയേത്?"

അതിനു മറുപടിയായി അവന്‍  നല്ല സ്വയമ്പന്‍ കന്നടയില്‍  പത്തു മിനിട്ട്  സംസാരിച്ചു. അതില്‍  ബന്നര്‍ഘട്ട എന്ന പേരും  365  എന്ന നമ്പരും മാത്രമേ  ഞങ്ങള്‍ക്ക്   മനസ്സിലായുള്ളൂ.   


പയ്യന്റെ കന്നഡ കേട്ട്  വിരണ്ടുപോയ സുഹൃത്തുക്കളെ ഞാന്‍  സമാധാനിപ്പിച്ചു.   

ഇനി ആരോട്  വഴി ചോദിക്കും എന്ന ചിന്തയില്‍  ഞങ്ങള്‍   റോഡരികില്‍  നിന്നു. ഇംഗ്ലീഷില്‍ ചോദിക്കുബോള്‍ തമിഴിലും തമിഴില്‍ ചോദിക്കുമ്പോള്‍ കന്നടയിലും ഉത്തരം നല്‍കുന്ന "ബംഗളൂരു" കാരോട്   എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.


അപ്പോഴാണ്‌ എന്റെ തലയില്‍  ഒരു ചിന്തയുദിച്ചത്‌...

ബൂലോകത്തിലെ പ്രശസ്ത   "ചിതലായ"  പ്രവീണ്‍, "കായംകുളം സൂപ്പര്‍ ഫാസ്റ്റിന്റെ"  ഓണര്‍  കം പ്രോപ്രൈറ്റര്‍ അരുണ്‍ കായംകുളം, "നോട്ട് ഒണ്‍ലി മാത്രമല്ല ബട്ട് ആള്‍സോ" കൂടിയായ  ക്യാപ്ടന്‍  ആഷ്‌ലി ഹഡോക് , കണ്ണനുണ്ണി  ബൂലോഗത്തിന്റെ  ശ്രീയായ ശ്രീമാന്‍ ശ്രീ  മുതലായ ബ്ലോഗ്‌ പുലികള്‍ അധിവസിക്കുന്നതു  ഈ  ബംഗളൂരു നഗരത്തിലല്ലേ? അപ്പോള്‍ അവരില്‍ ആരെയെങ്കിലും  ഒന്നു വിളിച്ചു ചോദിച്ചാലോ?


ഞാന്‍ എന്റെ മൊബൈലില്‍  നമ്പര്‍ തപ്പി...ആദ്യം കിട്ടിയത്  ചിതല്‍ പ്രവീണിന്റെ നമ്പരാണ്...

ഭാഗ്യത്തിന്  പ്രവീണിനെ ലൈനില്‍ കിട്ടി.  ഞാന്‍ ബാംഗ്ലൂര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ പ്രവീണിന് അത്ഭുതം. ബന്നര്‍ഘട്ടയ്ക്ക് പോകാനുള്ള  ബസ് വരുന്ന സ്റ്റോപ്പും കേറാനുള്ള  ബസിന്റെ നമ്പരും പ്രവീണ്‍ പറഞ്ഞു തന്നു.

നാഷണല്‍ പാര്‍ക്ക് കണ്ടിട്ട് തിരിച്ചു വരുന്ന വഴിയ്ക്ക്   ജയദേവ ഹോസ്പിറ്റലിനടുത്തു ഇറങ്ങണമെന്നും താന്‍  അവിടെ അടുത്താണ്  താമസിക്കുന്നതെന്നും അവിടെവച്ചു നേരിട്ട് കാണാമെന്നും പ്രവീണ്‍ അറിയിച്ചു.

അങ്ങനെ ഞങ്ങള്‍  ബന്നാര്‍ഘട്ടായിലേയ്ക്കു യാത്രയായി.


ഉച്ചയോടെ ഞങ്ങള്‍ നാഷണല്‍ പാര്‍ക്കും ബട്ടര്‍ ഫ്ലൈ ഉദ്യാനവും കണ്ടു തിരിച്ചു വന്നു. അപ്പോളോ  ഹോസ്പിറ്റലിന്റെ  അടുത്തെത്തിയപ്പോള്‍ ഞാന്‍ പ്രവീണിനെ വിളിച്ചു.

താന്‍ വരുവാന്‍ അല്പം താമസ്സിക്കുമെന്നും അടുത്ത ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിക്കാനും പ്രവീണ്‍ നിര്‍ദ്ദേശിച്ചു.

ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും പ്രവീണിന്റെ വിളി വന്നു.   ഹോട്ടലില്‍ നിന്നും പുറത്തു വന്ന്   ഞാന്‍ നില്‍ക്കുന്ന സ്ഥലം പ്രവീണിന് പറഞ്ഞു കൊടുത്തു.

കാറിലിരുന്ന പ്രവീണ്‍ എന്നെ കണ്ടു...അല്പം കൂടി മുന്‍പോട്ടു പോയി  യൂ ടേണ്‍ എടുത്തു വന്ന പ്രവീണ്‍ ഹോട്ടലിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തി. 


ബ്ലോഗിലൂടെയും ഫോണിലൂടെയും പരിചയമുണ്ടെങ്കിലും പ്രവീണിനെ ഞാന്‍  ആദ്യമായി നേരിട്ട്  കാണുകയാണ്.


സൌമ്യപ്രകൃതിയുള്ള  സുമുഖനായ  ചെറുപ്പക്കാരന്‍... മൃദുവായ സംസാരം... ചിരിക്കുന്ന മുഖം...


ഞാന്‍ പ്രവീണിനെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി. ഇന്റര്‍നെറ്റിലൂടെയുള്ള പരിചയമാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍   അത്ഭുതം.
 
ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി...

പ്രവീണ്‍ എന്നെ കണ്ടതിനു ശേഷം തിരിച്ചു പോകും എന്നാണു ഞാന്‍ കരുതിയത്‌.

പക്ഷെ  എന്നെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു കൊണ്ട്  പ്രവീണ്‍  ചോദിച്ചു...

"രഘുവേട്ടാ  എവിടാ ഷോപ്പിംഗ്‌...മജസ്റ്റിക്കില്‍  പോകണോ എം ജി റോഡില്‍ പോകണോ?"


"ങേ ..അപ്പോള്‍  പ്രവീണ്‍ ഇപ്പോള്‍ തിരിച്ചു പോകുന്നില്ലേ ? താമസിച്ചാല്‍ വീട്ടില്‍  പോളിറ്റ് ബ്യൂറോ കുഴപ്പമുണ്ടാക്കുമോ? " ഞാന്‍ ചോദിച്ചു.

"ഹേയ്  അതു പേടിക്കെണ്ടാ.  ഇന്നത്തെ ദിവസം ഞാന്‍ രഘുവേട്ടന് വേണ്ടി  ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാ ഹ ഹ...വണ്ടിയില്‍ കേറ്."

എന്നേയും  സുഹൃത്തുക്കളെയും കയറ്റി പ്രവീണിന്റെ കാര്‍ ഒരു ഷോപ്പിംഗ്‌ മാളിലെയ്ക്ക് പാഞ്ഞു.

പക്ഷെ   വേലിയിലിരുന്ന പാമ്പുകളെയാണ്    എടുത്തു  താന്‍  കാറില്‍ കയറ്റിരിക്കുന്നത്    എന്ന വിവരം  പാവം പ്രവീണ്‍  അപ്പോള്‍ അറിഞ്ഞിരുന്നില്ല.


(ഒരു ഭാഗം കൂടി എഴുതേണ്ടി വരും...അടുത്തത്‌   "ചിതലു പിടിച്ച ഒരു  പുലിവാല്‍")




Wednesday, November 9, 2011

മൂരാച്ചികളുടെ ലോകം.

രാവിലെ ഉറക്കമുണര്‍ന്നാലുടന്‍  ഒരു  കാപ്പിയോ   ചായയോ  കുടിക്കണമെന്നുള്ള കാര്യം എനിക്കു  നിര്‍ബന്ധമാണ്.   എങ്കിലേ എനിക്കു പ്രകൃതിയുടെ വിളി വരൂ.  അല്ലെങ്കില്‍ പ്രകൃതിയല്ല  ഒടേതമ്പുരാന്‍  വിളിച്ചാലും കാര്യങ്ങള്‍ക്കൊന്നും ശരിയായ രീതിയില്‍ ഒരു  "നീക്കു പോക്ക് "  ഉണ്ടാകാറില്ല.

ഈ ശീലം എനിക്കു പട്ടാളത്തില്‍ നിന്നും കിട്ടിയതാണ്. അവിടെ എന്നും രാവിലെ അഞ്ചു മണിയാകുമ്പോള്‍ മെസ്സ് ബോയി ചായയുമായി വന്നിട്ട്    "ഉഡോ  സാബ് ചായ്  പീലോ" എന്ന് പറയുമ്പോഴാണ്  ഞങ്ങള്‍ കണ്ണും തിരുമ്മി എഴുനേല്‍ക്കുക. ബാത്ത് റൂമില്‍ പോകാനുള്ള ടവല്‍, ടൂത്ത് ബ്രഷ്,  പേസ്റ്റ് എന്നിവ  റെഡിയാക്കി വച്ചതിനു ശേഷമേ ചായ കുടിക്കൂ. കാരണം പട്ടാളത്തിന്റെ ചായ അകത്തു ചെന്നാലുടന്‍    രാസപ്രവര്‍ത്തനം തുടങ്ങും.  പിന്നെ ഇവയൊന്നും എടുക്കുവാനുള്ള സാവകാശം കിട്ടിയെന്നു വരില്ല. 

പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ശേഷം  അവധി ദിവസങ്ങളില്‍ ഞാന്‍  രാവിലെ പത്തുമണി വരെ ഉറങ്ങാന്‍ തുടങ്ങി.  ഉറങ്ങുമ്പോള്‍  കൂര്‍ക്കം വലിച്ചുതന്നെ ഉറങ്ങണം എന്നെനിക്ക്  നിര്‍ബന്ധമാണ്‌.   പല സ്വരത്തിലും താളത്തിലുമുള്ള   എന്റെ  കൂര്‍ക്കംവലികള്‍   പഠിക്കാനിരിക്കുന്ന കുട്ടികള്‍ക്ക്   ശല്യമായപ്പോള്‍ ഭാര്യ ഒരു  തന്ത്രം പ്രയോഗിച്ചു.

അവള്‍ നേരത്തെ  എഴുനേറ്റു ചായുണ്ടാക്കി എന്നെ വിളിച്ചുണര്‍ത്തി   കുടിപ്പിക്കാന്‍  തുടങ്ങി. ചായ കുടിച്ചയുടന്‍   ടോയിലെറ്റിലേയ്ക്ക്  വച്ചുപിടിക്കുന്ന ഞാന്‍ തിരിച്ചു വന്നാലുടന്‍  വീണ്ടും കിടന്നുറങ്ങാതിരിക്കാനുള്ള മുന്‍കരുതല്‍ പോലെ   പാലു  വാങ്ങാനുള്ള  പാത്രവുമായി  അവള്‍  ഹാജരുണ്ടാകും. 

അതും വാങ്ങി പാതിമയക്കത്തില്‍ പാല്‍  സൊസൈറ്റിയിലേയ്ക്കു  നടക്കുന്ന  എന്റെ  ഒരു ദിവസം  അങ്ങിനെ   ആരംഭിക്കുകയായി.  

ഒരു ഹര്‍ത്താല്‍ ദിനത്തില്‍  ഭാര്യയുണ്ടാകിയ   സ്പെഷ്യല്‍  "ശോധനാപാനീയം"   കഴിച്ചു ടോയിലെറ്റില്‍  മയങ്ങിയിരുന്ന ഞാന്‍  വീടിനു മുകളില്‍  നിന്നും  ഒരു അലര്‍ച്ച  കേട്ടു  ഞെട്ടിയുണര്‍ന്നു. 



"മാന്യ മഹാ ജനങ്ങളെ. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്...   ഈ സര്‍ക്കാര്‍  അധികാരത്തില്‍ വന്നതിനു ശേഷം എത്രാമത്തെ തവണയാണ്  പെട്രോളിനു  വില കൂട്ടുന്നത്‌?"

ആസനത്തില്‍  പെട്രോള്‍  വീണതു പോലെ  ഞെട്ടിയ   ഞാന്‍  കണ്ണു  തുറന്നു വീടിന്റെ  മേല്‍ക്കൂരയിലെയ്ക്ക്  മിഴിച്ചു നോക്കി.

എവിടുന്നാണാ ശബ്ദം?    ആരാണ് രാവിലെ എന്റെ വീടിന്റെ  മുകളില്‍  കയറിനിന്നു പ്രസംഗിക്കുന്നത്?

അടുത്ത നിമിഷം  വീണ്ടും അലര്‍ച്ച കേട്ടു.

"അടിക്കടിയുണ്ടാകുന്ന ഈ വിലക്കയറ്റത്തിനെതിരെ നടത്തുന്ന ഈ ഹര്‍ത്താലിന്   എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട്  ഇന്ന്  വൈകിട്ട്  ചേരുന്ന  പൊതു സമ്മേളനത്തില്‍... "

ആഹാ.. രാഷ്ട്രീയം പ്രസംഗിക്കാനായി എന്റെ വീടിന്റെ മുകളില്‍  കയറാന്‍ ധൈര്യം കാട്ടിയവനാര് എന്നു  ചിന്തിച്ചുകൊണ്ട്   "നീക്കു പോക്ക്" കാര്യങ്ങള്‍  അടിയന്തിരമായി നിറുത്തി വച്ച ഞാന്‍  ടോയിലെറ്റില്‍ നിന്നും പുറത്തുചാടി. അപ്പോഴതാ മുറ്റത്തു ഭാര്യയും കുട്ടികളും   ആകാശത്തേക്ക് നോക്കി  മിഴിച്ചു നില്കുന്നു. 

അവിടെന്താ വല്ല സര്‍ക്കസും നടക്കുന്നോ? ഞാന്‍ ജിജ്ഞാസുവായി അങ്ങോട്ട്‌ നോക്കി.  

ശബ്ദം കേള്‍ക്കുന്നത്    വീടിനോട്  ചേര്‍ന്ന് നില്‍ക്കുന്ന കൊന്നത്തെങ്ങില്‍  നിന്നാണ്  എന്നെനിക്കു  മനസ്സിലായി. അതിന്റെ മണ്ടയില്‍ രണ്ടു ലൌഡ് സ്പീക്കറുകള്‍  വിപരീത ദിശകളില്‍ കെട്ടി വച്ചിരിക്കുന്നു.  അതില്‍ നിന്നും പോകുന്ന ചുവപ്പും മഞ്ഞയും കലര്‍ന്നുള്ള വയര്‍ മതിലിനു പുറത്തുള്ള  യു പി സ്കൂളിന്റെ മുറ്റത്തു കെട്ടിയുണ്ടാക്കിയ  പന്തലിലേയ്ക്ക് നീളുന്നു...!

"എന്നോട് ചോദിക്കാതെ എന്റെ മുറ്റത്തു  നില്‍ക്കുന്ന  തെങ്ങില്‍ ഇതു കെട്ടിവച്ചതാര്?"  ഞാന്‍ ചോദ്യ ഭാവത്തില്‍ ഭാര്യയെ നോക്കി.

അവളുടെ മുഖത്ത്‌   ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസില്‍ പോകേണ്ടി വന്ന സര്‍ക്കരുദ്യോഗസ്ഥന്റെ  ഭാവം..!

ഞാന്‍ മതിലിനടുത്തു ചെന്നു  പന്തലിലേയ്ക്ക് എത്തി നോക്കി.  അവിടെ കുറെ ഖദര്‍ധാരികള്‍ നില്‍ക്കുന്നു. പന്തലില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ പത്തു പതിനഞ്ച് സാദാധാരികള്‍  ഇരിക്കുന്നു. ഒരു ധാരി  തന്റെ മുന്‍പില്‍ വച്ചിരിക്കുന്ന  മൈക്കിനോട് എന്തോ പൂര്‍വ്വ വൈരാഗ്യം ഉള്ളതുപോലെ അതിന്റെ   കഴുത്തില്‍  കുത്തിപ്പിടിച്ചു കൊണ്ട്  ഘോരഘോരം പ്രസംഗിക്കുകയാണ്.


"ഈ നാട്ടിലെ  ജനങ്ങളെ ദ്രോഹിക്കുവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന മൂരാച്ചികളെ നമ്മള്‍ ഒറ്റക്കെട്ടായി എതിര്‍ക്കന്നമെന്നു ഞാന്‍..."


ആ ശബ്ദം തെങ്ങിന്റെ മണ്ടയിലിരിക്കുന്ന ലൗഡ് സ്പീക്കര്‍ മൂരാച്ചികള്‍  നാട്ടുകാരായ മൂരാച്ചികളെ  ഉറക്കെ കേള്‍പ്പിച്ചു. 


അതുശരി...  അപ്പോള്‍ ഇവരെല്ലാം കൂടി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ച്  പഠിക്കുകയും അപലപിക്കുകയുമാണ്. അതിന്റെ ബഹളമാണ് കേള്‍ക്കുന്നത്..ഞാന്‍ വീട്ടിലേയ്ക്ക്‌ തിരിച്ചു വന്നു.

അപ്പോഴതാ  വീട്ടിനുള്ളില്‍ നിന്നും ഭാര്യ എന്ന മൂരാച്ചിയുടെ അലര്‍ച്ച.!

"നേരം വെളുത്തെപ്പിന്നെ പുസ്തകം കൈകൊണ്ടു തൊട്ടിട്ടില്ല. പോയിരുന്നു പഠിക്കെടാ."

"അമ്മേ  ഈ ശബ്ദം കാരണം വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല".  മകന്‍ മൂരാച്ചിയുടെ മറുപടി ഉടന്‍  വന്നു.  

അവനും അലറുകയാണ്.

അകത്തു ഫോണിന്റെ മണിയടി. ഞാന്‍  പോയി ഫോണെടുത്തു  റിസീവര്‍ കാതില്‍ ചേര്‍ത്തു.  ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല...

"ഹലോ... ഹലോ ...ആരാ?".....  ഞാനുമൊരു  മൂരാച്ചിയായി  മാറി .

"മീന്‍ വേണോ മീന്‍... നല്ല   മുഴുത്ത അയല"..  മീന്‍ വില്‍ക്കുന്ന പരീതു  മൂരാച്ചിയുടെ  അലര്‍ച്ച  പുറത്തു മുഴങ്ങുന്നു.

"അതുകൊണ്ട്    ഈ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ നിറുത്തുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യകയാണ്."

തെങ്ങിന്റെ മണ്ടയിലെ ലൌഡ്  സ്പീക്കര്‍ മൂരാച്ചി വീണ്ടും ഉച്ചത്തില്‍   അലറി.

"ദൈവമേ   ആകെക്കിട്ടിയ  അവധി ദിവസം കുളമാക്കിയ ദ്രോഹികള്‍.   ഇതിനെതിരെ   സമരം ചെയ്യാന്‍ ഏതെങ്കിലും മൂരാച്ചികളുണ്ടോ ?"

വട്ടു പിടിക്കുന്ന അവസ്ഥയിലായ ഞാന്‍ കൂട്ടിലിട്ടിരിക്കുന്ന വെരുകിനെപ്പോലെ  മുറ്റത്തു കൂടി   തെക്കു വടക്കു നടന്നു 


പിന്നെ ഇരു ചെവിയിലും  വിരല്‍ തിരുകിക്കയറ്റി സകലമാന  മൂരാച്ചികളെയും പ്രാകിക്കൊണ്ട്   കസേരയില്‍ കുത്തിയിരുന്നു .

(ഒരിക്കല്‍ ബൂലോകം ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്തത് )

Friday, October 7, 2011

മാത്തുക്കുട്ടിയുടെ ക്രൂര കൃത്യം

പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം  പത്തു ദോശയും   അതിനു ആനുപാതികമായ അളവിലുള്ള     ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള  ബസ്‌ സ്റ്റോപ്പിലെത്തി അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന സുന്ദരികളായ തരുണീമണികളുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട്‌  പത്താം ക്ലാസ്സില്‍  പഠിച്ച ജീവശാസ്ത്രപുസ്തകത്തിലെ “മനുഷ്യ ശരീരഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും” എന്ന പാഠത്തിന്റെ 'റിവിഷന്‍'  നടത്തുകയെന്നത്  എന്റേയും  കൂട്ടുകാരുടെയും ഹോബിയായിരുന്നു. 

പട്ടാളത്തില്‍ ചേര്‍ന്നതിനു   ശേഷവും ലീവിന് വരുമ്പോള്‍  ഈ പരിപാടി മുടക്കം കൂടാതെ  നടത്തുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

കാലക്രമേണ ആ പതിവ്  തെറ്റി. സുഹൃത്തുക്കളായിരുന്ന റസാഖും മാത്തുക്കുട്ടിയും   ഉപജീവനാര്‍ഥം   പ്രവാസികളാവുകയും  പ്രവാസിനികളെത്തന്നെ വിവാഹം കഴിക്കുകയും  ചെയ്തു. അതോടെ അവര്‍  വഴിവക്കിലെ കലുങ്കിലിരുന്നുള്ള  "ഡൊമസ്റ്റിക്ക് ഔട്ട്‌ ഡോര്‍ റിവിഷന്‍" പൂര്‍ണമായി നിര്‍ത്തുകയും  "ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ റിവിഷനി" ലേയ്ക്ക്  ചേക്കേറുകയും ചെയ്തു.  നാട്ടുകാരിയെത്തന്നെ കല്യാണം   കഴിച്ച എന്റെ റിവിഷന്‍  "വര്‍ഷത്തില്‍  രണ്ടുമാസം  ഒണ്‍ലി" എന്ന   മിലിട്ടറി കണക്കിലേയ്ക്ക്  ചുരുങ്ങി.

അങ്ങനെ ഒരിക്കല്‍ അവധിക്കാലത്ത്   ഞാനും  മാത്തുക്കുട്ടിയും റസാഖും കൂടി   ബസ് സ്റ്റോപ്പിനടുത്തുള്ള കലുങ്കിലിരുന്നു  റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ്‌ ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി  കലുങ്കിന്റെ അടുത്തേക്ക്‌ വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.

പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തുക്കുട്ടി  ഓടാന്‍ എളുപ്പമുള്ള  കുറുക്കു വഴി   നോക്കി ഉറപ്പു വരുത്തിയിട്ട് സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവറെപ്പോലെ ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ തയ്യാറായി  നിന്നു. റസാഖ്‌ എന്തു  ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ് ധാരിണിയെ നോക്കി  റിവിഷന്‍ തുടന്നു.


അല്ലെങ്കില്‍തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്റടിക്കുന്നതും  ഒരു കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ? അങ്ങനെയുള്ള കമന്റടികള്‍  ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ?   അങ്ങനെ ചെയ്യുന്നത്    കുറ്റമാണെന്ന്  ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?. അഥവാ അങ്ങനെ പറഞ്ഞാല്‍ ആ മാന്യദേഹത്തിന്റെ തന്ത്രപ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും “ ഏനക്കേട് “വന്നിട്ടുള്ള ആളായിരിക്കണം. 

ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ്‌ ചെയ്യാതെ എന്റെ  റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.

“ആരാടാ  രഘുനാഥന്‍?”

ഒരു പോലീസുകാരന്റെ ഘനഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്നു  ഞെട്ടി. എന്റെ  പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍?   അങ്ങനെ ആകാനാണ് വഴി. ഞാനൊരു പട്ടാളക്കാരന്‍ ആണെന്നുള്ള  വിവരം ഒരുപക്ഷെ ഇവര്‍ക്ക് അറിയില്ലായിരിക്കാം.

പുവര്‍ ഫെലോസ്... …!! 

ഞാന്‍ റിവിഷന്‍ തുടര്‍ന്നു.

“എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങ്ങളില്‍  ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? “

ആജാനുബഹുവായ ഒരു പോലീസ്സുകാരന്റെ എരുമ അമറുന്ന സ്വരത്തിലുള്ള ചോദ്യം കേട്ടതോടെ  ഓടാന്‍ തയ്യാറായി നിന്ന മാത്തുക്കുട്ടി  ഓട്ടം  ക്യാന്‍സല്‍ ചെയ്തിട്ട്  ആശ്വാസത്തോടെ  കൈ എന്റെ  നേരെ ചൂണ്ടി.  

പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ് ധാരിണിയും   പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങ്ങളെ  ശ്രദ്ധിച്ചു കൊണ്ട് അവിടെത്തന്നെ  നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാനായി അടുത്തു കൂടി. ഈ ലാക്കില്‍  ആരുമറിയാതെ റസാഖ്‌  മുങ്ങി. മാത്തുക്കുട്ടി  ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.

“നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ.  എസ്ഐ ഏമാന്   നിന്നെ ഒന്നു കാണണമെന്ന് ”.

ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തിലെ ആളെപ്പോലെ  മസ്സിലു  പിടിച്ചു ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി.

പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല. എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ്‌  സ്റ്റേഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല. ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ഞാന്‍ ആസകലം വിയര്‍ത്തു. ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി. 

മാത്തുക്കുട്ടി നിന്ന സ്ഥലം ശൂന്യമായിരിക്കുന്നു. !

കാണികളെല്ലാം പട്ടാളക്കാരനെ പോലീസ്സുപിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്. മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു. എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന്‍ ലാക്കാക്കി പാഞ്ഞു.

വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു.

ഈ കാലമാടന്മാര്‍  എന്തു കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്റെ  തലയില്‍ ഇവര്‍ കെട്ടി വയ്കുമോ? അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ? ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര്‍ മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്.   അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്റെ  കാറ്റ് പോകാനാണ്  സാധ്യത !


ഇപ്പോഴത്തെ എസ് ഐ ആളൊരു   ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരനാണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന്‍ ആണെന്നും ലീവിന് വന്നതാണെന്നും  പറയുന്നതിന്  മുന്‍പു തന്നെ എനിക്ക്  കിട്ടാനുള്ളത് കിട്ടിയിരിക്കും.

ദൈവമേ..  ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്ത  കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ. ഞാനിതെങ്ങനെ സഹിക്കും? എന്റെ  അമ്മയും അച്ഛനും എങ്ങനെ സഹിക്കും?  

എല്ലാം കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് ചെറിയ മൂത്രശങ്ക തോന്നി.

വണ്ടി പോലീസ്‌ സ്റ്റേഷന്റെ മുറ്റത്തെത്തി  ഇരച്ചു നിന്നു. ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്‌.  ഞാനെന്തോ   വലിയ പാതകം ചെയ്ത രീതിയില്‍ അവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഒരു പോലീസ്സുകാരന്‍ സ്റ്റേഷന്റെ  ഉള്ളില്‍ നിന്നും ഇറങ്ങി വരികയും ഞങ്ങളെ കണ്ടയുടന്‍ അകത്തേക്ക് കയറിപ്പോവുകയും ചെയ്തു. അയാള്‍ എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും എന്നു ഞാന്‍ ഊഹിച്ചു.

രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന്‍ ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി. കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?. ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ്‌ സ്റ്റേഷനില്‍..!!

എങ്ങനെ പ്രാകാതിരിക്കും?

എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ്‌ ഡോര്‍ അടഞ്ഞു കിടക്കുന്നു. പോലീസ്സുകാര്‍ എന്നെ   മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ   വേറെ  മൂന്നുനാലു പൊലീസുകാര്‍  കൂടി ഇരിക്കുന്നുണ്ട്‌ .  

ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എസ്ഐ ഇടിക്കുന്നതിനു മുന്‍പ്    ഇവരെല്ലാവരും  കൂടി  ഇടിക്കാനുള്ള പ്ലാനാണോ?  ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.? ഞാന്‍ പേടിയോടെ ചിന്തിച്ചു.

എനിക്ക് മൂത്രശങ്ക കലശലായി. ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്നു മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍.... 

ഞാന്‍ പരവേശത്തോടെ ചുറ്റും നോക്കി.

പെട്ടെന്ന്  എസ് ഐ ഏമാന്റെ മുറിയുടെ വാതില്‍ തുറന്നടഞ്ഞു.  ഒരാള്‍ ആ മുറിയില്‍ നിന്നും  പുറത്തിറങ്ങി. 

ആറടിയിലധികം ഉയരം. അതിനൊത്ത വണ്ണം. ഉരുണ്ട മുഖം, കട്ടി മീശ.. കാക്കിയണിഞ്ഞ അയാളുടെ  ചുമലില്‍ വെട്ടിത്തിളങ്ങുന്ന  നാലു നക്ഷത്രങ്ങള്‍..!

ഈശ്വരാ ...കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ രൂപം.!!

അയാളുടെ വരവു  കണ്ട പോലീസ്സുകാര്‍ ചാടിയെഴുനേറ്റു.

എന്റെ നേരെ നടന്നടുക്കുകയാണ്   സബ്ബ് ഇന്‍സ്പെക്ടര്‍.! അയാളുടെ മുഖം കോപം കൊണ്ട് ചുവന്നിരിക്കുന്നു.

ഒരു നിമിഷം….പെട്ടെന്നയാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി ഒരു പിടുത്തം. കൂടെ  ഒരലര്‍ച്ചയും.


“ഫാ പുല്ലേ...ഓര്‍മ്മയുണ്ടോ ഈ മുഖം? നീ രക്ഷപെട്ടു എന്നു കരുതി  അല്ലേടാ കോപ്പേ...?”

ആ  അലര്‍ച്ച കേട്ടു ഞാന്‍ വിരണ്ടു പോയി. 

കര്‍ത്താവേ ഇയാള്‍  സുരേഷ് ഗോപിയുടെ ഡ്യൂപ്പോ മറ്റോ  ആയിരിക്കുമോ? 

അങ്ങിനെയാണെങ്കില്‍   എന്റെ  മുതുകത്ത്   ഉടനെ  ഒരു  "ഷിറ്റ് "   പ്രതീക്ഷിക്കാം.    

അതോടെ ഞാന്‍ പ്രയാസപ്പെട്ടു പിടിച്ചു വച്ചിരുന്ന മൂത്രശങ്ക  പിടിവിടുമെന്ന്  ഉറപ്പായി. പോലീസ്  സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുമോ?

കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു.  ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എന്നെ പിടികൂടി.

പെട്ടെന്ന് സുരേഷ് ഗോപിയുടെ ഡ്യൂപ്പ്  പൊട്ടിച്ചിരിച്ചു. കൂടെ പോലീസ്സുകാരും. 

“ഡാ രഘൂ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ. ബീയേയ്ക്ക് നിന്റെ കൂടെ ഒന്നിച്ചു പഠിച്ചില്ലേ? ...  ബാബു ...

ബാബുവോ...ഏതു ബാബു...എനിക്ക്   ആളെ  പിടികിട്ടിയില്ല. 

എടാ സുരേഷ്  ബാബുവിനെ നീ ഓര്‍ക്കുന്നില്ലേ...?


ങേ ..സുരേഷ് ബാബുവോ?...  ഞാന്‍ അവിശ്വസനീയതയോടെ നോക്കി...


യെസ്..  സുരേഷ് ബാബു തന്നെ. ഞാന്‍ ഇവിടെ ചാര്‍ജ്ജെടുത്തിട്ടു ഒരാഴ്ചയേ  ആയുള്ളൂ.  നീ വന്ന വിവരം ഇന്നലെ മാത്തുക്കുട്ടിയാ  എന്നെ വിളിച്ചു പറഞ്ഞത്. അപ്പോള്‍  നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്.  രാവിലെ നീ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു അവന്‍ തന്നെയാ  എന്നോട് പറഞ്ഞത്."
 
പരമദ്രോഹീ  മാത്തുക്കുട്ടീ……………..

അപ്പോള്‍ ഇത്  നിന്റെ  പ്ലാനിങ്ങായിരുന്നു അല്ലെ? നിന്നെ ഞാന്‍ എടുത്തോളാം.. പക്ഷെ അതിനു മുന്‍പ്   ഞാനൊന്ന് മൂത്രമൊഴിക്കട്ടെ.

പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര  ലക്ഷ്യമാക്കി  പാഞ്ഞു.

Tuesday, August 30, 2011

കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം


കാറ്റ് അതിന്റെ ആയിരം കൈകള്‍ നിവര്‍ത്തി കൊയിപ്പള്ളി കൊട്ടാരത്തിന്റെ ജനലുകളെ അമ്മാനമാടി. കൊട്ടാരത്തിന് ചുറ്റുമുള്ള കൊന്നത്തെങ്ങുകള്‍ മുടിയഴിച്ചാടുന്ന വെളിച്ചപ്പാടുകളെ പ്പോലെ തുള്ളിയുറഞ്ഞു. അന്ധകാരത്തിന്റെ കറുത്ത പുതപ്പിനെ വലിച്ചു കീറിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊള്ളിമീനുകള്‍ മിന്നിപ്പൊലിഞ്ഞു. ഭീകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ മുന്നോടി പോലെ ഇരുട്ടില്‍ വിറങ്ങലിച്ചു കിടന്ന കൊട്ടാരത്തിന്റെ അകത്തളങ്ങളിലെവിടെയോ ഇരുന്നു ഒരു പൂച്ച വന്യമായി മുരണ്ടു.  കാവിനുള്ളിലെ വലിയ ഇലഞ്ഞിമരത്തില്‍ നിന്നും ഒരു ശിഖരം കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒടിഞ്ഞു വീണു....

ആ ശബ്ദത്തില്‍ കോയിപ്പള്ളി കൊട്ടാരം പ്രകമ്പനം കൊണ്ടു.

വടക്കിനിപ്പുരയിലെ ഏതോ മുറിയില്‍ നിന്നും ഒരു നിലവിളി ശബ്ദം കേട്ടതായി ഗോവിന്ദവര്‍മ്മയ്ക്ക് തോന്നി. പുറത്തു വീശിയടിക്കുന്ന കൊടുംകാറ്റില്‍ തൂങ്ങിയാടുന്ന ജനലുകളിലേയ്ക്കും ജനലിനു പുറത്തു കട്ടപിടച്ച ഇരുട്ടിലേയ്ക്കും ഗോവിന്ദവര്‍മ്മ ഭീതിയോടെ തുറിച്ചു നോക്കി. എവിടെ നിന്നാണ് ആ നിലവിളി ശബ്ദം കേട്ടതെന്നു അയാള്‍ക്ക്‌ മനസ്സിലായില്ല. കട്ടിലിനരികില്‍ വച്ചിരുന്ന ടോര്‍ച്ചു തപ്പിയെടുക്കാനായി വെപ്രാളത്തോടെ എഴുനേറ്റ ഗോവിന്ദവര്‍മ്മ മിന്നലിന്റെ പ്രകാശത്തില്‍ തന്റെ തൊട്ടു മുന്‍പില്‍ തെളിഞ്ഞ ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി.
 
ഇരുട്ട്  കട്ട പിടിച്ചതുപോലെ പോലെ, ആറടിയിലധികം ഉയരമുള്ള, ഒരു രൂപം....!

അതിന്റെ തലയുടെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. തുറിച്ച് ഉന്തി നില്‍ക്കുന്ന കണ്ണുകളില്‍ ഒരെണ്ണം അടര്‍ന്നു താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു....!!
 
തകര്‍ന്ന തലയില്‍ നിന്നും  ചീറ്റിയൊലിക്കുന്ന ചോര, പല്ലുകള്‍ അടര്‍ന്നു വശത്തേയ്ക്ക് കോടിപ്പോയ വായുടെ അരികിലൂടെ   ഒലിച്ച്   നഗ്നമായ നെഞ്ചിലേയ്ക്ക് ഇറ്റിറ്റു വീഴുന്നു....

ശരീരം മുഴുവന്‍ ചോരപ്പാടുകള്‍....

ആ രൂപത്തിന്റെ
ബലിഷ്ടമായ   കൈകള്‍ മുന്‍പോട്ടു നീട്ടിപ്പിടിച്ചിരിക്കുകയാണ്..

മിന്നല്‍ വെട്ടത്തില്‍ ഒരിക്കല്‍ കൂടി തെളിഞ്ഞ ആ ഭീകരരൂപം കണ്ട ഗോവിന്ദവര്‍മ്മയുടെ രക്തം ഉറഞ്ഞു പോയി...!

കഴിഞ്ഞ മാസത്തിലെ കറുത്തവാവിന് താന്‍ കൊലപ്പെടുത്തിയ കറുമ്പന്റെ അതേ രൂപം. കാവിലെ പൊട്ടക്കിണറ്റില്‍ താന്‍ വലിച്ചെറിഞ്ഞ കറുമ്പന്റെ
അതേ ശരീരം...

കറുമ്പന്‍..

ലോകത്തില്‍ അപൂര്‍വമായി മാത്രം ഉണ്ടാകാവുന്ന ഒരു നിമിഷത്തില്‍ മരണപ്പെട്ടവന്‍. അല്ലെങ്കില്‍ കൊല്ലപ്പെട്ടവന്‍ ...

പ്രതികാരദാഹിയായി അവന്‍ ഉയിര്‍ത്തെഴുനേറ്റിരിക്കുന്നു...

ക്രൂരമായി കൊലചെയ്തത്തിന്റെ  പ്രതികാരം തീര്‍ക്കാനായി ഇതാ തന്റെ മുന്‍പില്‍....

വന്യമായ  മുരള്‍ച്ചയോടെ മുന്നോട്ടടുക്കുയാണ് കറുമ്പന്റെ ഭീകര രൂപം.!!

"
കാവില്‍ ഭഗവതീ....രക്ഷിക്കണേ...."

ഗോവിന്ദവര്‍മ്മ ഉറക്കെ നിലവിളിച്ചു ....ആ ശബ്ദം കൊട്ടാരത്തിലാകെ മാറ്റൊലിക്കൊണ്ടു....

പെട്ടെന്നാണത് സംഭവിച്ചത്......

കൊയിപ്പള്ളി കൊട്ടാരത്തിലെ വൈദ്യുതവിളക്കുകള്‍ തെളിഞ്ഞു...വടക്കിനിമുറിയില്‍ നിന്നും സുഭദ്രയും പാച്ചുവും അനാമികയും  ഗോവിന്ദവര്‍മ്മയുടെ മുറിയിലേയ്ക്ക്    ഓടിവന്നു...

കിടക്കയില്‍ കാലുകള്‍ നീട്ടിവച്ച് കൈകള്‍ പുറകില്‍ കുത്തിയിരുന്നു കിതയ്ക്കുകയാണ്  ആ മനുഷ്യന്‍....

അയാളുടെ ശരീരം വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു....

"പണ്ടാരമടങ്ങാന്‍ ഒള്ള പ്രേത നോവലെല്ലാം വായിച്ചു കിടന്നിട്ടു രാത്രിയില്‍ മനുഷ്യനെ ഉറക്കില്ലന്നു വച്ചാല്‍...? എഴുനേറ്റുപോയി  മൂത്രമൊഴിച്ചിട്ടു വന്നു  കിടക്കു  മനുഷ്യാ..."


 അതു പറഞ്ഞത്  സുഭദ്രയായിരുന്നില്ല..


കാരണം  എന്റെ ഭാര്യയുടെ പേര് സുഭദ്ര എന്നല്ലല്ലോ...!!
   

Tuesday, July 12, 2011

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : അവസാന ഭാഗം

 
 
എന്റെ അടുത്ത കസേരയില്‍ ഇരിക്കുന്ന വിശ്വവിഖ്യാതനായ ശാസ്ത്രകാരന്റെ അതേ മുഖച്ഹായയുള്ള ആ വയോധികനോട് ഞാന്‍  ആദരപൂര്‍വ്വം ചോദിച്ചു..

എന്താ സാറിന്റെ പേര്...?

രഘുനാഥന്‍...

രഘുനാഥന്‍...?

ഇനി എന്റെ പേരാണോ അദ്ദേഹം ചോദിക്കുന്നത്? എനിക്ക് സംശയമായി.

അതേ ഞാന്‍ രഘുനാഥന്‍....രഘുനാഥന്‍ എന്നു തന്നെ പറയണം...അല്ലാതെ " രഘുനാഥ്  " എന്നു സ്റ്റൈലില്‍ പറയരുത് ...അദ്ദേഹം ഓര്‍മിപ്പിച്ചു.

ശരി സാര്‍...ഞാനും ഒരു രഘുനാഥനാണ്. പരിചയപ്പെട്ടതില്‍ സന്തോഷം.

പ്രായത്തില്‍ അല്പം മൂപ്പുണ്ടെങ്കിലും എന്റെ അതേ പേരുകാരനായ ഒരാളെ അടുത്തു  കിട്ടിയതോടെ   എന്റെ വിറയല്‍ അല്പം  കുറഞ്ഞു. ബ്ലോഗിനെപ്പറ്റി എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ രഘുനാഥന്‍ സാറിനു ചുരുക്കത്തില്‍ പറഞ്ഞു കൊടുത്തു.

ഇതിനിടയില്‍ മീറ്റ് തുടങ്ങി..

സ്റ്റേജില്‍ കയറാന്‍ വിറച്ചിരുന്ന എനിക്ക്  "സെന്തില്‍" എന്ന ബ്ലോഗറുടെ  വ്യത്യസ്തമായ രീതിയിലുള്ള പരിചയപ്പെടുത്തല്‍  തുടങ്ങിയതോടെ അല്‍പ്പം കൂടുതല്‍ ധൈര്യം കിട്ടി.

സാധാരണ രീതിയില്‍ ഒരു ബ്ലോഗര്‍ മൈക്കുമായി സ്റ്റേജില്‍  കയറി തന്റെ പേരും ബ്ലോഗിന്റെ പേരും പറയുകയാണ്‌ പതിവെന്നാണ് മറ്റു ബ്ലോഗ്‌ മീറ്റുകളുടെ വാര്‍ത്തകളില്‍ കണ്ടിട്ടുള്ളത്. അങ്ങിനെയാണെങ്കില്‍ എന്നെപ്പോലെ സഭാകമ്പമുള്ള ആളുകള്‍ക്ക് വിറയല്‍ വന്നാല്‍ പിടിക്കാനായി അടുത്തു വല്ല മൈക്ക്  സ്റ്റാണ്ടോ  മേശയോ കസേരയോ എന്തെങ്കിലും കിട്ടുമായിരുന്നു.

പക്ഷെ സെന്തില്‍ അതിനുള്ള ഇട കൊടുത്തില്ല. പകരം മൂന്നും നാലും പേരെ ഒരുമിച്ചു വിളിച്ചു അവരോടു രസകരമായ ചോദ്യങ്ങള്‍ ചോദിക്കുകയും കഥകള്‍ പറയിക്കുകയും ചെയ്തു.

എന്നിരുന്നാലും പരിചയ സമ്പന്നരായ ബ്ലോഗ്‌ പുലികളില്‍പ്പെട്ട  ഷെരീഫ് ഇക്ക, സാബു കൊണ്ടോട്ടി, പൊന്മളക്കാരന്‍, കേരളദാസനുണ്ണി സാര്‍ എന്നിവരൊക്കെ സെന്തിലിന്റെ മുന്നില്‍ നിന്നു വിരളുന്നതും വിയര്‍ക്കുന്നതും കാണാന്‍ നല്ല രസമായിരുന്നു.

ഫ്ലാഷുകള്‍ തെരു തെരെ മിന്നിച്ചു കൊണ്ട് സ്റ്റേജിനു ചുറ്റും പമ്മി നടന്ന കാര്‍ന്നോര്‍,   എന്റെയും രഘുനാഥന്‍ സാറിന്റെയും ഒന്നു രണ്ടു ക്ലോസ് അപ്പ്‌  ഷോട്ടുകള്‍ എടുക്കുന്നത്  കണ്ടു.

കമ്പര്‍, സംഷി എന്നിവര്‍ എല്ലാം ശ്രദ്ധിച്ചുകൊണ്ട്  ഹാളിന്റെ ഒരു മൂലയില്‍ പതുങ്ങി ഇരിക്കുന്നതും സെന്തില്‍ അവരെ കയ്യോടെ പൊക്കി സ്റ്റേജില്‍ കയറ്റുന്നതും കണ്ടു.

 റോഡരികുകാരന്‍ സന്തോഷ്‌,  മണി മണിപോലെ സംസാരിക്കുന്ന  മണികണ്ഠൻ, കമ്പിത്തിരി  പോലെയാണ്  രൂപമെങ്കിലും മത്താപ്പ് പോലെ കത്തുന്ന  ദിലീപ് അനൂപ് വർമ്മ, വണ്ടിപ്രാന്തനായ രാകേഷ്,  കവിതയുടേയും കഥയുടേയും അസ്കിതയുള്ള യൂസഫ, മീറ്റില്‍ വന്നവരെ മുഴുവന്‍ ഫോക്കസിലാക്കാന്‍ വന്ന പുണ്യാളന്‍, നിറച്ചാര്‍ത്ത് പോലെയുള്ള  ജയരാജ് ,രജി മലയാലപ്പുഴ, ജോസ് ആന്റണി, ഒടിയന്‍ ശ്രീജിത്ത്‌,  പി കുമാരന്‍ , ഷിബു ഫിലിപ്പ്, ജേക്കബ് രാജന്‍സന്ദീപ്‌ പാമ്പള്ളി, ഷിനോജ്, അനൂപ്‌ കുമാര്‍, തൂതപ്പുഴയുടെ ഓരത്തു നിന്നും വരുന്ന മുനീര്‍, അജയകുമാര്‍, ശിഹാബ് ,ജോസഫ്‌ ആന്റണി പിന്നെ എന്റെ സ്വന്തം നാട്ടുകാരന്‍ മഹേഷ്‌ ചെറുതന എന്നിവരെല്ലാം സെന്തിലിന്റെ കരാള ഹസ്തങ്ങളില്‍ കുടുങ്ങി ചക്രശ്വാസം   വലിക്കുന്നത്  ചങ്കിടിപ്പോലെ ഞാന്‍ നോക്കികണ്ടു.

ബ്ലോഗര്‍ പുലികളിലെ ബുജിയായ  വട്ടപ്പറമ്പുകാരന്‍ പ്രവീണ്‍  ഹാളിന്റെ സൈഡിലുള്ള പുസ്തക വില്‍പ്പന ശാലയില്‍  "ഓണര്‍ കം മാനേജര്‍ കം സെയില്‍സ് മാന്‍" എന്ന രീതില്‍ ഗമയില്‍ ഇരിക്കുകയാണ്. 

ഇടയ്ക്ക്  തന്റെ നീളന്‍ കുപ്പായത്തിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു   ലൈവ് ഷോ നിയന്ത്രിക്കുന്ന ജോയുടെ അടുത്തുപോകുന്നതും  "വെബ്‌ ക്യാമറ ഇങ്ങനെ സദസ്സിലേയ്ക്ക് തന്നെ ഫോക്കസ്  ചെയ്‌താല്‍ സൈഡിലെ  പുസ്തകസ്റ്റാളില്‍  ഇരിക്കുന്ന തന്റെ  ഫോട്ടോ അതില്‍ വരുമോ"  എന്നോ മറ്റോ അന്വേഷിച്ചിട്ട്  തിരിച്ചു  വില്പനസ്റ്റാളിലേയ്ക്ക്  പോകുന്നതും കണ്ടു.

വെള്ളമുണ്ടിന്റെ പരസ്യത്തിലെ   മമ്മൂട്ടിയെപ്പോലെ കയ്യുംകെട്ടി  ഒരു മൂലയില്‍ നിന്നു സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണ്    പൊറാടത്ത് .

കുമാരനോടും ചാണ്ടിച്ചനോടും കുശലം പറയുന്ന   സൂപ്പര്‍ഫാസ്റ്റുകാരന്‍  അരുണ്‍ കായംകുളം... 

അങ്ങിനെ നയന മനോഹരമായ പുലിക്കാഴ്ച്ചകളിലൂടെ സമയം പോയതറിയാതെ ഞാന്‍ ഇരുന്നു.

ഓഫീസില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക്  ഒരു മണിക്കൂറിനകം എത്തിക്കൊള്ളാം  എന്ന ഉറപ്പിന്മേല്‍ കള്ളം പറഞ്ഞു പുറത്തു ചാടിയ ഞാന്‍ പെട്ടെന്നാണ് വാച്ചിലേയ്ക്ക് നോക്കിയത്.

സമയം  പന്ത്രണ്ടു മുപ്പത്തഞ്ച്. !!!

ഈശ്വരാ ഇനി ഓഫീസ്സില്‍ ചെല്ലുമ്പോള്‍ അര ദിവസത്തെ ലീവ് കട്ട് ചെയ്യാതിരുന്നാല്‍ ഭാഗ്യം...ഞാന്‍   ഞെട്ടിയെഴുനേറ്റു. എന്നിട്ട് പുറത്തു ചാടാനുള്ള എളുപ്പ വഴി നോക്കി.

രക്ഷപ്പെടാനുള്ള വഴി നോക്കി നടന്ന ഞാന്‍ ചെന്നു പെട്ടത്   നന്ദപര്‍വ്വം നന്ദപ്പന്റെ  മുന്നില്‍. കൂടെ കുമാരസംഭവം ഫയിം കുമാരന്‍.!!!

സെന്തിലിന്റെ കയ്യില്‍ പെടാതെ  ചാടിപ്പോകാനുള്ള  എന്റെ തന്ത്രമാണ്  എന്നു തെറ്റിദ്ധരിച്ച  അവര്‍ എന്നെ പിടിച്ച പിടിയാലെ സെന്തിലിനു കൈമാറി.

ദൈവമേ... സംഭവിക്കാനുള്ളതു സംഭവിച്ചു കഴിഞ്ഞു.

മൈക്ക് കയ്യില്‍ കിട്ടിയതോടെ എനിക്ക് സാങ്കേതിക തടസം തുടങ്ങി. എങ്കിലും മുക്കിയും മൂളിയും ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്  ഹാളിലെ ഏറ്റവും പിറകിലെ നിരയില്‍ ഇരിക്കുന്നവരെ ഞാന്‍ കണ്ടത്.

കുസുമം ചേച്ചി...ഇന്ദ്രസേന, നന്ദിനി...അഞ്ജു നായര്‍, സിയ, ശാലിനി. എലിസബത്ത്  സോണിയ  പിന്നെ അഞ്ജലി എന്ന മഞ്ഞുതുള്ളി..

ഈ തുള്ളികളെല്ലാം കൂടി എന്നെ മുക്കിക്കൊല്ലാനുള്ള പ്ലാന്‍ ആവിഷ്കരിക്കുകയാണോ?

എന്നെത്തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുകയാണ് ആ ബ്ലോഗിണികള്‍...

അതോടെ എന്റെ സാങ്കേതിക തടസ്സം   വിറയലിന്   വഴിമാറി...ബോധക്കേട്  വരാനുള്ള  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി...

പെട്ടെന്ന് ഞാന്‍  മൈക്ക് സെന്തിലിനെ ഏല്പിച്ചു ..പിന്നെ  ഒരുവിധത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടു...

(പ്രിയരേ...എന്റെ ആദ്യത്തെ ബ്ലോഗ്‌  മീറ്റായതുകൊണ്ടാണ്   ഇത്രയും  നീട്ടിവലിച്ചെഴുതിയത്.  ബോറായെങ്കില്‍ ക്ഷമിക്കണം. ഇങ്ങനെയൊക്കെ എഴുതിയതില്‍  ആര്‍ക്കെങ്കിലും വ്യക്തിപരമായി   വിഷമമുണ്ടായിട്ടുണ്ടെങ്കില്‍  സദയം പൊറുക്കണം. ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അറിയിക്കട്ടെ...ഈ  മീറ്റ്   ഇത്ര മനോഹരമായി സംഘടിപ്പിക്കുവാന്‍ ശ്രമിച്ച ഡോക്ടര്‍ ജയന്‍  ഏവൂര്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകരെ   എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആ നല്ല  സംഘാടകര്‍ക്കുള്ള  നന്ദിയും ഈ മീറ്റില്‍ പങ്കെടുത്ത എല്ലാ ബ്ലോഗര്‍ന്മാര്‍ക്കുമുള്ള  ആശംസകളും അര്‍പ്പിച്ചുകൊണ്ട്    ഈ കുറിപ്പ്  ഇവിടെ നിര്‍ത്തുന്നു.)