Tuesday, July 12, 2011

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : അവസാന ഭാഗം

 
 
എന്റെ അടുത്ത കസേരയില്‍ ഇരിക്കുന്ന വിശ്വവിഖ്യാതനായ ശാസ്ത്രകാരന്റെ അതേ മുഖച്ഹായയുള്ള ആ വയോധികനോട് ഞാന്‍  ആദരപൂര്‍വ്വം ചോദിച്ചു..

എന്താ സാറിന്റെ പേര്...?

രഘുനാഥന്‍...

രഘുനാഥന്‍...?

ഇനി എന്റെ പേരാണോ അദ്ദേഹം ചോദിക്കുന്നത്? എനിക്ക് സംശയമായി.

അതേ ഞാന്‍ രഘുനാഥന്‍....രഘുനാഥന്‍ എന്നു തന്നെ പറയണം...അല്ലാതെ " രഘുനാഥ്  " എന്നു സ്റ്റൈലില്‍ പറയരുത് ...അദ്ദേഹം ഓര്‍മിപ്പിച്ചു.

ശരി സാര്‍...ഞാനും ഒരു രഘുനാഥനാണ്. പരിചയപ്പെട്ടതില്‍ സന്തോഷം.

പ്രായത്തില്‍ അല്പം മൂപ്പുണ്ടെങ്കിലും എന്റെ അതേ പേരുകാരനായ ഒരാളെ അടുത്തു  കിട്ടിയതോടെ   എന്റെ വിറയല്‍ അല്പം  കുറഞ്ഞു. ബ്ലോഗിനെപ്പറ്റി എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ രഘുനാഥന്‍ സാറിനു ചുരുക്കത്തില്‍ പറഞ്ഞു കൊടുത്തു.

ഇതിനിടയില്‍ മീറ്റ് തുടങ്ങി..

സ്റ്റേജില്‍ കയറാന്‍ വിറച്ചിരുന്ന എനിക്ക്  "സെന്തില്‍" എന്ന ബ്ലോഗറുടെ  വ്യത്യസ്തമായ രീതിയിലുള്ള പരിചയപ്പെടുത്തല്‍  തുടങ്ങിയതോടെ അല്‍പ്പം കൂടുതല്‍ ധൈര്യം കിട്ടി.

സാധാരണ രീതിയില്‍ ഒരു ബ്ലോഗര്‍ മൈക്കുമായി സ്റ്റേജില്‍  കയറി തന്റെ പേരും ബ്ലോഗിന്റെ പേരും പറയുകയാണ്‌ പതിവെന്നാണ് മറ്റു ബ്ലോഗ്‌ മീറ്റുകളുടെ വാര്‍ത്തകളില്‍ കണ്ടിട്ടുള്ളത്. അങ്ങിനെയാണെങ്കില്‍ എന്നെപ്പോലെ സഭാകമ്പമുള്ള ആളുകള്‍ക്ക് വിറയല്‍ വന്നാല്‍ പിടിക്കാനായി അടുത്തു വല്ല മൈക്ക്  സ്റ്റാണ്ടോ  മേശയോ കസേരയോ എന്തെങ്കിലും കിട്ടുമായിരുന്നു.

പക്ഷെ സെന്തില്‍ അതിനുള്ള ഇട കൊടുത്തില്ല. പകരം മൂന്നും നാലും പേരെ ഒരുമിച്ചു വിളിച്ചു അവരോടു രസകരമായ ചോദ്യങ്ങള്‍ ചോദിക്കുകയും കഥകള്‍ പറയിക്കുകയും ചെയ്തു.

എന്നിരുന്നാലും പരിചയ സമ്പന്നരായ ബ്ലോഗ്‌ പുലികളില്‍പ്പെട്ട  ഷെരീഫ് ഇക്ക, സാബു കൊണ്ടോട്ടി, പൊന്മളക്കാരന്‍, കേരളദാസനുണ്ണി സാര്‍ എന്നിവരൊക്കെ സെന്തിലിന്റെ മുന്നില്‍ നിന്നു വിരളുന്നതും വിയര്‍ക്കുന്നതും കാണാന്‍ നല്ല രസമായിരുന്നു.

ഫ്ലാഷുകള്‍ തെരു തെരെ മിന്നിച്ചു കൊണ്ട് സ്റ്റേജിനു ചുറ്റും പമ്മി നടന്ന കാര്‍ന്നോര്‍,   എന്റെയും രഘുനാഥന്‍ സാറിന്റെയും ഒന്നു രണ്ടു ക്ലോസ് അപ്പ്‌  ഷോട്ടുകള്‍ എടുക്കുന്നത്  കണ്ടു.

കമ്പര്‍, സംഷി എന്നിവര്‍ എല്ലാം ശ്രദ്ധിച്ചുകൊണ്ട്  ഹാളിന്റെ ഒരു മൂലയില്‍ പതുങ്ങി ഇരിക്കുന്നതും സെന്തില്‍ അവരെ കയ്യോടെ പൊക്കി സ്റ്റേജില്‍ കയറ്റുന്നതും കണ്ടു.

 റോഡരികുകാരന്‍ സന്തോഷ്‌,  മണി മണിപോലെ സംസാരിക്കുന്ന  മണികണ്ഠൻ, കമ്പിത്തിരി  പോലെയാണ്  രൂപമെങ്കിലും മത്താപ്പ് പോലെ കത്തുന്ന  ദിലീപ് അനൂപ് വർമ്മ, വണ്ടിപ്രാന്തനായ രാകേഷ്,  കവിതയുടേയും കഥയുടേയും അസ്കിതയുള്ള യൂസഫ, മീറ്റില്‍ വന്നവരെ മുഴുവന്‍ ഫോക്കസിലാക്കാന്‍ വന്ന പുണ്യാളന്‍, നിറച്ചാര്‍ത്ത് പോലെയുള്ള  ജയരാജ് ,രജി മലയാലപ്പുഴ, ജോസ് ആന്റണി, ഒടിയന്‍ ശ്രീജിത്ത്‌,  പി കുമാരന്‍ , ഷിബു ഫിലിപ്പ്, ജേക്കബ് രാജന്‍സന്ദീപ്‌ പാമ്പള്ളി, ഷിനോജ്, അനൂപ്‌ കുമാര്‍, തൂതപ്പുഴയുടെ ഓരത്തു നിന്നും വരുന്ന മുനീര്‍, അജയകുമാര്‍, ശിഹാബ് ,ജോസഫ്‌ ആന്റണി പിന്നെ എന്റെ സ്വന്തം നാട്ടുകാരന്‍ മഹേഷ്‌ ചെറുതന എന്നിവരെല്ലാം സെന്തിലിന്റെ കരാള ഹസ്തങ്ങളില്‍ കുടുങ്ങി ചക്രശ്വാസം   വലിക്കുന്നത്  ചങ്കിടിപ്പോലെ ഞാന്‍ നോക്കികണ്ടു.

ബ്ലോഗര്‍ പുലികളിലെ ബുജിയായ  വട്ടപ്പറമ്പുകാരന്‍ പ്രവീണ്‍  ഹാളിന്റെ സൈഡിലുള്ള പുസ്തക വില്‍പ്പന ശാലയില്‍  "ഓണര്‍ കം മാനേജര്‍ കം സെയില്‍സ് മാന്‍" എന്ന രീതില്‍ ഗമയില്‍ ഇരിക്കുകയാണ്. 

ഇടയ്ക്ക്  തന്റെ നീളന്‍ കുപ്പായത്തിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു   ലൈവ് ഷോ നിയന്ത്രിക്കുന്ന ജോയുടെ അടുത്തുപോകുന്നതും  "വെബ്‌ ക്യാമറ ഇങ്ങനെ സദസ്സിലേയ്ക്ക് തന്നെ ഫോക്കസ്  ചെയ്‌താല്‍ സൈഡിലെ  പുസ്തകസ്റ്റാളില്‍  ഇരിക്കുന്ന തന്റെ  ഫോട്ടോ അതില്‍ വരുമോ"  എന്നോ മറ്റോ അന്വേഷിച്ചിട്ട്  തിരിച്ചു  വില്പനസ്റ്റാളിലേയ്ക്ക്  പോകുന്നതും കണ്ടു.

വെള്ളമുണ്ടിന്റെ പരസ്യത്തിലെ   മമ്മൂട്ടിയെപ്പോലെ കയ്യുംകെട്ടി  ഒരു മൂലയില്‍ നിന്നു സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണ്    പൊറാടത്ത് .

കുമാരനോടും ചാണ്ടിച്ചനോടും കുശലം പറയുന്ന   സൂപ്പര്‍ഫാസ്റ്റുകാരന്‍  അരുണ്‍ കായംകുളം... 

അങ്ങിനെ നയന മനോഹരമായ പുലിക്കാഴ്ച്ചകളിലൂടെ സമയം പോയതറിയാതെ ഞാന്‍ ഇരുന്നു.

ഓഫീസില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക്  ഒരു മണിക്കൂറിനകം എത്തിക്കൊള്ളാം  എന്ന ഉറപ്പിന്മേല്‍ കള്ളം പറഞ്ഞു പുറത്തു ചാടിയ ഞാന്‍ പെട്ടെന്നാണ് വാച്ചിലേയ്ക്ക് നോക്കിയത്.

സമയം  പന്ത്രണ്ടു മുപ്പത്തഞ്ച്. !!!

ഈശ്വരാ ഇനി ഓഫീസ്സില്‍ ചെല്ലുമ്പോള്‍ അര ദിവസത്തെ ലീവ് കട്ട് ചെയ്യാതിരുന്നാല്‍ ഭാഗ്യം...ഞാന്‍   ഞെട്ടിയെഴുനേറ്റു. എന്നിട്ട് പുറത്തു ചാടാനുള്ള എളുപ്പ വഴി നോക്കി.

രക്ഷപ്പെടാനുള്ള വഴി നോക്കി നടന്ന ഞാന്‍ ചെന്നു പെട്ടത്   നന്ദപര്‍വ്വം നന്ദപ്പന്റെ  മുന്നില്‍. കൂടെ കുമാരസംഭവം ഫയിം കുമാരന്‍.!!!

സെന്തിലിന്റെ കയ്യില്‍ പെടാതെ  ചാടിപ്പോകാനുള്ള  എന്റെ തന്ത്രമാണ്  എന്നു തെറ്റിദ്ധരിച്ച  അവര്‍ എന്നെ പിടിച്ച പിടിയാലെ സെന്തിലിനു കൈമാറി.

ദൈവമേ... സംഭവിക്കാനുള്ളതു സംഭവിച്ചു കഴിഞ്ഞു.

മൈക്ക് കയ്യില്‍ കിട്ടിയതോടെ എനിക്ക് സാങ്കേതിക തടസം തുടങ്ങി. എങ്കിലും മുക്കിയും മൂളിയും ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്  ഹാളിലെ ഏറ്റവും പിറകിലെ നിരയില്‍ ഇരിക്കുന്നവരെ ഞാന്‍ കണ്ടത്.

കുസുമം ചേച്ചി...ഇന്ദ്രസേന, നന്ദിനി...അഞ്ജു നായര്‍, സിയ, ശാലിനി. എലിസബത്ത്  സോണിയ  പിന്നെ അഞ്ജലി എന്ന മഞ്ഞുതുള്ളി..

ഈ തുള്ളികളെല്ലാം കൂടി എന്നെ മുക്കിക്കൊല്ലാനുള്ള പ്ലാന്‍ ആവിഷ്കരിക്കുകയാണോ?

എന്നെത്തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുകയാണ് ആ ബ്ലോഗിണികള്‍...

അതോടെ എന്റെ സാങ്കേതിക തടസ്സം   വിറയലിന്   വഴിമാറി...ബോധക്കേട്  വരാനുള്ള  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി...

പെട്ടെന്ന് ഞാന്‍  മൈക്ക് സെന്തിലിനെ ഏല്പിച്ചു ..പിന്നെ  ഒരുവിധത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടു...

(പ്രിയരേ...എന്റെ ആദ്യത്തെ ബ്ലോഗ്‌  മീറ്റായതുകൊണ്ടാണ്   ഇത്രയും  നീട്ടിവലിച്ചെഴുതിയത്.  ബോറായെങ്കില്‍ ക്ഷമിക്കണം. ഇങ്ങനെയൊക്കെ എഴുതിയതില്‍  ആര്‍ക്കെങ്കിലും വ്യക്തിപരമായി   വിഷമമുണ്ടായിട്ടുണ്ടെങ്കില്‍  സദയം പൊറുക്കണം. ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അറിയിക്കട്ടെ...ഈ  മീറ്റ്   ഇത്ര മനോഹരമായി സംഘടിപ്പിക്കുവാന്‍ ശ്രമിച്ച ഡോക്ടര്‍ ജയന്‍  ഏവൂര്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകരെ   എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആ നല്ല  സംഘാടകര്‍ക്കുള്ള  നന്ദിയും ഈ മീറ്റില്‍ പങ്കെടുത്ത എല്ലാ ബ്ലോഗര്‍ന്മാര്‍ക്കുമുള്ള  ആശംസകളും അര്‍പ്പിച്ചുകൊണ്ട്    ഈ കുറിപ്പ്  ഇവിടെ നിര്‍ത്തുന്നു.)


 

Monday, July 11, 2011

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം രണ്ട്

 

അങ്ങനെ ചാണ്ടികുമാര പുലികളുമായി  സ്നേഹം പങ്കിട്ടു നിന്നിരുന്ന  എന്റെ ശരീരത്തില്‍   ആദ്യം അനുഭവപ്പെട്ട വിറയലിന്  അല്പം ശമനമുണ്ടാതായി  എനിക്കു തോന്നി. ആ ബലത്തില്‍ ഹാളിലേയ്ക്ക് കയറാന്‍ തുനിഞ്ഞ എന്റെ മുന്‍പില്‍ ഒരു   ജിംനാസ്റ്റിക്  പുലിദേഹം പ്രത്യക്ഷപ്പെട്ടത് കണ്ടതോടെ  ഞാന്‍ വീണ്ടും വിരണ്ടു.

"എന്നെ അറിയുമോ"  ജിംനാസ്റ്റിക്  പുലിദേഹം ചോദിച്ചു.

" അറിയുമോ എന്ന് ചോദിച്ചാല്‍"...ഞാന്‍ വിക്കി... 

അറിയില്ല എന്ന് പറഞ്ഞാല്‍  ജിംനാസ്റ്റിക്  പുലിദേഹത്തിനു ദേഷ്യം വന്നാലോ എന്ന് ഞാന്‍ ഭയന്നു. ബോഡി ഷേപ്പ് കണ്ടിട്ട് അല്പം ആക്രമണകാരിയായ ഒരു പുലിയാണ്  എന്ന് തോന്നുന്നു.
  
"പേടിക്കേണ്ടാ.. ഞാനാ "വില്ല്ലേജ് മാന്‍".  ഞാന്‍ താങ്കളുടെ ഒരു ഫാനാ.....പണ്ട് കുറച്ചുനാള്‍ പട്ടാളത്തില്‍ പോകാനായി മിനക്കെട്ടു നടന്നതാ...പക്ഷെ എനിക്ക്  സെലക്ഷന്‍ കിട്ടാനുള്ള ഭാഗ്യമില്ലാതെ പോയി.  അതിനു ശേഷം എനിക്ക് പട്ടാളക്കാരോട് ഭയങ്കര ആരാധനയാ"  വില്ലേജ് പുലി വിശാലമായി ചിരിച്ചു.
 
ബലിഷ്ടകായനായ ആ ബ്ലോഗര്‍പുലിയുടെ ഹൃദയം തുറന്ന  ചിരിയും ചിരപരിചിതനെപ്പോലെയുള്ള സംസാരവും കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ്‌ തോന്നിയത്. ഞാന്‍ എഴുതുന്ന മണ്ടന്‍ കഥകള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹത്തോട് എനിക്ക്  അതിരില്ലാത്ത  ആദരവ് തോന്നി.


വില്ലേജ്  പുലിയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് ശക്തിയേറിയ ഒരു ഫ്ലാഷ് എന്റെ മുഖത്തടിച്ചത്. നോക്കുമ്പോള്‍ മദ്ധളവിദ്വാനെപ്പോലെ ഒരാള്‍ കഴുത്തില്‍ ഒരു   ക്യാമറയും  തൂക്കി നില്‍ക്കുന്നു. ക്യാമറയുടെ ഭാരം കാരണമാണെന്ന് തോന്നുന്നു വിദ്വാന്‍ അല്പം ബലം പിടിച്ചാണ് നില്‍ക്കുന്നത്.

"ആഹാ എത്തിയോ പട്ടാളം".

വിദ്വാന്റെ ചിരപരിചിതമായ സ്വരം കേട്ടപ്പോഴാണ് ആളെ മനസ്സിലായത്‌.  എന്നെ ഭീഷണിപ്പെടുത്തിയ സാക്ഷാല്‍ എവൂരാനാണ് കക്ഷി.

 ഞാന്‍ ഡോക്ടര്‍ ഏവൂരാന്റെ കരം കവര്‍ന്നു. അദ്ദേഹം എന്നെ കൌണ്ടറില്‍ ഇരിക്കുന്നവരുടെ അടുത്തു കൊണ്ട് പോയി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. 


കൌണ്ടറില്‍ ഇരുന്ന പൊന്മളക്കാരനേയും 'തലയിയില്‍ മുടി അല്പം കുറവാണെങ്കിലും താടിയില്‍ ഇഷ്ടം പോലെ മുടിയുള്ള റെജി പി വര്‍ഗീസിനെയും ഞാന്‍ പരിചയപ്പെട്ടു.


കണ്ടാല്‍ ഗൌരവക്കാരനെന്ന്  തോന്നുന്ന പൊന്മളക്കാരന്‍  എന്റെ കഥകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്.  അദ്ദേഹം എനിക്ക്    പൂരിപ്പിക്കാനായി ഒരു ഫോം തന്നു. കൂടെ  ഒരു ഐഡി കാര്‍ഡും. ഞാന്‍ ഫോം  പൂരിപ്പിച്ചു രെജിസ്ട്രേഷന്‍ ഫീസ്സിനൊപ്പം  തിരിച്ചു കൊടുത്തു.


അപ്പോഴാണ്‌  ഹാളിന്റെ പിറകിലായി  ഒരു മേശയും  അതിന്റെ  മുന്‍പില്‍   ഡ്രോയിംഗ്  ബുക്കും മാര്‍ക്കര്‍  പേനയുമായി   വിരാചിക്കുന്ന ഒരു വരയന്‍ പുലി എന്റെ ശ്രദ്ധയില്‍ പെട്ടത്.


തന്റെ മുന്‍പില്‍ കഴുത്തു നീട്ടി, കണ്ണിമ ചിമ്മാതെ ശില പോലെയിരിക്കുന്ന  ഒരു ജൂനിയര്‍ പുലിയുടെ മുഖം കടലാസ്സിലെയ്ക്ക്  പകര്‍ത്തുകയാണ്  ആ ഗിന്നസ് പുലി!


പത്രത്തില്‍ വായിച്ച  മാരത്തോണ്‍ വരയുടെ  നായകനെ  നേരിട്ടു കണ്ടപ്പോള്‍  ആദരവോടെ ഞാന്‍ അദ്ദേഹത്തെ നോക്കി. എന്നെ പരിചയമില്ലെങ്കിലും  എനിക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ ആ മഹാനുഭാവന്‍ മറന്നില്ല. 


മീറ്റ് തീരുന്നതിനു മുന്‍പ്  എന്റെ   മുഖം കൂടി    അദ്ദേഹത്തെക്കൊണ്ട്  വരപ്പിക്കണമെന്നു ഞാന്‍ തീരുമാനിച്ചു.  

ഇത്രയുമായപ്പോഴാണ്  വെളുത്ത വട്ടമുഖമുള്ള ഒരു  പയ്യന്റെ വരവ്.  തൂവെള്ള മുണ്ടുടുത്ത അദ്ദേഹത്തിന്റെ  മൂക്കിനു താഴെ പുഞ്ചകൃഷിയിലെ ഞാറുപോലെ വളരുന്ന നനുത്ത മീശ. 

എന്നെ കണ്ടയുടന്‍ മുണ്ടന്‍ പയ്യന്‍  ചിരപരിചിതനെപ്പോലെ ചിരിച്ചു. എന്നിട്ട്  സുരേഷ് ഗോപി  സ്റ്റൈലില്‍ എന്നോടൊരു  ചോദ്യം..


"ഓര്‍മ്മയുണ്ടോ ഈ മുഖം?""മനോരാജ്  അല്ലേ" ഞാന്‍ പെട്ടെന്ന് പറഞ്ഞു. തൂവെള്ള മുണ്ടുടുത്ത, പൂ വിടരുന്നപോലെ ചിരിക്കുന്ന  ബ്ലോഗര്‍ക്ക്  സന്തോഷമായി. അദ്ദേഹം മുണ്ട് ഒരിക്കല്‍ക്കൂടി മുറുക്കിയുടുത്തു. പിന്നെ മറ്റെന്തോ കാര്യത്തിനായി പെട്ടെന്ന് എങ്ങോട്ടോ പോയി.

മുണ്ടുടുത്ത മറ്റൊരു ബ്ലോഗര്‍ കൂടി ഉണ്ടായിരുന്നു അവിടെ. ഇ എ സജിം എന്ന   അദ്ധ്യാപകനായ ബ്ലോഗര്‍. ഒരു അധ്യാപകനു സ്വതസിദ്ധമായ  അച്ചടക്കത്തോടെ അധികം  ആരോടും മിണ്ടാതെ എന്നാല്‍ എല്ലാവരെയും ശ്രദ്ധിച്ചു  നിന്നിരുന്ന അദ്ദേഹത്തെയും ഞാന്‍ പരിചയപ്പെട്ടു. 
 
ഇതിനിടയില്‍ ഹാളിന്റെ ഒരരികില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍  ഞാന്‍ നോക്കിക്കണ്ടു.  കയ്യിലിരുന്ന  മാര്‍ക്കിംഗ് ഷീറ്റില്‍  ഫോട്ടോകള്‍ക്കുള്ള  മാര്‍ക്ക്    നിറയ്ക്കുമ്പോള്‍ എന്റെ അടുത്തു നില്‍ക്കുന്ന ഒരു വനിതാ രത്നത്തെ  കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു.ഞാന്‍   നേരിട്ടു കാണുന്ന ആദ്യത്തെ ബ്ലോഗിണി...


ബ്ലോഗിണിയുടെ പേര്  സിയാ.


ഒരു വനിതാ ബ്ലോഗിണിയെ കൂടുതലങ്ങനെ നോക്കി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധത്താല്‍ ബ്ലോഗിണിയില്‍ നിന്നും പെട്ടെന്ന്  നോട്ടം പിന്‍വലിച്ച   ഞാന്‍ വീണ്ടും  എന്റെ മാര്‍ക്കിടീല്‍ കര്‍മ്മത്തില്‍ മുഴുകിയപ്പോഴാണ്  അത് സംഭവിച്ചത്.എന്റെ ചുമലില്‍ ഒരു കൈ വന്നു വീണു...ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.


"ഞാന്‍ പകലന്‍" കട്ടിയുള്ള  കണ്ണടയ്ക്കുള്ളില്‍ കിനാവ്‌ കാണുന്ന കണ്ണുകള്‍ ഇറുക്കി  "പകല്‍ കിനാവന്‍" ചിരിച്ചു.


പകലനുമായി  അല്‍പസമയം ഊഷ്മളമായ സൌഹൃദ സംഭാഷണങ്ങള്‍..

ഏവൂരാന്റെ ബ്ലോഗുട്ടെഷന്‍  ടീമിലെ പ്രമുഖന്‍  നന്ദപര്‍വ്വതാധിപന്‍ നന്ദകുമാര്‍  പലവിധ   കാര്യങ്ങള്‍ക്കായി  തലങ്ങും  വിലങ്ങും ഓടിനടക്കുന്നത് ഞാന്‍ കണ്ടു.


ഒരു തവണ എന്റെ അടുത്തുകൂടി ഓടിപ്പോയ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി ഞാന്‍ എന്റെ സാന്നിധ്യം അറിയിച്ചു.  അല്ലാത്തപക്ഷം  ഞാന്‍ വന്ന വിവരം അറിയാതെ അദ്ദേഹം തന്റെ ബ്ലോഗുട്ടെഷന്‍ ടീം സുഹൃത്തുക്കളുമായി മീറ്റ് കഴിയുമ്പോള്‍ എന്നെ തിരക്കി വന്നാലോ എന്ന ഭയമായിരുന്നു അതിന്റെ പിന്നില്‍.ഫോട്ടോ മത്സരത്തിന്റെ കാര്യക്കാരനും മീറ്റിന്റെ  ലൈവ്  ടെലികാസ്റ്റിന്റെ  സൂത്രധാരനുമായ ജോ സ്റ്റേജില്‍ ഒരുക്കിയിരുന്ന ക്യാമറക്കണ്ണിലൂടെ അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു.ഇടയ്ക്ക്   എന്നെ പരിചയപ്പെടാനും  അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി.


ബൂലോകം ഓണ്‍ലൈന്‍  പത്രാധിപര്‍ ജിക്കു കയ്യില്‍ ഒരു ക്യാമറയുമായി നടന്നു വരുന്നു. എന്ന കണ്ടയുടന്‍  ഊര്‍ജസ്വലനായ ആ യുവബ്ലോഗര്‍ അടുത്തു വന്നു പരിചയപ്പെട്ടു. ജിക്കുവിനെ പരി ചയപ്പെട്ടപ്പോള്‍ ബൂലോകം ഓണ്‍ലൈനിന്റെ മുഖ്യപത്രാധിപര്‍ ജെയിംസ് ബ്രൈറ്റ്  സാറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ത്തുപോയി.

"ജിക്കുവിനെ അറിയില്ലേ ..അവനൊരു സംഭവം തന്നെയാ രഘൂ.. "

തീര്‍ത്തും ശരിയാണ്...വളരെ കഴിവുകളുള്ള യുവ ബ്ലോഗര്‍ന്മാരില്‍ പ്രമുഖനാണ്  ജിക്കു വര്‍ഗീസ്‌  എന്ന ജിക്കു.
 
ഇതിനിടയില്‍ മദ്ധളവിദ്വാന്‍ ഏവൂരാന്‍  കഴുത്തില്‍ തൂക്കിയ ക്യാമറയുമായി സ്റ്റേജില്‍  കയറി അവിടെയിരുന്ന മൈക്കിന്റെ   കഴുത്തില്‍ കുത്തിപ്പിടിച്ചിട്ടു  ഒരു അനൌണ്സ് മെന്റു  നടത്തി.


"ബ്ലോഗര്‍ സുഹൃത്തുക്കള്‍ എല്ലാവരും ദയവായി കസേരയില്‍ ഇരിക്കണം...മീറ്റ്  ആരംഭിക്കാന്‍ പോവുകയാണ്."


അത് കേട്ടതോടെ എനിക്ക് വീണ്ടും വിറയല്‍ തുടങ്ങി...


കശ്മലന്‍  ഏവൂരാന്‍ ഇനി ഓരോരുത്തരെ  വിളിച്ചു സ്റ്റേജില്‍ കേറ്റാനുള്ള  പുറപ്പാടിലാണ്.ഞാന്‍  ബോധം കെട്ടു വീഴാതിരിക്കാനുള്ള  മുന്‍ കരുതല്‍ എന്നവണ്ണം   കസേരയുടെ കയ്യില്‍ ബലമായി പിടിച്ചിരുന്നു.അപ്പഴാണ്  എന്റെ അടുത്ത കസേരയില്‍ ഇരിക്കുന്ന ഒരു മാന്യദേഹത്തെ ഞാന്‍ ശ്രദ്ധിച്ചത്...


അത് മറ്റാരുമായിരുന്നില്ല...


ലോക പ്രശസ്തനായ ശാസ്ത്രജ്ഞന്‍   "ഐന്‍സ്റ്റീന്‍"  ആയിരുന്നു അത്.!!!(മൂന്നാം ഭാഗം എഴുതണോ വേണ്ടയോ എന്ന്  നിങ്ങള്‍ തന്നെ പറ...)

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം ഒന്ന്

"ഹലോ രഘുനാഥനല്ലേ?"

"അതെ രഘുനാഥനാണ്."

"എറണാകുളം മീറ്റിനു വരുമോ..?"

"പറ്റുമെന്ന് തോന്നുന്നില്ല..അല്പം ജോലിത്തിരക്കുണ്ടായിരുന്നു."

"ഓഹോ  അപ്പോള്‍ മീറ്റിനു വരുന്ന ഞങ്ങളൊക്കെ പണിയില്ലാതെ നടക്കുന്നവരാണോ?"

"ഹേയ്  അതുകൊണ്ടല്ല..എനിക്ക് ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു"

"അതുശരി ..എങ്കില്‍ ഞാന്‍  'ബ്ലോഗുട്ടേഷന്‍'  ടീമിനെ വിടാം"

"ബ്ലോഗുട്ടേഷന്‍ ടീമോ... അതെന്തു ടീം?"

"അതൊരു ടീമാ... ഇങ്ങനെ മീറ്റില്‍ നിന്നും മുങ്ങി നടക്കുന്നവരെ പൊക്കലാ അവരുടെ പണി...നിങ്ങളുടെ സാങ്കേതിക തടസ്സങ്ങള്‍  അവരു മാറ്റിത്തരും .."

"അയ്യോ വേണ്ട...ഞാന്‍ വരാം..."

ഫോണ്‍  കട്ടായി...ഞാന്‍ നമ്പര്‍ നോക്കി...

ദൈവമേ....ഏവൂരാന്‍..!!!!.

ബ്ലോഗര്‍  മുന്നേറ്റ കഴകത്തിന്റെ  (BMK)  പ്രമുഖ നേതാവും  സീനിയര്‍ ബ്ലോഗ്‌  പുലിയുമാണ്   മേല്‍പ്പടിയാന്‍.

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാത്തപക്ഷം തന്റെ  ശിങ്കിടികളായ ബ്ലോഗുട്ടേഷന്‍ ടീമിനെക്കൊണ്ട് എന്നെ  പൊക്കുമെന്നാണ്  അദ്ദേഹം ഭീഷണി മുഴക്കിയിരിക്കുന്നത്.

പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന ആളാണ്‌ ഏവൂരാന്‍. മാത്രമല്ല അദ്ദേഹത്തിന്റെ 'ബ്ലോഗുട്ടേഷന്‍' ടീമിലെ അംഗങ്ങളായ  പോങ്ങപ്പന്‍, നന്ദപ്പന്‍,  ചാണ്ടപ്പന്‍  മുതലായ അജാനുബഹുക്കളുടെ കൈ ഒരു തവണ എന്റെ ശരീരത്ത്  വീണാല്‍ മതി അതോടെ എന്റെ ശിഷ്ട ജീവിതം തിരുമ്മല്‍, ഉഴിച്ചില്‍ നസ്യം മുതലായ ആയുര്‍വ്വേദ വിധികള്‍ പരീക്ഷിക്കാനുള്ള പരീക്ഷണശാലയായി  മാറും.

ആയതിനാല്‍ മറ്റു ഗത്യന്തരമില്ലാതെ ഞാന്‍  മീറ്റിനു പോകാന്‍ തീരുമാനിച്ചു.

എറണാകുളം മീറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടങ്ങിയ ബ്ലോഗുകള്‍ അടിയന്തിരമായി തപ്പിയെടുത്തു വിശദവിവരങ്ങള്‍ ശേഖരിച്ചു.

എറണാകുളം  കച്ചേരിപ്പടിയിലുള്ള ഹോട്ടല്‍ മയുരാ പാര്‍ക്കിലാണ്  മീറ്റ് നടക്കുന്നത്. ജൂലൈ ഒന്‍പതിന് രാവിലെ പത്തു  മുതല്‍ വൈകിട്ട് മൂന്നു വരെയാണ് മീറ്റാനുള്ള സമയം.

പങ്കെടുക്കുന്നവര്‍  ഉടന്‍തന്നെ   പേര്  രജിസ്റ്റര്‍  ചെയ്യണമെന്നാണ് ഏവൂരാന്റെ കല്പന...

ഞാന്‍ എന്റെ പേര് രജിസ്റ്റര്‍ ചെയ്തു. അനന്തരം മീറ്റിനു പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

നേരത്തെ നടന്നിട്ടുള്ള പല മീറ്റുകളിലും പോകാന്‍ ഞാന്‍ ശ്രമിച്ചതാണ്. പക്ഷെ നടന്നില്ല. മുന്‍പ്  സൂചിപ്പിച്ചത് പോലെയുള്ള സാങ്കേതിക തടസ്സമാണ്‌   കാരണം.

എന്താണ്  ഈ "സാങ്കേതിക തടസ്സം"  എന്നു നിങ്ങള്‍ ചോദിച്ചേക്കാം.

പത്തു  പേരെ   ഒരുമിച്ചു കാണുമ്പോള്‍  അവരുടെ മുന്‍പില്‍ നില്‍ക്കാനും സംസാരിക്കാനുമുള്ള   ഒരു തടസ്സമാണ് അത്.   തടസ്സത്തിന്റെ കൂടെ "വിറയല്‍" എന്നൊരു  അസ്കിതയും  വരും.

എന്റെ കല്യാണത്തിന്റെ അന്നുമുതല്‍ തുടങ്ങിയതാണ്‌  ഈ സാങ്കേതിക തടസ്സം. 

അന്ന്  ഈ   തടസ്സം  മൂലം താലി കെട്ടാന്‍ പെട്ട പാട് എനിക്കെ അറിയാവൂ...

അപ്പോള്‍ പിന്നെ  ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവരും വിശ്വവിഖ്യാതരുമായ   ബൂലോക  പുലികളുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ബോധക്കേട്  വരാന്‍ തന്നെ സാധ്യതയുണ്ട്.

പക്ഷെ എന്തു ചെയ്യാം? ഏവൂരാന്റെ ഭീഷണി.... !

ചാണ്ടപ്പന്‍, നന്ദപ്പന്‍, പോങ്ങപ്പന്‍ എന്നിവരുടെ മുഖം...!!

പോയേ പറ്റൂ...ഞാന്‍ പേടിയോടെ കലണ്ടറിലെ ദിവസങ്ങള്‍  എണ്ണിത്തുടങ്ങി. ..

തിങ്കള്‍... ചൊവ്വ...ബുധന്‍...വ്യാഴം ...വെള്ളി.

വെള്ളിയാഴ്ച   രാത്രിയില്‍ ഞാന്‍ ഒരു   സ്വപ്നം കണ്ടു.    ഏവൂരാന്‍  കയ്യില്‍   ഒരു വലിയ ചൂരലുമായി നില്‍ക്കുന്നു.

അദ്ദേഹത്തിന്റെ ഇടതു  ഭാഗത്ത്  ചാണ്ടപ്പന്‍.   വലതു ഭാഗത്ത്  നന്ദപ്പന്‍.

പോങ്ങപ്പനെ കാണാനില്ല. എവിടെപ്പോയി?

ഒരു വിധത്തില്‍ ഞാന്‍ നേരം വെളുപ്പിച്ചു.

അങ്ങനെ എന്റെ പേടിസ്വപ്നമായ ആ ദിവസം സമാഗതമായി...

രാവിലെ തന്നെ ഒരുങ്ങി. അടുത്തുള്ള ക്ഷേത്രത്തില്‍  പോയി തൊഴുതു.  ദേവിക്ക്  കാണിക്കയര്‍പ്പിച്ചു മുട്ടിപ്പായി പ്രാര്‍ഥിച്ചു.

ദേവീ  തടസ്സം വരല്ലേ... വിറയ്ക്കാതെ നോക്കണേ...

അഥവാ വിറച്ചാലും ബോധം കെടാതെ കാക്കണേ.

ഞാന്‍ പള്ളിമുക്കിലെത്തി...ഇനി  മയൂരാ പാര്‍ക്കിലേയ്ക്ക്  പോകാന്‍ ഏതു  ബസ്സില്‍ കേറണം?

കലൂരു  വഴി  പോകുന്ന   ഒരു ബസ്സു വന്നു.

"ചേട്ടാ ഇത് കച്ചേരിപ്പടി വഴിയാണോ?" ഞാന്‍ കണ്ടക്ടരോട്  ചോദിച്ചു...

അതേ കേറിക്കോ...

കച്ചേരിപ്പടി എത്തി...ഹോട്ടല്‍ മയൂരാ പാര്‍ക്കെവിടെ....ഞാന്‍ ചുറ്റും നോക്കി...

അല്പം മുന്‍പോട്ടു  നടന്നിട്ട്  അവിടെ  നിന്ന ഒരു ഓട്ടോ ഡ്രൈവറോട് ഞാന്‍ ചോദിച്ചു...

"ചേട്ടാ ഈ ഹോട്ടല്‍ മയൂരാ പാര്‍ക്ക്  എവിടെയാ" ?

"സോഡാക്കുപ്പി പോലത്തെ ഒരു കണ്ണട മുഖത്തു ഫിറ്റു ചെയ്തു വച്ചിട്ടും തനിക്കു കണ്ണു കണ്ടു  കൂടെ" എന്ന രീതിയില്‍ അയാളെന്നെ നോക്കി. എന്നിട്ട് പറഞ്ഞു.

"ദേ നേരെ മുന്‍പില്‍ കാണുന്നതാ മയൂരാ പാര്‍ക്ക് "

"ഭഗവാനെ ബ്ലോഗ്‌ പുലികളുടെ ആക്രമണത്തില്‍ പെടാതെ നോക്കണേ"  

ഞാന്‍ ഒരിക്കല്‍ കൂടി ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചു..  പിന്നെ ഹോട്ടല്‍ മയൂരാ പാര്‍ക്കിലേയ്ക്ക്  കയറി.

"ഏറ്റവും മുകളിലാണ് മീറ്റ് സ്ഥലം. ലിഫ്റ്റില്‍ കയറിയാലോ".... ഞാന്‍ ആലോചിച്ചു..

വേണ്ടാ...അതിലെങ്ങാനും വല്ല പുലിയുമുണ്ടെങ്കില്‍ മീറ്റ് തുടങ്ങുന്നതിനു മുന്‍പ് തന്നെ  എനിക്ക് തടസ്സം വരും. ഞാന്‍ മുകളിലെയ്ക്കുള്ള പടികള്‍ സാവധാനം കയറി..

മീറ്റിനു  നിശ്ചയിച്ച സ്ഥലത്തോടടുത്തപ്പോള്‍ എനിക്ക് ചെറിയ തോതില്‍ വിറയല്‍  തുടങ്ങിയിട്ടുണ്ടോ എന്നു ഞാന്‍ സംശയിച്ചു.

 ഞാന്‍ അവസാനത്തെ പടിയും കടന്നു ഹാളിനു മുപിലുള്ള വരാന്തയിലേയ്ക്ക്  കാലെടുത്തു വച്ചു.!!

"എന്റമ്മോ"....ഞാന്‍ ഞെട്ടിപ്പോയി.....

വരാന്തയില്‍  രണ്ടു പുലികള്‍..!!!

കറുത്ത ടീ  ഷര്‍ട്ട്‌ ധരിച്ച ആറടി പൊക്കമുള്ള ഒരു സുമുഖന്‍ പുലിയും കൂടെ ചുവന്ന നിറത്തിലുള്ള കുപ്പായമിട്ട  മറ്റൊരു കുഞ്ഞന്‍ സുന്ദരന്‍ പുലിയും.....

ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പോലെ...അല്ലെങ്കില്‍ ചാണ്ടിച്ചനെയും കുമാരനെയും പോലെ..

ബ്ലോഗര്‍ വനങ്ങളില്‍ എവിടെയെക്കൊയോ ഇരുന്നു ഗര്‍ജ്ജിച്ചിരുന്ന പ്രശസ്തരായ ആ ബ്ലോഗു പുലികളെ  ആദ്യമായി നേരിട്ടു കണ്ട ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നു.

ഇതിനിടയില്‍ എന്നെ കണ്ട ആ രണ്ടു പുലികളും ഒരു മാത്ര എന്നെ സൂക്ഷിച്ചു നോക്കി...

പിന്നെ പതുക്കെ എന്നോടടുത്തു....

ഞാന്‍ വിറയലോടെ പരുങ്ങി നിന്നു...

(പുലികളാരും  ആക്രമിച്ചില്ലെങ്കില്‍ തുടരും...)