Monday, April 12, 2010

ഓപ്പറേഷന്‍ തവളക്കാല്‍

പോളിറ്റ് ബ്യൂറോയുടെ നിരീക്ഷണത്തില്‍ അകപ്പെട്ട അച്ചുമാമന്റെ അവസ്ഥയിലാണ് ഞാനിപ്പോള്‍...!

കാരണം എന്താണെന്ന് ചോദിച്ചാല്‍, എന്റെ വീട്ടിലും ഒരു പോളിറ്റ്ബ്യൂറോ രൂപം കൊണ്ടിരിക്കുന്നു....!!

ഭാര്യയാണ് ഈ പോളിറ്റ് ബ്യൂറോയുടെ ചീഫ്. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു ഫലം കാത്തു കഴിയുന്ന മകനും അഞ്ചാംക്ലാസ് വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മകളുമാണ് ബ്യൂറോയിലെ മറ്റു "മുതിര്‍ന്ന" അംഗങ്ങള്‍. !!!

തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നെ ശാസിക്കലാണ് ഈ മൂന്നംഗ പോളിറ്റ് ബ്യൂറോയുടെ സ്ഥിരം പരിപാടി. പോരാത്തതിന് ഒരു പെരുമാറ്റച്ചട്ടവും ഈ പോളിറ്റ് ബ്യൂറോ എനിക്ക് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചകളില്‍ സ്ഥിരമായുള്ള മദ്യപാനം നിറുത്തുക, അയല്‍ക്കാരെ വിളിച്ചിരുത്തി പട്ടാളക്കഥകള്‍ പറഞ്ഞു ബോറടിപ്പിക്കുകതിരിക്കുക, അയല്‍ക്കാരെ കിട്ടാത്തപ്പോള്‍ ഭാര്യയേയും മക്കളെയും വാചകമടിച്ചു ശല്യപ്പെടുത്താതിരിക്കുക, പ്രാതല്‍, ഉച്ചഭക്ഷണം അത്താഴം എന്നിവ കൃത്യ സമയത്ത് തന്നെ വേണം എന്ന് വാശി പിടിക്കാതിരിക്കുക, ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിച്ചു പേടിപ്പിക്കാതിരിക്കുക എന്നിവയൊക്കെയാണ് മേല്‍പ്പടി ബ്യൂറോ എനിക്ക് തന്നിരിക്കുന്ന പെരുമാറ്റച്ചട്ടത്തിലെ മുഖ്യ നിബന്ധനകള്‍.

ഇവ കൂടാതെ പൊടിക്കുപ്പിയുടെ വലിപ്പം പോലുമില്ലാത്ത മകളുടെ വകയായി ഒരു നിബന്ധന വേറെയും ഇഷ്യൂ ചെയ്തിട്ടുണ്ട്.

"ടി വിയുടെ റിമോട്ട് അനധികൃതമായി കൈവശപ്പെടുത്തി ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാതിരിക്കുക" എന്നതാണ് അവളുടെ നിബന്ധന.

അങ്ങനെ പോളിറ്റ് ബ്യൂറോയുടെ ശാസന ഭയന്ന്, "നില്‍ക്കണോ അതോ പോണോ" എന്ന കണ്ടീഷനില്‍ ഭരണം നടത്തുന്ന അച്ചുമാമാനെപ്പോലെ ഞാന്‍ കഴിയുമ്പോഴാണ് ഈ കഥയ്ക്ക്‌ ആസ്പദമായ സംഭവം നടക്കുന്നത്.

"പ്രാതല്‍, ഉച്ചഭക്ഷണം അത്താഴം എന്നിവ കൃത്യ സമയത്ത് തന്നെ വേണം എന്ന് വാശി പിടിക്കാതിരിക്കുക" എന്ന പെരുമാറ്റച്ചട്ടത്തിലെ നാലാമത്തെ നിബന്ധന അക്ഷരം പടി പാലിച്ചുകൊണ്ട്‌, രണ്ടു മണിയായിട്ടും കിട്ടാത്ത ഉച്ചഭക്ഷണത്തിനു വേണ്ടി ഞാന്‍ വയറും തിരുമ്മി കാത്തിരിക്കുമ്പോഴാണ് അടുക്കളയില്‍ എന്തോ വെളിച്ചെണ്ണയില്‍ വറുക്കുന്ന ഒരു സുഗന്ധം എന്റെ മൂക്കിനെ തഴുകിയത്.

മണം പിടിക്കുന്ന പോലീസ് നായയെപ്പോലെ ഞാന്‍ അടുക്കള വാതിലില്‍ വരെ പോയി അകത്തേയ്ക്ക് ഒളിഞ്ഞു നോക്കി. ഭാര്യ ഫ്രയിംഗ് പാനില്‍ നിന്നും എന്തോ വറുത്തു കോരുന്നു. ഹൃദ്യമായ ആ മണം ഞാന്‍ ആവോളം ഉള്ളിലേയ്ക്ക് വലിച്ചു കയറ്റി. എന്നിട്ട് തിരിച്ചു വന്നു യഥാസ്ഥാനത്തു ഇരുന്നിട്ട് ഊണിനു വിളിക്കാനായി ഭാര്യ പ്രത്യക്ഷപ്പെടുന്നതും നോക്കി ക്ഷമയോടെ കാത്തിരുന്നു...

ഏതായാലും അധികം കഴിയുന്നതിനു മുന്‍പ് സുഗന്ധ പൂരിതമായ ആ വിഭവവുമായി ഭാര്യ എന്റെ മുന്നിലെത്തി....വെളുത്ത പ്ലേറ്റില്‍ കടും ചുവപ്പ് നിറത്തിലുള്ള രണ്ടു ചെറിയ ഇറച്ചി കഷണങ്ങള്‍!. കല്യാണ പെണ്ണിന്റെ തലയില്‍ മുല്ലപ്പൂ ചൂടിക്കുന്നത് പോലെ ആ ഇറച്ചി കഷണങ്ങളുടെ ചുറ്റും സവാള കൊണ്ടു ഒരു ഡെക്കറേഷനും ചെയ്തു വച്ചിട്ടുണ്ട്.

" എന്താ ഇത് ? കാടയിറച്ചിയോ" ഞാന്‍ ഭാര്യയോടു ചോദിച്ചു..

"അയ്യോ പപ്പാ... ഇത് കാടയും കൂടയുമൊന്നുമല്ല. ഇതാണ് "ഫ്രോഗ്സ് ലെഗ്" ഭാര്യയോടുള്ള എന്റെ ചോദ്യത്തിന് ഉത്തരം തന്നത് മകളാണ്.

"ഫ്രോഗ്സ് ലെഗ്ഗോ" അതെന്തു സാധനം? ഞാന്‍ കണ്ണു മിഴിച്ചു.

" അയ്യോ ഫ്രോഗ്സ് ലെഗ് എന്ന് പറഞ്ഞാല്‍ ലെഗ്ഗ് ഓഫ് ഫ്രോഗ്. അതായത് തവളയുടെ കാല് ...ഈ പപ്പയുടെ ഒരു കാര്യം"


ആഹാ ...അതു ശരി...അപ്പോള്‍ ഇതാണല്ലേ പോഷക സമ്പുഷ്ടവും രുചികരവുമായ "തവളക്കാല്‍" എന്ന ഫൈവ് സ്റ്റാര്‍ വിഭവം? ജിംനേഷ്യത്തില്‍ നിന്നും ഇറങ്ങി വരുന്നവരെപ്പോലെ മസ്സില് പിടിച്ച് പാട വരമ്പുകളില്‍ കുത്തിയിരുന്നു പേക്രോം പേക്രോം എന്ന് കരയുന്ന തവളകള്‍ ഇഷ്ടം പോലെയുള്ള ആലപ്പുഴയിലെ സ്ഥിര താമസക്കാരനായ എനിക്ക്, തവളക്കാല്‍ എന്ന വിശിഷ്ടമായ ഭോജ്യം കഴിക്കാന്‍ പോയിട്ട് ഉപ്പു നോക്കാന്‍ പോലും കിട്ടിയിട്ടില്ലല്ലോ എന്ന് ഞാന്‍ കുന്ടിതപ്പെട്ടിട്ടുണ്ട്. വീടിനു പുറകിലുള്ള പാടത്തും അടുത്ത വീട്ടുകാരുടെ പറമ്പിലുള്ള കുളത്തിലും മഴ പെയ്തു കഴിയുമ്പോള്‍ ചാടി നടക്കുന്ന പച്ചത്തവളകളുടെ മാംസളമായ കാലുകള്‍ കണ്ടു ഞാന്‍ പലപ്പോഴും നെടുവീര്‍പ്പിട്ടിട്ടുമുണ്ട്. "ഈ കാലുകളൊക്കെ വല്ല സായിപ്പന്മാരും കൊണ്ടുപോയി കഴിക്കുമല്ലോഡാ തവളക്കുട്ടാ" എന്ന ആത്മഗതത്തോടെയാണ് ഈ നെടുവീര്‍പ്പ് പുറത്തു പോകുന്നത്.

"ഇതെവിടുന്നു കിട്ടി? നിനക്ക് തവള പിടുത്തവും അറിയാമോ? ഞാന്‍ ആശ്ചര്യത്തോടെ ഭാര്യയോടു ചോദിച്ചു.

"ഞാന്‍ പിടിച്ചതല്ല. അപ്പുറത്തെ മണിയമ്മയുടെ മകന്‍ രാഹുല്‍, അവരുടെ വീടിനു പുറകിലുള്ള പാടത്തു നിന്ന് പിടിച്ചതാ....

'ഓഹോ' ..

"രഘു മാമനു വറുത്തു കൊടുക്ക്‌ ആന്റീ" എന്ന് പറഞ്ഞു അവന്‍ കൊണ്ടുവന്നു തന്നതാ." ഭാര്യ പറഞ്ഞു.

"ഹോ.. എന്ത് സ്നേഹമുള്ള കൊച്ചന്‍! ഏതെങ്കിലും സായിപ്പിന്റെ വയറ്റില്‍ പോകേണ്ട തവളയല്ലേ ഇത്? രാത്രിയില്‍ പെട്രോമാക്സുമായി പോയി പിടിച്ചു തൊലി പൊളിച്ചു റെഡിയാക്കി മസാലയും തിരുമ്മി കൊണ്ടു വന്നു തന്നില്ലേ? വളരെക്കാലമായി മനസ്സില്‍ കൊണ്ട് നടന്ന "തവളയെ തിന്നണം" എന്ന ആഗ്രഹം സാധിച്ചു തന്ന രാഹുലിന് ഞാന്‍ മനസ്സില്‍ നന്ദി പറഞ്ഞു.

കൂടുതല്‍ താമസിച്ചാല്‍ ഒരു പക്ഷെ എന്റെ ഇടതും വലതും ഇരിക്കുന്ന പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അവര്‍ക്ക് കിട്ടിയ കാലുകള്‍ ശാപ്പിട്ടിട്ടു എന്റെ തവളക്കാലില്‍ നോട്ടമിടുമോ എന്ന് ഭയന്ന ഞാന്‍ ഒട്ടും സമയം കളയാതെ വിശിഷ്ടമായ ആ ഭോജ്യത്തെ ആഹരിച്ചിട്ടു നീട്ടി ഏമ്പക്കം വിട്ടു.

സന്ധ്യ കഴിഞ്ഞപ്പോള്‍ പെയ്ത ശക്തമായ വേനല്‍ മഴയില്‍ മുറ്റത്തേയ്ക്ക് മറിഞ്ഞു വീണ വാഴയെ പൊക്കി നേരെ നിര്‍ത്തുവാനായി പുറത്തിറങ്ങിയ ഞാന്‍ വീടിന്റെ നേരെ പുറകിലുള്ള പാടത്തു നിന്നും മാക്രികളുടെ കോറസ്സായുള്ള കരച്ചില്‍ കേട്ടു. ഉച്ചക്ക് കഴിച്ച തവളക്കാലിന്റെ രുചി നാക്കിന്റെ തുമ്പത്തു നിന്നും പോകാത്തതിനാല്‍ എന്റെ മനസ്സില്‍ പെട്ടന്നൊരു പദ്ധതി രൂപം കൊണ്ടു.. ആ പദ്ധതിക്ക് ഉടന്‍തന്നെ ഞാന്‍ ഒരു മിലിട്ടറി പേരുമിട്ടു.

"ഓപ്പറേഷന്‍ തവളക്കാല്‍"

പോളിറ്റ് ബ്യൂറോയുടെ അനുമതി ഇല്ലാതെ യാതൊരു വിധ പദ്ധതികളും നടത്താന്‍ പാടില്ല എന്നുള്ളത് കൊണ്ടു ഞാന്‍ പുതിയ പദ്ധതിയെപ്പറ്റി ബ്യൂറോയുമായി ചര്‍ച്ച ചെയ്തു. മെമ്പര്‍മാരായ മകനും മകളും പദ്ധതി കൊള്ളാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും ബ്യൂറോ ചീഫ് ആയ ഭാര്യ അനുകൂലിച്ചില്ല. കാരണം അവള്‍ തവളക്കാല്‍ കഴിക്കില്ല.

ഒടുവില്‍ "ഓപ്പറേഷന്‍ തവളക്കാലില്‍" നിന്നും ചീഫിനെ ഒഴിവാക്കി. മൂന്ന് ബാറ്ററിയുടെ എവറെഡി ടോര്‍ച്ച്, തവളയെ പിടിച്ചു സൂക്ഷിക്കാനുള്ള പാത്രം എന്നീ സന്നാഹങ്ങളോടെ എന്റെ നേതൃത്തിലുള്ള ദൌത്യ സംഘം പാട വരമ്പിലേയ്ക്ക് മാര്‍ച്ച് ചെയ്തു. ദൌത്യ സംഘത്തിന്റെ "ഓപ്പറേഷണല്‍ ഹെഡ്" ആയ ഞാന്‍ തവളയെ പിടിക്കുന്ന വിധം ദൌത്യ സംഘത്തിനു വിവരിച്ചു കൊടുത്തു.

മൂന്ന് ബാറ്ററിയുടെ ടോര്‍ച്ച് മകളെ ഏല്‍പ്പിച്ചു. തവളയെ കണ്ടാല്‍ അതിന്റെ നേരെ തന്നെ ടോര്‍ച്ച് തെളിച്ചു നിര്‍ത്തണമെന്ന് അവളെ ശട്ടം കെട്ടി. തവളയെ സൂക്ഷിക്കാനുള്ള പാത്രം മകനെ ഏല്പിച്ചു. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കണ്ണു മഞ്ചിപ്പോകുന്ന തവളയെ ഞാന്‍ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോള്‍ അവ വീണ്ടും ചാടിപ്പോകാതിര്‍ക്കാനുള്ള ചുമതല അവനാണ്.

അങ്ങനെ ദൌത്യ സംഘം പാട വരമ്പിലൂടെ നടക്കുമ്പോഴാണ് കണ്‍ കുളിരുന്ന ആ കാഴ്ച കണ്ടത്.

ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ വരമ്പില്‍ തന്നെ കുത്തിയിരിക്കുകയാണ് ഒരു തവള !!

പച്ച നിറമുള്ള മിനുത്ത തടിച്ച ദേഹം...

നല്ല എമണ്ടന്‍ കാലുകള്‍...

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ അന്തം വിട്ടിരിക്കുകയാണ് ആ ഹത ഭാഗ്യന്‍...

ഞാന്‍ ലൈറ്റ് തവളയുടെ നേരെ തന്നെ തെളിച്ചു പിടിക്കാന്‍ മകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. എന്നിട്ട് മുണ്ട് മടക്കി ഉടുത്തു...തോര്‍ത്തു തലയില്‍ കെട്ടി... കളരിപ്പയറ്റുകാരെപ്പോലെ ഒരു കാല്‍ ഉയര്‍ത്തി ഒരു പൊസിഷന്‍ !!

പിന്നെ വരമ്പില്‍ ഇരിക്കുന്ന തവളയെ ലക്ഷ്യമാക്കി ഒരു കുതിക്കല്‍....അല്ല പറക്കല്‍...!!

ഒരു നിമിഷം.....

ലൈറ്റണഞ്ഞു...ഒപ്പം പാടത്തെ ചെളിയില്‍ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം..കൂടെ മാക്രിയുടേതിനു സാമ്യമുള്ള ഒരു കരച്ചില്‍.. .!!

പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു...

ചെളിയില്‍ പൂണ്ടു കിടക്കുകയാണ് ഒരു എമണ്ടന്‍ തവള!!!

തവളയെപ്പോലെ ചെളിയില്‍ പൂണ്ടു കിടക്കുന്ന ഓപ്പറേഷണല്‍ ഹെഡിനെ കണ്ടു ദൌത്യ സംഘത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അന്തം വിട്ടു നിന്നു...

മൂന്നാറില്‍ കുടി ഒഴിപ്പിക്കാന്‍ പോയ അച്ചു മാമനെപ്പോലെ .!!!

37 comments:

  1. തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നെ ശാസിക്കലാണ് ഈ മൂന്നംഗ പോളിറ്റ് ബ്യൂറോയുടെ സ്ഥിരം പരിപാടി.

    ReplyDelete
  2. ഹീ ഹീ ഹീ!!! എനിക്കും തവളക്കാല്‍ ഒരു ഹരമാണു്.. പക്ഷെ ഇതുവരെ കഴിക്കാന്‍ പറ്റിയിട്ടില്ല. ഞാന്‍ അങ്ങോട്ടു വന്നോട്ടെ?
    നമുക്കൊരുമിച്ചു പദ്ധതിയിടാം.. യേതു്?
    പോളിറ്റ്‌ ബ്യൂറോ എന്നെ, സ്മാര്‍ട്‌ സിറ്റിയുടെ ചര്‍ച്ചക്കുവന്ന ടീകോംകാരെ അച്ചുമ്മാമന്‍ നോക്കുന്നപോലെ നോക്കുമോ?

    ReplyDelete
  3. ഈ തവളക്കാൽ ഞാൻ ഒരിക്കൽ കഴിച്ചിട്ടുണ്ട്; ഒരിക്കൽമാത്രം. സുവോളജി ലാബിൽ എത്രയാ കാലുകൾ വെറുതെ കളഞ്ഞതെന്ന് അപ്പോൾ തോന്നി. പരിപാടി ഉഗ്രൻ.

    ReplyDelete
  4. കൊള്ളാം......... തവളയെ പിടിക്കുന്നത് നിരേധിച്ചിരിക്കുകയാ മാഷെ..

    ReplyDelete
  5. ബ്ളോഗ് എഴുത്ത് പോളിറ്റ്ബ്യുറോ അറിഞ്ഞുകാണില്ല!
    രഹസ്യമായിരിക്കട്ടെ

    ReplyDelete
  6. പോസ്റ്റ് കൊള്ളാം.. :)
    പക്ഷേ... ഈ തവളയെ തിന്നാ എന്നൊക്കെ പറഞ്ഞാല്‍.. അയ്യേ.....

    ReplyDelete
  7. അണ്ണാ അടിപൊളിയാ തവളക്കാൽ!
    തവളപിടുത്തം നിരോധിക്കുന്നതിനു മുൻപ് ഏവൂർ ദേശം തവളപിടുത്തക്കാരുടെ സ്വർഗമായിരുന്നു. പെട്രോമാക്സുമായി രാത്രി അവർ വരും....

    ആ കഥ പിന്നെഴുതാം!

    ഇപ്പോ നാവിൽ മസാലയും കുരുമുളകും ചേർത്തുപുരട്ടി വറുത്ത തവളക്കാലിന്റെ രുചി... ആ പ്രലോഭനീയ ഗന്ധം...!

    ReplyDelete
  8. മൂന്നാറില്‍ കുടി ഒഴിപ്പിക്കാന്‍ പോയ അച്ചു മാമനെപ്പോലെ .!!... :)

    പുതുമഴക്ക് തവള പിടിക്കാന്‍ പോയ പഴയ കുറെ ഓര്‍മകള്‍, ഒന്ന് മിന്നിമറഞ്ഞു, രഘുവേട്ടാ‍ാ!

    ReplyDelete
  9. തവളക്കാല് നന്നായി.തുടരൂ ആശംസകള്‍.

    ഷാജി ഖത്തര്‍.

    ReplyDelete
  10. "തവളയെപ്പോലെ ചെളിയില്‍ പൂണ്ടു കിടക്കുന്ന ഓപ്പറേഷണല്‍ ഹെഡിനെ കണ്ടു ദൌത്യ സംഘത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അന്തം വിട്ടു നിന്നു..."

    മലയാള മനോരമ പത്രത്തിന്റെ തമാശ പോലെ മുഴച്ചു നിന്നു.

    തന്നിഷ്ടം നടത്തുന്നതിനേക്കാള്‍ കുറെ പേര്‍
    ഒന്നിച്ചെടുക്കുന്നതായിരിക്കും ഒരു കാര്യത്തിന് കര്ത്യത കൈവരിക.
    കുറച്ചായാലും തവളക്കാല്‍ നല്ല സ്വാദുള്ള സാധനം തന്നെ.

    ReplyDelete
  11. തവളക്കാല്‍ കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ? പണ്ട് കുഞ്ഞാങ്ങളക്ക് വില്ലന്‍ ചുമ വന്നു തവളയിറച്ചി അതിനു നല്ലതാ അന്നു കുറെ തവളയെ കൊന്നു വറുത്തു തിന്നിട്ടുണ്ട്. ഇന്നസെന്റ് പറയും പോലെ അവന്‍ ഒന്നു തിന്നണമെങ്കില്‍ ഞാന്‍ രണ്ട്എണ്ണം തിന്നു കാണിക്കണമാരുന്നു... ഇപ്പോഴും കൊതി വരുന്നു...കഥ കൊള്ളാം :)

    ReplyDelete
  12. തവളക്കാല്‍ കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ? പണ്ട് കുഞ്ഞാങ്ങളക്ക് വില്ലന്‍ ചുമ വന്നു തവളയിറച്ചി അതിനു നല്ലതാ അന്നു കുറെ തവളയെ കൊന്നു വറുത്തു തിന്നിട്ടുണ്ട്. ഇന്നസെന്റ് പറയും പോലെ അവനു ഒന്നു തിന്നണമെങ്കില്‍ ഞാന്‍ രണ്ട്എണ്ണം തിന്നു കാണിക്കണമാരുന്നു... ഇപ്പോഴും കൊതി വരുന്നു..കഥ കൊള്ളാം...:)

    ReplyDelete
  13. നന്ദി ചിതല്‍....പോരെ പോരെ...നമുക്ക് ഒരു ജോയിന്റ് തവള ഓപ്പറേഷന്‍ നടത്താം ഹഹഹ

    നന്ദി മിനി ടീച്ചര്‍

    നന്ദി ജുജൂസ്..

    നന്ദി ലാലൂ

    നന്ദി ഹാഷിം...

    നന്ദി ജയന്‍ സാര്‍

    നന്ദി മുക്കുവന്‍...

    നന്ദി ഷാജി...

    നന്ദി രാംജി സാര്‍

    നന്ദി മാണിക്യം ചേച്ചി...ഒത്തിരി നാളായല്ലോ ഇത് വഴി വന്നിട്ട്...

    ReplyDelete
  14. പിന്നീട് ഓപ്പറേഷന്‍ ഹെഡ്ഡിനെയൊന്ന് കഴുകിയെടുക്കാന്‍ എന്തോരം പാട് പെട്ട് കാണും പാവം ബ്യൂറോ ചീഫ്.

    ReplyDelete
  15. പതിവുപ്പോലെ രസകരം

    ReplyDelete
  16. രഘുസാർ,

    കൊടുംവനത്തിൽനിന്നും ആയുധം ചെച്ച്‌ കീഴടങ്ങിയ അഭയാർഥികളെപോലെ, പട്ടാളകാരനിൽനിന്നും നർമ്മം, നന്നായി വരുന്നുണ്ട്‌.

    ഒപ്പറേഷൻ ഹെഡിന്റെ, ഹെഡ്‌ ഒപ്പറേറ്റ്‌ ചെയ്തോ?.

    ഹഹഹ
    കൊള്ളാം. ഇനിയും തുടരുക.

    ഒരു സ്വകാര്യം, കഴിവുണ്ടല്ലോ സറെ, പിന്നെ എന്തിനാ പിശുക്കുന്നത്‌. വാക്കുകൾക്ക്‌ ബ്യൂറോ വിലക്കേർപ്പെടുത്തിയിട്ടില്ലെങ്കിൽ, അണകെട്ടിനിർത്തിയ വാക്കുകൾ, വലിച്ച്‌ പുറത്തിടൂ സറെ.

    Sulthan | സുൽത്താൻ
    .

    ReplyDelete
  17. ഇപ്പോ മനസ്സിലായി. പോളിറ്റ് ബ്യൂറോ ചീഫ് പദ്ധതി പൊളിയ്ക്കാനായി മകളെ പറഞ്ഞു ചട്ടം കെട്ടി കൂടെ വിട്ടതായിരിയ്ക്കണം... കൃത്യ സമയത്ത് ലൈറ്റ്സ് ഓഫ് ചെയ്യണം എന്ന്... ഹി ഹി.

    വിഷു ആശംസകള്‍!

    ReplyDelete
  18. ഹ ഹ ഹ കൊള്ളാം
    "ഓപ്പറേഷന്‍ തവളക്കാല്‍"


    വിഷു ആശംസകള്‍

    ReplyDelete
  19. ഒത്തിരി പട്ടാളക്കാരുള്ള കുടുംബത്തില്‍ നിന്നായത് കൊണ്ട്ട് ഈ പട്ടാളത്തിന്റെ കത്തികള്‍ എനിക്ക് മനസ്സിലാകും....ഇഷ്ടമായി....സസ്നേഹം

    ReplyDelete
  20. "പോളിറ്റ് ബ്യൂറോ" ആ പേര് കലക്കി !!!! എന്റെ വീട്ടിലം ഉണ്ട്. പക്ഷെ ഇത്ര അംഗ ബലം ഇല്ല, എന്നല്ലും,ശാസിക്കലിനു ഒരു കുറവും ഇല്ല.

    ReplyDelete
  21. നന്ദി AOB ...ബ്യൂറോ ചീഫിന് ഒരു ശാസനയ്ക്കുള്ള വക കിട്ടി ..ഹ ഹ

    നന്ദി രമണിഗ...

    നന്ദി സുല്‍ത്താന്‍...ഞാനൊരു പിശുക്കനാണോ എന്ന് എനിക്കും സംശയമുണ്ട്‌...ഹ ഹ

    നന്ദി ശ്രീ...വിഷു ആശംസകള്‍

    നന്ദി അഭി ...വിഷു ആശംസകള്‍

    നന്ദി യാത്രികന്‍...ഇനിയും വരുമല്ലോ..

    ഹ ഹ നന്ദി ക്യാപ്ടന്‍...

    ReplyDelete
  22. എല്ലാ മാന്യവായനക്കാര്‍ക്കും എന്റെ വിഷു ദിനാശംസകള്‍...

    ReplyDelete
  23. ഈ തവളക്കാലിന് നല്ല രുചി രഘൂ... :)

    വിഷു ആശംസകൾ

    ReplyDelete
  24. നല്ല കിടുക്കൻ സാധനങളെയാണല്ലോ ഓപ്പറേഷന് കൊണ്ടുപോയത്!
    കൊണ്ടുപോയ്യി വല്ല കിണറ്റിലും തള്ളിയിടാതിരുന്നത് ഭാഗ്യം!
    ചിരിപ്പിച്ചു മാഷേ :-)

    ReplyDelete
  25. thavalakale sookshikkuka ningalkkitha puthiya oru ethirali..

    ithrayum kalam pampukale bhayannal mathiyayirunnu

    ReplyDelete
  26. അടിപൊളി ആയിട്ടുണ്ട്...
    വിഷു ആശംസകള്‍...

    ReplyDelete
  27. മേലാൽ ഇത്തരം ബോറുകൾ എഴുതരുത് ,സി.പി.എമ്മിനെ കളിയാക്കുന്നോ? നിനക്കൊക്കെ എന്ത് അറിയാം നീ ഒക്കെ ഇങ്ങനെ ഇരിക്കുന്നത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ വന്നത് കൊണ്ടാണെന്ന സാമാന്യ ബോധം വേണം ഡിങ്കിരി പട്ടാളമേ>..............

    ReplyDelete
  28. നന്ദി പൊറാടത്ത് മാഷേ

    നന്ദി ഭായി...

    നന്ദി കിഷോര്‍

    നന്ദി ജിഷാദ്...

    എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍

    ReplyDelete
  29. പ്രിയ അജ്ഞാത സുഹൃത്തെ,,,,

    എഴുതിയത് ബോറായെങ്കില്‍ക്ഷമിക്കണം.

    എനിക്ക് സി പി എമ്മിനെപ്പറ്റി എന്തറിയാം എന്ന് ചോദിച്ചല്ലോ.?

    താങ്കളേക്കാള്‍ നന്നായി അറിയാം...
    കാരണം കഴിഞ്ഞ പത്തു നാല്പതു വര്‍ഷങ്ങളായി ഈ പാര്‍ട്ടിയോട് അനുഭാവമുള്ള, പുന്നപ്ര, വയലാര്‍ സമരങ്ങളില്‍ പങ്കെടുത്ത ഒരു തലമുറയുടെ ഇപ്പോഴത്തെ കണ്ണികളില്‍ ഒരാളായ, പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും വസ്തുതാപരമായിത്തന്നെ മനസ്സിലാക്കുന്ന, ഒരു സാധാരണക്കാരനാണ് ഞാന്‍.

    എന്ന് കരുതി അവരു ചെയ്യുന്നതെല്ലാം ശരിയാണ് എന്ന വിശ്വാസക്കരനല്ല.

    എന്റെ പോസ്റ്റ്‌ വായിച്ചതിനും കമന്റു എഴുതിയതിനും നന്ദി..

    സസ്നേഹം...

    രഘുനാഥന്‍..

    ReplyDelete
  30. തവളക്കാലും കള്ളും നല്ല കോമ്പിനേഷനാണെന്ന് കൂടി ബ്യൂറോയെ അറിയിച്ച് കൊള്ളട്ടേ!
    അടിച്ച് പാമ്പാവാം :)

    ReplyDelete
  31. ഓപ്പറേഷൻ തവളക്കാൽ കലക്കി

    ReplyDelete
  32. നന്ദി കൃഷേ

    നന്ദി അരുണ്‍...

    നന്ദി മാത്തൂരാന്‍

    ReplyDelete
  33. പോളിറ്റ് ബ്യൂറോ കൊള്ളാം
    "ഓപ്പറേഷന്‍ തവളക്കാല്‍" നന്നായി :)

    ReplyDelete
  34. നന്ദി രഞ്ജിത്ത്

    നന്ദി മഹേഷ്‌ വിജയന്‍

    ReplyDelete
  35. ബല്യ തിരക്കായോണ്ട് ഇവിടെ വരാൻ വൈകി...

    വീട്ടീൽ (വീട്ടിൽ മാത്രം) പക്കാ വെജ് ആയോണ്ട് ഇതു വരെ ലെഗ് ഓഫ് ഫ്രോഗ് കഴിക്കാൻ പറ്റീട്ടില്ല..

    എന്നതായാലും ഓപ്പറേഷൻ സൂപ്പർ..എന്നിട്ട് ആ തവളക്കു പകരം “ഓപ്പറേഷൻ ഹെഡിനെ” പോളിറ്റ്ബ്യൂറോ ചീഫ് പൊരിച്ചു കാണും അല്ലേ?

    ReplyDelete