Friday, July 13, 2012

ഒരു കമ്മ്യൂണിസ്റ്റ് ഭര്‍ത്താവ്


"എന്റീശ്വരാ...ഈ പത്രത്തിലെ വാര്‍ത്ത മുഴുവന്‍ വെട്ടിമാറ്റിയത് ആരാടീ ?"എന്നുള്ള ഭാര്യയുടെ  ആക്രോശവും "അമ്മേ അതു ഞാനല്ല... പപ്പായുടെ പണിയാ" എന്നുള്ള മകളുടെ മറുപടിയും കേട്ടതോടെ   ഭാര്യയുമായി ഒരു "ഇന്ത്യാ പാക്ക് യുദ്ധം"  നടക്കാനുള്ള  ലക്ഷങ്ങള്‍  കണ്ടുതുടങ്ങിയ ഞാന്‍  പുതപ്പു വലിച്ചു തലവഴിമൂടി  ഗാഡനിദ്ര അഭിനയിച്ചു  കിടന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ അടുത്ത നിമിഷം ഭാര്യ എന്റെ കട്ടിലിനരികില്‍ പ്രക്ത്യക്ഷപ്പെട്ടു. ചാക്കില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന  വരിക്കച്ചക്കപോലെ കട്ടിലില്‍ കിടക്കുന്ന എന്നെ നോക്കി അവള്‍ ആജ്ഞാപിച്ചു. 

"ദേണ്ടെ.. ഒന്നങ്ങോട്ടെണീറ്റേ...ഇതു കണ്ടോ... നിങ്ങളാണോ ഈ പത്രത്തിലെ വാര്‍ത്ത മുഴുവന്‍ വെട്ടി മാറ്റിയത്?"

അടുക്കളയില്‍ നിന്നും നേരിട്ടുള്ള വരവായതിനാല്‍ അവളുടെ കയ്യില്‍ വല്ല പടവലങ്ങയോ മുരിങ്ങക്കയോ പോലുള്ള മാരകായുധങ്ങള്‍ കാണാന്‍  വഴിയുണ്ടെന്ന കാര്യമോര്‍ത്ത ഞാന്‍ പെട്ടെന്നു പുതപ്പു മാറ്റിയിട്ട്  കട്ടിലില്‍  എഴുനേറ്റിരുന്നു.
 
ഭാഗ്യം.

അവളുടെ കയ്യില്‍ ആ വക മാരകായുധങ്ങള്‍ ഒന്നുമില്ല. വാര്‍ത്തകള്‍ വെട്ടിമാറ്റിയതിനാല്‍  അവിടവിടെയായി  നീളത്തിലും ചതുരത്തിലുമുള്ള  സുഷിരങ്ങള്‍ വീണ ദിനപ്പത്രവും വിടര്‍ത്തിപ്പിടിച്ചു കലിതുള്ളി നില്‍ക്കുകയാണവള്‍.

'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന ഭാവത്തില്‍ കണ്ണുമിഴിച്ചു വായുംപിളര്‍ന്നു കട്ടിലിരിക്കുന്ന  എന്റെ നേരെ അവള്‍ പത്രം വിടര്‍ത്തിപ്പിടിച്ചു. എന്നിട്ട് ചോദ്യം വീണ്ടുമാവര്‍ത്തിച്ചു.

"ഇന്നു രാവിലെ വന്ന പത്രമാ..ഇതിലെ പ്രധാന വാര്‍ത്തകളൊക്കെ എവിടെപ്പോയെന്നാ എന്റെ ചോദ്യം?"

"ആഹാ ഇതാണോ കാര്യം"

എല്ലാം മനസ്സിലായെന്ന മട്ടില്‍ ഞാന്‍ ചിരിച്ചു. എന്നിട്ട് തലയിണയ്ക്കടിയില്‍ നിന്നും ഏതാനും പേപ്പര്‍ കട്ടിങ്ങുകള്‍ പുറത്തെടുത്തു. എന്നിട്ട് അതില്‍ നിന്നും വലിയ ഒരു കഷണമെടുത്ത്  അല്പം സന്ദേഹത്തോടെ  ഭാര്യയുടെ നേരെ നീട്ടി.

"ഇന്നാ.. ഒന്നാമത്തെ പേജിലെ പ്രധാന വാര്‍ത്ത...ക്വോട്ടേഷന്‍ നേതാവിനെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും പിടികൂടി"

"ഓഹോ"

ഭാര്യ എളിയില്‍ കൈകുത്തി നിവര്‍ന്നു നിന്നിട്ട് എന്തൊക്കെയോ മനസ്സിലായ മട്ടില്‍  പറഞ്ഞു. 

"അപ്പൊ അതാണ്‌ കാര്യം..നിങ്ങടെ പാര്‍ട്ടിക്കാരെ പോലീസ്സു പിടിക്കുന്ന വാര്‍ത്തയൊന്നും ഞാന്‍ വായിക്കരുത് . അതിനല്ലേ ഇതൊക്കെ  വെട്ടിമാറ്റിയത്?"

"ഹേയ്‌..അതു കൊണ്ടല്ല..ഈ ക്വോട്ടേഷന്‍ നേതാക്കളുടെ വീരകൃത്യങ്ങളെല്ലാം നമ്മുടെ മോന്‍ വായിച്ചാല്‍  അവനും അങ്ങനെയൊക്കെ  ആകണമെന്ന്  തോന്നിയാലോന്നു കരുതിയാ ഞാന്‍ വെട്ടിമാറ്റിയത് "


"അതുശരി...അപ്പോ.. പാര്‍ട്ടിപ്പത്രം മാത്രേ വായിക്കാവൂന്നു ഇന്നലെയും നിങ്ങള്‍ അവനോടു പറയുന്നതു ഞാന്‍ കേട്ടല്ലോ?'

 "അതു പിന്നെ മാധ്യമസിണ്ടിക്കേറ്റുകള്‍ പടച്ചുവിടുന്ന  വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ പാര്‍ട്ടി പത്രം വായിച്ചാലല്ലേ   കഴിയൂ?"

പറഞ്ഞതു  ന്യായമല്ലേ  എന്ന ഭാവത്തില്‍ ഞാന്‍ അവളെ നോക്കി.  

"ഓഹോ...അതു വായിച്ചാല്‍ നിജസ്ഥിതി അറിയാമെന്നു നല്ലവറ്റു തിന്നുന്നവരാരും  പറയത്തില്ല"
ഭാര്യ  എന്റെ നേരെ പരിഹാസത്തില്‍ പൊതിഞ്ഞ ഒരു  ഒളിയമ്പയച്ചു.
 
അവള്‍  അങ്ങിനെയാണ്. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു എന്റെ രാഷ്ട്രീയത്തില്‍ കയറിപ്പിടിച്ചു കളയും. ഞാനൊരു മാര്‍ക്സിസ്റ്റും അവളൊരു  കോണ്‍ഗ്രസ്‌ അനുഭാവിയും  ആയിപ്പോയതിന്റെ കുഴപ്പമാണ് അത്‌.  കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍  എന്റെ പാര്‍ട്ടിക്ക്  ചെറിയൊരു "ചളുക്ക്‌ " കിട്ടിയപ്പോള്‍ ചില്ലറ പുകിലൊന്നുമല്ല  അവളുണ്ടാക്കിയത്. പായസം വച്ച് അയല്‍ക്കാര്‍ക്കെല്ലാം കൊടുക്കുകവരെ ചെയ്തു. അതിന്റെ പേരില്‍ രണ്ടു  ദിവസം ഞാന്‍ നിരാഹാരം കിടന്നെങ്കിലും വിശപ്പു മൂത്തപ്പോള്‍  ഫ്രിഡ്ജില്‍   വച്ചിരുന്ന  ആ പായസം തന്നെ ഭാര്യ  കാണാതെ എടുത്തു കഴിച്ചു നിരാഹാരം അവസാനിപ്പിക്കേണ്ട ഗതികേടുവരെ   എനിക്കുണ്ടായി. 

അതുകൊണ്ട്  രാഷ്ട്രീയത്തില്‍ നിന്നും അവളുടെ ശ്രദ്ധതിരിക്കാനായി ഞാന്‍ തലയിണയ്ക്കടിയില്‍  നിന്നും അടുത്ത പേപ്പര്‍ കട്ടിംഗ്  എടുത്തു അവളെ കാണിച്ചു. 

"അച്ഛനും സഹോദരനും സഹോദരന്റെ സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച പെണ്‍കുട്ടി അവശ നിലയില്‍ ആശുപത്രിയില്‍'

ഈശ്വരാ..

ഭാര്യ  നെഞ്ചത്തു   കൈവച്ചു

"ഹോ... ഈ ആണുങ്ങളെ ഒരുത്തനേം  വിശ്വസിക്കാന്‍  കൊള്ളില്ല. എന്റെ മോളെ ഞാന്‍ എന്തു വിശ്വസിച്ചു നിങ്ങളെ ഏല്‍പ്പിച്ചിട്ട്‌   ഒരുവഴിക്ക്  പോവും?"
 
 അവള്‍ പത്രമെടുത്ത്  എന്റെ നേരെ എറിഞ്ഞിട്ടു വെട്ടിത്തിരിഞ്ഞ് അടുക്കളയിലേയ്ക്ക് പോയി.  

അവളു പോയതു നന്നായെന്നു  ഞാന്‍ ആശ്വസിച്ചു.  അല്ലെങ്കില്‍ അടുത്ത വാര്‍ത്തയുടെ പേപ്പര്‍ കട്ടിംഗ്  കാണുമ്പോള്‍ എങ്ങിനെയാണ്  അവള്‍  പ്രതികരിക്കുയെന്നതിനെപ്പറ്റി എനിക്ക് പിടിയില്ലായിരുന്നു.

കാരണം "സ്വര്‍ണത്തിന്റെ വില പവനു നൂറ്റി അമ്പതു രൂപ കുറഞ്ഞു" എന്ന വാര്‍ത്തയായിരുന്നു അത്‌. 


16 comments:

 1. നന്നായിട്ടുണ്ട്...... ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ........

  ReplyDelete
 2. ഈ കണക്കിന് പത്രം വരുത്തുന്നത് നിര്‍ത്തേണ്ടി വരും. കുടുംബത്തിന്റെ സമാധാനം അല്ലെ വലുത്..

  ReplyDelete
 3. ഹ ഹ ഹ ഞാന്‍ 94 ല്‍ തന്നെ പത്രം വരുത്തല്‍ നിര്‍ത്തി. ടിവിയില്‍ വാര്‍ത്തയും കാണുന്നതു നിര്‍ത്തിയിരുന്നു

  ReplyDelete
 4. ശരിയായ വാര്‍ത്ത‍ അറിയണമെങ്കില്‍ നാല് പത്രം വായിക്കണം. പോസ്റ്റ്‌ കലക്കി മച്ചൂ.

  ReplyDelete
 5. പട്ടാളവെടി കലക്കി കേട്ടോ..
  അവസാനത്തെ കട്ടിംഗ് അതിലേറെ..

  ReplyDelete
 6. Another humor bomb from Pattaalam

  ReplyDelete
 7. "സ്വര്‍ണത്തിന്റെ വില പവനു നൂറ്റി അമ്പതു രൂപ കുറഞ്ഞു"!!!

  നേരോ? ഞാന്‍ അറിഞ്ഞില്ലാരുന്നു
  പോസ്റ്റിന്‌ നന്ദി ... :)

  ReplyDelete
 8. @ നന്ദി ജയരാജ് :)
  @നന്ദി ലംബാ :)
  @നന്ദി പണിക്കര്‍ സാര്‍ :)
  @ നന്ദി ഉദയപ്രഭ മാഷേ...
  @നന്ദി അജിത്‌ :)
  @നന്ദി മനുജി...:)
  @നന്ദി മാണിക്യം ചേച്ചീ...:)

  ReplyDelete
 9. പവനു നൂറ്റി അമ്പതു ഉലുവ

  ReplyDelete
 10. നല്ല ബ്ലോഗുഗളാണ് :)

  ReplyDelete
 11. സമകാലീനമായ ടോപിക് - സരസമായിരിക്കുന്നു
  നന്നായിരിക്കുന്നു - കൂടുതല്‍ പിന്നീട് വായിച്ചോളാം
  ബ്ലോഗ്ഗില്‍ പുതിയ ആള്‍ ആണ്
  ഒരു എക്സ് എയര്ഫോഴ്സുകാരന്‍ - എന്റെയും ചില അനുഭവങ്ങള്‍
  പങ്കു വെക്കാന്‍ ക്ഷണിക്കുന്നു .

  ReplyDelete
 12. -"സ്വര്‍ണത്തിന്റെ വില പവനു നൂറ്റി അമ്പതു രൂപ കുറഞ്ഞു" എന്ന വാര്‍ത്തയായിരുന്നു അത്‌-

  കാണാതിരുന്നത് നന്നായീ :)

  ReplyDelete
 13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  ReplyDelete
 14. വായിച്ചു; രസിച്ചു. ആശംസകൾ!ലാൽസലാം. ജയ് ഹിന്ദ്!

  ReplyDelete
 15. നന്നായിട്ടുണ്ട് ബ്ലോഗ്ഗുകള്‍

  ReplyDelete
 16. ഹഹ കലക്കി കേട്ടോ.... എനിക്കീ പട്ടാളക്കഥകള്‍ ബ്ലോഗ്‌ പെരുത്തിഷ്ടായി... എവിടെ ഫോല്ലോവേര്സ് ഗാട്ജറ്റ്‌???

  ReplyDelete