Wednesday, December 14, 2011

ഒരു പുലിയും മൂന്നു പാമ്പുകളും

 "ബാംഗ്ലൂര്‍ അഥവാ ബംഗളൂരു "  എന്നു പറയുന്ന സ്ഥലം  ഒരിക്കല്‍  "പെന്‍ഷന്‍കാരുടെ പറുദീസ"  ആയിരുന്നു പോലും.  !!

ചിലര്‍ ബാംഗ്ലൂരിനെ   ഉദ്യാനനഗരിയെന്നും സിലിക്കന്‍വാലിയെന്നും  വിളിച്ചിരുന്നത്രെ...

എന്നാലും പുസ്തകത്താളുകളില്‍ ഞാന്‍  വായിച്ച ബാംഗ്ലൂര്‍ അല്ല യഥാര്‍ഥത്തില്‍ ഞാന്‍ കണ്ട  ബംഗളൂരു.

നീര്‍ക്കോലി കുമ്പളങ്ങ വിഴുങ്ങിയതുപോലെയുള്ള വയറും   ഊര്‍ന്നു  വീഴുമോ എന്നു  പേടിപ്പിക്കുന്ന   രീതിയിലുള്ള പാന്റും  കഴുത്തില്‍ കുരുക്കിട്ടതു  പോലെയുള്ള  ടൈയ്യും  ധരിച്ചു  ലാപ്ടോപ്പും താങ്ങിപ്പിടിച്ചു  പോകുന്ന സോഫ്റ്റ്‌വയറന്മാരുടെ  ബാംഗ്ലൂര്‍...

വൈറ്റ് വാഷ് ചെയ്തതു പോലെയുള്ള മുഖവും  "മാറി നിന്നോ ഞാനിപ്പം പൊട്ടും" എന്ന രീതിയിലുള്ള  വസ്ത്രങ്ങളും  കുതിരവാല്‍ പോലെ  പിറകില്‍ കെട്ടി വച്ചിരിക്കുന്ന  മുടിയും ചെവിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന മൊബൈലില്‍ സദാ സമയവും സംസാരിച്ചു കൊണ്ട് നടക്കുന്നവരുമായ  മത്തങ്ങാ നിതംബിനികളായ സോഫ്റ്റ്‌ വയറികളുടെ ബാംഗ്ലൂര്‍...
 
ഭിക്ഷക്കാര്‍  പോലും ഇംഗ്ലീഷ് പറയുന്ന ബാംഗ്ലൂര്‍... പക്ഷെ ഒറ്റ ബസ്സില്‍ പോലും അതു  പോകുന്ന സ്ഥലം  ഇംഗ്ലീഷില്‍ എഴുതി വയ്ക്കാത്ത  ബാംഗ്ലൂര്‍.!!
 
മലയാളത്തില്‍ ചോദിച്ചാല്‍   ഇംഗ്ലീഷില്‍  ഉത്തരം പറയുന്ന ബാംഗ്ലൂര്‍..... മലയാളമറിയാത്ത   മലയാളികളുള്ള   മലയാളികളുടെ ബാംഗ്ലൂര്‍.ഇങ്ങനെയൊക്കെയുള്ള   "ബംഗളൂരു" ഒന്നു നേരില്‍ കണ്ടില്ലെങ്കില്‍ അതു എന്നെപ്പോലുള്ള  പെന്‍ഷന്‍കാര്‍ക്ക്  മുഴുവന്‍  നാണക്കേടല്ലേ ? 
 
എന്നൊക്കെ വിചാരിക്കിരിക്കുമ്പോഴാണ്  അപ്രതീക്ഷിതമായി ഒരു  ബംഗളൂരു  യാത്ര എനിക്ക് തരപ്പെട്ടത്.  ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു   കോണ്‍ഫറന്‍സ്    ബംഗളൂരുവില്‍ നടക്കുന്നു. ആയതില്‍ പങ്കെടുക്കുവാന്‍ എനിക്കും ക്ഷണം കിട്ടി. 
 
അങ്ങനെ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും കൂടി   ഒമ്പതാം തീയതി (വെള്ളിയാഴ്ച) രാവിലെ  ബംഗളൂരുവില്‍  'യശ്വന്ത്പൂര്‍'  സ്റ്റേഷനില്‍  എത്തി.   ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്ട്രോങ്ങിന്റെ ഭാവത്തില്‍   കമ്പിളിക്കോട്ടും തൊപ്പിയും  ധരിച്ചു  ചുമലില്‍ ഭാരമുള്ള ബാഗുകളും  തൂക്കി    സ്റ്റേഷന്റെ പുറത്തേയ്ക്ക്  ഞങ്ങള്‍  നടന്നു.   കമ്പനി അയച്ചു തന്നിരിക്കുന്ന പ്രോഗ്രാം ചാര്‍ട്ട്  പ്രകാരം  ഇന്ദിരാനഗറിലുള്ള "തിപ്സാന്ദ്ര" യിലാണ്  ഞങ്ങള്‍ക്കുള്ള താമസസൌകര്യങ്ങള്‍  ചെയ്തിരിക്കുന്നത്.


സുഹൃത്തുക്കള്‍ രണ്ടു പേരും അധികം യാത്രകള്‍ ചെയ്തിട്ടുള്ളവരല്ല. ആയതിനാല്‍ മുന്‍ പട്ടാളക്കാരനും ഒരുപാടു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവനുമായ  എന്നെയാണ് അവര്‍ ലീഡറായി  നിയോഗിച്ചിരിക്കുന്നത്.    ഞാനാണെങ്കില്‍ ആദ്യമായാണ്  ബംഗളൂരു കാണുന്നത്.  

 കമ്പനി വക വണ്ടിയില്‍ ഞങ്ങള്‍  ഇന്ദിരാനഗറിലെത്തി. അവിടെ ഒരു ഹോട്ടലിന്റെ മുന്‍പില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി എന്നിട്ട്  ഞങ്ങളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ വണ്ടിയില്‍ ഇരുന്നുകൊണ്ട് ഹോട്ടലിന്റെ പേരു വായിച്ചു.

"ഹോട്ടല്‍ സെവന്‍ ഹില്‍സ്‌ "

അയ്യോ..ഹോട്ടല്‍ മാറിപ്പോയെന്നു  തോന്നുന്നു.  പ്രോഗ്രാം ചാര്‍ട്ടില്‍ കൊടുത്തിരിക്കുന്നത്   "തിപ്സാന്ദ്ര"  എന്നാണല്ലോ? സുഹൃത്തു  ശബ്ദമുയര്‍ത്തി.


ഞാന്‍ ഉടന്‍ ഡ്രൈവറോട്  ആജ്ഞാപിച്ചു.


"ഹേ മാന്‍ ...ഔര്‍ ഹോട്ടല്‍ ഈസ്‌   നോട്ട്  സെവന്‍ ഹില്‍സ്‌ ...ഗോ ടൂ  ടിപ്സാന്ദ്ര "


എന്നിട്ട്   അഭിമാനത്തോടെ  ഞാന്‍ സുഹൃത്തുക്കളെ  നോക്കി. എന്റെ "ശുഷ്കാന്തിയി"ലുള്ള  മതിപ്പ്  അവരുടെ മുഖഭാവങ്ങളില്‍   തെളിഞ്ഞു.


പെട്ടെന്ന് ഡ്രൈവര്‍ ഉറക്കെ ചിരിച്ചു...എന്നിട്ട്    പറഞ്ഞു...

"അയ്യോ സാര്‍...തിപ്സാന്ദ്ര  എന്നത്  ഇന്ത ഊരിന്റെ പേരു...  നീങ്കളുടെ ഹോട്ടല്‍ സെവെന്‍ ഹില്‍സ് താനെ.."

ങേ   "തിപ് സാന്ദ്ര" എന്നത്  ഇവിടുത്തെ സ്ഥലപ്പേരാണോ?   എനിക്കത് പുതിയ അറിവായിരുന്നു.


"ഓ അപ്പടിയാ"


ഞാന്‍ ചമ്മല്‍ പെട്ടെന്നു മറച്ചു. എന്നിട്ട് ബാഗുകളും മറ്റുമെടുത്തു  ഞങ്ങള്‍ക്കായി പറഞ്ഞിരിക്കുന്ന മുറിയിലെത്തി കുളിച്ചു തയ്യാറായി  കോണ്‍ഫറന്‍സ് നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി.

ഞങ്ങളുടെ ഹോട്ടലിന്റെ അടുത്തു തന്നെയുള്ള മറ്റൊരു ഹോട്ടലിലാണ് കോണ്‍ഫറന്‍സ്  നടക്കുന്നത്.   അങ്ങോട്ട്‌  നടന്നു പോകാന്‍ ഞങ്ങള്‍  തീരുമാനിച്ചു.


വിശാലമായ റോഡിന്റെ ഇരുവശങ്ങളിലും  തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍..!അതിനു പിറകില്‍  തലയുയര്‍ത്തി നില്‍ക്കുന്ന വമ്പന്‍ കെട്ടിടങ്ങള്‍. ..

റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളേയും  വഴിയരികിലൂടെ  തിരക്കിട്ട് നടന്നു പോകുന്നവരെയും  ഞാന്‍ അതിശയത്തോടെ നോക്കി. 


ഒറ്റ ബസ്സില്‍ പോലും ഇംഗ്ലീഷില്‍ സ്ഥലപ്പേരു എഴുതിയിട്ടില്ല. എല്ലാ ബസ്സിലും ഓരോ നമ്പരും പോകുന്ന സ്ഥലപ്പേരു കന്നടയിലും  എഴുതിയിരിക്കുന്നു.നടപ്പാതയിലൂടെ ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും ധൃതിയില്‍ നടക്കുന്നു. ഞാന്‍ അവരെ ശ്രദ്ധിച്ചു.ഒന്നിനും സമയമില്ല എന്ന മട്ടിലാണ് പലരുടെയും നടപ്പ്.......നടപ്പുമല്ല ഒട്ടവുമല്ല എന്ന രീതിയിലാണ്   മറ്റു ചിലരുടെ പോക്ക്.


 ട്രാഫിക് സിഗ്നലില്‍  ക്ഷമയോടെ കാത്തുകിടക്കുന്ന വാഹനങ്ങള്‍.  കേരളത്തിലായിരുന്നെങ്കില്‍  വാഹനങ്ങള്‍  സിഗ്നല്‍ വീഴുന്നതിനു മുന്‍പു തന്നെ    ഇരമ്പി  ഓടുമായിരുന്നു. ..ഞാന്‍ ഓര്‍ത്തു.

കാഴ്ചകള്‍ കണ്ടു നിന്നുപോയ എന്നെ  സുഹൃത്തുക്കള്‍ പിടിച്ചു വലിച്ചു  കോണ്‍ഫറന്‍സ് ഹാളിലെത്തിച്ചു.


വൈകിട്ട് ആറുമണിയോടെ കോണ്‍ഫറന്‍സ് തീര്‍ന്നു. തിരിച്ചു ഹോട്ടലില്‍ എത്തിയ ഞങ്ങള്‍ അടുത്ത   ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനായി ഒരു ആലോചനാ യോഗം ചേര്‍ന്നു. ആലോചനയുടെ തീവ്രത  വര്‍ദ്ധിപ്പിക്കുവാനായി ഒരു  കുപ്പി  "ബൊക്കാര്‍ഡി റമ്മും" അതിന് ആനുപാതികമായ അളവിലുള്ള മിക്സ്ച്ചറും  കായ വറുത്തതും അച്ചാറും  ഞങ്ങള്‍ കരുതിയിരുന്നു.ബൊക്കാര്‍ഡി റമ്മിന്റെ  പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളില്‍  ഒരാള്‍ പുലിയും മറ്റൊരാള്‍ കരടിയുമായി മാറി.  അവര്‍ക്ക്     മുല്ലപ്പെരിയാറില്‍ ഡാം ഉടനെ കെട്ടണമെന്നും അതിനു സമ്മതിക്കാത്ത  ജയലളിതയെ  മദ്രാസ്സില്‍ പോയി നേരിട്ടു കണ്ടു നാലു ചീത്ത പറയണമെന്നും ഒത്താല്‍  അവര്‍ക്കിട്ടു  നാല്  ഇടി കൊടുക്കണമെന്നും  ആഗ്രഹമുദിച്ചു.  നമ്മള്‍ ഇപ്പോള്‍  ബാംഗ്ലൂരില്‍ ആണെന്നും തിരിച്ചു പോകുന്ന വഴിയ്ക്ക് മദ്രാസ്സില്‍ ഇറങ്ങാമെന്നും പറഞ്ഞ്  ഞാനവരെ ഒരു വിധത്തില്‍ ശാന്തരാക്കി. ഏതായാലും   അധികം താമസിക്കാതെ ബൊക്കാര്‍ഡി കുപ്പിയും മിക്സ്ച്ചറും  കാലിയാവുകയും പിറ്റേ ദിവസം രാവിലെ "ബന്നര്‍ഘട്ട  നാഷണല്‍ പാര്‍ക്കില്‍" (Bannerghatta National Park) പോയി ഒറിജിനല്‍ കരടിയേയും  പുലിയേയുമൊക്കെ നേരിട്ട് കാണാനുള്ള   തീരുമാനം ഉരുത്തിരിയുകയും ചെയ്തു.

അടുത്ത ദിവസം  രാവിലെ ഞങ്ങള്‍   ബന്നര്‍ഘട്ട നാഷണല്‍ പാര്‍ക്ക് കാണാന്‍  പുറപ്പെട്ടു.  പോകുന്ന വഴിയ്ക്ക് അടുത്തുള്ള ഒരു ഇഡ്ഡലി ഷോപ്പില്‍  കയറി കര്‍ണാടക സ്പെഷ്യല്‍ ഇഡ്ഡലിയും  വടയും ചായും കഴിച്ചു. പിന്നെ ആ കടയിലെതന്നെ ഒരു ജോലിക്കാരന്‍ പയ്യനോട്  ബന്നര്‍ഘട്ടയ്ക്ക്   പോകാനുള്ള  വഴി ഏതെന്നു ഞാന്‍  എനിക്കറിയാവുന്ന തമിഴില്‍  ചോദിച്ചു. 

"തമ്പീ ..ഇന്ത  ബന്നര്‍ഘട്ടയ്ക്കുള്ള  വളിയേത്?"

അതിനു മറുപടിയായി അവന്‍  നല്ല സ്വയമ്പന്‍ കന്നടയില്‍  പത്തു മിനിട്ട്  സംസാരിച്ചു. അതില്‍  ബന്നര്‍ഘട്ട എന്ന പേരും  365  എന്ന നമ്പരും മാത്രമേ  ഞങ്ങള്‍ക്ക്   മനസ്സിലായുള്ളൂ.   


പയ്യന്റെ കന്നഡ കേട്ട്  വിരണ്ടുപോയ സുഹൃത്തുക്കളെ ഞാന്‍  സമാധാനിപ്പിച്ചു.   

ഇനി ആരോട്  വഴി ചോദിക്കും എന്ന ചിന്തയില്‍  ഞങ്ങള്‍   റോഡരികില്‍  നിന്നു. ഇംഗ്ലീഷില്‍ ചോദിക്കുബോള്‍ തമിഴിലും തമിഴില്‍ ചോദിക്കുമ്പോള്‍ കന്നടയിലും ഉത്തരം നല്‍കുന്ന "ബംഗളൂരു" കാരോട്   എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.


അപ്പോഴാണ്‌ എന്റെ തലയില്‍  ഒരു ചിന്തയുദിച്ചത്‌...

ബൂലോകത്തിലെ പ്രശസ്ത   "ചിതലായ"  പ്രവീണ്‍, "കായംകുളം സൂപ്പര്‍ ഫാസ്റ്റിന്റെ"  ഓണര്‍  കം പ്രോപ്രൈറ്റര്‍ അരുണ്‍ കായംകുളം, "നോട്ട് ഒണ്‍ലി മാത്രമല്ല ബട്ട് ആള്‍സോ" കൂടിയായ  ക്യാപ്ടന്‍  ആഷ്‌ലി ഹഡോക് , കണ്ണനുണ്ണി  ബൂലോഗത്തിന്റെ  ശ്രീയായ ശ്രീമാന്‍ ശ്രീ  മുതലായ ബ്ലോഗ്‌ പുലികള്‍ അധിവസിക്കുന്നതു  ഈ  ബംഗളൂരു നഗരത്തിലല്ലേ? അപ്പോള്‍ അവരില്‍ ആരെയെങ്കിലും  ഒന്നു വിളിച്ചു ചോദിച്ചാലോ?


ഞാന്‍ എന്റെ മൊബൈലില്‍  നമ്പര്‍ തപ്പി...ആദ്യം കിട്ടിയത്  ചിതല്‍ പ്രവീണിന്റെ നമ്പരാണ്...

ഭാഗ്യത്തിന്  പ്രവീണിനെ ലൈനില്‍ കിട്ടി.  ഞാന്‍ ബാംഗ്ലൂര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ പ്രവീണിന് അത്ഭുതം. ബന്നര്‍ഘട്ടയ്ക്ക് പോകാനുള്ള  ബസ് വരുന്ന സ്റ്റോപ്പും കേറാനുള്ള  ബസിന്റെ നമ്പരും പ്രവീണ്‍ പറഞ്ഞു തന്നു.

നാഷണല്‍ പാര്‍ക്ക് കണ്ടിട്ട് തിരിച്ചു വരുന്ന വഴിയ്ക്ക്   ജയദേവ ഹോസ്പിറ്റലിനടുത്തു ഇറങ്ങണമെന്നും താന്‍  അവിടെ അടുത്താണ്  താമസിക്കുന്നതെന്നും അവിടെവച്ചു നേരിട്ട് കാണാമെന്നും പ്രവീണ്‍ അറിയിച്ചു.

അങ്ങനെ ഞങ്ങള്‍  ബന്നാര്‍ഘട്ടായിലേയ്ക്കു യാത്രയായി.


ഉച്ചയോടെ ഞങ്ങള്‍ നാഷണല്‍ പാര്‍ക്കും ബട്ടര്‍ ഫ്ലൈ ഉദ്യാനവും കണ്ടു തിരിച്ചു വന്നു. അപ്പോളോ  ഹോസ്പിറ്റലിന്റെ  അടുത്തെത്തിയപ്പോള്‍ ഞാന്‍ പ്രവീണിനെ വിളിച്ചു.

താന്‍ വരുവാന്‍ അല്പം താമസ്സിക്കുമെന്നും അടുത്ത ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിക്കാനും പ്രവീണ്‍ നിര്‍ദ്ദേശിച്ചു.

ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും പ്രവീണിന്റെ വിളി വന്നു.   ഹോട്ടലില്‍ നിന്നും പുറത്തു വന്ന്   ഞാന്‍ നില്‍ക്കുന്ന സ്ഥലം പ്രവീണിന് പറഞ്ഞു കൊടുത്തു.

കാറിലിരുന്ന പ്രവീണ്‍ എന്നെ കണ്ടു...അല്പം കൂടി മുന്‍പോട്ടു പോയി  യൂ ടേണ്‍ എടുത്തു വന്ന പ്രവീണ്‍ ഹോട്ടലിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തി. 


ബ്ലോഗിലൂടെയും ഫോണിലൂടെയും പരിചയമുണ്ടെങ്കിലും പ്രവീണിനെ ഞാന്‍  ആദ്യമായി നേരിട്ട്  കാണുകയാണ്.


സൌമ്യപ്രകൃതിയുള്ള  സുമുഖനായ  ചെറുപ്പക്കാരന്‍... മൃദുവായ സംസാരം... ചിരിക്കുന്ന മുഖം...


ഞാന്‍ പ്രവീണിനെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി. ഇന്റര്‍നെറ്റിലൂടെയുള്ള പരിചയമാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍   അത്ഭുതം.
 
ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി...

പ്രവീണ്‍ എന്നെ കണ്ടതിനു ശേഷം തിരിച്ചു പോകും എന്നാണു ഞാന്‍ കരുതിയത്‌.

പക്ഷെ  എന്നെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു കൊണ്ട്  പ്രവീണ്‍  ചോദിച്ചു...

"രഘുവേട്ടാ  എവിടാ ഷോപ്പിംഗ്‌...മജസ്റ്റിക്കില്‍  പോകണോ എം ജി റോഡില്‍ പോകണോ?"


"ങേ ..അപ്പോള്‍  പ്രവീണ്‍ ഇപ്പോള്‍ തിരിച്ചു പോകുന്നില്ലേ ? താമസിച്ചാല്‍ വീട്ടില്‍  പോളിറ്റ് ബ്യൂറോ കുഴപ്പമുണ്ടാക്കുമോ? " ഞാന്‍ ചോദിച്ചു.

"ഹേയ്  അതു പേടിക്കെണ്ടാ.  ഇന്നത്തെ ദിവസം ഞാന്‍ രഘുവേട്ടന് വേണ്ടി  ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാ ഹ ഹ...വണ്ടിയില്‍ കേറ്."

എന്നേയും  സുഹൃത്തുക്കളെയും കയറ്റി പ്രവീണിന്റെ കാര്‍ ഒരു ഷോപ്പിംഗ്‌ മാളിലെയ്ക്ക് പാഞ്ഞു.

പക്ഷെ   വേലിയിലിരുന്ന പാമ്പുകളെയാണ്    എടുത്തു  താന്‍  കാറില്‍ കയറ്റിരിക്കുന്നത്    എന്ന വിവരം  പാവം പ്രവീണ്‍  അപ്പോള്‍ അറിഞ്ഞിരുന്നില്ല.


(ഒരു ഭാഗം കൂടി എഴുതേണ്ടി വരും...അടുത്തത്‌   "ചിതലു പിടിച്ച ഒരു  പുലിവാല്‍")
19 comments:

 1. ഒരു ബാംഗ്ലൂര്‍ യാത്രയുടെയും അവിസ്മരണീയമായ ഒരു ബ്ലോഗര്‍ മീറ്റിന്റെയും ഓര്‍മ്മകള്‍...

  ReplyDelete
 2. ഠോ..... പേട്ക്കണ്ട അതിര്‍ത്തിയിലെ വെടിയല്ല ഒരു തേങ്ങാ ഉടച്ചതാ..

  വൈകിട്ട് ഡാന്‍സ് ബാറില്‍ പോയതൊക്കെ ഞങ്ങളറിഞ്ഞു.

  അതൊരു പോസ്റ്റായി ഇടണോ? വേണ്ടങ്കില്‍ അടുത്തമാസം ക്വാട്ടാ കിട്ടുമ്പം ഒരു ഫുള്ള് മാറ്റി വെച്ചേക്ക്.

  ReplyDelete
 3. പറ്റിച്ചു കളഞ്ഞല്ലോ രസം പിടിച്ചു വരുവാരുന്നു.. ങ്ഹാ സാരമില്ല കാത്തിരിക്കാം.

  ReplyDelete
 4. ബാംഗ്ലൂര്‍ യാത്ര വിശേഷങ്ങള്‍ മുഴുവനും പോരട്ടെ
  ആശംസകള്‍


  മറ്റൊരു ബാംഗ്ലൂര്‍കാരന്‍

  ReplyDelete
 5. രഘുനാഥേട്ടോ....ആസ്വദിച്ച് വായിച്ചുവന്നപ്പോഴെയ്ക്കും ദാണ്ട് കിടക്കുന്നു...'തുടരും'....ഇത്തിരി വലുതായാലും എല്ലാംകൂടെ ഒന്നിച്ചങ്ങ് പോസ്റ്റാമായിരുന്നു...ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു....

  വേഗം പോസ്റ്റണേ....

  ReplyDelete
 6. ആദ്യത്തെ രണ്ടു പേരഗ്രാഫ് നമ്മുക്കത്ര പിടിച്ചില്ല. ഞങ്ങള്‍ പാവങ്ങളെ അത്രക്കങ്ങു കളിയാക്കേണ്ട.(ഭീഷണി)

  ബാക്കി വിവരണം സൂപ്പര്‍. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

  ReplyDelete
 7. രസിച്ചു വായിച്ചു.

  ReplyDelete
 8. അതു ശരി!
  എന്നിട്ട് ആ ഫീഹരൻ ചിതൽ എന്നോടു വിളിച്ചു പറഞ്ഞില്ലല്ലോ. അടുത്ത ‘കിങ്ങ്ഫിഷറി’ൽ ഞാനങ്ങെത്തത്തില്ലാരുന്നോ?

  ReplyDelete
 9. “റോമിൽ ചെന്നാൽ റോമാക്കാരനെപ്പോലെ” എന്നുപറഞ്ഞ പൊലെ, കുമ്പളങ്ങ വിഴുങ്ങിയ നീർക്കോലികളുടെ ബെംഗളൂരുവിൽ വന്നുപെട്ട നീർക്കോലികളെ ഞാൻ പോയി സന്ദർശിച്ചു എന്നത് സത്യം.
  പക്ഷെ പുലിവാൽ ആവും എന്നു സ്വപ്നേപി വിചാരിച്ചിരുന്നില്ല.
  “സൗമ്യ പ്രകൃതം, ചിരിക്കുന്ന മുഖം” മുതലായ വിശേഷണങ്ങളുള്ള ഞാൻ അന്നു രാത്രി പോളിറ്റ് ബ്യൂറോയെ ദർശിച്ച ശേഷം “ഈശ്വരചിന്ത ഇതൊന്നേ മനുജനു ശാശ്വതമീ ഉലകിൽ” എന്ന പാട്ടു പാടി നടന്നു എന്നാണോർമ്മ. അതിനു് ഇടയായ സംഭവങ്ങൾ അതിർത്തിയിലെ പട്ടാളവെടി പോലെ ഠിം! ഠിം! എന്നു് അടുത്തഭാഗത്തിൽ വരും എന്ന ചിന്ത എന്നിൽ അതിയായ ആവേശമുണർത്തുന്നു.
  അതിനിടക്കു് ദാണ്ടെ വൈദ്യന്റെ വക കമെന്റ്... “ഞാനും എത്താമായിരുന്നു എന്നു്..” ഈ വിദ്വാനെ മുമ്പൊരിക്കൽ ഇതുപോലെ ബാംഗ്ലൂരിൽ വച്ചു് കണ്ട ക്ഷീണം എനിക്കു് ഇതുവരെ മാറിയിട്ടില്ല. അപ്പഴാ... ഗർർ..

  എൻബി: “ഒരു പോസ്റ്റിനുള്ള വകയായി!” എന്നു് പിരിയാൻ നേരം രഘുവേട്ടൻ പറഞ്ഞതിന്റെ ആഘാതം എനിക്കിപ്പോഴും വിട്ടുമാറിയിട്ടില്ല. അടുത്ത ഭാഗത്തിനായി.... കാ​‍ാ​ത്തിരിക്കുന്നു..

  ReplyDelete
 10. സാബ്, ഹസ്തേ ഹസ്തേ പേട് മേം ദര്‍ദു ഹോ രഹാ ഹൂം.

  ബാക്കി കേലിയെ "ആകാംക്ഷാപൂര്‍വ്"
  ഇന്തസാര്‍ കാര്‍ രഹാ ഹൂം.
  ധന്യവാദ്....അല്ല. ഓവര്‍.

  ReplyDelete
 11. നന്നായിട്ടുണ്ട്.....
  അടുത്ത ഭാഗം വരട്ടെ.... :)

  ReplyDelete
 12. ഒരു ചെറിയ പരാതി ഉള്ളതെന്താച്ചാൽ, ഇന്ദിരാനഗറിൽ നിന്നു് ആദ്യം കണ്ട ബസ്സിൽ ചാടിക്കയറി “ഈ ബസ് ബന്നേർഘട്ട പാർക്കിലേക്കു് പോട്ടെ!” എന്നാജ്ഞാപിച്ചതും, കണ്ടക്റ്റരുടെ സ്നേഹമസൃണമായി മറുപടി പറഞ്ഞതും അതു് കഴിഞ്ഞാണു് എന്നെ വിളിച്ചതു് എന്ന വസ്തുതയും പൊറോട്ട കിട്ടാൻ വേണ്ടി അരമണിക്കൂർ കാത്തിരുന്നതും ഒടുക്കം ക്ഷമ നശിച്ചു് ഹോട്ടലിന്റെ അടുക്കളയിലേക്കു് നുഴഞ്ഞുകയറ്റം നടത്തിയതും ഒന്നും എഴുതിക്കണ്ടില്ല എന്നുള്ളതാണു്. ഓർമ്മയില്ലാത്തതോ മനഃപൂർവം വിട്ടതോ എന്നറിയില്ല.

  ReplyDelete
 13. പ്രിയ അനില്‍ഫില്‍
  ക്വോട്ടാ വാങ്ങിയിട്ടുണ്ട്..പോരെ...:)
  നന്ദി മനോജ്‌ ഭാസ്കര്‍ :)
  നന്ദി അഭി :)
  നന്ദി ഷിബു...ബാകി ഉടനെ പോസ്റ്റാം :)
  നന്ദി ശിഖണ്ടി...ആ രണ്ടു പാര ഇനി വായിക്കേണ്ട കേട്ടോ. ബാക്കി വായിച്ചാല്‍ മതി ഹി ഹി :)

  നന്ദി മുല്ല..:)

  നന്ദി വൈദ്യരെ...വൈദ്യരുടെ കാര്യം ഞങ്ങള്‍ സംസാരിച്ചിരുന്നു.. ... :)

  നന്ദി പൊട്ടാ...ബാക്കി ജല്‍ദി പോസ്റ്റനെ കേലിയെ സോച്ചു രഹാ ഹും ഹാ ഹീ
  ...:)

  നന്ദി നൌഷാദ്...

  പ്രവീണ്‍...
  ഹോട്ടലില്‍ പോയ കഥ മറന്നതല്ല .ചുരുക്കി എഴുതിയപ്പോള്‍ വിട്ടു കളഞ്ഞതാ...ഹ ഹ

  ReplyDelete
 14. Rasichu.... Baakki postinayi kathirikkunnu...

  ReplyDelete
 15. ദുസ്ട്ടാ......എന്നോട് പറയാതെ വന്നു തിരിച്ചു പോയാ .... ???? ^#(*&@^#*&@^#@*&##^@*&^#^*&#@#@^^@#@#^@#&@#*&@*&#*#@&^#(*&@^#*&@^#@*&##^@*&^#^*&#@#@^^@#@#^@#&@#*&@*&#*#@&^#(*&@^#*&@^#@*&##^@*&^#^*&#@#@^^@#@#^@#&@#*&@*&#*#@&^#(*&@^#*&@^#@*&##^@*&^#^*&#@#@^^@#@#^@#&@#*&@*&#*#@&^#(*&@^#*&@^#@*&##^@*&^#^*&#@#@^^@#@#^@#&@#*&@*&#*#@&^#(*&@^#*&@^#@*&##^@*&^#^*&#@#@^^@#@#^@#&@#*&@*&#*#@&

  ReplyDelete
 16. സത്യം പറഞ്ഞാല്‍ ഈ പട്ടാളക്കാര്‍ എന്ന് കേട്ടാലെ എനിക്ക് പേടിയാ ... കാരണം എന്റെ നാട്ടിലും ഒരു പട്ടാളക്കാരന്‍ ഉണ്ട്.കണ്ടാല്‍ പേടിയാകും.ആരോടും അങ്ങനെ മിണ്ടുകയും ഇല്ല..അതുകൊണ്ട് പേടിച്ചു പേടിച്ചാ ബ്ലോഗ്‌ വായിച്ചതു.പക്ഷെ എനിക്ക് ഒത്തിരി ഇഷ്ട്ടമായി..വീണ്ടും വരാം..

  ReplyDelete
 17. രസിച്ച് വായിച്ചു വന്നപ്പോഴേയ്ക്കും തീർന്നു പോയി......അടുത്ത ഭാഗം ഉടൻ വരട്ടെ...

  ReplyDelete
 18. ബാഗ്ലൂര്‍ യാത്ര മനോഹരമായി .ഞാനും ഒരിക്കല്‍ വന്നിട്ടുണ്ട് ഇവിടെ .യലഹങ്കയും കലാശി പാളയവുംbsf,airforce ഇവയുടെ ആസ്ഥാനവും ഒക്കെ ഒന്ന് കറങ്ങിയട്ടുണ്ട്.പിന്നെ കുട്ടികളെയും കൊണ്ട് മൈസൂര്‍,വൃന്ദാവന്‍ ഗാര്‍ഡന്‍സും അങ്ങനെ അങ്ങനെ ..കുറെ .ആശംസകള്‍ ഒപ്പം നന്ദിയും അറിയിക്കുന്നു .

  ReplyDelete
 19. യാത്രാവിവരണവും നര്‍മ ഭരിതം ആക്കാം
  എന്ന് മനസ്സിലായി - ഏതു ടോപിക്ക്നെയും
  നര്‍മ്മമാക്കാന്‍ പറ്റുന്ന ആ കഴിവിന് ഒരു
  സല്ല്യുട്ടു

  ReplyDelete