Tuesday, December 22, 2009

വയറിളകിയ ഫാസ്റ്റ് പാസ്സഞ്ചര്‍

ഹരിപ്പാട് നിന്നും പുറപ്പെട്ട് ആലപ്പുഴ ചേര്‍ത്തല വഴി നേരെ എറണാകുളത്തിനു വച്ചു പിടിക്കാനായി നില്‍ക്കുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ്, തന്റെ ഓട്ടം തുടങ്ങാനുള്ള അനുമതിയായ ഡബിള്‍ ബെല്ലിനു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഒറ്റ നോട്ടത്തില്‍ യശ:ശരീരനായ ശ്രീ നവാബ് രാജേന്ദ്രന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിക്കൊണ്ട് ഓടി വന്നു കയറിയത്. അയാള്‍ ഡ്രൈവറുടെ സീറ്റിന്റെ അടുത്തായി നിന്നിട്ട് സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങള്‍ പുറത്തെടുത്തു. പിന്നീട് അതില്‍ നിന്നും ഒരു പുസ്തകം ബസ്സിലിരിക്കുന്ന ഞാനടക്കമുള്ള യാത്രക്കാരുടെ നേരെ തുറന്നുപിടിച്ചിട്ട് ഏറു കൊണ്ട ശുനകന്റെ സ്വരസൌകുമാര്യത്തോടെ ഒരു ചോദ്യം..!!


"മഴ പെയ്യുമ്പോള്‍ മാക്രികള്‍ കരയുന്നത് എന്തുകൊണ്ട്? "


ഏറെ നേരമായിട്ടും ബസ് വിടാത്തതില്‍ കുന്ടിതപ്പെട്ടിരുന്ന ഒരു യാത്രികന് താടിയും മുടിയും നീട്ടി കാഷായ വേഷധാരിയായ അയാളുടെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ മറുപടി കൊടുത്തു.


"അത് താന്‍ പോയി മാക്രിയോടു ചോദിക്ക്. ഇവിടെ വണ്ടി വിടാന്‍ നോക്കിയിരിക്കുമ്പോഴാ അങ്ങേരുടെ ഒരു മാക്രി"


" അമ്മായി അമ്മയെ കാണുമ്പോള്‍ മരുമകളുടെ ശരീരം ചൊറിഞ്ഞു കയറുന്നത് എന്തുകൊണ്ട്?"


മുന്‍സീറ്റില്‍ ഇരിക്കുന്ന അമ്മയേയും മകളെയും നോക്കി കാഷായ വേഷധാരി അടുത്ത ചോദ്യം ഉന്നയിച്ചതോടെ നേരെ പുറകിലത്തെ സീറ്റില്‍ ഇരുന്ന ചെറുപ്പക്കാരന്‍ തലയുയര്‍ത്തി രൂക്ഷമായി അയാളെ നോക്കി. അത് മൈന്‍ഡ് ചെയ്യാതെ കാഷായവേഷം ഉടന്‍ തന്റെ അടുത്ത ചോദ്യവും പുറത്തു വിട്ടു."വെള്ളമടിച്ചു വീലൂരി വരുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ ഭാര്യ അരിവാള്‍, വെട്ടുകത്തി, ഉലക്ക മുതലായ മാരകായുധങ്ങള്‍ എടുക്കുന്നത് എന്ത് കൊണ്ട്?"


ആ ചോദ്യം കേട്ട് പുറകു വശത്തെ ഡോറിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന മധ്യവയസ്കന്‍ അടുത്തിരുന്ന തന്റെ ഭാര്യയേയും, ഭാര്യ അയാളേയും അര്‍ദ്ധഗര്‍ഭമായി ഒന്ന് ഒളി കണ്ണിട്ടു നോക്കി. ഇതെല്ലാം കണ്ടും കേട്ടും ഏറ്റവും പുറകില്‍ ഇരുന്നിരുന്ന ഞാന്‍ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വച്ചിട്ടു കാഷായ വേഷത്തിന്റെ അടുത്ത ചോദ്യം എന്തായിരിക്കും എന്നാലോചിച്ചു."അങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന നൂറ്റി ഒന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതാ വെറും പത്തു രൂപയ്ക്ക്...വാങ്ങൂ.. വായിക്കൂ സംശയങ്ങളില്‍ നിന്നും മുക്തി നേടൂ" കാഷായധാരി തന്റെ പ്രസംഗം ഉപസംഹരിച്ചിട്ട്‌ പുസ്തകങ്ങളുമായി യാത്രക്കാരുടെ അരികിലേയ്ക്ക് നീങ്ങി.ഇതിനിടയില്‍ കണ്ടക്ടര്‍ കേറുകയും ഡബിള്‍ ബെല്‍ മുഴങ്ങുകയും വണ്ടി നീങ്ങുകയും ചെയ്തു. നീങ്ങിത്തുടങ്ങിയ വണ്ടിയുടെ പുറകില്‍ നിന്നും ഒരു വൃദ്ധയുടെ ദീനമായ ശബ്ദം കേട്ടത് അപ്പോഴാണ്‌.


"അയ്യോ വണ്ടി വിടല്ലേ... ഞാനും വരുന്നു...എന്നേം കൂടെ കൊണ്ട് പോണേ"


ചട്ടയും മുണ്ടും ധരിച്ച ഒരു വല്യമ്മ കയ്യില്‍ ഒരു കാലന്‍ കുടയും പിടിച്ചു കൊണ്ട് വണ്ടിയുടെ പിറകെ ഓടുന്നു. അത് കണ്ട കണ്ടക്ടര്‍ വീണ്ടും ബെല്ലടിച്ചു വണ്ടി നിര്‍ത്തി. ഓടിവന്ന വല്യമ്മ വണ്ടിയില്‍ ചാടിക്കയറി. കയറിയ ഉടന്‍ വെപ്രാളത്തോടെ ഇരിക്കാനുള്ള സീറ്റിനു വേണ്ടി പരതി. വണ്ടി വീണ്ടും യാത്ര തുടങ്ങി.


"വല്യമ്മേ വാതിലിനടുത്ത് നിന്ന് അങ്ങോട്ട് മാറി നില്ല്. റോഡു മോശമാ. ഉരുണ്ടു വീണു വല്ലോം പറ്റിയാല്‍ പിന്നെ ഞാന്‍ തൂങ്ങണം."വാതിലിനടുത്ത് തന്നെ നിന്ന് സീറ്റിനു വേണ്ടി പരതിക്കൊണ്ടിരുന്ന വല്യമ്മയെ നോക്കി കണ്ടക്ടര്‍ മുന്നറിയിപ്പ് കൊടുത്തു. അത് കേട്ട വല്യമ്മ കാലന്‍ കുട കക്ഷത്തില്‍ ഒതുക്കി പിടിച്ചു കൊണ്ട് ആളുകളുടെ ഇടയിലേയ്ക്കു ഇടിച്ചു കയറി."അയ്യോ എന്റെ മുണ്ട്.... ദേണ്ടെ എന്റെ മുണ്ടും കൊണ്ട് പോകുന്നു "പോകുന്ന വഴിയില്‍ വല്യമ്മയുടെ കക്ഷത്തിലിരുന്ന കാലന്‍ കുടയുടെ വളഞ്ഞ പിടി അടുത്തു നിന്ന ഒരു വല്യപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്റെ മടക്കില്‍ കയറിപ്പിടിച്ചതും നിന്ന നില്പില്‍ ദിഗംബരനായ വല്യപ്പന്‍ തന്റെ മുണ്ടിനു വേണ്ടി കുടയുടെ കാലില്‍ കയറിപ്പിടിച്ചതുമൊന്നും വല്യമ്മ ഗൌനിച്ചില്ല. അവര്‍ ഇടിച്ചു തള്ളി മുന്‍പിലേയ്ക്ക് പോയി.ഹോ.. പിരി ഇളകിയ ഓരോന്ന് വന്നു കേറിക്കോളും..മനുഷ്യനെ നാണം കെടുത്താന്‍"


മുണ്ട് തിരിച്ചു കിട്ടിയ വല്യപ്പന്‍ അത് വീണ്ടും തന്റെ ശരീരത്തില്‍ ബന്ധിക്കുന്നതിനിടയില്‍ ആവലാതിപ്പെട്ടു.യാത്രക്കാരുടെ മുതുക് തന്റെ ഇരിപ്പിടമാക്കിയ കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു കൊടുത്തു മുന്‍പോട്ടു പോയി. സ്റ്റോപ്പുകളില്‍ നിറുത്താതെയും സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിറുത്തിയും ചിലപ്പോള്‍ സുപ്പര്‍ ഫാസ്റ്റു പോലെ പറന്നും മറ്റു ചിലപ്പോള്‍ ഓര്‍ഡിനറി പോലെ ഇഴഞ്ഞും സര്‍ക്കാര്‍ അധീനതയിലുള്ള ആ 'ത്വരിതഗമന ശകടം' മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഇതിനിടയില്‍ മുന്‍ വശത്ത്‌ നിന്നും വല്യമ്മയുടെ കാലന്‍ കുടയുടെ പരാക്രമത്തിനിരയായ മറ്റൊരു വനിത അവരെ ഉച്ചത്തില്‍ ശാസിക്കുന്നത് കേട്ടു. കളര്‍ കോട് ജങ്ങ്ഷന്‍ കഴിഞ്ഞപ്പോഴാണ് വണ്ടിയുടെ മുന്‍ഭാഗത്ത് നിന്നും ഉച്ചത്തിലുള്ള ആ നിലവിളി കേട്ടത്.


"അയ്യോ എനിക്ക് വെളിക്കിറങ്ങണം "


"വല്യമ്മേ ഇത് ലിമിറ്റഡ് സ്റ്റോപ്പാ. ഇനി വണ്ടി മെഡിക്കല്‍ കോളേജ് ജങ്ഷനിലേ നിര്‍ത്തൂ. അവിടെ ഇറക്കാം" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.


"അയ്യോ എനിക്കുടനെ വെളിക്കിറങ്ങണം. വണ്ടി നിര്‍ത്തെടാ കൊച്ചനെ" വല്യമ്മ ഡ്രൈവറെ നോക്കി വെപ്രാളത്തോടെ പറഞ്ഞു.


"അവര്‍ക്ക് വയറ്റില്‍ വല്ല അസുഖവും കാണും. വെളിക്കിറങ്ങണമെന്ന് പറയുന്നത് കേട്ടില്ലേ? " വല്യമ്മയുടെ അടുത്തിരുന്ന ഒരു യാത്രക്കാരന്‍ ഡ്രൈവറോട് കയര്‍ത്തു.


ചെറുപ്പക്കാരനായ ഡ്രൈവര്‍ ധര്‍മ സങ്കടത്തിലായെന്നു തോന്നുന്നു. പ്രായമായ ഒരു വല്യമ്മയാണ് അപേക്ഷിക്കുന്നത്. വെളിക്കിറങ്ങാന്‍ മുട്ടുന്ന അവരെ എങ്ങനെ ഇറക്കാതിരിക്കും? വല്ല പ്രഷറോ ഷുഗറോ ഉള്ള ആളാണെങ്കില്‍ ഇപ്പോഴത്തെ പ്രഷര്‍ കൂടുമ്പോള്‍ ഒപ്പം മറ്റേ പ്രഷറും കൂടിയാല്‍ കുഴപ്പമാകില്ലേ? ഇറക്കിയാല്‍ തന്നെ എവിടെ ഇറക്കും? പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യങ്ങള്‍ ഉള്ളിടത്തല്ലേ ഇറക്കാന്‍ പറ്റൂ? അയാള്‍ വണ്ടി നിര്‍ത്തണോ വേണ്ടയോ എന്നറിയാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു പിറകില്‍ ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നകണ്ടക്ടറെ നോക്കി."സാറേ നിങ്ങള്‍ വണ്ടി എങ്ങും നിര്‍ത്താതെ നേരെ സ്റ്റാന്റിലേക്ക് വിട്. പറപ്പിച്ചു വിട്ടാല്‍ അഞ്ചു മിനിട്ട് കൊണ്ട് സ്റ്റാന്റില്‍ എത്താം. അവിടെയാകുമ്പോള്‍ വല്യമ്മയ്ക്ക് കക്കൂസ്സില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല"


വല്യമ്മയുടെ അവസ്ഥ മനസ്സിലാക്കിയ നല്ല ശമരിയാക്കാരനായ ഒരു മാന്യന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അത് കേട്ട ഡ്രൈവര്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കക്കൂസ്സില്‍ പോകാന്‍ വൈകിയാലുണ്ടാവുന്ന വെപ്രാളം നന്നായി അറിയാവുന്നവനെപ്പോലെ അയാള്‍ വണ്ടി പറപ്പിച്ചു വിട്ടു. എതിരെ വരുന്ന വാഹനങ്ങള്‍ കെ എസ് ആര്‍ ടി സി ബസ്സിന്റെ മരണപ്പാച്ചില്‍ കണ്ടു അന്തം വിട്ടു. ഇരു ചക്ര വാഹനക്കാര്‍ ബസ്സിന്റെ വരവ് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി അകലെ വച്ചു തന്നെ സൈഡില്‍ ഒതുക്കി. മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്നിരുന്ന ട്രാഫിക് പോലീസ്സുകാരന്‍ കഥ എന്തെന്നറിയാതെ ഹെഡ് ലൈറ്റ് ഇട്ടു, ഹോണ്‍ നീട്ടിയടിയടിച്ചു കൊണ്ട് പാഞ്ഞവരുന്ന ബസ്സിനു പോകാനുള്ള സൗകര്യം പെട്ടെന്ന് ഉണ്ടാക്കിക്കൊടുത്തു. ഒപ്പം തന്നെ അടുത്ത ട്രാഫിക് സിഗ്നലില്‍ നില്‍കുന്ന പോലീസ്സുകാരനുള്ള മെസ്സേജ് വാക്കി ടോക്കിയിലൂടെ നല്‍കുന്നതും കണ്ടു.ബസ്‌ സ്റ്റാന്റിനെ ചുറ്റി തെക്ക് ഭാഗത്തുള്ള പബ്ലിക്‌ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പിലേയ്ക്ക് പാഞ്ഞെത്തിയ ബസ്സിനെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ബസ്സിന്റെ ബ്രേക്ക് ഫെയില്‍ ആയിട്ടുണ്ടാകുമെന്നുള്ള ശങ്കയോടെ ഓടിമാറി. കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പില്‍ എത്തിയ ബസ് ഒരു അലര്‍ച്ചയോടെ നിരങ്ങി നിന്നു. ഇതിനകം തന്നെ യാത്രക്കാര്‍ വല്യമ്മയ്ക്ക് പെട്ടെന്ന് ഇറങ്ങാനുള്ള സൌകര്യത്തിനായി വഴി ഉണ്ടാക്കിയിരുന്നു.


"വല്യമ്മേ ദേ കക്കൂസ് ..പെട്ടെന്ന് ഇറങ്ങിക്കോ..." ഡ്രൈവര്‍ വല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.


"ഭാ...... കളര്‍കോട്ട് ഇറങ്ങാനുള്ള എന്നെ കക്കൂസ്സിലാണോടാ ഇറക്കുന്നത്‌? കുരുത്തം കെട്ടവനേ.."


ബസ് സ്റ്റാണ്ട് വിറയ്ക്കുന്ന രീതിയിലുള്ള ആക്രോശം കേട്ട ഡ്രൈവര്‍ അന്തം വിട്ടിരുന്നു. വല്യമ്മയുടെ വെപ്രാളം കണ്ടു വണ്ടി പറപ്പിച്ചു വിടാന്‍ ഡ്രൈവറോട് ആജ്ഞാപിച്ച നല്ല ശമരിയാക്കാരനായ യാത്രക്കാരന്‍ അതുവഴി വന്ന മറ്റൊരു ബസ്സില്‍ കയറിപ്പോയത് ഡ്രൈവര്‍ മാത്രം കണ്ടില്ല.

Saturday, November 21, 2009

ഞെട്ടിപ്പിക്കുന്ന അണ്ടര്‍വെയറും ഭീകര കാലുകളും

"ഒറോത ചേടത്തിയെ കരണ്ടടിച്ചു. ..!!?"


വാര്‍ത്ത കാട്ടു തീ പോലെ പരന്നു...!!!


കേട്ടവര്‍ കേട്ടവര്‍ ഒറോത ചേടത്തിയുടെ സ്വഭവനമായ മാത്തന്‍സ് വില്ലയിലേയ്ക്ക് പ്രവഹിച്ചു. മാത്തന്‍സ് വില്ല ശോകമൂകമായി.

എന്റെ സുഹൃത്തും അയല്‍ക്കാരനുമായ ശ്രീമാന്‍ മാത്തപ്പന്‍ അവര്‍കളുടെ പ്രിയ പത്നിയാണ് ഒറോത ചേടത്തി. മാത്തപ്പന്‍ ചേട്ടനെയും പ്രിയ ഭാര്യ ഒറോത ചേടത്തിയേയും ഈ ബ്ലോഗു വായിക്കുന്ന ചില വായനക്കാരെങ്കിലും ഓര്‍മിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ ഒരു ക്ലൂ തരാം...


പണ്ട് ഞാന്‍ ഗോവയില്‍ നിന്നും കൊണ്ടു വന്ന ഫെനി അടിച്ചു പൂക്കുറ്റിയായി ചക്കയിടാന്‍ കയറിയ മാത്തപ്പന്‍ ചേട്ടന്‍ ചക്ക കെട്ടിയിറക്കാന്‍ വേണ്ടി അരയില്‍ ചുറ്റിയിരുന്ന കയറിന്റെ ഒരറ്റം ചക്കയില്‍ കെട്ടിയിട്ടു മറ്റേ അറ്റം തന്റെ അരയില്‍ ബന്ധിച്ചിരിക്കുകയാണ്‌ എന്നുള്ള വിവരം മറന്നു ചക്ക വെട്ടിയതും ചക്ക മാത്തപ്പന്‍ ചേട്ടനെയും കൊണ്ടു താഴേയ്ക്ക് പോന്നതും ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.ഇപ്പോള്‍ പിടി കിട്ടിയോ? കിട്ടിക്കാണും എന്ന് കരുതുന്നു. കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടാ. ഉടനെ കിട്ടിക്കോളും.അഞ്ചടി പൊക്കവും കാക്ക കറുപ്പും ഭാരത്‌ ഗ്യാസ് സിലിണ്ടെറിന്റെ ആകൃതിയും കഷണ്ടിത്തലയും പിന്നെ മുഖത്തു ഒരു ഹിറ്റ്‌ ലര്‍ മീശയും ചേര്‍ന്നാല്‍ മാത്തപ്പന്‍ ചേട്ടനായി.നാലര അടി പൊക്കവും നല്ല വെളുപ്പും വട്ട മുഖവും അടുക്കിട്ടുടുത്ത മുണ്ടും ചട്ടയും ചേര്‍ന്നാല്‍ ഒറോത ചേടത്തിയായി. ഇവരു രണ്ടും ചേര്‍ന്നാല്‍ മാത്തന്‍സ് വില്ലയിലെ തിരു:കുടുംബമായി..ഇനി ഞാന്‍ മാത്തന്‍സ് വില്ലയിലെയ്ക്ക് മൈക്ക് കൈമാറുന്നു..കരണ്ടടിച്ചു അബോധാവസ്ഥയിലായ ഒറോത ചേടത്തിയുടെ വിവരങ്ങള്‍ അറിയാന്‍ വന്നവര്‍ വീടിനു മുന്‍പില്‍ തടിച്ചു കൂടിയിരിക്കുകയാണ്. വ്യക്തമായ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ ജനലിന്റെ വിടവിലൂടെ അകത്തേയ്ക്ക് എത്തി നോക്കുന്നു. ചിലര്‍ വരാന്തയിലെ കസേരയില്‍ ഇരുന്നു പരസ്പരം വിവരങ്ങള്‍ ആരായുന്നു. മറ്റു ചിലര്‍ ചേടത്തിയെ ആശുപതിയില്‍ കൊണ്ടു പോകാനുള്ള ജീപ്പ് വരുന്നതും നോക്കി റോഡരികില്‍ നില്‍ക്കുന്നു..രാവിലെ ഉദ്ദേശം പതിനൊന്നു മണിക്കാണ് സംഭവം. മാത്തപ്പന്‍ ചേട്ടനാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഏക സാക്ഷി. അത് കൊണ്ടു വിശദ വിവരങ്ങള്‍ മാത്തപ്പന്‍ ചേട്ടന് മാത്രമേ അറിയൂ. അദ്ദേഹമാണെങ്കില്‍ അകത്തു കട്ടിലില്‍ കിടക്കുന്ന പ്രിയ ഭാര്യയുടെ കൈകാലുകള്‍ തിരുമ്മി ചൂടാക്കുകയാണ്. അടുത്തു തന്നെ എന്റെ അമ്മയും അയല്‍പക്കത്തുള്ള ഒന്ന് രണ്ടു പേരുമുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമായ കുട്ടച്ചനാണ് വണ്ടി വിളിക്കാനും മറ്റുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്."വിദേശത്തുള്ള മക്കളെ അറിയിക്കേണ്ടേ? അടുത്ത വീട്ടിലെ താമസ്സക്കാരനായ തോമസ്‌ ചേട്ടന്‍ മെമ്പര്‍ കുട്ടച്ചനോട് ചോദിച്ചു..""അറിയിക്കണം അറിയിക്കണം.. ആദ്യം ചേടത്തിയെ ആശുപത്രിയില്‍ എത്തിക്കട്ടെ. എന്നിട്ടാലോചിക്കാം" കുട്ടച്ചന്‍ ധൃതിയില്‍ റോഡിലേയ്ക്ക് പോയി.


""അര മണിക്കൂര്‍ കഴിഞ്ഞില്ലേ ഇനിയിപ്പോള്‍ രക്ഷപെടാന്‍ പാടാ.. ഹോ ... നല്ല സ്നേഹമുള്ള ചേടത്തി ആയിരുന്നു" അയല്‍ക്കാരന്‍ തോമസ്‌ ചേട്ടന്‍ ആത്മഗതം ചെയ്തിട്ട് താടിക്ക് കയ്യും കൊടുത്ത് എന്തോ ചിന്തിച്ചിരുന്നു.


"ചേടത്തിയ്ക്ക് ബോധം വീണു" ആരോ അകത്തു നിന്ന് വിളിച്ചു പറഞ്ഞു..


"എല്ലാരും ഒന്ന് ഒതുങ്ങി നിന്നെ.. അല്പം കാറ്റു കടക്കട്ടെ" റോഡില്‍ നിന്നും തിരിച്ചു വന്ന കുട്ടച്ചന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ട് തിടുക്കത്തില്‍ അകത്തേയ്ക്‌ പോയി. ആളുകള്‍ ആശ്വാസത്തോടെ നിശ്വസിച്ചു. എന്നിട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തു നിന്നു.""കരണ്ടടിച്ചത് മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍ വെയറില്‍ നിന്നാണ്."!! അകത്തു നിന്നും വന്ന പൊന്നമ്മ ചേച്ചി മര്‍മപ്രധാനമായ ആ വിവരം പറഞ്ഞു. അത് കേട്ടവര്‍ കേട്ടവര്‍ ഞെട്ടി."അണ്ടര്‍ വെയറില്‍ നിന്നും കരണ്ടോ?" വെള്ളത്തില്‍ നിന്നും കാറ്റില്‍ നിന്നും ഒക്കെ കരണ്ട് എടുക്കുന്ന വിവരം കേട്ടിട്ടുണ്ട്. പക്ഷെ അണ്ടര്‍ വെയറില്‍ നിന്നും എങ്ങനെ കരണ്ട് വരും? ആളുകള്‍ പരസ്പരം നോക്കി.


മുട്ട് വരെ നീളമുള്ള ചുവന്ന അണ്ടര്‍ വെയര്‍ ധരിച്ചു, അതിനു മുകളില്‍ മുണ്ട് മടക്കിക്കുത്തി തൂമ്പയും തോളില്‍ വച്ച് പോകുന്ന മാത്തപ്പന്‍ ചേട്ടനെ ഞങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ ഒരാളെ കൊല്ലാന്‍ മാത്രം ശക്തിയുള്ള കരണ്ട് ഉത്പാദിപ്പിക്കുന്ന അണ്ടര്‍വെയറാണ്‌ അതെന്നു ആരും കരുതിയിരുന്നില്ല. അങ്ങനെയാണെകില്‍ എന്ത് കൊണ്ടു മാത്തപ്പന്‍ ചേട്ടനെ ഇതു വരെ കരണ്ടടിച്ചില്ല? എങ്ങനെ ഒറോത ചേടത്തിയെ മാത്രം കരണ്ടടിച്ചു? അങ്ങനെ അടിക്കാനുള്ള സാഹചര്യം എന്ത്?ഇനി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍വെയര്‍ കരണ്ട് ഉത്പാദിപ്പിക്കുകയുള്ളൂ എന്നുണ്ടോ? എങ്കില്‍ ഏതാണാ സന്ദര്‍ഭം? ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍. ഉത്തരം തരാന്‍ ഒരാള്‍ക്കേ കഴിയൂ. അണ്ടര്‍ വെയറിന്റെ ഉടമസ്ഥനായ സാക്ഷാല്‍ മാത്തപ്പന്‍ ചേട്ടന്‍. ഞങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചിരുന്നു..


""ദേണ്ടെ ആ കിടക്കുന്ന അണ്ടെര്‍വെയറീന്നാ കരണ്ടടിച്ചത്. ആരും തൊടരുത് "ഈ സമയം പുറത്തേയ്ക്ക് വന്ന മാത്തപ്പന്‍ ചേട്ടന്‍ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് പേടിയോടെ നോക്കിയ ആളുകള്‍ അവിടെ ബന്ധിച്ചിരിക്കുന്ന അയയില്‍ തൂങ്ങിക്കിടക്കുന്ന ചിരപരിചിതമായ ചുവന്ന അണ്ടെര്‍ വെയര്‍ കണ്ടു ഞെട്ടി പിന്നോട്ട് മാറി. അതിന്റെ നീളമുള്ള കാലുകള്‍ താഴേയ്ക്ക് തൂങ്ങിക്കിടന്നിരുന്നു. ഒറോത ചേടത്തിയെ അടിച്ചു നിലം പരിശാക്കിയ ആ ഭീകരന്‍ "ഇനിയും എന്നെ തൊടാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ മുന്‍പോട്ടു വാടാ"എന്ന രീതിയില്‍ അജയ്യനായി നീണ്ടു നിവര്‍ന്നു കിടന്നു.വീടിനു മുന്‍പിലുള്ള തൊഴുത്തിന്റെ കഴുക്കോലില്‍ നിന്നും അല്പം അകലെയുള്ള ഒരു മരത്തിന്റെ കൊമ്പിലേയ്ക്കാണ് അയ ബന്ധിച്ചിരിക്കുന്നത്‌. കരണ്ട് ഉത്പാദിപ്പിക്കുന്ന അത്ഭുത അണ്ടര്‍വെയര്‍ തൂങ്ങിക്കിടക്കുന്നത് ഏതാണ്ട് മധ്യഭാഗത്താണ്. ഒറോത ചേടത്തിയെ കാണാന്‍ വന്നവര്‍ ചിലര്‍ നിന്നത് അതിനടുത്തു തന്നെയാണ്. ഭാഗ്യത്തിനാണ് അവര്‍ അതില്‍ നിന്നും രക്ഷപ്പെട്ടത്. അറിയാതെ ആരെങ്കിലും അതിന്റെ പിടിയില്‍ പെട്ടിരുന്നെങ്കില്‍ ഒറോത ചേടത്തിയെ കൊണ്ടു പോകാന്‍ വരുന്ന വണ്ടിയില്‍ ഒന്ന് രണ്ടു പേരെക്കൂടി കൊണ്ടുപോകേണ്ടി വരുമായിരുന്നു.കരണ്ടടിക്കുന്ന അത്ഭുത അണ്ടര്‍വെയറിനെയും അതിന്റെ ഭീകര കാലുകളേയും നോക്കി ജനങ്ങള്‍ പകച്ചു നില്‍ക്കുമ്പോഴാണ് ഇലക്ട്രീഷ്യനായ ഗോപാലന്‍ ചേട്ടന്റെ വരവ്. ഇലെക്ട്രിസിറ്റി ഓഫീസില്‍ നിന്നും വിരമിച്ച ശേഷം നാട്ടുകാര്‍ക്ക് കരണ്ട് സംബന്ധമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഗോപാലന്‍ ചേട്ടന്‍ അദ്ഭുത അണ്ടെര്‍വെയറിന്റെ അടുത്തു പോയി അതിനെ ആകമാനം വീക്ഷിച്ചു. എന്നിട്ട് തന്റെ കയ്യില്‍ കരുതിയിരുന്ന ടെസ്റ്റെര്‍ കയ്യിലെടുത്തു അണ്ടെര്‍വെയറിന്റെ കാലില്‍ കുത്തി.അത്ഭുതം!!!! അത് കത്തുന്നു....ഞെട്ടിപ്പോയ ഗോപാലന്‍ ചേട്ടന്‍ പെട്ടെന്ന് പോയി മെയിന്‍ സ്വിച്ച് ഓഫ്‌ ചെയ്തു. എന്നിട്ട് അണ്ടര്‍ വെയര്‍ തൂക്കിയിരുന്ന അയയും അതിന്റെ ചുറ്റുപാടും പരിശോധിച്ചു. പിന്നെ എല്ലാം പിടി കിട്ടിയ മട്ടില്‍ തിരിച്ചു വന്നു കസേരയില്‍ ഇരുന്നു...ആളുകള്‍ ശ്വാസം വിടാതെ ഗോപാലന്‍ ചേട്ടന് ചെവി കൊടുത്തു. അദ്ദേഹം പറഞ്ഞു തുടങ്ങി.


"തൊഴുത്തിലിട്ടിരിക്കുന്ന ബള്‍ബ് കണ്ടോ? അതിന്റെ വയറില്‍ ഒരു ജോയിന്റ് ഉണ്ട്. ആ ജോയിന്റ് അയ കെട്ടിയ കമ്പിയില്‍ എവിടെയോ മുട്ടുന്നുണ്ട്. അതു കൊണ്ടു അയ കെട്ടിയിരിക്കുന്ന കമ്പിയിലും കരണ്ട് ഉണ്ട്. ആ കരണ്ടാണ് മഴയത്ത് നനഞ്ഞ അണ്ടര്‍വെയറില്‍ കൂടി ഒറോത ചേടത്തിയെ അടിച്ചിട്ടത്. അല്ലാതെ അതു കരണ്ട് ഉദ്പാദിപ്പിക്കുന്ന അദ്ഭുത അണ്ടര്‍വെയര്‍ അല്ല."


സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞ നാടുകാര്‍ പിരിഞ്ഞു പോയി. അപ്പോഴും മാത്തപ്പന്‍ ചേട്ടന്റെ അദ്ഭുത അണ്ടര്‍വെയര്‍ അയയില്‍ തൂങ്ങുന്നുണ്ടായിരുന്നു.

Wednesday, November 11, 2009

നമ്മുടെ സ്വന്തം സാനാര്‍ത്തി..

കാലത്തെ എഴുനേറ്റ്, സ്വഭര്‍ത്താവിനു ഒരു കാപ്പി ഉണ്ടാക്കിക്കൊടുക്കുവാന്‍ പോലും മിനക്കെടാത്ത ഭാര്യ, അതിരാവിലെ തന്നെ കുളിയും തേവാരവും കഴിഞ്ഞു പൌഡറും പൂശി ടിവിയുടെ മുന്‍പില്‍ ആസനസ്ഥയായത്‌ കണ്ട ഞാന്‍ അതിശയിച്ചു. ഇവളുടെ പ്രിയപ്പെട്ട ഏതെങ്കിലും കണ്ണീര്‍ സീരിയലിന്റെ സമയം അത് കാണുന്നവര്‍ക്ക് സ്വസ്ഥമായി ഇരുന്നു കരയാനുള്ള സൌകര്യാര്‍ഥം ഈ കൊച്ചു വെളുപ്പാന്‍കാലത്തേയ്ക്ക് മാറ്റിയതാവുമോ? അങ്ങനെയെങ്കില്‍ ഇവള്‍ കുളിയും കഴിഞ്ഞു പൌഡറും പൂശി ഇരിക്കേണ്ട കാര്യമുണ്ടോ? സീരിയലിലെ നായികയുടെ ദുഃഖം കണ്ടുള്ള കരച്ചിലും പിന്നെ തേങ്ങലും കഴിഞ്ഞ് സീരിയലിലെ വില്ലന്‍ കഥാപാത്രത്തിനെ നാല് ചീത്തയും പറഞ്ഞശേഷം കുളിച്ചാല്‍ പോരായിരുന്നോ? വെറുതെ എന്തിനു ഞാന്‍ പൈസ കൊടുത്ത് വാങ്ങി വച്ചിരിക്കുന്ന വിലകൂടിയ പൌഡര്‍ മുഖത്ത്‌ തേച്ചു പിടിപ്പിച്ചിട്ട് അത് കണ്ണുനീരില്‍ അലിയിച്ചു കളയുന്നു?ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ ഇനിയെങ്കിലും ബാക്കിയുള്ളവന് സ്വസ്ഥമായി ഒരു മണിക്കൂര്‍ കിടന്നുറങ്ങാമല്ലോ" എന്ന് നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്."കണ്ണൂര്‍ ആലപ്പുഴ എറണാകുളം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുല്‍ ഉടന്‍ ആരംഭിക്കുന്നതാണ്."ഭാര്യ വെളുപ്പാന്‍ കാലത്തെ എഴുനേറ്റ് ടിവിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് പിടി കിട്ടിയത്. ജീവിതത്തില്‍ ആദ്യമായി താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിച്ചോ എന്നറിയാനുള്ള ആകാംഷയാണത്. അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.എനിക്ക് വോട്ടവകാശം ഉണ്ടെങ്കിലും പോസ്റ്റല്‍ വോട്ടു മാത്രമേ ചെയ്യാന്‍ പറ്റൂ. അതൊരു മിനക്കെട്ട പണിയായത് കൊണ്ട് മിക്ക പട്ടാളക്കാരും ചെയ്യാറില്ല. പട്ടാളക്കാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നിരുന്നാലും മനസ്സുകൊണ്ട് ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതല്‍ എല്ലാവരും അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാര്‍ ആയതു കൊണ്ടാകാം തേക്കടിയില്‍ മറിഞ്ഞ ജലകന്യകയെപ്പോലെ എനിക്കും "ഇടത്തോട്ട് ഒരു ചരിവ് " ഉണ്ടായതെന്ന് ഞാന്‍ കരുതുന്നു.പക്ഷെ എന്റെ കുടുംബത്തില്‍ "ഈ ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്. "നമ്മുടെ സാനാര്‍ത്തി " !!അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്ത്‌ മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു. ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകള്‍ ആണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതി ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു മൂരാച്ചിക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ആയതില്‍ പ്രകാരം വോട്ട് ചെയ്യാന്‍ വേണ്ടി ഭാര്യയെ പോളിംഗ് ബൂത്തിലേയ്ക്ക് ബൈക്കില്‍ കൊണ്ട് പോകാം എന്ന് തലേ ദിവസം രാത്രിയില്‍ എപ്പോഴോ പ്രാബല്യത്തില്‍ വന്ന ഒരു കരാര്‍, മുന്‍‌കാല പ്രാബല്യത്തോടെ ഞാന്‍ റദ്ദു ചെയ്യുകയും ചെയ്തു.വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ പോകാനായി ഒരുങ്ങി ഇറങ്ങിയ ഭാര്യ പഴയ കരാറിനെപ്പറ്റി എന്നെ ഓര്‍മപ്പെടുത്തി. പക്ഷെ എതിര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുവാന്‍ എന്റെ ബൈക്ക് ഞാന്‍ വിട്ടു തരില്ല എന്ന് നിഷ്കരുണം അറിയിച്ചിട്ട്‌ "പട്ടാളത്തിനോട് കളിച്ചാല്‍ ഇങ്ങനിരിക്കും" എന്ന രീതിയില്‍ ടി വി ഓണ്‍ ചെയ്ത് , കണ്ണൂരില്‍ പോളിംഗ് ബൂത്തിന്റെ മുന്‍പില്‍ തോക്കും പിടിച്ചു നില്‍ക്കുന്ന കേന്ദ്ര സേനയിലെ ജവാന്മാരെ നോക്കി മസില് പിടിച്ചിരുന്നു.ജീവിതത്തിലെ ആദ്യത്തെ വോട്ട് ചെയ്യാന്‍ തയാറായി വന്ന ഭാര്യ എന്റെ ഭാവമാറ്റം കണ്ടു കുഴങ്ങി. ഒടുവില്‍ സ്ഥാനാര്‍ഥി ആരായാലും വോട്ട് ചെയ്യുക എന്നതാണ് കാര്യമെന്നും "അണ്ണന് "ഇഷ്ടമില്ലെങ്കില്‍ ഞാന്‍ "അരിവാളിന്" തന്നെ കുത്താമെന്നും അവള്‍ സമ്മതിച്ചതോടെ ഞാന്‍ പ്രതിക്ഷേധം നിര്‍ത്തുകയും, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ഭാര്യയേയും ഇരുത്തി പോളിംഗ് ബൂത്തിലേയ്ക്ക് പോവുകയും അവളുടെ വിലയേറിയ സമ്മതിദാനാവകാശം പാഴായിപ്പോകാതെ വിനിയോഗിക്കുവാന്‍ സഹായിക്കുകയും ചെയ്തു.ഇനിയാണ് ഇന്നത്തെ കഥയുടെ സ്റ്റോറി തുടങ്ങുന്നത്.......


ടിവിയില്‍ സ്ഥാനാര്‍ഥികളുടെ ലീഡ് നില വന്നു കൊണ്ടിരുന്നു. ആലപ്പുഴയിലും കണ്ണൂരും എറണാ കുളത്തും ഇടതു പക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു എന്നുള്ള ആദ്യ വാര്‍ത്ത കണ്ട ഞാന്‍ ഭാര്യയെ നോക്കി. അവള്‍ സന്തോഷത്തോടെ എന്നെയും നോക്കി. അണ്ണന്‍ പറഞ്ഞ ആള്‍ക്ക് തന്നെ കുത്തിയതുകൊണ്ട്‌ ആദ്യത്തെ വോട്ട് പാഴായില്ലല്ലോ എന്ന സാന്തോഷമാണവള്‍ക്ക് . അത് കണ്ട എനിക്കും സന്തോഷം തോന്നി.എല്ലാ പട്ടാളക്കാര്‍ക്കും സന്തോഷം വരുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്ന ഒരു സാധനമുണ്ട്. ആ സാധനമാണ്‌ കുപ്പി !!! കുപ്പി ഇല്ലെങ്കില്‍ പിന്നെ എന്തു സന്തോഷം? നമ്മുടെ സ്വന്തം സ്ഥാനാര്‍ഥി ലീഡ് ചെയ്യുമ്പോള്‍ അല്പം സ്മാള്‍ അടിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ഒരു സ്മാള്‍ അടിക്കുക? സ്മാള്‍ അടിച്ചു കൊണ്ട് സ്ഥാനാര്‍ഥിയെ ലീഡ് ചെയ്യിപ്പിക്കുക. അതല്ലേ അതിന്റെ ഒരു രസം? അങ്ങനെ ലീഡ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ച് സ്ഥാനാര്‍ഥി വിജയശ്രീലാളിതനാകുമ്പോള്‍ നമ്മള്‍ ഭൂമീശ്രീലാളിതനാകുക!. അതില്‍പരം എന്തുണ്ട് ഒരു സന്തോഷം? ഞാന്‍ അകത്ത് പോയി രണ്ടു പെഗ്ഗ് ഗ്ലാസില്‍ ഒഴിച്ച്, ഒരു പാത്രത്തില്‍ തൊട്ടുനക്കാനുള്ള അച്ചാറും എടുത്ത്‌ തിരിച്ചു വന്നു വീണ്ടും ടി വിയുടെ മുന്‍പില്‍ ഇരുന്നു.പെട്ടെന്നാണ്‌ അത് സംഭവിച്ചത്. അടുക്കളയില്‍ ഫ്രിഡ്ജിന്റെ മുകളില്‍ ഇരുന്ന ഒരു ഫ്ലവര്‍വേസ്‌ എന്റെ തലയുടെ മുകളിലൂടെ പറന്നു പോയി. അത് ടി വി യുടെ അടുത്ത്‌ ഭിത്തിയില്‍ തട്ടി തറയില്‍ വീണുടഞ്ഞു. ഒപ്പം അടുക്കളയില്‍ എന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം. ഞാന്‍ ഭാര്യയെ നോക്കി. അവളെ കാണാനില്ല!. അവളെവിടെപ്പോയി? എന്താണ് ആ ശബ്ദം? ആരാണ് ഈ ഫ്ലവര്‍ ബേസ് എടുത്ത്‌ എന്നെ എറിഞ്ഞത്? ഞാന്‍ അന്തം വിട്ടിരുന്നു..അടുത്ത നിമിഷം അടുക്കളയില്‍ നിന്നും പാഞ്ഞു വന്ന ഒരു ഒരു പടവലങ്ങയില്‍ നിന്നും ഞാന്‍ എന്റെ തല അതിവിദഗ്ദമായി രക്ഷപ്പെടുത്തുന്നതിനിടയില്‍ അശരീരി പോലെ വന്ന വാക്കുകള്‍ കേട്ട ഞാന്‍ വീണ്ടും ഞെട്ടി...


"ഞാനപ്പഴേ പറഞ്ഞതാ കയ്യേല്‍ കുത്തിയാ മതിയെന്ന്. അന്നേരം.... അങ്ങേരുടെ ഒരു അരിവാള്‍..ഇപ്പ സമാധാനമായല്ലോ അല്ലെ?"


"ആലപ്പുഴയും കണ്ണൂരും എറണാകുളവും യു ഡി എഫ്‌ തൂത്തു വാരി". ടി വി സ്ക്രീനില്‍ ഫ്ലാഷ്‌ ന്യൂസ്‌ വന്നു കൊണ്ടിരുന്നു. തറയില്‍ ചിതറിക്കിടന്ന ഫ്ലവര്‍വേസിന്റെ കഷണങ്ങള്‍ തൂത്തു വാരുകയായിരുന്നു ഞാനപ്പോള്‍..

Thursday, October 29, 2009

തെങ്ങിന്റെ മണ്ടയിലെ ത്രെഡ്‌

"ദേണ്ടെ മനുഷ്യാ നിങ്ങള്‍ നേരം വെളുത്തപ്പോള്‍ മുതല്‍ മുറിക്കകത്ത് കേറി കതകടച്ചിരുന്നു എന്തോ ചെയ്യുവാന്നു എനിക്കിപ്പോ അറിയണം"


അടച്ചിട്ടിരുന്ന കതകിന്റെ പുറത്ത്‌ ശക്തമായ ഇടിയും ഒപ്പം ഭാര്യയുടെ അലര്‍ച്ചയും കേട്ട ഞാന്‍ ഞെട്ടി. "രാവിലെ ഇവള്‍ക്കിത്‌ എന്തിന്റെ കേടാ.? സ്വസ്ഥമായിട്ടിരുന്നു ഒരു പോസ്റ്റ്‌ എഴുതാനും സമ്മതിക്കില്ലല്ലോ ദൈവമേ"


"കാന്റീനില്‍ പോയി കുപ്പിയും മേടിച്ചോണ്ട് വന്ന് ഒരു കുപ്പിയും കൊണ്ട് കേറിയ മനുഷേനാ...ഇനി ആ കുപ്പി തീരുന്നത് വരെ അതിയാന് വേറൊരു പണിയുമില്ല. എന്റെ ഒരു കഷ്ടകാലം എന്നല്ലാതെ എന്തോ പറയാനാ. കറി വയ്കാന്‍ തേങ്ങാ തീര്‍ന്നിട്ട് എത്ര ദിവസമായി. അങ്ങേര്‍ക്കു വല്ല ചിന്തയുമുണ്ടോ? എന്റെ തലയും കൊണ്ട് ഞാന്‍ എങ്ങോട്ടെങ്കിലും പോവാ..മടുത്തു..."ഭാര്യ കതകിനിട്ട് ഒരു തൊഴിയും കൂടി പാസാക്കി വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്ക് പോയി.ഹോ... എന്തോ ചെയ്യുമെന്ന് പറ... ബ്ലോഗില്‍ ഒരു പോസ്റ്റ്‌ എഴുതാനുള്ള ത്രെഡ്‌ കിട്ടിയപ്പോള്‍ ആ ത്രെഡ്‌ മറന്നു പോകുന്നതിനു മുന്‍പ് പോസ്റ്റാക്കാന്‍ വേണ്ടി മുറിയില്‍ കയറി കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരിക്കുന്ന ഞാന്‍, അവിടെയിരുന്നു വെള്ളമടിക്കുകയാണ് എന്നാണ് ഭാര്യയുടെ വിചാരം. കിട്ടിയ ത്രെഡ്‌ ഒന്ന് ബലമാക്കി എടുക്കാന്‍ വേണ്ടി ഇന്നലെ ക്യാന്റീനില്‍ പോയി വാങ്ങിച്ച കുപ്പികളില്‍ ഒരെണ്ണം ഞാന്‍ എടുത്തു എന്നത് ശരിയാണ്. അതില്‍ നിന്നും രണ്ടു പെഗ്ഗ് ഒഴിച്ച ശേഷം കട്ടിലിന്റെ അടിയില്‍ ഭാര്യ അറിയാതെ വാങ്ങി സൂക്ഷിച്ചിരിക്കുന്ന കണ്ണിമാങ്ങാ അച്ചാറിന്റെ കുപ്പി തപ്പുന്നതിനിടയിലാണ് പുറത്തു നിന്നുള്ള അലര്‍ച്ചയും കതകിനിട്ടുള്ള ചവിട്ടും കേള്‍ക്കുന്നത്.അതോടെ എനിക്ക് കിട്ടിയ ത്രെഡ്‌ അതിന്റെ പാട്ടിനു പോയി. ഉടന്‍ തന്നെ മുറിക്കു പുറത്തിറങ്ങിയില്ലെങ്കില്‍ അടുക്കളയില്‍ നിന്നും അവള്‍ എടുത്ത്‌ കൊണ്ടു വരുന്ന ഉലക്ക, ചട്ടുകം, കറിക്കത്തി മുതലായ മാരകായുധങ്ങള്‍ നേരിടാനുള്ള "ത്രെഡ്‌ "ഞാന്‍ കണ്ടു പിടിക്കേണ്ടിവരും. അത് മനസ്സിലാക്കിയ ഞാന്‍ ഉടന്‍ തന്നെ അച്ചാറു കുപ്പി തപ്പുന്നത് അടിയന്തിരമായി നിറുത്തി വച്ച് ഗ്ലാസില്‍ ഒഴിച്ച് വച്ചിരുന്ന ഊര്‍ജ്ജദായിനി ഒറ്റവലിക്ക് കുടിച്ചിട്ട് ചിറിയും തുടച്ച് "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന ഭാവത്തില്‍ അടുക്കളയിലെത്തി."ഹും... വന്നിരിക്കുന്നു കാര്യമന്വേഷിക്കാന്‍... ലീവിന് വീട്ടിലുള്ള ദിവസമെങ്കിലും എന്നെ ഒന്നു സഹായിക്കാന്‍ തോന്നുന്നുണ്ടോ? എപ്പ നോക്കിയാലും കുപ്പി. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍. ഈ കുപ്പി കൊടുത്തു വിടുന്ന പട്ടാളത്തിനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ സവാള അരിയുന്നതു പോലെ അരിഞ്ഞു കളയും"ഭാര്യയുടെ കലി അടങ്ങിയിട്ടില്ല. ഞാന്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അടുക്കള വാതിലിന്റെ മറവു പറ്റി നിന്നിട്ട് ഡി.ജി.പിയുടെ മുന്‍പില്‍ നില്‍ക്കുന്ന സാദാ പോലീസ്സുകാരനെപ്പോലെ വിനീത വിധേയനായി ആരാഞ്ഞു.."നിനക്കിപ്പോ എന്താ വേണ്ടത്? തേങ്ങായല്ലേ? മുറ്റത്തു നില്‍ക്കുന്ന തെങ്ങില്‍ നിറച്ചു തേങ്ങാ കിടക്കുമ്പോള്‍ നീയിങ്ങനെ ദാരിദ്ര്യം പറയുന്നത് ഒട്ടും ശരിയല്ല കേട്ടോ""ഹോ.. മുറ്റത്തു നില്കുന്ന തെങ്ങില്‍ തേങ്ങായുണ്ടെന്നും പറഞ്ഞു കറിയാകത്തില്ല". ഭാര്യ ഉറഞ്ഞു തുള്ളുകയാണ്. "അത് നിലത്തിറക്കിത്തരണം. ആ തേങ്ങാ ഇടുന്ന ഹരിദാസനെ വിളിച്ചു ഞാന്‍ കുഴഞ്ഞു. എപ്പം വിളിച്ചാലും അയാള് ബിസിയാ. നിങ്ങള് പട്ടാളത്തില്‍ പോകാതെ വല്ല തെങ്ങു കയറ്റവും പഠിച്ചിരുന്നേല്‍ ഇതിലും ഭേതമായിരുന്നു. ഒന്നുമില്ലെങ്കിലും കറി വയ്കാനുള്ള തേങ്ങയിടാന്‍ ആരുടേയും കാലു പിടിക്കേണ്ടി വരില്ലായിരുന്നു.." അവള്‍ എന്നോടുള്ള ദേഷ്യം തീര്‍ക്കാനെന്നവണ്ണം മുന്‍പിലിരുന്ന മത്തങ്ങാ എടുത്ത്‌ പൊത്തോന്നു നിലത്തിട്ടു. അതു കണ്ട ഞാന്‍ വേഗം മുറ്റത്തിറങ്ങി."ഹും.. അപ്പോള്‍ ഞാനൊരു മരംകേറി ആകുന്നതായിരുന്നു അവള്‍ക്കിഷ്ടം. അഹങ്കാരി. ഇതാണ് ഈ പെണ്ണുങ്ങളുടെ ഒരു കുഴപ്പം. ഭര്‍ത്താക്കന്മാരെ തീരെ വിലയില്ല. ചങ്കെടുത്തു കാണിച്ചാല്‍ അത് "ആന്തൂറിയം" ആണെന്ന് പറയുന്ന വര്‍ഗ്ഗം. കാര്‍ഗില്‍ യുദ്ധത്തില്‍ വെടിയുണ്ടകളെ പുല്ലുപോലെ നേരിട്ട ഒരു യോദ്ധാവാണു അവളുടെ ഭര്‍ത്താവ് എന്നുള്ള കാര്യം അവള്‍ മറക്കുന്നു. "പട്ടാളക്കാരനെക്കാള്‍ വില ഒരു തെങ്ങ് കയറ്റക്കാരനാണ്" എന്നല്ലേ അവള്‍ പറഞ്ഞതിന്റെ അര്‍ഥം? ഒരു പട്ടാളക്കാരന് തേങ്ങ ഇടാന്‍ പറ്റും. പക്ഷെ ഒരു തെങ്ങ് കയറ്റക്കാരന് പെട്ടെന്ന് പട്ടാളക്കാരനാകാന്‍ പറ്റുമോ? അവളെ അത് കാണിച്ചു കൊടുക്കണം"എനിക്ക് രോഷം അടക്കാന്‍ പറ്റുന്നില്ല. ഞാന്‍ വീണ്ടും മുറിക്കകത്ത് കയറി അച്ചാറു കുപ്പി തപ്പിയെടുത്തു. ഒരു കണ്ണിമാങ്ങ എടുത്ത്‌ വായിലിട്ട് അത് ഭാര്യയാണ് എന്ന ഭാവത്തില്‍ കടിച്ചു ചവച്ചു. എന്നിട്ട് രണ്ടു പെഗ്ഗുകൂടി വേഗം അകത്താകിയിട്ടു വെട്ടു കത്തിയുമെടുത്ത്‌ തെങ്ങിന്റെ ചുവട്ടിലേയ്ക്കു നടന്നു.ഞാന്‍ വീടിനു ചുറ്റുമായി നില്‍ക്കുന്ന തെങ്ങുകളില്‍ ഏറ്റവും ചെറുതും കയറാന്‍ എളുപ്പമുള്ളതുമായ ഒരു തെങ്ങ് കണ്ടു പിടിച്ചു. എന്റെ പറമ്പിലാണ് തെങ്ങ് നില്‍ക്കുന്നതെങ്കിലും അത് ചാഞ്ഞു നില്‍ക്കുന്നത് അടുത്ത വീടുകാരുടെ വീടിന്റെ മുറ്റത്തെയ്ക്കാണ്. അതിന്റെ ഓലയും വെള്ളയ്ക്കയും അവരുടെ മുറ്റത്തു വീഴുന്നു എന്ന പരാതിയുമുണ്ട്. ഒന്ന് രണ്ടു തേങ്ങകള്‍ അതില്‍ ഉണങ്ങിക്കിടപ്പുണ്ട്. ഞാന്‍ തെങ്ങ് കയറ്റത്തിന് തയ്യാറെടുത്തു. ധരിച്ചിരുന്ന ഡബിള്‍ മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തു. വെട്ടുകത്തി സാധാരണ തെങ്ങ് കയറ്റക്കാര്‍ തൂക്കിയിടുന്ന പോലെ പിറകില്‍‍, അരയിലെ മുണ്ടില്‍ തൂക്കിയിട്ടു. പിന്നെ പ്രൊഫഷനല്‍ തെങ്ങ് കയറ്റക്കാരനെപ്പോലെ തെങ്ങില്‍ അള്ളിപ്പിടിച്ചു കയറാന്‍ തുടങ്ങി.ഏകദേശം പകുതി ആയപ്പോള്‍ ഞാന്‍ താഴേയ്ക്ക് നോക്കി. താഴെ ഭാര്യ എന്റെ തെങ്ങ് കയറ്റം കണ്ടു അന്തം വിട്ടു നില്‍ക്കുന്നു. ഇങ്ങേര്‍ക്ക് പട്ടാളത്തില്‍ തെങ്ങ് കയറ്റമാണോ പണി എന്ന രീതിയിലാണ് അവളുടെ നോട്ടം. നോക്കട്ടെ... ഒരു പട്ടാളക്കാരന് ചെയ്യാന്‍ പറ്റാത്ത പണികള്‍ ഒന്നുമില്ലെന്ന് എന്റെ ഭാര്യയും ഈ നാട്ടുകാരും അറിയട്ടെ. ഹരിദാസനെന്താ പുലിയാണോ? ഹരിദാസന്‍ തേങ്ങയിടാന്‍ വന്നില്ലെങ്കില്‍ എന്റെ വീട്ടിലുള്ളവര്‍ തേങ്ങയരച്ച കറി കൂട്ടില്ലേ? ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ച് കൊന്നത്തെങ്ങിന്റെ ഉച്ചിയിലെയ്ക്ക് വലിഞ്ഞു കയറി..കാലുകള്‍ നീട്ടി വലിച്ചു കയറുന്നതിനിടയിലാണ് വിക്രമാദിത്യന്റെ പുറകില്‍ വേതാളം എന്നതു പോലെ എന്റെ പുറകില്‍ തൂങ്ങിക്കിടന്ന് തെങ്ങിന്റെ മണ്ട വരെ കയറിവന്ന സാമാന്യം ഭാരമുള്ള വെട്ടുകത്തി, കൂടുതല്‍ കയറുവാന്‍ താല്പര്യമില്ലാത്ത മട്ടില്‍ എന്നോടുള്ള സകല വിധ ബന്ധങ്ങളും അവസാനിപ്പിച്ചു കൊണ്ട് എന്റെ അരയുമായി അതിനെ ബന്ധിച്ചിരുന്ന മുണ്ടിനെയും കൂട്ടി നേരെ താഴേയ്ക്ക് പോന്നത്.വെളുത്ത അണ്ടര്‍ വെയറും ബനിയനും ധരിച്ച്, അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ കാണുന്ന കുരങ്ങനെപ്പോലെ തെങ്ങിന്റെ മണ്ടയിലിരിക്കുന്ന എന്നെ കണ്ട ഭാര്യ, അച്ഛന്റെ തെങ്ങ് കയറ്റം കണ്ടു രസിച്ചു നിന്ന മകളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് വീടിന്റെ ഉള്ളിലേയ്ക്ക്‌ കയറിപ്പോയി. ഞാനാകട്ടെ മുണ്ട് പോയെങ്കില്‍ പോട്ടെ പകരം പോസ്റ്റ്‌ എഴുതാന്‍ ഒരു "ത്രെഡ്‌ "കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ എന്റെ സ്വന്തം "ത്രെഡ്‌ "ആരും കാണാതിരിക്കാന്‍ പെട്ടെന്ന് താഴേയ്ക്കിറങ്ങി.

Tuesday, September 8, 2009

ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതം

പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ കേരളാ പോലീസിന്റെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ്‌ ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന്‍ ജയനെപ്പോലെ "ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ...."എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന്‍ ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..വില്ലന്‍ വില്ലാളി വീരന്‍, വീരന്‍ വീരമണി കണ്ടന്‍ എന്നീ വിശേഷണങ്ങള്‍ക്ക് തികച്ചും അനുയോജ്യനും രഘുനാഥന്‍ എന്ന വിളിപ്പേരുമുള്ള താങ്കളെ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍‍, കാശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി താങ്കള്‍ ചെയ്ത വന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് കൊണ്ടും ,ഇത്രയും നാളായിട്ടും ഏതെങ്കിലും ഉഗ്രവാദിയെക്കൊണ്ട് "ഛീ പോ" എന്നു പോലും പറയിക്കാന്‍ താങ്കള്‍ ഇടയാക്കാത്തത് കൊണ്ടും, ഇനിയും ഇവിടെ നിന്നാല്‍ ഏതെങ്കിലും ഉഗ്രവാദിക്കു താങ്കള്‍ പണിയാകും എന്നുള്ള കാര്യം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ടും ഇനിയുള്ള താങ്കളുടെ സേവനങ്ങള്‍ കൊതുകുകളുടെ സ്വന്തം നാടായ കേരളത്തിനു അത്യന്തം ആവശ്യമായിരിക്കുന്നതായി ബോധ്യപ്പെട്ടതു കൊണ്ടും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താങ്കളെ ഏല്‍പ്പിച്ചിട്ടുള്ള സകലവിധ ഇടപാടുകളും പൂര്‍ത്തിയാക്കി പെട്ടിയും പ്രമാണവും എടുത്ത്‌ കേരളത്തില്‍ ........ എന്നു പേരായ സ്ഥലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ യൂണിറ്റില്‍ പോയി ഹാജര്‍ രേഖപ്പെടുത്തണമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...


ദൈവമേ.... എന്തൊരു പരീക്ഷണം.


കേരളത്തില്‍ പോകാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നു വായനക്കാരായ നിങ്ങള്‍ ന്യായമായും സംശയിച്ചേക്കാം. പക്ഷെ എങ്ങനെ സന്തോഷിക്കും?. എന്തൊക്കെയായാലും കശ്മീരില്‍ ഉഗ്രവാദികളെ മാത്രം പേടിച്ചാല്‍ മതി. അവരുടെ കൈകൊണ്ടു അന്തസ്സായി വെടിയേറ്റു മരിക്കാം. അവിടെക്കിടന്നു മരിച്ചാല്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്ത ധീര ജവാന്‍ രഘുനാഥനായി ഞാന്‍ മാറും! ചിലപ്പോള്‍ പരമ വീര ചക്രമോ അശോക ചക്രമോ ഇതൊന്നുമില്ലെങ്കില്‍ "ലക്ഷക്കണക്കിന്‌ വെറും ചക്രമോ" കിട്ടും. ശരീരം വിമാനത്തില്‍ കയറ്റി നാട്ടിലെത്തിക്കുമ്പോള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ വരും. നാട്ടില്‍ വീര ജവാന്‍ രഘുനാഥന് സ്മാരകങ്ങള്‍ ഉയരും. ചുരുക്കത്തില്‍ പറഞ്ഞാല്‍ മരണശേഷം ഞാനൊരു ഒരു മഹാപ്രസ്ഥാനമായി മാറും.!!ഇനി കേരളത്തില്‍ വന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ഒന്നുകില്‍ കൊതുക് കടിയേറ്റു ഞാന്‍ കൊതുക് നാണപ്പനായി മാറും. അല്ലെങ്കില്‍ പന്നിപ്പനി, ഡെങ്കിപ്പനി, കോഴിപ്പനി മുതലായ പനികള്‍ പിടിച്ചു പാപ്പരായി സര്‍ക്കാര്‍ ആശുപത്രികളില്‍ "നിരീക്ഷണത്തില്‍" ആവും. അതുമല്ലെങ്കില്‍ ഏതെങ്കിലും കൊട്ടേഷന്‍ ടീമിന്റെ "എസ് " ആകൃതിയിലുള്ള ആക്രമണത്തിനു വിധേയമായി റോഡില്‍ കിടക്കും. പോലീസ്സുകാര്‍ എന്റെ ബൈക്കിന്റെ സൈഡ് ബോക്സില്‍ നിന്നും റമ്മിന്റെ കുപ്പിയും അച്ചാറും ചിപ്സും പഴയ അണ്ടര്‍ വെയറും കണ്ടെടുക്കും. എന്റെ ബൈക്കിന്റെ പുറകില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ നടിയുടെ പടം എങ്ങിനെ അവിടെയെത്തി എന്നുള്ളത് ചാനലുകാര്‍ വിശകലം ചെയ്യും. അതിനിടയില്‍ എന്നെ ആക്രമിച്ച കൊട്ടേഷന്‍ പാര്‍ട്ടിക്കാര്‍ എത്യോപ്പ്യയിലെക്കോ ഉഗാണ്ടയിലെക്കോ രക്ഷപ്പെടും. എന്നെപ്പറ്റി നീണ്ട കഥകളും നീളാത്ത കഥകളും രചിക്കപ്പെടും. കഥയുടെ അവസാനം ഞാന്‍ കഥാവശേഷനാവുകയും എന്റെ കുടുംബം "കഥയില്ലാത്തവര്‍" ആവുകയും ചെയ്യും.എന്തായാലും ആര്‍മി തമ്പുരാന്റെ കല്പന നമ്മുടെ നാട്ടിലെ ഗവര്‍മെന്റ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നത് പോലെയുള്ള ലൊടുക്കു കല്പനയല്ല. ഏതു പട്ടാളക്കാരനും അത് അനുസരിച്ചേ മതിയാകൂ. അതുകൊണ്ട് നാല് വര്‍ഷത്തെ കശ്മീര്‍ വാസം മതിയാക്കി ഞാന്‍ കേരളവാസത്തിനായി വണ്ടി കയറിയ വിവരം ഇതിനാല്‍ വിളംബരം ചെയ്തുകൊള്ളുന്നു.കേരളാ എക്സ്പ്രസ്സ്‌ എന്ന സൂപ്പറല്ലാത്ത ഫാസ്റ്റ് വണ്ടിയിലെ എസ് -ഫോര്‍ ബോഗിയില്‍ സൈഡ് സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു മലയാള പത്രത്തിലെ "കൊട്ടേഷന്‍ കഥകള്‍" വായിക്കുകയാണ് ഞാന്‍. വണ്ടി കേരളത്തില്‍ ഏതോ സ്റ്റേഷനില്‍ എത്തി. ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. മഴ ചാറുന്നുണ്ട്. ഞാന്‍ സൈഡ് ഗ്ലാസ്‌ താഴ്ത്തി വച്ചിട്ട് വീണ്ടും ഗുണ്ടാ ചരിത പാരായണം തുടങ്ങി."ഹേ.. ഈ കാലൊന്ന് ഒതുക്കി വയ്ക്ക്. ഇതെന്താ സര്‍ക്കാര്‍ ആശുപത്രിയാണോ നീണ്ടു നിവര്‍ന്നു കിടക്കാന്‍?"ശബ്ദം കേട്ട് ഞാന്‍ പത്രത്തില്‍ നിന്നും കണ്ണെടുത്തു. എന്റെ മുന്‍പില്‍ നെടുങ്ങനെ നില്‍ക്കുന്ന ഒരു ഭീകര രൂപിയെക്കണ്ട് ഞാന്‍ ഞെട്ടി. കറുത്തു തടിച്ച്, കൊമ്പന്‍ മീശയും ചുവന്ന ഉണ്ട കണ്ണുകളുമുള്ള ഒരാള്‍. അയാളുടെ ചെവിയില്‍ വലിയ രോമങ്ങള്‍ എഴുന്നു നില്ലുന്നു. ഒരു കയ്യില്‍ നീളമുള്ള എന്തോ ഒന്നു കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. മറ്റെക്കയ്യില്‍ ഒരു പഴയ ബാഗ്. അത് നിറയെ എന്തൊക്കെയോ സാധനങ്ങള്‍.! വെള്ള മുണ്ടും ചുവന്ന ഷര്‍ട്ടും വേഷം. ഷര്‍ട്ടിന്റെ കയ്യുകള്‍ തെറുത്തു കയറ്റി വച്ചിരിക്കുന്നു. നെറ്റിയില്‍ ഒരു മുറിവിന്റെ പാട്. കണ്ടിട്ട് കുഞ്ഞിക്കൂനന്‍ സിനിമയില്‍ സായികുമാറിന്റെ ലുക്ക്. ! അതായത് ഒരു ഗുണ്ടാ ലുക്ക് !!കൊട്ടേഷന്‍ കഥകളില്‍ വിവരിച്ചിരിക്കുന്ന അതെ രൂപത്തിലുള്ള ഒരാള്‍! അങ്ങനെ ഒരാളെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട ഞാന്‍ സീറ്റില്‍ നിന്നും അറിയാതെ എണീറ്റു പോയി. അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ഞാനിരുന്ന സീറ്റിന്റെ മറ്റേ അറ്റത്തിരുന്നു. കടലാസില്‍ പൊതിഞ്ഞ നീളമുള്ള സാധനം അടുത്തു ചാരിവച്ചു. ബാഗ് സീറ്റിന്റെ നടുവില്‍ വച്ചു. എന്നിട്ട് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്തിട്ട് ആരോടോ സംസാരം തുടങ്ങി. രണ്ടു മിനിട്ട് സംസാരം കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് ആ ഭീകരന്‍ ഫോണിലൂടെ ഒറ്റ അലര്‍ച്ച..."എന്ത് ?.... സമ്മതിക്കുന്നില്ലന്നോ?..... ഇടിച്ചു നിരപ്പാക്കടാ"ദൈവമേ ഇയാള്‍ ഗുണ്ടാ തലവന്‍ തന്നെ. ഏതോ ഹതഭാഗ്യനെ ഇടിച്ചു നിരപ്പാക്കാന്‍ തന്റെ ശിങ്കിടികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയാണ്. അതുകൊണ്ടല്ലേ ഞാന്‍ സീറ്റില്‍ കിടന്നതിന് എന്നെ ഇയാള്‍ ശാസിച്ചത്?. കത്തിയും വടിവാളും ഒക്കെയായിട്ടാണ് ഇവര്‍ നടക്കുന്നതെന്നാണ് പത്രത്തില്‍ എഴുതിയിരിക്കുന്നത്. ഒരാളെ കൊല്ലാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ വേണ്ടാ എന്നും എഴുതിയിട്ടുണ്ട്. അയാളുടെ അടുത്ത്‌ കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്നത് വടിവാള്‍ തന്നെയാകണം. ബാഗില്‍ നിറച്ചു വച്ചിരിക്കുന്നത് ബോംബ്‌ ആണോ. ഭാഗ്യത്തിനാണ് സീറ്റില്‍ കിടന്ന കുറ്റത്തിന് എന്നെ കുത്താതിരുന്നത്. ഗുണ്ടകള്‍ക്ക് പട്ടാളമെന്നോ പോലീസ്സെന്നോ ഉണ്ടോ? കത്തി കേറ്റാന്‍ ഒരാളെ കിട്ടിയാല്‍ പോരെ?? എന്നൊക്കെ ആലോചിച്ചു വിറച്ചുപോയ ഞാന്‍ പകപ്പോടെ ചുറ്റും നോക്കി.ബോഗിയില്‍ ആളുകള്‍ പൊതുവേ കുറവാണ്. ഞാനിരുന്ന ക്യാബിനില്‍ എന്നെ കൂടാതെ ആ ഭീകരനും വൃദ്ധരായ മറ്റു രണ്ടു പേരും മാത്രമാണുള്ളത്. വൃദ്ധര്‍ രണ്ടും താഴെയുള്ള സീറ്റുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നു. അടുത്തുള്ള ക്യാബിനില്‍ ഉള്ളവരൊക്കെ വശങ്ങളിലാണ് ഇരിക്കുന്നത്. അത് കൊണ്ട് കാണാന്‍ പറ്റുന്നില്ല. വേറൊരു സീറ്റിലേയ്ക്ക് മാറിയാലോ എന്നു ഞാന്‍ ആലോചിച്ചു. പക്ഷെ ആ ഭീകരന്‍ ഇരിക്കുന്ന സീറ്റിനടിയിലാണ്‌ എന്റെ സ്യുട്ട് കേസ്‌ വച്ചിരിക്കുന്നത്. ഞാന്‍ അല്പം പേടിയോടെ അയാളെ ശ്രദ്ധിച്ചു." കയ്യോ ? വെട്ടിമാറ്റെടാ അവന്റെ കൈ"മൊബൈലില്‍ കൂടി ഭീകരന്റെ അടുത്ത ആജ്ഞ കേട്ടതോടെ ഞാന്‍ സീറ്റില്‍ നിന്നും പതുക്കെ എഴുനേറ്റു. ഇവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഇയാള്‍ ദേഷ്യം തീര്‍ക്കാന്‍ എന്റെ കൈ വെട്ടി മാറ്റാനും മടിക്കില്ല എന്നെനിക്ക് ഉറപ്പായി. ട്രെയിന്‍ വിട്ടു കഴിഞ്ഞു. ആരുമില്ലല്ലോ ഒരു സഹായത്തിന്? പുറത്തു നല്ല മഴ. അടുത്ത സീറ്റില്‍ ഉറങ്ങുന്ന വൃദ്ധര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞാലും എന്ത് ചെയ്യാന്‍? എന്നെപ്പോലെ നാല് പേര് പിടിച്ചാല്‍ നില്‍ക്കുന്ന സൈസല്ല അയാളെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഇയാളുടെ സീറ്റിന്റെ അടിയിലാണ് എന്റെ പെട്ടി. അതിന്റെ പുറത്തു ചവിട്ടിയാണ് ആ കാലമാടന്‍ ഇരിക്കുന്നത്. ആ പെട്ടി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ വേറെ എങ്ങോട്ടെങ്കിലും മാറി ഇരിക്കാമായിരുന്നു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ നിന്ന് അയാളെയും അയാളുടെ പെരുത്ത കാലിന്റെ അടിയില്‍ പെട്ട് ഞെരുങ്ങുന്ന എന്റെ പെട്ടിയേയും മാറി മാറി നോക്കി.അല്ലെങ്കില്‍ സ്യുട്ട് കേസ് അവിടെ ഇരിക്കട്ടെ. ജീവന്‍ ഉണ്ടെങ്കിലല്ലേ അതിന്റെ ആവശ്യം വരൂ? ആദ്യം ഈ ഗുണ്ടയുടെ മുന്‍പില്‍ നിന്നും രക്ഷപ്പെടാം. ഞാന്‍ തീരുമാനിച്ചു. എന്റെ പല വിലപിടിച്ച സാധനങളും അടങ്ങുന്ന പെട്ടിയെ ദയനീയമായി ഒരിക്കല്‍ കൂടി നോക്കിയിട്ട് ഞാന്‍ അയാളുടെ കണ്ണില്‍ പെടാതെ സൂത്രത്തില്‍ അവിടുന്ന് രക്ഷപ്പെട്ടു. എന്നിട്ട് കുറച്ചു ദൂരെയുള്ള വാതിലിനരുകില്‍ പെട്ടി കാണാവുന്ന രീതിയില്‍ നിലയുറപ്പിച്ചു. ഭീകരന്‍ അപ്പോഴും ഫോണിലൂടെ ആജ്ഞകള്‍ അനുയായികള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷന്‍ എത്തി. ട്രെയിന്‍ നിറുത്തിയ ഉടന്‍ ഞാന്‍ പുറത്തിറങ്ങി. ഭാഗ്യത്തിന് അവിടെ ഒരു പോലീസുകാരന്‍ നില്പുണ്ടായിരുന്നു. എങ്ങനെയും പെട്ടി എടുക്കണ മെന്നുള്ളതിനാല്‍ വടിവാളും ബോംബുമായി പട്ടാപ്പകല്‍ പരസ്യമായി തീവണ്ടി യാത്ര ചെയ്യുന്ന ഗുണ്ടാത്തലവന്റെ വിവരം പോലീസുകാരനെ ധരിപ്പിച്ചു. എന്റെ വിവരണങ്ങള്‍ കേട്ട അയാള്‍ കയ്യിലിണ്ടായിരുന്ന വിസില്‍ നീട്ടിയടിച്ചു. ഉടന്‍ രണ്ടു മൂന്നു പോലീസുകാര്‍ പാഞ്ഞെത്തി. അവര്‍ ബോഗിയിലേക്കു ചാടിക്കയറി. ഇത് കണ്ട ബോഗിയിലെ മറ്റു യാത്രക്കാര്‍ പരിഭ്രമിച്ചു . ആ ഇരിക്കുന്നത് ഒരു കൊടും ഗുണ്ടാത്തലവന്‍ ആണെന്നും അയാളെ ഞാനാണ് പോലീസുകാര്‍ക്ക് കാട്ടിക്കൊടുത്തതെന്നും അറിഞ്ഞപ്പോള്‍ എന്നെ ചിലര്‍ അമ്പരപ്പോടെ നോക്കി. ഞാനൊരു ജവാനാണ് എന്നു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളിലെ അമ്പരപ്പ് ആദരവായി മാറുന്നത് ഞാന്‍ കണ്ടു.പോലീസ്സുകാര്‍ അയാളുടെ അരികില്‍ കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്ന വടിവാള്‍ പോലെ നീളമുള്ള സാധനവും ബോംബ് നിറച്ച ബാഗും പിടിച്ചെടുത്തു. അതിനുള്ളില്‍ നിന്നും പുറത്തു വന്ന സാധങ്ങള്‍ കണ്ടു പോലീസ്സുകാര്‍ ഞെട്ടി. ഒപ്പം കണ്ടു നിന്നവരും..ഒരു മുഴക്കോല്‍ ! (കെട്ടിടം പണിയുന്നവര്‍ ഉപയോഗിക്കുന്നത്) ബാഗില്‍ നിന്നും രണ്ടു മൂന്ന് കരണ്ടികള്‍!! പിന്നെ തൂക്ക് കട്ട, നൂല് , ചെറിയ പ്ലാസ്റ്റിക് പൈപ്പ്. കൂടാതെ വട്ടത്തില്‍ ചുറ്റി വയ്കാന്‍ പറ്റുന്ന ഒരു ടേപ്പും.!!!"പൊന്നേമാനെ. ഞാന്‍ കെട്ടിടം പണിയുന്ന ആളാ. ഞാന്‍ പണിയുന്ന കെട്ടിടത്തിന്റെ അടുത്ത്‌ ഒരു ചെറിയ മതിലുണ്ട്‌. അത് ഇടിച്ചു കളയുന്ന കാര്യമാ ഞാന്‍ പറഞ്ഞെ. മതിലിന്റെ അപ്പുറത്തെ വീടുകാരുടെ പറമ്പില്‍ നില്‍ക്കുന്ന ഒരു വാഴയുടെ കയ്യും വെട്ടാന്‍ പറഞ്ഞത് നേരാ."പോലീസ് കാരുടെ മുന്‍പില്‍ തൊഴു കയ്യുമായി നിന്ന് കുറ്റം ഏറ്റു പറയുന്ന പറയുന്ന "ഭീകരനെ"യും പോലീസ്സുകാരെയും ശ്രദ്ധിക്കാതെ ഞാന്‍ എന്റെ പെട്ടിയുമെടുത്ത് സ്ഥലം വിട്ടു...

.

Wednesday, July 15, 2009

എന്റെ ഭാവിയും അവളുടെ നോട്ടവും

"ഹലോ ഇത് രഘുനാഥന്‍ സാറാണോ?"....

"രഘുനാഥന്‍ പിന്നെ സാറല്ലാതെ ടീച്ചര്‍ ആകുമോ? വെളുപ്പാന്‍ കാലത്ത് വെറുതെ മിനക്കെടുത്താതെ വച്ചിട്ടു പോടെ" എന്ന് ചോദിയ്ക്കാന്‍ തോന്നിയ ഞാന്‍ ഉടന്‍ എന്നെത്തന്നെ നിയന്ത്രിച്ചു..കാരണം മൊബൈലില്‍ കൂടി കേട്ടത് വെറുമൊരു സ്വരമല്ല. മധുര സ്വരമാണ്. കളമൊഴി,കിളിമൊഴി എന്നൊക്കെ കവികള്‍ പറയുന്നത് കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലൊക്കെത്തന്നെയുള്ള ഒരു മൊഴി..!!


ശബ്ദം കേട്ടിട്ട് ഒരു യുവതിയാണെന്ന് തോന്നുന്നു. എരുമ കരയുന്നതു പോലെയുള്ള എന്റെ സ്വരം കേട്ടു പേടിച്ച് അവള്‍ ഫോണ്‍ വച്ചിട്ട് പോയാലോ എന്ന് ശങ്കിച്ച ഞാന്‍ എന്റെ സ്വരത്തില്‍ മാക്സിമം അളവില്‍ പഞ്ചസാര ചേര്‍ത്ത് മറു ചോദ്യം ഉന്നയിച്ചു..


"അതെല്ലോ ..ഇതാരാ..?"


"പട്ടാളക്കാരന്‍ രഘുനാഥന്‍ അല്ലെ?" അപ്പുറത്ത് നിന്നും വീണ്ടും ചോദ്യം.


"എടീ പെങ്കൊച്ചേ കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കെടുത്ത വീരയോദ്ധാവായ രഘുനാഥന്‍ തന്നെയാണ് നിന്നോട് സംസാരിക്കുന്നത്" എന്ന് പറയാന്‍ തോന്നിയെങ്കിലും ഞാന്‍ വീണ്ടും എന്നെ നിയന്ത്രിച്ചു. ആദ്യത്തെ അളവില്‍ തന്നെ വീണ്ടും പഞ്ചസ്സാര കുറുക്കി...


"അതെ അതെ...ആരാ വിളിക്കുന്നത്‌..?"


അപ്പുറത്ത് നിശബ്ദത ..ദൈവമേ വച്ചിട്ട് പോയോ? ആളുമാറി വിളിച്ചതാണോ? ഞാന്‍ ശങ്കിച്ചു..


"ഈ ബ്ലോഗൊക്കെ എഴുതുന്ന രഘുനാഥന്‍ തന്നെയല്ലേ ?" അപ്പുറത്ത് നിന്നും അപ്രതീഷിതമായ ചോദ്യം കേട്ട ഞാന്‍ ഞെട്ടി..


അമ്പടീ.. നീയപ്പോള്‍ എന്റെ ആരാധികയാണ് അല്ലെ? ഞാന്‍ എഴുതുന്ന പട്ടാളക്കഥകള്‍ ഒക്കെ വായിച്ചു ഒത്തിരിപ്പേര്‍ കമന്റ് എഴുതാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരാള്‍, അതും ഒരു യുവതി എന്നെ ഫോണില്‍ വിളിക്കുന്നത്‌. ഞാന്‍ അടിമുടി കോരിത്തരിച്ചു..ആസകലം കോരാതെ തരിച്ചു..കവികള്‍ പറയുന്നത് പോലെ തരളിത ഹൃദയനായി മാറി..എന്റെ സ്വരത്തില്‍ ഞാനറിയാതെ പഞ്ചസാര കൂടി കല്‍ക്കണ്ട മായോ എന്നൊരു സംശയം..


"അതെ അതുതന്നെ"... ആരാ ഈ വിളിക്കുന്നെ ??


"സാര്‍ ഞാന്‍ ശാലിനി..സാറിന്റെ നാട്ടുകാരിയാ ... മുതുകുളത്താ വീട്...ഹരിപ്പാട്ടാ വര്‍ക്കു ചെയ്യുന്നേ.."


ഹോ..എന്റെ മനസ്സറിഞ്ഞ പോലയല്ലേ അവള്‍ സംസാരിക്കുന്നത്? ബ്ലോഗ്ഗില്‍ ഞാന്‍ പെണ്ണുകാണാന്‍ പോകുന്ന വിവരവും അതെല്ലാം ചീറ്റിപ്പോകുന്ന കഥകളും എഴുതിയിട്ടുണ്ട്. അതൊക്കെ ഇവള്‍ വായിച്ചിട്ടുമുണ്ടാകും. ഞാനൊരു 'ക്രോണിക്‌ ഇല്ലാത്ത ബാച്ചിലര്‍' ആണെന്നും നല്ലൊരു പെണ്ണിനെ കിട്ടിയാല്‍ അപ്പോള്‍ തന്നെ കെട്ടിക്കളയും എന്നവള്‍ക്ക് അറിയാമായിരിക്കും.അതുകൊണ്ടാവുമോ രാവിലെ തന്നെ അവള്‍ വിളിച്ചത്? ഇപ്പോഴത്തെ പെണ്‍പിള്ളാരൊക്കെ ഭാവിയിലേയ്ക്ക് നല്ല നോട്ടമുള്ളവര്‍ ആണെന്ന് മാത്തപ്പന്‍ പറഞ്ഞത് എത്ര ശരി..അത് കൊണ്ടല്ലേ അവള്‍ തന്നെ മുന്‍കൈ എടുത്ത്‌ എന്നെ വിളിച്ചത്..?? സ്മാര്‍ട്ട് പെണ്‍കുട്ടി....ഐ ലൈക്‌ യു ഡാ... (ലവ് യു ഡാ എന്ന് നേരില്‍ കാണാന്‍ പറ്റിയാല്‍ പറയണം) ഞാന്‍ തീരുമാനിച്ചു.


"സാറിന്നു ഫ്രീയാണോ എനിക്കൊന്നു കാണാന്‍ പറ്റുമോ?"


അവളുടെ അടുത്ത കിളിമൊഴി കേട്ട ഞാന്‍ വീണ്ടും കോരിത്തരിക്കുക മാത്രമല്ല ഒപ്പം ഞെട്ടിത്തരിക്കുക കൂടി ചെയ്തു. "വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും കാരാമില്‍ക്ക് " എന്ന് പറഞ്ഞത് പോലെ, ഇവള്‍ രണ്ടും കല്പിച്ച് ഇറങ്ങിയവള്‍ തന്നെ സംശയമില്ല.! കാശ്മീര്‍ പ്രശ്നം പോലെ നീണ്ടു നീണ്ടു പോകുന്ന എന്റെ കല്യാണ പ്രശ്നം ഇതാ തീരാന്‍ പോകുന്നു. ഒരു യുവസുന്ദരി എന്നെ കാണാന്‍ ആഗ്രഹിക്കുന്നു!! അവളെ കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. എല്ലാത്തിനും കാരണക്കാരന്‍ പട്ടാളക്കഥകള്‍ എന്ന കിടിലന്‍ ബ്ലോഗ്ഗ് ! അത് കിടക്കുന്ന കിടിലോല്കിടിലന്‍ ബൂലോകം.!! ജയ് ജയ് പട്ടാളക്കഥകള്‍. ജയ് ജയ് ബൂലോകം, ജയ് ജയ് ഞാന്‍..!!!.


"പിന്നെന്താ കാണാമല്ലോ....എപ്പോഴാ വരുന്നത്" ഞാന്‍ ചോദിച്ചു..


"സാറിന് കഴിയുമെങ്കില്‍ ഒന്ന് ഹരിപ്പാട്‌ വരെ വരാമോ? വൈകിട്ട് അഞ്ചു മണിക്ക് ശേഷം വന്നാല്‍ സൌകര്യമാണ്. എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കില്‍ വേണ്ട കേട്ടോ"


"അസൗകര്യം? എനിക്കോ? ഞാനിപ്പോഴേ വരാന്‍ റെഡി " എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും വീണ്ടും ഞാന്‍ എന്നെ നിയന്ത്രിച്ചു. ആക്രാന്തം പാടില്ല. വെയിറ്റ് ആന്‍ഡ്‌ സീ .


"വരാന്‍ പറ്റുമോ എന്ന് നോക്കട്ടെ" ഞാന്‍ പറഞ്ഞു. എവിടെയാ വരണ്ടേ?


" ബസ്‌ സ്റ്റൊപ്പിനടുത്തു നിന്നാല്‍ മതി." ഞാന്‍ എത്തിക്കോളാം. അവള്‍ പറഞ്ഞു.


"ഓക്കേ. പക്ഷെ എങ്ങനെ ഞാന്‍ തിരിച്ചറിയും? ഞാന്‍ ഇതുവരെ ശാലിനിയെ കണ്ടിട്ടില്ലല്ലോ? ശാലിനി എന്നെയും."?


"അത് സാരമില്ല. ഞാന്‍ സ്റ്റോപ്പിന്റെ നേരെ മുന്‍പിലുള്ള ബേക്കറിയുടെ അടുത്ത്‌ നില്‍കാം." വന്നു കഴിയുമ്പോള്‍ ഈ നമ്പരില്‍ വിളിച്ചാല്‍ മതി."അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ പെണ്ണുകാണല്‍, അതായത് ചെറുക്കന്‍ പോയി പെണ്ണിനെ കാണുക എന്ന മുഷിപ്പന്‍ പരിപാടി ഇതാ ഞാന്‍ തിരുത്തിക്കുറിക്കാന്‍ പോകുന്നു. പെണ്ണ് നേരിട്ട് വന്നു ചെറുക്കനെ കാണുന്ന അതിനൂതന സമ്പ്രദായം ഇന്ന് മുതല്‍ തുടങ്ങാന്‍ പോകുന്നു. ഇതിനെല്ലാം കാരണഭൂതനായ ബൂലോകം ജയ്..പട്ടാളക്കഥകള്‍ ജയ്.....ഞാന്‍ ജയ്..ദിവസത്തിന് നീളം കൂടിയോ എന്നെനിക്കു സംശയമായി. അഞ്ചു മണിയാകാന്‍ ഇത്രയും സമയമെടുക്കുമോ? ഞാന്‍ വീണ്ടും വീണ്ടും വാച്ചില്‍ നോക്കി. നാലര ആയപ്പോള്‍ പുതിയ ജീന്‍സും ടി ഷര്‍ട്ടും ധരിച്ചു. മുടി സ്റ്റൈലില്‍ ചീകി വച്ചു. മുഖത്ത്‌ ഫെയര്‍ ആന്‍ഡ്‌ ലൌലിയും അതിന്റെ കൂടെ മേമ്പൊടിയായി പൌഡറും തേച്ചു. കണ്ണാടിയില്‍ ചാഞ്ഞും ചരിഞ്ഞും നോക്കി. സൌന്ദര്യം മുന്‍പിലും പുറകിലും ഉണ്ടെന്നു ഉറപ്പു വരുത്തി. ബൈക്കെടുത്തു ഹരിപ്പാട്ടെയ്ക്ക് പുറപ്പെട്ടു.
അഞ്ചു മണിയാകാന്‍ കൃത്യം അഞ്ചു മിനിട്ട് ബാക്കിയുള്ളപ്പോള്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ എത്തി. ബൈക്ക്‌ നിറുത്തി സ്റ്റോപ്പിന്റെ നേരെ മുന്‍പിലുള്ള ബേക്കറിയുടെ പരിസരം ശ്രദ്ധിച്ചു. അത്ഭുതം!! അവിടെയതാ അവള്‍ നില്കുന്നു!! ഇറുകിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച്, മുടി ഉച്ചിയില്‍ വാല് പോലെ ഉയര്‍ത്തിക്കെട്ടി, ഒരു ചുവന്ന ഹോണ്ട ആക്ടീവയില്‍ അവള്‍ എന്നെ പ്രതീക്ഷിച്ചിരിക്കുന്നു.."യാത്രക്കാരുടെ ശ്രദ്ധയ്ക്ക്" എന്ന സിനിമയിലെ നായിക 'സൌന്ദര്യയുടെ' ദേഹപ്രകൃതി. സുന്ദരി...മനോഹരി..സുമുഖി..എനിക്ക് ബോധിച്ചു. എന്റെ ഭാര്യയാകാനുള്ള എല്ലാ അളവുകളുമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ തൂക്കവുമുണ്ട്‌. .. . ഇവള്‍ മതി...ഞാന്‍ തീരുമാനിച്ചു.എങ്കിലും മനസ്സു പറയുന്നു. ആക്രാന്തം പാടില്ല. ഇതവള്‍ തന്നെയാണോ? വേറെ ആരെങ്കിലും ആണെങ്കിലോ? ഏതായാലും ഒന്ന് ഫോണ്‍ ചെയ്തു നോക്കാം. ഭഗവാനെ ഇതവള്‍ തന്നയാകണേ. ഞാന്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു...അതാ അവള്‍ ഫോണ്‍ എടുക്കുന്നു.!! അവള്‍ തന്നെ.പിന്നെ ഒട്ടും താമസിച്ചില്ല. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വണ്ടി മുന്‍പോട്ടെടുത്തു. നേരെ അവളുടെ അടുത്ത്‌ പോയി സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി.അപ്രതീക്ഷിതമായ ആ ആഗമനത്തില്‍ അവളൊന്നു ഞെട്ടി. ഞാന്‍ തലയില്‍ നിന്നും ഹെല്‍മെറ്റ് ഊരിമാറ്റി. മുടി കൈത്തലം കൊണ്ട് മാടിയൊതുക്കി. എന്നിട്ട് അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു."രഘുനാഥന്‍ സര്‍ ????" അവള്‍ എന്നെ നോക്കി ചിരിച്ചു. നല്ല ചിരി. കവിളില്‍ നുണക്കുഴികള്‍. എനിക്ക് പിന്നെയും അവളെ ഇഷ്ടമായി...


"സാര്‍ നമുക്ക് ആ ബേക്കറിയില്‍ ഇരുന്നു സംസാരിക്കാം എന്താ?" അവള്‍ എന്നെ നോക്കി..


"പിന്നെന്താ... ആകട്ടെ ...നമ്മുടെ ആദ്യത്തെ മീറ്റിംഗ് ആല്ലേ ? ഒരു കോഫിയില്‍ തന്നെ തുടങ്ങാം."ഞങള്‍ ബേക്കറിയുടെ മൂലയ്ക്കുള്ള കസേരകളില്‍ ഇരുന്നു. അവള്‍ തന്റെ പുറത്തു കിടന്ന ബാഗ് എടുത്ത്‌ മുന്‍പിലുള്ള ടേബിളില്‍ വച്ചു. കണ്ടിട്ട് അതൊരു ലാപ്‌ ടോപ്‌ ആണെന്ന് തോന്നുന്നു. അപ്പോള്‍ ഇവള്‍ ഐ.ടി ഫീല്‍ഡില്‍ തന്നെയാകണം ജോലി ചെയ്യുന്നത്. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും കാരാമില്ക് . ഞാന്‍ മനസ്സില്‍ പറഞ്ഞു.എന്ത് പറയണം എവിടെ തുടങ്ങണം എന്നറിയാതെ ഞങള്‍ പരസ്പരം കുറച്ചു നേരം മുഖത്തോടു മുഖം നോക്കിയിരുന്നു.അവളുടെ സുന്ദരവദനം കണ്ടപ്പോള്‍ ഞാന്‍ പറയാന്‍ ഓര്‍ത്ത്‌ വച്ചിരുന്നതെല്ലാം മറന്നു.


"ഞാന്‍ കുറച്ചു നാള്‍ മുതല്‍ സാറിനെ കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു..ഇനി താമസിച്ചാല്‍ സാര്‍ തിരിച്ചു പോയേക്കുമോ എന്ന് പേടിച്ചാ ഇന്ന് വിളിച്ചത്.".. ഒടുവില്‍ അവള്‍ തന്നെ തുടക്കമിട്ടു..ഒപ്പം തന്റെ മുന്‍പിലിരുന്ന ലാപ്‌ ടോപ് പുറത്തെടുത്ത് ഓണ്‍ ചെയ്തു.കൊള്ളാം..ഞാനെഴുതിയ പോസ്റ്റുകള്‍ എന്നെത്തന്നെ കാണിക്കാന്‍ പോവുകയാണ് ഈ മിടുക്കി..പോസ്റ്റുകളെക്കുറിച്ച് തന്നെയാകട്ടെ ആദ്യത്തെ ചര്‍ച്ച. പിന്നീടത്‌ പതുക്കെ പെണ്ണുകാണല്‍, കല്യാണം മുതലായ മേഘലകളിലെയ്ക്ക് കൊണ്ടുപോകണം. എന്നിട്ട് വേണം എനിക്ക് തുറന്നു പറയാന്‍ ഐ ലവ് യു ഡാ..... ഞാന്‍ ഉറപ്പിച്ചു.


"സാര്‍ നോക്കൂ. ഞങളുടെ കമ്പനി പുതുതായി ലോഞ്ച് ചെയ്ത പോളിസിയാണ്. ഇതില്‍ സാറിനെപ്പോലെയുള്ള പട്ടാളക്കാര്‍ക്ക് വേണ്ടി ചില പുതിയ സ്കീമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകട ഇന്‍ഷുറന്‍സ്, മരണം സംഭവിച്ചാല്‍ പത്തു ലക്ഷം വരെ താങ്കളുടെ ഭാര്യക്ക് കിട്ടാവുന്ന ഒരേയൊരു പോളിസി ഇത് മാത്രമേ ഇന്ന് നിലവിലുള്ളൂ സാര്‍........"


ഭാവിയില്‍ ഞാന്‍ തട്ടിപ്പോയാല്‍ എന്റെ ഭാര്യക്കോ കുട്ടികള്‍ക്കോ കിട്ടാവുന്ന ഭാരിച്ച തുകയെപ്പറ്റി അവള്‍ വാചാലയായപ്പോള്‍ ഞാന്‍ അവളുടെ മുഖത്ത് നോക്കി അന്തം വിട്ടിരുന്നു...അപ്പോള്‍ മാത്തപ്പന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുകയായിരുന്നു..."ഇപ്പോഴത്തെ പെണ്‍ പിള്ളാര്‍ക്ക് ഭാവിയിലേയ്ക്ക് വലിയ നോട്ടമാ."

Wednesday, July 8, 2009

രണ്ടു സുന്ദരികളും ഞാനും

"എറണാകുളത്ത് നിന്നും ആലപ്പുഴ, കായംകുളം, കൊല്ലം വഴി തിരുവനന്തപുരത്തെയ്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ്‌ ബസ്സ്, സ്റ്റാന്റിന്റെ വടക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യുന്നു."


ഈ അറിയിപ്പ് കേട്ട ഞാന്‍ സ്റ്റാന്റിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി ഓടി. ...എറണാകുളത്തു നിന്നും ഹരിപ്പാടിന് പോകാനായി കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ ബസ്സ് കാത്തു നില്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി... വരുന്ന ബസ്സുകളിലോന്നും കാലു കുത്താന്‍ സ്ഥലമില്ല...പോരാത്തതിനു മഴയും..തിരുവനന്തപുരം എന്ന ബോര്‍ഡ് വച്ച സൂപ്പര്‍ ഫാസ്റ്റു ബസ്സ്, " പോകണമെന്നുണ്ടെങ്കില്‍ ഉടനെ കേറിക്കോ.. അല്ലെങ്കില്‍ ഞാനിപ്പോള്‍ സ്ഥലം വിട്ടുകളയും" എന്ന ഭാവത്തില്‍ ഇരച്ചു കൊണ്ട് നില്‍ക്കുകയാണ്‌..പത്തിരുപതു പേര്‍ അതില്‍ കേറാനായി വാതിലിനടുത്ത് തിങ്ങിക്കൂടിയിട്ടുണ്ട്..ചിലര്‍ തങ്ങളുടെ ബാഗും തൂവാലയും മറ്റും ബസ്സില്‍ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പിച്ച്‌ കാലിയായ സീറ്റുകള്‍ അഡ്വാന്‍സ് ബുക്ക് ചെയ്തിട്ട് വീണ്ടും വാതിലിനടുത്ത് വന്നു ബസ്സിനുള്ളില്‍ കയറിപ്പറ്റാനുള്ള യജ്ഞം തുടങ്ങി..ഒരു വിദ്വാന്‍ ഡ്രൈവര്‍ക്ക് കയറാനുള്ള വാതിലില്‍ കൂടി കയറാന്‍ ഡാവില്‍ ഒന്ന് ശ്രമിച്ചു നോക്കുന്നതും അവിടെ ഡ്രൈവര്‍ ഇരിക്കുന്നത് കണ്ടിട്ട് വീണ്ടും തിരിച്ചു വന്നു ഡോറില്‍ തൂങ്ങുന്നതും കണ്ടു... വെറുതെ നോക്കി നിന്നാല്‍ ഇന്ന് പോക്ക് ഉണ്ടാവില്ല എന്ന് മനസ്സിലായ ഞാനും യജ്ഞത്തില്‍ പങ്കു കൊള്ളുകയും അധികം താമസിക്കാതെ ബസ്സിനുള്ളില്‍ എത്തപ്പെടുകയും ചെയ്തു...


ബസ്‌ വിട്ടു...മുകളിലെ കമ്പിയില്‍ തൂങ്ങി നിലത്തുമല്ല ആകാശത്തുമല്ല എന്ന അവസ്ഥയില്‍ നില്‍കുകയാണ്‌ ഞാന്‍...പുറകില്‍ മുഴുവന്‍ സ്ത്രീകളാണ്..അത് കൊണ്ടാണെന്ന് തോന്നുന്നു കേറിയവര്‍ മുന്‍പോട്ടു നീങ്ങാതെ അവിടെത്തന്നെ കുറ്റിയടിച്ചതുപോലെ നില്‍കുകയാണ്‌..ബസ്സിന്റെ മുന്‍പില്‍ നില്‍കുന്ന കണ്ടക്ടര്‍, മുന്‍പോട്ടു പോരെ.. മുന്‍പോട്ടു പോരെ.. എന്ന് പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി ഭാവിക്കുന്നില്ല... തന്നെയുമല്ല കിട്ടിയ സ്ഥലത്ത് തന്നെ അല്പം ഒതുങ്ങി നിന്നിട്ട് തന്റെ പുറകില്‍ നില്‍ക്കുന്നവരെ "എന്താ മുന്‍പോട്ടു പോകാന്‍ ഇത്ര ബുദ്ധിമുട്ട്‌?" എന്ന രീതിയില്‍ നോക്കുന്നുമുണ്ട്..വാതിലിനു നേരെ മുന്‍പില്‍ നില്‍കുന്ന ഒരു തടിച്ച സ്ത്രീയുടെ വിശാലമായ പിന്‍ഭാഗം തന്റെ സീറ്റാക്കി സുഖ യാത്ര ചെയ്തിരുന്ന ഒരു മധ്യ വയസ്കനെ ആ സ്ത്രീ തന്റെ പിന്‍ഭാഗം കൊണ്ട് തന്നെ ഒരു താങ്ങ് താങ്ങുന്നതും ആ താങ്ങലോട് കൂടി കൃശഗാത്രനായ ആ മാന്യന്‍ ഒരു മീറ്ററോളം മുന്‍പിലേക്ക് തെറിച്ചു പോകുന്നതും ഞാന്‍ കണ്ടു...ഏതായാലും ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതുപോലെ ആ താങ്ങല്‍ മൂലമുണ്ടായ ഗ്യാപ്പില്‍ എനിക്ക് നില്കാനുള്ള സ്ഥലം കിട്ടുകയും ചെയ്തു...

ബസ്‌ അരൂര്‍ പാലവും കടന്നു മുന്‍പോട്ടു പോയി..അതിനിടയില്‍ കണ്ടക്ടര്‍ വന്നു...മത്തങ്ങയുടെ ആകൃതിയില്‍ ശരീര പ്രകൃതിയുള്ള കണ്ടക്ടര്‍ക്ക് നില്കാന്‍ തന്നെ രണ്ട് പേര്‍ക്കുള്ള സ്ഥലം വേണ്ടി വരുമെന്ന് എനിക്ക് തോന്നി..ഒരു കൈ മുകളിലെ കമ്പിയിലും മറ്റേ കൈ സീറ്റിനു മുകളിളിലുള്ള കമ്പിയിലും പിടിച്ചു " ത്രികോണെ" എന്ന രീതിയില്‍ നില്‍കുന്ന എന്റെ പുറത്തു ചാരിയാണ് കണ്ടകടര്‍ സാറിന്റെ നില്പ്.. "പണ്ടേ ദുര്‍ബ്ബല ... പോരാത്തതിനു ഗര്‍ഭിണി" എന്ന രീതിയിലായി എന്റെ അവസ്ഥ.. ഞാന്‍ ശ്വാസം വലിച്ചു കേറ്റി മസ്സില് പിടിച്ചു നിന്നു...


എന്റെ നേരെ പുറകില്‍ നില്‍കുന്നതു പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു യുവതിയാണ്..കണ്ടിട്ട് എറണാകുളത്തു എവിടെയോ ജോലി ചെയ്യുന്നതാണെന്ന് തോന്നുന്നു... ഇടതു തോളില്‍ വാനിറ്റി ബാഗും തൂക്കി വലതു കൈ മുകളിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് അലസമായി നോക്കി നില്‍കുകയാണ്‌ ആ സുന്ദരി... വണ്ടി കുലുങ്ങുമ്പോഴും ബ്രേക്ക്‌ ചെയ്യുമ്പോഴും അവളുടെ ശരീരത്തിന്റെ മുന്‍ഭാഗം എന്റെ വലതു തോളില്‍ മുട്ടുന്നുണ്ട്... പക്ഷെ ഒരു പട്ടാളക്കാരനായ ഞാന്‍ പൊതു സ്ഥലങ്ങളില്‍, ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കേണ്ട മര്യാദകളെ മാനിക്കേണ്ടാവനായതിനാല്‍ ആ സ്പര്‍ശന സുഖത്തെ അവഗണിച്ച് കൊണ്ട് എന്റെ യാത്ര തുടര്‍ന്നു...


പക്ഷെ എന്റെ മുന്‍പില്‍ നില്‍കുന്ന ഒരു മാന്യന്‍ ഞാനവിടെ നില്കുന്നത് ഇഷ്ടമില്ല എന്ന രീതിയില്‍ ഇടയ്ക്കിടയ്ക്ക് രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു... വണ്ടി ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ രണ്ടുമൂന്നു പേര്‍ ഇറങ്ങുകയും അത്രയും പേര്‍ കയറുകയും ചെയ്തു..ഇതിനിടയില്‍ ആ മാന്യന്‍ എന്നെ അവിടെനിന്നും മാറ്റാനെന്ന വണ്ണം അയാളുടെ പൊസിഷന്‍ ഒന്ന് ചേഞ്ച്‌ ചെയ്തു...പക്ഷെ അതോടെ പുറകില്‍ നിന്ന സുന്ദരിക്ക് കൂടുതല്‍ സ്ഥലം കിട്ടുകയും അവള്‍ എന്നോട് കൂടതല്‍ ചേര്‍ന്ന് നില്‍കുകയും ചെയ്തു.....ഉര്‍വശീ ശാപം വീണ്ടും ഉപകാരമായി....വണ്ടി കൂടുതല്‍ കുലുങ്ങാനും ഡ്രൈവര്‍ കൂടുതല്‍ ബ്രേക്ക്‌ ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു പോയി...(പട്ടാളക്കാരനായാലും ഞാനുമൊരു പുരുഷനല്ലേ....അതും യവ്വന യുക്തനായ പുരുഷന്‍??)


ഇതോടെ മാന്യന്‍ കൂടുതല്‍ രൂക്ഷമായി എന്നെ നോക്കാന്‍ തുടങ്ങി.. സുന്ദരിയായ ഒരു യുവതിയെ മുട്ടി ഉരുമ്മി യാത്ര ചെയ്യാന്‍ പറ്റാതെ പോവുകയും അടുത്ത്‌ നില്കുന്നവന്‍ അത് അനുഭവിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഒരു സാധാരണ പുരുഷന് തോന്നുന്ന വികാരമായി മാത്രം ഞാനത് കണക്കാക്കുകയും അദ്ദേഹത്തിന്റെ നോട്ടത്തെ ഒട്ടും മൈന്‍ഡ്‌ ചെയ്യാതെയും സുന്ദരിയുടെ മൃദുല സ്പര്‍ശനത്തെ അല്പാല്പമായി മൈന്‍ഡ് ചെയ്തും ഞാന്‍ എന്റെ യാത്ര തുടര്‍ന്നു..


ഇതിനിടയില്‍ ചേര്‍ത്തലയില്‍ നിന്നും കേറിയ മറ്റൊരു യുവതി കൂടി എന്റെ ഇടതു ഭാഗത്ത് നില്കാന്‍ തുടങ്ങി..അതോടെ മാന്യ ദേഹം 'രണ്ട് സുന്ദരികളും ഞാനും' എന്ന നോവലിലെ നായകനെപ്പോലെ നില്‍കുന്ന എന്നെ നോക്കി ഒരു ചോദ്യം..


"താനെന്താ പെണ്ണുങ്ങളുടെ ഇടയില്‍ കിടന്നു വെരകുന്നത്...മുന്‍പോട്ടു കേറി നിന്നു കൂടെ?"


ശെടാ ...യാതൊരു കുഴപ്പവും ഉണ്ടാക്കാതെ മാന്യമായി യാത്ര ചെയ്യുന്ന എന്നോട് ഇയാള്‍ എന്തിനിത്ര ചൂടാകണം? ഞാന്‍ നില്കുന്നത് മൂലം അയാള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല. തന്നെയുമല്ല എന്റെ ചുറ്റും നില്‍കുന്ന യുവതികള്‍ എന്നെപ്പറ്റി യാതൊരു പരാതിയും ഉന്നയിച്ചിട്ടുമില്ല. സ്ഥലമില്ലാത്ത ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അല്പം ബുദ്ധിമുട്ടൊക്കെ സഹിക്കേണ്ടി വരും ..അല്ലാത്തവര്‍ സ്വന്തം കാറോ ബസ്സോ ഒക്കെ വാങ്ങി യാത്ര ചെയ്യണം..എന്നൊക്കെ പറയാന്‍ തോന്നിയെങ്കിലും ഞാന്‍ സംയമനം പാലിച്ചു...എന്നിട്ട് പറഞ്ഞു..


"സാറേ മുന്‍പോട്ടു പോകാന്‍ ഒട്ടും സ്ഥലമില്ല... പിന്നെ എന്ത് ചെയ്യും..യാത്ര ചെയ്യണ്ടേ..."?


"അത് ശരി...അല്ലാതെ പെണ്ണുങ്ങളെ മുട്ടാനല്ല താന്‍ എവിടെ നില്കുനത് അല്ലെ? .എടൊ ഞാനിതൊത്തിരി കണ്ടതാ...തന്റെ രോഗം എനിക്കറിയാം...വേണമെങ്കില്‍ അതിപ്പോ തീര്‍ത്ത്‌ തരാം.."


അതോടെ എന്റെ കണ്‍ട്രോള്‍ വിട്ടു..."കണ്ടിട്ട് മാന്യനാണെന്ന് തോന്നുന്നല്ലോ എന്ന് കരുതിയാണ് ഞാനും മാന്യമായി സംസാരിച്ചത്‌... അപ്പോള്‍ താനെന്താ എന്നെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ? എന്നാലതൊന്നു കാണണമല്ലോ?" ഞാനും ശബ്ദമുയര്‍ത്തി..


ഇത് കണ്ടു അടുത്ത്‌ നിന്ന യുവതികള്‍ പെട്ടെന്ന് ഒതുങ്ങി നിന്നു...എന്നെ മുട്ടി നിന്ന യുവതി പേടിയോടെ അയാളെ നോക്കി...ബസ്സിലെ യാത്രക്കാര്‍ ശബ്ദം കേട്ട് എന്നെയും ആ മാന്യനേയും ശ്രദ്ധിച്ചുതുടങ്ങി...മുന്പിലായിരുന്ന കണ്ടക്ടര്‍ തന്റെ വലിയ ശരീരം ഉരുട്ടി ഞങളുടെ അടുത്തേയ്ക്‌ വന്നു..പോര് കോഴികളെപ്പോലെ പരസ്പരം നോക്കി എന്തിനും തയ്യാറായി നില്‍കുന്ന ഞങളെ നോക്കി കണ്ടക്ടര്‍ ചോദിച്ചു.."എന്താ കാര്യം..ങേ? "

"അല്ല സര്‍ ഞാന്‍ ഇവിടെ ഒരു ശല്യവുമുണ്ടാക്കാതെ വെറുതെ നിന്നതാ ..ഇയാള്‍ക്ക് അതിഷ്ടപെടുന്നില്ല... ഞാന്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയോ എന്ന് ഇവരോട് ചോദിക്കൂ..".ഞാന്‍ ആ യുവതികളെ നോക്കി കണ്ടക്ടരോട് പറഞ്ഞു..

"ഇയാള്‍ എറണാകുളം മുതല്‍ ഇവിടെത്തന്നെ നില്കുകയാ ..സ്ഥലം കിട്ടിയിട്ട് മാറുന്നുമില്ല...ഇവനെയൊക്കെ പിടിച്ച് പോലീസ്സില്‍ ഏല്പിക്കണം..അതാ വേണ്ടത്......"


"ആഹാ ..അതുശരി..അപ്പോള്‍ താനെന്നെ പോലീസ്സില്‍ ഏല്പിക്കും അല്ലെ? " എന്നിലെ പട്ടാളക്കാരന്‍ ഉണര്‍ന്നു..കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കു കൊണ്ട ഒരു വീര ജവാനെ പോലീസ്സിനെകൊണ്ട് പിടിപ്പിക്കുമെന്ന് കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല.. ഞാന്‍ കണ്ടക്ടരോട് പറഞ്ഞു.. സാര്‍ വണ്ടി നേരെ പോലീസ്സ് സ്റ്റെഷനിലെയ്ക് വിട്...ഒരു പട്ടാളക്കാരനെ യാതൊരു കാരണവുമില്ലാതെ പോലീസ്സിനെക്കോട് പിടിപ്പിക്കുമെങ്കില്‍ അതൊന്നു കാണണം..."


യാത്രക്കാര്‍ എന്റെ വീറും വാശിയും കണ്ടു അന്തം വിട്ടു...എന്നെ മുട്ടിനിന്ന യുവതികളുടെ മുഖത്ത്‌ ചെറിയ ഒരു ആരാധന നിഴലിച്ചതായി എനിക്ക് തോന്നി..പട്ടാളക്കാരന്‍ എന്ന് കേട്ടപ്പോള്‍ ആ മാന്യനും ഒന്ന് ഞെട്ടിയത് പോലെ...അപ്പൊ പേടിയുണ്ട് പട്ടാളത്തെ അല്ലെ?ഞാന്‍ മനസ്സില്‍ പറഞ്ഞു..


വണ്ടി ആലപ്പുഴയെത്തി...മാന്യന്‍ ഇറങ്ങി...കൂടെ യുവതിയും...ഇറങ്ങുന്നതിനു മുന്‍പ് അയാള്‍ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു..


ക്ഷമിക്കണം...പട്ടാളക്കാരന്‍ ആണല്ലേ...ഞാനും പട്ടാളത്തിലാ...ഇതെന്റെ ഭാര്യയാ...ഇയാളെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ല...ഞാന്‍ കരുതി..വല്ല വായില്‍ നോക്കിയും ആയിരിക്കുമെന്ന്...അത് കൊണ്ടാ ഞാന്‍ അങ്ങിനെയൊക്കെ പറഞ്ഞത്..


മാന്യന്‍ യുവതിയോടൊപ്പം മുട്ടിയുരുമ്മി നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചുപോയി....."എന്നെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാ..".

Monday, May 25, 2009

ഒരു കുപ്പിയും കോഴി ബിരിയാണിയും...

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവന്‍ പരോളില്‍ വരുന്നതുപോലെ, പട്ടാളത്തില്‍ നിന്നും രണ്ടു മാസത്തെ ലീവിന് നാട്ടില്‍ വന്ന ഞാന്‍, ലീവിന് വരുമ്പോഴുള്ള എന്‍റെ സ്ഥിരം ഏര്‍പ്പാടായ പെണ്ണുകാണല്‍ എന്ന യജ്ഞം വീണ്ടും തുടങ്ങിയ വിവരം ഇന്നാട്ടുകാരായ എല്ലാ വായനക്കാരെയും അറിയിച്ചു കൊള്ളുന്നു.


കേരളത്തിലെ ബേക്കറി ഉടമകള്‍ പുതുതായി കണ്ടു പിടിച്ചിട്ടുള്ള മധുര പലഹാരങ്ങള്‍ കഴിക്കാനും ഈര്‍ക്കിലിയുടെ തുമ്പില്‍ വെള്ളയ്ക്കാ കുത്തിയതുപോലെയുള്ള എന്‍റെ ശരീരസ്ഥിതിയെ ഒന്ന് മിനുക്കിയെടുക്കാനുമല്ലാതെ കല്യാണം കഴിക്കണമെന്നുള്ള എന്‍റെ ആഗ്രഹം ഉടനെയെങ്ങും നടക്കുമെന്ന് എനിക്ക് പോലും തോന്നുന്നില്ല. അത് നടക്കണമെങ്കില്‍ ദേവലോകത്ത് നിന്നും ഉര്‍വശിയോ രംഭയോ അതുമല്ലെങ്കില്‍ സാക്ഷാല്‍ തിലോത്തമയോ തന്നെ ഭൂമിയില്‍ വന്നു എന്നെ തട്ടികൊണ്ട് പോകണം. അല്ലെങ്കില്‍ കേരളത്തിലുള്ള ഏതെങ്കിലും പെണ്ണിന്റെ ആളുകള്‍ വല്ല ക്വോട്ടേഷന്‍ പാര്‍ട്ടിയെയും വിട്ടു പേടിപ്പിച്ചു ബലമായി അവരുടെ പെണ്ണിനെ എന്നെക്കൊണ്ട് കെട്ടിക്കണം. അതുമല്ലെങ്കില്‍ എന്‍റെ അച്ഛനും അമ്മയും ഞാന്‍ പെണ്ണ് കെട്ടാതെ "ജലപാനം കുടിക്കില്ല" എന്ന് ശപഥം ചെയ്തിട്ട് നിരാഹാരം കിടക്കണം. അപ്പോള്‍ ഞാന്‍ ഏതെങ്കിലും പെണ്ണിനെ അവളുടെ "അളവുകളും തൂക്കങ്ങളും" നോക്കാതെ കണ്ണുമടച്ചു അങ്ങ് കെട്ടും....... അതെ നടക്കാന്‍ വഴിയുള്ളൂ....

ഞാന്‍ മനഃപൂര്‍വ്വം കെട്ടാതെ നടക്കുകയാണ് എന്ന് വായനക്കാര്‍ കരുതിയെങ്കില്‍ തെറ്റി. കെട്ടാന്‍ എപ്പോഴേ റെഡി! . പക്ഷെ പെണ്ണിനെ എനിക്ക് പിടിക്കേണ്ടേ? (ഇഷ്ടപ്പെടെണ്ടേ എന്ന അര്‍ഥമാണ് പിടുത്തം കൊണ്ടുദ്ദേശിക്കുന്നത്) അല്ലെങ്കില്‍ പെണ്ണിന് എന്നെ പിടിക്കേണ്ടേ? ഇത് രണ്ടും നടക്കുന്നില്ല. കാരണം എന്‍റെ കയ്യിലുള്ള അളവുകളും തൂക്കങ്ങളും വച്ച് നോക്കി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്ണ് എന്നെക്കാണുമ്പോള്‍ "അയ്യേ" എന്നാണു പറയുക. അത് കേള്‍ക്കുമ്പോള്‍ അറിയാതെ തന്നെ"അയ്യോ" എന്നൊരു ദയനീയ ശബ്ദം ഞാനും പുറപ്പെടുവിച്ചു പോകാറുണ്ട്...
ഏതായാലും എറണാകുളത്ത് ജോലി ചെയ്യുന്ന എന്‍റെ ഒരു സുഹൃത്ത് വഴിയായി ഒരു യജ്ഞത്തിനുള്ള ഓഫര്‍ കഴിഞ്ഞ ദിവസം എനിക്ക് കിട്ടുകയുണ്ടായി. അവന്‍റെ ഓഫീസില് തന്നെ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് സുഹൃത്തിനെ കാണാന്‍ എന്ന വ്യാജേന അവന്‍റെ ഓഫീസ്സില്‍ എത്തി പെണ്ണിനെ കാണുക. ഇഷ്ടപ്പെട്ടാല്‍ ബാക്കി കാര്യങ്ങള്‍ മുഖദാവില്‍ എന്നതാണ് ഓഫര്‍.....
അവന്‍ താമസ്സിക്കുന്നത് വൈറ്റിലയിലാണ്. ഞാന്‍ തലേ ദിവസം വൈകുന്നേരം വൈറ്റിലയില്‍ അവന്‍റെ റൂമില്‍ എത്തി കാര്യങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തു..രാവിലെ അവന്‍ ഓഫീസിലേക്ക് പോകുന്നു.....അവന്‍ അവിടെയെത്തി കുറച്ചു കഴിയുമ്പോള്‍ പെണ്ണ് എത്തുന്നു...സമയവും സന്ദര്‍ഭവും നോക്കി അവന്‍ എനിക്ക് മിസ്സ്‌ കാള്‍ തരുന്നു... അപ്പോള്‍ അവനെ കാണാന്‍ ചെല്ലുന്ന രീതിയല്‍ നാടകീയമായി ഞാന്‍ അവന്‍റെ ഓഫീസില്‍ എത്തുന്നു..... അവന്‍ ഓഫീസിലുള്ള മറ്റു സുഹൃത്തുക്കളെ എനിക്ക് പരിചയപ്പെടുത്തുന്നു.....കൂട്ടത്തില്‍ ആ പെണ്ണിനേയും...ഞാന്‍ അവളെ കാണുന്നു...അളവുകളും തൂക്കങ്ങളും മനസ്സിലാക്കുന്നു.. ഇഷ്ടപ്പെട്ടാല്‍ പിന്നെ കാര്യങ്ങള്‍ നേരിട്ട് പെണ്ണിന്റെ വീട്ടുകാരെ അറിയിക്കുന്നു...കല്യാണം ഉറപ്പിക്കുന്നു....കല്യാണം കഴിക്കുന്നു... ശേഷം ഭാഗങ്ങള്‍ വെള്ളിത്തിരയില്‍..... !!
ഇത്രയും പ്ലാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു കുപ്പിയുടെ മുക്കാലും രണ്ടു ചിക്കന്‍ ബിരിയാണിയും തീര്‍ന്നു ...ഞാനും സുഹൃത്തും ഉറങ്ങാന്‍ കിടന്നു..കിടന്ന ഉടനെ തന്നെ സുഹൃത്ത് കൂര്‍ക്കം വലി തുടങ്ങി...അതുകേട്ട് ഉറക്കം വരാതിരുന്ന ഞാന്‍ രാവിലെ കാണാന്‍ പോകുന്ന പെണ്ണിനെപ്പറ്റി ചിന്തിച്ചു....
ഈശ്വരാ... അവളുടെ അളവുകളും തൂക്കങ്ങളും ഒക്കെ ശരിയായാല്‍ മതിയായിരുന്നു...ഇനി അവള്‍ നാളെ വരാതിരിക്കുമോ?..വളരെ സുന്ദരിയാണെന്നും നിനക്ക് അവളെ ഇഷ്ടപ്പെടുമെന്നും സുഹൃത്ത് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. ....അപ്പോള്‍ അവള്‍ക്കു വേറെ വല്ലവനോടും പ്രേമം കാണുമോ?.... ആര്‍ക്കെങ്കിലും അവള്‍ വാക്ക് കൊടുത്തിട്ടുണ്ടാകുമോ?.. ഹേയ് അങ്ങനെ വരില്ല ...ഒരു പക്ഷെ ഇവളായിരിക്കും എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍.. അതുകൊണ്ടല്ലേ ഇതുവരെ കണ്ടതൊന്നും നടക്കാതെ പോയത്...എങ്ങനെയെങ്കിലും നേരം വെളുത്താല്‍ മതിയായിരുന്നു..... ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു... എപ്പോഴോ ഉറങ്ങി..
രാവിലെ സുഹൃത്ത് നേരത്തെതന്നെ എഴുനേറ്റു കുളിച്ചു റെഡിയായി ഓഫീസിലേക്ക് പുറപ്പെട്ടു..അവന്‍ പോയതും ഞാനും കുളിയും തേവാരവും കഴിച്ചു തയാറായി സുഹൃത്തിന്റെ മിസ്സ്‌ കാള്‍ വരുന്നതിനായി കാത്തിരുന്നു..ഏറെ നേരം കഴിഞ്ഞിട്ടും മിസ്സ്‌ കാള്‍ വരാതായപ്പോള്‍ ഞാന്‍ സുഹൃത്തിനെ വിളിച്ചു...അവന്‍റെ മൊബൈല്‍ റിംഗ് ചെയ്യുന്നു. പക്ഷെ എടുക്കുന്നില്ല... ഇനി പെണ്ണ് ഓഫീസില്‍ എത്തിയില്ല എന്നുണ്ടോ? എങ്കില്‍ ആ വിവരം അവനു വിളിച്ചു പറഞ്ഞാലെന്താ...? വെറുതെ മനുഷ്യനെ വിഷമിപ്പിക്കുന്നു........ ഇതിന്റെ പേരില്‍ എനിക്ക് ചിലവായത് ഒരു കുപ്പിയും രണ്ടു ചിക്കന്‍ ബിരിയാണിയും..!! ഇനി കുപ്പി വിഴു‌ങ്ങാനായി പഹയന്‍ ഒപ്പിച്ച പണിയാണോ ഈ പെണ്ണ് കാണല്‍ നാടകം?. മിസ്സ്‌ കാള്‍ വന്നില്ലെങ്കിലും വേണ്ട അവന്‍റെ ഓഫീസില്‍ പോയി ഏതെങ്കിലും ഒരു പെണ്ണിനെ കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാന്‍ ഉറച്ചു. പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ സുഹൃത്തിന്റെ മുഖത്ത്‌ നോക്കി ഹിന്ദിയില്‍ നാല് തെറിയും പറയുമെന്ന് (പട്ടാളക്കാരന്‍ മലയാളത്തില്‍ തെറി പറയുന്നതു മോശമല്ലേ?) തീരുമാനിച്ച് ഞാന്‍ മുറിക്കു പുറത്തിറങ്ങിയതും അതാ ഫോണ്‍ അടിക്കുന്നു.. പക്ഷെ അത് മിസ്‌ കോളല്ല. വിളിക്കുന്നത്‌ സുഹൃത്ത് തന്നെയാണ്.... ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു... സുഹൃത്തിന്റെ ശബ്ദം ...

"എടാ ചെറിയൊരു കുഴപ്പമുണ്ടായി..അവളിന്ന് വന്നിട്ടില്ല.....ലീവ് ലെറ്ററും കൊടുത്തിട്ടില്ലെന്ന് എച്ച്.ആര്‍ മാനേജര്‍ പറഞ്ഞു.. എന്ത് പറ്റിയെന്നു ഒരു പിടിയുമില്ല..പിന്നെ വേറൊരു ശ്രുതി കേട്ടു...നീ എന്നോട് ദേഷ്യപ്പെടരുത്‌...അവള്‍ക്കു ഒരു ലൈന്‍ ഉണ്ടെന്നോ...ഇന്നലെ രാത്രിയില്‍ അവള്‍ അവന്‍റെ കൂടെ ചാടിപ്പോയെന്നോ..ഒക്കെ..ഏതായാലും.....നീ ..."

"ഫാ പുല്ലേ.." എനിക്ക് കലികയറി.....ഇമ്മാതിരി കേസ്സാണോഡാ നീ എനിക്ക് വേണ്ടി കണ്ടു വച്ചത്?....ഹരിപ്പാട് കിടന്ന എന്നെ വിളിച്ചു വരുത്തിയിട്ട്... ഇപ്പോള്‍ ...ഒരുമാതിരി *******വര്‍ത്താനം പറയുന്നോ?.......****** മോനെ.... നിന്നെ ഇന്ന് ഞാന്‍..... ...ബ്ദും..................അയ്യോ ...

ശക്തിയായ പ്രകാശം മുഖത്തടിച്ചു... കുറച്ചു നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല....യാതൊരു കാര്യവുമില്ലാതെ "ഫ പുല്ലേ" എന്നലറിക്കൊണ്ട് കട്ടിലില്‍ നിന്നും നടുവടിച്ചു നിലത്തുവീണ എന്നെ നോക്കി മിഴിച്ചിരിക്കുന്ന സുഹൃത്തിനെ കണ്ട ഞാന്‍ ഒരു വിധത്തില്‍ എഴുനേറ്റു വീണ്ടും കട്ടിലില്‍ കിടന്നു... ഏതായാലും പിന്നെ ഞാന്‍ ഉറങ്ങിയില്ല. അതുകൊണ്ട് സ്വപ്നവും കണ്ടില്ല....

Monday, May 4, 2009

വെളുത്ത കത്രീനയും എന്‍റെ ആദ്യ കുര്‍ബാനയും

എല്ലാ പട്ടാളക്കാരും ഞായറാഴ്ച രാവിലെ സമയം കിട്ടിയാല്‍ അവരവരുടെ ആരാധനാ സ്ഥലങ്ങളില്‍ പോയി പ്രാര്‍ഥന നടത്തണമെന്ന് പട്ടാളത്തില്‍ ഒരു നിയമമുണ്ട്. ചെറിയ പട്ടാള യൂണിറ്റുകളില്‍ അമ്പലവും പള്ളിയും മോസ്കും എല്ലാം ഒറ്റ മുറിയില്‍ തന്നെ ആയിരിക്കും. പക്ഷെ വലിയ പട്ടാള ക്യാമ്പുകളില്‍ പള്ളിയും മോസ്കും അമ്പലവും ഒക്കെ വേറെ വേറെ സ്ഥലങ്ങളില്‍ ആയിരിക്കും. ദൈവത്തില്‍ വിശ്വാസമുണ്ടായാലും ഇല്ലെങ്കിലും "മന്ദിര്‍ പരേഡില്‍" എല്ലാവരും പങ്കു കൊള്ളണമെന്ന് ആര്‍മിയില്‍ നിര്‍ബന്ധമാണ്‌. എന്നെപ്പോലുള്ള അല്‍പ വിശ്വാസികള്‍ ഈ സമയം മുതലാക്കി മുങ്ങിക്കളയുകയാണ് പതിവ്.പക്ഷെ പിടി വീണാല്‍ സംഗതി കുഴപ്പമായത് തന്നെ.

എനിക്ക് അമ്പലത്തില്‍ പോകുന്നതിനോട് താല്പര്യം ഇല്ലാത്തതിന്റെ കാരണം ദൈവ വിശ്വാസത്തിന്റെ കുറവല്ല. രാവിലെ സിവില്‍ ഡ്രെസ്സില്‍ "ഫാള്ളിന്‍" ആകണം, മാര്‍ച്ച് ചെയ്തു അമ്പലത്തിലേക്ക് പോകണം, പിന്നെ അവിടെ എത്തി മണിക്കൂറുകളോളം ഹിന്ദിക്കാരുടെ ഭജന്‍ കേള്‍ക്കണം ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. തന്നെയുമല്ല ജന്മനാ ഒരു ഹിന്ദുവായ എനിയ്ക്ക് അമ്പലത്തെക്കാള്‍ ഇഷ്ടം ക്രിസ്ത്യന്‍ പള്ളിയായിരുന്നു. അതിനു ചില കാരണങ്ങളുമുണ്ട്.

ക്രിസ്ത്യന്‍ ദൈവങ്ങളായ യേശു, അദ്ദേഹത്തിന്റെ പിതാവ് ശ്രീ ജോസഫ്‌, മാതാവ് കുമാരി മറിയം എന്നിവര്‍ ഹിന്ദു ദൈവങ്ങളെക്കാള്‍ വിശാലമനസ്കരാണ്‌ എന്നുള്ള എന്‍റെ വിശ്വാസമാണ് അതിന്റെ ഒന്നാമത്തെ കാരണം. നമ്മുടെ ഒരാഗ്രഹം പെട്ടെന്ന് നടന്നു കിട്ടണമെങ്കില്‍ ഒരു കൂട് മെഴുക് തിരി (ഒരെണ്ണമായാലും കുഴപ്പമില്ല) വാങ്ങി മേല്‍പറഞ്ഞവരുടെ മുന്‍പില്‍ കത്തിച്ചിട്ട് നമ്മുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തിത്തരാന്‍ കൂളായി ആവശ്യപ്പെടാം. (ഇത് എനിക്ക് പറഞ്ഞു തന്നത് സത്യ ക്രിസ്ത്യാനിയും ദൈവഭക്തനുമായ മനോജാണ്). പക്ഷെ ഹിന്ദു ദൈവങ്ങളുടെ അടുത്ത്‌ അത് നടക്കുമോ? ക്ഷിപ്ര പ്രസാദിയായാലും കുറഞ്ഞത് നൂറു രൂപയെങ്കിലും വഴിപാടിനു വേണ്ടി വരും. ക്ഷിപ്ര കോപിയാണ് നിങ്ങളുടെ ഇഷ്ട ദൈവമെന്കില്‍ വഴിപാടിന്റെ തുക കുറഞ്ഞു പോയതിന്റെ പിഴയായി മറ്റൊരു വഴിപാടു കഴിക്കേണ്ടി വരും. ആ വഴിപാടു നടത്താന്‍ ഓണ്‍ലൈന്‍ ആയി പൈസ അടച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.!!

ഇനി മറ്റൊരു കാരണം. സത്യക്രിസ്ത്യാനിയായ ഒരാള്‍ക്ക്‌ എന്ത് കുണ്ടാമണ്ടിയും (കുണ്ടാമണ്ടി മീന്‍സ്‌ പാപം) ചെയ്യാം . അത് പാപമാണെന്ന് തോന്നിയാല്‍ നേരെ പള്ളിയില്‍ പോയി അച്ഛനെക്കണ്ട്‌ ചെയ്ത പാപത്തിന്റെ ഒരു സംഷിപ്ത വിവരണം കൊടുത്താല്‍ അച്ചന്‍ അപ്പോള്‍ത്തന്നെ സ്വര്‍ഗത്തിരിക്കുന്ന ദൈവം തമ്പുരാനെ ഓണ്‍ലൈന്‍ ആയി ബന്ധപ്പെട്ട് കുഞ്ഞാടിന്റെ പാപം ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കുകയും കുഞ്ഞാട് നല്ലവനും ദയാലുവും സര്‍വ്വോപരി പള്ളിക്കാര്യങ്ങളില്‍ സാരമായ സംഭാവനകള്‍ ചെയ്യുന്നവനും ആണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അതോടെ കുഞ്ഞാടിന്റെ പാപം ലഘുകരിക്കപ്പെടുകയും ചിലപ്പോള്‍ പാപ മോചനം തന്നെ ലഭിക്കുകയും ചെയ്യും. ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ്‌ ചിത്രഗുപ്തന്‍ അപ്പൊത്തന്നെ തന്റെ ലാപ്ടോപ്പില്‍ സേവ് ചെയ്യില്ലേ? കാലാവധി തീരുമ്പോള്‍ ഒരാളെ വിട്ടു മേല്‍പടി പാപിയെ പൊക്കും. എന്നിട്ട് തന്റെ ആപ്പീസ്സില്‍ എത്തിച്ചു ലാപ്ടോപ്‌ തുറന്നു പാപത്തിന്റെ കണക്കെടുത്ത് അതില്‍ യമദേവനെക്കൊണ്ട് കൌണ്ടര്‍ സൈന്‍ ചെയ്യിപ്പിച്ചിട്ട് നേരെ നരകത്തിലേക്ക് റെഫര്‍ ചെയ്തുകളയും. അവിടെ എത്തിയാല്‍ പിന്നെ വറക്കലും പൊരിക്കലും.. ഹോ.... ഓര്‍ത്തിട്ടു പേടിയാകുന്നു...

ഇതൊക്കെയാണ് എനിക്ക് ക്രിസ്തു മതത്തിലോട്ടു ഒരു വലതുപക്ഷ ചായ്‌വ് ഉണ്ടാകാന്‍ കാരണം. തന്നെയുമല്ല എന്റെ ഓഫീസിന്റെ മുന്‍പിലൂടെ ഒരു മലയാളി യുവ സുന്ദരി എന്നും കോളേജില്‍ പോവുകയും അവളെ ഞാനും അവള്‍ എന്നെയും കടാക്ഷ ശരങ്ങള്‍ എയ്യുകയും പിന്നെ ആ ശരങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു "ലൈന്‍"ആയിത്തീരുകയും, അവള്‍ ഒരു യരുശലേം കന്യകയാണ്‌ എന്ന് മനസ്സിലാകുകയും, അവളുടെ പള്ളിയിലെ പേര് കത്രീന മറിയം തോമസ്‌ എന്നും വീട്ടില്‍ വിളിക്കുന്ന പേര് രമ്യ എന്നാണെന്ന് വ്യക്തമാവുകയും ചെയ്തതോടെ യേശുവിനോടും അദ്ദേഹത്തിന്‍റെ അനുയായികളോടും എനിക്കുള്ള ആരാധന മൂവാണ്ടന്‍ മാങ്ങപോലെ പെട്ടെന്ന് കേറി മൂത്തു.

കൂടുതല്‍ വിശദമായി അറിഞ്ഞപ്പോള്‍ അവള്‍ ഞങളുടെ യൂണിറ്റിലെ ഒരു മലയാളി ജെ സി ഒയുടെ മകളാണെന്നും എല്ലാ ഞായറാഴ്ചയും അടുത്തുള്ള പള്ളിയില്‍ വരാറുണ്ടെന്നും വെളിവായി. അതോടെ ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് "പുജ്ഞ്ജം" തോന്നി. ക്രിസ്ത്യാനി ആയിരുന്നെകില്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകാമായിരുന്നു. വെളുത്ത കത്രീനയെ കാണാമായിരുന്നു. അവളോടൊപ്പം കുര്‍ബാന കൈ കൊള്ളാമായിരുന്നു. പക്ഷെ എന്ത് ചെയ്യാം ഞാനൊരു നായര്‍ കുല ജാതനായിപ്പോയില്ലേ? ....ഷിറ്റ് ...

ഏതായാലും അടുത്ത ഞായറിന് അമ്പലത്തില്‍ പോകുന്നതിനു പകരം ഞാന്‍ പള്ളിയിലോട്ട് വച്ച് പിടിച്ചു. ഞാന്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന് ആരറിയാന്‍? അറിഞ്ഞാല്‍ തന്നെ എന്ത് കുഴപ്പം. ഈ നാട്ടില്‍ ആരാധനാ സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരുപോലെയല്ലേ? ഞാന്‍ പള്ളിയില്‍ പോകണോ അമ്പലത്തില്‍ പോകണോ എന്ന് തീരുമാനിക്കുന്നത് ഞാനല്ലേ? പട്ടാളമാണോ? ഇതെന്താ വെള്ളരിക്കാ പട്ടാളമോ?

പള്ളിയിലെത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ കത്രീനയെ കണ്ടു. മറ്റു യരുശലേം കന്യകമാരുടെ കൂടെ അള്‍ത്താരയുടെ അരികിലുള്ള ഗായക സംഘത്തില്‍ ഒരു പാട്ട് പുസ്തകം പിടിച്ചു കൊണ്ട് നില്‍ക്കുന്നു.!! അള്‍ത്താരയുടെ മുന്‍പില്‍ തന്നെയുള്ള ഇരിപ്പിടത്തില്‍ ചെന്നിരുന്ന എന്നെ അവള്‍ കണ്ടു. ഇടക്കിടയ്ക്ക് ഓരോ കടാക്ഷ ശരമെയ്തു.. അത് കൊണ്ട ഞാന്‍ തരളിത പുളകനായി. പുളകിത ഗാത്രനായി..വേറെ ഏതാണ്ടൊക്കെ ആയി...

കുര്‍ബാന തുടങ്ങി. പള്ളിയിലെ നടപടി ക്രമങ്ങള്‍ വശമില്ലാതിരുന്ന ഞാന്‍ മറ്റുള്ളവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചു..കൈകള്‍ മടിയില്‍ വച്ച് കണ്ണടച്ചിരിക്കുകയാണ് അവര്‍. ഞാന്‍ കണ്ണടക്കാതെ അവളെത്തന്നെ നോക്കിയിരുന്നു. അതുകണ്ട വികാരിയച്ചന്‍ എന്നെ കണ്ണുമിഴിച്ചു നോക്കി . ഉടനെതന്നെ ഞാന്‍ കണ്ണുകളടച്ച്‌ അവളെ എനിക്ക് കെട്ടിച്ചു തരാന്‍ അവളുടെ പിതാവിന് തോന്നിപ്പിക്കണേ എന്ന് യേശുവിനോട് മുട്ടിപ്പായി അപേക്ഷിച്ചു. സമയം കിട്ടുമ്പോള്‍ ഒരു കൂട് മെഴുക് തിരി കത്തിച്ചേക്കാം എന്ന് ഓഫര്‍ കൊടുക്കുകയും ചെയ്തു.

അല്പം കഴിഞ്ഞപ്പോള്‍ ആരോ എന്നെ തോണ്ടി..ഞാന്‍ കണ്ണുതുറന്നു. ഞാനൊഴികെ എല്ലാവരും എഴുനേറ്റു നിക്കുന്നു. ഞാനുടന്‍ എഴുനേറ്റു. അപ്പോഴതാ എല്ലാവരും ഇരിക്കുന്നു!!. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും മുട്ട് കുത്തുന്നു.!!! എപ്പോള്‍ എഴുനേറ്റു നില്കണം, എപ്പോള്‍ മുട്ട് കുത്തണം എപ്പോള്‍ ആമീന്‍ പറയണം എന്നറിയാതെ ഞാന്‍ വല്ലാതെ പരിഭ്രമിച്ചു.

അള്‍ത്താരയില്‍ നില്‍ക്കുന്ന പട്ടാള ജെ സി ഓ കൂടിയായ വികാരിയച്ചന്‍ എന്റെ പമ്മലും പരുങ്ങലും വെപ്രാളവും ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കു തോന്നി. ദൈവമേ കുഴപ്പമാകുമോ? പള്ളിയില്‍ വരുന്നതിനു മുന്‍പ് അവിടുത്തെ ചിട്ടവട്ടങ്ങള്‍ ഒന്ന് മനസ്സിലാക്കാതെയിരുന്നതില്‍ എനിക്ക് കുറ്റബോധം തോന്നി. ഹിന്ദുവായ ഞാന്‍ അമ്പലത്തില്‍ പോകാതെ പള്ളിയിലെത്തി അവിടുത്തെ ആരാധന ക്രമങ്ങള്‍ക്ക്‌ കടക വിരുദ്ധമായി പ്രവര്‍ത്തിച്ചു കുര്‍ബാനയ്ക്ക് തടസ്സമുണ്ടാക്കിയ വിവരം പട്ടാള മറിഞ്ഞാല്‍ ഇനിയുള്ള എന്റെ ആത്മീയ ജീവിതം ഇതോടെ ഭൌതീകമായിത്തന്നെ അവസാനിക്കും.

മുന്‍പില്‍ നില്‍ക്കുന്ന കത്രീനയും അവളുടെ കൂടെയുള്ള എസ് ജാനകിമാരും എന്റെ പരവേശം കണ്ടിട്ട് അടക്കി ചിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പുറകില്‍ നിക്കുന്ന സത്യ ക്രിസ്ത്യാനികളും എന്റെ സര്‍ക്കസ്സ്‌ കാണുന്നുണ്ട് എന്നെനിക്കു മനസ്സിലായി. ഒരു വിധത്തില്‍ കുര്‍ബാന കഴിഞ്ഞു ഞാന്‍ പുറത്തു ചാടി ബാരക്കിലേക്ക് വച്ച് പിടിച്ചു. പിന്നീടൊരിക്കലും ഞാന്‍ പള്ളിയില്‍ പോയിട്ടില്ല.

എന്ത് പറഞ്ഞാലും അമ്പലം തന്നെയാ ഭേതം. തൊഴുതാല്‍ മാത്രം മതിയല്ലോ. ???