Wednesday, July 15, 2009

എന്റെ ഭാവിയും അവളുടെ നോട്ടവും

"ഹലോ ഇത് രഘുനാഥന്‍ സാറാണോ?"....

"രഘുനാഥന്‍ പിന്നെ സാറല്ലാതെ ടീച്ചര്‍ ആകുമോ? വെളുപ്പാന്‍ കാലത്ത് വെറുതെ മിനക്കെടുത്താതെ വച്ചിട്ടു പോടെ" എന്ന് ചോദിയ്ക്കാന്‍ തോന്നിയ ഞാന്‍ ഉടന്‍ എന്നെത്തന്നെ നിയന്ത്രിച്ചു..കാരണം മൊബൈലില്‍ കൂടി കേട്ടത് വെറുമൊരു സ്വരമല്ല. മധുര സ്വരമാണ്. കളമൊഴി,കിളിമൊഴി എന്നൊക്കെ കവികള്‍ പറയുന്നത് കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലൊക്കെത്തന്നെയുള്ള ഒരു മൊഴി..!!


ശബ്ദം കേട്ടിട്ട് ഒരു യുവതിയാണെന്ന് തോന്നുന്നു. എരുമ കരയുന്നതു പോലെയുള്ള എന്റെ സ്വരം കേട്ടു പേടിച്ച് അവള്‍ ഫോണ്‍ വച്ചിട്ട് പോയാലോ എന്ന് ശങ്കിച്ച ഞാന്‍ എന്റെ സ്വരത്തില്‍ മാക്സിമം അളവില്‍ പഞ്ചസാര ചേര്‍ത്ത് മറു ചോദ്യം ഉന്നയിച്ചു..


"അതെല്ലോ ..ഇതാരാ..?"


"പട്ടാളക്കാരന്‍ രഘുനാഥന്‍ അല്ലെ?" അപ്പുറത്ത് നിന്നും വീണ്ടും ചോദ്യം.


"എടീ പെങ്കൊച്ചേ കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കെടുത്ത വീരയോദ്ധാവായ രഘുനാഥന്‍ തന്നെയാണ് നിന്നോട് സംസാരിക്കുന്നത്" എന്ന് പറയാന്‍ തോന്നിയെങ്കിലും ഞാന്‍ വീണ്ടും എന്നെ നിയന്ത്രിച്ചു. ആദ്യത്തെ അളവില്‍ തന്നെ വീണ്ടും പഞ്ചസ്സാര കുറുക്കി...


"അതെ അതെ...ആരാ വിളിക്കുന്നത്‌..?"


അപ്പുറത്ത് നിശബ്ദത ..ദൈവമേ വച്ചിട്ട് പോയോ? ആളുമാറി വിളിച്ചതാണോ? ഞാന്‍ ശങ്കിച്ചു..


"ഈ ബ്ലോഗൊക്കെ എഴുതുന്ന രഘുനാഥന്‍ തന്നെയല്ലേ ?" അപ്പുറത്ത് നിന്നും അപ്രതീഷിതമായ ചോദ്യം കേട്ട ഞാന്‍ ഞെട്ടി..


അമ്പടീ.. നീയപ്പോള്‍ എന്റെ ആരാധികയാണ് അല്ലെ? ഞാന്‍ എഴുതുന്ന പട്ടാളക്കഥകള്‍ ഒക്കെ വായിച്ചു ഒത്തിരിപ്പേര്‍ കമന്റ് എഴുതാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരാള്‍, അതും ഒരു യുവതി എന്നെ ഫോണില്‍ വിളിക്കുന്നത്‌. ഞാന്‍ അടിമുടി കോരിത്തരിച്ചു..ആസകലം കോരാതെ തരിച്ചു..കവികള്‍ പറയുന്നത് പോലെ തരളിത ഹൃദയനായി മാറി..എന്റെ സ്വരത്തില്‍ ഞാനറിയാതെ പഞ്ചസാര കൂടി കല്‍ക്കണ്ട മായോ എന്നൊരു സംശയം..


"അതെ അതുതന്നെ"... ആരാ ഈ വിളിക്കുന്നെ ??


"സാര്‍ ഞാന്‍ ശാലിനി..സാറിന്റെ നാട്ടുകാരിയാ ... മുതുകുളത്താ വീട്...ഹരിപ്പാട്ടാ വര്‍ക്കു ചെയ്യുന്നേ.."


ഹോ..എന്റെ മനസ്സറിഞ്ഞ പോലയല്ലേ അവള്‍ സംസാരിക്കുന്നത്? ബ്ലോഗ്ഗില്‍ ഞാന്‍ പെണ്ണുകാണാന്‍ പോകുന്ന വിവരവും അതെല്ലാം ചീറ്റിപ്പോകുന്ന കഥകളും എഴുതിയിട്ടുണ്ട്. അതൊക്കെ ഇവള്‍ വായിച്ചിട്ടുമുണ്ടാകും. ഞാനൊരു 'ക്രോണിക്‌ ഇല്ലാത്ത ബാച്ചിലര്‍' ആണെന്നും നല്ലൊരു പെണ്ണിനെ കിട്ടിയാല്‍ അപ്പോള്‍ തന്നെ കെട്ടിക്കളയും എന്നവള്‍ക്ക് അറിയാമായിരിക്കും.അതുകൊണ്ടാവുമോ രാവിലെ തന്നെ അവള്‍ വിളിച്ചത്? ഇപ്പോഴത്തെ പെണ്‍പിള്ളാരൊക്കെ ഭാവിയിലേയ്ക്ക് നല്ല നോട്ടമുള്ളവര്‍ ആണെന്ന് മാത്തപ്പന്‍ പറഞ്ഞത് എത്ര ശരി..അത് കൊണ്ടല്ലേ അവള്‍ തന്നെ മുന്‍കൈ എടുത്ത്‌ എന്നെ വിളിച്ചത്..?? സ്മാര്‍ട്ട് പെണ്‍കുട്ടി....ഐ ലൈക്‌ യു ഡാ... (ലവ് യു ഡാ എന്ന് നേരില്‍ കാണാന്‍ പറ്റിയാല്‍ പറയണം) ഞാന്‍ തീരുമാനിച്ചു.


"സാറിന്നു ഫ്രീയാണോ എനിക്കൊന്നു കാണാന്‍ പറ്റുമോ?"


അവളുടെ അടുത്ത കിളിമൊഴി കേട്ട ഞാന്‍ വീണ്ടും കോരിത്തരിക്കുക മാത്രമല്ല ഒപ്പം ഞെട്ടിത്തരിക്കുക കൂടി ചെയ്തു. "വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും കാരാമില്‍ക്ക് " എന്ന് പറഞ്ഞത് പോലെ, ഇവള്‍ രണ്ടും കല്പിച്ച് ഇറങ്ങിയവള്‍ തന്നെ സംശയമില്ല.! കാശ്മീര്‍ പ്രശ്നം പോലെ നീണ്ടു നീണ്ടു പോകുന്ന എന്റെ കല്യാണ പ്രശ്നം ഇതാ തീരാന്‍ പോകുന്നു. ഒരു യുവസുന്ദരി എന്നെ കാണാന്‍ ആഗ്രഹിക്കുന്നു!! അവളെ കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. എല്ലാത്തിനും കാരണക്കാരന്‍ പട്ടാളക്കഥകള്‍ എന്ന കിടിലന്‍ ബ്ലോഗ്ഗ് ! അത് കിടക്കുന്ന കിടിലോല്കിടിലന്‍ ബൂലോകം.!! ജയ് ജയ് പട്ടാളക്കഥകള്‍. ജയ് ജയ് ബൂലോകം, ജയ് ജയ് ഞാന്‍..!!!.


"പിന്നെന്താ കാണാമല്ലോ....എപ്പോഴാ വരുന്നത്" ഞാന്‍ ചോദിച്ചു..


"സാറിന് കഴിയുമെങ്കില്‍ ഒന്ന് ഹരിപ്പാട്‌ വരെ വരാമോ? വൈകിട്ട് അഞ്ചു മണിക്ക് ശേഷം വന്നാല്‍ സൌകര്യമാണ്. എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കില്‍ വേണ്ട കേട്ടോ"


"അസൗകര്യം? എനിക്കോ? ഞാനിപ്പോഴേ വരാന്‍ റെഡി " എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും വീണ്ടും ഞാന്‍ എന്നെ നിയന്ത്രിച്ചു. ആക്രാന്തം പാടില്ല. വെയിറ്റ് ആന്‍ഡ്‌ സീ .


"വരാന്‍ പറ്റുമോ എന്ന് നോക്കട്ടെ" ഞാന്‍ പറഞ്ഞു. എവിടെയാ വരണ്ടേ?


" ബസ്‌ സ്റ്റൊപ്പിനടുത്തു നിന്നാല്‍ മതി." ഞാന്‍ എത്തിക്കോളാം. അവള്‍ പറഞ്ഞു.


"ഓക്കേ. പക്ഷെ എങ്ങനെ ഞാന്‍ തിരിച്ചറിയും? ഞാന്‍ ഇതുവരെ ശാലിനിയെ കണ്ടിട്ടില്ലല്ലോ? ശാലിനി എന്നെയും."?


"അത് സാരമില്ല. ഞാന്‍ സ്റ്റോപ്പിന്റെ നേരെ മുന്‍പിലുള്ള ബേക്കറിയുടെ അടുത്ത്‌ നില്‍കാം." വന്നു കഴിയുമ്പോള്‍ ഈ നമ്പരില്‍ വിളിച്ചാല്‍ മതി."അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ പെണ്ണുകാണല്‍, അതായത് ചെറുക്കന്‍ പോയി പെണ്ണിനെ കാണുക എന്ന മുഷിപ്പന്‍ പരിപാടി ഇതാ ഞാന്‍ തിരുത്തിക്കുറിക്കാന്‍ പോകുന്നു. പെണ്ണ് നേരിട്ട് വന്നു ചെറുക്കനെ കാണുന്ന അതിനൂതന സമ്പ്രദായം ഇന്ന് മുതല്‍ തുടങ്ങാന്‍ പോകുന്നു. ഇതിനെല്ലാം കാരണഭൂതനായ ബൂലോകം ജയ്..പട്ടാളക്കഥകള്‍ ജയ്.....ഞാന്‍ ജയ്..ദിവസത്തിന് നീളം കൂടിയോ എന്നെനിക്കു സംശയമായി. അഞ്ചു മണിയാകാന്‍ ഇത്രയും സമയമെടുക്കുമോ? ഞാന്‍ വീണ്ടും വീണ്ടും വാച്ചില്‍ നോക്കി. നാലര ആയപ്പോള്‍ പുതിയ ജീന്‍സും ടി ഷര്‍ട്ടും ധരിച്ചു. മുടി സ്റ്റൈലില്‍ ചീകി വച്ചു. മുഖത്ത്‌ ഫെയര്‍ ആന്‍ഡ്‌ ലൌലിയും അതിന്റെ കൂടെ മേമ്പൊടിയായി പൌഡറും തേച്ചു. കണ്ണാടിയില്‍ ചാഞ്ഞും ചരിഞ്ഞും നോക്കി. സൌന്ദര്യം മുന്‍പിലും പുറകിലും ഉണ്ടെന്നു ഉറപ്പു വരുത്തി. ബൈക്കെടുത്തു ഹരിപ്പാട്ടെയ്ക്ക് പുറപ്പെട്ടു.
അഞ്ചു മണിയാകാന്‍ കൃത്യം അഞ്ചു മിനിട്ട് ബാക്കിയുള്ളപ്പോള്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ എത്തി. ബൈക്ക്‌ നിറുത്തി സ്റ്റോപ്പിന്റെ നേരെ മുന്‍പിലുള്ള ബേക്കറിയുടെ പരിസരം ശ്രദ്ധിച്ചു. അത്ഭുതം!! അവിടെയതാ അവള്‍ നില്കുന്നു!! ഇറുകിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച്, മുടി ഉച്ചിയില്‍ വാല് പോലെ ഉയര്‍ത്തിക്കെട്ടി, ഒരു ചുവന്ന ഹോണ്ട ആക്ടീവയില്‍ അവള്‍ എന്നെ പ്രതീക്ഷിച്ചിരിക്കുന്നു.."യാത്രക്കാരുടെ ശ്രദ്ധയ്ക്ക്" എന്ന സിനിമയിലെ നായിക 'സൌന്ദര്യയുടെ' ദേഹപ്രകൃതി. സുന്ദരി...മനോഹരി..സുമുഖി..എനിക്ക് ബോധിച്ചു. എന്റെ ഭാര്യയാകാനുള്ള എല്ലാ അളവുകളുമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ തൂക്കവുമുണ്ട്‌. .. . ഇവള്‍ മതി...ഞാന്‍ തീരുമാനിച്ചു.എങ്കിലും മനസ്സു പറയുന്നു. ആക്രാന്തം പാടില്ല. ഇതവള്‍ തന്നെയാണോ? വേറെ ആരെങ്കിലും ആണെങ്കിലോ? ഏതായാലും ഒന്ന് ഫോണ്‍ ചെയ്തു നോക്കാം. ഭഗവാനെ ഇതവള്‍ തന്നയാകണേ. ഞാന്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു...അതാ അവള്‍ ഫോണ്‍ എടുക്കുന്നു.!! അവള്‍ തന്നെ.പിന്നെ ഒട്ടും താമസിച്ചില്ല. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വണ്ടി മുന്‍പോട്ടെടുത്തു. നേരെ അവളുടെ അടുത്ത്‌ പോയി സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി.അപ്രതീക്ഷിതമായ ആ ആഗമനത്തില്‍ അവളൊന്നു ഞെട്ടി. ഞാന്‍ തലയില്‍ നിന്നും ഹെല്‍മെറ്റ് ഊരിമാറ്റി. മുടി കൈത്തലം കൊണ്ട് മാടിയൊതുക്കി. എന്നിട്ട് അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു."രഘുനാഥന്‍ സര്‍ ????" അവള്‍ എന്നെ നോക്കി ചിരിച്ചു. നല്ല ചിരി. കവിളില്‍ നുണക്കുഴികള്‍. എനിക്ക് പിന്നെയും അവളെ ഇഷ്ടമായി...


"സാര്‍ നമുക്ക് ആ ബേക്കറിയില്‍ ഇരുന്നു സംസാരിക്കാം എന്താ?" അവള്‍ എന്നെ നോക്കി..


"പിന്നെന്താ... ആകട്ടെ ...നമ്മുടെ ആദ്യത്തെ മീറ്റിംഗ് ആല്ലേ ? ഒരു കോഫിയില്‍ തന്നെ തുടങ്ങാം."ഞങള്‍ ബേക്കറിയുടെ മൂലയ്ക്കുള്ള കസേരകളില്‍ ഇരുന്നു. അവള്‍ തന്റെ പുറത്തു കിടന്ന ബാഗ് എടുത്ത്‌ മുന്‍പിലുള്ള ടേബിളില്‍ വച്ചു. കണ്ടിട്ട് അതൊരു ലാപ്‌ ടോപ്‌ ആണെന്ന് തോന്നുന്നു. അപ്പോള്‍ ഇവള്‍ ഐ.ടി ഫീല്‍ഡില്‍ തന്നെയാകണം ജോലി ചെയ്യുന്നത്. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും കാരാമില്ക് . ഞാന്‍ മനസ്സില്‍ പറഞ്ഞു.എന്ത് പറയണം എവിടെ തുടങ്ങണം എന്നറിയാതെ ഞങള്‍ പരസ്പരം കുറച്ചു നേരം മുഖത്തോടു മുഖം നോക്കിയിരുന്നു.അവളുടെ സുന്ദരവദനം കണ്ടപ്പോള്‍ ഞാന്‍ പറയാന്‍ ഓര്‍ത്ത്‌ വച്ചിരുന്നതെല്ലാം മറന്നു.


"ഞാന്‍ കുറച്ചു നാള്‍ മുതല്‍ സാറിനെ കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു..ഇനി താമസിച്ചാല്‍ സാര്‍ തിരിച്ചു പോയേക്കുമോ എന്ന് പേടിച്ചാ ഇന്ന് വിളിച്ചത്.".. ഒടുവില്‍ അവള്‍ തന്നെ തുടക്കമിട്ടു..ഒപ്പം തന്റെ മുന്‍പിലിരുന്ന ലാപ്‌ ടോപ് പുറത്തെടുത്ത് ഓണ്‍ ചെയ്തു.കൊള്ളാം..ഞാനെഴുതിയ പോസ്റ്റുകള്‍ എന്നെത്തന്നെ കാണിക്കാന്‍ പോവുകയാണ് ഈ മിടുക്കി..പോസ്റ്റുകളെക്കുറിച്ച് തന്നെയാകട്ടെ ആദ്യത്തെ ചര്‍ച്ച. പിന്നീടത്‌ പതുക്കെ പെണ്ണുകാണല്‍, കല്യാണം മുതലായ മേഘലകളിലെയ്ക്ക് കൊണ്ടുപോകണം. എന്നിട്ട് വേണം എനിക്ക് തുറന്നു പറയാന്‍ ഐ ലവ് യു ഡാ..... ഞാന്‍ ഉറപ്പിച്ചു.


"സാര്‍ നോക്കൂ. ഞങളുടെ കമ്പനി പുതുതായി ലോഞ്ച് ചെയ്ത പോളിസിയാണ്. ഇതില്‍ സാറിനെപ്പോലെയുള്ള പട്ടാളക്കാര്‍ക്ക് വേണ്ടി ചില പുതിയ സ്കീമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകട ഇന്‍ഷുറന്‍സ്, മരണം സംഭവിച്ചാല്‍ പത്തു ലക്ഷം വരെ താങ്കളുടെ ഭാര്യക്ക് കിട്ടാവുന്ന ഒരേയൊരു പോളിസി ഇത് മാത്രമേ ഇന്ന് നിലവിലുള്ളൂ സാര്‍........"


ഭാവിയില്‍ ഞാന്‍ തട്ടിപ്പോയാല്‍ എന്റെ ഭാര്യക്കോ കുട്ടികള്‍ക്കോ കിട്ടാവുന്ന ഭാരിച്ച തുകയെപ്പറ്റി അവള്‍ വാചാലയായപ്പോള്‍ ഞാന്‍ അവളുടെ മുഖത്ത് നോക്കി അന്തം വിട്ടിരുന്നു...അപ്പോള്‍ മാത്തപ്പന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുകയായിരുന്നു..."ഇപ്പോഴത്തെ പെണ്‍ പിള്ളാര്‍ക്ക് ഭാവിയിലേയ്ക്ക് വലിയ നോട്ടമാ."

Wednesday, July 8, 2009

രണ്ടു സുന്ദരികളും ഞാനും

"എറണാകുളത്ത് നിന്നും ആലപ്പുഴ, കായംകുളം, കൊല്ലം വഴി തിരുവനന്തപുരത്തെയ്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ്‌ ബസ്സ്, സ്റ്റാന്റിന്റെ വടക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യുന്നു."


ഈ അറിയിപ്പ് കേട്ട ഞാന്‍ സ്റ്റാന്റിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി ഓടി. ...എറണാകുളത്തു നിന്നും ഹരിപ്പാടിന് പോകാനായി കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ ബസ്സ് കാത്തു നില്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി... വരുന്ന ബസ്സുകളിലോന്നും കാലു കുത്താന്‍ സ്ഥലമില്ല...പോരാത്തതിനു മഴയും..തിരുവനന്തപുരം എന്ന ബോര്‍ഡ് വച്ച സൂപ്പര്‍ ഫാസ്റ്റു ബസ്സ്, " പോകണമെന്നുണ്ടെങ്കില്‍ ഉടനെ കേറിക്കോ.. അല്ലെങ്കില്‍ ഞാനിപ്പോള്‍ സ്ഥലം വിട്ടുകളയും" എന്ന ഭാവത്തില്‍ ഇരച്ചു കൊണ്ട് നില്‍ക്കുകയാണ്‌..പത്തിരുപതു പേര്‍ അതില്‍ കേറാനായി വാതിലിനടുത്ത് തിങ്ങിക്കൂടിയിട്ടുണ്ട്..ചിലര്‍ തങ്ങളുടെ ബാഗും തൂവാലയും മറ്റും ബസ്സില്‍ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പിച്ച്‌ കാലിയായ സീറ്റുകള്‍ അഡ്വാന്‍സ് ബുക്ക് ചെയ്തിട്ട് വീണ്ടും വാതിലിനടുത്ത് വന്നു ബസ്സിനുള്ളില്‍ കയറിപ്പറ്റാനുള്ള യജ്ഞം തുടങ്ങി..ഒരു വിദ്വാന്‍ ഡ്രൈവര്‍ക്ക് കയറാനുള്ള വാതിലില്‍ കൂടി കയറാന്‍ ഡാവില്‍ ഒന്ന് ശ്രമിച്ചു നോക്കുന്നതും അവിടെ ഡ്രൈവര്‍ ഇരിക്കുന്നത് കണ്ടിട്ട് വീണ്ടും തിരിച്ചു വന്നു ഡോറില്‍ തൂങ്ങുന്നതും കണ്ടു... വെറുതെ നോക്കി നിന്നാല്‍ ഇന്ന് പോക്ക് ഉണ്ടാവില്ല എന്ന് മനസ്സിലായ ഞാനും യജ്ഞത്തില്‍ പങ്കു കൊള്ളുകയും അധികം താമസിക്കാതെ ബസ്സിനുള്ളില്‍ എത്തപ്പെടുകയും ചെയ്തു...


ബസ്‌ വിട്ടു...മുകളിലെ കമ്പിയില്‍ തൂങ്ങി നിലത്തുമല്ല ആകാശത്തുമല്ല എന്ന അവസ്ഥയില്‍ നില്‍കുകയാണ്‌ ഞാന്‍...പുറകില്‍ മുഴുവന്‍ സ്ത്രീകളാണ്..അത് കൊണ്ടാണെന്ന് തോന്നുന്നു കേറിയവര്‍ മുന്‍പോട്ടു നീങ്ങാതെ അവിടെത്തന്നെ കുറ്റിയടിച്ചതുപോലെ നില്‍കുകയാണ്‌..ബസ്സിന്റെ മുന്‍പില്‍ നില്‍കുന്ന കണ്ടക്ടര്‍, മുന്‍പോട്ടു പോരെ.. മുന്‍പോട്ടു പോരെ.. എന്ന് പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി ഭാവിക്കുന്നില്ല... തന്നെയുമല്ല കിട്ടിയ സ്ഥലത്ത് തന്നെ അല്പം ഒതുങ്ങി നിന്നിട്ട് തന്റെ പുറകില്‍ നില്‍ക്കുന്നവരെ "എന്താ മുന്‍പോട്ടു പോകാന്‍ ഇത്ര ബുദ്ധിമുട്ട്‌?" എന്ന രീതിയില്‍ നോക്കുന്നുമുണ്ട്..വാതിലിനു നേരെ മുന്‍പില്‍ നില്‍കുന്ന ഒരു തടിച്ച സ്ത്രീയുടെ വിശാലമായ പിന്‍ഭാഗം തന്റെ സീറ്റാക്കി സുഖ യാത്ര ചെയ്തിരുന്ന ഒരു മധ്യ വയസ്കനെ ആ സ്ത്രീ തന്റെ പിന്‍ഭാഗം കൊണ്ട് തന്നെ ഒരു താങ്ങ് താങ്ങുന്നതും ആ താങ്ങലോട് കൂടി കൃശഗാത്രനായ ആ മാന്യന്‍ ഒരു മീറ്ററോളം മുന്‍പിലേക്ക് തെറിച്ചു പോകുന്നതും ഞാന്‍ കണ്ടു...ഏതായാലും ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതുപോലെ ആ താങ്ങല്‍ മൂലമുണ്ടായ ഗ്യാപ്പില്‍ എനിക്ക് നില്കാനുള്ള സ്ഥലം കിട്ടുകയും ചെയ്തു...

ബസ്‌ അരൂര്‍ പാലവും കടന്നു മുന്‍പോട്ടു പോയി..അതിനിടയില്‍ കണ്ടക്ടര്‍ വന്നു...മത്തങ്ങയുടെ ആകൃതിയില്‍ ശരീര പ്രകൃതിയുള്ള കണ്ടക്ടര്‍ക്ക് നില്കാന്‍ തന്നെ രണ്ട് പേര്‍ക്കുള്ള സ്ഥലം വേണ്ടി വരുമെന്ന് എനിക്ക് തോന്നി..ഒരു കൈ മുകളിലെ കമ്പിയിലും മറ്റേ കൈ സീറ്റിനു മുകളിളിലുള്ള കമ്പിയിലും പിടിച്ചു " ത്രികോണെ" എന്ന രീതിയില്‍ നില്‍കുന്ന എന്റെ പുറത്തു ചാരിയാണ് കണ്ടകടര്‍ സാറിന്റെ നില്പ്.. "പണ്ടേ ദുര്‍ബ്ബല ... പോരാത്തതിനു ഗര്‍ഭിണി" എന്ന രീതിയിലായി എന്റെ അവസ്ഥ.. ഞാന്‍ ശ്വാസം വലിച്ചു കേറ്റി മസ്സില് പിടിച്ചു നിന്നു...


എന്റെ നേരെ പുറകില്‍ നില്‍കുന്നതു പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു യുവതിയാണ്..കണ്ടിട്ട് എറണാകുളത്തു എവിടെയോ ജോലി ചെയ്യുന്നതാണെന്ന് തോന്നുന്നു... ഇടതു തോളില്‍ വാനിറ്റി ബാഗും തൂക്കി വലതു കൈ മുകളിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് അലസമായി നോക്കി നില്‍കുകയാണ്‌ ആ സുന്ദരി... വണ്ടി കുലുങ്ങുമ്പോഴും ബ്രേക്ക്‌ ചെയ്യുമ്പോഴും അവളുടെ ശരീരത്തിന്റെ മുന്‍ഭാഗം എന്റെ വലതു തോളില്‍ മുട്ടുന്നുണ്ട്... പക്ഷെ ഒരു പട്ടാളക്കാരനായ ഞാന്‍ പൊതു സ്ഥലങ്ങളില്‍, ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കേണ്ട മര്യാദകളെ മാനിക്കേണ്ടാവനായതിനാല്‍ ആ സ്പര്‍ശന സുഖത്തെ അവഗണിച്ച് കൊണ്ട് എന്റെ യാത്ര തുടര്‍ന്നു...


പക്ഷെ എന്റെ മുന്‍പില്‍ നില്‍കുന്ന ഒരു മാന്യന്‍ ഞാനവിടെ നില്കുന്നത് ഇഷ്ടമില്ല എന്ന രീതിയില്‍ ഇടയ്ക്കിടയ്ക്ക് രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു... വണ്ടി ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ രണ്ടുമൂന്നു പേര്‍ ഇറങ്ങുകയും അത്രയും പേര്‍ കയറുകയും ചെയ്തു..ഇതിനിടയില്‍ ആ മാന്യന്‍ എന്നെ അവിടെനിന്നും മാറ്റാനെന്ന വണ്ണം അയാളുടെ പൊസിഷന്‍ ഒന്ന് ചേഞ്ച്‌ ചെയ്തു...പക്ഷെ അതോടെ പുറകില്‍ നിന്ന സുന്ദരിക്ക് കൂടുതല്‍ സ്ഥലം കിട്ടുകയും അവള്‍ എന്നോട് കൂടതല്‍ ചേര്‍ന്ന് നില്‍കുകയും ചെയ്തു.....ഉര്‍വശീ ശാപം വീണ്ടും ഉപകാരമായി....വണ്ടി കൂടുതല്‍ കുലുങ്ങാനും ഡ്രൈവര്‍ കൂടുതല്‍ ബ്രേക്ക്‌ ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു പോയി...(പട്ടാളക്കാരനായാലും ഞാനുമൊരു പുരുഷനല്ലേ....അതും യവ്വന യുക്തനായ പുരുഷന്‍??)


ഇതോടെ മാന്യന്‍ കൂടുതല്‍ രൂക്ഷമായി എന്നെ നോക്കാന്‍ തുടങ്ങി.. സുന്ദരിയായ ഒരു യുവതിയെ മുട്ടി ഉരുമ്മി യാത്ര ചെയ്യാന്‍ പറ്റാതെ പോവുകയും അടുത്ത്‌ നില്കുന്നവന്‍ അത് അനുഭവിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഒരു സാധാരണ പുരുഷന് തോന്നുന്ന വികാരമായി മാത്രം ഞാനത് കണക്കാക്കുകയും അദ്ദേഹത്തിന്റെ നോട്ടത്തെ ഒട്ടും മൈന്‍ഡ്‌ ചെയ്യാതെയും സുന്ദരിയുടെ മൃദുല സ്പര്‍ശനത്തെ അല്പാല്പമായി മൈന്‍ഡ് ചെയ്തും ഞാന്‍ എന്റെ യാത്ര തുടര്‍ന്നു..


ഇതിനിടയില്‍ ചേര്‍ത്തലയില്‍ നിന്നും കേറിയ മറ്റൊരു യുവതി കൂടി എന്റെ ഇടതു ഭാഗത്ത് നില്കാന്‍ തുടങ്ങി..അതോടെ മാന്യ ദേഹം 'രണ്ട് സുന്ദരികളും ഞാനും' എന്ന നോവലിലെ നായകനെപ്പോലെ നില്‍കുന്ന എന്നെ നോക്കി ഒരു ചോദ്യം..


"താനെന്താ പെണ്ണുങ്ങളുടെ ഇടയില്‍ കിടന്നു വെരകുന്നത്...മുന്‍പോട്ടു കേറി നിന്നു കൂടെ?"


ശെടാ ...യാതൊരു കുഴപ്പവും ഉണ്ടാക്കാതെ മാന്യമായി യാത്ര ചെയ്യുന്ന എന്നോട് ഇയാള്‍ എന്തിനിത്ര ചൂടാകണം? ഞാന്‍ നില്കുന്നത് മൂലം അയാള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല. തന്നെയുമല്ല എന്റെ ചുറ്റും നില്‍കുന്ന യുവതികള്‍ എന്നെപ്പറ്റി യാതൊരു പരാതിയും ഉന്നയിച്ചിട്ടുമില്ല. സ്ഥലമില്ലാത്ത ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അല്പം ബുദ്ധിമുട്ടൊക്കെ സഹിക്കേണ്ടി വരും ..അല്ലാത്തവര്‍ സ്വന്തം കാറോ ബസ്സോ ഒക്കെ വാങ്ങി യാത്ര ചെയ്യണം..എന്നൊക്കെ പറയാന്‍ തോന്നിയെങ്കിലും ഞാന്‍ സംയമനം പാലിച്ചു...എന്നിട്ട് പറഞ്ഞു..


"സാറേ മുന്‍പോട്ടു പോകാന്‍ ഒട്ടും സ്ഥലമില്ല... പിന്നെ എന്ത് ചെയ്യും..യാത്ര ചെയ്യണ്ടേ..."?


"അത് ശരി...അല്ലാതെ പെണ്ണുങ്ങളെ മുട്ടാനല്ല താന്‍ എവിടെ നില്കുനത് അല്ലെ? .എടൊ ഞാനിതൊത്തിരി കണ്ടതാ...തന്റെ രോഗം എനിക്കറിയാം...വേണമെങ്കില്‍ അതിപ്പോ തീര്‍ത്ത്‌ തരാം.."


അതോടെ എന്റെ കണ്‍ട്രോള്‍ വിട്ടു..."കണ്ടിട്ട് മാന്യനാണെന്ന് തോന്നുന്നല്ലോ എന്ന് കരുതിയാണ് ഞാനും മാന്യമായി സംസാരിച്ചത്‌... അപ്പോള്‍ താനെന്താ എന്നെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ? എന്നാലതൊന്നു കാണണമല്ലോ?" ഞാനും ശബ്ദമുയര്‍ത്തി..


ഇത് കണ്ടു അടുത്ത്‌ നിന്ന യുവതികള്‍ പെട്ടെന്ന് ഒതുങ്ങി നിന്നു...എന്നെ മുട്ടി നിന്ന യുവതി പേടിയോടെ അയാളെ നോക്കി...ബസ്സിലെ യാത്രക്കാര്‍ ശബ്ദം കേട്ട് എന്നെയും ആ മാന്യനേയും ശ്രദ്ധിച്ചുതുടങ്ങി...മുന്പിലായിരുന്ന കണ്ടക്ടര്‍ തന്റെ വലിയ ശരീരം ഉരുട്ടി ഞങളുടെ അടുത്തേയ്ക്‌ വന്നു..പോര് കോഴികളെപ്പോലെ പരസ്പരം നോക്കി എന്തിനും തയ്യാറായി നില്‍കുന്ന ഞങളെ നോക്കി കണ്ടക്ടര്‍ ചോദിച്ചു.."എന്താ കാര്യം..ങേ? "

"അല്ല സര്‍ ഞാന്‍ ഇവിടെ ഒരു ശല്യവുമുണ്ടാക്കാതെ വെറുതെ നിന്നതാ ..ഇയാള്‍ക്ക് അതിഷ്ടപെടുന്നില്ല... ഞാന്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയോ എന്ന് ഇവരോട് ചോദിക്കൂ..".ഞാന്‍ ആ യുവതികളെ നോക്കി കണ്ടക്ടരോട് പറഞ്ഞു..

"ഇയാള്‍ എറണാകുളം മുതല്‍ ഇവിടെത്തന്നെ നില്കുകയാ ..സ്ഥലം കിട്ടിയിട്ട് മാറുന്നുമില്ല...ഇവനെയൊക്കെ പിടിച്ച് പോലീസ്സില്‍ ഏല്പിക്കണം..അതാ വേണ്ടത്......"


"ആഹാ ..അതുശരി..അപ്പോള്‍ താനെന്നെ പോലീസ്സില്‍ ഏല്പിക്കും അല്ലെ? " എന്നിലെ പട്ടാളക്കാരന്‍ ഉണര്‍ന്നു..കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കു കൊണ്ട ഒരു വീര ജവാനെ പോലീസ്സിനെകൊണ്ട് പിടിപ്പിക്കുമെന്ന് കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല.. ഞാന്‍ കണ്ടക്ടരോട് പറഞ്ഞു.. സാര്‍ വണ്ടി നേരെ പോലീസ്സ് സ്റ്റെഷനിലെയ്ക് വിട്...ഒരു പട്ടാളക്കാരനെ യാതൊരു കാരണവുമില്ലാതെ പോലീസ്സിനെക്കോട് പിടിപ്പിക്കുമെങ്കില്‍ അതൊന്നു കാണണം..."


യാത്രക്കാര്‍ എന്റെ വീറും വാശിയും കണ്ടു അന്തം വിട്ടു...എന്നെ മുട്ടിനിന്ന യുവതികളുടെ മുഖത്ത്‌ ചെറിയ ഒരു ആരാധന നിഴലിച്ചതായി എനിക്ക് തോന്നി..പട്ടാളക്കാരന്‍ എന്ന് കേട്ടപ്പോള്‍ ആ മാന്യനും ഒന്ന് ഞെട്ടിയത് പോലെ...അപ്പൊ പേടിയുണ്ട് പട്ടാളത്തെ അല്ലെ?ഞാന്‍ മനസ്സില്‍ പറഞ്ഞു..


വണ്ടി ആലപ്പുഴയെത്തി...മാന്യന്‍ ഇറങ്ങി...കൂടെ യുവതിയും...ഇറങ്ങുന്നതിനു മുന്‍പ് അയാള്‍ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു..


ക്ഷമിക്കണം...പട്ടാളക്കാരന്‍ ആണല്ലേ...ഞാനും പട്ടാളത്തിലാ...ഇതെന്റെ ഭാര്യയാ...ഇയാളെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ല...ഞാന്‍ കരുതി..വല്ല വായില്‍ നോക്കിയും ആയിരിക്കുമെന്ന്...അത് കൊണ്ടാ ഞാന്‍ അങ്ങിനെയൊക്കെ പറഞ്ഞത്..


മാന്യന്‍ യുവതിയോടൊപ്പം മുട്ടിയുരുമ്മി നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചുപോയി....."എന്നെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാ..".