Wednesday, November 9, 2011

മൂരാച്ചികളുടെ ലോകം.

രാവിലെ ഉറക്കമുണര്‍ന്നാലുടന്‍  ഒരു  കാപ്പിയോ   ചായയോ  കുടിക്കണമെന്നുള്ള കാര്യം എനിക്കു  നിര്‍ബന്ധമാണ്.   എങ്കിലേ എനിക്കു പ്രകൃതിയുടെ വിളി വരൂ.  അല്ലെങ്കില്‍ പ്രകൃതിയല്ല  ഒടേതമ്പുരാന്‍  വിളിച്ചാലും കാര്യങ്ങള്‍ക്കൊന്നും ശരിയായ രീതിയില്‍ ഒരു  "നീക്കു പോക്ക് "  ഉണ്ടാകാറില്ല.

ഈ ശീലം എനിക്കു പട്ടാളത്തില്‍ നിന്നും കിട്ടിയതാണ്. അവിടെ എന്നും രാവിലെ അഞ്ചു മണിയാകുമ്പോള്‍ മെസ്സ് ബോയി ചായയുമായി വന്നിട്ട്    "ഉഡോ  സാബ് ചായ്  പീലോ" എന്ന് പറയുമ്പോഴാണ്  ഞങ്ങള്‍ കണ്ണും തിരുമ്മി എഴുനേല്‍ക്കുക. ബാത്ത് റൂമില്‍ പോകാനുള്ള ടവല്‍, ടൂത്ത് ബ്രഷ്,  പേസ്റ്റ് എന്നിവ  റെഡിയാക്കി വച്ചതിനു ശേഷമേ ചായ കുടിക്കൂ. കാരണം പട്ടാളത്തിന്റെ ചായ അകത്തു ചെന്നാലുടന്‍    രാസപ്രവര്‍ത്തനം തുടങ്ങും.  പിന്നെ ഇവയൊന്നും എടുക്കുവാനുള്ള സാവകാശം കിട്ടിയെന്നു വരില്ല. 

പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ശേഷം  അവധി ദിവസങ്ങളില്‍ ഞാന്‍  രാവിലെ പത്തുമണി വരെ ഉറങ്ങാന്‍ തുടങ്ങി.  ഉറങ്ങുമ്പോള്‍  കൂര്‍ക്കം വലിച്ചുതന്നെ ഉറങ്ങണം എന്നെനിക്ക്  നിര്‍ബന്ധമാണ്‌.   പല സ്വരത്തിലും താളത്തിലുമുള്ള   എന്റെ  കൂര്‍ക്കംവലികള്‍   പഠിക്കാനിരിക്കുന്ന കുട്ടികള്‍ക്ക്   ശല്യമായപ്പോള്‍ ഭാര്യ ഒരു  തന്ത്രം പ്രയോഗിച്ചു.

അവള്‍ നേരത്തെ  എഴുനേറ്റു ചായുണ്ടാക്കി എന്നെ വിളിച്ചുണര്‍ത്തി   കുടിപ്പിക്കാന്‍  തുടങ്ങി. ചായ കുടിച്ചയുടന്‍   ടോയിലെറ്റിലേയ്ക്ക്  വച്ചുപിടിക്കുന്ന ഞാന്‍ തിരിച്ചു വന്നാലുടന്‍  വീണ്ടും കിടന്നുറങ്ങാതിരിക്കാനുള്ള മുന്‍കരുതല്‍ പോലെ   പാലു  വാങ്ങാനുള്ള  പാത്രവുമായി  അവള്‍  ഹാജരുണ്ടാകും. 

അതും വാങ്ങി പാതിമയക്കത്തില്‍ പാല്‍  സൊസൈറ്റിയിലേയ്ക്കു  നടക്കുന്ന  എന്റെ  ഒരു ദിവസം  അങ്ങിനെ   ആരംഭിക്കുകയായി.  

ഒരു ഹര്‍ത്താല്‍ ദിനത്തില്‍  ഭാര്യയുണ്ടാകിയ   സ്പെഷ്യല്‍  "ശോധനാപാനീയം"   കഴിച്ചു ടോയിലെറ്റില്‍  മയങ്ങിയിരുന്ന ഞാന്‍  വീടിനു മുകളില്‍  നിന്നും  ഒരു അലര്‍ച്ച  കേട്ടു  ഞെട്ടിയുണര്‍ന്നു. "മാന്യ മഹാ ജനങ്ങളെ. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്...   ഈ സര്‍ക്കാര്‍  അധികാരത്തില്‍ വന്നതിനു ശേഷം എത്രാമത്തെ തവണയാണ്  പെട്രോളിനു  വില കൂട്ടുന്നത്‌?"

ആസനത്തില്‍  പെട്രോള്‍  വീണതു പോലെ  ഞെട്ടിയ   ഞാന്‍  കണ്ണു  തുറന്നു വീടിന്റെ  മേല്‍ക്കൂരയിലെയ്ക്ക്  മിഴിച്ചു നോക്കി.

എവിടുന്നാണാ ശബ്ദം?    ആരാണ് രാവിലെ എന്റെ വീടിന്റെ  മുകളില്‍  കയറിനിന്നു പ്രസംഗിക്കുന്നത്?

അടുത്ത നിമിഷം  വീണ്ടും അലര്‍ച്ച കേട്ടു.

"അടിക്കടിയുണ്ടാകുന്ന ഈ വിലക്കയറ്റത്തിനെതിരെ നടത്തുന്ന ഈ ഹര്‍ത്താലിന്   എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട്  ഇന്ന്  വൈകിട്ട്  ചേരുന്ന  പൊതു സമ്മേളനത്തില്‍... "

ആഹാ.. രാഷ്ട്രീയം പ്രസംഗിക്കാനായി എന്റെ വീടിന്റെ മുകളില്‍  കയറാന്‍ ധൈര്യം കാട്ടിയവനാര് എന്നു  ചിന്തിച്ചുകൊണ്ട്   "നീക്കു പോക്ക്" കാര്യങ്ങള്‍  അടിയന്തിരമായി നിറുത്തി വച്ച ഞാന്‍  ടോയിലെറ്റില്‍ നിന്നും പുറത്തുചാടി. അപ്പോഴതാ മുറ്റത്തു ഭാര്യയും കുട്ടികളും   ആകാശത്തേക്ക് നോക്കി  മിഴിച്ചു നില്കുന്നു. 

അവിടെന്താ വല്ല സര്‍ക്കസും നടക്കുന്നോ? ഞാന്‍ ജിജ്ഞാസുവായി അങ്ങോട്ട്‌ നോക്കി.  

ശബ്ദം കേള്‍ക്കുന്നത്    വീടിനോട്  ചേര്‍ന്ന് നില്‍ക്കുന്ന കൊന്നത്തെങ്ങില്‍  നിന്നാണ്  എന്നെനിക്കു  മനസ്സിലായി. അതിന്റെ മണ്ടയില്‍ രണ്ടു ലൌഡ് സ്പീക്കറുകള്‍  വിപരീത ദിശകളില്‍ കെട്ടി വച്ചിരിക്കുന്നു.  അതില്‍ നിന്നും പോകുന്ന ചുവപ്പും മഞ്ഞയും കലര്‍ന്നുള്ള വയര്‍ മതിലിനു പുറത്തുള്ള  യു പി സ്കൂളിന്റെ മുറ്റത്തു കെട്ടിയുണ്ടാക്കിയ  പന്തലിലേയ്ക്ക് നീളുന്നു...!

"എന്നോട് ചോദിക്കാതെ എന്റെ മുറ്റത്തു  നില്‍ക്കുന്ന  തെങ്ങില്‍ ഇതു കെട്ടിവച്ചതാര്?"  ഞാന്‍ ചോദ്യ ഭാവത്തില്‍ ഭാര്യയെ നോക്കി.

അവളുടെ മുഖത്ത്‌   ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസില്‍ പോകേണ്ടി വന്ന സര്‍ക്കരുദ്യോഗസ്ഥന്റെ  ഭാവം..!

ഞാന്‍ മതിലിനടുത്തു ചെന്നു  പന്തലിലേയ്ക്ക് എത്തി നോക്കി.  അവിടെ കുറെ ഖദര്‍ധാരികള്‍ നില്‍ക്കുന്നു. പന്തലില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ പത്തു പതിനഞ്ച് സാദാധാരികള്‍  ഇരിക്കുന്നു. ഒരു ധാരി  തന്റെ മുന്‍പില്‍ വച്ചിരിക്കുന്ന  മൈക്കിനോട് എന്തോ പൂര്‍വ്വ വൈരാഗ്യം ഉള്ളതുപോലെ അതിന്റെ   കഴുത്തില്‍  കുത്തിപ്പിടിച്ചു കൊണ്ട്  ഘോരഘോരം പ്രസംഗിക്കുകയാണ്.


"ഈ നാട്ടിലെ  ജനങ്ങളെ ദ്രോഹിക്കുവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന മൂരാച്ചികളെ നമ്മള്‍ ഒറ്റക്കെട്ടായി എതിര്‍ക്കന്നമെന്നു ഞാന്‍..."


ആ ശബ്ദം തെങ്ങിന്റെ മണ്ടയിലിരിക്കുന്ന ലൗഡ് സ്പീക്കര്‍ മൂരാച്ചികള്‍  നാട്ടുകാരായ മൂരാച്ചികളെ  ഉറക്കെ കേള്‍പ്പിച്ചു. 


അതുശരി...  അപ്പോള്‍ ഇവരെല്ലാം കൂടി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ച്  പഠിക്കുകയും അപലപിക്കുകയുമാണ്. അതിന്റെ ബഹളമാണ് കേള്‍ക്കുന്നത്..ഞാന്‍ വീട്ടിലേയ്ക്ക്‌ തിരിച്ചു വന്നു.

അപ്പോഴതാ  വീട്ടിനുള്ളില്‍ നിന്നും ഭാര്യ എന്ന മൂരാച്ചിയുടെ അലര്‍ച്ച.!

"നേരം വെളുത്തെപ്പിന്നെ പുസ്തകം കൈകൊണ്ടു തൊട്ടിട്ടില്ല. പോയിരുന്നു പഠിക്കെടാ."

"അമ്മേ  ഈ ശബ്ദം കാരണം വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല".  മകന്‍ മൂരാച്ചിയുടെ മറുപടി ഉടന്‍  വന്നു.  

അവനും അലറുകയാണ്.

അകത്തു ഫോണിന്റെ മണിയടി. ഞാന്‍  പോയി ഫോണെടുത്തു  റിസീവര്‍ കാതില്‍ ചേര്‍ത്തു.  ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല...

"ഹലോ... ഹലോ ...ആരാ?".....  ഞാനുമൊരു  മൂരാച്ചിയായി  മാറി .

"മീന്‍ വേണോ മീന്‍... നല്ല   മുഴുത്ത അയല"..  മീന്‍ വില്‍ക്കുന്ന പരീതു  മൂരാച്ചിയുടെ  അലര്‍ച്ച  പുറത്തു മുഴങ്ങുന്നു.

"അതുകൊണ്ട്    ഈ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ നിറുത്തുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യകയാണ്."

തെങ്ങിന്റെ മണ്ടയിലെ ലൌഡ്  സ്പീക്കര്‍ മൂരാച്ചി വീണ്ടും ഉച്ചത്തില്‍   അലറി.

"ദൈവമേ   ആകെക്കിട്ടിയ  അവധി ദിവസം കുളമാക്കിയ ദ്രോഹികള്‍.   ഇതിനെതിരെ   സമരം ചെയ്യാന്‍ ഏതെങ്കിലും മൂരാച്ചികളുണ്ടോ ?"

വട്ടു പിടിക്കുന്ന അവസ്ഥയിലായ ഞാന്‍ കൂട്ടിലിട്ടിരിക്കുന്ന വെരുകിനെപ്പോലെ  മുറ്റത്തു കൂടി   തെക്കു വടക്കു നടന്നു 


പിന്നെ ഇരു ചെവിയിലും  വിരല്‍ തിരുകിക്കയറ്റി സകലമാന  മൂരാച്ചികളെയും പ്രാകിക്കൊണ്ട്   കസേരയില്‍ കുത്തിയിരുന്നു .

(ഒരിക്കല്‍ ബൂലോകം ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്തത് )