Saturday, November 21, 2009

ഞെട്ടിപ്പിക്കുന്ന അണ്ടര്‍വെയറും ഭീകര കാലുകളും

"ഒറോത ചേടത്തിയെ കരണ്ടടിച്ചു. ..!!?"


വാര്‍ത്ത കാട്ടു തീ പോലെ പരന്നു...!!!


കേട്ടവര്‍ കേട്ടവര്‍ ഒറോത ചേടത്തിയുടെ സ്വഭവനമായ മാത്തന്‍സ് വില്ലയിലേയ്ക്ക് പ്രവഹിച്ചു. മാത്തന്‍സ് വില്ല ശോകമൂകമായി.

എന്റെ സുഹൃത്തും അയല്‍ക്കാരനുമായ ശ്രീമാന്‍ മാത്തപ്പന്‍ അവര്‍കളുടെ പ്രിയ പത്നിയാണ് ഒറോത ചേടത്തി. മാത്തപ്പന്‍ ചേട്ടനെയും പ്രിയ ഭാര്യ ഒറോത ചേടത്തിയേയും ഈ ബ്ലോഗു വായിക്കുന്ന ചില വായനക്കാരെങ്കിലും ഓര്‍മിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ ഒരു ക്ലൂ തരാം...


പണ്ട് ഞാന്‍ ഗോവയില്‍ നിന്നും കൊണ്ടു വന്ന ഫെനി അടിച്ചു പൂക്കുറ്റിയായി ചക്കയിടാന്‍ കയറിയ മാത്തപ്പന്‍ ചേട്ടന്‍ ചക്ക കെട്ടിയിറക്കാന്‍ വേണ്ടി അരയില്‍ ചുറ്റിയിരുന്ന കയറിന്റെ ഒരറ്റം ചക്കയില്‍ കെട്ടിയിട്ടു മറ്റേ അറ്റം തന്റെ അരയില്‍ ബന്ധിച്ചിരിക്കുകയാണ്‌ എന്നുള്ള വിവരം മറന്നു ചക്ക വെട്ടിയതും ചക്ക മാത്തപ്പന്‍ ചേട്ടനെയും കൊണ്ടു താഴേയ്ക്ക് പോന്നതും ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.



ഇപ്പോള്‍ പിടി കിട്ടിയോ? കിട്ടിക്കാണും എന്ന് കരുതുന്നു. കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടാ. ഉടനെ കിട്ടിക്കോളും.



അഞ്ചടി പൊക്കവും കാക്ക കറുപ്പും ഭാരത്‌ ഗ്യാസ് സിലിണ്ടെറിന്റെ ആകൃതിയും കഷണ്ടിത്തലയും പിന്നെ മുഖത്തു ഒരു ഹിറ്റ്‌ ലര്‍ മീശയും ചേര്‍ന്നാല്‍ മാത്തപ്പന്‍ ചേട്ടനായി.നാലര അടി പൊക്കവും നല്ല വെളുപ്പും വട്ട മുഖവും അടുക്കിട്ടുടുത്ത മുണ്ടും ചട്ടയും ചേര്‍ന്നാല്‍ ഒറോത ചേടത്തിയായി. ഇവരു രണ്ടും ചേര്‍ന്നാല്‍ മാത്തന്‍സ് വില്ലയിലെ തിരു:കുടുംബമായി..



ഇനി ഞാന്‍ മാത്തന്‍സ് വില്ലയിലെയ്ക്ക് മൈക്ക് കൈമാറുന്നു..



കരണ്ടടിച്ചു അബോധാവസ്ഥയിലായ ഒറോത ചേടത്തിയുടെ വിവരങ്ങള്‍ അറിയാന്‍ വന്നവര്‍ വീടിനു മുന്‍പില്‍ തടിച്ചു കൂടിയിരിക്കുകയാണ്. വ്യക്തമായ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ ജനലിന്റെ വിടവിലൂടെ അകത്തേയ്ക്ക് എത്തി നോക്കുന്നു. ചിലര്‍ വരാന്തയിലെ കസേരയില്‍ ഇരുന്നു പരസ്പരം വിവരങ്ങള്‍ ആരായുന്നു. മറ്റു ചിലര്‍ ചേടത്തിയെ ആശുപതിയില്‍ കൊണ്ടു പോകാനുള്ള ജീപ്പ് വരുന്നതും നോക്കി റോഡരികില്‍ നില്‍ക്കുന്നു..



രാവിലെ ഉദ്ദേശം പതിനൊന്നു മണിക്കാണ് സംഭവം. മാത്തപ്പന്‍ ചേട്ടനാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഏക സാക്ഷി. അത് കൊണ്ടു വിശദ വിവരങ്ങള്‍ മാത്തപ്പന്‍ ചേട്ടന് മാത്രമേ അറിയൂ. അദ്ദേഹമാണെങ്കില്‍ അകത്തു കട്ടിലില്‍ കിടക്കുന്ന പ്രിയ ഭാര്യയുടെ കൈകാലുകള്‍ തിരുമ്മി ചൂടാക്കുകയാണ്. അടുത്തു തന്നെ എന്റെ അമ്മയും അയല്‍പക്കത്തുള്ള ഒന്ന് രണ്ടു പേരുമുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമായ കുട്ടച്ചനാണ് വണ്ടി വിളിക്കാനും മറ്റുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്.



"വിദേശത്തുള്ള മക്കളെ അറിയിക്കേണ്ടേ? അടുത്ത വീട്ടിലെ താമസ്സക്കാരനായ തോമസ്‌ ചേട്ടന്‍ മെമ്പര്‍ കുട്ടച്ചനോട് ചോദിച്ചു.."



"അറിയിക്കണം അറിയിക്കണം.. ആദ്യം ചേടത്തിയെ ആശുപത്രിയില്‍ എത്തിക്കട്ടെ. എന്നിട്ടാലോചിക്കാം" കുട്ടച്ചന്‍ ധൃതിയില്‍ റോഡിലേയ്ക്ക് പോയി.


""അര മണിക്കൂര്‍ കഴിഞ്ഞില്ലേ ഇനിയിപ്പോള്‍ രക്ഷപെടാന്‍ പാടാ.. ഹോ ... നല്ല സ്നേഹമുള്ള ചേടത്തി ആയിരുന്നു" അയല്‍ക്കാരന്‍ തോമസ്‌ ചേട്ടന്‍ ആത്മഗതം ചെയ്തിട്ട് താടിക്ക് കയ്യും കൊടുത്ത് എന്തോ ചിന്തിച്ചിരുന്നു.


"ചേടത്തിയ്ക്ക് ബോധം വീണു" ആരോ അകത്തു നിന്ന് വിളിച്ചു പറഞ്ഞു..


"എല്ലാരും ഒന്ന് ഒതുങ്ങി നിന്നെ.. അല്പം കാറ്റു കടക്കട്ടെ" റോഡില്‍ നിന്നും തിരിച്ചു വന്ന കുട്ടച്ചന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ട് തിടുക്കത്തില്‍ അകത്തേയ്ക്‌ പോയി. ആളുകള്‍ ആശ്വാസത്തോടെ നിശ്വസിച്ചു. എന്നിട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തു നിന്നു.



""കരണ്ടടിച്ചത് മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍ വെയറില്‍ നിന്നാണ്."!! അകത്തു നിന്നും വന്ന പൊന്നമ്മ ചേച്ചി മര്‍മപ്രധാനമായ ആ വിവരം പറഞ്ഞു. അത് കേട്ടവര്‍ കേട്ടവര്‍ ഞെട്ടി.



"അണ്ടര്‍ വെയറില്‍ നിന്നും കരണ്ടോ?" വെള്ളത്തില്‍ നിന്നും കാറ്റില്‍ നിന്നും ഒക്കെ കരണ്ട് എടുക്കുന്ന വിവരം കേട്ടിട്ടുണ്ട്. പക്ഷെ അണ്ടര്‍ വെയറില്‍ നിന്നും എങ്ങനെ കരണ്ട് വരും? ആളുകള്‍ പരസ്പരം നോക്കി.


മുട്ട് വരെ നീളമുള്ള ചുവന്ന അണ്ടര്‍ വെയര്‍ ധരിച്ചു, അതിനു മുകളില്‍ മുണ്ട് മടക്കിക്കുത്തി തൂമ്പയും തോളില്‍ വച്ച് പോകുന്ന മാത്തപ്പന്‍ ചേട്ടനെ ഞങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ ഒരാളെ കൊല്ലാന്‍ മാത്രം ശക്തിയുള്ള കരണ്ട് ഉത്പാദിപ്പിക്കുന്ന അണ്ടര്‍വെയറാണ്‌ അതെന്നു ആരും കരുതിയിരുന്നില്ല. അങ്ങനെയാണെകില്‍ എന്ത് കൊണ്ടു മാത്തപ്പന്‍ ചേട്ടനെ ഇതു വരെ കരണ്ടടിച്ചില്ല? എങ്ങനെ ഒറോത ചേടത്തിയെ മാത്രം കരണ്ടടിച്ചു? അങ്ങനെ അടിക്കാനുള്ള സാഹചര്യം എന്ത്?



ഇനി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍വെയര്‍ കരണ്ട് ഉത്പാദിപ്പിക്കുകയുള്ളൂ എന്നുണ്ടോ? എങ്കില്‍ ഏതാണാ സന്ദര്‍ഭം? ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍. ഉത്തരം തരാന്‍ ഒരാള്‍ക്കേ കഴിയൂ. അണ്ടര്‍ വെയറിന്റെ ഉടമസ്ഥനായ സാക്ഷാല്‍ മാത്തപ്പന്‍ ചേട്ടന്‍. ഞങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചിരുന്നു..


""ദേണ്ടെ ആ കിടക്കുന്ന അണ്ടെര്‍വെയറീന്നാ കരണ്ടടിച്ചത്. ആരും തൊടരുത് "



ഈ സമയം പുറത്തേയ്ക്ക് വന്ന മാത്തപ്പന്‍ ചേട്ടന്‍ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് പേടിയോടെ നോക്കിയ ആളുകള്‍ അവിടെ ബന്ധിച്ചിരിക്കുന്ന അയയില്‍ തൂങ്ങിക്കിടക്കുന്ന ചിരപരിചിതമായ ചുവന്ന അണ്ടെര്‍ വെയര്‍ കണ്ടു ഞെട്ടി പിന്നോട്ട് മാറി. അതിന്റെ നീളമുള്ള കാലുകള്‍ താഴേയ്ക്ക് തൂങ്ങിക്കിടന്നിരുന്നു. ഒറോത ചേടത്തിയെ അടിച്ചു നിലം പരിശാക്കിയ ആ ഭീകരന്‍ "ഇനിയും എന്നെ തൊടാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ മുന്‍പോട്ടു വാടാ"എന്ന രീതിയില്‍ അജയ്യനായി നീണ്ടു നിവര്‍ന്നു കിടന്നു.



വീടിനു മുന്‍പിലുള്ള തൊഴുത്തിന്റെ കഴുക്കോലില്‍ നിന്നും അല്പം അകലെയുള്ള ഒരു മരത്തിന്റെ കൊമ്പിലേയ്ക്കാണ് അയ ബന്ധിച്ചിരിക്കുന്നത്‌. കരണ്ട് ഉത്പാദിപ്പിക്കുന്ന അത്ഭുത അണ്ടര്‍വെയര്‍ തൂങ്ങിക്കിടക്കുന്നത് ഏതാണ്ട് മധ്യഭാഗത്താണ്. ഒറോത ചേടത്തിയെ കാണാന്‍ വന്നവര്‍ ചിലര്‍ നിന്നത് അതിനടുത്തു തന്നെയാണ്. ഭാഗ്യത്തിനാണ് അവര്‍ അതില്‍ നിന്നും രക്ഷപ്പെട്ടത്. അറിയാതെ ആരെങ്കിലും അതിന്റെ പിടിയില്‍ പെട്ടിരുന്നെങ്കില്‍ ഒറോത ചേടത്തിയെ കൊണ്ടു പോകാന്‍ വരുന്ന വണ്ടിയില്‍ ഒന്ന് രണ്ടു പേരെക്കൂടി കൊണ്ടുപോകേണ്ടി വരുമായിരുന്നു.



കരണ്ടടിക്കുന്ന അത്ഭുത അണ്ടര്‍വെയറിനെയും അതിന്റെ ഭീകര കാലുകളേയും നോക്കി ജനങ്ങള്‍ പകച്ചു നില്‍ക്കുമ്പോഴാണ് ഇലക്ട്രീഷ്യനായ ഗോപാലന്‍ ചേട്ടന്റെ വരവ്. ഇലെക്ട്രിസിറ്റി ഓഫീസില്‍ നിന്നും വിരമിച്ച ശേഷം നാട്ടുകാര്‍ക്ക് കരണ്ട് സംബന്ധമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഗോപാലന്‍ ചേട്ടന്‍ അദ്ഭുത അണ്ടെര്‍വെയറിന്റെ അടുത്തു പോയി അതിനെ ആകമാനം വീക്ഷിച്ചു. എന്നിട്ട് തന്റെ കയ്യില്‍ കരുതിയിരുന്ന ടെസ്റ്റെര്‍ കയ്യിലെടുത്തു അണ്ടെര്‍വെയറിന്റെ കാലില്‍ കുത്തി.



അത്ഭുതം!!!! അത് കത്തുന്നു....



ഞെട്ടിപ്പോയ ഗോപാലന്‍ ചേട്ടന്‍ പെട്ടെന്ന് പോയി മെയിന്‍ സ്വിച്ച് ഓഫ്‌ ചെയ്തു. എന്നിട്ട് അണ്ടര്‍ വെയര്‍ തൂക്കിയിരുന്ന അയയും അതിന്റെ ചുറ്റുപാടും പരിശോധിച്ചു. പിന്നെ എല്ലാം പിടി കിട്ടിയ മട്ടില്‍ തിരിച്ചു വന്നു കസേരയില്‍ ഇരുന്നു...



ആളുകള്‍ ശ്വാസം വിടാതെ ഗോപാലന്‍ ചേട്ടന് ചെവി കൊടുത്തു. അദ്ദേഹം പറഞ്ഞു തുടങ്ങി.


"തൊഴുത്തിലിട്ടിരിക്കുന്ന ബള്‍ബ് കണ്ടോ? അതിന്റെ വയറില്‍ ഒരു ജോയിന്റ് ഉണ്ട്. ആ ജോയിന്റ് അയ കെട്ടിയ കമ്പിയില്‍ എവിടെയോ മുട്ടുന്നുണ്ട്. അതു കൊണ്ടു അയ കെട്ടിയിരിക്കുന്ന കമ്പിയിലും കരണ്ട് ഉണ്ട്. ആ കരണ്ടാണ് മഴയത്ത് നനഞ്ഞ അണ്ടര്‍വെയറില്‍ കൂടി ഒറോത ചേടത്തിയെ അടിച്ചിട്ടത്. അല്ലാതെ അതു കരണ്ട് ഉദ്പാദിപ്പിക്കുന്ന അദ്ഭുത അണ്ടര്‍വെയര്‍ അല്ല."


സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞ നാടുകാര്‍ പിരിഞ്ഞു പോയി. അപ്പോഴും മാത്തപ്പന്‍ ചേട്ടന്റെ അദ്ഭുത അണ്ടര്‍വെയര്‍ അയയില്‍ തൂങ്ങുന്നുണ്ടായിരുന്നു.

Wednesday, November 11, 2009

നമ്മുടെ സ്വന്തം സാനാര്‍ത്തി..

കാലത്തെ എഴുനേറ്റ്, സ്വഭര്‍ത്താവിനു ഒരു കാപ്പി ഉണ്ടാക്കിക്കൊടുക്കുവാന്‍ പോലും മിനക്കെടാത്ത ഭാര്യ, അതിരാവിലെ തന്നെ കുളിയും തേവാരവും കഴിഞ്ഞു പൌഡറും പൂശി ടിവിയുടെ മുന്‍പില്‍ ആസനസ്ഥയായത്‌ കണ്ട ഞാന്‍ അതിശയിച്ചു. ഇവളുടെ പ്രിയപ്പെട്ട ഏതെങ്കിലും കണ്ണീര്‍ സീരിയലിന്റെ സമയം അത് കാണുന്നവര്‍ക്ക് സ്വസ്ഥമായി ഇരുന്നു കരയാനുള്ള സൌകര്യാര്‍ഥം ഈ കൊച്ചു വെളുപ്പാന്‍കാലത്തേയ്ക്ക് മാറ്റിയതാവുമോ? അങ്ങനെയെങ്കില്‍ ഇവള്‍ കുളിയും കഴിഞ്ഞു പൌഡറും പൂശി ഇരിക്കേണ്ട കാര്യമുണ്ടോ? സീരിയലിലെ നായികയുടെ ദുഃഖം കണ്ടുള്ള കരച്ചിലും പിന്നെ തേങ്ങലും കഴിഞ്ഞ് സീരിയലിലെ വില്ലന്‍ കഥാപാത്രത്തിനെ നാല് ചീത്തയും പറഞ്ഞശേഷം കുളിച്ചാല്‍ പോരായിരുന്നോ? വെറുതെ എന്തിനു ഞാന്‍ പൈസ കൊടുത്ത് വാങ്ങി വച്ചിരിക്കുന്ന വിലകൂടിയ പൌഡര്‍ മുഖത്ത്‌ തേച്ചു പിടിപ്പിച്ചിട്ട് അത് കണ്ണുനീരില്‍ അലിയിച്ചു കളയുന്നു?



ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ ഇനിയെങ്കിലും ബാക്കിയുള്ളവന് സ്വസ്ഥമായി ഒരു മണിക്കൂര്‍ കിടന്നുറങ്ങാമല്ലോ" എന്ന് നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.



"കണ്ണൂര്‍ ആലപ്പുഴ എറണാകുളം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുല്‍ ഉടന്‍ ആരംഭിക്കുന്നതാണ്."



ഭാര്യ വെളുപ്പാന്‍ കാലത്തെ എഴുനേറ്റ് ടിവിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് പിടി കിട്ടിയത്. ജീവിതത്തില്‍ ആദ്യമായി താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിച്ചോ എന്നറിയാനുള്ള ആകാംഷയാണത്. അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.



എനിക്ക് വോട്ടവകാശം ഉണ്ടെങ്കിലും പോസ്റ്റല്‍ വോട്ടു മാത്രമേ ചെയ്യാന്‍ പറ്റൂ. അതൊരു മിനക്കെട്ട പണിയായത് കൊണ്ട് മിക്ക പട്ടാളക്കാരും ചെയ്യാറില്ല. പട്ടാളക്കാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നിരുന്നാലും മനസ്സുകൊണ്ട് ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതല്‍ എല്ലാവരും അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാര്‍ ആയതു കൊണ്ടാകാം തേക്കടിയില്‍ മറിഞ്ഞ ജലകന്യകയെപ്പോലെ എനിക്കും "ഇടത്തോട്ട് ഒരു ചരിവ് " ഉണ്ടായതെന്ന് ഞാന്‍ കരുതുന്നു.



പക്ഷെ എന്റെ കുടുംബത്തില്‍ "ഈ ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്. "നമ്മുടെ സാനാര്‍ത്തി " !!



അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്ത്‌ മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു. ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകള്‍ ആണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതി ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു മൂരാച്ചിക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.



അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ആയതില്‍ പ്രകാരം വോട്ട് ചെയ്യാന്‍ വേണ്ടി ഭാര്യയെ പോളിംഗ് ബൂത്തിലേയ്ക്ക് ബൈക്കില്‍ കൊണ്ട് പോകാം എന്ന് തലേ ദിവസം രാത്രിയില്‍ എപ്പോഴോ പ്രാബല്യത്തില്‍ വന്ന ഒരു കരാര്‍, മുന്‍‌കാല പ്രാബല്യത്തോടെ ഞാന്‍ റദ്ദു ചെയ്യുകയും ചെയ്തു.



വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ പോകാനായി ഒരുങ്ങി ഇറങ്ങിയ ഭാര്യ പഴയ കരാറിനെപ്പറ്റി എന്നെ ഓര്‍മപ്പെടുത്തി. പക്ഷെ എതിര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുവാന്‍ എന്റെ ബൈക്ക് ഞാന്‍ വിട്ടു തരില്ല എന്ന് നിഷ്കരുണം അറിയിച്ചിട്ട്‌ "പട്ടാളത്തിനോട് കളിച്ചാല്‍ ഇങ്ങനിരിക്കും" എന്ന രീതിയില്‍ ടി വി ഓണ്‍ ചെയ്ത് , കണ്ണൂരില്‍ പോളിംഗ് ബൂത്തിന്റെ മുന്‍പില്‍ തോക്കും പിടിച്ചു നില്‍ക്കുന്ന കേന്ദ്ര സേനയിലെ ജവാന്മാരെ നോക്കി മസില് പിടിച്ചിരുന്നു.



ജീവിതത്തിലെ ആദ്യത്തെ വോട്ട് ചെയ്യാന്‍ തയാറായി വന്ന ഭാര്യ എന്റെ ഭാവമാറ്റം കണ്ടു കുഴങ്ങി. ഒടുവില്‍ സ്ഥാനാര്‍ഥി ആരായാലും വോട്ട് ചെയ്യുക എന്നതാണ് കാര്യമെന്നും "അണ്ണന് "ഇഷ്ടമില്ലെങ്കില്‍ ഞാന്‍ "അരിവാളിന്" തന്നെ കുത്താമെന്നും അവള്‍ സമ്മതിച്ചതോടെ ഞാന്‍ പ്രതിക്ഷേധം നിര്‍ത്തുകയും, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ഭാര്യയേയും ഇരുത്തി പോളിംഗ് ബൂത്തിലേയ്ക്ക് പോവുകയും അവളുടെ വിലയേറിയ സമ്മതിദാനാവകാശം പാഴായിപ്പോകാതെ വിനിയോഗിക്കുവാന്‍ സഹായിക്കുകയും ചെയ്തു.



ഇനിയാണ് ഇന്നത്തെ കഥയുടെ സ്റ്റോറി തുടങ്ങുന്നത്.......


ടിവിയില്‍ സ്ഥാനാര്‍ഥികളുടെ ലീഡ് നില വന്നു കൊണ്ടിരുന്നു. ആലപ്പുഴയിലും കണ്ണൂരും എറണാ കുളത്തും ഇടതു പക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു എന്നുള്ള ആദ്യ വാര്‍ത്ത കണ്ട ഞാന്‍ ഭാര്യയെ നോക്കി. അവള്‍ സന്തോഷത്തോടെ എന്നെയും നോക്കി. അണ്ണന്‍ പറഞ്ഞ ആള്‍ക്ക് തന്നെ കുത്തിയതുകൊണ്ട്‌ ആദ്യത്തെ വോട്ട് പാഴായില്ലല്ലോ എന്ന സാന്തോഷമാണവള്‍ക്ക് . അത് കണ്ട എനിക്കും സന്തോഷം തോന്നി.



എല്ലാ പട്ടാളക്കാര്‍ക്കും സന്തോഷം വരുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്ന ഒരു സാധനമുണ്ട്. ആ സാധനമാണ്‌ കുപ്പി !!! കുപ്പി ഇല്ലെങ്കില്‍ പിന്നെ എന്തു സന്തോഷം? നമ്മുടെ സ്വന്തം സ്ഥാനാര്‍ഥി ലീഡ് ചെയ്യുമ്പോള്‍ അല്പം സ്മാള്‍ അടിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ഒരു സ്മാള്‍ അടിക്കുക? സ്മാള്‍ അടിച്ചു കൊണ്ട് സ്ഥാനാര്‍ഥിയെ ലീഡ് ചെയ്യിപ്പിക്കുക. അതല്ലേ അതിന്റെ ഒരു രസം? അങ്ങനെ ലീഡ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ച് സ്ഥാനാര്‍ഥി വിജയശ്രീലാളിതനാകുമ്പോള്‍ നമ്മള്‍ ഭൂമീശ്രീലാളിതനാകുക!. അതില്‍പരം എന്തുണ്ട് ഒരു സന്തോഷം? ഞാന്‍ അകത്ത് പോയി രണ്ടു പെഗ്ഗ് ഗ്ലാസില്‍ ഒഴിച്ച്, ഒരു പാത്രത്തില്‍ തൊട്ടുനക്കാനുള്ള അച്ചാറും എടുത്ത്‌ തിരിച്ചു വന്നു വീണ്ടും ടി വിയുടെ മുന്‍പില്‍ ഇരുന്നു.



പെട്ടെന്നാണ്‌ അത് സംഭവിച്ചത്. അടുക്കളയില്‍ ഫ്രിഡ്ജിന്റെ മുകളില്‍ ഇരുന്ന ഒരു ഫ്ലവര്‍വേസ്‌ എന്റെ തലയുടെ മുകളിലൂടെ പറന്നു പോയി. അത് ടി വി യുടെ അടുത്ത്‌ ഭിത്തിയില്‍ തട്ടി തറയില്‍ വീണുടഞ്ഞു. ഒപ്പം അടുക്കളയില്‍ എന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം. ഞാന്‍ ഭാര്യയെ നോക്കി. അവളെ കാണാനില്ല!. അവളെവിടെപ്പോയി? എന്താണ് ആ ശബ്ദം? ആരാണ് ഈ ഫ്ലവര്‍ ബേസ് എടുത്ത്‌ എന്നെ എറിഞ്ഞത്? ഞാന്‍ അന്തം വിട്ടിരുന്നു..



അടുത്ത നിമിഷം അടുക്കളയില്‍ നിന്നും പാഞ്ഞു വന്ന ഒരു ഒരു പടവലങ്ങയില്‍ നിന്നും ഞാന്‍ എന്റെ തല അതിവിദഗ്ദമായി രക്ഷപ്പെടുത്തുന്നതിനിടയില്‍ അശരീരി പോലെ വന്ന വാക്കുകള്‍ കേട്ട ഞാന്‍ വീണ്ടും ഞെട്ടി...


"ഞാനപ്പഴേ പറഞ്ഞതാ കയ്യേല്‍ കുത്തിയാ മതിയെന്ന്. അന്നേരം.... അങ്ങേരുടെ ഒരു അരിവാള്‍..ഇപ്പ സമാധാനമായല്ലോ അല്ലെ?"


"ആലപ്പുഴയും കണ്ണൂരും എറണാകുളവും യു ഡി എഫ്‌ തൂത്തു വാരി". ടി വി സ്ക്രീനില്‍ ഫ്ലാഷ്‌ ന്യൂസ്‌ വന്നു കൊണ്ടിരുന്നു. തറയില്‍ ചിതറിക്കിടന്ന ഫ്ലവര്‍വേസിന്റെ കഷണങ്ങള്‍ തൂത്തു വാരുകയായിരുന്നു ഞാനപ്പോള്‍..