Monday, December 20, 2010

ഒരു സൂപ്പര്‍ ഫാസ്റ്റ് പീഡനം

"എറണാകുളത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ച് ഒരു യുവതി യുവാവിനെ ഓടിച്ചിട്ടു തല്ലി!!"

രാവിലെ എഴുനേറ്റു കട്ടന്‍ ചായ പോലും കഴിക്കാതെ പത്രം വായിക്കാനിരുന്ന ഞാന്‍ ഫ്രണ്ട് പേജില്‍ വെണ്ടയ്ക്ക വലിപ്പത്തിലുള്ള ആ വാര്‍ത്ത കണ്ടു ഞെട്ടിപ്പോയി...

എങ്ങനെ ഞെട്ടാതിരിക്കും? ഞാനും എറണാകുളത്തല്ലേ ജോലി ചെയ്യുന്നത്? എന്നു മാത്രമല്ല പത്തു നാല്‍പ്പതു വയസ്സുള്ള ഒരു "തൈക്കിളവ യുവാവല്ലേ" ഈ ഞാനും ?

അവിടെയുള്ള സ്ത്രീകള്‍ ആണുങ്ങളെ ഇങ്ങനെ ഓടിച്ചിട്ടു തല്ലുന്ന കൂട്ടരാണെന്നുള്ള വിവരം എനിക്ക് പുതിയ അറിവായിരുന്നു..

ഞാന്‍ ആക്രാന്തത്തോടെ ആ വാര്‍ത്ത മുഴുവന്‍ വായിച്ചു...

ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച യുവാവിനെയാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ യുവതി ഓടിച്ചിട്ടു തല്ലിയത്...

അതു ശരി..അപ്പോള്‍ അതാണ്‌ കാര്യം...

എന്നു മാത്രമല്ല കണ്ടു നിന്ന ഓട്ടോറിക്ഷക്കാരും അതുവഴി വന്ന ചില നാട്ടുകാരും ചേര്‍ന്ന് മേല്‍പ്പടി യുവാവിനെ അര മണിക്കൂറോളം നിലത്തു സ്പര്‍ശിക്കാതെ അന്തരീക്ഷത്തില്‍ തന്നെ നിറുത്തി അല്പം കാര്യമായിത്തന്നെ കൈകാര്യം ചെയ്ത വിവരവും സ്വ ലേയുടെ റിപ്പോര്‍ട്ടിലുണ്ട്.

ആയതിന്റെ ഫലമായി യുവാവിന്റെ ഇടതു കാലിന്റെ മുട്ടിനു മുകളില്‍ വരെ പ്ലാസ്റ്ററിട്ട ശേഷം കാല്‍ കട്ടിലില്‍ സ്പര്‍ശിക്കാതെ അന്തരീക്ഷത്തില്‍ തൂക്കിയിട്ടിരിക്കുകയാണത്രേ..

നോക്കണേ ഒരു സ്പര്‍ശനത്തിന്റെ പരിണിത ഫലം...

എന്നാലും അതൊരു കടന്ന സ്പര്‍ശനമായിപ്പോയില്ലേ എന്നൊരു തോന്നല്‍ ?

കാരണം എന്താണെന്ന് ചോദിച്ചാല്‍, പുട്ടുകുറ്റിയില്‍ മാവു നിറച്ചത്‌ പോലെയാണ് എറണാകുളം നഗരത്തിലെ ബസ്സുകളില്‍ സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. അതിനിടയില്‍ തേങ്ങാപ്പീരപോലെ പെട്ടു പോകുന്ന പുരുഷന്മാര്‍ അവരെ സ്പര്‍ശിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു?

അല്ലെങ്കില്‍ തന്നെ തിങ്ങി നിറഞ്ഞ ബസ്സില്‍ സ്ത്രീകള്‍ പുരുഷന്മാരേയും സ്പര്‍ശിക്കുന്നില്ലേ? ഏതെങ്കിലും പുരുഷന്‍ ഒരു സ്ത്രീ തന്നെ സ്പര്‍ശിച്ചു എന്നതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ? എത്ര സ്പര്‍ശനമുണ്ടായാലും ക്ഷമയോടെ "അബലകളല്ലേ അല്പം സ്പര്‍ശിച്ചോട്ടെ" എന്ന രീതിയില്‍ അവിടെത്തന്നെ നിന്നു കൊടുക്കുകയല്ലേ ചെയ്യാറുള്ളൂ ?

അതാണ്‌ പുരുഷന്മാര്‍ക്ക് സ്ത്രീ സ്പര്‍ശനത്തോടുള്ള വൈകാരികവും താത്വികമായ മനോഭാവം.

അതെന്താണ് ഈ സ്ത്രീ ജനങ്ങള്‍ മനസ്സിലാക്കാത്തത്?

കാലം പോയ ഒരു പോക്കേ.... !! ഞാന്‍ താടിക്ക് കൈ കൊടുത്തിരുന്നു...

ഏതായാലും ഇനി ബസ്സില്‍ കയറുമ്പോള്‍ സൂക്ഷിക്കണം...ഞാന്‍ തീരുമാനമെടുത്തു..

ഇല വന്നു മുള്ളില്‍ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും മുന ഒടിയുന്നത്‌ മുള്ളിന്റെയല്ലേ?

ആയതിനു ശേഷം ഞാന്‍ പ്രൈവറ്റ് ബസ്സില്‍ കയറിയാല്‍ പിറകിലും ട്രാന്‍സ്പോര്‍ട്ടില്‍ ബസ്സില്‍ കയറിയാല്‍ നടുഭാഗത്തും ഇരിക്കാന്‍ തുടങ്ങി.

പക്ഷെ തിരക്കുള്ള ബസ്സിലെ ചില കണ്ടക്ടര്‍ കശ്മലന്മാര്‍ ബസ്സില്‍ കയറിയാലുടന്‍ "മുന്‍പോട്ടു പൊയ്ക്കോ അവിടെ പന്ത് കളിക്കാന്‍ സ്ഥമുണ്ടല്ലോ" അല്ലെങ്കില്‍ "പിറകോട്ടു മാറിനില്‍ക്കു ചേട്ടാ അവിടെ ക്രിക്കറ്റ് കളിക്കാമല്ലോ" എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു തള്ളി വിടുമ്പോഴൊക്കെ ഞാന്‍ "സ്ത്രീ ജനസ്പര്‍ശനത്തില്‍" നിന്നും എന്നെ രക്ഷിക്കാന്‍ വല്ലാതെ പാടുപെട്ടു.

ഏതെങ്കിലും ഇല ഇങ്ങോട്ട് വന്നു സ്പര്‍ശിച്ചാലും മുള്ളിന്റെ മുന ഒടിയാന്‍ സാധ്യതയുണ്ടല്ലോ?

അങ്ങിനെ ഒരിക്കല്‍ ഞാന്‍ ആലപ്പുഴയില്‍ നിന്നും "കേരളാ സ്പര്‍ശനസുഖ റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍" വക സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ എറണാകുളത്തെയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ആ അത്യാഹിതമുണ്ടായത്.

ഞാന്‍ ഇരുന്ന സീറ്റില്‍ കാലിയായിക്കിടന്ന സ്ഥലത്ത് പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന സുന്ദരിയായ ഒരു യുവതി വന്നിരുന്നു...!!

ബസ്സിന്റെ മധ്യഭാഗത്തായി ഞാനിരുന്ന സീറ്റില്‍ നിന്നും കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ എഴുനേറ്റു പോയപ്പോഴാണ് മുന്‍വശത്ത്‌ സീറ്റ് കിട്ടാതെ കമ്പിയില്‍ തൂങ്ങി നിന്നു കൊണ്ട് ആരോടോ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ യുവതി പറന്നു വന്നു വീണത്‌.

സീറ്റില്‍ വേറെ ആരാണുള്ളത് എന്നോ പുരുഷന്മാരുടെ സീറ്റിലാണ് താന്‍ ഇരിക്കുന്നതെന്നോ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല. തന്റെ മൊബൈല്‍ ഫോണില്‍ കൂടി ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി അവള്‍ സംസാരിച്ചു കൊണ്ടിരുന്നു...

ഇതാ ഇല വന്നു മുള്ളിന്റെ അടുത്തു വീണിരിക്കുന്നു...

വണ്ടി ഓടുന്ന വഴിക്ക് വല്ല ഗട്ടറിലും വീഴുമ്പോള്‍ ആ ഇല വീണ്ടും ഉയര്‍ന്നു മുള്ളിന്റെ പുറത്തെയ്ക്കെങ്ങാനും വീണാല്‍.....???

എറണാകുളത്തപ്പാ ഭക്തവത്സലാ....

എന്നെ നീ കെ എസ് ആര്‍ ടി സി ബസ്സിലും പരീക്ഷിക്കാനുള്ള പുറപ്പാടാണോ?

പെരുമ്പാമ്പിനെ കണ്ട നീര്‍ക്കോലിയെപ്പോലെ ഞാന്‍ സീറ്റിന്റെ അരികിലേയ്ക്ക് പരമാവധി ഒതുങ്ങി...

ഞാന്‍ ഒതുങ്ങിയത് മൂലം വീണു കിട്ടിയ ഗ്യാപ്പില്‍ തന്റെ "കൊഴുക്കട്ട ഗാത്രത്തെ" പരമാവധി ഉള്‍പ്പെടുത്താന്‍ അവള്‍ ശ്രമിക്കുകയും ചെയ്തു.....

പുളവനെ പേടിച്ചു വരമ്പില്‍ കയറി ഇരിക്കുന്ന മാക്രിയെപ്പോലെയായി എന്റെ ഇരുപ്പ്...എന്റെയും അവളുടെയും ഇടയിലുള്ള അകലം ഞാന്‍ പേടിയോടെ നിരീക്ഷിച്ചു..

വെറും ഇഞ്ചുകള്‍ മാത്രം... ബസ് വെറുതെ ഒന്ന് കുലുങ്ങിയാല്‍ മതി ..ഉടന്‍ സ്പര്‍ശനം നടക്കും...!!

ഇല വന്നു മുള്ളില്‍ വീണാലും!!!.മുള്ള് വന്നു ഇലയില്‍ വീണാലും !!!..

ഗുരുവായൂരപ്പാ...എന്റെ മുള്ള്...അല്ല ഞാന്‍...

എനിക്കു ശ്വാസം മുട്ടി...

നാളത്തെ പത്രത്തില്‍ വെണ്ടയ്ക്കയല്ല മത്തങ്ങ തന്നെ വരാനുള്ള സകല സാധ്യതയും കാണുന്നുണ്ട്...സ്പര്‍ശനം നടക്കാതിരിക്കാന്‍ എന്താണൊരു മാര്‍ഗം? ഞാന്‍ തല പുകഞ്ഞാലോചിച്ചു...

പെട്ടെന്നെനിക്കൊരു ബുദ്ധി തോന്നി...ഞാന്‍ ബാഗില്‍ നിന്നും എന്റെ കണ്ണട സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ഡപ്പിയെടുത്തു എന്റേയും അവളുടേയും ഇടയിലായി സൂത്രത്തില്‍ വച്ചു...

മുങ്ങിച്ചാകാന്‍ പോകുന്നവന് കച്ചിത്തുരുമ്പും ആശ്രയമല്ലേ? സീറ്റ് നിറഞ്ഞിരിക്കുന്ന അവളുടെ വെണ്ണ തോല്‍ക്കുമുടലിന്റെ സ്പര്‍ശനവും സീറ്റില്‍ തൊടാതെ ഇരിക്കുന്ന എന്റെ കരിയോയില്‍ ബ്രാന്‍ഡ് ഉടലിന്റെ ഘര്‍ഷണവും ഏറ്റുവാങ്ങി ആ കണ്ണട ഡപ്പി അവിടെയിരുന്നു വീര്‍പ്പു മുട്ടി. .

വണ്ടി വൈറ്റിലയില്‍ എത്തി. ഞാന്‍ പെട്ടെന്ന് എഴുനേറ്റു ബാഗുമെടുത്ത് പുറത്തിറങ്ങി...എന്നിട്ട് ആശ്വാസത്തോടെ താമസിക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു...

പെട്ടെന്നാണ് പിറകില്‍ നിന്നും ആ വിളി കേട്ടത്...

"ഹേ അവിടെ ഒന്നു നിന്നേ....ഒരു കാര്യം പറയാനുണ്ട്.".. ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി...

അയ്യോ....അതവളല്ലേ....ഞാന്‍ ഇരുന്ന സീറ്റില്‍ പറന്നു വന്നിരുന്ന ആ ഇല...!! വേഗത്തിലാണല്ലോ ഇലയുടെ വരവ്...!!

കര്‍ത്താവേ ചതിച്ചോ...സ്പര്‍ശനം നടന്ന ലക്ഷണം കാണുന്നുണ്ട്. അതാണ്‌ അവള്‍ പാഞ്ഞു വരുന്നത്...കൈ ചുരുട്ടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ്‌ അവളുടെ വരവ്...

ഇടിക്കാനുള്ള വരവല്ലേ അത്?

നാളത്തെ പത്രത്തില്‍ വെണ്ടയ്ക്ക വരും... "മുന്‍ പട്ടാളക്കാരനെ യുവതി ഓടിച്ചിട്ടിടിച്ചു...കാരണം ബസ്സിനുള്ളിലെ സ്പര്‍ശനം"

എനിക്ക് തല മാത്രമല്ല അതിന്റെ കൂടെ ശരീരവും കറങ്ങുന്നത് പോലെ തോന്നി.......

അവളുടെ കാലില്‍ വീണാലോ...അബദ്ധത്തില്‍ പറ്റിപ്പോയതാണെന്ന് പറയാം... ശരീരം പോലെ തന്നെ അവളുടെ മനസ്സും വെണ്ണയാണെങ്കില്‍... ചിലപ്പോള്‍ ഇടിയുടെ ശക്തിയെങ്കിലും കുറഞ്ഞേക്കും....

യുവതി അടുത്തെത്തിക്കഴിഞ്ഞു...

അവള്‍ അടുത്തെത്തിയതും ഞാന്‍ കയ്യിലിരുന്ന ബാഗ് പെട്ടെന്ന് തോളിലേയ്ക്ക്‌ മാറ്റിയിട്ട് വളഞ്ഞു കുത്തി നിന്നുകൊണ്ട് തൊഴുതു പിടിച്ചു പറഞ്ഞു...

"പൊന്നു പെങ്ങളെ... ക്ഷമിക്കണം....അറിയാതെ പറ്റിയതാ"

"ഉം...അതെനിക്കും തോന്നി...അതാ ഉടനെ തന്നെ തിരിച്ചു തരാമെന്നു കരുതിയത്‌.."

അവള്‍ കയ്യിലിരുന്ന സാധനം എനിക്കു നീട്ടി...

എന്റെ കണ്ണട ഡപ്പി...!!!

ഞാന്‍ വിളറി...വിയര്‍ത്തു... എങ്കിലും തൊഴുതു പിടിച്ച കൈയുടെ ബലം അല്‍പ്പമൊന്നു കുറച്ചിട്ടു വിക്കലോടെ പതുക്കെ പറഞ്ഞു...

"താങ്ക്യൂ ... വളരെ ഉപകാരം...ഇതു ഞാന്‍ ഒരിക്കലും മറക്കില്ല"

ഒരു പുഞ്ചിരിയോടെ അവള്‍ കണ്ണട എന്റെ കയ്യില്‍ വച്ചു തന്നു...അതു വാങ്ങുമ്പോഴും സ്പര്‍ശനം നടക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...

എന്തെന്നാല്‍ മുള്ളു വന്നു ഇലയില്‍ വീണാലും......ഇല വന്നു മുള്ളില്‍....വീണാലും...

Saturday, November 20, 2010

ഒരു കുട്ടമാക്രി വയറന്‍

അതിരാവിലെ എഴുനേറ്റ് അഞ്ചു കിലോമീറ്റര്‍ ഓട്ടം. ഓടിവന്നാലുടന്‍ പുഷ് അപ്പ്‌, ചിന്‍ അപ്പ്‌, തവള ചാട്ടം, തലകുത്തി മറിയല്‍ മുതലായ എമണ്ടന്‍ എക്സര്‍സൈസുകള്‍...

പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ എക്സര്‍സൈസുകളായിരുന്നു.

പട്ടാളത്തില്‍ നിന്നു പിരിഞ്ഞു വന്നതിനു ശേഷവും ഓട്ടവും എക്സര്‍സൈസുകളും ഞാന്‍ നിറുത്തിയില്ല. അയല്‍ക്കാരനും സുഹൃത്തും പ്രമുഖ വക്കീലുമായ പണിക്കര്‍ സാര്‍ ആയിരുന്നു എന്റെ സഹ ഓട്ടക്കാരന്‍.

പക്ഷെ രണ്ടു മൂന്നു ദിവസത്തിനകം പണിക്കര്‍ സാര്‍ എന്റെ കൂടെയുള്ള ഓട്ടം നിറുത്തി. എന്നിട്ട് എന്നോടൊരു ചോദ്യം.

"രഘുവിന്റെ പിറകിലെന്താ മിസ്സൈല്‍ പിടിപ്പിച്ചിട്ടുണ്ടോ?"

ചോദ്യം കേട്ടു ഞാന്‍ ഞെട്ടി.

"ങേ.. അതെന്താ സാര്‍ അങ്ങിനെ ചോദിച്ചത്?"

തന്റെ ഉണ്ണിക്കുടവയറില്‍ തടവിക്കൊണ്ട് വക്കീല്‍ സാര്‍ പറഞ്ഞു.

"അല്ല ഇങ്ങനെ അന്തം വിട്ടുള്ള ഓട്ടം കണ്ടിട്ട് ചോദിച്ചതാ".

അതോടെ ഓട്ടം ഞാന്‍ ഒറ്റയ്ക്കാക്കി.

വീടിനടുത്തുള്ള ഇടവഴികളിലൂടെ ഒന്നു രണ്ടു കിലോമീറ്റര്‍ ഓടിയിട്ടു തിരിച്ചു വരുന്ന ഞാന്‍ വീടിന്റെ പിറകില്‍ പോയി എക്സര്‍സൈസുകള്‍ ചെയ്യും.

അയല്‍ക്കാരായ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തവളച്ചാട്ടം തലകുത്തി മറിയല്‍ മുതലായ മിലിട്ടറി എക്സര്‍സൈസുകള്‍ നിറുത്തി വയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. പകരം പുഷ് അപ്പിന്റെയും ചിന്‍ അപ്പിന്റെയും എണ്ണം കൂട്ടി.

ചിന്‍ അപ് ചെയ്യാനായി ഞാന്‍ തിരഞ്ഞെടുത്തത് വീടിന്റെ പിറകില്‍ നില്‍ക്കുന്ന മാവില്‍ ഒന്നെരയാള്‍ പൊക്കത്തില്‍ ചാഞ്ഞു കിടക്കുന്ന കൊമ്പായിരുന്നു.

ഒരിക്കല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന ഞാന്‍ ചിന്‍ അപ് ചെയ്യാനായി മാവിന്റെ ചുവട്ടിലെത്തി. കൊമ്പില്‍ ചാടിപ്പിടിച്ചു തൂങ്ങി ബദ്ധപ്പെട്ട് ഉയരുമ്പോഴാണ് ആ അലര്‍ച്ച കേട്ടത്.

"ഭാ വൃത്തി കെട്ടവനെ ഇറങ്ങെടാ താഴെ"

അലര്‍ച്ച കേട്ടു പേടിച്ചു പോയ ഞാന്‍ കൈവിട്ടു താഴെ വീണു.

നോക്കുമ്പോള്‍ അപ്പുറത്തെ വീടിന്റെ മതിലിനു മുകളില്‍ ഭവാനിയമ്മയുടെ തല.

"പെണ്‍ പിള്ളേര് മുറ്റമടിക്കുന്നത് എത്തി നോക്കുന്നോടാ കുരുത്തം കെട്ടവനെ"

അതോടെ ഞാന്‍ ചിന്‍ അപ്പും നിറുത്തി.

ബാക്കിയുണ്ടായിരുന്ന പുഷ് അപ്പും ഓട്ടവും എറണാകുളത്ത് ജോലി കിട്ടിയതോടെ നിന്നു.

ഓടാന്‍ അവിടെ സ്ഥലമില്ലാഞ്ഞിട്ടല്ല. ഓടിയാല്‍ ഒന്നുകില്‍ ഞാന്‍ ഏതെങ്കിലും വണ്ടിയില്‍ പോയി ഇടിക്കും. അല്ലെങ്കില്‍ ഓടി വരുന്ന വണ്ടി എന്നെ ഇടിക്കും.

അങ്ങനെ ശരീര സൌന്ദര്യം നില നിര്‍ത്താന്‍ മാര്‍ഗ്ഗമില്ലാതെ കഴിഞ്ഞിരുന്ന ഞാന്‍ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി.

"സിക്സ്ത് പാക്" ആയിരുന്ന എന്റെ വയര്‍ സിമന്റു പാക്കറ്റ് പോലെ വീര്‍ത്തു വീര്‍ത്തു വരുന്നു എന്ന നഗ്നസത്യം !!

അതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടു. വിശപ്പ്‌ നഷ്ടപ്പെട്ടു. ചിന്താധീനനായി വയറും തിരുമ്മി ഇരുന്ന എന്നെ കൂട്ടുകാര്‍ സമാധാനിപ്പിച്ചു.

"വിഷമിക്കാതിരിയെടാ പരിഹാരമുണ്ട്".

"എന്തു പരിഹാരം? വയറു കണ്ടോ വീര്‍ത്തു വീര്‍ത്തു വരുന്നത്? ഇങ്ങനെ പോയാല്‍ മൂന്നു മാസം കഴിയുമ്പോള്‍ ഞാന്‍ ആലപ്പുഴയിലാണെങ്കില്‍ എന്റെ വയര്‍ തിരുവന്തപുരത്തായിരിക്കും."

"ഓടിയാല്‍ മതി" ...അഭിപ്രായം സുമേഷിന്റെ വക.

"എവിടെപ്പോയി ഓടാന്‍? എറണാകുളത്ത് ഞാന്‍ ഓടില്ല"

"എങ്കില്‍ നീ ജിമ്മില്‍ പോ." പിള്ള സാര്‍ നിര്‍ദ്ദേശിച്ചു.

"എന്നിട്ടു വേണം ശരീരത്തില്‍ ബാക്കിയുള്ള സാധങ്ങള്‍ കൂടി വീര്‍ത്തു വരാന്‍" ആ നിര്‍ദ്ദേശം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല.

"എങ്കില്‍ വയറു കുറക്കാനുള്ള എണ്ണയില്ലേ ? ഏതോ ഒരു തൈലം? അതു വാങ്ങി ഉപയോഗിക്ക്...ഒരു മാസം കൊണ്ട് ചുരുങ്ങും."

"ഉം... ചുരുങ്ങും... ചുരുങ്ങും..അതെങ്ങാനും ഒലിച്ചു താഴോട്ട് ഇറങ്ങിയാല്‍ അവിടെയുള്ള "സാമഗ്രി"കള്‍ കൂടി ചുരുങ്ങിക്കിട്ടും."

"എന്നാല്‍ പിന്നെ നീയിങ്ങനെ വയറും വീര്‍പ്പിച്ചു നടക്ക്...ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്." കൂട്ടുകാര്‍ എഴുനേറ്റു പോയി.

ഒടുവില്‍ മുടങ്ങിപ്പോയ ഓട്ടവും പുഷ് അപ്പും വീണ്ടും തുടങ്ങാന്‍ ഞാന്‍ പ്ലാന്‍ ചെയ്തു. ഞായറാഴ്ച വീട്ടിലെത്തുമ്പോള്‍ മാത്രമേ ഓട്ടമുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ സൂര്യ നമസ്കാരം മാത്രം. അതും വയറു കുറയാന്‍ സഹായിക്കുമത്രേ.

മാവിന്റെ കൊമ്പിലെ ചിന്‍ അപ് വേണ്ട. പഴയ ചിന്‍ അപ്പിന്റെ കാര്യം ഇതുവരെ ഭാര്യ അറിയാതിരുന്നത്‌ ഭാഗ്യം.

അങ്ങിനെ ഞായറാഴ്ച രാവിലെ നേരം പര പരാ വെളുത്തപ്പോള്‍ ബര്‍മുഡയും ബനിയനും ധരിച്ചു ഞാന്‍ ഓട്ടത്തിനു റെഡിയായി.

വീടിനു മുന്‍പിലുള്ള പഞ്ചായത്ത് വഴിയിലൂടെ ഓടി ദേവീ ക്ഷേത്രത്തിനു വലം വച്ച് മറ്റൊരു വഴിയിലൂടെ തിരിച്ചെത്തുക. അതാണ്‌ പ്ലാന്‍.

ഇടക്കൊരു തോടും തടിപ്പാലവുമുണ്ട്.

ഓടിക്കൊണ്ടിരുന്ന ഞാന്‍ ദേവീ ക്ഷേത്രം കഴിഞ്ഞു തടിപ്പാലത്തിനടുത്തെത്തിയപ്പോഴാണ് അതു ശ്രദ്ധിച്ചത്. എന്റെ പിറകെ വേറെ ആരൊക്കെയോ ഓടുന്നുണ്ട്.

ഞാന്‍ തിരിഞ്ഞു നോക്കി.

അയ്യോ....നാലു പട്ടികള്‍...!

എന്റെ പിറകെ നാലു കാലും പറിച്ച് ഓടുകയാണവര്‍ !!

ദൈവമേ.. ഇവരും വയറും കുറയ്ക്കാനുള്ള യജ്ഞത്തിലാണോ?

ഓട്ടത്തിനു സ്പീഡ് കൂടിയിട്ടു ഞാന്‍ പാലത്തിലേയ്ക്ക് കയറി...

പെട്ടെന്നാണ് അതു സംഭവിച്ചത്.

എന്റെ ഒപ്പം പാലത്തില്‍ കയറിയ ഒരു പട്ടി പടയണിക്കോലക്കാരന്റെ പാവാട പോലെ തൂങ്ങിക്കിടക്കുന്ന എന്റെ ബര്‍മുഡയില്‍ പിടുത്തമിട്ടു.

ബര്‍മുഡയെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ പാലത്തില്‍ നിന്നും കാല്‍ വഴുതിയ ഞാന്‍ തോട്ടിലേയ്ക്കു വീണു.

എന്റെ കൂടെ ബര്‍മുഡയില്‍ പല്ലുടക്കിയ പട്ടിയും വീണതോടെ മറ്റു പട്ടികളില്‍ രണ്ടെണ്ണം പാലത്തിലും ഒരെണ്ണം തോടിന്റെ അപ്പുറത്തെ കരയിലും നിന്നു കുരയ്ക്കാന്‍ തുടങ്ങി.

കൊച്ചു വെളുപ്പാന്‍ കാലത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദവും ഒപ്പം പട്ടികളുടെ കുരയും കൂടിയായപ്പോള്‍ പരിസരവാസികള്‍ ഉണര്‍ന്നു. അവര്‍ ടോര്‍ച്ചും മറ്റുമായി വന്നു.

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഒരുവിധത്തില്‍ ഞാന്‍ കരയില്‍ കയറി.

എന്നിട്ടു പരിചയക്കാരായ നാട്ടുകാരെ നോക്കി വെറുതെ ചിരിച്ചു. പിന്നെ വിറച്ചുകൊണ്ട് കൂനിക്കൂടി നിന്നു. .

അപ്പോള്‍ ആരോ പറയുന്നത് കേട്ടു.

"പാവം കൊച്ചന്‍.... ശരിക്ക് വെള്ളം കുടിച്ചിട്ടുണ്ട്... കണ്ടോ വയറു കുട്ടമാക്രിയെപ്പോലെ വീര്‍ത്തിരിക്കുന്നത്."

വെളുപ്പാന്‍ കാലത്ത് വെള്ളത്തില്‍ വീണു മാക്രിയായ ഞാന്‍ എന്റെ കുട്ടമാക്രി വയറും തള്ളി വീട്ടിലേയ്ക്ക് നടന്നു..

Monday, June 21, 2010

മണ്ടിപ്പെണ്ണും അവളുടെ മകളും

എന്റെ മുന്‍പിലിരിക്കുകയാണ് ഒരു ഫുള്‍ ബോട്ടില്‍ "കോണ്ടെസ്സാ" റം!

തൊട്ടു നക്കാനുള്ള വെളുത്തുള്ളി അച്ചാറും കൊറിക്കാനുള്ള നേന്ത്രക്കായ വറുത്തതും അടുത്തു വച്ചിരിക്കുന്നു. !!

ഭാര്യ അടുക്കളയില്‍ ഫ്രൈയിംഗ് പാനില്‍ നിന്നും പച്ചമുളകും സവോളയും കറിവേപ്പിലയും ചേര്‍ത്ത മൊരിഞ്ഞ പക്കുവട വറുത്തു കോരുന്നു...!!!

മഴ തകര്‍ത്തു പെയ്യുകയാണ്...

സോഫയില്‍ ചാരിക്കിടന്നു മഴ ആസ്വദിച്ചു കൊണ്ട് ഗ്ലാസ്സില്‍ നിന്നും കൊണ്ടെസ്സാ അല്പാല്‍പ്പമായി സിപ്പ് ചെയ്തു കുടിക്കുകയാണ് ഞാന്‍..

പുറത്തു മഴയുടെ കുളിരും അകത്തു റമ്മിന്റെ ലഹരിയും...

എന്തു രസമാണീ മഴക്കാലം...എന്തു സുഖമാണീ കോണ്ടെസ്സാ റം. ഞാന്‍ പാടി....

പെട്ടെന്നാണ് പുറത്തു ഒരു മിന്നലുണ്ടായത്...

പുറത്തു എന്ന് പറഞ്ഞാല്‍ എന്റെ പുറത്ത്. മിന്നലായി വന്നത് ഒരു പടവലങ്ങ. മിന്നിയത് എന്റെ ഭാര്യ !

കൂടെ ഒരു ഇടി മുഴക്കവും.


"ഹും നട്ടുച്ചയ്ക്ക് കിടന്നു കൂര്‍ക്കം വലിക്കുന്നത് കണ്ടില്ലേ"


ഇടിമുഴക്കം കേട്ട് ഞാന്‍ ഞെട്ടിപ്പിടഞെഴുനേറ്റു. മുന്‍പില്‍ പടവലങ്ങാ വാളുമായി ഭദ്രകാളിയെപ്പോലെ നില്‍ക്കുകയാണ് ഭാര്യ !

എല്ലാം നശിപ്പിച്ചു.....എവിടെ കോണ്ടസാ റം? എവിടെ വെളുത്തുള്ളി അച്ചാര്‍? എവിടെ പക്കുവട? എവിടെ മഴ..?.

ഓ.. മഴ മാത്രം ഇപ്പോഴും പെയ്യുന്നുണ്ട്. ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് മയങ്ങിയതാണ്. അപ്പോഴാണ്‌ കൊണ്ടെസാ റമ്മിന്റെ വരവ്. മന്ത്രി പോകുന്നിടത്തൊക്കെ കൂടെ പോലീസും പോകുന്നത് പോലെ കൊണ്ടെസാ റമ്മിന്റെ കൂടെ എസ്കോര്‍ട്ട് വന്നതായിരുന്നു വെളുത്തുള്ളി അച്ചാറും നേന്ത്രക്കായ വറുത്തതും.


കഴിഞ്ഞ ഇടയ്ക്ക് വന്ന ഒരു ജലദോഷപ്പനിക്ക് മരുന്ന് വാങ്ങാന്‍ ഭാര്യ എന്നെയും കൊണ്ട് അടുത്തുള്ള ഒരു ഡോക്ടറെ കാണാന്‍ പോയതാണ് കുഴപ്പമായത്. പരിശോധനയ്ക്കിടയില്‍ നിത്യഗര്‍ഭണിയുടേത് പോലെ വീര്‍ത്തിരിക്കുന്ന എന്റെ വയറു കണ്ട അയാള്‍ ഭാര്യ കേള്‍ക്കെ ഒരു ചോദ്യം.

"മദ്യം കഴിക്കാറുണ്ട് അല്ലേ?"

പട്ടാളക്കാരനായാല്‍ മദ്യമല്ലാതെ പിന്നെ മാങ്ങാത്തൊലിയാണോ കഴിക്കേണ്ടത്‌ എന്ന് ചോദിക്കാന്‍ ഞാന്‍ തുനിഞ്ഞതാണ്. പക്ഷെ ക്യാന്റീനില്‍ നിന്നും കഴിഞ്ഞ ആഴ്ചയില്‍ വാങ്ങിയ നാല് കുപ്പികളില്‍ രണ്ടു കുപ്പിയുടെ കഴുത്തു നിഷ്കരുണം പിരിച്ചതിന്റെ പേരില്‍ കലഹിച്ച ഭാര്യ അടുത്തിരിക്കുമ്പോള്‍ മദ്യം കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അടുത്ത കലഹം ഉടനെ ഉണ്ടാകും. മാത്രമല്ല ഇനി മേലില്‍ മദ്യം കഴിക്കാതിരിക്കാനുള്ള വല്ല ഇഞ്ജക്ഷനും ഉണ്ടെകില്‍ അതും അവള്‍ അയാളെക്കൊണ്ട് ചെയ്യിപ്പിക്കും.


അത് കൊണ്ട് ഞാന്‍ അല്പം വിഷമത്തോടെ പറഞ്ഞു....


"ഇടയ്ക്കൊക്കെ ഇച്ചിരി കഴിക്കും"


"ഇച്ചിരിയൊന്നും അല്ല സാര്‍...കുപ്പിയെടുത്താല്‍ അത് പിന്നെ കാലിയാക്കാതെ താഴെ വയ്ക്കില്ല. അതാ സ്വഭാവം" കിട്ടിയ സമയം പാഴാക്കാതെ ഭാര്യ എന്റെ ഗുണഗണങ്ങള്‍ ഡോക്ടറുടെമുന്‍പില്‍ നിരത്താന്‍ തുടങ്ങി.


"ഓഹോ...അതു ശരി...എങ്കില്‍ ആ കട്ടിലില്‍ കിടക്കൂ...വിശദമായി പരിശോധിക്കണം"


അതോടെ ഡോക്ടര്‍ കൂടുതല്‍ ജാഗരൂഗനായി. അദ്ദേഹം തന്റെ കൊമ്പും കുഴലും എടുത്തു വച്ച് കട്ടിലില്‍ കിടക്കുന്ന എന്റെ ശരീരം ആസകലം പരിശോധിക്കാന്‍ തുടങ്ങി. എന്റെ കൈ വിരലുകളിലെ ഡ്രാക്കുള നഖങ്ങള്‍ മുതല്‍ കാലിലെ കുഴിനഖങ്ങള്‍ വരെ കൂലങ്കഷമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടു രോഗം കണ്ടുപിടിച്ചമട്ടില്‍ എന്നെ നോക്കി ഒന്ന് ഇരുത്തി മൂളി. പിന്നെ വിധി പ്രഖ്യാപിച്ചു."കരളിനു ചെറിയ വീക്കമുണ്ട്....മദ്യം കഴിക്കാനേ പാടില്ല"


"കര്‍ത്താവേ...ജലദോഷപ്പനിയുമായി വന്ന എന്നെ ഈ കാലമാടന്‍ ഡോക്ടര്‍ ഒരു കരളു രോഗി ആക്കിയല്ലോ?"


ഡോക്ടറുടെ ഉപദേശം കേട്ടപ്പോള്‍ എന്റെ കരളിന്റെ കരളായ ഭാര്യ ഫുള്‍കുപ്പി കണ്ട കുടിയനെപ്പോലെ സുസ്മേര വദനയായി. "എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും" എന്ന മട്ടില്‍ നോക്കിയിട്ട് അവള്‍ ഡോക്ടര്‍ കുറിച്ച് തന്ന മരുന്ന് വാങ്ങാനായി മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് പോയി.


അലമാരയില്‍ ഇരിക്കുന്ന രണ്ടു ഫുള്‍ കുപ്പികളുടെ ഭാവി അന്ധകാരത്തിലായ വിഷമത്തില്‍ ഞാനും കുപ്പികളെ ആപത്തില്‍ നിന്നും രക്ഷിച്ച സന്തോഷത്തില്‍ ഭാര്യയും വീട്ടിലേയ്ക്ക് നടന്നു.അന്നു മുതലാണ് എന്റെ വീട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നത്. കുപ്പികളും ചിപ്സും അച്ചാറുമൊക്കെ എനിക്ക് സ്വപ്നത്തില്‍ ദര്‍ശനം തരാന്‍ തുടങ്ങിയത് ആ സംഭവത്തിനുശേഷമാണ്.


സ്വപ്നത്തിലെങ്കിലും കൊണ്ടെസ്സാ കുടിക്കാന്‍ സമ്മതിക്കാത്തതിന്റെ നിരാശയില്‍ ഞാന്‍ ടിവിയുടെ മുന്‍പില്‍ തൂങ്ങിപ്പിടിച്ചിരുന്നു ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ മാറ്റിക്കൊണ്ടിരുന്നു.അപ്പോഴാണ്‌ ആറാം ക്ലാസുകാരി മകള്‍ സ്കൂള്‍ വിട്ടു വന്നത്. പുസ്തകബാഗ് അകത്തു കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട്‌ ടിവിയുടെ റിമോട്ട് തന്റെ ജന്മാവകാശമാണ് എന്ന മട്ടില്‍ തട്ടിയെടുത്തിട്ട് ഇഷ്ട ചാനല്‍ വച്ച് സിനിമ കണ്ടു തുടങ്ങി.


പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞത് പോലെ അതാ സിനിമയില്‍ മനോജ്‌ കെ ജയനും എന്‍.എഫ് വര്‍ഗ്ഗീസ്സും കൂടി ഒരു ഫുള്‍ ബോട്ടില്‍ "വാറ്റ് 69 " കഴിച്ചു കൊണ്ടിരിക്കുന്നു.


ദൈവമേ നീ എന്നെ ഏഷ്യാനെറ്റിലൂടെയും പരീക്ഷിക്കുകയാണോ?


അതോടെ എന്റെ കണ്‍ട്രോള്‍ പോയി.


കരളു പോയാല്‍ അങ്ങോട്ട്‌ പോകട്ടെ. വേറൊരെണ്ണം മിലിട്ടറി ക്യാന്റീനില്‍ നിന്നും വാങ്ങി ഫിറ്റു ചെയ്യാം.


എന്തായാലും അലമാരിയിലെ കുപ്പിയില്‍ നിന്നും രണ്ടു പെഗ്ഗ് വീശിയിട്ട്‌ തന്നെ ബാക്കി കാര്യം.


പക്ഷെ എങ്ങിനെ?


പട്ടാളത്തില്‍ നിന്നും പോന്നതിനു ശേഷം തലയൊന്നും ശരിക്ക് വര്‍ക്ക് ചെയ്യാതായിരിക്കുന്നു. വര്‍ക്ക് ചെയ്യിക്കാനുള്ള ഇന്ധനമാണെങ്കില്‍ കിട്ടുന്നുമില്ല. അതിന്റെ പുറത്തല്ലേ ഭാര്യ എന്ന പിടക്കോഴി കയറി അടയിരിക്കുന്നത്‌?അടുത്തു ചെന്നാല്‍ കൊത്തിക്കളയും എന്ന രീതിയിലാണ് അവള്‍. എനിക്ക് വല്ലാതെ ദേഷ്യം വന്നു...പുറത്തു പോയി ബിവറേജസ് ഷോപ്പില്‍ നിന്നും ഒരു "കാല്‍" വാങ്ങി അടുത്തുള്ള മാടക്കടയില്‍ കയറി സോഡയോടൊപ്പം ചേര്‍ത്തു ഒരു "നില്‍പ്പന്‍" അടിച്ചിട്ട് വന്നാലോ?


വേണ്ടാ. അവിടെ ഇപ്പോള്‍ വ്യാജനാണ് വില്‍ക്കുന്നത് എന്നാണു കേള്‍വി. അതു വാങ്ങി "നില്‍പ്പന്‍" അടിച്ചിട്ടു വരുന്ന ഞാന്‍ വീട്ടില്‍ വന്നു "കിടപ്പന്‍" ആയിപ്പോയാല്‍ കുടുംബം അനാഥമാകില്ലേ?അല്ലെങ്കില്‍ വീടിനു പുറകില്‍ താമസമുള്ള രാജന്‍ ചേട്ടന്‍ കരിന്തേള്‍, പഴുതാര, ബാറ്റെറി മുതലായ വിറ്റാമിനുകള്‍ ചേര്‍ത്തുണ്ടാക്കുന്ന "നാടന്‍ വാറ്റ് 69" ഒരു ഗ്ലാസ് വാങ്ങി അടിച്ചാലോ? അതാകുമ്പോള്‍ മൂത്രിക്കാന്‍ പോകുന്ന രീതിയില്‍ ഒന്ന് മുങ്ങിയിട്ട് പെട്ടെന്ന് പൊങ്ങാം. ഭാര്യയ്ക്ക് സംശയവും തോന്നില്ല.ഏതായാലും അതു വേണ്ടാ...ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടല്ലേ? പട്ടാളക്കാരന്‍ തനിക്കു കിട്ടുന്ന ക്വോട്ട അടിച്ചു തീര്‍ത്തിട്ടു വാറ്റ് അടിക്കാന്‍ നടക്കുന്നു എന്നു നാട്ടുകാര്‍ പറയും. തന്നെയുമല്ല മിലിട്ടറി മാത്രം അടിച്ചുള്ള ശീലമേ എനിക്കുള്ളൂ. വാറ്റ് അടിച്ചു ഞാന്‍ "വാള്‍" ആയിപ്പോയാല്‍ ഭാര്യയുടെ പടവലങ്ങാ വാള്‍ വീണ്ടും എനിക്കിട്ടു പണി തരും.ഇനി ഇപ്പോള്‍ ഒറ്റ മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ...മോഷണം...!അലമാരിയില്‍ ഭാര്യ പൂട്ടി വച്ചിരിക്കുന്ന മിലിട്ടറിയില്‍ ഒരു കുപ്പി അവള്‍ അറിയാതെ അടിച്ചു മാറ്റുക. എന്നിട്ട് അതിനു പകരം ചുവന്ന കളറുള്ള വെള്ളം നിറച്ച മറ്റൊരു കുപ്പി വയ്ക്കുക !!!കുപ്പി മാറിയ വിവരം ഭാര്യ എങ്ങിനെ അറിയാന്‍? അവള്‍ക്കു അതിന്റെ കളര്‍ മാത്രമേ നിശ്ചയമുള്ളൂ. എന്നും രാവിലെ അലമാര തുറന്ന് രണ്ടു കുപ്പികളും സുരക്ഷിതമായി അവിടെയുണ്ടോ എന്ന് മാത്രമേ അവള്‍ ശ്രദ്ധിക്കാറുള്ളൂ. കുപ്പി ഒറിജിനല്‍ ആണോ ഡ്യൂപ്ലിക്കേറ്റാണോ എന്നൊന്നും നോക്കാനുള്ള ബുദ്ധി മണ്ടിപ്പെണ്ണായ അവള്‍ക്കുണ്ടോ? കുടിച്ചു കഴിഞ്ഞു മണം അറിയാതിരിക്കാന്‍ അല്പം തേയില വായിലിട്ടു ചവയ്കണം. സംഗതി ശുഭം.വാട്ട് ആന്‍ ഐഡിയ സര്‍ജീ....!!!! ഞാന്‍ എന്നെ അഭിനന്ദിച്ചു.അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ധനമില്ലാതെയും വര്‍ക്ക് ചെയ്യുന്ന എന്റെ "മൈക്രോ പ്രോസസ്സര്‍ കണ്ട്രോള്‍ഡ്‌ മിലിട്ടറിത്തല " യോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നി.ഞാന്‍ ഉടന്‍ വീടിന്റെ പുറകിലെത്തി അവിടെ സൂക്ഷിച്ചിരിക്കുന്ന കൊണ്ടെസ്സ റമ്മിന്റെ പഴയ ഒരു കാലിക്കുപ്പി എടുത്തു കൊണ്ട് വന്നു ഭാര്യ കാണാതെ അതില്‍ മുളക് പൊടി കലക്കിയ വെള്ളം നിറച്ചിട്ട്‌ അടപ്പ് കൊണ്ട് ഭദ്രമായി അടച്ചു വച്ചു.ഭാര്യ കുളിക്കാന്‍ കയറിയ തക്കം നോക്കി മുറിയിലെത്തി അലമാരി തുറന്ന് ഒരു കുപ്പി കൈക്കലാക്കി. പകരം തല്‍സ്ഥാനത്ത് മുളക് പൊടി വെള്ളം നിറച്ച കുപ്പി വച്ചു. പിന്നെ ഒരു നിമിഷത്തിനുള്ളില്‍ അലമാരി പൂട്ടി കുപ്പിയുമായി അടുക്കളയില്‍ എത്തി തിടുക്കത്തില്‍ പൊട്ടിച്ചു ഗ്ലാസില്‍ പകര്‍ന്നു പേരിനു മാത്രം അല്പം വെള്ളമൊഴിച്ചു ചുണ്ടോടു ചേര്‍ത്തു ഒരു പിടി പിടിച്ചു.


"എന്റെ അമ്മച്ചീ" .............വായും ചുണ്ടും മാത്രമല്ല അണ്ണാക്കും അന്നനാളവും വരെ കാ‍ന്താരി മുളക് അരച്ചു തേച്ചതു പോലെ പുകഞ്ഞു പോയ ഞാന്‍ നിന്ന നില്പില്‍ മേല്‍പ്പോട്ടു ഒരു ചാട്ടം ചാടി !


വയറിന്റെ അകത്തു തീ കോരി ഇട്ടതു പോലെ ഒരു തോന്നല്‍...കക്കൂസിക്കണോ മൂത്രിക്കണോ എന്നറിയാതെ ഞാന്‍ കുഴങ്ങി.


ഞാന്‍ ഓടിച്ചെന്നു ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി തണുത്ത വെള്ളമെടുത്തു മട് മടാന്നു കുടിച്ചു. എന്നിട്ടും എരിവു സഹിക്കാന്‍ വയ്യാതെ അടുക്കളയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെപ്പോലെ ഓടി നടന്നു.അപ്പോഴാണ് മണ്ടിപ്പെണ്ണായ ഭാര്യ കുളി കഴിഞ്ഞെത്തിയത്. അടുക്കളയിലെ പഞ്ചസാര പാത്രം തപ്പി ഓടി നടക്കുന്ന എന്നെ കണ്ടു ഭാര്യ അന്തം വിട്ടു. പകുതി കാലിയായ കോണ്ടെസ്സയുടെ കുപ്പിയും എന്റെ പരവേശവും കണ്ട അവള്‍ പെട്ടെന്ന് വായ്‌ പൊത്തി ചിരിച്ചു കൊണ്ട് ടി വി കണ്ടിരിക്കുന്ന മകളുടെ അടുത്തേയ്ക്കോടി. എന്നിട്ട് അവളുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതും അവര്‍ രണ്ടുപേരും കൂടെ ഉറക്കെ പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.


ക്രിക്കറ്റ് കളിക്കാരെപ്പോലെ ചുണ്ടിലും വായിലും എന്തൊക്കെയോ തേച്ചുപിടിപ്പിച്ചു പുകച്ചിലില്‍ നിന്നും ഒരു വിധത്തില്‍ രക്ഷ നേടിയ ഞാന്‍ വൈക്ലബ്യത്തോടെ ടി വി യുടെ മുന്‍പിലെത്തി. ആ സമയം അടുക്കളയിലേയ്ക്ക് പോയ മകള്‍ എവിടെ നിന്നോ രണ്ടു കോണ്ടെസാ കുപ്പികള്‍ എടുത്തു കൊണ്ട് വന്നു ഉയര്‍ത്തിക്കാണിച്ചിട്ടു "പറ്റിച്ചേ" എന്ന ഭാവത്തില്‍ കോക്രി കാണിച്ചിട്ട് വീണ്ടും അകത്തേയ്ക്ക് മറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ മകളും ഭാര്യയും കൂടി ടി വിയിലെ മുളകുപൊടിയുടെ പരസ്യം വാചകം കോറസായി പറയുന്നത് കേട്ടു."ദിവസം മുഴുവന്‍ നവോന്മേഷത്തിനു വേണ്ടി ഉപയോഗിക്കൂ.... " സാറാസ് മുളക് കോണ്ടെസ്സാ"കോണ്ടാസ്സായോടുള്ള എന്റെ ആക്രാന്തം നന്നായി അറിയാവുന്ന മണ്ടിപ്പെണ്ണും അവളുടെ ശിങ്കിടിയായ മകളും കൂടി ഉണ്ടാക്കി, ഒറിജിനല്‍ കോണ്ടെസ്സ കുപ്പികള്‍ക്ക് പകരമായി അലമാരിയില്‍ വച്ചിരുന്ന "സാറാസ് മുളകു കോണ്ടാസ്സാ" കഴിച്ചു മണ്ട പുകഞ്ഞ ഞാന്‍ മുറ്റത്തു കൂടി തെക്കുവടക്ക് ദിശയില്‍ "ജോണീ വാക്കറേ"പ്പോലെ ഉലാത്തി.

Tuesday, June 8, 2010

പൊടിയച്ചന്റെ " റീ "

"നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും ജോലിയുണ്ടോ? ജോലി ഉണ്ടായിട്ടും അതു ചെയ്തു തരാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതിയുണ്ടോ?"

"എങ്കില്‍ വിഷമിക്കേണ്ടാ
. പൊടിയച്ചനെ വിളിക്കൂ"

ഇതൊരു പരസ്യമാണെന്ന് കരുതി ഉടനെതന്നെ ഫോണെടുത്തു പൊടിയച്ചന്റെ നമ്പര്‍ കുത്താം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം...!! കാരണം, ഏതു സമയത്തും ഏതു ജോലിയും വളരെ കുറഞ്ഞ കൂലിയില്‍ ചെയ്തു തരുന്ന ആളാണ്‌ പൊടിയച്ചന്‍ എങ്കിലും അദ്ദേഹത്തെ ജോലിക്ക് വിളിക്കുവാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ആ നടപടി ക്രമങ്ങളെപ്പറ്റി അറിയുന്നതിനു മുന്‍പ് ആദ്യം "പൊടി" എന്താണെന്നറിയണം.

അതുകഴിഞ്ഞു "പൊടിയച്ചനെ" അറിയണം.....

പൊടിയേയും പൊടിയച്ചനേയും അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ പൊടിയച്ചനും പൊടിയുമായുള്ള ബന്ധം, അതായതു "പൊടിയച്ചന്റെ പൊടിബന്ധം" എന്താണെന്നറിയണം.

ഇത്രയും അറിഞ്ഞു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പൊടിയച്ചനെക്കുറിച്ചുള്ള മറ്റൊരു കാര്യം കൂടി അറിയാന്‍ കഴിയും. അതാണ്‌ അദ്ദേഹത്തിന്‍റെ ട്രേഡ് മാര്‍ക്ക് അല്ലെങ്കില്‍ മാസ്റ്റര്‍ പീസ്. ആ പീസിനു കുമാരപുരത്തുകാര്‍ കൊടുത്തിരിക്കുന്ന പേരാണ് "പൊടിയച്ചന്റെ റീ"

അപ്പോള്‍ ശരി....പാഠം ഒന്നിലേയ്ക്കു കടക്കാം... പാഠത്തിന്റെ പേര് "പൊടി മാഹാത്മ്യം"

കസ്തൂരാദി വായൂഗുളിക വരുന്ന ചെറിയ ഡപ്പി കണ്ടിട്ടില്ലേ? ഏതാണ്ട് അതേ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്‌ ഡപ്പികളില്‍ കിട്ടുന്ന ഒരു തരം സാധനമാണ് ഈ പൊടി. 'മൂക്കില്‍പ്പൊടി' എന്നാണു പൊടിയുടെ പൂര്‍ണനാമധേയം.

ഇതില്‍ ഒരു നുള്ളു കയ്യിലെടുത്തു മൂക്കിന്റെ ഇരുദ്വാരങ്ങളിലേയ്ക്കും വലിച്ചു കയറ്റിയാല്‍ മതി...

കഥകളി പഠിക്കാതെ തന്നെ നിങ്ങള്‍ക്ക് ഒരു കഥകളി നടനാകാം. കാരണം "പൊടി" നിങ്ങളുടെ മുഖത്തു നവരസങ്ങളും പ്രതിഫലിപ്പിക്കും. . !

നൃത്തം പഠിക്കാതെ നിങ്ങള്‍ക്ക് നര്‍ത്തകനാവാം. കാരണം "പൊടി" നിങ്ങളെ തുള്ളിക്കും. . !!

ജലദോഷം മൂത്ത് നിങ്ങളുടെ മൂക്ക് ഒരു "മുല്ലപ്പെരിയാര്‍" ആയിരിക്കുകയാണോ? എങ്കില്‍ ഒരു നുള്ള് പൊടി വലിച്ചാല്‍ മതി. നിമിഷങ്ങള്‍ക്കകം മൂക്ക് ഇടുക്കി അണക്കെട്ട് പോലെ വറ്റി വരളും.!!!

അതാണ്‌ പൊടി....അഥവാ മൂക്കില്‍ പൊടിയുടെ മാഹാത്മ്യം.

ഇനി പാഠം രണ്ട് : പൊടിയച്ചന്‍.

ഏകദേശം അറുപത്തഞ്ചു വയസ്സ് പ്രായം. അഞ്ചര അടി പൊക്കം, പുട്ടു കുറ്റിയ്ക്ക് കയ്യും കാലും വച്ചതു പോലെയുള്ള ശരീര പ്രകൃതി, കറുത്ത നിറം, മിന്നിത്തിളങ്ങുന്ന "ഗള്‍ഫ് ഗേറ്റ്" തല, അതിന്റെ പ്രോട്ടെക്ഷന്‍ പോലെ തോര്‍ത്തു കൊണ്ടുള്ള വട്ടക്കെട്ട്, "ദേവസ്വം വകുപ്പ് " സ്റ്റൈലില്‍ ഉള്ള ‍ കൃതാവ്, ദേവസ്വത്തിനോട്‌ യാതൊരു സഹകരണവും പാടില്ല എന്ന മട്ടില്‍ പിണങ്ങി ഉയര്‍ന്നു നില്‍ക്കുന്ന ചകിരി പോലത്തെ മീശ, ഉണ്ണിക്കുടവയര്‍, പുക്കിളിനു താഴെ വച്ചു മടക്കിയുടുത്ത കൈലിമുണ്ട്, മുണ്ടിനേക്കാള്‍ സീനിയര്‍ ഞാനാണ് എന്ന ഭാവത്തില്‍ കാല്‍മുട്ട് വരെ ഇറങ്ങിക്കിടക്കുന്ന വരയന്‍ അണ്ടര്‍വെയര്‍. ഇതാണ് പൊടിയച്ചന്‍..

അടുത്തതായി നമ്മള്‍ പഠിക്കാന്‍ പോകുന്നത് പൊടിയച്ചന്റെ പൊടിബന്ധത്തെക്കുറിച്ചാണ്.

ജങ്ങ്ഷനിലെ കള്ളു ഷാപ്പിന്റെ അടുത്തുള്ള ആല്‍ത്തറയാണ് പൊടിയച്ചന്റെ വിശ്രമ സങ്കേതം. എന്നും രാവിലെ എട്ടു മണിയോടെ ആല്‍ത്തറയില്‍ എത്തുന്ന പൊടിയച്ചന്‍ തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്തഴിച്ച് ആല്‍ത്തറയില്‍ വിരിച്ച ശേഷം അതില്‍ ഇരിക്കും. അനന്തരം തന്റെ വരയന്‍ അണ്ടര്‍ വെയറിന്റെ കീശയിലെ പൊടി ഡപ്പിയില്‍ നിന്നും ഒരു നുള്ള് പൊടിയെടുത്ത് മൂക്കിന്റെ ഇരു ദ്വാരങ്ങളിലേയ്ക്കും വലിച്ചു കയറ്റിയിട്ട് ചൂടായ ദോശക്കല്ലില്‍ വെള്ളമൊഴിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തോടെ രണ്ടു മൂന്നു തവണ തുമ്മും.

തുമ്മല്‍ കഴിഞ്ഞ് മുഖം തുടച്ച് ആശ്വാസത്തോടെ ആല്‍ത്തറയില്‍ കിടക്കുന്ന പൊടിയച്ചന്‍ ഒന്ന് മയങ്ങാനുള്ള പ്രാരംഭ നടപടികളിലേയ്ക്ക് കടക്കുന്നതിനു മുന്‍പു വേണം നിങ്ങള്‍ അദ്ദേഹത്തെ സമീപിക്കേണ്ടത്.

ചുരുങ്ങിയ വാക്കുകളില്‍ പൊടിയച്ചനോട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാം..ചക്കയിടാണോ ?മാങ്ങാ പറിക്കണോ? കവുങ്ങില്‍ കേറണോ? പൊടിയച്ചന്‍ റെഡി.

പക്ഷെ ഒരു കണ്ടീഷന്‍. ജോലി കഴിയുമ്പോള്‍ കൂലിയുടെ കൂടെ ഒരു ഡപ്പി മൂക്കില്‍ വലിക്കാനുള്ള "പൊടി" കൂടി കൊടുക്കണം. കാരണം മൂക്കില്‍പ്പൊടി കുമാരപുരത്തു കിട്ടുകയില്ല. ഹരിപ്പാടുള്ള ഒന്നു രണ്ടു പെട്ടിക്കടകളില്‍ മാത്രമേ കിട്ടുകയുള്ളൂ. അവിടെ വരെ പോയി പൊടി വാങ്ങാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണമാണ് പൊടിയച്ചന്‍ ഡിമാണ്ട് വയ്ക്കുന്നത്. അതറിയാവുന്ന കുമാരപുരത്തുകാര്‍ നേരത്തെ തന്നെ പൊടി വാങ്ങിക്കുകയും ജോലിക്ക് വിളിക്കുന്ന സമയത്ത് അത് പൊടിയച്ചന് കൊടുക്കുകയും ചെയ്യും.

പൊടിയച്ചന്റെ പൊടി ബന്ധം മനസിലായല്ലോ?

അടുത്തത്‌ പാഠം മൂന്ന്....പൊടിയച്ചന്റെ റീ..

പൊടിയച്ചന്റെ "റീ"യെപ്പറ്റി മനസ്സിലാക്കാന്‍ അല്‍പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന്‍ നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും.. നടക്കുമ്പോള്‍ പൊടിയച്ചന്റെ പിറകിലായി അല്പം ദൂരം പാലിച്ചു കൊണ്ട് അദ്ദേഹത്തെ നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്ന രീതിയില്‍ വേണംനടക്കാന്‍..

അങ്ങനെ നടന്നു പോകുന്ന പൊടിയച്ചന്‍ പെട്ടെന്നു നടത്തം നിറുത്തും. എന്നിട്ട് 'ഡാവില്‍' നാലുപാടും ഒന്നു ശ്രദ്ധിക്കും. പിന്നെ ഇടതു കാലോ വലതു കാലോ അല്പം ഉയര്‍ത്തി ഒരു പ്രത്യേക പൊസിഷനില്‍ നില്‍ക്കും.

സൈലന്‍സര്‍ കേടായ മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം പോലത്തെ ഒരു ശബ്ദം പൊടിയച്ചനില്‍ നിന്നും ഈ സമയം പുറപ്പെടും. ഒരു മിനിറ്റില്‍ കൂടുതല്‍ ഈ ശബ്ദം കേള്‍ക്കാന്‍ കഴിയില്ല.അതു കഴിയുമ്പോള്‍ പൊടിയച്ചന്‍ വീണ്ടും നടത്തം തുടങ്ങും.

ഇതാണ് കുമാരപുരത്തുകാരുടെ ചിരപരിചിതമായ "പൊടിയച്ചന്റെ റീ"

നാട്ടിലെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ മുതല്‍ വയസ്സായവര്‍ വരെ പൊടിയച്ചന്റെ "റീ" യെപ്പറ്റി അറിയാവുന്നവരാണ്. കാരണം ഏതു സമയത്തും ഏതു കാലാവസ്ഥയിലും എവിടെവച്ചും പൊടിയച്ചന് "റീ" വരാം. ആന്ത്രവായുവിന്റെ കോപമാണ് ഇതിനു കാരണമായി പൊടിയച്ചന്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനുള്ള കഷായവും ലേഹ്യവുമൊക്കെ കഴിക്കുന്നുണ്ടെങ്കിലും "റീ" വരുന്നത് പിടിച്ചു നിര്‍ത്താന്‍ പൊടിയച്ചന് സാധിക്കുന്നില്ല. ആയതിനാല്‍ എപ്പോള്‍ "റീ" വന്നാലും ഉടനെ തന്നെ പൊടിയച്ചന്‍ അതിനെ നിരുപാധികം പുറത്തു വിടും. അങ്ങനെ നിരന്തരമായ "റീ" വിടല്‍ മൂലം പൊടിയച്ചന്റെ സൈലന്‍സറിന് സാരമായ എന്തോ കുഴപ്പം വന്നതുകൊണ്ടാണ് മറ്റുള്ളവരെപ്പോലെ "നിശബ്ദമായ റീ" പുറപ്പെടുവിക്കുവാന്‍ പൊടിയച്ചന് സാധിക്കാത്തത് എന്ന് നല്ലവരായ കുമാരപുരത്തുകാര്‍ കരുതുന്നു.

അങ്ങനെ പരോപകാരവും പൊടിവലിയും ശബ്ദായമാനമായ "റീ" യുമായി കാലം കഴിച്ചുകൊണ്ടിരുന്ന പൊടിയച്ചന്‍ ഒരിക്കല്‍ സ്വന്തം "റീ" യെ മൈക്കിലൂടെ പ്രക്ഷേപണം ചെയ്തു നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു.

അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം നടക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ഉത്സവത്തിന്റെ മൈക്ക് ആന്‍ഡ്‌ സൌണ്ട്സ് എഞ്ചിനീയര്‍ സുകുമാരന്‍ അമ്പലമുറ്റത്ത് സ്പീക്കറുകള്‍ സെറ്റ് ചെയ്യുവാനും തെങ്ങിന്റെ മണ്ടയില്‍ കയറി കോളാമ്പി കെട്ടാനും വേണ്ടി തന്റെ അസിസ്റ്റന്റായി തിരഞ്ഞെടുത്തത് പൊടിയച്ചനെ ആയിരുന്നു.

സുകുമാരന്‍ കൊടുത്ത പൊടി മൂക്കില്‍ വലിച്ചു കയറ്റിയ പൊടിയച്ചന്‍ അര മണിക്കൂര്‍ കൊണ്ട് നാല് കോളാമ്പികള്‍ അമ്പലമുറ്റത്തെ കൊന്നത്തെങ്ങുകളുടെ മുകളില്‍ സ്ഥാപിച്ചിട്ട് അടുത്ത ജോലിക്ക് വേണ്ടി സുകുമാരന്റെ മുന്‍പില്‍ ഹാജരായി.

ഈ സമയം മൈക്രോഫോണ്‍ ഓണ്‍ ചെയ്ത സുകുമാരന്‍ അതിലൂടെ മുട്ടയിട്ട പിടക്കോഴിയുടെ സ്വരത്തില്‍ ചെക്ക്‌ .. ചെക്ക്‌ .. മൈക്ക് ചെക്ക്‌.. എന്നു വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അതു സംഭവിച്ചത്.

പൊടിയച്ചന് പെട്ടെന്നു "റീ" വന്നു....

പതിവ് പോലെ പൊടിയച്ചന്‍ "റീ" യെ നിരുപാധികം പുറത്തു വിട്ടു...

അടുത്തുണ്ടായിരുന്ന സുകുമാരന്റെ മൈക്ക് പൊടിയച്ചന്റെ "റീ" യെ പൊടിയച്ചന്‍ പോലുമറിയാതെ സൂത്രത്തില്‍ പിടിച്ചെടുത്തു. എന്നിട്ട് തന്റെ ആംപ്ലിഫയറിലിട്ട് ബാസും ട്രെബിളും അഡ്ജസ്റ്റ് ചെയ്തു ശ്രുതിമധുരതരമാക്കി തെങ്ങിന്റെ മണ്ടയിലെ കോളാമ്പിയിലൂടെ പൊതുജനങ്ങളെ കേള്‍പ്പിച്ചു.

സ്വന്തം മൈക്കിലൂടെ സ്വന്തമല്ലാത്ത ഒരു ശബ്ദം കേട്ട സുകുമാരന്‍ ഞെട്ടി. അയാള്‍ തൊണ്ട തടവിക്കൊണ്ട് കയ്യിലിരിക്കുന്ന മൈക്കിലേയ്ക്കും അടുത്തിരിക്കുന്ന ആംപ്ലിഫയറിലേയ്ക്കും പിന്നെ തെങ്ങിന്റെ മണ്ടയിലെ കോളാമ്പിയിലേയ്ക്കും മാറി മാറി നോക്കി.

ബാസും ട്രെബിളും കൂടിയ സ്വന്തം "റീ" ശബ്ദം ആകാശത്തു നിന്നും അശരീരി പോലെ കേട്ട് അന്തം വിട്ടുപോയ പൊടിയച്ചന്റെ വായും തെങ്ങിന്റെ മണ്ടയില്‍ ഇരിക്കുന്ന കോളാമ്പിയുടെ വായ പോലെ തുറന്നു പോയി.

പക്ഷെ അവിടെയുണ്ടായിരുന്ന കുമാരപുരത്തുകാര്‍ക്ക് തെങ്ങിന്റെ മണ്ടയിലൂടെ വന്ന ആ "ആംപ്ലിഫൈഡ് റീ" യെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു.

കാരണം അവരെല്ലാം പൊടിയച്ചനുമായി നല്ല "പൊടിബന്ധം" ഉള്ളവരായിരുന്നു...

Tuesday, May 25, 2010

പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക

വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് "പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷേനെ" എന്നു പറഞ്ഞ ഭാര്യയോടുള്ള അമര്‍ഷം പുറത്തു കാണിക്കാതെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ പാതി മയക്കത്തില്‍ പാല്‍ സൊസൈറ്റി ലക്ഷ്യമാക്കി നടന്ന ഞാന്‍ എതിരെ വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞെട്ടി.


"എടാ നിനക്ക് എന്റെ കൂടെ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു വരാമോ? എസ്.ഐ ഏമാന്‍ എന്നെ അങ്ങോട്ട്‌ വിളിപ്പിച്ചിരിക്കുവാ"


പോലീസ് സ്റ്റേഷന്‍ എന്നു കേട്ടതോടെ എന്റെ മയക്കം പമ്പ കടന്നു. ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു.


"ങേ ..പോലീസ് സ്റ്റേഷനിലേയ്ക്കോ? എന്തിനു?"


ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ പോലീസ് സ്റ്റേഷനില്‍ പോകുന്ന ആളാണ്‌ കുമാരപുരത്തുകാരുടെ സ്വന്തം കുടിയനായ പാക്കരന്‍ ചേട്ടന്‍. പാക്കരന്‍ ചേട്ടന്‍ പോയില്ലെങ്കില്‍ പോലീസ്സുകാര്‍ ഇങ്ങോട്ട് വന്നു അദ്ദേഹത്തെ കൊണ്ടുപോകും. പോലീസ് സ്റ്റേഷനില്‍ പോകുക എന്നത് അടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ പോകുന്നത് പോലെയാണ് പാക്കരന്‍ ചേട്ടന്. ആഴ്ചയില്‍ ഒരു തവണ അവിടെ പോയി എസ്. ഐ ഏമാനെയോ ഹേഡ് അങ്ങത്തെയോ തൊഴുത്‌ അവരു കൊടുക്കുന്ന പ്രസാദം (അടി പ്രസാദം അല്ലെങ്കില്‍ ഇടി പ്രസാദം) വാങ്ങണമെന്നുള്ളത് പാക്കരന്‍ ചേട്ടന് വളരെ നിര്‍ബന്ധമുള്ള ഒരു കാര്യവുമാണ്.


അയല്‍ക്കാര്‍ എന്ന നിലയില്‍ ഞാനും പാക്കരന്‍ ചേട്ടനും വലിയ സുഹൃത്തുക്കളാണ് എന്നു മാത്രമല്ല പാക്കരന്‍ ചേട്ടന്‍ ചെത്തിയിറക്കുന്ന സ്വയമ്പന്‍ തെങ്ങിന്‍ കള്ളിന്റെ ഒരു കടുത്ത ആരാധകന്‍ കൂടിയാണ് ഞാന്‍. എനിക്ക് കിട്ടുന്ന മിലിട്ടറി ക്വോട്ട ഫ്രീ ആയി അടിക്കുന്നവരുടെ ഒരു അസോസിയേഷന്‍ ഉണ്ടാക്കിയാല്‍ അതിന്റെ പ്രസിഡണ്ട്‌ ആകാനുള്ള സകല യോഗ്യതയും പാക്കരന്‍ ചേട്ടനുണ്ട്. അങ്ങനെ മിലിട്ടറി ക്വോട്ടയില്‍ തെങ്ങിന്‍ കള്ള് ചേര്‍ത്തത് പോലെയുള്ള "തീവ്രമായ" ഒരു ബന്ധമാണ് ഞാനും പാക്കരന്‍ ചേട്ടനും തമ്മിലുള്ളത്.


അങ്ങനെയുള്ള പാക്കരന്‍ ചേട്ടന്റെ കൂടെ പോയി വല്ല അടിപിടി കേസ്സിനും ജാമ്യം നില്കാനാണോ പറയുന്നത്? അങ്ങിനെ ആണെങ്കില്‍ വനിതാ എസ്. ഐ ഇടിയന്‍ ഭവാനിയുടെ കയ്യില്‍ നിന്നും കിട്ടുന്ന പ്രസാദം ഞാനും വാങ്ങേണ്ടി വരും.


'ദൈവമേ"


എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ പരുങ്ങി.


"എടാ നീ പേടിക്കേണ്ടാ. എസ്. ഐ ഏമാന്റെ മൂന്ന് ബാറ്ററിയുടെ ഒരു ടോര്‍ച്ചു തിരിച്ചു കൊടുക്കാനാ പോകുന്നത്" എന്റെ വൈക്ലബ്യം മനസ്സിലായിട്ടാണോ എന്നറിയില്ല പാക്കരന്‍ ചേട്ടന്‍ കാര്യം തുറന്നു പറഞ്ഞു."ഓഹോ അത് ശരി..പക്ഷെ ഇടിയന്‍ ഭവാനിയുടെ ടോര്‍ച്ചു ചേട്ടന്റെ കയ്യില്‍ എങ്ങനെ വന്നു?" ഞാന്‍ സംശയം ഉന്നയിച്ചു.


"എടാ ഇന്നലെ രാത്രി ഞാന്‍ ഇച്ചിരി കൂടുതല്‍ വാറായിപ്പോയി. എന്നാലും ഒരു വിധത്തില്‍ നടന്നു ജങ്ങ്ഷനിലുള്ള ഗുരുമന്ദിരത്തിന്റെ അടുത്തെത്തിയപ്പോള്‍ കരണ്ടും പോയി. ഇരുട്ട് കാരണം നടക്കാന്‍ പറ്റാതെ ഞാന്‍ ഗുരുമന്ദിരത്തിന്റെ വരാന്തയില്‍ കിടക്കുമ്പോഴാ ഇടിയന്‍ ഭവാനി ജീപ്പില്‍ അതിലെ വന്നത്"


"ഓഹോ അപ്പോള്‍ രണ്ടെണ്ണം കിട്ടി അല്ലെ?"


"യേയ് ഇല്ലില്ല. സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഇടക്കൊക്കെ ഓരോ പൂശു തരുമെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവമാടാ അവര്‍ക്ക്""ങേ...അതെങ്ങിനെ ചേട്ടന് മനസ്സിലായി?"


"എടാ അല്ലെങ്കില്‍പിന്നെ ഇന്നലെ കുടിച്ചു വാറായി കിടന്ന എനിക്ക് അവരുടെ കയ്യിലിരുന്ന ടോര്‍ച്ചു തരുമോ? എന്നിട്ട് വേഗം വീട്ടില്‍ പോടാ എന്നൊരു ഉപദേശവും"


"ഓഹോ അത് കൊള്ളാമല്ലോ""ആ ടോര്‍ച്ചു കൊടുക്കാനാ ഞാന്‍ പോകുന്നത്..നീയും വാ.... പട്ടാളക്കാരനല്ലേ ..സ്ഥലം എസ്. ഐ യെ ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതല്ലേ?" പാക്കരന്‍ ചേട്ടന്‍ ചോദിച്ചു.അത് ശരിയാണല്ലോ. പോരെങ്കില്‍ ഇടിയന്‍ ഭവാനിയുടെ മൂത്ത മകളുടെ ഭര്‍ത്താവും പട്ടാളക്കാരനാണ്‌ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ലീവില്‍ വന്നിട്ടുണ്ടത്രേ. പാക്കരന്‍ ചേട്ടന്റെ കൂടെ സ്റ്റേഷന്‍ വരെ പോയാല്‍ സൗകര്യം കിട്ടുകയാണെങ്കില്‍ അവരുടെപട്ടാളക്കാരന്‍ മരുമകന്റെ കാര്യമൊക്കെ ഒന്ന് ചോദിച്ചു മനസ്സിലാക്കാം. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആയ സ്ഥിതിയ്ക്ക് പട്ടാളക്കാരനായ മരുമകന്റെ കാര്യം ചോദിക്കുന്നത് ഇടിയന്‍ ഭവാനിയ്ക്കും ഇഷ്ടമാകും. ഏതായാലും സ്ഥലം എസ് ഐയുടെ മരുമകനായ പട്ടാളക്കാരന്റെ സുഹൃത്താകുന്നത് എന്തു കൊണ്ടും നല്ലതാണ് എന്നു എന്റെ മനസ്സ് മന്ത്രിച്ചു.


അങ്ങനെ ഞാനും പാക്കരന്‍ ചേട്ടനും കൂടി പത്തു മണിയോടെ പോലീസ് സ്റ്റേഷനിലേക്ക് യാത്രയായി. സ്ഥലം എസ്. ഐ ആയ ഇടിയന്‍ ഭവാനിയുടെ മൂന്നു ബാറ്ററിയുടെ ടോര്‍ച്ചും കക്ഷത്തില്‍ വച്ച് പാക്കരന്‍ ചേട്ടന്‍ തല ഉയര്‍ത്തിപ്പിടിച്ചു മുന്നില്‍ നടന്നു. സ്ഥലം എസ്.ഐയുടെ പട്ടാളക്കാരനായ മരുമകന്റെ പട്ടാളക്കാരനായ സുഹൃത്താകാന്‍ പോകുന്ന ഞാന്‍ എന്റെ തലയും സാമന്യം ഭേതപ്പെട്ട രീതിയില്‍ പൊക്കിപ്പിടിച്ച് കൊണ്ട് പാക്കരന്‍ ചേട്ടന്റെ പിറകെ നടന്നു. അദ്ദേഹത്തിന്റെ സഹ കുടിയന്മാര്‍ അസൂയയോടെ ഞങ്ങളുടെ പോക്ക് നോക്കി നിന്നു. ഇനി എന്നെങ്കിലും ഇടിയന്‍ ഭവാനി വരുന്ന വഴിയില്‍ കുടിച്ചുവീലൂരി വാളു വച്ച് കിടക്കണമെന്ന് തീരുമാനിച്ചതായി അവരില്‍ പലരുടെയും മുഖങ്ങള്‍ പറയുന്നുണ്ടായിരുന്നു.പത്തെര ആയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും പോലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഇടിയന്‍ ഭവാനിയുടെ ജീപ്പ് പുറത്ത് കിടക്കുന്നു. വാദിയും പ്രതിയുമായ പലരും സ്റ്റേഷന്റെ പരിസരത്തു നില്‍ക്കുന്നുണ്ട്. മുഖത്തു ദൈന്യ ഭാവത്തോടെ കൈ കെട്ടി വിനീതരായി നില്‍ക്കുന്നവര്‍ പ്രതികളും ഗൌരവഭാവത്തില്‍ പോലീസ്സുകാരോട് സംസാരിച്ചു നില്‍ക്കുന്നവര്‍ വാദികളും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു.വലതു കയ്യില്‍ എല്ലാവരും കാണത്തക്ക രീതിയില്‍ ടോര്‍ച്ചും പിടിച്ച്, അഴിച്ചിട്ടിരിക്കുന്ന മുണ്ടിന്റെ കോന്തല ഇടതു കൈ കൊണ്ട് അല്പം ഉയര്‍ത്തിപ്പിടിച്ചു, നെഞ്ചും വിരിച്ചു കൊണ്ട് ചിരപരിചിതനെപ്പോലെ പാക്കരന്‍ ചേട്ടന്‍ ഇടിയന്‍ ഭാവാനിയുടെ മുറിയുടെ മുന്‍പില്‍ എത്തി. മുറിയുടെ പുറത്തിരിക്കുന്ന ഒരു പോലീസ്സുകാരന്‍ പാക്കരന്‍ ചേട്ടനെ കണ്ട് പരിചയഭാവത്തില്‍ ഒന്നു ചിരിച്ചു. പക്ഷെ അയാളെ ഒട്ടും മൈന്‍ഡ് ചെയ്യാതെ പാക്കരന്‍ ചേട്ടന്‍ ഹാഫ് ഡോറിനു മുകളിലൂടെ മുറിയുടെ ഉള്ളിലേയ്ക്ക് എത്തി നോക്കിയിട്ട് പുറത്ത് നില്‍ക്കുന്ന എന്റെ നേരെ "ഞാന്‍ അകത്തു ചെന്ന് ടോര്‍ച്ചു കൊടുത്തിട്ട് നിന്നെ വിളിക്കാം" എന്ന രീതിയില്‍ ആംഗ്യം കാണിച്ചിട്ട് ഡോര്‍തുറന്നു അകത്തേയ്ക്ക് കയറി.


ഇടിയന്‍ ഭവാനിയോടു എങ്ങനെ സംസാരം തുടങ്ങണം എന്നു ഞാന്‍ ആലോചിച്ചു. പട്ടാളക്കാരനാണ്‌ എന്നുള്ള കാര്യം ആദ്യം തന്നെ പറയണം. എന്നിട്ട് വേണം മരുമകനെപ്പറ്റി ചോദിക്കുവാന്‍. ഒരു പക്ഷെ ഞാന്‍ പട്ടാളക്കാരനാണ്‌ എന്നു പറയുമ്പോള്‍ തന്നെ അവര്‍ മരുമകന്റെ കാര്യം പറയുമായിരിക്കും. അങ്ങിനെ ആണെങ്കില്‍ സംഗതി എളുപ്പമായി. ചിലപ്പോള്‍ ഉടനെ തന്നെ മരുമകനെ ഫോണില്‍ വിളിക്കാനും മതി. ഏതായാലും അസുലഭമായ ഈ കൂടിക്കാഴ്ചയില്‍ ഞാനും സ്ഥലം എസ് ഐയും സുഹൃത്തുക്കളാകുമെന്നും അതോടെ എന്റെ വില കുമാരപുരത്തും ഹരിപ്പാട്ടും കുത്തനെ ഉയരുമെന്നും ഞാന്‍ മനസ്സില്‍ഉറപ്പിച്ചു.ഇടിയന്‍ ഭവാനിയുടെ മുറിയില്‍ പോയ പാക്കരന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചു അക്ഷമനായി പുറത്ത് നിന്ന ഞാന്‍ മുറിക്കുള്ളില്‍ നിന്നും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ട് ഞെട്ടി. കൂടെ ഇടിയന്‍ ഭവാനിയുടെ ഇടിമുഴക്കം പോലുള്ള അലര്‍ച്ചയും."ഭാ ... വെള്ളമടിച്ചിട്ട് വീട്ടില്‍ പോകാതെ വഴിയില്‍ കിടക്കും അല്ലേടാ.... ഇനി വഴിയിലെങ്ങാനും നീ വീലൂരി കിടക്കുന്നത് ഞാന്‍ കണ്ടാല്‍.. നിന്റെ ഈ വീര്‍ത്തിരിക്കുന്ന കള്ള് കുടുക്കയുണ്ടല്ലോ.. ഇടിച്ചു ഞാന്‍ കലക്കിക്കളയും.."ഹാഫ് ഡോര്‍ തുറന്നടയുന്നതും പാക്കരന്‍ ചേട്ടന്‍ എലിവാണം പോലെ പായുന്നതും കണ്ട ഞാന്‍ ഒട്ടും സമയം കളയാതെ പാക്കരന്‍ ചേട്ടന്റെ പിറകെ വിട്ടു. "കള്ളു കുടുക്ക" എന്നു ഇടിയന്‍ ഭവാനി പറഞ്ഞത് പാക്കരന്‍ ചേട്ടന്റെ "കുടവയര്‍" ആണെന്നും അതേ പോലെയുള്ള ഒരു "കള്ളു വയര്‍" എനിക്കും ഉണ്ടെന്നും ഓടുന്ന വഴിയില്‍ ഞാന്‍ ഓര്‍ക്കാതിരുന്നില്ല.


Thursday, May 13, 2010

ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍


ബൂലോകം മുഴുവന്‍
വ്യാപിച്ചു കിടക്കുന്ന "നിത്യഹരിത ബ്ലോഗര്‍ കോം" വനങ്ങളില്‍ സുലഭമായി കാണാറുള്ള ഒരു അത്ഭുത പ്രതിഭാസമാണ് "ബ്ലോഗ്ഗര്‍ ജീവികള്‍".കൂടുതല്‍ മഴ ലഭിക്കുന്ന നിത്യ ഹരിത ബ്ലോഗര്‍കോം വനങ്ങളില്‍ മാത്രമല്ല ഊഷര കാലാവസ്ഥയില്‍ വളരുന്ന "വേര്‍ഡ്‌ പ്രസ്‌ " വിഭാഗത്തില്‍ പെട്ട കണ്ടല്‍ക്കാടുകളിലും ഈ ജീവികളുടെ സാന്നിധ്യമുണ്ട്. പുലികളെപ്പോലെ ഗര്‍ജ്ജിക്കാനുള്ള കഴിവാണ് ബ്ലോഗ്ഗര്‍ ജീവികളുടെ പ്രത്യേകത. കൂടുതല്‍ ഗാംഭീര്യത്തോടെ ഗര്‍ജ്ജിക്കുന്ന ബ്ലോഗ്ഗര്‍ ജീവികള്‍ "പുലിയന്‍ ബ്ലോഗ്ഗര്‍ ജീവികള്‍" എന്ന അപര നാമത്തിലും അറിയപ്പെടാറുണ്ട്.ബ്ലോഗ്ഗര്‍ ജീവികളുടെ ഉത്ഭവത്തെ കുറിച്ച് പല അഭ്യൂഹങ്ങളും നിലവിലുണ്ട് എങ്കിലും കൃത്യമായ ഒരു കാരണം ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ നിന്നാണ് ബ്ലോഗ്ഗര്‍ ജീവികളുടെ ഉത്പത്തി എന്ന് പ്രമുഖ ബ്ലോഗ്ഗര്‍ ജീവി ചരിത്രകാരനായ വിശാലാക്ഷ പണിക്കര്‍ തന്റെ "ബ്ലോഗ്ഗര്‍ജീവി പുരാണ"ത്തില്‍ പറയുന്നു. എങ്കിലും കേരളം അടക്കമുള്ള ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍ ഈ ജീവികളുടെ സാന്നിധ്യം നാമമാത്രമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ്‌ മേഘലകളിലും അമേരിക്ക, കാനഡ, ജപ്പാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലുമുള്ള നിബിഡ വനങ്ങളിലേയ്ക്ക് "ജീവസന്ധാരണാര്‍ഥം" കുടിയേറിപ്പോയതാണ് കേരളത്തില്‍ ബ്ലോഗര്‍ ജീവികളുടെ എണ്ണം ഗണ്യമായി കുറയാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിശാലാക്ഷ പണിക്കരുടെ "ബ്ലോഗ്ഗര്‍ ജീവി പുരാണം" വായിച്ചപ്പോഴാണ് ഒരു ബ്ലോഗര്‍ ജീവി ആകണമെന്നും ഏതെങ്കിലും ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവിയെ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം എന്നില്‍ ഉടലെടുക്കുന്നത്. പക്ഷെ നിബിഡമായ ബ്ലോഗ്ഗര്‍കോം വനാന്തരങ്ങളിലുള്ള ഗൂഡമായ മാളങ്ങളില്‍ കഴിയുന്ന ബ്ലോഗ്ഗര്‍ ജീവികളെ നേരിട്ട് കാണുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ബ്ലോഗ്ഗര്‍ ജീവികള്‍ തന്റെ മാളത്തിനുള്ളില്‍ നിന്നും പുറത്തു വരുന്നത് എന്നു മാത്രമല്ല മത്സ്യ മാംസാദികള്‍ ഉള്‍പ്പെടുന്ന മൃഷ്ടാന്ന ഭോജനം സുലഭമായി ലഭിക്കുന്ന കടല്‍ തീരങ്ങളിലോ കായലിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലോ മാത്രമേ അവ പ്രത്യക്ഷപ്പെടുകയുള്ളൂ.
ബ്ലോഗ്ഗര്‍ ജീവികളെ നേരിട്ട് കാണണം എന്ന ആഗ്രഹം കലശലായപ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ബ്ലോഗര്‍ ജീവികളെ ക്കുറിച്ച് ഞാന്‍ അന്വേഷണം ആരംഭിച്ചു. ആ അന്വേഷണത്തിന്റെ ഒടുവില്‍ ഞാന്‍ ചെന്നെത്തിയത് ആലപ്പുഴ ജില്ലയിലെ ഏവൂര്‍ വനങ്ങളില്‍ വിഹരിക്കുന്ന ഒരു പുലിയന്‍ ബ്ലോഗര്‍ ജീവിയുടെ മടയിലാണ്. പുലിയന്‍ ബ്ലോഗ്ഗര്‍ ജീവികള്‍ ആക്രമണകാരികളാണ് എന്നുള്ളതിനാല്‍ മടയുടെ പുറത്തു അല്പം ദൂരെ മാറി നിന്നു കൊണ്ട് ഞാന്‍ എന്റെ ദൂരഭാഷിണി യന്ത്രത്തില്‍ നിന്നും പുലിയന്‍ ബ്ലോഗര്‍ ജീവിയുടെ ദൂരഭാഷിണി യന്ത്രത്തിലേയ്ക്ക് വിളിച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ പുലിയന്‍ ബ്ലോഗര്‍ ജീവിയുടെ ദൂരഭാഷിണി യന്ത്രത്തില്‍ നിന്നും അടുത്തയിട ഇറങ്ങിയ നീലത്താമര എന്ന മലയാള ചലച്ചിത്രത്തിലെ ആയുര്‍വ്വേദ മധുരമായ ഒരു ഗാനം കേട്ടു."എലാദി ലേഹ്യത്തിനൊപ്പം
ഒന്നെര ഗ്ലാസ്സു വെള്ളമൊഴിച്ച്
അതിരാവിലെ എന്നും കുടിച്ചാല്‍ മാറുമോ മുറുക്കം...
വയറിന്റെ അകത്തുള്ള പിരിമുറുക്കം"ഗാനം കേട്ടു രസിച്ചു നിന്ന എന്റെ ചെവിയില്‍ പെട്ടെന്നൊരു ചോദ്യം വന്നു വീണു."ഹലോ... ആരാണ്?"


"ഹലോ.. ഇത് ഏവൂര്‍ വനത്തിലെ ജയന്തന്‍ ബ്ലോഗ്ഗര്‍ ജീവിയല്ലേ?" ഞാന്‍ ഭവ്യതയോടെ ചോദിച്ചു.


"അതെ. ആരാണ് വിളിക്കുന്നത്?"


"ഞാന്‍ ഒരു നവാഗത ബ്ലോഗര്‍ ജീവിയാണ്. പേര് രഘുനാഥന്‍ ബ്ലോഗര്‍ ജീവി. താങ്കളുടെ റേഞ്ചില്‍ തന്നെയുള്ള ഹരിപ്പാട് ആണ് എന്റെ സ്വദേശം"


ഞാന്‍ ജയന്തന്‍ ബ്ലോഗര്‍ ജീവിയെ സ്വയം പരിചയപ്പെടുത്തി...


"ഓ.. മനസ്സിലായി...ഇടക്കിടയ്ക്ക് ഹരിപ്പാട് വനത്തില്‍ നിന്നും ചെറിയ ഗര്‍ജ്ജനങ്ങള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. എന്താ താങ്കളുടെ ഗര്‍ജ്ജനങ്ങള്‍ക്ക് ഒരു ഗാംഭീര്യം വരുന്നില്ലല്ലോ?"


ജയന്തന്‍ ബ്ലോഗര്‍ ജീവി ചോദിച്ചു...


"അത്....അത്...ഗര്‍ജ്ജിക്കുമ്പോള്‍ ശ്വാസം നിന്നു പോകുന്നതു കൊണ്ടാ ഗാംഭീര്യം വരാത്തത്. തന്നെയുമല്ല ചെറിയ രീതിയില്‍ വലിവിന്റെ അസുഖമുണ്ട്"


"അതുശരി. എന്തിനാ വിളിച്ചത്? വലിവിനുള്ള അരിഷ്ടം, ആസവം, എന്നിവ വല്ലതും ആവശ്യമുണ്ടോ?"


"അയ്യോ വിളിച്ചത് അതിനല്ല. അരിഷ്ടം രണ്ടു മൂന്ന് കുപ്പി വാങ്ങി വച്ചിട്ടുണ്ട്. വിശാലാക്ഷ പണിക്കരുടെ ബ്ലോഗര്‍ ജീവി പുരാണത്തില്‍ നിന്നാണ് ഞാന്‍ താങ്കളെപ്പറ്റി അറിയുന്നത്. ‍ഒരു പുലിയന്‍ ബ്ലോഗര്‍ ജീവിയെ നേരിട്ട് കാണാനുള്ള ആഗ്രഹം കൊണ്ടാണ് വിളിച്ചത് "


ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.


"ഓഹോ. കാണുന്നതില്‍ വിരോധമില്ല. പക്ഷെ ഞാന്‍ അല്പം തിരക്കിലാണല്ലോ. ഒരു ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാ"


"ഗവേഷണമോ. എന്തു ഗവേഷണമാണ്.?"


"നിങ്ങളെപ്പോലെയുള്ള നവാഗത ബ്ലോഗ്ഗര്‍ ജീവികള്‍ക്ക് "ഗര്‍ജ്ജനോര്‍ജ്ജം" കിട്ടാനായി ഞാന്‍ ഉണ്ടാക്കുന്ന ആയുര്‍വ്വേദ മൂല്യങ്ങളടങ്ങിയ "അവിയല്‍" എന്ന ലേഹ്യത്തിന്റെ ഗര്‍ജ്ജന സംവര്‍ദ്ധക ശക്തിയെക്കുറിച്ചാണ് ഗവേഷണം നടത്തുന്നത്.""ഓ അത് ശരി. താങ്കളുടെ അവിയല്‍ ലേഹ്യം ഞാനും കഴിക്കാറുണ്ട്. വളരെ ഊര്‍ജ്ജദായകമാണ് ആ ലേഹ്യം."വളരെ നന്ദി. എനിക്ക് ഈ ആഴ്ചയിലെ അവിയല്‍ ലേഹ്യം ഉണ്ടാക്കാനുള്ള സമയമാണ്. അതുകൊണ്ട് പിന്നീട് എപ്പോഴെങ്കിലും നമുക്ക് കാണാം"എവൂരിലെ ജയന്തന്‍ ബ്ലോഗ്ഗര്‍ജീവി തന്റെ ദൂരഭാഷിണി യന്ത്രം കട്ടു ചെയ്തതോടെ ഞാന്‍ നിരാശയോടെ തിരിച്ചു നടന്നു. രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എറണാകുളം റേഞ്ചിലുള്ള "നന്ദ പര്‍വ്വത" മലനിരകളില്‍ ഒരു ബ്ലോഗ്ഗര്‍ ജീവി വിഹരിക്കുന്ന വിവരം കിട്ടിയ ഞാന്‍ ഉടന്‍ എന്റെ ദൂരഭാഷിണിയില്‍ കൂടി നന്ദ പര്‍വ്വത മല നിരകളിലെയ്ക്ക് വിളിച്ചു."ഹലോ നന്ദ പര്‍വ്വത മലനിരകളുടെ അധിപന്‍ നന്ദപ്പന്‍ ബ്ലോഗ്ഗര്‍ ജീവിയല്ലേ?""അതെ.നന്ദപ്പന്‍ ബ്ലോഗര്‍ ജീവിയാണ്. ആരാ വിളിക്കണതു?""ഞാന്‍ ഒരു നവാഗത ബ്ലോഗ്ഗര്‍ ജീവിയാണ്.. പേര് രഘുനാഥന്‍ ബ്ലോഗ്ഗര്‍ ജീവി.ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവിയെ നേരിട്ട് കാണാനുള്ള ആഗ്രഹം കൊണ്ട് വിളിച്ചതാണ്""ഓഹോ...അതിനെന്താ നമുക്ക് കാണാമല്ലോ...പക്ഷെ ഇപ്പോള്‍ എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്."


നന്ദപ്പന്‍ ബ്ലോഗര്‍ ജീവി അല്പം വിഷമത്തോടെ എന്നെ അറിയിച്ചു.


"അതെയോ...എങ്ങോട്ടാണ് ഇത്ര അത്യാവശ്യമായി പോകുന്നത് ?""നന്ദ പര്‍വ്വത മലനിരകളുടെ ഭാഗമായ ദൃശ്യപര്‍വ്വതത്തില്‍ ഒരു മരം ഉണങ്ങിപ്പോയതായി വിവരം ലഭിച്ചിരിക്കുന്നു. അതിന്റെ ഫോട്ടോ എടുത്തു മറ്റു ബ്ലോഗ്ഗര്‍ ജീവികളെ കാണിക്കാനായി ഞാന്‍ പുറപ്പെടുകയാണ്.അത് കൊണ്ട് നമുക്ക് പിന്നെക്കാണാം"നന്ദ പര്‍വ്വത മലനിരകളുമായുള്ള കണക്ഷനും കട്ടായതില്‍ നിരാശ പൂണ്ട ഞാന്‍ എന്റെ മടയില്‍ തിരിച്ചെത്തി. മടയുടെ അകത്തുള്ള രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുന്ന "നിരാശ നിഷ്കാസിതാ ലായനിയില്‍" നിന്നും നൂറു മില്ലി എടുത്തു കഴിച്ചിട്ട് മാളത്തിന്റെ പുറത്തുള്ള പാറപ്പുറത്ത് കിടന്നു കൂര്‍ക്കം വലിച്ചു തുടങ്ങി.
ഒരു ബ്ലോഗ്ഗര്‍ ജീവിയെ നേരിട്ട് കാണാത്തതിലുള്ള നിരാശയും അതു മാറ്റാനുള്ള നിരാശ നിഷ്കാസിത ലായനിയുമായി ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് വട്ടപ്പറമ്പ് വനമധ്യത്തിലുള്ള തന്റെ മടയില്‍ ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവി, ദൂരെ ശ്യാമാംബരത്തിലെയ്ക്ക് മിഴികള്‍ നട്ട് ധ്യാന നിമഗ്നനായി ഇരിക്കുന്ന വിവരം അറിയുന്നത്.ഒട്ടും താമസ്സിച്ചില്ല. എന്റെ ദൂരഭാഷിണി യന്ത്രം പ്രവര്‍ത്തനക്ഷമമായി. അല്പം കഴിഞ്ഞപ്പോള്‍ അതിലൂടെ ഘനഗംഭീരമായ ഒരു ശബ്ദം കേട്ടു ഞാന്‍ ഞെട്ടി."ഹലോ ആരാണ്."മുഴങ്ങുന്ന ആ ശബ്ദം കേട്ടതോടെ എന്റെ നെഞ്ചിടിപ്പ് കൂടി. ശ്യാമാംബരത്തിലെയ്ക്ക് മിഴികള്‍ നട്ട് എകാഗ്രനായി ധ്യാനത്തിലമര്‍ന്നിരുന്ന പുലിയന്‍ ബ്ലോഗര്‍ ജീവിയെയാണ് ഞാന്‍ ഫോണ്‍ ചെയ്തു ശല്യപ്പെടുത്തിയിരിക്കുന്നത്. ശബ്ദം കേട്ടിട്ട് ദേഷ്യക്കാരനും ഗൌരവക്കാരനുമാണെന്ന് തോന്നുന്നു."ബ്ലോഗര്‍കോം കാവിലമ്മേ
കുഴപ്പമാകുമോ.?""ഞാന്‍ ഒരു നവാഗത ബ്ലോഗ്ഗര്‍ ജീവിയാണ്. പേര് രഘുനാഥന്‍ ബ്ലോഗ്ഗര്‍ ജീവി. ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവിയെ നേരില്‍ക്കാനാണുള്ള ഒടുക്കത്തെ ആഗ്രഹം മൂലമാണ് വിളിച്ചത്. ശല്യപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം"ഞാന്‍ വിക്കി വിക്കി പറഞ്ഞു .."ഓഹോ..ഞാന്‍ അങ്ങനെ ആരെയും കാണാറില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ കാണാം. പക്ഷെ ഒരു കണ്ടീഷനുണ്ട്" ഘന ഗംഭീര സ്വരം വീണ്ടും.


ഭഗവാനെ...ആ ശബ്ദം കേട്ടപ്പോള്‍ തന്നെ എന്റെ കണ്ടീഷന്‍ മോശമായിരിക്കുകയാണ്. ഇനി എന്താണാവോ ബ്ലോഗര്‍ ജീവി പറയാന്‍ പോകുന്നത്? ഞാന്‍ ദൂരഭാഷിണി യന്ത്രം ചെവിയില്‍ ചേര്‍ത്തു ബ്ലോഗര്‍ ജീവിയുടെ അടുത്ത വാക്കുകള്‍ക്കു വേണ്ടി കാത്തു."എന്നെ കാണാന്‍ വരുന്നവര്‍ എന്നോടൊപ്പം ഭക്ഷണം കഴിക്കണം എന്നുള്ളത് എനിക്ക് നിര്‍ബന്ധമാണ്‌. അങ്ങനെ കഴിക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രം നമുക്ക് കാണാം".അതോടെ ഞാന്‍ പരുങ്ങി.തികഞ്ഞ മാംസാഹാരികളാണ് പുലിയന്‍ ബ്ലോഗര്‍ ജീവികള്‍ എന്നാണ് ബ്ലോഗര്‍ ജീവി പുരാണത്തില്‍ പറയുന്നത്. തന്റെ മുന്‍പില്‍ പെടുന്ന നവാഗത ബ്ലോഗര്‍ ജീവികളെ ആക്രമിച്ചു കൊന്നു തിന്നുന്നതാണ് പല പുലിയന്‍ ബ്ലോഗര്‍ ജീവികളുടേയും രീതി. മിക്കവാറും ബ്ലോഗ്ഗര്‍ ജീവികള്‍ സ്വയം ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണമേന്മ പരീക്ഷിക്കാനായി അതു മറ്റു ബ്ലോഗര്‍ ജീവികളെക്കൊണ്ട് ബലമായി തീറ്റിക്കാറുള്ളതായും കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഗണത്തില്‍ പെട്ടതാണോ ഈ ബ്ലോഗര്‍ ജീവി.? ബ്ലോഗ്ഗര്‍കോം വനാന്തരങ്ങളില്‍ വളരെക്കാലമായി വിഹരിക്കുന്ന ആക്രമണകാരിയായ ഒരു പുലിയന്‍ ബ്ലോഗര്‍ ജീവിയെ കാണാന്‍ പോയതിന്റെ പേരില്‍ ആ പുലിയുടെ ആക്രമണമേറ്റ് ദിവംഗതനാകാനാണോ എന്റെ വിധി?ഏതു ദുര്‍ബ്ബല നിമിഷത്തിലാണ് ഇങ്ങനെ ഒരാഗ്രഹം എന്റെ മനസ്സില്‍ ഉണ്ടായത് എന്നു ഞാന്‍ ഭീതിയോടെ ഓര്‍ത്തു..ഏതായാലും ഇവിടെ വരെ എത്തി.. പിന്മാറുന്നത് ബ്ലോഗ്ഗര്‍ ജീവികുലത്തിനു മുഴുവന്‍ അപമാനകരമാണ്. ഇനി വരുന്നത് പോലെ തന്നെ അനുഭവിക്കുക. ഞാന്‍ പരമാവധി ധൈര്യം സംഭരിച്ചു. എന്നിട്ട് വട്ടപ്പറമ്പിലെ പുലിയന്‍ ബ്ലോഗര്‍ ജീവിയോടു പറഞ്ഞു."ശരി....എപ്പോഴാണ് താങ്കളെ കാണാന്‍ വരേണ്ടത്?"
"ഞാന്‍ അര മണിക്കൂറിനുള്ളില്‍ എറണാകുളം റേഞ്ചിലുള്ള കടവന്ത്ര വനത്തിലെത്തും. അവിടെ വന്നാല്‍ കാണാം" പുലിയന്‍ ബ്ലോഗര്‍ ജീവി തന്റെ ദൂര ഭാഷിണി യന്ത്രം ഓഫ്‌ ചെയ്തു.ഞാന്‍ വാച്ചില്‍ നോക്കി...സമയം ഒരു മണി ആയിരിക്കുന്നു...ഒട്ടും താമസിക്കാതെ ഞാന്‍ കടവന്ത്ര വനത്തിലേയ്ക്കു യാത്രയായി.കടവന്ത്ര വനത്തിലെത്തിയ ഞാന്‍ വട്ടപ്പറമ്പിലെ പ്രവീണനായ പുലിയന്‍ ബ്ലോഗര്‍ജീവിയുടെ ആഗമനം പ്രതീക്ഷിച്ച് അടുത്തു കണ്ട പാറയുടെ പുറത്തിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ ഇരുന്ന പാറയുടെ പുറകിലായി ഒരു വലിയ ഇരമ്പല്‍ കേട്ടു. കൂടെ ഇടി മുഴങ്ങുന്ന ശബ്ദത്തില്‍ വിറപ്പിക്കുന്ന ഒരു ചോദ്യവും ..."ഹരിപ്പാട് വനത്തിലെ രഘുനാഥന്‍ ബ്ലോഗര്‍ ജീവിയല്ലേ?"ദൈവമേ.....വട്ടപ്പറമ്പിലെ പുലിയന്‍ ബ്ലോഗര്‍ ജീവി എത്തിക്കഴിഞ്ഞു. എന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞതായി എനിക്ക് തോന്നി. ഒന്നുകില്‍ ഞാന്‍ ഈ പുലിയന്‍ ബ്ലോഗര്‍ ജീവിയുടെ ഭക്ഷണമാകും. അല്ലെങ്കില്‍ താന്‍ ഉണ്ടാക്കിയ ഏതെങ്കിലും ഭക്ഷണം അത് എന്നെക്കൊണ്ട് തീറ്റിക്കും. രണ്ടായാലും എന്റെ കഥ കഴിഞ്ഞതു തന്നെ. ഞാന്‍ വിറയലോടെ പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി.


അത്ഭുതം....!!!!ശാരീരികസ്ഥിതിയില്‍ എന്നേക്കാള്‍ അശുവായ ഒരു ജീവി!.... ജീവി ഇരിക്കുന്നത് ഒരു ഹീറോ ആക്ടീവയുടെ മുകളില്‍!!..ജീവിയുടെ തലയില്‍ ഒരു കറുത്ത ഹെല്‍മെറ്റ്‌ !!!ജീവിതത്തില്‍ ആദ്യമായി കാണുന്ന പുലിയന്‍ ബ്ലോഗര്‍ ജീവി...!!!! ആ ജീവിയെ ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.തലയില്‍ നിന്നും ഹെല്‍മെറ്റ്‌ എടുത്തിട്ടു വട്ടപ്പറമ്പിലെ പ്രവീണന്‍ ബ്ലോഗര്‍ജീവി ചിരിച്ചു. ആക്രമണകാരിയായ ഒരു ബ്ലോഗര്‍ ജീവിയെ പ്രതീക്ഷിച്ചിരുന്ന ഞാന്‍ ശാന്തനായ ആ ബ്ലോഗര്‍ ജീവിയുടെ സൌമ്യമായ മുഖവും മനോഹരമായ ചിരിയും കണ്ടു ആശ്വാസത്തോടെ നിശ്വസിച്ചു.പിന്നെ ആ ബ്ലോഗര്‍ ജീവി എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് അടുത്തുള്ള ഭക്ഷണ ശാലയിലേയ്ക്ക് നടന്നു.


അപ്പോഴും ബ്ലോഗര്‍ കോം വനങ്ങളിലെ മടകളില്‍ ഇരുന്ന് പുലിയന്‍ ബ്ലോഗര്‍ ജീവികള്‍ ഗര്‍ജ്ജിക്കുന്നുണ്ടായിരുന്നു.

Tuesday, April 20, 2010

ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരി

രാവിലെ ഞാന്‍ കണ്ണും തിരുമ്മി എഴുനേറ്റു വരുമ്പോള്‍ മിക്കവാറും കണി കാണുന്നത്, പത്രക്കാരന്‍ റോഡില്‍ നിന്നും വീടിന്റെ വരാന്തയിലേയ്ക്കു വലിച്ചെറിയുമ്പോള്‍ ലക്‌ഷ്യം തെറ്റി മുറ്റത്തു നടുവടിച്ചു വീണ് അവശ നിലയില്‍ ചുരുണ്ട് കിടക്കുന്ന ന്യൂസ്‌ പേപ്പറാണ്.ചിലപ്പോള്‍ പത്രം കിടക്കുന്നത് മുറ്റത്തോട് ചേര്‍ന്നുള്ള വഴിയരികില്‍ ആയിരിക്കും. അങ്ങിനെയാണെങ്കില്‍ ഞാന്‍ വായിക്കുന്നതിനു മുന്‍പ് ആ വഴി പോകുന്ന പലരും എന്റെ വീടിന്റെ മുറ്റത്തേയ്ക്ക് എത്തി നോക്കി ഉമ്മറത്ത് ആരുമില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അതെടുത്തു വിടര്‍ത്തി "വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍‍‍" വായിച്ചിട്ട് വീണ്ടും അവിടെത്തന്നെ ഇട്ടിട്ടു പോകാറുണ്ട്.പത്രം കിട്ടിയാലുടന്‍ ഒറ്റ ഇരുപ്പില്‍ തന്നെ മുഴുവന്‍ വായിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്‌.എങ്കില്‍ മാത്രമേ ഒന്ന്, രണ്ട് മുതലായ പ്രാഥമിക ക്ലാസ്സുകളില്‍ പോകാനുള്ള തോന്നല്‍ എനിക്കുണ്ടാവുകയുള്ളൂ .!!അങ്ങിനെയാണെങ്കില്‍ പൊതുവായ അവധി ദിവസങ്ങളിലും ഹര്‍ത്താല്‍ ദിനത്തിലും "ഇയ്യാള്‍ ഒന്നിനും രണ്ടിനും പോകാറില്ലേ" എന്ന് എന്നോട് കൂടുതല്‍ സ്നേഹമുള്ള ചില മാന്യ വായനക്കാര്‍ ചോദിച്ചേക്കാം..തീര്‍ച്ചയായും പോകും. ബാലരമയോ കളിക്കുടുക്കയോ വായിച്ചാല്‍ മതി. കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു പോകും.പക്ഷെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ബാലരമയോ കളിക്കുടുക്കയോ കിട്ടാതിരുന്ന ഞാന്‍ അവിടെ കിടന്ന ഒരു "ബുദ്ധി ജീവി ആഴ്ചപ്പതിപ്പ്" അബദ്ധത്തില്‍ വായിച്ചു കുഴപ്പത്തില്‍ ചാടിയതാണ് .


ദൈവമേ. അന്ന് ഞാന്‍ പെട്ട പാട് !!ഒടുവില്‍ സംഗതി ഒന്ന് റെഡി ആയി കിട്ടാന്‍ വേണ്ടി "വയറിളക്കാനുള്ള ആയുര്‍വ്വേദ ചൂര്‍ണം" ചെറു ചൂടുവെള്ളത്തില്‍ കലക്കി മൂന്നു നേരം സേവിക്കേണ്ടി വന്നു !


അതാണ്‌ ഞാനും വായനയുമായുള്ള ബന്ധം.അങ്ങനെ പതിവായുള്ള പത്രപാരായണത്തിനായി കണ്ണടയും ഫിറ്റു ചെയ്തു വരാന്തയിലെത്തിയ ഞാന്‍ ഞെട്ടി..പത്രം കാണാനില്ല. അതിന്റെ കൂടെ വന്ന സപ്ലിമെന്റ് മാത്രം വഴിയില്‍ കിടക്കുന്നു...!!എഴുനേറ്റാലുടനെ പേപ്പര്‍ വായന എന്റെ ശീലമാണെന്ന് അറിയാവുന്ന ഭാര്യയും മക്കളും ആ സമയത്ത് പത്ര വായന നടത്താറില്ല. പിന്നെ എവിടെപ്പോയി ഇന്നത്തെ പത്രം?ഇനി വല്ല വഴിപോക്കരും എടുത്തോ എന്ന് ചിന്തിച്ചു മുറ്റത്തിറങ്ങിയ ഞാന്‍ ഒരു പിടിയും കിട്ടാതെ നില്‍ക്കുമ്പോഴാണ് എവിടെ നിന്നോ ഒരു പത്രം തലയ്ക്കു മുകളിലൂടെ പറന്നു വന്ന് എന്റെ അടുത്തു വീണത്‌.കൂടെയൊരു ശബ്ദവും. "ഹും വയസനാം കാലത്ത് അങ്ങേരുടെ ഒരു പൂതി. നാണമില്ലല്ലോ അയാള്‍ക്ക് "


ഞാന്‍ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി.."ഭവാനിയമ്മ "എന്റെ വീടിന്റെ നേരെ പിറകിലാണ് ഭവാനിയമ്മയുടെ വീട്. പപ്പടം ഉണ്ടാക്കി വില്‍ക്കലാണ് ഭവാനിയമ്മയുടെ ജോലി. ഭാവാനിയമ്മ ഉണ്ടാക്കുന്ന പപ്പടം കൊണ്ടു പോയി വിറ്റതിനു ശേഷം ആ കാശിനു കള്ള് കുടിച്ചിട്ട് വന്ന് ഭവാനിയമ്മയെ ഇടിച്ചു പപ്പടമാക്കലാണ് അവരുടെ ഭര്‍ത്താവായ ഗോപാലന്‍ ചേട്ടന്റെ ജോലി. ഏക മകന്‍ സുരേഷ് ഗള്‍ഫിലാണ്.രാവിലെ മുതല്‍ വൈകുന്നേരം വരെ പപ്പടം ഉണ്ടാക്കാനുള്ള മാവ് ഇടിക്കുന്ന ശബ്ദവും വൈകുന്നേരം ഭവാനിയമ്മയെ ഗോപാലന്‍ ചേട്ടന്‍ ഇടിക്കുന്ന ശബ്ദവും കൊണ്ടു മുഖരിതമാണ് ഭവാനിയമ്മയുടെ വീട്.ഈയിടയായി ഭവാനിയമ്മയ്ക്ക് ഒരു സംശയം ഉണ്ടായിരിക്കുകയാണ്. പപ്പടം വില്‍ക്കാന്‍ പോകുന്ന ഗോപാലന്‍ ചേട്ടന്‍ ചിലപ്പോഴൊക്കെ ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. ഗോപാലന്‍ ചേട്ടന് കാര്‍ത്തികപ്പള്ളിയില്‍ എവിടെയോ മറ്റൊരു "സംബന്ധം" കൂടി ഉണ്ടെന്നും അവിടെ പോകുന്നത് കൊണ്ടാണ് അദ്ദേഹം തിരിച്ചെത്താന്‍ വൈകുന്നത് എന്നുമാണ് ഭവാനിയമ്മയുടെ ന്യായീകരണം.ഏതായാലും ഈ അസംബന്ധം അറിഞ്ഞ ഗോപാലന്‍ ചേട്ടന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഭവാനിയമ്മയെ ഇടിച്ചു പപ്പടമാക്കുക മാത്രമല്ല അവരുടെ മുതുകത്ത് പപ്പട വട്ടത്തില്‍ ഒരു മുഴ കൂടി ഉണ്ടാക്കിക്കൊടുത്തു.ആ മുഴയില്‍ തേയ്ക്കാനുള്ള കുഴമ്പ് വാങ്ങാന്‍ അതിരാവിലെ വൈദ്യശാലയില്‍ പോയിട്ടു വന്ന ഭവാനിയമ്മയാണ് എന്റെ പത്രം എടുത്തു വായിച്ചതിനു ശേഷം മതിലിനു മുകളിലൂടെ ബൈ എയറായി തിരിച്ചയച്ചിരിക്കുന്നത് എന്നെനിക്കു മനസ്സിലായി."അല്ല കുഞ്ഞേ അങ്ങേര്‍ക്കു ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഒന്നുമില്ലെങ്കിലും ഒരു കൊച്ചിന്റെ തന്തയല്ലേ?"മതിലിനു മുകളിലൂടെ എന്റെ തല കണ്ട ഭവാനിയമ്മ വേദനയോടെ പരാതി പറഞ്ഞു.."ഹേയ് പുള്ളിക്കാരന് അങ്ങനെ ഒരു ബന്ധം ഉണ്ടാകാന്‍ വഴിയില്ല ഭവാനിയമ്മേ. അതൊക്കെ ഭവാനിയമ്മയുടെ ഓരോ തോന്നലാ "ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.ഭവാനിയമ്മയ്ക്ക് ഞാന്‍ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവര്‍ എന്റെ കയ്യില്‍ ഇരിക്കുന്ന പത്രത്തിലേയ്ക്ക് ചൂണ്ടി പറഞ്ഞു.."ഇല്ലാഞ്ഞിട്ടാണോ പത്രക്കാര്‍ എഴുതിയിരിക്കുന്നത്? ആ എന്തിരവളുടെ ഫോട്ടോയും അടിച്ചിട്ടുണ്ട് ""എന്ത്? ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരിയുടെ ഫോട്ടോ പത്രത്തില്‍ വന്നെന്നോ" ഞാന്‍ അതിശയിച്ചു.


ഹോ.... ഈ പത്രക്കാരുടെ ഒരു കാര്യം. ഒരാള്‍ ഉറച്ചു തുമ്മിയാല്‍ അപ്പോള്‍ തന്നെ അവരറിയും. അങ്ങിനെ വേണം പത്രക്കാര്‍. ഞാന്‍ പതിവായി വായിക്കുന്ന പത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വളരെ മതിപ്പു തോന്നി..അനന്തരം ഭവാനിയമ്മ തന്നെ ആ ഫോട്ടോ എന്നെ കാണിച്ചു തന്നു..വെളുത്തു തുടുത്ത മുഖത്ത് വലിയൊരു കൂളിംഗ് ഗ്ലാസ് വച്ച സുന്ദരിയായ ഒരു സ്ത്രീയുടെ ഫോട്ടോ!!ഫോട്ടോയുടെ അടിയില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്‌ ഞാന്‍ വായിച്ചു.. "ഐ. പി. എല്‍. വിവാദം‍"!!!"അയ്യോ ഇവരാണോ ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരി?" ഞാന്‍ അന്തം വിട്ടു വാ പൊളിച്ചു നിന്നു പോയി."പിന്നേ. കോവാലന്‍ ചേട്ടനോട് സമ്മന്തത്തിനു വന്നാല്‍ അവളുടെ കാലു ഞാന്‍ വെട്ടും. ഇത് ആ മന്ത്രിക്കൊച്ചന്റെ ആളല്ലേ"ഭവാനിയമ്മ ദേഷ്യത്തോടെ നടന്നകന്നു. ഞാന്‍ പത്രം വീടിന്റെ വരാന്തയിലേക്ക്‌ എറിഞ്ഞിട്ടു "ഒന്നാം ക്ലാസ്" ലക്ഷ്യമാക്കി ഓടി..

Monday, April 12, 2010

ഓപ്പറേഷന്‍ തവളക്കാല്‍

പോളിറ്റ് ബ്യൂറോയുടെ നിരീക്ഷണത്തില്‍ അകപ്പെട്ട അച്ചുമാമന്റെ അവസ്ഥയിലാണ് ഞാനിപ്പോള്‍...!

കാരണം എന്താണെന്ന് ചോദിച്ചാല്‍, എന്റെ വീട്ടിലും ഒരു പോളിറ്റ്ബ്യൂറോ രൂപം കൊണ്ടിരിക്കുന്നു....!!

ഭാര്യയാണ് ഈ പോളിറ്റ് ബ്യൂറോയുടെ ചീഫ്. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു ഫലം കാത്തു കഴിയുന്ന മകനും അഞ്ചാംക്ലാസ് വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മകളുമാണ് ബ്യൂറോയിലെ മറ്റു "മുതിര്‍ന്ന" അംഗങ്ങള്‍. !!!

തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നെ ശാസിക്കലാണ് ഈ മൂന്നംഗ പോളിറ്റ് ബ്യൂറോയുടെ സ്ഥിരം പരിപാടി. പോരാത്തതിന് ഒരു പെരുമാറ്റച്ചട്ടവും ഈ പോളിറ്റ് ബ്യൂറോ എനിക്ക് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചകളില്‍ സ്ഥിരമായുള്ള മദ്യപാനം നിറുത്തുക, അയല്‍ക്കാരെ വിളിച്ചിരുത്തി പട്ടാളക്കഥകള്‍ പറഞ്ഞു ബോറടിപ്പിക്കുകതിരിക്കുക, അയല്‍ക്കാരെ കിട്ടാത്തപ്പോള്‍ ഭാര്യയേയും മക്കളെയും വാചകമടിച്ചു ശല്യപ്പെടുത്താതിരിക്കുക, പ്രാതല്‍, ഉച്ചഭക്ഷണം അത്താഴം എന്നിവ കൃത്യ സമയത്ത് തന്നെ വേണം എന്ന് വാശി പിടിക്കാതിരിക്കുക, ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിച്ചു പേടിപ്പിക്കാതിരിക്കുക എന്നിവയൊക്കെയാണ് മേല്‍പ്പടി ബ്യൂറോ എനിക്ക് തന്നിരിക്കുന്ന പെരുമാറ്റച്ചട്ടത്തിലെ മുഖ്യ നിബന്ധനകള്‍.

ഇവ കൂടാതെ പൊടിക്കുപ്പിയുടെ വലിപ്പം പോലുമില്ലാത്ത മകളുടെ വകയായി ഒരു നിബന്ധന വേറെയും ഇഷ്യൂ ചെയ്തിട്ടുണ്ട്.

"ടി വിയുടെ റിമോട്ട് അനധികൃതമായി കൈവശപ്പെടുത്തി ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാതിരിക്കുക" എന്നതാണ് അവളുടെ നിബന്ധന.

അങ്ങനെ പോളിറ്റ് ബ്യൂറോയുടെ ശാസന ഭയന്ന്, "നില്‍ക്കണോ അതോ പോണോ" എന്ന കണ്ടീഷനില്‍ ഭരണം നടത്തുന്ന അച്ചുമാമാനെപ്പോലെ ഞാന്‍ കഴിയുമ്പോഴാണ് ഈ കഥയ്ക്ക്‌ ആസ്പദമായ സംഭവം നടക്കുന്നത്.

"പ്രാതല്‍, ഉച്ചഭക്ഷണം അത്താഴം എന്നിവ കൃത്യ സമയത്ത് തന്നെ വേണം എന്ന് വാശി പിടിക്കാതിരിക്കുക" എന്ന പെരുമാറ്റച്ചട്ടത്തിലെ നാലാമത്തെ നിബന്ധന അക്ഷരം പടി പാലിച്ചുകൊണ്ട്‌, രണ്ടു മണിയായിട്ടും കിട്ടാത്ത ഉച്ചഭക്ഷണത്തിനു വേണ്ടി ഞാന്‍ വയറും തിരുമ്മി കാത്തിരിക്കുമ്പോഴാണ് അടുക്കളയില്‍ എന്തോ വെളിച്ചെണ്ണയില്‍ വറുക്കുന്ന ഒരു സുഗന്ധം എന്റെ മൂക്കിനെ തഴുകിയത്.

മണം പിടിക്കുന്ന പോലീസ് നായയെപ്പോലെ ഞാന്‍ അടുക്കള വാതിലില്‍ വരെ പോയി അകത്തേയ്ക്ക് ഒളിഞ്ഞു നോക്കി. ഭാര്യ ഫ്രയിംഗ് പാനില്‍ നിന്നും എന്തോ വറുത്തു കോരുന്നു. ഹൃദ്യമായ ആ മണം ഞാന്‍ ആവോളം ഉള്ളിലേയ്ക്ക് വലിച്ചു കയറ്റി. എന്നിട്ട് തിരിച്ചു വന്നു യഥാസ്ഥാനത്തു ഇരുന്നിട്ട് ഊണിനു വിളിക്കാനായി ഭാര്യ പ്രത്യക്ഷപ്പെടുന്നതും നോക്കി ക്ഷമയോടെ കാത്തിരുന്നു...

ഏതായാലും അധികം കഴിയുന്നതിനു മുന്‍പ് സുഗന്ധ പൂരിതമായ ആ വിഭവവുമായി ഭാര്യ എന്റെ മുന്നിലെത്തി....വെളുത്ത പ്ലേറ്റില്‍ കടും ചുവപ്പ് നിറത്തിലുള്ള രണ്ടു ചെറിയ ഇറച്ചി കഷണങ്ങള്‍!. കല്യാണ പെണ്ണിന്റെ തലയില്‍ മുല്ലപ്പൂ ചൂടിക്കുന്നത് പോലെ ആ ഇറച്ചി കഷണങ്ങളുടെ ചുറ്റും സവാള കൊണ്ടു ഒരു ഡെക്കറേഷനും ചെയ്തു വച്ചിട്ടുണ്ട്.

" എന്താ ഇത് ? കാടയിറച്ചിയോ" ഞാന്‍ ഭാര്യയോടു ചോദിച്ചു..

"അയ്യോ പപ്പാ... ഇത് കാടയും കൂടയുമൊന്നുമല്ല. ഇതാണ് "ഫ്രോഗ്സ് ലെഗ്" ഭാര്യയോടുള്ള എന്റെ ചോദ്യത്തിന് ഉത്തരം തന്നത് മകളാണ്.

"ഫ്രോഗ്സ് ലെഗ്ഗോ" അതെന്തു സാധനം? ഞാന്‍ കണ്ണു മിഴിച്ചു.

" അയ്യോ ഫ്രോഗ്സ് ലെഗ് എന്ന് പറഞ്ഞാല്‍ ലെഗ്ഗ് ഓഫ് ഫ്രോഗ്. അതായത് തവളയുടെ കാല് ...ഈ പപ്പയുടെ ഒരു കാര്യം"


ആഹാ ...അതു ശരി...അപ്പോള്‍ ഇതാണല്ലേ പോഷക സമ്പുഷ്ടവും രുചികരവുമായ "തവളക്കാല്‍" എന്ന ഫൈവ് സ്റ്റാര്‍ വിഭവം? ജിംനേഷ്യത്തില്‍ നിന്നും ഇറങ്ങി വരുന്നവരെപ്പോലെ മസ്സില് പിടിച്ച് പാട വരമ്പുകളില്‍ കുത്തിയിരുന്നു പേക്രോം പേക്രോം എന്ന് കരയുന്ന തവളകള്‍ ഇഷ്ടം പോലെയുള്ള ആലപ്പുഴയിലെ സ്ഥിര താമസക്കാരനായ എനിക്ക്, തവളക്കാല്‍ എന്ന വിശിഷ്ടമായ ഭോജ്യം കഴിക്കാന്‍ പോയിട്ട് ഉപ്പു നോക്കാന്‍ പോലും കിട്ടിയിട്ടില്ലല്ലോ എന്ന് ഞാന്‍ കുന്ടിതപ്പെട്ടിട്ടുണ്ട്. വീടിനു പുറകിലുള്ള പാടത്തും അടുത്ത വീട്ടുകാരുടെ പറമ്പിലുള്ള കുളത്തിലും മഴ പെയ്തു കഴിയുമ്പോള്‍ ചാടി നടക്കുന്ന പച്ചത്തവളകളുടെ മാംസളമായ കാലുകള്‍ കണ്ടു ഞാന്‍ പലപ്പോഴും നെടുവീര്‍പ്പിട്ടിട്ടുമുണ്ട്. "ഈ കാലുകളൊക്കെ വല്ല സായിപ്പന്മാരും കൊണ്ടുപോയി കഴിക്കുമല്ലോഡാ തവളക്കുട്ടാ" എന്ന ആത്മഗതത്തോടെയാണ് ഈ നെടുവീര്‍പ്പ് പുറത്തു പോകുന്നത്.

"ഇതെവിടുന്നു കിട്ടി? നിനക്ക് തവള പിടുത്തവും അറിയാമോ? ഞാന്‍ ആശ്ചര്യത്തോടെ ഭാര്യയോടു ചോദിച്ചു.

"ഞാന്‍ പിടിച്ചതല്ല. അപ്പുറത്തെ മണിയമ്മയുടെ മകന്‍ രാഹുല്‍, അവരുടെ വീടിനു പുറകിലുള്ള പാടത്തു നിന്ന് പിടിച്ചതാ....

'ഓഹോ' ..

"രഘു മാമനു വറുത്തു കൊടുക്ക്‌ ആന്റീ" എന്ന് പറഞ്ഞു അവന്‍ കൊണ്ടുവന്നു തന്നതാ." ഭാര്യ പറഞ്ഞു.

"ഹോ.. എന്ത് സ്നേഹമുള്ള കൊച്ചന്‍! ഏതെങ്കിലും സായിപ്പിന്റെ വയറ്റില്‍ പോകേണ്ട തവളയല്ലേ ഇത്? രാത്രിയില്‍ പെട്രോമാക്സുമായി പോയി പിടിച്ചു തൊലി പൊളിച്ചു റെഡിയാക്കി മസാലയും തിരുമ്മി കൊണ്ടു വന്നു തന്നില്ലേ? വളരെക്കാലമായി മനസ്സില്‍ കൊണ്ട് നടന്ന "തവളയെ തിന്നണം" എന്ന ആഗ്രഹം സാധിച്ചു തന്ന രാഹുലിന് ഞാന്‍ മനസ്സില്‍ നന്ദി പറഞ്ഞു.

കൂടുതല്‍ താമസിച്ചാല്‍ ഒരു പക്ഷെ എന്റെ ഇടതും വലതും ഇരിക്കുന്ന പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അവര്‍ക്ക് കിട്ടിയ കാലുകള്‍ ശാപ്പിട്ടിട്ടു എന്റെ തവളക്കാലില്‍ നോട്ടമിടുമോ എന്ന് ഭയന്ന ഞാന്‍ ഒട്ടും സമയം കളയാതെ വിശിഷ്ടമായ ആ ഭോജ്യത്തെ ആഹരിച്ചിട്ടു നീട്ടി ഏമ്പക്കം വിട്ടു.

സന്ധ്യ കഴിഞ്ഞപ്പോള്‍ പെയ്ത ശക്തമായ വേനല്‍ മഴയില്‍ മുറ്റത്തേയ്ക്ക് മറിഞ്ഞു വീണ വാഴയെ പൊക്കി നേരെ നിര്‍ത്തുവാനായി പുറത്തിറങ്ങിയ ഞാന്‍ വീടിന്റെ നേരെ പുറകിലുള്ള പാടത്തു നിന്നും മാക്രികളുടെ കോറസ്സായുള്ള കരച്ചില്‍ കേട്ടു. ഉച്ചക്ക് കഴിച്ച തവളക്കാലിന്റെ രുചി നാക്കിന്റെ തുമ്പത്തു നിന്നും പോകാത്തതിനാല്‍ എന്റെ മനസ്സില്‍ പെട്ടന്നൊരു പദ്ധതി രൂപം കൊണ്ടു.. ആ പദ്ധതിക്ക് ഉടന്‍തന്നെ ഞാന്‍ ഒരു മിലിട്ടറി പേരുമിട്ടു.

"ഓപ്പറേഷന്‍ തവളക്കാല്‍"

പോളിറ്റ് ബ്യൂറോയുടെ അനുമതി ഇല്ലാതെ യാതൊരു വിധ പദ്ധതികളും നടത്താന്‍ പാടില്ല എന്നുള്ളത് കൊണ്ടു ഞാന്‍ പുതിയ പദ്ധതിയെപ്പറ്റി ബ്യൂറോയുമായി ചര്‍ച്ച ചെയ്തു. മെമ്പര്‍മാരായ മകനും മകളും പദ്ധതി കൊള്ളാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും ബ്യൂറോ ചീഫ് ആയ ഭാര്യ അനുകൂലിച്ചില്ല. കാരണം അവള്‍ തവളക്കാല്‍ കഴിക്കില്ല.

ഒടുവില്‍ "ഓപ്പറേഷന്‍ തവളക്കാലില്‍" നിന്നും ചീഫിനെ ഒഴിവാക്കി. മൂന്ന് ബാറ്ററിയുടെ എവറെഡി ടോര്‍ച്ച്, തവളയെ പിടിച്ചു സൂക്ഷിക്കാനുള്ള പാത്രം എന്നീ സന്നാഹങ്ങളോടെ എന്റെ നേതൃത്തിലുള്ള ദൌത്യ സംഘം പാട വരമ്പിലേയ്ക്ക് മാര്‍ച്ച് ചെയ്തു. ദൌത്യ സംഘത്തിന്റെ "ഓപ്പറേഷണല്‍ ഹെഡ്" ആയ ഞാന്‍ തവളയെ പിടിക്കുന്ന വിധം ദൌത്യ സംഘത്തിനു വിവരിച്ചു കൊടുത്തു.

മൂന്ന് ബാറ്ററിയുടെ ടോര്‍ച്ച് മകളെ ഏല്‍പ്പിച്ചു. തവളയെ കണ്ടാല്‍ അതിന്റെ നേരെ തന്നെ ടോര്‍ച്ച് തെളിച്ചു നിര്‍ത്തണമെന്ന് അവളെ ശട്ടം കെട്ടി. തവളയെ സൂക്ഷിക്കാനുള്ള പാത്രം മകനെ ഏല്പിച്ചു. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കണ്ണു മഞ്ചിപ്പോകുന്ന തവളയെ ഞാന്‍ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോള്‍ അവ വീണ്ടും ചാടിപ്പോകാതിര്‍ക്കാനുള്ള ചുമതല അവനാണ്.

അങ്ങനെ ദൌത്യ സംഘം പാട വരമ്പിലൂടെ നടക്കുമ്പോഴാണ് കണ്‍ കുളിരുന്ന ആ കാഴ്ച കണ്ടത്.

ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ വരമ്പില്‍ തന്നെ കുത്തിയിരിക്കുകയാണ് ഒരു തവള !!

പച്ച നിറമുള്ള മിനുത്ത തടിച്ച ദേഹം...

നല്ല എമണ്ടന്‍ കാലുകള്‍...

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ അന്തം വിട്ടിരിക്കുകയാണ് ആ ഹത ഭാഗ്യന്‍...

ഞാന്‍ ലൈറ്റ് തവളയുടെ നേരെ തന്നെ തെളിച്ചു പിടിക്കാന്‍ മകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. എന്നിട്ട് മുണ്ട് മടക്കി ഉടുത്തു...തോര്‍ത്തു തലയില്‍ കെട്ടി... കളരിപ്പയറ്റുകാരെപ്പോലെ ഒരു കാല്‍ ഉയര്‍ത്തി ഒരു പൊസിഷന്‍ !!

പിന്നെ വരമ്പില്‍ ഇരിക്കുന്ന തവളയെ ലക്ഷ്യമാക്കി ഒരു കുതിക്കല്‍....അല്ല പറക്കല്‍...!!

ഒരു നിമിഷം.....

ലൈറ്റണഞ്ഞു...ഒപ്പം പാടത്തെ ചെളിയില്‍ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം..കൂടെ മാക്രിയുടേതിനു സാമ്യമുള്ള ഒരു കരച്ചില്‍.. .!!

പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു...

ചെളിയില്‍ പൂണ്ടു കിടക്കുകയാണ് ഒരു എമണ്ടന്‍ തവള!!!

തവളയെപ്പോലെ ചെളിയില്‍ പൂണ്ടു കിടക്കുന്ന ഓപ്പറേഷണല്‍ ഹെഡിനെ കണ്ടു ദൌത്യ സംഘത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അന്തം വിട്ടു നിന്നു...

മൂന്നാറില്‍ കുടി ഒഴിപ്പിക്കാന്‍ പോയ അച്ചു മാമനെപ്പോലെ .!!!

Friday, March 26, 2010

നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും

എന്റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടം" ആയ "ഹീറോ ഹോണ്ടാ സി. ഡി. ഡോണി" നോട് നാട്ടുകാരായ കുമാരപുരം നിവാസികള്‍ക്ക് നല്ല ബഹുമാനമാണ്.


അതും ഓടിച്ചു കൊണ്ട് ഞാന്‍ വരുന്നത് ദൂരെനിന്നു കാണുന്നവര്‍ ഉടന്‍ തന്നെ വഴിയില്‍ നിന്നും അല്പം മാറി ഒതുങ്ങി ഭവ്യതയോടെ നില്‍ക്കും. എതിരെ വരുന്ന സൈക്കിള്‍ യാത്രക്കാര്‍ സൈക്കിളില്‍ നിന്നും ഇറങ്ങിയ ശേഷം തന്റെ സൈക്കിള്‍ വഴിയുടെ അരികില്‍ സ്റ്റാന്‍ഡില്‍ വച്ചിട്ടു അടുത്തുള്ള ഏതെങ്കിലും കടയുടെ അല്ലെങ്കില്‍ വീടിന്റെ വരാന്തയില്‍ കയറി നില്‍ക്കും!.


ഫോര്‍ വീലറുകള്‍ വളരെ വിരളമായി മാത്രം വരുന്ന വഴിയാണ് ഞങ്ങളുടേത്. അഥവാ കുമാരപുരത്തുകാരനായ ഏതെങ്കിലും ഫോര്‍ വീലറുകാരന്‍ അബദ്ധത്തില്‍ എതിരെ വന്നു പോയാല്‍ ഞാന്‍ വരുന്നത് കണ്ടാലുടന്‍ അദ്ദേഹം വണ്ടി സൈഡില്‍ ഒതുക്കി നിര്‍ത്തും. പിന്നെ ഞാന്‍ കടന്നു പോയതിനു ശേഷം മാത്രമേ വണ്ടി എടുക്കൂ..!!


നോക്കണേ ഒരു പട്ടാളക്കാരനോടുള്ള ബഹുമാനം. !!!


ഈ ബഹുമാനം എനിക്ക് കിട്ടാന്‍ കാരണക്കാരന്‍ എന്റെ ഹീറോ ഹോണ്ടാ സി. ഡി.ഡോണ്‍ തന്നെയാണ്. ആ കഥ കേള്‍ക്കുമ്പോള്‍ മാന്യ വായനക്കാരായ നിങ്ങള്‍ക്കും തീര്‍ച്ചയായും എന്റെ സി ഡി ഡോണിനോട് ബഹുമാനം തോന്നും. . ഇനി കഥ കേള്‍ക്കൂ..


പട്ടാളത്തില്‍ നിന്നും വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ഉപയോഗിച്ച് കൊണ്ടിരുന്നത് ഒരു പഴയ ബി എസ് എ സൈക്കിള്‍ ആണ്. സൈക്കിള്‍ ചവിട്ടുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നും ദിവസവും സൈക്കിള്‍ ചവിട്ടിയാല്‍ പിന്നെ പ്രത്യേകിച്ച് എക്സര്‍സൈസുകള്‍ ഒന്നും ആവശ്യമില്ല എന്നും എന്റെ സുഹൃത്തും അഭ്യുദയാകാംഷിയുമായ അഡ്വക്കേറ്റ് പണിക്കര്‍ സാറാണ് എന്നെ ഉപദേശിച്ചത്.


അങ്ങനെ ദിവസേന എക്സര്‍ സൈസ് ചെയ്യുന്നതിന് പകരമായി ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.കൊച്ചു വെളുപ്പാം കാലത്ത് എഴുനേറ്റ് സൈക്കിളുമെടുത്തു പുറപ്പെടുന്ന ഞാന്‍ കുമാരപുരം, ഡാണാപ്പടി, ഹരിപ്പാട് വഴി തിരിച്ചു വീട്ടിലെത്തുമ്പോള്‍ മണി എട്ടു കഴിയും. പക്ഷെ എന്റെ ഈ സൈക്കിള്‍ യജ്ഞ കലാപരിപാടികള്‍ ഭാര്യക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. റിട്ടയര്‍ ആയ ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ബെല്ലും ബ്രേക്കും ഇല്ലാത്ത സൈക്കിളില്‍ ഉലകം ചുറ്റുന്നതില്‍ അവള്‍ പ്രതിഷേധം അറിയിക്കുകയും അത് നിഷ്ഫലമായപ്പോള്‍ നിരാഹാരം, നിസ്സഹകരണം മുതലായ ഗാന്ധിയന്‍ സമര മുറകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ഞാന്‍ "എന്നാല്‍ പിന്നെ ഒരു ബൈക്ക് വാങ്ങിക്കളയാം" എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തു.


"ഹും പട്ടാളത്തില്‍ നിന്നും റിട്ടയര്‍ ചെയ്തവരൊക്കെ കാറ് വാങ്ങുമ്പോള്‍ അങ്ങേരുടെ ഒരു ബൈക്ക്..അതിന്റെ പുറകില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ എനിക്ക് വയ്യ."


മുഖ്യ മന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ ഭാര്യ എന്നെ അവജ്ഞയോടെ നോക്കി. "കാറ് എങ്ങിനേയും വാങ്ങാം പക്ഷെ അതിലൊഴിക്കാന്‍ പെട്രോള്‍ നിന്റെ അച്ഛന്‍ വാങ്ങിത്തരുമോ" എന്ന എന്റെ മര്‍മ്മ പ്രധാനമായ ചോദ്യം കേട്ടതോടെ അവള്‍ ഞെട്ടി. ഒടുവില്‍ "ബ്രേക്കില്ലാത്ത സൈക്കിളില്‍ നിന്ന് വീണു കാല് ഓടിയുന്നതിനേക്കാള്‍ അന്തസ്സ് ഒരു ബൈക്കില്‍ നിന്ന് വീണു നടുവ് ഒടിയുന്നതല്ലേ" എന്ന ആത്മഗതത്തോടെ അവള്‍ തണ്ണിമത്തന്‍ ജൂസ് കുടിച്ചു കൊണ്ട് നിരാഹാരം അവസാനിപ്പിച്ചു.


ബൈക്ക് വാങ്ങുന്നത്തിനുള്ള ആദ്യ പടിയായി ഭാര്യ അടുത്തുള്ള ജ്യോതിഷിയുടെ അടുത്തു പോയി വണ്ടിയെടുക്കാനുള്ള ദിവസവും സമയവും നോക്കിച്ചു. മൂലം നക്ഷത്രത്തില്‍ ഭൂജാതനായ എനിക്ക് ഭാവിയില്‍ മൂലക്കുരുവിന്റെ അസ്കിത ഉണ്ടാകാന്‍ സാധ്യത കാണുന്നുണ്ടെന്നും ഇപ്പോള്‍ ശുക്ര ദശയായാതിനാല്‍ വാഹനം വാങ്ങുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വണ്ടി എടുക്കുന്നതിനു മുന്‍പായി അടുത്ത ക്ഷേത്രത്തില്‍ പോയി എന്റെ പേരില്‍ പൂജയും മറ്റു വഴിപാടുകളും കഴിക്കാന്‍ ഭാര്യ മറന്നില്ല.


ജ്യോതിഷി നിര്‍ദ്ദേശിച്ച സമയത്ത് തന്നെ ഞാനും ഭാര്യയും ഓട്ടോ പിടിച്ചു ഹീറോ ഹോണ്ടയുടെ ഷോ റൂമില്‍ എത്തിച്ചേര്‍ന്നു. പല തരത്തിലും നിറത്തിലുമുള്ള ബൈക്കുകളെ ഭാര്യ താത്പര്യത്തോടെ നിരീക്ഷിച്ചു തുടങ്ങി. സെയില്‍സ് മാന്‍ അവളുടെ ഒപ്പം നടന്നു ഓരോ ബൈക്കിന്‍റെയും ഗുണ ഗണങ്ങള്‍ അവളെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. അവള്‍ ഓരോ ബൈക്കിന്റെ അടുത്തേയ്ക്ക് പോകുമ്പോഴും ഞാന്‍ കയ്യും കലാശവും കാണിച്ച് അയാള്‍ പറയുന്നതൊക്കെ വെറും പൊളിയാണെന്നും ഈ പറയുന്ന ഗുണങ്ങളൊന്നും ആ ബൈക്കിന് ഇല്ലെന്നുമുള്ള വിവരം അവളെ ധരിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കോളേജു കുമാരന്മാര്‍ ഓടിക്കാറുള്ള കാണ്ടാമൃഗത്തിന്റെ ആകൃതിയും ഏതാണ്ട് അതേ നിറവുമുള്ള ഒരു ബൈക്കിന്റെ അടുത്തു അവള്‍ നിലയുറപ്പിച്ചതോടെ ഞാന്‍ എന്റെ പോക്കറ്റില്‍ കിടക്കുന്ന പൈസയും ആ ബൈക്കിന്റെ വിലയുമായി ഒന്ന് തട്ടിച്ചു നോക്കി.


ദൈവമേ... അമ്പതിനായിരം രൂപ കൂടി വേണം ആ ബൈക്ക് വാങ്ങാന്‍.... ഞാന്‍ ഞെട്ടി...


ഒടുവില്‍ ബൈക്കിന്റെ സ്റ്റൈല്‍ അല്ല, കാര്യക്ഷമതയും മൈലേജുമാണ് നോക്കേണ്ടത് എന്നും ബൈക്കുകളില്‍ രാജാവ് "ഹീറോ ഹോണ്ടാ സി. ഡി. ഡോണ്‍" ആണെന്നും അതിനെ വെല്ലാന്‍ ഇവിടിരിക്കുന്ന ഒരു കാണ്ടാമൃഗ ബൈക്കുകള്‍ക്കും സാധിക്കില്ലെന്നും സെയില്‍സ് മാന്‍ കേള്‍ക്കാതെ ഭാര്യയുടെ ചെവിയില്‍ ‌ഞാന്‍ മന്ത്രിച്ചു. അത് കേട്ട ഭാര്യ കാണ്ടാമൃഗ ബൈക്കുകളെ വിഷമത്തോടെ ഒന്ന് കൂടെ നോക്കിയിട്ട് സി. ഡി. ഡോണ്‍ വാങ്ങാന്‍ സമ്മതം മൂളി.


ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ബൈക്കിന്റെ താക്കോലും മറ്റു പേപ്പറുകളും ഷോറൂമിലെ പെണ്‍കുട്ടിയില്‍ നിന്നും ഞാന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ ഏറ്റു വാങ്ങി. പിന്നെ ബൈക്കിനെ തൊട്ടു നെറുകയില്‍ വച്ച് ഈശ്വരന്മാരെ ധ്യാനിച്ച്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട് ഭാര്യയെ പുറകില്‍ ഇരിക്കാനായി ക്ഷണിച്ചു.


അങ്ങനെ ബൈക്കുകളുടെ രാജാവായ സി. ഡി. ഡോണിന്റെ മുകളില്‍ രാജാധി രാജനായി ഞാനും രാജാധി രാജിയായി ഭാര്യയും നല്ല സ്പീഡില്‍ വരുമ്പോളാണ് അത് സംഭവിച്ചത്.


വീടിന്റെ അടുത്തു തന്നെയുള്ള നാലും കൂടിയ ജങ്ങ്ഷനില്‍ വച്ച് എതിര്‍ വശത്ത്‌ നിന്നും ഒരു പീക്കിരി പയ്യന്‍ അവനെക്കാള്‍ വലിയ ഒരു സൈക്കിളിന്റെ ഹാന്റിലില്‍ വവ്വാല് തൂങ്ങി ക്കിടക്കുന്നത് പോലെ കിടന്നു കൊണ്ട് ഒരു വരവ്!! അപ്രതീഷിതമായ ആ വരവ് കണ്ടു പകച്ച ഞാന്‍ പയ്യനെ രക്ഷിക്കാനായി വണ്ടി ഇടതു വശത്തേയ്ക്ക് വെട്ടിച്ചു. ആ വെട്ടിക്കലിനിടയില്‍ വണ്ടി റോഡരികില്‍ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മുന്‍പില്‍ കൂട്ടി ഇട്ടിരുന്ന മണല്‍ കൂനയിലേയ്ക്ക് പാഞ്ഞു കയറി. ഇതിനിടയില്‍ പുറകിലിരുന്ന ഭാര്യ എന്നെ ഉറുമ്പടക്കം പിടിക്കുകയും അതിന്റെ ബലത്തില്‍ ബൈക്കില്‍ നിന്നും പിടി വിട്ടുപോയ ഞാനും ഭാര്യയും കൂടി കെട്ടി മറിഞ്ഞു മണലിന്റെ പുറത്തേയ്ക്ക് വീഴുകയും ചെയ്തു.


ബൈക്കിന്റെ ശബ്ദവും ഭാര്യയുടെ നിലവിളിയും സൈക്കിളുമായി മറിഞ്ഞു വീണ പയ്യന്റെ കരച്ചിലും എല്ലാം കൂടി കേട്ട് വീട് പണി ചെയ്തിരുന്ന ആളുകളും വഴി യാത്രക്കാരും ഓടിക്കൂടി. വീണയുടന്‍ തന്നെ തട്ടിപ്പിടഞ്ഞെഴുന്നേറ്റ ഞാന്‍ മണലിന്റെ പുറത്തു വീണു കിടക്കുന്ന ഭാര്യയെ പിടിച്ചു പൊക്കി. പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും ഓടിക്കൂടിയവരുടെ മുന്‍പില്‍ നാണത്തോടെ അവള്‍ പരുങ്ങി നിന്നു.


സൈക്കിളില്‍ നിന്നും ഉരുണ്ടു വീണു കാലിന്റെ മുട്ട് പൊട്ടിയ വവ്വാലു പയ്യന്റെ അച്ഛന്‍ ഓടി വന്നു. അയാള്‍ തന്റെ മകനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കഷ്മലനായ എനിക്കെതിരെ പോലീസ്സില്‍ കേസ്സ് കൊടുക്കുമെന്ന് ഭീഷണി മുഴക്കി. ഞാനൊരു പട്ടാളക്കാരനാണെന്നും നാട്ടില്‍ വണ്ടി ഓടിച്ചു നല്ല പരിചയം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഞാന്‍ പറഞ്ഞു നോക്കി. അതോടെ പട്ടാളക്കാരനായാല്‍ ആരെയും വണ്ടി ഇടിപ്പിച്ചു കൊല്ലാന്‍ അധികാരമുണ്ടോ എന്നായി അയാളുടെ ചോദ്യം.


ഇതിടയില്‍ നാട്ടുകാരായ ചിലര്‍ ചേര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവില്‍ വവ്വാല് പയ്യന്റെ ചികിത്സയ്ക്കുള്ള പണം കൊടുക്കാം എന്നുള്ള വ്യവസ്ഥയില്‍ അയാള്‍ അടങ്ങി. പണം മേടിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഫ്രീയായി ഒരുപദേശവും എനിക്ക് തന്നു.


"സാറേ പട്ടാളത്തില്‍ ഓടിക്കുന്ന പോലെ നാട്ടില്‍ വന്നു വണ്ടി ഓടിക്കരുത്. അങ്ങനെ ഓടിച്ചാല്‍ സാറിനെ നാട്ടുകാര്‍ ഓടിക്കും"


അന്ന് മുതലാണ്‌ എനിക്കും എന്റെ ബൈക്കിനും നാട്ടില്‍ ഇത്ര ബഹുമാനം കിട്ടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഞാനും ബൈക്കും വരുന്നത് കാണുമ്പോഴേ ആളുകള്‍ പറയും.


"ദേണ്ടെ പട്ടാളം ബൈക്കുമായി വരുന്നു... ജീവന്‍ വേണമെങ്കില്‍ വഴിയില്‍ നിന്നും മാറി നിന്നോ"


ഇനി പറയൂ നിങ്ങള്‍ക്കും എന്‍റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടത്തിനോട് അല്പം ബഹുമാനം തോന്നുന്നില്ലേ ?

Wednesday, March 10, 2010

ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്.

"എടാ സതീശാ എനിക്കൊരു അണ്ടര്‍ വെയര്‍ തയ്ക്കാന്‍ എത്ര തുണി വേണം?"

കുമാരപുരം ജങ്ങ്ഷനിലെ ഏക തയ്യല്‍ക്കടയായ "വെല്‍ ഫിറ്റ് ടൈലേഴ്സ്" സിന്റെ "ഓണര്‍ കം പ്രൊപ്രറ്റര്‍ ‍ കം ചീഫ് ടൈലര്‍" എന്ന ബഹുമുഖ പദവി അലങ്കരിക്കുന്ന സതീശന്‍, ആരോ തുന്നാന്‍ കൊടുത്ത വിലയേറിയ പാന്റിന്റെ തുണിയെ കത്രിക കൊണ്ട് നിഷ്കരുണം വെട്ടിമുറിക്കുന്ന ജോലി താല്‍കാലികമായി നിറുത്തിയിട്ടു ചോദ്യകര്‍ത്താവിനെ നോക്കി.


വെല്‍ ഫിറ്റ് ടൈലേഴ്സ് സിന്റെ മുന്‍പില്‍ "ഫുള്‍ ഫിറ്റായി" നില്‍ക്കുകയാണ് ചെല്ലപ്പനാശാന്‍ . കയ്യില്‍ ഒരു കടലാസ് പൊതി.


"ആഹാ ചെല്ലപ്പനാശാനോ ? വരണം വരണം"


കാറ്റ് പിടിച്ച കൊന്നത്തെങ്ങു പോലെ ചെറിയ രീതിയില്‍ ആടി നില്‍ക്കുന്ന ചെല്ലപ്പനാശാനെ സതീശന്‍ സ്വാഗതം ചെയ്തു. തന്റെ തയ്യല്‍ മിഷ്യന്റെ അടിയില്‍ കിടന്ന സ്റ്റൂള്‍ എടുത്തു കൊടുത്ത് അതില്‍ ആസനനസ്ഥനാക്കി.


കുമാരപുരം നിവാസികളുടെ, പ്രത്യേകിച്ച് "പിശുക്ക്" അല്പം കൂടുതലുള്ളവരുടെ ആരാധനാപാത്രമാണ് ചെല്ലപ്പനാശാന്‍. ചെല്ലപ്പന്‍ എന്നാണു ഔദ്യോഗിക നാമമെങ്കിലും ആശാന്‍ എന്നത് നാട്ടുകാര്‍ കല്പിച്ചു കൊടുത്തിരിക്കുന്ന സ്ഥാനപ്പേരാണ്. അങ്ങനെ ഒരു സ്ഥാനപ്പേര് കിട്ടാനുള്ള കാരണങ്ങളെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രാന്വേഷണ കുതുകികളായ ചെറുപ്പക്കാര്‍ക്കിടയില്‍ നിലവിലുണ്ട്. പണ്ട് കുട്ടികളെ എഴുത്ത് പഠിപ്പിക്കുന്ന "ആശാന്‍ പള്ളിക്കൂടം" നടത്തിയിരുന്നതിനാലാണ് ആശാന്‍ എന്ന പേര് വീണത്‌ എന്നാണു ഒരു കുതുകിയുടെ അഭിപ്രായം. അതല്ല, അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായ "പിശുക്കിന്റെ " ആശാന്‍ ആയതു കൊണ്ടാണ് ഈ പേര് വീണത്‌ എന്ന് മറ്റൊരു കുതുകി തെളിവുകള്‍ സഹിതം വാദിക്കുന്നു.


ഇതൊക്കെയാണെങ്കിലും വളരെ പ്രശസ്തമായ മറ്റൊരു പേരിന്റെ കൂടി ഉടമയാണ് ചെല്ലപ്പനാശാന്‍.


ആ പേരാണ് "ഇരുട്ടാശാന്‍"....


ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി അറിയണമെന്ന് താല്പര്യമുള്ള വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ സ്വഭവനമായ "ഭവാനീ മന്ദിരം" വരെ ഒന്ന് പോകേണ്ടി വരും. പോകുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈകിട്ട് ഏകദേശം ഒരു ആറര, അല്ലെങ്കില്‍ ഏഴു മണി, അതായത് ഇരുട്ട് വീഴുന്ന സമയം നോക്കി മാത്രമേ പോകാവൂ. എന്നാലേ പോയ കാര്യം നടക്കൂ.


എന്നുവച്ച് നേരെ ചെന്ന് ആശാന്റെ വീട്ടിലേയ്ക്ക് ഇടിച്ചു കയറരുത്. മുറ്റത്ത് എവിടെയെങ്കിലും മറഞ്ഞു നിന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കണം.


നിങ്ങള്‍ ചെല്ലുമ്പോള്‍ രണ്ടു മുറിയും അടുക്കളയും ഹാളും വരാന്തയും ചേരുന്ന ആശാന്റെ ഭവനം, കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവലില്‍ പറയുന്നത് പോലെ "അന്ധകാര നിബിഡമായ നിതാന്ത നിശബ്ദതയില്‍" ആണ്ടിരിക്കുവാനാണ് സാധ്യത. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളോ അത്യഗാധമായ കൊക്കകളോ ഇല്ലെങ്കിലും മുറ്റത്തിന്റെ ഒരു വശത്ത്‌ ചെറിയ ഒരു കുഴിയുള്ളത് കൊണ്ട് ഉരുണ്ടു വീഴാതെ സൂക്ഷിക്കണം.


അങ്ങനെ നിതാന്ത നിശബ്ദതയില്‍ ആണ്ടിരിക്കുന്ന ഭവാനീ മന്ദിരത്തിന്റെ പൂമുഖത്തേയ്ക്കു കയ്യില്‍ നിലവിളക്കേന്തിയ ഒരു മഹിളാരത്നം കടന്നു വരും. ആ രത്നമാണ് ഭവാനി ചേച്ചി. ചെല്ലപ്പനാശാന് ആകെയുള്ള ബന്ധു. കുറച്ചു കൂടെ വ്യക്കുതമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഒരേ ഒരു "സ്വന്തം ഭാര്യ".


നിലവിളക്കേന്തിയ ഭവാനി രത്നം വിളക്കു താഴെ വച്ച് ശേഷം അതിന്റെ മുന്‍പില്‍ ചമ്രം പടഞ്ഞിരുന്നു രാമനാമജപങ്ങള്‍ തുടങ്ങുമ്പോള്‍ മറ്റൊരു രത്നം രംഗപ്രവേശം ചെയ്യുന്നത് കാണാം. രത്നത്തിന്റെ പേര് ചെല്ലപ്പനാശാന്‍‍. അദ്ദേഹത്തിന്റെ കയ്യിലുമുണ്ട് ഒരു വിളക്ക്. പക്ഷെ അത് നിലവിളക്കോ മണ്ണെണ്ണ വിളക്കോ അല്ല.


സാക്ഷാല്‍ "ബാലന്‍സ് വിളക്ക്" ! നാല്പതു വാട്സിന്റെ ഒരു ഇലക്ട്രിക് ബള്‍ബ്‌ !!


അദ്ദേഹം ആ ബള്‍ബ്‌ വരാന്തയില്‍ തൂങ്ങിക്കിടക്കുന്ന ഹോള്‍ഡറില്‍ ഘടിപ്പിക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ " ബാലന്‍സ് ഇഫക്റ്റ് " തുടങ്ങുകയായി.


ഉദ്ദേശം അര മണിക്കൂര്‍ കഴിയുമ്പോള്‍ നാമജപത്തിന് സമാപനം കുറിച്ചുകൊണ്ട് ഭവാനി ചേച്ചി തന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ബള്‍ബിലേയ്ക്ക് കണ്ണുകള്‍ നട്ട്, കൈകള്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തി "നാരായണാ.. ശിവശങ്കരാ.. രക്ഷിക്കണേ" എന്നൊരു ദയാഹര്‍ജി, വൈകുണ്ഡം കൈലാസം എന്നീ പുണ്യസ്ഥലങ്ങളിലേയ്ക്ക് ബൈ എയറായി അയക്കും. ആ സമയം തന്നെ ചെല്ലപ്പനാശന്‍ തന്റെ തോളില്‍ കിടക്കുന്ന തോര്‍ത്തു ഉപയോഗിച്ച് ഹോള്‍ഡറില്‍ നിന്ന് ബള്‍ബു ഊരിയെടുക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ വീണ്ടും കോട്ടയം പുഷ്പനാഥ് പ്രത്യക്ഷപ്പെടും. നിതാന്ത നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ചെല്ലപ്പനാശന്റെ പട്ടി, വൈകിട്ടത്തെ ശാപ്പാട് കൊടുക്കാനുള്ള സിഗ്നലായി നീട്ടി ഓരിയിടും. അത് കേട്ട് ഞെട്ടരുത്. ഈ സമയം ചെല്ലപ്പ, ഭവാനീ രത്നങ്ങള്‍ ബള്‍ബുമായി നേരെ അടുക്കയിലേയ്ക്ക് നീങ്ങിയിട്ടുണ്ടാകും.


അങ്ങനെ രാത്രി ഒന്‍പതു മണിക്ക് മുന്‍പ് ആ ബള്‍ബു ചെല്ലപ്പനാശാന്റെ വീടിന്റെ അടുക്കള, ഹാള്‍ , കുളിമുറി (ചിലപ്പോള്‍ കക്കൂസ്) വഴി കിടപ്പ് മുറിയില്‍ എത്തുന്നതോടെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ചു ബള്‍ബും ചെല്ലപ്പനാശാനും ഭാവാനി ചേച്ചിയും നിദ്ര പൂകും.


മേല്‍പ്പറഞ്ഞതില്‍ നിന്നും ചെല്ലപ്പനാശാനു പറ്റിയത് "പിശുക്കാശാന്‍", "ഇരുട്ടാശാന്‍" എന്നീ പഴയ പേരുകളാണോ അതോ "ബാലന്‍സ് വിളക്കാശാന്‍" എന്ന പുതിയ പേരാണോ എന്ന് അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച മാന്യവായനക്കാര്‍ തന്നെ തീരുമാനിക്കുക.


ഏതായാലും ചെല്ലപ്പനാശാന്റെ പിശുക്കിനെപ്പറ്റി നന്നായി അറിയാവുന്ന തയ്യല്‍ക്കാരന്‍ സതീശന്‍ ആശാന്റെ കയ്യിലിരുന്ന തുണി വാങ്ങി തന്റെ ടേപ്പ് വച്ച് അളന്നു നോക്കി. എന്നിട്ട് പറഞ്ഞു.


"ആശാനെ ആവശ്യത്തിനുള്ള തുണിയുണ്ട്. ചിലപ്പോള്‍ അല്പം മിച്ചം വന്നേയ്ക്കും"


"അങ്ങിനെയാണെങ്കില്‍ നീ ഒരു കാര്യം ചെയ്യ്. മിച്ചമുള്ള തുണി വെറുതെ കളയേണ്ടാ. അത് കൊണ്ട് ഒന്നോ രണ്ടോ പോക്കറ്റ് കൂടുതല്‍ അടിച്ചേര് "


താന്‍ കാശു കൊടുത്തു മേടിച്ച തുണി വെറുതെ കളയുന്നതില്‍ വൈമനസ്യമുള്ള ചെല്ലപ്പനാശാന്‍ തന്റെ ഐഡിയ പറഞ്ഞു.


"അങ്ങിനെ തന്നെ ആയിക്കളയാം" എന്ന രീതിയില്‍ തലകുലുക്കിയ സതീശന്‍ ആശാന്റെ അളവുകള്‍ക്ക് അനുസൃതമായി തുണി വെട്ടാന്‍ തുടങ്ങി. ആശാനാകട്ടെ തന്റെ "ഫിറ്റ്നെസ് " അല്പം കുറഞ്ഞു പോയോ എന്ന ശങ്കയില്‍ വീണ്ടും ഫിറ്റ് ആകുന്നതിനായി അടുത്തുള്ള ഷാപ്പിലേയ്ക്ക് പോയി.


കുറച്ചു നേരത്തിനു ശേഷം വീണ്ടും വെല്‍ ഫിറ്റായി വന്ന ചെല്ലപ്പനാശാന്റെ കയ്യില്‍ സതീശന്‍ താന്‍ തുന്നിയ അണ്ടര്‍‍വെയര്‍ കടലാസില്‍ പൊതിഞ്ഞു കൊടുത്തു. അതുമായി വീട്ടിലെത്തിയ ആശാന്‍ " ധന്വന്തരം" കുഴമ്പ് മേലാസകലം പുരട്ടിയിട്ട് കിണറ്റിന്റെ കരയില്‍ കുറച്ചു നേരം ഉലാത്തി. പിന്നെ ഭവാനി ചേച്ചി തയാറാക്കിക്കൊടുത്ത ചെറു ചൂടുള്ള വെള്ളത്തില്‍ വിശദമായ ഒരു കുളി പാസാക്കിയ ശേഷം തന്റെ പുതിയ അണ്ടര്‍ വെയറില്‍ കയറാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

.
അധികം ബുദ്ധിമുട്ടാതെ പുതിയ അണ്ടര്‍‍വെയറില്‍ കയറിക്കൂടിയ ചെല്ലപ്പനാശാന്‍ അതിട്ടു കൊണ്ട് വരാന്തയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും അല്പമൊന്നു നടന്നുനോക്കി. പുതിയ അണ്ടര്‍‍വെയറിനു തയ്യല്‍ സംബന്ധമായ കുഴപ്പമോ എവിടെയെങ്കിലും പിടുത്തമോ ഉണ്ടോ എന്നറിയണമല്ലോ? പക്ഷെ അതിട്ടു നടക്കുമ്പോള്‍ ചെല്ലപ്പനാശാന്റെ സ്റ്റീല്‍ ബോഡിയുടെ മര്‍മപ്രധാനമായ യന്ത്രഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് എന്തോ ഒരു അസ്കിത! മാത്രമല്ല യന്ത്രസാമഗ്രികളുടെ സ്വതന്ത്രമായ നിലനില്‍പ്പിനു തടസ്സം വന്നത് പോലെ ഒരു തോന്നല്‍!!.


തോന്നല്‍ ശക്തമായപ്പോള്‍ അണ്ടര്‍വെയറില്‍ നിന്നും അടിയന്തിരമായി പുറത്തിറങ്ങിയ ആശാന്‍ അതിനെ കൂലങ്കഷമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഗതി കണ്ടത്. വശങ്ങളിലും പുറകിലുമുള്ള പോക്കറ്റുകള്‍ കൂടാതെ അണ്ടര്‍വെയറിന്റെ മുന്‍ഭാഗത്തു, അതായത് ഇരു കാലുകളുടെയും "നടു സെന്ററില്‍" നാട്ടുമ്പുറത്തെ ചായക്കടകളിലെ ചായ സഞ്ചിയുടെ ആകൃതിയില്‍ മറ്റൊരു പോക്കറ്റ്.!!!


സഹൃദയനും രസികനുമായ തയ്യല്‍ക്കാരന്‍ സതീശന്‍ ചെല്ലപ്പനാശാന്‍ എന്ന പിശുക്കനാശാനു മാത്രമായി ബാലന്‍സ് വന്ന തുണി കൊണ്ട് ഫിറ്റു ചെയ്തു കൊടുത്ത കിടിലന്‍ പോക്കറ്റ്. ചെല്ലപ്പനാശാന്റെ സ്വന്തം "ബാലന്‍സ് പോക്കറ്റ്".

Sunday, February 21, 2010

പപ്പനാവന്‍ ഏലിയാസ് പരമശിവന്‍

"ഹും ആ പപ്പനാവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു ഞാന്‍ അവന്റെ കൂമ്പ് വാട്ടും"


ഹെഡ് കോണ്‍സ്റ്റബിള്‍ "വീരപ്പന്‍‍" ഭാസ്കരന്‍ മുന്‍പിലിരിരുന്ന കള്ളു കുപ്പി എടുത്ത് അതില്‍ ബാക്കിയുണ്ടായിരുന്ന കള്ള് മുഴുവന്‍ ഒറ്റയടിക്ക് വായിലേയ്ക്ക് കമഴ്ത്തി. എന്നിട്ട് തന്റെ വീരപ്പന്‍ മീശയുടെ തുമ്പില്‍ പിടിച്ചു പിരിച്ചുകൊണ്ട് ഷാപ്പിലെ സപ്ലയര്‍ കേശവനെ നോക്കി അലറി.


സപ്ലയര്‍ കേശവന്‍ ഭയപ്പാടോടെ ഒതുങ്ങി നിന്നു. വീരപ്പന്‍ തുടര്‍ന്നു...


"ഡാ കേശവാ എല്ലാ വര്‍ഷവും താലപ്പൊലി ഘോഷ യാത്രയില്‍ ഈ വീരപ്പനാ പരമശിവന്റെ വേഷം കെട്ടുന്നത്. ഇത്തവണയും കെട്ടും. അത് തടയാന്‍ പപ്പനാവനല്ല അവന്റെ അമ്മായി അപ്പന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരനോടാണോ അവന്റെ കളി? ""അതെയതെ ആ പപ്പനാവന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ചേട്ടനെതിരെ അവനല്ലേ കമ്മറ്റിയില്‍ പാര വച്ചത് ?"സപ്ലയര്‍ കേശവന്‍ കലിതുള്ളി നില്‍ക്കുന്ന വീരപ്പന്‍ ഭാസ്കരന്റെ മുന്‍പിലേയ്ക്ക് ഒരു കുപ്പി കള്ളും കൂടി എടുത്തു വച്ചു. എന്നിട്ട് ഭയഭക്തി ബഹുമാനങ്ങളോടെ ഗ്ലാസിലേയ്ക്ക് കള്ളു പകര്‍ന്നു കൊടുത്തു.കുമാരപുരം ഷാപ്പിലെ സ്ഥിരം പറ്റുപിടിക്കാരനാണ് റിട്ടയേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരന്‍ ചേട്ടന്‍. പോലീസ്സില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും പോലീസ്സില്‍ തന്നെയാണ് ജോലി എന്ന രീതിയിലാണ് നടപ്പും ഭാവവും. ഷാപ്പാണ്‌ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പോലീസ് സ്റ്റേഷന്‍. ഷാപ്പില്‍ കള്ളുകുടിച്ചു വഴക്കുണ്ടാക്കുന്നവരെ ശാസിക്കാനും വേണ്ടി വന്നാല്‍ ശിക്ഷിക്കാനും അധികാരമുള്ള മാന്യ ദേഹമാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരന്‍ ചേട്ടന്‍.ശരീര സൌന്ദര്യം വച്ച് നോക്കിയാല്‍ യശ:ശരീരനായ സിനിമാനടന്‍ കൃഷ്ണന്‍കുട്ടി നായര്‍ ഭാസ്കരന്‍ ചേട്ടന്റെ പുറകിലാണ് എന്നു വേണമെങ്കില്‍ പറയാം. ആലപ്പുഴക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഏതാണ്ട് ഒന്ന് ഒന്നെര വള്ളപ്പാടു പുറകില്‍! മൂക്കിനു താഴെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന വീരപ്പന്‍ മീശയാണ് അദ്ദേഹത്തിന്റെ പ്രധാന പ്ലസ് പോയിന്റു. വീരപ്പന്‍ എന്ന ഇരട്ടപ്പേര് വീഴാന്‍ കാരണവും പ്രതാപശാലിയായ ആ മീശയാണ് എന്നുള്ളത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.മൂക്കിന്റെ തുമ്പത്തു തന്നെയുള്ള മറ്റൊരു പ്രധാന സംഗതിയാണ് അദ്ദേഹത്തിന്റെ മൈനസ് പോയിന്റു. ആ പോയിന്റിന്റെ മലയാളത്തിലുള്ള പേരാണ് "ക്ഷിപ്രകോപം."ഭാസ്കരന്‍ ചേട്ടന്റെ പ്ലസ് പോയിന്റായ വീരപ്പന്‍ മീശയും മൈനസ് പോയിന്റായ ക്ഷിപ്രകോപവും തമ്മില്‍ ഗണിത ശാസ്ത്രപരമായ ഒരു ബന്ധമുണ്ട്. എന്താണെന്ന് ചോദിച്ചാല്‍, മൈനസ് പോയിന്റായ ക്ഷിപ്രകോപം വന്നാലുടന്‍ പ്ലസ് പോയിന്റായ വീരപ്പന്‍ മീശ വിറയ്ക്കാന്‍ തുടങ്ങും. പ്ലസ് പോയിന്റിന്റെ വിറയുടെ തീവ്രത, മൈനസ് പോയിന്റിന്റെ വരവിന്റെ തീവ്രതയ്ക്ക് ആനുപാതികമായിരിക്കുകയും ചെയ്യും.ഇതൊക്കെയാണെങ്കിലും ഭാസ്കരന്‍ ചേട്ടന്‍ ഒരു പഴയ കാല നാടക, ബാലെ നടനാണ്‌. അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചു എല്ലാ വര്‍ഷവും നടത്താറുള്ള താലപ്പൊലി ഘോഷയാത്രയില്‍ പരമ ശിവന്റെ വേഷം സ്ഥിരമായി കെട്ടുന്ന ആളാണ്‌ ഭാസ്കരന്‍ ചേട്ടന്‍. പക്ഷെ ഇത്തവണത്തെ താലപ്പൊലി ഘോഷയാത്രയില്‍ പരമശിവന്റെ വേഷം കെട്ടുന്നതില്‍ നിന്നും ഭാസ്കരന്‍ ചേട്ടനെ ഉത്സവ കമ്മറ്റിക്കാര്‍ വിലക്കിയിരിക്കുകയാണ്.അതിനു ചെറിയ ഒരു കാരണമുണ്ട്. കഴിഞ്ഞതവണ ഘോഷയാത്രയില്‍ പങ്കെടുക്കാനായി വന്ന പരമശിവനെ കണ്ടു പാര്‍വതിയായി അണിഞ്ഞൊരുങ്ങിയ സപ്ലയര്‍ കേശവന്‍ പോലും അന്തിച്ചു പോയി. കാരണം, പാമ്പിനെ കഴുത്തിലണിഞ്ഞ മറ്റൊരു പാമ്പായി മാറിയിരുന്നു ഭാസ്കരന്‍ പരമശിവന്‍.പരമശിവന്റെ വേഷത്തില്‍ വന്ന ഭാസ്കരന്‍ പാമ്പിനെ ഒരു വിധത്തില്‍ ഘോഷയാത്രയില്‍ നിന്നും കമ്മറ്റിക്കാര്‍ വലിച്ചു പുറത്താക്കി. ജടയും മുടിയും ചൂടിയ പരമശിവന്‍ വഴിയരുകില്‍ കുത്തിയിരുന്നു വാള് വയ്ക്കുന്നത് ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം നോക്കി നിന്നു. അതോടെ ഇത്തവണത്തെ ഘോഷയാത്രയില്‍ ഭാസ്കരന്‍ ചേട്ടന് പകരം "പപ്പനാവന്‍" എന്ന പദ്മനാഭനെ പരമ ശിവനാക്കുവാന്‍ കമ്മറ്റിക്കാര്‍ തീരുമാനിക്കുകയും ചെയ്തു.


തീരുമാനം ഭാസ്കരന്‍ ചേട്ടന്‍ അറിയുന്നത് തന്റെ സുഹൃത്തും ഷാപ്പിലെ സപ്ലയറുമായ കേശവനില്‍ നിന്നാണ്. ഭാസ്കരന്‍ ചേട്ടനെ പരമശിവന്‍ ആക്കി മാറ്റുന്ന മേക്കപ്പ് മാനാണ് കേശവന്‍. മാത്രമല്ല അദ്ദേഹത്തിന്റെ സ്ഥിരം പാര്‍വതിയും കേശവനാണ്. ഭാസ്കരന്‍ ചേട്ടനെ പരമശിവന്‍ ആക്കാത്തതില്‍ കേശവനും വിഷമമുണ്ട്. എന്തെന്നാല്‍ ഭാസ്കരന്‍ ചേട്ടന്‍ പരമശിവന്‍ ആകുന്ന ദിവസം കേശവന്റെ ഫുള്‍ ചെലവ് വഹിക്കുന്നത് ഭാസ്കരന്‍ ചേട്ടനാണ്. കൂടാതെ മേക്കപ്പ് ഫീസായി ഇരുനൂറു രൂപയും അന്ന് കേശവന് കിട്ടും.


"ചേട്ടന്‍ വിഷമിക്കാതെ... പപ്പനാവനിട്ടു ഒരു പണി കൊടുക്കുന്ന കാര്യം കേശവന്‍ ഏറ്റു"


വീരപ്പന്‍ മീശ വിറപ്പിച്ചു കൊണ്ട് നിന്ന എക്സ് പരമശിവന്‍ ഭാസ്കരന്‍ ചേട്ടനെ സപ്ലയര്‍ കേശവന്‍ സമാധാനിപ്പിച്ചു. അനന്തരം അദ്ദേഹത്തിന്റെ ചെവിയില്‍ രഹസ്യമായി എന്തോ മന്ത്രിച്ചു. അത് കേട്ട ഭാസ്കരന്‍ ചേട്ടന്റെ മൈനസ് പോയിന്റു കുറഞ്ഞു കുറഞ്ഞു വന്നു സീറോയില്‍ മുട്ടി. മുട്ടലിന്റെ ഫലമായി പ്ലസ് പോയിന്റിന്റെ വിറയല്‍ നില്‍ക്കുകയും ഭാസ്കരന്‍ ചേട്ടന്‍ സന്തോഷത്തോടെ സ്വഭവനത്തിലേയ്ക്ക് പോവുകയും ചെയ്തു.താലപ്പൊലി ഘോഷയാത്രയുടെ ദിവസം സമാഗതമായി. വഴിയുടെ ഇരുവശങ്ങളിലും കന്യകമാര്‍ താലപ്പൊലിയേന്തി അണിനിരന്നു. ഏറ്റവും മുന്‍പില്‍ പഞ്ചവാദ്യം.അതിനു പുറകെ ചെണ്ട മേളക്കാര്‍. ചെണ്ട മേളക്കാര്‍ക്കൊപ്പം കാവടിയും പടയണിയും നീങ്ങി. അതിനും പിറകിലായി പപ്പനാവന്‍ എന്ന ന്യൂ പരമശിവന്‍. അദ്ദേഹത്തിന്റെ കഴുത്തില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന ന്യൂ സര്‍പ്പം. കയ്യില്‍ ന്യൂ ശൂലം. ഒപ്പം ന്യൂ പാര്‍വ്വതി. ന്യൂ പാര്‍വ്വതിയുടെ ഒറിജിനല്‍ പേരാണ് സുശീലന്‍.


പപ്പനാവന്‍ ന്യൂ പരമശിവനും സുശീലന്‍ ന്യൂ പാര്‍വ്വതിയും ഭക്തജനങ്ങള്‍ക്ക്‌ അനുഗ്രഹാശിസുകള്‍ വാരി വിതറിക്കൊണ്ട് മന്ദം മന്ദം നടക്കുകയാണ്. രണ്ടു പേരുടെയും അനുഗ്രഹങ്ങള്‍ കൂടുതല്‍ പോകുന്നത് സ്ത്രീ ഭക്തകള്‍ കൂടുതലുള്ള ഭാഗത്തേയ്ക്കാണ് എന്നുള്ള വിവരം ചില പുരുഷ ഭക്തന്മാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ "ഡാ പപ്പനാവാ ഇങ്ങോട്ടും നോക്കെടാ" എന്നും "എന്താടാ സുശീലാ നിനക്കൊരു സൈഡ് വലിവ്" എന്നുമൊക്കെ ഭക്തിപുരസ്സരം ചോദിച്ചെങ്കിലും ശിവ പാര്‍വ്വതിമാര്‍ അതത്ര കാര്യമാക്കിയില്ല. അങ്ങനെ സ്ത്രീ പുരുഷ ഭക്തജന സഞ്ചയത്തെ ഭക്തി സാഗരത്തില്‍ ആറാടിച്ചു കൊണ്ട് എഴുന്നുള്ളി വന്നിരുന്ന പപ്പനാവന്‍ പരമശിവനു പെട്ടന്നൊരു വൈക്ലബ്യം.


വൈക്ലബ്യം എന്നു വച്ചാല്‍ ശങ്ക.

ഉത്സവം നടക്കുന്നത് തന്റെ വയറ്റിനുള്ളില്‍ ആണോ എന്നൊരു തോന്നല്‍.


വയറ്റിനുള്ളിലെ ഉത്സവത്തില്‍ ചെണ്ടയും മദ്ദളവും തകര്‍ക്കുന്നു...കൂടാതെ ഇടയ്ക്കിടയ്ക്ക് നാദ സ്വരവും.


നാദസ്വരമേളം അടുത്തു നിന്ന പാര്‍വ്വതിയോ പുറകെ വരുന്ന ഭക്ത ജനങ്ങളോ കേട്ടില്ല.


പക്ഷെ പപ്പനാവന്‍ പരമ ശിവന്‍ കേട്ടു.


ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സംഗതി വശക്കേടാകും.


കഴിഞ്ഞ വര്‍ഷം പരമശിവന്‍ വാള് വയ്ക്കുന്നത് കണ്ട ഭക്തജനങ്ങള്‍ ഇത്തവണ അദ്ദേഹം അപ്പിയിടുന്നതു കാണും.


അതും ലൈവായി.


പപ്പനാവന്‍ പരമശിവന്‍ വെപ്രാളത്തോടെ പാര്‍വ്വതിയെ നോക്കി. പുറകെ വരുന്ന കാവടിക്കാരെ നോക്കി. ഭക്ത ജനങ്ങളെ മൊത്തമായി നോക്കി.


പിന്നെ കൂടുതല്‍ നോക്കാന്‍ മിനക്കെട്ടില്ല. തന്റെ കയ്യിലിരുന്ന ശൂലം പാര്‍വ്വതിയുടെ കയ്യില്‍ ബലമായി പിടിപ്പിച്ചിട്ട് അടുത്തു കണ്ട കുറ്റിക്കാട് ലക്ഷ്യമാക്കി ഒരോട്ടം വച്ചു കൊടുത്തു!!.


പരമശിവന്‍ സൂപ്പര്‍ ഫാസ്റ്റ് പോലെ പാഞ്ഞു പോകുന്നത് കണ്ട ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം ഞെട്ടി.


പരമശിവന്റെ വാക്കിംഗ് സ്റ്റിക്കായ ശൂലം കയ്യില്‍ കിട്ടിയ ശുശീലന്‍ ശൂലപാണിയായ പാര്‍വ്വതിയായി മാറി. പിന്നെ ശൂലം വിഴുങ്ങിയവനെപ്പോലെ അന്തം വിട്ടു നിന്നു.അപ്പോള്‍ ഷാപ്പിലിരുന്ന ഭാസ്കരന്‍ ചേട്ടന്റെ മൈനസ് പോയിന്റു പൂജ്യത്തിനും താഴെയായിരുന്നു. അദ്ദേഹം സപ്ലയര്‍ കേശവന്‍ ഒഴിച്ച് കൊടുത്ത മധുരക്കള്ള് അല്പാല്പമായി നുണഞ്ഞു കൊണ്ട് തന്റെ പ്ലസ് പോയിന്റില്‍ അരുമയോടെ തലോടി. എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കേശവനോട് ചോദിച്ചു.


"ഡാ കേശവാ നീ പപ്പനാവന് കൊടുത്ത കള്ളിന്റെ ബാക്കിയൊന്നുമല്ലല്ലോ ഈ കള്ള് ? ങേ"

പരമ ശിവനാകാനുള്ള തയ്യാറെടുപ്പിനിടയില്‍ ഒരു കുപ്പി വിഴുങ്ങാന്‍ വന്ന "പപ്പനാവന്‍ ഏലിയാസ് പരമശിവന്" കൊടുത്ത സ്പെഷ്യല്‍ കള്ളിന്റെ കാര്യമോര്‍ത്ത കേശവന്‍ ചിരിച്ചു. സോപ്പ് പൊടി കലക്കിയത് പോലെയുള്ള ഒരു കള്ളച്ചിരി.!!!