Tuesday, April 20, 2010

ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരി

രാവിലെ ഞാന്‍ കണ്ണും തിരുമ്മി എഴുനേറ്റു വരുമ്പോള്‍ മിക്കവാറും കണി കാണുന്നത്, പത്രക്കാരന്‍ റോഡില്‍ നിന്നും വീടിന്റെ വരാന്തയിലേയ്ക്കു വലിച്ചെറിയുമ്പോള്‍ ലക്‌ഷ്യം തെറ്റി മുറ്റത്തു നടുവടിച്ചു വീണ് അവശ നിലയില്‍ ചുരുണ്ട് കിടക്കുന്ന ന്യൂസ്‌ പേപ്പറാണ്.ചിലപ്പോള്‍ പത്രം കിടക്കുന്നത് മുറ്റത്തോട് ചേര്‍ന്നുള്ള വഴിയരികില്‍ ആയിരിക്കും. അങ്ങിനെയാണെങ്കില്‍ ഞാന്‍ വായിക്കുന്നതിനു മുന്‍പ് ആ വഴി പോകുന്ന പലരും എന്റെ വീടിന്റെ മുറ്റത്തേയ്ക്ക് എത്തി നോക്കി ഉമ്മറത്ത് ആരുമില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അതെടുത്തു വിടര്‍ത്തി "വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍‍‍" വായിച്ചിട്ട് വീണ്ടും അവിടെത്തന്നെ ഇട്ടിട്ടു പോകാറുണ്ട്.പത്രം കിട്ടിയാലുടന്‍ ഒറ്റ ഇരുപ്പില്‍ തന്നെ മുഴുവന്‍ വായിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്‌.എങ്കില്‍ മാത്രമേ ഒന്ന്, രണ്ട് മുതലായ പ്രാഥമിക ക്ലാസ്സുകളില്‍ പോകാനുള്ള തോന്നല്‍ എനിക്കുണ്ടാവുകയുള്ളൂ .!!അങ്ങിനെയാണെങ്കില്‍ പൊതുവായ അവധി ദിവസങ്ങളിലും ഹര്‍ത്താല്‍ ദിനത്തിലും "ഇയ്യാള്‍ ഒന്നിനും രണ്ടിനും പോകാറില്ലേ" എന്ന് എന്നോട് കൂടുതല്‍ സ്നേഹമുള്ള ചില മാന്യ വായനക്കാര്‍ ചോദിച്ചേക്കാം..തീര്‍ച്ചയായും പോകും. ബാലരമയോ കളിക്കുടുക്കയോ വായിച്ചാല്‍ മതി. കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു പോകും.പക്ഷെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ബാലരമയോ കളിക്കുടുക്കയോ കിട്ടാതിരുന്ന ഞാന്‍ അവിടെ കിടന്ന ഒരു "ബുദ്ധി ജീവി ആഴ്ചപ്പതിപ്പ്" അബദ്ധത്തില്‍ വായിച്ചു കുഴപ്പത്തില്‍ ചാടിയതാണ് .


ദൈവമേ. അന്ന് ഞാന്‍ പെട്ട പാട് !!ഒടുവില്‍ സംഗതി ഒന്ന് റെഡി ആയി കിട്ടാന്‍ വേണ്ടി "വയറിളക്കാനുള്ള ആയുര്‍വ്വേദ ചൂര്‍ണം" ചെറു ചൂടുവെള്ളത്തില്‍ കലക്കി മൂന്നു നേരം സേവിക്കേണ്ടി വന്നു !


അതാണ്‌ ഞാനും വായനയുമായുള്ള ബന്ധം.അങ്ങനെ പതിവായുള്ള പത്രപാരായണത്തിനായി കണ്ണടയും ഫിറ്റു ചെയ്തു വരാന്തയിലെത്തിയ ഞാന്‍ ഞെട്ടി..പത്രം കാണാനില്ല. അതിന്റെ കൂടെ വന്ന സപ്ലിമെന്റ് മാത്രം വഴിയില്‍ കിടക്കുന്നു...!!എഴുനേറ്റാലുടനെ പേപ്പര്‍ വായന എന്റെ ശീലമാണെന്ന് അറിയാവുന്ന ഭാര്യയും മക്കളും ആ സമയത്ത് പത്ര വായന നടത്താറില്ല. പിന്നെ എവിടെപ്പോയി ഇന്നത്തെ പത്രം?ഇനി വല്ല വഴിപോക്കരും എടുത്തോ എന്ന് ചിന്തിച്ചു മുറ്റത്തിറങ്ങിയ ഞാന്‍ ഒരു പിടിയും കിട്ടാതെ നില്‍ക്കുമ്പോഴാണ് എവിടെ നിന്നോ ഒരു പത്രം തലയ്ക്കു മുകളിലൂടെ പറന്നു വന്ന് എന്റെ അടുത്തു വീണത്‌.കൂടെയൊരു ശബ്ദവും. "ഹും വയസനാം കാലത്ത് അങ്ങേരുടെ ഒരു പൂതി. നാണമില്ലല്ലോ അയാള്‍ക്ക് "


ഞാന്‍ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി.."ഭവാനിയമ്മ "എന്റെ വീടിന്റെ നേരെ പിറകിലാണ് ഭവാനിയമ്മയുടെ വീട്. പപ്പടം ഉണ്ടാക്കി വില്‍ക്കലാണ് ഭവാനിയമ്മയുടെ ജോലി. ഭാവാനിയമ്മ ഉണ്ടാക്കുന്ന പപ്പടം കൊണ്ടു പോയി വിറ്റതിനു ശേഷം ആ കാശിനു കള്ള് കുടിച്ചിട്ട് വന്ന് ഭവാനിയമ്മയെ ഇടിച്ചു പപ്പടമാക്കലാണ് അവരുടെ ഭര്‍ത്താവായ ഗോപാലന്‍ ചേട്ടന്റെ ജോലി. ഏക മകന്‍ സുരേഷ് ഗള്‍ഫിലാണ്.രാവിലെ മുതല്‍ വൈകുന്നേരം വരെ പപ്പടം ഉണ്ടാക്കാനുള്ള മാവ് ഇടിക്കുന്ന ശബ്ദവും വൈകുന്നേരം ഭവാനിയമ്മയെ ഗോപാലന്‍ ചേട്ടന്‍ ഇടിക്കുന്ന ശബ്ദവും കൊണ്ടു മുഖരിതമാണ് ഭവാനിയമ്മയുടെ വീട്.ഈയിടയായി ഭവാനിയമ്മയ്ക്ക് ഒരു സംശയം ഉണ്ടായിരിക്കുകയാണ്. പപ്പടം വില്‍ക്കാന്‍ പോകുന്ന ഗോപാലന്‍ ചേട്ടന്‍ ചിലപ്പോഴൊക്കെ ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. ഗോപാലന്‍ ചേട്ടന് കാര്‍ത്തികപ്പള്ളിയില്‍ എവിടെയോ മറ്റൊരു "സംബന്ധം" കൂടി ഉണ്ടെന്നും അവിടെ പോകുന്നത് കൊണ്ടാണ് അദ്ദേഹം തിരിച്ചെത്താന്‍ വൈകുന്നത് എന്നുമാണ് ഭവാനിയമ്മയുടെ ന്യായീകരണം.ഏതായാലും ഈ അസംബന്ധം അറിഞ്ഞ ഗോപാലന്‍ ചേട്ടന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഭവാനിയമ്മയെ ഇടിച്ചു പപ്പടമാക്കുക മാത്രമല്ല അവരുടെ മുതുകത്ത് പപ്പട വട്ടത്തില്‍ ഒരു മുഴ കൂടി ഉണ്ടാക്കിക്കൊടുത്തു.ആ മുഴയില്‍ തേയ്ക്കാനുള്ള കുഴമ്പ് വാങ്ങാന്‍ അതിരാവിലെ വൈദ്യശാലയില്‍ പോയിട്ടു വന്ന ഭവാനിയമ്മയാണ് എന്റെ പത്രം എടുത്തു വായിച്ചതിനു ശേഷം മതിലിനു മുകളിലൂടെ ബൈ എയറായി തിരിച്ചയച്ചിരിക്കുന്നത് എന്നെനിക്കു മനസ്സിലായി."അല്ല കുഞ്ഞേ അങ്ങേര്‍ക്കു ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഒന്നുമില്ലെങ്കിലും ഒരു കൊച്ചിന്റെ തന്തയല്ലേ?"മതിലിനു മുകളിലൂടെ എന്റെ തല കണ്ട ഭവാനിയമ്മ വേദനയോടെ പരാതി പറഞ്ഞു.."ഹേയ് പുള്ളിക്കാരന് അങ്ങനെ ഒരു ബന്ധം ഉണ്ടാകാന്‍ വഴിയില്ല ഭവാനിയമ്മേ. അതൊക്കെ ഭവാനിയമ്മയുടെ ഓരോ തോന്നലാ "ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.ഭവാനിയമ്മയ്ക്ക് ഞാന്‍ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവര്‍ എന്റെ കയ്യില്‍ ഇരിക്കുന്ന പത്രത്തിലേയ്ക്ക് ചൂണ്ടി പറഞ്ഞു.."ഇല്ലാഞ്ഞിട്ടാണോ പത്രക്കാര്‍ എഴുതിയിരിക്കുന്നത്? ആ എന്തിരവളുടെ ഫോട്ടോയും അടിച്ചിട്ടുണ്ട് ""എന്ത്? ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരിയുടെ ഫോട്ടോ പത്രത്തില്‍ വന്നെന്നോ" ഞാന്‍ അതിശയിച്ചു.


ഹോ.... ഈ പത്രക്കാരുടെ ഒരു കാര്യം. ഒരാള്‍ ഉറച്ചു തുമ്മിയാല്‍ അപ്പോള്‍ തന്നെ അവരറിയും. അങ്ങിനെ വേണം പത്രക്കാര്‍. ഞാന്‍ പതിവായി വായിക്കുന്ന പത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വളരെ മതിപ്പു തോന്നി..അനന്തരം ഭവാനിയമ്മ തന്നെ ആ ഫോട്ടോ എന്നെ കാണിച്ചു തന്നു..വെളുത്തു തുടുത്ത മുഖത്ത് വലിയൊരു കൂളിംഗ് ഗ്ലാസ് വച്ച സുന്ദരിയായ ഒരു സ്ത്രീയുടെ ഫോട്ടോ!!ഫോട്ടോയുടെ അടിയില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്‌ ഞാന്‍ വായിച്ചു.. "ഐ. പി. എല്‍. വിവാദം‍"!!!"അയ്യോ ഇവരാണോ ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരി?" ഞാന്‍ അന്തം വിട്ടു വാ പൊളിച്ചു നിന്നു പോയി."പിന്നേ. കോവാലന്‍ ചേട്ടനോട് സമ്മന്തത്തിനു വന്നാല്‍ അവളുടെ കാലു ഞാന്‍ വെട്ടും. ഇത് ആ മന്ത്രിക്കൊച്ചന്റെ ആളല്ലേ"ഭവാനിയമ്മ ദേഷ്യത്തോടെ നടന്നകന്നു. ഞാന്‍ പത്രം വീടിന്റെ വരാന്തയിലേക്ക്‌ എറിഞ്ഞിട്ടു "ഒന്നാം ക്ലാസ്" ലക്ഷ്യമാക്കി ഓടി..

18 comments:

 1. ഗോപാലന്‍ ചേട്ടന് കാര്‍ത്തികപ്പള്ളിയില്‍ എവിടെയോ മറ്റൊരു "സംബന്ധം" കൂടി ഉണ്ടെന്നും അവിടെ പോകുന്നത് കൊണ്ടാണ് അദ്ദേഹം തിരിച്ചെത്താന്‍ വൈകുന്നത് എന്നുമാണ് ഭവാനിയമ്മയുടെ ന്യായീകരണം.

  ReplyDelete
 2. ഭവാനിയമ്മയും ഈ ഐ പി എല്‍ വിവാദമൊക്കെ ശ്രദ്ധിച്ചു തുടങ്ങി... ല്ലേ?

  ReplyDelete
 3. "ആശാന്റെ കാല്‍ തല്ലിയൊടിച്ചു. തല്ലിയൊടിച്ചവരോട്‌ ആശാന്‍ ക്ഷമിച്ചു" മട്ടിലാണല്ലോ കാര്യങ്ങള്‍.
  പക്ഷെ, ഭവാനിയമ്മക്ക്‌ അത്‌ ഭര്‍ത്താവിന്റെ കാമുകിയാണെന്ന് തോന്നാന്‍ എന്താ കാരണം? ഗോപാലന്‍ചേട്ടനെ കണ്ടാല്‍ ശശി തരൂരിനെപ്പോലെ ഇരിക്കുമോ? അറ്റ്‌ ലീസ്റ്റ്‌ ലളിത്‌ മോദിയുടെ ലുക്കെങ്കിലും അങ്ങേര്‍ക്കുണ്ടൊ?
  ഇല്ലെങ്കില്‍ ഭവാനിയമ്മ മാപ്പു പറയണം!!

  ReplyDelete
 4. ഹഹ ഭാവാനിയംമക്ക് ഇത്തിരി സമാധാനം ഒക്കെ ആയി കാണും.. തരൂരിന് ആവാമെങ്കില്‍ ഗോപാലേട്ടനും ആവല്ലോ

  ReplyDelete
 5. ഭവാനിയമ്മ ആളു കൊള്ളാല്ലോ :)

  ReplyDelete
 6. ഒന്നാംക്ലാസ്സിലിരുന്ന വായിക്കേണ്ട,ഒന്നാം ക്ലാസ്സ് വാര്‍ത്തകള്‍...
  :)

  ReplyDelete
 7. നന്ദി ശ്രീ...
  ഭവാനിയമ്മ പഴയ അഞ്ചാം ക്ലാസു കാരിയാ...പത്രം മുഴുവന്‍ അരിച്ചു പെറുക്കി വായിക്കും.

  പ്രിയ ചിതല്‍...

  ഭവാനിയമ്മയും ഗോപാലന്‍ ചേട്ടനും ചില സമയത്ത് കീരിയും പാമ്പും പോലെ ആണെങ്കിലും ഭയങ്കര സ്നേഹത്തിലാ..
  ഭവാനി അമ്മയെ ഇടിക്കാതെ ഗോപാലന്‍ ചേട്ടന് ഉറക്കം വരില്ല. ഗോപാലന്‍ ചേട്ടന്റെ ഇടി കൊള്ളാതെ ഭവാനി അമ്മയ്ക്കും ഉറക്കം വരില്ല.
  നേരം വെളുക്കുമ്പോള്‍ രണ്ടുപേരും ലോഹ്യത്തിലാവുകയും ചെയ്യും.
  പക്ഷെ ഭവാനി അമ്മയ്ക്ക് ഇപ്പോള്‍ ശശി തരൂരിനോട് ഭയങ്കര പിണക്കമാ..ഹ ഹ ഹ ...

  നന്ദി കണ്ണാ.. ഹ ഹ ഹ

  നന്ദി രഞ്ജിത്ത്....

  നന്ദി ആര്‍ദ്ര ആസാദ്...

  ReplyDelete
 8. കാലത്തെ പേപ്പർ വായന കലക്കി..

  ReplyDelete
 9. ഒന്നാഞ്ഞു ഓര്‍ത്തു നോക്കി പഴയ പട്ടാള അനുഭവങ്ങളൊക്കെ എഴുതി വിട് മാഷെ. :)

  ReplyDelete
 10. അയ്യേ... അപ്പോ ഇയാള് പേപ്പറിലാണോ അപ്പിയിടുന്ന്ത്... ഷെയിം .. ഷെയിം

  ReplyDelete
 11. നന്ദി പ്രിയ ഇസാദ്...

  പട്ടാളക്കഥകള്‍ ഇഷ്ടംപോലെ സ്റ്റോക്കുണ്ട്...അടുത്ത തവണ ഇസാദിന്റെ താത്പര്യ പ്രകാരം ഒരു പട്ടാളക്കഥ തന്നെ ആയിക്കളയാം...എന്താ..?

  ഹി ഹി ..ഇതൊക്കെ മിലിട്ടറി രഹസ്യങ്ങളല്ലേ പുറത്തു പറയാന്‍ കൊള്ളാമോ ഹാഷിം? നന്ദി...

  ReplyDelete
 12. I.P.L കേരളത്തിൽ വന്നിരുന്നുവെങ്ങിൽ പപ്പടവും കൂടുതൽ ചിലവാകുമായിരുന്നില്ലെ?

  ReplyDelete
 13. ഹോ.... ഈ പത്രക്കാരുടെ ഒരു കാര്യം. !!!!! ഈ പത്ര ധര്‍മ്മം ..പത്ര ധര്‍മ്മം...എന്നതില്‍ എക്സ് പട്ടാളകാരെ രാവിലെ XXXXXXXXX ചെയിക്കല്‍ - അതും പെടും അല്ലെ... ?

  ReplyDelete
 14. കമന്റിടാൻ നോക്കുമ്പോൾ പത്രക്കാരൻ വന്ന് പത്രങ്ങൾ കൃത്യമായി ചെടിച്ചട്ടിയിൽ വലിച്ചെറിഞ്ഞു. പത്രങ്ങൾ മൂന്നെണ്ണം ഉണ്ട്, കൃത്യമായി വാർത്ത കിട്ടാൻ.

  ReplyDelete
 15. നന്ദി കാക്കര

  നന്ദി ക്യാപ്ടന്‍.

  നന്ദി മിനി ടീച്ചര്‍..

  ReplyDelete
 16. "പിന്നേ. കോവാലന്‍ ചേട്ടനോട് സമ്മന്തത്തിനു വന്നാല്‍ അവളുടെ കാലു ഞാന്‍ വെട്ടും. ഇത് ആ മന്ത്രിക്കൊച്ചന്റെ ആളല്ലേ".....ഭവാനിയമ്മയ്ക്ക് നന്നായി ഫീൽ ചെയ്ത് കേട്ടോ !! എന്നാലും ദിനപത്രത്തിന്റെ ഓരോ ഉപയോഗങ്ങളേ!!

  ReplyDelete
 17. നന്ദി മാണിക്യം ചേച്ചി...

  ReplyDelete
 18. പട്ടാള കഥകളുടെ മാറ്റ്‌ കുറയുന്നുണ്ടൊ എന്നൊരു സംശയം ഇല്ലാതില്ല

  ReplyDelete