Thursday, May 24, 2012

കുട്ടച്ചന്‍ജിയുടെ മരണം


പഞ്ചായത്തു മെമ്പര്‍ കുട്ടച്ചനെ കാണാനില്ല!!!

തങ്ങളുടെ   പ്രിയങ്കരനായ  നേതാവ്  "കുട്ടച്ചന്‍ജി" യെ  കാണാനില്ലെന്ന  വാര്‍ത്ത ശ്രവിച്ച രാജപുരം നിവാസികള്‍ ഞെട്ടി. 

ഇന്നലെ രാത്രിമുതലാണ് കാണാതായിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ത്ത കേട്ട് നടുങ്ങി.അവര്‍ കുട്ടച്ചന്‍ജിയുടെ ഭവനമായ "ഇന്ദിരാനിവാസി"ലേയ്ക്ക്  പാഞ്ഞു.

കുട്ടച്ചന്‍ജിയുടെ സഹധര്‍മ്മിണി അന്നക്കുട്ടി  വിവരമറിഞ്ഞപ്പോള്‍ കുഴഞ്ഞു   വീണതാണ്.

തളര്‍ന്നു കിടക്കുന്ന അവരെ അടുത്ത വീട്ടിലെ സ്ത്രീജനങ്ങള്‍  ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. 

ഇളയമകന്‍  പതിനെട്ടുകാരനായ സാബു അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് അരികില്‍ തന്നെയുണ്ട്‌.

മൂത്തമകളായ മോളിയെ അയച്ചിരിക്കുന്നത് ചങ്ങനാശ്ശേരിയിലാണ്.  അവരെ വിവരമറിയിക്കുവാന്‍ ആളു പോയിട്ടുണ്ട്. 

കൂടാതെ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചിട്ടുണ്ട്.

ഹൈറേഞ്ചിലെ മലനിരകള്‍ക്കു നടുവിലൂടെ ഒഴുകുന്ന പെരിയാറിന്റെ തീരത്തുള്ള   പ്രകൃതിരമണീയമായ  ഒരു  ഗ്രാമമാണ് രാജപുരം. 

പണ്ട്  കാടുപിടിച്ചുകിടന്നിരുന്ന  സ്ഥലം പല നാട്ടില്‍ നിന്നും വന്നവര്‍   കുടിയേറി വെട്ടിത്തെളിച്ച്  കൃഷിയിറക്കിയതാണ് .   

അന്നവിടെ  കാട്ടാനകളും കാട്ടുപോത്തുകളും മ്ലാവും കുരങ്ങും മുയലുമൊക്കെ  ഉണ്ടായിരുന്നത്രെ. 

ഇന്നിപ്പോള്‍ ചെറിയൊരു സിറ്റിയാണ് രാജപുരം.

ഒരു  ക്രിസ്ത്യന്‍ പള്ളി,  അയ്യപ്പന്റെ അമ്പലം, പോസ്റ്റ്‌ ഓഫീസ്, പള്ളിവക എല്‍ പി സ്കൂള്‍ മുതലായവയാണ് രാജപുരത്തെ  പ്രധാന സ്ഥാപനങ്ങള്‍.  

കൂടാതെ ഏലമ്മചേച്ചിയുടെ ചായക്കട, ശിവദാസന്റെ  പലചരക്കുകട,  മൂര്‍ത്തിയുടെ ബാര്‍ബര്‍ഷോപ്പ്, വേങ്ങത്താനം ബേബിയുടെ  തുണിക്കട, ഗോവിന്ദന്റെ മുറുക്കാന്‍ കട മുതലായ വ്യാപാരസ്ഥാപനങ്ങളുമുണ്ട്‌.  

പള്ളി, അമ്പലം എന്നിവയില്‍ നിന്നും  കുറച്ചേറെ ദൂരെമാറി   അബ്കാരി  കൊണ്ട്രാക്ടര്‍ ദിവാകരേട്ടന്റെ കള്ളുഷാപ്പ്. വൈകിട്ടു നാല് മണിക്ക് ശേഷമാണു കള്ളുഷാപ്പിന്റെ   പ്രവര്‍ത്തനം സജീവമാകുന്നത്. 

'കൊന്നത്തടി' പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ്  രാജപുരം.    അതിന്റെ  പ്രതിനിധിയാണ്  കുട്ടച്ചന്‍ജി. 

പഞ്ചായത്തു സംബന്ധമായ ഏതു കാര്യവും  കക്ഷിഭേതമില്ലാതെ ചെയ്തു കൊടുക്കുന്ന   ആളാണ്‌  കുട്ടച്ചന്‍ജി.

തൂവെള്ള ഖദറും കൂപ്പിയ  കൈകളും പാലുപോലെയുള്ള ചിരിയുമായി മാത്രമേ രാജപുരം നിവാസികള്‍ കുട്ടച്ചന്‍ജിയെ കണ്ടിട്ടുള്ളൂ.

സന്തത സഹചാരിയായ ഡയറിയും  കക്ഷത്തില്‍ വച്ചു കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ നടപ്പ്. 

കഴിഞ്ഞ പതിനാറു വര്‍ഷമായി നാലാംവാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്  കുട്ടച്ചന്‍ജിയാണ്.

അങ്ങനെയുള്ള കുട്ടച്ചന്‍ജിയ്ക്ക്  ഏതെങ്കിലും  വിധത്തിലുള്ള ശത്രുക്കളുണ്ടോ  എന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല.  

ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും ഇന്ദിരാനിവാസിലേയ്ക്ക്  ഒഴുകിക്കൊണ്ടിരുന്നു.

ഇന്നലെ രാത്രിയില്‍ ഏകദേശം ഒമ്പതു മണിയോടെ  ഇടവകപ്പള്ളിയുടെ  അടുത്തുള്ള വളവില്‍ വച്ച്  കുട്ടച്ചന്‍ജിയെ കണ്ടവരുണ്ട്.

"ഉണ്ടക്കണ്ണന്‍ മത്തായി"  എന്നറിയപ്പെടുന്ന മാങ്ങാട്ട്പറമ്പില്‍ മത്തായിയാണ്  അദ്ദേഹത്തെ അവിടെവച്ചു   കണ്ടത്.  ഗോവിന്ദന്റെ മുറുക്കാന്‍കടയില്‍ നിന്നും ഒരു പാക്കെറ്റ്  'പനാമ'  സിഗരറ്റും വാങ്ങി നടന്നുപോകുന്നതാണ് മത്തായി കണ്ടത്.  

ആ വിവരം ഗോവിന്ദനും ശരിവച്ചിട്ടുണ്ട്.

മറ്റൊരു നടുക്കുന്ന വിവരം കൂടി ഗോവിന്ദന്‍ പുറത്തു വിട്ടു.

കുട്ടച്ചന്‍ജി പോയി അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ വഴിയെ ഒരു  ജീപ്പ്‌,  കുറേ ആളുകളുമായി പാഞ്ഞു പോയത്രേ.

"കര്‍ത്താവേ ഇനി വല്ല കൊട്ടേഷന്‍കാരും കുട്ടച്ചന്‍ജിയെ???"  ഉണ്ടക്കണ്ണന്‍ മത്തായി അറിയാതെ പറഞ്ഞുപോയി.

"ഹെന്റീശ്വരാ"   

ഗോവിന്ദന്‍ അന്ധാളിപ്പോടെ നെഞ്ചില്‍ കൈവച്ചു.

"മണ്ടത്തരം പറയാതെടാ  മത്തായി"  എല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന വട്ടോളി തോമസു ചേട്ടന്‍ മത്തായിയെ ശാസിച്ചു. "വല്ല പോലീസ്സുകാരും കേട്ടാല്‍ നിന്റെ കാര്യം പോക്കാ"

അതു കേട്ട മത്തായി പേടിയോടെ നാലുപാടും  നോക്കിയിട്ട് സൂത്രത്തില്‍ അവിടെ നിന്നും മുങ്ങി. 

"കുട്ടച്ചന്‍ജിയെ ഒരു കൊട്ടേഷന്‍കാരും  തൊടില്ല. തൊട്ടാല്‍ തൊട്ടവന്‍ വിവരമറിയും" ഒരു പാര്‍ട്ടി അനുഭാവി  മുണ്ട് മടക്കിക്കുത്തിയിട്ടു വീറോടെ പറഞ്ഞു. 

ഇതിനിടയില്‍ മറ്റൊരു വിവരം കൂടി പുറത്തു വന്നു.

സഖാവ് ശ്രീധരനേയും കാണാനില്ല.   

കുട്ടച്ചന്‍ജിയുടെ ഒരേയൊരു രാഷ്ട്രീയ എതിരാളിയാണ് സഖാവ്  ശ്രീധരന്‍.

കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍   സഖാവ്  ശ്രീധരനെ അഞ്ഞൂറിലധികം വോട്ടുകള്‍ക്ക്  തോല്‍പ്പിച്ചാണ്  കുട്ടച്ചന്‍ജി വിജയകിരീടം ചൂടിയത്.

 അന്നു മുതല്‍ സഖാവ്   ശ്രീധരനു   കുട്ടച്ചന്‍ജിയോട്  അല്പം   പിണക്കമുണ്ടായിരുന്നു എന്നാണ്  പൊതുവേയുള്ള ജനസംസാരം.

പക്ഷെ അതൊന്നും ശ്രീധരന്‍ സഖാവ്  പുറത്തു കാണിച്ചിട്ടില്ല.

എന്നാലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍...

ഏലമ്മചേച്ചിയുടെ ചായക്കടയിലും ഗോവിന്ദന്റെ  മുറുക്കാന്‍കടയിലും കൂടിയിരുന്നു രാജപുരത്തുകാര്‍ ചര്‍ച്ച തുടര്‍ന്നു.  

പെട്ടെന്നൊരു പോലീസ് ജീപ്പ്‌ പാഞ്ഞു വന്നു ബ്രേക്കിട്ടു. അതില്‍നിന്നും രണ്ടുമൂന്നു പോലീസ്സുകാര്‍ ചാടിയിറങ്ങി. അവര്‍  ജീപ്പിന്റെ പിറകില്‍ നിന്നും ഒരാളെ പുറത്തിറക്കി.

സഖാവ് ശ്രീധരന്റെ മൂത്ത മകന്‍  പുഷ്പന്‍. !!

ആളുകള്‍ അതുകണ്ട്  അന്തം വിട്ടു നിന്നു.

പോലീസുകാര്‍ പുഷ്പനേയും കൊണ്ട്  പള്ളിയുടെ അരികിലുള്ള വെട്ടുവഴിയില്‍ക്കൂടി   കുട്ടച്ചന്‍ ജിയുടെ വീട്ടിലേയ്ക്ക്‌ പോയി. 

ചായക്കടയിലും മുറുക്കാന്‍ കടയിലും ഇരുന്നവര്‍ ആകാംഷയോടെ   അവരെ അനുഗമിച്ചു. പക്ഷെ പോലീസുകാര്‍ അവരെ വിരട്ടിയോടിച്ചു.

"എന്നാലും എന്നോടൊരു വാക്ക്  പറഞ്ഞിട്ട് പോകാന്‍ മേലാരുന്നോ"  കുട്ടച്ചന്‍ജിയുടെ വീട്ടില്‍ നിന്നും  അന്നക്കുട്ടിയുടെ നിലവിളി ഉയര്‍ന്നു.
  
ജനങ്ങള്‍ക്ക്‌ കാര്യങ്ങളുടെ കിടപ്പ്  ഏകദേശം  പിടികിട്ടി.
  
തന്റെ അച്ഛനെ തോല്പിച്ചതിലുള്ള  വൈരാഗ്യം തീര്‍ക്കാനായി  പുഷ്പന്‍ കുട്ടച്ചന്‍ജിയെ അപായപ്പെടുത്തി !!

പക്ഷെ എങ്ങിനെ?...എവിടെവച്ച്? എന്നിട്ട് കുട്ടച്ചന്‍ജിയുടെ ശരീരം എന്തു ചെയ്തു? 

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ജനങ്ങള്‍  പരസ്പരം ചോദിച്ചു...

പോലീസുകാര്‍ തെളിവെടുപ്പ് കഴിഞ്ഞു പുഷ്പനുമായി തിരിച്ചുപോയി.

നല്ലവരില്‍ നല്ലവനായ കുട്ടച്ചന്‍ജിയുടെ  ദാരുണമായ അന്ത്യത്തില്‍ രാജപുരം നിവാസികള്‍ അത്യധികം വ്യസനിച്ചു. അവര്‍ കുട്ടച്ചന്‍ജിയുടെ അപദാനങ്ങള്‍ വാഴ്ത്തി. പിന്നെ അവരവരുടെ വീടുകളിലേയ്ക്ക്  തിരിച്ചു പോയി.

കുട്ടച്ചന്‍ജിയുടെ വീട്ടില്‍  അദ്ദേഹത്തിന്റെ ഭാര്യ അന്നക്കുട്ടിയും ഒന്നുരണ്ടു അയല്‍ക്കാരികളും മാത്രമായി. 
 
സമയം സന്ധ്യ കഴിഞ്ഞു...

അബ്കാരി  കൊണ്ട്രാക്ടര്‍ ദിവാകരേട്ടന്റെ   കള്ളുഷാപ്പില്‍ കുപ്പികള്‍ നിറയുകയും ഒഴിയുകയും ചെയ്തു. ഷാപ്പിന്റെ മുറികളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. കുട്ടച്ചന്‍ജിയുടെ മരണമാണ്  എല്ലാവര്‍ക്കും വിഷയം.  

കുട്ടച്ചന്‍ജിയുടെ സ്നേഹവാത്സല്യങ്ങള്‍  അനുഭവിച്ചവര്‍ അദ്ദേഹത്തിന്റെ  ആത്മശാന്തിക്കായി ഒന്നു രണ്ടു കുപ്പികള്‍  കൂടുതല്‍ കഴിക്കുകയും കരയുകയും ചെയ്തു.
 
"മൃതദേഹം ഉടനെ കിട്ടുമായിരിക്കും..നാളത്തെ പത്രത്തില്‍ എല്ലാം വിശദമായി അറിയാം." 

 അങ്ങനെയൊരു  പ്രത്യാശയോടെ  ആളുകള്‍ അവരവരുടെ ചര്‍ച്ച ഉപസംഹരിച്ചു. 

സമയം ഒരുപാടു കഴിഞ്ഞു...

വട്ടോളി തോമസ്സു ചേട്ടനും ഉണ്ടക്കണ്ണന്‍ മത്തായിയും  അന്നത്തെ കുടി നിറുത്തി  ഷാപ്പില്‍ നിന്നും എഴുനേറ്റു വേച്ചു വേച്ചു  പുറത്തേയ്ക്ക് നടന്നു. 

ഷാപ്പിനു പുറത്തെത്തിയ അവര്‍ റോഡിലിറങ്ങി മുന്‍പോട്ടു നടന്നു.

അല്പം നടന്നപ്പോഴാണ് അവരതു കണ്ടത്.

നേരെ മുന്‍പില്‍ റോഡില്‍ കുട്ടച്ചന്‍ജി  നില്‍ക്കുന്നു...അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ടു കൊണ്ട്  സഖാവ് ശ്രീധരന്‍!

കാറ്റുപിടിച്ച കൊന്നത്തെങ്ങുപോലെ   ആടുകയാണ് രണ്ടു പേരും.

തന്റെ തോളില്‍ തൂങ്ങിക്കിടക്കുന്ന കുട്ടച്ചന്‍ജിയോട്  സഖാവ് ശ്രീധരന്‍ പറയുന്നത്  തോമസ്സു ചേട്ടനും ഉണ്ടക്കണ്ണന്‍ മത്തായിയും കേട്ടു.

'ഡാ... കുട്ടച്ചാ...ന്റെ മോന്‍ പുഷ്പന്   നീ സര്‍ക്കാര്  ജോലി വാങ്ങി തന്നില്ലേ...എനിക്ക്   തിറുപ്തിയായി.   ഈ തിരോന്തോരം പോക്കിന്റെ   മുഴോന്‍ ശെലവും  എന്റെ വഹ...നീ വാ."
 
പിന്നെ, വട്ടോളി തോമസ്സു ചേട്ടനേയും ഉണ്ടക്കണ്ണന്‍ മത്തായിയും  മൈന്‍ഡ് ചെയ്യാതെ  പരസ്പര സഹായത്തോടെ അവര്‍  ഷാപ്പിലേയ്ക്ക്  കയറിപ്പോയി.  

11 comments:

  1. ഹോ..ഈ കുട്ടച്ചന്‍ജി വെറുതെ നമ്മളെ ടെന്‍ഷനടിപ്പിച്ചു

    ReplyDelete
  2. കഴിഞ്ഞ പ്രാവശ്യം കമന്റിട്ടതും പോസ്റ്റോടെ മുങ്ങി

    ഇതിപ്പൊ അങ്ങനെ ആവിലായിരിക്കും അല്ലെ?

    എന്നാലും എന്റെ കുട്ടച്ചാ :)

    ReplyDelete
  3. ഈ വെടിയിലും ഉണ്ടയില്ലായിരുന്നെങ്കിലും
    ചങ്കു കിടന്ന് പടപടാ ഇടിച്ചു

    ReplyDelete
  4. പ്രിയപ്പെട്ട സുഹൃത്തേ,
    ഇത് കൊള്ളാലോ....!വല്ലാതെ പേടിച്ചു പോയി...!
    ഈയെഴുത്ത് രസകരം! അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  5. @വരവിനും വായനയ്ക്കും നന്ദി അജിത്‌. :)

    @നന്ദി പണിക്കര്‍ സാര്‍...
    കഴിഞ്ഞ പോസ്റ്റ്‌ ഒന്ന് എഡിറ്റ്‌ ചെയ്യാന്‍ നോക്കിയതാ..പക്ഷെ അബദ്ധത്തില്‍ ഡിലീറ്റ് ആയിപ്പോയി.. :)

    @നന്ദി കലാവല്ലഭാ :)

    @നന്ദി ശ്രീ...:)

    @നന്ദി അനു..
    ഇനിയും വരുമല്ലോ?

    ReplyDelete
  6. എക്സ് പട്ടാളം ചേട്ടാ.. ഉണ്ടയില്ലാത്ത വെടികള്‍ പൊട്ടിച്ചു മനുഷ്യനെ ടെന്‍ഷന്‍ അക്കിയാലുണ്ടല്ലോ...
    കലക്കി.. എന്നാലും പുഷ്പന്റെ ജോലി കിട്ടിയ അന്നുതന്നെ പോയല്ലോ :( കഷ്ടം.

    ReplyDelete
  7. അപ്പഴും സംശയം: നമ്മുടെ സഖാവു് ശ്രീധരൻ എങ്ങോട്ടാ കൃത്യസമയത്തു് മുങ്ങിയേ? പുഷ്പനെന്തിനാ പോലീസിനെ കൂട്ടി കുട്ടച്ചന്റെ വീട്ടിലെത്തിയേ?
    കഥ കലക്കി, ആസ് യൂഷ്വൽ!

    ReplyDelete
  8. പ്രിയ ലംബാ നന്ദി....

    പ്രിയ ചിതല്‍...നന്ദി

    കഥ ഒന്നുകൂടി വായിച്ചു നോക്കിയാല്‍ പ്രവീണിന്റെ സംശയം മാറുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഹി ഹി

    ReplyDelete