Monday, July 11, 2011

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം രണ്ട്

 

അങ്ങനെ ചാണ്ടികുമാര പുലികളുമായി  സ്നേഹം പങ്കിട്ടു നിന്നിരുന്ന  എന്റെ ശരീരത്തില്‍   ആദ്യം അനുഭവപ്പെട്ട വിറയലിന്  അല്പം ശമനമുണ്ടാതായി  എനിക്കു തോന്നി. ആ ബലത്തില്‍ ഹാളിലേയ്ക്ക് കയറാന്‍ തുനിഞ്ഞ എന്റെ മുന്‍പില്‍ ഒരു   ജിംനാസ്റ്റിക്  പുലിദേഹം പ്രത്യക്ഷപ്പെട്ടത് കണ്ടതോടെ  ഞാന്‍ വീണ്ടും വിരണ്ടു.

"എന്നെ അറിയുമോ"  ജിംനാസ്റ്റിക്  പുലിദേഹം ചോദിച്ചു.

" അറിയുമോ എന്ന് ചോദിച്ചാല്‍"...ഞാന്‍ വിക്കി... 

അറിയില്ല എന്ന് പറഞ്ഞാല്‍  ജിംനാസ്റ്റിക്  പുലിദേഹത്തിനു ദേഷ്യം വന്നാലോ എന്ന് ഞാന്‍ ഭയന്നു. ബോഡി ഷേപ്പ് കണ്ടിട്ട് അല്പം ആക്രമണകാരിയായ ഒരു പുലിയാണ്  എന്ന് തോന്നുന്നു.
  
"പേടിക്കേണ്ടാ.. ഞാനാ "വില്ല്ലേജ് മാന്‍".  ഞാന്‍ താങ്കളുടെ ഒരു ഫാനാ.....പണ്ട് കുറച്ചുനാള്‍ പട്ടാളത്തില്‍ പോകാനായി മിനക്കെട്ടു നടന്നതാ...പക്ഷെ എനിക്ക്  സെലക്ഷന്‍ കിട്ടാനുള്ള ഭാഗ്യമില്ലാതെ പോയി.  അതിനു ശേഷം എനിക്ക് പട്ടാളക്കാരോട് ഭയങ്കര ആരാധനയാ"  വില്ലേജ് പുലി വിശാലമായി ചിരിച്ചു.
 
ബലിഷ്ടകായനായ ആ ബ്ലോഗര്‍പുലിയുടെ ഹൃദയം തുറന്ന  ചിരിയും ചിരപരിചിതനെപ്പോലെയുള്ള സംസാരവും കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ്‌ തോന്നിയത്. ഞാന്‍ എഴുതുന്ന മണ്ടന്‍ കഥകള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹത്തോട് എനിക്ക്  അതിരില്ലാത്ത  ആദരവ് തോന്നി.


വില്ലേജ്  പുലിയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് ശക്തിയേറിയ ഒരു ഫ്ലാഷ് എന്റെ മുഖത്തടിച്ചത്. നോക്കുമ്പോള്‍ മദ്ധളവിദ്വാനെപ്പോലെ ഒരാള്‍ കഴുത്തില്‍ ഒരു   ക്യാമറയും  തൂക്കി നില്‍ക്കുന്നു. ക്യാമറയുടെ ഭാരം കാരണമാണെന്ന് തോന്നുന്നു വിദ്വാന്‍ അല്പം ബലം പിടിച്ചാണ് നില്‍ക്കുന്നത്.

"ആഹാ എത്തിയോ പട്ടാളം".

വിദ്വാന്റെ ചിരപരിചിതമായ സ്വരം കേട്ടപ്പോഴാണ് ആളെ മനസ്സിലായത്‌.  എന്നെ ഭീഷണിപ്പെടുത്തിയ സാക്ഷാല്‍ എവൂരാനാണ് കക്ഷി.

 ഞാന്‍ ഡോക്ടര്‍ ഏവൂരാന്റെ കരം കവര്‍ന്നു. അദ്ദേഹം എന്നെ കൌണ്ടറില്‍ ഇരിക്കുന്നവരുടെ അടുത്തു കൊണ്ട് പോയി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. 


കൌണ്ടറില്‍ ഇരുന്ന പൊന്മളക്കാരനേയും 'തലയിയില്‍ മുടി അല്പം കുറവാണെങ്കിലും താടിയില്‍ ഇഷ്ടം പോലെ മുടിയുള്ള റെജി പി വര്‍ഗീസിനെയും ഞാന്‍ പരിചയപ്പെട്ടു.


കണ്ടാല്‍ ഗൌരവക്കാരനെന്ന്  തോന്നുന്ന പൊന്മളക്കാരന്‍  എന്റെ കഥകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്.  അദ്ദേഹം എനിക്ക്    പൂരിപ്പിക്കാനായി ഒരു ഫോം തന്നു. കൂടെ  ഒരു ഐഡി കാര്‍ഡും. ഞാന്‍ ഫോം  പൂരിപ്പിച്ചു രെജിസ്ട്രേഷന്‍ ഫീസ്സിനൊപ്പം  തിരിച്ചു കൊടുത്തു.


അപ്പോഴാണ്‌  ഹാളിന്റെ പിറകിലായി  ഒരു മേശയും  അതിന്റെ  മുന്‍പില്‍   ഡ്രോയിംഗ്  ബുക്കും മാര്‍ക്കര്‍  പേനയുമായി   വിരാചിക്കുന്ന ഒരു വരയന്‍ പുലി എന്റെ ശ്രദ്ധയില്‍ പെട്ടത്.


തന്റെ മുന്‍പില്‍ കഴുത്തു നീട്ടി, കണ്ണിമ ചിമ്മാതെ ശില പോലെയിരിക്കുന്ന  ഒരു ജൂനിയര്‍ പുലിയുടെ മുഖം കടലാസ്സിലെയ്ക്ക്  പകര്‍ത്തുകയാണ്  ആ ഗിന്നസ് പുലി!


പത്രത്തില്‍ വായിച്ച  മാരത്തോണ്‍ വരയുടെ  നായകനെ  നേരിട്ടു കണ്ടപ്പോള്‍  ആദരവോടെ ഞാന്‍ അദ്ദേഹത്തെ നോക്കി. എന്നെ പരിചയമില്ലെങ്കിലും  എനിക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ ആ മഹാനുഭാവന്‍ മറന്നില്ല. 


മീറ്റ് തീരുന്നതിനു മുന്‍പ്  എന്റെ   മുഖം കൂടി    അദ്ദേഹത്തെക്കൊണ്ട്  വരപ്പിക്കണമെന്നു ഞാന്‍ തീരുമാനിച്ചു.  

ഇത്രയുമായപ്പോഴാണ്  വെളുത്ത വട്ടമുഖമുള്ള ഒരു  പയ്യന്റെ വരവ്.  തൂവെള്ള മുണ്ടുടുത്ത അദ്ദേഹത്തിന്റെ  മൂക്കിനു താഴെ പുഞ്ചകൃഷിയിലെ ഞാറുപോലെ വളരുന്ന നനുത്ത മീശ. 

എന്നെ കണ്ടയുടന്‍ മുണ്ടന്‍ പയ്യന്‍  ചിരപരിചിതനെപ്പോലെ ചിരിച്ചു. എന്നിട്ട്  സുരേഷ് ഗോപി  സ്റ്റൈലില്‍ എന്നോടൊരു  ചോദ്യം..


"ഓര്‍മ്മയുണ്ടോ ഈ മുഖം?"



"മനോരാജ്  അല്ലേ" ഞാന്‍ പെട്ടെന്ന് പറഞ്ഞു. തൂവെള്ള മുണ്ടുടുത്ത, പൂ വിടരുന്നപോലെ ചിരിക്കുന്ന  ബ്ലോഗര്‍ക്ക്  സന്തോഷമായി. അദ്ദേഹം മുണ്ട് ഒരിക്കല്‍ക്കൂടി മുറുക്കിയുടുത്തു. പിന്നെ മറ്റെന്തോ കാര്യത്തിനായി പെട്ടെന്ന് എങ്ങോട്ടോ പോയി.

മുണ്ടുടുത്ത മറ്റൊരു ബ്ലോഗര്‍ കൂടി ഉണ്ടായിരുന്നു അവിടെ. ഇ എ സജിം എന്ന   അദ്ധ്യാപകനായ ബ്ലോഗര്‍. ഒരു അധ്യാപകനു സ്വതസിദ്ധമായ  അച്ചടക്കത്തോടെ അധികം  ആരോടും മിണ്ടാതെ എന്നാല്‍ എല്ലാവരെയും ശ്രദ്ധിച്ചു  നിന്നിരുന്ന അദ്ദേഹത്തെയും ഞാന്‍ പരിചയപ്പെട്ടു. 
 
ഇതിനിടയില്‍ ഹാളിന്റെ ഒരരികില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍  ഞാന്‍ നോക്കിക്കണ്ടു.  കയ്യിലിരുന്ന  മാര്‍ക്കിംഗ് ഷീറ്റില്‍  ഫോട്ടോകള്‍ക്കുള്ള  മാര്‍ക്ക്    നിറയ്ക്കുമ്പോള്‍ എന്റെ അടുത്തു നില്‍ക്കുന്ന ഒരു വനിതാ രത്നത്തെ  കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു.



ഞാന്‍   നേരിട്ടു കാണുന്ന ആദ്യത്തെ ബ്ലോഗിണി...


ബ്ലോഗിണിയുടെ പേര്  സിയാ.


ഒരു വനിതാ ബ്ലോഗിണിയെ കൂടുതലങ്ങനെ നോക്കി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധത്താല്‍ ബ്ലോഗിണിയില്‍ നിന്നും പെട്ടെന്ന്  നോട്ടം പിന്‍വലിച്ച   ഞാന്‍ വീണ്ടും  എന്റെ മാര്‍ക്കിടീല്‍ കര്‍മ്മത്തില്‍ മുഴുകിയപ്പോഴാണ്  അത് സംഭവിച്ചത്.



എന്റെ ചുമലില്‍ ഒരു കൈ വന്നു വീണു...ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.


"ഞാന്‍ പകലന്‍" കട്ടിയുള്ള  കണ്ണടയ്ക്കുള്ളില്‍ കിനാവ്‌ കാണുന്ന കണ്ണുകള്‍ ഇറുക്കി  "പകല്‍ കിനാവന്‍" ചിരിച്ചു.


പകലനുമായി  അല്‍പസമയം ഊഷ്മളമായ സൌഹൃദ സംഭാഷണങ്ങള്‍..

ഏവൂരാന്റെ ബ്ലോഗുട്ടെഷന്‍  ടീമിലെ പ്രമുഖന്‍  നന്ദപര്‍വ്വതാധിപന്‍ നന്ദകുമാര്‍  പലവിധ   കാര്യങ്ങള്‍ക്കായി  തലങ്ങും  വിലങ്ങും ഓടിനടക്കുന്നത് ഞാന്‍ കണ്ടു.


ഒരു തവണ എന്റെ അടുത്തുകൂടി ഓടിപ്പോയ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി ഞാന്‍ എന്റെ സാന്നിധ്യം അറിയിച്ചു.  അല്ലാത്തപക്ഷം  ഞാന്‍ വന്ന വിവരം അറിയാതെ അദ്ദേഹം തന്റെ ബ്ലോഗുട്ടെഷന്‍ ടീം സുഹൃത്തുക്കളുമായി മീറ്റ് കഴിയുമ്പോള്‍ എന്നെ തിരക്കി വന്നാലോ എന്ന ഭയമായിരുന്നു അതിന്റെ പിന്നില്‍.



ഫോട്ടോ മത്സരത്തിന്റെ കാര്യക്കാരനും മീറ്റിന്റെ  ലൈവ്  ടെലികാസ്റ്റിന്റെ  സൂത്രധാരനുമായ ജോ സ്റ്റേജില്‍ ഒരുക്കിയിരുന്ന ക്യാമറക്കണ്ണിലൂടെ അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു.



ഇടയ്ക്ക്   എന്നെ പരിചയപ്പെടാനും  അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി.


ബൂലോകം ഓണ്‍ലൈന്‍  പത്രാധിപര്‍ ജിക്കു കയ്യില്‍ ഒരു ക്യാമറയുമായി നടന്നു വരുന്നു. എന്ന കണ്ടയുടന്‍  ഊര്‍ജസ്വലനായ ആ യുവബ്ലോഗര്‍ അടുത്തു വന്നു പരിചയപ്പെട്ടു. ജിക്കുവിനെ പരി ചയപ്പെട്ടപ്പോള്‍ ബൂലോകം ഓണ്‍ലൈനിന്റെ മുഖ്യപത്രാധിപര്‍ ജെയിംസ് ബ്രൈറ്റ്  സാറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ത്തുപോയി.

"ജിക്കുവിനെ അറിയില്ലേ ..അവനൊരു സംഭവം തന്നെയാ രഘൂ.. "

തീര്‍ത്തും ശരിയാണ്...വളരെ കഴിവുകളുള്ള യുവ ബ്ലോഗര്‍ന്മാരില്‍ പ്രമുഖനാണ്  ജിക്കു വര്‍ഗീസ്‌  എന്ന ജിക്കു.
 
ഇതിനിടയില്‍ മദ്ധളവിദ്വാന്‍ ഏവൂരാന്‍  കഴുത്തില്‍ തൂക്കിയ ക്യാമറയുമായി സ്റ്റേജില്‍  കയറി അവിടെയിരുന്ന മൈക്കിന്റെ   കഴുത്തില്‍ കുത്തിപ്പിടിച്ചിട്ടു  ഒരു അനൌണ്സ് മെന്റു  നടത്തി.


"ബ്ലോഗര്‍ സുഹൃത്തുക്കള്‍ എല്ലാവരും ദയവായി കസേരയില്‍ ഇരിക്കണം...മീറ്റ്  ആരംഭിക്കാന്‍ പോവുകയാണ്."


അത് കേട്ടതോടെ എനിക്ക് വീണ്ടും വിറയല്‍ തുടങ്ങി...


കശ്മലന്‍  ഏവൂരാന്‍ ഇനി ഓരോരുത്തരെ  വിളിച്ചു സ്റ്റേജില്‍ കേറ്റാനുള്ള  പുറപ്പാടിലാണ്.



ഞാന്‍  ബോധം കെട്ടു വീഴാതിരിക്കാനുള്ള  മുന്‍ കരുതല്‍ എന്നവണ്ണം   കസേരയുടെ കയ്യില്‍ ബലമായി പിടിച്ചിരുന്നു.



അപ്പഴാണ്  എന്റെ അടുത്ത കസേരയില്‍ ഇരിക്കുന്ന ഒരു മാന്യദേഹത്തെ ഞാന്‍ ശ്രദ്ധിച്ചത്...


അത് മറ്റാരുമായിരുന്നില്ല...


ലോക പ്രശസ്തനായ ശാസ്ത്രജ്ഞന്‍   "ഐന്‍സ്റ്റീന്‍"  ആയിരുന്നു അത്.!!!



(മൂന്നാം ഭാഗം എഴുതണോ വേണ്ടയോ എന്ന്  നിങ്ങള്‍ തന്നെ പറ...)

14 comments:

  1. മൂന്നാം ഭാഗം എഴുതണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ പറ..

    ReplyDelete
  2. >> ഒരു വനിതാ ബ്ലോഗിണിയെ കൂടുതലങ്ങനെ നോക്കി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധത്താല്‍ ബ്ലോഗിണിയില്‍ നിന്നും പെട്ടെന്ന് നോട്ടം പിന്‍വലിച്ച ഞാന്‍ വീണ്ടും എന്റെ മാര്‍ക്കിടീല്‍ കര്‍മ്മത്തില്‍ മുഴുകിയപ്പോഴാണ് അത് സംഭവിച്ചത് <<

    ച്ച്ചായ്! നശിപ്പിച്ച്.
    ഞാങ്കരുതി പോസ്റ്റുകള്‍ കമന്റിലൂടെ ഒലിച്ചുപോയെന്നു!

    മൂന്ന് മാത്രാക്കണ്ട. പത്തും പതിനഞ്ചും ഭാഗങ്ങള്‍ വരട്ടെ മാഷേ.

    **

    ReplyDelete
  3. ഉം...
    രസകരം.
    പോരട്ടെ പോരട്ടെ!

    ReplyDelete
  4. ഹ...ഹ...എഴുതിക്കോ....എഴുതിക്കോ....ഇനി രക്ഷയില്ല.

    ReplyDelete
  5. ചേട്ടാ...................... നിരാശപ്പെടുത്തല്ലെ...
    അടുത്ത ഭാഗം പെട്ടന്നു പോരട്ടെ....

    ReplyDelete
  6. വായിച്ചു.
    മീറ്റ് വിവരണം പെട്ടെന്നറിയാനാ വന്നെ
    ഒന്നിൽ നിന്ന് ദിപ്പോ രണ്ടിലേക്ക്‌ എത്തി.‌
    ഒത്തിരി നീട്ടിപറയാതെ ചുരുക്കിപ്പറഞ്ഞിരുന്നേല്‍ രണ്ടില്‍ നില്‍ക്കുമായിരുന്നു. ഇവിടേയും തുടരും എന്നത് ഇഷ്ട്ടായില്ലാ...
    മീറ്റ് നോവലാ...????

    ReplyDelete
  7. പ്രിയ ഹാഷിം...
    നീണ്ടുപോയതില്‍ ക്ഷമാപണം...
    ഒത്തിരി എഴുതി ബോറടിപ്പിക്കില്ല...
    സസ്നേഹം രഘുനാഥന്‍..

    ReplyDelete
  8. വിറയൽ മാറാൻ ഒന്നും കിട്ടിയില്ലേ..??
    രണ്ട് ഭാഗങ്ങളും വായിച്ചു... പോരട്ടെ അടുത്തത്.

    ReplyDelete
  9. രസം കളയാതെ തുടരൂ മാഷേ. :)

    ReplyDelete
  10. അടുത്ത ഭാഗം പോരട്ടെ.....

    ReplyDelete
  11. ഇവിടെ എഴുത്തു നിറുത്തിക്കളഞ്ഞാൽ ബ്ലോഗുട്ടെഷന്‍ ടീമല്ല,ക്വട്ടേഷൻ ടീമുതന്നെ അങ്ങു വരും കേട്ടോ.....

    ReplyDelete
  12. അടുത്ത മീറ്റുവരെ എഴുതിക്കൊണ്ടേയിരിക്കുവാൻ
    ഒടേതമ്പുരാൻ അനുഗ്രഹിക്കട്ടെ

    (അത്രയും നാൾ പട്ടാളക്കഥ കേൾക്കണ്ടല്ലോ)
    തമാശ , തമാശ..

    ReplyDelete
  13. ആഹാ! രണ്ടാം ഭാഗം തുടരൻ......

    ഈ പുലികളെയൊക്കെ കാണാനും പരിചയപ്പെടാനും എന്നാണാവോ എനിയ്ക്ക് ഭാഗ്യമുണ്ടാവുന്നത്!

    എഴുത്ത് കേമമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  14. രസികന്‍.വായിക്കുന്നു....സസ്നേഹം

    ReplyDelete