Wednesday, March 10, 2010

ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്.

"എടാ സതീശാ എനിക്കൊരു അണ്ടര്‍ വെയര്‍ തയ്ക്കാന്‍ എത്ര തുണി വേണം?"

കുമാരപുരം ജങ്ങ്ഷനിലെ ഏക തയ്യല്‍ക്കടയായ "വെല്‍ ഫിറ്റ് ടൈലേഴ്സ്" സിന്റെ "ഓണര്‍ കം പ്രൊപ്രറ്റര്‍ ‍ കം ചീഫ് ടൈലര്‍" എന്ന ബഹുമുഖ പദവി അലങ്കരിക്കുന്ന സതീശന്‍, ആരോ തുന്നാന്‍ കൊടുത്ത വിലയേറിയ പാന്റിന്റെ തുണിയെ കത്രിക കൊണ്ട് നിഷ്കരുണം വെട്ടിമുറിക്കുന്ന ജോലി താല്‍കാലികമായി നിറുത്തിയിട്ടു ചോദ്യകര്‍ത്താവിനെ നോക്കി.


വെല്‍ ഫിറ്റ് ടൈലേഴ്സ് സിന്റെ മുന്‍പില്‍ "ഫുള്‍ ഫിറ്റായി" നില്‍ക്കുകയാണ് ചെല്ലപ്പനാശാന്‍ . കയ്യില്‍ ഒരു കടലാസ് പൊതി.


"ആഹാ ചെല്ലപ്പനാശാനോ ? വരണം വരണം"


കാറ്റ് പിടിച്ച കൊന്നത്തെങ്ങു പോലെ ചെറിയ രീതിയില്‍ ആടി നില്‍ക്കുന്ന ചെല്ലപ്പനാശാനെ സതീശന്‍ സ്വാഗതം ചെയ്തു. തന്റെ തയ്യല്‍ മിഷ്യന്റെ അടിയില്‍ കിടന്ന സ്റ്റൂള്‍ എടുത്തു കൊടുത്ത് അതില്‍ ആസനനസ്ഥനാക്കി.


കുമാരപുരം നിവാസികളുടെ, പ്രത്യേകിച്ച് "പിശുക്ക്" അല്പം കൂടുതലുള്ളവരുടെ ആരാധനാപാത്രമാണ് ചെല്ലപ്പനാശാന്‍. ചെല്ലപ്പന്‍ എന്നാണു ഔദ്യോഗിക നാമമെങ്കിലും ആശാന്‍ എന്നത് നാട്ടുകാര്‍ കല്പിച്ചു കൊടുത്തിരിക്കുന്ന സ്ഥാനപ്പേരാണ്. അങ്ങനെ ഒരു സ്ഥാനപ്പേര് കിട്ടാനുള്ള കാരണങ്ങളെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രാന്വേഷണ കുതുകികളായ ചെറുപ്പക്കാര്‍ക്കിടയില്‍ നിലവിലുണ്ട്. പണ്ട് കുട്ടികളെ എഴുത്ത് പഠിപ്പിക്കുന്ന "ആശാന്‍ പള്ളിക്കൂടം" നടത്തിയിരുന്നതിനാലാണ് ആശാന്‍ എന്ന പേര് വീണത്‌ എന്നാണു ഒരു കുതുകിയുടെ അഭിപ്രായം. അതല്ല, അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായ "പിശുക്കിന്റെ " ആശാന്‍ ആയതു കൊണ്ടാണ് ഈ പേര് വീണത്‌ എന്ന് മറ്റൊരു കുതുകി തെളിവുകള്‍ സഹിതം വാദിക്കുന്നു.


ഇതൊക്കെയാണെങ്കിലും വളരെ പ്രശസ്തമായ മറ്റൊരു പേരിന്റെ കൂടി ഉടമയാണ് ചെല്ലപ്പനാശാന്‍.


ആ പേരാണ് "ഇരുട്ടാശാന്‍"....


ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി അറിയണമെന്ന് താല്പര്യമുള്ള വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ സ്വഭവനമായ "ഭവാനീ മന്ദിരം" വരെ ഒന്ന് പോകേണ്ടി വരും. പോകുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈകിട്ട് ഏകദേശം ഒരു ആറര, അല്ലെങ്കില്‍ ഏഴു മണി, അതായത് ഇരുട്ട് വീഴുന്ന സമയം നോക്കി മാത്രമേ പോകാവൂ. എന്നാലേ പോയ കാര്യം നടക്കൂ.


എന്നുവച്ച് നേരെ ചെന്ന് ആശാന്റെ വീട്ടിലേയ്ക്ക് ഇടിച്ചു കയറരുത്. മുറ്റത്ത് എവിടെയെങ്കിലും മറഞ്ഞു നിന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കണം.


നിങ്ങള്‍ ചെല്ലുമ്പോള്‍ രണ്ടു മുറിയും അടുക്കളയും ഹാളും വരാന്തയും ചേരുന്ന ആശാന്റെ ഭവനം, കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവലില്‍ പറയുന്നത് പോലെ "അന്ധകാര നിബിഡമായ നിതാന്ത നിശബ്ദതയില്‍" ആണ്ടിരിക്കുവാനാണ് സാധ്യത. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളോ അത്യഗാധമായ കൊക്കകളോ ഇല്ലെങ്കിലും മുറ്റത്തിന്റെ ഒരു വശത്ത്‌ ചെറിയ ഒരു കുഴിയുള്ളത് കൊണ്ട് ഉരുണ്ടു വീഴാതെ സൂക്ഷിക്കണം.


അങ്ങനെ നിതാന്ത നിശബ്ദതയില്‍ ആണ്ടിരിക്കുന്ന ഭവാനീ മന്ദിരത്തിന്റെ പൂമുഖത്തേയ്ക്കു കയ്യില്‍ നിലവിളക്കേന്തിയ ഒരു മഹിളാരത്നം കടന്നു വരും. ആ രത്നമാണ് ഭവാനി ചേച്ചി. ചെല്ലപ്പനാശാന് ആകെയുള്ള ബന്ധു. കുറച്ചു കൂടെ വ്യക്കുതമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഒരേ ഒരു "സ്വന്തം ഭാര്യ".


നിലവിളക്കേന്തിയ ഭവാനി രത്നം വിളക്കു താഴെ വച്ച് ശേഷം അതിന്റെ മുന്‍പില്‍ ചമ്രം പടഞ്ഞിരുന്നു രാമനാമജപങ്ങള്‍ തുടങ്ങുമ്പോള്‍ മറ്റൊരു രത്നം രംഗപ്രവേശം ചെയ്യുന്നത് കാണാം. രത്നത്തിന്റെ പേര് ചെല്ലപ്പനാശാന്‍‍. അദ്ദേഹത്തിന്റെ കയ്യിലുമുണ്ട് ഒരു വിളക്ക്. പക്ഷെ അത് നിലവിളക്കോ മണ്ണെണ്ണ വിളക്കോ അല്ല.


സാക്ഷാല്‍ "ബാലന്‍സ് വിളക്ക്" ! നാല്പതു വാട്സിന്റെ ഒരു ഇലക്ട്രിക് ബള്‍ബ്‌ !!


അദ്ദേഹം ആ ബള്‍ബ്‌ വരാന്തയില്‍ തൂങ്ങിക്കിടക്കുന്ന ഹോള്‍ഡറില്‍ ഘടിപ്പിക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ " ബാലന്‍സ് ഇഫക്റ്റ് " തുടങ്ങുകയായി.


ഉദ്ദേശം അര മണിക്കൂര്‍ കഴിയുമ്പോള്‍ നാമജപത്തിന് സമാപനം കുറിച്ചുകൊണ്ട് ഭവാനി ചേച്ചി തന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ബള്‍ബിലേയ്ക്ക് കണ്ണുകള്‍ നട്ട്, കൈകള്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തി "നാരായണാ.. ശിവശങ്കരാ.. രക്ഷിക്കണേ" എന്നൊരു ദയാഹര്‍ജി, വൈകുണ്ഡം കൈലാസം എന്നീ പുണ്യസ്ഥലങ്ങളിലേയ്ക്ക് ബൈ എയറായി അയക്കും. ആ സമയം തന്നെ ചെല്ലപ്പനാശന്‍ തന്റെ തോളില്‍ കിടക്കുന്ന തോര്‍ത്തു ഉപയോഗിച്ച് ഹോള്‍ഡറില്‍ നിന്ന് ബള്‍ബു ഊരിയെടുക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ വീണ്ടും കോട്ടയം പുഷ്പനാഥ് പ്രത്യക്ഷപ്പെടും. നിതാന്ത നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ചെല്ലപ്പനാശന്റെ പട്ടി, വൈകിട്ടത്തെ ശാപ്പാട് കൊടുക്കാനുള്ള സിഗ്നലായി നീട്ടി ഓരിയിടും. അത് കേട്ട് ഞെട്ടരുത്. ഈ സമയം ചെല്ലപ്പ, ഭവാനീ രത്നങ്ങള്‍ ബള്‍ബുമായി നേരെ അടുക്കയിലേയ്ക്ക് നീങ്ങിയിട്ടുണ്ടാകും.


അങ്ങനെ രാത്രി ഒന്‍പതു മണിക്ക് മുന്‍പ് ആ ബള്‍ബു ചെല്ലപ്പനാശാന്റെ വീടിന്റെ അടുക്കള, ഹാള്‍ , കുളിമുറി (ചിലപ്പോള്‍ കക്കൂസ്) വഴി കിടപ്പ് മുറിയില്‍ എത്തുന്നതോടെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ചു ബള്‍ബും ചെല്ലപ്പനാശാനും ഭാവാനി ചേച്ചിയും നിദ്ര പൂകും.


മേല്‍പ്പറഞ്ഞതില്‍ നിന്നും ചെല്ലപ്പനാശാനു പറ്റിയത് "പിശുക്കാശാന്‍", "ഇരുട്ടാശാന്‍" എന്നീ പഴയ പേരുകളാണോ അതോ "ബാലന്‍സ് വിളക്കാശാന്‍" എന്ന പുതിയ പേരാണോ എന്ന് അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച മാന്യവായനക്കാര്‍ തന്നെ തീരുമാനിക്കുക.


ഏതായാലും ചെല്ലപ്പനാശാന്റെ പിശുക്കിനെപ്പറ്റി നന്നായി അറിയാവുന്ന തയ്യല്‍ക്കാരന്‍ സതീശന്‍ ആശാന്റെ കയ്യിലിരുന്ന തുണി വാങ്ങി തന്റെ ടേപ്പ് വച്ച് അളന്നു നോക്കി. എന്നിട്ട് പറഞ്ഞു.


"ആശാനെ ആവശ്യത്തിനുള്ള തുണിയുണ്ട്. ചിലപ്പോള്‍ അല്പം മിച്ചം വന്നേയ്ക്കും"


"അങ്ങിനെയാണെങ്കില്‍ നീ ഒരു കാര്യം ചെയ്യ്. മിച്ചമുള്ള തുണി വെറുതെ കളയേണ്ടാ. അത് കൊണ്ട് ഒന്നോ രണ്ടോ പോക്കറ്റ് കൂടുതല്‍ അടിച്ചേര് "


താന്‍ കാശു കൊടുത്തു മേടിച്ച തുണി വെറുതെ കളയുന്നതില്‍ വൈമനസ്യമുള്ള ചെല്ലപ്പനാശാന്‍ തന്റെ ഐഡിയ പറഞ്ഞു.


"അങ്ങിനെ തന്നെ ആയിക്കളയാം" എന്ന രീതിയില്‍ തലകുലുക്കിയ സതീശന്‍ ആശാന്റെ അളവുകള്‍ക്ക് അനുസൃതമായി തുണി വെട്ടാന്‍ തുടങ്ങി. ആശാനാകട്ടെ തന്റെ "ഫിറ്റ്നെസ് " അല്പം കുറഞ്ഞു പോയോ എന്ന ശങ്കയില്‍ വീണ്ടും ഫിറ്റ് ആകുന്നതിനായി അടുത്തുള്ള ഷാപ്പിലേയ്ക്ക് പോയി.


കുറച്ചു നേരത്തിനു ശേഷം വീണ്ടും വെല്‍ ഫിറ്റായി വന്ന ചെല്ലപ്പനാശാന്റെ കയ്യില്‍ സതീശന്‍ താന്‍ തുന്നിയ അണ്ടര്‍‍വെയര്‍ കടലാസില്‍ പൊതിഞ്ഞു കൊടുത്തു. അതുമായി വീട്ടിലെത്തിയ ആശാന്‍ " ധന്വന്തരം" കുഴമ്പ് മേലാസകലം പുരട്ടിയിട്ട് കിണറ്റിന്റെ കരയില്‍ കുറച്ചു നേരം ഉലാത്തി. പിന്നെ ഭവാനി ചേച്ചി തയാറാക്കിക്കൊടുത്ത ചെറു ചൂടുള്ള വെള്ളത്തില്‍ വിശദമായ ഒരു കുളി പാസാക്കിയ ശേഷം തന്റെ പുതിയ അണ്ടര്‍ വെയറില്‍ കയറാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

.
അധികം ബുദ്ധിമുട്ടാതെ പുതിയ അണ്ടര്‍‍വെയറില്‍ കയറിക്കൂടിയ ചെല്ലപ്പനാശാന്‍ അതിട്ടു കൊണ്ട് വരാന്തയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും അല്പമൊന്നു നടന്നുനോക്കി. പുതിയ അണ്ടര്‍‍വെയറിനു തയ്യല്‍ സംബന്ധമായ കുഴപ്പമോ എവിടെയെങ്കിലും പിടുത്തമോ ഉണ്ടോ എന്നറിയണമല്ലോ? പക്ഷെ അതിട്ടു നടക്കുമ്പോള്‍ ചെല്ലപ്പനാശാന്റെ സ്റ്റീല്‍ ബോഡിയുടെ മര്‍മപ്രധാനമായ യന്ത്രഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് എന്തോ ഒരു അസ്കിത! മാത്രമല്ല യന്ത്രസാമഗ്രികളുടെ സ്വതന്ത്രമായ നിലനില്‍പ്പിനു തടസ്സം വന്നത് പോലെ ഒരു തോന്നല്‍!!.


തോന്നല്‍ ശക്തമായപ്പോള്‍ അണ്ടര്‍വെയറില്‍ നിന്നും അടിയന്തിരമായി പുറത്തിറങ്ങിയ ആശാന്‍ അതിനെ കൂലങ്കഷമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഗതി കണ്ടത്. വശങ്ങളിലും പുറകിലുമുള്ള പോക്കറ്റുകള്‍ കൂടാതെ അണ്ടര്‍വെയറിന്റെ മുന്‍ഭാഗത്തു, അതായത് ഇരു കാലുകളുടെയും "നടു സെന്ററില്‍" നാട്ടുമ്പുറത്തെ ചായക്കടകളിലെ ചായ സഞ്ചിയുടെ ആകൃതിയില്‍ മറ്റൊരു പോക്കറ്റ്.!!!


സഹൃദയനും രസികനുമായ തയ്യല്‍ക്കാരന്‍ സതീശന്‍ ചെല്ലപ്പനാശാന്‍ എന്ന പിശുക്കനാശാനു മാത്രമായി ബാലന്‍സ് വന്ന തുണി കൊണ്ട് ഫിറ്റു ചെയ്തു കൊടുത്ത കിടിലന്‍ പോക്കറ്റ്. ചെല്ലപ്പനാശാന്റെ സ്വന്തം "ബാലന്‍സ് പോക്കറ്റ്".

32 comments:

  1. മേല്‍പ്പറഞ്ഞതില്‍ നിന്നും ചെല്ലപ്പനാശാനു പറ്റിയത് "പിശുക്കാശാന്‍", "ഇരുട്ടാശാന്‍" എന്നീ പഴയ പേരുകളാണോ അതോ "ബാലന്‍സ് വിളക്കാശാന്‍" എന്ന പുതിയ പേരാണോ എന്ന് അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച മാന്യവായനക്കാര്‍ തന്നെ തീരുമാനിക്കുക

    ReplyDelete
  2. ഈ ഭവനം സന്ദര്‍ശിച്ച് ആശാനെ പുതിയ വേഷത്തില്‍ കണ്ടതിനാല്‍ ഞാന്‍ മേല്‍ പറഞ്ഞ മൂന്ന് പേരും ഒഴിവാക്കി എക്സ്ട്രാ പോക്കറ്റാശാന്‍ എന്ന് നാമകരണം ചെയ്യുന്നു.

    നന്നായി ചിരിച്ചു എന്ന് പറയേണ്ടതില്ലല്ല്ലൊ...

    ReplyDelete
  3. ഹ..ഹ..ഞാനാ പോക്കറ്റ്‌ ഭാവനയിൽ കണ്ട്‌ എത്ര നേരം ചിരിച്ചെന്നോ

    ReplyDelete
  4. ചെല്ലപ്പനാശാന്‍ / ബാലന്‍സ് വിളക്കാശാന്‍/പോക്കറ്റാശാന്‍/പിശുക്കാശാന്‍/ഇരുട്ടാശാന്‍
    നന്നായിട്ട് ചിരിപ്പിച്ചു

    ReplyDelete
  5. നല്ല രസകരമായ കഥ , ശരിക്കും ചിരിപ്പിച്ചു

    ReplyDelete
  6. ഓരോരുത്തര്‍ക്കും കൊടുത്ത ആശാന്‍ പേരുകള്‍ നന്നായി. കഴിഞ്ഞ പോസ്ടിനെക്കാള്‍ ഇത് വളരെ നന്നയി, ചിരിപ്പിച്ചു.

    ReplyDelete
  7. ആശാന്റെ 'ബള്‍ബ്' പരിപാടിയാണ് ഏറെ ഇഷ്ടപ്പെട്ടത്.

    :)

    ReplyDelete
  8. "ബാലന്‍സ് വിളക്കാശാന്‍"..........

    നന്നായി ചിരിപ്പിച്ചു

    ReplyDelete
  9. ചെല്ലപ്പനാശാന്‍ എക്സ്‌ കെ എസ്‌ ഇ ബി ആവാനാണു് വഴി. കേരളത്തിലെ കറന്റുപയോഗം കുറക്കാന്‍ തന്നാലാവും വിധം ശ്രമിക്കുന്ന അദ്ദേഹത്തിനെ തെറ്റിദ്ധരിച്ചതില്‍ എനിക്കതിയായ അമര്‍ഷമുണ്ടു്.
    അതു പോലെ, വെറും കീറത്തുണി പ്രകൃതിയില്‍ നിക്ഷേപിച്ചു മലിനീകരണമുണ്ടാവുന്നതു തടയാന്‍ ആവുംവിധം ശ്രമിച്ച അദ്ദേഹം നമുക്കൊക്കെ ഒരു മാതൃകയാണെന്നും ഞാന്‍ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തെ തെറ്റിദ്ധരിച്ച നാട്ടുകാരും ബ്ലോഗര്‍മാരും ഒറ്റക്കും സംഘംചേര്‍ന്നും അദ്ദേഹത്തോടു് മാപ്പുപറയേണ്ടതാകുന്നു.

    ReplyDelete
  10. നന്ദി എ ഓ ബി...

    നന്ദി എറക്കാടന്‍

    നന്ദി രമണിഗ

    നന്ദി രാധിക

    നന്ദി രാംജി സര്‍

    നന്ദി ശ്രീ

    നന്ദി അഭി

    നന്ദി ചിതല്‍

    ReplyDelete
  11. തക തകർപ്പൻ ചെല്ലപ്പനാശാൻ!!

    ReplyDelete
  12. എത്ര പിശുക്കനാണേലും തന്റെ “ഫിറ്റ്നസ്സിന്റെ” കാര്യത്തിൽ എത്ര ശ്രദ്ധാലുവാണ് മൂപ്പർ!! അങ്ങനെ വേണം ആശാൻ‌മാരായാൽ അല്ലേ.. :)

    അല്ല, ഇനി ആശാന് ‘അത്‘ ഫ്രീ ആയാണോ കിട്ടുന്നത്?

    നന്നായീണ്ട് മാഷേ..

    ReplyDelete
  13. ആ തയ്യല്‍ക്കടയുടെ മേല്‍ വിലാസം ഒന്ന് തരുമോ പട്ടാളം?
    ഇടയ്ക്കൊക്കെ ഒരു വെറൈറ്റി വേണ്ടേ..ഏത്?!
    :-)
    ചിരിപ്പിച്ചു..

    ReplyDelete
  14. നന്ദി..ജയന്‍ സാര്‍...

    നന്ദി പൊറാടത്ത് മാഷേ ..
    ആശാന്‍ എപ്പോഴും നല്ല ഫിറ്റാ ..ഹ ഹ


    നന്ദി ഭായി..
    തയ്യല്‍ക്കടയുടെ അഡ്രസ്‌ തരാമല്ലോ...

    ReplyDelete
  15. ബള്‍ബ് പരിപാടി ബോധിച്ചു.
    :)

    ReplyDelete
  16. കേട്ട ഒരു ലക്ഷണം വെച്ച്... ആശാന്‍ ഹാപ്പി ആവനെ വഴിയുള്ളൂ..
    അസ്താനതൊരു കീശ ഉണ്ടെങ്കിലെന്താ.. തുണി മിച്ചം പോയില്ലല്ലോ

    ReplyDelete
  17. നന്ദി ഹന്‍ല്ലാലത്‌ ...ഒരുപാട് നാളായല്ലോ ഇത് വഴി വന്നിട്ട്!!

    നന്ദി കണ്ണാ ..ആശാന്‍ ഇപ്പോള്‍ ഫുള്‍ ഹാപ്പി ഹ ഹ

    ReplyDelete
  18. enthayalum aa pocketiinnu arum pocketadikkoola...

    sammathichirikkunnu bhai..

    ReplyDelete
  19. ഹാ.ഹാ...ഹാ....എന്റെ രഘുഅണ്ണാ....കൊല്ല്...കൊല്ല്...

    ReplyDelete
  20. ഹ ഹ.. നന്ദി കിഷോര്‍ ......

    നന്ദി ക്യാപ്ടാ..

    നന്ദി ആര്‍ദ്ര ആസാദ്...

    ReplyDelete
  21. ആ മുൻ വശത്തെ പോക്കറ്റിൽ ഇടുന്ന പൈസാ എടുക്കാൻ പാടു പെടുമല്ലോ!!!

    ReplyDelete
  22. നന്ദി മനു...

    നന്ദി ഷെരീഫ് സര്‍

    ReplyDelete
  23. ഹ ഹ ഹ അത്രേം കൊണ്ട്‌ തുണി തീര്‍ന്നത്‌ നന്നായി അല്ലെങ്കില്‍ പുറകില്‍ ഒരെണ്ണം ഫിറ്റ് ചെയ്തേനെ, ആശാനെ പൊലുള്ള ആള്‍ക്കാര്‍ ധാരാളം ഉണ്ടായിരുന്നെങ്കില്‍ പവറ്കട്ട് ഒഴിവായെനേ.

    ReplyDelete
  24. അതായത് ഇരു കാലുകളുടെയും "നടു സെന്ററില്‍" നാട്ടുമ്പുറത്തെ ചായക്കടകളിലെ ചായ സഞ്ചിയുടെ ആകൃതിയില്‍ മറ്റൊരു പോക്കറ്റ്.!!!

    പട്ടാളം ആ ഉപമ കലക്കി, അപ്പോള്‍ സതീശന്‍ ആണ് താരം

    ReplyDelete
  25. ഹ ഹ നന്ദി പി ഡി...

    നന്ദി കുറുപ്പേ.........

    ReplyDelete
  26. നടുക്കത്തെ ആ ബാലന്‍സ് പോക്കറ്റ്‌ കലക്കി, രസികന്‍.

    ReplyDelete
  27. നന്ദി തെച്ചിക്കോടന്‍..

    ReplyDelete
  28. അതേ ആഴ്ച്ച രണ്ട്‌ കഴിഞ്ഞു ഇതു പോസ്റ്റിയിട്ട് അന്നുമുതല്‍ വന്നു നോക്കണതാ പുതിയ പട്ടാള കഥകള്‍ക്ക്, പോരട്ടെ പുതിയത്

    ReplyDelete
  29. പ്രിയ പി ഡി...

    ഉടന്‍ വരുന്നു...അടുത്ത കഥ...!!

    ReplyDelete
  30. പട്ടാളാശാനേ... അടിപൊളിയായിട്ടുണ്ട്.. എക്സ്ട്രാ പോക്കറ്റിനെ കുറിച്ചോർത്ത് ഹ ഹ ഹ .... ..‘നട്ടെല്ലുള്ള പട്ടാളക്കാരൻ’ എന്ന പോസ്റ്റിനു ശേഷംകുറച്ചുനാളായിട്ട് ഈ വഴിക്ക് ഇല്ലായിരുന്നു ..പക്ഷെ ഇന്ന് വായിക്കാത്ത പോസ്റ്റുകൾ എല്ലാം ഒരുമിച്ച് വായിച്ചു..കുറച്ചു ചിരിച്ചു..

    ReplyDelete