Wednesday, November 13, 2013

ഗുരുനാഥൻ എന്ന രഘുനാഥൻ

"ബ് ഭാ...കുരുത്തംകെട്ടോളെ....തന്തയുടെ പ്രായമുള്ളോരോടാണോടീ അനാവശ്യം പറയുന്നത് ? അടിച്ചു നിന്റെ അണപ്പല്ലു ഞാൻ  പറിക്കും...ആങ്ങ്ഹാ"

ഗ്യാസ് ഏജൻസിയുടെ  കൌണ്ടറിലെ കണക്കെഴുത്തുകാരിയായ   പെണ്‍കുട്ടി ആ അലർച്ച കേട്ടു നടുങ്ങിപ്പോയി.  ഗ്യാസുകുറ്റിയ്ക്ക്  കയ്യും കാലും വച്ചതുപോലുള്ള അവളുടെ ശരീരം കിടുകിടെ  വിറച്ചു. വാളെടുത്ത വെളിച്ചപ്പാടുപോലെ  കൌണ്ടറിന്റെ മുൻപിൽ  നിന്നു  തുള്ളുന്ന കണ്ണപ്പൻ നായരെ അവൾ പേടിയോടെ നോക്കി.

ഗ്യാസ് സിലിണ്ടർ ബുക്കു ചെയ്യാനായി ഏജൻസിയിൽ വന്നവരൊക്കെ കാര്യമറിയാതെ മിഴിച്ചു നിന്നു.

ക്യൂവിന്റെ ഏറ്റവും പിറകിൽ നിന്ന ഞാൻ എന്താണു  കാര്യമെന്നറിയാൻ എത്തിവലിഞ്ഞു കൌണ്ടറിലേയ്ക്ക്  നോക്കി.

"എന്താ. അവിടെ ... എന്താ ചേട്ടാ പ്രശ്നം...എന്തെങ്കിലും കുഴപ്പമുണ്ടായോ"

പുറത്തെ ബഹളം കേട്ട്  ഏജൻസിയുടെ മാനേജർ കൌണ്ടറിലേയ്ക്ക്  വന്നു. അയാളുടെ വരവു കണ്ട  കണ്ണപ്പൻനായർ വർദ്ധിതവീര്യനായി മാനേജരുടെ നേരെ തിരിഞ്ഞു.

"എന്താ കാര്യമെന്നോ ..എടോ..മാനം  മര്യാദയ്ക്ക്  ജീവിക്കുന്ന ആളുകളെ നാണം കെടുത്താനായിട്ടാണോ  താനിവളെ  ഇവിടെ ജോലിയ്ക്ക് വച്ചിരിക്കുന്നത്?  ഗ്യാസു  ബുക്കുചെയ്യാനായി വന്ന  എന്നോട്   ഇവളു പറഞ്ഞതെന്താണെന്നു താൻ കേട്ടോ?   

"എന്തു പറഞ്ഞു?"

"ലിംഗ്  ചെയ്തതാലെ ഗ്യാസു തരൂന്ന് "

"ങേ.. ലിംഗ്   ചെയ്യാനോ?"

മാനേജർ  ഞെട്ടി...അയാൾ ചോദ്യ ഭാവത്തിൽ പെണ്‍കുട്ടിയെ നോക്കി.

"അയ്യോ സാർ...ഇയ്യാളുടെ ആധാർകാർഡ്‌    ബാങ്ക്  അക്കൌണ്ടുമായി ലിങ്കു ചെയ്തോന്നാ ഞാൻ ചോദിച്ചത് ...അതിനയാൾ എന്നെ തല്ലാൻ വന്നു.."അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു...

 മാനേജർ പൊട്ടിച്ചിരിച്ചു. അതു കണ്ട കണ്ണപ്പൻനായർ   അന്ധാളിച്ചു.  വിവരമറിഞ്ഞ മറ്റുള്ളവർ കണ്ണപ്പൻ നായരെ പരിഹാസത്തോടെ നോക്കി. ഒരാൾ  കണ്ണപ്പൻനായരെ അല്പം  ദൂരെ
മാറ്റിനിർത്തിയിട്ടു  പറഞ്ഞു.

"ചേട്ടാ.. ചേട്ടന്  ആധാർ കാർഡുണ്ടോ..."

"ആദാർ കാർഡോ...ഓ..കുറച്ചു നാൾ മുൻപ്  അതിനുള്ള ഫോട്ടോ എടുപ്പിന് പോയാരുന്നു. പക്ഷേ  കാർഡ്‌ കിട്ടിയില്ല"

"എങ്കിൽ ഒരു കാര്യം ചെയ്യ്...അക്ഷയ കേന്ദ്രത്തിൽ ചെന്ന്  ആധാറിന്റെ കോപ്പിയെടുത്ത്  അതുമായി ബാങ്കിൽ പോയി ചേട്ടന്റെ അക്കൌണ്ടുമായി  അതിന്റെ നമ്പർ   ലിങ്കു ചെയ്യിപ്പിച്ചിട്ടു വാ... എന്നാലേ  ഇവർ  ഗ്യാസ്സു തരൂ"

കണ്ണപ്പൻ നായർക്ക്  അതൊരു പുതിയ അറിവായിരുന്നു. ഗ്യാസുതീർന്ന സിലിണ്ടർ   പോലെയായ അയാൾ ആരോടും മിണ്ടാതെ സൈക്കിളുമെടുത്തു  സ്ഥലം വിട്ടു.

ഇതിനിടയിൽ എന്റെ  ഊഴം വന്നു. ഞാൻ കയ്യിലിരുന്ന അപേക്ഷാഫോറവും അനുബന്ധ  രേഖകളും പെണ്‍കുട്ടിയുടെ കൈയ്യിൽ കൊടുത്തു.   കണ്ണപ്പൻനായർ പോയതോടെ സമനില വീണ്ടെടുത്ത പെണ്‍കുട്ടി അതൊക്കെ വിശദമായി പരിശോധിച്ചു.  എന്നിട്ടു പറഞ്ഞു.

"സാറേ.. ഒറിജിനൽ ആധാർകാർഡ്‌  വേണം. കൂടാതെ   സാറിന്റെ ഒരു  പാസ്‌ പോർട്ട്‌  സൈസ് ഫോട്ടോയും  വേണം"

ശെടാ ഇതൊരു പുലിവാലായല്ലോ.  വീട്ടിലെ ഗ്യാസ് തീർന്നിട്ടു ദിവസം നാലായി. ഓരോ തവണ വരുമ്പോഴും എന്തെങ്കിലും തടസ്സങ്ങൾ...!  ഇന്നെങ്കിലും  സിലിണ്ടർ  കിട്ടിയില്ലെങ്കിൽ ഭാര്യ  അടുക്കളയും  ലോക്ക് ചെയ്തു  കുട്ടികളേയും കൂട്ടി    അവളുടെ വീട്ടിൽ  പോകുമെന്ന്  മുന്നറിയിപ്പു തന്നിരിക്കുകയാണ്.

ആധാർ കാർഡിന്റെ  നമ്പർ മാത്രമാണ്  എന്റെ കയ്യിലുള്ളത്.   അക്ഷയ കേന്ദ്രത്തിൽ പോയി   അതിന്റെ ഒറിജിനൽ എടുത്തിട്ടു വേണം ഗ്യാസ് ഏജൻസിയിൽ പോകേണ്ടത്  എന്നു ഭാര്യ പറഞ്ഞ കാര്യം അപ്പോഴാണു  ഞാൻ ഓർത്തത്‌.

ഞാൻ ബൈക്കിൽ കയറി  നേരെ  അടുത്തുള്ള അക്ഷയകേന്ദ്രത്തിലേയ്ക്ക് വിട്ടു. അവിടെയെ ത്തിയപ്പോൾ   അതിനു മുൻപിൽ വലിയൊരാൾക്കൂട്ടം  കണ്ടു.  പെണ്ണുങ്ങളാണ്  കൂടുതൽ.     ആധാർ കാർഡ്‌  എടുക്കാനുള്ള ഊഴവും കാത്തിരിക്കുകയാണവർ.

ഞാൻ ഒരു വിധത്തിൽ അകത്തു കയറി. അക്ഷയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ  ശാന്തമ്മ
ലാപ് ടോപ്പ് , ക്യാമറ പിന്നെ  വേറെ എന്തൊക്കെയോ സാമഗ്രികളുമായി ഒരു മൂലയിലിരുന്നു  ആധാർ കാർഡിനുള്ള  അപേക്ഷകൾ തയ്യാറാക്കുകയാണ്. അവരുടെ മുൻപിൽ ഒരു വല്യമ്മ വടിയും കുത്തിപ്പിടിച്ചിരിക്കുന്നു.   വല്യമ്മയുടെ ഫോട്ടോ എടുക്കാനുള്ള തീവ്രശ്രമത്തിലാണ്  ശാന്തമ്മ. കഴുത്തൊടിഞ്ഞ കോഴി പോലെയിരിക്കുന്ന വല്യമ്മയുടെ മുഖം പിടിച്ചു നേരെ ആക്കിയിട്ടു  ശാന്തമ്മ ലാപ് ടോപ്പിനരികിൽ എത്തുമ്പോഴേയ്ക്കും വല്യമ്മ വീണ്ടും പഴയ സ്ഥിതിയിലാകും. ഒടുവിൽ സഹായിയായ ഒരു പെണ്‍കുട്ടിയോട്  വല്യമ്മയുടെ തല നേരെയാക്കി പിടിക്കാൻ പറഞ്ഞിട്ട്  ശാന്തമ്മ അവരുടെ ഫോട്ടോ എടുത്തു.

"ഹോ ഈ ആധാർ കാർഡ്‌   കണ്ടുപിടിച്ചവനെ കിട്ടിയിരുന്നെങ്കിൽ അയാളുടെ മൂലാധാരം നോക്കി  നാല്  ഇടിവച്ചുകൊടുക്കാമായിരുന്നു"

ഞാൻ ആത്മഗതം ചെയ്തു .

ഞാൻ എന്റെ ആധാർ കാർഡിന്റെ   നമ്പർ എഴുതിയ പേപ്പർ  അവിടെയിരുന്ന ഒരു പെങ്കൊച്ചിനെ ഏൽപ്പിച്ചിട്ട്  അതിന്റെ ഒറിജിനൽ എടുത്തു തരാൻ ആവശ്യപ്പെട്ടു.

തനിക്കിഷ്ടമില്ലാത്ത  പയ്യൻ  കൊടുത്ത ലവ് ലെറ്റർ വാങ്ങുന്ന കോളേജ്  കുമാരിയുടെ മുഖഭാവത്തോടെ അവളതു വാങ്ങി.    പിന്നെ അതിന്റെ ഒറിജിനൽ എടുക്കാനായി  കമ്പ്യൂട്ടറിന്റെ മുൻപിലിരുന്നു.

അര മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ  ഒറിജിനൽ  ആധാർ കാർഡിന്റെ പ്രിന്റു കിട്ടി.

അതുമായി പുറത്തിറങ്ങിയ ഞാൻ ആ കാർഡിലൂടെ ഒന്നു  കണ്ണോടിച്ചു. അതിൽ മലയാളത്തിൽ അച്ചടിച്ചിരിക്കുന്ന എന്റെ പേരു കണ്ടു ഞാൻ അന്തം വിട്ടു.

"ഗുരുനാഥൻ"

ഈശ്വരാ......

"രഘുനാഥനായ ഞാൻ ഗുരുനാഥനായതെങ്ങിനെ?"

ഇനി എന്തു ചെയ്യുമെന്നറിയാതെ  നില്ക്കുമ്പോഴാണ്  അക്ഷയ കേന്ദ്രത്തിനുള്ളിൽ  നിന്നും ഒരു ബഹളം   കേട്ടത്.

"ആരാടീ ഈ  കാർഡുണ്ടാക്കിയത്? അവളെ എനിക്കൊന്നു കാണണം"

ഞെട്ടിപ്പോയ ഞാൻ പെട്ടെന്നു തിരിഞ്ഞു നോക്കി.

കണ്ണപ്പൻ നായർ..!

"ശെടാ ഇയ്യാളെക്കൊണ്ടു തോറ്റല്ലോ. ഗ്യാസ് ഏജൻസിയിൽ വഴക്കുണ്ടാക്കിയിട്ട്   ഇവിടെ വന്നു പിന്നെയും കുഴപ്പമുണ്ടാക്കാനുള്ള പരിപാടിയാണോ ?"

 വല്യമ്മയുടെ ഫോട്ടോ എടുപ്പുകഴിഞ്ഞ ശാന്തമ്മ  എഴുനേറ്റുവന്നു   ദേഷ്യത്തോടെ കണ്ണപ്പൻ നായരോടു  പറഞ്ഞു.

"ചേട്ടാ ഇവിടെക്കിടന്നു ബഹളമുണ്ടാക്കരുത്.  ഇതു പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലമാ.."

കണ്ണപ്പൻ നായർ   ശാന്തമ്മയെ അടിമുടിയൊന്നു നോക്കി. എന്നിട്ടു   തന്റെ  കയ്യിലിരുന്ന ആധാർ കാർഡ്‌  അവരുടെ കയ്യിൽ കൊടുത്തു. പിന്നെ  ഒന്നും മിണ്ടാതെ സൈക്കിളുമെടുത്തു സ്പീഡിൽ ചവിട്ടി സ്ഥലം വിട്ടു.

ശാന്തമ്മ കണ്ണപ്പൻ നായരുടെ  ആധാർ കാർഡ്‌  തിരിച്ചും മറിച്ചും നോക്കി. പിന്നെ വാ പൊത്തി ചിരിച്ചുകൊണ്ട്   അകത്തേയ്ക്കോടി.

ഇതെല്ലാം കണ്ട ജനങ്ങൾ കാര്യമറിയാതെ മിഴിച്ചു നിന്നു. ഗുരുനാഥനായിപ്പോയ  ഞാൻ ഇനിയെങ്ങനെ  രഘുനാഥനാവുന്നതെന്നറിയാതെ   നിന്നു.

 പക്ഷേ  സൈക്കിളിൽ പോയ കണ്ണപ്പൻനായർ  തന്റെ പേരിന്റെ ആദ്യാക്ഷരമായ  "ക " എങ്ങിനെ "കൂ" ആയെന്ന  ചിന്തയിലായിരുന്നു അപ്പോഴും.