Monday, June 21, 2010

മണ്ടിപ്പെണ്ണും അവളുടെ മകളും

എന്റെ മുന്‍പിലിരിക്കുകയാണ് ഒരു ഫുള്‍ ബോട്ടില്‍ "കോണ്ടെസ്സാ" റം!

തൊട്ടു നക്കാനുള്ള വെളുത്തുള്ളി അച്ചാറും കൊറിക്കാനുള്ള നേന്ത്രക്കായ വറുത്തതും അടുത്തു വച്ചിരിക്കുന്നു. !!

ഭാര്യ അടുക്കളയില്‍ ഫ്രൈയിംഗ് പാനില്‍ നിന്നും പച്ചമുളകും സവോളയും കറിവേപ്പിലയും ചേര്‍ത്ത മൊരിഞ്ഞ പക്കുവട വറുത്തു കോരുന്നു...!!!

മഴ തകര്‍ത്തു പെയ്യുകയാണ്...

സോഫയില്‍ ചാരിക്കിടന്നു മഴ ആസ്വദിച്ചു കൊണ്ട് ഗ്ലാസ്സില്‍ നിന്നും കൊണ്ടെസ്സാ അല്പാല്‍പ്പമായി സിപ്പ് ചെയ്തു കുടിക്കുകയാണ് ഞാന്‍..

പുറത്തു മഴയുടെ കുളിരും അകത്തു റമ്മിന്റെ ലഹരിയും...

എന്തു രസമാണീ മഴക്കാലം...എന്തു സുഖമാണീ കോണ്ടെസ്സാ റം. ഞാന്‍ പാടി....

പെട്ടെന്നാണ് പുറത്തു ഒരു മിന്നലുണ്ടായത്...

പുറത്തു എന്ന് പറഞ്ഞാല്‍ എന്റെ പുറത്ത്. മിന്നലായി വന്നത് ഒരു പടവലങ്ങ. മിന്നിയത് എന്റെ ഭാര്യ !

കൂടെ ഒരു ഇടി മുഴക്കവും.


"ഹും നട്ടുച്ചയ്ക്ക് കിടന്നു കൂര്‍ക്കം വലിക്കുന്നത് കണ്ടില്ലേ"


ഇടിമുഴക്കം കേട്ട് ഞാന്‍ ഞെട്ടിപ്പിടഞെഴുനേറ്റു. മുന്‍പില്‍ പടവലങ്ങാ വാളുമായി ഭദ്രകാളിയെപ്പോലെ നില്‍ക്കുകയാണ് ഭാര്യ !

എല്ലാം നശിപ്പിച്ചു.....എവിടെ കോണ്ടസാ റം? എവിടെ വെളുത്തുള്ളി അച്ചാര്‍? എവിടെ പക്കുവട? എവിടെ മഴ..?.

ഓ.. മഴ മാത്രം ഇപ്പോഴും പെയ്യുന്നുണ്ട്. ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് മയങ്ങിയതാണ്. അപ്പോഴാണ്‌ കൊണ്ടെസാ റമ്മിന്റെ വരവ്. മന്ത്രി പോകുന്നിടത്തൊക്കെ കൂടെ പോലീസും പോകുന്നത് പോലെ കൊണ്ടെസാ റമ്മിന്റെ കൂടെ എസ്കോര്‍ട്ട് വന്നതായിരുന്നു വെളുത്തുള്ളി അച്ചാറും നേന്ത്രക്കായ വറുത്തതും.


കഴിഞ്ഞ ഇടയ്ക്ക് വന്ന ഒരു ജലദോഷപ്പനിക്ക് മരുന്ന് വാങ്ങാന്‍ ഭാര്യ എന്നെയും കൊണ്ട് അടുത്തുള്ള ഒരു ഡോക്ടറെ കാണാന്‍ പോയതാണ് കുഴപ്പമായത്. പരിശോധനയ്ക്കിടയില്‍ നിത്യഗര്‍ഭണിയുടേത് പോലെ വീര്‍ത്തിരിക്കുന്ന എന്റെ വയറു കണ്ട അയാള്‍ ഭാര്യ കേള്‍ക്കെ ഒരു ചോദ്യം.

"മദ്യം കഴിക്കാറുണ്ട് അല്ലേ?"

പട്ടാളക്കാരനായാല്‍ മദ്യമല്ലാതെ പിന്നെ മാങ്ങാത്തൊലിയാണോ കഴിക്കേണ്ടത്‌ എന്ന് ചോദിക്കാന്‍ ഞാന്‍ തുനിഞ്ഞതാണ്. പക്ഷെ ക്യാന്റീനില്‍ നിന്നും കഴിഞ്ഞ ആഴ്ചയില്‍ വാങ്ങിയ നാല് കുപ്പികളില്‍ രണ്ടു കുപ്പിയുടെ കഴുത്തു നിഷ്കരുണം പിരിച്ചതിന്റെ പേരില്‍ കലഹിച്ച ഭാര്യ അടുത്തിരിക്കുമ്പോള്‍ മദ്യം കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അടുത്ത കലഹം ഉടനെ ഉണ്ടാകും. മാത്രമല്ല ഇനി മേലില്‍ മദ്യം കഴിക്കാതിരിക്കാനുള്ള വല്ല ഇഞ്ജക്ഷനും ഉണ്ടെകില്‍ അതും അവള്‍ അയാളെക്കൊണ്ട് ചെയ്യിപ്പിക്കും.


അത് കൊണ്ട് ഞാന്‍ അല്പം വിഷമത്തോടെ പറഞ്ഞു....


"ഇടയ്ക്കൊക്കെ ഇച്ചിരി കഴിക്കും"


"ഇച്ചിരിയൊന്നും അല്ല സാര്‍...കുപ്പിയെടുത്താല്‍ അത് പിന്നെ കാലിയാക്കാതെ താഴെ വയ്ക്കില്ല. അതാ സ്വഭാവം" കിട്ടിയ സമയം പാഴാക്കാതെ ഭാര്യ എന്റെ ഗുണഗണങ്ങള്‍ ഡോക്ടറുടെമുന്‍പില്‍ നിരത്താന്‍ തുടങ്ങി.


"ഓഹോ...അതു ശരി...എങ്കില്‍ ആ കട്ടിലില്‍ കിടക്കൂ...വിശദമായി പരിശോധിക്കണം"


അതോടെ ഡോക്ടര്‍ കൂടുതല്‍ ജാഗരൂഗനായി. അദ്ദേഹം തന്റെ കൊമ്പും കുഴലും എടുത്തു വച്ച് കട്ടിലില്‍ കിടക്കുന്ന എന്റെ ശരീരം ആസകലം പരിശോധിക്കാന്‍ തുടങ്ങി. എന്റെ കൈ വിരലുകളിലെ ഡ്രാക്കുള നഖങ്ങള്‍ മുതല്‍ കാലിലെ കുഴിനഖങ്ങള്‍ വരെ കൂലങ്കഷമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടു രോഗം കണ്ടുപിടിച്ചമട്ടില്‍ എന്നെ നോക്കി ഒന്ന് ഇരുത്തി മൂളി. പിന്നെ വിധി പ്രഖ്യാപിച്ചു."കരളിനു ചെറിയ വീക്കമുണ്ട്....മദ്യം കഴിക്കാനേ പാടില്ല"


"കര്‍ത്താവേ...ജലദോഷപ്പനിയുമായി വന്ന എന്നെ ഈ കാലമാടന്‍ ഡോക്ടര്‍ ഒരു കരളു രോഗി ആക്കിയല്ലോ?"


ഡോക്ടറുടെ ഉപദേശം കേട്ടപ്പോള്‍ എന്റെ കരളിന്റെ കരളായ ഭാര്യ ഫുള്‍കുപ്പി കണ്ട കുടിയനെപ്പോലെ സുസ്മേര വദനയായി. "എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും" എന്ന മട്ടില്‍ നോക്കിയിട്ട് അവള്‍ ഡോക്ടര്‍ കുറിച്ച് തന്ന മരുന്ന് വാങ്ങാനായി മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് പോയി.


അലമാരയില്‍ ഇരിക്കുന്ന രണ്ടു ഫുള്‍ കുപ്പികളുടെ ഭാവി അന്ധകാരത്തിലായ വിഷമത്തില്‍ ഞാനും കുപ്പികളെ ആപത്തില്‍ നിന്നും രക്ഷിച്ച സന്തോഷത്തില്‍ ഭാര്യയും വീട്ടിലേയ്ക്ക് നടന്നു.അന്നു മുതലാണ് എന്റെ വീട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നത്. കുപ്പികളും ചിപ്സും അച്ചാറുമൊക്കെ എനിക്ക് സ്വപ്നത്തില്‍ ദര്‍ശനം തരാന്‍ തുടങ്ങിയത് ആ സംഭവത്തിനുശേഷമാണ്.


സ്വപ്നത്തിലെങ്കിലും കൊണ്ടെസ്സാ കുടിക്കാന്‍ സമ്മതിക്കാത്തതിന്റെ നിരാശയില്‍ ഞാന്‍ ടിവിയുടെ മുന്‍പില്‍ തൂങ്ങിപ്പിടിച്ചിരുന്നു ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ മാറ്റിക്കൊണ്ടിരുന്നു.അപ്പോഴാണ്‌ ആറാം ക്ലാസുകാരി മകള്‍ സ്കൂള്‍ വിട്ടു വന്നത്. പുസ്തകബാഗ് അകത്തു കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട്‌ ടിവിയുടെ റിമോട്ട് തന്റെ ജന്മാവകാശമാണ് എന്ന മട്ടില്‍ തട്ടിയെടുത്തിട്ട് ഇഷ്ട ചാനല്‍ വച്ച് സിനിമ കണ്ടു തുടങ്ങി.


പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞത് പോലെ അതാ സിനിമയില്‍ മനോജ്‌ കെ ജയനും എന്‍.എഫ് വര്‍ഗ്ഗീസ്സും കൂടി ഒരു ഫുള്‍ ബോട്ടില്‍ "വാറ്റ് 69 " കഴിച്ചു കൊണ്ടിരിക്കുന്നു.


ദൈവമേ നീ എന്നെ ഏഷ്യാനെറ്റിലൂടെയും പരീക്ഷിക്കുകയാണോ?


അതോടെ എന്റെ കണ്‍ട്രോള്‍ പോയി.


കരളു പോയാല്‍ അങ്ങോട്ട്‌ പോകട്ടെ. വേറൊരെണ്ണം മിലിട്ടറി ക്യാന്റീനില്‍ നിന്നും വാങ്ങി ഫിറ്റു ചെയ്യാം.


എന്തായാലും അലമാരിയിലെ കുപ്പിയില്‍ നിന്നും രണ്ടു പെഗ്ഗ് വീശിയിട്ട്‌ തന്നെ ബാക്കി കാര്യം.


പക്ഷെ എങ്ങിനെ?


പട്ടാളത്തില്‍ നിന്നും പോന്നതിനു ശേഷം തലയൊന്നും ശരിക്ക് വര്‍ക്ക് ചെയ്യാതായിരിക്കുന്നു. വര്‍ക്ക് ചെയ്യിക്കാനുള്ള ഇന്ധനമാണെങ്കില്‍ കിട്ടുന്നുമില്ല. അതിന്റെ പുറത്തല്ലേ ഭാര്യ എന്ന പിടക്കോഴി കയറി അടയിരിക്കുന്നത്‌?അടുത്തു ചെന്നാല്‍ കൊത്തിക്കളയും എന്ന രീതിയിലാണ് അവള്‍. എനിക്ക് വല്ലാതെ ദേഷ്യം വന്നു...പുറത്തു പോയി ബിവറേജസ് ഷോപ്പില്‍ നിന്നും ഒരു "കാല്‍" വാങ്ങി അടുത്തുള്ള മാടക്കടയില്‍ കയറി സോഡയോടൊപ്പം ചേര്‍ത്തു ഒരു "നില്‍പ്പന്‍" അടിച്ചിട്ട് വന്നാലോ?


വേണ്ടാ. അവിടെ ഇപ്പോള്‍ വ്യാജനാണ് വില്‍ക്കുന്നത് എന്നാണു കേള്‍വി. അതു വാങ്ങി "നില്‍പ്പന്‍" അടിച്ചിട്ടു വരുന്ന ഞാന്‍ വീട്ടില്‍ വന്നു "കിടപ്പന്‍" ആയിപ്പോയാല്‍ കുടുംബം അനാഥമാകില്ലേ?അല്ലെങ്കില്‍ വീടിനു പുറകില്‍ താമസമുള്ള രാജന്‍ ചേട്ടന്‍ കരിന്തേള്‍, പഴുതാര, ബാറ്റെറി മുതലായ വിറ്റാമിനുകള്‍ ചേര്‍ത്തുണ്ടാക്കുന്ന "നാടന്‍ വാറ്റ് 69" ഒരു ഗ്ലാസ് വാങ്ങി അടിച്ചാലോ? അതാകുമ്പോള്‍ മൂത്രിക്കാന്‍ പോകുന്ന രീതിയില്‍ ഒന്ന് മുങ്ങിയിട്ട് പെട്ടെന്ന് പൊങ്ങാം. ഭാര്യയ്ക്ക് സംശയവും തോന്നില്ല.ഏതായാലും അതു വേണ്ടാ...ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടല്ലേ? പട്ടാളക്കാരന്‍ തനിക്കു കിട്ടുന്ന ക്വോട്ട അടിച്ചു തീര്‍ത്തിട്ടു വാറ്റ് അടിക്കാന്‍ നടക്കുന്നു എന്നു നാട്ടുകാര്‍ പറയും. തന്നെയുമല്ല മിലിട്ടറി മാത്രം അടിച്ചുള്ള ശീലമേ എനിക്കുള്ളൂ. വാറ്റ് അടിച്ചു ഞാന്‍ "വാള്‍" ആയിപ്പോയാല്‍ ഭാര്യയുടെ പടവലങ്ങാ വാള്‍ വീണ്ടും എനിക്കിട്ടു പണി തരും.ഇനി ഇപ്പോള്‍ ഒറ്റ മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ...മോഷണം...!അലമാരിയില്‍ ഭാര്യ പൂട്ടി വച്ചിരിക്കുന്ന മിലിട്ടറിയില്‍ ഒരു കുപ്പി അവള്‍ അറിയാതെ അടിച്ചു മാറ്റുക. എന്നിട്ട് അതിനു പകരം ചുവന്ന കളറുള്ള വെള്ളം നിറച്ച മറ്റൊരു കുപ്പി വയ്ക്കുക !!!കുപ്പി മാറിയ വിവരം ഭാര്യ എങ്ങിനെ അറിയാന്‍? അവള്‍ക്കു അതിന്റെ കളര്‍ മാത്രമേ നിശ്ചയമുള്ളൂ. എന്നും രാവിലെ അലമാര തുറന്ന് രണ്ടു കുപ്പികളും സുരക്ഷിതമായി അവിടെയുണ്ടോ എന്ന് മാത്രമേ അവള്‍ ശ്രദ്ധിക്കാറുള്ളൂ. കുപ്പി ഒറിജിനല്‍ ആണോ ഡ്യൂപ്ലിക്കേറ്റാണോ എന്നൊന്നും നോക്കാനുള്ള ബുദ്ധി മണ്ടിപ്പെണ്ണായ അവള്‍ക്കുണ്ടോ? കുടിച്ചു കഴിഞ്ഞു മണം അറിയാതിരിക്കാന്‍ അല്പം തേയില വായിലിട്ടു ചവയ്കണം. സംഗതി ശുഭം.വാട്ട് ആന്‍ ഐഡിയ സര്‍ജീ....!!!! ഞാന്‍ എന്നെ അഭിനന്ദിച്ചു.അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ധനമില്ലാതെയും വര്‍ക്ക് ചെയ്യുന്ന എന്റെ "മൈക്രോ പ്രോസസ്സര്‍ കണ്ട്രോള്‍ഡ്‌ മിലിട്ടറിത്തല " യോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നി.ഞാന്‍ ഉടന്‍ വീടിന്റെ പുറകിലെത്തി അവിടെ സൂക്ഷിച്ചിരിക്കുന്ന കൊണ്ടെസ്സ റമ്മിന്റെ പഴയ ഒരു കാലിക്കുപ്പി എടുത്തു കൊണ്ട് വന്നു ഭാര്യ കാണാതെ അതില്‍ മുളക് പൊടി കലക്കിയ വെള്ളം നിറച്ചിട്ട്‌ അടപ്പ് കൊണ്ട് ഭദ്രമായി അടച്ചു വച്ചു.ഭാര്യ കുളിക്കാന്‍ കയറിയ തക്കം നോക്കി മുറിയിലെത്തി അലമാരി തുറന്ന് ഒരു കുപ്പി കൈക്കലാക്കി. പകരം തല്‍സ്ഥാനത്ത് മുളക് പൊടി വെള്ളം നിറച്ച കുപ്പി വച്ചു. പിന്നെ ഒരു നിമിഷത്തിനുള്ളില്‍ അലമാരി പൂട്ടി കുപ്പിയുമായി അടുക്കളയില്‍ എത്തി തിടുക്കത്തില്‍ പൊട്ടിച്ചു ഗ്ലാസില്‍ പകര്‍ന്നു പേരിനു മാത്രം അല്പം വെള്ളമൊഴിച്ചു ചുണ്ടോടു ചേര്‍ത്തു ഒരു പിടി പിടിച്ചു.


"എന്റെ അമ്മച്ചീ" .............വായും ചുണ്ടും മാത്രമല്ല അണ്ണാക്കും അന്നനാളവും വരെ കാ‍ന്താരി മുളക് അരച്ചു തേച്ചതു പോലെ പുകഞ്ഞു പോയ ഞാന്‍ നിന്ന നില്പില്‍ മേല്‍പ്പോട്ടു ഒരു ചാട്ടം ചാടി !


വയറിന്റെ അകത്തു തീ കോരി ഇട്ടതു പോലെ ഒരു തോന്നല്‍...കക്കൂസിക്കണോ മൂത്രിക്കണോ എന്നറിയാതെ ഞാന്‍ കുഴങ്ങി.


ഞാന്‍ ഓടിച്ചെന്നു ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി തണുത്ത വെള്ളമെടുത്തു മട് മടാന്നു കുടിച്ചു. എന്നിട്ടും എരിവു സഹിക്കാന്‍ വയ്യാതെ അടുക്കളയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെപ്പോലെ ഓടി നടന്നു.അപ്പോഴാണ് മണ്ടിപ്പെണ്ണായ ഭാര്യ കുളി കഴിഞ്ഞെത്തിയത്. അടുക്കളയിലെ പഞ്ചസാര പാത്രം തപ്പി ഓടി നടക്കുന്ന എന്നെ കണ്ടു ഭാര്യ അന്തം വിട്ടു. പകുതി കാലിയായ കോണ്ടെസ്സയുടെ കുപ്പിയും എന്റെ പരവേശവും കണ്ട അവള്‍ പെട്ടെന്ന് വായ്‌ പൊത്തി ചിരിച്ചു കൊണ്ട് ടി വി കണ്ടിരിക്കുന്ന മകളുടെ അടുത്തേയ്ക്കോടി. എന്നിട്ട് അവളുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതും അവര്‍ രണ്ടുപേരും കൂടെ ഉറക്കെ പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.


ക്രിക്കറ്റ് കളിക്കാരെപ്പോലെ ചുണ്ടിലും വായിലും എന്തൊക്കെയോ തേച്ചുപിടിപ്പിച്ചു പുകച്ചിലില്‍ നിന്നും ഒരു വിധത്തില്‍ രക്ഷ നേടിയ ഞാന്‍ വൈക്ലബ്യത്തോടെ ടി വി യുടെ മുന്‍പിലെത്തി. ആ സമയം അടുക്കളയിലേയ്ക്ക് പോയ മകള്‍ എവിടെ നിന്നോ രണ്ടു കോണ്ടെസാ കുപ്പികള്‍ എടുത്തു കൊണ്ട് വന്നു ഉയര്‍ത്തിക്കാണിച്ചിട്ടു "പറ്റിച്ചേ" എന്ന ഭാവത്തില്‍ കോക്രി കാണിച്ചിട്ട് വീണ്ടും അകത്തേയ്ക്ക് മറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ മകളും ഭാര്യയും കൂടി ടി വിയിലെ മുളകുപൊടിയുടെ പരസ്യം വാചകം കോറസായി പറയുന്നത് കേട്ടു."ദിവസം മുഴുവന്‍ നവോന്മേഷത്തിനു വേണ്ടി ഉപയോഗിക്കൂ.... " സാറാസ് മുളക് കോണ്ടെസ്സാ"കോണ്ടാസ്സായോടുള്ള എന്റെ ആക്രാന്തം നന്നായി അറിയാവുന്ന മണ്ടിപ്പെണ്ണും അവളുടെ ശിങ്കിടിയായ മകളും കൂടി ഉണ്ടാക്കി, ഒറിജിനല്‍ കോണ്ടെസ്സ കുപ്പികള്‍ക്ക് പകരമായി അലമാരിയില്‍ വച്ചിരുന്ന "സാറാസ് മുളകു കോണ്ടാസ്സാ" കഴിച്ചു മണ്ട പുകഞ്ഞ ഞാന്‍ മുറ്റത്തു കൂടി തെക്കുവടക്ക് ദിശയില്‍ "ജോണീ വാക്കറേ"പ്പോലെ ഉലാത്തി.

43 comments:

 1. അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ധനമില്ലാതെയും വര്‍ക്ക് ചെയ്യുന്ന എന്റെ "മൈക്രോ പ്രോസസ്സര്‍ കണ്ട്രോള്‍ഡ്‌ മിലിട്ടറിത്തല" യോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നി.

  ReplyDelete
 2. "അന്നു മുതലാണ് എന്റെ വീട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നത്. കുപ്പികളും ചിപ്സും അച്ചാറുമൊക്കെ എനിക്ക് സ്വപ്നത്തില്‍ ദര്‍ശനം തരാന്‍ തുടങ്ങിയത് ആ സംഭവത്തിനുശേഷമാണ്."

  ചിരിച്ചു ചിരിച്ചു ഒരു പരുവമായി അതി ഗംഭീരം എന്നു പറയാതിരിക്കാന്‍ വയ്യ. ഓരോ വരിയിലും നര്‍മ്മം. അഭിനന്ദനങ്ങള്‍.

  ReplyDelete
 3. പാവം പട്ടാളക്കാരന്‍....ഇതിനൊക്കെ ചില മാര്‍ഗങ്ങളുണ്ട്. പക്ഷെ ഞാന്‍ പറയില്ല.കാരണം അപ്പൊ എന്‍റെ കഞ്ഞി കുടി അല്ല കള്ളുകുടി മുട്ടിയാലോ......സസ്നേഹം

  ReplyDelete
 4. വാട്ട് ആന്‍ ഐഡിയ (വീട്ടുക്കാരുടെ) സര്‍ജീ...

  ReplyDelete
 5. പുറത്തു മഴയുടെ കുളിരും അകത്തു റമ്മിന്റെ ലഹരിയും...

  ശരിക്കും ചിരിപ്പിച്ചു...പട്ടാളം.

  ReplyDelete
 6. അപ്പോ, അവിടെയും ഇതു തന്നെയാണോ മാഷേ ശിക്ഷ?!!... :)

  ReplyDelete
 7. തല വേണ്ടപ്പൊ വര്‍ക്ക്‌ ചെയ്യുന്നുണ്ട്‌ എന്നാണൊ രഘുവേട്ടന്‍ അവകാശപ്പെടുന്നത്‌? എനിക്ക്‌ സംശയമുണ്ട്‌. നല്ല സംശയമുണ്ട്‌.
  മുളകുപൊടി കലക്കി ആരെങ്കിലും കുപ്പിയിലൊഴിച്ചു വെക്കുമോ? കട്ടന്‍ അല്ലേ അതിലും നല്ലത്‌? ഇനി ഇതൊക്കെ ഞാന്‍ പറഞ്ഞ്‌ തരണോ?
  പക്ഷെ എനിക്ക്‌ സങ്കടം വന്നത്‌, ആ രണ്ട്‌ കുപ്പിയിലും സാറാസ്‌ വീണപ്പോഴാണ്‌. പോളിറ്റ്‌ ബ്യൂറോ അച്ചടക്കനടപടികളില്‍ ഇത്തിരികൂടി വിട്ടുവീഴ്ച്ച ചെയ്യണം എന്നാണ്‌ എന്റെ അഭിപ്രയം.. അല്ല, അപേക്ഷ.
  കൊച്ചു കള്ളന്‍! ഞാന്‍ ഇന്നലെ വിളിച്ചപ്പൊ ബെവറേജസ്‌ കോര്‍പറേഷന്റെ ക്യൂവിലായിരുന്നില്ലേ?
  ഒരു സംശയം കൂടി: പോളിറ്റ്‌ ബ്യൂറോ ഈ കഥകളൊക്കെ വായിക്കാറുണ്ടൊ? എനിക്കെന്റെ തടി രക്ഷിക്കാനാ.. അതറിഞ്ഞിട്ടു വേണം നമ്മള്‍ തമ്മിലുള്ള സൗഹൃദം നില നിര്‍ത്തണോ വേണ്ടയോ (പരസ്യമായെങ്കിലും) എന്നറിയാന്‍!

  ReplyDelete
 8. ഈശോയേ.... ഈ മനുഷ്യനെക്കൊണ്ടു തോറ്റു!
  വെള്ളമടിക്കാൻ ഇത്ര കൊതിയാണേൽ ഒരു ഫോൺ കോൾ മെനക്കെടുത്തിയാപ്പോരേ!?
  അതിനുള്ള ടെക്കിനിക്കൊക്കെ ഞാൻ പറഞ്ഞു തരില്ലേ!?

  (ഞാൻ കരൾ രോഗത്തിലാ സ്പെഷ്യലൈസ് ചെയ്തത്!ഒരു രോഗിയെങ്കിൽ ഒരു രോഗി കൂടുന്നതോർക്കുമ്പം എന്തൊരുൾപുളകം! കുടിയണ്ണാ കുടീ!)

  ReplyDelete
 9. ഇതെന്താ എല്ലാവരും വെള്ളകഥകളാണല്ലോ.. ഇപ്പോൾ വെള്ളത്തിന്റെ സീസണാണോ? രസിപ്പിച്ചൂട്ടോ

  ReplyDelete
 10. സാറാസ് മുളക് കോണ്ടെസ്സാ" ഹഹഹ്.. കലക്കി.
  അവസാനത്തെ വരിയില്‍ വിശദീകരിക്കണമെന്നില്ല. ആര്‍ക്കും സംഭവം പിടികിട്ടും.

  ReplyDelete
 11. മനോജിന്റെ ചോദ്യം തന്നെ ഞാനും ചോദിക്കട്ടെ.. ഇതെന്താ എല്ലാരും കൂടി വെള്ളമടിക്കഥകളില്‍ കോണ്‍സന്റ്രേറ്റ് ചെയ്യുന്നേ?

  ഫാര്യാപദത്തിന്റെ ഫുദ്ദി എനിക്കിഷ്ടപ്പെട്ടു... പറ്റിയ മോളും....

  നന്നായിട്ടുണ്ട് മാഷേ...

  ReplyDelete
 12. മഴക്കാലം തുടങ്ങിയതോടെ ബ്ലൊഗിൽ നിറയെ വെള്ളം കയറിയിരിക്കയാണല്ലൊ!!!
  വെള്ളത്തിൽ മുങ്ങി ചിരിക്കട്ടെ,,,

  ReplyDelete
 13. പ്രിയ കല്‍ക്കി...
  നന്ദി...ഇനിയും ചിരിക്കാന്‍ വരുമല്ലോ?

  പ്രിയ യാത്രികാ...
  നന്ദി...അതൊന്നു പറഞ്ഞു തന്നെങ്കില്‍ അടുത്ത തവണ നോക്കാമായിരുന്നു..ഹ ഹ

  നന്ദി രമണിഗ ...

  നന്ദി അലി....

  നന്ദി പൊറാടത്തു മാഷേ...
  എന്താ മാഷെ ..മാഷും ഇതു പോലെ ശിക്ഷിക്കപ്പെട്ടോ? ഹ ഹ

  പ്രിയ ചിതല്‍..

  എന്റെ "മൈക്രോ പ്രോസസ്സര്‍ കണ്ട്രോള്‍ഡ്‌ മിലിട്ടറിത്തല" വര്‍ക്ക്‌ ചെയ്യുന്നുണ്ട് പ്രവീണ്‍. ഞാന്‍ ഏതു സമയത്തും കോണ്ടാസ്സയുടെ കഴുത്തില്‍ പിടിക്കുമെന്ന് പോളിറ്റ് ബ്യൂറോയ്ക്ക് അറിയാം. അത് കൊണ്ടാണ് അവള്‍ സാറാസ് കലക്കി വച്ചത്. കട്ടഞ്ചായ മതിയായിരുന്നു. പക്ഷെ അതുണ്ടാക്കാന്‍ വെള്ളം തിളപ്പിക്കണം, ചായപ്പൊടി ഇടണം, പിന്നെ അത് കുപ്പിയില്‍ ആക്കണം എന്നീ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടല്ലോ? അതിനുള്ള സമയവും ഇല്ലായിരുന്നു. അതാണ്‌ എളുപ്പ വഴിയായി മുളക് പൊടി എടുത്തത്. ഹ ഹ

  പ്രവീണിനെ വിളിക്കുമ്പോള്‍ സത്യമായും ഞാന്‍ മിലിട്ടറി കാന്റീനില്‍ തന്നെ ആയിരുന്നു.... പോളിറ്റ് ബ്യൂറോ ഈ കഥ വായിച്ചില്ല. കാരണം വീട്ടിലെ നെറ്റ് കുഴപ്പത്തിലാണ്. അത് ശരിയാകുന്നതിനു മുന്‍പ് അടുത്ത പോസ്റ്റ്‌ ഇടണം. അല്ലെങ്കില്‍ അടുത്ത പടവലങ്ങാ വരും. ഹഹ ഹ ഹ ..

  നന്ദി ‍ജയന്‍ സാര്‍...
  ഹോ ഇപ്പോഴാ ആശ്വാസമായത്. ഒരു കരള്‍ ഡോക്ടര്‍ കൂടെയുള്ളപ്പോള്‍ എന്തിനു പേടിക്കണം. ഇനി ധൈര്യമായി കുടിക്കാമല്ലോ. ഹ ഹ
  പിന്നേ ആ ടെക്നിക്ക് ഒന്ന് പറഞ്ഞുതരണം. രഹസ്യമായി മതി.

  നന്ദി മനോജ്‌...എല്ലാരും വെള്ളത്തിലായോ? ഹ ഹ

  നന്ദി കുമാരന്‍...

  നന്ദി മൈലാഞ്ചി...

  നന്ദി നിലീനം

  നന്ദി മിനി ടീച്ചര്‍...മഴക്കാലമായാല്‍ പിന്നെ എല്ലാരും വെള്ളത്തിലാ...ഹ ഹ

  ReplyDelete
 14. നല്ല സ്ട്രോങ്ങ് കട്ടൻ ചായ ഉണ്ടാക്കി അതിൽ ലേശം മധുരവുമിട്ട് ഒരു പെഗ്ഗ് റം കൂടി ചേർത്താൽ നല്ല അസ്സൽ ഡൂപ്ലിക്കേറ്റ് ആയി. അടുത്ത പ്രാവശ്യം കാന്റ്റീനിൽ പോകുമ്പോൾ കൊണ്ടു പോയാൽ മതി.അവിടെ നിന്നു തന്നെ മാറ്റുകയാവും നല്ലത്.

  ReplyDelete
 15. "kaduvaye pidichcha kiduvakal"
  karalu vaadathe nokk mashe

  ReplyDelete
 16. പണി പാല്‍ പായസത്തില്‍ കിട്ടി അല്ലെ?

  ReplyDelete
 17. ഈ വാർത്ത മാതൃഭൂമിയിലുണ്ടായിരുന്നോ ?

  ReplyDelete
 18. ശരിക്കും ചിരിപ്പിച്ചു...പട്ടാളം.

  ReplyDelete
 19. നടന്‍ അശോക് കുമാര്‍ തന്റെ ഭാര്യയെ കണ്ട്രോളിലാക്കാന്‍ അവര്‍ക്ക് അല്‍പ്പം ഇത് കൊടുത്തു..കൊടുത്തു ..കൊടുത്തു അള്‍ടിമേറ്റ്ലി..അവറ് അദ്ദേഹത്തിനേക്കാള്‍ വലിയ കുടിയാനായി..മാരകമായ കരള്‍ രോഗത്താല്‍ മരിച്ചു...കുടിയന്മാരെ നാശത്തിന്റെ അനന്ത സാധ്യതകള്‍ ഉള്ള ഈ സാധനം ഉപയോഗിച്ചു കൊണ്ടേയിരിക്കൂ...ഡോ.ജയന്‍ ഏവൂര്‍/ശവപ്പെട്ടി കച്ചവടക്കാര്‍ ഇവരൊക്കെ കട തുടങിയിരിക്കുന്നത് ,കുടിയന്മാരെ നിങളെ കണ്ടു കൊണ്ടാണ്...

  ReplyDelete
 20. നിങ്ങള്‍ക്ക് അങ്ങിനെ തന്നെ വേണം മിസ്റ്റര്‍ രഘുനാഥന്‍!! സംഭവിച്ചത് കണക്കായിപ്പോയി! കോണ്ടസ്സയും കരിമീനും തരാം എന്നുപറഞ്ഞ് എന്നെ പറ്റിച്ചിട്ട് ഇപ്പോള്‍ രണ്ടു മാസമായി. കോണ്ടസ്സയുടെ കാലിക്കുപ്പിയെങ്കിലും എന്നെ കാണിച്ചോ?? ഇതൊക്കെ ബീവറേജസ് മുത്തപ്പന്റെ ഇഷ്ടക്കേടാണെന്ന് മനസ്സിലാക്കി ചെയ്യാന്‍ ബാക്കിവെച്ച വാഗ്ദാനങ്ങലെല്ലാം ചെയ്തുതീര്‍ക്കു മിസ്റ്റര്‍ കുടിയന്‍ പട്ടാളാം

  ["എന്റെ മുന്‍പിലിരിക്കുകയാണ് ഒരു ഫുള്‍ ബോട്ടില്‍ "കോണ്ടെസ്സാ" റം! തൊട്ടു നക്കാനുള്ള വെളുത്തുള്ളി അച്ചാറും കൊറിക്കാനുള്ള നേന്ത്രക്കായ വറുത്തതും അടുത്തു വച്ചിരിക്കുന്നു. !!

  മഴ തകര്‍ത്തു പെയ്യുകയാണ്..."

  ഹോ‍ാ‍ാ മനുഷ്യനേ ഇങ്ങനെ എഴുതി കൊതിപ്പിക്കരുത്!!]

  ReplyDelete
 21. നന്ദേട്ടാ.. ഇങ്ങോർക്കിട്ടൊരു പണികൊടുക്കേണ്ടി വരോ? പറ്റിക്കാൻ തുടങ്ങീട്ട് കാലം കുറെയായി..

  ചിരിച്ചു.. ഉപമകൾ തകർക്കുന്നുണ്ട്.. എന്നതായാലും ഞാൻ രഘുച്ചേട്ടന്റെ ഭാര്യയെക്കുറിച്ചുള്ള (ഭദ്രകാളി, തുടങ്ങിയവ)വിശേഷണങ്ങൾ ഒക്കെ പ്രിന്റ് എടുത്തു
  വക്കുന്നുണ്ട് . എങ്ങാനും ഹരിപ്പാട് വരാണേൽ ‘ഒരു യുദ്ധം’ നേരിൽ കാണാമല്ലോ :)

  ReplyDelete
 22. അതി ഗംഭീരം എന്നു പറയാതിരിക്കാന്‍ വയ്യ.
  അഭിനന്ദനങ്ങള്‍........

  ReplyDelete
 23. ഹെന്റമ്മോ ഒരു ധീരജവാന്റെ ജീവിതം ഇതാണെങ്കില്‍ ... . റൊമ്പകഷ്ടം !!
  ഹരേ റാം റം റം !!

  ReplyDelete
 24. നന്ദി മുസാഫിര്‍....ഹ ഹ നല്ല ഐഡിയ...

  നന്ദി ജമാല്‍...വാടിയ കരളാ ഇപ്പോഴത്തെ സ്റ്റൈല്‍ ഹ ഹ

  നന്ദി ഒറ്റയാന്‍...ഹ ഹ അതേ...


  നന്ദി കലാവല്ലഭന്‍... പിന്നേ...മാതൃഭൂമിയും ഞാനും തമ്മില്‍ ഭയങ്കര സ്നേഹബന്ധമല്ലേ...ഹ ഹ

  നന്ദി ജിഷാദ്...

  നന്ദി പാവം ഞാനേ...ഞാനും പാവമാണ്...ഹി ഹി

  നന്ദി...നന്ദേട്ടാ...അപ്പോള്‍ പറഞ്ഞത് പോലെ..

  നന്ദി പ്രവീണ്‍...
  ഞാനും നന്ദേട്ടനും കൂടെ പ്രവീണിന് പണി തരാനുള്ള പ്ലാനിലാ ഹ ഹ

  നന്ദി നൌഷു...

  നന്ദി മാണിക്യം ചേച്ചി...പട്ടാളത്തില്‍ നിന്ന് പോന്നതോടെ ധീരത ഒക്കെ പോയി...പട്ടാളത്തില്‍ ഉഗ്രവാദികളെ പിടിക്കാന്‍ ഒത്തിരി പട്ടാളക്കാര്‍ ഉണ്ടായിരുന്നു. ഇവിടെ എന്റെ വീട്ടില്‍ ഉഗ്രവാദികള്‍ മൂന്നാ... ഞാന്‍ഒറ്റയ്ക്കും. ..ഹ ഹ ഹ

  ReplyDelete
 25. രഘു അളിയാ, എല്ലാം അവിടെ നിക്കട്ടെ. ആ തേയില പരിപാടി എല്ക്കുമോ ? അത് പറ...അത് മാത്രം പറ.. ;)

  ReplyDelete
 26. കുടിച്ചു കഴിഞ്ഞു മണം അറിയാതിരിക്കാന്‍ അല്പം തേയില വായിലിട്ടു ചവയ്കണം. സംഗതി ശുഭം. ഞാന്‍ ഇത് സ്ഥിരമാക്കാനുള്ള പരിപാടിയായിരുന്നു...അയ്യോ സാറാസ് മുളക് ഉള്ളപ്പോള്‍ തേയില അടുത്ത് പോലും എത്തില്ല. കുപ്പി കാണുമ്പോളേ പേടി വരും, പ്രത്യേകിച്ച് മിലിട്ടറി
  ചിരി ചിരി...വമ്പന്‍ ചിരി....

  ReplyDelete
 27. ക്യാപ്ടാ തേയില ബെസ്റ്റ്....ഒന്ന് ട്രൈ ചെയ്തു നോക്കൂ...

  നന്ദി സന്ദീപ്‌...

  ReplyDelete
 28. അണ്ടകടാഹം വരെ എരിഞ്ഞ് കാണുമല്ലോ !? :)


  ഇത്രേം കാലം പട്ടാളത്തിന്റെ കൂടെ ജീവിച്ച ഭാര്യയെ ഒരിക്കലും അണ്ടർ‌ എസ്റ്റിമേറ്റ് ചെയ്യരുതായിരുന്നു.

  കോണ്ടെസാശംസകൾ

  ReplyDelete
 29. "മണ്ടിപ്പെണ്ണും അവളുടെ മകളും" എന്നതിനു പകരം
  "മണ്ടിപ്പെണ്ണും അവളുടെ മകളും കൂടി ഒരു മണ്ടന്‍ എക്സിനെ പറ്റിച്ച കഥ " എന്നാകണമായിരുന്നു ടൈറ്റില്‍.

  അപ്പോള്‍ കുടി തുടരട്ടെ, പടവലങ്ങ പ്രയോഗവും.
  :)

  ReplyDelete
 30. ചിരിപ്പിച്ചു...
  :)

  ReplyDelete
 31. നന്ദി വശംവദാ ..ഒരബദ്ധം ഏതു പോലീസുകാരനും പറ്റും... ഹ ഹ

  നന്ദി കൃഷ്‌.......ഹ ഹ നല്ല ടൈറ്റില്‍ തന്നെ...

  നന്ദി ദീപു....

  ReplyDelete
 32. ഹ..ഹ ...എതാനിച്ചിരി വൈകി ..പക്ഷെ ചിരിക്കാന്‍ വൈകിയില്ല ....

  ReplyDelete
 33. kallukudiyan maarude athmavishwasam thakarkkunna postukalaanallo varunnath..kallilum touchingsilum okke prashnagalaanu..

  ReplyDelete
 34. നല്ല പോസ്റ്റുകള്‍...
  ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
  ആശംസകള്‍ നേര്‍ന്നുകൊണ്ട്...
  സസ്നേഹം...
  അനിത
  JunctionKerala.com

  ReplyDelete
 35. അതൊരു വൻ പണി ആയിപ്പോയല്ലോ പട്ടാളം..!!
  സാധനം ഇപ്പോൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്..? ഒരു ശ്രമം കൂടി നടത്തിനോക്കൂ...!!

  ചിരിപ്പിച്ചു മാഷേ...

  ReplyDelete
 36. നന്ദി ഏറക്കാടാ...

  ഹ ഹ ഹ നന്ദി "മാനെ"....

  നന്ദി അനിത....ഇനിയും വരുമല്ലോ...

  നന്ദി ഭായി....എവിടെയാണെന്ന് ഒരു പിടിയുമില്ല...ഞാന്‍ രഹസ്യമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്...

  നന്ദി തൊമ്മി....

  ReplyDelete
 37. ട്ടേ...

  പുതിയ ടെമ്പ്ലേറ്റ് കിടു :)

  ReplyDelete
 38. "എന്റെ മുന്‍പിലിരിക്കുകയാണ് ഒരു ഫുള്‍ ബോട്ടില്‍ "കോണ്ടെസ്സാ" റം!

  തൊട്ടു നക്കാനുള്ള വെളുത്തുള്ളി അച്ചാറും കൊറിക്കാനുള്ള നേന്ത്രക്കായ വറുത്തതും അടുത്തു വച്ചിരിക്കുന്നു. !!

  ഭാര്യ അടുക്കളയില്‍ ഫ്രൈയിംഗ് പാനില്‍ നിന്നും പച്ചമുളകും സവോളയും കറിവേപ്പിലയും ചേര്‍ത്ത മൊരിഞ്ഞ പക്കുവട വറുത്തു കോരുന്നു...!!!

  മഴ തകര്‍ത്തു പെയ്യുകയാണ്..."

  മഴക്കാലത്ത് ഓരോന്ന് പറഞ്ഞു കൊതിപ്പിക്കല്ലേ രഘുവേട്ടാ.... പോസ്റ്റ്‌ കലക്കീട്ടാ...

  ReplyDelete
 39. നന്ദി പ്രവീണ്‍....ടെമ്പ്ലേറ്റ് കിടു ആണല്ലേ....കുടു കുടു...

  നന്ദി സിമില്‍...കൊതിക്കേണ്ടാ..വഴിയുണ്ടാക്കാം...ഹ ഹ

  ReplyDelete
 40. തീക്കട്ടയിൽ ഉറുമ്പരിക്കുക, കടുവയെ കിടുവ പിടിക്കുക, അങ്ങനെ എത്രയോ പഴമൊഴികൾ രഘുനാഥനെപ്പോലുള്ളവരെ മാത്രമ ഉദ്ദേശിച്ഛ് ഉണ്ടാക്കിയതാണ് അല്ലെ. അല്ല പെണ്ണുങ്ങൾ ഒക്കെ പഴയപോലെ തലയിൽ കിഡ്നി ഇല്ലാത്തവരാണെന്നു കരുതിയോ.
  കോണ്ടസ്സയ്ക്ക് വേണ്ടി എന്തും ചെയ്യും താങ്കൾ എന്ന് ഭാര്യ മനസ്സിലാക്കി. കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ.

  അതിരിക്കട്ടെ കുപ്പികൾ രണ്ടും ഇപ്പോഴും പിടികിട്ടാപ്പുള്ളികൾ ആണോ?

  ReplyDelete
 41. എത്താന്‍ ഒരുപാട് വയ്കി പോയി... എന്നാലും എന്ന്റെ പട്ടാളം വായിച്ചു വായിലൂടെ വെള്ളം വന്നു ( ആദ്യ പാരഗ്രാഫ്)
  ഇനിയിപ്പോ രണ്ടെണ്ണം അടിക്കണ്ടി വരും .... നന്നായി ചിരിപ്പിച്ചു ട്ടോ

  ReplyDelete