Thursday, October 29, 2009

തെങ്ങിന്റെ മണ്ടയിലെ ത്രെഡ്‌

"ദേണ്ടെ മനുഷ്യാ നിങ്ങള്‍ നേരം വെളുത്തപ്പോള്‍ മുതല്‍ മുറിക്കകത്ത് കേറി കതകടച്ചിരുന്നു എന്തോ ചെയ്യുവാന്നു എനിക്കിപ്പോ അറിയണം"


അടച്ചിട്ടിരുന്ന കതകിന്റെ പുറത്ത്‌ ശക്തമായ ഇടിയും ഒപ്പം ഭാര്യയുടെ അലര്‍ച്ചയും കേട്ട ഞാന്‍ ഞെട്ടി. "രാവിലെ ഇവള്‍ക്കിത്‌ എന്തിന്റെ കേടാ.? സ്വസ്ഥമായിട്ടിരുന്നു ഒരു പോസ്റ്റ്‌ എഴുതാനും സമ്മതിക്കില്ലല്ലോ ദൈവമേ"


"കാന്റീനില്‍ പോയി കുപ്പിയും മേടിച്ചോണ്ട് വന്ന് ഒരു കുപ്പിയും കൊണ്ട് കേറിയ മനുഷേനാ...ഇനി ആ കുപ്പി തീരുന്നത് വരെ അതിയാന് വേറൊരു പണിയുമില്ല. എന്റെ ഒരു കഷ്ടകാലം എന്നല്ലാതെ എന്തോ പറയാനാ. കറി വയ്കാന്‍ തേങ്ങാ തീര്‍ന്നിട്ട് എത്ര ദിവസമായി. അങ്ങേര്‍ക്കു വല്ല ചിന്തയുമുണ്ടോ? എന്റെ തലയും കൊണ്ട് ഞാന്‍ എങ്ങോട്ടെങ്കിലും പോവാ..മടുത്തു..."ഭാര്യ കതകിനിട്ട് ഒരു തൊഴിയും കൂടി പാസാക്കി വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്ക് പോയി.ഹോ... എന്തോ ചെയ്യുമെന്ന് പറ... ബ്ലോഗില്‍ ഒരു പോസ്റ്റ്‌ എഴുതാനുള്ള ത്രെഡ്‌ കിട്ടിയപ്പോള്‍ ആ ത്രെഡ്‌ മറന്നു പോകുന്നതിനു മുന്‍പ് പോസ്റ്റാക്കാന്‍ വേണ്ടി മുറിയില്‍ കയറി കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരിക്കുന്ന ഞാന്‍, അവിടെയിരുന്നു വെള്ളമടിക്കുകയാണ് എന്നാണ് ഭാര്യയുടെ വിചാരം. കിട്ടിയ ത്രെഡ്‌ ഒന്ന് ബലമാക്കി എടുക്കാന്‍ വേണ്ടി ഇന്നലെ ക്യാന്റീനില്‍ പോയി വാങ്ങിച്ച കുപ്പികളില്‍ ഒരെണ്ണം ഞാന്‍ എടുത്തു എന്നത് ശരിയാണ്. അതില്‍ നിന്നും രണ്ടു പെഗ്ഗ് ഒഴിച്ച ശേഷം കട്ടിലിന്റെ അടിയില്‍ ഭാര്യ അറിയാതെ വാങ്ങി സൂക്ഷിച്ചിരിക്കുന്ന കണ്ണിമാങ്ങാ അച്ചാറിന്റെ കുപ്പി തപ്പുന്നതിനിടയിലാണ് പുറത്തു നിന്നുള്ള അലര്‍ച്ചയും കതകിനിട്ടുള്ള ചവിട്ടും കേള്‍ക്കുന്നത്.അതോടെ എനിക്ക് കിട്ടിയ ത്രെഡ്‌ അതിന്റെ പാട്ടിനു പോയി. ഉടന്‍ തന്നെ മുറിക്കു പുറത്തിറങ്ങിയില്ലെങ്കില്‍ അടുക്കളയില്‍ നിന്നും അവള്‍ എടുത്ത്‌ കൊണ്ടു വരുന്ന ഉലക്ക, ചട്ടുകം, കറിക്കത്തി മുതലായ മാരകായുധങ്ങള്‍ നേരിടാനുള്ള "ത്രെഡ്‌ "ഞാന്‍ കണ്ടു പിടിക്കേണ്ടിവരും. അത് മനസ്സിലാക്കിയ ഞാന്‍ ഉടന്‍ തന്നെ അച്ചാറു കുപ്പി തപ്പുന്നത് അടിയന്തിരമായി നിറുത്തി വച്ച് ഗ്ലാസില്‍ ഒഴിച്ച് വച്ചിരുന്ന ഊര്‍ജ്ജദായിനി ഒറ്റവലിക്ക് കുടിച്ചിട്ട് ചിറിയും തുടച്ച് "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന ഭാവത്തില്‍ അടുക്കളയിലെത്തി."ഹും... വന്നിരിക്കുന്നു കാര്യമന്വേഷിക്കാന്‍... ലീവിന് വീട്ടിലുള്ള ദിവസമെങ്കിലും എന്നെ ഒന്നു സഹായിക്കാന്‍ തോന്നുന്നുണ്ടോ? എപ്പ നോക്കിയാലും കുപ്പി. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍. ഈ കുപ്പി കൊടുത്തു വിടുന്ന പട്ടാളത്തിനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ സവാള അരിയുന്നതു പോലെ അരിഞ്ഞു കളയും"ഭാര്യയുടെ കലി അടങ്ങിയിട്ടില്ല. ഞാന്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അടുക്കള വാതിലിന്റെ മറവു പറ്റി നിന്നിട്ട് ഡി.ജി.പിയുടെ മുന്‍പില്‍ നില്‍ക്കുന്ന സാദാ പോലീസ്സുകാരനെപ്പോലെ വിനീത വിധേയനായി ആരാഞ്ഞു.."നിനക്കിപ്പോ എന്താ വേണ്ടത്? തേങ്ങായല്ലേ? മുറ്റത്തു നില്‍ക്കുന്ന തെങ്ങില്‍ നിറച്ചു തേങ്ങാ കിടക്കുമ്പോള്‍ നീയിങ്ങനെ ദാരിദ്ര്യം പറയുന്നത് ഒട്ടും ശരിയല്ല കേട്ടോ""ഹോ.. മുറ്റത്തു നില്കുന്ന തെങ്ങില്‍ തേങ്ങായുണ്ടെന്നും പറഞ്ഞു കറിയാകത്തില്ല". ഭാര്യ ഉറഞ്ഞു തുള്ളുകയാണ്. "അത് നിലത്തിറക്കിത്തരണം. ആ തേങ്ങാ ഇടുന്ന ഹരിദാസനെ വിളിച്ചു ഞാന്‍ കുഴഞ്ഞു. എപ്പം വിളിച്ചാലും അയാള് ബിസിയാ. നിങ്ങള് പട്ടാളത്തില്‍ പോകാതെ വല്ല തെങ്ങു കയറ്റവും പഠിച്ചിരുന്നേല്‍ ഇതിലും ഭേതമായിരുന്നു. ഒന്നുമില്ലെങ്കിലും കറി വയ്കാനുള്ള തേങ്ങയിടാന്‍ ആരുടേയും കാലു പിടിക്കേണ്ടി വരില്ലായിരുന്നു.." അവള്‍ എന്നോടുള്ള ദേഷ്യം തീര്‍ക്കാനെന്നവണ്ണം മുന്‍പിലിരുന്ന മത്തങ്ങാ എടുത്ത്‌ പൊത്തോന്നു നിലത്തിട്ടു. അതു കണ്ട ഞാന്‍ വേഗം മുറ്റത്തിറങ്ങി."ഹും.. അപ്പോള്‍ ഞാനൊരു മരംകേറി ആകുന്നതായിരുന്നു അവള്‍ക്കിഷ്ടം. അഹങ്കാരി. ഇതാണ് ഈ പെണ്ണുങ്ങളുടെ ഒരു കുഴപ്പം. ഭര്‍ത്താക്കന്മാരെ തീരെ വിലയില്ല. ചങ്കെടുത്തു കാണിച്ചാല്‍ അത് "ആന്തൂറിയം" ആണെന്ന് പറയുന്ന വര്‍ഗ്ഗം. കാര്‍ഗില്‍ യുദ്ധത്തില്‍ വെടിയുണ്ടകളെ പുല്ലുപോലെ നേരിട്ട ഒരു യോദ്ധാവാണു അവളുടെ ഭര്‍ത്താവ് എന്നുള്ള കാര്യം അവള്‍ മറക്കുന്നു. "പട്ടാളക്കാരനെക്കാള്‍ വില ഒരു തെങ്ങ് കയറ്റക്കാരനാണ്" എന്നല്ലേ അവള്‍ പറഞ്ഞതിന്റെ അര്‍ഥം? ഒരു പട്ടാളക്കാരന് തേങ്ങ ഇടാന്‍ പറ്റും. പക്ഷെ ഒരു തെങ്ങ് കയറ്റക്കാരന് പെട്ടെന്ന് പട്ടാളക്കാരനാകാന്‍ പറ്റുമോ? അവളെ അത് കാണിച്ചു കൊടുക്കണം"എനിക്ക് രോഷം അടക്കാന്‍ പറ്റുന്നില്ല. ഞാന്‍ വീണ്ടും മുറിക്കകത്ത് കയറി അച്ചാറു കുപ്പി തപ്പിയെടുത്തു. ഒരു കണ്ണിമാങ്ങ എടുത്ത്‌ വായിലിട്ട് അത് ഭാര്യയാണ് എന്ന ഭാവത്തില്‍ കടിച്ചു ചവച്ചു. എന്നിട്ട് രണ്ടു പെഗ്ഗുകൂടി വേഗം അകത്താകിയിട്ടു വെട്ടു കത്തിയുമെടുത്ത്‌ തെങ്ങിന്റെ ചുവട്ടിലേയ്ക്കു നടന്നു.ഞാന്‍ വീടിനു ചുറ്റുമായി നില്‍ക്കുന്ന തെങ്ങുകളില്‍ ഏറ്റവും ചെറുതും കയറാന്‍ എളുപ്പമുള്ളതുമായ ഒരു തെങ്ങ് കണ്ടു പിടിച്ചു. എന്റെ പറമ്പിലാണ് തെങ്ങ് നില്‍ക്കുന്നതെങ്കിലും അത് ചാഞ്ഞു നില്‍ക്കുന്നത് അടുത്ത വീടുകാരുടെ വീടിന്റെ മുറ്റത്തെയ്ക്കാണ്. അതിന്റെ ഓലയും വെള്ളയ്ക്കയും അവരുടെ മുറ്റത്തു വീഴുന്നു എന്ന പരാതിയുമുണ്ട്. ഒന്ന് രണ്ടു തേങ്ങകള്‍ അതില്‍ ഉണങ്ങിക്കിടപ്പുണ്ട്. ഞാന്‍ തെങ്ങ് കയറ്റത്തിന് തയ്യാറെടുത്തു. ധരിച്ചിരുന്ന ഡബിള്‍ മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തു. വെട്ടുകത്തി സാധാരണ തെങ്ങ് കയറ്റക്കാര്‍ തൂക്കിയിടുന്ന പോലെ പിറകില്‍‍, അരയിലെ മുണ്ടില്‍ തൂക്കിയിട്ടു. പിന്നെ പ്രൊഫഷനല്‍ തെങ്ങ് കയറ്റക്കാരനെപ്പോലെ തെങ്ങില്‍ അള്ളിപ്പിടിച്ചു കയറാന്‍ തുടങ്ങി.ഏകദേശം പകുതി ആയപ്പോള്‍ ഞാന്‍ താഴേയ്ക്ക് നോക്കി. താഴെ ഭാര്യ എന്റെ തെങ്ങ് കയറ്റം കണ്ടു അന്തം വിട്ടു നില്‍ക്കുന്നു. ഇങ്ങേര്‍ക്ക് പട്ടാളത്തില്‍ തെങ്ങ് കയറ്റമാണോ പണി എന്ന രീതിയിലാണ് അവളുടെ നോട്ടം. നോക്കട്ടെ... ഒരു പട്ടാളക്കാരന് ചെയ്യാന്‍ പറ്റാത്ത പണികള്‍ ഒന്നുമില്ലെന്ന് എന്റെ ഭാര്യയും ഈ നാട്ടുകാരും അറിയട്ടെ. ഹരിദാസനെന്താ പുലിയാണോ? ഹരിദാസന്‍ തേങ്ങയിടാന്‍ വന്നില്ലെങ്കില്‍ എന്റെ വീട്ടിലുള്ളവര്‍ തേങ്ങയരച്ച കറി കൂട്ടില്ലേ? ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ച് കൊന്നത്തെങ്ങിന്റെ ഉച്ചിയിലെയ്ക്ക് വലിഞ്ഞു കയറി..കാലുകള്‍ നീട്ടി വലിച്ചു കയറുന്നതിനിടയിലാണ് വിക്രമാദിത്യന്റെ പുറകില്‍ വേതാളം എന്നതു പോലെ എന്റെ പുറകില്‍ തൂങ്ങിക്കിടന്ന് തെങ്ങിന്റെ മണ്ട വരെ കയറിവന്ന സാമാന്യം ഭാരമുള്ള വെട്ടുകത്തി, കൂടുതല്‍ കയറുവാന്‍ താല്പര്യമില്ലാത്ത മട്ടില്‍ എന്നോടുള്ള സകല വിധ ബന്ധങ്ങളും അവസാനിപ്പിച്ചു കൊണ്ട് എന്റെ അരയുമായി അതിനെ ബന്ധിച്ചിരുന്ന മുണ്ടിനെയും കൂട്ടി നേരെ താഴേയ്ക്ക് പോന്നത്.വെളുത്ത അണ്ടര്‍ വെയറും ബനിയനും ധരിച്ച്, അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ കാണുന്ന കുരങ്ങനെപ്പോലെ തെങ്ങിന്റെ മണ്ടയിലിരിക്കുന്ന എന്നെ കണ്ട ഭാര്യ, അച്ഛന്റെ തെങ്ങ് കയറ്റം കണ്ടു രസിച്ചു നിന്ന മകളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് വീടിന്റെ ഉള്ളിലേയ്ക്ക്‌ കയറിപ്പോയി. ഞാനാകട്ടെ മുണ്ട് പോയെങ്കില്‍ പോട്ടെ പകരം പോസ്റ്റ്‌ എഴുതാന്‍ ഒരു "ത്രെഡ്‌ "കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ എന്റെ സ്വന്തം "ത്രെഡ്‌ "ആരും കാണാതിരിക്കാന്‍ പെട്ടെന്ന് താഴേയ്ക്കിറങ്ങി.