Wednesday, June 15, 2011

ഒരു പള്‍സര്‍ കുടുംബം.

ഞായറാഴ്ച രാവിലെ ഏകദേശം ആറിനും ഏഴിനും ഇടയിലാണ് ഞെട്ടിക്കുന്ന ആ സംഭവം നടന്നിരിക്കുന്നത്.

ഞാന്‍ ബാത്ത് റൂമില്‍ പോയ സമയത്താണ് സംഭവം നടന്നത് എന്നാണെന്റെ ഊഹം.

പക്ഷെ, പല്ലുതേപ്പും കുളിയും കഴിഞ്ഞു പാലു വാങ്ങാനായി മില്‍മ ബൂത്തിലെത്തിയപ്പോഴാണ് സംഭവം ഞാന്‍ അറിയുന്നത്‌.

എന്റെ പേഴ്സില്‍ ഉണ്ടായിരുന്ന അഞ്ചു രൂപയുടെ ഒരു കോയിന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ആ സംഭവം..!

വെറുമൊരു അഞ്ചു രൂപ കോയിനല്ല. അല്‍ഫോന്‍സാമ്മയുടെ മുഖമുള്ള സ്വര്‍ണനിറമുള്ള കോയിന്‍ !

ആകെയുണ്ടായിരുന്ന ഇരുപത്തിയഞ്ച് രൂപയില്‍ ഇരുപതു രൂപാ മാത്രമേ ഇപ്പോള്‍ പേഴ്സിലുള്ളൂ.

എങ്ങിനെ ഞാന്‍ സഹിക്കും?

സ്വര്‍ണനിറമുള്ള കോയിന്‍ പോയ വഴിയെപ്പറ്റി നടത്തിയ കൂലങ്കഷമായ അന്വേഷണത്തിന്റെ ഭാഗമായി ഭാര്യ, മകന്‍, മകള്‍ എന്നിവരെ പ്രതിസ്ഥാനത്തു നിര്‍ത്തി കേസ് ചാര്‍ജു ചെയ്യുകയും അവരെ ഓരോരുത്തരായി വിളിച്ചു സവിസ്തരം ചോദ്യം ചെയ്യുകയും ചെയ്തു.


ഒടുവില്‍ ഗത്യന്തരമില്ലാതെ വന്ന ഭാര്യ എല്ലാം കണ്ടുകൊണ്ട് പാര്‍വതീസമേതനായി ഭിത്തിയില്‍ ഇരിക്കുന്ന പരമശിവനെ രൂക്ഷമായി ഒരു നോട്ടം നോക്കി. എന്നിട്ട് അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"എന്റെ മഹാദേവാ ഒരു അറുപിശുക്കനെ മാത്രമേ എന്റെ ഭര്‍ത്താവായി നിനക്ക് കിട്ടിയുള്ളോ? ഇങ്ങേരെക്കൊണ്ട് ഞാന്‍ തോറ്റു"

മഹാദേവന്‍ പെട്ടെന്ന് കണ്ണടച്ചു ധ്യാനനിരതനായി. പക്ഷെ പാര്‍വ്വതി ഗൂഡമായി ചിരിച്ചു.

ഭാര്യ ഓടിപ്പോയി മകളുടെ ചെറിയ സമ്പാദ്യക്കുടുക്ക എടുത്തു കൊണ്ടു വന്നിട്ട് അതില്‍ നിന്നും ഒരു അഞ്ചു രൂപ കോയിന്‍ എടുത്ത് എന്റെ നേരെ ഒരേറു വച്ച് തന്നു.

"ദേണ്ടെ കിടക്കുന്നു നിങ്ങളുടെ പൈസ. അതിന്റെ കളറുകണ്ടപ്പോള്‍ മോള്‍ എടുത്തു അവളുടെ കുടുക്കയില്‍ ഇട്ടതാ"


അതോടെ ഞാന്‍ ശ്രീശാന്തനാവുകയും സിറ്റൌട്ടില്‍ ചെന്നിരുന്നു പത്രപാരായണത്തില്‍ മുഴുകുകയും ചെയ്തു.


"ഹും എവിടെപ്പോയാലും പൈസ പൈസ പൈസ. ഇങ്ങനെയുണ്ടോ ഒരു പിശുക്ക്? ഒരു സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് എത്ര നാളായി പറയുന്നു? ഇങ്ങനെയുള്ള പിശുക്കന്റെ കൂടെ എങ്ങനെ വിശ്വസിച്ചു സിനിമയ്ക്ക് പോകും? എന്റെയൊരു വിധി"


അകത്തുനിന്നും ഭാര്യയുടെ ഉച്ചത്തിലുള്ള പതം പറച്ചില്‍.


ഒപ്പം അടുക്കളയില്‍ നിന്നും ഹാള്‍ വഴി സിറ്റൌട്ടിലേയ്ക്ക് ഉരുളക്കിഴങ്ങ്, തക്കാളി, വഴുതിനങ്ങാ, വെണ്ടക്കാ മുതലായ പച്ചക്കറി സാധനങ്ങള്‍ പറന്നു വരാന്‍ തുടങ്ങി. !


ഞാന്‍ ഇരുന്ന കസേര അല്പം മാറ്റിയിട്ടു. എന്നിട്ട് വീണ്ടും പത്ര പാരായണം തുടങ്ങി.


ഏതായാലും ഞായറാഴ്ച ഉച്ചയോടെ "സിനിമ പോലും കാണിക്കാന്‍ കൊണ്ടുപോകില്ല" എന്നുള്ള ഭാര്യയുടെ പരാതി മാറ്റാന്‍ ഞാന്‍ തീരുമാനിച്ച വിവരം ഒരു ദൂതന്‍ വഴി അവളെ അറിയിച്ചു.

മകളാണ് എനിക്ക് വേണ്ടി ആ കൃത്യം ചെയ്തത്.


അതോടെ തക്കാളിയുടേയും ഉരുളക്കിഴങ്ങിന്റേയും വരവു നിന്നു..മാത്രമല്ല സിറ്റൌട്ടില്‍ ചിതറിക്കിടന്ന സാധങ്ങള്‍ ഭാര്യ തന്നെ പെറുക്കിയെടുത്തു കൊണ്ടു പോവുകയും ചെയ്തു.


ഒരു മണിയോടെ സിനിമയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഒരുങ്ങാനായി ബെഡ് റൂമിലേയ്ക്ക് കയറിയ ഭാര്യ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തു വരാത്തതില്‍ ആശങ്കാകുലനായ ഞാന്‍ കതകില്‍ തട്ടി വിളിച്ചു. അല്പം കഴിഞ്ഞപ്പോള്‍ കതകു തുറന്നു ഭാര്യ പുറത്തു വന്നു.

"ദൈവമേ ഇവളെന്താ കണ്മഷിപ്പാത്രത്തില്‍ മറിഞ്ഞു വീണോ"

ഭാര്യയുടെ
മുഖം കണ്ട ഞാന്‍ അന്ധാളിച്ചുപോയി..


മകനും മകളും നേരത്തേ റെഡിയായി നില്‍ക്കുകയാണ്.

ഒരു ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിളാണ് എനിക്കുള്ളത്. അതിന്റെ ടാങ്കിന്റെ മുകളില്‍ മകളും അവളുടെ പിറകില്‍ ഞാനും എന്റെ പിറകില്‍ മകനും ഏറ്റവും പിറകില്‍ ഭാര്യയും കയറിയതോടെ പ്രസവിക്കാന്‍ പോകുന്ന പൂര്‍ണഗര്‍ഭിണിയുടെ പരുവത്തിലായ ബൈക്കിനെ സ്റ്റാര്‍ട്ട് ചെയ്യാനായി ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ചു ഒരു ചവിട്ടു ചവിട്ടി.

പിറകില്‍ എന്തോ വീഴുന്ന ശബ്ദം...!!

"എന്റെ നടുവൊടിഞ്ഞേ"..ഭാര്യയുടെ കരച്ചില്‍.


പപ്പാ ...അമ്മ താഴെ വീണു"...മകന്റെ നിലവിളി.

"ഹോ പണ്ടാരം ....ഈ ബൈക്കില്‍ തന്നെ പോണോ..ഒരു ഓട്ടോറിക്ഷ വിളിക്ക് മനുഷ്യാ..."

മറിഞ്ഞു വീണ ഭാര്യ എഴുനേറ്റു വീണ്ടും തന്റെ ശരീരം ബൈക്കിന്റെ പിറകില്‍ ഉറപ്പിക്കാനായി ശ്രമിക്കുമ്പോള്‍ പറഞ്ഞു.

"എടീ.. ഓട്ടോറിക്ഷ വിളിച്ചാല്‍ ഹരിപ്പാട് വരെ പോയി തിരിച്ചുവരുമ്പോള്‍ നൂറു രൂപപോകും. ബൈക്കാവുമ്പോള്‍ അമ്പതുരൂപയുടെ പെട്രോള്‍ അടിച്ചാല്‍ മതി.
നീ കേറ്. പിടിച്ചിരുന്നോണം"

ഞാന്‍ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു.
.
തനിക്കു സിനിമ കാണാന്‍ വല്യ താല്പര്യമില്ല എന്ന മട്ടില്‍ അതു പൊട്ടലും ചീറ്റമായി നിന്നതേയുള്ളൂ..


"എന്നാപ്പിന്നെ മറ്റേ ബൈക്കെടുക്കാം. അതാവുമ്പോള്‍ ഇതിനേക്കാള്‍ വലുതാ. ഭാര്യ ഐഡിയ പറഞ്ഞു.

ഹീറോ ഹോണ്ട കൂടാതെ മറ്റൊരു ബജാജ് പള്‍സര്‍ കൂടി വീട്ടിലുണ്ട്. പക്ഷെ അതിന്റെ ആര്‍ സി ബുക്കോ മറ്റു പേപ്പറുകളോ എന്റെ കയ്യിലില്ല. ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ കൊണ്ടു വച്ചിട്ട് പോയതാണ്. വല്ലപ്പോഴും പാലു മേടിക്കാനും മറ്റും പോകാനായി മാത്രമേ ഞാനത് ഉപയോഗിക്കാറുള്ളൂ.

"എടീ അതുമായി പോയാല്‍ വല്ല ഹൈവേ പോലീസുകാരും പിടിച്ചാലോ?" എനിക്ക് ചെറിയൊരു പേടി തോന്നി.

"പിന്നേ... നിങ്ങടെ ഒണക്ക ബൈക്ക് പിടിക്കാനല്ലേ അവര്‍ക്ക് നേരം"

എന്നോടും എന്റെ ബൈക്കിനോടുമുള്ള ഭാര്യയുടെ ബഹുമാനം വെളിവായതോടെ ഞാന്‍ പോയി പള്‍സര്‍ ബൈക്ക് എടുത്തു കൊണ്ടു വന്നു.

ഏതായാലും എന്റെ "പള്‍സര്‍ കുടുംബം" സിനിമാ കൊട്ടകയിലെയ്ക്ക് പുറപ്പെട്ടു. പുറപ്പെട്ടപ്പോള്‍ മുതല്‍ മോട്ടോര്‍ സൈക്കിളിനു എന്തോ ഒരു വൈക്ലബ്യം! അടക്കമില്ലാത്ത കുതിരയെ കൊണ്ടുപോകുന്ന കുതിരക്കാരനെപ്പോലെ പള്‍സറുമായി പഞ്ചായത്ത് വഴിയും പിന്നിട്ടു ഞാന്‍ ഹൈവേയില്‍ കയറി. ജങ്ങ്ഷനില്‍ എത്തിയപ്പോള്‍ അവിടെ ബൈക്കുകാരുടേയും കാറുകാരുടേയും നീണ്ട നിര!

എന്താണ് കാരണം എന്നറിയാനായി ഞാന്‍ അല്പം മുന്‍പോട്ടു പോയി നോക്കി. ഏറ്റവും മുന്‍പിലായി ഒരു പോലീസ് ജീപ്പും അതിന്റെ ബോണറ്റിന്റെ പുറത്തു കെട്ടിപ്പിടിച്ചതു പോലെ കിടന്നു കുറിപ്പെഴുതുന്ന ഒരു പോലീസുകാരനും അയ്യാളുടെ അടുത്ത്‌ വിനീത വിധേയരായി നില്ക്കുന്ന കുറെ ആളുകളേയും കണ്ടു. കൂടാതെ ഒരു പോലീസ്സുകാരന്‍ റോഡിന്റെ നടുക്കുതന്നെ കുറ്റിയടിച്ചതുപോലെ പോലെ നിന്നിട്ട് വരുന്ന വാഹനങ്ങള്‍ അരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യിക്കുന്നുമുണ്ട്.

സംഭവം
പോലീസ് ചെക്കിംഗ് ആണെന്ന് മനസ്സിലായപ്പോഴാണ്‌ എന്റെ ചട്ടിത്തലയ്ക്ക് പ്രൊട്ടെക്ഷന്‍ നല്‍കാനുള്ള ഹെല്‍മറ്റ് എന്ന രക്ഷാകവചമോ, ബൈക്കിന്റെ ആര്‍ സി ബുക്കോ എന്റെ കയ്യിലില്ല എന്ന നടുക്കുന്ന സത്യം ഞാനോര്‍ത്തത്.


ദൈവമേ ...ഒരു ബൈക്കില്‍ നാലു പേര്‍. കൂടാതെ ബൈക്കിന്റെ ബുക്കും പേപ്പറുമില്ല. !!
തിരിച്ചു
പോയാലോ...

പോകാം. പക്ഷെ സിനിമാ കാണാന്‍ ആഗ്രഹം മൂത്തിരിക്കുന്ന ഭാര്യയെ എങ്ങനെ സമാധാനിപ്പിക്കും? വീട്ടിലെത്തിയാലുടന്‍ അടുക്കളയില്‍ ബാക്കിയുള്ള ഉരുളക്കിഴങ്ങും തക്കാളിയും അവള്‍ പറപ്പിക്കാന്‍ തുടങ്ങില്ലേ?

പച്ചക്കറിക്കൊക്കെ എന്താ വില...?

പക്ഷെ ഞാനൊരു പട്ടാളക്കാരനാണ്. ഒരു പട്ടാളക്കാരന്‍ പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്തു മുമ്പോട്ടു പോകേണ്ടവനാണ്‌. കാശ്മീരില്‍ ഉഗ്രവാദികളുടെ മുമ്പില്‍ എത്രയോ തവണ ചങ്കും വിരിച്ചു നിന്നിട്ട് 'വച്ചോടാ വെടി' എന്ന് പറഞ്ഞിരിക്കുന്നു? (കര്‍ത്താവേ.. അന്നേരം അവരാരെങ്കിലും വെടി വെച്ചിരുന്നെങ്കില്‍.....?)


ഞാന്‍ മുറുകെ പിടിച്ചിരുന്നുകൊള്ളാന്‍ പള്‍സര്‍ കുടുംബത്തിനു സിഗ്നല്‍ കൊടുത്തു. എന്നിട്ട് ബൈക്ക് മുമ്പോട്ടെടുത്തു. ഞൊടിയിടയില്‍ ഒന്നും രണ്ടും മൂന്നും നാലും ഗിയറുകള്‍ മാറി മാറിയിട്ട് ആക്സിലേറ്റര്‍ മാക്സിമം കൊടുത്തപ്പോള്‍ ബൈക്ക് ഒരു വെടിയുണ്ട പോലെ മുമ്പോട്ടു കുതിച്ചു.


അപ്രതീക്ഷിതമായുള്ള എന്റെ വരവുകണ്ട് വിരണ്ടുപോയ പോലീസ്സുകാരന്‍ "എന്റമ്മോ" എന്നൊരു വിളിയോടെ റോഡിന്റെ ഒരു വശത്തേക്ക് ചാടി രക്ഷപ്പെട്ടു. പോലീസ് ജീപ്പ് നിന്ന സ്ഥലവും കടന്നു വിജയശ്രീലാളിതരായ "പള്‍സര്‍ കുടുംബം" സിനിമാ കൊട്ടകയോടടുത്തു.

അപ്പോഴാണ്‌ ഒരു പോലീസ്സ് ജീപ്പ് ചുവന്ന ലൈറ്റ് കത്തിച്ചു സൈറന്‍ മുഴക്കി പാഞ്ഞു വരുന്ന കാഴ്ച ഞാന്‍ കണ്ടത്.

കര്‍ത്തവ്യ
നിരതനായ ഒരു നിയമപാലകനെ പട്ടാപ്പകല്‍ കൊലപ്പെടുത്തുവാനായി കുടുംബ സമേതം ബൈക്കിലെത്തിയ ഭീകരനെ തൂക്കിയെടുക്കുവാന്‍ സകലവിധ സന്നാഹവുമായി പാഞ്ഞുവരുന്ന പോലീസുകാരെ കണ്ട ഞാന്‍ വിരണ്ടു പോയി...

അതോടെ ഇടതും വലതും നോക്കാതെ നേരെ കെ.എസ്‌. ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ ലാക്കാകി ബൈക്ക് പറപ്പിച്ചു.

പോലീസ് ജീപ്പ് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍
പിറകെ...

കെ എസ്‌ ആര്‍ ടി സി സിയും കടന്നു നീണ്ടു നിവര്‍ന്നു കിടക്കുന്ന നാഷണല്‍ ഹൈവേയില്‍ കൂടി കായംകുളം ലക്ഷ്യമാക്കിയായി എന്റെ പറക്കല്‍.

ബൈക്കിന്റെ ടാങ്കില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മകള്‍, എന്നെ കെട്ടിപ്പിടിച്ചു പേടിച്ചിരിക്കുന്ന മകന്‍, മകനെയും എന്നെയും കൂടെ വട്ടം പിടിച്ചു ഉച്ചത്തില്‍ നിലവിളിക്കുന്ന ഭാര്യ..

കരഞ്ഞുകൊണ്ട്‌ പറക്കുന്ന പള്‍സര്‍ കുടുംബം..!!!

ഞാനും പോലീസും കൂടി നടത്തുന്ന ബൈക്ക്-ജീപ്പ് റേസിംഗ് കണ്ട ഹരിപ്പാട് നിവാസികള്‍ കഥ എന്തെന്നറിയാതെ അന്തം വിട്ടു നോക്കി നിന്നു.!

പക്ഷെ കൂടുതല്‍
നേരം റേസിംഗ് ഫ്രീയായി കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. അതിന് മുമ്പ് തന്നെ പോലീസ്സ് ജീപ്പ് എന്റെ മുമ്പില്‍ കയറി. ജീപ്പിനു പുറകിലിരിക്കുന്ന പോലീസ്സുകാര്‍ അവര്‍ക്ക് മാത്രം അവകാശപ്പെട്ട ചില വാക്കുകള്‍ ഉച്ചത്തില്‍ പ്രയോഗിക്കുന്നതിനൊപ്പം വണ്ടി റോഡിന്റെ അരികിലേയ്ക്ക് ഒതുക്കാനായി കൈകൊണ്ടു ആംഗ്യം കാണിക്കുന്നതു ഞാന്‍ കണ്ടു.

പോലീസ്സ് ജീപ്പ് മുമ്പില്‍ കയറിയ നിലയ്ക്ക് ഇനി വന്നവഴി തന്നെ തിരിച്ചു വിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് മനസ്സിലായ ഞാന്‍ അതിനുള്ള ചാന്‍സ് ഉണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി.

അപ്പോഴതാ
ഒന്നിനുപുറകില്‍ വേറൊന്ന് എന്ന രീതിയില്‍ രണ്ടു പോലീസ് വണ്ടികള്‍ കൂടി പാഞ്ഞു വരുന്നു...!!

അതോടെ സംഭവം ഗുരുതരമായി എന്നും, ഞാന്‍ വണ്ടിയിടിക്കാന്‍ ശ്രമിച്ച പോലീസുകാരനു കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട് എന്നും എനിക്ക് മനസ്സിലായി. മറ്റു മാര്‍ഗങ്ങളൊന്നും തലമണ്ടയില്‍ ഉദിക്കാത്തതിനാല്‍ സിനിമാ കാണാന്‍ തോന്നിയ നിമിഷത്തെ മനസ്സാ ശപിച്ചു കൊണ്ടു കീഴടങ്ങാനായി ഞാന്‍ തയ്യാറായി. ഞാന്‍ ബൈക്ക് റോഡരികില്‍ നിറുത്തി.

പിറകില്‍ ഇരുന്ന ഭാര്യ പെട്ടെന്ന് താഴെയിറങ്ങി. എന്നിട്ട് പേടിയോടെ പോലീസ്സ് ജീപ്പുകളെ നോക്കി..

പക്ഷെ എന്നെ ഗൌനിക്കാതെ പോലീസ്സ് ജീപ്പുകള്‍ നിറുത്താതെ പാഞ്ഞു പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി..

ഞാന്‍ വണ്ടി ഒതുക്കിയ വിവരം പോലീസ്സ് ജീപ്പിന്റെ ഡ്രൈവര്‍ കണ്ടില്ല എന്നുണ്ടോ?

അതോ
സ്പീട് കൂടുതല്‍ ആയതിന്റെ പേരില്‍ പോലീസ് വണ്ടിക്കു ബ്രേക്ക് കിട്ടാതെ പോയതാണോ?

പെട്ടെന്നാണ് ആ പോലീസ് ജീപ്പിനു പിറകെ പോകുന്ന കാറും അതിന്റെ നമ്പരും ഞാന്‍ കണ്ടത്...

അതില്‍ "കേരള സ്റ്റേറ്റ് - 1" എന്നു എഴുതിയിരുന്നു.

അതോടെ എന്റെ ശ്വാസം നേരെ വീണു..

ഞാന്‍ ബൈക്ക് തിരിച്ചു. അതില്‍ പള്‍സര്‍ കുടുംബത്തെ കയറ്റി.

പിന്നെ "ബഹുദൂരം" പിന്നിലുള്ള സിനിമാ കൊട്ടക ലക്ഷ്യമാക്കി "അതിവേഗം" പാഞ്ഞു..!!