Tuesday, January 19, 2010

ഓപ്പറേഷന്‍ ദശമൂലാരിഷ്ടം

രാവിലെ ആറു മണിക്ക് ബെഡ് കോഫി, എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ് , പത്തു മണിക്ക് ചായ (വിത്ത്‌ കടി), കൃത്യം ഒരു മണിക്ക് ഉച്ചയൂണ്, വൈകിട്ട് നാലുമണിക്ക് ചായ (വിത്ത് ഔട്ട്‌ കടി), രാത്രി എട്ടരയ്ക്കും ഒന്‍പതിനുമിടയില്‍ അത്താഴം. ഇതാണ് പട്ടാളത്തില്‍ ആയിരുന്നപ്പോഴുള്ള എന്റെ ശാപ്പാട് കാര്യക്രമം.


രാവിലെ അഞ്ചു മണിക്ക് ബെഡ് കോഫീ (ഭാര്യ ഉണര്‍ന്നെങ്കില്‍ മാത്രം) ഒന്‍പതിനും പത്തിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് (ഞാന്‍ ഉണര്‍ന്നെങ്കില്‍ മാത്രം) ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചയൂണ് (അപ്പോഴേയ്ക്കും റെഡി ആയെങ്കില്‍ മാത്രം) നാല് മണിക്ക് ചായ (കിട്ടിയാല്‍ മാത്രം) വൈകിട്ട് ഒന്‍പതിനും പത്തിനുമിടയില്‍ അത്താഴം (കുട്ടികളുടെ പഠനം തീര്‍ന്നെങ്കില്‍ മാത്രം) ഇതാണ് എന്റെ ഇപ്പോഴത്തെ ഭക്ഷണ ക്രമം.


അത്താഴം കഴിക്കുന്നതിന്റെ മുന്‍പ്, "ദശമൂലാരിഷ്ടം" എന്ന് ഞാന്‍ ഓമനപ്പേരിട്ട് വിളിക്കുന്നതും പട്ടാളക്കാരന്റെ ആരോഗ്യ പരിപാലനത്തിനായി പട്ടാള ക്യാന്റീന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്നതുമായ "റം" എന്ന "ആരോഗ്യ സംവര്‍ദ്ധക പാനീയം" അല്പം ഞാന്‍ സേവിക്കാറുണ്ട്.


എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ താത്പര്യം ഇല്ലാത്തത് കൊണ്ടാണോ അതോ പാനീയം കഴിച്ചതിനു ശേഷം എന്റെ ആരോഗ്യം കണ്ടമാനം കൂടുന്നത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയത്തിനോട് എന്റെ ഭാര്യയ്ക്ക് തീരെ മതിപ്പ് പോരാ എന്ന് ഈയിടയായി എനിക്കൊരു തോന്നല്‍ .!!


അതിനു കാരണമുണ്ട്...


ഞാന്‍ അലമാരിയില്‍ വച്ചിരുന്ന റമ്മിന്റെ കുപ്പി രണ്ടു ദിവസമായി കാണുന്നില്ല !!


തന്നെയുമല്ല തൊട്ടു കൂട്ടാനുള്ള അച്ചാര്‍, കൊറിക്കാനുള്ള ചിപ്സുകള്‍ എന്നിവ ഇരുന്നിരുന്ന സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതൊക്കെ എവിടെ എന്ന് ചോദിക്കുമ്പോള്‍ ഭാര്യയുടെ മുഖത്തു മുരളീധരനെ കാണുന്ന രമേശ്‌ ചെന്നിത്തലയുടെ ഭാവം.


വൈകുന്നേരം പതിവുള്ള ആരോഗ്യ സംവര്‍ദ്ധക പാനീയവും അത് സേവിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും എന്റെ എതിര്‍ കക്ഷിയായ ഭാര്യ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്ന് താമസം വിനാ എനിക്ക് മനസ്സിലായി.


ദശമൂലാരിഷ്ടത്തിന്റെ കുപ്പി വൈകുന്നേരം ഞാന്‍ സേവ തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പാണ് അപ്രത്യക്ഷമാകുന്നത് എന്നുള്ള തന്ത്ര പ്രധാനമായ രഹസ്യവും എന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നും വെളിവായി.



സ്ഥിരമായി കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയം അപ്രതീക്ഷിതമായി നിന്നതോടെ എന്റെ ആരോഗ്യത്തിനു സാരമായ കേടുപാടുകള്‍ വന്നിരിക്കുന്നതായി ഞാന്‍ ശങ്കിച്ചു.


ഉറക്കം കുറഞ്ഞു. ദഹനം കുറഞ്ഞു. രാവിലെ കക്കൂസ്സില്‍ പോയി പാട്ടും പാടി ഇരിക്കാമെന്നല്ലാതെ കാര്യങ്ങള്‍ക്ക് ഒരു "നീക്കു പോക്ക് " ഉണ്ടാവുന്നില്ല.



കുട്ടികളോട് "ശരീര വേദനയ്ക്കുള്ള അരിഷ്ടമാണ് പപ്പാ കുടിക്കുന്നത് " എന്ന് ഞാന്‍ പറയാറുള്ള ഈ ആരോഗ്യ സംവര്‍ദ്ധക പാനീയം ഇഷ്ടം പോലെ ഉപയോഗിക്കുവാന്‍ ഏതു പട്ടാളക്കാരനും അവകാശമുണ്ട്‌. അതിനുള്ള അനുമതിയുമുണ്ട്.


അതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ക്യാന്റീന്‍ വഴിയായി മിതമായ വിലയില്‍ അത് പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.


അപ്പോള്‍ ഒരു മുന്‍ പട്ടാളക്കാരനെ അവന്റെ ആരോഗ്യ പരിപാലനം ചെയ്യുന്നതില്‍ നിന്നും തടയുന്നത്, അത് സ്വന്തം ഭാര്യ ആയാല്‍ പോലും തെറ്റല്ലേ?


അതെ എന്ന് ഞാന്‍ തീര്‍ത്ത്‌ പറയുന്നു. അക്ഷന്തവ്യമായ തെറ്റ്. ഇത് അനുവദിച്ചു കൂടാ. ഞാന്‍ തീരുമാനിച്ചു..


പക്ഷെ എതിര്‍ കക്ഷി എനിക്ക് വേണ്ടപ്പെട്ട ആളാണ്‌ . അവരോടു തന്ത്രപരമായ രീതിയില്‍ മാത്രമേ ഇടപെടാന്‍ പറ്റൂ.


മാത്രമല്ല മേല്‍പടി കക്ഷി എന്റെ അന്നദാദാവും കൂടിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ കഞ്ഞികുടി മുട്ടും. അപ്പോള്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ചു ഒരു തന്ത്രം മെനയണം.


ഞാന്‍ ആലോചിച്ചു. നിന്നും കിടന്നും തലകുത്തി നിന്നും ആലോചിച്ചെങ്കിലും തല പുകഞ്ഞതല്ലാതെ കത്തിയില്ല.


ഒടുവില്‍ വൈകിട്ട് നാല് മണിയോടെ കത്തി. ഉഗ്രന്‍ ഐഡിയ. നേരം ഒട്ടും കളയാതെ ഞാന്‍ "ഓപ്പറേഷന്‍ ദശമൂലാരിഷ്ടം" തുടങ്ങി....



വൈകുന്നേരം കുളിയും മറ്റും കഴിഞ്ഞു ഞാന്‍ വന്നപ്പോള്‍ ഭാര്യ ടി വിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണുന്നു. കുട്ടികള്‍ അകത്തെ മുറിയില്‍ ഇരുന്നു പഠിക്കുന്നു..


"അമ്പടി. ഒരു "സ്റ്റാര്‍ ഡ്രിങ്കറെ" മൈന്‍ഡ് ചെയ്യാതെ നീ "സ്റ്റാര്‍ സിംഗര്‍ " കാണുകയാണ് അല്ലെ? കണ്ടോ. കണ്ടോ . ഇപ്പൊ ശരിയാക്കിത്തരാം". ഞാന്‍ മനസ്സില്‍ പറഞ്ഞു.


പൂജയും പ്രാര്‍ഥനയും കഴിഞ്ഞു . എന്റെ സേവയുടെ സമയം അടുത്തിരിക്കുന്നു. അത് മനസ്സിലാക്കിയ ഭാര്യ ടി വിയുടെ വോളിയം കൂട്ടി കൂടുതല്‍ താല്പര്യത്തോടെ കാണാന്‍ തുടങ്ങി. ഞാനും ടി വിയുടെ മുന്‍പില്‍ ആസനസ്ഥനായി. ഒരു കൊച്ചു പയ്യന്‍ സംഗതികള്‍ ചോര്‍ന്നു പോകാതെ ഷഡ്ജം മുറുക്കിയുടുത്തു പാടുന്നു..


"നീയറിഞ്ഞോ മേലെ മാനത്തു ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ടേ" ...ഞാന്‍ ഭാര്യയെ നോക്കി. അവള്‍ ആ നോട്ടം ഒട്ടും മൈന്‍ഡ് ചെയ്യാതെ ടി വിയില്‍ ശ്രദ്ധിച്ചിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.


"എനിക്ക് കുടിക്കാന്‍ കുറച്ചു തണുത്ത വെള്ളം തരൂ. കൂടുതല്‍ വേണ്ടാ. ഒരു അര ഗ്ലാസ് മതി . വല്ലാത്ത ദാഹം"


"ഹും.. നിങ്ങളുടെ ദാഹത്തിന്റെ കാരണം എനിക്ക് മനസ്സിലായി, ദശമൂലാരിഷ്ടം കുടിക്കാത്തതിന്റെ ദാഹമാണല്ലേ" എന്ന ഭാവത്തില്‍ അവള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി . എന്നിട്ട് ടി വിയുടെ റിമോട്ട് സോഫയിലേക്ക് ദേഷ്യത്തോടെ ഇട്ടിട്ടു അടുക്കളയില്‍ പോയി ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊണ്ട് വന്നു.


"ഇന്നാ അര ഗ്ലാസല്ല ഒരു ഗ്ലാസ് കുടിക്ക്. ദാഹം തീരട്ടെ " അവള്‍ കല്പിച്ചു.


അത് വാങ്ങി ഒരു ഞാന്‍ കവിള്‍ കുടിച്ചു. എന്നിട്ട് പറഞ്ഞു.


"ഹോ വെള്ളത്തിനു ഭയങ്കര തണുപ്പ് " ആ ജഗ്ഗിലിരിക്കുന്ന വെള്ളവും ഒരു ഗ്ലാസ്സും കൂടി എടുക്ക്. മിക്സ് ചെയ്തു കുടിക്കട്ടെ " ഞാന്‍ ഭാര്യയോട്‌ വീണ്ടും ആവശ്യപ്പെട്ടു.


അവള്‍ രൂക്ഷമായി എന്നെ വീണ്ടും നോക്കിയിട്ട് അകത്തു പോയി ഒരു ഗ്ലാസ്‌ കൂടി എടുത്തു കൊണ്ട് വന്നു. എന്നിട്ട് ഫ്രീ റേഷന്‍ വാങ്ങാന്‍ ചെല്ലുന്ന ബി പി എല്‍ കാര്‍ക്ക് അരി കൊടുക്കുന്ന റേഷന്‍ കടക്കാരനെപ്പോലെ ജഗ്ഗും ഗ്ലാസ്സും എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി രണ്ടു ഗ്ലാസ്സിലുമായി ഒഴിച്ച് അല്പാല്പമായി ആസ്വദിച്ചു കുടിച്ചു തുടങ്ങി..


പതിവായി കഴിക്കുന്ന ദശമൂലാരിഷ്ടത്തിനു പകരം പച്ച വെള്ളം ചവച്ചു കുടിക്കുന്ന എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് ഭാര്യ സന്തോഷത്തോടെ വീണ്ടും സ്റ്റാര്‍ സിംഗര്‍ കാണാന്‍ തുടങ്ങി.


അപ്പോള്‍ ഫ്രിഡ്ജിലെ വെള്ളക്കുപ്പികള്‍ മാറ്റി പകരം ഞാന്‍ വച്ച വൈറ്റ് റമ്മിന്റെ കുപ്പി പകുതി കാലിയായിരുന്നു..

63 comments:

  1. ഞാന്‍ അലമാരിയില്‍ വച്ചിരുന്ന റമ്മിന്റെ കുപ്പി രണ്ടു ദിവസമായി കാണുന്നില്ല !

    ReplyDelete
  2. രാവിലെ ആറു മണിക്ക് ബെഡ് കോഫി, എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ് , പത്തു മണിക്ക് ചായ (വിത്ത്‌ കടി), കൃത്യം ഒരു മണിക്ക് ഉച്ചയൂണ്, വൈകിട്ട് നാലുമണിക്ക് ചായ (വിത്ത് ഔട്ട്‌ കടി), രാത്രി എട്ടരയ്ക്കും ഒന്‍പതിനുമിടയില്‍ അത്താഴം. ഇതാണ് പട്ടാളത്തില്‍ ആയിരുന്നപ്പോഴുള്ള എന്റെ ശാപ്പാട് കാര്യക്രമം.


    രാവിലെ അഞ്ചു മണിക്ക് ബെഡ് കോഫീ (ഭാര്യ ഉണര്‍ന്നെങ്കില്‍ മാത്രം) ഒന്‍പതിനും പത്തിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് (ഞാന്‍ ഉണര്‍ന്നെങ്കില്‍ മാത്രം) ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചയൂണ് (അപ്പോഴേയ്ക്കും റെഡി ആയെങ്കില്‍ മാത്രം) നാല് മണിക്ക് ചായ (കിട്ടിയാല്‍ മാത്രം) വൈകിട്ട് ഒന്‍പതിനും പത്തിനുമിടയില്‍ അത്താഴം (കുട്ടികളുടെ പഠനം തീര്‍ന്നെങ്കില്‍ മാത്രം) ഇതാണ് എന്റെ
    ഇപ്പോഴത്തെ ഭക്ഷണ ക്രമം.


    ഇത്ര വായിച്ചപ്പോഴെ “പൈസ മുതലായി” (പണ്ട് ഉച്ചപ്പടം കാണാന്‍ പോയിരുന്ന ഓര്‍മ്മയില്‍ പറഞ്ഞതാണ്)

    ReplyDelete
  3. പട്ടാളക്കാരാ... തമാശക്കാരാ.. കൊള്ളാലോ വൈകീട്ടത്തെ പരിപാടി. പിന്നെ അക്ഷരങ്ങളുടെ സൈസ് അല്‍പം കൂടെ കൂട്ടിക്കൂടേ?
    ആശംസകളോടെ.

    ReplyDelete
  4. ഹഹ....കൊള്ളാം....കൊള്ളാം.....
    നടക്കട്ടെ.......................................

    ReplyDelete
  5. അപ്പൊ ഇനി വീട്ടിൽ വന്നാൽ ഫ്രിഡ്ജിൽ നിന്നു തണുത്ത വെള്ളം മതീട്ടോ... :)

    പതിവുപോലെ പട്ടാളം കീഴടക്കിക്കളഞ്ഞു

    ReplyDelete
  6. അടിപൊളി!

    അപ്പോ...
    ഒരു ചിന്ന തംശയം...
    ദാഹം വരുമ്പോൾ ഭാര്യയും തണുത്തവെള്ളം കുടിക്കാൻ തുടങ്ങിയോ...!?

    ReplyDelete
  7. best idea !
    dasamoola white rum!!

    ReplyDelete
  8. ഹ..ഹ..ഞാൻ ചോദിക്കാൻ വന്നതാ ജയൻ ഏവൂർ ചോദിച്ചത് !

    ReplyDelete
  9. അപ്പോള്‍ ഫ്രിഡ്ജിലെ വെള്ളക്കുപ്പികള്‍ മാറ്റി പകരം ഞാന്‍ വച്ച വൈറ്റ് റമ്മിന്റെ കുപ്പി പകുതി കാലിയായിരുന്നു..

    ഹഹഹ... കലക്കി.

    ReplyDelete
  10. ദൈവമേ... കുട്ടികള്‍ക്ക് ദാഹിക്കാതിരുന്നാ മതിയായിരുന്നു....

    ReplyDelete
  11. ഹിഹിഹിഹിഹിഹിഹിഹിഹിഹി....

    ഈ കുടിയും മുട്ടാൻ അധിക നാളുകൾ വേണ്ട..

    പുതിയ എന്തെങ്കിലും നമ്പരു കണ്ടു വച്ചോ:):):)

    ReplyDelete
  12. നുമ്മടെ നാട്ടില്‍ ഒരു ചങ്ങായി മേശപ്പുറത്തിരുന്ന് ആസിഡ് കുപ്പിയെടുത്ത് വെള്ളമാണെന്നു കരുതി കുടിച്ചു റെഡിയായ സംഭവം ഉണ്ട്. അതുകൊണ്ട് കുപ്പി മാറ്റുന്നത് സൂക്ഷിച്ചു വേണേ പട്ടാളം.

    കഥ രസിച്ചു

    ReplyDelete
  13. "ഭാര്യയുടെ മുഖത്തു മുരളീധരനെ കാണുന്ന രമേശ്‌ ചെന്നിത്തലയുടെ ഭാവം." അണ്ണാ അമറന്‍ ഹിഹിഹി ... അപ്പൊ അടിക്കുന്നത് ഒകെ കൊള്ളാം ... ലാസ്റ്റ് പോസ്റ്റ്‌ ഇടാന്‍ വമാഭാഗത്തോട്‌ കൈ തല്ലി ഓടിക്കരുത് എന്ന് പറയണം ഹിഹിഹി

    ReplyDelete
  14. ഭാര്യക്ക് സൈനസ്സിന്റെ അസുഖമുണ്ട് വേഗം ഡോക്ടറെ കാണിക്ക് മണം തിരിച്ചറിയാന്‍ വയ്യാത്ത സ്റ്റേജ് ആയി,
    മര്യാദ രാമനായി ലേശം തണുത്ത വെള്ളം കുടിക്കുന്ന കണ്ടിട്ടും ശ്രീമതിക്ക് ഒന്നും തോന്നീല്ലേ?
    എന്തായാലും പോസ്റ്റ് നന്നായി!
    ഒരു ചിരിക്ക് ഉള്ള വക..

    ReplyDelete
  15. പക്ഷേ ഭാര്യയും മക്കളും ഫ്രിഡ്ജിലെ വെള്ളം എടുത്ത് കുടിച്ചാല്‍ കളി മാറും :)

    ReplyDelete
  16. ഹിഹി..വന്നതിനും അഭിപ്രായിച്ചതിനും നന്ദി മോട്ടേട്ടാ

    ReplyDelete
  17. നന്ദി ഫസലേ ..ഫോണ്ട് സൈസ് കൂട്ടാമോ എന്ന് നോക്കട്ടെ..

    ReplyDelete
  18. നന്ദി പ്രവീണേ...തണുത്ത വെള്ളം ഇഷ്ടംപോലെയുണ്ട് .. വന്നാല്‍ തരാം

    ReplyDelete
  19. നന്ദി ഡോക്ടര്‍ സാറേ...വെള്ളത്തിന്റെ അളവ് ഞാനറിയാതെ കുറയുന്നുണ്ടോ എന്ന് എനിക്കും ചെറിയ തംശയമുണ്ട്.

    ReplyDelete
  20. നന്ദി ബിന്ദു ചേച്ചി..ഡോക്ടര്‍ക്ക്‌ കൊടുത്ത മറുപടിയുടെ കോപ്പി ചേച്ചിക്കും തരുന്നു..ഹി ഹി

    ReplyDelete
  21. നന്ദി കൊസ്രാ കൊള്ളി..സംഭവം ഉടനെ തന്നെ ഫ്രിഡ്ജില്‍ നിന്നും മാറ്റിക്കളഞ്ഞു..

    ReplyDelete
  22. നന്ദി രഞ്ജിത് സാര്‍

    ReplyDelete
  23. ഹി ഹി നന്ദി ചാണൂ..അടുത്ത ഐഡിയ കിട്ടിയാല്‍ ഉടനെ എഴുതാം..

    ReplyDelete
  24. നന്ദി അച്ചായാ ...ഹി ഹി ഹി

    ReplyDelete
  25. നന്ദി മാണിക്യം ചേച്ചി
    ഐഡിയ സ്റ്റാര്‍ സിംഗര്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ക്കു "എസ് എം എസ്" പ്രാന്താ...പിന്നെ എങ്ങനെ മണമറിയും?

    ReplyDelete
  26. പട്ടാളകാരാ ...ഭയകരാ..സൂപ്പര്‍ തല..ശോ....
    സ്റ്റാര്‍ ഡ്രിങ്കറെ -> അടിപൊളി...
    പിന്നെ, ജീവിതം ഇങ്ങനെ ആയതു കൊണ്ട് തിരിച്ചു പട്ടാളത്തില്‍ പോകാന്‍ തോനോന്നോ ?

    ReplyDelete
  27. മിടുക്കന്‍!!
    വീട്ടുകാരുടെ കൂടെ ചോറുണ്ടപ്പോ മുമ്പിലിരിക്കുന്ന മൊന്തയിലെ കരിങ്ങാലി വെള്ളത്തില്‍ എം.എച്ച് ചേര്‍ത്ത് കഴിച്ച ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാന്‍ പറ്റി :)

    ReplyDelete
  28. രണ്ടു പെഗ്ഗോക്കെ കഴിക്കാം എന്ന ഡോക്ടറുടെ വാക്ക് ഭാര്യയോട്‌ പറഞ്ഞു
    ഒരു പൈന്റാണ് ഒരു പെഗ്ഗനുന്നു പറഞ്ഞു പറ്റിച്ച എന്‍റെ പ്രിയ സുഹൃത്തിനെ ഓര്‍ത്തു ..
    അപ്പൊ വൈറ്റ് രംമിലാണ് പ്രയോഗം മിടുക്കന്‍
    best wishes

    ReplyDelete
  29. പക്ഷെ എതിര്‍ കക്ഷി എനിക്ക് വേണ്ടപ്പെട്ട ആളാണ്‌ . അവരോടു തന്ത്രപരമായ രീതിയില്‍ മാത്രമേ ഇടപെടാന്‍ പറ്റൂ.

    മാത്രമല്ല മേല്‍പടി കക്ഷി എന്റെ അന്നദാദാവും കൂടിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ കഞ്ഞികുടി മുട്ടും. അപ്പോള്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ചു ഒരു തന്ത്രം മെനയണം.

    അത് കലക്കി രഘു അണ്ണാ, അല്ല ചേച്ചിക്ക് പിന്നീടു മനസിലായാതെ ഇല്ലേ ??

    ReplyDelete
  30. adutha divasam karingali vellam fridgeil vakkam.. thanuppichu kudikkavallo..

    ReplyDelete
  31. കഞ്ഞികുടി മുട്ടിക്കാതെയുള്ള ആരോഗ്യപരിപാലനം കൊള്ളാം.

    റിയാലിറ്റി ഷോ നടക്കുമ്പൊ തന്നെയാണ് ഇത്തരം നമ്പരുകൾ പ്രയോഗിക്കാൻ പറ്റിയ സമയം. :)

    ആശംസകൾ

    ReplyDelete
  32. ഹ ഹ ഹ ...അപ്പോള്‍ അതാണ് പരിപാടി അല്ലെ

    ReplyDelete
  33. വൈറ്റ് റം ആണേലും...ഡ്രൈ അടിച്ചാ...വയറു കത്തി പോകുവേ...പട്ടാളക്കാരാ :)

    ReplyDelete
  34. ഒരു സംശയം , ഭാര്യ ബ്ലോഗ് വായിച്ചാല്‍ സം ഗതി പൊളിയില്ലേ?

    എന്തായാലും കലക്കി

    ReplyDelete
  35. നന്ദി...ക്യാപ്ടാ ...ഇനി എതായാലും പോകുന്നില്ല..ഹ ഹ

    ReplyDelete
  36. നന്ദി സൂപ്പര്‍ ഫാസ്റ്റ് ......

    ReplyDelete
  37. നന്ദി കുറുപ്പേ...പിന്നേ.. മനസ്സിലായി..പക്ഷെ അപ്പോഴേയ്ക്കും കുപ്പി തീര്‍ന്നില്ലേ...

    ReplyDelete
  38. ഹ ഹ നന്ദി കിഷോര്‍

    ReplyDelete
  39. അതേ വശംവദാ ..ശരിയാണ്...റിയാലിറ്റി ഷോ എന്ന് കേട്ടാല്‍ പെണ്ണുങ്ങള്‍ എല്ലാം മറക്കും..ഹ ഹ

    ReplyDelete
  40. പോണ്ടാട്ടിയെ കൂടി കുടി പഠിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പം ആവില്ലേ? അടുകളയില്‍ നിന്ന് ബാറിലേക്ക് എന്നൊരു പോസ്റ്റും ഇടാന്‍ വകുപ്പുണ്ട്. :) ചുമ്മാ പറഞ്ഞതാണെ വെടി വെക്കരുത്.

    ReplyDelete
  41. പ്രിയ ലംബാ ...
    ഇപ്പോള്‍ കിട്ടുന്നത് എനിക്ക് തന്നെ തികയുന്നില്ല. അപ്പോള്‍ പൊണ്ടാട്ടി കൂടി കുടി തുടങ്ങിയാല്‍ എന്റെ കാര്യം കട്ടപ്പുകയാവില്ലേ?
    വായനയ്ക്കും കമന്റിനും നന്ദി..

    ReplyDelete
  42. ന്‍റെ മാഷേ ഇത്തരം നമ്പറുകളൊക്കെ മ്മള് സ്റ്റാര്‍ ഡ്രിങ്കേര്‍‌സ് പരസ്യാക്കാമ്പാടുണ്ടോ? ഇപ്പഴായിട്ട് ഭാര്യമാരും ബ്ലോഗ് വായിക്കാന്‍ തുട്ങ്ങിയിട്ടുണ്ടേ.
    പോസ്റ്റ് കലക്കീട്ടാ :)

    ReplyDelete
  43. ഹ ഹ മൈ ഡിയര്‍ "കോ-ഡ്രിങ്കര്‍" ബിനോയീ
    നന്ദി...

    ReplyDelete
  44. ഹ ഹാ കിടിലം..പണ്ട്‌ എന്റെ അനിയൻ ചങ്ങായിക്ക്‌ പറ്റിയ അമളി ഇതുപോലാണ്‌. ചങ്ങാതിക്ക്‌ ഒരു സ്മാളടിക്കണമെന്ന ഉൾവിളിയുണ്ടായി ഒരു സ്മാൾ ബ്രാണ്ടിയും വെള്ളമാണെന്നു കരുതി വൈറ്റ്‌ റമ്മും ചേർത്ത്‌ ചാമ്പി. അത്യാഹിതമൊന്നും സംഭവിച്ചില്ല..രണ്ടുദിവസം തുടർച്ചയായി കിടന്നുറങ്ങിയതൊഴിച്ചാൽ!

    ReplyDelete
  45. ഹ ഹ നന്ദി കിടങ്ങൂരാനെ..അപ്പൊ ഈ വൈറ്റ് റം ആള് കുഴപ്പക്കരനാ അല്ലേ

    ReplyDelete
  46. ഇനി മുതല്‍ കോള കുപ്പിയില്‍ നിറച്ചുവേച്ചാല്‍ മതി. പിള്ളാര്‍ എടുത്ത്‌ അടിക്കാതെ നോക്കണേ.

    ReplyDelete
  47. ശൊ! ഞാന്‍ ചോദിക്കാന്‍ വന്നത്‌ ജയേട്ടന്‍ ചോദിച്ചു!
    എന്നാല്‍ എന്താ? പോസ്റ്റ്‌ അടിപൊളി! ഒരു പഴയ പട്ടാളക്കാരനു ജീവിക്കാന്‍ ഇത്രേം ബുദ്ധിമുട്ടുണ്ടാവും എന്നു കരുതിയില്ലട്ടൊ!

    ReplyDelete
  48. നന്ദി കൃഷേ..ഹഹ നല്ല ഐഡിയ തന്നെ..

    ReplyDelete
  49. നന്ദി ചിതല്‍...എന്ത് ചെയ്യാം പട്ടാളക്കാരന്‍ ആയിപ്പോയില്ലേ? ഹി ഹി

    ReplyDelete
  50. പട്ടാളക്കാരന്‍ന്റ്റെ യുദ്ധ തന്ത്രം
    വീട്ടിലും ഗുണം ചെയ്തു

    ReplyDelete
  51. അടിപൊളി. എഴുത്തിലൊക്കെ ഒരു ബഷീര്‍ ടച്ച്‌ ഉള്ളതുപോലെ.
    :)

    ReplyDelete