Wednesday, March 21, 2012

എന്ട്രിക ലക്സിയും ഒരു പുട്ടുകുറ്റിയും.

"എടാ രഘൂ  നമുക്കൊരു പുട്ടുകുറ്റി വാങ്ങിയാലോ? രാവിലത്തെ  ബ്രേക്ക് ഫാസ്റ്റിനു  പുട്ടും കടലയും   നല്ല  കോമ്പിനേഷനാ"

എറണാകുളം മറൈന്‍ ഡ്രൈവിനോടു  ചേര്‍ന്നുള്ള വഴിയരികില്‍   നിരത്തിവച്ചിരിക്കുന്ന മുള കൊണ്ടു നിര്‍മ്മിച്ച പുട്ടുകുറ്റികള്‍ കണ്ടപ്പോഴാണ്  എന്റെ സുഹൃത്തായ കുറുപ്പുസാറിന്റെ പുട്ടുകുടം പോലുള്ള തലയില്‍ ആ "പുട്ടാശയം"  ഉദിച്ചത്.

"ആഹാ അതു കൊള്ളാം" 

ആവി പറക്കുന്ന പുട്ട്  പപ്പടവും  കടലയുമിട്ടു  കുഴച്ചു ലഡ്ഡു പോലെയുള്ള ഉരുളകളാക്കി  ഘോരഘോരം വെട്ടിവിഴുങ്ങുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെ വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളം ഞാനറിയാതെ നിറഞ്ഞു.

പണ്ടത്തെ  ആളുകള്‍ അരിയും നെല്ലും മറ്റും അളക്കാനായി  ഉണ്ടാക്കിയിരുന്ന   നാഴിയുടെ രൂപത്തിലാണ്   പുട്ടുകുറ്റിയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.   പുട്ടുണ്ടാക്കുമ്പോള്‍ കൈ പൊള്ളാതിരിക്കാനായി  അതിന്റെ പുറത്തു കയറു കൊണ്ടു ചുറ്റി വരിഞ്ഞിട്ടുണ്ട്.  പുട്ടുകുറ്റി കൂടാതെ  മുള ഉപയോഗിച്ചുണ്ടാക്കിയ മറ്റു പല സാധങ്ങളും അവിടെ വച്ചിരുന്നു. 

ഒരു പുട്ടുകുറ്റി കയ്യിലെടുത്തു  പരിശോധിച്ചിട്ട്   അതുകൊണ്ട് പുട്ടുണ്ടാക്കുന്ന   രീതി ചോദിച്ചു മനസ്സിലാക്കുകയാണ് കുറുപ്പു സാര്‍. കുറ്റിയില്‍ മാവു നിറച്ചു  പ്രെഷര്‍  കുക്കറിന്റെ  നോസിലില്‍   വച്ചാല്‍ അഞ്ചു മിനിട്ടു  കൊണ്ടു പുട്ട്   റെഡിയാകുമെന്ന്   വില്‍പ്പനക്കാരന്‍ പറഞ്ഞു. 

എങ്ങനെയുണ്ട്  എന്ന ഭാവത്തില്‍ കുറുപ്പുസാര്‍ എന്നെ നോക്കി.  'ക്രോണിക്  ബാച്ചിലര്‍'  സിനിമയില്‍ ഹരിശ്രീ അശോകന്‍  പുട്ടുണ്ടാക്കിയത്  പോലെ ആകുമോ എന്ന ചിന്തയില്‍  ഞാന്‍ നിന്നു. 

ഏതായാലും അല്പ നേരത്തെ വിലപേശലിനു ശേഷം  നൂറു രൂപാ   കൊടുത്ത്  ഒരു പുട്ടുകുറ്റി  ഞങ്ങള്‍ സ്വന്തമാക്കി. പിന്നെ  പുട്ടുകുറ്റി കക്ഷത്തില്‍  വച്ച്  ഒരു പാക്കറ്റ്    കടലയും വാങ്ങി  കൊറിച്ചുകൊണ്ടു ഞങ്ങള്‍  മറൈന്‍  ഡ്രൈവിലേയ്ക്ക് നടന്നു. 

പടിഞ്ഞാറേ  മാനത്തു   സൂര്യന്‍  ഒരു ചുവന്ന  പപ്പടം പോലെ  കാണപ്പെട്ടു.  കാണണമെന്നുള്ളവര്‍  ഉടനെ കണ്ടോണം, അല്ലെങ്കില്‍ താനിപ്പം മുങ്ങിക്കളയും   എന്ന പരുവത്തിലാണ്  മൂപ്പരുടെ  നില.  വിദേശത്തു പോകുന്നയാളെ യാത്രയയക്കാന്‍  എയര്‍പോര്‍ട്ടില്‍ വന്ന ബന്ധുക്കളെപ്പോലെ  കുറെ മേഘത്തുണ്ടുകള്‍  സൂര്യനു  ചുറ്റും  കറങ്ങി നടക്കുന്നുണ്ട്.   കായലില്‍ക്കൂടി യാത്രാബോട്ടുകളും  ഉല്ലാസ നൌകകളും നിറയെ ആളുകളുമായി അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു.  

അല്പം അകലെയുള്ള   ഓയില്‍ ബര്‍ത്തില്‍ ഒരു വലിയ കപ്പല്‍ കിടക്കുന്നു.  മുകളില്‍ കറുപ്പും അടിയില്‍ ചുവപ്പും നിറമുള്ള ആ കപ്പല്‍ കണ്ട കുറുപ്പുസാര്‍  പെട്ടെന്ന്  വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി.

"ദേ  കിടക്കുന്നെടാ മോനിക്കാ ലെവിന്‍സ്കി. നമ്മുടെ മീന്‍പിടുത്തക്കാരെ  വെടിവച്ചു കൊന്ന പട്ടാളക്കാരുടെ കപ്പല്‍"...

കുറുപ്പുസാറിന്റെ അലര്‍ച്ച കേട്ടു ഞാന്‍ ഞെട്ടി...

"അയ്യോ സാറേ അതു മോനിക്കാ ലെവിന്‍സ്കിയല്ല. എന്ട്രിക  ലെക്സിയാ".  

കുറുപ്പുസാറിന്റെ  അലര്‍ച്ച   ആരെങ്കിലും കേട്ടോ എന്നറിയാന്‍ ഞാന്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി.
 
"ഹും ആരുടെ എന്ട്രിക  ആയാലും അവന്മാര്‍ ചെയ്തത് പോക്രിത്തരമല്ലേ? വയറു പിഴപ്പിക്കാന്‍ പോയവരെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ കയറി വെറുതെ അങ്ങു വെടിവച്ച് കൊന്നെന്നു പറഞ്ഞാല്‍  ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നാണോ അവരുടെ വിചാരം?"   

ക്ഷിപ്രകോപിയാണ്   കുറുപ്പുസാര്‍.  കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ആളും തരവും നോക്കാതെ  സംസാരിച്ചു കളയും. സുബേദാര്‍മേജര്‍ റാങ്കില്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച കുറുപ്പുസാര്‍ കുട്ടനാട്ടിലെ നെടുമുടി സ്വദേശിയാണ്.  ആയതു കൊണ്ടു തന്നെ  അദ്ദേഹത്തിന്റെ ആകൃതിയിലും  പ്രകൃതിയിലും ഒരു  മുട്ടന്‍ "നെടുമുടി സ്റ്റൈല്‍"  ഒളിഞ്ഞു കിടപ്പുണ്ട്. 

"സാര്‍ പതുക്കെപ്പറ...ആളുകള്‍ ശ്രദ്ധിയ്ക്കുന്നു..." ഞാന്‍ അദ്ദേഹത്തെ ശാന്തനക്കാന്‍  ശ്രമിച്ചു.

അതോടെ കുറുപ്പുസാര്‍ തണുത്തു. 

"ഹും...ഇനി ഒരു തവണ കൂടി  പട്ടാളത്തില്‍ ചേരാന്‍ പറ്റിയാല്‍ ഞാന്‍ ഇറ്റലിപ്പട്ടാളത്തിലെ ചേരൂ" 

കായലരികിലെ സിമന്റു ബഞ്ചില്‍ ഇരുന്നുകൊണ്ട് കുറുപ്പുസാര്‍  പറഞ്ഞു.

കുറുപ്പു സാറിന്റെ  വാചകം കേട്ട ഞാന്‍ വീണ്ടും   ഞെട്ടി. ഇത്രയും നേരം ഇറ്റലിക്കാരെ  ചീത്ത പറഞ്ഞ അദ്ദേഹം  അവരുടെ പട്ടാളത്തില്‍ ചേരുമെന്നോ? ഞാന്‍ അത്ഭുതത്തോടെ  കുറുപ്പു സാറിനെ നോക്കി. 

"അതെന്താ സാര്‍?"

ഇടതു കക്ഷത്തിലിരിക്കുന്ന പുട്ടുകുറ്റി  വലതുകക്ഷത്തിലേയ്ക്ക്  മാറ്റിയിട്ട്   കുറുപ്പുസാര്‍  കയ്യിലിരുന്ന പൊതിയില്‍ നിന്നും  അഞ്ചാറു  കടലയെടുത്തു വായിലിട്ടു. എന്നിട്ടു  തന്റെ സ്വതസിദ്ധമായ നെടുമുടി സ്റ്റൈലില്‍  ചോദിച്ചു.

"എടാ  പത്തിരുപതു വര്‍ഷം കഷ്ടപ്പെടും ബുദ്ധിമുട്ടിയും  പട്ടാളത്തില്‍  ജോലി ചെയ്തിട്ട്   നേരെ ചൊവ്വേ   ഒന്നു വെടി വയ്ക്കാന്‍  സാധിച്ചിട്ടുണ്ടോ നിനക്ക് ?'

"ങേ... എന്തൊരു മണ്ടന്‍  ചോദ്യമാ സാറേ ചോദിക്കുന്നത്?" .

കാശ്മീരില്‍ ജോലിചെയ്യുമ്പോള്‍  പാകിസ്ഥാന്‍  പോസ്റ്റുകളിലേയ്ക്കു  എത്ര തവണ ഞാന്‍ വെടി വച്ചിരിക്കുന്നു? 

എത്ര ഉഗ്രവാദി ആക്രമണങ്ങളെ  ധീരമായി നേരിട്ടിരിക്കുന്നു? 

കാര്‍ഗില്‍ യുദ്ധത്തില്‍വരെ പങ്കെടുത്ത വീരയോദ്ധാവാണ്  ഞാന്‍.

അങ്ങിനെയുള്ള എന്നോട്  വെടി വച്ചിട്ടുണ്ടോന്ന്.. എനിക്കു വല്ലാതെ ദേഷ്യം വന്നു.

ഹ ഹ ഹാ.... കുറുപ്പുസാര്‍ ഉറക്കെ ചിരിച്ചു..

കാശ്മീരില്‍ നീ വെടിവച്ചിട്ടുണ്ടെന്നു പറയുന്നത് ശരിയാ..പക്ഷെ പാക്കിസ്ഥാന്‍  പട്ടാളക്കാര്‍ കണ്ണും മൂക്കുമില്ലാതെ വെടി വയ്ക്കുമ്പോള്‍ തിരിച്ചു വെടിവയ്ക്കാനുള്ള ഓര്‍ഡര്‍  നമുക്ക്   കിട്ടിവരുമ്പോഴേയ്ക്കും   വെടിവയ്പും കഴിഞ്ഞു പാക്കിസ്ഥാന്‍കാര്‍ അവരുടെ പാട്ടിനു പോയിട്ടുണ്ടാകും.

"ന്താ ശരിയല്ലേ?" കുറുപ്പുസാര്‍ ചോദിച്ചു...
 
അതു... പിന്നെ....ഞാന്‍ തല ചൊറിഞ്ഞു..

"അതു പോട്ടെ ഇനി  നമ്മളാണ്   ഇതുപോലെ  വെടി വച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഗതിയെന്നു നീ ആലോചിച്ചിട്ടുണ്ടോ?"

കുറുപ്പു സാര്‍ എന്റെ നേരെ അടുത്ത ചോദ്യമെറിഞ്ഞു...

"അങ്ങിനെവന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഉടനെ കേറി ഇടപെട്ടു നമ്മളെ രക്ഷിക്കില്ലേ?
   
"പിന്നേ...രക്ഷിക്കും.. .അങ്ങിനെ രക്ഷിച്ചതു കൊണ്ടല്ലേ  പാകിസ്ഥാന്‍ പിടിച്ച ഇന്ത്യക്കാരെല്ലാം ഇപ്പോഴും അവിടെത്തന്നെ കിടക്കുന്നത്?"

എനിക്ക്   വീണ്ടും  ഉത്തരം മുട്ടി. 

ഞാന്‍ കുറച്ചു കടലയെടുത്തു വായിലിട്ട് ശക്തിയോടെ ചവച്ചു. 

"ഇറ്റലീടെ മന്ത്രിമാരെല്ലാം ഇപ്പൊ കേരളത്തിലാ താമസം.  അവരുടെ പട്ടാളക്കാരേയും  കൊണ്ടേ  അവര്‍ക്കങ്ങോട്ടു ചെല്ലാന്‍ പറ്റൂ..അല്ലെങ്കില്‍ മന്ത്രിപ്പണി പോകും"

കുറുപ്പു സാര്‍ പുട്ടുകുറ്റിയെ   വീണ്ടും ഇടതുകക്ഷത്തിലേയ്ക്ക്  ഷിഫ്റ്റ്‌ ചെയ്തിട്ട്   കടലാസില്‍ ബാക്കിയുള്ള കടല വാരി വായിലിട്ടിട്ടു   മുറുക്കാന്‍ ചവയ്ക്കുന്നത്‌ പോലെ ചവച്ചു.   

ഞാന്‍ പിന്നെ  ഒന്നും മിണ്ടിയില്ല. 

ഈ സമയത്താണ് അല്‍പ്പം   അകലെയായി  ഒരാള്‍ ഞങ്ങളെത്തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്നത്  ഞാന്‍ കണ്ടത്.
  

ഒത്ത ഉയരവും അതിനൊത്ത തടിയും കൊമ്പന്‍ മീശയുമുള്ള അയാളുടെ  നോട്ടം കുറുപ്പുസാറിന്റെ കഷത്തിലിരിക്കുന്ന കുഴലുപോലെയുള്ള  സാധനത്തിലാണ്.  ഇടയ്ക്കിടയ്ക്ക്  അയാള്‍   എന്ട്രിക ലക്സിയിലേയ്ക്കും നോക്കുന്നുണ്ട്. 

ഈശ്വരാ...എന്ട്രിക ലക്സി കൊച്ചിയില്‍ വന്നതിനു ശേഷം ഈ പ്രദേശം  മുഴുവന്‍ രഹസ്യപ്പോലീസ്  വലയത്തിലാണെന്ന്  പത്രത്തില്‍  വായിച്ചത് ഞാനോര്‍ത്തു...

കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം പൊതുസ്ഥലത്ത്  ഉറക്കെ ചര്‍ച്ച ചെയ്തത്  കുറ്റമല്ലേ? 

എന്ട്രിക ലക്സിയെപ്പറ്റി  ഞങ്ങള്‍  പറഞ്ഞത്  വല്ലതും  അയാള്‍ കേട്ടിട്ടുണ്ടാകുമോ?  ഞാന്‍ കുറുപ്പു സാറിനെ ചെറുവിരല്‍ കൊണ്ടു  തോണ്ടി.

അയാളുടെ നില്‍പ്പും ഭാവവും കണ്ട  കുറുപ്പു സാര്‍ വിരണ്ടു. അതോടെ അദ്ദേഹത്തിന്റെ കക്ഷത്തിലിരുന്ന  പുട്ടുകുറ്റിയുടെ സ്ഥാനം   കയ്യിലേയ്ക്കു മാറി.

അയാളുടെ നോട്ടം  പുട്ടുകുറ്റിയില്‍ തന്നെ... 

കുഴലു പോലെയുള്ള അതിന്റെ  ആകൃതി കണ്ടിട്ട്    ആധുനിക രീതിയിലുള്ള തോക്കോ മറ്റോ ആണെന്ന് അയാള്‍ ധരിച്ചിട്ടുണ്ടാകുമോ?   

അങ്ങിനെയെങ്കില്‍ ഇറ്റലി പട്ടാളക്കാരുടെ കൂടെ ഞങ്ങള്‍ക്കും ജയിലിലെ ഉണ്ട തിന്നേണ്ടി വരും.    
  
പക്ഷെ ഇറ്റലി പട്ടാളക്കാര്‍  ജയിലില്‍ ബിരിയാണിയും  ഫ്രൂട്ട്  സാലഡ്ഡുമാണ്   കഴിക്കുന്നതത്രേ...

നമുക്ക്  പുട്ടായാലും  മതിയായിരുന്നു...

ഈ കഷ്മലന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു വഴി...

ഞങ്ങള്‍ക്ക് പോകാനുള്ള വഴിയിലാണ് അയാള്‍ നില്‍ക്കുന്നത്...

പിറകില്‍ കായലാണ്.......കായലില്‍  ചാടി നീന്തിയാലോ? 

അതു വേണ്ടാ. നീന്തിച്ചെല്ലുന്നത്  എന്ട്രിക ലക്സിയുടെ അടുത്തെയ്ക്കാണെങ്കില്‍  പത്തു പതിനഞ്ചു ദിവസമായി  കൊച്ചിയില്‍ കിടന്നു ബോറടിച്ചിരിക്കുന്ന  അതിലെ പട്ടാളക്കാര്‍ക്ക്   വീണ്ടും പണിയാകാന്‍ വഴിയുണ്ട്. 

ഞങ്ങളുടെ  പരവേശവും പരുങ്ങലും കണ്ടതോടെ  അയാള്‍  മുന്‍പോട്ടു വന്നു...

പെട്ടന്നൊരു ശബ്ദം...

"രഘുവേ..ഓടിക്കോടാ"

എന്റെ പിറകില്‍ നിന്നിരുന്ന  കുറുപ്പുസാര്‍  നേരെ മുന്‍പിലുള്ള മൈതാനത്തിന്   കുറുകെയുള്ള വഴിയില്‍ക്കൂടി   ഒറ്റ ഓട്ടം വച്ചു കൊടുത്തു..
 

അദ്ദേഹത്തിന്റെ കയ്യിലിരുന്ന പുട്ടുകുറ്റി  വലിയൊരു ശബ്ദത്തോടെ നിലത്തു വീണു ..

എനിക്കു മാത്രം ഓടാന്‍ പറ്റിയില്ല..

അയാള്‍ അടുത്തു വന്നു...

എന്റെ  മുമ്പില്‍ വീണു കിടന്ന പുട്ടുകുറ്റി കുനിഞ്ഞെടുത്തു. എന്നിട്ട് ചോദിച്ചു.

"ഇതെവിടുന്നാ വാങ്ങിയത് ? എനിക്കും  ഒരെണ്ണം വേണം. 
മുളംകുറ്റിയില്‍ ഉണ്ടാക്കുന്ന പുട്ടിനു നല്ല സ്വാദാ"


അയാളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞില്ല.  

കാരണം, കുറുപ്പുസാര്‍  ഓടിപ്പോയ വഴിയിലേയ്ക്കു നോക്കി  അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍.