Wednesday, July 8, 2009

രണ്ടു സുന്ദരികളും ഞാനും

"എറണാകുളത്ത് നിന്നും ആലപ്പുഴ, കായംകുളം, കൊല്ലം വഴി തിരുവനന്തപുരത്തെയ്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ്‌ ബസ്സ്, സ്റ്റാന്റിന്റെ വടക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യുന്നു."


ഈ അറിയിപ്പ് കേട്ട ഞാന്‍ സ്റ്റാന്റിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി ഓടി. ...എറണാകുളത്തു നിന്നും ഹരിപ്പാടിന് പോകാനായി കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ ബസ്സ് കാത്തു നില്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി... വരുന്ന ബസ്സുകളിലോന്നും കാലു കുത്താന്‍ സ്ഥലമില്ല...പോരാത്തതിനു മഴയും..തിരുവനന്തപുരം എന്ന ബോര്‍ഡ് വച്ച സൂപ്പര്‍ ഫാസ്റ്റു ബസ്സ്, " പോകണമെന്നുണ്ടെങ്കില്‍ ഉടനെ കേറിക്കോ.. അല്ലെങ്കില്‍ ഞാനിപ്പോള്‍ സ്ഥലം വിട്ടുകളയും" എന്ന ഭാവത്തില്‍ ഇരച്ചു കൊണ്ട് നില്‍ക്കുകയാണ്‌..പത്തിരുപതു പേര്‍ അതില്‍ കേറാനായി വാതിലിനടുത്ത് തിങ്ങിക്കൂടിയിട്ടുണ്ട്..ചിലര്‍ തങ്ങളുടെ ബാഗും തൂവാലയും മറ്റും ബസ്സില്‍ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പിച്ച്‌ കാലിയായ സീറ്റുകള്‍ അഡ്വാന്‍സ് ബുക്ക് ചെയ്തിട്ട് വീണ്ടും വാതിലിനടുത്ത് വന്നു ബസ്സിനുള്ളില്‍ കയറിപ്പറ്റാനുള്ള യജ്ഞം തുടങ്ങി..ഒരു വിദ്വാന്‍ ഡ്രൈവര്‍ക്ക് കയറാനുള്ള വാതിലില്‍ കൂടി കയറാന്‍ ഡാവില്‍ ഒന്ന് ശ്രമിച്ചു നോക്കുന്നതും അവിടെ ഡ്രൈവര്‍ ഇരിക്കുന്നത് കണ്ടിട്ട് വീണ്ടും തിരിച്ചു വന്നു ഡോറില്‍ തൂങ്ങുന്നതും കണ്ടു... വെറുതെ നോക്കി നിന്നാല്‍ ഇന്ന് പോക്ക് ഉണ്ടാവില്ല എന്ന് മനസ്സിലായ ഞാനും യജ്ഞത്തില്‍ പങ്കു കൊള്ളുകയും അധികം താമസിക്കാതെ ബസ്സിനുള്ളില്‍ എത്തപ്പെടുകയും ചെയ്തു...


ബസ്‌ വിട്ടു...മുകളിലെ കമ്പിയില്‍ തൂങ്ങി നിലത്തുമല്ല ആകാശത്തുമല്ല എന്ന അവസ്ഥയില്‍ നില്‍കുകയാണ്‌ ഞാന്‍...പുറകില്‍ മുഴുവന്‍ സ്ത്രീകളാണ്..അത് കൊണ്ടാണെന്ന് തോന്നുന്നു കേറിയവര്‍ മുന്‍പോട്ടു നീങ്ങാതെ അവിടെത്തന്നെ കുറ്റിയടിച്ചതുപോലെ നില്‍കുകയാണ്‌..ബസ്സിന്റെ മുന്‍പില്‍ നില്‍കുന്ന കണ്ടക്ടര്‍, മുന്‍പോട്ടു പോരെ.. മുന്‍പോട്ടു പോരെ.. എന്ന് പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി ഭാവിക്കുന്നില്ല... തന്നെയുമല്ല കിട്ടിയ സ്ഥലത്ത് തന്നെ അല്പം ഒതുങ്ങി നിന്നിട്ട് തന്റെ പുറകില്‍ നില്‍ക്കുന്നവരെ "എന്താ മുന്‍പോട്ടു പോകാന്‍ ഇത്ര ബുദ്ധിമുട്ട്‌?" എന്ന രീതിയില്‍ നോക്കുന്നുമുണ്ട്..വാതിലിനു നേരെ മുന്‍പില്‍ നില്‍കുന്ന ഒരു തടിച്ച സ്ത്രീയുടെ വിശാലമായ പിന്‍ഭാഗം തന്റെ സീറ്റാക്കി സുഖ യാത്ര ചെയ്തിരുന്ന ഒരു മധ്യ വയസ്കനെ ആ സ്ത്രീ തന്റെ പിന്‍ഭാഗം കൊണ്ട് തന്നെ ഒരു താങ്ങ് താങ്ങുന്നതും ആ താങ്ങലോട് കൂടി കൃശഗാത്രനായ ആ മാന്യന്‍ ഒരു മീറ്ററോളം മുന്‍പിലേക്ക് തെറിച്ചു പോകുന്നതും ഞാന്‍ കണ്ടു...ഏതായാലും ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതുപോലെ ആ താങ്ങല്‍ മൂലമുണ്ടായ ഗ്യാപ്പില്‍ എനിക്ക് നില്കാനുള്ള സ്ഥലം കിട്ടുകയും ചെയ്തു...

ബസ്‌ അരൂര്‍ പാലവും കടന്നു മുന്‍പോട്ടു പോയി..അതിനിടയില്‍ കണ്ടക്ടര്‍ വന്നു...മത്തങ്ങയുടെ ആകൃതിയില്‍ ശരീര പ്രകൃതിയുള്ള കണ്ടക്ടര്‍ക്ക് നില്കാന്‍ തന്നെ രണ്ട് പേര്‍ക്കുള്ള സ്ഥലം വേണ്ടി വരുമെന്ന് എനിക്ക് തോന്നി..ഒരു കൈ മുകളിലെ കമ്പിയിലും മറ്റേ കൈ സീറ്റിനു മുകളിളിലുള്ള കമ്പിയിലും പിടിച്ചു " ത്രികോണെ" എന്ന രീതിയില്‍ നില്‍കുന്ന എന്റെ പുറത്തു ചാരിയാണ് കണ്ടകടര്‍ സാറിന്റെ നില്പ്.. "പണ്ടേ ദുര്‍ബ്ബല ... പോരാത്തതിനു ഗര്‍ഭിണി" എന്ന രീതിയിലായി എന്റെ അവസ്ഥ.. ഞാന്‍ ശ്വാസം വലിച്ചു കേറ്റി മസ്സില് പിടിച്ചു നിന്നു...


എന്റെ നേരെ പുറകില്‍ നില്‍കുന്നതു പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു യുവതിയാണ്..കണ്ടിട്ട് എറണാകുളത്തു എവിടെയോ ജോലി ചെയ്യുന്നതാണെന്ന് തോന്നുന്നു... ഇടതു തോളില്‍ വാനിറ്റി ബാഗും തൂക്കി വലതു കൈ മുകളിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് അലസമായി നോക്കി നില്‍കുകയാണ്‌ ആ സുന്ദരി... വണ്ടി കുലുങ്ങുമ്പോഴും ബ്രേക്ക്‌ ചെയ്യുമ്പോഴും അവളുടെ ശരീരത്തിന്റെ മുന്‍ഭാഗം എന്റെ വലതു തോളില്‍ മുട്ടുന്നുണ്ട്... പക്ഷെ ഒരു പട്ടാളക്കാരനായ ഞാന്‍ പൊതു സ്ഥലങ്ങളില്‍, ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കേണ്ട മര്യാദകളെ മാനിക്കേണ്ടാവനായതിനാല്‍ ആ സ്പര്‍ശന സുഖത്തെ അവഗണിച്ച് കൊണ്ട് എന്റെ യാത്ര തുടര്‍ന്നു...


പക്ഷെ എന്റെ മുന്‍പില്‍ നില്‍കുന്ന ഒരു മാന്യന്‍ ഞാനവിടെ നില്കുന്നത് ഇഷ്ടമില്ല എന്ന രീതിയില്‍ ഇടയ്ക്കിടയ്ക്ക് രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു... വണ്ടി ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ രണ്ടുമൂന്നു പേര്‍ ഇറങ്ങുകയും അത്രയും പേര്‍ കയറുകയും ചെയ്തു..ഇതിനിടയില്‍ ആ മാന്യന്‍ എന്നെ അവിടെനിന്നും മാറ്റാനെന്ന വണ്ണം അയാളുടെ പൊസിഷന്‍ ഒന്ന് ചേഞ്ച്‌ ചെയ്തു...പക്ഷെ അതോടെ പുറകില്‍ നിന്ന സുന്ദരിക്ക് കൂടുതല്‍ സ്ഥലം കിട്ടുകയും അവള്‍ എന്നോട് കൂടതല്‍ ചേര്‍ന്ന് നില്‍കുകയും ചെയ്തു.....ഉര്‍വശീ ശാപം വീണ്ടും ഉപകാരമായി....വണ്ടി കൂടുതല്‍ കുലുങ്ങാനും ഡ്രൈവര്‍ കൂടുതല്‍ ബ്രേക്ക്‌ ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു പോയി...(പട്ടാളക്കാരനായാലും ഞാനുമൊരു പുരുഷനല്ലേ....അതും യവ്വന യുക്തനായ പുരുഷന്‍??)


ഇതോടെ മാന്യന്‍ കൂടുതല്‍ രൂക്ഷമായി എന്നെ നോക്കാന്‍ തുടങ്ങി.. സുന്ദരിയായ ഒരു യുവതിയെ മുട്ടി ഉരുമ്മി യാത്ര ചെയ്യാന്‍ പറ്റാതെ പോവുകയും അടുത്ത്‌ നില്കുന്നവന്‍ അത് അനുഭവിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഒരു സാധാരണ പുരുഷന് തോന്നുന്ന വികാരമായി മാത്രം ഞാനത് കണക്കാക്കുകയും അദ്ദേഹത്തിന്റെ നോട്ടത്തെ ഒട്ടും മൈന്‍ഡ്‌ ചെയ്യാതെയും സുന്ദരിയുടെ മൃദുല സ്പര്‍ശനത്തെ അല്പാല്പമായി മൈന്‍ഡ് ചെയ്തും ഞാന്‍ എന്റെ യാത്ര തുടര്‍ന്നു..


ഇതിനിടയില്‍ ചേര്‍ത്തലയില്‍ നിന്നും കേറിയ മറ്റൊരു യുവതി കൂടി എന്റെ ഇടതു ഭാഗത്ത് നില്കാന്‍ തുടങ്ങി..അതോടെ മാന്യ ദേഹം 'രണ്ട് സുന്ദരികളും ഞാനും' എന്ന നോവലിലെ നായകനെപ്പോലെ നില്‍കുന്ന എന്നെ നോക്കി ഒരു ചോദ്യം..


"താനെന്താ പെണ്ണുങ്ങളുടെ ഇടയില്‍ കിടന്നു വെരകുന്നത്...മുന്‍പോട്ടു കേറി നിന്നു കൂടെ?"


ശെടാ ...യാതൊരു കുഴപ്പവും ഉണ്ടാക്കാതെ മാന്യമായി യാത്ര ചെയ്യുന്ന എന്നോട് ഇയാള്‍ എന്തിനിത്ര ചൂടാകണം? ഞാന്‍ നില്കുന്നത് മൂലം അയാള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല. തന്നെയുമല്ല എന്റെ ചുറ്റും നില്‍കുന്ന യുവതികള്‍ എന്നെപ്പറ്റി യാതൊരു പരാതിയും ഉന്നയിച്ചിട്ടുമില്ല. സ്ഥലമില്ലാത്ത ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അല്പം ബുദ്ധിമുട്ടൊക്കെ സഹിക്കേണ്ടി വരും ..അല്ലാത്തവര്‍ സ്വന്തം കാറോ ബസ്സോ ഒക്കെ വാങ്ങി യാത്ര ചെയ്യണം..എന്നൊക്കെ പറയാന്‍ തോന്നിയെങ്കിലും ഞാന്‍ സംയമനം പാലിച്ചു...എന്നിട്ട് പറഞ്ഞു..


"സാറേ മുന്‍പോട്ടു പോകാന്‍ ഒട്ടും സ്ഥലമില്ല... പിന്നെ എന്ത് ചെയ്യും..യാത്ര ചെയ്യണ്ടേ..."?


"അത് ശരി...അല്ലാതെ പെണ്ണുങ്ങളെ മുട്ടാനല്ല താന്‍ എവിടെ നില്കുനത് അല്ലെ? .എടൊ ഞാനിതൊത്തിരി കണ്ടതാ...തന്റെ രോഗം എനിക്കറിയാം...വേണമെങ്കില്‍ അതിപ്പോ തീര്‍ത്ത്‌ തരാം.."


അതോടെ എന്റെ കണ്‍ട്രോള്‍ വിട്ടു..."കണ്ടിട്ട് മാന്യനാണെന്ന് തോന്നുന്നല്ലോ എന്ന് കരുതിയാണ് ഞാനും മാന്യമായി സംസാരിച്ചത്‌... അപ്പോള്‍ താനെന്താ എന്നെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ? എന്നാലതൊന്നു കാണണമല്ലോ?" ഞാനും ശബ്ദമുയര്‍ത്തി..


ഇത് കണ്ടു അടുത്ത്‌ നിന്ന യുവതികള്‍ പെട്ടെന്ന് ഒതുങ്ങി നിന്നു...എന്നെ മുട്ടി നിന്ന യുവതി പേടിയോടെ അയാളെ നോക്കി...ബസ്സിലെ യാത്രക്കാര്‍ ശബ്ദം കേട്ട് എന്നെയും ആ മാന്യനേയും ശ്രദ്ധിച്ചുതുടങ്ങി...മുന്പിലായിരുന്ന കണ്ടക്ടര്‍ തന്റെ വലിയ ശരീരം ഉരുട്ടി ഞങളുടെ അടുത്തേയ്ക്‌ വന്നു..പോര് കോഴികളെപ്പോലെ പരസ്പരം നോക്കി എന്തിനും തയ്യാറായി നില്‍കുന്ന ഞങളെ നോക്കി കണ്ടക്ടര്‍ ചോദിച്ചു.."എന്താ കാര്യം..ങേ? "

"അല്ല സര്‍ ഞാന്‍ ഇവിടെ ഒരു ശല്യവുമുണ്ടാക്കാതെ വെറുതെ നിന്നതാ ..ഇയാള്‍ക്ക് അതിഷ്ടപെടുന്നില്ല... ഞാന്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയോ എന്ന് ഇവരോട് ചോദിക്കൂ..".ഞാന്‍ ആ യുവതികളെ നോക്കി കണ്ടക്ടരോട് പറഞ്ഞു..

"ഇയാള്‍ എറണാകുളം മുതല്‍ ഇവിടെത്തന്നെ നില്കുകയാ ..സ്ഥലം കിട്ടിയിട്ട് മാറുന്നുമില്ല...ഇവനെയൊക്കെ പിടിച്ച് പോലീസ്സില്‍ ഏല്പിക്കണം..അതാ വേണ്ടത്......"


"ആഹാ ..അതുശരി..അപ്പോള്‍ താനെന്നെ പോലീസ്സില്‍ ഏല്പിക്കും അല്ലെ? " എന്നിലെ പട്ടാളക്കാരന്‍ ഉണര്‍ന്നു..കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കു കൊണ്ട ഒരു വീര ജവാനെ പോലീസ്സിനെകൊണ്ട് പിടിപ്പിക്കുമെന്ന് കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല.. ഞാന്‍ കണ്ടക്ടരോട് പറഞ്ഞു.. സാര്‍ വണ്ടി നേരെ പോലീസ്സ് സ്റ്റെഷനിലെയ്ക് വിട്...ഒരു പട്ടാളക്കാരനെ യാതൊരു കാരണവുമില്ലാതെ പോലീസ്സിനെക്കോട് പിടിപ്പിക്കുമെങ്കില്‍ അതൊന്നു കാണണം..."


യാത്രക്കാര്‍ എന്റെ വീറും വാശിയും കണ്ടു അന്തം വിട്ടു...എന്നെ മുട്ടിനിന്ന യുവതികളുടെ മുഖത്ത്‌ ചെറിയ ഒരു ആരാധന നിഴലിച്ചതായി എനിക്ക് തോന്നി..പട്ടാളക്കാരന്‍ എന്ന് കേട്ടപ്പോള്‍ ആ മാന്യനും ഒന്ന് ഞെട്ടിയത് പോലെ...അപ്പൊ പേടിയുണ്ട് പട്ടാളത്തെ അല്ലെ?ഞാന്‍ മനസ്സില്‍ പറഞ്ഞു..


വണ്ടി ആലപ്പുഴയെത്തി...മാന്യന്‍ ഇറങ്ങി...കൂടെ യുവതിയും...ഇറങ്ങുന്നതിനു മുന്‍പ് അയാള്‍ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു..


ക്ഷമിക്കണം...പട്ടാളക്കാരന്‍ ആണല്ലേ...ഞാനും പട്ടാളത്തിലാ...ഇതെന്റെ ഭാര്യയാ...ഇയാളെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ല...ഞാന്‍ കരുതി..വല്ല വായില്‍ നോക്കിയും ആയിരിക്കുമെന്ന്...അത് കൊണ്ടാ ഞാന്‍ അങ്ങിനെയൊക്കെ പറഞ്ഞത്..


മാന്യന്‍ യുവതിയോടൊപ്പം മുട്ടിയുരുമ്മി നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചുപോയി....."എന്നെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാ..".

41 comments:

 1. സുന്ദരിയായ ഒരു യുവതിയെ മുട്ടി ഉരുമ്മി യാത്ര ചെയ്യാന്‍ പറ്റാതെ പോവുകയും അടുത്ത്‌ നില്കുന്നവന്‍ അത് അനുഭവിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍........

  ReplyDelete
 2. ഞാനിത് കമന്‍റ്‌ ബോക്സിന്‍റെ അവിടുന്നാ വായിച്ചേ, അങ്ങേരെ കുറ്റം പറയണ്ടാ, ആരായാലും ഇങ്ങനെ പ്രതികരിക്കാം:)

  ഒര്‍ജിനല്‍ പോസ്റ്റില്‍ അക്ഷരത്തിന്‍റെ നീല കളര്‍ ഭയങ്കരം, വായിക്കാന്‍ പറ്റണില്ല

  ReplyDelete
 3. രസകരമായി എഴുതിയിരിക്കുന്നു.മുകളിലെ കമന്റിൽ പറഞ്ഞത് ശരിയായ് തോന്നുന്നു.

  ReplyDelete
 4. നല്ല രസമുള്ള വായന....


  ആ ഫോണ്ടൊക്ക് ഒന്ന് വലുതാക്കിയേ വേഗം....

  ഇതേതാണ്ട് കുഴിയും കുത്തി അതിനകത്ത് ഇറങ്ങി നിന്ന് തോക്കും തലയും മാത്രം വെളിയിലിട്ട് നില്‍ക്കുന്ന പട്ടാളക്കാരെ പോലുള്ള ഫോണ്ട്.

  ഒന്ന് മാറ്റ് ചേട്ടാ , ആ അക്ഷരങ്ങളൊക്കെ ഒന്ന് നെഗളിച്ച് നില്‍ക്കട്ടെ.. ഇത് യുദ്ധാഭൂ‍മിയൊന്നും അല്ലല്ലോ?

  (അപ്പോ അത് താനായിരുന്നു അല്ലേ? എന്നൊരു കമന്റ് ഉടനെ വരാന്‍ പ്രാര്‍ത്ഥിക്കുന്നു)

  ReplyDelete
 5. പട്ടാളക്കാരനായാല്‍ ഇതു പോലെയൊക്കെ ഇരിയ്ക്കണം എന്ന് നിര്‍ബന്ധമുണ്ടോ ആവോ.

  :)

  ReplyDelete
 6. പ്രിയരേ
  ഇപ്പോള്‍ വായിക്കാന്‍ പറ്റുന്നുണ്ടാകും എന്ന് കരുതുന്നു...നിര്‍ദ്ദേശത്തിനു നന്ദി ...കമന്റിയ എല്ലാര്‍ക്കും "വിപ്ലവാഭിവാദ്യങ്ങള്‍..."

  ReplyDelete
 7. ഈ കളറ് കൂടി മാറ്റൂ... ഇതേതാണ്ട് പണ്ട് കോണ്‍ഗ്രസുകാര് നോട്ടീസടിക്കുന്നത് പോലെ.

  ആ മഷിയുടെ കളറും(നേര്‍പ്പിച്ചാലും മതി.. അങ്ങനെ ഒരു സ്വഭാവം ഇല്ലായിരിക്കും..വെള്ളമൊന്നും ചേര്‍ക്കതെയല്ലേ?) ഈ ഫോണ്ടും ഒന്ന് മാറ്റിയാ നന്നാവും

  ReplyDelete
 8. ഇപ്പോള്‍ എങ്ങനുണ്ട് കനലെ...

  (ശോ .....ഒരു പോസ്റ്റിട്ടാല്‍ എന്തെല്ലാം സഹിക്കണം..ഇവിടെ വൈകുന്നേരം കുടിക്കാന്‍ പറ്റില്ല അല്ലെങ്കില്‍ രണ്ടു പെഗ്ഗ് വെള്ളം തൊടാതെ വീശാമായിരുന്നു..)

  വിപ്ലവാഭിവാദ്യങ്ങള്‍ ഒരിക്കല്‍ കൂടി.....

  ReplyDelete
 9. ചാത്തനേറ്:“എന്റെ മുന്‍പില്‍ നില്‍കുന്ന ഒരു മാന്യന്‍ ഞാനവിടെ നില്കുന്നത് ഇഷ്ടമില്ല ”

  “ഞാനും പട്ടാളത്തിലാ...“

  “എന്നെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാ“

  ആ മാന്യനെ കണ്ടിട്ടും പട്ടാളത്തിലാണെന്ന് മനസ്സിലായില്ലാലോ... കൂട്ടി വായിച്ചാല്‍ അല്പം മാന്യത ഇല്ലാതെ നില്‍ക്കുന്ന ആളോള്‍ മാത്രെയുള്ളൂ പട്ടാളത്തില്‍ എന്നു വരുമോ-ഇതെന്റെ അഭിപ്രായമല്ലേ ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ എഴുത്തുകാരന്‍ പറഞ്ഞത് ഇങ്ങനെയാണെന്ന് തോന്നും.

  ReplyDelete
 10. പ്രിയ കുട്ടിച്ചാത്താ ............".കൂട്ടാതെ" ഒന്ന് വായിച്ചു നോക്കൂ...

  ReplyDelete
 11. അയ്യോ അയ്യോ അയ്യയ്യോ!

  ഇങ്ങനെ സ്വയം കളിയാക്കല്ലേ.....

  അപ്പോള്‍ ഹരിപ്പാട് എവിടേയാ വീടെന്നു പറഞ്ഞത്? മണ്ണാറാശാലയില്‍ വരുമ്പോ ഒന്നു മീറ്റ് ചെയ്യാനാ....

  ReplyDelete
 12. **** ചെറായി ബ്ലോഗ്‌ മഹായുദ്ധം - ഒരു പഠനം. ഇവിടെ വായിക്കാം ...

  ReplyDelete
 13. ഹി ഹി ബസ്സില്‍ വച്ച് അടി മേടിച്ചു പട്ടാളക്കാര്‍ക്ക് നാണക്കേട്‌ ഉണ്ടാക്കാതെ ഇരുന്നത് ഭാഗ്യം....
  ഇതിപ്പോ ആരെയും കുറ്റം പറയാന്‍ ഒക്കുല...ഒന്നും ചെയ്യാതെ നിന്ന മാഷെയോ.. ഒരു 'മാന്യന്‍' ഒന്നും ചെയ്യാതെ തന്റെ ഭാര്യയെ മുട്ടി ഉരുമ്മി നില്‍ക്കുന്നത് കണ്ടു അത് വരെ ക്ഷമിച്ചു നിന്ന ബസ്‌ മേറ്റ്‌ ഇനെയോ ...

  ReplyDelete
 14. reghuchetta, adipoli post, ethupole adipoli postukal niranju kaviyatte.. oru karyam chothikkatte, ethuvare pennukttiyille?

  seema

  ReplyDelete
 15. അരുണ്‍ , കനല്‍, ശ്രീ, സതീഷ്‌ , രമണിഗ, പ്രയാന്‍, സ്പൈഡര്‍, കണ്ണനുണ്ണി ..എല്ലാര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍....


  പ്രിയ സങ്കുചിതാ....
  മണ്ണാറാശാലയില്‍ വരാറുണ്ടോ...അമ്പലത്തിനടുത്ത് തന്നെയാണ് എന്റെ വീട്....
  ഇനി വരുമ്പോള്‍ ഞാന്‍ നാട്ടില്‍ ഉണ്ടെങ്കില്‍ കാണാം...

  വിപ്ലവാഭിവാദ്യങ്ങള്‍..

  സീമേ....എന്താ വല്ല പെണ്ണുങ്ങളും ഉണ്ടോ..??

  ഞാന്‍ പെണ്ണ് കണ്ടു മടുത്തു....ഇനി ഏതെങ്കിലും പെണ്ണ് ഇങ്ങോട്ട് വന്നു എന്നെ കെട്ടുമോ എന്ന് നോക്കട്ടെ ............

  വിപ്ലവാഭിവാദ്യങ്ങള്‍..

  ReplyDelete
 16. ഈ പോസ്റ്റ്‌ എഴുതിയ രഘുനാഥന് സ്പെഷ്യല്‍
  വിപ്ലവാഭിവാദ്യങ്ങള്‍.... ഹി ഹി ഹി

  ReplyDelete
 17. ക്യാപ്ടന്‍ സാബിനും അഭിവാദ്യങ്ങള്‍

  ReplyDelete
 18. രസിച്ചു പട്ടാളക്കാരാ-

  ReplyDelete
 19. അടി കൊള്ളാതെ രക്ഷപെട്ടത്‌ ഭാഗ്യം!! :)
  ആരെങ്കിലും ഒരാൾ ഒന്ന് കൈവെച്ചാൽ മതി, സംഭവം സ്ത്രീപീഢനം ആയത്‌ കൊണ്ട്‌, ബാക്കിയുള്ളോരെല്ലാം കൂടി മുതുകത്ത്‌ കേറി മേഞ്ഞേനെ. :)

  നന്നായിട്ട്‌ എഴുതിയിട്ടുണ്ട്‌. ആശംസകൾ !

  ReplyDelete
 20. കാട്ടിപ്പരുത്തിക്കും വശംവദനും വിപ്ലവാരിഷ്ടങ്ങള്‍ .. ക്ഷമിക്കണം വിപ്ലവാഭിവാദ്യങ്ങള്‍

  ReplyDelete
 21. കഥയുടെ പോക്ക് ഏതാണ്ടീ വഴിക്കാണെന്നു തോന്നിയെങ്കിലൂം അവസാനത്തോടടുത്തപ്പോൾ അൽ‌പ്പം ഗൺഫ്യൂഷ്യസ് അടിച്ചു. പോസ്റ്റ് ഇഷ്ടായി

  ReplyDelete
 22. നന്ദി..കുഞ്ഞായി....നന്ദി..ലക്ഷ്മി....

  രണ്ടു പേര്‍ക്കും വിപ്ലവാരിഷ്ടങ്ങള്‍..

  ReplyDelete
 23. ഒരു മാന്യന് മറ്റൊരു മാന്യനെ കണ്ടപ്പോള്‍ മുറുമുറുപ്പ് .തോക്ക് എടുക്കല്ലേ, ഞാന്‍ കൈ പൊക്കി:)
  ജയ് ജവാന്‍.

  ReplyDelete
 24. പ്രദീപേട്ടാ ശകലം വിപ്ലവാരിഷ്ടം എടുക്കട്ടെ???

  ReplyDelete
 25. അപ്പോള്‍ പട്ടാളക്കാര്‍ മൊത്തത്തില്‍ ഡീസന്റ് ആണെന്നു് അല്ലേ? വിപ്ലവാരിഷ്ടമല്ലാതെ വേറെ എന്തുണ്ട്‌ എടുക്കാന്‍.

  ReplyDelete
 26. പട്ടാളക്കാരെല്ലാം ഡീസെന്ററില്‍ ഡീസെന്ടാ ചേച്ചീ..മാത്തെമാറ്റിക്സില്‍ പറഞ്ഞാല്‍
  ഡീസെന്റ്‌ സ്കൊയര്‍...

  ലാല്‍ സലാം വേണമെങ്കില്‍ ഒരു ഔണ്‍സ് എടുക്കാം ..

  ReplyDelete
 27. രസമുള്ള ശൈലി. ആ പട്ടാളക്കാരന് അയ്യാടെ ഭാര്യയോടു പറഞ്ഞൂടാരുന്നോ മാറി നിക്കാന്‍?

  ReplyDelete
 28. നന്ദി സോമേട്ട... എന്താ വേണ്ടേ? വിപ്ലവാരിഷ്ടം? ലാല്‍ സലാം??

  ReplyDelete
 29. കൊള്ളാം ഒരു വേറിട്ട വായന..... നന്ദി....

  ReplyDelete
 30. നന്ദി ..സന്ദീപിനും ഫൈസലിനും ഒരു പെഗ്ഗ് വിപ്ലവാരിഷ്ടങ്ങള്‍

  ReplyDelete
 31. ബസിലും തീവണ്ടിയിലും ടിവി - കമ്പ്യൂട്ടര്‍ ഒന്നും ഇല്ലല്ലോ അപ്പൊ ഒരു ടൈം പാസ്‌

  ReplyDelete
 32. കൊള്ളാം കൊള്ളാം...

  ReplyDelete
 33. നന്ദി....റോമിസിനും, ഗന്ധര്‍വ്വനും സുവിക്കും ഓരോ പെഗ്ഗ് വിപ്ലവാരിഷ്ടങ്ങള്‍..

  ReplyDelete
 34. എന്തായാലും രക്ഷപ്പെട്ടു. : ജനങ്ങൾ കൈവെക്കുന്നതിനു മുന്നെ പട്ടാളമാണെന്ന് ബോധിപ്പിച്ചതിനാൽ അടുത്ത പോസ്റ്റിടാൻ പറ്റിയല്ലോ. അല്ലെങ്കിൽ വാൾപോസ്റ്റായാനേ.. :)

  ReplyDelete
 35. കൊള്ളാം നന്നായിരിക്കുന്നു
  താങ്കളുടെ പഴയ പോസ്റ്റുകള്‍
  മുങ്ങി തപ്പി കൊണ്ടിരിക്കുകയാണ്

  ReplyDelete