Saturday, August 18, 2012

ഡബ്ലിയൂ ഡബ്ലിയൂ കോരപ്പന്‍സ് ഡോട്ട് കോം

ചിങ്ങമാസം ഒന്നാം തീയതി  രാവിലെ കണ്ണും തിരുമ്മി എഴുനേറ്റുവന്നപ്പോള്‍   എന്നെ കണി  കാണിയ്ക്കാനായി  ഒരുക്കി വച്ചതുപോലെ മേശപ്പുറത്തിരിയ്ക്കുകയാണ്  ഒരു ഗ്ലാസ്സ്  കട്ടന്‍കാപ്പി!.

"ശെടാ... ഇന്നും പാലു കിട്ടിയില്ലേ?...  നല്ലൊരു ഒന്നാം തീയതി ആയിട്ട് രാവിലെ കട്ടന്‍ കാപ്പി കുടിയ്ക്കണമല്ലോ..മാത്രമല്ല  എന്റെ പ്രഭാതകൃത്യങ്ങള്‍ക്ക്  ഒരു "ഒഴുക്ക്" വരണമെങ്കില്‍ ചായ കുടിച്ചേ പറ്റൂ...."

ഞാന്‍ അടുക്കളയിലേയ്ക്ക്  ചെന്നു...

"സൊസൈറ്റിയില്‍ പോയിട്ട്  പാലു കിട്ടിയില്ല. . . അത്യാവശ്യമാണെങ്കില്‍ കടയില്‍ നിന്ന്  ഒരു പായ്കറ്റ്   പാലു വാങ്ങിക്കൊണ്ടുവാ...."

ഭാര്യ അറിയിച്ചു.

"ഈശ്വരാ...കാലം പോയ ഒരു പോക്ക്...പട്ടാളത്തില്‍ നിന്നും വന്ന സമയത്തു നാലു പശുവിനെ വാങ്ങി വളര്‍ത്താന്‍ തുടങ്ങിയിരുന്നെങ്കില്‍  ഇന്നു  പാലു വിറ്റു സുഭിക്ഷമായി ജീവിയ്ക്കാമായിരുന്നു" ഞാന്‍  അല്പം ഖേദത്തോടെ   ഓര്‍ത്തു.

"ഏതായാലും പായ്ക്കറ്റു  പാലു വേണ്ടാ...മില്‍മാക്കാര്‍  പൊടികലക്കി ഉണ്ടാക്കിയ പാലുകൊണ്ടുള്ള  ചായ കുടിച്ചു വയറിളകി കക്കൂസ്സില്‍ തന്നെ കിടക്കുന്നതില്‍ ഭേതം കട്ടന്‍ കാപ്പി കുടിക്കുന്നതാ..."

ഞാന്‍ കാപ്പിയെടുത്തു കുടിച്ചിട്ട് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.

വല്ല മെയിലും വന്നിട്ടുണ്ടോ എന്നു  നോക്കിയേക്കാം. ഇന്‍ബോക്സില്‍ കിടക്കുന്ന ആദ്യത്തെ മെയില്‍ ഞാന്‍ വായിക്കുവാന്‍ തുടങ്ങി.

പ്രിയ സുഹൃത്തെ,

ഞാന്‍ കോരപ്പന്‍ കൊട്ടാരക്കര....

 "ങേ ....ഇതാരപ്പാ ഈ കോരപ്പന്‍ " ഞാന്‍ മനസ്സില്‍ ചോദിച്ചു.

 "ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രമായ 'കോരപ്പന്‍സ് ഡോട്ട് കോമിന്റെ' മുഖ്യ പത്രാധിപറാണ്  ഞാന്‍"  കോരപ്പന്റെ മറുപടി.

 "അതു ശരി"

"എന്റെ സ്വദേശം കൊട്ടാരക്കര. പത്തുമുപ്പത്തഞ്ചു വര്‍ഷമായി ലണ്ടനില്‍തന്നെയാണ് സ്ഥിരതാമസം.

"ഓഹോ.." സന്തോഷം...ഞാന്‍ പറഞ്ഞു.

"പക്ഷെ ഞാന്‍ കേരളത്തേയും മലയാളത്തേയും ഒത്തിരിയൊത്തിരി  സ്നേഹിക്കുന്നു" കോരപ്പന്‍ തുടര്‍ന്നു.

"അതു പിന്നെ അങ്ങനെയല്ലേ  കോരപ്പന്‍ ചേട്ടാ...കേരളത്തിനു പുറത്തെത്തിയാല്‍ പിന്നെ മലയാളികള്‍ തമ്മില്‍ കീരിയും പാമ്പും പോലാണെങ്കിലും  കേരളത്തിനോടും മലയാളത്തിനോടും  ഭയങ്കര സ്നേഹമാ.."

"ഇന്നു ലണ്ടനിലുള്ള മലയാളികള്‍ ഏറ്റവും കൂടുതന്‍ വായിക്കുന്ന ഓണ്‍ലൈന്‍ പത്രമാണ്‌ എന്റെ കോരപ്പന്‍സ് ഡോട്ട് കോം" കോരപ്പന്‍ തുടരുകയാണ്.

"അതെന്താ ലണ്ടനില്‍ മലയാളികള്‍ക്ക് വായിക്കാന്‍ പറ്റിയ വേറെ പത്രങ്ങളൊന്നുമില്ലേ?" 

എന്നു ഞാന്‍ ചോദിക്കാന്‍ തുടങ്ങിയതാണ്‌. കാരണം എനിക്ക് ചെറുതായി  ദേഷ്യം വന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ തവണയിട്ട പോസ്റ്റിനു കമന്റുകളുടെ എണ്ണം തീരെ കുറഞ്ഞിരിക്കുന്നു. പുതിയ കമന്റുകള്‍  വല്ലതും വീണോയെന്നു നോക്കുമ്പോഴാ ഒരു കോരപ്പന്‍ കൊട്ടാരക്കരയും അങ്ങേരുടെ കോരപ്പന്‍സ് ഡോട്ട് കോമും.

"താങ്കളുടെ ബ്ലോഗ്‌ ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്."

"ആഹാ എന്നിട്ട് ഇയ്യാളുടെ കമന്റൊന്നും ഞാനിതുവരെ കണ്ടില്ലല്ലോ" കോരപ്പന്‍ എന്നു പേരുള്ള ആരെങ്കിലും എന്റെ പോസ്റ്റില്‍ കമന്റെഴുതിയിട്ടുണ്ടോയെന്നു  ഞാന്‍ ഓര്‍ത്തു നോക്കി.

"അതിലെ മിക്ക പോസ്റ്റുകളും എനിക്ക് വളരെ ഇഷ്ടമാണ് ". കോരപ്പന്‍സു വീണ്ടും.

"ആണോ. അതുകൊണ്ടായിരിക്കും ഒരു കമന്റുപോലും ഇതുവരെ എഴുതാതിരുന്നത് അല്ലേ" എനിക്ക് ദേഷ്യം അടക്കാന്‍ പറ്റുന്നില്ല.

 "ഇത്രയേറെ മനോഹരമായി എഴുതാന്‍ കഴിയുന്ന താങ്കളുടെ കഥകള്‍ ലണ്ടനില്‍ താമസിക്കുന്ന മലയാളികളും വായിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു"

"ഉവ്വോ. എങ്കില്‍ അതിന്റെ ഓരോ കോപ്പിയെടുത്തു അവിടുള്ള എല്ലാ മലയാളികള്‍ക്കും കൊടുക്ക്‌. വായിച്ചു പണ്ടാരമടങ്ങട്ടെ..ഹല്ല  പിന്നെ..." അങ്ങേരുടെ ഒരു സുഖിപ്പിക്കല്‍.

"താങ്കള്‍ക്കു വിരോധമില്ലെങ്കില്‍ ആ കഥകള്‍ ഞാന്‍ എന്റെ കോരപ്പന്‍സ് ഡോട്ട് കോമില്‍ പുന: പ്രസിദ്ധീകരിക്കാം എന്ന് കരുതുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ"
എന്ന് സസ്നേഹം,

കോരപ്പന്‍ കൊട്ടാരക്കര, ചീഫ് എഡിറ്റര്‍.

ഡബ്ലിയൂ ഡബ്ലിയൂ കോരപ്പന്‍സ്. ഡോട്ട് കോം
 അയ്യോ .....

ഞാന്‍ ഇരുന്ന ഇരുപ്പില്‍ നിന്നും ഒരടി മേലോട്ട്  പൊങ്ങിപ്പോയി. മൂന്നു  വര്‍ഷമായി ഞാന്‍ ബ്ലോഗെഴുതുന്നു. ഇതുവരെ ആരെങ്കിലും ഇങ്ങനെയൊരു ഓഫര്‍ തന്നോ? ബ്ലോഗനയിലേയ്ക്ക് എത്ര മെയിലയച്ചു. ഒരു പോസ്റ്റെങ്കിലും അവര്‍ പ്രസിദ്ധീകരിച്ചോ? ഇപ്പോളിതാ അങ്ങ് ലണ്ടനില്‍ ഇരിക്കുന്ന കോരപ്പന്‍ചേട്ടന്‍ എന്റെ പോസ്റ്റുകള്‍ വായിക്കുക മാത്രമല്ല അവിടെയുള്ള മലയാളികളെയെല്ലാം അതു  വായിപ്പിയ്ക്കാനായി ശ്രമിക്കുകയും ചെയ്യുന്നു.
"പൊന്നു കോരേട്ടാ.. ക്ഷമി.. ഞാന്‍ താങ്കളെ തെറ്റിദ്ധരിച്ചു പോയി".

"എനിക്ക് പൂര്‍ണസമ്മതമാണ് കോരേട്ടാ.. എന്റെ കൃതികള്‍ എല്ലാ ലണ്ടന്‍ മലയാളികളും  വായിക്കട്ടെ...വായിച്ചു പ്രബുദ്ധരാകട്ടെ.. അത്രയൊക്കെയല്ലേ ഈയുള്ളവന് ചെയ്യാന്‍ പറ്റൂ.."

ഇതാണ് പണ്ടാരാണ്ട് പറഞ്ഞെന്നു പറയുന്നത്.

"സമയം നന്നാകാന്‍ ഒത്തിരി സമയം വേണ്ട"

ചുമ്മാ ബ്ലോഗ്‌ എഴുതിക്കൊണ്ടിരുന്ന ഒരു ബ്ലോഗറെ എത്ര പെട്ടെന്നാണ് ഏതോ പുസ്തക പ്രകാശനക്കാര്‍ പൊക്കിയെടുത്തു വിശ്വവിഖ്യാതനാക്കിയത്. വിശ്വവിഖ്യാതന്‍ മാത്രമോ?.. ബ്ലോഗിന്റെ തലതൊട്ടപ്പന്‍വരെ ആയില്ലേ അദ്ദേഹം?

ഇതാ അടുത്ത തലതൊട്ടപ്പന്‍ പിറക്കാന്‍ പോകുന്നു. വിശ്വവിഖ്യാതനാകാന്‍ പോകുന്നു..

"എടീ ഭാര്യെ നീയിതു കണ്ടോടീ.. നിനക്കല്ലേ എന്നെ വിലയില്ലാത്തത്". ഞാന്‍ അടുക്കളയിലേയ്ക്കോടി.

"ഞാനിനി വെറുമൊരു ഡൂക്കിലി ബ്ലോഗറല്ലെടീ. വിശ്വവിഖ്യാതനായ ബ്ലോഗര്‍. എന്റെ കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നത് സൂര്യനസ്തമിക്കാത്ത നാട്ടിലുള്ള പരിഷ്കാരികളായ മലയാളികളാണ്..അല്ലാതെ ഇട്ടാവട്ടത്തിലുള്ള ഈ കൊച്ചുകേരളത്തില്‍ കിടന്നു തെക്കു വടക്ക് കറങ്ങുന്ന മണുങ്ങൂസ്സന്മാരല്ല."

എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ആ അഭിമാനമെല്ലാം കൂടി എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിറഞ്ഞു. ഞാന്‍ അഭിമാനവിലോചിതനായി. അതിലേറെ മോഹിതനായി.

ഭാര്യയും മക്കളും വിലോചിതമോഹിതനായ എന്നെ കണ്ട്  അന്തംവിട്ടു മിഴിച്ചുനിന്നു.

ലോകമറിയാന്‍ പോകുന്ന ബ്ലോഗറെ നാട്ടുകാരൊക്കെ നന്നായിട്ട് കാണേണ്ടേ? വൈകുന്നേരങ്ങളില്‍ ഞാന്‍ പുറത്തൊക്കെ ഒന്ന് കറങ്ങാന്‍ തുടങ്ങി.

മുണ്ടിന്റെ കോന്തല ഇടതുകൈകൊണ്ട്  അല്പം ഉയര്‍ത്തിപ്പിടിച്ചു തല ഉയര്‍ത്തി നെഞ്ചുവിരിച്ച് നടന്നു പോകുന്ന എന്നെക്കണ്ട് വഴി പോക്കര്‍ തുറിച്ചു നോക്കി.

ഞാന്‍ അവരെ അവജ്ഞയോടെ നോക്കി.... ദരിദ്രവാസികള്‍..... വിശ്വവിഖ്യാതനായ ഒരു ബ്ലോഗറെ ബഹുമാനിക്കാന്‍ അറിയാത്തവര്‍.

ദിവസങ്ങള്‍ കഴിഞ്ഞു. കോരപ്പേട്ടന്റെ അടുത്ത മെയിലിനായി ഞാന്‍ കാത്തിരുന്നു..

തിരക്കുള്ള ആളല്ലേ? ഒരു പത്രത്തിന്റെ എഡിറ്റര്‍ക്ക് എന്തെല്ലാം ജോലികളുണ്ടാകും.

അല്ലെങ്കില്‍ ഒരുപക്ഷെ മറന്നു പോയതാവുമോ?. ഒരു മെയില്‍ അയച്ച്‌ അദ്ദേഹത്തെ ഒന്നുകൂടി ഓര്‍മപ്പെടുത്തിയാലോ? അതാണ്‌ നല്ലത്. ഞാന്‍ എഴുതി.

പ്രിയ കോരപ്പേട്ടാ,

തിരക്കായിരിക്കും എന്നറിയാം. എന്നാലും ആകാംഷകൊണ്ട് ചോദിച്ചു പോവുകയാണ് തെറ്റിദ്ധരിക്കരുത് കേട്ടോ. നമ്മുടെ കാര്യം എവിടെവരെയായി? വിശദവിവരങ്ങള്‍ ഉടനെ അറിയിക്കുമല്ലോ.

സസ്നേഹം രഘുനാഥന്‍.

മടക്കത്തപാലില്‍ തന്നെ കോരപ്പേട്ടന്‍ മറുപടി അയച്ചു.

പ്രിയ രഘുനാഥന്‍,
ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം. ഞാന്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചത് താങ്കളുടെ പോസ്റ്റുകളല്ല. ഇമെയില്‍ അഡ്രസ്‌ മാറിപ്പോയതാണ്.

സസ്നേഹം

കോരപ്പന്‍ കൊട്ടാരക്കര.


23 comments:

 1. Korappan vaka pani :)
  Nice one Raghuji

  ReplyDelete
 2. ഹഹ... കലക്കി കേട്ടോ... കൊരപ്പനെ ഒന്ന് കാണട്ടെ.. എന്റെ ബ്ലോഗ്‌ ലിങ്ക് ഒന്ന് കൊടുക്കാനാ.... :)

  ReplyDelete
 3. താങ്കളുടെ നര്‍മ്മകഥകള്‍ എന്റെ ഓണ്‍ ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ താല്പര്യമുണ്ട്.
  വിരോധമില്ലെങ്കില്‍ അറിയിക്കുമല്ലോ
  വന്‍“പിച്ച” പ്രതിഫലം പ്രതീക്ഷിക്കാം

  സസ്നേഹം:
  ചീരപ്പന്‍സ് ഡോട്ട് കോം

  ReplyDelete
 4. അയ്യോ, ഇത് വല്ലാത്ത പണി ആയി പോയല്ലോ. പട്ടാളത്തിനെ വെടി വെയ്ക്കാന്‍ വന്ന അവനെ വെറുതെ വിടരുത്. നമ്മള്‍ക്ക് ഒരു ബറ്റാലിയനെ ലണ്ടനില്‍ ഇറക്കിയാലോ?

  ReplyDelete
 5. ഹി.ഹി...പറ്റിച്ചേ ......സസ്നേഹം

  ReplyDelete
 6. കോരപ്പന്‍ കുറച്ചു കാശുചോദിക്കുമെന്ന് കരുതി. കലക്കി.

  ReplyDelete
 7. സാരമില്ല. കോരപ്പനു് ചിങ്ങം ഒന്നും ഏപ്രിൽ ഒന്നും തമ്മിൽ മാറിപ്പോയതാ.

  ReplyDelete
 8. @ നന്ദി ആഫ്രിക്കന്‍ മല്ലു...:)
  @ നന്ദി ബേസില്‍..സി പി :)
  @ ഹ ഹ നന്ദി അജിത്‌ ചീരപ്പന്‍ ജി :)
  @ നന്ദി അരീക്കോടന്‍ മാഷേ :)
  @ ഹി ഹി...നന്ദി ലംബാ :)
  @ നന്ദി യാത്രികാ :)
  @ നന്ദി ഉദയപ്രഭന്‍ ജി :)
  @ നന്ദി പ്രവീണ്‍..:)

  ReplyDelete
 9. കോരപ്പന്‍ കസറി .. ...ഓണാശംസകള്‍ ... !

  ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..( വലിയ കഥയൊന്നുമില്ല എങ്കിലും ...! ).. എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :) നല്ല രസമായി വായിച്ചു

  ReplyDelete
 10. ആസ്വദിച്ചു......................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌......... വികസ്സനത്തിന്റെ ജനപക്ഷം ........................ വായിക്കണേ.............

  ReplyDelete
 11. പണ്ട് ഉയരം കൂടിയ കെട്ടിടങ്ങളില്‍ ലിഫ്റ്റില്‍ സഞ്ചരിക്കുന്ന സമയത്തിന്റെ വിരസത മാറ്റാന്‍ നടത്തിയ മാര്‍ക്കറ്റ് സര്‍വേയുടെ ഫലമാണ് 'ലിഫ്റ്റില്‍ ചുറ്റും കണ്ണാടി പിടിപ്പിക്കാനുള്ള ആശയം'

  മനുഷ്യന്റെ അടിസ്ഥാന സ്വഭാവം നന്നായി ചിത്രീകരിച്ചു- കൊള്ളാം

  ReplyDelete
 12. സന്തോഷം അവതരിപ്പിച്ച ഭാഗം കസറി. മൊത്തത്തില്‍ അടിപൊളി.

  ReplyDelete
 13. ഞാന്‍ അവരെ അവജ്ഞയോടെ നോക്കി.... ദരിദ്രവാസികള്‍..... വിശ്വവിഖ്യാതനായ ഒരു ബ്ലോഗറെ ബഹുമാനിക്കാന്‍ അറിയാത്തവര്‍.

  ഹഹ

  ReplyDelete
 14. കോരപ്പന്റെ ഒരു കാര്യം
  :)

  ReplyDelete
 15. എന്റെ പൊന്നു കോരപ്പാ... ഇതൊരു കൊലച്ചതിയായിപ്പോയല്ലോ...!

  ReplyDelete
 16. കമന്റ് എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി :)

  ReplyDelete
 17. ഹാ ഹാ ഹാ ഞാന്‍ താങ്കളെ കളിയാക്കിയതല്ല കേട്ടോ, സുഹൃത്തേ. വീണാല്‍ ചിരിക്കാത്തവര്‍ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും അല്ല എന്നല്ലേ പറച്ചില്‍. അപ്പോള്‍? ഞാന്‍ താങ്കളുടെ സുഹൃത്ത്‌തന്നെയാണ്. ഏതായാലും കൊരപ്പാ, ഇത് കൊലച്ചതി ആയിപ്പോയി. ഇങ്ങു വാ, ഞാന്‍ കാണിച്ചുതരാം.

  ReplyDelete
 18. കഥയിലെ നര്മ്മം രസിച്ചു.ആശംസകൾ

  ReplyDelete